മാന്ത്രികതകള്‍ക്കു മരണമില്ല!

അന്തരിച്ച സാഹിത്യകാരന്‍ മോഹനചന്ദ്രനെക്കുറിച്ച് ഓര്‍മ്മക്കുറിപ്പ്
മോഹനചന്ദ്രന്‍
മോഹനചന്ദ്രന്‍

മോഹനചന്ദ്രന്‍ വെറുമൊരു എഴുത്തുകാരനായിരുന്നില്ല. ഒരു തലമുറയെ മുഴുവന്‍ രചനാവൈഭവം കൊണ്ട് മായികലോകത്തില്‍, ഭ്രമാത്മകമായി ജീവിപ്പിച്ച കഥാകാരനായിരുന്നു. ഏറെക്കാലം ആ മാജിക്കല്‍ റിയലിസത്തില്‍പ്പെട്ട് കിടന്നവര്‍ക്ക് വിശ്വസിക്കാനാവുന്നില്ല, 'കലിക'യുടെ എഴുത്തുകാരന്‍ ഇനിയില്ലെന്നത്. 'കലിക' സൃഷ്ടിച്ച അനുഭൂതി വെറും വൈകാരികമായിരുന്നില്ല, മറിച്ച് ജീവിതത്തില്‍ പുത്തന്‍ പുറംചട്ടയണിയേണ്ടവര്‍ക്കു നല്‍കിയതു പുതുജന്മമായിരുന്നു. പ്രതിസന്ധികളില്‍നിന്നും ഊര്‍ജ്ജം ആവാഹിച്ചു പടപൊരുതാനുള്ള ത്രാണിയാണ് അതു നല്‍കിയത്. എഴുത്തുകാരനെക്കാള്‍ ഉയരത്തിലെത്തിയ 'കലിക' ഒരുപാടു കാലം മലയാളിയുവത്വത്തെ, പ്രത്യേകിച്ച് പെണ്‍ചിന്തകളെ ഉഴുതുമറിച്ചു. അതൊക്കെയും ഒരു പൂമൊട്ടിലേക്ക് ആവാഹിക്കപ്പെടുന്ന അവസ്ഥ. കാന്തത്തിലേക്ക് ഇരുമ്പുതരിയെന്നവണ്ണം ഒട്ടിപ്പിടിക്കുന്നതുപോലെ. എഴുത്തുകാരനെ ഈ കാലത്ത് അങ്ങനെ പ്രത്യേകിച്ച് ഓര്‍ക്കേണ്ടതില്ലായിരുന്നുവെങ്കിലും യക്ഷിക്കഥകളുടെ പനമരച്ചോട്ടില്‍, പാലപ്പൂവുകളുടെ ഗന്ധം പൗര്‍ണ്ണമിരാവില്‍ ഹൃദയദളങ്ങളെ പുഷ്പിച്ച മാത്രയില്‍, അറിയാതെ 'കലിക'യിലേക്ക് എത്തുകയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഇക്കഴിഞ്ഞ മകരത്തില്‍. 'യക്ഷിയും നായരും, പിന്നെ ഞാനും' എന്ന പുസ്തകരചനയുടെ മൂര്‍ദ്ധന്യതയില്‍ മനസ്സ് അറിയാതെ വീണ്ടും 'കലിക'യില്‍ കുടുങ്ങുകയായിരുന്നു.

ജോസഫും സക്കറിയയും സദനും ജമാലും ഒക്കെ മുന്നില്‍ തെളിയുന്നു. എഴുത്തുകാരന്‍ മോഹനചന്ദ്രനെ വിളിക്കണമെന്ന് അറിയാതെ ആഗ്രഹിച്ചുപോയി. നമ്പര്‍ ഉണ്ടായിരുന്നിട്ടും ഒരിക്കലും വിളിക്കാതെ, ചിപ്പി അതിന്റെ ഉള്ളില്‍ മുത്തൊളിപ്പിക്കുന്നതുപോലെ രഹസ്യമായി, കരുതലോടെ സൂക്ഷിച്ച നമ്പര്‍. 'കലിക'യെക്കാള്‍ വലുതായ കഥാപാത്രമാണ് എഴുത്തുകാരനായ മോഹനചന്ദ്രന്‍ എന്നറിയാം. റിട്ടയേര്‍ഡ് ഐ.എഫ്.എസ് ഓഫീസര്‍. നയതന്ത്ര ഉദ്യോഗസ്ഥന്‍. മുന്‍ കുവൈറ്റ് അംബാസഡര്‍. മൊസാംബിക്, ജമൈക്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചയാള്‍. സര്‍ഗ്ഗാത്മകതകൊണ്ട് മാന്ത്രികതൂലിക ചലിപ്പിച്ചയാള്‍. ഒറ്റ രചനകൊണ്ട് മലയാളത്തിന്റെ മാന്ത്രികതേജസ്സിനെ അക്ഷരങ്ങളിലേക്ക് ആവാഹിച്ച പ്രതിഭ.

ഒടുവില്‍ വിളിക്കാന്‍ തീരുമാനിച്ചു.
''ശവത്തിന്റെ മുഖത്തുതന്നെ ചവിട്ടുകൊണ്ട് വിജയോന്മാദത്തിന്റെ ലഹരിയില്‍ മുഴുകി നില്‍ക്കുമ്പോള്‍ ദുര്‍ഗയുമായുള്ള സാമ്യവ്യത്യാസങ്ങള്‍ ഓര്‍ത്തു. ജഗന്നാഥാ? ജഗദ് ധാത്രി? നിത്യകന്യകയായ മനസ്സില്‍ ചിന്താഭാവം സൂര്യസഹസ്രമായി ഉദിച്ചുയര്‍ന്നപ്പോള്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചുപോയി.''

ഫോണ്‍ മുഴങ്ങുന്നുണ്ട്. അതിനൊപ്പിച്ച് എന്റെ ഹൃദയമിടിപ്പും ശക്തമായിരുന്നു. പാലപ്പൂമണം ചുറ്റും നിറയുന്നതുപോലെ, രൗദ്രഗംഭീരമായ ഇടിമുഴക്കത്തിനായി കാതോര്‍ത്തിരിക്കവേ, ഞാനേതോ കടല്‍ത്തീരത്തായിരുന്നുവെന്നു തോന്നി. തിരകളുടേയും കടല്‍ക്കാറ്റിന്റേയും ശബ്ദഘോഷങ്ങള്‍. അതിനിടയിലൂടെ ആദ്യമായി ഞാനാ ശബ്ദം കേട്ടു. സൗമ്യം, പ്രസന്നം, ശാന്തം. പതിയെ അപരിചിതത്വത്തിന്റെ കെട്ടുകളഴിഞ്ഞു. പിറ്റേന്നുതന്നെ അഭിമുഖത്തിനായി വിളിക്കാന്‍ അനുമതിയും കിട്ടി. നീണ്ട മാനസിക ഒരുക്കങ്ങള്‍ക്കവസാനം രാത്രി ഒന്‍പതു മണിക്ക് അദ്ദേഹത്തെ വിളിച്ചു.
സംഭാഷണം ആരംഭിച്ചത് തന്നെ, എന്തുകൊണ്ട് 'കലിക' പോലൊരു നോവല്‍ എന്ന ചോദ്യത്തില്‍ തുടങ്ങിയായിരുന്നു.

കലികയുടെ സവിശേഷത

സ്ത്രീയുടെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പിന്റെ, പോരാട്ടത്തിന്റെ കഥയാണ്, അതും സ്വന്തം അച്ഛനാല്‍ അപമാനിക്കപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് 'കലിക' എന്നു മറുപടി. 'കലിക'യുടെ കണ്ണിലെ പ്രതികാരാഗ്‌നി എന്റെ മനസ്സിലും മിന്നിമറഞ്ഞു.
അതെ. 'കലിക' ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ, പെണ്ണിന്റെ പൊട്ടിവിടരലിന്റെ ഇന്നോളം ആരും ധൈര്യം വെക്കാത്ത തരത്തിലുള്ള എഴുത്തായിരുന്നുവല്ലോ. തര്‍ക്കിക്കാം, ആദ്യത്തെ ലക്ഷണമൊത്ത മാന്ത്രിക നോവല്‍ കലിക തന്നെയോ അല്ല മറ്റേതെങ്കിലും കൃതിയോ എന്നതു സംബന്ധിച്ച്. പക്ഷേ, നിഷേധിക്കാനാകാത്ത ഒന്നുണ്ട്. എഴുത്തുകാരന്‍പോലും തലകുലുക്കി സമ്മതിക്കുന്ന ഒരു കാര്യം. 'കലിക' എഴുത്തുകാരനേയും മറികടന്നു എന്ന സത്യം. അതുപോലൊന്നോ അതിലും മികച്ചതോ ഇനി സംഭവിക്കുമോ?
പിന്നീട് സംസാരിച്ചത് പ്രധാനമായും എഴുത്തിനെക്കുറിച്ചും അദ്ദേഹത്തിന്റെ അജ്ഞാതവാസത്തെക്കുറിച്ചുമായിരുന്നു.

അജ്ഞാതവാസമെന്ന എന്റെ പ്രയോഗത്തില്‍ ചെറിയ തിരുത്തല്‍ വരുത്തി അദ്ദേഹം. അജ്ഞാതവാസമെന്ന നിലയിലല്ല, പക്ഷേ, റിട്ടയര്‍മെന്റ് ജീവിതത്തിന് ഏറ്റവും സുഖകരമായ നഗരം എന്ന നിലയിലാണ് ചെന്നൈ തെരഞ്ഞെടുത്തത്. ഒപ്പം പല ഭാഷക്കാര്‍ വലിയ വേര്‍തിരിവുകളില്ലാതെ ജീവിക്കുന്ന ഇടം. ഒരു മെട്രോ ലൈഫിന്റെ എല്ലാ സൗകര്യങ്ങളും. പിന്നെ തമിഴ് ഭാഷാ പ്രേമം. ഇതെല്ലാം കൂടിയാണ് ചെന്നൈ എന്ന ആലോചനക്ക് കാരണം.
ആലുവയില്‍ തന്റെ ജന്മദേശത്തെ കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അവിടെനിന്നാണ് കലിക ഉണ്ടായതെന്നു പറഞ്ഞു. കാവും കുളങ്ങളും ഇരുട്ടു പൊന്തിപ്പരക്കുന്ന മുറികളും മന്ത്രശ്ലോകങ്ങളും ഒരു തലമുറയെ ഉദ്വേഗജനകമായ വിധത്തില്‍ രചനയുടെ വിസ്മയതന്ത്രങ്ങളൊരുക്കിയതിനെക്കുറിച്ച് പറഞ്ഞു. ആവേശത്തോടെ എഴുത്തുകാരന്‍ കലികയെക്കുറിച്ച് പറയുമ്പോള്‍, ഓര്‍മ്മകളില്‍ പൊന്തിവന്നത് ദേവിയുടെ മുഖമായിരുന്നു.

എന്നാല്‍, ഇടയ്ക്ക് സംഭാഷണത്തിനിടയില്‍ അപ്പോഴും തുടരുന്ന പഠനത്തെക്കുറിച്ചും അതില്‍ ചെലവഴിക്കേണ്ട സമയത്തെക്കുറിച്ചും പറഞ്ഞപ്പോള്‍ മനസ്സിലായി, എഴുത്തുകാരന്‍ ചുറ്റുപാടിലേക്കു കണ്ണയക്കുന്നവനും അതേസമയം ഉള്ളിലേക്ക് നോക്കുന്നവനുമാകണം എന്ന്. ഒരു എഴുത്തിലേക്കു കടന്നാല്‍ ദിവസം എട്ടു മണിക്കൂറോളം അതിനുവേണ്ടി മാത്രം ചെലവിടണം. അതുമാത്രം പോര, എല്ലാറ്റിനും സഹായിയായി ഭാര്യ ലളിത ഒപ്പം വേണം. എഴുതുന്നത് അടുക്കി പ്രിന്റ് എടുത്ത് ഫോട്ടോക്കോപ്പി എടുത്ത്. ഒരു അഡ്മിനിസ്ട്രേറ്ററുടെ സാന്നിദ്ധ്യം ആ വാക്കുകളില്‍ കണ്ടെടുക്കാം. ഒപ്പം പുതുതലമുറ എഴുത്തുകാര്‍ക്ക് ഒരു പാഠവും. ഓരോ വരിയിലും ശ്രദ്ധ വെക്കണമെന്ന്. എഴുത്ത് കുട്ടിക്കളിയല്ല എന്ന്. കൂടാതെ അയ്യപ്പനെക്കുറിച്ച് ഒരു നോവലിന്റെ തയ്യാറെടുപ്പിലാണ് എന്നു പറഞ്ഞു. അത് എന്നേക്ക് പൂര്‍ത്തിയാകും എന്ന ചോദ്യത്തിന് ഒരു ചിരിയായിരുന്നു മറുപടി. പിന്നെ വിശദീകരിച്ചു, വയസ്സ് എണ്‍പതോട് അടുക്കുന്നു. വാര്‍ദ്ധക്യത്തിന്റേതായ അസുഖങ്ങള്‍, പിന്നെ അടിസ്ഥാനപരമായ അലസത. ഇല്ല. എനിക്കത് കഴിയുമെന്നു തോന്നുന്നില്ല. മറ്റാരെങ്കിലും അത് എഴുതിയിരുന്നുവെങ്കില്‍. ചിലരോട് ആ നോവലിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്, ഒരുപക്ഷേ, അവര്‍ എഴുതിയേക്കും എന്ന പ്രത്യാശ കലര്‍ന്ന മന്ദഹാസം.

പക്ഷേ, ആ സംസാരത്തിനിടയില്‍ ഒരിക്കല്‍പ്പോലും ആ നോവല്‍ പൂര്‍ത്തിയാക്കാതെ അദ്ദേഹം ഇഹലോകവാസം വെടിയുമെന്ന നേരിയ സംശയം പോലും തോന്നിയിരുന്നില്ല. തുറന്നു പറഞ്ഞാല്‍ വിസ്മയിപ്പിക്കുന്ന ഒരു നോവലുമായി അദ്ദേഹം തിരികെ വരും എന്നത് ഉറപ്പായിരുന്നു. സംഭാഷണത്തിനിടയില്‍ കലിക എന്ന സിനിമയെക്കുറിച്ച് വളരെ വാചാലനായി. അദ്ദേഹം ബാലചന്ദ്ര മേനോന്‍ എന്ന സംവിധായകന്റെ കഴിവില്‍ പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. പതിയെ സംഭാഷണം 'കലിക'യിലെ മന്ത്രങ്ങളെക്കുറിച്ചായി. ലളിതാസഹസ്രനാമവും ദേവീ മാഹാത്മ്യവും സൗന്ദര്യലഹരിയുമാക്കെയായിരുന്നു മന്ത്രങ്ങള്‍ക്കുവേണ്ടി അദ്ദേഹം ആശ്രയിച്ചത്. വ്യക്തമായ പഠനം ആ മന്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുവേണ്ടി അദ്ദേഹം നടത്തി. ആ സമയത്ത് അദ്ദേഹം ബര്‍മ്മയിലായിരുന്നു. അവിടെ ഭരണകൂടത്തിന്റെ കനത്ത കാവലില്‍ ഓരോ പൗരന്റേയും സ്വാതന്ത്ര്യം പരിമിതപ്പെട്ടിരുന്ന കാലത്ത് സമയം പോക്കാന്‍ തുടങ്ങിയ വിനോദമായിരുന്നു മന്ത്രങ്ങളുമായുള്ള ചങ്ങാത്തം. ഗുരുസ്ഥാനത്ത് ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന ഫാ. പീറ്റര്‍. അദ്ദേഹം സഹസ്രനാമത്തിന്റേയും ദേവീമഹാത്മ്യത്തിന്റേയും അജ്ഞാത കെട്ടുകള്‍ അഴിച്ചുനല്‍കി. അങ്ങനെ കലികയിലേക്കു കടന്നു. അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ:
''രാത്രി പുലരും വരെ നീളുന്ന എഴുത്ത് ആരംഭിച്ചു. വിജനമായ വലിയ കെട്ടിടത്തില്‍ രാത്രിയില്‍ കടുത്ത ഭയമെന്തെന്ന് അനുഭവിച്ചുകൊണ്ട് തന്നെയാണ് അദ്ദേഹം ഇപ്രകാരം എഴുതിയത്-
ഇരുവശത്തും കുറ്റിക്കാട്. അവിടവിടെയായി രാത്രിയുടെ കാവല്‍ക്കാരെപ്പോലെ നില്‍ക്കുന്ന മരങ്ങള്‍ ഇരുട്ടില്‍ കുറേശ്ശെ കാണാം. നീണ്ട ഒറ്റയടിപ്പാത ഒരു ഞരമ്പുപോലെ അമ്മങ്കാവിന്റെ മുറ്റത്തുകൂടി...
നാലു ചുറ്റും ഇടിഞ്ഞുകിടക്കുന്ന മതിലുകള്‍ക്കുള്ളില്‍ കൂരയില്ലാത്ത വനദുര്‍ഗ്ഗയുടെ പ്രതിഷ്ഠയുടെ മുന്‍പില്‍ അനാഥമായി കിടക്കുന്ന അമ്പലമുറ്റം. മുറ്റത്തിന്റെ മദ്ധ്യത്തില്‍, വെളിയിലുള്ള കൂരിരുട്ട് പെറ്റതുപോലിരിക്കുന്ന കാരിത്തുമ്പില്‍ ജ്വലിക്കുന്ന പന്തം!
ആളിക്കത്തുന്ന പന്തത്തിനും കതകു തുറന്നുകിടക്കുന്ന പ്രതിഷ്ഠാമുറിക്കും നടുവിലുള്ള ഒരു കരിങ്കല്ല്.
കരിങ്കല്ലിനു മുകളില്‍ അഞ്ചു വയസ്സോളം പ്രായമുള്ള ഒരു കൊച്ചു പെണ്‍കുട്ടി ഇരുന്നു കരയുന്നു. അവളൊന്നും ഉടുത്തിട്ടില്ല. ജീവന്‍ എന്നു നമ്മള്‍ വിളിച്ചു പരിചയിച്ചിട്ടുള്ളത്, തോമയെ വിട്ടുപിരിയുന്നതിനും മുന്‍പ്, ഭയം കൊണ്ട് തള്ളിയ കണ്ണുകള്‍കൊണ്ട് അവന്‍ ഇനിയും ചിലത് കണ്ടു.''
മലയാളി അതുവരെ കണ്ടിട്ടില്ലാഞ്ഞ ഒരു രചനാരീതിയാണ് 'കലിക'യില്‍ മോഹനചന്ദ്രന്‍ ആവിഷ്‌ക്കരിച്ചത്. ഓരോ കഥാപാത്രങ്ങളും ജീവനുള്ളവരെന്നുതന്നെ തോന്നിപ്പിച്ച എഴുത്ത്. സദനും സക്കറിയയും ജമാലും ജോസഫും ഞങ്ങള്‍ക്കിടയിലുണ്ടെന്ന് 'കലിക' വായിച്ച ഓരോ യുവത്വത്തിനും തോന്നി. അവരുടെ കൂട്ടുകാരില്‍ത്തന്നെ അവര്‍ ആ കഥാപാത്രങ്ങളെ കണ്ടെത്തി. അതു തങ്ങളുടെ കഥയാണെന്ന് ഒരു തലമുറയൊന്നാകെ ഊറ്റം കൊണ്ടു.
ബി.എം.സി. നായര്‍ അഥവാ മോഹനചന്ദ്രന്‍ എന്ന വ്യക്തിയെ 'കലിക'യില്‍നിന്നും അടര്‍ത്തിമാറ്റി നോക്കുമ്പോള്‍ നമുക്ക് കൗതുകം തോന്നും. ജന്മം കൊണ്ട് ആലുവക്കാരന്‍. പഠനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍, പിന്നെ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ്. നിരവധി രാജ്യങ്ങളിലെ നീണ്ട വാസക്കാലത്തിനിടയില്‍ മാതൃഭാഷ തീരെ സംസാരിക്കാത്ത ഏഴ് വര്‍ഷങ്ങള്‍. ഇതിനിടയില്‍ ഈജിപ്തിലായിരിക്കുമ്പോള്‍ നിധിപോലെ കിട്ടിയ മലയാളിസൗഹൃദങ്ങള്‍. അവരുമായുള്ള ഇടപെടലില്‍നിന്നാണ് എഴുതുക എന്ന തീരുമാനത്തിലെത്തുന്നത്.
വേലന്‍ ചടയന്‍, കാക്കകളുടെ രാത്രി, കരിമുത്ത്, സുന്ദരി ഹൈമവതി, പന്തയക്കുതിര തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍. അദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കളും കുടുംബവും അമേരിക്കയില്‍ താമസമാക്കിയവരാണ്. പല പല രാജ്യങ്ങള്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ കണ്ട് വിവിധങ്ങളായ സംസ്‌ക്കാരങ്ങള്‍ അറിഞ്ഞ, തികഞ്ഞ മൗനിയായ മനുഷ്യന്‍. അധികം കൂട്ടുകെട്ടുകള്‍ ഇല്ല. അന്തര്‍മുഖന്‍, പക്ഷേ, മൗനത്തിന്റെ വാല്‍മീകം പൊട്ടിച്ചെറിഞ്ഞ് മലയാള സാഹിത്യ ലോകത്തിലേക്ക് ഒരു കടന്നുവരവ് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, കണക്കുകൂട്ടലുകളില്‍ അണുവിട ചലിക്കാതെ മൃത്യു അതിന്റെ കര്‍മ്മം പൂര്‍ത്തിയാക്കുമ്പോള്‍ മലയാളത്തിനു നഷ്ടമായത് ഒരുപക്ഷേ, 'കലിക'യെ മറികടന്നേക്കുമായിരുന്ന ഒരു രചനയായിരുന്നു. ഈ നഷ്ടം നികത്തപ്പെടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com