അച്ഛനും മകനും: ഐ വൈയ് വൈയ്  എന്ന ചൈനീസ് ചിത്രകാരനെപ്പറ്റി

ഐ വൈയ് വൈയ്  എന്ന ചൈനീസ് ചിത്രകാരനെപ്പറ്റി ആദ്യം കേട്ടത് ടാങ്ങ് യിങ്ങ് പറഞ്ഞിട്ടാണ്.
അച്ഛനും മകനും: ഐ വൈയ് വൈയ്  എന്ന ചൈനീസ് ചിത്രകാരനെപ്പറ്റി

വൈയ് വൈയ്  എന്ന ചൈനീസ് ചിത്രകാരനെപ്പറ്റി ആദ്യം കേട്ടത് ടാങ്ങ് യിങ്ങ് പറഞ്ഞിട്ടാണ്. ചൈനീസ് ഭാഷയില്‍ പുതിയ തലമുറയില്‍ ശ്രദ്ധേയയായ എഴുത്തുകാരിയാണ് അവര്‍. ഷാങ്ങ്ഹായ് റൈറ്റേഴ്‌സ് അസോസിയേഷന്റെ ഫെലോഷിപ്പില്‍ കഴിഞ്ഞ വര്‍ഷം കുറച്ചുമാസം ചൈനയില്‍ താമസിക്കാനും യാത്ര ചെയ്യാനും അവസരം കിട്ടിയപ്പോള്‍ ആ ഫെലോഷിപ്പിന് എന്റെ പേര് നിര്‍ദ്ദേശിച്ച അവരോട് ഞാന്‍ ചോദിച്ചു:
വന്‍മതില്‍, മഞ്ഞനദി, മാവോ, ലുഷിന്‍ തുടങ്ങിയ ചരിത്രപുരുഷന്മാരുടെ സ്മാരകങ്ങള്‍, താവോ ക്ഷേത്രങ്ങള്‍, കണ്‍ഫ്യൂഷിയസിന്റെ ഗുരുകുലം, പേള്‍ ടവ്വര്‍ എന്നിങ്ങനെ സാധാരണ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ക്കു പുറമെ സാഹിത്യത്തിലും കലയിലും താല്‍പ്പര്യമുള്ള ഒരാള്‍ക്ക് കാണേണ്ടതായി എന്തെല്ലാമുണ്ട് ചൈനയില്‍?
''ഐ വൈയ് വൈയുടെ സ്റ്റുഡിയോകള്‍'' യിങ്ങ് പറഞ്ഞു.
''ആരാണ് ഐ വൈയ് വൈയ്?'' ഞാന്‍ ചോദിച്ചു.
''ഐ ഷിങ്ങിന്റെ മകന്‍, ചിത്രകാരന്‍, ശില്പി, വാസ്തുവിദഗ്ദ്ധന്‍ സംഗീതജ്ഞന്‍, വൈയ് വൈയ് പലതുമാണ്'' ടാങ്ങ് ചിങ്ങ് പറഞ്ഞു.
''അതിന് ഐ ഷിങ്ങിനേയും ഞാന്‍ കേട്ടിട്ടില്ലല്ലോ?'' ഞാന്‍ പറഞ്ഞു.
എന്റെ അജ്ഞതയും നിസ്സഹായതയും കണ്ട് ടാങ്ങ് യിങ്ങ് ചിരിച്ചു. കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കാരുണ്യം അര്‍ഹിക്കുന്ന ചിരി.
അന്നത്തെ ആ സംഭാഷണത്തിനുശേഷം, ഒന്നിച്ചുള്ള യാത്രകളിലും തമ്മില്‍ കാണുമ്പോഴും ആരാണ് ഈ 'ഐ'കള്‍ എന്ന് ടാങ്ങ് യിങ്ങ് എന്നോട് പറഞ്ഞുകൊണ്ടിരുന്നു, വളരെ പ്രയാസപ്പെട്ട ഇംഗ്ലീഷില്‍. ജീവശാസ്ത്രപരമായ ബന്ധം മാത്രല്ല അച്ഛനും മകനുമായിട്ടുള്ളത്. അച്ഛന്റെ ആശയങ്ങളുടെ, നിലപാടുകളുടെ, നിര്‍ഭയത്വത്തിന്റെ, സഹനത്തിന്റെ എല്ലാം തുടര്‍ച്ചയാണ് മകന്‍. അതിനു തെളിവാണ് ഇരുവരുടേയും ജീവിതവും രചനകളും.
ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ഷെന്‍ ജിയാങ്ങില്‍ 1910-ലാണ് ജിയാങ്ങ് ഹെയ് ഷെങ്ങ് എന്ന യഥാര്‍ത്ഥ പേരുള്ള ഐഷിങ്ങ് ജനിച്ചത്, ഒരു ജന്മികുടുംബത്തില്‍. ഹാങ്ങ്ഷൂ ആര്‍ട്ട് സ്‌കൂളിലെ പഠനത്തിനുശേഷം ചിത്രകല പഠിക്കാന്‍ പാരീസിലേയ്ക്ക് പോയി. വാന്‍ഗോഗ്, ഓഗിസ്റ്റ് റെന്‍ദ തുടങ്ങിയ ചിത്രകാരന്മാരെപ്പറ്റിയും കാന്റ്, ഹെഗേല്‍ തുടങ്ങിയ തത്ത്വചിന്തകരെപ്പറ്റിയും മലാര്‍മേ, സോദ്ലെയര്‍ മക്ഷ്‌ക്കോവ്‌സ്‌കി തുടങ്ങിയ കവികളെപ്പറ്റിയും പഠിച്ചു. 1932-ല്‍ ഷാങ്ങ് ഹായില്‍ തിരിച്ചെത്തി. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ ഐഷിങ്ങ് ചൈനയില്‍ രൂപപ്പെട്ടുവന്ന ഇടതുപക്ഷ കലാസംഘടനയില്‍ അംഗമായി. അന്നത്തെ കൊമിന്താങ്ങ് ഭരണകൂടത്തിന് ഷിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വീകാര്യമായില്ല. കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നതായിരുന്നു കാരണം. ഭരണകൂടം ഐഷിങ്ങിനെ ജയിലിലടച്ചു.
ചിത്രകലയായിരുന്നു ഷിങ്ങിനു പ്രിയം. പക്ഷേ, ജയിലില്‍ അതിനുള്ള സൗകര്യമോ സാഹചര്യമോ ഉണ്ടായിരുന്നില്ല. അപ്പോഴാണ് കവിതയിലേയ്ക്ക് തിരിഞ്ഞത്. തന്റെ ഗ്രാമീണ കര്‍ഷക പാരമ്പര്യത്തേയും സ്വാതന്ത്ര്യാന്വേഷണത്തേയും  പറ്റിയായിരുന്നു അന്നു കൂടുതല്‍ എഴുതിയത്. 'ചൈനയുടെ മണ്ണില്‍ മഞ്ഞുവീഴുന്നു' എന്ന കവിതയില്‍ ഷിങ്ങ് എഴുതുന്നു:
ഞാന്‍ നിങ്ങളോട് പറയുന്നു
ഒരു കര്‍ഷകന്റെ പിന്‍തുടര്‍ച്ചക്കാരനാണ് ഞാന്‍
വേദനകള്‍ ആഴത്തില്‍ കൊത്തിവെച്ച
നിങ്ങളുടെ മുഖത്തെ ചുളിവുകളില്‍നിന്ന്
സമതലങ്ങളില്‍ നിങ്ങളുടെ കഠിനവര്‍ഷങ്ങളെപ്പറ്റി
എനിക്ക് അതേ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയും.
ഞാന്‍ നിങ്ങളെക്കാള്‍ ഒട്ടും സന്തോഷവാനല്ല
കാലനദിയില്‍ താമസിക്കുന്ന എന്നെ
ദുഃഖതിരകള്‍ മുക്കിത്താഴ്ത്തിക്കൊണ്ടിരിക്കുന്നു.
എന്റെ വിലപിടിച്ച യൗവ്വനം
അലഞ്ഞുതിരിഞ്ഞും തടവറയില്‍ക്കിടന്നും
ഞാന്‍ പാഴാക്കി.
1935-ല്‍ ജയില്‍വാസം കഴിഞ്ഞ് തിരിച്ചെത്തിയ ഐഷിങ്ങ് കമ്യൂണിസ്റ്റാശയങ്ങള്‍ ഉപേക്ഷിക്കുകയല്ല ചെയ്തത് അതില്‍ കൂടുതല്‍ സജീവമാവുകയും മാവോ സെ തൂങ്ങിന്റെ നേതൃത്വത്തില്‍ ശക്തിയാര്‍ജ്ജിച്ചുവന്ന പ്രസ്ഥാനത്തില്‍ അംഗമാകുകയുമാണ്. കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, ഇടതുപക്ഷ ആഭിമുഖ്യമുള്ള കലാസാഹിത്യ സംഘടനകളുടെ പ്രവര്‍ത്തകന്‍, ഇങ്ങനെ ആ സജീവത വ്യാപിച്ചു.
പക്ഷേ, 1949-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഭരണകൂടം ഐഷിങ്ങിന്റെ കവിതകളില്‍ 'വലതുപക്ഷ ചാഞ്ചാട്ടം' കണ്ടെത്തി. ജോലിചെയ്ത് അത്തരം 'മാലിന്യങ്ങള്‍ കഴുകിക്കളയാന്‍' കവിയെ വടക്കു കിഴക്കന്‍ ചൈനയിലെ കൃഷിയിടങ്ങളിലേക്ക് നാടുകടത്തി. സാംസ്‌കാരിക വിപ്ലവകാലത്ത് ഗ്രാമങ്ങളിലെ പൊതുകക്കൂസുകള്‍ വൃത്തിയാക്കുകയായിരുന്നു 60 കഴിഞ്ഞ കവിയുടെ നിയോഗം. ആ കാലത്തെപ്പറ്റി മകന്‍ ഐ വൈയ് വൈയ് ഓര്‍ക്കുന്നത് ഇങ്ങനെ:
എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് എന്റെ പിതാവ് ഐഷിങ്ങ് ആയിരുന്നു. ഏതു കാര്യവും നിഷ്‌കളങ്കവും സത്യസന്ധവുമായ കണ്ണാടിയിലൂടെ കണ്ട ഒരു യഥാര്‍ത്ഥ കവിയായിരുന്നു അദ്ദേഹം. ആ കാരണത്താല്‍ അദ്ദേഹത്തിന് വളരെയധികം സഹിക്കേണ്ടിവന്നു. വിദൂര മരുഭൂമിയിലേയ്ക്ക് നാടുകടത്തപ്പെട്ടു. എഴുത്ത് നിരോധിച്ചു. സാംസ്‌കാരിക വിപ്ലവകാലത്ത് അദ്ദേഹം പൊതു കക്കൂസുകള്‍ വൃത്തിയാക്കുകയായിരുന്നു. മനുഷ്യന് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതില്‍ അപ്പുറം വൃത്തിഹീനമായിരുന്നു ആ കക്കൂസുകള്‍. മനുഷ്യാവസ്ഥയ്ക്ക് താഴാന്‍ കഴിയുന്നതിലും താഴെയുള്ള അവസ്ഥ. എന്നിട്ടും വളരെ ആത്മാര്‍ത്ഥമായി ജോലിചെയ്ത് എന്റെ പിതാവ് അവ കഴിയുന്നത്ര വൃത്തിയാക്കി വെയ്ക്കുന്നത് കുട്ടിയായ ഞാന്‍ കണ്ടിട്ടുണ്ട്. ഏറ്റവും നല്ല കാവ്യവൃത്തിയായിരുന്നു അത് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു കവിയായതിനാണ് എന്റെ അച്ഛന്‍ ശിക്ഷിക്കപ്പെട്ടത്. അതിന്റെ ഭവിഷ്യത്ത് കാലത്താണ് ഞാന്‍ വളര്‍ന്നത്. പക്ഷേ, എത്ര ക്ലേശകരമായ അവസ്ഥയിലും ലോകത്തെപ്പറ്റിയുള്ള നിഷ്‌കളങ്കമായ തിരിച്ചറിവുകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തെ സംരക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കാരണം കവിത എല്ലാ ഭാരങ്ങള്‍ക്കും എതിരാണ്.
നാടുകടത്തലും ജയില്‍വാസവും അവമതികളും നിറഞ്ഞതായിരുന്നു ഐഷിങ്ങിന്റെ ജീവിതമെങ്കിലും മനുഷ്യനന്മയിലുള്ള പ്രതീക്ഷ അദ്ദേഹം മരണംവരെ കൈവിട്ടില്ല. 'മത്സ്യത്തിന്റെ ഫോസില്‍' എന്ന കവിതയില്‍ ആ പ്രതീക്ഷ ഏറ്റവും സാന്ദ്രമായി അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്. അനേകായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലില്‍ നീന്തിത്തുടിച്ച ഒരു മത്സ്യത്തന്റെ ഫോസില്‍ വര്‍ത്തമാനകാലത്ത്  ഒരു ഭൂഗര്‍ഭശാസ്ത്ര ഗവേഷകസംഘം കണ്ടെത്തുന്നതിനെപ്പറ്റിയാണ് ഈ കവിത. അതിന്റെ ചിതമ്പലുകളും ചിറകുകളും അതുപോലെത്തന്നെ ഉണ്ട്. പക്ഷേ, അതിന് ചലിക്കാന്‍ കഴിയുന്നില്ല. കവിത അവസാനിക്കുന്നത്  ഇങ്ങനെ:
ലോകത്തോട് നിനക്ക് പ്രതികരണമില്ല
ജലമോ ആകാശമോ നീ കാണുന്നില്ല
തിരമാലകള്‍ പറയുന്നത് നീ കേള്‍ക്കുന്നില്ല
ഈ ഫോസില്‍ നോക്കിനിന്നാല്‍
ഏത് വിഡ്ഢിയും മനസ്സിലാകും
ചലനമില്ലാതെ ജീവിതമില്ല
ജീവിക്കുക എന്നാല്‍ പൊരുതുക.
അച്ഛനെ പിന്തുടര്‍ന്ന് വൈയ് വൈയും എത്തിച്ചേര്‍ന്നത് ചിത്രകലയിലാണ്. ബീജിങ്ങ് ഫിലിം അക്കാദമിയിലെ പഠനകാലത്തുതന്നെ പരമ്പരാഗത കലാരീതികളുടെ പരിമിതികള്‍ വൈയ് വൈയ്  മനസ്സിലാക്കി. കൂടുതല്‍ സര്‍ഗ്ഗാത്മകവും ഭൗതിക അന്വേഷണപരവുമായ ആവിഷ്‌കാരങ്ങള്‍ തേടിയായിരുന്നു പിന്നീടുള്ള യാത്ര. അതില്‍ ആദ്യം എത്തിച്ചേര്‍ന്നത് ന്യൂയോര്‍ക്കില്‍. ചിത്രകലയിലെ ഉപസംസ്‌കാരത്തെപ്പറ്റിയും അവാങ്ങ് ഗാര്‍ഡ് ചിത്രകാരന്മാരെപ്പറ്റിയും അറിഞ്ഞത് അവിടെവെച്ച്. ക്രമരഹിതവും അലഞ്ഞുതിരിയലുകള്‍ നിറഞ്ഞതുമായിരുന്നു ആ കാലത്തെ ജീവിതം.
അച്ഛന്റെ അത്യാസനനിലയറിഞ്ഞ് വൈയ് വൈയ് 1993-ല്‍ ബീജിങ്ങില്‍ തിരിച്ചെത്തി. നഗരാതിര്‍ത്തിയില്‍ ഉപയോഗശൂന്യമായിക്കിടന്ന ഒരു പഴയ ഫാക്ടറിക്കെട്ടിടം വാടകയ്‌ക്കെടുത്ത്, വാസ്തുനിര്‍മ്മാണത്തിലെ ചരിത്രവും സംസ്‌കാരവും പൗരാണികതയും ആധുനികതയും ഇടകലര്‍ത്തി, ഏറ്റവും ആകര്‍ഷകമായ രീതിയില്‍ മാറ്റം വരുത്തി ഒരു സ്റ്റുഡിയോ ആയി പരിവര്‍ത്തിപ്പിച്ചു. വാസ്തുനിര്‍മ്മാണത്തില്‍ വൈയ് വൈയുടെ കഴിവ് തിരിച്ചറിഞ്ഞതുകൊണ്ട്, 2008-ലെ ബീജിങ്ങ് ഒളിംപിക്‌സ് സ്റ്റേഡിയം നിര്‍മ്മാണത്തിന് വിശ്രുത ഇറ്റാലിയന്‍ വാസ്തുശില്പി ഹെര്‍ഡോഗിനൊപ്പം വൈയ് വൈയും ചുമതലക്കാരനായി നിയമിതനായി.
പക്ഷേ, അധികകാലം ചൈനീസ് ഭരണകൂടത്തിന്റെ പ്രവൃത്തികളുമായി വൈയ് വൈയ്ക്ക് ഒത്തുപോകാന്‍ കഴിഞ്ഞില്ല. പൗരാവകാശ ലംഘനം, സ്വാതന്ത്ര നിഷേധം, ജനങ്ങള്‍ അറിയേണ്ട വസ്തുതകളുടെ തമസ്‌കരണം തുടങ്ങിയ ഭരണകൂടത്തിന്റെ പതിവു രീതികളെ ചിത്രകാരന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. ചൈനയില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ച സിച്ചുവാന്‍ ഭൂകമ്പത്തോടെ ഈ പ്രതിരോധം പ്രകടമായി. കെട്ടിടനിര്‍മ്മാണത്തില്‍ ഭരണകൂടം നടപ്പിലാക്കിയ സുരക്ഷയില്ലാത്ത രീതികളാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്ന് വൈയ് വൈയ് തന്റെ ബ്ലോഗില്‍ എഴുതി. അതു മാത്രമല്ല, മരിച്ചവരുടെ യഥാര്‍ത്ഥ എണ്ണം സര്‍ക്കാര്‍ മറച്ചുവെയ്ക്കുകയാണെന്നും വിമര്‍ശിച്ചു. അതോടുകൂടി വൈയ് വൈയ് പൊലീസ് നിരീക്ഷണത്തിലായി, മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായി.
പക്ഷേ, അത്തരം ഭീഷണികള്‍ക്കൊന്നും ഐ വൈയ് വൈയ് വഴങ്ങിയില്ല. അദ്ദേഹം ഒരു പൗരാന്വേഷണസംഘത്തെ ഭൂകമ്പ പ്രദേശത്തേയ്ക്ക് കൊണ്ടുപോയി സത്യാവസ്ഥ പുറത്തു കൊണ്ടുവന്നു. സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെടാത്ത, ഭൂകമ്പത്തില്‍ മരിച്ച 5196 വിദ്യാര്‍ത്ഥികളുടെ പേരും ജനനത്തീയതിയുമായിരുന്നു വൈയ് വൈയ് തന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഈ അന്വേഷണത്തിന്റേയും കണ്ടെത്തലിന്റേയും അടിസ്ഥാനത്തിലാണ് മ്യൂണിക്കില്‍ നടത്തിയ 'ഓര്‍മ്മിക്കല്‍' എന്ന ഇന്‍സ്റ്റലേഷന്‍. മരിച്ച കുട്ടിയുടെ അമ്മ പറയുന്ന വാക്കുകളുടെ രൂപത്തില്‍ ചായം തേച്ച 9000 മാറാപ്പുകള്‍ ക്രമീകരിച്ചതായിരുന്നു അത്.
'സൂര്യകാന്തിപ്പൂക്കള്‍' ആണ് മറ്റൊരു ശ്രദ്ധേയമായ രചന. 600 കരകൗശല വിദഗ്ദ്ധര്‍ നിര്‍മ്മിച്ച 101 കോടി സൂര്യകാന്തി വിത്തുകളുടെ കളിമണ്‍ രൂപങ്ങള്‍ വിതറിയിട്ടതാണ് ഈ രചന. അടിച്ചമര്‍ത്തപ്പെട്ട ചൈനീസ് ജനതയുടെ രൂപകങ്ങളാണ് ആ വിത്തുകള്‍ എന്നും ശക്തിയില്‍ ചവിട്ടിയാല്‍ അവ പൊട്ടും എന്ന മുന്നറിയിപ്പും ഉണ്ട്.
ഐ വൈയ് വൈയുടെ രചനകളില്‍ ഏറ്റവും കൂടുതല്‍ ലോകശ്രദ്ധ നേടിയതും ചൈനീസ് ഭരണകൂടത്തെ ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ചതുമാണ്  'ടിയാനെന്‍ മെന്‍ സ്‌ക്വയര്‍ പഠന പരിപ്രേക്ഷ്യം' എന്ന ചിത്രപരമ്പര. 1995-ല്‍ ആരംഭിച്ച് 2003-ല്‍ അവസാനിച്ച രചനകളുടെ സമാഹാരമാണിത്. പാരീസിലെ ഈഫല്‍ ടവ്വര്‍, അമേരിക്കന്‍ വൈറ്റ് ഹൗസ്, ബര്‍ളിനിലെ റീച്ച്സ്റ്റാഗ് എന്നിവയുടെ ദൃശ്യങ്ങളുടെ കൂട്ടത്തില്‍ ടിയാനെന്‍മെന്‍ സ്‌ക്വയറും ഉള്‍പ്പെടുന്നു. ദൃശ്യത്തിലേയ്ക്ക് ചിത്രകാരന്‍ വിരല്‍ചൂണ്ടുന്നതായി കാണാം.
ചൈനീസ് ഭരണകൂടം ചര്‍ച്ചചെയ്യാനും ഓര്‍മ്മിപ്പിക്കാനും ആഗ്രഹിക്കാത്തതാണ്  1989-ലെ ടിയാനെന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല. 'സ്വര്‍ഗ്ഗീയ സമാധാനത്തിന്റെ കവാടം' എന്നാണ് 'ടിയാനെന്‍മെന്‍ സ്‌ക്വയര്‍' എന്ന ചൈനീസ് വാക്കിന്റെ അര്‍ത്ഥം. ആ കവാടത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതാണ് ചിത്രത്തിലെ സൂചന. 2011-ല്‍ വൈയ് വൈയ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ചോദ്യം പ്രധാനമായും ഈ ചിത്രത്തെപ്പറ്റി ആയിരുന്നു. താന്‍ വിരല്‍ചൂണ്ടിയത് ആ ചത്വരം നിര്‍മ്മിച്ച ജന്മിത്തകാലത്തേയ്ക്കാണെന്ന് വൈയ് വൈയ് മറുപടി പറഞ്ഞു. പക്ഷേ, അതല്ല സത്യം എന്ന് പൊലീസുകാര്‍ക്കും ചിത്രകാരനും അറിയാം.
കഴിഞ്ഞ മാസം ടാങ്ങ് യിങ്ങിന്റെ ഒരു ഈ-മെയില്‍ വന്നു. അതിന്റെ ഉള്ളക്കം ഇങ്ങനെയായിരുന്നു:
ഐ വൈയ് വൈയുടെ സ്റ്റുഡിയോകള്‍ കഴിഞ്ഞ വര്‍ഷം സന്ദര്‍ശിച്ചത് നന്നായി. ഈ വര്‍ഷമായിരുന്നുവെങ്കില്‍ അവ കാണാന്‍ കഴിയില്ലായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും വരുന്ന എഴുത്തുകാര്‍ക്കും ചിത്രകാരന്മാര്‍ക്കും കവികള്‍ക്കും ചിന്തകര്‍ക്കും ഒരുമിച്ചു കാണാനും സംസാരിക്കാനും അതുപോലെയുള്ള ഇടങ്ങള്‍ ഇപ്പോള്‍ ബീജിങ്ങിലും ഷാങ്ങ് ഹായിലും ഇല്ല. ഭരണകൂടം ഐ വൈയ് വൈയുടെ സ്റ്റുഡിയോകള്‍ ഇടിച്ചുനിരത്തി. അവിടെ ഇപ്പോഴുള്ളത് കുറച്ച് സിമന്റും കമ്പിയും ഇഷ്ടികയും മണ്‍കൂനയും മാത്രം. ഐ വൈയ് വൈയുടെ മറ്റൊരു ഇന്‍സ്റ്റലേഷന്‍ പോലെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com