ഒഴിഞ്ഞ ഇടങ്ങളില്‍ ജീവിക്കുന്നവര്‍

By വാണി നേത്യാര്‍  |   Published: 22nd December 2018 03:14 PM  |  

Last Updated: 22nd December 2018 03:14 PM  |   A+A-   |  

 

ഗസ്റ്റിലെ ഒരു തണുത്ത സായാഹ്നത്തിലാണ് ഞാന്‍ കാനഡയിലുള്ള  ടോറൊന്റോ നഗരത്തില്‍നിന്നും ഒന്നര മണിക്കൂര്‍ ദൂരെയുള്ള കിച്ചനര്‍ എന്ന ചെറുപട്ടണത്തില്‍ എത്തിയത്. പലസ്തീന്‍ വംശജനായ ആബേദ് എന്ന ടാക്സി ഡ്രൈവര്‍ കിച്ചനറിലെ കിംഗ് സ്ട്രീറ്റില്‍ ഉള്ള ഹോട്ടലില്‍ എത്തിച്ചപ്പോള്‍ ജനപ്പാര്‍പ്പില്ലാത്ത ഒരു നിശ്ചല ഗ്രാമത്തില്‍ എത്തിയത് പോലെയല്ലേ എന്ന് ചോദിച്ചതോര്‍ക്കുന്നു. തികച്ചും ആളൊഴിഞ്ഞ വീഥികള്‍. ശബ്ദവും വഴിവിളക്കുകളും വളരെ കുറവ്.  എന്നാലും രാത്രി ഒന്‍പതര മണിയായിട്ടും സൂര്യന്‍ അസ്തമിക്കാന്‍ വിസമ്മതിക്കുന്നതുപോലെ. അപ്പോള്‍ മലേഷ്യയില്‍നിന്നും 20 മണിക്കൂര്‍ വിമാനയാത്ര ചെയ്‌തെത്തിയതിന്റെ ക്ഷീണം മുഴുവനും ആ പ്രകാശമേറിയ ആകാശപടലങ്ങള്‍ വലിച്ചെടുത്തതായി തോന്നിപ്പോയി. 

കിച്ചനര്‍, വാട്ടര്‍ലൂ, കേംബ്രിഡ്ജ് - ദക്ഷിണ ഒണ്ടാറിയോവിലുള്ള ഈ മൂന്ന് നഗരങ്ങള്‍ ഒരുമിച്ചറിയുന്നതു വാട്ടര്‍ലൂ മുനിസിപ്പാലിറ്റി പ്രവിശ്യയായാണ്. ജനസംഖ്യ ഏകദേശം നാലോ അഞ്ചോ ലക്ഷം മാത്രം.  ഗൂഗിള്‍, ബ്ലാക്‌ബെറി തുടങ്ങിയ കമ്പനികളും കൊണസ്റ്റോഗ, വാട്ടര്‍ലൂ  തുടങ്ങിയ സര്‍വ്വകലാശാലകളും സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യ 'കാനഡയിലെ സാങ്കേതിക-ത്രികോണം' എന്നായിട്ടാണ്   അറിയപ്പെടുന്നത്.  എന്നാല്‍  ഇവിടെ  ഭൂരിപക്ഷം ജനങ്ങളും കര്‍ഷകരാണെന്നത് ഒരു വിരോധാഭാസമായി തോന്നിപ്പോകും. 
ശിഷ്യ രവീണയുടെ വിവാഹത്തില്‍ പങ്കെടുക്കുവാനായിരുന്നു ഈ ദൂരയാത്ര. മഹാരാഷ്ട്രയില്‍നിന്നുമുള്ള രവീണ വിവാഹം കഴിക്കുന്നത്  സ്‌കോട്ടിഷ്-കനേഡിയന്‍  ആയ ബ്രോക്ക് എന്ന യുവാവിനെ ആണ്. വിവാഹച്ചടങ്ങിന് ഏറ്റവും അടുത്തുള്ളവരെ മാത്രമേ ക്ഷണിച്ചിരുന്നുള്ളു. 

പ്രകൃതിയുടെ പരമഘോഷം
കാനഡയിലുള്ള   നഗരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യശബ്ദങ്ങളില്‍നിന്നും വിട്ടുമാറി, ദൂരെ ദൂരെയുള്ള  ചെറുഗ്രാമങ്ങളുടെ ലളിതവും അനന്തവുമായ പാതകളിലൂടെ  ഒരു ഏകാന്ത യാത്രയാണ് മനസ്സില്‍ ഉണ്ടായിരുന്നത്. ഏകാന്തപഥികയുടെ അനുഭവങ്ങള്‍ തികച്ചും ആഴവും മാറ്റും ഏറുന്നതാണ്. ഏകാന്ത യാത്രകള്‍ സമയത്തിന്റെയോ ഉദ്ദിഷ്ട സ്ഥാനത്തിന്റേയോ  കൈപ്പിടിയിലല്ലല്ലോ. 
 ആ യാത്രകളില്‍ പ്രകൃതിയുടെ ഉത്സവത്താളങ്ങളാണ് ചുറ്റിലും കണ്ടത്.  കണ്ണെത്താദൂരത്തു മരതകപ്പച്ചയിട്ട പുല്‍മേടുകള്‍. ആകാശനീലിമയുടെ കുടക്കീഴില്‍, ഒരായിരം വര്‍ണ്ണവിലസിതമായ പൂക്കളുടെ ഇടയില്‍ ഫര്‍, ബീച്ച്, വീപ്പിങ് വില്ലോ, മേപ്പിള്‍, പൈന്‍ തുടങ്ങിയ മരങ്ങള്‍ എങ്ങും  ശരത്ക്കാലത്തെ വരവേല്‍ക്കാനായി നില്‍ക്കുന്നു. തുടര്‍ന്നു വരുന്ന അതിശീതകാലത്തെക്കുറിച്ച് വ്യസനിച്ച്,  ഇടതൂര്‍ന്ന കരിമ്പച്ചമുടി ഭൂമി തൊടുമാറ്   അഴിച്ചിട്ട്, ശോകത്തിന്റെ കാണാക്കയങ്ങളില്‍  അകപ്പെട്ട്, ശിരസ്സ്  കുനിച്ചുനില്‍ക്കുന്ന ഒരു യുവതിയെപ്പോലെ തോന്നിപ്പിക്കുന്ന വീപ്പിങ് വില്ലോ  വൃക്ഷം  ആണ് അതില്‍ ഏറ്റവും ശ്രദ്ധേയം.  

ഇനി ദിവസങ്ങള്‍ മാത്രം മതി ഈ വൃക്ഷങ്ങളുടെ ഇലകള്‍ വേനലിനോട് യാത്ര പറഞ്ഞു പൊഴിയാന്‍. സ്വര്‍ണ്ണവര്‍ണ്ണങ്ങള്‍ ചൊരിയുന്ന കല്പവൃക്ഷങ്ങള്‍ പോലെയാണത്രെ  അവര്‍ യാത്ര പറയുക. വരുന്ന കൊടുംശീതകാലത്തില്‍ നിറങ്ങളാകെ അസ്തമിക്കും ഫര്‍ മരത്തിന്റേയും പൈന്‍ മരത്തിന്റേയുമൊഴികെ. മൈനസ് 35 ഡിഗ്രി ആണത്രേ കഴിഞ്ഞ ഡിസംബര്‍ മാസം കണ്ടത്. വെള്ളപ്പുതപ്പിട്ട തണുത്തുറഞ്ഞ ഭൂമിയില്‍, ഫര്‍ മരത്തിന്റെ പച്ചനിറം മാത്രമേ വസന്തകാലത്തിന്റെ സ്വപ്നങ്ങള്‍ നല്‍കി ആശ്വാസം പകരുകയുള്ളൂ. പേമാരിയുടേയും വേനല്‍ച്ചൂടിന്റേയും  ആഘാതത്തില്‍  മനസ്സ് വെടിയാതെ കഴിയുന്ന പൂത്ത മാവുമരങ്ങളുടേയും സദാ ലോകത്തെ ആലിംഗനംചെയ്തു നില്‍ക്കുന്ന ആല്‍മരങ്ങളുടേയും ആടിയുലഞ്ഞു നില്‍ക്കുന്ന തെങ്ങുകളുടേയും  രാജ്യത്തുനിന്നുള്ള എനിക്ക് ഈ ദൃശ്യങ്ങള്‍ എത്രയും നൂതനമായി തോന്നി. 
മനുഷ്യരെ  അപൂര്‍വ്വമായി മാത്രം കാണുന്ന ഗ്രാമപാതകള്‍ക്ക് ചുറ്റും കണ്ണെത്താദൂരങ്ങളില്‍  വേനല്‍ സൂര്യന്റെ സ്വര്‍ണ്ണിമ  മനസ്സുനിറയെ ആസ്വദിച്ചുലയുന്ന പാടങ്ങളും തോട്ടങ്ങളും കണ്ടു. അവിടെയവിടെയായി കുതിരകളും പശുക്കളും മാന്‍കുട്ടികളും മേയുന്നു. ക്രിസ്മസ് മരങ്ങള്‍ നട്ടുവളര്‍ത്തുന്ന തോട്ടങ്ങളും ധാരാളം. ഇവ ഡിസംബര്‍ മാസമാകുമ്പോഴേക്ക് വില്‍പ്പനയ്ക്ക് പാകപ്പെടുന്നതാണ്.  ഭൂപ്രകൃതിക്കു ഏറ്റവും യോജിച്ച വിധം  ഫെയറി ടെയിലില്‍  ഒക്കെ കാണുന്നപോലെയുള്ള ത്രികോണ മുഖമാര്‍ന്ന്,  ചുവപ്പോ ചാരനിറമോ ഉള്ള  ഇഷ്ടികകൊണ്ട് ഹൃദയഹാരിയായി പണിതീര്‍ത്ത ഗൃഹങ്ങള്‍. തോട്ടങ്ങള്‍ക്കും വീടുകള്‍ക്കും ചുറ്റും മതിലുകളോ ഗെയ്റ്റുകളോ   ഇല്ലാത്തതു അതില്‍പ്പരം ശ്രദ്ധേയം.   

പഴങ്കഥകളിലൂടെ ഒരു പിന്‍കാല ഭ്രമണം
കാനഡയിലുള്ള  ഏറ്റവും വലിയ ചന്തയാണ് സെയിന്റ് ജേക്കബ്‌സ്  മാര്‍ക്കറ്റ്  കിച്ചനറില്‍നിന്ന് സുമാര്‍ 20  മിനിറ്റു ദൂരെയുള്ള ഈ മാര്‍ക്കറ്റ്  മാര്‍ച്ച് തൊട്ട് ഒക്ടോബര്‍ മാസം വരെ ആഴ്ചയില്‍ മൂന്നു ദിവസം മാത്രം തുറന്നു പ്രവര്‍ത്തിക്കുന്നു. കര്‍ഷകര്‍ തങ്ങളുടെ തോട്ടങ്ങളില്‍നിന്ന് നേരിട്ട് എത്തിക്കുന്ന  പഴങ്ങളും പച്ചക്കറിയും ഇറച്ചിയും ചീസും ജാമും സോസും സൂപ്പും സോസേജുകളും അന്നന്ന്  ബേക് ചെയ്ത ബ്രെഡും കേക്കും മറ്റും വിപണിയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്നു. ആംബര്‍ എന്ന വിലമതിച്ച കല്ല് ഉപയാഗിച്ചുണ്ടാക്കിയ ആഭരണങ്ങളും പല നിറങ്ങളിലുള്ള തുണി ചേര്‍ത്തിണക്കിയ ക്വില്‍റ്റുകള്‍, ലെതര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ  വില്‍ക്കുന്ന കടകളും ചൈനീസ് ഉല്‍പ്പന്നങ്ങളുടെ കടകളും ധാരാളം ഉണ്ട്. 


ഇതുവരെ കാണാത്ത നിറങ്ങളും ഗന്ധങ്ങളും രുചികളും ആസ്വദിച്ചു നടക്കുമ്പോള്‍ കരകൗശലവസ്തുക്കള്‍ വില്‍ക്കുന്ന ഒരു ഷോപ്പ് ശ്രദ്ധിച്ചു. അവിടെ റെഡ് ഇന്ത്യനെപ്പോലെ തോന്നിപ്പിക്കുന്ന ഒരു മധ്യവയസ്‌കയായ സ്ത്രീ ഇരിക്കുന്നു. കൗ ബോയ്‌സ് വേഷം ധരിച്ച രണ്ടു യുവാക്കള്‍ അവരെ സഹായിക്കാന്‍ നില്‍ക്കുന്നുണ്ട്.  കടയില്‍ നിറച്ചു വ്യത്യസ്തമായ ലെതര്‍ ഉല്‍പ്പന്നങ്ങളും, മാസ്‌കുകളും. അതിലോരോന്നിലും പരുന്തിന്റേയോ ആമയുടേയോ പാമ്പിന്റേയോ കൂമന്റേയോ ചെറുചിത്രങ്ങള്‍ കാണാം. വൈറ്റ് സെയ്ജ് (white sage), പുകല, സെഡാര്‍വുഡ് (cedarwood) തുടങ്ങിയ വരണ്ട ഇലകളുടെ കെട്ടുകള്‍ പലയിടങ്ങളിലും വച്ചിരിക്കുന്നു. നമ്മുടെ നാട്ടില്‍  സാമ്പ്രാണിയും കുന്തിരിക്കവും  പുകക്കുന്നതുപോലെ പശ്ചിമ രാജ്യങ്ങളില്‍ ഇത്തരം ഇലകള്‍ ആണ് പുകക്കുക എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. പുക ഉപയോഗിച്ചുള്ള   ഇത്തരം ശുദ്ധീകര്‍മ്മത്തിന് ഉപയോഗിക്കുന്ന അബലോണി കക്കകളും അവിടെ ധാരാളമുണ്ടായിരുന്നു. ഉല്‍പ്പന്നങ്ങളില്‍ കൊത്തിയിട്ട ചിഹ്നങ്ങള്‍ ഗോത്രപരമാണോ എന്ന് ചോദിച്ചതും  കടയിലിരിക്കുന്ന സ്ത്രീ വാചാലയായി.  


റെഡ് ഇന്ത്യക്കാര്‍ പണ്ടേ തന്നെ പേരുകേട്ട കാഥികരാണല്ലോ. കഥകളിലൂടെ അവര്‍ പ്രകൃതിയുടേയും ആത്മീയതയുടേയും തന്തുക്കള്‍ ചേര്‍ത്തിണക്കുന്നു. പ്രകൃതിയെ അവര്‍ ആരാധിക്കുന്നു. മൃഗങ്ങള്‍ക്കും മനുഷ്യനും ഒരേ സ്ഥാനം നല്‍കുന്നു. പ്രകൃതിദത്തമായ തന്റെ കഴിവിനെ പ്രകടിപ്പിച്ചു ആ വനിത കഥ തുടങ്ങി:

നിങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത് ടര്‍ട്ടില്‍ ദ്വീപില്‍ (Turtle  Island) ആണ്. യൂറോപ്യന്‍ അധിനിവേശത്തിനു മുന്‍പ് നോര്‍ത്ത് അമേരിക്കയും കാനഡയുടെ ചില ഭാഗങ്ങളും വ്യത്യസ്തമായ രാജ്യങ്ങളായിരുന്നില്ല. അമേരിക്ക എന്ന പേര് യൂറോപ്പുകാര്‍ നല്‍കിയതാണ്.    
''പണ്ട് പണ്ട് ആകാശവും താഴെ ജലവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങ് ദൂരെ ആകാശത്തിന്റെ അപ്പുറങ്ങളില്‍നിന്ന്, മേഘങ്ങളുടെ ഇടയില്‍നിന്ന്, ആദിമനുഷ്യന്‍  ജനിക്കുന്നതിനു മുന്‍പ്, തന്റെ ഭര്‍ത്താവിനെ ഭയന്ന് ഗര്‍ഭവതിയായ ആകാശവനിത വെളിച്ചത്തിന്റെ വൃക്ഷത്തിലൂടെ താഴേക്കെടുത്തു ചാടി. അവരെ രക്ഷിക്കുവാനായി ഒരു ഭീമന്‍ ആമ തന്റെ പുറന്തോട്ടിലേക്കു ഭൂമിയെ എടുത്തുവച്ചു.   അങ്ങനെയാണ് ആമയുടെ പുറന്തോട് പിളര്‍ന്നത്. അവരെ സ്‌നേഹത്തോടെ സ്വാഗതം ചെയ്ത് പരിപാലിച്ചത് മറ്റു ജലമൃഗങ്ങളായിരുന്നു. ആകാശവനിതയുടെ മകള്‍ പിന്നീട് പടിഞ്ഞാറന്‍ കാറ്റില്‍നിന്ന് ഗര്‍ഭവതിയായി ഇരട്ട പ്രസവിച്ചു. ആ ഇരട്ടസഹോദരങ്ങളാണ് പിന്നീട് ഇന്ന് കാണുന്ന മനുഷ്യരേയും മരങ്ങളേയും ചോളം തുടങ്ങിയ ധാന്യങ്ങളേയും പഴ വര്‍ഗ്ഗങ്ങളേയും നന്മയേയും തിന്മയേയും സൃഷ്ടിച്ചത്.''  

''പില്‍ക്കാലം ആറു പ്രധാന ഗോത്രങ്ങളുണ്ടായി. ഇറോക്വ (Iroquios) അഥവാ 'ഹൗടെനൗസ്യുനീ' (Haudenosaunee) എന്ന ഗോത്രവര്‍ഗ്ഗത്തില്‍ ആണ് ഞാന്‍ ജനിച്ചത്. മരുമക്കത്തായം  തുടരുന്ന ഞങ്ങളുടെ ഗോത്രം നയിക്കുന്നത് ഒരു സ്ത്രീയാണ്. ഞങ്ങളുടെ വീടുകളില്‍ തറവാട്ടമ്മയാണ് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത്. ഭര്‍ത്താവ് ഞങ്ങളുടെ വീട്ടില്‍ വിരുന്നുകാര്‍ മാത്രം. സ്വത്തുക്കള്‍ മുഴുവനും സ്ത്രീകള്‍ക്കവകാശപ്പെട്ടതാണ്. 28 ദിവസം നീണ്ടുനില്‍ക്കുന്ന 13 മാസം, അഥവാ ചന്ദ്രന്മാരാണ് ഞങ്ങളുടെ കലണ്ടറില്‍ ഉള്ളത്. ചന്ദ്രന്റെ  ചലനങ്ങള്‍ക്ക് അധിഷ്ഠിതമായാണ് ഞങ്ങളുടെ ജീവിതചര്യകളും ആചാരങ്ങളും. ഞങ്ങള്‍ താമസിച്ചിരുന്നത് 'ലോങ്ങ് ഹൗസ്' എന്ന വീടുകളിലായിരുന്നു. 2000 പേര്‍ വരെ ഒരു ലോങ്ങ് ഹൗസില്‍ താമസിച്ചിരുന്നു. പിന്നീട് പതിനേഴാം നൂറ്റാണ്ടില്‍ നടന്ന യൂറോപ്യന്‍ കടന്നാക്രമണത്തില്‍ മിഷനറിമാരുടെ മതപരിവര്‍ത്തനവും തുടരെയുള്ള ഘോരമായ വംശഹത്യയും  ഉണ്ടായതോടെ ഞങ്ങളുടെ സംഖ്യ വളരെ കുറഞ്ഞുതുടങ്ങി. എന്നാല്‍, ഇന്നും 20 ശതമാനത്തോളം നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി കാണുന്ന ജനങ്ങള്‍ ഞങ്ങളുടെ ഗോത്രധര്‍മ്മം തുടരുന്നു.  പ്രകൃതിയാണ് ഞങ്ങളുടെ ദേവത. പ്രകൃതിക്കുവേണ്ടി ഞങ്ങള്‍ ജീവിക്കുന്നു.'' 


കേരളത്തില്‍ സ്ത്രീകള്‍ക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യത്തെ കുറിച്ചും മരുമക്കത്തായ  സമ്പ്രദായത്തെക്കുറിച്ചും പഴയ തറവാടുകളില്‍ സാംബ്രാണി ഉപയോഗിച്ചുള്ള ശുദ്ധികര്‍മ്മങ്ങളെക്കുറിച്ചും മലയാള പഞ്ചാംഗത്തെക്കുറിച്ചും ഓണം, വിഷു തുടങ്ങിയ ഉത്സവങ്ങളെക്കുറിച്ചും,  ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. റെഡ് ഇന്ത്യന്‍ ആചാരങ്ങള്‍ ഭാരതത്തോട് ഇത്രയ്ക്ക് സാമ്യം ഉണ്ടെന്നു അവര്‍ മനസ്സിലാക്കിയിയിരുന്നില്ലത്രേ! എന്നിട്ടെന്നോട് അവര്‍ ചോദിച്ചു: നമ്മളെല്ലാവരുടേയും  അടിവേരുകള്‍ ഒന്നാകുമായിരിക്കാമല്ലേ എന്ന്. 

പഴമയെ പുണരുന്ന പുതുസമൂഹം 
ഞാന്‍ പോയത് വാസ്തവത്തില്‍ മാര്‍ക്കറ്റ് കാണുവാനായിരുന്നില്ല. അവിടെനിന്ന് കുറച്ചു ദൂരെയുള്ള മെന്നൊനൈറ്റ് ഗ്രാമത്തിലേക്ക് ടൂറിസ്റ്റുകളെ കൊണ്ടുപോകുന്ന കുതിരസവാരിക്ക് ടിക്കറ്റ് എടുക്കാനായിരുന്നു.  
മെന്നൊനൈറ്റ് സമൂഹത്തില്‍പ്പെട്ടവര്‍ പതിനെട്ടാം നൂറ്റാണ്ടില്‍ അമേരിക്കന്‍ വിപ്ലവകാലത്തു സുരക്ഷ തേടി കാനഡയിലേക്ക് ചേക്കേറിയ യൂറോപ്യന്‍ വംശജരായ അനബാപ്റ്റിസ്റ്റ്-പ്രൊട്ടസ്റ്റന്റ് മതവിശ്വാസികളാണ്. വര്‍ഷങ്ങളായി തികഞ്ഞ കര്‍ഷകരായ ഇവര്‍ കഠിനാദ്ധ്വാനം ചെയ്ത് ഒണ്ടാറിയോവില്‍ ഇപ്പോള്‍ കാണുന്ന ഭൂരിപക്ഷം തോട്ടങ്ങളും പാടങ്ങളും  സ്വന്തമാക്കിയിരിക്കുന്നു. 
എന്നാല്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഒന്നും തന്നെ ഇവര്‍ ദൈനംദിന ജീവിതത്തില്‍ സ്വീകരിക്കാറില്ല. ഫോണ്‍, ടെലിവിഷന്‍, ഗെയ്സീര്‍, മൈക്രോവേവ് ഓവന്‍, കാര്‍ തുടങ്ങി ആധുനിക ജീവിതത്തില്‍ നമുക്ക് ഒഴിച്ചുകൂടാന്‍ കഴിയില്ല എന്ന് അന്ധമായി നാം വിശ്വസിക്കുന്ന ഒന്നും തന്നെ ഇവരുടെ വീടുകളില്‍ കാണില്ല. യാത്രകള്‍ ഇപ്പോഴും കുതിരപ്പുറത്തോ കുതിരവണ്ടിയിലോ മാത്രം. പുരുഷന്മാര്‍ വെള്ളഷര്‍ട്ടും കറുത്ത സസ്പ*!*!*!െന്‍ഡേര്‍സ് ഉള്ള പാന്റും കറുത്ത തൊപ്പിയും ധരിക്കുന്നു. സ്ത്രീകള്‍ ധരിക്കുന്നതു സൗമ്യമായ നിറങ്ങളില്‍ ചെറിയ പ്രിന്റുകള്‍ ഉള്ള കണങ്കാല്‍ വരെയെത്തുന്ന നീളമുള്ള ഡ്രസ്സ്. കറുത്ത തുണികൊണ്ടുള്ള തൊപ്പികൊണ്ട് മുടിയില്‍ പാതി അവര്‍ മറയ്ക്കുന്നു.

ആഹാരം പാകംചെയ്യുന്നത് തങ്ങള്‍ കൃഷി ചെയ്തുണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചും സസ്യേതര വിഭവങ്ങള്‍ക്കായി തങ്ങള്‍ വളര്‍ത്തുന്ന മൃഗങ്ങളേയും കോഴികളേയും ഉപയോഗിച്ചും  മാത്രം. ഉപയോഗശേഷം മിച്ചം വരുന്ന വിഭവങ്ങള്‍ മാര്‍ക്കറ്റില്‍ക്കൊണ്ടുപോയി വില്‍ക്കുന്നു. കുട്ടികള്‍  പഠിക്കുന്നത് ഗ്രാമത്തിലെ മെന്നൊനൈറ്റ് വിദ്യാലയത്തില്‍ ആണ്. കുടുംബം എന്നത് നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രമായി ഒതുങ്ങുന്നില്ല.  ഒരാളുടെ പ്രധാനപ്പെട്ട വ്യക്തിപരമായ തീരുമാനങ്ങളെല്ലാം സമൂഹമാണ് നിശ്ചയിക്കുന്നത്. 'പേര്‍സണല്‍ സ്‌പേസ്' എന്ന ആധുനികാശയം ഇവര്‍ക്കന്യമാണ്.

സ്ത്രീകള്‍ ഗൃഹഭരണം ഏറ്റെടുക്കുന്നു. അവര്‍ തങ്ങള്‍ക്കും കുടുംബത്തിനും വേണ്ട വസ്ത്രങ്ങളും മറ്റും നെയ്യുന്നു. മനോഹരമായ ക്വില്‍ട് വര്‍ക്ക് ഇവരുടെ ഒരു പ്രധാന കുടില്‍വ്യവസായമാണ്. പുരുഷന്മാര്‍ കൃഷിപ്പണിയും മേപ്പിള്‍ കൃഷിയും ബിസിനസ്സും ഏറ്റെടുക്കുന്നു. കുട്ടികളെ ചെറുപ്പത്തില്‍ത്തന്നെ മൂത്തവരെ ബഹുമാനിക്കാനും  സമൂഹത്തില്‍ തങ്ങളുടെ സ്ഥാനം എന്തെന്നും പഠിപ്പിക്കുന്നു. ന്യൂക്ലിയര്‍ കുടുംബങ്ങളെ വെല്ലുവിളിക്കുമാറ്, ഇവര്‍ തങ്ങളുടെ മുത്തച്ഛനും മുത്തശ്ശിയും മറ്റു ബന്ധുക്കളും അടങ്ങുന്ന കൂട്ടുകുടുംബമായി താമസിക്കുന്നു. കണിശമായ മതനിയമങ്ങളില്‍ അധിഷ്ഠിതമായ ജീവിതചര്യയില്‍ ഇവിടെയാര്‍ക്കും ഒരു പരാതിക്കും നിര്‍വ്വാഹമില്ല. തങ്ങളുടെ തോട്ടങ്ങളില്‍ നിന്നുമുണ്ടാക്കിയ വിഭവങ്ങള്‍ മാര്‍ക്കറ്റില്‍ക്കൊണ്ടുപോയി ഇവര്‍ വില്‍ക്കുന്നു. 

റേച്ചല്‍ എന്ന മെന്നൊനൈറ്റ് യുവതിയായിരുന്നു ഞങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് ഗ്രാമം കാണിച്ചു തരുന്ന ഗൈഡ്. ഗ്രാമത്തിലേക്കുള്ള യാത്രയില്‍ മേപ്പിള്‍ സിറപ്പ് എങ്ങനെയാണ് ഉല്‍പ്പാദിപ്പിക്കുന്നത് എന്ന് അവര്‍ കാണിച്ചുതന്നു. കാനഡയുടെ  പ്രൗഢിയാണ് മേപ്പിള്‍ മരം. കനേഡിയന്‍  പതാകയില്‍ കാണുന്ന ഒരേയൊരു ചിത്രം ചുവന്ന മേപ്പിള്‍ ഇലയുടേതാണല്ലോ. മേപ്പിള്‍  മരത്തിന്റെ താഴ്ഭാഗത്തുള്ള തടിയില്‍ ഒരു ഛേദമുണ്ടാക്കി അതില്‍നിന്ന് ഒഴുകി വരുന്ന സത്ത് ശേഖരിച്ചാണ് മേപ്പിള്‍ സിറപ്പ് ഉല്‍പ്പാദിപ്പിക്കുന്നത്. മേപ്പിള്‍ സിറപ്പിനെ മരത്തിന്റെ ജീവസ്രോതസ്സായാണ് അവര്‍ കാണുന്നത്. അതുകൊണ്ടുതന്നെ ഒരു മരത്തില്‍നിന്ന് മൂന്നു തവണ മാത്രമേ അവര്‍ ടാപ്പിംഗ് ചെയ്യുകയുളളൂ.
ആരോഗ്യം ദൈവത്തിന്റെ അനുഗ്രഹമായി കണക്കാക്കുന്ന മെന്നൊനൈറ്റ് സമുദായക്കാര്‍ പ്രാര്‍ത്ഥനകള്‍കൊണ്ട് അസുഖം ഭേദമാക്കുവാന്‍ ഇഷ്ടപ്പെടുന്നു. പണ്ട് ഇവരുടെ ഗ്രാമങ്ങളില്‍ പ്രസവം നിര്‍വ്വഹിക്കാന്‍ നാടന്‍ മരുന്നുകളെക്കുറിച്ച് ആഴ്ന്ന അറിവുള്ള വയറ്റാട്ടികളും എല്ലു സംബന്ധമായ രോഗങ്ങള്‍ ചികില്‍സിക്കാന്‍ മര്‍മ്മവിദഗ്ദ്ധരും ഉണ്ടായിരുന്നു. 1970-കള്‍ക്കു ശേഷം മാത്രമേ ഇവരില്‍ പലരും മാരകരോഗങ്ങള്‍ മാറുവാന്‍ ആശുപത്രികളുടേയും ഡോക്ടര്‍മാരുടേയും സഹായം തേടാന്‍ തുടങ്ങിയിട്ടുള്ളൂ. വിവാഹം കുടുംബത്തിന്റേയും സമൂഹത്തിലെ കാരണവന്മാരുടേയും അനുഗ്രഹത്തോടെ ആവണമെന്നത് ഇവര്‍ക്കു നിര്‍ബന്ധമാണ്. പണ്ടു കാലത്ത് വിവാഹമോചനം നിര്‍വ്വാഹമില്ലായിരുന്നുവെങ്കിലും ഇക്കാലത്തു വിവാഹേതരബന്ധമോ ഗാര്‍ഹിക പീഡനമോ കാരണമായിട്ടുണ്ടെങ്കില്‍ അത്   അനുവദിച്ചു കൊടുക്കുന്നു. 
ഗൈഡ് റേച്ചല്‍ പ്രോഗ്രസ്സിവ് മതവിഭാഗത്തില്‍പ്പെട്ടവരായിരുന്നു. അവര്‍ക്കു ഗ്രാമത്തിലപ്പുറമുള്ള ലോകം കാണാനും പരിമിതമായി ഫോണ്‍ ഉപയോഗിക്കാനും രാജ്യത്തുള്ള ഏതു സര്‍വ്വകലാശാലയില്‍ പോയി പഠിക്കാനും അന്യരാജ്യങ്ങളില്‍ ജോലി ചെയ്യാനും അനുവാദമുണ്ട്. 
ആ  വീട്ടില്‍ വില്‍ക്കുന്ന മേപ്പിള്‍ സിറപ്പും മേപ്പിള്‍ വെണ്ണയും ബിസ്‌കറ്റും മിഠായികളും ക്വില്‍ട്ടും ഏപ്രണും വാങ്ങുന്നതില്‍ എന്റെ കൂടെയുള്ള ടൂറിസ്റ്റുകള്‍ വ്യാപൃതരായിരിക്കുമ്പോള്‍, റേച്ചല്‍ എന്നെ മാത്രം ആ ഗൃഹത്തിനുള്ളിലേക്കു കൊണ്ടുപോയി പെട്ടെന്ന് വീട് മുഴുവന്‍ കണ്ടു പുറത്തു വരുവാന്‍ പറഞ്ഞു. 


ഒരു ധനിക കൃഷികുടുംബമായിരുന്നു ആ വീട്ടില്‍ വളരെക്കാലമായി താമസിക്കുന്നത്. അവിടെയുള്ള വീട്ടമ്മ വളരെ താഴ്ന്ന ശബ്ദത്തില്‍ സ്വല്പവാക്കുകളിലൂടെ സ്‌നേഹപൂര്‍വ്വം തന്റെ അടുക്കളയും അതിലുള്ള 150  വര്‍ഷം  പഴക്കമുള്ള  വലിയ ഓവനും ലളിതമായി സജ്ജീകരിച്ച വിരുന്നുമുറിയും ഒരു ചെറിയ കിടപ്പുമുറിയും കാണിച്ചുതന്നു. ആണ്‍കുട്ടികള്‍ക്കു ഒരു മുറിയും, പെണ്‍കുട്ടികള്‍ക്ക് മറ്റൊരു മുറിയും. ചെറിയ കുഞ്ഞുങ്ങളെ മാതാപിതാക്കളുടെ കൂടെത്തന്നെ കിടത്തുന്നു.  എല്ലാ മുറികളിലും ചുമരില്‍നിന്ന് വളരെ വിട്ടു നാട്ടിയ ഹീറ്റിംഗ് കുഴലുകള്‍. അതും കറുത്ത നിറത്തില്‍! വീടിന്റെ ഒരു ഭാഗത്തു മരവും കല്‍ക്കരിയും മറ്റും ഉപയോഗിച്ച് തീ കൂട്ടി,  വലിയ സിലിണ്ടറുകളിലൂടെ ആ ചൂട് വീട് മുഴുവനും ഹീറ്റിംഗ് കുഴലുകളിലൂടെ  പ്രവഹിപ്പിക്കുകയാണത്രെ  പതിവ്. കണ്ണിനരോചകമാണെങ്കിലും മൈനസ് 35  ഡിഗ്രി വരെയെത്തുന്ന അതിശൈത്യം ഓര്‍ത്തുപോയപ്പോള്‍ ഈ സംവിധാനം മനോഹരമാണെന്നു തോന്നിപ്പോയി!  ഒരു ധനിക കര്‍ഷക കുടുംബത്തിന്റെ അതിലളിത ജീവിതം കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. 
പിന്നെ പുറമ്പോക്കില്‍ നില്‍ക്കുന്ന,  വീടിനെക്കാള്‍ വലിയ കളപ്പുരയിലേക്കു  അവര്‍ എന്നെ കൊണ്ടുപോയി. അവിടെ നിറയെ കുതിരകളും പശുക്കളും വൈക്കോല്‍ക്കൂമ്പാരങ്ങളും ചീസ്, ക്രീം  എന്നിവ ഉണ്ടാക്കാന്‍  കൈകൊണ്ടു പ്രവര്‍ത്തിക്കുന്ന യന്ത്രവും മറ്റൊരു മുറിയില്‍ കുതിര വണ്ടികളും. 

ഷ്നൈഡര്‍ ഹൗസ്
കിച്ചനറില്‍ ആദ്യമായി  കടല്‍ കടന്നുവന്ന കുടിയേറ്റക്കാരില്‍ പലരും ഇംഗ്ലണ്ട്, അയര്‍ലണ്ട്, സ്‌ക*!*!*!ോട്ട്ലാന്‍ഡ്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു. അവര്‍ക്കു കനേഡിയന്‍  അതിശൈത്യം എന്തെന്നറിയില്ലായിരുന്നത്രെ.  കാനഡയില്‍   സാധാരണമായി കാണുന്ന, നിറയെ വളരുന്ന ചണച്ചെടികളില്‍നിന്ന് ലിനന്‍ തുണി നെയ്ത് അത് ശീതകാലത്തു ഉപയോഗിക്കാമെന്നായിരുന്നു അവരുടെ അനുമാനം. അതുകൊണ്ടുതന്നെ വളരെ കുറച്ചു മാത്രം കരുതലുകളോടുകൂടിയാണ് അവര്‍ അവിടെ എത്തിയത്. ലിനന്‍ തുണി തണുപ്പിന് ഒട്ടും പറ്റിയതല്ലെന്ന് അവര്‍ വളരെ പെട്ടെന്ന് മനസ്സിലാക്കി. കുറേയേറെ കുട്ടികള്‍ അതിശൈത്യത്തില്‍ വിറങ്ങലിച്ചു മരിച്ചപ്പോള്‍ അവര്‍ മറ്റു പല ഭാഗങ്ങളിലേക്കു കുടിയേറിപ്പാര്‍ത്തു. 


എന്നാല്‍, അമേരിക്കന്‍ വിപ്ലവത്തില്‍നിന്ന് അഭയം തേടി തങ്ങളുടെ മതം സൈ്വരമായി അനുഷ്ഠിക്കാനും കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഭൂമി വിലക്കെടുക്കുകയും ചെയ്യാനായി  പെന്‍സില്‍വാനിയയില്‍നിന്ന് വന്ന ജര്‍മ്മന്‍ മെന്നൊനൈറ്റ് കുടുംബങ്ങളാകട്ടെ, തണുപ്പിന്റെ കാഠിന്യം മനസ്സിലാക്കിത്തന്നെയാണ് അവിടെ എത്തിയത്. കിച്ചനറില്‍ എന്ത് ബിസിനസ് തുടങ്ങണമെന്നും  എന്തു കൃഷി ചെയ്യണമെന്നും അവര്‍ക്കു നല്ല ബോധ്യമുണ്ടായിരുന്നു. വളരെ പെട്ടെന്ന് തന്നെ ധനികരായി  മാറിയ അവര്‍ അവിടെ പുതിയ ഒരു ജര്‍മ്മന്‍ പട്ടണം പടുത്തുയര്‍ത്താന്‍ ശ്രമിച്ചു. തങ്ങളുടെ മാതൃരാജ്യമായ ജര്‍മ്മനിയെ ഓര്‍മ്മിക്കാനായി അവര്‍ 'ബെര്‍ലിന്‍' എന്നാണ് കിച്ചനറിനു കൊടുത്ത സ്ഥലപ്പേര്.  

കിച്ചനറില്‍ ഇന്നും കേടുകൂടാതെ നില്‍ക്കുന്ന ഏറ്റവും പഴക്കമേറിയ   ഗൃഹമാണ്   'ഷ്നൈഡര്‍ ഹൗസ്'. 1806-ല്‍ കുടിയേറിപ്പാര്‍ക്കാന്‍ വന്ന ജര്‍മ്മന്‍-മെന്നൊനൈറ്റ്  കുടുംബങ്ങളില്‍ ഒന്നായിരുന്നു ജോസഫ് ഷ്നൈഡറിന്റേത്. അദ്ദേഹം കിച്ചനറിലെ ആദ്യത്തെ തടിമില്ലും മറ്റു ഗ്രാമങ്ങളിലേക്ക് എളുപ്പത്തില്‍ യാത്രചെയ്യുവാനുതകുന്ന റോഡുകളും വിദ്യാലയവും മറ്റും പണിതീര്‍ത്തു.  റെയില്‍വേ വരുന്നതിനു മുന്‍പ് വ്യാപാരത്തിനായി മറ്റു മാര്‍ഗ്ഗങ്ങളൊന്നും തന്നെ ഇല്ലാത്ത കാലത്ത്, അദ്ദേഹം പണിതീര്‍ത്ത റോഡുകള്‍ കിച്ചനറിനെ ഒരു വ്യാപാര കേന്ദ്രമാക്കാന്‍ ഏറെ സഹായിച്ചു. 
ഇന്ന് ഷ്നൈഡര്‍ ഹൗസ് ഒരു മ്യൂസിയം ആണ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ജനങ്ങള്‍ ധരിച്ചിരുന്ന പരുക്കന്‍ തുണി ഉപയോഗിച്ചുണ്ടാക്കിയ  ഷര്‍ട്ട്, ഓവര്‍ഓള്‍സ്, ക്യാപ്, കൈകൊണ്ട് തുന്നിയ ഷൂസ്, നീളന്‍ കുപ്പായം,  ഏപ്രണ്‍ എന്നീ വേഷങ്ങളിട്ട  അവിടത്തെ ഗൈഡുകള്‍ ചരിത്രത്തിന്റെ ഏതോ അറിയാത്ത ഏടിലേക്കു നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്നു.  ഗൈഡുകളായ ജെഫും കാതറിനും പണ്ടുകാലത്തു ചണനാരില്‍നിന്ന് തുണി നെയ്യുന്നതെങ്ങനെയെന്നു കാണിച്ചുതന്നു. 

ഫൈന്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്ന കാതറിനാകട്ടെ, മറ്റൊരു ജന്മത്തില്‍ വിക്ടോറിയന്‍ ഇംഗ്ലണ്ടില്‍ ജനിച്ചവളാണ് താന്‍ എന്ന് ദൃഢമായി വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ അവര്‍, വിക്ടോറിയന്‍ ഇംഗ്ലണ്ടിലെ ഒരു സ്ത്രീ എങ്ങനെ ജീവിച്ചിരുന്നുവോ, അത് പോലെയുള്ള  ജീവിതം അടുത്തറിയാനും അനുഭവിക്കാനും ശ്രമിക്കുന്നു.  അക്കാലത്തെ വേഷവിധാനമിട്ട്, ആ ഭാഷയും സംസാരിച്ച് അക്കാലത്തെ സ്ത്രീകള്‍ ചെയ്തിരുന്ന പോലെ തയ്യലും ബേക്കിങ്ങും  ഒക്കെ ചെയ്തു ഷ്നൈഡര്‍ ഹൗസില്‍ വോളന്റിയര്‍ ആയി പ്രവര്‍ത്തിക്കുന്നു. വിക്ടോറിയ രാജ്ഞിക്കു ഒരു ഇന്ത്യന്‍ പാചകക്കാരനുമായി അടുപ്പമുണ്ടായിരുന്നില്ലേ എന്ന് അവര്‍ ചോദിച്ചപ്പോള്‍ ഞാന്‍ ശ്രാവണി ബസു എഴുതിയ 'വിക്ടോറിയ ആന്‍ഡ് അബ്ദുല്‍' എന്ന പുസ്തകത്തെക്കുറിച്ചു സൂചിപ്പിച്ചു. കാതറിന്‍  പറഞ്ഞ അടുത്ത വാക്കുകള്‍ എന്നെ അമ്പരപ്പിച്ചു! ജര്‍മ്മന്‍ കനേഡിയന്‍  ആയ കാതറിന്‍ വിവാഹം കഴിച്ചത്  ഒരു  ഇന്ത്യക്കാരനെ  ആണത്രേ!  വിക്ടോറിയ  രാജ്ഞിക്കു  ഇന്ത്യന്‍   കറികളുടേയും ബിരിയാണിയുടേയും സ്വാദ് മനസ്സിലാക്കിക്കൊടുത്തത്, ഒരു സാധാരണ ഭൃത്യനായി ഭാരതത്തില്‍നിന്നു പോയി രാജ്ഞിയുടെ ഏറ്റവും അടുത്ത ഉപദേശകനായി മാറിയ     അബ്ദുല്‍   കരീമായിരുന്നല്ലോ!  
പണ്ടു കാലത്ത് ജര്‍മ്മന്‍ കൃഷിത്തോട്ടങ്ങളിലെ വീടുകളെ 'ഹോഫ്' എന്നാണ് പറഞ്ഞിരുന്നത്.  പാലും ചീസും സസ്യേതര വിഭവങ്ങളും വേനല്‍ക്കാലത്തു കേടുകൂടാതെ സൂക്ഷിച്ചുവെക്കുവാന്‍ ഉതകുന്ന 'സ്പ്രിങ് ഹൗസ്', ബേക്കിംഗ്,  ബാര്‍ബിക്യു തുടങ്ങി വളരെയേറെ സമയം തീ ഉപയോഗിച്ച് പാകം ചെയ്യാനുള്ള 'ബേക് ഹൗസ്', വിറകുപുര, പുകപ്പുര, അലക്കുപുര എന്നിങ്ങനെ ചെറിയ പുരകള്‍  കുടുംബവീടിനു ചുറ്റും കെട്ടിയിരുന്നു. ഈ പുരസമുച്ചയത്തെയാണ്  'ഹോഫ്' എന്ന് വിളിക്കുന്നത്. ഷ്നൈഡര്‍ ഹൗസും  ഒരു 'ഹോഫ്' ആണ്.  
ഷ്നൈഡര്‍ ഹൗസില്‍ പ്രധാനമായത് നാല് നില കെട്ടിടമായ കുടുംബവീടാണ്. അടുക്കളയും നെയ്ത്തുമുറികളും കിടപ്പുമുറികളും കൂടാതെ, പഴയ ഉപയോഗശൂന്യമായ സാധനങ്ങള്‍ വെയ്ക്കുവാനായി തട്ടിന്‍പുറവും ഉണ്ട്.  ഇവിടെയാണത്രെ അര്‍ദ്ധരാത്രിയുടെ മറവില്‍ ഉണ്ടാകുന്ന ആക്രമണങ്ങളില്‍നിന്ന് ഷ്നൈഡര്‍ കുടുംബം രക്ഷതേടിയിരുന്നത്.   ശൈത്യകാലത്തേക്കു കേടുകൂടാതെ കരുതിവെയ്ക്കുന്ന ഉരുളക്കിഴങ്ങും മറ്റു കിഴങ്ങു വര്‍ഗ്ഗങ്ങളും വര്‍ഷങ്ങള്‍ കഴിഞ്ഞു എടുക്കുന്ന വീഞ്ഞും സൂക്ഷിച്ചുവെച്ചിരുന്ന ബേസ്മെന്റ് ഇരുട്ടും തണുപ്പും കൊണ്ട് മൂടപ്പെട്ടിരുന്നു.

പ്രധാന വീടിന്റെ ഒന്നാം നിലയില്‍ കുടുംബത്തിലെ എല്ലാ  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉപയോഗിക്കുവാനായി ഓരോരോ മുറി മാത്രം. മാതാപിതാക്കളുടെ ചെറിയ കിടപ്പുമുറിയും അവിടെത്തന്നെ. 
ജനവാതിലുകളില്ലാതെ, എന്നാല്‍ ആണ്‍കുട്ടികളുടെ കിടപ്പറയില്‍നിന്ന് നോക്കാന്‍ പറ്റുന്ന ഒരു കിളിവാതില്‍ മാത്രമുള്ള ഒരു മച്ച് ഞാന്‍ ശ്രദ്ധിച്ചു. അതില്‍ ഒരു ചെറിയ കട്ടിലും ഒരു സൈഡ് ടേബിളും കിടപ്പുണ്ട്. ഭവനരഹിതരുടേയും വിശപ്പില്‍ തളര്‍ന്ന യാത്രക്കാരുടേയും രൂപത്തില്‍ ദേവദൂതര്‍ വേഷപ്രച്ഛന്നരായി എപ്പോള്‍ വേണമെങ്കിലും അഭയം ചോദിച്ച് തങ്ങളുടെ വാതില്‍ മുട്ടുമെന്നും ഇങ്ങനെ തങ്ങളുടെ ദൈവവിശ്വാസത്തെ പരീക്ഷിക്കുമെന്നും  മെന്നൊനൈറ്റ്കാര്‍  വിശ്വസിച്ചിരുന്നു. അതുകൊണ്ട് ആ മച്ച് അഭയാര്‍ഥികള്‍ക്കുവേണ്ടി എപ്പോഴും  ഒരുക്കി വെച്ചിരുന്നത്രെ. 


തലമുറകളായി തുടരുന്ന അധിനിവേശത്തിന്റേയും രക്തദാഹം തീര്‍ക്കാനായ യുദ്ധങ്ങളുടേയും   അര്‍ത്ഥരഹിതമായ അടിമക്കച്ചവടത്തിന്റേയും ജീവന്മരണ പലായനങ്ങളുടേയും വെറുപ്പിന്റേയും ലോഭത്തിന്റേയും കാമാന്ധതയുടേയും ഭയത്തിന്റേയും മാത്രം കഥകള്‍ വിളിച്ചോതുന്ന ചരിത്രത്താളുകളില്‍ കണ്ട  ഒരു നേരിയ സൂര്യവെളിച്ചത്തിന്റെ കനിവായിരുന്നു ആ ചെറിയ മുറിയില്‍ എനിക്കപ്പോള്‍ അനുഭവപ്പെട്ടത്. 

ഡൂണ്‍ ഹെറിറ്റേജ് വില്ലേജ്
ഒന്നാം ലോകയുദ്ധത്തിനു മുന്‍പുള്ള, നമുക്കറിയാത്ത, പുസ്തകങ്ങളില്‍ മാത്രം നാം കണ്ടറിഞ്ഞ കഴിഞ്ഞ കാലത്തേക്ക് ഒരു മടക്കയാത്ര ആഗ്രഹിക്കുന്നവര്‍ക്കും ഇന്നത്തെ കുട്ടികള്‍ക്ക് സുതാര്യമായി ചരിത്രം എന്തെന്ന് മനസ്സിലാക്കാനുമായി കനേഡിയന്‍  സര്‍ക്കാര്‍ നടത്തുന്ന മനോഹരമായ ഒരു ഗ്രാമമാണ്  ഡൂണ്‍ ഹെറിറ്റേജ് വില്ലേജ്. വാട്ടര്‍ലൂ പ്രവിശ്യാ മ്യൂസിയത്തോടനുബന്ധിച്ചു സ്ഥാപിച്ചിട്ടുള്ള ഇത് 60  ഏക്ര വരുന്ന തുറന്ന സ്ഥലത്ത്, കൊല്ലം 1914 മുന്‍പുള്ള ഒരു ഗ്രാമത്തിന്റെ മാതൃകയില്‍ ഒരു ലിവിങ് ഹിസ്റ്ററി (Living history) മ്യൂസിയം ആയി ആകൃതിപ്പെടുത്തിയിരിക്കുന്നു. 
കാനഡയുടെ പല ഭാഗങ്ങളില്‍നിന്നുമായി അന്യംനിന്നു പോകുവാന്‍ തുടങ്ങിയ, ചരിത്രം ഉറങ്ങുന്ന പുരാതന കെട്ടിടങ്ങളെ ഒട്ടും കേടുകൂടാതെ തന്നെ ഇളക്കിമാറ്റി ഇവിടേയ്ക്ക് കൊണ്ടുവന്നു  പുനഃസ്ഥാപിച്ചിരിക്കുന്നു. ഈ കെട്ടിടങ്ങളെല്ലാം തന്നെ 150-180 വര്‍ഷം പഴക്കമുള്ളതാണത്രേ. ഓരോ കെട്ടിടത്തിനുള്ളിലുമുള്ള ഗൈഡുകള്‍ തങ്ങളുടെ വേഷവിധാനത്തിലൂടെയും ഭാഷയിലൂടെയും പഴങ്കഥകളിലൂടേയും ഈ ഗ്രാമത്തിന്റെ ജീവസ്സെന്തെന്നു നമ്മെ അറിയിക്കുന്നു.  
ഡൂണ്‍ ഹെറിറ്റേജ് വില്ലേജില്‍ നാം ആദ്യമായി റെയില്‍വേ സ്റ്റേഷനിലാണ് എത്തുന്നത്. ഗ്രാന്‍ഡ് ട്രങ്ക് റെയില്‍വേയുടെ കല്‍ക്കരി തുപ്പുന്ന പഴയ ഒരു ട്രെയിന്‍ അവിടെ കാണാം. സ്റ്റേഷനിലുള്ളില്‍ തന്നെ ടെലിഗ്രാഫ് യന്ത്രവും പഴയകാല ഫോട്ടോക്കോപ്പി യന്ത്രവും ഉണ്ട്.  1914-ലെ ജനങ്ങള്‍ ധരിച്ചിരുന്നപോലത്തെ വസ്ത്രം ധരിച്ചിരിക്കുന്ന ഗൈഡ് റോസ സമയമെടുത്ത് ഒരു ചെറുപുഞ്ചിരിയോടെ ടെലിഗ്രാഫ് യന്ത്രം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ചുതന്നു. ഇത്തരത്തിലുള്ള ഒരു ചെറിയ സ്റ്റേഷനില്‍നിന്ന് ട്രെയിന്‍ ടിക്കറ്റ് മാത്രമല്ല, യൂറോപ്പില്‍ പോകാന്‍ ഷിപ്പിനുള്ള ടിക്കറ്റ് വരെ എടുക്കാമായിരുന്നത്രെ പണ്ടുകാലത്ത് ! 
ഗ്രാമത്തിനുള്ളിലേക്കു നടന്നാല്‍ കൃഷിക്കാരായ കുടുംബങ്ങള്‍ താമസിച്ചിരുന്ന ലളിതമായ വീടുകള്‍; വ്യാപാരികള്‍ താമസിച്ചിരുന്ന ഗ്രാമഫോണ്‍, മേശ, കുഷ്യനുള്ള സോഫ തുടങ്ങി കുറച്ചുകൂടി സൗകര്യങ്ങള്‍ നിറഞ്ഞ  വീടുകള്‍; പശുക്കളും കുതിരകളും പന്നികളും അടങ്ങുന്ന കളപ്പുരകള്‍; ഫോണ്‍ ചെയ്യാന്‍ കൂടി സൗകര്യമുള്ള പലചരക്കു കടകള്‍; നെയ്ത്തുപണി ശാലകള്‍, ഇറച്ചിക്കട, ആശാരിക്കട, കത്തി തുടങ്ങിയ പണിയായുധങ്ങള്‍ ഉണ്ടാക്കുന്ന ഇരുമ്പുപണിക്കട; ഗ്രാമത്തിലാകെയുള്ള തയ്യല്‍ക്കട കൂടിയായ പോസ്റ്റ് ഓഫീസ്, തടിമില്ല്, പള്ളി, ശ്മശാനം, ഉദ്യാനങ്ങള്‍, ഫയര്‍ സ്റ്റേഷന്‍ എന്നിവയെല്ലാം കാണാം. ഗ്രാമത്തിലെ പള്ളിയില്‍  ഗൈഡുകളായ ഫിലിപ്പും, ഭാര്യ സൂസനും വളരെ ദൂരെയുണ്ടായിരുന്ന പഴയ ഒരു ശ്മശാനം അതതു കുടുംബങ്ങളുടെ അനുവാദത്തോടെ തന്നെ എങ്ങനെ ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടു എന്നത് വിവരിച്ചു തന്നു. ഫിലിപ്പും സൂസനും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ജോലിചെയ്തു, വിശ്രമജീവിതം നയിക്കാന്‍ തങ്ങളുടെ നാട്ടില്‍ എത്തിയതാണത്രേ. 


ഹെറിറ്റേജ് വില്ലേജിന്റെ വിജനമായ പാതകളിലൂടെ ഇളങ്കാറ്റും പലയിനം ഇലകളുടെ ഗന്ധങ്ങളും ആസ്വദിച്ചു നടക്കുമ്പോള്‍ അവിടത്തെ വൃത്തി ഞാന്‍ ശ്രദ്ധിച്ചു. ഒരു പ്ലാസ്റ്റിക് കവറോ ചോക്ലേറ്റ് റാപ്പറോ വഴിയില്‍ കണ്ടില്ല. വീടുകളുടെ മുന്നില്‍ വോളന്റിയര്‍ ഗൈഡുകളുടെ സന്തോഷം തുളുമ്പുന്ന മുഖങ്ങള്‍. ഇതില്‍ കോളേജ് വിദ്യാര്‍ത്ഥികളും റിട്ടയേര്‍ഡ് ആയവരും ധാരാളം. ഏതാനും വര്‍ഷം മുന്‍പ് ഓസ്‌ട്രേലിയയില്‍ പോയപ്പോഴും സര്‍ക്കാര്‍ വക നടത്തുന്ന എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും റിട്ടയര്‍ ചെയ്ത് സുഖജീവിതം നയിക്കുന്ന വോളന്റിയര്‍സിനെ ആണ് കാണാന്‍ കഴിഞ്ഞത്. അവരാകട്ടെ, അതൊരു ജോലി ആയല്ല കണക്കാക്കുന്നത്. വാര്‍ദ്ധക്യത്തിന്റെ ഭീകരമായ ഏകാന്തത ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി വരുന്ന ടൂറിസ്റ്റുകളോട് സംസാരിക്കുമ്പോള്‍ അവര്‍ മറക്കുന്നു. 

സുഭിക്ഷതയിലും ഭിക്ഷാംദേഹികള്‍ 
ഞാന്‍ താമസിക്കുന്ന ഹോട്ടലിന്റെ ചുറ്റും വിവിധ തരം ക്രിസ്ത്യന്‍ മതവിഭാഗക്കാരുടെ 100-180 വര്‍ഷത്തോളം പഴക്കമുള്ള  മനോഹരമായ ചാപ്പലുകളും പള്ളികളുമാണ്. പഴയ വീടുകളുടേയും മറ്റു കെട്ടിടങ്ങളുടേയും മുഖപ്പ് മാറ്റാന്‍ ആര്‍ക്കും അനുവാദമില്ല. ഉള്ളില്‍ എത്ര വേണമെങ്കിലും നൂതനമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്താം. ഇതു കാരണം കിംഗ് സ്ട്രീറ്റിലൂടെ നടക്കുമ്പോള്‍ ചരിത്രത്തിലൂടെ ഒരു യാത്ര ചെയ്യുന്ന പ്രതീതിയാണ് നമുക്കുളവാകുക. 

എന്റെ ഹോട്ടല്‍മുറി വൃത്തിയാക്കാന്‍ വരാറുള്ള എമ്മ എന്ന സ്ത്രീക്ക് ഞാന്‍ ഇന്ത്യയില്‍ നിന്നാണെങ്കിലും മലേഷ്യയില്‍ ഇപ്പോള്‍ ജോലി ചെയ്യുകയാണെന്നും അതിനു മുന്‍പ് ആഫ്രിക്കയില്‍ ആയിരുന്നുവെന്നും പറഞ്ഞപ്പോള്‍ കൗതുകം. തൊട്ടു മുന്നിലുള്ള റോഡുകളില്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍ ഫോട്ടോ എടുക്കരുതെന്നും ചെറിയ ബാഗ് മാത്രം എടുത്താല്‍ മതിയെന്നും അവര്‍ പറഞ്ഞു. എന്നിട്ടു ജനാലയിലൂടെ പുറത്തു ധര്‍മ്മം യാചിച്ചു നടക്കുന്ന ഭവനരഹിതരെ കാണിച്ചുതന്നു. 
കെട്ടിടങ്ങളുടെ ഫോട്ടോ എടുത്തു നടക്കുന്ന അന്യരാജ്യക്കാരായ ടൂറിസ്റ്റുകളെ കണ്ടാല്‍ അവര്‍ ഒരുമിച്ചു വന്നു പണം ചോദിക്കുമെന്നും വെറുതെ കഷ്ടപ്പെടുത്തുമെന്നും പറഞ്ഞു. അവരില്‍ പലരും മയക്കുമരുന്നിനു അടിമകളാണത്രെ. ഞാന്‍ വഴിയിലൂടെ നടക്കുമ്പോള്‍ എമ്മ പറഞ്ഞപോലെ, ഭവനരഹിതരായ കുറേ പേരെ കണ്ടു. താടിയും തലയും നീട്ടി, പഴകിയ ഷര്‍ട്ടും പാന്റും ഇട്ട്, തോളില്‍ നീളന്‍ സഞ്ചികളും തൂക്കി അവര്‍ വഴിയരികിലും ബസ് സ്റ്റോപ്പുകളിലും മറ്റും അലഞ്ഞു നടക്കുന്നു. ചിലര്‍ ഗിറ്റാര്‍, ഫ്‌ലൂട്ട് എന്നിവ റോഡരികില്‍നിന്ന് വായിക്കുന്നു.

കിംഗ് സ്ട്രീറ്റില്‍ ഉള്ള ഒരു ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ വയസ്സനായ ഒരു ഭിക്ഷാടകന്‍ എന്റെ അടുത്ത് വന്നിരുന്നു. ഓസ്‌കാര്‍ വൈല്‍ഡിന്റേയും ചാള്‍സ് ഡിക്കന്‍സിന്റേയും ഇംഗ്ലീഷ് കഥകളില്‍ കാണുന്ന കഥാപാത്രങ്ങളെപ്പോലെ ഒരു രൂപം. കീറിപ്പറിഞ്ഞ വേഷം. മുഖത്തു വീണുകിടക്കുന്ന ജട കൂടിയ മുടിയുടേയും നീളന്‍ താടിയുടേയും ഇടയിലൂടെ കറുത്ത പല്ലുകള്‍ കാണിച്ചു ചിരിച്ചുകൊണ്ട് വൈകുന്നേരം 4 മണി കഴിഞ്ഞാല്‍ ചില സ്ഥലങ്ങളിലേക്കുള്ള ബസുകള്‍ വരില്ലെന്ന് അയാള്‍ പറഞ്ഞു. എന്റെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത ബസ് ചാര്‍ട്ടില്‍ എന്നാല്‍ അതല്ല കണ്ടത്. എന്റെ മുന്നിലൂടെ നിറയെ ആള്‍ക്കാര്‍ നടന്നു പോകുന്നുണ്ടായിരുന്നു. അതിനാല്‍ സംശയത്തോടുകൂടിയാണെങ്കിലും അയാളെ ഭയക്കാതെ സ്വല്പനേരം കൂടി ഞാന്‍ അവിടെത്തന്നെയിരുന്നു. പക്ഷേ, എന്റെ അസ്വസ്ഥത കണ്ടിട്ടാവണം, താന്‍ പണമൊന്നും ചോദിച്ചിട്ടില്ലല്ലോ, പിന്നെന്തിനു ഭയക്കുന്നു എന്ന് അയാള്‍ ചോദിച്ചപ്പോള്‍ ഞാന്‍ പെട്ടെന്ന് എഴുന്നേറ്റു നിന്നു. 

ദാരിദ്ര്യത്തിന്റേയും ചേരിപ്രദേശങ്ങളുടേയും ഭിക്ഷാടകരുടേയും രാജ്യമായി ഇന്ത്യ ലോകത്തിനു മുന്നില്‍ അറിയപ്പെടുമ്പോള്‍, വികസിത രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കാനഡയിലും  ഇത്ര ഭിക്ഷക്കാരോ എന്ന ചോദ്യത്തിനുത്തരം തേടിയതുകൊണ്ടായിരിക്കാം, ഞാന്‍ അയാളോട് നിങ്ങള്‍ക്ക് വീടും കുടുംബവുമൊന്നും ഇല്ലേ എന്നും, തണുപ്പ് കാലങ്ങളില്‍ എന്ത് ചെയ്യുമെന്നും  ചോദിച്ചത്. ''ഞാന്‍ എന്നേ കുടുംബത്തെ വിട്ടുകളഞ്ഞു. എനിക്കവരെ ആവശ്യമില്ല. തണുപ്പ് തുടങ്ങിയാല്‍ പിന്നെ ഗവണ്‍മെന്റ് ഞങ്ങളെ ഏറ്റെടുക്കും. പൊലീസ് കാറുകള്‍ ഓരോ തെരുവും ചികഞ്ഞു പെറുക്കി ഞങ്ങളെ അഭയകേന്ദ്രങ്ങളിലാക്കും. പക്ഷേ, അവിടെ എനിക്ക് ഇരിപ്പുറക്കാറില്ല.'' ചെറിയ കണ്ണുകള്‍ ഒന്നുകൂടി ചെറുതാക്കി അയാള്‍ പറഞ്ഞു. നിങ്ങള്‍ക്ക് ഒറ്റപ്പെടല്‍ തോന്നാറില്ലേ എന്ന ചോദ്യത്തിന്, ഈ ലോകത്തെല്ലാവരും ഒറ്റപ്പെട്ടവരല്ലേ എന്ന് മറുചോദ്യം. മറുപടി പറയാന്‍ എനിക്ക് വാക്കുകള്‍ ഉണ്ടായിരുന്നില്ല. ഞാന്‍ കൊടുത്ത 2  ഡോളര്‍ നാണയം പോക്കറ്റിനുള്ളിലേക്കിട്ടു 'താങ്ക് യു, മിസ്' എന്ന് പറഞ്ഞ് അയാള്‍ നടന്നകന്നു.  ഇതെനിക്ക് ഒരു ക്ലാസ്സിക് കഥയില്‍ വായിക്കുന്നതുപോലെയുള്ള ഒരനുഭവമായാണ് തോന്നിയത്.  
ഷാനന്‍ എന്ന് പേരുള്ള മധ്യവയസ്‌കനായ ഒരു  ഡ്രൈവര്‍ ആണ്  യാത്രകള്‍ക്കായി ഊബര്‍ കാര്‍ ബുക്ക് ചെയ്തപ്പോള്‍ രണ്ടു തവണ വന്നത്. നേരത്തെ കണ്ട ഭിക്ഷാടകനെക്കുറിച്ചു ഞാന്‍ അയാളോട് സൂചിപ്പിച്ചപ്പോള്‍, അപ്പോള്‍ നിങ്ങള്‍ ടോറോന്റോയില്‍ പോയാല്‍ എന്ത് പറയും എന്നു ചോദിച്ചു ഉറക്കെ ചിരിച്ചു. ടോറോന്റോയില്‍ കഴിഞ്ഞ വര്‍ഷത്തെ തണുപ്പില്‍ മരണപ്പെട്ട ഭവനരഹിതരുടെ സംഖ്യ നൂറില്‍ കവിഞ്ഞത്രേ!   ലോകത്തെമ്പാടും നിന്നുള്ള അഭയാര്‍ത്ഥിപ്രവാഹം മൂലം പ്രതിവര്‍ഷം കൂടുന്ന ജനസംഖ്യയും അതിനോടനുബന്ധിച്ചുള്ള പാര്‍പ്പിടപ്രശ്‌നങ്ങളും, തൊഴിലില്ലായ്മയും കാനഡയുടെ ആഭ്യന്തര സമാധാനത്തെ ചഞ്ചലപ്പെടുത്തുന്നുണ്ടെന്നും, സാമാന്യ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ ഇപ്പോഴുള്ള സര്‍ക്കാര്‍ ബുദ്ധിമുട്ടുന്നുവെന്നും ഷാനന്‍ പറഞ്ഞു. ഗവണ്‍മെന്റ് എടുക്കുന്ന പല തീരുമാനങ്ങളും കാനഡയിലെ പൗരന്മാരുടെ ഭാവിക്കു  നല്ലതല്ലെന്നും ഇപ്പോഴുള്ള സര്‍ക്കാര്‍ ലോകത്തുള്ള അഭയാര്‍ത്ഥികളെ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുമ്പോഴും ഇതേ അഭയാര്‍ത്ഥികള്‍  ഇവിടെ വന്നതിനു ശേഷം രാജ്യത്തിനെതിരെയുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുവെന്നും അവരോടു രാജ്യം വിട്ടുപോകാന്‍ പറഞ്ഞാല്‍ പിന്നെ അത് മറ്റൊരു രാജ്യാന്തര പ്രശ്‌നമായിത്തീരുന്നെന്നും ഷാനന്‍ പറഞ്ഞതില്‍ സത്യമുണ്ടെന്നെനിക്കു തോന്നി. 
നിങ്ങളുടെ സുമുഖനായ യുവ പ്രധാനമന്ത്രിയെ മലേഷ്യയിലും ഇന്ത്യയിലും ഒക്കെയുള്ളവര്‍ ഒരു ഹീറോ ആയാണ് കാണുന്നതെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, കാനഡയിലുള്ളവരോട് കാര്യങ്ങള്‍ അന്വേഷിച്ചാല്‍  ഭിന്നാഭിപ്രായമാണ്  ലഭിക്കുകയെന്നും അദ്ദേഹത്തിന്റെ  അച്ഛന്‍  കാനഡ  കണ്ടതില്‍ വച്ച് ഏറ്റവും നല്ല നേതാവായിരുന്നെന്നും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് ഇന്നും കാനഡയുടെ ശക്തി എന്നുമാണ് ഷാനന്‍ അഭിപ്രായപ്പെട്ടത്. 

സ്ട്രാറ്റ്‌ഫോഡ് ഷേക്സ്പിയര്‍ ഫെസ്റ്റിവല്‍ 
മലേഷ്യയില്‍ ഇംഗ്ലീഷ് സാഹിത്യ അധ്യാപികയായ എനിക്ക് ഷേക്സ്പിയര്‍ നാടകങ്ങള്‍ അരങ്ങില്‍ കാണാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. കിച്ചനറില്‍നിന്ന് ഒരു മണിക്കൂര്‍ ദൂരെയുള്ള സ്ട്രാറ്റ്‌ഫോഡ് ടൗണില്‍ ഏപ്രില്‍ തൊട്ടു ഒക്ടോബര്‍ വരെ വര്‍ഷം തോറും നടക്കുന്ന നാടകോത്സവമാണ് 'സ്ട്രാറ്റ്‌ഫോഡ് ഷേക്സ്പിയര്‍ ഫെസ്റ്റിവല്‍'. കാനഡയില്‍ പോകുന്നതിനു മുന്‍പു തന്നെ ഈ നാടകോത്സവത്തെക്കുറിച്ചു ഞാന്‍ വളരെ കേട്ടിട്ടുണ്ടായിരുന്നു.  
1950-കളില്‍ ഒരു പ്രധാന റെയില്‍വേ ജംഗ്ഷനായ സ്ട്രാറ്റ്‌ഫോഡ് ടൗണ്‍ കല്‍ക്കരി കൊണ്ടോടുന്ന ലോക്കോമോട്ടീവ് ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. പക്ഷേ, പുതിയ ഇനം എന്‍ജിനുകള്‍ എത്തിയപ്പോള്‍ ഇവിടെ വമ്പിച്ച തൊഴിലില്ലായ്മ അനുഭവപ്പെട്ടു. തദ്ദേശ നിവാസിയായ ടോം പാറ്റേഴ്സണ്‍ എന്ന സ്വകാര്യ ജേര്‍ണലിസ്റ്റ്  ഷേക്സ്പിയറിന്റെ ജന്മനാടിന്റെ പേരുള്ള  തന്റെ മനോഹരമായ നാടിനെ ഈ സാമ്പത്തികച്ച്യുതിയില്‍നിന്നും രക്ഷിക്കാനായി  ഒരു രാജ്യാന്തര  നാടകോത്സവം സംഘടിപ്പിച്ചു. ലോകത്തെമ്പാടുമുള്ള കാണികളെ ഭാവന ചെയ്തു തന്നെയാണ് അദ്ദേഹം ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. ആവോണ്‍ നദിക്കരികെ ഒരു വലിയ ടെന്റ് കെട്ടിയാണ് ആദ്യത്തെ നാടകം പ്രദര്‍ശിപ്പിച്ചതത്രെ. 

ഇന്ന് ഷേക്സ്പിയര്‍ നാടകങ്ങള്‍ കൂടാതെ മറ്റു ലോകോത്തരമായ നാടകങ്ങളും സാഹിത്യ ചര്‍ച്ചകളും ഓര്‍ക്കസ്ട്രകളും സെമിനാറുകളും നാല് തിയേറ്ററുകളിലായി അവിടെ നടക്കുന്നു. ടിക്കറ്റ് നിരക്ക് ചുരുങ്ങിയത് 80 കനേഡിയന്‍  ഡോളര്‍ തൊട്ട് 250 ഡോളര്‍ വരുന്നു.  കാനഡയിലെ ഏറ്റവും പ്രശസ്തമായ നാടകോത്സവം നടക്കുന്ന സ്ഥലമായാണ് സ്ട്രാറ്റ്‌ഫോഡ് ടൗണ്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. 

ടോം പാറ്റേഴ്സണ്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ സാമൂഹ്യ സേവകനോ  നയതന്ത്രജ്ഞനോ ആയിരുന്നില്ല. ഒരു സാധാരണ ജേര്‍ണലിസ്റ്റ് മാത്രം ആയിരുന്ന അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടിക്ക് മുന്നില്‍ ഞാന്‍ പ്രണമിച്ചു നിന്നു.  രാജ്യത്ത് നടക്കുന്ന അന്യായങ്ങളെ മാത്രം ചൂണ്ടിക്കാണിച്ച് പരിഹാരങ്ങള്‍ കാണുന്നത് മറ്റുള്ളവരാവട്ടെ എന്ന് കരുതി തന്റെ പേന ചലിപ്പിച്ചു ജീവിക്കാമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ രാജ്യത്തിന്റെ ഉന്നമനത്തിനുവേണ്ടി, തികച്ചും പ്രായോഗികമായ ഒരു സംരംഭത്തിനായി അദ്ദേഹം തന്റെ ജീവിതം അര്‍പ്പിച്ചു.    
200 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ചെറിയ ഗാലറി മോഡലില്‍ ഉള്ള 'സ്റ്റുഡിയോ തിയേറ്ററില്‍' ഞാന്‍ കണ്ടത് ഷേക്സ്പിയറിന്റെ ഏറ്റവും ഫാര്‍സിക്കല്‍ ആയ 'ദി കോമഡി ഓഫ്  എറര്‍സ്' എന്ന നാടകം ആണ്.  അഭിനേതാക്കളില്‍ പലരും വളരെക്കാലം ഇംഗ്ലണ്ടില്‍ നടക്കുന്ന മികച്ച  ഷേക്സ്പിയര്‍ നാടകങ്ങളില്‍ അഭിനയിച്ചവര്‍. സാധാരണ ജനങ്ങള്‍ക്ക് എളുപ്പമായി മനസ്സിലാക്കാന്‍ ഷേക്സ്പിയറിന്റെ ഭാഷയും സമകാലിക ഇംഗ്ലീഷ് ഭാഷയും കൂടി കലര്‍ത്തിയ സംഭാഷണം. അതുപോലെ പഴയതും പുതിയതുമായ ശൈലിയില്‍ വസ്ത്രധാരണരീതിയും. തികച്ചും ആസ്വാദ്യകരമായ ഒരു അനുഭവമായിരുന്നു അത്. 

70 വയസ്സില്‍ മേലെ പ്രായമുള്ളവരായിരുന്നു കാണികളില്‍ ഭൂരിപക്ഷവും. അവരില്‍ ചുരുങ്ങിയത് അഞ്ചു പേരെങ്കിലും അഭിനേതാക്കള്‍ക്ക് തൊട്ടു മുന്നില്‍, വീല്‍ ചെയറില്‍ ഇരുന്നാണ് നാടകം കാണുന്നുണ്ടായിരുന്നത്. പലരുടേയും കൂടെ അവരുടെ നഴ്സുമാരും  ഉണ്ടായിരുന്നു. പൊതുവെ വിക്ടോറിയ പാര്‍ക്കിലും നാടകം നടക്കുന്ന തിയേറ്ററുകളിലും ഷോപ്പിംഗ് മോളിലും ഒക്കെ നമുക്ക് ധാരാളം വന്ദ്യവയോധികരെ കാണാവുന്നതാണ്. ഇന്ത്യയിലോ മലേഷ്യയിലോ കാണാന്‍ കഴിയുന്നതില്‍ അധികമായിത്തന്നെ! വാര്‍ദ്ധക്യം ഒരു രോഗമായി ഇവിടെയുള്ളവര്‍  കണക്കാക്കുന്നില്ല. ജീവിതസായാഹ്നത്തിന്റെ ഒറ്റപ്പെടലുകള്‍ അവരെ തളര്‍ത്തുന്നുമില്ല.

ഉക്സ്ബ്രിഡ്ജിലെ  ഉഗ്രതാരം
കിച്ചനറില്‍നിന്ന് ഉക്സ്ബ്രിഡ്ജ് ടൗണ്‍ഷിപ്പിലെ ലീസ്‌ക് ഡെയ്ല്‍ എന്ന ഉള്‍ഗ്രാമത്തിലേക്കു സുമാര്‍ മൂന്നു മണിക്കൂര്‍ യാത്ര വേണം. ഒരു രാജ്യത്തിന്റെ ജീവനും തുടിപ്പും പ്രകൃതിയുടെ രമണീയഭാവത്തിലൂടെ പ്രകടമാകാറുള്ളത്  ഗ്രാമപ്രദേശങ്ങളിലാണല്ലോ. എന്റെ ശിഷ്യ രവീണ തന്റെ വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും മാറ്റിവച്ച്, ദൂരെയുള്ള ഈ ഗ്രാമത്തിലേക്ക് ഒരു 'സീനിക് ഡ്രൈവ്' ആണ് ടീച്ചര്‍ക്ക് ഒന്നുകൂടി ഇഷ്ടപ്പെടുക എന്ന് പറഞ്ഞു കാട്ടുപ്രദേശങ്ങളുള്ള പാതകളിലൂടെ എന്നെ ഡ്രൈവ് ചെയ്തുകൊണ്ടുപോയി. ലീസ്‌ക്‌ഡേയ്ലിലെ  'എല്‍.എം. മോണ്ട്‌ഗോമറി ഇന്‍സ്റ്റിറ്റിയൂട്ട്' കാണുവാനായിരുന്നു ആ യാത്ര.  


വിദൂരതയിലേക്ക്  നീണ്ടുനിവര്‍ന്നു  കിടക്കുന്ന പച്ചപ്പരവതാനികളും മാലാഖക്കഥകളില്‍  കാണുന്ന കളിവീടുകളെപ്പോലെ മനോഹരമായി നിര്‍മ്മിച്ച സ്വപ്നവീടുകളും പൈന്‍, റഷ്യന്‍ ഒലിവ്, ഓക്ക്, മേപ്പിള്‍ തുടങ്ങിയ മരങ്ങള്‍ പൊതിഞ്ഞുകിടക്കുന്ന വഴിയോര വനങ്ങളും ഞങ്ങളെ ഭൂമിയുടെ ഏകാന്തതയിലേക്ക് നയിക്കുകയാണോ? പരന്നുകിടക്കുന്ന ചോളവയലുകള്‍. ഇരുവശവും തിങ്ങിനിറഞ്ഞ മരങ്ങളുള്ള കാട്ടുവഴികള്‍.  മരങ്ങളുടെ ഇടയില്‍ പടര്‍ന്നുകിടക്കുന്ന ചിത്രപ്പുല്ലുകളുടെ മണ്‍ഗന്ധം. സൂര്യവെളിച്ചമില്ലാത്ത പാതകളെത്തുമ്പോള്‍ ശരല്‍ക്കാലത്തിന്റെ സന്ദേശം വഹിച്ചെത്തുന്ന തണുത്ത കാറ്റ്.  അങ്ങിങ്ങായി ഒരു ചെറിയ പൊട്ടുപോലെ ചാരനിറമോ ചുവപ്പോ പൂശിയ വീടുകള്‍, അവക്കൊക്കെ കരിമ്പച്ചയോ നീലയോ പൂശിയ 'ഗെയ്ബിള്‍' (ത്രികോണ മുഖപ്പ്). വീടുകളുടെ മുന്നില്‍ ഒരായിരം വര്‍ണ്ണപുഷ്പങ്ങളുള്ള ഉദ്യാനങ്ങളുടെ ഇടയ്ക്ക് ദൂരയാത്രയ്ക്ക് കുടുംബമൊന്നിച്ചു യാത്ര ചെയ്യുവാനുതകുന്ന വെള്ള നിറത്തിലുള്ള ക്യാമ്പര്‍ വാനുകള്‍. പുല്‍ത്തകിടികള്‍ക്കു മാറ്റ് കൊടുക്കാനെന്ന വണ്ണം അല്ലലില്ലാതെ മേയുന്ന കുതിരകള്‍, പശുക്കള്‍, മാന്‍പേടകള്‍.  വെണ്‍മേഘങ്ങള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന നീലാകാശം. മനുഷ്യവാസം ഇല്ലാത്ത ഏതോ  വിജനതകള്‍ മാത്രമുള്ള ഒരു ലോകത്തിലൂടെ യാത്ര ചെയ്യുന്ന പ്രതീതി. ഈ പ്രദേശങ്ങളെല്ലാം തന്നെ മഞ്ഞിന്റെ വെണ്‍പുതപ്പിനടിയില്‍ ഉറങ്ങാന്‍ ഇനി വെറും മൂന്നുമാസം മാത്രം.   

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ വാങ്ങിത്തന്ന ഒരു പുസ്തകത്തിലൂടെയാണ് ആദ്യമായി കനേഡിയന്‍  ഗ്രാമപ്രദേശങ്ങളെക്കുറിച്ച്  വായിച്ചറിയുന്നത്. കനേഡിയന്‍  എഴുത്തുകാരിയായ ലൂസി മോഡ് മോണ്ട്‌ഗോമറിയുടെ  'ആന്‍ ഓഫ് ദി ഗ്രീന്‍ ഗേബിള്‍സ്' എന്ന ആ പുസ്തകം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബെസ്റ്റ് സെല്ലര്‍  ആയി മാറിയിരുന്നു. 
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ നടക്കുന്ന ഈ കഥയില്‍ പതിനൊന്നു വയസ്സുള്ള ആന്‍ എന്ന കഥാപാത്രം വളരെയേറെ ബുദ്ധിമുട്ടുകള്‍ക്കു ഇരയായ ഒരനാഥ ബാലികയാണ്. അവള്‍ക്കു കൂട്ടായി ചുറ്റും കാണുന്ന മരങ്ങളും പക്ഷികളും മൃഗങ്ങളും മാത്രം. അവള്‍ അവരോടു തന്റെ സങ്കടങ്ങളും കൊച്ചു സന്തോഷങ്ങളും പങ്കുവെയ്ക്കുന്നു. എവോണ്‍ലീ എന്ന കൊച്ചു ഗ്രാമത്തില്‍ മാത്യു കത്ബര്‍ട്ട്  എന്ന കര്‍ഷകനും, സഹോദരി മരില്ലയും വീട്ടുജോലിക്കായി  ഒരു അനാഥബാലനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍, അനാഥമന്ദിരം അബദ്ധവശാല്‍ അയച്ചു കൊടുത്തത് ആനിനെ ആയിരുന്നു.  ആരെയും ഭയക്കാതെ ഉള്ള ആനിന്റെ സംസാരരീതി ആദ്യ ദിവസങ്ങളില്‍ മരില്ലക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും അസാധാരണമായ ബുദ്ധിവിശേഷമുള്ള അവളുടെ മിടുക്കും സ്‌നേഹവും നൈര്‍മല്യവും കണ്ടറിഞ്ഞ് അവര്‍ അവളെ ദത്തെടുക്കുന്നു. മാത്യുവിന്റേയും മരില്ലയുടേയും വിരസമായ ജീവിതത്തില്‍ ആന്‍ പുതിയൊരു ജീവന്‍ പകര്‍ന്നെങ്കിലും  എവോണ്‍ലീ  ഗ്രാമത്തിലുള്ളവര്‍ അവളെ സ്വീകരിക്കാന്‍ കാലമെടുക്കുന്നു. ഇതാണ് അടിസ്ഥാന കഥാതന്തു. 
ആനിന്റെ തുടര്‍ന്നുള്ള ജീവിതത്തെ വിവരിച്ച് പിന്നീട് ലൂസി മോഡ് മോണ്ട്‌ഗോമറി അനേകം നോവലുകള്‍ എഴുതി. ആന്‍ എന്ന കഥാപാത്രത്തിന്റെ ഭാവനാലോകത്തിലൂടെ, സ്ത്രീത്വത്തിനു പരിഗണനയും ബഹുമാനവും കൊടുക്കാത്ത അക്കാലത്തെ സമൂഹത്തിന്റെ ഹൃദയശൂന്യമായ വിഭാഗീയ സ്വഭാവത്തെ ലൂസി മോഡ്    ചോദ്യം ചെയ്യുന്നുണ്ട്. പെണ്ണെഴുത്തിനു യാതൊരു വിലയും കല്‍പ്പിക്കാത്ത അന്നത്തെ വായനാലോകത്തിനു ആദ്യകാലങ്ങളില്‍  അവര്‍ ഒരു സ്ത്രീയാണെന്ന് അറിയില്ലായിരുന്നത്രെ.  പിന്നീട് അവരെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി മാത്രം എഴുതുന്ന 'താഴ്ന്ന' തരം എഴുത്തുകാരിയായാണ് കണക്കാക്കിയിരുന്നത്. എന്നിരുന്നാലും 20 നോവലുകളും 530 ചെറുകഥകളും 500 കവിതകളും 30 ലേഖനങ്ങളും എഴുതിയ അവര്‍ക്ക് ഒരു തലമുറയുടെ ചിന്തയെ ഒന്നടങ്കം സ്വാധീനിക്കാന്‍ കഴിഞ്ഞു.  ആ വലിയ കഥാകാരിയെ   പിന്നീട് ബ്രിട്ടനിലെ ജോര്‍ജ്ജ് അഞ്ചാമന്‍  രാജാവ് 'ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എമ്പയറി'ലെ ഓഫീസര്‍ ബഹുമതി നല്‍കി ആദരിച്ചു.  
ലൂസി മോഡ് മോണ്ട്‌ഗോമറിയുടെ ജീവിതം തന്റെ കഥാപാത്രമായ ആനിന്റേതുമായി തികഞ്ഞ സാദൃശ്യമുണ്ടായിരുന്നു. പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡ് എന്ന സ്ഥലത്ത് ജനിച്ചു വളര്‍ന്ന അവരെ ചെറുപ്പത്തില്‍ മാതാവിന്റെ മരണശേഷം പിതാവിന്റെ സഹായസംരക്ഷണങ്ങളില്ലാതെ   വളര്‍ത്തിയത് വളരെ കര്‍ക്കശസ്വഭാവമുള്ള മുത്തശ്ശിയും മുത്തച്ഛനുമാണ്. ലൂസി മോഡ് വിവാഹം കഴിച്ചത് ഒരു പ്രെസ്ബിറ്റേറിയന്‍ പള്ളീലച്ഛനെയാണ്.  ഇദ്ദേഹം ഒരു മാനസിക രോഗിയാണെന്നത് വിവാഹശേഷമാണ് അവര്‍ മനസ്സിലാക്കിയത്. പുതിയ ജീവിതം തുടങ്ങാന്‍ അവരെത്തിയത് ഐലന്‍ഡില്‍നിന്ന് ആറു മണിക്കൂറോളം ദൂരെയുള്ള ഉക്സ്ബ്രിഡ്ജ് ടൗണ്‍ഷിപ്പിലെ ഉള്‍ഗ്രാമമായ ലീസ്‌ക്‌ഡെയ് ലില്‍ ആയിരുന്നു. 
അവരുടെ മൂന്നു മക്കളും ഇവിടെ ഇന്ന് 'എല്‍.എം. മോണ്ട്‌ഗോമറി ഇന്‍സ്റ്റിറ്റിയൂട്ട്' ആയി അറിയപ്പെടുന്ന ചെറിയ ഇരുനില വീട്ടിലാണ് ജനിച്ചത്. അപ്പോഴേക്ക് അവര്‍ പേരുകേട്ട എഴുത്തുകാരിയായി മാറിയിരുന്നു. അക്കാലത്ത് ഭര്‍ത്താവിന് 1200 ഡോളര്‍ മാത്രം ശമ്പളമുള്ളപ്പോള്‍, ലൂസി മോഡിന് 15000 ഡോളര്‍ വരെ റോയല്‍റ്റി ആയി ലഭിച്ചിരുന്നത്രെ! ഭര്‍ത്താവിനാകട്ടെ, അവരുടെ എഴുത്തിന്റെ മഹത്വത്തെക്കുറിച്ച് ഒരു മതിപ്പും ഉണ്ടായിരുന്നില്ല. പ്രസവത്തില്‍ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട കാലത്തുകൂടി അയാളില്‍നിന്നും ഒരു പരിഗണനയും, സ്‌നേഹവും ലൂസി മോഡിന് ലഭിച്ചില്ല. അക്കാലത്ത് സ്ത്രീകള്‍ക്ക് വിവാഹമോചനത്തെക്കുറിച്ചു ആഗ്രഹിക്കാനും കൂടി അനുവാദമുണ്ടായിരുന്നില്ല. ആ ചെറിയ വീട്ടിലും തൊട്ടടുത്തുള്ള പള്ളിയിലും വച്ചായിരുന്നു തന്റെ സ്വകാര്യ ജീവിതത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും വേദനകള്‍ക്കിടയിലും താനെഴുതിയ പുസ്തകങ്ങളിലെ പതിനൊന്നെണ്ണവും അനേകം ചെറുകഥകളും ലൂസി മോഡ് എഴുതിത്തീര്‍ത്തത്. വിങ്ങുന്ന മനസ്സുമായിത്തന്നെ ഒരു വീട്ടമ്മയുടെ എല്ലാ കടമകളും ആരുടെ സഹായവുമില്ലാതെ അവര്‍ കൃത്യമായി നിര്‍വ്വഹിച്ചു.  എന്നാല്‍, വര്‍ഷങ്ങളായി മാനസിക വിഭ്രാന്തിയുള്ള ഭര്‍ത്താവിനുള്ള പരിചരണവും തന്മൂലമുള്ള ഒറ്റപ്പെടലും ലൂസി മോഡിനെ വിഷാദരോഗത്തിന് അടിമയാക്കിയിരുന്നു.  അവര്‍ പിന്നീട് അറുപത്തിയെട്ടാം വയസ്സില്‍ ജീവിത സമ്മര്‍ദ്ദം സഹിക്കവയ്യാതെ ടോറോന്റോയിലുള്ള 'ജേര്‍ണീസ് എന്‍ഡ്'  (Journey's End) എന്ന് താന്‍ പേരിട്ട വസതിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
ലീസ്‌ക്‌ഡെയ്ലിലെ ഈ വീട്ടില്‍ ഇന്നും സൂക്ഷിച്ചു വച്ചിരിക്കുന്ന സോഫ, ക്വില്‍റ്റ്  തൊട്ടു ചുമരിലിരിക്കുന്ന അലങ്കാരവസ്തുക്കളെല്ലാം തന്നെ ലൂസി മോഡിന്റെ പുസ്തകങ്ങളിലും അവരെടുത്ത അനേകം ഫോട്ടോകളിലും നമുക്ക് വര്‍ണ്ണിച്ചു കാണാം. ആ ചുമരുകള്‍ക്ക് ഇന്നും ഒരായിരം കഥകള്‍ നമ്മോടു പറയാനുണ്ട്. അടുക്കളയില്‍ അവര്‍ ഉപയോഗിച്ചിരുന്ന ഓവന്റേയും ബേക്കിംഗ് സാമഗ്രികളുടേയും പാചകപുസ്തകങ്ങളുടേയും ഇടയ്ക്ക് അവര്‍ നില്‍ക്കുന്നുണ്ടോ? മുകളിലുള്ള സിംഗര്‍ തുന്നല്‍ മെഷീനില്‍ അവരുടെ കാലുകള്‍ ഇപ്പോഴും ചലിക്കുന്നുണ്ടോ?  വീടിനു മുന്നിലുള്ള  ഉദ്യാനത്തില്‍ അവരാണോ അലങ്കരിച്ചുവയ്ക്കുവാനുള്ള പൂക്കള്‍ പറിക്കുന്നത്?  സ്വീകരണ മുറിയിലുള്ള  എഴുത്തുമേശയില്‍ ഇരുന്ന് അവരാണോ ഇപ്പോഴും ആനിന്റെ കഥകള്‍ എഴുതുന്നത്?  ലൂസി മോഡിന്റെ സങ്കടങ്ങള്‍ക്ക് എക്കാലവും പരിഭവങ്ങളില്ലാതെ അഭയം കൊടുത്ത ആ പഴയ മേശയില്‍ കൈവെച്ച് ഞാന്‍ കുറെ നിമിഷങ്ങള്‍ അവരുടെ വാക്കുകളേയും ജീവിതത്തേയും  ഓര്‍ത്തു നിന്നുപോയപ്പോള്‍, 'That is one good thing about this world- there are always sure to be more springs,' എന്ന് ലൂസി മോഡ് എന്റെ കാതില്‍  മന്ത്രിച്ചതുപോലെ...  

പ്രക്ഷുബ്ധതയുടെ ശാന്തത - നയാഗ്ര തീരത്ത് ഒരു ദിവസം  
മൂന്നു വര്‍ഷം മുന്‍പ് അമേരിക്കയിലേക്കുള്ള യാത്രയില്‍ ആദ്യമായി നയാഗ്രയുടെ ഓരത്തെത്തിയപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ താണ്ഡവധ്വനികള്‍ ഭീകരതയെക്കാള്‍ അത്ഭുതവും ആദരവും ആണ് മനസ്സില്‍ ഉളവാക്കിയത്. അമേരിക്കന്‍ നയാഗ്ര തീരത്തുനിന്നോ കാനഡയിലെ ഒണ്ടാരിയോ തീരത്തുനിന്നോ നോര്‍ത്ത് അമേരിക്കയേയും കാനഡയേയും ബന്ധിപ്പിക്കുന്ന മഴവില്‍പ്പാലത്തില്‍ (Rainbow Bridge) നിന്നോ വീക്ഷിച്ചാല്‍, കഴിഞ്ഞ 12000 വര്‍ഷങ്ങളായി ഓരോ സെക്കന്റിലും വീഴുന്ന 600000  ഗാലന്‍ വെള്ളത്തിന്റെ ഹെര്‍ക്കുലിയന്‍ ശക്തി  അനുമാനിക്കാന്‍ കഴിയില്ല. 'മഴവില്‍പ്പാലം' എന്ന പേര് ഇത്ര അന്വര്‍ത്ഥമായി കൊടുത്തതാരായിരുന്നു? 1939 മുതല്‍ക്ക് തന്നെ ഈ പേര്  നിലവില്‍ ഉണ്ടായിരുന്നുവത്രെ! പക്ഷേ, പേരിട്ട ആള്‍ ആരാണെന്ന് മാത്രം വ്യക്തമല്ല. 
1847 മുതല്‍ 'മഞ്ഞിന്റെ കന്യക' (Maid of the Mist) എന്ന പേരില്‍ നടത്തുന്ന ബോട്ട് കമ്പനിയാണ് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ പ്രകൃതിയുടെ ഈ മഹാത്ഭുതത്തിന്റെ കാല്‍ച്ചുവട് വരെ എത്തിക്കുന്നത്. 'മഞ്ഞിന്റെ കന്യക'യില്‍ ഒരേ സമയം 300 പേര്‍ക്കു വരെ യാത്ര ചെയ്യാന്‍ കഴിയുന്നതാണ്. കാനഡയില്‍നിന്നും അമേരിക്കയില്‍നിന്നുമുള്ള ബോട്ടുകള്‍ മാറി മാറി വെള്ളച്ചാട്ടത്തിനടുത്തേക്കു യാത്രക്കാരെ കൊണ്ടുപോകുന്നു. സുപ്പീരിയര്‍, മിഷിഗണ്‍, ഹ്യൂറോണ്‍, എറി - ഈ നാല് നദികളും നയാഗ്രയില്‍ സംഗമിച്ച്, അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ ചെന്ന് ചേരുന്നു. നയാഗ്ര ഗോര്‍ജിലേക്കുള്ള ഈ യാത്രയില്‍ ആദ്യം നമ്മെ വരവേല്‍ക്കുന്നത് അമേരിക്കന്‍ ഫോള്‍സ് ആണ്. പിന്നെ സ്വല്പം ഇടത്തോട്ടെക്കായി നില്‍ക്കുന്ന ബ്രൈഡല്‍ വെയ്ല്‍ ഫോള്‍സ്. 
ഇവയെ കടന്നു മുന്നോട്ടു പോയാലാണ് നയാഗ്രയെ ലോകത്തില്‍വച്ച് ഏറ്റവും വ്യാപ്തികൂടിയ വെള്ളച്ചാട്ടമാക്കുന്ന ഹോഴ്സ് ഷൂ ഫോള്‍സ്  കാണുക. സൂര്യകിരണങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്ന ജലകണങ്ങളില്‍  പതിച്ച്, ഒരായിരം മഴവില്ലുകളുടെ  അഭൗമ സാമ്രാജ്യം തന്നെ തീര്‍ക്കുന്നു. ഉയരങ്ങളില്‍നിന്ന് പതിക്കുന്ന ജലപാതത്തിനടുത്തെത്തിയാല്‍ ആഞ്ഞടിക്കുന്ന മഴയും, തീക്ഷ്ണമായ കാറ്റും ഭയാനക ശബ്ദവും നമുക്കനുഭവിക്കാം. 
2,600 അടി പരന്നുകിടക്കുന്ന  ഒരു അര്‍ദ്ധചന്ദ്രന്റെ ആകൃതിയില്‍ 600000 ഗാല്യന്‍  വെള്ളം 188 അടി താഴത്തേക്കു കുതിച്ചുപായുന്നു. ബോട്ടിന്റെ ഏറ്റവും മുന്‍പിലുള്ള കൂര്‍ത്ത ഭാഗത്തുനിന്നുകൊണ്ട് ചുറ്റും ഗര്‍ജ്ജിച്ചു പായുന്ന വെള്ളത്തിന്റെ മാസ്മരവലയത്തില്‍ ഞാന്‍  മതിമറന്നു നിന്നുപോയി.  പ്രക്ഷുബ്ധതയുടെ ശാന്തത എന്നൊന്നുണ്ടെങ്കില്‍ അതാണ് നമുക്കവിടെ അനുഭവപ്പെടുന്നത്. എന്തുകൊണ്ടാണ് എന്റെ കണ്ണുകള്‍ നനഞ്ഞതെന്ന് ഇപ്പോഴും അറിയില്ല. അത് വാക്കുകളാല്‍ വിവരിക്കാന്‍ കഴിയുന്നതല്ല. പതിനഞ്ചു നിമിഷത്തോളം ആ ജലധാരയുടെ കാല്‍ക്കീഴില്‍ 30 അടി മാത്രം ദൂരെനിന്ന്,  ഏതോ പ്രാചീനമായ ഉന്മാദ താളങ്ങളില്‍ അലിഞ്ഞ്, പ്രകൃതിദേവിയുടെ അസാമാന്യമായ ആനന്ദനൃത്തത്തെ കണ്‍കുളിര്‍ക്കെ ഞാന്‍ ഭയഭക്തിബഹുമാനത്തോടെ നോക്കിനിന്നു. നയാഗ്രയുടെ തീക്ഷ്ണശക്തിയുടെ മുന്നില്‍, രണ്ട് 350 ഹോഴ്സ് പവര്‍ എന്‍ജിനുകളും മുഴുവന്‍ ശക്തിയും കൊടുത്ത് മുന്നോട്ടു ചലിപ്പിച്ചാല്‍ മാത്രമേ, സ്റ്റീല്‍ ബോട്ടിനെ നിശ്ചലമായി നിര്‍ത്താന്‍ സാധിക്കുകയുള്ളൂ! വളരെ നാളുകള്‍ പരിശീലിച്ച് ഏറ്റവും മിടുക്കനായ നാവികനു മാത്രമേ ഈ യത്‌നം ഇത്ര വിദഗ്ദ്ധമായി നിര്‍വ്വഹിക്കാന്‍ സാധിക്കുകയുള്ളുവത്രേ. ഒരു ചെറിയ അശ്രദ്ധ മതി ബോട്ട് മറിയാന്‍!   
കനേഡിയന്‍  തീരത്തുനിന്നുകൂടി നയാഗ്രയുടെ മാന്ത്രികശക്തി അനുഭവിക്കാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നെങ്കിലും സമയക്കുറവു മൂലം അതു വേണ്ടെന്നു വെച്ചതായിരുന്നു. പക്ഷേ, എന്റെ ജന്മദേശമായ ഒറ്റപ്പാലത്തുനിന്നുള്ള ചിരകാല സുഹൃത്തും എന്നെ സഹോദരിയെപ്പോലെ സ്‌നേഹിക്കുന്ന രോഹിണി ഉദയശങ്കര്‍   കാനഡയില്‍   വന്നു നയാഗ്ര എങ്ങനെ കാണാതിരിക്കും എന്നു പറഞ്ഞ് എന്നെ രണ്ടര മണിക്കൂര്‍ ദൂരം കാറില്‍ അവിടേക്കു കൊണ്ടുപോകുകയായിരുന്നു.    
ഒരുച്ച മുഴുവനും അങ്ങനെ ഞങ്ങള്‍ അവിടെ ചെലവഴിച്ചു. വേനല്‍ക്കാലത്തിന്റെ അവസാന ദിനങ്ങള്‍ പൂര്‍ണ്ണമായും സംവേദനം ചെയ്യുവാനെത്തിയപോലെ, നയാഗ്രാ തീരത്തു  ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ തടിച്ചുകൂടിയിരിക്കുന്നു. സെല്‍ഫികളും ഫോട്ടോകളും  എടുക്കാന്‍ മാത്രമുള്ള ഉദ്ദേശ്യത്തോടെ, നാര്‍സിസത്തിന്റെ എല്ലാവിധ സ്വഭാവവൈകൃത്യങ്ങളും പ്രകടിപ്പിച്ച്, പ്ലാസ്റ്റിക് ചിരിയുമായി ക്യാമറകളിലേക്കു നോക്കിനില്‍ക്കുന്ന ജനങ്ങളിലോരോരുത്തരും പക്ഷേ, ഹോഴ്സ് ഷൂ ഫോള്‍സിന്റെ  നിതാന്ത ഗര്‍ജ്ജനത്തോടെ ഒഴുകുന്ന ഘോരജലപ്രപാതത്തിനു മുന്നില്‍ എത്തിയാല്‍, നിമിഷങ്ങളെ മറന്ന്, ജീവിതത്തിന്റെ പ്രക്ഷുബ്ധ താളലയങ്ങളെ മറന്നു, മറ്റു ശബ്ദങ്ങളൊന്നും തന്നെ ചെവിക്കൊളളാതെ,  ഭയഭക്തി ബഹുമാനത്തോടെ നിന്നുപോകുന്നു. പ്രകൃതിദേവിയുടെ മാന്ത്രിക കരവലയങ്ങള്‍ അവരെ പുണരുന്നതുപോലെ. ജീവിതഗന്ധം മുഴുവനും ബാഷ്പീകരിച്ച് എണ്ണമറ്റ ജലശീകരങ്ങളിലൂടെ ആകാശത്തിന്റെ ഒന്നുമില്ലായ്മയില്‍ അലിയുന്നതുപോലെ...  

നയാഗ്ര തീരത്തിനെന്തുകൊണ്ട് ഈ മാന്ത്രികശക്തി ഉളവായതെന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. കിച്ചനര്‍ ലൈബ്രറിയിലെ ഒരു പഴയ പുസ്തകം മറിച്ചുനോക്കിയപ്പോള്‍ ഇറോക്വ ഗോത്രവര്‍ഗ്ഗക്കാരും നയാഗ്രയും തമ്മിലുള്ള ഗാഢബന്ധത്തെക്കുറിച്ച് വായിച്ചറിഞ്ഞു. അവരുടെ ഭാഷയില്‍ 'നീ-യാ-ഗ-ര' എന്നാല്‍ 'ഗര്‍ജ്ജിക്കുന്ന ജലം' എന്നാണത്രെ അര്‍ത്ഥം. അവര്‍ ഈ വെള്ളച്ചാട്ടത്തെ, ജലദേവതയുടെ ഭൂമിയിലെ പ്രകടരൂപമായാണ് കണ്ടിരുന്നത്. പതിനെട്ടാം നൂറ്റാണ്ടുവരെ അവര്‍ ഈ ജലദേവതയുടെ പ്രീതിക്കായി ഗ്രാമത്തിലുള്ള ഏറ്റവും സുന്ദരിയായ കന്യകയെ,  പ്രത്യേക ഗോത്രവിധികളുടേയും പ്രാര്‍ത്ഥനാമന്ത്രങ്ങളുടേയും അകമ്പടിയോടെ,   പഴങ്ങളും പുഷ്പങ്ങളും മറ്റും നിറച്ചു മനോഹരമായി അലങ്കരിച്ച നൗകയില്‍ ഈ പ്രവാഹങ്ങളിലേക്കു അയക്കുമായിരുന്നു. ഭൂമിദേവിയുടെ മാറിലേക്കുള്ള ഈ അവസാന യാത്രയ്ക്ക് ഗ്രാമങ്ങളിലെ കന്യകമാര്‍ സ്വമേധയാ തയ്യാറാകാറുണ്ടായിരുന്നത്രെ. 

ഒരിക്കല്‍ 'ഈഗിള്‍ ഐ' എന്ന ഗോത്രത്തലവന്റെ മകള്‍ ലെലാവെലാ എന്ന് പേരുള്ള സുന്ദരിയാണ്  ബലികര്‍മ്മത്തിനു തയ്യാറായത്. മകളുടെ വിയോഗത്തില്‍ മനംനൊന്ത് പിതാവും വെള്ളത്തിലേക്ക് എടുത്തുചാടി.  ഇറോക്വ വര്‍ഗ്ഗക്കാര്‍  ഈ പിതാവും പുത്രിയും മരണപ്പെട്ടിട്ടില്ലെന്നും നയാഗ്ര ജലത്തെ പരിപാലിക്കുന്ന ദേവനായും 'മഞ്ഞിന്റെ ദേവത'യായും ആയി രൂപാന്തരപ്പെട്ട്, ഇന്നും അവര്‍ തങ്ങളെ  അനുഗ്രഹിച്ചു  ജീവിക്കുന്നു എന്ന്  വിശ്വസിക്കുന്നു.  

രോഹിണിച്ചേച്ചി എന്നെ പിന്നീട് 'നയാഗ്ര ഓണ്‍ ദി ലേയ്ക്' എന്ന അതിമനോഹരമായ ഒരു  ടൗണിലേക്ക് കൊണ്ടുപോയി.  
കിച്ചനറിനോട്  ഞാന്‍ യാത്ര പറഞ്ഞെങ്കിലും അവിടെയുള്ള രമണീയമായ കാടുകളേയും പുഷ്പങ്ങളേയും ആകാശനീലിമയേയും മഴത്തുള്ളികളേയും മണ്‍ഗന്ധങ്ങളേയും  എക്കാലത്തേക്കുമായി എന്റെ മനസ്സില്‍ ഞാന്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു. ഏതോ വഴിയോര വൃക്ഷത്തില്‍നിന്നു പറിച്ച ഒരു മേപ്പിള്‍ ഇല ലൂസി മോഡ് മോണ്ട്‌ഗോമറിയുടെ കുഞ്ഞു കവിതാസമാഹാരത്തിന്റെ ഏടുകളില്‍ ഞാന്‍ നിക്ഷേപിച്ചിട്ടുണ്ട്. ആ കാവ്യങ്ങള്‍ക്ക് ജീവനോതാനെന്ന വണ്ണം പുസ്തകത്താളില്‍നിന്ന് അതെന്നെ ഒരായിരം മനോയാത്രകള്‍ക്ക് കൊണ്ടുപോകുന്നു. ഞാന്‍ അനുഭവിച്ച കനേഡിയന്‍  വസന്തകാലത്തിന്റെ മാധുര്യം എന്നെന്നേക്കുമായി ആ ഇലയും എനിക്കൊപ്പം അയവിറക്കുന്നുണ്ടായിരിക്കണം.