തിരയിലെ താരങ്ങള്‍ തെളിയും വിധങ്ങള്‍

By ബിപിന്‍ ചന്ദ്രന്‍  |   Published: 28th December 2018 04:54 PM  |  

Last Updated: 28th December 2018 05:54 PM  |   A+A-   |  

 

ജീവിതം രേഖപ്പെടുത്തി വയ്‌ക്കേണ്ടിവരുമെന്നറിഞ്ഞിരുന്നെങ്കില്‍ താന്‍ ജീവിതത്തെ കൂടുതല്‍ നാടകീയവും സംഭവബഹുലവുമാക്കുമായിരുന്നു എന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ പണ്ടെപ്പോഴോ തമാശ പറഞ്ഞിട്ടുണ്ട്. എഴുത്തു ജീവിതത്തെക്കാള്‍ ജീവിതമെഴുത്തിനു തിളക്കം വര്‍ദ്ധിച്ചൊരു കാലഘട്ടത്തിന്റെ പ്രതിഫലനം സിനിമയിലും നമുക്കിപ്പോള്‍ കാണാവുന്നതാണ്. കൃതികള്‍ മനുഷ്യകഥാനുഗായികള്‍ എന്നു കവിതയില്‍ പറഞ്ഞത് സിനിമയെ സംബന്ധിച്ചിടത്തോളവും സത്യം തന്നെ. ജീവിച്ചിരുന്നവരോ ജീവിച്ചിരിക്കുന്നവരോ ആയ മനുഷ്യര്‍ക്കും അവരുടെ ജീവിതകഥകള്‍ക്കും സാഹിത്യത്തിലെന്നപോലെ സിനിമയിലും വര്‍ദ്ധിച്ച തോതില്‍ ഇടം കിട്ടിക്കൊണ്ടിരിക്കുന്നൊരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. അടുത്തിടെ അത്തരത്തില്‍ ശ്രദ്ധ നേടിയൊരു ചലച്ചിത്രമായിരുന്നു ബോളിബുഡ് നായകനായ സഞ്ജയ്ദത്തിന്റെ ജീവിതത്തെ അധികരിച്ച് പുറത്തിറങ്ങിയ രാജ്കുമാര്‍ ഹിറാനി ചിത്രമായ 'സഞ്ജു'. ഹിന്ദി സിനിമയിലെ പല നായികാനായകന്മാരുടേയും ജീവിതങ്ങളില്‍ സിനിമയ്ക്ക് യോജിച്ച ധാരാളം കഥാസന്ദര്‍ഭങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. അവരുടെ ജീവിതകഥകള്‍ പ്രത്യക്ഷമായും പരോക്ഷമായും പല ചലച്ചിത്ര സൃഷ്ടികള്‍ക്കും കാരണമായിത്തീര്‍ന്നിട്ടുണ്ട്. പക്ഷേ, അത്തരത്തിലുള്ള പലരുടേയും ജീവിതകഥകളെക്കാള്‍ 'സിനിമാറ്റിക്' ആയിരുന്നു സഞ്ജയ്ദത്തിന്റെ യഥാര്‍ത്ഥ ജീവിതമെന്നു പറയാം. 'സഞ്ജു ബാബ'യുടെ പേരില്‍ ചലച്ചിത്രമാക്കാന്‍ ഉതകുന്ന അതിവിചിത്രങ്ങളായ സംഭവകഥകള്‍ മുതല്‍ അതീവ രുചികരങ്ങളായ ഭക്ഷണ വിഭവങ്ങള്‍ വരെ പ്രചരിക്കുന്നുണ്ട്. മുംബൈയിലെ മുഹമ്മദ് അലി റോഡിലുള്ള നൂര്‍ മുഹമ്മദി ഹോട്ടലില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ആവശ്യപ്പെടുന്ന ഒന്നാണ് 'സഞ്ജു ബാബ ചിക്കന്‍.' മണിക്കൂറുകള്‍ നീളുന്ന പരമ്പരയാക്കാവുന്ന സഞ്ജയ് കഥ അദ്ദേഹത്തിന്റെ മാതാപിതാക്കളായ നര്‍ഗീസിന്റേയും സുനില്‍ദത്തിന്റേയും പൂര്‍വ്വകാലത്തില്‍നിന്നു തുടങ്ങിയില്ലെങ്കില്‍ പൂര്‍ണ്ണമാകില്ല.

നര്‍ഗീസ് എന്ന നക്ഷത്രം
നര്‍ഗീസിന്റെ മുത്തശ്ശിയും മുത്തച്ഛനും 'ഗാനേവാലികള്‍' എന്നറിയപ്പെട്ടിരുന്ന ഒരു ഗായകസംഘത്തില്‍പ്പെട്ടവരായിരുന്നു. മിശ്രവിവാഹിതരായ അവര്‍ മോട്ടിലാല്‍ നെഹ്‌റുവിന്റെ പരിചയക്കാരായിരുന്നെന്നും അവരുടെ മകളും നര്‍ഗീസിന്റെ മാതാവുമായിരുന്ന ജദ്ദന്‍ബായി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 'രാഖി സഹോദരി' ആയിരുന്നെന്നും പറയപ്പെടുന്നു. ഗായികയായിരുന്ന അമ്മയുടെ പാരമ്പര്യമായിരുന്നു ജദ്ദന്‍ പിന്തുടര്‍ന്നത്. നരോത്തംദാസ് ഖത്രിയായിരുന്നു ജദ്ദന്‍ബായി ഹുസൈന്റെ ആദ്യ ഭര്‍ത്താവ്. ഇസ്ലാം മതം സ്വീകരിച്ച് നസീര്‍ മുഹമ്മദ് എന്നു പേരു മാറി അദ്ദേഹം. ആ ബന്ധത്തില്‍നിന്നു ജനിച്ച മകനായിരുന്നു അഖ്താര്‍ ഹുസൈന്‍. രണ്ടാം ഭര്‍ത്താവായ ഉസ്താദ് ഇര്‍ഷാദ് മിര്‍ ഖാനില്‍നിന്നാണ് ജദ്ദന് അന്‍വര്‍ ഹുസൈന്‍ എന്ന മകനുണ്ടായത്. അതിനുശേഷമാണവര്‍ മോഹന്‍ചന്ദ് ഉത്തംചന്ദ് ത്യാഗി എന്ന മോഹന്‍ ബാബുവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. അദ്ദേഹവും പിന്നീട് മതം മാറി അബ്ദുള്‍ റഷീദ് എന്ന പേര് സ്വീകരിച്ചു. ആ ബന്ധത്തിലാണ് 1929 ജൂണ്‍ ഒന്നിന് ഫാത്തിമ അബ്ദുള്‍ റഷീദ് എന്നും തേജേശ്വരി മോഹന്‍ എന്നും രണ്ടു പേരുകള്‍ ഉണ്ടായിരുന്ന നര്‍ഗീസ് ജനിക്കുന്നത്. 1934-ല്‍ നര്‍ഗീസിന്റെ മാതാപിതാക്കള്‍ ബോംബെയിലേയ്ക്ക് താമസം മാറ്റി.
മുപ്പതുകളുടെ പകുതിയായപ്പോഴേയ്ക്ക് അറിയപ്പെടുന്ന നടിയും ഗായികയും തിരക്കഥാകൃത്തും സംവിധായികയും നിര്‍മ്മാതാവുമായിത്തീര്‍ന്നിരുന്നു ജദ്ദന്‍ബായി. ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ വനിതാ സംഗീത സംവിധായികയുമായി അവര്‍. ജദ്ദന്‍ നിര്‍മ്മിച്ച 'തലാഷെ ഹഖി'ലൂടെ, ബേബി റാണി എന്നറിയപ്പെട്ടിരുന്ന നര്‍ഗീസ് 1935-ല്‍ സിനിമയുടെ ലോകത്തേക്കാനയിക്കപ്പെട്ടു.

നര്‍ഗീസ്, വൈജയന്തിമായ, സുരയ്യ

ചിമന്‍ലാല്‍ ലുഹാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് ഫരീദൂന്‍ എ. ഇറാനിയായിരുന്നു. നിര്‍മ്മാണവും രചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ച ജദ്ദന്‍ബായി മുഖ്യവേഷത്തില്‍ അഭിനയിക്കുകയും ചെയ്തു ആ സിനിമയില്‍. നര്‍ഗീസിന്റെ പില്‍ക്കാല ഹിറ്റുകളായ 'അന്ദാസി'ന്റേയും 'മദര്‍ ഇന്ത്യ'യുടേയും ഛായാഗ്രാഹകന്‍. എഫ്.എ. ഇറാനി ആയിരുന്നു സ്വന്തം നിര്‍മ്മാണക്കമ്പനിയായ സംഗീത് മൂവിടോണിന്റെ ബാനറില്‍ 'മാഡം ഫാഷന്‍', 'ഹൃദയ് മന്ഥന്‍' (1936), 'മോട്ടി കാ ഹാര്‍', 'ജീവന്‍ സപ്നാ' (1937) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജദ്ദന്‍ബായി ബേബി റാണിക്ക് ചലച്ചിത്ര മാധ്യമവുമായുള്ള ബന്ധം ദൃഢമാക്കാന്‍ നിരന്തരം ശ്രദ്ധിച്ചിരുന്നു. പില്‍ക്കാലത്ത് അന്‍വര്‍ ഹുസൈന്‍ നടനായും അഖ്താര്‍ ഹുസൈന്‍ സംവിധായകനായും മാറിയെങ്കിലും പാടാനറിയാത്ത നര്‍ഗീസിലായിരുന്നു ജദ്ദന്‍ബായി തന്റെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചത്. നാല്പതുകളിലെ ബോംബെ സിനിമാലോകത്ത് പാട്ട് പാടാനറിയാതിരിക്കുകയെന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളവും വലിയൊരു പോരായ്മയായിരുന്നു. ഒരു നടിക്ക് പ്രത്യേകിച്ചും. നൂര്‍ജഹാനെപ്പോലെയും സുരയ്യയെപ്പോലെയും പാടാനറിയാവുന്ന നടികള്‍ രംഗത്തുള്ള സമയമായിരുന്നത്. നിരവധി സിനിമകളില്‍ കുന്ദന്‍ലാല്‍ സൈഗളിന്റെ നായികയായ സുരയ്യ 1948-'49 കാലമായപ്പോഴേക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികയായി വളര്‍ന്നു. അറുപതുകളിലും എഴുപതുകളിലും രാജേഷ് ഖന്നയുണ്ടാക്കിയ തരംഗത്തിനു സമാനമായിരുന്നു അക്കാലത്ത് സുരയ്യ സൃഷ്ടിച്ചത്. സുരയ്യയുടെ 'ദില്ലഗി' (1949) നാല്പതോളം തവണ കണ്ട കാര്യം നടനായ ധര്‍മ്മേന്ദ്രന്‍ ഒരിക്കല്‍ അനുസ്മരിച്ചിരുന്നു. അത്രത്തോളം മാസ്മര പ്രഭാവമാണ് അവര്‍ ആരാധകരില്‍ ചെലുത്തിയിരുന്നത്.

സുരയ്യയും നര്‍ഗീസും തമ്മില്‍ കടുത്ത മത്സരം നിലനിന്നിരുന്നു. ആ താരയുദ്ധത്തിന്റെ മുന്നണിപ്പോരാളികള്‍ രണ്ടു പേരുടേയും അമ്മമാര്‍ തന്നെയായിരുന്നു. ജദ്ദന്‍ബായിയുടെ 'മാഡം ഫാഷനി'ലാണ് സുരയ്യ ഒരു ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തില്‍ നര്‍ഗീസും ബാലതാരമായി. സുരയ്യ ജമാല്‍ ഷെയ്ഖിനൊപ്പം അഭിനയിച്ചിരുന്നു. 'താജ്മഹലി'ലെ (1941) മുംതാസ് മഹലിന്റെ വേഷമായിരുന്നു സുരയ്യയുടെ ചലച്ചിത്ര ജീവിതത്തെ ഉയരങ്ങളിലേയ്ക്ക് പ്രതിഷ്ഠിച്ചത്. സുരയ്യയുടെ അമ്മയുടെ പേരും മുംതാസ് ബീഗമെന്നായിരുന്നു. മുംതാസും ജദ്ദനും തമ്മിലുള്ള പടയില്‍ വിജയിച്ചത് ജദ്ദനാണെന്നു പറയാം. 

ചലച്ചിത്രരംഗത്ത് പിന്നണിഗാന സമ്പ്രദായം ശക്തിയാര്‍ജ്ജിച്ചതോടെ സുരയ്യയുടെ സ്വരമാധുരിയുടെ പ്രാധാന്യം പാടെ കുറഞ്ഞു. പാടി അഭിനയിക്കുന്ന നടിമാര്‍ കൂടിയേ തീരൂ എന്ന സ്ഥിതി മാറി. പഴയ പ്രാധാന്യം നഷ്ടപ്പെട്ടെങ്കിലും പിടിച്ചുനിന്ന സുരയ്യ നാല്പതുകളുടെ അവസാനം ദേവാനന്ദിന്റെ ഭാഗ്യജോടിയായി മാറി. 'വിദ്യ' (1948), 'ജീത്' (1949), 'ഷായിര്‍' (1949), 'അഫ്സര്‍' (1950), 'നീലി' (1950), 'ദോ സിതാരേ' (1951), 'സനം' (1951) തുടങ്ങിയ സിനിമകളൊക്കെ ഹിറ്റുകളായിരുന്നെങ്കിലും ദേവാനന്ദുമായുള്ള പ്രണയബന്ധം വിവാഹത്തിലെത്തിക്കാന്‍ കഴിയാഞ്ഞതില്‍ സുരയ്യയ്ക്ക് കടുത്ത നിരാശയുണ്ടായിരുന്നു. 'അഫ്സറി'ന്റെ ഷൂട്ടിങ്ങ് സമയത്ത് ദേവാനന്ദ് അണിയിച്ച രത്‌നമോതിരം, സുരയ്യയുടെ അമ്മൂമ്മ കടലിലെറിഞ്ഞു കളഞ്ഞു. 1951-നുശേഷം ദേവാനന്ദുമായി അഭിനയിക്കാന്‍ അവര്‍ സുരയ്യയെ അനുവദിച്ചില്ല. മതമായിരുന്നു ആ ബന്ധത്തിലെ വില്ലന്‍. മരണം വരെ അവിവാഹിതയായി തുടരാനായിരുന്നു സുരയ്യയുടെ തീരുമാനം. അന്‍പതുകളുടെ തുടക്കത്തില്‍ 'ജാന്‍വര്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതില്‍നിന്ന്  അവര്‍ പകുതി വഴിക്ക് പിന്‍വാങ്ങിയിരുന്നു.

നായകനായ ദിലീപ് കുമാറിന്റേയും സംവിധായകനായ കെ. ആസിഫിന്റേയും തുടര്‍ച്ചയായ ശല്യപ്പെടുത്തലും സംഘടിതമായ പരിഹാസവും സഹിക്കാന്‍ വയ്യാതെയാണത്രെ അവര്‍ അതില്‍നിന്നു പിന്‍വാങ്ങിയത്. മുന്‍പൊരു ചിത്രത്തില്‍ കൂടെ അഭിനയിക്കാനുള്ള അപേക്ഷ നിരസിച്ചതിനു പകരംവീട്ടുകയായിരുന്നുപോലും ദിലീപ് കുമാറും അദ്ദേഹത്തിന്റെ സുഹൃത്തായ ആസിഫും. അനാര്‍ക്കലിയിലെ (1953) നായികാവേഷവും സുരയ്യ നിരസിക്കുകയുണ്ടായി. ദേശീയ തലത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മിര്‍സാ ഗാലിബിലെ (1954) പ്രകടനം സുരയ്യയ്ക്ക് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പോലും പ്രശംസ നേടിക്കൊടുത്തു. ''മിര്‍സാ ഗാലിബിന്റെ ആത്മാവിനെ നിങ്ങള്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു'' എന്നായിരുന്നു നെഹ്‌റുവിന്റെ വാക്കുകള്‍. പക്ഷേ, അന്‍പതുകളുടെ പകുതിയോടെ അപ്രസക്തയായിത്തീര്‍ന്ന സുരയ്യ അറുപതുകളില്‍ അഭിനയരംഗത്തുനിന്നു വിടവാങ്ങി. 2004 ജനുവരി 31-ന് കാലയവനികയ്ക്കുള്ളില്‍ മറയും വരെ ബോംബെയില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒറ്റപ്പെട്ട ജീവിതമാണവര്‍ നയിച്ചുപോന്നത്.

രാജ്കുമാറും നര്‍ഗീസും

അന്‍പതുകളായപ്പോഴേക്കും തന്റെ കാലത്തെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായി ഇന്ത്യന്‍ ചലച്ചിത്രാകാശത്ത് നര്‍ഗീസ് ഉദിച്ചുയര്‍ന്നു കഴിഞ്ഞിരുന്നു. മേള (1948), അന്ദാസ് (1949), ബാബുല്‍ (1950), ജോഗന്‍ (1950), ദീദാര്‍ (1951), ഹല്‍ചല്‍ (1951) തുടങ്ങിയ സിനിമകളില്‍ നര്‍ഗീസിന്റെ ജോടി ദിലീപ് കുമാറായിരുന്നു. ദിലീപ് കുമാറും രാജ്കപൂറും അഭിനയിച്ച അന്ദാസില്‍ നര്‍ഗീസ് അവതരിപ്പിച്ച വേഷമാണ് ആധുനിക ഇന്ത്യന്‍ സ്ത്രീയെ ആദ്യമായി അഭ്രപാളിയില്‍ കൃത്യമായി അടയാളപ്പെടുത്തിയതെന്നു ധാരാളം ചലച്ചിത്ര നിരീക്ഷകര്‍ കരുതുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് പുതിയൊരു കഥാപാത്ര ചിത്രണരീതി സംഭാവന ചെയ്തതോടൊപ്പം ആ വേഷം നര്‍ഗീസിന്റെ പില്‍ക്കാല പ്രതിച്ഛായയെ വാര്‍ത്തെടുക്കാന്‍ സഹായിക്കുകയും ചെയ്തതെന്നു പറയാം. വേഷവിധാനങ്ങളിലും പാത്രസ്വഭാവങ്ങളിലും മാത്രമല്ല, അഭിനയരീതികളിലും തനിക്കു മുന്‍പുള്ള അഭിനേത്രികളെയൊക്കെ അതിവര്‍ത്തിച്ചു നര്‍ഗീസ്. അതിഭാവുകത്വവും അമിതമായ ഭാവഹാവാദികളും ഒഴിവാക്കി ലളിതവും ഫലപ്രദവുമായ സ്വാഭാവിക പ്രതികരണങ്ങള്‍ സ്വീകരിക്കാന്‍ അവര്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു. സ്വിം സ്യൂട്ട് ധരിക്കുന്ന ആദ്യ ബോളിവുഡ് നടിയായി 'ആവാര'യില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ യാഥാസ്ഥിതികരില്‍നിന്നു കാര്യമായ എതിര്‍പ്പൊന്നും ഉയരാത്തതിന് പ്രധാന കാരണം നര്‍ഗീസിന്റെ സ്വാഭാവികത തന്നെയായിരുന്നു. രാജ്കപൂര്‍ നര്‍ഗീസിന്റെ നഗ്‌നമായ പിന്‍ചുമലില്‍ ചുംബിക്കുന്ന ചിത്രമുള്ള 'ആവാര'യുടെ പോസ്റ്റര്‍ പോലൊന്ന് പുറത്തിറക്കുകയെന്നത് ആ കാലത്തെ സംബന്ധിച്ചിടത്തോളം അതീവ ധൈര്യം വേണ്ട ഒരു സംഭവമായിരുന്നു. അത് ചര്‍ച്ചാവിഷയമാവുക തന്നെ ചെയ്തു. അനാവശ്യമായ കോളിളക്കങ്ങളുണ്ടാക്കുകയോ വിവാദങ്ങളിലേക്ക് വഴി തെളിക്കുകയോ ചെയ്യാനിടയുണ്ടായിരുന്ന അക്കാര്യം അത്തരത്തിലേക്കൊന്നും പടര്‍ന്നു വഷളാകാഞ്ഞതിന്റെ പ്രധാന കാരണം നര്‍ഗീസിന്റെ സാന്നിദ്ധ്യമായിരുന്നെന്നു പറയാം. ചലച്ചിത്ര ഭാവുകത്വത്തെ മാത്രമല്ല, വസ്ത്രധാരണ രീതികളേയും ജീവിത സമീപനങ്ങളേയും ജനതയുടെ പരിപ്രേക്ഷ്യത്തേയുമൊക്കെ പരിവര്‍ത്തിപ്പിക്കുന്നതില്‍ നര്‍ഗീസ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ വഹിച്ച പങ്ക് കൂടുതല്‍ പഠിക്കപ്പെടേണ്ടതുണ്ട്. രാജ്കപൂര്‍ പതിനയ്യായിരം രൂപയും ദിലീപ് കുമാര്‍ ഇരുപത്തി അയ്യായിരം രൂപയും പ്രതിഫലം പറ്റിയിരുന്ന കാലത്ത് നര്‍ഗീസിന്റെ പ്രതിഫലം മുപ്പത്തി അയ്യായിരമായിരുന്നു എന്നത് സിനിമ എന്ന വ്യാപാരത്തെ സംബന്ധിച്ചിടത്തോളവും അവരുടെ പ്രാധാന്യം എത്ര വലുതായിരുന്നെന്നു ചൂണ്ടിക്കാണിക്കുന്നു. നര്‍ഗീസിന്റെ സമഗ്രമായ ചിത്രം ലഭിക്കാനാവശ്യമായ വിശദാംശങ്ങള്‍ നിറഞ്ഞൊരു ഗ്രന്ഥമാണ് ടി.ജെ.എസ്. ജോര്‍ജിന്റെ 'ദി ലൈഫ് ആന്റ് ടൈംസ് ഓഫ് നര്‍ഗീസ്'. തന്റെ പുസ്തകത്തിലൂടെ 'ലേഡി ഇന്‍ വൈറ്റ്' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ആ മഹാനടിയുടെ ചലച്ചിത്ര സഞ്ചാരങ്ങളുടേയും ചിത്രബാഹ്യമായ ജീവിത വഴിത്താരകളുടേയും സൂക്ഷ്മചിത്രണം സാധ്യമാക്കുന്നുണ്ട് ടി.ജെ.എസ്.

ആഗില്‍ ആരംഭിച്ച അനുരാഗം
ഇന്ത്യന്‍ സിനിമാരംഗത്ത് പ്രത്യക്ഷപ്പെട്ട ഏറ്റവും വലിയ ഷോമാനെന്നു പറയാവുന്ന രാജ്കപൂറുമായുള്ള പരിചയപ്പെടല്‍ നര്‍ഗീസിന്റെ ജീവിതത്തെ പുതിയൊരു ദിശയിലേക്കാണ് നയിച്ചത്. ആഗ് (1948), അന്ദാസ് (1949), ബര്‍സാത് (1949), ജാന്‍ പെഹ്ചാന്‍ (1950), പ്യാര്‍ (1950), ആവാരാ (1951), അംബര്‍ (1952), അന്‍ഹോനെ (1952), ആഷിയാനാ (1952), ബേവഫ (1952), ആഹ് (1953), ധൂന്‍ (1953), പാപി (1953), ശ്രീ 420 (1955), ചോരി ചോരി (1956), ജാഗ്‌തേരഹോ (1956) എന്നിങ്ങനെ പതിനാറ് സിനിമകളില്‍ അവര്‍ ഒന്നിച്ച് അഭിനയിക്കുകയുണ്ടായി. ഏക് ദിന്‍ രാത്രേ എന്ന പേരില്‍ ജാഗ്‌തേ രഹോ ബംഗാളി ഭാഷയിലും പുറത്തിറങ്ങുകയുണ്ടായി. മധു ജെയ്നിന്റെ 'ദി കപൂര്‍സ്' എന്ന ഗ്രന്ഥവും മറ്റ് എഴുത്തുകളും നര്‍ഗീസ്-രാജ്കപൂര്‍ ബന്ധത്തെ വ്യത്യസ്ത വിതാനങ്ങളില്‍നിന്നു നോക്കിക്കാണുന്നുണ്ട്. അവരുടെ ആദ്യ കണ്ടുമുട്ടല്‍ തന്നെ കൗതുകകരമായ ഒരു സിനിമാരംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. തന്റെ ആദ്യ സംവിധാന സംരംഭത്തിനു യോജിച്ച സ്റ്റുഡിയോയുടെ സൗകര്യങ്ങളെക്കുറിച്ചു തിരക്കാന്‍ ജദ്ദന്‍ബായിയെ കാണാനെത്തിയതായിരുന്നു രാജ്കപൂര്‍. പക്കോടയുണ്ടാക്കാന്‍ മാവ് തയ്യാറാക്കിക്കൊണ്ടിരുന്ന നര്‍ഗീസായിരുന്നു രാജിന് അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്നു കൊടുത്തത്. കൈകൊണ്ട് മാടിയൊതുക്കിയപ്പോള്‍ നര്‍ഗീസിന്റെ മുടിയില്‍ ആ മാവ് അല്പം പുരണ്ടിരുന്നു. തന്റെ ഒരു സുഹൃത്തിനോട് ആ സന്ദര്‍ശനത്തെക്കുറിച്ച് സംസാരിക്കവേ രാജ്കപൂറിനെ ''ചുവന്നു തുടുത്ത ഒരു നീലക്കണ്ണന്‍ തടിയന്‍'' എന്നായിരുന്നു നര്‍ഗീസ് വിശേഷിപ്പിച്ചത്. പക്ഷേ, രാജ്കപൂറിനെ സംബന്ധിച്ചിടത്തോളം ആ കണ്ടുമുട്ടല്‍ അവിസ്മരണീയമായിരുന്നു. പിന്നീട് തന്റെ മകനായ റിഷി കപൂറിനെ നായകനാക്കി 'ബോബി' എടുക്കുമ്പോള്‍ അത്തരത്തിലായിരുന്നു അദ്ദേഹം ഡിംപിള്‍ കപാഡിയയുടെ അവതരണരംഗം ഒരുക്കിയത്. 'ബോബി'യില്‍ റിഷിയുടെ കഥാപാത്രത്തിന്റെ പേര് പോലും രാജ് എന്നാണ്. ആദ്യമായി നര്‍ഗീസിനെ കാണുന്ന സമയത്ത് എട്ടു സിനിമകളുടെ അനുഭവസമ്പത്തുമായി നിന്നിരുന്ന അവരുടെ മുന്‍പില്‍ ആരുമായിരുന്നില്ല ദിവാന്‍ ബസേശ്വര്‍നാഥിന്റെ കൊച്ചുമകനും പൃഥ്വിരാജ് കപൂറിന്റെ മകനുമായ രാജ്കപൂര്‍. ഇരുപത് തികയാത്ത നര്‍ഗീസ് ആ കാലത്ത് മെഹബൂബ് ഖാന്റെ ക്യാമ്പിലെ പ്രധാന താരമായി കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തഖ്ദീര്‍ (1943) എന്ന ചിത്രത്തിലൂടെയായിരുന്നു അവര്‍ ആദ്യമായി നായികാപദവിയിലെത്തിയതും. നര്‍ഗീസിനെ പരിചയപ്പെടുമ്പോള്‍ ഇരുപത്തിരണ്ടുകാരനായ രാജ്കപൂര്‍ തന്റെ കന്നിച്ചിത്രമൊരുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു.

മദര്‍ ഇന്ത്യ എന്ന ചിത്രത്തില്‍ നര്‍ഗീസ്


ആഗില്‍ അഭിനയിക്കണമെങ്കില്‍ കാമിനി കൗശലിനേയും നിഗര്‍ സുല്‍ത്താനയേയും കടത്തിവെട്ടുന്ന ശമ്പളം നര്‍ഗീസിനു ലഭിക്കണമെന്ന് ജദ്ദനുബായി ആവശ്യപ്പെട്ടു. പൃഥ്വിരാജ് കപൂറിന്റെ നേരിട്ടുള്ള അഭ്യര്‍ത്ഥനയെ മാനിച്ച് പതിനായിരം രൂപയായി പ്രതിഫലം ഉറപ്പിക്കാന്‍ സമ്മതം മൂളിയെങ്കിലും നര്‍ഗീസിന്റെ സഹോദരന്‍ അഖ്താര്‍ ഹുസൈന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് നാല്പതിനായിരം രൂപയായി അത് ഉയര്‍ത്തപ്പെട്ടു. ഹോളിവുഡ് ജോടികളായ കാതറിന്‍ ഹെപ്‌ബേണിന്റേയും സ്‌പെന്‍സര്‍ ട്രേസിയുടേയും അടുപ്പത്തെ അനുസ്മരിപ്പിക്കുന്ന ഒരു ദീര്‍ഘകാല ബന്ധത്തിനു തുടക്കം കുറിക്കുകയായിരുന്നു 1948 ഓഗസ്റ്റ് ആറിന് പുറത്തിറങ്ങിയ ആഗ്. അന്ദാസും കടന്ന് ബര്‍സാത്തിലെത്തിയപ്പോഴേയ്ക്കും ഹിന്ദി സിനിമയിലെ അനശ്വര പ്രണയജോടികളായി മാറിയിരുന്നു നര്‍ഗീസും രാജ്കപൂറും. പൂജ ചെയ്യുന്ന പൃഥ്വിരാജ് കപൂറിന്റെ ദൃശ്യത്തില്‍ നിന്നായിരുന്നു ആര്‍.കെ. ഫിലിംസിന്റെ എല്ലാ സിനിമകളും ആരംഭിച്ചിരുന്നത്. അത് മാറി, വയലിനുമായി നില്‍ക്കുന്ന രാജ്കപൂറിന്റെ കരങ്ങളിലേയ്ക്ക് പതിക്കുന്ന നര്‍ഗീസിന്റെ ബര്‍സാത്ത് രംഗം ആര്‍.കെ. ഫിലിംസിന്റെ മുഖദൃശ്യവും ലോഗോയുമായതില്‍നിന്നു മാത്രം നര്‍ഗീസ്-രാജ് ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ. പിന്നീട് ശ്രീ 420-ലെ 'പ്യാര്‍ ഹുവാ ഇക്രാര്‍ ഹുവാ' എന്ന ഗാനത്തിനിടയില്‍ നര്‍ഗീസും രാജ്കപൂറും മഴയത്ത് തെരുവില്‍ കുട ചൂടി നില്‍ക്കുന്ന ചിത്രം ഒരു കാലഘട്ടത്തിന്റെ പ്രണയ പ്രതീകവും ഇന്ത്യന്‍ സിനിമയെത്തന്നെ പ്രതിനിധീകരിക്കുന്ന ബിംബവുമായിത്തീര്‍ന്നിരുന്നല്ലോ. തന്റെ ആഭരണങ്ങള്‍ വിറ്റുപോലും ആര്‍.കെ. ഫിലിംസിനെ സഹായിക്കാന്‍ നര്‍ഗീസ് സന്നദ്ധയായിരുന്നു. മറ്റു നിര്‍മ്മാണക്കമ്പനികളുടെ സിനിമകളില്‍ സഹകരിക്കാന്‍ അവര്‍ അക്കാലത്ത് തയ്യാറായതുപോലും ആര്‍.കെയുടെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള സമ്പത്ത് സമാഹരിക്കുന്നതിനായിട്ടാണ്. കൃഷ്ണ തന്റെ മക്കളുടെ അമ്മയും നര്‍ഗീസ് തന്റെ സിനിമകളുടെ അമ്മയുമാണെന്ന് രാജ്കപൂര്‍ പണ്ട് പറഞ്ഞതില്‍ ഒട്ടും അതിശയോക്തി ഉണ്ടായിരുന്നില്ല. ശശികപൂറിന്റെ വാക്കുകള്‍ കടമെടുത്താല്‍ ആര്‍.കെയുടെ ജീവനായിരുന്നു നര്‍ഗീസ്. പക്ഷേ, അനുദിനം ഉറച്ചുകൊണ്ടിരുന്ന ആ ബന്ധത്തോട് ജദ്ദന്‍ബായിക്ക് അത്ര യോജിപ്പുണ്ടായിരുന്നില്ല. ദേവ് ആനന്ദ്-സുരയ്യ ബന്ധത്തിലെന്നപോലെ മതമായിരുന്നു ആ വിയോജിപ്പിനു പിന്നിലെ പ്രധാന ഘടകം. ഭര്‍ത്താവ് മോഹന്‍ബാബു ഹിന്ദുവായിരുന്നെങ്കിലും തന്റെ മതവിശ്വാസങ്ങള്‍ക്ക് അനുസൃതമായിട്ടായിരുന്നു ജദ്ദന്‍ബായി നര്‍ഗീസിനെ വളര്‍ത്തിയത്. നര്‍ഗീസും രാജ്കപൂറും തമ്മില്‍ കുടുംബപശ്ചാത്തലത്തിലും സ്വഭാവത്തിലുമൊക്കെ ഒരുപാട് വ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളുമുണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സുഹൃത്തും രാജ്യസഭാ എം.പിയുമൊക്കെയായിരുന്ന പൃഥ്വിരാജ് കപൂറിന്റെ പുത്രനായി പ്രഭുകുടുംബത്തില്‍ ജനിച്ചെങ്കിലും സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കിയിരുന്നില്ല രാജ്. കുടുംബ പ്രതാപത്തിന്റെ പുണ്യഭാരമൊന്നും ചുമക്കാനില്ലായിരുന്നെങ്കിലും ക്വീന്‍ മേരീസില്‍ പഠിച്ച നര്‍ഗീസിന്റെ ആഗ്രഹം തന്റെ പിതാവിനെപ്പോലൊരു ഡോക്ടറാവുക എന്നതായിരുന്നു. അവര്‍ കസന്‍ദ്‌സാക്കീസിനേയും ജോണ്‍ ഗാല്‍ബ്രെയിത്തിനെയുമൊക്കെ വായിച്ചപ്പോള്‍ ഒളിമ്പിയ പ്രസ്സിന്റെ പോര്‍ണോ സാഹിത്യത്തിലായിരുന്നു രാജ്കപൂറിന്റെ കമ്പം. നര്‍ഗീസിനെ കണ്ടുമുട്ടുന്നതിനു മാസങ്ങള്‍ക്കു മുന്‍പ് രാജ് വിവാഹിതനുമായിക്കഴിഞ്ഞിരുന്നു. പക്ഷേ, ഈ ഘടകങ്ങളൊന്നും അവര്‍ തമ്മില്‍ അടുക്കുന്നതിനു തടസ്സമായില്ല. എന്നാല്‍, ഒന്നിക്കാതിരുന്നതിന് ചില സംഭാവനകള്‍ ചെയ്‌തെന്നു മാത്രം. കശ്മീരില്‍ ഷൂട്ട് ചെയ്യാനിരുന്ന ബര്‍സാത്തിന്റെ ലൊക്കേഷന്‍ ബോംബെയ്ക്കടുത്തുള്ള മഹാബലേശ്വറിലേക്കു മാറ്റാന്‍ കാരണം ജദ്ദന്‍ബായിയുടെ ഇടപെടലായിരുന്നു. ആവാരയുടെ കാലമായപ്പോഴേക്ക് ജദ്ദന്‍ബായി മരിച്ചുപോയിരുന്നു. അപ്പോഴേയ്ക്ക് മകനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പൃഥ്വിരാജ് കപൂറും ഏതാണ്ട് അവസാനിപ്പിച്ച മട്ടായിരുന്നു.

ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ആര്‍.കെ. ഫിലിംസിന്റെ ഏറ്റവും വലിയ വിജയസ്തംഭവും മുഖമുദ്രയുമായി ഇന്നും ആള്‍ക്കാര്‍ പരിഗണിച്ചുപോരുന്ന സിനിമയാണ് ആവാര. തന്റെ പ്രധാനപ്പെട്ട സിനിമകളിലൊക്കെ രാജ്കപൂറിന്റെ കഥാപാത്രങ്ങളുടെ പേര് രാജ് എന്നോ രാജു എന്നോ ആയിരുന്നു. അദ്ദേഹം അഭിനയിച്ച 67 ചിത്രങ്ങളില്‍ 17 എണ്ണത്തിലും രാജ്കപൂര്‍ ആ പതിവ് തുടര്‍ന്നു. ആവാരയിലെ കഥാപാത്രത്തിന്റെ പേരും രാജ് എന്നായിരുന്നു. ചാര്‍ളി ചാപ്ലിന്‍ കഥാപാത്രങ്ങളില്‍നിന്നു പ്രചോദനംകൊണ്ടു രൂപപ്പെടുത്തിയ 'നന്മനിറഞ്ഞ തെരുവു ചെക്കന്‍' കഥാപാത്രമാണ് ആവാരയിലെ രാജ്. നര്‍ഗീസ് അവതരിപ്പിച്ച റീതയാകട്ടെ, ഹിന്ദി സിനിമ കണ്ട ആദ്യത്തെ 'ഹൈ പ്രൊഫൈല്‍' അഭിഭാഷക വേഷമായിരുന്നു. കോടതി രംഗങ്ങള്‍ക്കും വക്കീല്‍ കഥാപാത്രങ്ങള്‍ക്കും കാലങ്ങളോളം മാതൃകയായി വര്‍ത്തിച്ച ആവാരയിലെ, ന്യായാധിപനായ രഘുനാഥിന്റെ വേഷം കൈകാര്യം ചെയ്തത് പൃഥ്വിരാജ് കപൂറായിരുന്നു. കഥയില്‍ രാജിന്റെ യഥാര്‍ത്ഥ പിതാവ് രഘുനാഥിന്റെ കഥാപാത്രം തന്നെയായിരുന്നു. മെഹബൂബ് ഖാനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ആവാരയുടെ രചയിതാക്കളായ കെ.എ. അബ്ബാസും വി.പി. സാഥേയും ചിത്രം സംവിധാനം ചെയ്യാന്‍ രാജ്കപൂറിനെ സമീപിക്കുകയും തിരക്കഥ ഏല്‍പ്പിക്കുകയും ചെയ്യുന്നത്. മുഖ്യ കഥാപാത്രത്തെ തന്റെ പ്രിയങ്കരനായ നടന്‍ ദിലീപ് കുമാര്‍ അവതരിപ്പിക്കണമെന്നായിരുന്നു മെഹബൂബ് ഖാന്റെ ആഗ്രഹം. ആര്‍.കെ. സ്റ്റുഡിയോസിനുള്ളില്‍ ചിത്രീകരിക്കുന്ന ആദ്യ ചിത്രമായിരുന്നു ആവാര.

രാജ്കപൂറും പിതാവ് പൃഥ്വിരാജും മാത്രമല്ല, മുത്തച്ഛനായ ബഷേഷര്‍ നാഥും അനുജന്‍ ശശികപൂറും ഇളയപുത്രന്‍ രണ്‍ധീര്‍ കപൂറും അളിയന്‍ പ്രേംനാഥും ആവാരയില്‍ അഭിനയിച്ചിട്ടുണ്ട്. എം.ആര്‍. അഛ്രേക്കര്‍ ഒരുക്കിയ സെറ്റുകളും ഫ്രെഞ്ച് നര്‍ത്തകിയായ മാഡം സിംകി ഒരുക്കിയ നൃത്തരംഗങ്ങളും ആവാരയുടെ കച്ചവടവിജയം ഉറപ്പിക്കുന്നതായിരുന്നു. ശങ്കര്‍-ജയ്കിഷന്‍ ടീമിന്റെ സംഗീത സംവിധാനത്തില്‍ മുകേഷ് ആലപിച്ച 'ആവാരാ ഹും' എന്ന ഗാനം എത്രയോ തലമുറകളുടെ ചുണ്ടുകളില്‍ തത്തിക്കളിച്ചു.

ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും വിജയം കൊയ്തു ആവാര. പേര്‍ഷ്യന്‍, തുര്‍ക്കി, അറബി ഭാഷകളിലേക്കൊക്കെ മൊഴിമാറ്റിയ ആവാര ചൈനയിലും റഷ്യയിലും തരംഗമായി മാറി. 1923 മുതല്‍ ലോകത്താകമാനം നിര്‍മ്മിക്കപ്പെട്ട സിനിമകളിലെ മികച്ച നൂറില്‍ ഒന്നായി ടൈം മാഗസിന്‍ ആവാരയെ 2012-ല്‍ പുറത്തിറക്കിയ പട്ടികയില്‍പ്പെടുത്തിയിരുന്നു.

രാജ്കപൂര്‍, നര്‍ഗീസ്, ചേതന്‍, ബല്‍രാജ് സാഹ്നി, ബിമല്‍ റോയ്, ഋഷികേശ് മുഖര്‍ജി തുടങ്ങിയവര്‍ക്കൊപ്പം ഒരു സാംസ്‌കാരിക പര്യടനത്തിന്റെ ഭാഗമായി സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ ആവാര സിനിമയ്ക്കും അതിലെ ഗാനത്തിനും താരങ്ങള്‍ക്കുമൊക്കെ ലഭിച്ച അത്ഭുതകരമായ സ്വീകരണത്തെക്കുറിച്ച് ദേവ് ആനന്ദ് തന്റെ ആത്മകഥയായ 'റൊമാന്‍സിങ്ങ് വിത്ത് ലൈഫി'ല്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ ശക്തമായ ഇടപെടല്‍ മൂലം പ്രത്യയശാസ്ത്ര പ്രചരണം ലക്ഷ്യമാക്കിയുള്ള പ്രമേയങ്ങള്‍ മാത്രമേ സോവിയറ്റ് യൂണിയനിലെ സാംസ്‌കാരിക വകുപ്പ് സിനിമകളില്‍ കൈകാര്യം ചെയ്യാന്‍ അനുവദിച്ചിരുന്നുള്ളൂ. ആവാര അവിടെ റിലീസ് ചെയ്തപ്പോള്‍ ജനങ്ങള്‍ക്കത് വരണ്ട ഭൂമിയിലെ കുളിര്‍ത്തെന്നല്‍ പോലെ അനുഭവപ്പെട്ടു. അത്ഭുതലോകത്തിലെത്തിയ കുട്ടികളെപ്പോലെ ആനന്ദത്തില്‍ ആറാടിയാണ് സോവിയറ്റ് പ്രേക്ഷകര്‍ ആ സിനിമയെ എതിരേറ്റത്. ഇന്ത്യന്‍ താരങ്ങള്‍ റഷ്യന്‍ മണ്ണില്‍ ചെന്നപ്പോള്‍ പ്രായഭേദമെന്യേ ആള്‍ക്കാര്‍ ഓട്ടോഗ്രാഫിനുവേണ്ടി തിക്കും തിരക്കും കൂട്ടുന്ന കാഴ്ചയായിരുന്നു എവിടെയും കാണാനുണ്ടായിരുന്നത്. ''രാജ്കപൂര്‍ ഏറ്റവും ജനകീയനായി മാറി അവിടെ. ആവാര ഒരു മഹാ പ്രതിഭാസമായിത്തീര്‍ന്നിരുന്നു. രാജ്യത്തിന്റെ ദേശീയഗാനമാണോ അതെന്നു തോന്നിക്കും വിധത്തില്‍ എല്ലായിടത്തും എല്ലാവരും 'ആവാര ഹൂം' പാടി നടന്നു. എവിടെയൊക്കെ ചെല്ലുന്നോ അവിടെയെല്ലാം ആള്‍ക്കാര്‍ രാജ്കപൂറിനോട് ആ ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അദ്ദേഹം ആത്മാര്‍ത്ഥമായി പാടുമ്പോള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ആര്‍ത്തുവിളിച്ചും നൃത്തം ചവിട്ടിയും കൂടെപ്പാടിയും ആള്‍ക്കാര്‍ ആഹ്ലാദം പങ്കുവെച്ചു. ഇന്ത്യക്കാരെ കാണുമ്പോഴെല്ലാം 'നിങ്ങള്‍ ആവാരയുടെ നാട്ടില്‍ നിന്നാണോ?' എന്നായിരുന്നു റഷ്യക്കാര്‍ കുശലം ചോദിച്ചിരുന്നത്. ആദ്യമായി റഷ്യ സന്ദര്‍ശിച്ച സമയത്ത് ആവാരയുടെ സ്വാധീനത്തെപ്പറ്റി മനസ്സിലാക്കിയപ്പോള്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പോലും അമ്പരന്നുപോയിരുന്നു. റഷ്യയില്‍ എവിടെ ചെല്ലുമ്പോഴും ജനങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ആവാരയെക്കുറിച്ച് സംസാരിച്ചിരുന്നു'' ദേവ് ആനന്ദ് എഴുതുന്നു.

പ്രണയജോടികളായിത്തന്നെയാണ് റഷ്യക്കാര്‍ രാജ്കപൂറിനേയും നര്‍ഗീസിനേയും എതിരേറ്റത്. അതേ ധാരണ ആള്‍ക്കാര്‍ക്ക് നല്‍കിക്കൊണ്ടാണവര്‍ ജീവിച്ചതും. ആവാര കഴിഞ്ഞതോടെ അവരുടെ ബന്ധത്തിനു യാതൊരു പ്രതിബന്ധങ്ങളുമില്ലാത്ത സ്ഥിതിയായിരുന്നെങ്കിലും പതിയെപ്പതിയെ അതില്‍ ചില ഉലച്ചിലുകള്‍ അനുഭവപ്പെട്ടു തുടങ്ങി. രാജ്കപൂര്‍ തന്റെ താരപദവി ഉയര്‍ത്തുന്നതിനുവേണ്ടി ആവശ്യമുള്ളപ്പോള്‍ നര്‍ഗീസിനെ ഉപയോഗിക്കുകയും അല്ലാത്തപ്പോള്‍ ഒതുക്കുകയും ചെയ്യുന്നുണ്ടെന്ന് അവരുടെ സഹോദരനായ അഖ്താര്‍ ഹുസൈന്‍ നിരന്തരം പറഞ്ഞിരുന്നു. ആദ്യമൊന്നും ആ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറായിരുന്നില്ലെങ്കിലും കുറച്ചുകാലം കഴിഞ്ഞപ്പോള്‍ നര്‍ഗീസിനും അങ്ങനെയൊരു തോന്നലുണ്ടായിത്തുടങ്ങി. ശ്രീ 420 കഴിഞ്ഞ സമയമായപ്പോഴേയ്ക്ക് അത് ബലപ്പെടുകയും ചെയ്തു. രാജ്കപൂര്‍ ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കില്ലെന്ന കാര്യം നര്‍ഗീസിനു ബോധ്യമായി. ആര്‍.കെയുടെ ബാനറിലുള്ള സിനിമകളില്‍ തനിക്കു ലഭിക്കുന്ന വേഷങ്ങളുടെ പ്രാധാന്യത്തെ സംബന്ധിച്ച അതൃപ്തി കൂടിയായപ്പോള്‍ രാജ്കപൂറില്‍നിന്നു മാനസികമായും തൊഴില്‍പരമായും നര്‍ഗീസ് അകന്നു.
രാജ്കപൂര്‍ നിര്‍മ്മിക്കാനുദ്ദേശിച്ച ഒരു ചിത്രത്തില്‍ പ്രായം കൂടിയ വേഷത്തില്‍ അഭിനയിക്കാന്‍ അവര്‍ വിസ്സമ്മതിച്ചു. തന്റെ അദ്ധ്വാനത്തിന്റെ കൂടി മൂലധനത്തില്‍ പടുത്തുയര്‍ത്തിയ ആര്‍.കെ. സ്റ്റുഡിയോസില്‍ 1956-ല്‍ പുറത്തിറങ്ങിയ 'ജാഗ്‌തേ രഹോ'യ്ക്കുശേഷം നര്‍ഗീസ് കാലുകുത്തിയില്ല.
നര്‍ഗീസ് അകന്നുമാറിയതിനുശേഷം രാജ്കപൂര്‍ കാലാകാലങ്ങളില്‍ പല സ്ത്രീകളോടും സൗഹൃദം പുലര്‍ത്തിയിരുന്നു. പത്മിനിയും വൈജയന്തിമാലയും ലതാ മങ്കേഷ്‌കറുമൊക്കെ അദ്ദേഹത്തിന്റെ സൗഹൃദവൃത്തത്തില്‍ ഉള്ളവരായിരുന്നെങ്കിലും അവരാരും നര്‍ഗീസിനു പകരക്കാരായിരുന്നില്ല. കപൂര്‍ കുടുംബാംഗങ്ങള്‍ക്ക് ഇടയില്‍പ്പോലും നര്‍ഗീസ് എന്ന പേര് ആദരവോടെയാണ് പരാമര്‍ശിക്കപ്പെട്ടിരുന്നത്. റിഷി കപൂര്‍ തന്റെ ആത്മകഥയായ 'ഖുല്ലം ഖുല്ലയില്‍', കാഡ്ബറി ചോക്ലേറ്റ് വാങ്ങിത്തന്ന് കുട്ടിയായ തന്നെ അഭിനയിക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്ന നര്‍ഗീസ്ജിയെക്കുറിച്ച് വളരെ ബഹുമാനത്തോടെയാണ് എഴുതിയിരിക്കുന്നത്. പെണ്‍ സൗഹൃദങ്ങളുടെ പേരില്‍ രാജ്കപൂറും കൃഷ്ണയും തമ്മില്‍ നടന്ന കലഹങ്ങളെക്കുറിച്ചു തുറന്നുപറയുമ്പോള്‍ തന്നെ തന്റെ വിവാഹത്തിന് സുനില്‍ദത്തിനൊപ്പം വന്ന നര്‍ഗീസിനെ അമ്മ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്ന് റിഷി ഓര്‍മ്മിക്കുന്നുണ്ട്.

1940-ല്‍ മെഹബൂബ് ഖാന്‍ 'ഔരത്' എന്നൊരു സിനിമ പുറത്തിറക്കിയിരുന്നു. അതേ ചിത്രം 1957-ല്‍, ലഭ്യമായ നവീന സാങ്കേതികവിദ്യകളുടെ സഹായത്തോടെ പുതിയ രീതിയില്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ആദ്യം ദിലീപ് കുമാറിനെ പരിഗണിച്ചെങ്കിലും അദ്ദേഹം വിസ്സമ്മതം പ്രകടിപ്പിച്ചതിനാല്‍ സുനില്‍ദത്ത് നായകനായി വേഷമിട്ട ആ സിനിമ നര്‍ഗീസിന്റെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായത്തിന്റെ തുടക്കമായിരുന്നു. സുനില്‍ദത്തിനെ സംബന്ധിച്ചിടത്തോളവും നിര്‍ണ്ണായകമായ വഴിത്തിരിവായിരുന്നു അത്.

സുനില്‍ദത്തിന്റെ സിനിമാപ്രവേശനം
ഇപ്പോഴത്തെ പാകിസ്താനില്‍പ്പെട്ട പഞ്ചാബ് പ്രവിശ്യയിലെ ഖുര്‍ദ് ഗ്രാമത്തില്‍ 1929-ല്‍ ആയിരുന്നു ബല്‍രാജ് ദത്ത് എന്ന സുനില്‍ ദത്തിന്റെ ജനനം. ഗ്രാമത്തിലെ ജമീന്ദാരായിരുന്നു അദ്ദേഹത്തിന്റെ പിതാവ് രഘുനാഥ്. അച്ഛന്റെ മരണത്തെ തുടര്‍ന്നു ചെറുപ്രായത്തില്‍ത്തന്നെ കുടുംബഭാരം ഏറ്റെടുക്കേണ്ടിവന്ന ബല്‍രാജിന് വിഭജനാനന്തരം ഇന്ത്യയിലേയ്ക്ക് പലായനം ചെയ്യേണ്ടതായി വന്നു. ആര്‍മിയിലെ ഗുമസ്തപ്പണി ചെയ്യുന്നതിനിടെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് അംബാലയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍നിന്ന് ബല്‍രാജിന് തന്റെ കുടുംബത്തെ കണ്ടെത്താന്‍ കഴിഞ്ഞത്. ജയ്ഹിന്ദ് കോളേജില്‍ ബി.എയ്ക്ക് ചേര്‍ന്ന ബല്‍രാജിന് ജീവിതച്ചെലവുകള്‍ക്കായി ബെസ്റ്റ് ബസ് ഡിപ്പോയില്‍ പാര്‍ട്ട് ടൈം ഗുമസ്തനായി ജോലി ചെയ്യേണ്ടിവന്നിരുന്നു. കാലാഘോഡയിലുള്ള സിംല ഹെയര്‍ കട്ടിങ്ങ് സലൂണിലായിരുന്നു ആ ചെറുപ്പക്കാരന്റെ താമസം. അന്തിയുറങ്ങണമെങ്കില്‍ അവസാനത്തെ ഇടപാടുകാരനും മുടി വെട്ടിക്കഴിഞ്ഞ് പോകണം. ആദ്യത്തെ ഇടപാടുകാരനെത്തുന്നതിനും ഒരുപാടു മുന്‍പേ അതികാലത്ത് ഉണര്‍ന്നെഴുന്നേല്‍ക്കണം. അതായിരുന്നു സലൂണ്‍ വാസകാലത്തെ ദിനചര്യ. മറൈന്‍ഡ്രൈവിലെ പാരപ്പറ്റില്‍, നര്‍ഗീസിന്റെ റെയ്ലി കാര്‍ കടന്നുപോകുന്നത് കാത്തിരിക്കുന്നത് ബല്‍രാജിന്റേയും സുഹൃത്തുക്കളുടേയും ശീലമായിരുന്നു. റേഡിയോ അവതാരകനായി മാറിയ ബല്‍രാജിന് ഒരിക്കല്‍ റേഡിയോ സിലോണിലെ ലിപ്റ്റണ്‍ കെ സിതാരേ എന്ന ഷോയില്‍ നര്‍ഗീസുമായി അഭിമുഖ സംഭാഷണം നടത്താനുള്ള അവസരം കൈവന്നു. 'ദോ ദീഗാ സമീന്‍' പുറത്തിറങ്ങിയ സമയമായിരുന്നത്. ഏതാണ്ട് അതേ സമയത്താണ് ദിലീപ് കുമാറുമായി അഭിമുഖം നടത്താനെത്തിയ ബല്‍രാജ് രമേഷ് സൈഗാള്‍ എന്ന സംവിധായകന്റെ ശ്രദ്ധിയില്‍പ്പെടുന്നത്. ദിലീപ്കുമാറിന്റെ ഷര്‍ട്ടും പാന്റ്‌സും ധരിച്ച് സ്‌ക്രീന്‍ ടെസ്റ്റ് നല്‍കിയ ബല്‍രാജ് കുറച്ചുനാളിനകം 'റെയില്‍വേ പ്ലാറ്റ്‌ഫോം' (1955) എന്ന ചിത്രത്തിലെ നായകനായി. ബല്‍രാജ് സാഹ്നി കത്തിനില്‍ക്കുന്ന കാലമായതിനാല്‍ സിനിമയില്‍ ബല്‍രാജ് ദത്തിന്റെ പേര് സുനില്‍ദത്ത് എന്നായി മാറി. സിനിമാനടനായി പ്രത്യക്ഷപ്പെട്ട് അധികം കഴിയുന്നതിനു മുന്‍പേ തന്നെ നര്‍ഗീസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന മെഹബൂബ് ഖാന്‍ ചിത്രമായ 'മദര്‍ ഇന്ത്യ'യിലെ നായകവേഷം സുനില്‍ദത്തിനെ തേടിയെത്തി.

സുനില്‍ ദത്തും നര്‍ഗീസും

1957-ല്‍ പുറത്തിറങ്ങിയ 'മദര്‍ ഇന്ത്യ' ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രങ്ങളിലൊന്നായി മാറി. സുനില്‍ദത്ത് അവതരിപ്പിച്ച ബിര്‍ജു എന്ന കഥാപാത്രത്തിന്റെ അമ്മയായ രാധയുടെ വേഷമായിരുന്നു നര്‍ഗീസ് അതില്‍ കൈകാര്യം ചെയ്തത്. തന്റെ പ്രണയജോടിയായി പല ചിത്രങ്ങളിലും അഭിനയിച്ചിരുന്ന നര്‍ഗീസിന്റെ മകനായി പ്രത്യക്ഷപ്പെടാനുള്ള വൈമനസ്യം മൂലമാണ് ബിര്‍ജുവിന്റെ വേഷം ചെയ്യാന്‍ വിസ്സമ്മതിച്ചതെന്ന് 'ദി സബ്സ്റ്റന്‍സ് ആന്റ് ദി ഷാഡോ' എന്ന ആത്മകഥയില്‍ ദിലീപ്കുമാര്‍ പിന്നീട് എഴുതി. മെഹബൂബ് സ്റ്റുഡിയോസിലും ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുള്ള ഗ്രാമങ്ങളിലുമായി ചിത്രീകരിച്ച 'മദര്‍ ഇന്ത്യ'യുടെ നിര്‍മ്മാണച്ചെലവ് പ്രതീക്ഷിച്ചതിലൊക്കെ അധികരിച്ചു. ലണ്ടനിലെ ടെക്നി കളര്‍ ലാബില്‍ പ്രോസസ് ചെയ്ത പ്രിന്റുകള്‍ നാട്ടിലേക്ക് എത്തിക്കുമ്പോള്‍ അടയ്‌ക്കേണ്ടിയിരുന്ന കസ്റ്റംസ് ഡ്യൂട്ടി തുക പോലും സംഘടിപ്പിക്കാന്‍ ആവതില്ലാത്ത അവസ്ഥയിലായി കഴിഞ്ഞിരുന്നു മെഹബൂബ് ഖാന്‍. മെഹബൂബ് ഖാന്റെ അടുത്ത സുഹൃത്തും അഭിനേത്രിയുമായ നിമ്മിയായിരുന്നു ആ തുകയടച്ച് സിനിമയുടെ റിലീസിനു വഴിയൊരുക്കിയത്.

സുനില്‍ ദത്തിനെക്കാള്‍ വെറും അഞ്ച് ദിവസത്തെ മാത്രം പ്രായക്കൂടുതലുള്ള നര്‍ഗീസ് 'മദര്‍ ഇന്ത്യ'യുടെ സമയമായപ്പോഴേയ്ക്ക് നാല്പത്തി അഞ്ച് സിനിമകള്‍ അഭിനയിച്ചു കഴിഞ്ഞിരുന്ന അനുഭവസമ്പന്നയായ അഭിനേത്രിയായിരുന്നു. 'മദര്‍ ഇന്ത്യ' സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ സിനിമാക്കഥകളെ വെല്ലുന്ന തരത്തില്‍ നാടകീയമായ ഒരു സംഭവം നടക്കുകയുണ്ടായി. ഷൂട്ടിംങ്ങിനുവേണ്ടി തയ്യാറാക്കിയ സെറ്റില്‍ നിയന്ത്രണവിധേയം ആക്കാനാകാത്ത തരത്തില്‍ അപകടകരമായി തീ പടര്‍ന്നുപിടിച്ചു. മരണത്തെ മുന്നില്‍ കണ്ട നര്‍ഗീസിനെ സ്വന്തം ജീവന്‍ പണയംവച്ച് സുനില്‍ദത്ത് ആളിക്കത്തുന്ന അഗ്‌നിനാളങ്ങള്‍ക്കിടയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. ഷാരൂഖ് ഖാന്‍-ദീപിക ചിത്രമായ 'ഓം ശാന്തി ഓമില്‍' ഫറാഖാന്‍ ഈ സംഭവത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരിക്കുന്നത് കാണാന്‍ കഴിയും. ആ അപകടത്തെത്തുടര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ സുനില്‍ദത്തും നര്‍ഗീസും കാലൂന്നിയത് പുതിയൊരു ജീവിതത്തിലേക്കാണ്. സുനില്‍ദത്തിനെ പരിചരിച്ച് പൂര്‍വ്വസ്ഥിതിയിലെത്തിച്ച നര്‍ഗീസ് അദ്ദേഹവുമായി പ്രണയബദ്ധയാവുകയും വൈകാതെ തന്നെ അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു. രാജ്കപൂര്‍ നിര്‍മ്മിക്കാനുദ്ദേശിച്ച, 'രജീന്ദര്‍ സിങ് ബേദി'യുടെ ഫാഗുന്‍ എന്ന കഥയിലെ പ്രായമായ സ്ത്രീയുടെ വേഷം ചെയ്യാന്‍ വിസ്സമ്മതിച്ച നര്‍ഗീസ് തന്റെ മകനായി അഭിനയിച്ച നടന്റെ ഭാര്യയായിത്തീര്‍ന്നു. സിനിമയില്‍ മകന്റെ കഥാപാത്രത്തെ കൊന്ന അമ്മ ജീവിതത്തില്‍ മകന്റെ കഥാപാത്രം അവതരിപ്പിച്ച നടനെ വരിച്ചപ്പോള്‍ അത് ബോളിവുഡ് കഥകളെ വെല്ലുന്ന ട്വിസ്റ്റായി.

നര്‍ഗീസ്

സുനില്‍ദത്തുമായി താരതമ്യം ചെയ്യുമ്പോള്‍ എന്തുകൊണ്ടും വലിയ താരം നര്‍ഗീസ് തന്നെയായിരുന്നു. 'മദര്‍ ഇന്ത്യ'യിലെ സുനില്‍ദത്തിന്റെ വേഷം ശ്രദ്ധ നേടിയെങ്കിലും ആത്യന്തികമായി അതൊരു നര്‍ഗീസ് ചിത്രമായാണ് എണ്ണപ്പെട്ടത്. 1957 ഫെബ്രുവരി 14-ാം തീയതി പുറത്തിറങ്ങിയ 'മദര്‍ ഇന്ത്യ' ഇന്ത്യന്‍ ജനതയുടെ പൊതുബോധത്തില്‍ കാലങ്ങളോളം ഇടപെടല്‍ നടത്തുകയും അതുവഴി മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്ത സിനിമയായി. നെഹ്‌റു യുഗത്തിലെ ഇന്ത്യന്‍ നാഗരികതയുടെ വികാസ പരിണാമങ്ങള്‍ പഠിക്കുന്നവര്‍ക്ക് ഒഴിവാക്കാനാവുന്ന സിനിമയല്ല നര്‍ഗീസിന്റെ ആവാര. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്ന ഗാന്ധി വചനം ആവശ്യത്തിനും അനാവശ്യത്തിനും എടുത്തു പ്രയോഗിക്കാറുണ്ട് പലരും. അന്‍പതുകളിലെ ഇന്ത്യയുടെ ആത്മാവിനെ അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് 'മദര്‍ ഇന്ത്യ'യോളം ഗുണം ചെയ്യുന്നൊരു പഠനവസ്തു ലഭിക്കണമെന്നില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഗ്രാമീണതയെ സംബന്ധിക്കുന്ന പരികല്പനകള്‍ രൂപീകരിക്കുന്നതില്‍ നിയാമകമായ പങ്കാണ് ഈ ചിത്രം വഹിച്ചത്. എല്ലാ കാലത്തേയും കല മിത്തുകളേയും സത്യങ്ങളേയും തമ്മില്‍ തിരിച്ചറിയാനാകാത്ത വിധത്തില്‍ കൂട്ടിക്കുഴക്കാറുണ്ട്. ചലച്ചിത്രങ്ങള്‍ പ്രത്യേകിച്ചും. കപട പ്രതിനിധാനങ്ങളിലൂടെ ജനജീവിതത്തെ സംബന്ധിക്കുന്ന നിര്‍വ്വചനങ്ങള്‍ ഒരുക്കാനും ആ ചാലിലൂടെ പൊതുബോധ്യത്തെ നയിക്കാനുമുള്ള മാരകശേഷി വഹിക്കുന്നൊരു മാധ്യമം കൂടിയായിരുന്നു സ്വാതന്ത്ര്യാനന്തര സമയം മുതല്‍ സിനിമ. പക്ഷേ, തങ്ങളുടെ ജീവിതത്തെ സംബന്ധിക്കുന്ന എന്തൊക്കെയോ ഉണ്‍മകളുടെ തെളിച്ചങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്ക് 'മദര്‍ ഇന്ത്യ'യില്‍ കണ്ടെത്താനായതുകൊണ്ടാണ് വെറുമൊരു വ്യാപാര വിജയത്തിനപ്പുറമുള്ള വളര്‍ച്ച നേടാന്‍ ആ സിനിമയ്ക്ക് കഴിഞ്ഞത്. ഒരു ഇന്ത്യന്‍ അഭിനേത്രിക്ക് ആദ്യമായി വിദേശ ബഹുമതി നേടിക്കൊടുത്ത ചിത്രവുമായിരുന്നത്.

ചെക്കോസ്ലൊവാക്യയിലെ കാര്‍ലോവി വാരി ചലച്ചിത്രമേളയില്‍ 'മദര്‍ ഇന്ത്യ'യിലെ പ്രകടനത്തിലൂടെ 1958-ല്‍ നര്‍ഗീസ് മികച്ച നടിക്കുള്ള ബഹുമതി കരസ്ഥമാക്കി. മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദ്ദേശം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ചലച്ചിത്രവുമായി 'മദര്‍ ഇന്ത്യ.' സിനിമ രണ്ട് മണിക്കൂറാക്കി വെട്ടിച്ചുരുക്കി അരിവാള്‍ ചുറ്റിക അടയാളമുള്ള കമ്പനി ലോഗോയും നീക്കം ചെയ്താണ് മെഹബൂബ് ഖാന്‍ തന്റെ സിനിമ അമേരിക്കയിലേക്ക് അവാര്‍ഡിന് അയച്ചത്. അമേരിക്കയും കമ്യൂണിസ്റ്റ് റഷ്യയുമായി ശീതയുദ്ധം നിലനിന്നിരുന്ന കാലത്ത് പ്രകടമായ ഇടത് സൂചനകള്‍ കൊണ്ട് ചിത്രം അവഗണിക്കപ്പെടരുതെന്ന് അദ്ദേഹം കരുതിയിരുന്നു. ഓസ്‌കര്‍ ലഭിച്ചില്ലെങ്കിലും അഞ്ച് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളടക്കം ധാരാളം ബഹുമതികള്‍ വാരിക്കൂട്ടിയ 'മദര്‍ ഇന്ത്യ' ബോംബെയിലെ ലിബര്‍ട്ടി തിയേറ്ററില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചത് ഒരു വര്‍ഷം മുഴുവനായിരുന്നു. ആയിടയ്ക്ക് സത്യജിത് റായിയെക്കുറിച്ച് വിവാദപരമായ ഒരു പ്രസ്താവന നടത്തിയിരുന്നു നര്‍ഗീസ്. ഇന്ത്യയുടെ ദാരിദ്ര്യം വിദേശങ്ങളില്‍ വില്‍ക്കുകയാണ് റായി ചെയ്യുന്നതെന്നായിരുന്നു നര്‍ഗീസ് പറഞ്ഞത്. അതേ സത്യജിത് റായിക്കും ദേവികാറാണിക്കും ദേബകി ബോസിനുമൊക്കെയൊപ്പം 1958-ല്‍ അവര്‍ക്ക് പത്മശ്രീ ബഹുമതി ലഭിക്കുകയുണ്ടായി.
വിവാഹശേഷം നര്‍ഗീസ് അഭിനയം തുടരുന്നതിനോട് സുനില്‍ദത്തിന് തീരെ താല്‍പ്പര്യമില്ലായിരുന്നു. 'മദര്‍ ഇന്ത്യ'യ്ക്കു ശേഷം ഒരു സിനിമയില്‍ അഭിനയിക്കാന്‍ മാത്രമാണ് സുനില്‍ദത്ത് നര്‍ഗീസിന് അനുമതി നല്‍കിയത്. ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സ്‌കീസോഫ്രീനിയാക്ക് കഥാപാത്രമെന്നു വിശേഷിപ്പിക്കാവുന്ന, 'രാത് ഔര്‍ ദിന്നി'ലെ വരുണയെ അവതരിപ്പിക്കാന്‍ നര്‍ഗീസിനെ ദത്ത് അനുവദിച്ചത് അതിന്റെ കഥ രചിച്ചത് അവരുടെ സഹോദരന്‍ അഖ്താര്‍ ഹുസൈന്‍ ആയതുകൊണ്ട് മാത്രമാണ്. പകല്‍ സാധാരണ കുടുംബിനിയും രാത്രി സ്വേച്ഛാചാരിണിയുമായിത്തീരുന്ന ദ്വന്ദ്വ വ്യക്തിത്വമുള്ള കഥാപാത്രമായിരുന്നു വരുണ അഥവാ പെഗ്ഗി. സഹോദരനെ സഹായിക്കാന്‍ വേണ്ടി ചെയ്ത രാത് ഔര്‍ ദിന്നിലെ വേഷം നര്‍ഗീസിന് വലിയൊരു ബഹുമതി നേടിക്കൊടുത്തു.

'സ്റ്റേറ്റ് അവാര്‍ഡ്‌സ് ഫോര്‍ ഫിലിംസ്' എന്നു വിളിക്കപ്പെട്ടിരുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കാന്‍ തുടങ്ങിയത് 1954-ല്‍ ആയിരുന്നെങ്കിലും മികച്ച നടിക്കുള്ള പുരസ്‌കാരം ആദ്യമായി ഏര്‍പ്പെടുത്തുന്നത് 1968-ല്‍ ആയിരുന്നു. മികച്ച നടിക്കുള്ള ഉര്‍വ്വശി അവാര്‍ഡ് എന്നു പേരിട്ടിരിക്കുന്ന പുരസ്‌കാരം 1975 മുതല്‍ മികച്ച നടിക്കുള്ള രജത്കമല്‍ അവാര്‍ഡ് എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1967-ല്‍ പുറത്തിറങ്ങിയ രാത് ഔര്‍ ദിന്നിലെ മാസ്മര പ്രകടനത്തിലൂടെ പതിനഞ്ചാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഇന്ത്യയിലെ ആദ്യത്തെ 'ഉര്‍വ്വശി'യായി പ്രഖ്യാപിക്കപ്പെട്ടു നര്‍ഗീസ്. നര്‍ഗീസിന്റെ മൂന്നു മക്കള്‍ ജനിക്കുമ്പോഴും 'രാത് ഔര്‍ ദിന്‍' സിനിമയുടെ ചിത്രീകരണം അവസാനിച്ചിട്ടില്ലായിരുന്നു. പല പല ഷെഡ്യൂളുകളിലായി ഏതാണ്ട് പത്തു വര്‍ഷമെടുത്തു അതു പൂര്‍ത്തിയാകാന്‍. പ്രിയാ ആനന്ദ് (പ്രിയാ ദത്ത്) അതിനെ സംബന്ധിച്ച രസകരമായ ചില വസ്തുതകള്‍ മൂവി മെമ്മറീസ് എന്ന ഫീച്ചറില്‍ (ഫിലിം ഫെയര്‍, ജൂലൈ 2018) പങ്കു വയ്ക്കുന്നുണ്ട്. 1980-ല്‍ നര്‍ഗീസ് രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. കാന്‍സര്‍ ബാധിതയായി മരണമടയും വരെ സാമൂഹ്യ പ്രവര്‍ത്തനമായിരുന്നു നര്‍ഗീസിന്റെ പ്രധാന പ്രവര്‍ത്തനമേഖല. പ്രിയാ ദത്തും നമ്രതാ ദത്ത് കുമാറും ചേര്‍ന്നെഴുതിയ 'മിസ്റ്റര്‍ & മിസ്സിസ് ദത്ത്-മെമ്മറീസ് ഓഫ് അവര്‍ പേരന്റ്‌സ്', കിഷ്വര്‍ ദേശായ് രചിച്ച 'ഡാര്‍ലിങ്ങ്ജി: ദി ട്രൂ ലവ് സ്റ്റോറി ഓഫ് നര്‍ഗീസ് ആന്റ് സുനില്‍ദത്ത്' എന്നീ പുസ്തകങ്ങളിലും സുനില്‍ ദത്തിന്റേയും നര്‍ഗീസിന്റേയും ജീവിതത്തെ സംബന്ധിക്കുന്ന ധാരാളം വസ്തുതകള്‍ വിശദമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്..
(തുടരും)