''മോദിയും എന്നെ നിരാശപ്പെടുത്തി; ഇനി മോദി ഭരണത്തെ പുറത്താക്കണം, എല്ലാവരും ചേര്‍ന്നുള്ള സഖ്യമുണ്ടാക്കണം''

By എം. മുകുന്ദന്‍/പി.എസ്. റംഷാദ്  |   Published: 22nd December 2018 02:30 PM  |  

Last Updated: 22nd December 2018 02:31 PM  |   A+A-   |  

 

''നവോത്ഥാനം ഉണ്ടായത് പല ഘട്ടങ്ങളായാണെങ്കില്‍ തിരിച്ചുപോക്ക് ഒറ്റയടിക്കും വളരെ വേഗത്തിലുമാണ്. അത് മലയിടിഞ്ഞു വീഴുന്നതുപോലെയൊരു പോക്കാണ്. ഒരുപക്ഷേ, അതിന്റെ സൂചനകള്‍ ഉണ്ടായിരുന്നിരിക്കാം. നമ്മുടെ ശ്രദ്ധയില്‍ പെട്ടില്ല. ഇനിയിപ്പോള്‍ ചെയ്യാനുള്ളത് അതിനെ പ്രതിരോധിക്കുക എന്നുള്ളതാണ്'' മുകുന്ദന്‍ പറഞ്ഞു തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പ്, ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി എന്നിവ സംബന്ധിച്ച നിലപാടുകളില്‍ 'നേര്‍രീതി' പ്രതിഫലിക്കുന്നു. ഒരു വരിയുടെപോലും ആമുഖം ആവശ്യമില്ലാത്തവിധം മലയാളി വായനക്കാരന് സുപരിചിതനായ മുകുന്ദന്റെ എഴുത്തിന് അരനൂറ്റാണ്ടായിരിക്കുന്നു. എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്റെ നിറവില്‍ വിവിധ സാമൂഹ്യരാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് എഴുത്തുകാരന്‍. 
 
പുരസ്‌കാരത്തിന്റെ വലിപ്പം അത് ലഭിക്കുന്ന എഴുത്തുകാരുടെ സാമൂഹിക ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നതായി കരുതുന്നുണ്ടോ?
എനിക്ക് അങ്ങനെയാണ് തോന്നിയത്. കേരളത്തില്‍ എഴുത്തുകാരനു കിട്ടാവുന്ന ഏറ്റവും വലിയ പുരസ്‌കാരമാണിത്. നമ്മള്‍ പൊതുവേ പുരസ്‌കാരങ്ങളെക്കുറിച്ച് പറയും; ആളുകള്‍ക്ക്, വായനക്കാര്‍ക്ക് അതില്‍ താല്‍പ്പര്യമില്ല എന്ന്. അത്രയ്ക്കും പുരസ്‌കാരങ്ങളുണ്ട് കേരളത്തില്‍. അതുകൊണ്ട് പുരസ്‌കാരങ്ങള്‍ വലിയ സംഭവമല്ലാതായി. മിക്കവാറും ഏതെങ്കിലുമൊക്കെ പുരസ്‌കാരങ്ങളെക്കുറിച്ച് എന്നും പത്രങ്ങളില്‍ കാണും. പക്ഷേ, ഇത് അതില്‍നിന്നു വ്യത്യസ്തമാണ്. എഴുത്തിന്റെ 50 വര്‍ഷത്തിന് കിട്ടുന്ന ഒരു ബഹുമതിയുമാണ്. അതുകൊണ്ടാണ് ഈ പുരസ്‌കാരത്തിന് വിലകല്‍പ്പിക്കുന്നത്. വേറിട്ടുനില്‍ക്കുന്ന പുരസ്‌കാരമായതുകൊണ്ടുതന്നെ അത് ലഭിക്കുമ്പോള്‍ സാമൂഹിക ഉത്തരവാദിത്വം വര്‍ധിക്കുന്നു. വലിയൊരു പുരസ്‌കാരം കിട്ടുമ്പോള്‍ നമ്മുടെ വാക്കുകള്‍ക്ക് കിട്ടുന്ന ഒരു വിലയുണ്ട്. കൂടുതല്‍ മുഴക്കമുണ്ടാകും. പുരസ്‌കാരം കിട്ടാത്ത എഴുത്തുകാരന്‍ പറയുന്നതും വലിയ ഒരു പുരസ്‌കാരം കിട്ടിയ എഴുത്തുകാരന്‍ പറയുന്നതും വ്യത്യാസമുണ്ട്. അതാണ് ഉത്തരവാദിത്വം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്. എഴുത്തുകാരന് തീര്‍ച്ചയായും സാമൂഹിക ഉത്തരവാദിത്വമുണ്ട്. എഴുത്തുകാരന്‍ ഈ ഉത്തരവാദിത്വത്തെക്കുറിച്ചു വിളിച്ചുപറയാതിരിക്കുകയാണ് ചെയ്യേണ്ടത്. ഞാനിപ്പോള്‍ ഉത്തരവാദിത്വത്തെക്കുറിച്ച് പറഞ്ഞത് വലിയൊരു ബഹുമതി കിട്ടിയ സാഹചര്യത്തിലാണ്. അല്ലെങ്കില്‍ അത് വിളിച്ചുപറയേണ്ടതില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഞാനൊരു ആക്ടിവിസ്റ്റല്ല. ജാഥയുടെ മുന്നില്‍ എന്നെ കാണില്ല. മുദ്രാവാക്യം വിളിക്കാറില്ല. എഴുത്തിലാണ് ആക്ടിവിസം. അത് പലപ്പോഴും പ്രകടമായിരിക്കില്ല, മറഞ്ഞുകിടക്കുന്നതായിരിക്കും. എന്റെ അഭിപ്രായത്തില്‍ അത് അങ്ങനെയാണ് വേണ്ടത്. എഴുത്തുകാരന്റെ പ്രതിബദ്ധത വളരെ പ്രകടമാവുകയും വളരെ ലൗഡ് ആവുകയും ചെയ്യുക; അങ്ങനെ പാടില്ല. അതുകൊണ്ട് കഴിയുന്നത്ര ഞാന്‍ ഈ ഉത്തരവാദിത്വത്തെക്കുറിച്ച് സംസാരിക്കാറില്ല. പക്ഷേ, എഴുത്തില്‍ എവിടെയൊക്കെയോ ഉത്തരവാദിത്വമുണ്ട്, പാലിക്കുന്നുണ്ട്. 

എഴുത്തുകാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും സാമൂഹികപ്രവര്‍ത്തകരുടേയും പോലും മറ്റും ജാതിയും മതവും പറഞ്ഞ് വേര്‍തിരിക്കുന്ന പുതിയ രീതിയെ കേരളം എങ്ങനെ മറികടക്കും? സമരരംഗത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ മതംപോലും ചിലര്‍ പ്രശ്‌നമാക്കുന്നു?
അത് അടുത്തകാലത്തു വന്ന ഒരു മാറ്റമാണ്. മതവും ജാതിയും ദൈവവുമൊക്കെ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നു. രാഷ്ട്രീയം ജനങ്ങളുടെ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്നതുമുണ്ട്, അധികാരത്തിനുവേണ്ടി നിലകൊള്ളുന്നതുമുണ്ട്. അധികാരത്തിനുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയമാണ് ഇങ്ങനെ എല്ലാത്തിനേയും അതിനൊപ്പിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. അവിടെയാണ് അപകടം.

അതൊരു സംഘപരിവാര്‍ അജന്‍ഡയാണോ?
പേരെടുത്തു പറയേണ്ടതില്ല. അല്ലാതെതന്നെ വായനക്കാര്‍ മനസ്സിലാക്കിക്കൊള്ളും. ജാതിയും മതവും നോക്കി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ ഉള്‍പ്പെടെ ഇതുണ്ട്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെവിടെയുമുണ്ട്. മറ്റിടങ്ങള്‍ പോലെയല്ല നമ്മള്‍. ഇതൊരു പുരോഗമിച്ച സമൂഹമായിരുന്നു. അതുകൊണ്ട് ഇവിടെ അതു സംഭവിക്കുമ്പോള്‍ ഒരുപാട് അലോസരങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. ബീഹാറില്‍ സംഭവിച്ചാല്‍ മനസ്സിലാക്കാം. സാക്ഷരത കുറഞ്ഞ സമൂഹമല്ലേ. പക്ഷേ, നമ്മുടെ നാട്ടില്‍ സംഭവിക്കാന്‍ പാടില്ല. 

മറ്റെവിടെയോ നടക്കുന്ന കാര്യങ്ങള്‍ എന്നു നമ്മള്‍ മനസ്സിലാക്കിയിരുന്ന പലതും നമ്മുടെതന്നെ ഭാഗമായി മാറുന്നു എന്നാണോ?
അങ്ങനെയാണ് അവസ്ഥ. നമ്മള്‍ പുറകില്‍ ഉപേക്ഷിച്ചതെല്ലാം തിരിച്ചുവരുന്നു. ജാതി, മതം, അന്ധവിശ്വാസം എല്ലാം. സത്യത്തില്‍ വല്ലാതെ വേവലാതിയുണ്ട്. ഇങ്ങനെയങ്ങ് പറഞ്ഞു പോകുന്നുവെന്നേയുള്ളു. എങ്ങോട്ടാണ് നമ്മള്‍ പോകുന്നത് എന്നതിനെക്കുറിച്ച് ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ വല്ലാത്ത വേവലാതിയുണ്ട്. നവോത്ഥാനം ഉണ്ടായത് പല ഘട്ടങ്ങളായാണെങ്കില്‍ തിരിച്ചുപോക്ക് ഒറ്റയടിക്കും വളരെ വേഗത്തിലുമാണ്. അത് മലയിടിഞ്ഞു വീഴുന്നതുപോലെയുള്ള ഒരു പോക്കാണ്. ഒരുപക്ഷേ, അതിന്റെ സൂചനകള്‍ ഉണ്ടായിരുന്നിരിക്കാം. നമ്മുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇനിയിപ്പോള്‍ ചെയ്യാനുള്ളത് അതിനെ പ്രതിരോധിക്കുക എന്നുള്ളതാണ്. ആരാണോ നമ്മളെ പുറകോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് അവരെ ഒറ്റപ്പെടുത്തുക, അവര്‍ക്കെതിരായി പ്രതിരോധം തീര്‍ക്കുക. അതേസമയം തന്നെ നമ്മില്‍ എന്തൊക്കെയോ ചില നന്മകള്‍ ബാക്കിയുണ്ട്. പൂര്‍ണ്ണമായി ചോര്‍ന്നുപോയിട്ടില്ല. നവോത്ഥാനം കൊണ്ടുവന്നിട്ടുള്ള വെളിച്ചം നമ്മില്‍ എവിടെയൊക്കെയോ മങ്ങിക്കിടപ്പുണ്ട്. ആ വെളിച്ചമാണ് മുന്‍കാലത്ത് നമ്മളെ നയിച്ചത്. അതുതന്നെ വലിയൊരു മുന്നേറ്റമായി വീണ്ടും മാറും എന്നു പ്രതീക്ഷിക്കാം. പൂര്‍ണമായും നിരാശപ്പെടാറായിട്ടില്ലെന്നും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും സ്വയം പറഞ്ഞ് സമാധാനിക്കാം. 

ഈ പ്രതിരോധം തീര്‍ക്കല്‍ ആരുടെയൊക്കെ ഉത്തരവാദിത്വമാണ്. പലപ്പോഴും രാഷ്ട്രീയ നേതൃത്വത്തിന്റെ മാത്രം ഉത്തരവാദിത്വമായി കാണുകയും സമൂഹം മാറിനില്‍ക്കുകയും ചെയ്യുന്ന സ്ഥിതി ഇല്ലേ?
രാഷ്ട്രീയ നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ട്, എഴുത്തുകാര്‍ക്ക് ഉത്തരവാദിത്വമുണ്ട്. സാധാരണ പൗരന് ഉത്തരവാദിത്വമുണ്ട്. സാംസ്‌കാരിക പ്രവര്‍ത്തകരുടേയും രാഷ്ട്രീയക്കാരുടേയുമൊക്കെ ഉത്തരവാദിത്വമായാണ് സാധാരണ നമ്മള്‍ കാണുന്നത്. അതല്ല ശരി. എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട് എന്ന് എല്ലാവരും മനസ്സിലാക്കണം. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പഴയതുപോലെ ജനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കുന്നില്ല. പഴയകാലത്തുണ്ടായിരുന്നു. കുമാരനാശാന് സാധിച്ചിരുന്നു. തകഴിക്കു സാധിച്ചിരുന്നു. തകഴിക്കൊക്കെ സമൂഹത്തെ സ്വാധീനിക്കാന്‍ സാധിച്ചതുപോലെ ഇന്നത്തെ എഴുത്തുകാര്‍ക്ക് കഴിയുന്നില്ല. അതെന്തുകൊണ്ടാണ് എന്നറിയില്ല. പണ്ടൊക്കെ സാമൂഹിക പരിഷ്‌കരണങ്ങളിലും മറ്റും എഴുത്തുകാര്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്. വയലാര്‍, പി. ഭാസ്‌കരന്‍ എന്നിവരെപ്പോലെയുള്ള എഴുത്തുകാരും കലാകാരന്മാരും സാമൂഹിക മാറ്റത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്നങ്ങനെ കാണുന്നില്ല. എന്നാല്‍ ആക്ടിവിസം പഴയതിനെക്കാള്‍ ഉണ്ട്. അതുപക്ഷേ, ഉള്ളില്‍നിന്നു വരുന്ന ആക്ടിവിസം ആണോ എന്നെനിക്ക് പലപ്പോഴും സംശയമുണ്ട്. വെറും ഔപചാരികമാണ്. എല്ലാംതന്നെ സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. എല്ലാ ചിന്തകളും എല്ലാ ആശയങ്ങളും. അതുകൊണ്ടുതന്നെ ആക്ടിവിസവും സ്ഥാപനവല്‍ക്കരിക്കപ്പെട്ടോ എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. ഇന്ന് നമ്മള്‍ കേള്‍ക്കുന്ന മുദ്രാവാക്യങ്ങളൊന്നും മനസ്സിനെ സ്പര്‍ശിക്കുന്നില്ല. അതെന്തുകൊണ്ടു സംഭവിക്കുന്നുവെന്ന് പരിശോധിക്കണം. മുന്‍പ് ഇങ്കിലാബ് സിന്ദാബാദ് എന്ന് പറയുമ്പോള്‍ അത് മനസ്സിലേക്ക് തറച്ചുകയറുന്ന അനുഭവമായിരുന്നു. ഇന്നത്തെ മുദ്രാവാക്യങ്ങള്‍ നമ്മളെ സ്പര്‍ശിക്കാതെ പോകുന്നു. എല്ലാം സ്ഥാപനവല്‍ക്കരിക്കപ്പെട്ടത് കാലഘട്ടത്തിന്റെ ശാപമായി ഞാന്‍ കാണുകയാണ്. 

സമൂഹമാധ്യമങ്ങള്‍ക്ക് അതില്‍ എത്രത്തോളമാണ് പങ്ക്; അല്ലെങ്കില്‍ കാര്യമായ പങ്കുണ്ടോ?
സമൂഹമാധ്യമങ്ങള്‍ സമാന്തരമായിട്ടുള്ള ഒന്നാണ്. നമ്മുടെ ജീവിതം, സാംസ്‌കാരിക പ്രവര്‍ത്തനം അതിനൊക്കെ സമാന്തരമായി മറ്റൊന്ന് ഉണ്ടാവുകയാണ്. അതിന് അതിന്റേതായ നിയമങ്ങളുണ്ട്. അതിന് ഉത്തരവാദിത്വമില്ല. നമ്മുടെ പ്രസംഗത്തിന് ഒരു സ്വഭാവമുണ്ട്, എല്ലാം വിളിച്ചുപറയാന്‍ പറ്റില്ല. ഒരു വാരികയില്‍ എഴുതുകയാണെങ്കില്‍ എനിക്ക് തോന്നിയതുപോലെയൊന്നും എഴുതിയാല്‍ അവര്‍ പ്രസിദ്ധീകരിക്കില്ല. ഇതില്‍ അങ്ങനെയല്ലല്ലോ. ആര്‍ക്കും എന്തും എഴുതാം. അത് അവരുടേതായിട്ടുള്ള ഒരു ലോകമാണ്. ആദ്യം ഞാന്‍ അതിനെ വളരെ പോസിറ്റീവായി കണ്ടിരുന്നു. സാധാരണക്കാര്‍ക്ക് എഴുതാന്‍ പറ്റും. എഴുത്തുകാര്‍ മാത്രം എഴുതിയാല്‍ പോരല്ലോ. എഴുതാന്‍ ആഗ്രഹിക്കുന്ന എത്രയോ പേരുണ്ട്. അവര്‍ക്ക് ഒരു സ്പെയ്സ് ഉണ്ടായി. വായനക്കാര്‍ക്ക് സ്വന്തമായി ഒരു ഇടം. എഴുതാനും പ്രസിദ്ധീകരിക്കാനും ചര്‍ച്ച ചെയ്യാനുമൊക്കെ ഒരു ഇടം. ആ ഇടം ഇപ്പോള്‍ വല്ലാതെ വളര്‍ന്നിട്ട് തെറി പറയാനുള്ള ഒരു ഇടമായി മാറിയിരിക്കുകയാണ്. അതാണ് വലിയ ദുരന്തം. നല്ല ഒരുപാട് സാധ്യതകളുള്ള ഒരു മാധ്യമമാണ്. വ്യാപ്തിയും കൂടുതലാണ്. നിമിഷങ്ങള്‍ക്കകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേരുകയാണ്. പക്ഷേ, ഈയൊരു വസ്തുത ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരുപയോഗപ്പെടുത്തുകയാണെന്നും ഗൗരവമുള്ള ഇടപെടല്‍ ഇതില്‍ നടക്കില്ല എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. എനിക്ക് പലരേയും അറിയാം. വിദേശ രാജ്യങ്ങളിലുള്ള എഴുത്തുകാര്‍ പലരും ഇതില്‍നിന്ന് മാറിനില്‍ക്കുകയാണ്, ഇതില്‍ പോകാറേയില്ല. ഫോട്ടോയുടേയും മറ്റും എഡിറ്റിംഗ് സാധ്യതകളെ ഭയങ്കരമായി ദുരുപയോഗം ചെയ്യുന്നു. മോര്‍ഫ് ചെയ്യുകയൊക്കെ വ്യാപകം. അരുതാത്ത കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു ലൈസന്‍സായി സമൂഹമാധ്യമങ്ങള്‍ മാറി. നിയമങ്ങള്‍ കൊണ്ടൊന്നും അതിനെ തടയാനും ശുദ്ധീകരിച്ചെടുക്കാനും പറ്റില്ല. കൈവിട്ടുപോയി. 

ശബരിമലയിലെ യുവതീപ്രവേശനത്തില്‍ ഭരണഘടനാപരമായ സ്ത്രീ പുരുഷ തുല്യത ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണുണ്ടായത്. അത് നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന ശാഠ്യം, സമരവും എങ്ങനെ കാണുന്നു?
ഞാന്‍ അതിനെ കാണുന്നത്, വളരെ ലളിതമായ ഒരു കാര്യമായിരുന്നു എന്ന നിലയിലാണ്. എങ്ങനെ നമ്മുടെ കൈയില്‍നിന്നു വിട്ടുപോയി എന്ന് അറിയില്ല. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഒരു വിധി വരുമ്പോള്‍ അത് നടപ്പാക്കാനുള്ള ബാധ്യത ഗവണ്‍മെന്റിനുണ്ട്. അത് ചെയ്യാതിരിക്കാന്‍ പറ്റില്ല. അതുകൊണ്ട് കേരള ഗവണ്‍മെന്റിനെ ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്ന ആളുകള്‍ എന്തുകൊണ്ട് കേന്ദ്രഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നില്ല? വിധി നടപ്പാക്കാതിരിക്കാന്‍ ഓര്‍ഡിനന്‍സ് സാധ്യമാണെങ്കില്‍ അത് കേന്ദ്രഗവണ്മെന്റിനാണല്ലോ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നത്. അവരെ മാറ്റിനിര്‍ത്തിക്കൊണ്ട് കേരള ഗവണ്മെന്റിലേക്കു മാത്രം ഫോക്കസ് ചെയ്യുന്നു. അതിനോടാണ് എനിക്ക് യോജിപ്പില്ലാത്തത്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനഃസൃഷ്ടി നടക്കുന്ന സമയത്ത് ഇതിന്റെ പേരില്‍ ഒരുപാട് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിലും വലിയ വിഷമമുണ്ട്. ബോധപൂര്‍വ്വമായ ചില ശ്രമങ്ങള്‍ അതിനു പുറകിലുണ്ട്. 

രാജ്യത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം ഇനിയുള്ളത് കേരളത്തില്‍ മാത്രമാണ്? അത് ഫാസിസ്റ്റുകള്‍ക്കും വര്‍ഗ്ഗീയശക്തികള്‍ക്കും ഉണ്ടാക്കുന്ന അലോസരം ഈ ഉന്നംവയ്ക്കലിനു പിന്നിലുണ്ടോ. അതായത് കേരളത്തിലെ ഇടതുശക്തിയെ തകര്‍ക്കാനും കൂടിയാണോ ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍?
അതുമുണ്ട്. അവശേഷിക്കുന്ന ഒരു പ്രതിരോധം, പ്രതിരോധത്തിന്റെ ഇടം കൂടി ഇല്ലാതാക്കിയാല്‍ പിന്നെ എന്തൊക്കെയാണ് സംഭവിക്കുകയെന്ന് ചിന്തിക്കാന്‍ സാധിക്കില്ല. ഇടതുപക്ഷമില്ലാതെ വര്‍ത്തമാനകാലവുമില്ല, ഭാവികാലവുമില്ല. അത് തിരിച്ചറിയുകയാണു വേണ്ടത്. ചില താല്‍പ്പര്യങ്ങളുടേയും അജന്‍ഡകളുടേയും പേരില്‍ ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ നാളെ വരാന്‍പോകുന്ന ഭവിഷ്യത്തുകള്‍ അവര്‍ അറിയുന്നില്ല. ഇടതുപക്ഷ സാന്നിധ്യമില്ലാത്ത ഒരു ഇന്ത്യയെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. അത്തരമൊരു സാന്നിധ്യം ഇല്ലാതാക്കാനുള്ള ശ്രമം ത്രിപുരയിലും ബംഗാളിലുമൊക്കെ വിജയിച്ചു. ഇപ്പോള്‍ കേരളം മാത്രമേയുള്ളു. പഴയ കാലത്തിലേക്കു തിരിച്ചുപോകാന്‍ നമുക്കു കഴിയില്ലെന്നും ഇരുണ്ട യുഗത്തിലേക്കു തിരിച്ചുപോകാന്‍ കഴിയില്ലെന്നും പൊതുസമൂഹം തിരിച്ചറിയണം. സമൂഹത്തിനുള്ളിലേക്ക് ഇരുട്ട് കയറിവരികയാണ്. ആരാണ് അതിനു തടയിടാനുള്ളതെന്നു മനസ്സിലാക്കണം. വൈക്കം സത്യഗ്രഹത്തിലും മറ്റും വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. വലിയതോതില്‍ ജനം ഇറങ്ങുകയായിരുന്നു. എന്നാല്‍, ഇന്നെന്താണ് കാണുന്നത്. ജനക്കൂട്ടം മറുവശത്താണ് എന്ന പ്രതീതിയുണ്ടാക്കുന്നു. അത് മാധ്യമങ്ങളും കൂടി ഉണ്ടാക്കിയ ഒരു പ്രശ്‌നമാണ്. ജനം അവരുടെ ഭാഗത്താണെന്ന് വരുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കൊരു പങ്കുണ്ട്. ഏത് ചാനല്‍ നോക്കിയാലും വിധിയെ അനുകൂലിക്കുന്ന ആള്‍ക്കൂട്ടത്തെക്കാള്‍ വിധിക്കെതിരായ ആള്‍ക്കൂട്ടത്തെയാണ് കാണുന്നത്. വിധി നടപ്പായിക്കാണണം എന്ന് ആഗ്രഹിക്കുന്നവര്‍ ആള്‍ക്കൂട്ടമായി മാറണമെന്നുമില്ല. വിശ്വാസത്തിന്റെ പേരിലാണല്ലോ. അതുകൊണ്ട് പലര്‍ക്കും ഭയമാണ്, ദൈവഭയം. പറയുന്നത് ദൈവത്തിനെതിരെ ആയിപ്പോയാലോ എന്ന ഭയം. അടുത്തകാലത്ത് കൂടുതലായി കേരളത്തിലുണ്ടായ ഒരു കാഴ്ചയാണിത്. വിശ്വാസത്തിന്റെ പേരില്‍ നിലനില്‍ക്കുന്നവരുടെ മുന്‍പില്ലാത്ത വിധമുള്ള തിരിച്ചുവരവ്. ആ വിശ്വാസം യഥാര്‍ത്ഥ വിശ്വാസികളുടെ മുകളിലാണ്. ദൈവത്തിനെതിരെ പറയാന്‍ ആളുകള്‍ക്കു പൊതുവേ ഭയമാണ്. സുപ്രീംകോടതി വിധിക്ക് അനുകൂലമാണ് സ്വന്തം മനസ്സെങ്കിലും അത് പറഞ്ഞുപോയാല്‍ ദൈവവത്തിനെതിരായെങ്കിലോ എന്ന് കരുതുന്നവരുണ്ട്. 

വിശ്വാസത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ വിശ്വാസികളെ സമ്മര്‍ദ്ദത്തിലാക്കുകയാണോ?
പഴയകാലത്ത് വിശ്വാസം എന്നത് സ്വകാര്യമായ ഒന്നായിരുന്നു. ഇന്നു വിശ്വാസത്തിന്റെ ആഘോഷമാണ്. ചെറിയ ക്ഷേത്രങ്ങളിലൊക്കെ കുറച്ചാളുകള്‍ പങ്കെടുത്തു ചെറിയ രീതിയില്‍ നടന്നിരുന്ന കൊച്ചുകൊച്ച് ഉല്‍സവങ്ങളുടെ ഒരുകാലമുണ്ടായിരുന്നു. ഇന്നതൊക്കെ വലിയ ആഘോഷങ്ങളായി. ആള്‍ക്കൂട്ടത്തില്‍ കൂടാന്‍ എപ്പോഴും ആളുകളുണ്ടാകും. എല്ലാ തരത്തിലുള്ള തന്ത്രങ്ങളും ഉപയോഗിക്കുകയാണ്. വ്യക്തമായ ഒരു അജന്‍ഡ ഇതിനു പിന്നിലുണ്ട്. പൊതുസമൂഹത്തിലെ വലിയൊരു വിഭാഗം അതിന്റെ ഇരയായി മാറുകയാണ്. കേരളം പോലെ ഒരു സ്ഥലത്ത് എങ്ങനെ ഇങ്ങനെ സംഭവിക്കുന്നു എന്ന് പരിശോധിക്കേണ്ടതാണ്. എവിടെയൊക്കെയോ ചില തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. അങ്ങനെ അന്ധവിശ്വാസത്തിലേക്കും ഇരുട്ടിലേക്കുമൊന്നും പോകേണ്ട ആവശ്യം വിശ്വാസിക്കില്ല. പണ്ടൊക്കെ ദാരിദ്ര്യവും രോഗവും പട്ടിണിയുമായിരുന്ന കാലത്താണ് ആളുകള്‍ വലിയ തോതില്‍ ദൈവത്തിലേക്കു ചെന്നത്. ഇന്ന് അങ്ങനെയുള്ള കഷ്ടപ്പാടുകളൊന്നുമില്ല. വിശക്കുന്നവര്‍ വളരെക്കുറവാണ് കേരളത്തില്‍. തല ചായ്ക്കാന്‍ ഇടമുണ്ട്. പണവുമുണ്ട്. എന്നിട്ടും ഇവരൊക്കെ ദൈവത്തിലേക്കു പോകുന്നത് എന്തിനാണ്? പഴയകാലത്ത് പോകാന്‍ ഒരു കാരണമുണ്ടായിരുന്നു. ജീവിതം കാര്‍ണിവലായി മാറിയ കാലത്തെ വിശ്വാസവും പഴയകാലത്തെ വിശ്വാസവും തമ്മില്‍ വ്യത്യാസമുണ്ട്. നമ്മുടെ നിസ്സഹായതയില്‍നിന്നും വേദനയില്‍നിന്നുമുണ്ടാകുന്ന വിശ്വാസം വേറെയാണ്. ആര്‍ഭാടങ്ങളില്‍ നിന്നുണ്ടാകുന്ന വിശ്വാസത്തിന് ആരുടെയൊക്കെയോ പ്രേരണകളുണ്ട്. കഷ്ടപ്പാടില്‍ ദൈവമേ എന്നു വിളിക്കുന്നവര്‍ ആര്‍ഭാടത്തോടെ ജീവിക്കുമ്പോള്‍ സാധാരണഗതിയില്‍ അങ്ങനെ വിളിക്കില്ല. ഇന്നിപ്പോള്‍ ആളുകള്‍ പ്രാര്‍ത്ഥിക്കേണ്ടത് സമൂഹത്തിനു സമാധാനം തരൂ എന്നാണ്. പക്ഷേ, എത്രപേര്‍ അങ്ങനെ പ്രാര്‍ത്ഥിക്കുന്നുണ്ട്? പുതിയ മലയാളികള്‍, സമ്പന്നരായ മലയാളികള്‍ എന്താണ് പ്രാര്‍ത്ഥിക്കുന്നത് എന്നതിനെക്കുറിച്ച് എനിക്ക് കൗതുകം തോന്നിയിട്ടുണ്ട്. ഭക്തിപോലും ചടങ്ങായി മാറുന്നു.

മുന്‍പൊക്കെ സാമൂഹിക മുന്നേറ്റങ്ങളെ നയിക്കുന്നവരുടെ വിശ്വാസപരമായ നിലപാടുകള്‍ സമൂഹത്തിനു പ്രശ്‌നമായിരുന്നില്ല. ഇപ്പോള്‍ അതിനു പകരം, ഞങ്ങളുടെ കാര്യത്തിനു മുന്നില്‍ നില്‍ക്കേണ്ടവര്‍ നിങ്ങളല്ല എന്ന മട്ടില്‍ അകറ്റിനിര്‍ത്താനും അപമാനിക്കാനും ശ്രമമുണ്ട്?
പഴയകാലത്ത് കീഴാളുകള്‍ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ശബ്ദിച്ചിട്ടുള്ളത് സവര്‍ണ്ണരാണ്. വി.ടി. ഭട്ടതിരിപ്പാടാണെങ്കിലും എം.ആര്‍.ബിയാണെങ്കിലുമൊക്കെ. ഇന്ന് അങ്ങനെയല്ലല്ലോ സംഭവിക്കുന്നത്. അതാണ് വ്യത്യാസം. പഴയകാലത്തെ സാമൂഹിക മുന്നേറ്റങ്ങള്‍ ജനുവിന്‍ ആയിരുന്നു. മുന്‍പ് അത്തരം ഇടപെടലുകളില്‍ കലര്‍പ്പില്ലായിരുന്നു. ഇന്ന് സവര്‍ണ്ണര്‍ സവര്‍ണ്ണര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്. സവര്‍ണ്ണര്‍ക്ക് കൈവിട്ടുപോയ അധികാരവും ആധിപത്യവും തിരിച്ചുപിടിക്കാന്‍ ഇങ്ങനെയുള്ള അമ്പലങ്ങളും വിശ്വാസികളുമൊക്കെ വേണം. പാശ്ചാത്യനാടുകളിലൊക്കെ ആരാധനാലയങ്ങളില്‍ പോകുന്നവരുടെ എണ്ണം കുറഞ്ഞു. വലിയ വലിയ പള്ളികളിലൊക്കെ അവര്‍ പോകുന്നത് മ്യൂസിയം എന്ന നിലയ്ക്ക് അതു കാണാനാണ്. ഇവിടെ വിശ്വാസമല്ല, അന്ധവിശ്വാസമാണ്. അതുകൊണ്ട് നമ്മള്‍ പോരാടുന്നത് വിശ്വാസികളോടല്ല, അന്ധവിശ്വാസികളോടാണ്. ഇന്നു നമ്മള്‍ കാണുന്ന വലിയ ആള്‍ക്കൂട്ടത്തില്‍ വിശ്വാസികളില്ല. അന്ധവിശ്വാസികളാണുള്ളത്. മറ്റൊന്നു ഞാന്‍ കാണുന്നത്, ഇവരോടു സംവദിക്കാന്‍ പറ്റില്ല എന്നതാണ്. സംവാദം സാധ്യമാകണമെങ്കില്‍ യുക്തിയെ അംഗീകരിക്കണം. നമ്മള്‍ ആരോടാണോ സംവദിക്കുന്നത് അവര്‍ യുക്തിയില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് സംവദിക്കുക? അതുകൊണ്ടല്ലേ. കേരളത്തില്‍ എത്രയോ എഴുത്തുകാരും സാംസ്‌കാരിക നായകരുമുണ്ട്. ആരെങ്കിലുമൊരാളുണ്ടോ ഈ അന്ധവിശ്വാസികളുടെ കൂടെ? ഒരാളെപ്പോലും നമ്മള്‍ കാണുന്നില്ലല്ലോ. എവിടെപ്പോയി ഇവരൊക്കെ. അവരൊക്കെ ഗവണ്‍മെന്റിന്റെ കൂടെ, അതായത് സുപ്രീംകോടതി വിധിയുടെ കൂടെയാണ്. അവര്‍ ചിന്തിക്കണം, എന്തുകൊണ്ടാണ് ഇവരാരും തങ്ങളുടെ കൂടെ നില്‍ക്കാത്തതെന്ന്. അതിനര്‍ത്ഥം എഴുത്തുകാരൊക്കെ ഒന്നിനും കൊള്ളാത്തവരാണ് എന്നാണോ. അങ്ങനെയാണോ അവര്‍ വിശ്വസിക്കുന്നത്. ഏറ്റവും സമൂഹം ബഹുമാനിക്കുന്ന എഴുത്തുകാരൊക്കെ ഇതേ നിലപാടിലല്ലേ? ലീലാവതി ടീച്ചര്‍, സുഗതകുമാരി, സാനുമാഷ്, കെ.ആര്‍. മീര മുതിര്‍ന്നവരും അല്ലാത്തവരുമായ എല്ലാവരും ഇതേ നിലപാടിലാണ്. ഈ ആള്‍ക്കൂട്ടം ദുര്‍ബ്ബലമായ ഒരു കൂട്ടായ്മയാണ്. വളരെ വേഗം തകര്‍ന്നുപോകും. ഇപ്പോള്‍ത്തന്നെ ഇളകിത്തുടങ്ങിയിട്ടുണ്ട്. എഴുത്തുകാരുടേയോ ബുദ്ധിജീവികളുടേയോ സാംസ്‌കാരിക നായകരുടേയോ പിന്തുണയില്ലാത്തതുകൊണ്ടുതന്നെ അതു നിലനില്‍ക്കില്ല. കേരളത്തിന്റെ ചരിത്രം അതാണു കാണിക്കുന്നത്. ആദ്യകാലം മുതല്‍ കേരളത്തിലെ മുഴുവന്‍ സാമൂഹിക മുന്നേറ്റങ്ങളുടേയും കൂടെ ആ കാലത്തെ എഴുത്തുകാരുമുണ്ടായിരുന്നു.

രാവും പകലും എന്ന നോവലിലെ ചാവുകരയും അവിടുത്തെ മൂപ്പനും കുഞ്ഞനന്തന്‍ എന്ന കഥാപാത്രവുമൊക്കെ ഇന്നത്തേയും പലപ്പോഴത്തേയും സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് പ്രവചനസ്വഭാവമുള്ളതാണല്ലോ. പക്ഷേ, ആ രീതിയിലുള്ള ചര്‍ച്ച ഒരു സാഹിത്യസൃഷ്ടി എന്ന നിലയില്‍ ആ നോവല്‍ നേടിയിട്ടില്ല?
ചില പുസ്തകങ്ങള്‍ക്ക് അങ്ങനെയുണ്ട്. ശ്രദ്ധിക്കപ്പെടാതെ പോകുന്നു. എന്തുകൊണ്ടാണെന്നറിയില്ല. ഞാന്‍ എഴുതിയ പുലയപ്പാട്ട് എന്ന നോവല്‍ അതുപോലെ സംഭവിച്ച ഒന്നാണ്. ഞാനൊക്കെ കുട്ടിക്കാലത്ത് കണ്ട ജാതീയമായ പ്രശ്‌നങ്ങളൊക്കെവച്ച് ഉള്ളില്‍ത്തട്ടി എഴുതിയ നോവലാണ്. പക്ഷേ, അതും വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഇങ്ങനെ പല കൃതികളുമുണ്ട്. ഒരുപക്ഷേ, കുറേക്കാലം കഴിയുമ്പോള്‍ സ്വീകരിക്കപ്പെട്ടേക്കാം. രാവും പകലും, പുലയപ്പാട്ട് എന്നീ നോവലുകളെക്കുറിച്ചൊക്കെ സ്വകാര്യ വര്‍ത്തമാനങ്ങളില്‍ പലരും പറയാറുണ്ട്. പക്ഷേ, സംവാദങ്ങളുടേയോ ചര്‍ച്ചയുടേയോ തലങ്ങളിലേക്ക് കയറിച്ചെല്ലുന്നില്ല. നമ്മള്‍ ജീവിതകാലത്ത് കുറേ എഴുതുന്നു. പക്ഷേ, ചില കൃതികളെക്കുറിച്ചു മാത്രം വലിയ സംവാദങ്ങളുണ്ടാകുന്നു, ചിലത് തിരസ്‌കരിക്കപ്പെടുന്നു. അത് സ്വാഭാവികമാണ്. പലരുടേയും കൃതികള്‍ക്കുണ്ട് ഈ അവസ്ഥ. പല നല്ല കൃതികളും തമസ്‌കരിക്കപ്പെടുകയും അതേ എഴുത്തുകാരുടെ നല്ലതല്ലാത്ത കൃതികള്‍ ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. വായനക്കാര് എങ്ങനെയാണ് ഒന്നിനെ സ്വീകരിക്കുന്നത് എന്നതിന്റെ കെമിസ്ട്രി എനിക്ക് ഇനിയും പിടികിട്ടിയിട്ടില്ല. അമ്പത് വര്‍ഷമായി എഴുതുന്നു. എന്നിട്ടും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, കൃതികളുടെ കൂടെ ഇല്ലെങ്കിലും എഴുത്തുകാരന്‍ എന്ന നിലയില്‍ വായനക്കാര്‍ എന്റെ കൂടെയുണ്ട്. അതാണനുഭവം. 

അത് നിസംശയം പറയാന്‍ കഴിയും. താങ്കളുടെ എത്രയോ കഥാപാത്രങ്ങള്‍ വായനക്കാരിലേക്കു കയറിയിട്ട് ഇറങ്ങിപ്പോകാതെയുണ്ട്. മയ്യഴിയുടെ സ്വാതന്ത്ര്യസമരം ജയിച്ചു പ്രകടനം നടക്കുമ്പോള്‍ എതിരെ വരുന്ന ദാസന്‍ വഴിയരികിലേക്ക് തള്ളിമാറ്റപ്പെടുന്നത് ചങ്കുപൊട്ടിയാണ് വായിച്ചതെന്ന് പറയുന്നവരുണ്ട്?
യഥാര്‍ത്ഥത്തില്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഇത്രകാലം ജീവിക്കുമെന്ന് വിചാരിച്ചിരുന്നില്ല. 1974-ല്‍ ഇറങ്ങിയതാണല്ലോ. ഇപ്പോഴും ആളുകള്‍ അത് വായിക്കുന്നുണ്ട്, വായിച്ചിട്ട് മയ്യഴിയേയും എഴുത്തുകാരനേയും അന്വേഷിച്ചുവരുന്നുണ്ട്. അതെന്റെ വലിയ ഒരു സൗഭാഗ്യമാണ്. ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ പ്രത്യേകിച്ച് ആസൂത്രണമൊന്നുമില്ലാതെ എഴുതിയതാണ്. പ്രായമാകുമ്പോള്‍ പലതും ചിന്തിച്ചുറച്ച് പ്ലാനിംഗോടുകൂടി എഴുതുമല്ലോ. ഇതങ്ങനെയല്ല. ചെറുപ്രായത്തില്‍ എഴുതുമ്പോ ഉള്ളില്‍ നിന്നങ്ങനെ പ്രവഹിച്ചതാണ്. അതാണ് അതിലെ വ്യത്യാസം. വായനയുടെ ഒരനായാസതയുണ്ട് അതിന്. ചില നോവലുകള്‍ വായിക്കണമെങ്കില്‍ നമുക്ക് വല്ലാതെ സ്ട്രഗിളുണ്ട്. ഇതിന് അതില്ല. അതുകൊണ്ടാണ് കുട്ടികളൊക്കെ വായിക്കുന്നത്. മയ്യഴിയിലെ വഴിയിലൊക്കെ കണ്ടുമുട്ടുന്ന സാധാരണ കഥാപാത്രങ്ങളാണുള്ളത്. പക്ഷേ, ചില കാര്യങ്ങള്‍ വളരെ പ്രാദേശികമായി എഴുതുമ്പോഴും ആഗോളതലത്തിലേക്ക് അതിന്റെ മാനം മാറും. പ്രാദേശികത ആഗോളമായി മാറുന്ന അനുഭവം ചില കൃതികളിലെങ്കിലുമുണ്ട്. എനിക്ക് ഈ നോവലിന്റെ കാര്യത്തില്‍ അങ്ങനെയൊരു സൗഭാഗ്യം കിട്ടിയിട്ടുണ്ട്. ഫ്രെഞ്ച് കോളനിയായിരുന്നല്ലോ മയ്യഴി. കരീബിയയിലും ഇതുപോലെ ഫ്രെഞ്ച് കോളനിയായിരുന്ന സ്ഥലങ്ങളുണ്ട്. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഫ്രെഞ്ചില്‍ വന്നപ്പോള്‍ ഒരുപാടു പേര്‍ വായിച്ചു. അവരില്‍ പലരും എന്നോട് പറഞ്ഞിട്ടുണ്ട്, ഇതുപോലുള്ള ആളുകള്‍ അവിടെയുണ്ടെന്ന്. കുറുമ്പിയമ്മയെപ്പോലുള്ള ആളുകള്‍. അധിനിവേശം നടത്തിയവരും നാട്ടുകാരും തമ്മിലുള്ള ആത്മബന്ധം അവിടെയൊക്കെ ഉണ്ടെന്നാണ് പറയുന്നത്. കോളനിവല്‍ക്കരണത്തിന്റെ ചില പൊതുസ്വഭാവങ്ങള്‍ എല്ലായിടത്തും കാണുമല്ലോ. അത് ഇതിലുണ്ട്. ഞാന്‍ എഴുതുമ്പോള്‍ വിചാരിച്ചത് ഇതൊക്കെ മയ്യഴിയുടെ മാത്രം പ്രത്യേകതയാണ് എന്നാണ്, പക്ഷേ, അങ്ങനെയല്ല. ഇതുപോലെയുള്ള കഥാപാത്രങ്ങള്‍ മാത്രമല്ല, മിത്തുകളും അവര്‍ക്കുണ്ട്. ഏകദേശം വെള്ളിയാങ്കല്ല് പോലുള്ള അനുഭവങ്ങള്‍ അവര്‍ക്കുമുണ്ട്. അതൊരു വലിയ അനുഭവമാണ്. 

നമ്മെ അടക്കിഭരിച്ച ബ്രിട്ടീഷുകാരോട് തോന്നുന്ന വിരോധമല്ല ഫ്രെഞ്ചുകാരോട് മയ്യഴി വായിക്കുന്നവര്‍ക്ക് തോന്നുക. അത് അവരുടെ ഇടപെടലിന്റെകൂടി പ്രത്യേകതകള്‍ കൊണ്ടാണോ?
സാധാരണഗതിയില്‍ കോളനിവല്‍ക്കരിക്കപ്പെട്ട നാടുകളിലുള്ളവര്‍ എഴുതുമ്പോള്‍ അത് അധിനിവേശം നടത്തിയവര്‍ക്ക് എതിരായിരിക്കും. പക്ഷേ, ഇത് അങ്ങനെയല്ലല്ലോ. വായിക്കുമ്പോള്‍ ഫ്രെഞ്ചുകാരായ സായ്വിനോടും മറ്റും ഇഷ്ടം തോന്നും. അതുകൊണ്ട് ആദ്യകാലത്ത് അങ്ങനെയൊരു വിമര്‍ശനം വന്നിട്ടുണ്ട്. അധിനിവേശ പക്ഷത്തുള്ള നോവലാണ് എന്നായിരുന്നു ആരോപണം. പക്ഷേ, അതു നിലനിന്നില്ല. ജനങ്ങളാണ് തീരുമാനിക്കുന്നത്. ജനങ്ങളുടെ മനസ്സിലാണ് എഴുത്തുകാരനോടുള്ള ഇഷ്ടം. മാധ്യമങ്ങളിലെ വിസിബിലിറ്റി, ആഴ്ചപ്പതിപ്പുകളിലെ കവറില്‍ വരുന്നത്, അതൊന്നും എഴുത്തുകാരനെ സൃഷ്ടിക്കില്ല. എഴുത്തുകാരനെ സൃഷ്ടിക്കുന്നത് വായനക്കാരാണ്. അവരുടെ മനസ്സിലാണ് നമ്മുടെ കവര്‍ച്ചിത്രങ്ങളൊക്കെ വരേണ്ടത്. അവരുടെ മനസ്സിലുണ്ടെങ്കില്‍ മാത്രമേ നിലനില്‍ക്കുകയുള്ളു. അതിനാണ് ശ്രമിക്കേണ്ടത്. വായനക്കാരില്ലാതേയും എഴുത്തുകാരാകാം. അതായത് വിസിബിലിറ്റിയുണ്ടാകും. പക്ഷേ, വായനക്കാരുടെ മനസ്സിലുണ്ടാകില്ല. ഇപ്പോള്‍ എഴുത്തുകാരെ വലുതാക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഞാന്‍ എഴുതിത്തുടങ്ങിയ കാലത്ത് ഒറ്റ എഴുത്തുകാരുടെ ഫോട്ടോ വരില്ല പത്രത്തില്‍. തകഴിയെപ്പോലുള്ള വലിയ എഴുത്തുകാര്‍ പോലും ഒരിടത്ത് പ്രസംഗിച്ചാല്‍ പത്രത്തില്‍ ഫോട്ടോ വരില്ല. ആളുകള്‍ അവരുടെ കൃതികളെ അറിയും, എഴുത്തുകാരെ അറിയില്ല. ഇപ്പോള്‍ അങ്ങനെയല്ലല്ലോ. 

സമീപകാലത്തെ നോവലുകളില്‍ ചിലത് കൂടുതല്‍ ആഘോഷിക്കപ്പെടുകയും മറ്റു ചിലത് പെട്ടെന്നു ചര്‍ച്ചകളില്‍ നിന്നു പിന്നിലേക്കു പോയ അനുഭവവുമുണ്ട്. ശ്രദ്ധിച്ചിട്ടില്ലേ, എന്തു തോന്നുന്നു?
നോവല്‍ ശക്തമായി തിരിച്ചുവരുന്നുണ്ട്. എങ്ങനെയാണ് ഇപ്പോഴത്തെ നോവലുകള്‍ ആളുകളുമായി സംവദിക്കുന്നതെന്ന് എനിക്ക് അറിയില്ല. മീശ എന്ന നോവല്‍ ഒരുപാടാളുകള്‍ വായിക്കുന്നുണ്ട്, ആരാച്ചാര്‍ ഒരുപാടു പേര്‍ വായിക്കുന്നുണ്ട്. പക്ഷേ, വായനക്കാരുടെ മനസ്സില്‍ അവര്‍ കടന്നുചെന്നിട്ടുണ്ടോ എന്ന് അറിയില്ല. ഞാന്‍ കാണുന്നതുപോലെയാകണം മറ്റുള്ളവരും കാണുന്നതെന്ന് പറയാനാകില്ല. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് വായനക്കാരുടെ മനസ്സില്‍ ഒരു ഇടം വേണം. ഇത് എഴുത്തിന്റെ ഒരു നല്ല കാലമാണ്. പ്രത്യേകിച്ചും പല നോവലുകളും ഇംഗ്ലീഷിലേക്കൊക്കെ വിവര്‍ത്തനം ചെയ്യപ്പെടുന്നു. എഴുത്തുകാര്‍ ആഘോഷിക്കപ്പെടുന്നു. 

എഴുത്തുകാര്‍ക്കു നേരെ ദേശീയതലത്തില്‍ മാത്രമല്ല, കേരളത്തിലും ഭീഷണികളുണ്ടാകുന്നു?
അതെ. മീശയുടെ കാര്യമെടുത്താല്‍, അതൊരു നല്ല നോവലാണ്. അതിലെ ഭാഷ, എഴുത്തിന്റെ രീതിയൊക്കെ നല്ലതാണ്. ഹരീഷ് നല്ല എഴുത്തുകാരനാണല്ലോ. നല്ല കഥകളൊക്കെ എഴുതിയിട്ടുണ്ട്. പക്ഷേ, മീശയിലെ ആ നാലഞ്ചു വാചകങ്ങള്‍ ഇല്ലെങ്കിലും ആ നോവലിന് ഒന്നും സംഭവിക്കുമായിരുന്നില്ല. അത് ഒഴിവാക്കിയാലും നോവലിന്റെ ഭംഗിക്ക് കുറവൊന്നും വരില്ല. എന്നാല്‍ അതിന്റെ പേരില്‍ എഴുത്തുകാരനു നേരെ ഉയരുന്ന ഭീഷണികളെ അംഗീകരിക്കാനാകില്ല. എനിക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ കത്തുകളൊക്കെ കിട്ടി. ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്നതിനുള്ള പ്രതിഫലമായി കിട്ടിയതാണ് എന്നാണ് പറയുന്നത്. വളരെ മോശമായ ഭാഷയില്‍ തെറി പറഞ്ഞുകൊണ്ടൊക്കെയുള്ള കത്തുകളുമുണ്ട് അക്കൂട്ടത്തില്‍. നമ്മുടെ നാട്ടിലെ ഈ രീതി പുറത്തു മിക്കയിടത്തും ഇല്ല. നമ്മള്‍ സല്‍മാന്‍ റുഷ്ദിയുടെ വിഷയത്തില്‍ തുടങ്ങിയതാണ്. junot dias അമേരിക്കയിലെ ശ്രദ്ധേയനായ പുതുതലമുറ എഴുത്തുകാരനാണ്. ഞാന്‍ യു.എസ്സില്‍ പോയ സമയത്ത് അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ പോയി. തുടങ്ങി രണ്ടുമൂന്ന് മിനിറ്റ് കഴിഞ്ഞപ്പോള്‍ അദ്ദേഹം പറയുകയാണ്, ഞാന്‍ പ്രസിഡന്റ് ഒബാമയെ വെറുക്കുന്നു. ആവര്‍ത്തിച്ച് അത് പറഞ്ഞു. അതിനു കാരണമായി പറഞ്ഞത് ഒബാമ സംസ്‌കാരം എന്ന വാക്ക് ഉപയോഗിക്കുന്നില്ല എന്നതാണ്; പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും സംസ്‌കാരം എന്ന വാക്ക് ഉപയോഗിക്കുന്നില്ല. അതിന്റെ പേരിലാണ് ഇത്ര രൂക്ഷമായ വിമര്‍ശനം. അങ്ങനെയൊക്കെ പറയാന്‍ നമുക്ക് പറ്റുമോ. 

ആരെങ്കിലും മോദിയെക്കുറിച്ച് ഇങ്ങനെ ഇവിടെ പറഞ്ഞിട്ടുണ്ടെങ്കിലോ. അവിടങ്ങളിലെ സ്വാതന്ത്ര്യം നമ്മെ അത്ഭുതപ്പെടുത്തും. അമേരിക്കയെ ശക്തമായി വിമര്‍ശിക്കുന്ന ചോംസ്‌കി അവിടെ സുഖമായി ജീവിക്കുന്നു. ഇവിടെ സാധിക്കില്ല. നിരന്തരമായി മോദിയെ വിമര്‍ശിച്ചുകൊണ്ട് ജീവിക്കാന്‍ പറ്റില്ല ഇവിടെ. ഇത്രയും വിമര്‍ശിച്ചിട്ടും ചോംസ്‌കിക്കൊക്കെ അവിടെ നിറയെ ഫോളോവേഴ്സുണ്ട്. വിമര്‍ശിക്കുമ്പോഴും സുരക്ഷിതരാണ്. നമ്മുടെ നാട്ടിലാണ് അതില്ലാത്തത്. 

നമ്മുടെ ജനാധിപത്യത്തിന് ചില ആന്തരിക ദൗര്‍ബ്ബല്യങ്ങളുണ്ടോ. അതാണോ കാരണം?
ജനാധിപത്യം എന്ന വാക്ക് തന്നെ നമ്മള്‍ ദുരുപയോഗം ചെയ്തിരിക്കുന്നു. യഥാര്‍ത്ഥ ജനാധിപത്യം പാശ്ചാത്യനാടുകളിലാണ്. നമ്മുടെ ജനാധിപത്യം ഏച്ചുകെട്ടലുകളും ഒത്തുതീര്‍പ്പുകളും സമവായങ്ങളുമൊക്കെയാണല്ലോ. മറ്റേത് അങ്ങനെയല്ല. ഡയറക്റ്റാണ്. ഭൂരിപക്ഷം കിട്ടിയാല്‍ മാത്രമേ അധികാരത്തില്‍ വരാന്‍ പറ്റുകയുള്ളു. ഇവിടെ ഇങ്ങനെയല്ല. ഇവിടെ ഒരു മുപ്പത്തിയഞ്ചോ മുപ്പത്തിയെട്ടോ ശതമാനം മതി അധികാരത്തിലെത്താന്‍. അത്രയും പോലും വേണമെന്നില്ല. ദേവഗൗഡയുടെ പാര്‍ട്ടിക്ക് എത്ര ശതമാനം വോട്ടുണ്ടായിരുന്നു. പക്ഷേ, പ്രധാനമന്ത്രിയായില്ലേ അദ്ദേഹം.

പക്ഷേ, പ്രസിഡന്‍ഷ്യല്‍ സിസ്റ്റമുള്ളിടത്ത് അങ്ങനെ പറ്റില്ല. അവിടെ 50 ശതമാനത്തിനു മുകളില്‍ വോട്ടുകള്‍ കിട്ടിയേ മതിയാകൂ. അതാണ് ശരിയായ ജനാധിപത്യം, യഥാര്‍ത്ഥ ഭൂരിപക്ഷം. മാത്രമല്ല, അവിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നത് ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. വലിയ സര്‍വ്വകലാശാലകളില്‍ പഠിച്ചുവരുന്നവരാണ്. ഇവിടെ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചുവരുന്നതാണ് ഞങ്ങളുടെ വിദ്യാഭ്യാസം എന്നാണ് രാഷ്ട്രീയ നേതൃത്വം പറയുന്നത്. അടിസ്ഥാനപരമായ വിദ്യാഭ്യാസത്തിന്റെ അഭാവമുണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. 

പൊതുപ്രവര്‍ത്തന അനുഭവങ്ങളിലൂടെ ലഭിക്കുന്ന രാഷ്ട്രീയ വിദ്യാഭ്യാസവും പ്രധാനം തന്നെയല്ലേ?
ഒരു കാര്യവുമില്ല ആ പറയുന്നതില്‍. തെറ്റാണ്. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജനങ്ങളില്‍നിന്നു ഞങ്ങള്‍ മനസ്സിലാക്കി എന്നാണ് അവര്‍ പറയുക. ഒരുപക്ഷേ, അങ്ങനെ മനസ്സിലാക്കിയ കാര്യങ്ങള്‍ തെറ്റായിരിക്കും. അതല്ലെങ്കില്‍ ആ അനുഭവങ്ങളുടെ വലിപ്പം വച്ച് അവര്‍ കൂടുതല്‍ വലിയ നേതാക്കളാകേണ്ടതല്ലേ. ജനങ്ങളുടെ ഇടയിലെ പ്രവര്‍ത്തനമാണ് എന്റെ വിദ്യാഭ്യാസം എന്ന് അവര്‍ പറയുമ്പോള്‍ എന്താണ് ആ വിദ്യാഭ്യാസം എന്നതും പ്രധാനമാണ്. പ്രസിഡന്റാകാനുള്ള പ്രചാരണ പരിപാടികളില്‍ അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന പ്രസംഗങ്ങള്‍ കേള്‍ക്കണം. ഞാനത് കേട്ടിട്ടുണ്ട്. ഒബാമയുടെ ആയാലും ക്ലിന്റന്റെ ആയാലുമൊക്കെ ഓര്‍മ്മശക്തിയും അവര്‍ സംസാരിക്കുന്ന രീതിയുമൊക്കെ നമ്മളെ അത്ഭുതപ്പെടുത്തും. ഞാന്‍ രണ്ടുതവണ കേട്ടപ്പോഴും അതിന്റെ മോഡറേറ്റര്‍ ഒരു പത്രപ്രവര്‍ത്തകനായിരുന്നു. രണ്ടു സ്ഥാനാര്‍ത്ഥിക്കും കൃത്യമായി സമയം കൊടുത്തിരിക്കും. ആ സമയം കഴിഞ്ഞും സംസാരിച്ചാല്‍ പേരെടുത്തു വിളിച്ച് ആവശ്യപ്പെടും, ഇരിക്കൂ. അവരുടെ ബൗദ്ധിക നിലവാരം അതിശയകരമാണ്. നമ്മളിവിടെ ജനങ്ങളുകൂടെ പ്രവര്‍ത്തിച്ചു, പോരാട്ടത്തില്‍ പങ്കെടുത്തു എന്നൊക്കെ പറയുമ്പോള്‍ എന്താണ് അതില്‍നിന്നു ലഭിച്ച വിദ്യാഭ്യാസം? അവരുടെ ബൗദ്ധിക നിലവാരത്തിലേക്കു നമ്മള്‍ പോകണം. അതൊക്കെ സാമ്രാജ്യത്വ രാജ്യങ്ങളാണെന്ന് നമ്മള്‍ പറയും. സാമ്രാജ്യത്വ രാജ്യമല്ലെങ്കിലും അവിടെയൊക്കെ അങ്ങനെയേ സംഭവിക്കുകയുള്ളു. നമുക്ക് അങ്ങനെയൊരു പാരമ്പര്യം ഉണ്ടായിരുന്നു. നെഹ്രുവൊക്കെ അങ്ങനെയായിരുന്നല്ലോ. വി.കെ. കൃഷ്ണമനോന്‍, കെ.ആര്‍. നാരായണന്‍ അങ്ങനെ പലരും. ഇപ്പോഴത്തെ സ്ഥിതിയെന്താ. മോദിതന്നെ ഇടയ്ക്കിടെ പറയും, ഞാന്‍ ചായ വില്‍പ്പനക്കാരനായിരുന്നു എന്ന്. അതൊരു വലിയ ക്രെഡിറ്റായിട്ടാണ് പറയുന്നത്. ഞാന്‍ പ്രൊഫസറാണ്, സാമ്പത്തിക ശാസ്ത്രം അറിയുന്നയാളാണ് എന്നൊക്കെ പറയാന്‍ കഴിയുന്നതാകണം ക്രെഡിറ്റ്. ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി കൊണ്ടുവരാനുള്ള തീരുമാനം വളരെ ശരിയായിരുന്നു. അപ്പോള്‍ പലരും ചോദിച്ചത് ഇവിടെ ധനകാര്യ മന്ത്രിയില്ലേ എന്നായിരുന്നു. ഗീതാ ഗോപിനാഥിന്റെ ബൗദ്ധിക നിലവാരമാണ് നോക്കേണ്ടത്. സാമ്പത്തികശാസ്ത്രം വളരെ സങ്കീര്‍ണ്ണമാണ്. അത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാല്‍ പഠിക്കാന്‍ പറ്റില്ല. 

നമ്മുടേത് വല്ലാത്ത ഒരു ലോജിക്കാണ്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കുമ്പോള്‍ നമ്മളാദ്യം പറയുക അത് ഹെല്‍മറ്റ് കമ്പനികളെ സഹായിക്കാനുള്ള വിപണി തന്ത്രമാണ് എന്നായിരിക്കും. ഹെല്‍മറ്റ് ലോകത്തെല്ലായിടത്തും ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്. അത് വാഹനം ഓടിക്കുന്നവരുടെ സുരക്ഷയ്ക്കാണ്. പക്ഷേ, എത്ര ലാഘവത്തോടെയാണ് ഹെല്‍മറ്റ് കച്ചവടക്കാര്‍ക്കുവേണ്ടിയാണ് ആ തീരുമാനമെന്ന് നമ്മള്‍ പറയുക. ഇങ്ങനെ എല്ലാത്തിനേയും ലഘൂകരിച്ച് സ്വയം കബളിപ്പിക്കുന്ന രീതിയാണ്. എന്നിട്ടു നമ്മളങ്ങ് വിശ്വസിക്കുകയാണ് നമ്മള്‍ പറയുന്നതാണ് ശരിയെന്ന്. ലോകം വളരെ സങ്കീര്‍ണമാണ്. അതിനെ മനസ്സിലാക്കാന്‍ നല്ല വിദ്യാഭ്യാസവും വേണം. അല്ലാത്തവര്‍ക്ക് നല്ല ഭരണാധികാരികളാകാന്‍ കഴിയില്ല. പഴയകാലത്ത് ശരിയായിരുന്നു, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വന്നാല്‍ മതിയായിരുന്നു. അതിന്റെയൊക്കെ കാലം കഴിഞ്ഞു. ഞാനിത് പറയുമ്പോള്‍ അയാള്‍ സാമ്രാജ്യത്വത്തിന്റെ വക്താവാണെന്നൊക്കെ പറയും. പക്ഷേ, ഈ യാഥാര്‍ത്ഥ്യം നമ്മള്‍ ഉള്‍ക്കൊണ്ടിട്ടില്ലെങ്കില്‍, സാങ്കേതികവിദ്യയുടെ ഉള്‍പ്പെടെ ഏറ്റവും പുതിയ പ്രയാണം മനസ്സിലാക്കിയില്ലെങ്കില്‍ നിലനില്‍ക്കാന്‍ പറ്റില്ല. 


ഹാര്‍ഡ് വാറിന്റെ കാലം, അതായത് ആയുധങ്ങള്‍ ഉപയോഗിച്ചുള്ള യുദ്ധത്തിന്റെ കാലം കഴിഞ്ഞെന്നും സോഫ്റ്റ് വാറിന്റെ, അതായത് അറിവുകൊണ്ടുള്ള പോരാട്ടത്തിന്റെ കാലമാണെന്നുമാണ് പറയുന്നത്. മുന്‍പ് ഏറ്റവും ശക്തിയുള്ള രാജ്യമെന്നാല്‍ ഏറ്റവും വലിയ സൈന്യവും ഏറ്റവുമധികം യുദ്ധവിമാനങ്ങളുമൊക്കെയുള്ള രാജ്യം എന്നായിരുന്നു. ഇനി അങ്ങനെയല്ല. അറിവ്, വിവരം കൂടുതലുള്ള രാജ്യമാണ് മികച്ചത്. രാജ്യങ്ങള്‍ വാങ്ങിവച്ചിരിക്കുന്ന ആയുധങ്ങളൊന്നും ഉപയോഗിക്കാനാകാതെ വരും. കാരണം, അത്രയ്ക്കു വിനാശകരമാണ് അവ. പകരം അറിവുകൊണ്ടാണ് നേരിടേണ്ടത്. ശാസ്ത്രീയമായതുള്‍പ്പെടെ അറിവു നേടണം. അതിനുള്ള തിരിച്ചറിവ് നേതൃത്വത്തിനുണ്ടാകണം. പഴയ മുദ്രാവാക്യങ്ങള്‍ ചിലതെങ്കിലും ഉപേക്ഷിക്കണം. യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കണം.

ഇന്നലെകളില്‍ നമ്മള്‍ ഒരുപാട് സാമൂഹിക പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട് എന്നതും അതിന്റെയൊക്കെ ഫലമായിട്ടാണ് നമ്മള്‍ ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത് എന്നതും ശരിയാണ്. പക്ഷേ, നമ്മള്‍ ചിന്തിക്കുന്ന ഒരു ജനതയായി പുതിയ മുദ്രാവാക്യങ്ങള്‍ സ്വീകരിക്കണം. ഇത്തരം കാര്യങ്ങള്‍ പൊതുവേ പറയാറില്ല. പെട്ടെന്നുള്ള ആരോപണം സാമ്രാജ്യത്വ വക്താവ് എന്നായിരിക്കും. അതുകൊണ്ട് പറയാന്‍ മടിയാണ്. പക്ഷേ, യാഥാര്‍ത്ഥ്യം ഇതാണ്. 

മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണല്ലോ. എന്താകും സ്ഥിതിയെന്നാണ് കരുതുന്നത്?
വളരെ തുറന്നു പറഞ്ഞാല്‍ മോദി ഭരണത്തെ പുറത്താക്കണം. അതിന് എല്ലാവരും ചേര്‍ന്നുള്ള സഖ്യമുണ്ടാകണം. മഹാസഖ്യമുണ്ടാക്കുക പക്ഷേ, എളുപ്പമല്ല. പല നേതാക്കള്‍ക്കും പ്രധാനമന്ത്രിയാകണം. മായാവതിയെയൊക്കെ കൂടെ നിര്‍ത്തുക വളരെ പ്രയാസകരമായ കാര്യമാണ്. എല്ലാവരും വിട്ടുവീഴ്ച ചെയ്ത് ജയിക്കുക. അതിനുശേഷം നോക്കാം പിന്നെ എന്തു വേണമെന്ന്. മോദിയെ അധികാരത്തില്‍നിന്നു മാറ്റണം. അല്ലെങ്കില്‍ രാജ്യം അപകടകരമായ സ്ഥിതിയിലേക്ക് പോകും. ഒരു മഹാസഖ്യത്തിനു മാത്രമേ അത് സാധിക്കുകയുള്ളു. രാജ്യം മുഴുവനും അവരുടെ കൂടെ നില്‍ക്കണം, എഴുത്തുകാരുള്‍പ്പെടെ. ഒരര്‍ത്ഥത്തില്‍ മോദിയും എന്നെ നിരാശപ്പെടുത്തി എന്നു പറയേണ്ടിവരും. അദ്ദേഹം അധികാരത്തിലെത്തിയപ്പോള്‍ അറിയാതെ ഉള്ളില്‍ ചെറിയ ഒരു സന്തോഷമുണ്ടായി. കാരണം, അതിനു മുന്‍പുള്ള ഭരണം അഴിമതിയില്‍ മുങ്ങിക്കിടക്കുകയായിരുന്നു. അടിസ്ഥാനപരമായി ഞാന്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ആളല്ല. പക്ഷേ, അദ്ദേഹത്തിന്റെ ആ വരവു കണ്ടപ്പോള്‍ ചില മാറ്റങ്ങള്‍ സാധിക്കും എന്നു തോന്നി. അഞ്ചു കൊല്ലം എനിക്കു തരൂ, ഞാന്‍ റിപ്പോര്‍ട്ട് കാര്‍ഡ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായി. പക്ഷേ, പിന്നീടുണ്ടായ ഓരോ സംഭവങ്ങളും നിരാശയുണ്ടാക്കുകയാണ് ചെയ്തത്. 
.........................