നിശ്ശബ്ദം പിന്‍വാങ്ങിയ ചരിത്രസാക്ഷ്യം

By യു. സുരേഷ്  |   Published: 22nd December 2018 03:02 PM  |  

Last Updated: 22nd December 2018 03:02 PM  |   A+A-   |  

 

ചിലര്‍ മരണമടയുമ്പോള്‍ അവര്‍ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മന്ത്രിമാരടക്കമുള്ള ബഹുജനനേതാക്കളും മറ്റും എത്തുമ്പോഴാവും തന്റെ കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങാനും മറ്റും വന്നിരുന്ന ഈ വ്യക്തി ഒരു സാധാരണക്കാരനായിരുന്നില്ലല്ലോ എന്ന് തൊട്ടയല്‍വാസികള്‍ പോലും തിരിച്ചറിയുക. പിന്നിട്ട ജീവിതാനുഭവങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ ഒതുക്കി മാറ്റിവച്ച് താന്‍ ജീവിതയാത്ര തുടങ്ങിയ ഇടത്തേക്ക് മടങ്ങിച്ചെന്ന മറ്റൊരാള്‍ കൂടി ഈ കഴിഞ്ഞ നവംബര്‍ 29-ന് തന്റെ 90-ാം വയസ്സില്‍ നിശ്ശബ്ദം വിടവാങ്ങി. അന്നും പിറ്റേന്നും പാലക്കാട് ജില്ലയില്‍ ചെര്‍പ്പുളശ്ശേരി - ഒറ്റപ്പാലം റൂട്ടില്‍ നായര്‍പടി പ്രദേശത്തെ ആളുകളില്‍ ചിലര്‍ക്കെങ്കിലും മുകളില്‍ സൂചിപ്പിച്ച തരം അനുഭവം ഉണ്ടായിട്ടുണ്ടാവണം. 

1948-ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ (സി.പി.ഐ) അംഗമായ കെ.യു. വാര്യര്‍ എന്ന ഉണ്ണികൃഷ്ണവാര്യര്‍ അതിനു വളരെ മുന്‍പ്, വിദ്യാര്‍ത്ഥി ജീവിതകാലത്ത് തന്നെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയ വ്യക്തിയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍നിന്നും പത്രപ്രവര്‍ത്തനത്തിലേക്കും ഒപ്പം രാഷ്ട്രീയമായ ഉത്തരവാദിത്വങ്ങളിലേക്കും ആ തൃത്താലക്കാരന്‍ വളര്‍ന്നു. തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേക്കും അവിടെനിന്നും അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്കും നീണ്ട ആ ജീവിതം അതിന്റെ മടക്കയാത്രയില്‍ എത്തിയത് പൊതുജീവിതം തുടങ്ങിവച്ച മണ്ണിനരികിലേക്കായിരുന്നു. 

എന്റെ ഔദ്യോഗിക ജീവിതകാലത്ത് ഒരിക്കല്‍ പാലക്കാട് എത്തിയ സമയത്തായിരുന്നു സഹപ്രവര്‍ത്തകനായ തോമസ് വി.ടിയുമൊത്ത് ചെര്‍പ്പുളശ്ശേരിയില്‍ ഉണ്ണികൃഷ്ണവാര്യരെ കാണാന്‍ പോകുന്നത്. നല്ല വായനാശീലമുള്ള കമ്യൂണിസ്റ്റുകാരനായിരുന്നു തോമസ് എങ്കിലും കെ.യു. വാര്യര്‍ എന്ന പേര് അദ്ദേഹത്തിനു പരിചിതമായിരുന്നില്ല. അദ്ദേഹവുമായി കുറേ നേരം അന്നു വര്‍ത്തമാനം പറഞ്ഞിരുന്നു. 2014-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായിരുന്ന ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിന്റെ 50-ാം വാര്‍ഷിക നാളുകളായിരുന്നു അത്. സ്വാഭാവികമായും അന്നത്തെ ആ ദിവസം സംഭാഷണത്തില്‍ ഞങ്ങള്‍ അവിടെ ചെന്നെത്തി. 
''ഞാനന്നു രാവിലെ നമ്പൂതിരിപ്പാടിനോട് ചോദിച്ചതാണ് എന്തെങ്കിലും പ്രശ്‌നമുണ്ടാവുമോ എന്ന്. അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല എന്നാണ് മൂപ്പര് പറഞ്ഞത്... എന്നിട്ടാണ്...'' ഭിന്നിപ്പുണ്ടാക്കിയ നൊമ്പരം അപ്പോഴും അദ്ദേഹത്തിലുണ്ടായിരുന്നു എന്നു തോന്നി. 
സി.പി.ഐ ദേശീയ കൗണ്‍സിലില്‍നിന്നും 32 പേര്‍ ഇറങ്ങിപ്പോയതിനെക്കുറിച്ചുള്ള പരാമര്‍ശം കേട്ടിരുന്ന തോമസ് അവിടെനിന്നും പാലക്കാട്ടേക്കുള്ള യാത്രയില്‍ എന്നോടു പറഞ്ഞു: ''ഭയങ്കര സംഭവമാണല്ലോ ഇദ്ദേഹം.'' കെ.യു. വാര്യരുമായി അഭിമുഖ സംഭാഷണം നടത്തിയ ശേഷം തയ്യാറാക്കിയ ലേഖനത്തില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ മുസാഫിര്‍ ഈ രംഗം ഇങ്ങനെ വിവരിക്കുന്നുണ്ട്. 

''ഒരുമിച്ചു നിന്നവര്‍ ഭിന്നിച്ചുനിന്നു പൊരുതുന്ന കാഴ്ച ഉണ്ണികൃഷ്ണവാര്യരെപ്പോലെ നിരവധി സഖാക്കളുടെ ഉള്ളുലച്ചു. 1964, ഏപ്രില്‍ 11-ന് എന്‍.എം. ജോഷി ഹാളിന്റെ ഇടനാഴിയില്‍ റൈറ്റിംഗ് പാഡും പേനയും പിടിച്ച് കാത്തുനിന്ന വാര്യര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കാണാനായത് ക്ഷുഭിതരായി ഇറങ്ങിവരുന്ന 32 സഖാക്കളെയാണ്.''
പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി 'ന്യൂ ഏജ്', 'ക്രോസ് റോഡ്' എന്നീ പ്രസിദ്ധീകരണങ്ങളുടേയും പത്രപ്രവര്‍ത്തനരംഗത്തെ കുലപതികളിലൊരാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിഖില്‍ ചക്രവര്‍ത്തി ആരംഭിച്ച ഇന്ത്യന്‍ പ്രസ്സ് ഏജന്‍സി (ഐ.പി.എ) എന്ന ഇന്ത്യയിലെ ആദ്യത്തെ ഇടതുപക്ഷ വാര്‍ത്താ ഏജന്‍സിയുടേയും ഭാഗമായി ഡല്‍ഹിയിലെ രാഷ്ട്രീയ-മാധ്യമ രംഗങ്ങളില്‍ സജീവമായിരുന്നു ഉണ്ണികൃഷ്ണവാര്യര്‍. അക്കാലത്താണ് അദ്ദേഹം 'ശങ്കേഴ്സ് വീക്കിലി'യില്‍ 'പാര്‍ട്ട്‌ടൈം' ആയി ജോലി ചെയ്യാന്‍ തുടങ്ങിയത്. വാരികയില്‍ വരുന്ന കാര്‍ട്ടൂണുകള്‍ക്ക് അടിക്കുറിപ്പുകള്‍ എഴുതുക എന്നതായിരുന്നു ഉണ്ണികൃഷ്ണവാര്യര്‍ക്ക് ശങ്കര്‍ നല്‍കിയ ചുമതല. ഇംഗ്ലീഷ് ഭാഷയിലുള്ള വാര്യരുടെ കഴിവുകളെക്കുറിച്ച് ശങ്കറിന് അറിയാമായിരുന്നു. വിവാഹജീവിതത്തിലേക്കു കടക്കാനൊരുങ്ങി നില്‍ക്കുകയായിരുന്ന അദ്ദേഹത്തിന് അധികവരുമാനം ഒരു ആവശ്യവുമായിരുന്നു. 
ഡല്‍ഹിയില്‍വച്ച് പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്ന പി.സി. ജോഷി, അജയ്‌ഘോഷ് എന്നിവരെപ്പോലുള്ള ഉന്നതശീര്‍ഷരായവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് തന്റെ ഒരു വലിയ ഭാഗ്യമായി അദ്ദേഹം കരുതിയിരുന്നു. ഭൂപേഷ് ഗുപ്ത, ഇന്ദ്രജിത്ത് ഗുപ്ത, രാജേശ്വര്‍ റാവു, നിഖില്‍ ചക്രവര്‍ത്തി തുടങ്ങിയവരൊക്കെ വാര്യരിലെ പത്രപ്രവര്‍ത്തകനെ ആവോളം പിന്തുണയ്ക്കുകയും ചെയ്തു. അഖിലേന്ത്യാ സമാധാന സൗഹൃദ സംഘടന (AIPSO) ഇന്തോ-സോവിയറ്റ് സാംസ്‌കാരിക സമിതി (ISCUS) എന്നിവയിലെല്ലാം ഉണ്ണികൃഷ്ണവാര്യര്‍ സജീവമായിരുന്നു. 

പത്രപ്രവര്‍ത്തകനാവുന്നതിനു മുന്‍പ് വിദ്യാര്‍ത്ഥി ജീവിതകാലത്ത് എ.ഐ.എസ്.എഫ് പ്രവര്‍ത്തകന്‍ എന്ന നിലയിലും ഇടയ്ക്ക് മലബാര്‍ ജില്ലാ ബോര്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന നിലയിലുമുള്ള കെ.യു. വാര്യരുടെ ഇടപെടലുകളും വളരെ ശ്രദ്ധേയങ്ങളായിരുന്നു. ഫീസ് വര്‍ദ്ധനവിനും ഡീറ്റെന്‍ഷനെതിരായും നടന്ന സമരങ്ങളിലൂടെയായിരുന്നു അദ്ദേഹം നേതൃത്വത്തിലേക്ക് എത്തുന്നത്. ഉശിരനായ ഈ ചെറുപ്പക്കാരന്‍ പതിയെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്കും എത്തിച്ചേര്‍ന്നു. 1948-ല്‍ ഉണ്ണികൃഷ്ണവാര്യര്‍ സി.പി.ഐ. അംഗമാകുന്ന കാലത്താണ് ബി.ടി. രണദിവെയുടെ 'കല്‍ക്കത്താ തീസിസ്' എന്ന പരിപാടി പാര്‍ട്ടി സ്വീകരിക്കുന്നത്. നിരോധിക്കപ്പെട്ടിരുന്ന പാര്‍ട്ടിയുടെ ഒരു 'ഉറച്ച കേഡര്‍' ആയി വള്ളുവനാട്ടിലെ അക്കാലത്തെ പ്രമുഖ നേതാക്കളായിരുന്ന പി.വി. കുഞ്ഞുണ്ണി നായര്‍, ഇ.പി. ഗോപാലന്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ ഒളിവിലും തെളിവിലുമായി വാര്യര്‍ നടപ്പിലാക്കി. 
തുടര്‍ന്ന് 1951-'52 കാലത്താണ് കോഴിക്കോട് ദേശാഭിമാനിയുടെ ഭാഗമായി അദ്ദേഹം പത്രപ്രവര്‍ത്തനരംഗത്തേക്കു കടക്കുന്നത്. 1954-ല്‍ മലബാര്‍ ജില്ലാ ബോര്‍ഡിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ തൃത്താലയില്‍നിന്നും അദ്ദേഹം മത്സരിക്കുകയും 48 അംഗബോര്‍ഡിന്റെ ഭാഗമാവുകയും ചെയ്തു. 24 അംഗങ്ങളുണ്ടായിരുന്ന ജനാധിപത്യമുന്നണിയുടെ പ്രസിഡന്റായി പി.ടി. ഭാസ്‌ക്കരപ്പണിക്കരും വൈസ് പ്രസിഡന്റായി മൂസാന്‍കുട്ടി മാസ്റ്ററും തെരഞ്ഞെടുക്കപ്പെട്ടു. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും അവശ്യം വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും രൂപീകരിക്കപ്പെട്ട ജനാധിപത്യമുന്നണിയുടെ സെക്രട്ടറി ആ സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഉണ്ണികൃഷ്ണവാര്യരായിരുന്നു. അന്ന് 28 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. 
എപ്പോഴും നല്ല വൃത്തിയായി വസ്ത്രധാരണം ചെയ്ത് നടക്കുന്ന ഒരു ഉണ്ണികൃഷ്ണവാര്യരെ മാത്രമേ നമുക്കു കാണാന്‍ കഴിയുകയുള്ളു. അദ്ദേഹത്തിന്റെ സമീപനം പലപ്പോഴും 'സിനിക്ക'ലായിരുന്നു എന്നു പറയുന്ന ചില അടുത്ത സഹപ്രവര്‍ത്തകരുണ്ട്. അവരെല്ലാം തന്നെ പക്ഷേ, ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മികവുറ്റ ഒരു മാതൃകയായിട്ടാണ് കെ.യു. വാര്യരെ കാണുന്നത്. ആ അംഗീകാരമാവാം അഫ്ഗാനിസ്ഥാനിലെ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ മുഖപത്രമായ 'ദി കാബൂള്‍ ടൈം'സിന്റെ എഡിറ്റോറിയല്‍ അഡൈ്വസറുടെ ചുമതലയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത്. സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ ബബ്രായ് കര്‍മാലും പിന്നീട് മുഹമ്മദ് നജീബുള്ളയും പ്രസിഡന്റുമാരായിരുന്ന കാലത്തായിരുന്നു അദ്ദേഹം അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നത്. അവിടം കലുഷിതമാവുന്നതിനു മുന്‍പുതന്നെ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി എത്തുകയും 'നവയുഗം', 'ലോക മാര്‍ക്സിസ്റ്റ് റിവ്യു' എന്നിവയുടെ എഡിറ്റോറിയല്‍ ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് കുറച്ചുകാലം കഴിഞ്ഞ് എല്ലാം മതിയാക്കി അദ്ദേഹം സ്വന്തം ജില്ലയിലേക്ക് മടങ്ങിച്ചെല്ലുകയും ചെയ്തു. 
ഏതാണ്ട് ഒരു മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനും സുഹൃത്ത് ബൈജു ചന്ദ്രനുമായി ഇദ്ദേഹത്തെ കാണാന്‍ പോയത് ഓര്‍ക്കുന്നു. പഴയ ചില കാര്യങ്ങള്‍ ചോദിച്ചറിയുക എന്നൊരു ഉദ്ദേശ്യവും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഇന്ത്യനൂര്‍ ഗോപിയും ഞങ്ങള്‍ക്കൊപ്പം അവിടേക്കു വന്നിരുന്നു. വര്‍ത്തമാനത്തിനിടയില്‍ പഴയ മലബാറിലെ ചില പാര്‍ട്ടി അനുഭവങ്ങളിലേക്ക് ചര്‍ച്ച എത്തി. അക്കാലത്തെ ചില കേന്ദ്രനേതാക്കള്‍ മലബാര്‍ പാര്‍ട്ടിയില്‍ നടത്തിയ ചില ഇടപെടലുകളെക്കുറിച്ച് ഇന്ത്യനൂര്‍ ഗോപി പരാമര്‍ശിച്ചു. കൂടുതല്‍ വ്യക്തതയ്ക്കുവേണ്ടി ഞങ്ങള്‍ കെ.യു. വാര്യരെ നോക്കിയെങ്കിലും 'രഹസ്യങ്ങള്‍' ചര്‍ച്ച ചെയ്യുന്നതിലുള്ള തന്റെ വിമുഖത അദ്ദേഹം ശരീരഭാഷയിലൂടെ പ്രകടിപ്പിച്ചു. ഇതൊക്കെ എന്തിനാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നത് എന്ന മട്ടില്‍ ഗോപിമാഷോട് തന്റെ നീരസം പ്രകടിപ്പിക്കുകയും ചെയ്തു. ആറു പതിറ്റാണ്ടുകള്‍ക്കു ശേഷവും അന്നത്തെ രഹസ്യങ്ങള്‍ കാത്തുസൂക്ഷിച്ചുവയ്ക്കുന്ന ആ കമ്യൂണിസ്റ്റുകാരന്‍ ഒരു വിസ്മയമായി തോന്നി. പാര്‍ട്ടിക്കമ്മറ്റികളിലെ ആഭ്യന്തര ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വരെ ചാനലുകളില്‍ ചര്‍ച്ച ചെയ്യുന്ന ആധുനിക കാലത്ത് ഇത്തരം വ്യക്തികള്‍ പ്രകടിപ്പിക്കുന്ന ദൃഢത പഴയ കമ്യൂണിസ്റ്റ് ബോധത്തിന്റെ പ്രതിഫലനമായിരുന്നു. 

ഏതാണ്ട് സമാന സ്വഭാവത്തിലുള്ള അനുഭവം മുസാഫിറും രേഖപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി ഔദ്യോഗികമായി പിളരുന്നതിനു മുന്‍പുതന്നെ ആശയപരമായി ഭിന്നിച്ചിരുന്നു. പാര്‍ട്ടി മുഖപത്രമായ 'ന്യൂ ഏജ്' പത്രാധിപര്‍ സഖാവ് ഇ.എം.എസ് ആയിരുന്നു. കെ.യു. വാര്യര്‍ അതിന്റെ മുഖ്യ ചുമതലക്കാരിലൊരാളും. ചൈനീസ് അനുകൂല ലേഖനങ്ങള്‍ ന്യൂ ഏജ് തമസ്‌കരിക്കുകയും ഔദ്യോഗിക നിലപാടുകളെ ന്യായീകരിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനിടെ ചൈനീസ് ചാരന്മാര്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി. സുന്ദരയ്യ, ബി.ടി. രണദിവെ തുടങ്ങിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇ.എം.എസ് തയ്യാറാക്കിയ പ്രമേയവും ചൈനീസ് നയം വ്യക്തമാക്കുന്ന ലേഖനവും വെളിച്ചം കണ്ടില്ല- മുസാഫിര്‍ പറയുന്നു. 
താങ്കളാണോ ഇ.എം.എസ്സിന്റെ ലേഖനം പൂഴ്ത്തിവെച്ചതെന്ന ചോദ്യത്തോട് ഉണ്ണികൃഷ്ണവാര്യര്‍ പ്രതികരിച്ചില്ല. കനത്ത മൗനവുമായി അദ്ദേഹം മീശ തടവി. കമ്യൂണിസ്റ്റ് പാര്‍ട്ടി കാര്‍ഡ് ഹോള്‍ഡറാണ് താനിപ്പോഴും എന്നായിരുന്നു അദ്ദേഹം മൗനം മുറിച്ചത്.
അങ്ങനെ 70 വര്‍ഷങ്ങളായി കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരിക്കുകയും പല സംഭവവികാസങ്ങള്‍ക്കും കാഴ്ചക്കാരനും ചിലപ്പോള്‍ നടനും ആവുകയും ചെയ്ത ഒരു മനുഷ്യനാണ് ഏറെ ശ്രദ്ധയൊന്നും പിടിച്ചുപറ്റാതെ കുറേക്കാലം ചെര്‍പ്പുളശ്ശേരിക്കടുത്ത് ഗ്രാമജീവിതത്തിന്റെ ഭാഗമായത്. അദ്ദേഹം സ്വയംവരിച്ച ആ ജീവിതം ഒരു പഴയ കമ്യൂണിസ്റ്റുകാരന്റെ മൂല്യബോധത്തിനിണങ്ങുന്നതായിരുന്നു. നിര്‍മ്മമതയോടെ ജീവിതം നയിച്ച് ഒടുവില്‍ വിടവാങ്ങുമ്പോള്‍, ഐവര്‍മഠത്തിലെ ചിതയില്‍ എരിഞ്ഞമര്‍ന്നത് ചരിത്രസംഭവങ്ങളാവേണ്ടിയിരുന്ന കുറേ രഹസ്യങ്ങള്‍ കൂടി ആയിരുന്നിരിക്കണം.