തലശ്ശേരിക്കൊരു കവി: സുകുമാര്‍ അണ്ടല്ലൂര്‍ എന്ന കവിയെ കുറിച്ച് 

By എം.പി. രാധാകൃഷ്ണന്‍  |   Published: 22nd December 2018 02:03 PM  |  

Last Updated: 22nd December 2018 02:03 PM  |   A+A-   |  ന്ധ്യത്തിനും സ്വാതന്ത്ര്യത്തിനും ഇടയ്ക്ക് അകപ്പെട്ടുപോകുന്ന ഒരു ജന്മമുണ്ട്. അത് കവിക്കുള്ളതാണ്. വിരോധാഭാസമെന്ന് തോന്നാമെങ്കിലും രണ്ടും കവി പങ്കുവെയ്ക്കുന്നു; അന്ധതയും സ്വാതന്ത്ര്യവും. അന്ധത തരുന്ന ആഹ്ലാദവും ഭീകരതയും ഒരുപോലെ കവി അനുഭവിക്കുന്നു. സ്വാതന്ത്ര്യം തന്നെ അമൃതം എന്നു തിരിച്ചറിയുകയും ചെയ്യുന്നു. ഈ വിപരീതങ്ങള്‍ സമ്മാനിക്കുന്ന സംഘര്‍ഷങ്ങള്‍ മറ്റാരേക്കാളും അനുഭവിച്ചറിയുന്നവനാണ് കവി.
പ്രദര്‍ശനപരതയില്‍ നിന്നെല്ലാം അകന്ന് അരനൂറ്റാണ്ടുകാലമായി കവിതാരചനയില്‍ മുഴുകിക്കൊണ്ടിരുന്ന സുകുമാര്‍ അണ്ടലൂരിന് ഒരു അവതാരികാകാരന്‍ അനാവശ്യമാണ്. അഞ്ചു ദശകങ്ങളായി താനും കവിതയും തമ്മിലുള്ള ജൈവബന്ധം അക്ഷരാര്‍ത്ഥത്തില്‍ നിലനിര്‍ത്തുന്ന സുകുമാര്‍ തലശ്ശേരിയിലെ പുത്തന്‍ തലമുറയ്ക്ക് അപരിചിതന്‍ തന്നെയാവാം. തലശ്ശേരിക്കും ഈ ദശകങ്ങളില്‍ തിരിച്ചറിയാന്‍ പറ്റാത്തവിധം ഭാവപരിണാമം സംഭവിച്ചിട്ടുണ്ട്. അനുഗൃഹീതനായ ഒരു കവി എന്ന നിലയ്ക്ക് സുകുമാര്‍ തലശ്ശേരിയില്‍ കൊണ്ടാടപ്പെട്ടിട്ടില്ല.

സമാഹരിച്ചു പറഞ്ഞാല്‍ മാതൃതുല്യമായ മൈത്രീഭാവനയാണ് ഈ കവിയുടെ മൂലധനം. മരണവും ജീവിതവും ഭോഗവും വിരക്തിയും ഇരുളും വെളിച്ചവുമെല്ലാം തോളുരുമ്മി നില്‍ക്കുന്ന ഒരു വിസ്മയ ലോകമാണ് സുകുമാറിന്റേത്. ഈ ലോകത്തിന് ചാലകശക്തി കൊടുക്കുന്ന മൈത്രീഭാവന അനന്തരൂപങ്ങളായി നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മുന്‍നിരയില്‍ മാതൃസ്‌നേഹം തന്നെ. നമ്മില്‍ തന്നെയുള്ള മാതൃഭാവത്തിന്റെ സൂക്ഷ്മപ്രകാശമാണ് കവിത എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം എനിക്കു പറയാനാവും. ഒരുവേള എല്ലാം വിഴുങ്ങാന്‍ പാകത്തില്‍ വാപിളര്‍ന്ന് ഉദ്വിഗ്‌നത നിങ്ങളെ നിലംപരിചാക്കിയെന്ന് വരാം. ആസന്നമരണത്തെപ്പറ്റിയുള്ള ആകുലതകളല്ല, മരണത്തെത്തന്നെ മുഖാമുഖം അനുഭവിക്കുമ്പോഴുള്ള ഭീകരതകള്‍ നിങ്ങളെ വലയം ചെയ്‌തെന്നു വരാം. എന്നാല്‍, അത്ഭുതങ്ങളില്‍ അത്ഭുതം, എവിടെയോ വെച്ച് മരണത്തിന്റെ കളം വീണ്ടും പ്രാണന്റെ കളിക്കളമാവുന്നത് നാം കാണുന്നു. ഒരു തരത്തില്‍ തന്റെ തന്നെ ശവദാഹത്തിലൂടെയെന്നപോലെ സ്വജീവിതം താണ്ടിയ നിങ്ങളുടെ തന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു സാക്ഷ്യം വഹിക്കാനും നിങ്ങള്‍ക്കാവുന്നു. ('ശരറാന്തല്‍' എന്ന കവിത)

കറുത്ത ശക്തികള്‍ ഏറെയുണ്ട്. എന്നാല്‍ ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താന്‍ ആര്‍ക്കുമാവില്ല എന്ന അറിവ് ഒരു ഊര്‍ജ്ജസ്രോതസ്സായി സുകുമാറിന്റെ സൗന്ദര്യാനുഭവത്തെ എല്ലായ്‌പോഴും ദീപ്തമാക്കുന്നു. 
ഈ ഊര്‍ജ്ജ സ്രോതസ്സ് നൂറ്റാണ്ടുകളായി കവി ഹൃദയത്തിനു ചാലകശക്തി സമ്മാനിച്ചുകൊണ്ടിരിക്കുന്നു. നാലു ദശകങ്ങള്‍ക്കു മുന്‍പ് ആദ്യമായി മാധവിക്കുട്ടിയെ പരിചയപ്പെട്ടപ്പോള്‍ മുഖവുരയില്ലാതെ തന്നെ തന്റെ വായനയെപ്പറ്റി അവര്‍ പറഞ്ഞതോര്‍മ്മയുണ്ട്. അടുത്തകാലത്ത് തന്നെ ആകര്‍ഷിച്ചത് സച്ചിദാനന്ദന്റെ 'ആസന്നമരണ ചിന്തകളാ'ണെന്ന് മാധവിക്കുട്ടി പറഞ്ഞു. 

സുകുമാര്‍ ആണ്ടല്ലൂരിന്റെ ഒരു പഴയകാല ചിത്രം


നമുക്കോര്‍ക്കാം: ക്രമാനുഗതമായി പിന്നീട് മരണം തന്റെ മറ്റേപ്പാതി കണക്ക് കവയിത്രിയുടെ സ്വത്വവുമായി കെട്ടുപിണഞ്ഞു കിടന്നു. എന്നാല്‍, ഓരോ മരണാനുഭവത്തേയും ഓരോ സര്‍ഗ്ഗമുഹൂര്‍ത്തമാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. സര്‍ഗ്ഗഭാവനയിലൂടെ ശരീരത്തിന്റെ കല്‍ഭിത്തി തകര്‍ക്കാനും മതത്തിന്റെ ചുവരുകളെ ഭസ്മമാക്കാനും അവിടവിടെ പതിയിരുന്ന കറുത്ത ശക്തികളുടെമേല്‍ ആവിഷ്‌കാരത്തിലൂടെ ജയം നേടാനും പീഡാനുഭവത്തില്‍ ജീവിക്കാനും മരിക്കാനും ആവിഷ്‌കാരത്തിന്റെ മാന്ത്രികാനുഭവങ്ങളിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കാനും അവര്‍ക്കു കഴിഞ്ഞു.

ഗര്‍ത്താനുഭവത്തെ സൗന്ദര്യാനുഭവമാക്കുന്ന രാസവിദ്യ മാധവിക്കുട്ടിയെപ്പോലെ സുകുമാറും സ്വായത്തമാക്കിയിട്ടുണ്ട്. മൃത്യുസന്ധിയുടെ സര്‍ഗ്ഗമാനങ്ങളെക്കുറിച്ച് ആകര്‍ഷണീയമായ രീതിയില്‍ ഉപന്യസിച്ചത് ലോര്‍ക്കയാണ്. സമ്പന്നമായ മൃത്യുബോധത്തെ ലോര്‍ക്ക നാമകരണം ചെയ്യുന്നത് Duend a എന്നാണ്. ജീവിതത്തിന്റെ മറനീക്കിയാല്‍ നമുക്കു കാണാനാവുന്നത് മരണത്തിന്റെ മുഖമാണ്. ഏറെക്കാലും മരണവുമായി സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞ കവിയാണ് സുകുമാര്‍ എന്നത് അതിശയോക്തി ഇല്ലാതെ തന്നെ പറയാനാവും. ഈ സഹവര്‍ത്തിത്വം എന്നാല്‍ നരകാനുഭവത്തിലേക്കല്ല കവിയെ തള്ളിവിടുന്നത് എന്നത് സുപ്രധാനമായ കാര്യമാണ്. അനന്യമായ തന്റെ ഹാസ്യബോധത്തെ പിന്‍പറ്റിക്കൊണ്ട് യമദേവനെ നിരായുധനാക്കാന്‍ പാകത്തിലുള്ള ഹാസ്യബോധം സുകുമാര്‍ ഭാവകല്പന ചെയ്‌തെടുക്കുന്നുണ്ട് ('കരിവേഷം' എന്ന കവിത). സുകുമാര്‍ മരണദേവനു മുന്‍പില്‍ മുട്ടുമടക്കാന്‍ കൂട്ടാക്കുന്നില്ല. സാധാരണഗതിയില്‍ മൃത്യുസന്ധിയില്‍നിന്നും ആത്മനിന്ദയിലേക്കുള്ള ദൂരം തീരെ ചെറുതാണ്. എന്നാല്‍ ആത്മനിന്ദ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു കവിയാണ് സുകുമാര്‍. ഒരു സാമ്പ്രദായിക മിസ്റ്റിക് ആവാതെ തന്നെ മൃത്യുവാഞ്ഛയില്‍നിന്നും സ്വാതന്ത്ര്യാനുഭവത്തിലേക്കുള്ള പാതയാണ് സുകുമാര്‍ സ്വപ്നം കാണുന്നത്. 
''പച്ചയാണ് ഈ കവിയുടെ വര്‍ണ്ണം'' സുകുമാറിന്റെ സംവേദനക്ഷമതയെ മുന്‍നിര്‍ത്തിയുള്ള എം.എന്‍. വിജയന്‍ മാഷുടെ നിരീക്ഷണത്തില്‍ ശ്രദ്ധേയമാണ്. മാഷ് തുടരുന്നു: ''തന്നില്‍ വന്നു വീഴുന്ന അനുഭവരേണുക്കളെയെല്ലാം അദ്ദേഹം ഈ നിറത്തിലേക്കു പരിഭാഷപ്പെടുത്തുന്നു. വിദ്യാര്‍ത്ഥികളുടെ രോഷാകുലദശകത്തില്‍ക്കൂടി കടന്നുപോകുമ്പോഴും അനുഭവങ്ങള്‍ക്കു ഈ നിറമാറ്റം സംഭവിക്കുന്നു. അനുഭവമില്ലാഞ്ഞോ ജീവിതമില്ലാഞ്ഞോ അല്ല ഇത്. അതിനെ ചിത്രീകരിക്കാന്‍ തിരഞ്ഞെടുത്ത മഷിയുടെ വര്‍ണ്ണം പച്ചയായതുകൊണ്ടാണ്. അസ്തിത്വത്തിന്റെ താപമര്‍ദ്ദങ്ങളളക്കുവാന്‍ തന്റെ മാപിനിയില്‍ സ്‌നേഹരസം നിറച്ചതുകൊണ്ടാണ്. അപ്പോള്‍ ഒരേ വര്‍ണ്ണത്തിന്റെ ഭേദങ്ങള്‍ വര്‍ണ്ണഭേദങ്ങളായി അനന്തവര്‍ണ്ണങ്ങളായിത്തീരുന്നു. ചരിത്രമെന്നതുപോലെ ജീവചരിത്രവും യുദ്ധം കൊണ്ടും ദുഃഖം കൊണ്ടും സ്‌നേഹം കൊണ്ടും എഴുതപ്പെടുന്നു.'' തുടര്‍ന്ന് ഒരു ഐതിഹാസിക കാലഘട്ടത്തില്‍ ജീവിച്ചുകൊണ്ട് സ്‌നേഹത്തിന്റെ വിപര്യയങ്ങള്‍കൊണ്ട് കാലത്തിന്റെ ചരിത്രമെഴുതാന്‍ വെമ്പിയ ചങ്ങമ്പുഴയെ വിജയന്‍ മാഷ് പരാമര്‍ശിക്കുന്നു. ''സുകുമാറും കാലത്തെ അളക്കുന്നത് തന്റെ ഹൃദയത്തിന്റെ സ്പന്ദങ്ങള്‍ കൊണ്ടാണ്. ശ്വാസനിശ്വാസങ്ങള്‍കൊണ്ടാണ്. തുടിപ്പുകളും കിതപ്പുകളും നെടുവീര്‍പ്പുകളുമായി അവ ഒരു പുതിയ ലോകം സൃഷ്ടിക്കുന്നു.''
സുകുമാറിന്റെ പല സിദ്ധികളും വിജയന്‍ മാഷുടെ അപഗ്രഥനത്തിന് വിധേയമാകുന്നുണ്ട്. ''ജീവിതത്തോട് ഒരു കലാകാരനുണ്ടായിരിക്കേണ്ട ഇഴുക്കം മാത്രമല്ല അകല്‍ച്ചയും സുകുമാറിനുണ്ട്. അനുഭവലഹരിയില്‍ മുങ്ങിച്ചാകാതെ അതിനെ തന്റെ വാഹനമാക്കുവാന്‍, തരംഗങ്ങളെ കുതിരകളാക്കുവാന്‍ കവിക്ക് കഴിയുന്നു.'' ഈ കരവിരുതും സുകുമാറിന്റെ സഹജമായ ധര്‍മ്മബോധവും കെട്ടുപിണഞ്ഞുകിടക്കുന്നു. 

എം.എന്‍. വിജയന്‍ മാഷ് സുകുമാറിന്റെ ദാര്‍ശനികതയെ അപഗ്രഥിച്ചെഴുതിയത് മൂന്നു ദശകങ്ങള്‍ക്കു മുന്‍പാണ്. മാഷ് ഇന്നില്ല. തൊണ്ണൂറുകളില്‍ തന്റെ ശിഷ്യനായിരുന്ന സുകുമാറിനെപ്പോലെത്തന്നെ വിജയന്‍ മാഷും കാലത്തെ അളന്നത് തന്റെ ഹൃദയത്തിന്റെ സ്പന്ദങ്ങള്‍ കൊണ്ടാണ്. മാഷ്‌ക്ക് അതിന് വലിയ വില കൊടുക്കേണ്ടിവന്നു. എങ്കിലും അന്ത്യം വരെ പോരാടി. അവബോധത്തിന്റെ അള്‍ത്താരയിലെ ഒരു രക്തസാക്ഷിയായാണ് വിജയന്‍ മാഷ് സഹൃദയ ലോകത്തോട് വിടപറഞ്ഞത്. 
ഒട്ടേറെ മരണാനുഭവങ്ങളെ അതിജീവിക്കാനുള്ള സര്‍ഗ്ഗോര്‍ജ്ജം സുകുമാര്‍ സമ്പാദിച്ചതും ഗുരുമുഖത്തുനിന്നായിരുന്നു. മാഷുടെ സാന്നിദ്ധ്യത്തില്‍ തന്റെ ആഘാതങ്ങളെ കാവ്യമുഹൂര്‍ത്തങ്ങളാക്കി വിരിയിച്ചെടുക്കാന്‍ സുകുമാറിനു കഴിഞ്ഞു. അവബോധത്തിന്റെ തറവാട്ടിലെ ചില വിശിഷ്ടാംഗങ്ങളുമായുള്ള സുകുമാറിന്റെ സഹവര്‍ത്തിത്വവും ഈ സന്ദര്‍ഭത്തില്‍ പഠനാര്‍ഹമാണ്. 
മാതൃഭൂമി ആഴ്ചപ്പതിപ്പ് അസി. എഡിറ്റര്‍ ആയിരുന്ന ജി.എന്‍. പിള്ളയുടെ അരുമ കവിയായിരുന്നു സുകുമാര്‍. ഹരിതവര്‍ണ്ണം തന്നെ ഭൂമിയില്‍നിന്നും അപ്രത്യക്ഷമാവുന്ന ഒരു ദശാസന്ധിയില്‍ സുകുമാറിന്റെ മുഴക്കമുള്ള ഹരിതഭാവനയ്ക്ക് താങ്ങും തണലുമായി വര്‍ത്തിച്ചത് പിള്ള സാറായിരുന്നു. ഇന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന് ഒരു പൊയറ്റ്‌റി എഡിറ്ററുടെ ആവശ്യമുണ്ട്. ഇടക്കാലത്ത് പാലൂരിന്റെ കവിതപോലും തിരിച്ചയക്കപ്പെട്ടു എന്നാണ് കേള്‍വി. തീര്‍ച്ചയായും ഇന്നത്തെ മാതൃഭൂമിക്ക് സുകുമാറും അനഭിമതനാവുന്നു. അതിരിക്കട്ടെ, ഒരു കാര്യം തീര്‍ച്ചയാണ്, തന്റെ ജീവിതത്തിന് എക്കാലവും സുകുമാര്‍ സാധൂകരണം കണ്ടെത്തിയത് കവിതയിലൂടെയാണ്. ഒരുകാലത്തെ പത്രാധിപന്മാര്‍ തന്റേടികളായ കവികളെ സൃഷ്ടിച്ചെടുത്തിരുന്നു. ഇന്നത്തെ പത്രാധിപന്മാരുടെ ജീവിതത്തിനുതന്നെ സര്‍ഗ്ഗതലത്തില്‍ ഒരു സാധൂകരണവും ഇല്ലാതെ പോവുന്നു. ദലാല്‍ സ്ട്രീറ്റിലും വാള്‍ സ്ട്രീറ്റിലും കണ്ണും നട്ടിരിക്കുന്ന മാധ്യമ രാക്ഷസന്മാരാണ് നമുക്കു ചുറ്റും. പുതിയ പത്രാധിപന്മാര്‍ അവരുടെ മസ്തിഷ്‌ക ശിശുക്കളാണ്. 

 സുകുമാറിന്റെ 'മൃത്യുസന്ധികളില്‍' എന്ന കവിതയുടെ തുടക്കം തന്നെ ഒരു ചോദ്യമാണ്. ''മൃത്യുസന്ധികളില്‍ നിലാവ് പെയ്യുമോ'' തുടര്‍ന്ന് ''സംശയം വേണ്ട, നിലാവു പെയ്യും'' എന്ന കവിയുടെ കാല്പനിക ഉത്തരം നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. ഈ ഉത്തരം ക്രമാനുഗതമായി ഒരു ചോദ്യമായിത്തന്നെ കലാശിക്കുന്നു. സാത്താന്മാരുടെ അഴിഞ്ഞാട്ടത്തില്‍ ഭൂമി ഒരു നരകമായി മാറുന്നു. കവി പാടുന്നു. ''ഭൂമി ഇനി ആര്‍ദ്ര ഹൃദയങ്ങള്‍ക്ക് തുടികൊട്ടുവാനുള്ളതേയല്ല. നരഭോജികള്‍ക്ക് ഇവിടം സ്വച്ഛന്ദ വിഹാരരംഗം.''
ഇന്നത്തെ ഇന്ത്യന്‍ തെരുവുകളുടെ വഞ്ചനാത്മകമായ തിളക്കം മനസ്സിലേക്ക് വരുന്നു. ''വരുവിന്‍, തിന്നുവിന്‍, കുടിക്കുവിന്‍'' എന്നിങ്ങനെ ഭോഗപരതയില്‍ തങ്ങളെത്തന്നെ കുഴിച്ചുമൂടുന്ന ഷോപ്പിങ്ങ് മാള്‍ മനുഷ്യര്‍! വ്യവസ്ഥാപതിത്വം ആസൂത്രിതമായി ഉല്‍പ്പാദിപ്പിച്ചെടുക്കുന്ന കാര്‍ണിവലുകള്‍! ഒരു തരത്തിലുള്ള കപട സുഭിക്ഷത സമ്മാനിക്കുന്ന ആത്മസംതൃപ്തി, ഫലത്തില്‍ അവബോധത്തിന്റെ ഘാതകനായി പരിണമിക്കുന്നു. മറുവഴിയില്ലാതെ മരണവുമായി രാജിയാവുന്ന മനുഷ്യര്‍. ജീവിതം സുകുമാറിന്റെ ഭാഷയില്‍ ''കഴുകന്മാരുടെ സ്വച്ഛന്ദവിഹാര രംഗമായി പരിണമിച്ചിരിക്കുന്നു.''
ഒരു വലിയ കാലയളവോളം മരണവുമായി നീണ്ടുനിന്ന സംവാദമായിരുന്നു സുകുമാറിന്റെ ജീവിതം. അക്ഷരാര്‍ത്ഥത്തില്‍ കത്തിയുടെ വായ്ത്തലമേലുള്ള യാത്ര. ഓരോ ഗര്‍ത്താനുഭവവും എന്നാല്‍, ശക്തമായ കാവ്യബിംബമായി സുകുമാറിന്റെ കവിതയില്‍ പരിണമിക്കുന്നു. 'കരിവേഷം' എന്ന കവിത ഒരു ഘോരാനുഭവത്തിന്റെ ബാക്കിപത്രമാണ്. മരണം ഇവിടെ ഒരു കേട്ടുകേള്‍വി അല്ല തന്നെ. ഒരു തരത്തില്‍ മരണം തന്നെ വന്ന് തന്റെ വാതില്‍ക്കല്‍ മുട്ടുന്നു. മരണം വന്നു മുട്ടിവിളിച്ചപ്പോള്‍ അതിനകമ്പടി സേവിച്ച് അസാധാരണ അനുഭവപരമ്പരകളിലൂടെ കടന്നുപോയ എമിലി ഡിക്കിന്‍സണ്‍ ഓര്‍മ്മയില്‍ വരുന്നു. അത്തരമൊരു യാത്രയ്ക്ക് സുകുമാര്‍ തയ്യാറില്ല. ജീവിതസവാരി തുടങ്ങിയതേ ഉള്ളൂ. മരിക്കാന്‍ നേരമായിട്ടില്ല എന്ന് തീര്‍ത്തു പറഞ്ഞ് മരണത്തിനു മുന്നില്‍ വാതില്‍ കൊട്ടിയടക്കുകയാണ് കവി. 

ആവിഷ്‌കാരത്തിലൂടെ മരണത്തെ ജയിച്ച കവിയാണ് സുകുമാര്‍. നമ്മില്‍ പലരും മരണവുമായി രാജിയാവുമ്പോള്‍, തന്റെ അവബോധത്തിന്റെ മിന്നലാട്ടത്തില്‍ കവി മരണത്തെ ജയിക്കുന്നു. ''ശ്രദ്ധാലുവിന് മരണമില്ല'' എന്നു ധര്‍മ്മപദത്തില്‍ ബുദ്ധന്‍ നിരീക്ഷിക്കുന്നത് കാണാം. ശ്രദ്ധാലുക്കളായ സമകാലിക കവികളുടെ മുന്‍നിരയില്‍ത്തന്നെ സുകുമാര്‍ ഉണ്ട്. 

ബോധത്തിന്റെ ഐന്ദ്രജാലിക ലീലകള്‍ അത്ഭുതത്തിന് വകയാണ്. ബോധത്തിന്റെ ഛന്ദസ്സില്‍ വിരിഞ്ഞ സമസ്യയാണ് ജീവിതം. ബോധം അനന്തരൂപങ്ങള്‍ എടുക്കുന്നു. തന്റെയും സഹജീവികളുടേയും ബോധത്തെ അഥവാ അതിന്റെ ഗതിവിഗതികളെ ആലേഖനം ചെയ്യുന്നവനാണ് കവി. മനുഷ്യവംശത്തിന്റെ ആന്റിനകളാണ് കവികള്‍ എന്ന എസ്രാ പൗണ്ടിന്റെ വചനം ഓര്‍ക്കുക. 

പൗണ്ടിന്റെ നിരീക്ഷണത്തിലേക്കുതന്നെ വരിക. പൗണ്ടിനുശേഷം ഭൂമിയില്‍ കടന്നുകൂടിയ എലക്ട്രോണിക് ആന്റിനകള്‍ കവിയുടെ പ്രകൃതിദത്തമായ ആന്റിനയെ വകവരുത്തിയ മട്ടുണ്ട്. കല ഇന്ന് ആവിഷ്‌കാരമല്ല, ആവിഷ്‌കാരത്തിന്റെ പാരഡിയാണ്. ജീവിതം പോലും ഇന്നു ഒരു പാരഡിയായി മാറിക്കഴിഞ്ഞിരിക്കുന്നു. അനുഭവപരമ്പരകളെ അവബോധത്തിന്റെ രാസവിദ്യയിലൂടെ തീമൊഴികളാക്കുന്ന കല ഇന്ന് അപ്രസക്തമാക്കപ്പെട്ടിരിക്കുന്നു. 
ജീവിതം-അവബോധം = ജാഡ്യതയാണ്. ഈ ജാഡ്യതയാണ് ഇന്നു കമ്പോളത്തെ നിലനിര്‍ത്തുന്നത്. 
സുകുമാര്‍ നിരന്തരമായിത്തന്നെ ജാഡ്യതയുമായി ഏറ്റുമുട്ടിയ കവിയാണ്. പരമ്പരാഗതമായി കവിത നിര്‍വ്വഹിച്ചു പോന്ന ഒരു ദൗത്യമുണ്ട്. മനുഷ്യമനസ്സിനെ കാര്‍ന്നു തിന്നുന്ന ജാഡ്യതയെ എതിര്‍ത്തു തോല്‍പ്പിക്കുക എന്നതാണത്. ജാഡ്യത മരണമാണ്. രാക്ഷസീയ രൂപങ്ങള്‍ കൈക്കൊണ്ട് ജാഡ്യത മനുഷ്യനെ വിഴുങ്ങാറുണ്ട്. എന്തോ ഒരു ജാലവിദ്യയില്‍ കവി ജാഡ്യതയുടെമേല്‍ വിജയം നെടുന്നത് വീണ്ടും വീണ്ടും നമുക്കു കാണാം. 
ആകുലതകളായ ആകുലതകളെയെല്ലാം നെയ്‌തെടുക്കുന്ന മനസ്സ് വീണ്ടും വീണ്ടും നരകത്തിലെത്താറുണ്ട്. ഒരിക്കല്‍പോലും താന്‍ ശപ്തനാണ് എന്ന ബോധം സുകുമാറിനെ എന്നാല്‍ തീണ്ടിയിട്ടില്ല. നരക ദര്‍ശനങ്ങള്‍ ഇവിടെ അനവധിയാണ്. എന്നാല്‍ എന്തോ ഒരു കൃപയാല്‍ മറുകരയിലെ സന്തുലിതാവസ്ഥയിലേക്കു കവി ചേക്കേറുന്നതായി കാണാം. 
''ചോദിച്ചതേയില്ല

ഞാനൊരു നെന്മണി 

ദയാമയന്‍ തന്നതീ-

സ്വര്‍ണ്ണംവിളഞ്ഞ നെല്‍-

പ്പാടങ്ങളത്രയും''
('ദയാമയന്‍')

(സുകുമാര്‍ അണ്ടലൂരിന്റെ 'മൃത്യുസന്ധികളില്‍ നിലാവ് പെയ്യുമ്പോള്‍' എന്ന കൃതിയുടെ അവതാരിക)