വാരികകള്‍ ഈ എഴുത്തുകാരന്റെ നോവലുകള്‍ക്കു വേണ്ടി കാത്തിരുന്ന കാലം; ചെമ്പില്‍ ജോണിനെ ഓര്‍ക്കുമ്പോള്‍

By അഡ്വ: പികെ  ഹരികുമാര്‍  |   Published: 28th December 2018 04:11 PM  |  

Last Updated: 28th December 2018 04:19 PM  |   A+A-   |  

 

കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് റോഡുമാര്‍ഗ്ഗം സഞ്ചരിച്ചുപോകുന്ന വഴി വൈക്കം കഴിഞ്ഞുള്ള ഒരു സ്ഥലത്തിന്റെ പേര് ചെമ്പ് എന്നാണ്. കേള്‍ക്കുമ്പോള്‍ വളരെ വിചിത്രമായ ഒരു സ്ഥലനാമമായി തോന്നും. ഈ ദേശത്തിന് തൊട്ടടുത്ത് വേറൊരു വിചിത്ര നാമമുള്ള ഒരു സ്ഥലമുണ്ട്. അത് തലയോലപ്പറമ്പാണ്. അവിടെയാണ് വിഖ്യാതനായ വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്. ചെമ്പ് ഒരു ലോഹത്തിന്റെ പേരാണ്. എത്ര ശ്രമിച്ചിട്ടും ആ ലോഹവും ദേശത്തിന്റെ പേരും തമ്മില്‍ ഒരു ബന്ധവും കണ്ടുകിട്ടിയിട്ടില്ല. 'ചമ്പ' എന്ന മീന്‍ കിട്ടിയിരുന്നതുകൊണ്ടാണ് ചെമ്പ് ആയതെന്നും ചുവന്ന ഭൂമി എന്ന അര്‍ത്ഥത്തില്‍ ചെംഭു എന്നത് ചെമ്പായി മാറിയതാണെന്നും ചെമ്പെന്ന വാക്കിനര്‍ത്ഥം തെക്കെന്നാണ്, അതുകൊണ്ട് ആ ദേശത്തിനു വടക്ക് താമസിച്ചവര്‍ ചെമ്പെന്ന് വിളിച്ചു എന്നും പറയുന്നുണ്ട്. അതൊന്നുമല്ല ഇവിടെ വിഷയം. ഒരു വശത്ത് പുഴയും  മറുവശത്ത് കായലും പരന്നുകിടക്കുന്നതിനു നടുവിലെ ചെമ്പ് പ്രദേശത്തെ, മര്യാദയ്ക്ക് നാലാളുകള്‍ അറിഞ്ഞത് അവിടെ ജീവിച്ചിരുന്ന ജോണ്‍ എന്ന എഴുത്തുകാരന്‍ വഴിയാണ്. വെറും ജോണല്ല ചെമ്പില്‍ ജോണ്‍. ഒരുകാലത്ത് മലയാള ഭാവനയുടെ ഒരു പ്രത്യേക മേഖലയെ വല്ലാതെ ഭ്രമിപ്പിച്ച എഴുത്തുകാരന്‍. അറുപത്തിരണ്ടു നോവലുകള്‍,  ധാരാളം ചെറുകഥകള്‍, നാടകങ്ങള്‍, ബാലസാഹിത്യം, ആറ് സിനിമാക്കഥകള്‍ - എഴുത്തിന്റെ ഒരുതരം മലവെള്ളപ്പാച്ചില്‍. ഇത്രയൊക്കെ ഒരാള്‍ക്ക് അക്കാലത്ത് ഹ്രസ്വമായ കാലത്തിനിടയില്‍ എഴുതാന്‍ കഴിയുമോ. എന്നാല്‍ ജോണ്‍ അങ്ങനെ എഴുതി. വെറുതെ എഴുതി സൂക്ഷിക്കുകയല്ല, എഴുതിയതെല്ലാം പ്രസിദ്ധീകരിച്ചു. ആളുകളെക്കൊണ്ട് വായിപ്പിച്ചു. പിന്നെ പുസ്തകങ്ങളായി അതെല്ലാം വിറ്റുപോയി. ''സുഖസുഷുപ്തിയിലമര്‍ന്ന പ്രകൃതി, നിതാന്ത മൂകയായ അന്തരീക്ഷം. നിശാനനായ ചന്ദ്രനും താരഗണങ്ങളും മാത്രം നീലാകാശത്തില്‍ ഉറക്കമിളച്ച് നില്‍ക്കുന്നു. വെണ്‍മേഘങ്ങളുടെ അനസ്യൂതമായ തേരോട്ടം'' ഇത് ഒരുകാലത്ത് മലയാളത്തിന് തുറന്നു കിട്ടിയ ചെമ്പില്‍ ജോണ്‍ പാരമ്പര്യത്തിന്റെ എഴുത്ത് രീതിയുടെ വര്‍ണ്ണനയുടെ ഉദാഹരണമാണ്. 
    

ചെമ്പ് വഴി യാത്ര ചെയ്തു പോകുന്നവര്‍ ഇവിടെയാണ് ചെമ്പില്‍ ജോണിന്റെ വീട്, അതാണ് ജോണിന്റെ തയ്യല്‍ക്കട എന്നൊക്കെ അടക്കം പറഞ്ഞ് ചൂണ്ടിക്കാണിക്കുന്നത് എന്റെ കുട്ടിക്കാലത്ത് ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ജോണ്‍ ചെമ്പിന്റെ എഴുത്തുകാരനായിരുന്നില്ല. കേരളത്തിലെ അതിരുകളില്ലാത്ത കല്പിത കഥകളുടെ സ്രഷ്ടാവായിരുന്നു. ഈ പ്രദേശത്താണ് നടന്‍ മമ്മൂട്ടിയുടെ ജന്മസ്ഥലം. മമ്മൂട്ടിക്കുമൊക്കെ മുന്‍പ്,   സിനിമാതാരങ്ങള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും വലിയ താര - നക്ഷത്ര പദവി ഉണ്ടായിരുന്ന കാലത്ത്, എല്ലാവരും അതിശയത്തോടെ നോക്കിനില്‍ക്കുകയും ചെന്നു കാണുകയുമൊക്കെ ചെയ്തിരുന്ന ആള്‍രൂപമായിരുന്നു ചെമ്പില്‍ ജോണിന്റേത്. ആറ് സിനിമകള്‍ക്ക് കഥയും തിരക്കഥയും രചിച്ച് താരപരിവേഷമാര്‍ജ്ജിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അക്കാലത്തെ താരപരിവേഷത്തിന്റെ അവസാന വാക്കുകളായിരുന്ന സത്യന്‍, നസീര്‍, രാഘവന്‍, കമലഹാസന്‍, ഷീല, ജയഭാരതി പിന്നെ സേതുമാധവനും ഒക്കെ ചേര്‍ന്ന സൂപ്പര്‍ ഹിറ്റുകള്‍ ആറെണ്ണം, താരപരിവേഷത്തിന് വേറെ എന്തു വേണം. ആ അവസരങ്ങളെ വേണ്ടവിധം വാണിജ്യവല്‍ക്കരിച്ചിരുന്നെങ്കില്‍ എത്രയോ സിനിമകള്‍ക്ക് പിറകില്‍  ജോണ്‍ ഉണ്ടാകുമായിരുന്നു. അതിനു മാത്രമുള്ള കഥാതന്തുക്കളും രചനാ കൗശലവും തിരക്കഥാ രചനയുടെ തനതായ രീതിയും എല്ലാം കൈവശമുണ്ടായിരുന്ന ജോണിന്, ഒടുവില്‍ ഒന്നുമാകാതെ ചെമ്പിലെ ഇരുള്‍മൂടിയ ഇടനാഴിയിലേക്ക് അദ്ദേഹം ഒതുങ്ങിപ്പോയി. മമ്മൂട്ടിയുടെ ചലച്ചിത്ര യാത്രയ്ക്ക് മുന്‍പ് അതിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തതില്‍ ജോണിനും                                                                                                                                                       ഒരു പങ്കുണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. മമ്മൂട്ടി തന്റെ സിനിമാ ജീവിതം എഴുതിയതില്‍ തന്നെ പരാമര്‍ശിക്കാതെ  പോയതില്‍ വേദന തോന്നി അച്ചടിച്ച പത്രാധിപര്‍ക്ക് അദ്ദേഹം വാത്സല്യമിയന്ന ഒരു കത്ത് എഴുതുക പോലുമുണ്ടായി. 

ചെമ്പില്‍ ജോണ്‍


    സിനിമയിലേക്ക് ജോണ്‍ ചെന്നു ചേര്‍ന്നതല്ല. ജോണിനെ സിനിമ എടുത്തതാണ്. അത് സ്വയമേവ സംഭവിച്ച ഒരു പരിണതിയാണ്. സിനിമയിലേക്ക് എത്തുന്നതിന് എത്രയോ മുന്‍പേ നാടക രചനയിലാരംഭിച്ച അദ്ദേഹത്തിന്റെ എഴുത്തു ജീവിതം കേരളക്കരയാകെ ഇഴുകി പരന്നിരുന്നു. തൊട്ടടുത്ത് ബഷീറും വൈക്കം ചന്ദ്രശേഖരന്‍ നായരും രണ്ടു വഴികളിലൂടെ മലയാള സാഹിത്യമണ്ഡലത്തിലെ നക്ഷത്രങ്ങളായി പ്രഭ ചൊരിഞ്ഞു നിന്ന കാലത്താണ് ജോണിന്റേയും എഴുത്തുജീവിതത്തിന്റെ ഗതിവിഗതികള്‍ കടന്നു പോയത്. അവരോടൊന്നും ജോണിനെ താരതമ്യപ്പെടുത്തുകയല്ല. അവരുടെ ആസുരമായ ശബ്ദഘോഷങ്ങള്‍ക്കിടയില്‍ ഒരു പകപ്പുമില്ലാതെ ജോണ്‍ തന്റെ എഴുത്തുവഴി കണ്ടെത്തി, അതിലെ ബഹുദൂരം നടന്നു. ഇതെന്റെ വഴി, അതായിരുന്നു അദ്ദേഹത്തിന്റെ നില. കടലോരത്തെ കുട്ടികള്‍ കക്കയും ചിപ്പികളും വാരിക്കൂട്ടുന്നതുപോലെ അദ്ദേഹം എഴുതിക്കൂട്ടി. ജോണ്‍  ഒരു വലിയ എഴുത്തുകാരനായിരുന്നോ? ഒരുകണക്കിന് അതേ.  അക്കാലത്ത് എത്രയോ ആളുകള്‍ ജീവിച്ചിരുന്നു. അവരാരും ജോണിനെപ്പോലെ എഴുത്തുവഴിയില്‍ വന്നില്ലല്ലോ. അത് സിദ്ധിയുടെ പ്രശ്‌നമാണ്. അത് ജോണിനുണ്ടായിരുന്നു. നാടകം, ബാലകഥകള്‍, നോവലുകള്‍, കഥകള്‍, തിരക്കഥകള്‍ എങ്ങനെയാണ് ഈ മനുഷ്യന്റെ ഭാവനാലോകം ഇത്രയും തിക്കുമുട്ടലുകള്‍ സഹിക്കുന്നതെന്ന് മെലിഞ്ഞുണങ്ങിയ അദ്ദേഹത്തെ കാണുമ്പോള്‍ ഒക്കെ ഞാന്‍ ഓര്‍ത്തിട്ടുണ്ട്. ഞാനെന്തെങ്കിലും എഴുതുന്ന ആളാണെന്ന് അതിസാധാരണക്കാരനായ ജോണിനെ കണ്ടാല്‍ തോന്നുകയേയില്ല. വേണ്ടത്ര അംഗീകാരം കിട്ടാതെ അരികുകളിലേക്ക് നീങ്ങിപ്പോയി ജീവിതം ഒടുക്കിയ ആള്‍. 

മുട്ടത്തുവര്‍ക്കി ഈ ധാരയിലുള്ള കഥാരചനകളുടെ കുലപതിയായി വാഴുന്ന കാലത്താണ് അദ്ദേഹത്തിന്റെ ജില്ലയുടെ ഇങ്ങേ അറ്റത്തുള്ള ചെമ്പില്‍ ജോണ്‍ ആ എഴുത്തു ധാരയിലേക്ക് ചെന്നു ചേരുന്നത്. നാടകത്തില്‍ തുടങ്ങി മനോരമയില്‍ ആദ്യ നോവലെഴുതി പ്രസിദ്ധീകരിച്ചു. പിന്നെ എത്രയോ നോവലുകള്‍ മനോരമ, മനോരാജ്യം, പിന്നെ വന്ന മംഗളം, കുമാരി എല്ലാ പ്രസിദ്ധീകരണക്കാരും ജോണിന്റെ നോവലുകള്‍ക്കുവേണ്ടി കാത്തുകെട്ടിക്കിടന്നു. ആണ്‍ പെണ്‍ വ്യത്യാസമില്ലാത്ത പരശതം വായനക്കാര്‍, അവരെ കൂട്ടത്തോടെ ജോണ്‍  കൂട്ടിക്കൊണ്ടുപോയി,  തന്റെ  ഭ്രമാത്മക ലോകത്തില്‍ അകപ്പെടുത്തി. അതിലെ കഥാപാത്രങ്ങള്‍, അവര്‍ക്കു വന്നു പിണഞ്ഞ ദുര്യോഗം, തീവ്രമായ പ്രണയത്തിന്റെ പച്ചപ്പുകള്‍, നാട്ടിന്‍പുറത്തെ ജീവിതം, അതിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍,  അതിനടിപ്പെട്ടുപോയി ആ ജനസഞ്ചയം. 

ബഷീര്‍, ചന്ദ്രശേഖരന്‍നായര്‍ എന്നിവരുടെ സമകാലീനനായി എഴുത്താരംഭിച്ച ആളാണ് ജോണ്‍. അവരുമായുള്ള സൗഹൃദങ്ങളില്‍ കുടുങ്ങികിടക്കുമ്പോഴും എഴുത്തില്‍ അവര്‍ക്കൊപ്പം നടന്നില്ല.  അന്നത്തെ ഗൗരവമാര്‍ന്ന സാഹിത്യ വ്യവഹാരങ്ങള്‍ക്കകത്ത് ഒരു സ്ഥാനവും ഇല്ലാതിരുന്ന ഒരെഴുത്തു വഴിയായിരുന്നു ജോണിന്റേത്. അതിനു മുന്‍പേ നടന്ന മുട്ടത്തുവര്‍ക്കിയും ഒപ്പം നടന്ന കാനം ഇ.ജെയും അവരെല്ലാം ചേര്‍ന്ന ഒരു പ്രത്യേക എഴുത്താഘോഷം.   ഇന്നത്തെപ്പോലെ സാക്ഷരതാ നിരക്കൊന്നുമില്ലാത്ത കാലത്ത് വായിക്കാനറിയാവുന്നവര്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ത്തു ആ നോവലുകള്‍. അതച്ചടിച്ച വാരികകള്‍ക്കായി ആളുകള്‍ വീട്ടു പടിക്കല്‍ കാത്തുനിന്ന് കിട്ടുന്ന പടി അതു വായിച്ചുതീര്‍ത്തു.  

അതും വായനയുടെ ഒരു വസന്തകാലം.  കുട്ടിക്കാലത്തേ ആര്‍ജ്ജിച്ച ഭാഷാ പരിജ്ഞാനം വ്യാകരണ നിയമങ്ങളിലുള്ള ഗ്രാഹ്യം കിലോമീറ്ററുകള്‍ നടന്നു പോയി ലൈബ്രറികളില്‍നിന്ന് തേടി വായിച്ച പുസ്തകങ്ങള്‍, ക്ലാസ്സിക്കുകളുടെ ലോകത്തു നടത്തിയ വസന്ത നൃത്തം, ടോള്‍സ്റ്റോയി, ഗോര്‍ക്കി, ഹെമിംഗ് വേ അങ്ങനെ ഒരു കടുത്ത വായനക്കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. അങ്ങനെയാണ് മംഗലപ്പുഴ സെമിനാരിയില്‍ പഠിക്കുന്ന അച്ഛനുവേണ്ടി 'കള്ള സന്ന്യാസി' എന്ന ആദ്യ നാടകം എഴുതിയത്. അതിനുകിട്ടിയ അന്‍പത്തി ഒന്നു രൂപയാണ് ആദ്യത്തെ പ്രതിഫലം. 1958-ല്‍ 'മുറപ്പെണ്ണ്' എന്ന ആദ്യ നോവല്‍ മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ ആദ്യമായി അച്ചടിച്ചുവന്നതും തുടര്‍ന്ന് മാതൃഭൂമി ഒഴികെ അക്കാലത്തെ എല്ലാ പ്രസിദ്ധീകരണങ്ങളിലും ജോണിന്റെ നോവല്‍ അടിച്ചു വന്നു. കല്ല്യാണ ഫോട്ടോ മുതല്‍ കോട്ടയം കൊലക്കേസ്, നാടന്‍പെണ്ണ്, അമൃതചുംബനം, പടക്കുതിര, കരിമ്പൂച്ച എന്നീ വമ്പന്‍ സിനിമകളുടെ കഥയും തിരക്കഥയും മീന്‍കാരി, വഴിത്തിരിവ്, ചേട്ടത്തി, ബലിമൃഗം, ചാരായ ഷാപ്പ്, അഗ്‌നിപുഷ്പം, ദാഹം, ഒരു നദിയും രണ്ട് വഴികളും, ആനിക്കുട്ടി, ബി.എസ്സിക്കാരി, സ്വപ്നലേഖ, നര്‍ത്തകി അങ്ങനെ എത്രയെത്ര നോവലുകള്‍. ഇതില്‍ പല നോവലുകള്‍ക്കും അവതാരിക എഴുതിയിട്ടുള്ളത് മുട്ടത്തുവര്‍ക്കിയാണെന്നുള്ളത് രസാവഹമായ ഒരു കാര്യമാണ്. പ്രേമവും പ്രേമഭംഗവും ചതിയും മരണവും സൗഹൃദവും കൂടിക്കുഴഞ്ഞു കിടക്കുന്ന കഥാലോകം.  ആ വരികളില്‍ മുഴുവനും പ്രണയം നിറച്ചുവച്ചിരിക്കുകയായിരുന്നു. അധികം വൈവിധ്യങ്ങളില്ലാത്ത സ്ത്രീ കഥാപാത്രങ്ങളുടെ ധാരാളിത്തം.  സദാചാരത്തിന്റെ, സന്മാര്‍ഗ്ഗത്തിന്റെ വിജയവഴി വെട്ടിത്തുറക്കല്‍, ആഹ്ലാദം, ആധി, വേവലാതി, നിലവിളി, പ്രതികാരം, പ്രണയം, പ്രണയഭംഗം, ദാരിദ്ര്യം ഇതെല്ലാം കൊണ്ടുതീര്‍ത്ത അതിവൈകാരികതയുടെ പ്രത്യക്ഷാവിഷ്‌കാരങ്ങളായിരുന്നു ആ കൃതികള്‍ നിറയെ.  പലതരം തിക്കുമുട്ടലുകളില്‍പ്പെട്ട് ഞെരിഞ്ഞമരുന്ന മനുഷ്യരുടെ ദീനസ്വരം പല കഥകളിലും പ്രമേയമായി വരുന്നുണ്ട്. താന്‍ ജീവിച്ച കാലദേശത്തെ, ഈ നോവലുകള്‍ നല്ലവണ്ണം  പരിഗണനയില്‍ എടുക്കുന്നുണ്ട്. നിരന്തരം തന്നെത്തന്നെ നവീകരിക്കുന്ന രീതിയൊന്നുമില്ലാതെ തുടരെ ജോണിന്റെ മുറിയില്‍നിന്ന് നോവല്‍മഴ പെയ്തുകൊണ്ടേയിരുന്നു. എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷാശൈലി ആയിരുന്നു ജോണിനുണ്ടായിരുന്നത്. ഒരു പ്രത്യേക കാലത്തിനപ്പുറമുള്ള നോവല്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ചെമ്പില്‍ ജോണിന്റെ നോവലുകള്‍ക്കും നിശ്ചയമായും ഒരു സ്ഥാനമുണ്ട്.  ആദ്യകാലത്ത് 'ജനയുഗം' പത്രത്തില്‍ ബാലയുഗം കൈകാര്യം ചെയ്തിരുന്നതും ചെമ്പില്‍ ജോണ്‍ ആയിരുന്നു.

യേശുദാസിനൊപ്പം

നോവലിസ്റ്റ്, കഥാകാരന്‍, തിരക്കഥാകാരന്‍, നാടകകാരന്‍ എന്നീ വിവിധ മേഖലകളില്‍ വ്യാപൃതനായിരുന്ന ജോണ്‍ ചെറുപ്പത്തില്‍ത്തന്നെ സാഹചര്യങ്ങളാല്‍ നിര്‍ബന്ധിതനായി ജീവിതത്തെ ഒരു കരയ്‌ക്കെത്തിക്കാന്‍ പാടുപെടുന്നതിനിടയില്‍ കഥാരചന ഒരു ജീവിത നിയോഗമായി കരുതി. ഒരു പ്രത്യേകതരം എഴുത്തിലൂടെയുള്ള സ്വയം വെളിപ്പെടുത്തല്‍.  ജോണിന്റെ കൃതികള്‍ക്ക് ഒരുകാലത്തിന്റെ പ്രാതിനിധ്യമായിരിക്കും അവകാശപ്പെടാനുള്ളത്. ഇനി ആരും അതച്ചടിച്ചില്ലെന്നും വരാം. ആരെങ്കിലുമൊക്കെ അത് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ നിശ്ചയമായും ഒരു ചരിത്രരേഖയായി അവിടെയിരിക്കട്ടെ. താന്‍ ജീവിച്ച കാലഘട്ടത്തിന്റെ സവിശേഷതകളിലേക്ക് തിരക്കിപ്പോകാനുള്ള മനസ്സ് ഈ കല്പിത കഥകള്‍ക്കിടയിലും ജോണിനുള്ളതായി നമുക്ക് കാണാം. സമൂഹത്തിലേക്ക് തുറന്നു വച്ച ഒരു കണ്ണാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഈ നോവല്‍ കാലത്തും പിന്നീടും തന്റെ ഗ്രാമത്തിലും ചുറ്റുവട്ടത്തും അലയടിച്ച ജനകീയ മുന്നേറ്റങ്ങളെ അദ്ദേഹം കണ്ടില്ലെന്നു നടിച്ചില്ല. എഴുത്തിലും വ്യക്തിജീവിതത്തിലും ആ നിഷേധങ്ങളോട് സഹഭാവം പുലര്‍ത്തിയ ഒരിടതുപക്ഷ മനസ്സ് മരണം വരെ അദ്ദേഹം സൂക്ഷിച്ചിരുന്നു. തൊണ്ണൂറ് വയസ്സ് വരെ നീണ്ട ഒരു സമ്പൂര്‍ണ്ണ ജീവിതം. 

''പകലവസാനിക്കാന്‍ പോകുന്നു. പ്രിയ ഉമ്മറക്കോലായില്‍ വഴിക്കണ്ണും നട്ടിരിപ്പാണ്. തെല്ലകലെ റോഡിന്റെ  വളവില്‍ത്തന്നെ അവളുടെ നോട്ടം ഉടക്കിനിന്നു. ഒരു നിഴല്‍ കണ്ടാല്‍ പെട്ടെന്ന് തലപൊക്കി നോക്കും. ആരേയും കാണാതാകുമ്പോള്‍ നിരാശയോടെ ഇമകള്‍ പൂട്ടും.'' കാലപ്രവാഹത്തില്‍ സ്വാഭാവികമായി മറവിയുടെ ഉള്‍ക്കയങ്ങള്‍ക്കിടയിലേക്ക് ഈ വരികള്‍ പോയിരിക്കാം. എന്നാല്‍ ചെമ്പില്‍ ജോണിന്റെ ഉദ്വേഗജനകമായ എഴുത്തുജീവിതം അങ്ങനെ മായാതെ കിടക്കും. 
ചെമ്പില്‍ ജോണിനെപ്പോലുള്ളവര്‍ തുറന്നിട്ട സാഹിത്യശാഖയെ പൈങ്കിളിസാഹിത്യം എന്നു പറഞ്ഞ് ഊടുപാട് തല്ലി പതംവരുത്തുന്ന കാലം. എത്ര ശക്തിയോടെ തല്ലിയോ അതിനുമിരട്ടി വേഗത്തില്‍ അതു ശക്തിയാര്‍ജ്ജിച്ചിരുന്ന കാലം. പൈങ്കിളി എന്നു പറഞ്ഞ് കളിയാക്കിയവരും പെണ്ണുങ്ങളുടെ സാഹിത്യം എന്നു പറഞ്ഞ് നിസ്സാരവല്‍ക്കരിച്ചവരും നല്ലവണ്ണം ഈ എഴുത്തിന്റെ പുറകെ പരസ്യമായും രഹസ്യമായും തിരക്കിപോയത് വേറൊരു ചരിത്രം. അങ്ങനെ ഒരിക്കല്‍  ഖണ്ഡനവിമര്‍ശനത്തിന്റെ ഗജകേസരിയായി എം. കൃഷ്ണന്‍നായര്‍ സാഹിത്യവാരഫലത്തിന്റെ ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങി മലയാളിയുടെ വായനാലോകത്തെ തലങ്ങും വിലങ്ങും വീശുന്ന കാലത്ത്, അദ്ദേഹം ഒരിക്കല്‍ ചെമ്പില്‍ ജോണിനേയും പിടികൂടി. ജീവന്റെ വില എന്ന കഥ മനോരമയില്‍ വന്നതു വായിച്ച്. 

മമ്മൂട്ടിക്കൊപ്പം

''ഇത്രയും കഥകളെഴുതിയിട്ടും ചെമ്പില്‍ ജോണിന് സാഹിത്യമെന്തെന്നറിയില്ല'' എന്നു പറഞ്ഞത് ജോണിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി ഒരിക്കലെന്നോട് പറഞ്ഞിട്ടുണ്ട്. കൃഷ്ണന്‍ നായര്‍ വിമര്‍ശിക്കാത്തവര്‍ ആരാണുള്ളത്. ആ കഥ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ വന്നതും അദ്ദേഹം അങ്ങനെ എഴുതിയതും ഒരംഗീകാരമായി കരുതിക്കൂടെ എന്നുള്ള എന്റെ ചോദ്യത്തിന് ഒരു ചിരിയായിരുന്നു ഉത്തരം. 

ചെമ്പിലെ കത്തനാകുറ്റ് തറവാട്ടിലെ മത്തായിയുടേയും ത്രേസ്യാമ്മയുടേയും മകനായ ചെമ്പില്‍ ജോണിനു വേണ്ടി വയലാര്‍ രാമവര്‍മ്മ ഒരു പാട്ടെഴുതി. വയലാര്‍ മലയാള ചലച്ചിത്രഗാനശാഖയില്‍ വസന്തവൃക്ഷമായി പൂത്തുനില്‍ക്കുന്ന കാലത്താണ് പതിനഞ്ചു മിനിറ്റുകൊണ്ട് ''ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവെ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമെഴുതി ജോണിന്റെ കൈയില്‍ കൊടുത്തത്.  തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമായി ഇതിനെ കണ്ട ജോണ്‍ ഈ പാട്ട് നാടന്‍ പെണ്ണ് എന്ന സിനിമയില്‍ ചേര്‍ത്തു. അകാലത്തില്‍ പൊലിഞ്ഞുപോയ നടന്‍ ജയന്റേയും ഏറെ ഇഷ്ടക്കാരനായിരുന്ന ജോണ്‍ മദ്രാസിലിരുന്ന് 'ഇരുമ്പു പാറ' എന്ന തിരക്കഥ എഴുതിക്കൊണ്ടിരിക്കുമ്പോള്‍, ജയന്റെ മരണവാര്‍ത്ത കേട്ട് കണ്ണും തലയും ചുറ്റി എന്ന് ഒരിക്കല്‍ കണ്ടപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.  

''വെള്ള ചിമ്മിനിയില്‍ മണ്ണെണ്ണക്കരി പടര്‍ന്നുപിടിക്കുന്നതുപോലെ, പകലിന്റെ തൂമുഖത്ത് രജനി ഇരുളിന്റെ കരിപടര്‍ത്തി തുടങ്ങിയിരുന്നു. പ്രപഞ്ചമാകെ ഇരുണ്ടിരുണ്ട് വരികയാണ്. മറഞ്ഞുപോയ പകലവന്‍ ചക്രവാളസീമയില്‍ അവശേഷിപ്പിച്ച അവസാനത്തെ കുറെ പ്രകാശരേഖകള്‍ മാത്രമുണ്ട്. അവയും മാഞ്ഞുമാഞ്ഞ് തുടങ്ങുകയാണ്.'' ഒരുകാലത്ത് ഒരു വലിയ വിഭാഗം മലയാള വായനക്കാരെ ഭ്രമിപ്പിച്ച ഈ എഴുത്തുകാരന്റെ കല്യാണ ഫോട്ടോ  (വിദ്യാര്‍ത്ഥിമിത്രം വില മൂന്നുരൂപ അന്‍പത് പൈസ) എന്ന നോവലിലെ വരികളാണ് മുകളില്‍ പറഞ്ഞത്. ഇങ്ങനെയൊക്കെ എഴുതിയ ആള്‍ വറ്റാത്ത ഭാവനയുടെ മായികലോകം നിറച്ചുവച്ച മനുഷ്യന്‍ ഇരുള്‍മൂടിയ വഴികളിലൂടെ ആരാലും ശ്രദ്ധിക്കാതെ ഒന്നുമൊന്നുമാകാതെ നടന്നു നടന്നു പോയി.