നിരത്തുകള്‍ കടന്ന് കുന്നിന്‍ നെറുകയിലേയ്ക്ക്

By ഡോ. എം. കൃഷ്ണന്‍ നമ്പൂതിരി  |   Published: 22nd December 2018 12:49 PM  |  

Last Updated: 22nd December 2018 12:49 PM  |   A+A-   |  

 

ധുനികതയില്‍നിന്നും ഉത്തരാധുനികതയിലേക്കും സമകാലികതയിലേക്കും സാര്‍വ്വകാലികതയിലേക്കുമുള്ള സഞ്ചാരദൂരം കൃത്യമായി അടയാളപ്പെടുത്തിപ്പോകുന്ന കഥകളാണ് എം. മുകുന്ദന്റെ രചനാലോകത്തുള്ളത്. 1962 ആഗസ്റ്റ് 11-ന് മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'നിരത്തുകള്‍' (ഈ കഥ മുകുന്ദന്റെ കഥാസമാഹാരങ്ങളിലൊന്നും ചേര്‍ന്നു കാണുന്നില്ല) തുടങ്ങി 2018 ഒക്ടോബര്‍ 29 സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകൃതമായ 'കുന്നും കിറുക്കനും' വരെയുള്ള നൂറ്റിയെണ്‍പതോളം ചെറുകഥകള്‍ നവകേരളത്തിന്റെ സാംസ്‌കാരിക ചരിത്രം കൂടിയാകുന്നുണ്ട്. 'ആകാശത്തിനു ചുവട്ടില്‍' (1969) മുതല്‍ 'കുട നന്നാക്കുന്ന ചോയിയും' (2015) 'നൃത്തം ചെയ്യുന്ന കുടകളും' (2017) വരെയുള്ള മുപ്പതു നോവലുകള്‍ (ലഘുനോവലുകള്‍ അടക്കം) കൂടി പരിഗണിച്ചാല്‍ ഒരു നൂറ്റാണ്ടുകാലത്തെ ഇന്ത്യയുടെ തന്നെ രാഷ്ട്രീയ - സാമൂഹിക - സാമ്പത്തിക - സാംസ്‌കാരിക പരിണതികളെ മുകുന്ദന്റെ എഴുത്തുലോകം അഭിസംബോധന ചെയ്യുന്നുണ്ടെന്നു പറയാം. 'നൃത്തം', 'പ്രവാസം' തുടങ്ങിയ  നോവലുകളാകട്ടെ, പ്രാദേശികതയേയും ദേശാന്തരീയതയേയും ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് ജീവിതാഖ്യാനത്തിന്റെ  സ്ഥലകാല പശ്ചാത്തലത്തെ വിപുലവും വിചിത്രവുമാക്കി നിര്‍ത്തുന്നു. അങ്ങനെ കഥയിലും നോവലിലും നിരന്തരം പരിണതികളും പരീക്ഷണങ്ങളും സാധ്യമാക്കിക്കൊണ്ട് ആഖ്യാനരൂപത്തിന്റെ അതിര്‍വരമ്പുകളെ എം. മുകുന്ദന്‍ മാറ്റിവരച്ചുകൊണ്ടിരിക്കുന്നു. 

നിരത്തുകള്‍ കടന്ന് കുന്നിന്‍ നെറുകയിലേക്ക്
മലയാള സാഹിത്യത്തിലെ ആധുനികതയുടെ ആരംഭകാലത്താണല്ലോ എം. മുകുന്ദന്റെ ആദ്യകഥയായ 'നിരത്തുകള്‍' അച്ചടിച്ചു വരുന്നത്. വിശ്വാസത്തകര്‍ച്ചയുടേയും നിരാശയുടേയും കാലഘട്ടമായി ആധുനികതയെ പലരും വിലയിരുത്തിയിട്ടുണ്ട്. തിരസ്‌കാരവും നിഷേധവും അടിസ്ഥാന വാസനയായി കൊണ്ടുനടന്നിരുന്ന യുവതയെ ആധുനികതയില്‍ നാം കണ്ടുമുട്ടുന്നു. അത്തരം ഒരു കഥാനായകനെ അവതരിപ്പിച്ചുകൊണ്ടാണ് മുകുന്ദന്‍ കഥയെഴുത്തിലേക്കു വരുന്നത്. നിരത്തുകളിലും തെരുവുകളിലും ലക്ഷ്യബോധമില്ലാതെ അലഞ്ഞുനടക്കുന്ന അയാള്‍ സ്വയം ഏകാകിയും അന്യനും അപരിചിതനുമായി കഴിയാന്‍ വിധിക്കപ്പെട്ടിരിക്കുന്നവനാണ്. ഭക്ഷണം, വസ്ത്രം, താമസം, വിനോദം എന്നിങ്ങനെ എല്ലാ ജീവിതാവശ്യങ്ങള്‍ക്കും അമ്മയോടു പണം ഇരന്നുവാങ്ങുകയാണ് അയാള്‍. തൊഴില്‍ ചെയ്ത് സ്വന്തം കാര്യങ്ങള്‍ പോലും നിവര്‍ത്തിക്കാന്‍ തയ്യാറാകാത്ത ചെറുപ്പക്കാരന്‍ അലസതയുടെ നിത്യപ്രതീകമാണ്. പൊരുത്തക്കേടുകളും വൈരുദ്ധ്യവുമൊക്കെ എവിടെയും അനിവാര്യമാണെന്ന തത്ത്വചിന്തകൊണ്ട് സ്വന്തം ജീവിതത്തെ സാധൂകരിക്കാന്‍ ശ്രമിക്കുന്ന ഈ ചെറുപ്പക്കാരന്‍ ആധുനികതയുടെ പ്രതിനിധിയാണ്. നിഷ്‌കര്‍മണ്യത, ലക്ഷ്യബോധമില്ലായ്മ, ആത്മവിശ്വാസമില്ലായ്മ, അപകര്‍ഷത, ആത്മപുച്ഛം, പരപീഡനം, നിഷേധവാസന എന്നിവയെല്ലാം 'നിരത്തുകളി'ലെ നായക കഥാപാത്രത്തില്‍ മുകുന്ദന്‍ പകര്‍ത്തിവച്ചിട്ടുണ്ട്. 

മുകുന്ദന്റെ പില്‍ക്കാല കഥാ - നോവല്‍ നായകന്മാരിലെല്ലാം തന്നെ ആദ്യകഥയിലെ നായകപാത്രത്തിന്റെ പകര്‍ന്നാട്ടം കാണാവുന്നതാണ്. അതുപക്ഷേ, വാര്‍പ്പുമാതൃകാരീതിയിലല്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. ആധാരശിലയില്‍നിന്നും പടുത്തുയര്‍ത്തുന്ന വാസ്തുശില്പം പോലെയും വിത്തില്‍നിന്നും മുളപൊട്ടി പടര്‍ന്നു പന്തലിക്കുന്ന വടവൃക്ഷം പോലെയും അടിമുടി പരിണാമരമണീയമാണ് മുകുന്ദന്റെ എഴുത്തുലോകം. 
1962-ലെ 'നിരത്തുകളി'ല്‍നിന്നും 2018-ലെ 'കുന്നും കിറുക്കനും' കഥയിലേക്കുള്ള 56 വര്‍ഷത്തിന്റെ ദൂരം ചെറുതല്ല. അരനൂറ്റാണ്ടുകാലം പിന്നിട്ട മുകുന്ദന്റെ എഴുത്തുജീവിതം മലയാളിയുടെ സാംസ്‌കാരിക ജീവിതചരിത്രം കൂടിയാകുന്നുണ്ട്. ആധുനികതയും അടിയന്തരാവസ്ഥയും പരിസ്ഥിതിബോധവും കീഴാള രാഷ്ട്രീയവും സ്ത്രീസ്വത്വവാദവും ആഗോളവല്‍ക്കരണവും സ്വതന്ത്ര ലൈംഗിക സങ്കല്പവും കേരളത്തിന്റെ സാമൂഹ്യജീവിതത്തിലും ചിന്താമണ്ഡലത്തിലും ഉണ്ടാക്കിയ മാറ്റങ്ങളെ അതാതു കാലത്തെ മുകുന്ദന്‍ കഥകള്‍ അടയാളപ്പെടുത്തിപ്പോകുന്നുണ്ട്. എപ്പോഴും

എം മുകുന്ദന്‍

സമകാലിക(Contemporary)മായിരിക്കുക എന്നത് ഈ കഥകള്‍ക്ക് നിത്യഹരിത സങ്കല്പം ചാര്‍ത്തിക്കൊടുക്കുന്നു. കേവലം റിയലിസത്തിന്റെ ആഖ്യാനതന്ത്രം കൊണ്ടല്ല, സ്വയം നവീകരണത്തിന്റെ ആന്തരികേച്ഛകൊണ്ടാണ് മുകുന്ദനിലെ കഥാപ്രതിഭ കാലത്തോടും ലോകത്തോടും ജീവിതത്തോടും ചേര്‍ന്നുനില്‍ക്കുന്നത്. ഒ.വി. വിജയനോടും കാക്കനാടനോടും ഒപ്പം എഴുതിയിരുന്ന മുകുന്ദന് ഏറ്റവും പുതിയ തലമുറയിലെ വിനോയ് തോമസിനോടും അമലിനോടും ഒപ്പവും കഥകളെഴുതി വിസ്മയിപ്പിക്കാന്‍ കഴിയുന്നത് മേല്പറഞ്ഞ സ്വയം നവീകരണക്ഷമത ഒന്നുകൊണ്ടുതന്നെയാണ്. 'ദിനോസറുകളുടെ കാലം', 'അച്ഛന്‍', 'സന്ത്രാസം', 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ', 'അപ്പന്റെ ബ്രാണ്ടിക്കുപ്പി' തുടങ്ങി 'കുന്നും കിറുക്കനും' വരെയുള്ള കഥകള്‍ ഉത്തരാധുനികതയുടെയും സമകാലികതയുടെയും ആഖ്യാന മാതൃകകളായി നമുക്കു മുന്നിലുണ്ട്. 'നിരത്തുകളി'ലെ സമതലഭൂമിയില്‍നിന്നും  'കുന്നും കിറുക്കനും' കഥയിലെ കുന്നിന്റെ നെറുകയില്‍ കാഴ്ചകളിലേക്ക് മലയാള കഥയും വളരുകയാണ്. 

'കുന്നും കിറുക്കനും' ചില നേര്‍ക്കാഴ്ചകള്‍ 
സ്വയം അന്യനും അപരിചിതനും നിഷേധിയും നിരാശിതനുമായ ആധുനിക കഥാനായകനില്‍നിന്നും ജീവിതാസക്തനും പരിസ്ഥിതിവാദിയും ആഗോളവല്‍ക്കരണ നിഷേധിയും സ്വതന്ത്ര ലൈംഗികതാവാദിയുമായ  വര്‍ത്തമാനകാല മനുഷ്യനിലേക്കുള്ള സ്വത്വപരിണാമമാണ് 'കുന്നും കിറുക്കനും' കഥയിലെ വിഷ്ണുദാസന്‍ പ്രതിനിധാനം ചെയ്യുന്നത്. കൂത്തുപറമ്പിനെക്കാള്‍ വളരെ ചെറിയ ഒരു ടൗണില്‍ ഭാര്യ സത്യവതിയും രണ്ടു മക്കളുമായി സാധാരണജീവിതം നയിച്ചുപോരുന്നയാളാണ് വിഷ്ണുദാസന്‍. അടുത്ത നഗരത്തിലെ ലേഡീസ് ഹോസ്റ്റലില്‍ താമസിച്ചുവരുന്ന ഹൈമവതിയുമായി ഉടല്‍ പങ്കുവച്ചുകൊണ്ടുള്ള സ്വകാര്യ സ്വതന്ത്ര ജീവിതവും അയാള്‍ക്കുണ്ട്. ടൗണ്‍ തന്നെയെങ്കിലും കുന്നും നെല്‍വയലുകളും തോടുകളും ഉള്ള ആവാസദേശം വിഷ്ണുദാസനെ ഒരു പ്രകൃതിസ്‌നേഹിയാക്കി മാറ്റുന്നു. മരങ്ങളും പൊന്തക്കാടുകളും നീര്‍ച്ചോലകളും ഹരിതാര്‍ദ്രമാക്കുന്ന കുന്നിനോടും രതിവാസനകളുടെ ഉന്മാദലഹരിയുണര്‍ത്തുന്ന ഹൈമവതിയോടും അയാള്‍ക്ക് ഭ്രാന്തമായ പ്രണയമാണുള്ളത്. കുന്നിന്റെ പച്ചപ്പു മുഴുവന്‍ പകര്‍ത്തിയെടുക്കാനായി ക്യാമറ വാങ്ങുകയും തികഞ്ഞ കലാബോധത്തോടെ കുന്നിനെ ചിത്രങ്ങളിലാക്കുകയും ചെയ്ത വിഷ്ണുദാസന്, കുന്നുതന്നെ ഇല്ലാതായിപ്പോകുന്ന ഒരുകാലത്തിന് സാക്ഷിയാകേണ്ടതായും വരുന്നു. ''കുന്നിന്റെ ഫോട്ടോ പിടിക്കാന്‍ ക്യാമറകള്‍ മാത്രം മതിയോ? കുന്നും വേണ്ടേ...?'' എന്ന വേവലാതിയില്‍പ്പെട്ടു നില്‍ക്കുന്ന വിഷ്ണുദാസനേയും തമ്മില്‍ ചേര്‍ക്കാന്‍ ഉടലുകള്‍ ഇല്ലാതാകുന്ന ഒരു കാലത്തെക്കുറിച്ച് 'അരിക്കറ്യാം' എന്ന സന്ദേഹത്തില്‍പ്പെട്ടുനില്‍ക്കുന്ന ഹൈമവതിയേയും പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ട് 'കുന്നും കിറുക്കനും' കഥ മുകുന്ദന്‍ പൂര്‍ത്തിയാക്കുന്നു. 
സമകാലികതയില്‍ സംവാദവിഷയമായിട്ടുള്ള ചില സാമൂഹ്യപ്രശ്‌നങ്ങളെ കഥയുടെ ശില്പഘടനയ്ക്കുള്ളിലേക്കു കൊണ്ടുവന്ന് ആഖ്യാനത്തിന് ബഹുസ്വരതയുടെ തുറവി (opennes) സൃഷ്ടിക്കുകയാണ് മുകുന്ദന്‍, ഈ കഥയില്‍. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ കേരളത്തിന്റെ ഒട്ടെല്ലാ രംഗങ്ങളിലും വന്നുചേര്‍ന്ന മാറ്റങ്ങളെ ധ്വന്യാത്മകമായി സൂചിപ്പിക്കാനും ആഖ്യാനത്തിലെ ബഹുസ്വരതകൊണ്ടു കഴിയുന്നു. വികസനത്തിന്റേയും പുരോഗതിയുടേയും പേരില്‍ പ്രകൃതിവിഭവങ്ങള്‍ അന്ധമായും അനിയന്ത്രിതമായും ചൂഷണം ചെയ്യുക വഴി വന്നുചേര്‍ന്ന പാരിസ്ഥിതികാഘാതം മലയാളത്തിലെ നിരവധി കഥകളില്‍ പ്രമേയമായിട്ടുണ്ട്. ഒരു കുന്നിന്റെ അതിന്റെ വിപരീതാവസ്ഥകളില്‍ നിര്‍ത്തിക്കൊണ്ട് പ്രകൃതിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമത്തെ മുകുന്ദന്‍ ഈ കഥയില്‍ അഭിവ്യക്തമാക്കുന്നു. കഥയുടെ തുടക്കത്തില്‍ കാണുന്ന കുന്നല്ല അവസാനം നാം കാണുന്നത്. മുന്‍പ്, കുന്നില്‍ നിറയെ മരങ്ങളും വള്ളിപ്പടര്‍പ്പുകളും ഉണ്ടായിരുന്നു. മഴക്കാലം ഇടിയും മിന്നലുമായി വന്നുപോയാല്‍ കുന്നിന്‍ചരിവുകളില്‍നിന്നും നീര്‍ച്ചാലുകള്‍ പൊട്ടിയൊഴുകുമായിരുന്നു. ദൂരെ നെല്‍വയലുകളില്‍നിന്നും നോക്കിയാല്‍ ഒരു പച്ചിലക്കൂമ്പാരം പോലെ തോന്നിക്കുമായിരുന്നു കുന്ന്. പകല്‍നേരത്തും പച്ചച്ച ഇരുട്ട് അവിടെ കനത്തു കിടന്നിരുന്നു. എന്നാല്‍, ഇപ്പോഴാകട്ടെ, കുന്ന് ഒരു മാപ്പിളക്കുട്ടിയുടെ മൊട്ടത്തലപോലെയുണ്ട് എന്നാണ് വിഷ്ണുദാസന്‍ സാദൃശ്യകല്പന നടത്തുന്നത്. വിശപ്പുകൊണ്ട് കുന്നിന്റെ വയര്‍ ഒട്ടി ഉള്ളോട്ടു വലിഞ്ഞിരിക്കുന്നതായും അയാള്‍ കാണുന്നു. മണ്ണും വെട്ടുകല്ലും കൊണ്ടുപോകുന്ന ലോറികളും കുന്നിടിച്ചു നിരത്തുന്ന മണ്ണുമാന്തിയന്ത്രങ്ങളും കുന്നിനെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയില്‍ കുന്നിന്റെ ചിത്രം എടുക്കുന്നതിന് ക്യാമറ പോലും പണിമുടക്കുന്നു. കുന്നിന്റെ പടം പിടിക്കാന്‍ നടക്കുന്ന വിഷ്ണുദാസനും കുന്നിന്‍മുകളിലേക്ക് കല്ലുകള്‍ ഉരുട്ടിക്കയറ്റി താഴേക്കു വിടുന്ന നാറാണത്തുഭ്രാന്തനും ഇനിയുള്ള കാലം റെസ്റ്റ് എടുക്കാം എന്നുള്ള ഹൈമവതിയുടെ നര്‍മ്മഭാഷണത്തില്‍ വലിയൊരു സാമൂഹ്യ യാഥാര്‍ത്ഥ്യമാണുള്ളത് - 'കല്ലുണ്ടാകും. അതുന്തി മോളില് കേറ്റാന്‍ കുന്നുണ്ടാകില്ല' എന്ന യാഥാര്‍ത്ഥ്യം. പരിസ്ഥിതി വിനാശത്തിലേക്കുള്ള അപായസൂചനകളായി വിഷ്ണുദാസന്റെ ആശങ്കകളെ കഥയില്‍ അവശേഷിപ്പിക്കുകയാണ്, മുകുന്ദന്‍. 

കച്ചവട - വിപണി സംസ്‌കാരത്തില്‍ ഉത്തരാധുനിക/ആഗോളവല്‍ക്കൃത കാലത്തിന്റെ കാപട്യവും ലാഭേച്ഛയും കഥയില്‍ ക്യാമറ വില്പനയുമായി ബന്ധപ്പെടുത്തി ചര്‍ച്ചാവിഷയമാകുന്നുണ്ട്. രണ്ടു തലമുറ മുന്‍പുവരെ നെല്ലും അരിയും അടയ്ക്കയും കുരുമുളകും കച്ചവടം ചെയ്തിരുന്ന കുടുംബത്തിലെ പുതുതലമുറയില്‍പ്പെട്ട ഒരാളാണ് ക്യാമറക്കച്ചവടക്കാരനായി കഥയില്‍ വരുന്നത്. നാട്ടിന്‍പുറത്തുള്ള പരമ്പരാഗതമായ ഉല്പന്നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ അതിനിടയില്‍ ചതിയും കബളിപ്പിക്കലും നടക്കില്ല. കാരണം അവ വില്‍ക്കുന്നവനും വാങ്ങുന്നവനും തമ്മില്‍ തിരിച്ചറിയപ്പെടുന്നവരും ഉല്പന്നങ്ങളെക്കുറിച്ച് പൊതുധാരണയുള്ളവരും ആണ് എന്നതാണ്. എന്നാല്‍, ക്യാമറ പോലുള്ള ആഗോള ഉല്പന്നങ്ങള്‍ വിപണനം ചെയ്യുന്നവര്‍ക്കു തമ്മില്‍ പരിചയമോ ബന്ധുത്വമോ ഇല്ല. ഉല്പന്നങ്ങളെക്കുറിച്ചുള്ള സാങ്കേതിക ജ്ഞാനവും ഉണ്ടായിക്കൊള്ളമെന്നില്ല. എല്ലാത്തരത്തിലും അപരിചിതമായ ഒരു വിപണി പരിസരത്തില്‍ ചതിയും കബളിപ്പിക്കലും എളുപ്പമായിത്തീരുന്നു. ''കച്ചോടംന്ന് പറഞ്ഞാല് അതൊരുമാതിരി കബളിപ്പിക്കലാണ്. എങ്കിലേ മ്മക്ക് നാല് കാശ് ഉണ്ടാക്കാന്‍ പറ്റൂ'' എന്നുള്ള വിപണിതന്ത്രം പയറ്റുന്നവനാണ് ആഗോളവല്‍ക്കരണ കാലത്തെ കച്ചവടക്കാരന്‍. പരമ്പരാഗതമായി ചെയ്തുപോന്നിരുന്ന പഴയകാല കച്ചവടം പരിഹാസ്യമായ ഒരു പാഴ്വേലയായേ അയാള്‍ക്കു തോന്നുകയുള്ളൂ. സാമൂഹികാവശ്യങ്ങള്‍ പരസ്പരം നിറവേറ്റുന്ന ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍നിന്നും നാണയവിനിമയ കച്ചവടത്തിലേക്കും പിന്നീട് ലാഭാധിഷ്ഠിത ആഗോളവിപണി സമ്പ്രദായത്തിലേക്കുമുള്ള ഉല്പന്നവിനിമയ വ്യവസ്ഥയുടെ പരിണാമം ഭിന്നകാലങ്ങളിലെ സാമ്പത്തിക/സാംസ്‌കാരിക തലങ്ങളെയാണ് കുറിക്കുന്നത്. ഇത്തരം ലീനധ്വനികള്‍ വിഷ്ണുദാസനും ക്യാമറകച്ചവടക്കാരനും തമ്മിലുള്ള സംഭാഷണത്തില്‍നിന്നും ഉയരുന്നുണ്ട്. 
ദൈവിക സങ്കല്പത്തിലും ആത്മീയ വ്യവഹാരത്തിലും ഉത്തരാധുനിക സമൂഹം പുലര്‍ത്തുന്ന പൊള്ളത്തരങ്ങളെ 'കുന്നും കിറുക്കനും' കഥാഖ്യാനത്തിന്റെ ഭാഗമാക്കുന്നുണ്ട്. ദൈവം എന്ന അമൂര്‍ത്തവും ആത്മീയവുമായ സങ്കല്പം ആള്‍ദൈവം എന്ന മൂര്‍ത്തവും ഭൗതികവുമായ യാഥാര്‍ത്ഥ്യത്തിലേക്കു വന്നു പതിച്ചിരിക്കുന്ന ഒരു കാലഘട്ടമാണ് നമുക്കു മുന്നിലുള്ളത്. ആനന്ദമയി മാ, പ്രേമാനന്ദസ്വാമി, നിത്യാനന്ദപരമഹംസ, ഡിസ്‌കോബാബ, ആശാറാം ബാപ്പു, ഗുര്‍മീത് രാം റഹിംസിംഗ്, ബ്രാ ഓം സ്വാമി എന്നിങ്ങനെ നിരവധി ആള്‍ദൈവങ്ങളെ കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവരുടെയെല്ലാം ബഹുവര്‍ണ്ണ ചിത്രങ്ങള്‍ തയ്യാറാക്കുന്നതില്‍ ഹരം കൊള്ളുന്ന ഒരു കിറുക്കന്‍ ഫോട്ടോഗ്രാഫറെക്കുറിച്ച് ക്യാമറകച്ചവടക്കാരന്‍ പറയുന്നുണ്ട്. ആധ്യാത്മികതയും ആശ്രമവും, ഭക്തിയും ക്ഷേത്രവും, ഉപാസനയും വിശ്വാസവും എല്ലാം രാഷ്ട്രീയവല്‍ക്കരിക്കുകയും

സാമ്പത്തികവല്‍ക്കരിക്കുകയും ചെയ്യുന്ന സമകാലിക സാഹചര്യങ്ങളെ അതിഗൂഢമായും എന്നാല്‍, സര്‍ഗ്ഗാത്മകമായും വിമര്‍ശിക്കാന്‍ കഥയിലെ ഒരു ചെറുസന്ദര്‍ഭം മതി, എം. മുകുന്ദന്. സന്ന്യാസത്തിനും ആശ്രമത്തിനും ഒപ്പംതന്നെ ബ്രാ നിര്‍മ്മാണ സ്ഥാപനവും നടത്തുന്നതിലേക്കാണ് ചില ആത്മീയാചാര്യന്മാര്‍ മുതലക്കൂപ്പു കുത്തിയിരിക്കുന്നത്. ''ഓം സ്വാമി ആശ്രമങ്ങള്‍ക്ക് പുറമേ ഒരു ബ്രാ നിര്‍മ്മാണ സ്ഥാപനവും നടത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്കും മുതിര്‍ന്ന പെണ്ണുങ്ങള്‍ക്കും ധരിക്കാവുന്ന പല സൈസിലുള്ള ബ്രാകളായിരുന്നു ഓം സ്വാമി നിര്‍മ്മിച്ചിരുന്നത്. അങ്ങനെയാണ് അയാള്‍ക്ക് ബ്രാ ഓം സ്വാമി എന്ന പേരു വീണത്'' എന്നുള്ള വിശദീകരണത്തിലൂടെ ഉത്തരാധുനിക സന്ന്യാസത്തിന്റെ നോട്ടപ്പാടുകള്‍ വന്നുവീഴാത്ത ഇടങ്ങള്‍ ഇല്ല എന്നു കഥാകൃത്ത് വ്യഞ്ജിപ്പിക്കുന്നു. രാഷ്ട്രീയാധികാരത്തിന്റേയും സാമ്പത്തിക മേല്‍ക്കോയ്മയുടേയും മൂലധന നിക്ഷേപത്തിന്റേയും അപ്പോസ്തലന്മാരായി വിലസുന്ന സന്ന്യാസ/പുരോഹിത വേഷധാരികളാണ് ഇന്ന് എവിടെയുമുള്ളത്. 
ലൈംഗിക സ്വാതന്ത്ര്യത്തിന്റെ മഴവില്‍വര്‍ണ്ണങ്ങള്‍ വിരിയിച്ചുകൊണ്ട് ഉന്മാദനൃത്തം ചെയ്യുന്ന ഒരു പൊതുവേദിയായി കേരളം പരിണമിച്ചുകൊണ്ടിരിക്കുന്നതിന്റെ ആഖ്യാനസൂചനകളും ഈ കഥയില്‍നിന്നു കണ്ടെടുക്കാം. സ്വവര്‍ഗ്ഗാനുരാഗത്തേയും ദാമ്പത്ത്യേര ലൈംഗികബന്ധത്തേയും പരിരക്ഷിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി അടുത്തിടെ വന്ന പശ്ചാത്തലത്തില്‍ കഥയിലെ വിഷ്ണുദാസന്റെ ദാമ്പത്ത്യേര ലൈംഗികബന്ധത്തിന് സാധുതയും പ്രസക്തിയും ഏറുന്നുണ്ട്. സത്യവതിയുമായി ദാമ്പത്യബന്ധവും ഹൈമവതിയുമായി ഉടല്‍ബന്ധവും നിലനിര്‍ത്തിപ്പോരുന്ന വിഷ്ണുദാസന് അതില്‍ തെല്ല് കുറ്റബോധമുണ്ടെങ്കിലും അതയാളെ ഏകപത്‌നീവ്രതത്തിലേക്കു മടക്കിക്കൊണ്ടുപോകുന്നില്ല എന്നതു ശ്രദ്ധിക്കണം. വിവാഹം കഴിച്ച ഒരാള്‍ മറ്റു പെണ്ണുങ്ങളുമായി ഉടല്‍ചേര്‍ക്കുന്നത് തെറ്റായി കരുതാനാവില്ല എന്ന് ഹൈമവതി തുറന്നു പറയുന്നുണ്ട്. ഹൈമവതി നല്‍കുന്ന ആനന്ദത്തിന്റെ ഉച്ചസ്ഥായിയില്‍ 'ന്റ പൊന്നു സത്യവതീ' എന്നു വിഷ്ണുദാസന്‍ ഉച്ചത്തില്‍ നിലവിളിച്ചുപോകുന്നതിലും ഹൈമവതിക്കു പരിഭവമോ പരാതിയോ ഇല്ല. ''നിങ്ങള് നിങ്ങള്‍ടെ ഉടല് എനിക്ക് തര്ന്ന്ണ്ടല്ലോ. എനിക്ക് അത് മതി'' എന്ന സമാധാനത്തില്‍ സ്വതന്ത്രരതിയുടെ ഉന്മത്തപതാക ഉയര്‍ത്തിക്കെട്ടുകയാണ് ഹൈമവതി. വിഷ്ണുദാസന്റെ ഭാര്യ സത്യവതിയും മറ്റൊരു തരത്തില്‍ ഇതു വ്യക്തമാക്കുന്നുണ്ട്: ''നിങ്ങള് ഉടല് ആരിക്ക് വേണേങ്കിലും കൊടുത്തോ. മനസ്സു മുഴുവനും എനിക്കു തരണം. അതെപ്പോം ന്റെ കൂടേണ്ടാവണം''. ഉടല്‍ കാമുകിക്കും മനസ്സ് ഭാര്യക്കും നല്‍കി ജീവിതകാമനകളെ സ്വതന്ത്രമാക്കുന്ന ആദര്‍ശപുരുഷനായി വിഷ്ണുദാസന്‍ സ്വയം അവരോധിക്കുന്നു. നവകേരളം ചര്‍ച്ചചെയ്യുന്ന ഉടലിന്റേയും രതിയുടേയും അനുരാഗത്തിന്റേയും രാഷ്ട്രീയ വിവക്ഷകളെ കഥയില്‍ സന്നിഹിതമാക്കിവയ്ക്കാന്‍ ആഖ്യാനകാരനും കഴിയുന്നു. 
'കുന്നും കിറുക്കനും' കഥയിലെ ആഖ്യാനത്തിന്റെ മറ്റൊരടരില്‍ മുകുന്ദന്‍ തിരുകിവയ്ക്കുന്ന വര്‍ത്തമാനകാല വിഷയമാണ് ഭക്ഷണത്തെക്കുറിച്ചുള്ളത്. ജൈവിക ഭക്ഷണം ഉപേക്ഷിച്ച് കൃത്രിമ ഭക്ഷണശീലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലസന്ധിയിലാണ് മലയാളിസമൂഹം എത്തിനില്‍ക്കുന്നത്. ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിന്റെ എരുവും മണവുമാണ് ഇന്നു നാവുകള്‍ക്ക് പ്രിയം. കേരളീയമായ ഭക്ഷണവൈവിധ്യവും അത് ആരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതും ആരും തിരിച്ചറിയുന്നില്ല. ഓണസദ്യ പുതുതലമുറയുടെ നാവുരുചിയില്‍ പെടുന്നതല്ല. വീട്ടുവളപ്പില്‍ വളര്‍ന്ന മുരിങ്ങയും വെണ്ടയും ചീരയും കറിവേപ്പിലയും കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളും കാളനും കണ്ണിമാങ്ങയച്ചാറും പപ്പടവും പായസവും നാക്കിലയില്‍ യഥാസ്ഥാനങ്ങളില്‍ വിളമ്പി ഓണസദ്യ കഴിക്കുന്നതിനെപ്പറ്റിയാണ് വിഷ്ണുദാസനു പറയാനുള്ളത്. മക്കളാകട്ടെ, പൊറോട്ടയ്ക്കും ചില്ലിചിക്കനും കോഴിപൊരിച്ചതിനും ഐസ്‌ക്രീമിനും വേണ്ടി വാശിപിടിക്കുന്നു. ഇവിടെ വിഷ്ണുദാസന്റെ ഭക്ഷണശീലം തന്നെ മേല്‍ക്കോയ്മ നേടുന്നു. ഓണസദ്യയുടെ വിഭവങ്ങളെല്ലാം ടിഫിന്‍കാര്യറില്‍ നിറച്ച് കുന്നിനും ഹൈമവതിക്കും നല്‍കുന്നതിനായി സ്‌കൂട്ടറില്‍ പോകുന്ന വിഷ്ണുദാസനില്‍ സ്‌നേഹം എന്ന മൂല്യം കിറുക്കായി മാറുകയാണ്. 
പ്രകൃതിയിലും ഭക്ഷണത്തിലും കച്ചവടത്തിലും ആത്മീയതയിലും തുടങ്ങിയ സ്ത്രീ പുരുഷബന്ധം, ലൈംഗികത, സദാചാരസങ്കല്പം എന്നിവയില്‍ വരെ ദ്രുതപരിണാമത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ വര്‍ത്തമാനകാല സാഹചര്യങ്ങളെ കഥയുടെ പ്രമേയഘടനയില്‍ വിളക്കിച്ചേര്‍ത്തിരിക്കുകയാണ്, മുകുന്ദന്‍. കാലത്തിനനുഗുണമായ പ്രമേയങ്ങള്‍ സ്വീകരിക്കുന്നതിലും അത് ഏറ്റവും പുതിയ ആഖ്യാനതന്ത്രങ്ങളിലൂടെ ആവിഷ്‌കരിക്കുന്നതിലും എം. മുകുന്ദനുള്ള കരുതലാണ് അദ്ദേഹത്തെ ഇന്നിന്റെ കഥാകാരനാക്കി മാറ്റുന്നത്. എന്തൊക്കെ എങ്ങനെയൊക്കെ പറയുമ്പോഴും അതില്‍ ജീവിതം തന്നെയാണ് പ്രധാനം എന്ന് മുകുന്ദന്റെ ഏതു കഥയും സാക്ഷ്യപ്പെടുത്തും. 'ജീവിതത്തിന്റെ ഫോട്ടോകള്‍' എന്നാണ് മുകുന്ദന്‍ തന്റെ കഥകളെ വിശേഷിപ്പിച്ചിട്ടുള്ളത്. ജീവിതത്തിന്റേയും ജീവിക്കുന്ന സമൂഹത്തിന്റേയും പല പോസിലുള്ള ഫോട്ടോകള്‍ കാണിച്ചുതരുന്നു എന്ന നിലയില്‍ മറ്റേതൊരു മുകുന്ദന്‍ കഥയേയും പോലെ 'കുന്നും കിറുക്കനും' കഥാവായനയില്‍ ധന്യത പകരുന്നു.