ശകുന്തളയുടെ സഞ്ചാരവഴികള്‍: 'ശാകുന്തളം, ഒരു വേട്ടയുടെ കഥ' എന്ന നാടകത്തെക്കുറിച്ച്

നമ്മുടെ അരങ്ങില്‍ അടുത്തകാലത്ത് ശകുന്തളയെ പ്രതിഷ്ഠിച്ചത് നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരാണ്.
ശകുന്തളയുടെ സഞ്ചാരവഴികള്‍: 'ശാകുന്തളം, ഒരു വേട്ടയുടെ കഥ' എന്ന നാടകത്തെക്കുറിച്ച്

മുവ്വായിരത്തോളം വര്‍ഷത്തിനപ്പുറം ഒരു കാനനകന്യകയ്ക്ക് നാഗരികതാരുണ്യത്തോടുണ്ടായ ആസക്തിയെ വിവരിക്കുമ്പോള്‍ ഇതിഹാസകവി അത്ര ഗൗരവമുള്ളൊരു കാര്യമായി അതിനെ കണക്കാക്കിയിരിക്കാന്‍ ഇടയില്ല. ചുറ്റും കാണുന്ന അനവധി ചതിക്കുഴികളിലൊന്ന് എന്നേ അദ്ദേഹമതിനെ കരുതിയുള്ളൂ. എങ്കിലും, ഒരശരീരിയെ സൃഷ്ടിച്ച് അവളുടെ മാനം കാക്കാന്‍ വേണ്ട മുന്‍കരുതല്‍ അദ്ദേഹമെടുത്തിരുന്നു. കാലമേറെക്കഴിഞ്ഞ്, മാളവകന്യകമാരുടെ തേങ്ങല്‍ തങ്ങിനില്‍ക്കുന്ന അഗ്‌നിമിത്രന്റെ നാടകശാലയില്‍ അവളെ അവതരിപ്പിച്ചപ്പോള്‍ കാളിദാസനതിനെ പ്രണയത്തിന്റെ ഉത്സവമായി ആഘോഷിച്ചു. ഒപ്പം പ്രണയമെന്നത് പൂവുമാത്രമല്ലെന്നും പൂവുണ്ടാകുന്നത് കായ്ക്കാന്‍വേണ്ടി ആണെന്നും കൂടി അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പുരുഷനെ പും എന്ന നരകത്തില്‍നിന്ന് രക്ഷിക്കാനുള്ള പുത്രനെ സൃഷ്ടിച്ച് പ്രജാതന്തുവിനെ നിലനിര്‍ത്തുകയാണ് പ്രണയത്തിന്റെ സാഫല്യമെന്നായിരുന്നു കവി പറഞ്ഞുവെച്ചത്. അപ്പോഴും  പുരുഷന്റെ കാമചാരിത്വം അദ്ദേഹം കാണാതിരുന്നില്ല. അതുകൊണ്ടവന് മറവി നല്‍കാന്‍ സുലഭകോപിയായൊരു മാമുനിയുടെ, ദുര്‍വ്വാസാവിന്റെ, ശാപകഥ തുന്നിച്ചേര്‍ത്തു. മറന്നതു പുരുഷനാണെങ്കിലും ശാപത്തിന്റെ വ്യഥ പേറിയത്, പതിവുപോലെ സ്ത്രീയായിരുന്നു.  ആ വേദനയില്‍ തുടങ്ങിയതാണ് ശകുന്തളയുടെ യാത്ര.

അവള്‍ നടന്ന വഴിയിലെ കാല്പാടുകള്‍ കണ്ടെത്തി വിരലടയാളം നോക്കി തലവര തിരിച്ചറിയാന്‍ അനവധി ശ്രമങ്ങള്‍ അന്നുമുതല്‍ തന്നെ നടന്നിട്ടുണ്ട്. അടുത്തയിടെ വിശ്രുത ചരിത്രകാരിയായ റൊമില ഥാപ്പര്‍ കാലത്തില്‍ അവള്‍ പതിപ്പിച്ച പാദമുദ്രകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും കാലത്തിന് അവളെ കൈയിലൊതുക്കാന്‍ കഴിഞ്ഞില്ല. ശകുന്തള യാത്ര തുടരുകയാണ്; ദുഷ്യന്തനെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട്. 

മലയാളത്തിലെ നാടകചരിത്രം പണ്ഡിതന്മാര്‍ തുടങ്ങിവെയ്ക്കുന്നത് കേരളവര്‍മ്മയുടെ ശാകുന്തള പരിഭാഷയിലാണ്. തമ്പുരാനില്‍ തുടങ്ങിയാല്‍ എന്തിനും ഒരൈശ്വര്യം വേറെയുണ്ടല്ലോ! തുടര്‍ന്നുണ്ടായ പരാവര്‍ത്തനങ്ങളും ആഖ്യാനങ്ങളും എണ്ണാന്‍ അക്കങ്ങളനേകം വേണ്ടിവരും. ശാകുന്തളത്തെ ഒന്നു തൊട്ടുതലോടാനായില്ലെങ്കില്‍ പിന്നെന്തിന് കവിത്വം എന്നായിരുന്നു ഏവരുടേയും മനോഗതി. എന്തിന് ഏറെ, ആറ്റൂര്‍പോലും മന്മഥകഥാഗന്ധം ഗ്രഹിക്കാത്ത മാന്‍പേടയുടെ കഥ മലയാളത്തിലാക്കി!
അരങ്ങിലുമുണ്ടായിരുന്നു ശകുന്തളയ്ക്കനേകം ആരാധകര്‍. കണ്ണുപൊട്ടുമെന്ന് പേടിച്ച് ചാക്യാര്‍ ഇടയ്ക്കവളെ നോക്കാന്‍ കൂട്ടാക്കിയില്ല; പ്രൗഢിക്കിവള്‍ പോരാ എന്ന് കഥകളിയും നിരൂപിച്ചു. (പില്‍ക്കാലത്ത് കൂടിയാട്ടവും കഥകളിയും കാട്ടുപൂവിലും തേനുണ്ടെന്നറിഞ്ഞു, അതു വേറെ കഥ). കളങ്കലേശമില്ലാതെ കേരളത്തില്‍ ശകുന്തളയെ എതിരേറ്റത് ജനകീയ രംഗവേദിയായ സംഗീതനാടകങ്ങള്‍ ആണ്. പി.എസ്. വാരിയരുടെ സംഗീതശാകുന്തളം കേരളം ശരിക്കുമാഘോഷിച്ചു. വണ്ടിനെ വെട്ടാന്‍ വാളുമായി ചാടുന്ന നായകന്റെ വങ്കത്തത്തെ ഒഴിവാക്കാന്‍ ഭ്രമരബാധയെ രാക്ഷസപീഡയാക്കി മാറ്റി, വാരിയര്‍. മുക്കുവകുടുംബത്തിലെ കലഹങ്ങളും മത്സ്യച്ചന്തയിലെ ബഹളങ്ങളുമൊക്കെ കാണിച്ച് അരങ്ങ് കൊഴുപ്പിക്കാനും സംഗീതശാകുന്തളത്തിന് കഴിഞ്ഞു.

ശാകുന്തളത്തിന് സാധാരണക്കാരില്‍ പില്‍ക്കാലത്ത് സ്വീകാര്യത നല്‍കിയത് സിനിമയാണ്. ശാന്താറാമിനെപ്പോലുള്ളവര്‍ അഖിലേന്ത്യാതലത്തില്‍ ശകുന്തളയെ അഭ്രപാളിയില്‍ പകര്‍ത്തിയിരുന്നു. മലയാളിക്കുവേണ്ടി അതു ചെയ്തത് കുഞ്ചാക്കോ ആണ്. അവിടെയും കെ.ആര്‍. വിജയയുടെ ശകുന്തളയെക്കാള്‍ മലയാളി ആസ്വദിച്ചത് വയലാറിന്റെ വരികളെയാണ്. ശംഖുപുഷ്പം കണ്ണെഴുതുന്നതും പ്രണയലേഖനം എങ്ങനെ എഴുതണമെന്നതുമൊക്കെ, രമണന്റെ വരികളെപ്പോലെ മലയാളിക്ക് നെഞ്ചില്‍ ഏറെക്കാലം കുളിരുപകര്‍ന്നിരുന്നു.

നമ്മുടെ അരങ്ങില്‍ അടുത്തകാലത്ത് ശകുന്തളയെ പ്രതിഷ്ഠിച്ചത് നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരാണ്. മൂന്നിലധികം ദശകങ്ങളായി കാവാലത്തിന്റെ ശകുന്തള നമ്മുടെ കണ്‍മുന്നില്‍ മിന്നിമറയുന്നു. ശകുന്തള പുഷ്പമാണ് നാട്യാചാര്യന് - ചുംബനമറിയാത്ത പൂവ്; ദുഷ്യന്തന്‍ പുതുതേന്‍ നുകരാന്‍ പറന്നെത്തുന്ന വണ്ട്. കാളിദാസന് ഏറ്റവും പ്രിയപ്പെട്ട ബിംബമാണത്. ലോകധര്‍മ്മി പുതുതായി അരങ്ങിലെത്തിക്കുന്ന നാടകത്തില്‍ ബിംബം വേറെയാണ് - കന്യാവനത്തിലെ മാന്‍പേടയാണവള്‍, അമ്പുമായി ആക്രമിച്ചെത്തുന്നു വേട്ടക്കാരന്‍ രാജാവ്. കരിമ്പിന്‍വില്ലില്‍ തൊടുക്കാന്‍ അമ്പുകള്‍ അഞ്ച് - അരവിന്ദം, അശോകം, ചൂതം, നവമാലിക, നീലോല്പലം. പുഷ്പശയ്യയുടെ മൃദുലതയില്‍ മുറിവിന്റെ വേദന അവള്‍ അറിഞ്ഞില്ല; അറിഞ്ഞുവന്നപ്പോഴേയ്ക്കും കാനനമാകെ തകര്‍ന്നിരുന്നു.

നാല് അടരുകളിലാണ് ഈ അവതരണത്തിന്റെ ക്രിയാംശം വിടരുന്നത്. ഊഷരമായ വേനലില്‍ കഥ ആരംഭിക്കുന്നു. എങ്ങും വരള്‍ച്ച. വ്യവസായശാലകള്‍ തുപ്പുന്ന വിഷപ്പുകയില്‍ വീര്‍പ്പുമുട്ടുന്ന നഗരം. സ്വപ്നങ്ങള്‍ കരിയുന്നു. വൃക്ഷങ്ങളുടെ ഇലകള്‍ പൊഴിഞ്ഞിരിക്കുന്നു. മരണശ്വാസം വലിക്കുന്നവര്‍ വിടര്‍ത്തുന്ന വിരലുകള്‍ പോലെ ഉണങ്ങിയ ചുള്ളിക്കൊമ്പുകള്‍ ഉയര്‍ന്നുനില്‍ക്കുന്നു. വര്‍ത്തമാനകാലത്തിന്റെ വരള്‍ച്ചയാണിത്. ഭൂതകാലത്തിലാണ് രണ്ടാമത്തെ തലം. മാലിനീതീരം, മാന്‍പേടകള്‍, മുനികന്യകമാര്‍, വനമാകെ പൂത്തുലയുന്നു. ഉണങ്ങിയ കൊമ്പുകളില്‍ ജീവന്റെ തുടിപ്പുകള്‍. എങ്ങും ആഹ്ലാദകലവികള്‍. കുളിരേറിയ തണല്‍, ഒഴുകുന്ന തേനരുവി, മധുതിരയും വണ്ട്. ഈ സൗഭാഗ്യങ്ങള്‍ക്ക് നടുവിലാണ് പുഷ്പിണിയായ ഭൂമിയുടെ മടിയില്‍ പ്രകൃതിയൊരുക്കിയ പുഷ്പശയ്യയില്‍ മിഥുനങ്ങളുടെ സമാഗമം. ഈ സമൃദ്ധിയില്‍ നിറഞ്ഞുനില്‍ക്കുന്നു നാലങ്കങ്ങളുടെ കഥ. മൂന്നാംഭാഗം നഗരത്തില്‍. അരങ്ങ് വീണ്ടും മരവിപ്പില്‍. പൂക്കള്‍ കൊഴിഞ്ഞിരിക്കുന്നു. അവ അടിച്ചുവാരുന്ന തൂപ്പുകാരിയാണ് രാജധാനിയുടെ പ്രതീകം. ചൂലിന്റെ ഒച്ച സംഗീതത്തില്‍ ഇടകലരുന്നു. നഷ്ടസൗഭാഗ്യങ്ങളുടെ വാടിയ മലരുകള്‍ നിര്‍വികാരമായി തൂത്തുമാറ്റുന്ന പരിചാരിക നാടകത്തിലെ ശക്തമായൊരു ദൃശ്യബിംബമാണ്. ദുഷ്യന്തന്‍ ശകുന്തളയെ അപമാനിക്കുമ്പോള്‍ അവള്‍ 'അനാര്യ' എന്നലറിക്കൊണ്ട് തകര്‍ന്നുവീഴുന്നു. ഏറെ നേരത്തേക്ക് അവളുടെ തേങ്ങലുകള്‍. തുടര്‍ന്ന്, അവള്‍ തൂത്തുകൂട്ടിയ വാടിയ പൂക്കളുടെ ശവപ്പറമ്പിലേക്ക് അതേ ശാപവാക്ക് ആവര്‍ത്തിച്ചുകൊണ്ട് ശകുന്തളയും വീഴുന്നു. ചെറിയൊരു രംഗമാണവസാനത്തെ അടരില്‍. അമ്മ വന്ന് മകളെ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തിക്കൊണ്ടുപോകുന്ന രീതിയിലാണ് കാളിദാസന്‍ അഞ്ചാമങ്കം അവസാനിപ്പിക്കുന്നത്. ഇവിടെ, പക്ഷേ, ശകുന്തളയുടെ നിസ്സഹായതയില്‍ പങ്കുചേരുന്നത് സമൂഹമാണ്. ശകുന്തളയുടെ വിലാപത്തിനുമേല്‍ ശാന്തസംഗീതം ഒഴുകിയെത്തുന്നു. ഒരുകൂട്ടം സ്ത്രീകള്‍, പക്ഷികള്‍, അപ്സരസ്സുകള്‍ - മെല്ലെമെല്ലെ അരങ്ങിലേക്ക്. ശകുന്തള അവരില്‍ അലിയുന്നു. മൃദുതാളത്തില്‍ അവരോടൊപ്പം അവള്‍ ഉയരുകയാണ്; ചതിയരുടെ ഭൂജശാഖകള്‍വിട്ട്. ദുഷ്യന്തനവളുടെ മുന്‍പില്‍ കൊച്ചായിപോവുന്നു. അവശനായി അയാള്‍ ശകുന്തളയെ തിരിച്ചുവിളിച്ചു. മറവി മാറിയതാകാം, അവളുടെ ഉദരത്തിലെ ചക്രവര്‍ത്തിചിഹ്നത്തെ തിരിച്ചറിഞ്ഞതുകൊണ്ടാകാം, ചതിയുടെ ആവര്‍ത്തനമാകാം. തിരസ്‌കരിച്ചവളെ തിരിച്ചുവിളിച്ചു. അവള്‍ വഴങ്ങിയില്ല, കൂട്ടരോടൊപ്പം മുന്നോട്ടുനീങ്ങി, സമൂഹത്തില്‍ ലയിച്ചു, അതോ പ്രകൃതിയുടെ, അമ്മയുടെ മാറിലോ?

രാജാവ് തരിച്ചുനിന്നു. ദുഷ്യന്തന്‍ ശകുന്തളയെ പരിത്യജിക്കുന്ന കഥയേ ചരിത്രത്തിലുള്ളൂ, ഇവിടെ പക്ഷേ, ശകുന്തള ദുഷ്യന്തനെ തിരസ്‌കരിക്കുന്നു! കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നോ? അധികാരത്തിന്റെ, അഹന്തയുടെ പത്തി താനേ താഴുന്നുവോ? രാജാവിന്റെ തന്നെ മനസ്സാക്ഷിയായ വിദൂഷകന്‍ തെര്യപ്പെടുത്തി - 'കാലം നമ്മുടെ കൈയിലൊതുങ്ങുന്നില്ലല്ലോ തോഴരേ?' നാടകത്തിലെ അവസാനത്തെ വാക്യമിതാണ്. ചരിത്രം ആരംഭിച്ചകാലം മുതല്‍ മണ്ണിനേയും പെണ്ണിനേയും അടക്കിനിര്‍ത്തിയ ആണധികാരത്തെയാണ് പെണ്ണൊരുത്തി കൊഞ്ഞനം കുത്തുന്നത്. സഹിക്കുന്നതെങ്ങനെ? ദുഷ്യന്തനെങ്ങനെ പ്രതികരിച്ചു എന്നറിയുന്നതിന് മുന്‍പ് നാടകത്തിന്റെ തിരശ്ശീല വീണു; രാജാവിന്റെ കയ്യില്‍നിന്ന് മോതിരം തൂത്തുകൂട്ടിയ പൂക്കളുടെ ചവറ്റുകൂനയിലേക്കും.

സൂക്ഷ്മമായിട്ടാലോചിച്ചാല്‍ മൂന്ന് പ്രതിനിധാനങ്ങളാണ് ഈ അവതരണത്തിലുള്ളത്. രാജാവും തോഴരും സേനാപതിയുമടങ്ങുന്ന ഒരു യൂണിറ്റ്, ശകുന്തളയും തോഴിമാരും മറ്റൊന്ന്, കണ്വനും ശിഷ്യന്മാരും ഗൗതമിയും ചേര്‍ന്ന് മൂന്നാമതൊന്ന്. ഒന്നും രണ്ടും കക്ഷികള്‍ തമ്മിലാണ് ക്രിയാംശത്തില്‍ സംഘര്‍ഷമുള്ളത്. മദ്ധ്യസ്ഥനെന്ന നിലയാണ് മൂന്നാം കക്ഷിക്ക്. യഥാര്‍ത്ഥത്തില്‍ ശകുന്തളയാരാണ് - സ്ത്രീയോ പ്രകൃതിയോ അമ്മയോ? ഏതായാലും അവളില്‍ അധികാരം പുരുഷനാണ്; മാലിനിയുടെ ശാലീനതയില്‍ അത് പ്രയോഗിച്ചത് മധുരമായിട്ടാണ്, നെഞ്ചകത്തെ വിഷം പുഞ്ചിരിയില്‍ പൊതിഞ്ഞു; പക്ഷേ, തന്റെ തട്ടകത്തിലെത്തിയപ്പോള്‍ ധാര്‍ഷ്ട്യം പത്തിവിരിച്ചാടി. ആ വിഷപ്പുക കാളിദാസന്‍ സഹിച്ചു. ഇരുപതു നൂറ്റാണ്ടുകള്‍ക്കിപ്പുറത്തുള്ളവള്‍ അങ്ങനെ സഹിക്കണമെന്നുണ്ടോ? ഒന്നോര്‍ക്കണം, കാളിദാസന്റെ നാടകമല്ലിത്, ചന്ദ്രദാസന്റേതാണ്. കാലത്തിന്റെ തേങ്ങലുകളെ ഇന്നത്തെ സംവിധായകന് കണ്ടില്ലെന്ന് നടിക്കാനാകുമോ?

ചന്ദ്രദാസന്‍
ചന്ദ്രദാസന്‍

കാലത്തിന്റെ കണ്ണാടി ദുഷ്യന്തന്റെ നേരെ പിടിച്ചത്, മലയാളത്തില്‍, മുണ്ടശ്ശേരിയാണ്. കാളിദാസനും കാലത്തിന്റെ ദാസന്‍ എന്നായിരുന്നു, ഏറെ ഒച്ചപ്പാടുണ്ടാക്കിയ മുണ്ടശ്ശേരിയുടെ പ്രഖ്യാപനം. ഇതിഹാസത്തിലില്ലാത്ത ദുര്‍വ്വാസാവിന്റെ ശാപം സൃഷ്ടിച്ചത് ദുഷ്യന്തനെ വെള്ളയടിക്കാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വെള്ളയടി സംസ്‌കൃതത്തോട് വേണ്ടെന്ന്, അന്ന്, കുട്ടികൃഷ്ണമാരാര് തിരിച്ചടിച്ചു. വാദം കൊഴുത്തെങ്കിലും തീര്‍പ്പൊന്നുമുണ്ടായില്ല. ഈ നാടകം ആ സംവാദം ഏറ്റെടുക്കുന്നു. വാദത്തിനൊടുവില്‍ ആള്‍ക്കൂട്ടം അത്ഭുതപ്പെടുന്നു - 'ഇപ്പൊഴല്ലേ മനസ്സിലായത് ഈ കാളിദാസനെ?'

പൂവ് കണ്ടാല്‍ തേന്‍ നുകരാന്‍ കൊതിക്കുന്ന കേവലമൊരു സൗന്ദര്യാരാധകന്‍ മാത്രമായിരുന്നോ പൗരവന്‍? അന്തഃപുരത്തിന്‍ അനേകമുണ്ട് ഹംസപദികമാര്‍ അദ്ദേഹത്തിന്. ശകുന്തളയോട് അദ്ദേഹത്തിന് തോന്നിയ ഭ്രമം തോഴര് പറയുംപോലെ മധുരം ചെടിച്ചവന് പുളിരുചിക്കാനുള്ള മോഹത്തിന്നപ്പുറമെന്തെങ്കിലുമായിരുന്നോ?
ശാകുന്തളം ഒരു വേട്ടയുടെ കൂടി കഥയാണെന്ന് ആദ്യം സൂചിപ്പിച്ചത് കാളിദാസനാണ്. ദുഷ്യന്തന് ആദ്യത്തെ മുന്നറിയിപ്പ് നല്‍കിയത് മുനിമാരാണ് - 'ആശ്രമ മൃഗമാണ്, കൊല്ലരുതേ.' തപോവനത്തിന്റെ പ്രശാന്തതയിലേക്ക് രഥം ഇടിച്ചുകയറ്റുകയായിരുന്നു, രാജാവ്; അതും ഭയന്നോടുന്ന മാനിന്റെ പിന്നാലെ ശരം തൊടുത്തുകൊണ്ട്. രണ്ട് ബിംബങ്ങള്‍ കൂടി കവി നല്‍കുന്നുണ്ട് - ഒന്ന് മദിച്ച ആന; രണ്ട്, മുരളുന്ന വണ്ട്. ഈ മൂന്ന് ബിംബങ്ങള്‍ ചേര്‍ത്ത് കാളിദാസനെ ഇന്നു വായിക്കുമ്പോള്‍ ശാകുന്തളം വേട്ടയുടെ കഥയാകും, ഇര സ്ത്രീയോ മാന്‍പേടയോ പ്രകൃതിയോ ആരുമാകാം, എല്ലാം ചേര്‍ന്നുമാകാം. ഇത്തരമൊരു പുനര്‍വായനയാണ് ചന്ദ്രദാസന്‍ നടത്തുന്നത്. ഇതിന്റെ ദൃശ്യാവിഷ്‌കാരത്തിന് ആശ്രയിച്ചിരിക്കുന്നത് കാളിദാസന്‍ നല്‍കുന്ന ബിംബങ്ങളെത്തന്നെയാണ്. ആശ്രമത്തിന്റെ അന്തരീക്ഷമൊരുക്കുന്നതിന് പൂക്കള്‍ക്കും ചെടികള്‍ക്കുമൊപ്പം കാളിദാസബിംബങ്ങളുടെ ദൃശ്യാവിഷ്‌കരണങ്ങളായ ധാരാളം പെയിന്റിങ്ങുകളും ഉപയോഗിച്ചിട്ടുണ്ട്. വളരെ രസകരമായി തോന്നിയ ഒരു കാര്യം, കൊട്ടാരത്തില്‍ രാജാവ് വരയ്ക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ക്കൊന്നും മുഖമില്ല എന്നതാണ്; ശക്തമാണിതിന്റെ സൂചന. തുടക്കം മുതല്‍ ഗാനങ്ങളിലൂടെ ഒഴുകുകയാണ് അരങ്ങും അതിലെ ചലനങ്ങളും. ക്ലാസ്സിക്കല്‍ രംഗവേദിയുടെ ഇറുക്കം ഒരിടത്തും കാഴ്ചയില്‍ അനുഭവപ്പെടുന്നില്ല.

ദുഷ്യന്തനില്‍ സൗന്ദര്യാരാധകനായ ഒരു കാമുകനുണ്ട്, സാക്ഷാല്‍ കാമദേവന്‍. കരിമ്പിന്‍തണ്ടില്‍ കുരുക്കിയ പൂക്കളാണ് ശരങ്ങള്‍. ക്രൂരനായ വേട്ടക്കാരനുമുണ്ട് - അതാണ് സോപനാപതി. നായാടുന്നത് രസമാണയാള്‍ക്ക്. ഇരകളുടെ പ്രാണന്‍ പിടയുന്നത് കാണാനുള്ള കൗതുകം. ഏറ്റവും ശ്രദ്ധേയമായ കാര്യം തന്റെ ചെയ്തികളെ നിശിതമായി വിമര്‍ശിക്കുന്ന മനസ്സാക്ഷി രാജാവിനുണ്ട്. അതാണ് തോഴര്‍. ഓരോ ഘട്ടത്തിലും രാജാവിന്റെ ദൗര്‍ബ്ബല്യങ്ങളയാള്‍ തിരിച്ചറിയുന്നു; തിരുത്താന്‍ ശ്രമിക്കുന്നു. അധികാരം സ്തുതികളെ മാത്രമേ കൂടെ നിര്‍ത്തൂ. ദുഷ്യന്തന് പക്ഷേ, സന്തതസഹചാരി തന്റെ വിമര്‍ശകനാണ്. വിദൂഷകനെ ഇത്തരത്തില്‍ വളര്‍ത്തിയെടുത്തത് സംവിധായകന്റെ നേട്ടമാണ്.
തനി നാടന്‍ ഈണങ്ങളിലൂടെ കൈവരിക്കാന്‍ കഴിഞ്ഞ ഒഴുക്കാണ് അവതരണത്തിന്റെ മറ്റൊരു സവിശേഷത. പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ തറയ്ക്കുന്നത് ഈ ഗാനങ്ങളിലൂടെയാണ്. 'അറിവീലെനിക്ക് നിന്‍ അന്തരംഗം' എന്നു തുടങ്ങുന്നു കാമലേഖനം. 'അവന്‍ പോയി മറഞ്ഞേന്‍ വനത്തെ വനത്തില്‍ വിട്ട്' - ദുഷ്യന്തന്റെ വിരഹം. 'എന്റെ ഗേഹം കൂട്ടുകാരും മാലിനിയും മാന്‍കിടാവും, നെഞ്ചുകീറിപോണു ഞാനും' എന്നാണ് ശകുന്തളയുടെ ആശ്രമത്തോടുള്ള വിടവാങ്ങല്‍. സമാഗമരംഗമവതരിപ്പിച്ചതിലെ കൈയടക്കത്തിന് കാരണം 'എന്നുള്ളില്‍ നുരയുന്ന മാരമോഹം' എന്നതിലെ ഈണമാണ്. ഹംസപദികയ്ക്ക് ഇരയിമ്മന്‍തമ്പിയുടെ ഈരടികള്‍ നല്‍കിയത് കേരളീയമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്.


നാല്പതോളം കലാകാരന്മാരുടെ ഏറെ നാളത്തെ പ്രയത്‌നമാണ് ആദ്യാവതരണത്തില്‍ സഫലമായത്. അഭിനേതാക്കളുടെ കാര്യത്തില്‍ പുതിയൊരു രീതിയാണ് ഇത്തവണ ലോകധര്‍മ്മി പരീക്ഷിച്ചത്. പരസ്യം ചെയ്ത് താല്‍പ്പര്യമുള്ളവരെ ക്ഷണിച്ചുവരുത്തി അഭിരുചിക്കനുസരിച്ച് കലാകാരന്മാരെ തെരഞ്ഞെടുത്തു. പ്രശസ്തരാണെങ്കിലും പലരും ഈ വേദിയില്‍ പുതുമുഖങ്ങളാണ്. പ്രേക്ഷകര്‍ക്ക് പരിചിതയായ ദിവ്യ ഗോപിനാഥ് ആണ് ശകുന്തള, സന്തോഷ് കീഴാറ്റൂര്‍ ദുഷ്യന്തനും. കലാമണ്ഡലം ആര്‍ച്ചയും റോസ് ഷെറിനും അനസൂയാപ്രിയംവദമാരായി. സുധീര്‍ ബാബുവിനായിരുന്നു വിഷമമേറിയ വിദൂഷകവേഷം. സേനാപതി കലാമണ്ഡലം ശരത്. രമ്യാസുവിയുടെ ഗൗതമിയും ആദിത്യ, ശ്രീദീപ് എന്നിവരുടെ ശാര്‍ങ്ഗരവ ശാരദ്വതന്മാരും ദീപേഷിന്റെ കണ്വനും ആശ്രമാന്തരീക്ഷം നിലനിര്‍ത്താന്‍ ഏറെ സഹായിച്ചു. പാര്‍വ്വതിയും കീര്‍ത്തനയും ആഖ്യാനങ്ങള്‍ മികവുറ്റതാക്കി; ആഭയുടെ തൂപ്പുകാരി അസ്സലായി.

ബിജിബാല്‍ സംവിധാനം ചെയ്ത സംഗീതമാണ് അവതരണത്തിന്റെ മികവ് നിലനിര്‍ത്തിയത്. കഥാപാത്രങ്ങള്‍ സ്വയം പാടിക്കൊണ്ട് അഭിനയിച്ചതും പുതുമയായി. ചമയത്തിന്റെ ചുമതല പട്ടണം റഷീദിനായിരുന്നു. ഉമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ പിന്നണി; പ്രകാശസംവിധാനം ഗോവിന്ദ്സിങ്ങിനും ജോളി ആന്റണിക്കും.
മലയാളനാടകവേദി വെല്ലുവിളികളെ അതിജീവിച്ചു എന്നു പറയാറായിട്ടില്ല; എങ്കിലും വലിയ പ്രതീക്ഷ നല്‍കുന്നു ചന്ദ്രദാസനും ലോകധര്‍മ്മിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com