ഈ ടീച്ചറാണ് ആ യുദ്ധം നയിച്ചത്

അഭിനന്ദനങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും അതിലങ്ങു വീണുപോകാതിരിക്കാനുള്ള ശ്രദ്ധയുണ്ട് ശൈലജ ടീച്ചര്‍ക്ക്.
ഈ ടീച്ചറാണ് ആ യുദ്ധം നയിച്ചത്

ഭിനന്ദനങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും അതിലങ്ങു വീണുപോകാതിരിക്കാനുള്ള ശ്രദ്ധയുണ്ട് ശൈലജ ടീച്ചര്‍ക്ക്. കോഴിക്കോട്ട് തുടങ്ങി, മലപ്പുറത്തേക്കൊന്നു കടന്നുനോക്കിയ നിപ വൈറസിനെ കേരളമാകെ പേടിച്ച ദിനങ്ങള്‍ അധികം പിന്നിലല്ല. ആ പേടി മറികടന്ന് ആശ്വാസനിശ്വാസത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് കൂട്ടായ്മയുടെ വിജയമാണ് എന്ന് അടിവരയിടുന്നതിലാണ് ആരോഗ്യ മന്ത്രിക്ക് അഭിമാനം. അതുകൊണ്ടാണ് കിട്ടുന്ന അവസരങ്ങളിലൊക്കെ അവര്‍ അത് ആവര്‍ത്തിക്കുന്നതും അഭിനന്ദനങ്ങളെ വ്യക്തിപരമായി എടുക്കാതിരിക്കുന്നതും. പക്ഷേ, ഈ ടീച്ചറാണ് കൊലയാളി വൈറസിനെ തോല്‍പ്പിച്ച ചെറുത്തിനില്‍പ്പു സംഘത്തെ നയിച്ചത്. നിപ വൈറസ് കേരളത്തില്‍നിന്ന് അധികമാളുകളെ മരണത്തിലേക്ക് കൊണ്ടുപോകാതിരിക്കാന്‍ വേണ്ടിവന്ന കഠിനാധ്വാനത്തിന്റെ മുന്നിലാണ് ഊര്‍ജ്ജം പകര്‍ന്നു നിന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ഭയത്തിന്റെ അലകളടങ്ങി. ലോകാരോഗ്യ സംഘടനയില്‍നിന്നും കേന്ദ്ര ആരോഗ്യ മന്ത്രിയില്‍നിന്നും വികസിത രാജ്യങ്ങളിലെ ശാസ്ത്രജ്ഞരില്‍നിന്നും മുതല്‍ നാട്ടുംപുറത്തെ സാധാരണക്കാരില്‍നിന്നുവരെ നല്ല വാക്കുകളുടെ അലകളാണിപ്പോള്‍. മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും പാര്‍ട്ടിയും സഖാക്കളും പ്രതിപക്ഷവുമുള്‍പ്പെടെ പറയുന്നു, ടീച്ചര്‍ നന്നായി നയിച്ചു.

മെയ് അഞ്ചിന് കോഴിക്കോട്ട് ചങ്ങരോത്ത് ഗ്രാമത്തിലെ സാബിത്ത് എന്ന യുവാവ് മരിച്ചപ്പോള്‍ അത് നിപയാണെന്നോ മറ്റെന്തെങ്കിലും പകര്‍ച്ചപ്പനിയാണെന്നോ പോലും ആരും കരുതിയില്ല. സാബിത്തിന്റെ അനിയന്‍ സ്വാലിഹിനും ബാപ്പ മൂസയ്ക്കും ബന്ധു മറിയമിനും കൂടി ഒരേ ലക്ഷണങ്ങളോടെ രോഗം വന്നപ്പോഴാണ് സ്ഥിതി മാറിയത്. 17-ന് സ്വാലിഹിനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നെ മൂസ, മറിയം എന്നിവര്‍ക്കും അതികഠിനമായ പനിയും തലവേദനയും ഛര്‍ദ്ദിയും മസ്തിഷ്‌ക്കജ്വരവും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുണ്ടായി. തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിയോജകമണ്ഡലത്തിലാണ് ചങ്ങരോത്ത്. ആളുകളുടെ ഭയം ആദ്യം അറിഞ്ഞവരിലൊരാളും ആരോഗ്യമന്ത്രിയെ വിളിച്ചതും രാമകൃഷ്ണന്‍. ആ വിളി മുതലുള്ള ഓരോ ആകുലതകളിലൂടെയും ആശ്വാസങ്ങളിലൂടെയും തിരിച്ചൊന്നു നടക്കുകയാണ് ഷൈലജ ടീച്ചര്‍. ''ലോകമാകെ ശ്രദ്ധിക്കുന്ന ഒരു പ്രവര്‍ത്തനമാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നു നമ്മള്‍ കരുതിയിരുന്നില്ല. ആരും മരിക്കാതിരിക്കണം എന്നു മാത്രമാണ് ആഗ്രഹിച്ചത്.

ഒരു ജീവന്‍പോലും അപഹരിക്കപ്പെടാതിരിക്കാനുള്ള പഴുതടച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. പക്ഷേ, രണ്ടാമത്തെ മരണത്തില്‍ത്തന്നെ കേരളം നിപയെ കണ്ടുപിടിച്ചതിന് അഭിനന്ദിച്ച് പിന്നീടാണ് പലരും വിളിക്കുന്നത്. ഇതുവരെയുണ്ടായ എല്ലാ സ്ഥലത്തും മലേഷ്യയിലും സിംഗപ്പൂരിലും സിലിഗുരിയിലും നൂറുകണക്കിനാളുകള്‍ മരിച്ചപ്പോഴാണ് രോഗമെന്താണെന്നു കണ്ടുപിടിച്ചത്. ഇവിടെ വേഗം തന്നെ നിപയാണെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ഈ മുന്‍കരുതലുകളൊക്കെ എടുക്കാന്‍ കഴിഞ്ഞത്. യു.കെയില്‍നിന്നും യു.എസ്സില്‍നിന്നുമൊക്കെ ആളുകള്‍ വിളിക്കുന്നുണ്ടായിരുന്നു. മലയാളികളും അല്ലാത്തവരുമായ ശാസ്ത്രജ്ഞരും മറ്റും വിളിച്ചു വിവരങ്ങള്‍ തിരക്കി, അഭിനന്ദിച്ചു. ലോകാരോഗ്യ സംഘടന വിളിച്ചു. നല്ല പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ജെ.പി. നഡ്ഡ അഭിനന്ദിച്ചു. അങ്ങനെ മൊത്തത്തില്‍ വലിയ അഭിപ്രായമുണ്ടായി. ഒരു യാത്രയുമായി ബന്ധപ്പെട്ട് ഞാന്‍ കഴിഞ്ഞ ദിവസം യു.എസ് എംബസിയില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറയുന്നു, ഭയങ്കര മതിപ്പാണ് ടീച്ചറേ എന്ന്. കാരണം അമേരിക്ക അത്രയധികം ഭയക്കുന്ന വൈറസാണ്. ബയോ വാറിനൊക്കെ ഉപയോഗപ്പെടുത്തിയേക്കാം എന്ന് അമേരിക്ക ഭയക്കുന്ന വൈറസാണ്. അതിനെ ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നത് ലോകത്തിനു മുന്നില്‍ വലിയ അഭിനന്ദനത്തിന് ഇടയാക്കി. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടായതാണ് ഇത്.''

ആദ്യം അപൂര്‍വ്വ വൈറസ്, പിന്നെ നിപ
ഇത്തവണ ഡെങ്കി, എലിപ്പനിയൊക്കെ കൂടുതലുണ്ടാകും എന്നു പ്രതീക്ഷിച്ചിരുന്നു. സീസണ്‍ അങ്ങനെയാണ് വരിക. കഴിഞ്ഞ തവണ കുറച്ചു കൂടുതല്‍ ഉണ്ടായിരുന്നു, വൈറല്‍ ഫീവറുമൊക്കെയായിട്ട്. കേരളം നന്നായി പരിശ്രമിച്ചു, ഇതൊക്കെ നിയന്ത്രിക്കാന്‍. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ തവണയും ഏറ്റവും നന്നായി ഡെങ്കിപ്പനി നിയന്ത്രിച്ച സംസ്ഥാനം കേരളമാണ്. മൊത്തം ഡെങ്കിപ്പനി മരണം 39 ആണുണ്ടായത്. തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിലൊക്കെ ഇത് 150-ഉം 200-നുമൊക്കെ മേല്‍പ്പോട്ടാണ്. പക്ഷേ, എന്നിട്ടും ഇവിടെ വലിയ പ്രശ്‌നമായിരുന്നു, എനിക്കെതിരെ ഭയങ്കര ആരോപണമൊക്കെ വന്നു. അതുകൊണ്ടല്ല, രോഗത്തിന്റെ കാര്യത്തില്‍ പാഠമുള്ളതുകൊണ്ട് ഇത്തവണ നേരത്തേതന്നെ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുള്ള പരിശ്രമം തുടങ്ങി. അത് ആരോഗ്യവകുപ്പ് മാത്രം ചെയ്യേണ്ടതല്ല. തദ്ദേശ സ്വയംഭരണ വകുപ്പ് നന്നായി ഇടപെടണം. അതുപോലെ ഓരോ വിഭാഗവും കൊതുകു നശീകരണത്തിനും മറ്റും കാര്യമായി പ്രവര്‍ത്തിക്കണം. അതിന്റെ ഇടപെടലും പ്രചാരണപ്രവര്‍ത്തനങ്ങളും കാര്യമായി നടക്കുന്നതിനിടയിലാണ് വളരെ പെട്ടെന്ന് നിപ വരുന്നത്. 

സ്വാലിഹ് വളരെ ഗുരുതരാവസ്ഥയിലായ സമയത്ത് ബേബി മെമ്മോറിയലിലെ ഡോക്ടര്‍മാരായ അനൂപും ജയകൃഷ്ണനും ഇതെന്തോ ഒരു അപൂര്‍വ്വ വൈറസാണ് എന്ന് അഭിപ്രായപ്പെട്ടിരുന്നു. കാരണം, എല്ലാവര്‍ക്കും ഒരേ ലക്ഷണത്തോടുകൂടിയ പനി വരുന്നു. എന്‍സിഫലൈറ്റിസൊക്കെ വരുമ്പോള്‍ വൈറല്‍ ഇന്‍ഫക്ഷനോടുകൂടിയ പനി വരുന്നത് സാധാരണമാണ്. ആ ഒരു പരിശോധന നടത്തണമെന്ന അഭിപ്രായം ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുമായി അവര്‍ പങ്കുവച്ചു. ഇതേ ലക്ഷണത്തോടെ സാബിത്ത് നേരത്തെ മരിച്ചിട്ടുള്ളതുകൊണ്ട് ചില സവിശേഷതകള്‍ അതില്‍ ഉണ്ട് എന്നതുകൊണ്ടും രോഗികളില്‍ നിന്നെടുത്ത സ്രവങ്ങളും മറ്റും പരിശോധനയ്ക്ക് മണിപ്പാലിലെ വൈറോളജി ലാബില്‍ അയച്ചു. 

എന്നെ വിളിക്കുന്നത് ടി.പി. രാമകൃഷ്‌ണേട്ടനാണ്, 17-ന്. ടീച്ചറേ, എന്റെ മണ്ഡലത്തില്‍ ഒരു വീട്ടിലുള്ളവര്‍ക്ക് പനി. അപൂര്‍വ്വ രോഗമാണോന്നു സംശയിക്കുന്നുണ്ട്. ഒരാള്‍ മരിച്ചു, ഒരാള്‍ മരിക്കാറായി, രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ് എന്ന്. പെട്ടെന്ന് ഓര്‍മ്മവന്നത് പിണറായിയില്‍ ഉണ്ടായ സംഭവമാണ്. അവിടെ നാലുപേര്‍ ഇടവിട്ടിടവിട്ടാണ് മരിച്ചത്. എന്നാലും ഒരു കുടുംബത്തിലുള്ളവരായിരുന്നല്ലോ. ഞാനുടനെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിതയെ വിളിച്ചു പറഞ്ഞു. രണ്ടാമതും ഒരേ ലക്ഷണത്തോടെ ഒരേ വീട്ടിലെ അംഗം മരിച്ചതുകൊണ്ട് മണിപ്പാലിലേക്ക് പരിശോധനയ്ക്ക് അയയ്ക്കാന്‍ അങ്ങനെയാണ് തീരുമാനിച്ചത്. വിവരം രാമകൃഷ്‌ണേട്ടനെ അറിയിക്കുകയും ചെയ്തു. അടിയന്തരമായി നേരിട്ടു പോയി അന്വേഷിക്കണം എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീയോടും പറഞ്ഞു. ആ സമയത്ത് മറ്റു സംശയങ്ങളൊന്നുമില്ല. ഡി.എം.ഒ പെട്ടെന്നുതന്നെ പോയി അന്വേഷിച്ചു. അവിടെയൊരു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. നിപയാണെന്ന് അറിയുന്നതിനു മുന്‍പുതന്നെ അത്തരം പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടങ്ങി. സ്വാലിഹ് 18-നു മരിച്ചു. കഴിയുന്നത്ര മുന്‍കരുതല്‍ നടപടികള്‍ എടുത്തു. പോസ്റ്റുമോര്‍ട്ടം നടത്തി. വിഷാംശം എന്തെങ്കിലും ഉള്ളില്‍ച്ചെന്നിട്ടുണ്ടോ എന്ന് അറിയാനാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. വേറൊന്നും കണ്ടില്ല. 

19-നു ഞാന്‍ കണ്ണൂരിലായിരുന്നു. ഇ.കെ. നായനാര്‍ അക്കാദമിയുടെ ഉദ്ഘാടനം. സീതാറാം യെച്ചൂരിയൊക്കെ വരുന്ന പരിപാടി. സ്വാലിഹ് മരിച്ചതിന്റെ പിറ്റേന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഡി.എം.ഒയേയും മറ്റും ഉള്‍പ്പെടുത്തി ഒരു യോഗം വിളിച്ചു. ഞാനും കൂടി പങ്കെടുക്കുന്നത് നന്നായിരിക്കും എന്ന് അവര്‍ വിളിച്ചുപറഞ്ഞു. ശ്രദ്ധിക്കേണ്ട തരം പകര്‍ച്ചപ്പനിയാണ്, നമ്മള്‍ സൂക്ഷിക്കണം എന്നും പറഞ്ഞു. പലതരമുണ്ടല്ലോ പകരുന്ന പനികള്‍. അതു മറ്റിടങ്ങളിലേക്ക് പകരാതിരിക്കാനുള്ള നടപടികള്‍ ആലോചിക്കാനാണ് യോഗം വിളിച്ചത്. നിപ എന്ന പേരുതന്നെ നമ്മുടെ മനസ്സില്‍ ഇല്ല. സിക്ക വരെ പറഞ്ഞുകേട്ട ഓര്‍മ്മയുണ്ട്. വൈറല്‍ പനിയാണ്, പകരാതെ നോക്കണം എന്ന ആലോചനയിലാണ് നീക്കങ്ങള്‍. പക്ഷേ, യോഗം നടക്കുന്നതിനിടെ ഉച്ചയോടെ മണിപ്പാലില്‍നിന്നുള്ള പരിശോധനാ ഫലം വന്നു. എന്തോ അപൂര്‍വ്വ വൈറസാണ് എന്ന സംശയമാണ് അതിലുണ്ടായിരുന്നത്. കോഴിക്കോട്ടേയ്ക്ക് പോകുന്നതാണ് നല്ലതെന്ന് എനിക്കും തോന്നി. ദൂരെയിരുന്നു കാര്യങ്ങള്‍ അന്വേഷിച്ചിട്ട് തൃപ്തിയായില്ല. പിറ്റേന്നാണെങ്കില്‍ കൊച്ചിന്‍ കാന്‍സര്‍ സെന്ററിനു മുഖ്യമന്ത്രി തറക്കല്ലിടുകയാണ്. നമ്മള്‍ ആഗ്രഹിച്ചു കൊണ്ടുവന്ന സ്ഥാപനമാണ് അത്. എന്തായാലും പോകണം. എങ്കില്‍പ്പിന്നെ കോഴിക്കോട്ട് പോയി അവരെക്കണ്ട് കാര്യങ്ങളൊന്ന് ആസൂത്രണം ചെയ്തിട്ട് പോകാം എന്നു വിചാരിച്ച് കണ്ണൂരിലെ പരിപാടി തുടങ്ങിയപ്പോള്‍ത്തന്നെ തിരിച്ചു. ഡോ. സരിത അപ്പോഴേയ്ക്കും കോഴിക്കോട്ടെത്തിയിരുന്നു. രാത്രിയോടെ ഞാനും എത്തുമെന്നും ചുറ്റുവട്ടത്തുള്ള നമ്മുടെ ആശുപത്രികളിലെ മെഡിക്കല്‍ ഓഫീസര്‍മാരെയൊക്കെ ഒന്നു വിളിച്ച് കളക്ടറെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് ഗസ്റ്റ്ഹൗസില്‍ ഒരു കൂടിയാലോചന നടത്താമെന്നും അവരെ അറിയിച്ചു. ഞാന്‍ എട്ടേകാലോടെ എത്തുമ്പോള്‍ ഇവരെല്ലാം അവിടെയുണ്ട്. ഇതിനിടെ ഞാന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. അരുണിനെ വിളിച്ച് കോഴിക്കോട്ടേയ്ക്ക് ഒന്നുവന്നാല്‍ നന്നാകുമെന്നു പറഞ്ഞിരുന്നു. നമ്മളിതുവരെ കണ്ട രോഗമൊന്നുമല്ലെങ്കില്‍ പിന്നെ എന്താണെന്ന് അറിയണം. സാമ്പിള്‍ അവര്‍ക്കും അയച്ചിരുന്നു. അത് അവര്‍ പരിശോധിക്കുകയാണെന്നു പറഞ്ഞു. കണ്ണൂരില്‍നിന്ന് വടകര എത്തിയപ്പോള്‍ ഒന്നുകൂടി അരുണിനെ വിളിച്ചു. നിപ വൈറസാണ് എന്ന് ആദ്യം പറയുന്നത് ഡോ. അരുണാണ്, അപ്പോള്‍. അങ്ങനെയാണെങ്കില്‍ കാര്യം കുറച്ച് സീരിയസ് ആണെന്നും പറഞ്ഞു. ഇതു മനസ്സിലാക്കിയ ഉടനെ രോഗബാധിതരുടെ വീടുള്‍പ്പെടുന്ന സ്ഥലത്തേയ്ക്ക് പോകാന്‍ അരുണ്‍ പുറപ്പെടുകയും ചെയ്തിരുന്നു. നേരെ ഗസ്റ്റ്ഹൗസിലെ മീറ്റിങ്ങിലേക്ക് വരാന്‍ ഞാന്‍ പറഞ്ഞു. എന്തെല്ലാമോ സംശയങ്ങള്‍ നിലനിന്നിരുന്നതുകൊണ്ട് ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരും ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. രണ്ടുപേര്‍ മരിച്ചു, രണ്ടുപേര്‍ മരിക്കാറായ സ്ഥിതിയിലാണ്. ആകെയൊരു ഭയത്തിന്റെ അന്തരീക്ഷം വരുന്നുണ്ട്. 

തളര്‍ന്നിട്ടും തളരാതെ
നിപയാണ് എന്നു പറഞ്ഞപ്പോള്‍ത്തന്നെ നിപയെക്കുറിച്ച് യാത്രയ്ക്കിടയില്‍ ഗൂഗിള്‍ ചെയ്തു കുറേയൊക്കെ ധാരണയുണ്ടാക്കി. എനിക്ക് നല്ലവണ്ണം പേടിയായി. കാരണം എല്ലാ വിവരങ്ങളിലും പറയുന്നത് ഇതിനു മരുന്നില്ല എന്നാണ്. രോഗലക്ഷണത്തിനു ചികില്‍സിക്കുകയേ വഴിയുള്ളു. മരുന്നു കണ്ടുപിടിച്ചിട്ടില്ല. കോഴിക്കോട്ട് എത്തുന്തോറും പേടി കൂടാന്‍ തുടങ്ങി. മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത രോഗത്തെ എങ്ങനെ നേരിടും. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലും കൂടി പരിശോധിച്ചു സ്ഥിരീകരിച്ച ശേഷമേ നിപയാണെന്ന വിവരം മാധ്യമങ്ങളോടു പറയാന്‍ പാടുള്ളു എന്നു തീരുമാനിച്ചു. പിറ്റേന്നാണ് ഫലം വരിക. വെളിപ്പെടുത്തിയില്ലെങ്കിലും ഞങ്ങളുടെ മനസ്സില്‍ നിപയായിരുന്നതുകൊണ്ട് നല്ല രീതിയില്‍ മുന്‍കരുതല്‍ നടപടികളെടുക്കാന്‍ യോഗത്തിനെത്തിയ മെഡിക്കല്‍ ഓഫീസര്‍മാരോട് പറഞ്ഞു. അവരോടും പറഞ്ഞത് അപൂര്‍വ്വ വൈറസാണ്, വളരെ പെട്ടെന്നു പടരുന്ന ഇനമാണ്, എന്താണെന്നു നാളെയേ അറിയൂ എന്നാണ്. പേടിക്കേണ്ടതാണ് എന്ന അലര്‍ട്ട് കൊടുത്തു. 

യോഗം കഴിഞ്ഞ് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴും അപൂര്‍വ്വ വൈറസാണെന്നു കാണുന്നുവെന്നാണ് പറഞ്ഞത്. വളരെ വേഗം പകരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഞങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ദ്രുതകര്‍മ്മ സംഘം രൂപീകരിച്ചു, നാളെ ഇന്നയിന്ന കാര്യങ്ങള്‍ ചെയ്യാന്‍ പോവുകയാണ് എന്ന്. കൊച്ചിന്‍ കാന്‍സര്‍ സെന്ററിന്റെ പരിപാടി കഴിഞ്ഞു പിറ്റേന്ന് ഇടുക്കിയിലാണ് എനിക്ക് പരിപാടി നിശ്ചയിച്ചിരുന്നത്. എറണാകുളത്തായിരിക്കുമ്പോള്‍ത്തന്നെ നിപയാണെന്നു സ്ഥിരീകരിച്ചതായി അറിയിച്ച് ഡോ. അരുണിന്റെ വിളി വന്നു. അതുവരെ ചെറിയൊരു പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. നിപ അല്ലെങ്കിലോ എന്ന്. നിപയാണെങ്കില്‍ ആദ്യം മരിച്ചയാളുമായി സമ്പര്‍ക്കമുണ്ടായവര്‍ എവിടെയൊക്കെ പോയിട്ടുണ്ടാകും, രോഗം ബാധിച്ചവരെ ചികില്‍സിച്ചവരുടെ സ്ഥിതിയെന്താകും ഇതെല്ലാം ആലോചിച്ച് ഭയമങ്ങ് വല്ലാതെ ബാധിച്ചു. അപ്പോള്‍ത്തന്നെ ഇടുക്കി പരിപാടി റദ്ദാക്കിയിട്ട് മുഖ്യമന്ത്രിയെ വിളിച്ചു കാര്യത്തിന്റെ ഗൗരവം വിശദീകരിച്ചു. അതുകൊണ്ട് കോഴിക്കോട്ടേയ്ക്ക് തിരിച്ചു പോവുകയാണെന്നും ഇടുക്കിയിലും അതിന്റെ അടുത്ത ദിവസം ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പു പരിപാടിക്കും പോകില്ലെന്നും പറഞ്ഞു. അങ്ങനെതന്നെ ചെയ്യാന്‍ അദ്ദേഹം സമ്മതിച്ചു. ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനേയും അറിയിച്ചു. അദ്ദേഹത്തോട് തല്‍ക്കാലം കോഴിക്കോട്ടേയ്ക്ക് വരുന്നതിനു പകരം തലസ്ഥാനത്തു നിന്നു ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. ഡി.എച്ച്.എസ്സിനെ കോഴിക്കോട്ട് തന്നെ നിര്‍ത്തുന്നതുള്‍പ്പെടെ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹം പ്ലാനിങില്‍ വലിയ സമര്‍ത്ഥനാണ്. മിനിസ്റ്റര്‍ കോഴിക്കോട്ടെത്തുമ്പോഴേയ്ക്കും കാര്യങ്ങളെല്ലാം കൃത്യമായ ആസൂത്രണത്തിലായിരിക്കും എന്നായിരുന്നു പ്രതികരണം. 

നിപയാണ് എന്ന വിവരം മാധ്യമങ്ങളെ അറിയിച്ചുകൊള്ളാന്‍ ഡോ. സരിതയെ വിളിച്ചു പറഞ്ഞു. ഇനി ഞാന്‍ മാധ്യമങ്ങളെ വിളിച്ചുകൂട്ടി വരുമ്പോഴേയ്ക്കും സമയം പോകും. എത്രയും വേഗം കോഴിക്കോട്ടെത്താനാണ് ശ്രമം. സരിത മാധ്യമങ്ങളോട് കാര്യം പറഞ്ഞു, ഇത് നിപയാണ്. അപ്പോഴേയ്ക്കും നാട്ടിലൊക്കെ വലിയ കോലാഹലമായി. 21-നു രാവിലെ ഞാന്‍ എത്തുമ്പോള്‍ എല്ലാം കൂടി ആകെ പരിഭ്രാന്തിയിലും വേവലാതിയിലുമാണ്. മാധ്യമങ്ങളെല്ലാം ഗസ്റ്റ്ഹൗസില്‍ കാത്തുനില്‍ക്കുന്നു, നാട്ടില്‍ ഭയങ്കര ബഹളം. ടി.പി. രാമകൃഷ്‌ണേട്ടനുമുണ്ട്. നമുക്ക് ചങ്ങരോത്തേയ്ക്ക് പോകാമെന്നു പറഞ്ഞു. അവിടെ പഞ്ചായത്ത് ഓഫീസില്‍ ജനങ്ങള്‍ തടിച്ചുകൂടിയിരിക്കുകയാണ്. അപ്പോളോ ആശുപത്രി മൈക്രോബയോളജി വകുപ്പ് പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗത്തിലെ പ്രൊഫ. ഡോ. ഗഫൂര്‍ അന്ന് കോഴിക്കോട്ടുണ്ട്. വേറൊരു ആവശ്യത്തിനു വന്ന അദ്ദേഹം ഞാനിവിടെയുണ്ടെന്ന് അറിഞ്ഞ് വിളിച്ചു.

നല്ല സമയത്താണ് വന്നതെന്നു പറഞ്ഞ് ഡോ. ഗഫൂറിനേയും വിളിച്ചു വരുത്തി. ഞങ്ങളെല്ലാം കൂടിയാണ് ചങ്ങരോത്തേക്ക് പോയത്. മന്ത്രി ടി.പി. രാമകൃഷ്ണന്‍, ഡോ. സരിത, ഡോ. അരുണ്‍, ഡോ. ഗഫൂര്‍, ഡോ. ജയശ്രീ. ആളുകള്‍ ഭയങ്കര വേവലാതിയിലാണ്, ഇപ്പോള്‍ മരിച്ചുപോകും എന്ന പേടി. വായുവിലൂടെ പകരുമോ വെള്ളത്തിലൂടെ പകരുമോ എന്നൊക്കെ ഭയം. അപ്പോഴേയ്ക്കും കേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ ആളുകളും എത്തി. കാര്യം മനസ്സിലാക്കി നമ്മള്‍ വിളിച്ച 19-നു തന്നെ ഒരു സംഘം പുറപ്പെട്ടതാണ്. 

സംഘശക്തി
നാട്ടുകാരുടെ സംശയങ്ങള്‍ക്കെല്ലാം വിദഗ്ദ്ധര്‍ മറുപടി നല്‍കി. വായുവില്‍ നിന്നുണ്ടാകുന്നതാണോ എന്നാണ് ഒരു സംശയം. വായുവില്‍ നിന്നുണ്ടാകുന്നതല്ല, പക്ഷേ, അടുത്തുനിന്നു ചുമയ്ക്കുകയും തുമ്മുകയുമൊക്കെ ചെയ്തു തെറിച്ചാല്‍ ഉറപ്പായും രോഗമുണ്ടാകും. അതുകൊണ്ട് രോഗിയുമായി അടുത്തു സഹവസിക്കുമ്പോള്‍ ശ്രദ്ധിക്കണം എന്നു പറഞ്ഞു. എന്നുവച്ച് ഒരു വീട്ടില്‍ രോഗിയുണ്ടെങ്കില്‍ അടുത്ത വീട്ടിലുള്ളവര്‍ക്ക് കുഴപ്പമൊന്നുമില്ല. മരുന്നില്ല എന്ന സത്യം പറയേണ്ടിവന്നു. പക്ഷേ, പേടിക്കേണ്ടതില്ലെന്നും ലക്ഷണങ്ങള്‍ക്കെല്ലാം മരുന്നുണ്ടെന്നും പറഞ്ഞു. പനിക്ക് മരുന്നുണ്ട്, തലവേദനയ്ക്ക് മരുന്നുണ്ട്, ഛര്‍ദ്ദിക്ക് മരുന്നുണ്ട്. ഇതെല്ലാം കൊടുത്ത് ഇതു കുറച്ചുകൊണ്ടുവന്നിട്ട് ശരീരത്തിന്റെ പ്രതിരോധശേഷി പരമാവധി വര്‍ധിപ്പിച്ച് രക്ഷപ്പെടുത്താന്‍ പറ്റും. തൊട്ടടുത്ത പഞ്ചായത്തിലും ആശാവര്‍ക്കര്‍മാരേയും കുടുംബശ്രീ പ്രവര്‍ത്തകരെയുമൊക്കെ വിളിച്ച് യോഗം നടത്തി. ആരോഗ്യവകുപ്പ് സജ്ജമാണ്, ധൈര്യമായിരുന്നോളൂ എന്നു പറഞ്ഞു. ആരോഗ്യവകുപ്പ് ശരിക്കും സജ്ജമാകുക തന്നെയായിരുന്നു. എബോള രോഗമുണ്ടായ സ്ഥലത്തെ പ്രവര്‍ത്തനരീതി സംഹിത (പ്രൊട്ടൊക്കോള്‍) വച്ച് ഇവിടെയും ഒരു രീതിയങ്ങ് സ്വീകരിച്ചു. അതിന്റെ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്വീകരിച്ചു. എങ്ങനെയാണ് രോഗിയെ കൈകാര്യം ചെയ്യേണ്ടത്, എങ്ങനെയാണ് സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കേണ്ടത്, എന്തൊക്കെയാണ് സുരക്ഷാ ഉപകരണങ്ങള്‍, എങ്ങനെയാണ് മരുന്നു കൊടുക്കേണ്ടത്, എങ്ങനെയാണ് രോഗിയെ മാറ്റേണ്ടത്, രോഗികളുമായുള്ള സമ്പര്‍ക്കം മനസ്സിലാക്കേണ്ടത് എങ്ങനെയാണ് എന്നിങ്ങനെ എല്ലാം. കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലുള്ളവരെ വിളിച്ചുകൂട്ടി സമ്പര്‍ക്കമുള്ളവരുടെ വിവരശേഖരണം തുടങ്ങി. അതിന് സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രയോജനപ്പെടുത്തി. ഇവര്‍ ആരോടൊക്കെ മിണ്ടി, ആരെയൊക്കെ കണ്ടു, രോഗിയുടെ അടുത്ത കിടക്കയിലെ രോഗി ആരായിരുന്നു, എന്തായിരുന്നു രോഗം എന്നിങ്ങനെ എല്ലാം നോക്കി 24 മണിക്കൂറുകൊണ്ട് രോഗിയുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായ എല്ലാവരേയും കണ്ടുപിടിച്ചു. അവരുമായുള്ള സംസര്‍ഗ്ഗം വിലക്കി. മെഡിക്കല്‍ കോളേജില്‍ രോഗികളെ ഒറ്റയ്ക്കു പാര്‍പ്പിച്ച് ചികില്‍സിക്കുന്ന ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചു, സമീപത്തെ എല്ലാ ആശുപത്രികളിലും പനി ഒ.പി വേറെയാക്കി. ഈ പറയുന്ന ലക്ഷണങ്ങളുള്ളവരെ അപ്പോള്‍ത്തന്നെ മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ സജ്ജമാക്കി. ഐ.സി.എം.ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) സംഘത്തെക്കൊണ്ട് ആശുപത്രി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. വളരെ പെട്ടെന്നുതന്നെ കണിശമായ ആസൂത്രിത പ്രവര്‍ത്തനങ്ങളിലേക്ക് പോയി. അതിനിടയില്‍ത്തന്നെ ജനങ്ങളില്‍ ആത്മവിശ്വാസവും ജാഗ്രതയും ഉണ്ടാക്കാനുതകുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം ലഘുലേഖകള്‍ അച്ചടിച്ച് ആശാവര്‍ക്കര്‍മാരും മറ്റും മുഖേന ജനങ്ങള്‍ക്ക് വിതരണം ചെയ്തു. ഇങ്ങനെ ഒരു വശത്ത് പ്രവര്‍ത്തനങ്ങളും മറുവശത്ത് പ്രചാരണ പരിപാടികളുമായി നീങ്ങി. 

അതിനിടെ ആളുകള്‍ ഓരോരുത്തരായി മരിക്കാന്‍ തുടങ്ങി. ഓരോ മരണം വരുമ്പോഴും ഞങ്ങളാകെ അസ്വസ്ഥരാകും. പക്ഷേ, മാധ്യമങ്ങളോടു പറഞ്ഞു: നിങ്ങള്‍ വേറൊന്നും കൊടുക്കരുത്. എല്ലാ ദിവസവും വൈകുന്നേരം ആറിന് അന്നത്തെ പ്രവര്‍ത്തനം അവലോകനം ചെയ്തിട്ട് ഏഴിനു മാധ്യമങ്ങളെ കാണും. അതേ വാര്‍ത്തയാക്കാവൂ. ഞങ്ങളൊന്നും ഒളിച്ചുവയ്ക്കില്ല, എത്ര പേരെ സംശയത്തിന്റെ പേരില്‍ കൊണ്ടുവന്നുവെന്ന് ഉള്‍പ്പെടെ. കൃത്യമായ വിവരങ്ങള്‍ ഇങ്ങനെ കൊടുക്കാന്‍ തുടങ്ങി. അങ്ങനെ 18 പേര്‍ക്ക് രോഗബാധ കണ്ടെത്തി. അതായത് പരിശോധനാ ഫലം പോസിറ്റീവായുള്ളവര്‍. മെഡിക്കല്‍ കോളേജില്‍ സാബിത്ത് വന്ന സമയത്ത് പരിസരത്ത് വന്നവരാണ് മിക്കവാറും. 

മലപ്പുറത്ത് മൂന്നു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. സാബിത്തിനു പനി വന്നു പകരാന്‍ ഇടയുള്ള ആ കാലയളവില്‍ മെഡിക്കല്‍ കോളേജില്‍ മരിച്ച എല്ലാവരുടേയും രേഖകള്‍ പരിശോധിച്ചു. മലപ്പുറത്തുള്ളവരുണ്ടോ എന്ന്. മെഡിക്കല്‍ കോളേജില്‍ ആ സമയത്ത് അത്യാസന്ന നിലയിലായിരുന്ന മുഴുവന്‍ പേരുടേയും സാമ്പിളുകള്‍ പരിശോധയനയ്ക്ക് അയച്ചു. 22-നു രാവിലെയാണ് മലപ്പുറത്തെ മരണങ്ങള്‍ അറിയുന്നത്. അപ്പോള്‍ത്തന്നെ അങ്ങോട്ട് ഒരു സംഘം പോയി. കോഴിക്കോട്ടെപ്പോലെതന്നെ ഒരു യുദ്ധമുഖം അവിടെയും തുറന്നു. ശരിക്കും യുദ്ധമുഖം തന്നെ. ദ്രുതകര്‍മ്മ സംഘവും രോഗികളുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തല്‍, സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാനുള്ള പരിശീലനം, ഐസൊലേഷന്‍ വാര്‍ഡ് തുടങ്ങി എല്ലാം സജ്ജീകരിച്ചു. മലപ്പുറം കോഴിക്കോടു പോലെയല്ല, കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവര്‍ക്കെങ്ങാനും രോഗം വന്നിട്ടുണ്ടെങ്കില്‍ പിടിച്ചാല്‍ കിട്ടില്ല; എവിടെച്ചെന്നു നില്‍ക്കുമെന്ന് അറിയില്ല. അതിനിടെ വിദഗ്ദ്ധര്‍ ഞങ്ങളോട് പറഞ്ഞു, എത്ര കുറഞ്ഞാലും 75 പേരെങ്കിലും മരിക്കും. അതില്‍ കുറഞ്ഞുകിട്ടാന്‍ ബുദ്ധിമുട്ടാണ്. ഒരു രണ്ടാമതൊരു വലിയ വ്യാപനം ഉണ്ടാകും, സാബിത്തുമായും മറ്റും സമ്പര്‍ക്കമുണ്ടായവര്‍ക്ക് രോഗം കിട്ടിയിട്ടുണ്ടെങ്കില്‍ അവരില്‍നിന്നു പകര്‍ന്ന ഒരു 'രണ്ടാം തലമുറ' ഉണ്ടാകും, അതു കുറച്ചു  കൂടുതലായിരിക്കും എന്നാണ് പറഞ്ഞത്. രണ്ടാമതൊരു വ്യാപനമുണ്ടായില്ലെങ്കിലും കുറെ പേരിലെങ്കിലും ഉണ്ടാകും എന്നൊരു വിലയിരുത്തലാണ് ഞങ്ങള്‍ക്കുണ്ടായത്. സാബിത്ത് മുതല്‍ ഒരു സ്രോതസ്സില്‍നിന്നു രോഗം കിട്ടിയ 14 പേര്, അവരിലൊരാളില്‍നിന്നു പകര്‍ന്ന അവസാനത്തെ ഒരാള്‍. അത് അവിടെ ഒതുങ്ങി. അധികം പോയില്ല. പെട്ടെന്നുതന്നെ സംസര്‍ഗ്ഗം തടഞ്ഞു ചെറിയ ലക്ഷണം കണ്ടാല്‍ത്തന്നെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയൊക്കെയാണ് അങ്ങനെ നിര്‍ത്തിയത്. രണ്ടു ജീവനക്കാരെ രക്ഷിക്കാനായത് അങ്ങനെയാണ്. വളരെ പെട്ടെന്നുതന്നെ ആശുപത്രിയൊക്കെ ശുചീകരിച്ചു. ആശുപത്രിയില്‍നിന്നു മറ്റൊരാള്‍ക്ക് പകരാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്തു. 

വിയോഗങ്ങളും ഒരു കബറടക്കവും
സിസ്റ്റര്‍ ലിനിയുടെ മരണമുണ്ടായത് 17-നും 22-നും ഇടയിലുള്ള ദിവസങ്ങളില്‍ 21-നാണ്. ലിനിക്ക് സുഖമില്ലാതെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി എന്നറിഞ്ഞപ്പോള്‍ ശരിക്കും പേടിച്ചു. ഇനിയെത്ര ജീവനക്കാര്‍ക്കു പകര്‍ന്നിട്ടുണ്ടാകും എന്ന്. ലക്ഷണങ്ങള്‍ വളരെ രൂക്ഷമായി വരുന്ന സമയത്താണ് പകരുന്നത് എന്നാണ് നിപ വൈറസിന്റെ പ്രത്യേകത. എപ്പോഴും പകരില്ല. അങ്ങനെയാണ് സാബിത്തിനെ ശുശ്രൂഷിച്ച ലിനിക്ക് പകര്‍ന്നത്. രോഗം വന്നതു മുഴുവന്‍ സമ്പര്‍ക്കമുണ്ടായതിന്റെ 10 മുതല്‍ 15 ദിവസത്തിനുള്ളിലാണ്. 10 ദിവസം കഴിഞ്ഞപ്പോള്‍ ലിനിക്ക് ചെറിയ ചുമയൊക്കെയായിട്ട് രോഗലക്ഷണമുണ്ടായി. സീരിയസായപ്പോള്‍ ആ കുട്ടിക്കുതന്നെ മനസ്സിലായി. അപ്പോഴേയ്ക്കും നിപയെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലായിടത്തും അറിഞ്ഞല്ലോ. പ്രത്യേക വാര്‍ഡില്‍ കിടക്കാനുള്ള സന്നദ്ധത ലിനി തന്നെ അറിയിക്കുകയായിരുന്നല്ലോ. പക്ഷേ, രക്ഷിക്കാന്‍ പറ്റിയില്ല. അവള്‍ മരിച്ചപ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ പേടിക്കുന്ന നിലയിലേക്കു പോയി. ചിലയാളുകള്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയും വന്നു. പ്രിന്‍സിപ്പല്‍ പറഞ്ഞു, മെഡിക്കല്‍ ഒരു യോഗം വിളിക്കണം, മേഡം അങ്ങോട്ട് വരണം. അവിടെ എല്ലാവര്‍ക്കും പരിശീലനം കിട്ടിയവരല്ലല്ലോ. ഐ.സി.എം.ആര്‍ ടീം വന്നു പരിശീലനം കൊടുത്തവരല്ലേയുള്ളു. ഞാനും ആരോഗ്യ സെക്രട്ടറിയും കൂടി അവിടെ ചെല്ലുമ്പോള്‍ വളരെധികം ജീവനക്കാര്‍ക്കും വലിയ ഭയമാണ്. രോഗബാധിതരെ ചികില്‍സിക്കാന്‍ പ്രത്യേക വാര്‍ഡില്‍ പോകുന്നവര്‍ തന്നെ വളരെ സങ്കടകരമായി യാത്ര പറയുന്ന മൂഡിലാണ്. ഭാര്യയും മക്കളെയുമൊക്കെ വീട്ടിലേക്ക് പറഞ്ഞയച്ചിട്ടാണ് വന്നത് മേഡം, ഞങ്ങളെന്തിനും തയ്യാറാണ് എന്നൊക്കെ പറഞ്ഞു. കുറെപ്പേര് മരിക്കാനായി ഇറങ്ങിയിരിക്കുന്നതുപോലെയാണ്, ആത്മത്യാഗമാണ്. പലരം മാസ്‌ക്കൊക്കെ ധരിച്ചാണ് യോഗത്തിനു വന്നത്. ഞങ്ങള്‍ മാസ്‌ക്ക് ധരിച്ചിട്ടുമില്ല. നിങ്ങള്‍ ഡോക്ടര്‍മാരും നഴ്സുമാരുമല്ലേ, കാര്യങ്ങളറിയാമല്ലോ. അതുകൊണ്ട് അങ്ങനെയൊന്നും ഭയക്കേണ്ട എന്നു ഞങ്ങള്‍ പറഞ്ഞു. മാസ്‌ക്ക് കിട്ടാതെ രോഗിയുടെ അടുത്ത് പോകാന്‍ പാടില്ലെന്നേയുള്ളു. അങ്ങനെ അവിടെ പേടി മാറ്റി എല്ലാവരും ഒറ്റക്കെട്ടായി തീരുമാനമെടുത്തു, നേരിടുകതന്നെ ചെയ്യും. കൂട്ടായ്മ വന്നപ്പോഴേയ്ക്കും നല്ല ആത്മവിശ്വാസമായി. എന്തു വേണമെങ്കിലും ചെയ്‌തോളൂ, പണത്തിന്റെ കാര്യമൊന്നും നോക്കണ്ട എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സുരക്ഷാ ഉപകരണങ്ങള്‍ക്ക് ക്ഷാമമായി. വഴിയേ പോകുന്നവരൊക്കെ മാസ്‌ക്കും കെട്ടി പോവുകയാണ്. സ്വകാര്യ കടക്കാര് ഇതിനു വിലയും കൂട്ടി. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഇതു ധരിക്കേണ്ട കാര്യമില്ല. ഏതായാലും ലിനി മരിച്ചു. ഇനി മറ്റൊരു സ്റ്റാഫിനെ മരണത്തിനു കൊടുക്കരുത് എന്നു കരുതിയാണ് നല്ല പരിശീലനം കൊടുത്തത്. 

മരണങ്ങള്‍ വന്നപ്പോഴാണ് അതിനെക്കാള്‍ വലിയ പ്രശ്‌നം. മൃതദേഹം എന്തു ചെയ്യും. എബോള പടര്‍ന്ന സ്ഥലങ്ങളില്‍ എന്താ ചെയ്തതെന്നു നോക്കി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നില്ല, ദഹിപ്പിക്കുകയാണ് ചെയ്തത്. അതുതന്നെ ഇവിടെയും ചെയ്യാന്‍ തീരുമാനിച്ചു. ലിനിയുടെ മൃതദേഹം വൈദ്യുത ശ്മശാനത്തിലാണ് സംസ്‌ക്കരിക്കാന്‍ തീരുമാനിച്ചത്. നോക്കുമ്പോള്‍ അതിനെന്തോ തകരാറ്. അപ്പോഴെല്ലാം അനുഭവിക്കുന്ന ടെന്‍ഷനുണ്ട്. പാലക്കാടുള്ള ഐവര്‍ മഠം വൈദ്യുത ശ്മശാനത്തിന്റെ ഒരു മൊബൈല്‍ യൂണിറ്റ് കോഴിക്കോട്ട് വരുത്തി. കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഓഫീസര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ സജ്ജീകരണം ചെയ്തു. ആളുകള്‍ക്ക് തൊടാന്‍ പേടിയുള്ള മൃതദേഹങ്ങളാണ് രണ്ടുകൈയും നീട്ടി ഏറ്റുവാങ്ങി കൊണ്ടുപോയി സംസ്‌ക്കരിക്കുന്നത് എന്നോര്‍ക്കണം. മരിച്ചവരുടെ ബന്ധുക്കളെ മൃതദേഹം കൈമാറാതിരിക്കുന്ന സാഹചര്യം ബോധ്യപ്പെടുത്തുക എന്നത് നിസ്സാരമായി ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. ഒരു നോക്ക് കാണാന്‍പോലും പറ്റാത്തത് വലിയ വൈകാരിക പ്രശ്‌നമാണ്. പോളിത്തീന്‍ കവറില്‍ സുരക്ഷിതമായി പൊതിഞ്ഞാണല്ലോ ആശുപത്രിയില്‍നിന്ന് എത്തിക്കുക. പിന്നെ മുഖം കാണിക്കാനായി അഴിക്കില്ല. മൂസ മരിച്ചപ്പോള്‍ പ്രശ്‌നം പിന്നെയും ഗുരുതരമായി. ഇസ്ലാമികാചാര പ്രകാരം മൃതദേഹം കത്തിക്കാന്‍ പാടില്ല. കബറടക്കാന്‍ എവിടെയെങ്കിലും സമ്മതിക്കുമോ എന്ന് ഉദ്യോഗസ്ഥര്‍ക്കെല്ലാം പേടി. അങ്ങനെ അടക്കാനും പറ്റില്ലല്ലോ. എബോള പ്രൊട്ടോക്കോള്‍ നോക്കിയപ്പോള്‍ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌ക്കരിക്കാം എന്നു കണ്ടു. ആറടിക്ക് പകരം പത്തടിയിലേറെ താഴ്ത്തിയിട്ട് രാസവസ്തുക്കളൊക്കെ ഇട്ടിട്ട് കബറടക്കാം. അങ്ങനെ ചെയ്യാന്‍ ടൗണിലെ ഒരു പള്ളി ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചു. പക്ഷേ, അതിന്റെ ചുറ്റുമുള്ള നാട്ടുകാര്‍ സംഘടിതരായി ഇങ്ങോട്ടു വന്നു. അനുവദിക്കില്ല എന്ന്. മൃതദേഹം എടുത്തുകൊണ്ടുപോകാന്‍പോലും ആരുമില്ലാത്ത അവസ്ഥ. മുസ്ലിം സമുദായത്തിനു കബറടക്കുന്നതിനു മുന്‍പ് പ്രാര്‍ത്ഥനയുണ്ട്. മയ്യിത്ത് നമസ്‌ക്കാരം. അതൊക്കെ നടത്താതെ അടക്കുന്നതില്‍ ബന്ധുക്കള്‍ക്ക് സങ്കടം.

അവസാനം നമ്മള്‍ തന്നെ സമുദായ നേതാക്കളുമായി സംസാരിച്ചു. പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടി സാഹിബിനേയും മുനീറിനേയുമൊക്കെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു. സംസ്‌ക്കരിച്ചേ മതിയാകൂ, ഇടപെടണം. ആളുകളുമായി സംസാരിച്ചിട്ട് തിരിച്ചുവിളിക്കാം എന്ന് അവര്‍ പറഞ്ഞു. അങ്ങനെ ബോധ്യപ്പെടുത്തി മതാചാരങ്ങളൊക്കെ ലഘൂകരിച്ച് കബറടക്കി. കബറിനു ദൂരെനിന്നു മാത്രം നമസ്‌ക്കരിക്കാന്‍ സംവിധാനമുണ്ടാക്കി. ആഴത്തില്‍ സംസ്‌ക്കരിച്ചു. അങ്ങനെ ആ പ്രശ്‌നം പരിഹരിച്ചു. 

മരുന്നു വരുന്നു
ഇതിനിടെ ഓരോ ദിവസവും മരണങ്ങളായതോടെ സംശയത്തിന്റെ ഭാഗമായി ആളുകള്‍ വിളിയോടു വിളി. കോഴിക്കോടിനും മലപ്പുറത്തിനും പുറത്തുനിന്നാണ് വിളികള്‍. എവിടെയെങ്കിലും ഒരാള്‍ ചുമച്ചാല്‍ ഉടന്‍ ആശുപത്രിയില്‍ അഡ്മിറ്റാവുക, എന്നിട്ട് വിളിക്കുക. ഞങ്ങളാരും ഫോണ്‍ താഴെ വച്ചിട്ടില്ല, ഉറങ്ങിയിട്ടുമില്ല. രാത്രി രണ്ടുമണിക്കൊക്കെ വിളിക്കും. ചുമയുണ്ട്, ഛര്‍ദ്ദിയുമുണ്ട്, നിപയാണോ എന്നു പേടി. ഹെല്‍പ് ലൈന്‍ കോള്‍ സെന്റര്‍ തുറന്ന് അത്തരം സാഹചര്യങ്ങളെയൊക്കെ കൈകാര്യം ചെയ്തു. ഞാന്‍ ഈ ദിവസങ്ങളിലൊക്കെ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ത്തന്നെ തങ്ങി. ഒരു ദിവസം മന്ത്രിസഭാ യോഗത്തിനുമാത്രം തിരുവനന്തപുരത്തു വന്നു മടങ്ങി. ടി.പി. രാമകൃഷ്‌ണേട്ടനും ഉണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ മന്ത്രി എ.കെ. ശശീന്ദ്രനും വന്നു. അതിനിടെ സര്‍വ്വകക്ഷി യോഗം വിളിച്ചു, പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു. വിവിധ വിഭാഗങ്ങളുടെ യോഗങ്ങള്‍ നടത്തി. കഴിയുന്നത്ര ഞാന്‍ പങ്കെടുത്തു, അല്ലാത്തതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. എല്ലാവരേയും ഊര്‍ജ്ജത്തോടെ നിലനിര്‍ത്തുകയായിരുന്നു ലക്ഷ്യം. ഒരു ടീം തളര്‍ന്നുപോയാല്‍ വേറൊരു ടീമിനെ ഇറക്കണം. ശരിക്കും ഒരു യുദ്ധരംഗം എങ്ങനെയാണോ അതുപോലെ ഓരോരുത്തര്‍ക്കും ഓരോ ചുമതലകള്‍ കൊടുത്തു. അതു കൃത്യമായി അവര്‍ നിര്‍വ്വഹിച്ചിട്ട് വൈകുന്നേരം ആറിനു റിപ്പോര്‍ട്ട് ചെയ്യണം. പകല്‍സമയം മുഴുവന്‍ ആ ചുമതല നിര്‍വ്വഹിച്ച് വൈകുന്നേരം അവരെല്ലാം ഫോളിനായി, അന്നത്തെ കുറവുകളെല്ലാം നോക്കി, അങ്ങനെ വളരെ വ്യവസ്ഥാപിതമായാണ് പ്രവര്‍ത്തിച്ചത്. 

അതിനിടെ മരുന്നിനായുള്ള അന്വേഷണവും ആരോഗ്യ സെക്രട്ടറി നടത്തുന്നുണ്ട്. മരുന്നില്ലെന്നാണല്ലോ പറയുന്നത്. നെറ്റിലൊക്കെ നോക്കിയപ്പോള്‍ റിബാവിറിന്‍ ടാബ്ലറ്റ് പറ്റുമെന്നു കണ്ടു. ഹൈദരാബാദിലെ ഒരു കമ്പനി മാത്രമാണ് ഇന്ത്യയില്‍ അത് ഉല്‍പ്പാദിപ്പിക്കുന്നത്. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന ആ കമ്പനിയുമായി ബന്ധപ്പെട്ട് റിബാവിറിന്‍ വാങ്ങി രോഗികള്‍ക്ക് കൊടുത്തു തുടങ്ങി. അതു കൈയിലുണ്ടെന്നുള്ള ആശ്വാസമായി. തീരെ ഒന്നുമില്ലാതില്ലല്ലോ. അതിനു 40 ശതമാനം ഫലപ്രാപ്തിയും കുറേ പാര്‍ശ്വഫലങ്ങളും പറയുന്നുണ്ട്. അങ്ങനെയൊരു ചെറിയ കച്ചിത്തുരുമ്പ്. അതുകഴിഞ്ഞ് സെക്രട്ടറി പറഞ്ഞു, ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്നൊരു മരുന്ന് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിന്റെ പക്കലുണ്ട്. അതു കണ്ടുപിടിച്ചത് ക്രിസ്റ്റഫര്‍ ഫ്‌ലോഡെറര്‍ എന്ന ശാസ്ത്രജ്ഞനാണ്. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്. അതിനു പേറ്റന്റൊന്നും എടുത്തിട്ടില്ല. അവിടെ കുതിരയില്‍ വന്ന ഹെന്‍ട്രാ നിപ എന്നൊരു വൈറസുണ്ട്. ചുരുക്കി അവര്‍ ഹെനിപ വൈറസ് എന്നാണ് പറയുന്നത്. ഹെനിപ വൈറസ് ആക്രമണം ഉണ്ടായപ്പോള്‍ കുതികള്‍ക്ക് കൊടുത്ത് ഫലം കണ്ടു. 13 മനുഷ്യര്‍ക്ക് ഇതു കൊടുത്തിട്ട് ആ 13 പേരും രക്ഷപ്പെട്ടു. ആ കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞ് അനുമതി വാങ്ങി. കേന്ദ്ര ഗവണ്‍മെന്റ് വഴിയേ കിട്ടുകയുള്ളു. ഉടനെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു. എന്തു വേണമെങ്കിലും ചെയ്യാം എന്നു പറഞ്ഞ് അദ്ദേഹം ഉടനേ തന്നെ ഐ.സി.എം.ആറിനെക്കൊണ്ട് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിന് എഴുതിച്ചു. കോണ്‍സുലേറ്റ് മുഖേന അവര്‍ നമ്മളുമായി ബന്ധപ്പെട്ടിട്ട് മരുന്നു തരാന്‍ സമ്മതിച്ചു. ഇവിടെ ഡ്രഗ് കണ്‍ട്രോളറുടെ അനുമതി വേണം. സാധാരണ അപേക്ഷിച്ചാല്‍ മൂന്നു മാസം കഴിയും മറ്റൊരു രാജ്യത്തുനിന്നു മരുന്ന് എത്തിക്കാനുള്ള അനുമതി കിട്ടാന്‍. പക്ഷേ, 24 മണിക്കൂറിനുള്ളില്‍ എന്‍.ഒ.സി കൊടുത്തു. അങ്ങനെ വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ച് കോഴിക്കോട്ടേയ്ക്ക് കൊണ്ടുവന്നു. അതു വരുമ്പോഴേയ്ക്കും പക്ഷേ, പുതിയ രോഗമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് അത് ഐ.സി.എം.ആറിന്റെ കൈയില്‍ സൂക്ഷിക്കാന്‍ കൊടുത്തിരിക്കുന്നു. 

തിരിച്ചുവരവ് സാധ്യത
രോഗനിയന്ത്രണത്തിന്റെ എല്ലാ സാധ്യതകളും നമ്മള്‍ നോക്കി. ബംഗ്ലാദേശില്‍ എന്തു ചെയ്തു, സിലിഗുരിയില്‍ എന്താ ചെയ്തത് ഇതെല്ലാം ഞങ്ങള്‍ അന്വേഷിച്ചുകൊണ്ടാണിരുന്നത്. വെറ്ററിനറിക്കാരേയും വനം വകുപ്പുകാരേയും വിളിച്ചുവരുത്തി വവ്വാലിനെ പരിശോധിക്കാന്‍ ഒരു ഭാഗത്ത് പുറപ്പെട്ടു. ഓരോ ദിവസവും മണിപ്പാലില്‍നിന്നുള്ള ഫലം വരുമ്പോള്‍ ചങ്കിടിപ്പാണ്. പരീക്ഷയുടെ ഫലം നോക്കുന്നതുപോലെയുള്ള ആകാംക്ഷ, എന്റെയും ആരോഗ്യ സെക്രട്ടറിയുടേയും ഡി.എച്ച്.എസ്സിന്റേയും മെയിലില്‍ വരും. ചുവന്ന വര കാണല്ലേ എന്നാഗ്രഹിച്ചാണ് അതു തുറക്കുക; പോസിറ്റീവ് കാണല്ലേ എന്നുവച്ച്. ചിലതെല്ലാം പോസിറ്റീവ് വന്നു. അതില്‍ രണ്ടാളൊഴികെ മരിച്ചു. പരിശോധനാ ഫലം നെഗറ്റീവ് എന്നു കണ്ടാല്‍ അതൊരു സമാധാനമായി. മെയ് 25 കഴിഞ്ഞു പിന്നെ വരുന്ന ഫലമെല്ലാം നെഗറ്റീവായി. രണ്ടാം ഘട്ടം അങ്ങനെ വരില്ലാന്നുള്ളത് 27-ഓടു കൂടി ഏതാണ്ട് ബോധ്യമായി. പക്ഷേ, 42 ദിവസത്തെ ഇന്‍കുബേഷന്‍ പീര്യഡ് ഉള്ളതുകൊണ്ട് ശരിക്കും ജൂണ്‍ 30 കഴിഞ്ഞാലേ അവസാന വാക്ക് പറയാന്‍ പറ്റുകയുള്ളു. 

തിരിച്ചുവരവ് ഇതിന്റെയൊരു തുടര്‍വ്യാപനമായി ഇനി ഉണ്ടാകില്ല. പക്ഷേ, അടുത്ത കൊല്ലവും ഇതേ സമയത്ത് ഉണ്ടാകാം. അതുകൊണ്ട് ഡിസംബര്‍ മുതല്‍ മെയ് വരെ ഇതിനെ പ്രതീക്ഷിക്കണം എന്ന് ഇത്തവണ തന്നെ ഞങ്ങള്‍ ആശുപത്രികള്‍ക്കെല്ലാം മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ചെറിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ ആശുപത്രിയിലെത്തിക്കാനും ചികില്‍സ തേടാനുമുള്ള സൗകര്യങ്ങള്‍ ചെയ്യും. ഇപ്പോള്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഒരു രണ്ടാം ഘട്ടംതന്നെ അന്നും ചെയ്യേണ്ടിവരും. ഇനിയിപ്പോള്‍ നമുക്കൊരു ആശ്വാസമായി. ഒരു സിസ്റ്റമുണ്ടല്ലോ, അതു പെട്ടെന്നു വിളിച്ചുകൂട്ടിയാല്‍ മതി. ഇനി വന്നാലും നേരിടും എന്നൊരു ആത്മവിശ്വാസമായി. അറിയാതെയങ്ങ് പകര്‍ന്നുപോകുന്ന അവസ്ഥയില്ല. ഒരാള്‍ക്ക് വരുമ്പോള്‍ത്തന്നെ നമ്മളതു മനസ്സിലാക്കി നേരിടും. എങ്ങനെയാണ് നിപ വൈറസ് എത്തിയത് എന്ന അന്വേഷണവും ഗവേഷണങ്ങളും തുടരുകയും ചെയ്യും.

കേരള മോഡല്‍ മാറണം
നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു വിഷയമുണ്ട്. കേരള മോഡല്‍ എന്നു പറഞ്ഞ് നമ്മള്‍ മുന്‍പേ ആസൂത്രണം ചെയ്ത ഒരു കാര്യം എപ്പോഴത്തേക്കും നടപ്പാക്കാന്‍ കഴിയില്ല. നമ്മുടെ ജനസംഖ്യ വര്‍ധിച്ചിട്ടുണ്ട്, ജീവിതശൈലി മാറിയിട്ടുണ്ട്, കാലാവസ്ഥയില്‍ മാറ്റമുണ്ടായി, ലോകത്ത് ഒരുപാട് സാങ്കേതിക വളര്‍ച്ച വന്നു. കേരള മോഡല്‍ എന്ന പണ്ടേ ഉണ്ടാക്കിവച്ചതും പിടിച്ച് നമ്മള്‍ ഇരിക്കാന്‍ തുടങ്ങിയാല്‍ മൂക്കുകുത്തി വീണുപോകും. 
കുറച്ചുകാലമായി നമ്മള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മറന്ന മട്ടായിരുന്നു. 25000 മുതല്‍ 60000 വരെ ജനസംഖ്യയ്ക്കാണ് ഒരു പ്രാഥമികാരോഗ്യ കേന്ദ്രം. പിന്നെ സാമൂഹികാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഊന്നല്‍ കൊടുത്തത് പിഴച്ചു. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെ തേടിപ്പോകുന്ന അവസ്ഥയിലേക്ക് വന്നു. ഒരു ചെറിയ തലവേദന വന്നാല്‍പ്പോലും ജില്ലാ ആശുപത്രിയിലോ മെഡിക്കല്‍ കോളേജിലോ പോകും. അതുകൊണ്ടുതന്നെ നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുറച്ചുകാലമായി ഉച്ചവരെ മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി മാറി. ഒരു ഡോക്ടറേയുള്ളു. ആരും അവിടെ പോകുന്നില്ല. യഥാര്‍ത്ഥത്തില്‍ ഈ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വച്ചിട്ടാണ് ഇക്കണ്ട മനുഷ്യര്‍ക്ക് മുഴുവന്‍ പ്രമേഹമുണ്ടോ കൊളസ്‌ട്രോളുണ്ടോ രക്തസമ്മര്‍ദ്ദം കൂടുതലുണ്ടോ തൈറോയിഡുണ്ടോ മാനസിക രോഗമുണ്ടോ എന്നൊക്കെ പരിശോധിക്കേണ്ടത്. സ്പെഷലിസ്റ്റ് ഡോക്ടറുടെ അടുത്തുപോയി ക്യൂ നിന്നു തല്‍ക്കാലത്തേക്കുള്ള മരുന്നു വാങ്ങി വന്നാല്‍ പിന്നെയൊരു പരിശോധന ഇല്ലല്ലോ. റഫറല്‍ സംവിധാനം തകര്‍ന്നുപോയി, പ്രതിരോധത്തിന് ഊന്നല്‍ കൊടുക്കാതായി. ഇതൊന്നു മാറ്റണമെന്നാണ് ഗവണ്‍മെന്റ് ആഗ്രഹിച്ചത്. അതാണ് ആര്‍ദ്രം മിഷനിലൂടെ ചെയ്യാന്‍ തുടങ്ങുന്നത്. ഒറ്റ ഡോക്ടര്‍ ഉള്ളയിടത്ത് മൂന്നു ഡോക്ടര്‍മാരെ കൊടുക്കണം, നാല് സ്റ്റാഫ് നഴ്സിനെ കൊടുക്കണം, ലാബ് സജ്ജീകരിക്കണം, എല്ലാ പരിശോധനയും അവിടെ നടക്കണം. 

ഞങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരു മാതൃക ഉണ്ടാക്കി. എന്താകണം കുടുംബാരോഗ്യ കേന്ദ്രം. രോഗീസൗഹൃദപരമായിരിക്കണം, ആധുനികമായിരിക്കണം. അങ്ങനെ 170 എണ്ണം ആദ്യത്തെ വര്‍ഷം എടുത്തു. 230 പുതിയ തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ടാണ് തുടങ്ങിയത്. അടുത്ത വര്‍ഷം അഞ്ഞൂറെണ്ണം എടുക്കണം. അത്രയും തസ്തികകള്‍ സൃഷ്ടിച്ച് കിട്ടണം. ഇങ്ങനെയൊരു അടിസ്ഥാനമാക്കി ഗ്രാമത്തില്‍ത്തന്നെ ചികില്‍സ നല്‍കുന്നു. ആവശ്യമുള്ളവരെ മാത്രം മുകളിലെ ആശുപത്രികളിലേക്ക് വിടുക. ബാക്കിയുള്ളവരെ അവിടെത്തന്നെ ശുശ്രൂഷിക്കുക.
ആരോഗ്യത്തില്‍ മാത്രമല്ല, സാമൂഹികനീതി വകുപ്പിലും ഇത് ഉപയോഗപ്പെടുത്തി. സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങി. കുടുംബാരോഗ്യ കേന്ദ്രം ഇപ്പോള്‍ത്തന്നെ തുടങ്ങുന്നു. എല്ലാമൊന്നു പ്രവര്‍ത്തനസജ്ജമായി വരാന്‍ രണ്ടു വര്‍ഷമെടുക്കും. സമൂലമായ മാറ്റമുണ്ടാകും. കേരളമോഡലിനെ കാലത്തിനൊപ്പിച്ചു നവീകരിക്കുന്നു. കേരളം മാതൃകയാകണം, പണ്ടു മാതൃകയായിരുന്നുവെന്നു പറഞ്ഞ് എപ്പോഴും അതില്‍ത്തന്നെ നില്‍ക്കുകയല്ല വേണ്ടത്. 

 സങ്കടങ്ങള്‍; സന്തോഷങ്ങള്‍
രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടുതരത്തിലുള്ള വൈകാരിക അനുഭവങ്ങള്‍ ഉണ്ടായി. ഒന്നു വലിയ മനഃപ്രയാസമുണ്ടാക്കിയ കാര്യമാണ്; മറ്റൊന്നു ചെയ്യുന്ന കാര്യങ്ങള്‍ ഫലം കാണുന്നു എന്നതിന്റെ വലിയ ആത്മസംതൃപ്തി. മനഃപ്രയാസമുണ്ടാകാന്‍ കാരണം, എന്റേതല്ലാത്ത കുറ്റങ്ങള്‍ക്ക്, ഞാന്‍ യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്യാതെ എന്റെ മേല്‍ ആരോപണങ്ങള്‍ ഉണ്ടായതാണ്. വന്ന അന്നു മുതല്‍ ജനങ്ങള്‍ക്ക് ഉപകരിക്കുന്ന ചിലതു ചെയ്യണം എന്ന ആഗ്രഹത്തോടെ ചിലതു ചെയ്യാന്‍ പുറപ്പെട്ടു. ഒന്നും മോശം ചെയ്തില്ല. നല്ല ഫലം കിട്ടണമെങ്കില്‍ നമ്മള്‍ ചെയ്തു തുടങ്ങി ഒന്നോ രണ്ടോ കൊല്ലം കഴിയണ്ടേ. ഇതില്‍ ആദ്യത്തെ വര്‍ഷം ചാക്രിക മാറ്റത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ പകര്‍ച്ചവ്യാധി ഉണ്ടായതായി പ്രചരിപ്പിക്കപ്പെട്ട വര്‍ഷമാണ്. ഞങ്ങള്‍ അതിനെ നേരിടാന്‍ ഒരുങ്ങിയിരുന്നു, കഴിയുന്നത്ര ചെറുക്കാന്‍ തയ്യാറായി. നല്ല ശുചീകരണവും മാലിന്യനിര്‍മാര്‍ജ്ജനവും നടന്നാലേ കൊതുക് ഇല്ലാതാവുകയുള്ളു. പനി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടേയിരുന്നു. പക്ഷേ, മരണനിരക്ക് കുറയ്ക്കാന്‍ ഞങ്ങള്‍ അത്യുല്‍സാഹം ചെയ്തു. ഒരു ആശുപത്രിയില്‍പ്പോലും മരുന്നില്ലാത്ത അവസ്ഥയുണ്ടായില്ല. അതു നല്ല ശ്രമകരമായ പരിശ്രമത്തിലൂടെയായിരുന്നു. ഓഖിയൊക്കെ വന്നതുപോലെ ഒരു വരവായിരുന്നു അത്. തൊട്ടടുത്ത ശ്രീലങ്കയില്‍ അഞ്ഞൂറിലേറെപ്പേരാണ് ഡെങ്കു ബാധിച്ച് മരിച്ചത്. ഇവിടെ 39. എന്നിട്ടും ഞാന്‍ രാജിവയ്ക്കണം എന്നു പറഞ്ഞു പ്രതിപക്ഷം ബഹളമുണ്ടാക്കി. പകര്‍ച്ചവ്യാധികള്‍ ഉണ്ടായതുകൊണ്ട് മന്ത്രി രാജിവയ്ക്കണം. രാജി ആവശ്യം ഉന്നയിച്ച മറ്റൊന്ന് ബാലാവകാശ കമ്മിഷന്‍ അംഗമാകാനുള്ള അപേക്ഷാസമയം നീട്ടിക്കൊടുത്തു. ഇതു സദുദ്ദേശ്യത്തോടെയല്ല എന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞു. പാര്‍ട്ടിക്കാരനെ എടുക്കാന്‍ വേണ്ടിയാണ്. എടുത്ത കൂട്ടത്തില്‍ ഒരു പാര്‍ട്ടിക്കാരനുണ്ടായിപ്പോയി. അഭിമുഖത്തിലൊക്കെ മികവ് പ്രകടമാക്കിയ ആളാണത്. വിദ്യാഭ്യാസ യോഗ്യതയുമുണ്ടായിരുന്നു. അങ്ങനെയാണ് വന്നത്. ആ ആരോപണം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഷൈലജ ടീച്ചര്‍ രാജിവയ്ക്കണം എന്നു പറഞ്ഞു പ്രതിപക്ഷ എം.എല്‍.എമാര്‍ കുത്തിയിരിപ്പ് തുടങ്ങി. ഞാന്‍ സങ്കല്‍പ്പിച്ച, വിചാരിച്ച കാര്യമല്ല അത്. 

ഞാന്‍ വലിയ കഴിവുകളുള്ള ഒരാളല്ല. പക്ഷേ, വളരെ ആത്മാര്‍ത്ഥമായി ചെയ്യാന്‍ ശ്രമിച്ചു, അതിനു ഫലം കാണുന്നുമുണ്ട്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം നിരുപാധികം എടുത്തുകളഞ്ഞു. സദുദ്ദേശ്യത്തോടെയല്ലെന്നു പറയാനേ പാടില്ലെന്നാണ് പറഞ്ഞത്. മന്ത്രി ചെയ്യേണ്ട കാര്യം മാത്രമേ അതില്‍ ചെയ്തിട്ടുള്ളു എന്നും പറഞ്ഞപ്പോള്‍ സമരം ചെയ്തിരുന്നവര്‍ എഴുന്നേറ്റു പോയി. പക്ഷേ, ഇത് എന്റെ മനസ്സിനെ വല്ലാതെ അലട്ടി.

മറ്റൊന്നു സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ടാണ്. ഏറ്റവും ശരിയായതാണ് ചെയ്തത്. ഒരാളും ആ വിഷയം പഠിക്കുന്നില്ല. 50:50 കളഞ്ഞൂന്നാണ്. 2016-2017ലാണ് ഞാന്‍ വന്നത്. ആ വര്‍ഷംതന്നെയാണ് നീറ്റ് മെറിറ്റ് വന്നത്. അതനുസരിച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുമ്പോള്‍ ക്രോസ് സബ്സിഡി പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.

പക്ഷേ, ആദ്യത്തെ വര്‍ഷം നമ്മളിവിടെ കേരള മെറിറ്റ് ലിസ്റ്റ് എടുത്തുപോയിരുന്നു. അതില്‍നിന്നു കുട്ടികളെ എടുത്തതുകൊണ്ട് 50:50 വച്ചു. മാനേജ്മെന്റ് ക്വാട്ടയില്‍ എന്‍.ആര്‍.ഐക്കാരില്‍നിന്ന് 11-ഉം 15-ഉം ലക്ഷം വാങ്ങാന്‍ സമ്മതിച്ചു. മറ്റേത് രണ്ടര ലക്ഷവും ഇരുപത്തയ്യായിരവുമാക്കി. ഞാനാണ് 20 കോളേജുകളെക്കൊണ്ട് ഒപ്പിടീച്ചത്. അതായത് 20 കോളേജുകളില്‍ ഇരുപത്തയ്യായിരത്തിന്റെ സീറ്റുകള്‍ കിട്ടി. അതിനു മുന്‍പ് ആറോ ഏഴോ കോളേജുകളേ ഒപ്പിട്ടിരുന്നുള്ളു. ബാക്കി കൊള്ളയായിരുന്നു. ആരും അതു മനസ്സിലാക്കാന്‍ ശ്രമിച്ചില്ല. സ്വാശ്രയ മാനേജ്മെന്റിനു കീഴ്പെടുന്നു എന്നു രാഷ്ട്രീയമായി ആരോപിച്ചു. 50 ശതമാനം സീറ്റുകളില്‍ ഇരുപത്തയ്യായിരത്തിനും രണ്ടര ലക്ഷത്തിനും പഠിക്കാന്‍ പറ്റുന്നു എന്നത് ആരും പറഞ്ഞില്ല. അതൊന്നും കണ്ടില്ല. എത്രതന്നെ പറഞ്ഞിട്ടും അതൊന്നും മനസ്സിലാക്കാത്തതു പോലെ ഫീസ് വര്‍ദ്ധിപ്പിച്ചു എന്ന് എസ്.എഫ്.ഐ ഉള്‍പ്പെടെ ഭയങ്കര സമരം. അടുത്ത വര്‍ഷം, 2017-2018 വന്നപ്പോള്‍ കോടതി പറഞ്ഞു, ഒരു കരാറും പാടില്ല. ഞങ്ങളൊരു നിയമമുണ്ടാക്കി. അതിന്റെ 17-ാം വകുപ്പ് കരാറുണ്ടാക്കാന്‍ വേണ്ടിയുള്ളതാണ്. കോടതി അത് റദ്ദു ചെയ്തു. അപ്പോള്‍പ്പിന്നെ ഫീസ് നിര്‍ണ്ണയ സമിതി നിശ്ചയിക്കുന്ന ഫീസേ പറ്റുകയുള്ളു. അത് അവര്‍ കണക്കാക്കി നിശ്ചയിക്കുന്ന ഫീസാണ്. മന്ത്രിക്ക് ഫീസ് നിശ്ചയിക്കാന്‍ അധികാരമില്ല. അങ്ങനെയാണ് 4,80,000 മുതല്‍ അഞ്ചര ലക്ഷം വരെ ഫീസ് നിശ്ചയിച്ചത്. അപ്പോള്‍ മാനേജ്മെന്റുകള്‍ സര്‍ക്കാരിനെതിരെ ബഹളമായി. ഞങ്ങള്‍ക്ക് കിട്ടുന്നത് കുറവാണ്, കോളേജ് അടയ്ക്കുകയാണെന്നു ചിലര്‍ കഴിഞ്ഞ ദിവസവും പറഞ്ഞു. ഞാന്‍ പറഞ്ഞു, നിങ്ങള്‍ അടച്ചാലും തുറന്നാലും എനിക്കിതേ ചെയ്യാന്‍ പറ്റുകയുള്ളു.

ഇത്ര സുതാര്യമായും സത്യസന്ധമായും പറഞ്ഞുകൊണ്ട് കുട്ടികളുടെ ഭാഗത്തുനിന്നു സാധ്യതയുടെ അങ്ങേയറ്റം ചെയ്തിട്ടാണ് ഞാന്‍ രാജിവയ്ക്കണം എന്നു പറയുന്നത്. ഫീസ് വര്‍ദ്ധിപ്പിച്ചു എന്നാണ് എസ്.എഫ്.ഐക്കാര്‍ ഉള്‍പ്പെടെ പറയുന്നത്; എന്റെ പാര്‍ട്ടിയുടെ സംഘടന. ഞാനവരോടു പറഞ്ഞു, മക്കളേ നിങ്ങളൊന്നു പഠിക്ക്, പഠിച്ചിട്ട് പറയ്. അന്നെനിക്ക് ഭയങ്കര മനഃപ്രയാസമുണ്ടായി. പക്ഷേ, ഞാനതൊന്നും കണക്കാക്കിയില്ല. ചെയ്യാവുന്ന ശരി ചെയ്തു പോവുകയാണ്. ഞാനൊരിക്കലും ഹൈഫൈ ആളുകളുമായൊന്നും വലിയ അടുപ്പമൊന്നും കാണിക്കാറില്ല. അതുകൊണ്ടുതന്നെ അവരൊന്നും പറയുന്നത് എടുക്കേണ്ട ഉത്തരവാദിത്വവും എനിക്ക് വരുന്നില്ല. ഏറ്റവും ശരിയായ പാതയിലൂടെ പോവുക. നല്ല സഹകരണമാണ് എനിക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു കിട്ടുന്നത്. അവരുടെ ഭൂതകാലം എന്തായിരുന്നു എന്നൊന്നും ഞാന്‍ നോക്കാറില്ല. എന്റെ കൂടെ ജോലി ചെയ്യുമ്പോള്‍ അവര്‍ സത്യസന്ധരായിരിക്കണം, നന്നായി ജോലി ചെയ്യണം. രാജീവ് സദാനന്ദന്‍ ആരോഗ്യരംഗത്തെക്കുറിച്ച് നന്നായി പഠിച്ചിട്ടുള്ളയാളാണ്, അത് അദ്ദേഹത്തിനൊരു പാഷനാണ്. സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. പുതിയ പുതിയ ആശയങ്ങളുണ്ടാകുന്നു, ഞങ്ങളതു ചര്‍ച്ച ചെയ്യുന്നു, നയമനുസരിച്ചു മുന്നോട്ടു കൊണ്ടുപോകാവുന്നതാണെങ്കില്‍  കൊണ്ടുപോകുന്നു.

ചെയ്തുവരുമ്പോള്‍ ഫലം കാണാന്‍ തുടങ്ങുന്നുണ്ട്. ശിശുമരണ നിരക്ക് ഇപ്പോള്‍ കുറഞ്ഞു. മാതൃത്വ മരണനിരക്ക് കുറഞ്ഞത് ഞങ്ങള്‍ വന്നശേഷം മാത്രമുള്ളതല്ല. മുന്‍പേയുള്ള പ്രവര്‍ത്തനങ്ങളുടെ കൂടി ഫലമാണ്. ഹൃദ്യം ഉള്‍പ്പെടെ പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ ഒരുപാട് അനുഭവസ്ഥര്‍ വിളിച്ചിട്ട് വലിയ സഹായമായിപ്പോയി ഈ പദ്ധതി എന്നൊക്കെ ഓരോ കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ കിട്ടുന്ന സന്തോഷം വളരെ വലുതാണ്. അതൊരു വലിയ സംതൃപ്തിയാണ്. ചെയ്ത കാര്യങ്ങള്‍ ജലരേഖയാകുന്നില്ല. വൃഥാവിലാകുന്നില്ല. അത് എവിടെയൊക്കെയോ കൊള്ളുന്നുണ്ട്. പക്ഷേ, ആവശ്യകത വളരെ വലുതാണ്. അതുമായി തട്ടിച്ചു നോക്കുമ്പോള്‍ ചെയ്യുന്നതു കുറച്ചായിരിക്കാം. പക്ഷേ, ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു, മാറ്റമുണ്ടാകാനും തുടങ്ങിയിരിക്കുന്നു. 

എനിക്കുറപ്പാണ്, മൂന്നുകൊല്ലം കഴിഞ്ഞ് അടുത്ത മന്ത്രിസഭയിലും വരുന്നവര്‍ക്കു ഞങ്ങളുടെ ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളും ഈ പരിഷ്‌ക്കരണവും തുടരേണ്ടതായിത്തന്നെ വരും. അതു പൂട്ടിക്കെട്ടി പോകാന്‍ പറ്റില്ല ആര്‍ക്കും. അതു തുടരുമ്പോള്‍ കേരളത്തിനു വലിയ മാറ്റമുണ്ടാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com