ഇങ്ങനെ പോയാല്‍- സി രാധാകൃഷ്ണന്‍ എഴുതുന്നു 

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനകം ലോകത്തുണ്ടായ മാറ്റങ്ങളുടെ വെളിച്ചത്തില്‍ അടുത്ത കാല്‍നൂറ്റാണ്ടിനകം വരാവുന്നതിനെപ്പറ്റി ആലോചിച്ചപ്പോള്‍ പകല്‍ക്കിനാവു കണ്ട കാര്യങ്ങള്‍ വിചിത്രം തന്നെ.
ഇങ്ങനെ പോയാല്‍- സി രാധാകൃഷ്ണന്‍ എഴുതുന്നു 

ഴിഞ്ഞ കാല്‍നൂറ്റാണ്ടിനകം ലോകത്തുണ്ടായ മാറ്റങ്ങളുടെ വെളിച്ചത്തില്‍ അടുത്ത കാല്‍നൂറ്റാണ്ടിനകം വരാവുന്നതിനെപ്പറ്റി ആലോചിച്ചപ്പോള്‍ പകല്‍ക്കിനാവു കണ്ട കാര്യങ്ങള്‍ വിചിത്രം തന്നെ.
എല്ലാ ജോലികളും റൊബോട്ടുകള്‍ ഏറ്റെടുക്കുന്നതിനാല്‍ ഒരാള്‍ക്കും ഒരു പണിയും ഉണ്ടാവില്ല. കൃഷിയും വ്യവസായശാലകളും ഗതാഗത സംവിധാനങ്ങളും എല്ലാമെല്ലാം ആട്ടോമാറ്റിക്ക് സംവിധാനങ്ങള്‍ നിര്‍വ്വഹിക്കും.

യന്ത്രവല്‍കൃത ഫാമില്‍ വിളയുന്ന ധാന്യങ്ങള്‍ യന്ത്രങ്ങള്‍ പൊടിച്ചു കുഴച്ച് അപ്പം ചുട്ട് യന്ത്രങ്ങള്‍ തീന്‍മേശപ്പുറത്തെത്തിക്കും. റൊബോട്ടുകള്‍ വിളമ്പും, പാത്രം കഴുകും, മേശ വൃത്തിയാക്കും, വീടു നോക്കും, അലക്കും, കിടക്ക വിരിക്കും, ഭക്ഷണം പാകം ചെയ്യും. നിശ്ചിതമായ പ്രോഗ്രാമനുസരിച്ച് എല്ലാം നടക്കും.

രോഗം നിര്‍ണ്ണയിക്കുന്നതും ചികിത്സ വിധിക്കുന്നതും യന്ത്രങ്ങളാവും. ഇന്‍ജക്ഷന്‍ മുതല്‍ വന്‍കിട ശസ്ത്രക്രിയകള്‍ വരെ റൊബോട്ടുകള്‍ നടത്തും. ഒരു തുള്ളി ചോര പരിശോധിച്ചാല്‍ വന്നതും വരാനിരിക്കുന്നതുമായ എല്ലാ രോഗങ്ങളും കണ്ടുപിടിക്കപ്പെടും, മാറ്റും! ചിലപ്പോള്‍ ഒരു തുള്ളി ചോരപോലും വേണ്ട, ഒരു നഖത്തിന്റെ ചെറു തുണ്ട് മതിയാവാം!
വിവാഹം നിശ്ചയിക്കുന്നത് ദല്ലാളന്മാരോ ബ്യൂറോകളോ രക്ഷിതാക്കളോ കമിതാക്കള്‍ പോലുമോ ആവില്ല, ജീവശാസ്ത്രപരമായി 'മാച്ചിങ്ങ്' നടത്തുന്ന റൊബോട്ടുകളാവും. സന്തതികളുടെ ഗുണനിലവാര സാദ്ധ്യതകളാവും നിര്‍ണ്ണായകം. പ്രേമം വേറെ, വിവാഹം വേറെ എന്നു വരാം. ശാരീരി ബന്ധത്തിനു പങ്കാളികളായി മനുഷ്യര്‍ തന്നെ വേണമെന്നില്ലാതെയാകാം. 'എല്ലാം തികഞ്ഞ' ഹ്യൂമനോയ്ഡ് റൊബോട്ടുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാവാം! ആര്‍ഭാടക്കാറുകള്‍ എന്നപോലെ ഈ ഇനത്തിലും ആര്‍ഭാട ഉരുപ്പടികള്‍ വന്‍പരസ്യങ്ങളോടെ വിപണിയിലെത്താം. ഒരു രോഗവും പിടിപെടാത്ത, ഒരിക്കലും പ്രായമാകാത്ത അല്‍പ്പം വൈദ്യുതിയല്ലാതെ മറ്റൊന്നും ആവശ്യപ്പെടാത്ത ജീവിതപങ്കാളികള്‍!

ജീവിതത്തിന്റെ എല്ലാ തുറകളിലും യന്ത്രങ്ങള്‍ വരുന്നതോടെ അവയുടെ ദുരുപയോഗം തടയാനും മറ്റുമായി സ്റ്റേറ്റ് കൂടുതല്‍ പ്രസക്തമാവും; മിക്കവാറും സര്‍വ്വാശ്ലേഷിയും ആവും. പ്രജകളുടെ സംരക്ഷണച്ചുമതല സ്റ്റേറ്റിനാകയാല്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും  നിയന്ത്രണം വരാം. ഉദാഹരണത്തിന്, ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്ക് വൈകല്യമോ രോഗസാദ്ധ്യതയോ ഇല്ലെന്ന് ഉറപ്പാക്കാന്‍ മുന്‍കൂര്‍ മാച്ചിങ്ങ് നടത്താം. അനുമതി കൂടാതെയുള്ള പ്രജനനം ശിക്ഷാര്‍ഹമാവാം.
രക്ഷപ്പെടാനുള്ള സാധ്യത തീരെ ഇല്ലാത്ത രോഗികളെ ദയാവധത്തിനു വിധേയരാക്കാനുള്ള തീരുമാനം റൊബോട്ടുകള്‍ക്ക് കൈക്കൊള്ളാന്‍ കഴിയുംവിധം നിയമനിര്‍മ്മാണം നടക്കാം.
പ്രസവം എന്ന സംഗതി തീരെ ഇല്ലാതാകാനാണ് സാദ്ധ്യത. സ്വാഭാവിക പ്രസവം ഇപ്പോഴേ മിക്കവാറും ഫാഷനല്ലാതായല്ലോ. അതൊരു രോഗമാണെന്നും സിസേറിയന്‍ എന്ന ചികിത്സ വേണമെന്നും സര്‍വ്വസമ്മതമായ മട്ടിലാണ് കാര്യങ്ങള്‍. അടുത്തപടിയായി, ഗര്‍ഭകാലമേ വേണ്ട എന്ന സ്ഥിതി വരാം. അണ്ഡ-ബീജ ബാങ്കുകളില്‍നിന്ന് എല്ലാംകൊണ്ടും ചേര്‍ച്ചയുള്ളത് തെരഞ്ഞെടുത്ത് സംയോജിപ്പിച്ച്  'യന്ത്രഗര്‍ഭ'ത്തില്‍ വളര്‍ത്താമല്ലോ.
ആണ്‍-പെണ്‍ ഭേദമില്ലാതെ ആര്‍ക്കും ഒരു കുഞ്ഞിനെ സ്വന്തമാക്കാം. വളര്‍ത്താന്‍ വീട്ടില്‍ കൊണ്ടുപോകേണ്ടതുമില്ല. ഏതെങ്കിലും 'വളര്‍ത്തുകേന്ദ്ര'ത്തില്‍ ഏല്‍പ്പിക്കാം. അവിടെ റൊബോട്ടുകള്‍ നോക്കും. യന്ത്രങ്ങള്‍ക്ക് ഉറക്കം ആവശ്യമില്ലാത്തതിനാല്‍ എല്ലാ സമയത്തും 'സേവനം' ലഭ്യമാവും. മുലയൂട്ടുന്ന പതിവും അനുഭവവും വിസ്മൃതമാകും. മുലപ്പാലിനെക്കാള്‍ പോഷകസമൃദ്ധമായ ആഹാരം കൃത്യമായ അളവിലും ഇടവേളകളിലും കുഞ്ഞിനു കിട്ടും. മുലപ്പാല്‍ ചുരന്ന്  മാറിടം കടയാതിരിക്കാനുള്ള ഹോര്‍മോണുകള്‍ യഥാകാലം കുത്തിവെക്കും.

ഒരു മനുഷ്യനും മറ്റൊരു മനുഷ്യനോടും കടപ്പാടെന്നല്ല ഒരിടപാടും ഉണ്ടാവില്ല. ഓരോ വ്യക്തിക്കും ഓരോന്നുവീതം കിടപ്പാടം ഉണ്ടാവും. അതിനകം ഒരു 'വിര്‍ച്ച്വല്‍' തിയേറ്റര്‍ ആയിരിക്കും. ആശിക്കുന്ന എന്തും കണ്ടിരിക്കാനും എന്തു ഗെയിം കളിക്കാനും സൗകര്യമുണ്ടാവും. കംപ്യൂട്ടര്‍ ചെസ്സ് ഇപ്പോഴേ ഉള്ളതുപോലെ കംപ്യൂട്ടര്‍ ഫുട്‌ബോളും വോളിബോളും മറ്റും ഉണ്ടാവും. ബാറ്റിങ്ങോ ബൗളിങ്ങോ എത്ര വിദഗ്ദ്ധമായും ചെയ്യാം. ഇന്നുള്ള കളിക്കളങ്ങളും സ്റ്റേഡിയങ്ങളും കോഴി ഫാമുകളോ മറ്റോ ആയി മാറും!
എല്ലാ വാഹനങ്ങളും മുന്‍നിശ്ചിത പ്രോഗ്രാമുകളനുസരിച്ച് ഓടിക്കുന്നതും മൊത്തം വാഹനവ്യൂഹത്തെ നിയന്ത്രിക്കുന്നതും റൊബോട്ടുകള്‍ തന്നെ. ടാക്‌സികള്‍ മുതല്‍ ഉപഗ്രഹ ഷട്ടിലുകള്‍ വരെ ഒരു വാഹനവും ഒരു നിമിഷാര്‍ദ്ധം പോലും വൈകില്ല. 'ഹ്യൂമണ്‍ എറര്‍' ഒരിടത്തും വരികയുമില്ല.
നിയമസമാധാനപാലനം പൂര്‍ണ്ണമായും റൊബോട്ടുകള്‍ നടത്തും. ഭൂമിയിലെ എല്ലായിടവും 'ഉപഗ്രഹ സിസിടിവി' നിരീക്ഷണത്തിലായിരിക്കും. ആര്‍ക്കും ഒന്നും 'പരമരഹസ്യ'മായി ചെയ്യാനാവില്ല. ആരുടേയും വ്യക്തിവിവരങ്ങളും ദൃശ്യങ്ങളും നിയമസമാധാനപാലനത്തിനല്ലാതെ ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തും.

എവിടെ നടക്കുന്ന ഏതു കുറ്റവും അടുത്ത നിമിഷത്തില്‍ കണ്ടുപിടിക്കപ്പെടും. കോടതിയോ വക്കീല്‍മാരോ വിസ്താരമോ വിചാരണയോ ഒന്നുമുണ്ടാവില്ല. ശേഖരിച്ച വിവരങ്ങള്‍ യന്ത്രങ്ങള്‍ വിലയിരുത്തി വിധിയെഴുതും. ശിക്ഷാനിയമങ്ങളും വ്യവസ്ഥകളും ഈ യന്ത്രങ്ങളില്‍ മുന്‍പേ പ്രോഗ്രാം ചെയ്തുവെച്ചിരിക്കും. വിധിക്ക് അപ്പീലുണ്ടാവില്ല.
ഭാരം പേറി കുനിഞ്ഞ് സ്‌കൂളില്‍ പോകുന്ന വിഷമം കുഞ്ഞുങ്ങള്‍ക്കുണ്ടാവില്ല. സ്‌കൂളേ ഉണ്ടാവില്ല. രണ്ടുമൂന്നു വയസ്സാകുമ്പോഴേ ഓരോ കുഞ്ഞിനും സ്വന്തം 'വിര്‍ച്ച്വല്‍ വീട്' കിട്ടും. യന്ത്ര ആയമാര്‍ ഭരിക്കുന്ന അതിനകത്ത് റൊബോട്ട് അദ്ധ്യാപകര്‍ ക്ലാസ്സെടുക്കും; പരീക്ഷകള്‍ നടത്തും. സര്‍വ്വകലാശാലകള്‍പോലും ഇല്ലാതാവും. പഠനമത്രയും ഇങ്ങനെ 'വിദൂര വിദ്യാഭ്യാസ'മായി മാറും.
റൊബോട്ടിക്‌സാവും ഏറ്റവും മുന്തിയ പഠനവിഷയം. ഏറ്റവും ബുദ്ധിയുള്ളവരെ അതിനു നിയോഗിക്കും.

ആര്‍ക്കും ഒരുവക 'ബുദ്ധിമുട്ടും ഇല്ലാത്ത' ഈ സ്വപ്നഭൂമിയിലെ പര്യടനം ഇത്രയുമെത്തിയപ്പോള്‍, പക്ഷേ, ചില സംശയങ്ങള്‍ വന്നു. റൊബോട്ടിക്‌സില്‍ ഗവേഷണമല്ലാതെ ആളുകള്‍ക്ക് എന്താവും പണി? എല്ലാം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ യന്ത്രങ്ങള്‍ കൊണ്ടുവരുമെന്നതിനാല്‍ കടകളോ മാളുകളോ പോലും ഇല്ലാത്ത സാഹചര്യത്തില്‍ ആര്‍ക്കുണ്ടാവും എന്തെങ്കിലും പണി? പണിയൊന്നുമില്ലെങ്കില്‍ സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും വില കൊടുക്കാന്‍ പണം എവിടുന്നുണ്ടാവും? വ്യായാമത്തിനുപോലും പുറത്തിറങ്ങേണ്ടതില്ലാത്ത 'സുഖവാസ'ത്തിലെ 'സുഖം' എന്തു തരമാവും?
ശേഷം ചിന്ത്യം എന്ന് തല്‍ക്കാലം നിര്‍ത്താം!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com