ഭൂതകാലത്തിലേക്കുള്ള പ്രയാണങ്ങള്‍: ജ്ഞാനപീഠ പുരസ്‌കാരം നേടിയ അമിതാവ് ഘോഷിന്റെ എഴുത്തുവഴികള്‍

By അരവിന്ദ് ഗോപിനാഥ്  |   Published: 28th December 2018 04:24 PM  |  

Last Updated: 28th December 2018 04:24 PM  |   A+A-   |  

 

ര്‍കെ നാരായണനും നിരാദ് ചൗധരിക്കും മുല്‍ക് രാജ് ആനന്ദിനും അരുന്ധതി റോയിക്കുമൊന്നും ലഭിക്കാത്ത അംഗീകാരമാണ് അമിതാവ് ഘോഷിനു ലഭിച്ചത്. ആദ്യമായി ജ്ഞാനപീഠം ലഭിക്കുന്ന ഇന്ത്യന്‍- വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനെന്ന ചരിത്രനേട്ടം. ടാഗോറില്‍ തുടങ്ങുന്ന ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരുടെ നിരയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിക്കുന്നത്. 52 വര്‍ഷത്തെ പുരസ്‌കാര ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ഒരു ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ പരിഗണിക്കപ്പെട്ടിട്ടില്ലായിരുന്നു. 

യഥാര്‍ത്ഥ്യത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് അമിതാവ് രചനാവഴിയിലെ സഞ്ചാരം തുടങ്ങിയത്. ചരിത്രവും നരവംശശാസ്ത്രവും പഠിച്ച് കല്‍പ്പിതകഥകളിലേക്ക് വഴിതിരിയുകയായിരുന്നു അദ്ദേഹം. സാമാന്യനിലവാരമുള്ള രചനയല്ലാത്തതിന്റെ പേരില്‍ പിഎച്ച്ഡി പ്രബന്ധം പ്രസിദ്ധീകരിക്കാത്ത അമിതാവ് പിന്നീട് എട്ടോളം നോവലുകളെഴുതി. അമിതാവിനെ വായിക്കുമ്പോള്‍ ഗവേഷണസ്വഭാവമുള്ള എന്നാല്‍ രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവും ചരിത്രവും പറയുന്ന എഴുത്തെന്ന തീര്‍പ്പിലെത്തേണ്ടി വരും നമുക്ക്. കുട്ടിക്കാലത്ത് വാള്‍ട്ടര്‍ സ്‌കോട്ടിന്റെ പുസ്തകങ്ങളില്‍ അഭിരമിച്ച അമിതാവ് പിന്തുടര്‍ന്നതും അതേ ശൈലിയാണ്. സ്മൃതിയിലേക്കുള്ള സഞ്ചാരത്തിനിടയില്‍ നീറ്റല്‍ തരുന്ന ചില ഓര്‍പ്പെടുത്തലുകളാണ് അദ്ദേഹത്തിന്റെ എഴുത്ത്. 

പഠിച്ചതും ബിരുദമെടുത്തതും സാമ്പത്തിക ശാസ്ത്രത്തിലാണെങ്കിലും ഭാവനയുടെയും യഥാര്‍ത്ഥ്യത്തിന്റെ  ഇഴചേര്‍ച്ചകളായിരുന്നു അദ്ദേഹത്തിന്റെ നോവലുകളില്‍. ചരിത്രം, ശാസ്ത്രം, നരവംശശാസ്ത്രം, സംസ്‌കാരം തുടങ്ങി പ്രകൃതിയും രാഷ്ട്രീയവും വരെ രചനകളില്‍ നിറഞ്ഞു.  ബാല്യകാലത്തില്‍ തുടങ്ങിയതാണ് അതിര്‍ത്തി ഭേദിച്ചുള്ള അദ്ദേഹത്തിന്റെ ദേശാന്തര യാത്രകള്‍. കൊല്‍ക്കത്തയിലാണ് ജനനമെങ്കിലും വളര്‍ന്നത് ബംഗ്ലാദേശിലും ശ്രീലങ്കയിലും. കുറച്ചു കാലം ബര്‍മയിലും. പട്ടാളത്തിലായിരുന്നു അമിതാവിന്റെ അച്ഛന്‍. പിന്നീട് അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്ന് വിവിധ എംബസികളില്‍ ജോലി ചെയ്തു. ഓരോ പുതിയ നിയമനം വരുമ്പോഴും ഓരോ യാത്ര. ഇന്ത്യന്‍മഹാസമുദ്രം ഭേദിച്ചുള്ള പലായനങ്ങളെ താനിഷ്ടപ്പെട്ടു തുടങ്ങിയത് അങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആദ്യം ഈസ്റ്റ് പാകിസ്താന്‍ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശില്‍, പിന്നെ ശ്രീലങ്കയില്‍ അതിനു ശേഷം ഉത്തരേന്ത്യയിലെ ഒരു ബോര്‍ഡിങ് സ്‌കൂളില്‍. സ്വാതന്ത്ര്യപിറവിക്കു ശേഷമാണ് ജനനമെങ്കില്‍ കേവലമൊരു ഉപഭൂഖണ്ഡത്തില്‍ ഒതുങ്ങിപ്പോയെനേയെന്ന് അമിതാവ് സങ്കടപ്പെട്ടിട്ടുണ്ട്.

ഉപഭൂഖണ്ഡം എന്നത് ഒരു വലിയ യാഥാര്‍ത്ഥ്യമാണ് എനിക്ക്. ഇന്ത്യ മാത്രമല്ല എന്റെ വീടെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. ബംഗ്ലാദേശും ശ്രീലങ്കയുമെല്ലാം എന്റെ വീടാണ്- അമിതാവ് പറയുന്നു. സെന്റ്സ്റ്റീഫന്‍സില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം ഇന്ത്യന്‍ എക്സ്പ്രസില്‍ പത്രപ്രവര്‍ത്തകനായി. ജോലിയോടൊപ്പം ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നരവംശശാസ്ത്രത്തില്‍ എം.എയ്ക്ക് ചേര്‍ന്നു. സ്‌കോളര്‍ഷിപ്പ് കിട്ടിയതോടെ പഠനം പിന്നീട് ഓക്സ്ഫോര്‍ഡിലെത്തി. പിഎച്ച്ഡിയുടെ ഫീല്‍ഡ് വര്‍ക് ഈജിപ്തിലായിരുന്നു.    ഹിസ്റ്റോറിക്കല്‍ ആന്ത്രോപോളജിയുടെ തലതൊട്ടപ്പനായ ഇവാന്‍സ് പ്രിച്ചാര്‍ഡിന്റെ പ്രിയശിഷ്യന്‍ പീറ്റര്‍ ലിയന്‍ഹാര്‍ഡ്റ്റായിരുന്നു അമിതാവിനെ ഓക്സ്ഫോര്‍ഡില്‍ നയിച്ചത്. അതാണ് അദ്ദേഹത്തിന്റെ ജീവിതദശ തന്നെ മാറ്റിമറിച്ചതും. പീറ്റര്‍ നല്ല സാഹിത്യകാരനായിരുന്നു. സാഹിത്യത്തില്‍ നിന്ന് ആന്ത്രോപോളജിയിലെത്തിയ ലാളിത്യമുള്ള ഒരു മനുഷ്യന്‍. സ്വാഭാവികമായും വിഷയം സോഷ്യല്‍ സയന്‍സ് എന്നതു മാറി സാഹിത്യമായി മാറുകയാണുണ്ടായത്. ഇതിനിടയിലാണ് ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബന്ധങ്ങള്‍ തെളിയിക്കുന്ന ചരിത്രരേഖകളില്‍ മനസുടക്കി ഈജിപ്തിലേക്ക് പോയത്. പിഎച്ച്ഡിയുടെ ഫീല്‍വര്‍ക്കായിരുന്നു ലക്ഷ്യം. 

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് കുടിയേറിയ ആള്‍ക്കാരെക്കുറിച്ചായിരുന്നു ആദ്യ പുസ്തകം 'ദ സര്‍ക്കിള്‍ ഓഫ് റീസണ്‍'. 1986-ല്‍ പ്രസിദ്ധീകരിച്ച ആദ്യ നോവലിന്റെ ഭൂരിഭാഗവും എഴുതിയത് അദ്ദേഹം തിരുവനന്തപുരത്ത് സി.ഡി.എസിലുണ്ടായിരുന്ന കാലത്താണ്. ബംഗാളില്‍ നിന്ന് ബോംബെയിലേക്കും അവിടെ നിന്ന് ഗള്‍ഫിലേക്കും അവിടെ നിന്ന് വടക്കേ ആഫ്രിക്കയിലേക്കുമുള്ള അലുവിന്റെ സാഹസിക സഞ്ചാരങ്ങളായിരുന്നു അത്. യുദ്ധത്തിന്റെയും കച്ചവടത്തിന്റെയും അജ്ഞാതമായി കിടക്കുന്ന അനന്തരഫലങ്ങളുടെ ചുരുക്കെഴുത്തായിരുന്നു കറുപ്പ് യുദ്ധമെന്ന പുസ്തകം (sea of poppies). കറുപ്പ് കച്ചവടത്തെക്കുറിച്ചുള്ള ചരിത്രഗവേഷണം കൂടിയാണ് ആ പുസ്തകം. കച്ചവടത്തിന്റെ രൂപത്തിലെത്തിയ കൈയേറ്റം ആദ്യം സമാധാനപൂര്‍വമായിരുന്നു. പിന്നെയത് ബലപ്രയോഗമായി മാറുന്നു. ഭൂഖണ്ഡത്തെ തന്നെ മാറ്റിമറിച്ച ലോകമഹാചരിത്ര സംഭവത്തെക്കുറിച്ചാണ് അമിതാവിന്റെ ആ പുസ്തകം. 2008ല്‍ പ്രസിദ്ധീകരിച്ച സീ ഓഫ് പോപ്പീസ് ബുക്കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു. 2011-ല്‍ പുറത്തിറങ്ങിയ River of Smoke മാന്‍ ഏഷ്യന്‍ പുരസ്‌കാരത്തിനും. സുന്ദര്‍ബെന്‍ ഡെല്‍റ്റാ പ്രദേശത്തെ അധികരിച്ചെഴുതിയതാണ് Hungry tide എന്ന നോവല്‍. രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളെ നേരിടുന്ന കുടിയേറ്റക്കാരും അവരുടെ നന്മക്കായി പ്രവര്‍ത്തിക്കുന്നവരുമാണ് കഥാപാത്രങ്ങള്‍. 

സങ്കീര്‍ണവും ബുദ്ധിമുട്ടുമാണ് മനുഷ്യരിലൂടെ ഗതകാലങ്ങളിലേക്ക് ആകൃഷ്ടരാകാനും അത് വിരസമില്ലാതെ വിവരിക്കാനും. In An Antique land-ന്റെ രചനയ്ക്കായി ഈജിപ്തിലെ ഗനിസ റെക്കോഡുകളാണ് അമിതാവ് ഉപയോഗപ്പെടുത്തിയത്. അറബി ഭാഷയിലുള്ള ഈ രേഖകള്‍ നേരിട്ട് പരിശോധിച്ചാണ് അമിതാവ് പുസ്തകത്തിനു വേണ്ട വിവരങ്ങള്‍ സംഘടിപ്പിച്ചത്. സമുദ്രചരിത്ര പഠനങ്ങളില്‍ പോലും വിരളമായി മാത്രം ഉപയോഗിക്കപ്പെട്ട ആ രേഖകള്‍ അറബി സംസാരഭാഷ ഹിബ്രു ലിപിയില്‍ എഴുതിയതായിരുന്നു.  ഇത്തരം വലിയ അധ്വാനങ്ങളുടെ പിന്തുണ കൂടിയുണ്ട് അദ്ദേഹത്തിന്റെ രചനകള്‍ക്കു പിന്നില്‍. രണ്ടാമത്തെ നോവലായ ഷാഡോ ലൈന്‍സിന്റെ മുപ്പതാം വാര്‍ഷികം ഈ നവംബറിലാണ് കഴിഞ്ഞത്. സിഖ് കൂട്ടക്കൊലയുടെ പിന്നാലെയാണ് ഈ പുസ്തകം വിപണിയിലെത്തുന്നത്. 1964-ല്‍ ധാക്കയില്‍ നടന്ന ഹിന്ദുകൂട്ടക്കൊലയുമായി അത് നിഴല്‍ പോലെ വലിച്ചിടിന്നു എഴുത്തുകാരന്‍. എട്ടാമത്തെ നോവല്‍ Flood of fire ഇരുപതു ഭാഷകളില്‍ പരിഭാഷപ്പെടുത്തിയത്. 

The great derangement: climate change and unthinkable എന്ന പുസ്തകം നല്‍കിയത് ആസന്നമായ മരണത്തെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു. ലോകമെങ്ങുമുള്ള ലിറ്റററി ഫെസ്റ്റിവലുകളില്‍ അദ്ദേഹം ഈ ആശങ്കകള്‍ വിളിച്ചുപറഞ്ഞു. ഇതിനിടയില്‍ പലവിവാദങ്ങളിലും അമിതാവ് ചെന്നുപെട്ടിട്ടുണ്ട്. ഇസ്രയേലിലെ ഡാന്‍ ഡേവിസ് പുരസ്‌കാരം സ്വീകരിച്ചത് വലിയ ഒച്ചപ്പാടുകളുണ്ടാക്കി. എന്നാല്‍ ഇസ്രയേല്‍ സര്‍ക്കാരിന്റെയല്ല പുരസ്‌കാരമെന്നായിരുന്നു അമിതാവിന്റെ വാദഗതി. കോമണ്‍വെല്‍ത്ത് പ്രൈസില്‍ നിന്ന് ദി ഗ്ലാസ് പാലസ് പിന്‍വലിച്ചതായിരുന്നു മറ്റൊരു വിവാദവിഷയം. കഥാപാത്രങ്ങളിലൂടെ ഗതകാലവും ആ കാലത്തിന്റെ വിവിധ തലങ്ങളും എഴുത്തില്‍ നിറയുന്നു.  കാലത്തെയും ദേശത്തെയും അടയാളപ്പെടുത്തിയാണ് രചനകളില്‍ ഭൂരിഭാഗവും.