ദീപശാഖികള്‍ ഓര്‍മ്മയുടെ തൂവലുകള്‍ പൊഴിക്കുന്നു

ബ്രസീലിയന്‍ എഴുത്തുകാരി ക്ലാരിസ് ലിഷ്പെക്തോറിന്റെ The Chandelier എന്ന നോവലിന്റെ വായന
ദീപശാഖികള്‍ ഓര്‍മ്മയുടെ തൂവലുകള്‍ പൊഴിക്കുന്നു

രുപതാം നൂറ്റാണ്ടിലെ ബ്രസീലിയന്‍ സാഹിത്യത്തില്‍ ഗ്വമെരിയസ് റോബക്കും ഷോര്‍ഷ് അമാദുവിനുമൊപ്പം തിളങ്ങിനിന്നിരുന്ന നക്ഷത്രമാണ് ക്ലാരിസ് ലിഷ്പെക്തോര്‍ (Clarice Lispector). 1925-ല്‍ റഷ്യയിലെ ഉക്രയിനില്‍ ജനിച്ച ഇവര്‍ ഒന്നാം ലോകമഹായുദ്ധത്തിന്റേയും റഷ്യന്‍ ആഭ്യന്തര യുദ്ധത്തിന്റേയും ദുരന്തസംഭവങ്ങള്‍ക്കുശേഷം കുടുംബത്തോടൊപ്പം റൊമേനിയയിലേക്കും പിന്നീട് അവിടെനിന്ന് ബ്രസീലിലേക്കും കുടിയേറുകയായിരുന്നു. നോവല്‍, ചെറുകഥ എന്നീ സാഹിത്യശാഖകളില്‍ നിറഞ്ഞുനിന്നിരുന്ന ലിഷ്പെക്തോര്‍ പതിവ് സമ്പ്രദായത്തില്‍നിന്നും ഏറെ വിഭിന്നമായ രീതിയിലാണ് സാഹിത്യരചന നടത്തിയിരുന്നത്. തീവ്രമായും വ്യക്തിപരവും അതേസമയം മാനുഷികമായ അനിശ്ചിതാവസ്ഥകളുടെ അസ്ഥിത്വപരമായ ദര്‍ശനങ്ങളാണ് അവരുടെ രചനകളെ ശ്രദ്ധേയമാക്കിയത്. അഭിചാര മന്ത്രങ്ങളുടെ ശില്പി സാഹിത്യപരമായി അഭിമന്ത്രിക്കുവാന്‍ കഴിവുള്ളവള്‍ എന്നീ നിലകളില്‍ ലിഷ്പെക്തോര്‍ ശരിക്കും മോഹിപ്പിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു. ബ്രസീലിയന്‍ കലയുടെ ഓരോരോ ശാഖകളിലും അവരുടെ തീവ്രമായ സാന്നിദ്ധ്യം അനുഭവപ്പെടുകയും ചെയ്തിരുന്നു.

1977-ല്‍ അര്‍ബ്ബുദരോഗം ബാധിച്ചുള്ള അവരുടെ മരണത്തിനുശേഷമാണ് ലാറ്റിനമേരിക്കയിലും പുറത്തും ലിഷ്പെക്തോര്‍ രചനകള്‍ വായനക്കാരനെ വല്ലാതെ കീഴടക്കിയത്. അക്കാലത്ത് ബ്രസീലിലെ ഏറ്റവും പ്രാധാന്യമുള്ള ആധുനിക എഴുത്തുകാരുടെ മുന്‍പന്തിയിലേക്കവര്‍ എത്തിച്ചേര്‍ന്നിരുന്നു. ഒരു ഇതിഹാസ കഥാപാത്രത്തെപ്പോലെ സുന്ദരിയായിരുന്ന അവര്‍ ലോകസാഹിത്യത്തില്‍ സ്ത്രീപക്ഷ രചനകളുടെ വക്താവെന്ന നിലയിലും അറിയപ്പെട്ടു. നോവലിലായാലും കഥകളിലായാലും അവര്‍ പകര്‍ന്നുകൊടുത്ത സ്‌നേഹത്തിന്റെ മാന്ത്രികസ്പര്‍ശം ഉദാത്തമായ അനുഭവമായി വായനക്കാരെ അത്ഭുതപ്പെടുത്തി. അവരെ സംബന്ധിച്ചിടത്തോളം ക്ലാരിസ് അവരുടെ ജീവിതത്തിലെ മഹത്തായ വൈകാരിക അനുഭവങ്ങളിലൊന്നായി മാറുകയും ചെയ്തു. പക്ഷേ, അവരുടെ വശീകരണശക്തി അപകടകാരിയാണ്. ക്ലാരിസിനെ സൂക്ഷിക്കണം. ഒരു വായനക്കാരന്റെ സുഹൃത്ത് പറഞ്ഞു: ''ഇത് സാഹിത്യമല്ല... ഇത് അഭിചാര മന്ത്രമാണ്. ക്ലാരിസിന്റെ മിതൊലെജിയില്‍ സാഹിത്യവും ആഭിചാരവും തമ്മിലുള്ള ബന്ധം ഒരു നീണ്ടകാലമായുള്ള പ്രധാന ബന്ധം വഹിച്ചിട്ടുള്ളതാണെന്ന് ഇവരുടെ ജീവിതത്തെക്കുറിച്ചും രചനകളെക്കുറിച്ചും ഗവേഷണം നടത്തിയിട്ടുള്ള പരിഭാഷകനും കൂടിയായ ബെഞ്ചമിന്‍ മോസര്‍ (Benjamin Moser) പറയുന്നുണ്ട്. പില്‍ക്കാലത്ത് ബ്രസീലിയന്‍ സാഹിത്യത്തിന്റെ ഒരു ഭാഗമായിത് രൂപാന്തരപ്പെടുകയും ചെയ്തു.

1943-ല്‍ വന്യമായ ഹൃദയത്തോട് ചേര്‍ന്ന് (Near to the Wild Heart) എന്ന നോവല്‍ പ്രസിദ്ധീകരിച്ചതോടെയാണവര്‍ ലാറ്റിനമേരിക്കയിലും പോര്‍ച്ച്ഗീസ് സാഹിത്യത്തിലും ലോകസാഹിത്യത്തിലും ശ്രദ്ധ പിടിച്ചുപറ്റിയത്. അന്നവര്‍ക്ക് ഇരുപത്തിമൂന്ന് വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളു. തികച്ചും അജ്ഞാതമായി മറഞ്ഞുകിടന്ന ഒരു മുത്തിന്റെ കടന്നുവരവ് എന്നാണ് നിരൂപകര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഇത്രയുമൊക്കെ ആമുഖമായി വിശദീകരിച്ചത് ലിഷ്പെക്തോര്‍ 1946-ല്‍ രചിച്ചുവെങ്കിലും 2018 വരെ അതിന്റെ ഒരു ഇംഗ്ലീഷ് പരിഭാഷയ്ക്കുവേണ്ടി കാത്തിരിക്കേണ്ടിവന്ന ഒരു നോവലിനെക്കുറിച്ച് സൂചിപ്പിക്കുവാനാണ്.

ആന്തരിക ആത്മഭാഷണങ്ങള്‍

'ബഹുശാഖാദീപിക' (The Chandelier) എന്ന നോവല്‍ ക്ലാരിസിന്റെ മാസ്റ്റര്‍പീസായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും പരിഭാഷ പുറത്തുവരുന്നതിന് എന്തുകൊണ്ടൊ കാലതാമസമുണ്ടായി. അമേരിക്കയിലെ ന്യൂ ഡയറക്ഷന്‍സ് പ്രസാധകര്‍ (New Directions Publishing Corporation Newyork) പുറത്തുകൊണ്ടുവന്നിരിക്കുന്ന ഈ നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ബെഞ്ചമിന്‍ മോസറും മഗ്ദലീന എഡ്വേര്‍ഡും ചേര്‍ന്നാണ്. ഒരു ബ്രസീലിയന്‍ സാഹിത്യ ഇതിഹാസം എന്ന പദവി നേടിക്കൊടുക്കാന്‍ ഈ നോവല്‍ നിര്‍ണ്ണായകമായ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. ഈയൊരു നോവലിലൂടെയുള്ള ക്ലാരിസിന്റെ ഒരു പുനര്‍കണ്ടെത്തല്‍ കഴിഞ്ഞ ദശാബ്ദങ്ങള്‍ക്കിടയിലെ മഹത്തായ സാഹിത്യസംഭവങ്ങളില്‍ ഒന്നായിട്ടാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. പ്രധാനമായും ആന്തരികമായ ആത്മഭാഷണങ്ങളിലൂടെയാണ് ഈ നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. ക്ലാരിസിന്റെ രചനകളിലെ പതിവ് സമ്പ്രദായങ്ങള്‍ക്കെതിരെയുള്ള എല്ലാ സവിശേഷതകളും ഇതിന്റേയും ആത്മാവാണ്. ജീവിതമെന്ന് നാമൊക്കെ വിശേഷിപ്പിക്കുന്ന ഒരു വല്ലാത്ത സമസ്യയുണ്ടല്ലോ അതിനുള്ളില്‍ സ്വന്തം അസ്തിത്വം കണ്ടെത്താന്‍ ശ്രമിക്കുന്ന കുറേ കഥാപാത്രങ്ങള്‍ ഇവിടെയും നമ്മെ കാത്തിരിക്കുന്നു.

ലിഷ്പെക്തോറിന്റെ ജീവിതത്തിലെപ്പോലെ ഈ നോവലിലെ കഥാപാത്രങ്ങളും ഏകാന്തതയുടേയും ഒറ്റപ്പെടലിന്റേയും ചൂര് അനുഭവിക്കുന്നവരാണ്. ഇതിലെ പ്രധാന കഥാപാത്രമായ വിര്‍ജീനിയ അനുഭവിക്കുന്ന ഗൃഹാതുരത്വവും ഒറ്റപ്പെടലുകളും ഒരു നോവലില്‍ സംഭവിക്കുന്നതിനെക്കാളുപരി വായനക്കാരുടേയും അസ്വസ്ഥതയായി മാറുകയാണ്.
വിര്‍ജീനിയയുടെ കുടുംബത്തിന്റെ വകയായ കൃഷിയിടത്തില്‍ ചെറുപ്പകാലത്ത് സഹോദരനായ ദാനിയലിനൊപ്പം കഴിഞ്ഞ കാലങ്ങളിലെ ഓര്‍മ്മകളും പിന്നീട് നഗരത്തിന്റെ തിരക്കിലേക്ക് വന്നതിനു ശേഷമുള്ള മാറ്റങ്ങളും വളരെ ശക്തമായ ഒരു രീതിയിലാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമത്തിലെ അരാജകത്വം നിറഞ്ഞതും ഏകാന്തവുമായ ജീവിതത്തില്‍നിന്ന് നഗരത്തിലേക്കു വരുമ്പോള്‍ താന്‍ ആരായിരുന്നു എന്നും എന്തൊക്കെയാണ് തന്റെ നിയോഗങ്ങളെന്നും അവര്‍ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. വിവാഹജീവിതത്തില്‍നിന്നും സ്‌നേഹത്തില്‍നിന്നും ജീവിതത്തിന്റെ സ്വരച്ചേര്‍ച്ചകളില്‍നിന്നും സ്വതന്ത്രയാവാനും മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കെതിരെ പ്രതികരിക്കാനുള്ള കരുത്തും നേടിയെടുക്കാന്‍ അവള്‍ ആഗ്രഹിച്ചു. ആദ്യ നോവലില്‍ കണ്ടെത്തിയ ആന്തരിക ആത്മഭാഷണങ്ങളുടേതായ ഒരാഖ്യാനരീതി ഇവിടെയും ക്ലാരിസിന്റെ മുന്‍പില്‍ വഴികള്‍ തുറന്നിടുന്നുണ്ട്. ആഖ്യാനത്തിനുവേണ്ടി അവര്‍ ഉപയോഗിച്ചിരിക്കുന്ന നീണ്ട വാചകങ്ങള്‍ നോവലിസ്റ്റിന്റെ അതുവഴി വിര്‍ജീനിയയുടെ വിഭാവനങ്ങള്‍ക്ക് വേണ്ടത്ര ഊര്‍ജ്ജം  പകര്‍ന്നുകൊടുക്കുന്നുണ്ട്. ആധുനികരായ പല നോവലിസ്റ്റുകളും ഈയൊരു ആഖ്യാനരീതി വളരെ സമര്‍ത്ഥമായി ഉപയോഗിക്കുന്നുണ്ട്. ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു വരുമ്പോഴും  വായനക്കാര്‍ക്ക് ഇത് തിരിച്ചറിയാനും കഴിയും. 'ഡെവില്‍ ടു പേ ഇന്‍ ദി ബാക്ക്ലാന്റില്‍' (Devil to Pay in the Backland) ഗ്വമേറിയാസ് റോസ അഞ്ഞൂറോളം പേജുകളിലൂടെ ആഖ്യാനത്തിന്റെ ഏറ്റവും നൂതനമായ വഴി കണ്ടെത്തിയതും സാരമാഗുവിന്റെ നോവല്‍ ആഖ്യാനരീതികളും ഇവിടെ ഓര്‍ത്തുപോകുന്നു.

ആദ്യ നോവലിലെ ജൊഹാനയും രണ്ടാമത്തെ നോവലിലെ പ്രധാന കഥാപാത്രമായ വിര്‍ജീനിയയും മിക്കവാറും യഥാര്‍ത്ഥ തലങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നവരാണ്. അവര്‍ അവരുടേതായ ഒരു ലോകത്തിനുള്ളില്‍ ധ്യാനാത്മകമായ രീതിയില്‍ ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്നവരാണ്. ലിഷ്പെക്തോറിന്റെ രചനകളിലെല്ലാം സ്ത്രീ കഥാപാത്രങ്ങള്‍ക്കു കൊടുത്തിരിക്കുന്ന പ്രാധാന്യം അവരുടെ അസ്തിത്വദര്‍ശനങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ചിന്തിക്കേണ്ട ഒന്നാണ്.

ഈ നോവലില്‍ സ്ത്രീ-പുരുഷ ബന്ധത്തിന്റെ കാല്പനിക ഭാവങ്ങള്‍ വേറിട്ട് ഉദാത്തമായ ഒരു രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മറ്റു പലരും ചെയ്യുന്നതുപോലുള്ള പതിവ് സമ്പ്രദായങ്ങളിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുന്നുമില്ല. സമൂഹത്തില്‍നിന്നുള്ള ഒറ്റപ്പെടലുകള്‍ അവര്‍ ആഗ്രഹിച്ചിരുന്ന ഒന്നാണൊ എന്ന സംശയം വായനക്കാരനു തോന്നുന്നുവെങ്കില്‍ അത്ഭുതപ്പെടാനുമില്ല.

വിര്‍ജീനിയയുടെ ആത്മഭാഷണങ്ങളും ആന്തരികമായ പോരാട്ടങ്ങളും മിക്കവാറും ഒരു വ്യക്തിയുടെ ദാര്‍ശനികമായ തലങ്ങളുമായി കലഹിച്ചുകൊണ്ടിരിക്കുന്ന ഒന്നായിട്ടാണ് അനുഭവപ്പെടുന്നത്. അതിനേറ്റവും അനുയോജ്യമായ ഒരു ഭാഷ കണ്ടെത്താനും അവര്‍ ശ്രമിക്കുന്നുണ്ട്. സ്വയമള്‍ക്ക് അതില്‍നിന്നും പുറത്തുകടന്നേ മതിയാകുമായിരുന്നുള്ളൂ.

അസ്തിത്വത്തിന്റെ പ്രതിസന്ധികള്‍

ദുശ്ശാഠ്യക്കാരനായ സഹോദരന്‍ ദാനിയലിനോടൊപ്പമുള്ള ചെറുപ്പകാല ജീവിതം അവളെ പഠിപ്പിച്ച പാഠങ്ങള്‍ നഗരത്തിലേക്കു വരുമ്പോഴുണ്ടാകുന്നതുമായി ഒരിക്കലും പൊരുത്തപ്പെട്ടുപോകാത്തതായിരുന്നു. നോവലിന്റെ ആദ്യഭാഗത്തിന്റെ അവസാനം വിര്‍ജീനിയ ഇതിനെക്കുറിച്ചോര്‍ത്ത് വേദനിക്കുന്നുണ്ട്. പെട്ടെന്ന് അവള്‍ ചെറുപ്പകാലത്ത് ജീവിച്ചതിന്റെ ഓര്‍മ്മകളായി അവശേഷിച്ച വാക്കുള്‍ നഷ്ടപ്പെടുന്ന ഒരു തോന്നലാണ് അവള്‍ക്കുണ്ടാകുന്നത്. നഗരജീവിതത്തില്‍ അവള്‍ കണ്ടെത്തിയ വിസെന്റെയുമായുള്ള ബന്ധത്തിലും ഈ വാക്കുകള്‍ സ്വാധീനം നിലനിര്‍ത്തുന്നുതെന്നുള്ള ഒരു ബോധം അവള്‍ക്കുണ്ടാവുകയും ചെയ്യുന്നു. വിസെന്റെയുടെ വാക്കുകളിലേക്ക് മാറിത്തുടങ്ങാനും അവള്‍ തയ്യാറാവുന്നു. ചിലപ്പോള്‍ വാക്കുകള്‍ക്കൊക്കെ അപ്പുറം മറ്റെന്തൊക്കെയൊ മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന ഒരു തോന്നലും അവള്‍ക്കുണ്ടായിരുന്നു. ഭാഷാപരമായ ഈ മാറ്റമുണ്ടല്ലോ അതാണ് ഈ നോവലിലെ ഏറ്റവും ബോധപൂര്‍വ്വവും ആഹ്ലാദകരവുമായ നിമിഷങ്ങള്‍ക്ക് കാരണമാകുന്നതെന്നും വായനക്കാരന്‍ തിരിച്ചറിയുന്നു. അവിടെവച്ച് വിര്‍ജീനിയയ്ക്ക് അവളുടെ പുതിയ അനുഭവത്തിന്റെ ആദ്യത്തെ വാക്ക് സ്വരൂപിച്ചെടുക്കാനും കഴിയുന്നു. ഇത് ശരിക്കും വിര്‍ജീനിയയുടെ അസ്തിത്വത്തിന്റെ ഒരു പ്രതിസന്ധിയാണ്. അവിടെ ആ സുന്ദരമായ നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ സ്വയം തിരിച്ചറിയുകയും ചെയ്യുന്നു. വിര്‍ജീനിയയ്ക്കും വിസെന്റെയ്ക്കും ഇടയിലുണ്ടാകുന്ന സുന്ദരമായ നിമിഷങ്ങള്‍ തീര്‍ക്കുന്ന പുതിയ ഒരു ലോകവും അവിടെ തെളിഞ്ഞുവരുന്നുണ്ട്.

നോവലിന്റെ ആദ്യ പകുതിയില്‍ വിര്‍ജീനിയ സഹോദരനായ ദാനിയലിനെ വല്ലാത്ത ആദരവോടെയാണ് കാണുന്നത്. വിര്‍ജീനിയയെ സാധാരണരീതിയില്‍ നിശിതമായി വിമര്‍ശിക്കാനും വരുതിയില്‍ നിര്‍ത്താനും അയാള്‍ ശ്രമിക്കുന്നു. അവള്‍ സ്വയം അയാളുടെ നിയന്ത്രണങ്ങള്‍ക്കു വിധേയയാവുകയായിരുന്നു. ചെറുപ്പകാലത്ത് അവരൊരുമിച്ച് ഗ്രാമാന്തരീക്ഷത്തിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന ഓര്‍മ്മകള്‍ അവളെ പിന്തുടര്‍ന്നു പോകാറുണ്ടായിരുന്നു. അനുസരണക്കേട് കാട്ടുക എന്നത് അവളെ ഭയപ്പെടുത്തുകയും ചെയ്തു. സഹോദരിയെന്ന നിലയില്‍ അയാളവളെ ഏകാന്തമായ ഒരു തലത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഇവരുടെ തീവ്രമായ ബന്ധത്തെക്കുറിച്ചുള്ള നോവല്‍ ചിത്രങ്ങള്‍ അവിശ്വസനീയമാംവിധം പരിമിതികള്‍ ലംഘിച്ച് വികസിക്കുകയായിരുന്നു. തന്നില്‍നിന്നും അവശ്യമായിട്ടുള്ള എന്തൊക്കെയോ അയാള്‍ അകറ്റിമാറ്റുകയായിരുന്നുവെന്ന് വിര്‍ജീനിയയ്ക്ക് പില്‍ക്കാലത്ത് അനുഭവപ്പെടുന്നുണ്ട്. ഇത് പ്രായമായപ്പോള്‍ സ്വയമൊരു വ്യക്തിത്വം കെട്ടിപ്പെടുത്തിയെടുക്കാന്‍ അവളെ പ്രേരിപ്പിച്ചുവെന്നതും യാഥാര്‍ത്ഥ്യമാണ്. പൂര്‍ണ്ണമായും സ്വന്തമായ ഒരസ്തിത്വവും ജീവിതവും അതവള്‍ക്കു നേടിയെടുക്കണമായിരുന്നു.

നഗരജീവിതത്തിലേക്കുള്ള വിര്‍ജീനിയയുടെ കടന്നുകയറ്റം ദാനിയലിന്റെ സാന്നിദ്ധ്യത്തില്‍നിന്നും അവള്‍ സ്വയം മോചിതയാവുന്നതിന്റെ അവബോധ സൂചനകള്‍ നമുക്കു ലഭിക്കുന്നുണ്ട്. ദാനിയല്‍ അവളെ വിട്ടുപോകുമ്പോള്‍ അവള്‍ വീണ്ടും ഏകാന്തതയുടെ താഴ്വരയിലേക്ക് വലിച്ചെറിയപ്പെടുകയാണ്. സ്വന്തം സഹോദരന്റെ ആശയതലങ്ങളില്‍നിന്നും സ്വതന്ത്രയായി സ്വന്തം വഴികള്‍ കണ്ടെത്തേണ്ട ഒരു സാഹചര്യവും നിലവില്‍ വന്നു. നോവലിന്റെ ശീര്‍ഷകത്തിന്റെ ഏറ്റവും വിഷമം പിടിച്ച ഭാഗത്തിന്റെ സൂചനകള്‍ ഇവിടെനിന്നാണ് ലഭിക്കുന്നത്. വിര്‍ജീനിയയുടെ ചെറുപ്പകാല വസതിയിലെ ഒരു വിളക്കുശാഖിയെ അവള്‍ ഒരു എട്ടുകാലിയോട് തുലനം ചെയ്തതില്‍നിന്നാണിത് സംഭവിച്ചത്.
താഴെ അരങ്ങേറുന്ന ഒരു ദുരന്തപൂര്‍ണ്ണമായ ജീവിതത്തേയും അതിന്റെ സമസ്യകളേയും നിശ്ചലമായി നിന്നുകൊണ്ട് നോക്കിക്കാണാനും മുന്‍കൂട്ടി അറിയാനും വിധിക്കപ്പെട്ട ഒരു രൂപം. തണുത്തുറഞ്ഞ ഒരു അസ്തിത്വമാണ് അതിനുണ്ടായിരുന്നത്. സ്വയം വേട്ടയാടപ്പെടുന്ന ഒരു അനുഭൂതിയാണ് അപ്പോള്‍ അവള്‍ക്കുണ്ടായിരുന്നത്. പിന്നീട് കാലവും ഇടവും മാറിയപ്പോഴും അവ തന്നെ വേട്ടയാടുന്നുണ്ടോ എന്നവള്‍ സംശയിക്കുകയും ചെയ്തു. പില്‍ക്കാലത്ത് നയതന്ത്ര പ്രതിനിധിയായി യൂറോപ്പിലാകെ പ്രത്യേകിച്ചും നേപ്പിള്‍സില്‍ ജീവിക്കേണ്ടിവന്ന ക്ലാരിസിന്റെ അനുഭവങ്ങളുമായി വിര്‍ജീനിയയുടെ ജീവിതാനുഭവങ്ങള്‍ക്ക് സമാനതകളുണ്ട്.

സര്‍ഗ്ഗാത്മകമായ ഒരു പ്രവൃത്തിയെ ഒരാളുടെ സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥമായ അംശമായി കാണുന്നതിന്റെ സൂചനകളാണ് നോവലിസ്റ്റ് ഇവിടെ പകര്‍ന്നുതരുന്നത്. മറ്റുള്ളവരുടെ ഒരു വിഭവമായി താന്‍ മാറുകയാണോ എന്നുപോലും വിര്‍ജീനിയ സംശയിക്കുന്നുണ്ട്. സ്വന്തമായ നിയോഗങ്ങളും അസ്തിത്വവും നേടിയെടുക്കാനാവുമെന്ന് ഒരു പരിധിവരെ അവര്‍ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. സത്യത്തെ നേരില്‍ കാണുകയെന്നത് സത്യത്തെ കണ്ടുപിടിക്കുന്നതില്‍നിന്നും വ്യത്യസ്തമായ ഒന്നാണോ? നോവലില്‍ അവര്‍ സ്വയം ചോദിക്കുന്നുമുണ്ട്.

ചെറുപ്പകാലത്ത് ദാനിയലും പ്രായമായപ്പോള്‍ കാമുകനായ വിസെന്റെയും ഇടയില്‍ കഴിയേണ്ടി വരുന്ന അവള്‍ താന്‍ ഈ ലോകത്തിലെ ജീവിതത്തിന് അനുയോജ്യയാണോ എന്നും സംശയിക്കുന്നുണ്ട്. ഭാഷ ലിഷ്പെക്തോറിന്റെ രചനകളുടെ ഒരു അനിവാര്യ ഭാഗമായി മുന്‍പ് മാറിയിരുന്നെങ്കില്‍ അതില്‍നിന്നും കുറച്ചുകൂടി സ്വാതന്ത്ര്യം കാംക്ഷിക്കുന്ന എഴുത്തുകാരിയുടെ ചിത്രമാണിവിടെ രൂപപ്പെടുന്നത്. ഇവിടെ നീണ്ട വാചകങ്ങളിലൂടെ രചനയുടെ പ്രവാഹത്തെ സ്വതന്ത്രയാക്കുന്ന ക്ലാരിസിനെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക.
വിളക്കുശാഖിയുടെ രൂപവും ഓര്‍മ്മകളും വിര്‍ജീനിയയുടെ മനസ്സില്‍ ഒന്നുകൂടി ധന്യവും സങ്കീര്‍ണ്ണവുമായ ഇടത്തെയാണ് രൂപപ്പെടുത്തിയെടുക്കുന്നത്. വിര്‍ജീനിയയുടെ വിചാരങ്ങള്‍ ഒരിക്കലും വായനക്കാരന്റെ സ്വതന്ത്ര ചിന്തകള്‍ക്കു വിലങ്ങുതടിയാവുന്നില്ല. വിളക്കുശാഖിയുടെ ഓര്‍മ്മകള്‍ അവളെ വേട്ടയാടുമ്പോഴും വിര്‍ജീനിയ സ്വന്തം അസ്തിത്വത്തിന്റെ വേരുകള്‍ മുറിയാതെ നോക്കുന്നുണ്ട്. ഇവിടെ സംഭവിക്കുന്നതെല്ലാം വിര്‍ജീനിയയുടെ ഭാഗത്തുനിന്നുകൊണ്ടുള്ള ഒരു ചിന്തയിലൂടെയാണ് ലിഷ്പെക്തോര്‍ അവതരിപ്പിക്കുന്നത്. എഴുത്തുകാരിയുടെ ലാവണ്യബോധം സ്വരൂപിച്ചെടുക്കുന്ന ദര്‍ശനങ്ങള്‍ക്കും അതിന്റെ സ്പര്‍ശം അനുഭവപ്പെടുത്താന്‍ കഴിയും.

ഈ നോവലിലൂടെ സ്വന്തം ജീവിതത്തിന്റെ യഥാര്‍ത്ഥമായ സത്തയെ വീണ്ടെടുത്ത് അത് തന്റേതായ ഒരു ലോകത്തില്‍ സമന്വയിപ്പിക്കാനാണ് വിര്‍ജീനിയ എന്ന കഥാപാത്രം ശ്രമിക്കുന്നത്. ക്ലാരിസിന്റെ കഥാപാത്രങ്ങളെക്കുറിച്ച് കൂടുതല്‍ അടുത്തറിയാന്‍ ഈ മിസ്റ്റിസിസം സഹായകമായിത്തീരുകയും ചെയ്യും.
അങ്ങനെ സ്വന്തം അസ്തിത്വത്തെ തേടുന്നതിലൂടെ വിര്‍ജീനിയയുടെ ഒരു കേന്ദ്രീകൃതമായ സിദ്ധാന്തത്തെയാണ് ക്ലാരിസ് നോവലില്‍ അവതരിപ്പിക്കുന്നത്. അതവളുടെ ബന്ധങ്ങളില്‍ ചിലപ്പോള്‍ തടസ്സങ്ങളുണ്ടാക്കുകയും നോവലിന്റെ ഇതര ഭാഗങ്ങളിലെ ശരിക്കും വ്യത്യസ്തമായ ഒരു കഥാപാത്രത്തിന്റെ മാനസികാവസ്ഥയിലേക്ക് അവളെ തള്ളിവിടുകയും ചെയ്യും. വിര്‍ജീനിയയുടെ അന്വേഷണം ശരിക്കും വിഷമം പിടിച്ച ഒന്നായിരിക്കും. ഒരുപക്ഷേ, അത് വല്ലാതെ ഇരുള്‍മൂടിയ ഒന്നുമായിരിക്കും. ക്ലാരിസിന്റെ രചനകള്‍ ഇപ്പോഴും ഗര്‍വ്വിതമായ ഒന്നായി നമുക്കു തോന്നുന്നതും ഇതുകൊണ്ടായിരിക്കാം. പതിവ് രീതി വിട്ട് നോവല്‍ മുന്നൂറ് പേജുകള്‍ക്കപ്പുറത്തേക്ക് വികസിച്ചിരിക്കുന്നു. അവളുടെ അന്വേഷണകുതുകിയായ ആഖ്യാതാവിനെ അവഗണിക്കാനും ആര്‍ക്കും കഴിയില്ല. ആധുനികതയുടെ ചേരുവകള്‍ വിട്ടുള്ള ഈ യാത്ര സ്വാഭാവികമായും ഇതിലെ കഥാപാത്രങ്ങള്‍ കഴിയേണ്ടിവരുന്ന ലോകത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് തരുകയും ചെയ്യുന്നു. ഒരു പോസ്റ്റ്‌മോഡേണ്‍ സൗന്ദര്യാത്മകതയുടെ വക്താവായി സ്വയം എഴുത്തുകാരി മാറുന്നതും നമുക്കു തിരിച്ചറിയാന്‍ കഴിയും.

ഗ്രാമജീവിതവും അവര്‍ താമസിച്ചിരുന്ന കൃഷിയിടവും ഭൂ ദൃശ്യങ്ങളും ദാനിയലിന്റെ നിയന്ത്രണത്തിനു വിധേയമായി ഒതുങ്ങിക്കൂടിയ ജീവിതവും നോവലില്‍ അത്രയ്‌ക്കൊന്നും സാന്നിദ്ധ്യം അറിയിക്കാത്ത സഹോദരി എസ്മറാള്‍ദയും അവര്‍ക്കിടയില്‍മാത്രം സൃഷ്ടിച്ചെടുത്ത നിഴലുകളുടെ സമൂഹവും വിര്‍ജീനിയ എന്ന ആഖ്യാതാവായ കഥാപാത്രത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നത്. നദീമുഖത്തെ ചെളിയില്‍നിന്നും അവര്‍ നിര്‍മ്മിച്ചെടുത്തിരുന്ന ശില്പങ്ങള്‍ക്കുപോലും ഒരു ദാര്‍ശനിക മുഖമാണ് ഉണ്ടായിരുന്നത്. നോവലില്‍ ഇടയ്ക്ക് വന്നും പോയുമിരിക്കുന്ന നിശ്ശബ്ദതയ്ക്കും ഒരു പ്രത്യേക സ്പര്‍ശം അനുഭവപ്പെടുത്താന്‍ കഴിയുന്നുണ്ട്. പ്രത്യേകിച്ചൊരു പതിവ് നോവല്‍ പ്രമേയ സാധ്യതകളൊന്നുമില്ലാതെതന്നെ ക്ലാരിസ് തന്റെ നോവല്‍ സങ്കല്പത്തെ മെനഞ്ഞെടുക്കുന്നത് അസാധാരണമായ ഒരു അനുഭവമാണ്. വെറുതെ പറന്നുപറന്നു പോകുന്ന ഒരു പക്ഷിയുടെ മനസ്സാണ് വിര്‍ജീനിയയ്ക്കുള്ളതെന്ന് പലപ്പോഴും നമുക്ക് തോന്നിപ്പോകും. സ്വന്തം അസ്തിത്വത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ താനൊരിക്കലും കുടുംബത്തിലെ ആ വിളക്കുശാഖിയെ പോലെയല്ല എന്നവള്‍ അത്ഭുതപ്പെടുന്നുണ്ട്. എല്ലാത്തിനും മുകളിലായി ഒരു വശത്തേക്കും വീണ്ടും എതിര്‍ദിശയിലേക്കും ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ദീപശാഖിയെപ്പോലെ. ഇവിടെ വിര്‍ജീനിയയുടെ ശിഥിലമായ ബോധധാരയിലൂടെ അവളുടെ വിചാരങ്ങള്‍ക്ക് ജന്മം ലഭിക്കുന്ന ഒരു അനുഭവമാണ് ഉണ്ടാകുന്നത്. ഇവയെ സംഭാഷണങ്ങളും പ്രമേയവികാസങ്ങളും ഇടയ്ക്കിടെ തടസ്സപ്പെടുത്തുന്നുണ്ടെന്നു മാത്രം. നോവലിസ്റ്റിന്റെ ജീനിയസ്സിന്റെ സ്വതന്ത്രമായ ചമല്‍ക്കാരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന അസാധാരണ ദൃശ്യചാരുതകള്‍ നോവല്‍ വായിച്ചു തീരുമ്പോഴും മനസ്സില്‍നിന്നും വിട്ടുമാറുന്നില്ല.
വൈകിയെത്തിയ ഒരു നോവല്‍ ഇതിഹാസമാണെങ്കില്‍ക്കൂടി വായനക്കാരെ സംബന്ധിച്ചിടത്തോളം പ്രതിഭാശാലിനിയായ ക്ലാരിസിന്റെ രചനകളിലേക്കു തിരിച്ചുപോകുവാനുള്ള നിഗൂഢമായി കിടന്ന വഴികള്‍ ഇത് തുറന്നുകൊടുക്കുന്നു. വായിച്ചു കഴിയുമ്പോള്‍ ലോകത്തെവിടെയായാലും ഒരു വായനക്കാരിക്ക് വിര്‍ജീനിയയുടെ ഒരംശം തന്നിലുണ്ടോ എന്ന സംശയം തോന്നുകയും ചെയ്യും. സ്വന്തം അസ്തിത്വം തേടുന്നവന്റെ വേദന ഈ രചനയിലാകെ നിറഞ്ഞുനില്‍ക്കുന്നു. ബോര്‍വാസിന്റേതിനെക്കാള്‍ മികച്ച ഒരു കലാസൃഷ്ടിയെന്ന് നിരൂപക എലിസബത്ത് ബിഷപ്പ് കുറിച്ചിരിക്കുന്നത് ക്ലാരിസിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒന്നാണ്. 1946-നും 2018-നും ഇടയ്ക്കുള്ള നീണ്ടകാലത്തെ മൗനം ഈ പരിഭാഷയിലൂടെ സ്വതന്ത്രമായിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com