അണക്കെട്ടുകള്‍ സൃഷ്ടിച്ച പ്രളയ ദുരന്തം

അണക്കെട്ടുകള്‍ സൃഷ്ടിച്ച പ്രളയ ദുരന്തം

തുര്‍ധാം സന്ദര്‍ശനത്തിനായി കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ യാത്രാവേളയിലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ അണക്കെട്ടെന്നു പ്രശസ്തിനേടിയ ടെഹ്രി അണക്കെട്ട് കാണാന്‍ കഴിഞ്ഞത്. അണക്കെട്ടിന്റെ തീരത്തുകൂടി മൈലുകളോളം നീണ്ട യാത്രയും കണ്ട കാഴ്ചയും നല്‍കിയ അനുഭവം ആനന്ദദായകമായിരുന്നില്ല. വേനല്‍ക്കാലം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയതുകൊണ്ടാവാം റിസര്‍വോയറിന്റെ പല ഭാഗത്തും ജലം തീരെ കുറവായിരുന്നു. ചില ഭാഗത്ത് അണക്കെട്ടിന്റെ വിണ്ടുകീറിയ അടിത്തട്ടും ദൃശ്യമായിരുന്നു. യാത്ര തുടരവെ ഹൃദയഭേദകമായൊരു കാഴ്ചയില്‍ എന്റെ കണ്ണുകളുടക്കി. ചെളിനിറഞ്ഞ റിസര്‍വോയറിന്റെ ഒരു ഭാഗത്ത് താഴികക്കുടമൊഴിച്ച് മറ്റെല്ലാ ഭാഗങ്ങളും പൂര്‍ണ്ണമായി മുങ്ങിപ്പോയൊരു ക്ഷേത്രത്തിന്റെ വിഹ്വലദൃശ്യം- മുങ്ങിത്താഴുന്നവന്‍ രക്ഷപ്പെടാന്‍ അവസാനമായി തന്റെ കൈ ശക്തിയായി ഉയര്‍ത്തിയപോലെ താഴികക്കുടം ഒന്നനങ്ങിയോ എന്നു തോന്നി. ആധുനികതയുടെ അമ്പലം എന്നു വിശേഷിപ്പിക്കപ്പെട്ട അണക്കെട്ടില്‍ അനശ്വരമായ സംസ്‌കൃതിയുടെ ജലസമാധി! യൂണിവേഴ്സിറ്റിയില്‍നിന്നു പഠിച്ച പരിസ്ഥിതി ശാസ്ത്രമോ നേടിയ സര്‍ട്ടിഫിക്കറ്റോ നല്‍കാത്ത പാരിസ്ഥിതികമായൊരു അവബോധം മിന്നല്‍പോലെ ആ കാഴ്ച എന്നിലുണര്‍ത്തി.

അണക്കെട്ട്... ക്ഷേത്രം.... തകര്‍ന്ന ക്ഷേത്രം...
സര്‍ക്കാര്‍ ടെഹ്രി-ഗഡ്വാളിലെ ജനങ്ങളോട് ചെയ്ത ഒരു ഹിമാലയന്‍ വഞ്ചനയാണ് ഈ അണക്കെട്ട്. ഗംഗയെ പുണ്യമാതാവായി ആരാധിക്കുന്ന നമ്മള്‍ അതിന്റെ ജന്മഭൂമിയില്‍വച്ച് തന്നെ അമ്മയെ ബലിനല്‍കുക എന്ന ഒരു നീചകര്‍മ്മം കൂടി സര്‍ക്കാര്‍ ഈ അണക്കെട്ട് നിര്‍മ്മാണത്തിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നു. ഒരു ലക്ഷത്തിലധികം ആളുകളെ ഭവനരഹിതരാക്കുകയും 39 ഗ്രാമങ്ങളെ പൂര്‍ണ്ണമായും ശേഷിച്ചവയെ ഭാഗികമായും വെള്ളത്തിനടിയിലുമാക്കിക്കൊണ്ടാണ് ടെഹ്രി അണക്കെട്ട് നിലകൊള്ളുന്നത്. 187 വര്‍ഷം പഴക്കമുള്ള പഴയ ടെഹ്രിയിലെ ആയിരക്കണക്കിന് വീടുകളും ഫലഭൂയിഷ്ഠമായ താഴ്വരകളും ഭാഗീരഥി, ഭിലംഗന എന്നീ നദികളുടെ ജലസമാധിയില്‍ മുങ്ങിപ്പോയി. കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യരുടെ കണ്ണീരാണ് ടെഹ്രി ഡാമിലെ ജലനിരപ്പുയര്‍ത്തുന്നതെന്ന് അവിടുത്തെ ദൃശ്യങ്ങള്‍ ശബ്ദമില്ലാതെ വിളിച്ചുപറയുന്നതായി അനുഭവപ്പെട്ടു.

ഹരിദ്വാറിലെത്തുമ്പോഴേയ്ക്കും പുണ്യഗംഗയുടെ അവസ്ഥ അത്യന്തം പരിതാപകരമായിത്തീര്‍ന്നിരുന്നു. വളരെ ദയനീയമായിരുന്നു ആ കാഴ്ച! ഹിമാലയത്തിലെ മഞ്ഞുറഞ്ഞ ഉയര്‍ന്ന പര്‍വ്വതനിരകളില്‍നിന്നും എത്രമാത്രം വിശുദ്ധിയോടെ യാത്രയാരംഭിക്കുന്ന ഒരു നദിയാണ് ഗംഗ! ഗംഗാനദിയില്‍ പുരോഗതിയുടെ പേരില്‍ നാം കെട്ടിപ്പൊക്കിയ വന്‍ അണക്കെട്ടുകളും ജലവൈദ്യുത പദ്ധതികളും ബാരേജുകളും നഗരവല്‍ക്കരണങ്ങളും അമലയായ ഗംഗയെ മലിനമാക്കിയിരിക്കുന്നു. 'ഹര്‍ കി പൗരിയി'ല്‍പ്പോലും ലക്ഷക്കണക്കിന് ആളുകള്‍ ആരാധിക്കുന്നത് യഥാര്‍ത്ഥ ഗംഗാനദിയെയല്ല, മറിച്ച് വഴിമാറ്റി ഒഴുക്കിവിട്ട നദിയിലാണ് ആരതി നടത്തുന്നത്.

ഇന്ത്യയെ മഹത്തായൊരു രാജ്യമാക്കി തീര്‍ത്ത സാംസ്‌കാരിക മൂല്യങ്ങളിലൊന്ന് അനര്‍ഗളം ഒഴുകിയിരുന്ന നദികളായിരുന്നു. വേദകാലം മുതല്‍ക്കേ നദിയുടെ താഴ്വാര പ്രദേശങ്ങള്‍ മാനവ സംസ്‌കാരത്തിന്റെ ഉറവിടങ്ങളായിരുന്നു. ഗംഗ, യമുന, നര്‍മ്മദ, ഗോദാവരി, കാവേരി, ഗണ്ഡകി, സരയു തുടങ്ങിയ ഇന്ത്യയുടെ നദികളെ നമ്മുടെ പൂര്‍വ്വികര്‍ ആരാധിച്ചിരുന്നു. പക്ഷേ, ഇന്നു നാം അതിന്റെ അന്തകരായി മാറിയിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അന്ധമായ അനുകരണവും അമിതലാഭക്കൊതിയോടുള്ള വ്യവസായവല്‍ക്കരണവും നമുക്ക് നദികളോടുണ്ടായിരുന്ന മനോഭാവത്തെ മാറ്റിമറിച്ചിരിക്കുന്നു. സമുദ്രത്തിലേക്കൊഴുകി പാഴായിപ്പോകുകയാണ് നദീജലം എന്ന സങ്കല്പത്തില്‍നിന്നും അണകള്‍ കെട്ടി ജലസംരക്ഷണം നടത്താമെന്ന മനുഷ്യബുദ്ധിയാലാണ് നാം നദികളില്‍ ആവശ്യത്തിനും അനാവശ്യത്തിനും അണക്കെട്ടുകള്‍ ഉണ്ടാക്കിയത്.

ചതുര്‍ധാം യാത്രകഴിഞ്ഞ് കേരളത്തിലെത്തിയതോടെ വന്‍ ഡാമുകള്‍ മുക്കിക്കൊന്ന ഗ്രാമങ്ങളും വനഭൂമികളും ജനജീവിതവും ചിന്തയില്‍നിന്നും പതുക്കെ പടിയിറങ്ങുമ്പോഴാണ് ഏതാണ്ട് കേരളത്തെ മുഴുവന്‍ തകര്‍ത്ത് കുത്തിയൊഴുകിയ പ്രളയം സംഭവിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ കേരളം നടുങ്ങി. 2018 ജൂണ്‍ ഒന്നിനും ആഗസ്റ്റ് 13-നും ഇടയില്‍ കേരളത്തില്‍ ലഭിച്ചത് 1916 മില്ലിമീറ്റര്‍ മഴയാണ്. ഇത് ആഗസ്റ്റ് 15-നും 18-നും ഇടയില്‍ 2344 മില്ലിമീറ്ററായി വര്‍ദ്ധിച്ചു. 1924-ല്‍ 3368 മില്ലിമീറ്റര്‍ മഴയാണ് കേരളത്തിന് ലഭിച്ചത്. 2018 ആഗസ്റ്റ് 15-ന് ചരിത്രത്തിലാദ്യമായി ഇടുക്കി ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. ആഗസ്റ്റ് 16-ഓടുകൂടി സംസ്ഥാനത്തെ 39 ഡാമുകളും തുറന്നു. 

അടുത്ത ദിവസം രാവിലെ മുതല്‍ക്കു തന്നെ കേരളത്തിലുടനീളം ഗ്രാമ പട്ടണ ഭേദമില്ലാതെ പ്രളയജലം അതിശക്തമായി ഒഴുകാന്‍ തുടങ്ങി. 483 മനുഷ്യരുടെ ജീവനെടുത്ത പ്രളയം പത്തുലക്ഷം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. ചത്തൊടുങ്ങിയ നാല്ക്കാലികളുടേയും മറ്റു മൃഗങ്ങളുടേയും കൃത്യമായ കണക്കുപോലുമുണ്ടെന്നു തോന്നുന്നില്ല. പ്രളയ സാഹചര്യം ഏകദേശം ഒരാഴ്ചയോളം തുടര്‍ന്നു. വെള്ളമിറങ്ങിയതോടെ ജീവനൊഴികെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ച് പുതിയ കേരളം സൃഷ്ടിക്കാനുള്ള യജ്ഞത്തില്‍ കേരളം സജീവമായി. ടെഹ്രിയിലെ വെള്ളത്തില്‍ മുങ്ങിയ ഗ്രാമങ്ങളും താഴ്വരകളും എന്നെ വീണ്ടും വേട്ടയാടാന്‍ തുടങ്ങി. അശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെട്ട ഡാമുകളോ അതിവൃഷ്ടിയോ പ്രളയത്തിലെ വില്ലന്‍ എന്ന ചോദ്യം എന്നില്‍ വീണ്ടും മുഴങ്ങി. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഡാമുകള്‍ ഒന്നിച്ചു തുറന്നതും സര്‍ക്കാരിന്റെ അഭിപ്രായത്തില്‍ തിമിര്‍ത്തു പെയ്ത മഴയും കുറ്റക്കാരായി. 
അതിവൃഷ്ടികൊണ്ടോ അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്നതോ എന്തുമാകട്ടെ, കേരളം അനുഭവിക്കേണ്ടിവന്ന പ്രളയത്തിന്റെ കാരണങ്ങള്‍ പ്രളയം നല്‍കിയ പാഠങ്ങള്‍ നാം സത്യസന്ധമായി പഠിക്കാന്‍ തുടങ്ങുമ്പോള്‍ ശേഷിക്കുന്ന കാടുകള്‍ക്കുവേണ്ടിയും ഒഴുകുന്ന പുഴകള്‍ക്കുവേണ്ടിയും അതിരപ്പിള്ളി അണക്കെട്ടിനെതിരെയും പോരാടാന്‍ തന്റെ ജീവിതവും സമയവും സമര്‍പ്പിച്ച ചാലക്കുടിപ്പുഴ സംരക്ഷണസമിതിയുടെ ബുദ്ധിയും ചൈതന്യവുമായിരുന്ന ലതചേച്ചിയെ ഈ അവസരത്തില്‍ ആദരവോടെ ഓര്‍ക്കുന്നു. മൂന്നുവര്‍ഷത്തോളം ക്യാന്‍സറിനോടു പോരാടി കഴിഞ്ഞ വര്‍ഷം നമ്മെ വിട്ടുപോയ ലത അനന്ത 2000-ത്തിന്റെ ആരംഭത്തില്‍ റിവര്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിച്ചു. അവരുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പ്രളയത്തില്‍ അണക്കെട്ടുകളുടെ പങ്കെന്തെന്ന് ശാസ്ത്രീയമായിത്തന്നെ മനസ്സിലാക്കി തരുമായിരുന്നു.
അവരുടെ അസാന്നിദ്ധ്യത്തില്‍ എന്റെ ശ്രദ്ധയിലേക്ക് കടന്നുവരുന്നത് കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി അണക്കെട്ടുകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ഹിമാന്‍ഷു താക്കറാണ്. ലതചേച്ചിയുടെ സുഹൃത്തുകൂടിയായ ഹിമാന്‍ഷുവുമായി പ്രളയത്തെക്കുറിച്ചും അണക്കെട്ടുകളെക്കുറിച്ചും നടത്തിയ സംഭാഷണങ്ങള്‍ അണക്കെട്ടുകള്‍ പ്രകൃതിക്കെതിരെ ഉയര്‍ത്തുന്ന ശാസ്ത്രീയമായ വെല്ലുവിളികളുടെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വിതറുന്നതായിരുന്നു.
ഗുജറാത്തിലെ ഒരു മദ്ധ്യവര്‍ഗ്ഗ കുടുംബാംഗമായ അദ്ദേഹം ഗുജറാത്തി മാധ്യമത്തില്‍ത്തന്നെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മുംബൈ ഐ.ഐ.ടിയില്‍ ഉപരിപഠനത്തിനുള്ള യോഗ്യത നേടി. മുംബൈയിലെ എന്‍ജിനീയറിംഗ് പഠനം ലോകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ സാരമായ മാറ്റങ്ങള്‍ വരുത്തി. മുംബൈയിലെ പഠനകാലത്ത് ജിദ്ദു കൃഷ്ണമൂര്‍ത്തിയുമായുണ്ടായ പരിചയം കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ഉന്നത റാങ്ക് കരസ്ഥമാക്കിയിട്ടും സ്വപ്നഭൂമിയായ അമേരിക്കയിലേയ്ക്ക് പറക്കാതെ ആന്ധ്രപ്രദേശിലെ കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷന്‍ ഋഷിവാലി സ്‌കൂളില്‍ അധ്യാപന അവസരം തേടാനുള്ള കാരണമായി.
അന്വേഷണ ബുദ്ധിയുള്ള ഹിമാന്‍ഷു അധികം വൈകാതെ തന്നെ ലളിത ജീവിതത്തിന്റേയും മഹത്തായ സേവനത്തിന്റേയും ആള്‍രൂപമായ ബാബ ആംതേയാല്‍ ആകര്‍ഷിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സ്വാധീനത്താല്‍ ഏകദേശം രണ്ടുവര്‍ഷത്തോളം മദ്ധ്യഭാരതത്തിലെ ആദിവാസികള്‍ക്കിടയില്‍ താമസിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറായി. നര്‍മ്മദാ ബച്ചാവോ ആന്ദോളനുമായുള്ള (NBA) അടുപ്പവും പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ ജീവിതത്തിലെ എടുത്തു പറയാവുന്ന വഴിത്തിരിവായി. നര്‍മ്മദാ നദിയോടുള്ള അഗാധസ്‌നേഹവും പ്രതിബദ്ധതയും അര്‍പ്പണബോധവും അദ്ദേഹത്തെ ആ മേഖലയില്‍ ആറു വര്‍ഷത്തോളം കര്‍മ്മനിരതനാക്കി. ഈ പോരാട്ടം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിച്ചു. 1998-ല്‍ ആണ് അദ്ദേഹം SANDRP (South Asian Network on Danis Rivers And People) എന്ന സംഘടന രൂപീകരിക്കുന്നത്. വന്‍കിട അണക്കെട്ടുകള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ ആരംഭിക്കുന്നത് അവിടെ നിന്നാണ്. കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി രാജ്യത്തുടനീളം നദികളുടെ സംരക്ഷണത്തിനായി ഹിമാന്‍ഷു പ്രവര്‍ത്തിച്ചുവരുന്നു. ഒരു ദശകത്തില്‍ കൂടുതലായി അണക്കെട്ടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അദ്ദേഹം ഉയര്‍ത്തിക്കൊണ്ട് വരികയാണ്.

ഹിമാന്‍ഷു താക്കറോടൊപ്പം ചില ചോദ്യോത്തരങ്ങള്‍ 

കേരളത്തിലെ വെള്ളപ്പൊക്കത്തിനാക്കം കൂട്ടിയതില്‍ അണക്കെട്ടുകളുടെ പ്രവര്‍ത്തന ക്രമീകരണത്തില്‍ അധികൃതര്‍ക്കു പറ്റിയ വീഴ്ച അക്ഷന്തവ്യമാണ് എന്ന് മാധവ് ഗാഡ്ഗിലടക്കമുള്ള ശാസ്ത്രജ്ഞരും മേധാപട്കര്‍ തുടങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു. പ്രളയത്തെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയ പ്രധാനികളില്‍ ഒരാളെന്ന നിലയില്‍ താങ്കളുടെ അഭിപ്രായത്തില്‍ ഡാമുകളുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കാമോ?
അണക്കെട്ടുകളുടെ അടിസ്ഥാന ധര്‍മ്മം തൊട്ട് തന്നെ തുടങ്ങാം. പുഴയുടെ ഒഴുക്കിനെ നിയന്ത്രിക്കുക എന്നതാണ് അണക്കെട്ടുകളുടെ പ്രധാന ദൗത്യം. അണക്കെട്ടുകളിലേക്ക് ജലം ഒഴുകി എത്തുന്നതിന്റേയും പെയ്യുന്ന മഴയുടെ അളവിനനുസരിച്ചും ഡാമുകള്‍ നിറയുന്നു. ഈ തത്ത്വം മനസ്സിലാക്കി പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ അതിവൃഷ്ടി ഉണ്ടാകുമ്പോള്‍ അണക്കെട്ടുകള്‍ക്ക് ജലനിരപ്പ് നിയന്ത്രിക്കാന്‍ സാധിക്കൂ. കേരളത്തിലെ അണക്കെട്ടുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത് ജലസേചനത്തിനും വൈദ്യുതി ഉല്‍പാദനത്തിനുമാകയാല്‍ എപ്പോഴും കൂടുതല്‍ ജലം സംഭരിച്ചുവയ്ക്കുക എന്നതൊരു കീഴ്വഴക്കമായി മാറിയിരിക്കുന്നു.

റിസര്‍വോയര്‍ മാനേജ്മെന്റിലെ ഏറ്റവും പ്രധാനപ്പെട്ട നിയമമാണ് Rule Curve. ഈ നിയമത്തില്‍ പറയുന്നത് ഒരു ഡാമിന്റെ ധര്‍മ്മം ജലം ലഭ്യമാകുമ്പോഴെല്ലാം നിറച്ചുവയ്ക്കുക എന്നതല്ല, മറിച്ച് കാലവര്‍ഷത്തിന്റെ തോതനുസരിച്ച് അവസാനം മാത്രം നിറയ്ക്കുക എന്നതാണ്. Rule Curve നിയമത്തെ കര്‍ശനമായി പാലിച്ചു കൊണ്ടായിരിക്കണം ഒരു വര്‍ഷത്തിലെ വ്യത്യസ്ത കാലങ്ങളില്‍, പ്രത്യേകിച്ച് മഴക്കാലത്ത് അണക്കെട്ടുകളില്‍ എത്രമാത്രം അളവില്‍ ജലം സംഭരിക്കാം എന്നു നിര്‍ണ്ണയിക്കേണ്ടത്.
2018-ലെ പ്രളയത്തിനുശേഷം KSEB-യിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചതില്‍നിന്ന് അറിയാന്‍ കഴിഞ്ഞത് Rule Curve എന്നൊരു വാക്കുപോലും അവര്‍ കേട്ടിട്ടില്ല എന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഇതില്‍നിന്നും മനസ്സിലാക്കുന്ന പാഠം കേരളത്തിലെ അണക്കെട്ടുകളുടെ കാര്യനിര്‍വ്വഹണത്തില്‍ Rule Curve ബാധകമാകുന്നില്ല, അല്ലാത്തപക്ഷം Rule Curve നമ്മുടെ പരിഗണനയില്‍ വരുന്നില്ല. കേന്ദ്ര ജലകമ്മിഷന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഡാമുകളുടെ Rule Curve കാലികമായിത്തന്നെ പുതുക്കണം എന്നാണ്. കേരളത്തിലെ ഡാമുകളുടെ കാര്യനിര്‍വ്വഹണത്തില്‍ പേരിനുപോലും ഉപയുക്തമാക്കാത്ത Rule Curve എങ്ങനെയാണ് പുതുക്കുക? ഗൗരവപൂര്‍ണ്ണമായ ഈ കെടുകാര്യസ്ഥതയാണ് കേരളത്തിലെ ഡാമുകള്‍ ഇന്നു നേരിടുന്ന പ്രതിസന്ധിയും വെല്ലുവിളിയും.

പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കട്ടെ. അണക്കെട്ടുള്ള പുഴകളിലും അണക്കെട്ടില്ലാത്ത പുഴകളിലും ഉണ്ടാകുന്ന പ്രളയത്തിന്റെ പ്രകൃതം ഭിന്നമാണ്. ഈ ഭിന്ന സ്വഭാവ സവിശേഷതയെക്കുറിച്ച് ഡാം ഓപ്പറേറ്റര്‍മാര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അണക്കെട്ടില്ലാത്ത പുഴകളില്‍ വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ ജലനിരപ്പുയരുന്നത് വളരെ പതുക്കെയാണ്. ജലം അപകടകരമായ നിലയിലേക്കുയരുന്നതിനു മുന്‍പേ രക്ഷപ്പെടാനും രക്ഷപ്പെടുത്താനുമുള്ള സമയം ജനങ്ങള്‍ക്കു വേണ്ടത്ര ലഭിക്കുന്നു. എന്നാല്‍, അണക്കെട്ടുള്ള നദികളില്‍ ജലം പ്രതീക്ഷിക്കാനാവാത്ത വേഗത്തില്‍ അനിയന്ത്രിതമായി ഉയര്‍ന്നു പ്രതിരോധിക്കാന്‍ കഴിയാത്ത ദുരന്തമായി മാറും. 

മറ്റൊരു കാര്യം, അണക്കെട്ടുകളില്‍നിന്നും തുറന്നുവിടുന്ന ജലത്തില്‍ എക്കലിന്റെ അംശം തീരെ കുറവായിരിക്കും. ഡാമിന്റെ അടിഭാഗത്തുള്ള സ്ല്യൂയിസില്‍ (Sluice) നിന്നും തുറന്നുവിടുന്ന ജലത്തില്‍ എക്കലിന്റെ സാന്നിധ്യം വളരെ കൂടുതലുമായിരിക്കും. ഈ രണ്ടവസ്ഥയും പുഴയുടെ കീഴ്ത്തടങ്ങളിലുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ തീവ്രമായിരിക്കും.

കേരളത്തിലെ ഡാമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവരുടെ പൊതുവായ ധാരണ ജലം ലഭ്യമാകുന്നത്ര വേഗത്തില്‍ത്തന്നെ ഡാം എപ്പോഴും നിറച്ചുനിര്‍ത്തുക എന്നതാണ്. നിറഞ്ഞിരിക്കുന്ന ഡാമിലേയ്ക്ക് കനത്ത മഴയുടെ പെയ്ത്തുവെള്ളം കൂടി എത്തുമ്പോള്‍ സുരക്ഷാര്‍ത്ഥം ഡാമുകള്‍ എത്രയും വേഗം തുറക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലാതാകുന്നു. ഒരുപക്ഷേ, കീഴ്ത്തട പ്രദേശം മഴമൂലമോ മറ്റേതെങ്കിലും കാരണത്താലോ പ്രളയം നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ ഡാമില്‍നിന്നും തുറന്നുവിടുന്ന അധികജലം പ്രളയത്തെ അതിരൂക്ഷമാക്കുന്നു.

ഹിമാന്‍ഷു താക്കര്‍
ഹിമാന്‍ഷു താക്കര്‍


2018 ജൂലായ് 18 ആകുമ്പോഴേക്കും കേരളത്തിലെ ഭൂരിപക്ഷം ഡാമുകളും 80 ശതമാനത്തിലധികം നിറഞ്ഞിരുന്നു. കാലവര്‍ഷം പാതിവഴി മാത്രം എത്തിനില്‍ക്കുന്ന സമയത്ത് ഇത്രയധികം ജലം ഡാമുകളില്‍ ശേഖരിക്കുന്നത് ആപല്‍ക്കരമാണ്. ഡാം ഓപ്പറേറ്റര്‍മാരുടെ ഈ കാര്യത്തിലുള്ള അജ്ഞതയോ അശ്രദ്ധയോ മുന്‍കാല ശീലമോ ആണ് പ്രളയക്കെടുതിയുടെ ആഘാതം ഇത്രയധികം വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ നൂറുവര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഈ വര്‍ഷമാണ്. ആഗസ്റ്റ് 15 തൊട്ട് 18 വരെ മഴയുടെ അളവില്‍ 572 ശതമാനത്തോളം വര്‍ദ്ധനവ് രേഖപ്പെടുത്തപ്പെട്ടു. കൂടുതല്‍ മഴ ലഭിച്ചതോടെ കേരളത്തിലെ എല്ലാ അണക്കെട്ടുകളും നിറഞ്ഞു. ചാലക്കുടി ബേസിനിലെ പ്രധാനപ്പെട്ട അണക്കെട്ടായ പെരിങ്ങല്‍ക്കുത്ത് ജൂലായ് 26 മുതല്‍ക്കേ നിറഞ്ഞു കവിഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു.

മുംബൈ ഐ.ഐ.ടി.യില്‍ നിന്നും പി.എച്ച്.ഡി. നേടിയ ഡോ. സി.ജി. മധുസൂദനന്‍ ജൂലായ് 19-ന് തൃശൂര്‍ ജില്ലാ കളക്ടര്‍ക്കും ജൂലായ് 20-ന് എറണാകുളം ജില്ലാ കളക്ടര്‍ക്കും അയച്ച കത്തില്‍ ചാലക്കുടി ബേസിനില്‍ സ്ഥിതിചെയ്യുന്ന ഡാമുകളില്‍ ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ജലനിരപ്പിനെക്കുറിച്ചും ഡാമുകളുടെ നിലവിലുള്ള പ്രവര്‍ത്തന തത്ത്വങ്ങളുടെ പോരായ്മയെക്കുറിച്ചും ഗൗരവത്തോടെ പരാമര്‍ശിച്ചിരുന്നു. വേണ്ടത്ര ശ്രദ്ധയോടെ പരിഗണിക്കാതെ ആ കത്ത് അധികൃതര്‍ ചവറ്റുകൊട്ടയിലെറിഞ്ഞിരിക്കാം. ആ കത്ത് ഡാമിന്റെ പരിപാലകര്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ചാലക്കുടി ബേസിനില്‍ ഇത്ര വലിയ ദുരന്തമുണ്ടാകുമായിരുന്നില്ല.

ഇടുക്കിയിലും ഇതേ തെറ്റു തന്നെയാണ് ആവര്‍ത്തിച്ചത്. ആഗസ്റ്റ് 10-ന് എന്റെ SANDRP ബ്ലോഗില്‍ ഇതിനെക്കുറിച്ച് എഴുതിയിരുന്നു. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളായ ഇടുക്കിയും ഇടമലയാറിനും കൂടി ഏകദേശം 1000 മില്ല്യന്‍ ക്യൂബിക് മീറ്ററിലധികം ജലസംഭരണ ശേഷിയുണ്ട് (Live Storage Capacity). ഇതില്‍ ഇടുക്കി അണക്കെട്ടിന്റെ മാത്രം ജലസംഭരണശേഷി മെയ് 31, 2018-ന് 25 ശതമാനം വരെ എത്തിയിരുന്നു. കാലവര്‍ഷം തുടങ്ങുന്നതിനു മുന്‍പാണ് ഇതെന്ന് ആലോചിക്കണം. അതായത് അത്രയും സ്ഥലം മണ്‍സൂണ്‍ കാലത്തെ ജലസംഭരണത്തിനായി ഉപയോഗിക്കാന്‍ കഴിയാതെ വന്നു. ഇടുക്കി അണക്കെട്ടിന്റെ ഏറ്റവും താഴ്ന്ന ഷട്ടര്‍ ലവല്‍ 2373 അടിയാണ്. ജൂലായ് 17-നാണ് ഇടുക്കി അണക്കെട്ടില്‍ ജലം 69 ശതമാനം നിറഞ്ഞത്. ആഗസ്റ്റ് അവസാനം വരെ ഇതേ ഉയരത്തില്‍ത്തന്നെ ഡാമിന്റെ ജലവിതാനം നിയന്ത്രിച്ചുനിര്‍ത്തിയിരുന്നെങ്കില്‍ ആഗസ്റ്റ് 15-നും 19-നും ഇടയ്ക്ക് പെയ്ത അതിവൃഷ്ടിയില്‍ പെരിയാറിന്റെ തീരങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍, ഡാം തുറന്ന് അധികജലം ഒഴുക്കിവിടേണ്ടിവരുമായിരുന്നില്ല. പ്രളയദുരന്തത്തിന്റെ ആഘാതം 50 ശതമാനത്തോളം കുറയ്ക്കാന്‍ കഴിയുമായിരുന്നു.

ജൂലായ് 31-ന് ഇടുക്കി അണക്കെട്ടിന്റെ 92 ശതമാനം നിറഞ്ഞപ്പോഴാണ് കെ.എസ്.ഇ.ബി. പത്രമാധ്യമങ്ങളിലൂടെയും പബ്ലിക് അനൗണ്‍സ്മെന്റിലൂടെയും ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. പക്ഷേ, പിന്നീട് ഒന്‍പത് ദിവസങ്ങള്‍ക്കുശേഷം ആഗസ്റ്റ് ഒന്‍പതിന് (അണക്കെട്ട് 98 ശതമാനം നിറഞ്ഞപ്പോള്‍) ജലം ഒഴുക്കിവിടാന്‍ തുടങ്ങിയത്. ഇടമലയാറിന്റെ കാര്യത്തില്‍ പൂര്‍ണ്ണ സംഭരണശേഷി (Full Reservoir Level) കൈവരിച്ചതിനുശേഷം ആഗസ്റ്റ് ഒന്‍പത് മുതലാണ് അധികജലം തുറന്നുവിടാന്‍ തുടങ്ങിയത്. ഈ രണ്ടു ഡാമുകളുടെ കാര്യത്തില്‍ കെ.എസ്.ഇ.ബി. എന്തുകൊണ്ട് ഇത്രയും നാള്‍ കാത്തിരുന്നു? വര്‍ഷങ്ങായി ഒരു Emergency Action Plan (EAP) ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഡാമുകളാണ് ഇവ രണ്ടും. ലോകമെമ്പാടുമുള്ള ഡാമുകളുടെ പ്രവര്‍ത്തനത്തിന്  മാറ്റിവെയ്ക്കാന്‍ പറ്റാത്ത ഒരു പ്രധാന ഘടകമാണ്  EAP. 

കേരളം മുല്ലപ്പെരിയാറിനേയും തമിഴ്നാടിന്റെ പിടിവാശിയേയും കുറ്റപ്പെടുത്തുമ്പോള്‍ ഇതില്‍ എത്രമാത്രം ശരിയുണ്ട്?
പെരിയാറിന്റെ മുകള്‍ഭാഗത്ത് (upstream) സ്ഥിതിചെയ്യുന്ന കേവലം ഒരു ഡാം പെരിയാര്‍ ബേസിനില്‍ വെള്ളപ്പൊക്കം സൃഷ്ടിച്ചു എന്ന് പറയുന്നത് തീര്‍ത്തും അസംബന്ധമാണ്. ഇതിനെ ഞാന്‍ ഒരു സെല്‍ഫ് ഗോളായിട്ടാണ് കാണുന്നത്. കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കില്‍ ഒന്നല്ല, മറിച്ച് 40 സെല്‍ഫ് ഗോളുകളാണ്, കാരണം കേരള സര്‍ക്കാര്‍ ഒരേ സമയത്ത് 40 ഡാമുകള്‍ കൈകാര്യം ചെയ്തിരുന്നു. കേരളത്തിലെ ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ എഴുതിയിരിക്കുന്നത് തമിഴ്നാട് മുല്ലപ്പെരിയാര്‍ ഡാം പൂര്‍ണ്ണമായും നിറഞ്ഞതിനുശേഷം മാത്രമാണ് Full Reservoir Level (FRL)) പെരിയാറിലേക്ക് ജലം ഒഴുക്കി വിട്ടതെന്നാണ്. എന്തുകൊണ്ട് തമിഴ്നാട് FRL എത്താന്‍ കാത്തുനിന്നു എന്ന് കേരളം കുറ്റപ്പെടുത്തി.
പക്ഷേ, ഞാന്‍ ഇതേ ചോദ്യം കേരളത്തോട് ചോദിക്കുന്നു. എന്തുകൊണ്ട് FRL എത്താന്‍ കേരളത്തിലെ ഡാമുകള്‍ കാത്തിരുന്നു? കേരളത്തിലെ അണക്കെട്ടുകളുടെ കാര്യത്തില്‍ നാം സ്വീകരിച്ച നിലപാടുതന്നെയാണ് മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ തമിഴ്നാട് കൈക്കൊണ്ടത്. മണ്‍സൂണ്‍ അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ ഡാമുകള്‍ പൂര്‍ണ്ണമായും നിറച്ചുനിര്‍ത്തിയ രണ്ടു സര്‍ക്കാരും ഒരേപോലെ കുറ്റവാളികളാണ്.
രണ്ടാമത്തെ ചോദ്യം മുല്ലപ്പെരിയാറിന് എത്രമാത്രം ജലമാണ് പെരിയാര്‍ ബേസിനില്‍നിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുക? അത് അവര്‍ കൃത്യമായി നിര്‍വ്വഹിച്ചുവോ? തീര്‍ച്ചയായും മുല്ലപ്പെരിയാര്‍ അണക്കെട്ട് അതിന്റെ പരമാവധി വൈദ്യുതിയുല്പാദനം ജൂലൈ 20 തൊട്ട് ആഗസ്റ്റ് 20 വരെയുള്ള ഒരു മാസത്തില്‍ നടത്തിയിരുന്നു. പക്ഷേ, ഈ കാലയളവില്‍ തമിഴ്നാട് 2200 ക്യൂബിക് ഫീറ്റ്/sec എന്നയളവില്‍ ജലം ഡൈവെര്‍ട്ട് ചെയ്തിട്ടുണ്ട് എന്നതിന് ഔദ്യോഗിക കണക്കുകളില്ല എന്നത് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു. ഇത്രയും ഊര്‍ജ്ജോല്പാദനത്തിന് 1600 ക്യൂബിക് ഫീറ്റ്/sec ജലത്തിന്റെ ഡിസ്ചാര്‍ജ് ആവശ്യമാണെന്നിരിക്കെ അങ്ങനെയുള്ള ഡാറ്റയുടെ അഭാവം ദുരൂഹതയ്ക്ക് വഴിതുറക്കുന്നു. ഒരു പക്ഷേ, തമിഴ്നാട് ഇത്രയും ജലം വഴിതിരിച്ചുവിട്ടിരുന്നെങ്കില്‍ കേരളത്തിലെ പ്രളയാഘാതം ഇത്രയും കഠിനമാകുമായിരുന്നില്ല.

പെരിയാര്‍ നദിയുടെ കേന്ദ്ര ജലകമ്മിഷന്‍ സൈറ്റില്‍ വണ്ടിപ്പെരിയാറില്‍നിന്നുള്ള ഫ്‌ലഡ് ഹൈഡ്രോഗ്രാഫുകള്‍ (Flood Hydrograph) സൂചിപ്പിക്കുന്നത് ആഗസ്റ്റ് 15 മുതല്‍ 20 വരെ പെരിയാര്‍ നദിയിലെ ജലനിരപ്പില്‍ Highest Flood Level (HFL) നിന്നും നാലര മീറ്റര്‍ വരെ ഉയര്‍ന്നു നിന്നിരുന്നു എന്നാണ്. മുല്ലപ്പെരിയാറിനു തൊട്ടുതാഴെയുള്ള ഭാഗമാണിത്. സാധാരണ നിലയില്‍ ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്തൊരു കാര്യമാണിത്. അഞ്ചു ദിവസത്തോളം ഒരു പുഴ നിലവിലുണ്ടായിരുന്ന ജലനിരപ്പിനെക്കാള്‍ നാലര മീറ്റര്‍ ഉയരത്തില്‍ ഒഴുകുക ആശങ്കാജനകമാണ്. ആഗസ്റ്റ് 15-20 കാലയളവില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് അധികജലം പെരിയാര്‍ ബേസിനിലേക്ക് ഒഴുക്കിവിട്ടു എന്ന യാഥാര്‍ത്ഥ്യമാണ് ഇതു സൂചിപ്പിക്കുന്നത്. കൃത്യമായ കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ല. വണ്ടിപ്പെരിയാര്‍ ക്യാച്ച്മെന്റിന്റെ 90 ശതമാനത്തോളം വരുന്നത് മുല്ലപ്പെരിയാര്‍ ക്യാച്ച്മെന്റിലായതുകൊണ്ട് ഈയൊരു നീക്കം തമിഴ്നാട് ഒഴിവാക്കിയിരുന്നെങ്കില്‍ അത് കേരളത്തിന് ഗുണകരമായേനെ.

കേരളത്തിലെ അറുപത് ഡാമുകള്‍ക്ക് കാര്യക്ഷമമായ മാനേജ്മെന്റ് ചട്ടങ്ങള്‍ നിലവിലുണ്ടോ?
ഡാം സേഫ്റ്റി ആക്ട് (DSA) നിലവിലുള്ള ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. എന്നാല്‍, ആ നിയമം കടലാസ്സില്‍ മാത്രം ഒതുങ്ങുന്നു എന്നതാണ് സത്യം. കേന്ദ്ര ജല കമ്മിഷന്റെ (CWC) കണക്കുപ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം വെള്ളപ്പൊക്ക ദുരന്ത സാധ്യതയുള്ള ആറു സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. എങ്കിലും കേരളത്തില്‍ CWC-യുടെ ഒരു Flood Forecasting Station പോലുമില്ല. കേരളത്തിലെ ഡാമുകള്‍ക്ക് പുതുക്കിയ Rule Curve-വുകള്‍ ഉടന്‍ ലഭ്യമാക്കേണ്ടതാണ്. മറ്റൊരു കാര്യം ഇവിടുത്തെ ഡാമുകള്‍ക്കൊന്നും തന്നെ അടിയന്തര പ്രവര്‍ത്തന പ്ലാനുകള്‍ (Emergency Action Plan) ഇല്ല എന്നതാണ്. കൂടാതെ കേരളത്തിലെ ഡാമുകള്‍ക്കായി ഇന്നും ഒരു Operation and Maintenance Manual ഇല്ലെന്നുള്ളത് നിര്‍ഭാഗ്യകരമാണ്. അണക്കെട്ടുകള്‍ക്ക് തകര്‍ച്ചയോ ചോര്‍ച്ചയോ ഉണ്ടായാല്‍ അല്ലെങ്കില്‍ വെള്ളപ്പൊക്കമോ ഉണ്ടായാല്‍ സംഭവിക്കാവുന്ന അസാധാരണ ജലപ്രവാഹം മൂലം വെള്ളത്തിനടിയിലാവുന്ന നദീതട ഭാഗങ്ങളെക്കുറിച്ച് അറിവ് നല്‍കുന്ന Flood Inundation Maps  ഇതുവരെ കേരളത്തിലെ ഡാം ഓപ്പറേറ്റര്‍മാര്‍ തയ്യാറാക്കിയിട്ടില്ല. കേരളത്തിലെ പുഴകളുടെ ജലവാഹക ശേഷിയെക്കുറിച്ചുള്ള പഠനങ്ങള്‍ (Carrying Capacity) വേണ്ടത്ര നടന്നിട്ടില്ല. ഈ വിഷയങ്ങളിലൊക്കെ നാം അജ്ഞരായിരിക്കെ വലിയ തോതില്‍ ജലം ഡാമില്‍നിന്നും തുറന്നുവിടുമ്പോള്‍ കീഴ്ത്തടങ്ങളെ അത് എങ്ങനെ ബാധിക്കുമെന്നോ അതിന്റെ ആഘാതങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നോ ഒരു ഡാം ഓപ്പറേറ്റര്‍ക്ക് എങ്ങനെയാണ് വിലയിരുത്താന്‍ കഴിയുക?
പുഴകളുടെ ജലത്തെ ആഗിരണം ചെയ്യാനുള്ള ശേഷിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ഡാം ഓപ്പറേറ്റര്‍മാര്‍ വേണ്ടത്ര ഗൗരവമായി പഠിച്ചിട്ടുണ്ടോ എന്നുള്ളതാണ്. കാലികമായി ഡാമിന്റെ മുകള്‍ പ്രദേശങ്ങളിലും (up stream), കീഴ്ത്തടങ്ങളിലും (down stream) വന്നിട്ടുള്ള ജൈവ വൈവിധ്യ മാറ്റങ്ങളെക്കുറിച്ചും മനുഷ്യര്‍ കയ്യേറിയ പുഴയെക്കുറിച്ചും സുദീര്‍ഘവും സൂക്ഷ്മവുമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. കേരളത്തില്‍ ഇത്തരം പഠനങ്ങള്‍ എന്തുമാത്രം നടന്നിട്ടുണ്ട്, അവ പര്യാപ്തമാണോ എന്നതും ചിന്തിക്കേണ്ട വിഷയമാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം അടിയന്തര ഘട്ടത്തില്‍ ജനങ്ങളെ മുന്‍കൂട്ടി ഒഴിപ്പിക്കാനുള്ള പ്ലാനുകളുടെ അഭാവം വലിയ വിനയായി (Evaculation Plans).
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ നവകേരള നിര്‍മ്മാണവേളയില്‍ കേരള സര്‍ക്കാര്‍ വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്. വെള്ളപ്പൊക്കത്തിന്റെ ആഘാതം ഇത്രമേല്‍ വര്‍ദ്ധിക്കാനുണ്ടായ കാരണങ്ങളില്‍ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ശാസ്ത്രീയമായി തന്നെ പഠനവിധേയമാക്കണം. അതിനായി വിദഗ്ദ്ധരുള്‍പ്പെടുന്ന ഒരു സ്വതന്ത്രപാനലിനു ചുമതല നല്‍കണം. ഇതിലൂടെ ശേഖരിക്കപ്പെടുന്ന എല്ലാ വിവരങ്ങളും പബ്ലിക് ഡൊമെയ്നില്‍ വയ്ക്കാവുന്നതാണ്. കേരളത്തിലെ ഓരോ ഡാമിനും ഒരു ഡാം മാനേജ്മെന്റ് കമ്മിറ്റി അത്യാവശ്യമാണ്. ഈ കമ്മിറ്റിയിലെ അംഗങ്ങളില്‍ പകുതി പേര്‍ കമ്മ്യൂണിറ്റി പ്രതിനിധികളും സിവില്‍ സൊസൈറ്റി, മീഡിയ, എന്‍.ജി.ഒ., അക്കാദമിക് തലത്തില്‍നിന്നുള്ള സ്വതന്ത്രരും സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികളും ആയിരിക്കണം.
2011-ല്‍ Western Ghats Ecology Expert Panel (WGEEP)  അഥവാ മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം. ഈ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഗാഡ്ഗില്‍ ആവശ്യപ്പെട്ടിരുന്നു പക്ഷേ, ആവശ്യത്തിലധികം പരിസ്ഥിതി സൗഹാര്‍ദ്ദപരമായ സമീപനമാണ് റിപ്പോര്‍ട്ടിലുള്ളതെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ ഇതിനെ തള്ളിക്കളഞ്ഞത് നിര്‍ഭാഗ്യകരമാണ്.

ഇന്ത്യയിലെ വലിയ അണക്കെട്ടുകളുടെ ഭാവിയെപ്പറ്റി?
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അണക്കെട്ടുകളുടെ നിര്‍മ്മാണത്തിന്റെ പേരില്‍ ഏകദേശം 45 ലക്ഷത്തോളം ആളുകളെ ഇതിനകം കുടിയൊഴിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഡാം നിര്‍മ്മിച്ച രാഷ്ട്രങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഏകദേശം 51,000-ത്തോളം ഡാമുകള്‍ ഇന്ത്യ ഇതുവരെ പണിതിട്ടുണ്ട്. ഇന്ത്യയില്‍ പ്രായമേറിയ അണക്കെട്ടുകളുടെ നാശോന്മുഖമായ അവസ്ഥ രാജ്യത്തിന് ഭീഷണിയായി നിലകൊള്ളുന്നു. സാങ്കേതികമായി വളരെയധികം മുന്നേറിയിട്ടുള്ള അമേരിക്കപോലുള്ള രാജ്യങ്ങളില്‍പ്പോലും അണക്കെട്ടുകളുടെ കാലാവധി 50 വര്‍ഷം മാത്രമാണ്. എന്നാല്‍ 50 വര്‍ഷം തൊട്ട് 100 വര്‍ഷത്തിലേറെ പഴക്കമുള്ള അഞ്ഞൂറിലധികം അണക്കെട്ടുകള്‍ ഇന്ത്യയിലുണ്ട്. 100 വര്‍ഷത്തിലധികം പഴക്കമുള്ള നൂറോളം ഡാമുകള്‍ ഇതിനു പുറമെയും.

കാലാവധി കഴിഞ്ഞ ഈ ഡാമുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഭയാനകമാണ്. അണക്കെട്ടുകളുടെ നിര്‍മ്മാണത്തിനുള്ള പ്രധാന കാരണമായി നാം മുന്നോട്ടുവയ്ക്കുന്നത് ജലസേചനമാണ്. എന്നാല്‍, കഴിഞ്ഞ നാലുദശാബ്ദങ്ങളായി ഇന്ത്യയില്‍ 84 ശതമാനത്തോളം ആശ്രയിക്കുന്നത് ഭൂഗര്‍ഭ ജലസ്രോതസ്സുകളെയാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. വാസ്തവത്തില്‍ 1992 മുതല്‍ വന്‍ അണക്കെട്ടുകളില്‍നിന്നുള്ള ജലസേചനത്തിന്റെ തോത് 1.5 ദശലക്ഷം ഹെക്ടറായി കുറഞ്ഞു.

അണക്കെട്ടുകളുടെ മറ്റൊരു പ്രധാന ഉപയോഗമായി നാം പറഞ്ഞുകൊണ്ടിരിക്കുന്നത് ഹൈഡ്രോപവറിന്റെ ആവശ്യമാണ്. മൂന്നു രൂപയില്‍ താഴെ വിലയ്ക്ക് കാറ്റ്, സോളാര്‍ തുടങ്ങിയ സ്രോതസ്സുകളില്‍നിന്നു വൈദ്യുതി കിട്ടുവാന്‍ സാധ്യതയുള്ളപ്പോള്‍ യൂണിറ്റിന് എട്ടുരൂപയിലധികം ചെലവു വരുന്ന ജലവൈദ്യുതി പദ്ധതികളില്‍ നിന്നുള്ള ഊര്‍ജ്ജം എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി എന്നൊരു ചോദ്യവും ഉയര്‍ത്തേണ്ടതല്ലെ?
ശാസ്ത്രീയമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള അണക്കെട്ടുകളുടെ സുരക്ഷ മെച്ചപ്പെടുത്തുകയും കാലാവധി കഴിഞ്ഞ അണക്കെട്ടുകള്‍ ഘട്ടംഘട്ടമായി decommission ചെയ്യുകയുമാണ് ബുദ്ധിയും വിവേകവും. കേരളത്തില്‍ ഇനിയുമൊരു അണക്കെട്ട് എന്നത് വാസ്തവത്തില്‍ പാരിസ്ഥിതികമായും പ്രായോഗികമായും അര്‍ത്ഥശൂന്യതയാണ്.
ഹിമാന്‍ഷു താക്കറുമായി നടത്തിയ ദീര്‍ഘസംഭാഷണം എന്നില്‍ ഏറെ ഉത്ക്കണ്ഠകളുളവാക്കി. പൊതുജനത്തിന്റെ നന്മയില്‍ മാത്രം ഊന്നി പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ നിരന്തരം ശ്രമിക്കുന്ന ഹിമാന്‍ഷുവും മറുവശത്ത് പാരിസ്ഥിതിക പ്രതിസന്ധികളുടെ ഉത്തരവാദിത്വം ഗൗരവത്തോടെ ഉള്‍ക്കൊള്ളാതെ കക്ഷി രാഷ്ട്രീയം കളിക്കുന്ന സര്‍ക്കാരുകളും.
ആധുനിക മനുഷ്യന്‍ ഭൂമിയിലുണ്ടാക്കിയ പാരിസ്ഥിതിക വിനാശങ്ങള്‍ കുറയ്ക്കുന്നതിനും സാധ്യമായത്ര പരിഹരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഭാഗത്തുനിന്നും എത്രയും വേഗത്തില്‍ ഉണ്ടായേ തീരൂ. നിലവിലുള്ള വികസന സങ്കല്പത്തെ പുനര്‍വിചിന്തനം ചെയ്തുകൊണ്ട് മാത്രമേ ഇനി നമുക്ക് മുന്നോട്ടു പോകാന്‍ കഴിയൂ. ഇനിയുള്ള നമ്മുടെ വികസന പ്രക്രിയകള്‍ സുസ്ഥിരവും നീതിപൂര്‍ണ്ണവും ജനാധിപത്യപരവുമായ തീരുമാനങ്ങളിലുറച്ചുകൊണ്ടുള്ളതുമാകണം. പ്രളയത്തെ നമ്മള്‍ അതിജീവിച്ചിരിക്കാം; പക്ഷേ, അത് നമ്മെ പഠിപ്പിച്ച പാഠങ്ങള്‍ മറക്കാന്‍ പാടില്ല.
    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com