സ്വാശ്രയ വിദ്യാഭ്യാസം: കൊള്ളക്കച്ചവടത്തിന്റെ ബാക്കിപത്രമെന്ത്?

By അരവിന്ദ് ഗോപിനാഥ്  |   Published: 22nd December 2018 01:15 PM  |  

Last Updated: 22nd December 2018 01:15 PM  |   A+A-   |  

 

സംസ്ഥാനത്തെ എഞ്ചിനിയറിങ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ മലയാളത്തിലാക്കാനും മൈനസ് സമ്പ്രദായം പിന്‍വലിക്കാനും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഇംഗ്ലീഷ് ഭാഷയിലുള്ള, തെറ്റായ ഉത്തരത്തിന് നാലിലൊന്ന് മാര്‍ക്ക് കുറയ്ക്കുന്ന നിലവിലെ പരീക്ഷാസമ്പ്രദായം മാറ്റുന്നതെന്തിന്? അത്തരമൊരു പരിഷ്‌കരണത്തിന്റെ ഉദ്ദേശ്യലക്ഷ്യമെന്താണ്? വിദ്യാര്‍ത്ഥികളെ സഹായിക്കാനാണോ ഈ നീക്കം? ഒന്നര ദശാബ്ദത്തെ സ്വാശ്രയവിദ്യാഭ്യാസത്തിനൊടുവില്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തിലും പഠനമുന്നേറ്റത്തിലും തൊഴില്‍ലഭ്യതയിലുമെല്ലാം സംസ്ഥാനം പിറകിലേക്കാണ് പോയതെന്ന് കണക്കുകള്‍ പറയുന്നു. ഗുണനിലവാരത്തിലും മാനദണ്ഡങ്ങളിലും വീണ്ടും വിട്ടുവീഴ്ച ചെയ്ത് സ്വാശ്രയവിദ്യാഭ്യാസ കച്ചവടക്കാരെ രക്ഷിക്കാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം. 

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.ടി. ജലീല്‍ നിയമസഭയില്‍ വ്യക്തമാക്കിയത് അനുസരിച്ച് കേരളത്തിലെ സ്വാശ്രയ, സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജുകളില്‍ ഈ വര്‍ഷം മാത്രം ഒഴിഞ്ഞുകിടക്കുന്നത് 23,645 സീറ്റുകളാണ്. വിവിധ കോളേജുകളിലായി ഒരു വിദ്യാര്‍ത്ഥി പോലും പ്രവേശനം നേടാത്ത 58 ബ്രാഞ്ചുകളാണുള്ളത്. വിദ്യാര്‍ത്ഥികളുടെ കുറവ് കാരണം ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള കാര്‍മല്‍ എഞ്ചിനിയറിങ് കോളേജിനു പൂട്ടാന്‍ അനുമതി നല്‍കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം പന്ത്രണ്ടോളം എഞ്ചിനിയറിങ് കോളേജുകളാണ് പൂട്ടിയത്. മുപ്പതോളം കോളേജുകള്‍ മറ്റ് ടെക്‌നിക്കല്‍ കോഴ്‌സുകളിലേക്ക് മാറാന്‍ അനുമതി തേടി കാത്തിരിക്കുന്നു. പല കോളേജുകളും ഓഡിറ്റോറിയങ്ങളായി. മറ്റു പലതും വില്‍ക്കാനിട്ടിരിക്കുന്നു. മിക്ക കോളേജുകളിലും നൂറില്‍ താഴെയാണ് വിദ്യാര്‍ത്ഥികളുടെ എണ്ണം. ഈ സാഹചര്യത്തിലാണ് നിലവിലുള്ള പ്രവേശന പരീക്ഷയും സിലബസുമൊക്കെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ആവശ്യക്കാര്‍ക്കെല്ലാം പ്രൊഫഷണല്‍ വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാരിനു പണമില്ല. അതുകൊണ്ട് സ്വകാര്യസ്വാശ്രയ കോളേജുകള്‍ കൂടിയേ തീരുവെന്ന വാദം കഴിഞ്ഞ ഒന്നര ദശാബ്ദം കൊണ്ട് സംസ്ഥാനത്ത് തീര്‍ത്തും അപ്രസക്തമായി തീര്‍ന്നു. എന്നിട്ടും, സീറ്റിനുള്ള ഡിമാന്‍ഡും സപ്ലൈയും എന്ന കമ്പോള സമവാക്യത്തിന്റെ അടിസ്ഥാനം പിന്‍പറ്റുകയാണ് സര്‍ക്കാര്‍. ആവശ്യയും യോഗ്യതയും അനുസരിച്ചാകണം പ്രൊഫഷണല്‍ വിദ്യാഭ്യാസാവസരങ്ങള്‍ തീരുമാനിക്കേണ്ടതെന്ന അടിസ്ഥാനതത്വം പോലും സര്‍ക്കാര്‍ ബോധപൂര്‍വം മറക്കുന്നു. ഒന്നരദശാബ്ദത്തെ കച്ചവടത്തിനൊടുവില്‍ കൊള്ളലാഭം കൈക്കലാക്കി കഴിഞ്ഞ് ഒരു തലമുറയെ തന്നെ അനിശ്ചിതത്വത്തിലേക്കു തള്ളിവിടുകയായിരുന്നു മാനേജ്‌മെന്റുകള്‍. 

സ്വാശ്രയ
സമരത്തിന്റെ ചരിത്രഭാരം

ഒന്നരപതിറ്റാണ്ട് കാലത്തെ സ്വാശ്രയ എഞ്ചിനിയറിങ് വിദ്യാഭ്യാസത്തിന്റെ ബാക്കി പത്രം അന്വേഷിച്ചാല്‍ വിദ്യാഭ്യാസ ചൂഷണത്തിന്റെ തുടര്‍ക്കഥകള്‍ അറിയാം. രണ്ടായിരാമാണ്ടിന്റെ ആദ്യവര്‍ഷങ്ങളിലാണ് കൂണുപോലെ സ്വകാര്യ-സ്വാശ്രയ കോളേജുകള്‍  മുളച്ചുപൊന്തിയത്. കേരളത്തിന്റെ പണം അയല്‍ സംസ്ഥാനങ്ങളിലേക്കു ഒഴുക്കുന്ന പ്രധാന മേഖല ഉന്നതവിദ്യാഭ്യാസ രംഗമാണെന്ന വാദത്തിന്റെ മറവിലായിരുന്നു ഇത്. കര്‍ണ്ണാടകത്തിലെയും തമിഴ്നാട്ടിലെയും സ്വാശ്രയ കോളേജുകളിലേക്ക് ഒഴുകുന്നകേരളീയരുടെ പണം ഇവിടെത്തന്നെപിടിച്ചുനിര്‍ത്താന്‍ ഇവിടെ സ്വാശ്രയ കോളേജുകള്‍ ആരംഭിക്കണമെന്നായിരുന്നു വാദം. തുടര്‍ന്ന് സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ രംഗത്തുനിന്നും പതുക്കെ പിന്മാറിത്തുടങ്ങി. 
ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ തുടങ്ങി. തുടര്‍ന്നു വന്ന ആന്റണി സര്‍ക്കാരില്‍ നാലകത്ത് സൂപ്പിയായിരുന്നു വിദ്യാഭ്യാസ മന്ത്രി.  കോളജുകള്‍ തുടങ്ങാന്‍ വരുന്ന ആര്‍ക്കും എന്‍.ഒ.സി നല്‍കാനായിരുന്നു ആ സര്‍ക്കാരിന്റെ തീരുമാനം. അമ്പതു ശതമാനം മെറിറ്റും അമ്പതു ശതമാനം സ്വാശ്രയവും എന്നതായിരുന്നു ആന്റണിയുടെ കാലത്തെ മാനദണ്ഡം. വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിന്റെ ഉറപ്പുകള്‍ മാനേജ്മെന്റുകള്‍ തുടര്‍ച്ചയായി ലംഘിച്ചപ്പോള്‍ സര്‍ക്കാരുകള്‍ നിസഹായരായി നോക്കി നില്‍ക്കുകയായിരുന്നു.  ഇതിന്റെ ആത്യന്തികഫലം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ  ഗുണനിലവാരം തുടങ്ങിയെന്നതാണ്. ഇതിന്റെ പരിണിതിയാണ് പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ലാതായ ഇന്നത്തെ അവസ്ഥ. 
സീറ്റിനു കണക്കു പറഞ്ഞ് തലവരിപ്പണം എണ്ണി വാങ്ങിയ സ്വാശ്രയ കോളേജുകള്‍ ഇന്ന് കോഴ്‌സിനു ചേരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 'ഓഫറുകള്‍' നല്‍കുന്നു. പഠിച്ചിറങ്ങിയവരില്‍ ഭൂരിഭാഗത്തിനും നല്ല തൊഴിലവസരങ്ങള്‍ ലഭിച്ചില്ല. ജോലി കിട്ടിയവര്‍ക്കാകട്ടെ കുറഞ്ഞ ശമ്പളവും. 2008-ലെ സാമ്പത്തിക പ്രതിസന്ധി കൂടിയായപ്പോള്‍ തൊഴില്‍ മാര്‍ക്കറ്റില്‍ എഞ്ചിനിയറിങ് ബിരുദക്കാരുടെ 'മാര്‍ക്കറ്റ്' ഇടിഞ്ഞു. ഇതോടെ കോഴ്‌സിനും 'ഡിമാന്‍ഡ്' കുറഞ്ഞു. കോളേജുകള്‍ കടുത്ത പ്രതിസന്ധിയിലുമായി. നിലവില്‍ സംസ്ഥാനത്തെ സ്വാശ്രയകോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളില്‍ പോലും കുട്ടികളില്ലെന്നതാണ് വസ്തുത. സമരാഗ്‌നി പടര്‍ന്നുകയറിയ വിദ്യാര്‍ത്ഥി സമരം മാത്രമാണ് ചരിത്രത്തില്‍ നീറുന്ന ഓര്‍മ്മപ്പെടുത്തലായി നിലനില്‍ക്കുന്നത്.  

ഒഴിഞ്ഞ സീറ്റുകളുടെ
കണക്കുകള്‍

നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത് കംപ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചിലാണ് 9,444 പേര്‍. ഏറ്റവും കുറവ് പോളിമര്‍ എഞ്ചിനിയറിങ്ങിലും-25 പേര്‍. 2018-ല്‍ 90,233 കുട്ടികളാണ് പ്രവേശന പരീക്ഷയെഴുതിയത്. പരീക്ഷയില്‍ യോഗ്യത നേടിയവരുടെ എണ്ണം 58,268. ഇതില്‍ 46,686 കുട്ടികള്‍(ആണ്‍കുട്ടികള്‍ 23,743, പെണ്‍കുട്ടികള്‍ 22,943) റാങ്ക് ലിസ്റ്റില്‍ ഇടം കണ്ടെത്തി. ജനറല്‍ മെറിറ്റില്‍ യോഗ്യത നേടിയ കുട്ടികളുടെ റാങ്ക് നില പരിശോധിച്ചാല്‍ മിടുക്കരായ വിദ്യാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജുകളായിരുന്നു. ഏകദേശം 5000 റാങ്ക് വരെയുള്ളവര്‍ക്കാണ് വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ചത്. കേരളത്തിലെ സ്വകാര്യ സ്വാശ്രയ കോളജുകളില്‍ ആകെയുളള മെറിറ്റ് സീറ്റുകളുടെ എണ്ണം ഏകദേശം 22,600 ആണ്. ആദ്യഘട്ടത്തില്‍ ഇത്തവണ പ്രവേശനം നേടാന്‍ താല്‍പര്യം കാണിച്ചത് വെറും 7,300 ഓളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. അതായത് മൊത്തം മെറിറ്റ് സീറ്റിന്റെ മൂന്നിലൊന്നില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സ്വകാര്യ സ്വാശ്രയ കോളേജുകളെ ആദ്യം ആശ്രയിച്ചത്. 

55,445 സീറ്റുകളുള്ള സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ 149 കോളേജുകളാണുള്ളത്. 30,000 സീറ്റുകളില്‍ പ്രവേശനം നടന്നെങ്കിലും 25,000 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. ഈ സാഹചര്യം മുന്നില്‍ കണ്ടാണ്  ജൂലൈയില്‍ സീറ്റുകള്‍ കുറയ്ക്കണമെന്ന് എന്‍ജിനിയിങ് കോളജുകള്‍ ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷനോട് ആവശ്യപ്പെട്ടത്. അന്ന് 83 എന്‍ജിനയിറിങ് കോളജുകള്‍ 24,000 സീറ്റുകള്‍ കുറയ്ക്കാനാണ് അനുമതി തേടിയ്. 494 കോളജുകള്‍ കുറച്ച് ബിരുദ, ബിരുദാനന്തര എന്‍ജിനിയറിങ് കോഴ്‌സുകള്‍ നിര്‍ത്തലാക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആകെ 108 സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ 86 കോളേജുകളിലും സര്‍ക്കാര്‍ ക്വാട്ടയിലെ വിദ്യാര്‍ത്ഥികളില്‍ 50 ശതമാനം പോലും പ്രവേശനത്തിന് താല്‍പര്യം കാണിച്ചിരുന്നില്ല. ആദ്യ ഘട്ടത്തില്‍ 27 സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ 90 ശതമാനം സര്‍ക്കാര്‍ സീറ്റുകളും ഒഴിഞ്ഞു കിടന്നു. 

ആദ്യ ഘട്ടത്തില്‍ 80 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന കോളേജുകള്‍ 27 എണ്ണമായിരുന്നു. 18 സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ സീറ്റുകളുടെ എണ്ണം 70 മുതല്‍ 80 ശതമാനം വരെയായായിരുന്നു. 50 നും 60 നും ഇടയ്ക്ക് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന 11 സ്വകാര്യ സ്വാശ്രയ കോളേജുകളാണ് ഉളളത്. ചുരുക്കിപ്പറഞ്ഞാല്‍ 50 ശതമാനത്തിലേറെ സര്‍ക്കാര്‍ സീറ്റുകള്‍ പോലും കുട്ടികളില്ലാത്ത കോളേജുകളാണ് കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ ഭൂരിപക്ഷവും. കുറഞ്ഞത് മുന്നൂറു കുട്ടികളെങ്കിലുമില്ലാതെ സ്വാശ്രയകോളേജുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് മാനേജ്‌മെന്റുകള്‍ വാദിക്കുന്നത്. പഠനത്തിന്റെ നിലവാരക്കുറവാണ് വിദഗ്ധര്‍ പറയുന്ന ഒരു ഗുരുതര പ്രശ്‌നം. അക്കാദമിക നിലവാരം ഉയര്‍ത്താനുള്ള ചില കര്‍മ്മപദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതെത്രമാത്രം ഫലപ്രാപ്തിയിലെത്തുമെന്നുറപ്പില്ല. ചുരുക്കിപ്പറഞ്ഞാല്‍,  സ്വാശ്രയ വിദ്യാഭ്യാസം കേരളത്തിലെ ഗുണമേന്മ ഇല്ലാതാക്കി എന്നതാണ് വസ്തുത. ഇത് തിരിച്ചറിഞ്ഞതോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സ്വാശ്രയ കോളേജുകളെ ഉപേക്ഷിക്കുന്നത്. 

നിലവാരം വേറെ
സിലബസ് വേറെ

നിലവാരം ഉയര്‍ത്താനായി സിലബസിനൊപ്പം പരീക്ഷാനടത്തിപ്പും മൂല്യനിര്‍ണയവും പരിഷ്‌കരിക്കാനാണ് നീക്കം. എ.ഐ.സി.ടി.ഇ കരിക്കുലം അടിസ്ഥാനമാക്കി അടുത്ത അധ്യയന വര്‍ഷം തന്നെ സിലബസ് പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ കരിക്കുലം അനുസരിച്ച് എഞ്ചിനിയറിങ് പാസാകാന്‍ കുറഞ്ഞ മാര്‍ക്ക് 40 ശതമാനമാക്കാനാണ് നീക്കം. സാങ്കേതിക സര്‍വകലാശാലയുടെ മാനദണ്ഡപ്രകാരം പാസാകാന്‍ 45 ശതമാനമെങ്കിലും വേണം.  മിനിമം മാര്‍ക്ക് കുറയ്ക്കുന്നതോടെ വിജയശതമാനം ഉയരുമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതോടെ പാസാകുന്ന കുട്ടികളുടെ എണ്ണവും കൂടും. അതോടെ കോഴ്‌സിനു ഡിമാന്‍ഡ് കുറയുന്നത് പിടിച്ചുനിര്‍ത്താനാകുമെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.  പ്രവേശനപരീക്ഷ പരിഷ്‌കരണമാണ് മറ്റൊരു ലക്ഷ്യം. നിലവില്‍ 480 മാര്‍ക്കിന്റെ പരീക്ഷയില്‍ മിനിമം യോഗ്യത പത്തുമാര്‍ക്കാണ്. ഈ പത്തുമാര്‍ക്കില്‍ താഴെ വാങ്ങുന്നവരെ കൂടി ഉള്‍പ്പെടുത്തി പ്രവേശനം നടത്താന്‍ ഇളവ് നല്‍കിയാല്‍ പഠനത്തിന്റെയും പരീക്ഷയുടെയും നിലവാരത്തകര്‍ച്ചയാവും സംഭവിക്കുക. 

പ്രവേശന നടപടികളെക്കുറിച്ച് സമഗ്ര അവലോകനം നടത്താന്‍ ഡോ. ആര്‍.വി.ജി. മേനോന്‍ ചെയര്‍മാനായി മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. അധ്യാപകരുടെ യോഗ്യതയും വിദ്യാര്‍ത്ഥി- അധ്യാപക അനുപാതം പുതുക്കി നിശ്ചയിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.  പി.എച്ച്.ഡി. യോഗ്യത ഉള്ളവരെ മാത്രമേ എഞ്ചിനിയറിങ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരായി നിയമിക്കാവൂവെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.കോളേജുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ അക്രിഡിറ്റേഷനു വിധേയമാകണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. പഠനം പകുതിവഴിയില്‍ ഉപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അധിഷ്ഠിത ഡിപ്ലോമയും വൊക്കേഷണല്‍ ഡിഗ്രിയും നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. 

ഇനി കോളേജ്
വേണ്ട, ഉള്ളതധികം

ഫെബ്രുവരിയില്‍ പുതിയ എഞ്ചിനിയറിങ് കോളേജുകള്‍ക്കും കോഴ്‌സുകള്‍ക്കും അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷനെ സമീപിച്ചിരുന്നു. രണ്ടു ദശാബ്ദക്കാലമായി നടന്ന വിദ്യാഭ്യാസക്കച്ചവടത്തിന്റെ ബാക്കിപത്രമായി ഒരു റിപ്പോര്‍ട്ടും ഉന്നതവിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ചു. എന്തുകൊണ്ട് കോളേജുകളും കോഴ്‌സുകളും അനുവദിക്കരുതെന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തതയോടെ വിവരിക്കുന്നു.  എ.ഐ.സി.ടി.ഇക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് അനുസരിച്ച് കഴിഞ്ഞ അധ്യയനവര്‍ഷം, അതായത് 2017-ല്‍ കേരളത്തിലെ 180 ഓളം വരുന്ന സ്വാശ്രയകോളേജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം 25,000ത്തിലധികമാണ്. അതായത് മൊത്തം സീറ്റുകളുടെ പകുതിവരും ഇതെന്നാണ് വിദ്യാഭ്യാസമന്ത്രി തന്നെ വ്യക്തമാക്കിയത്. വിദ്യാര്‍ത്ഥികളുടെ കുറവ് കഴിഞ്ഞ വര്‍ഷം മാത്രം സംഭവിച്ചതല്ല. 2012 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ അതു കൂടുതല്‍ വ്യക്തമാകും. 

2012-ല്‍ 7,686 സീറ്റുകളാണ് ഒഴിവുവന്നത്. തൊട്ടടുത്ത വര്‍ഷം 8481 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. 2014-ല്‍ 12181 സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥികളെ കിട്ടിയില്ല. 2015-ല്‍ 16, 528 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നപ്പോള്‍ 2016-ല്‍ അത് 17,333 സീറ്റുകളിലെത്തി. 2016-ല്‍ 118 കോളേജുകളിലെ  അപേക്ഷാ തീയതിയും അലോട്ട്‌മെന്റുമൊക്കെ മാറ്റിവച്ചിട്ടും പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ കിട്ടിയില്ല. 35000 വരുന്ന മാനേജ്‌മെന്റ് സീറ്റുകളില്‍ ആ വര്‍ഷം ലഭിച്ചത് ആറായിരം അപേക്ഷകള്‍ മാത്രമായിരുന്നു. ഈ വര്‍ഷം മാത്രം അഞ്ചു കോളേജുകള്‍ പൂട്ടിയെന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ് എ.ഐ.സി.ടി.ഇക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.  മുപ്പതു കോളേജുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. വിജയശതമാനം പരിശോധിച്ചാല്‍ സ്വാശ്രയവിദ്യാഭ്യാസത്തിന്റെ നിലവാരക്കുറവ് വ്യക്തമാകും. കേവലം ഇരുപതു ശതമാനത്തില്‍ താഴെയാണ് മിക്ക കോളേജുകളിലെയും വിജയശതമാനം. വേണ്ടത്ര മേല്‍നോട്ടമില്ലാതെ, സൗകര്യങ്ങളൊരുക്കാതെ, മികച്ച അധ്യയനം നല്‍കാതെ ലാഭേച്ഛ മാത്രം ലക്ഷ്യമിട്ടതിന്റെ പരിണിതിയാണ് ഇതൊക്കെ.

വേഷപ്രച്ഛന്നം
ടെക്‌നിക്കല്‍ സ്‌കൂളുകള്‍

നിലനില്‍പ്പിനായി കോളേജ് മാനേജ്‌മെന്റുകള്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് ടെക്‌നിക്കല്‍ സ്‌കൂളുകളായുള്ള മാറ്റം. എന്നാല്‍, വിദ്യാര്‍ത്ഥികളില്ലാത്ത എഞ്ചിനിയറിങ് കോളേജുകള്‍ ടെക്‌നിക്കല്‍ സ്ഥാപനങ്ങളാക്കി മാറ്റാനുള്ള എ.ഐ.സി.ടി.ഇയുടെയും സാങ്കേതിക സര്‍വകലാശാലയുടെയും നീക്കം നിയമപരമായി ചോദ്യംചെയ്യപ്പെട്ടു. വേണ്ടത്ര പഠനം നടത്താതെ, നിലവാരവും സൗകര്യങ്ങളും പരിശോധിക്കാതെ കോളേജുകള്‍ മാറ്റുന്ന നടപടി മറ്റൊരു ദുരന്തത്തിനാവും സാക്ഷ്യം വഹിക്കുകയെന്നു ഡിജോ കാപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറയുന്നു. കൊല്ലം അഞ്ചലിലെ പിനാക്കള്‍ സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ് കോളേജിന് ബിടെക് കോഴ്സുകള്‍ നിര്‍ത്താനും ഒന്നും അഞ്ചും സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളെ മറ്റു സ്ഥാപനങ്ങളിലേക്കു മാറ്റാനും സാങ്കേതിക സര്‍വകലാശാല അനുമതി നല്‍കിയിരുന്നു. ഇതിനുചുവടുപിടിച്ച് മറ്റു കോളേജുകളും കോഴ്സുകള്‍ നിര്‍ത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ വിഷയം സംബന്ധിച്ച് സര്‍ക്കാരിനും എഐസിടിഇയ്ക്കും ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു.

ദേശീയതലത്തിലും
പ്രതിസന്ധി

കേരളത്തിന്റെ മാത്രം സവിശേഷതയല്ല എഞ്ചിനിയറിങ് പഠന മേഖലയിലെ പ്രതിസന്ധി. ഈ വര്‍ഷം 1.36 ലക്ഷം സീറ്റുകള്‍ വെട്ടിക്കുറയ്ക്കാനാണ് എഞ്ചിനിയറിങ് കോളേജുകള്‍ എ.ഐ.സി.ടി.ഇയുടെ അനുമതി തേടിയത്.  ഇതില്‍ പൂട്ടാന്‍ അനുമതി തേടിയ 83 കോളേജുകളിലായി 24000 സീറ്റുകളാണുള്ളത്. അത് കൂടാതെ 494 കോളേജുകള്‍ കോഴ്‌സുകള്‍ തുടരാനാവില്ലെന്നും അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 42000 സീറ്റുകളാണ് ഈ ഗണത്തില്‍ ഒഴിവുവരുന്നത്. ലോക്സഭയില്‍ വ്യക്തമാക്കിയ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ നാലു വര്‍ഷങ്ങളായി രാജ്യത്തെ അംഗീകൃത എഞ്ചിനിയറിങ് കോളേജുകളില്‍ 45 ശതമാനത്തോളം സീറ്റുകള്‍ കാലിയായി കിടക്കുകയാണ്. 2018-19 അക്കാദമിക വര്‍ഷം 49.30 ശതമാനവും 2017-18 കാലയളവില്‍ 49.70 ശതമാനവും സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. കോഴ്സുകള്‍ നിര്‍ത്താനും കോളേജുകള്‍ പൂട്ടാനുമായി 239 അപേക്ഷകളാണ് എ.ഐ.സി.ടി.ഇക്ക് ലഭിച്ചത്. ഇതില്‍ 51 കോളേജുകള്‍ക്ക് കോഴ്സുകള്‍ നിര്‍ത്താന്‍ അനുമതിയും നല്‍കി. കോഴ്സുകള്‍ നിര്‍ത്താനും കോളേജുകള്‍ പൂട്ടാനുമായി 239 അപേക്ഷകളാണ് എ.ഐ.സി.ടി.ഇക്ക് ലഭിച്ചത്. ഇതില്‍ 51 കോളേജുകള്‍ക്ക് കോഴ്സുകള്‍ നിര്‍ത്താന്‍ അനുമതിയും നല്‍കി. തിരുവനന്തപുരത്തെ മോഹന്‍ദാസ് കോളേജ്, ആലപ്പുഴയിലെ മൗണ്ട് സിയോണ്‍, പത്തനംതിട്ട മുസ്ലീയാര്‍ കോളേജ്, പാലക്കാട് പ്രൈം കോളേജ്, തൃശൂരിലെ റോയല്‍ കോളേജ്, ശ്രീ എറണാകുളത്തപ്പന്‍ കോളേജ്, കൊല്ലത്തെ ട്രാവന്‍കൂര്‍, യൂനുസ് കോളേജ്, മലപ്പുറത്തെ വേദവ്യാസ എന്നിവയ്ക്കെല്ലാം കോഴ്സുകള്‍ നിര്‍ത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്.