ആളൊഴിയുന്ന പള്ളികള്‍ കാലഹരണപ്പെടുന്ന സഭകള്‍
By പോള്‍ തേലക്കാട്ട് | Published: 16th July 2018 05:51 PM |
Last Updated: 16th July 2018 05:51 PM | A+A A- |

പശ്ചിമ യൂറോപ്പിന്റെ പള്ളികള്‍ ശൂന്യമാകുന്നു
പാശ്ചാത്യ യൂറോപ്പിന്റെ 15 രാജ്യങ്ങളില്‍ ശരാശരി 91 ശതമാനം ജനങ്ങളും മാമ്മോദീസ സ്വീകരിച്ച ക്രൈസ്തവരാണ്. എന്നാല്‍, ഏതാണ്ട് 20 ശതമാനം ജനങ്ങള്‍ മാത്രമാണ് മാസത്തില്‍ ഒരിക്കലെങ്കിലും പള്ളിയില്‍ പോകുന്നത്. ഫിലിപ്പ് ലാര്‍ക്കിന്റെ Church Going എന്ന കവിത പള്ളിയില്‍ പോക്കിനെക്കുറിച്ചല്ല. പള്ളിയുടെ പോക്കിനെക്കുറിച്ച്; ജനങ്ങളില്‍നിന്നു പള്ളി പോകുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ Pew Research Center നടത്തിയ പഠനറിപ്പോര്‍ട്ട് 2018 മേയ് 29-നു പ്രസിദ്ധീകരിച്ചു. 'Being Christians in Western Europe' എന്ന റിപ്പോര്‍ട്ടിലാണ് ഈ പഠനവിവരങ്ങളുള്ളത്. Pew എന്ന വാക്കിന്റെ അര്‍ത്ഥം പള്ളിയില്‍ അല്‍മായ വിശ്വാസികള്‍ മുട്ടുകുത്തുന്ന ബെഞ്ചാണ്. ഓസ്ട്രിയ, ബെല്‍ജിയം, ഡെന്മാര്‍ക്ക്, ഫിന്‍ലന്റ്, പോര്‍ച്ചുഗല്‍, സ്പെയിന്‍, സ്വീഡന്‍, ഇറ്റലി, നെതര്‍ലന്റ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ ഒരു രാജ്യത്തില്‍ കുറഞ്ഞത് 1500-ല്‍പ്പരം ആളുകളുമായി മുഖാമുഖം നടത്തിയ എണ്‍പതിനായിരത്തില്‍പ്പരം ആളുകളുടെ സര്‍വ്വേഫലങ്ങളാണു് പ്രസിദ്ധീകൃതമായിരിക്കുന്നത്.
ഈ 15 രാജ്യങ്ങളിലും ഭൂരിപക്ഷം ക്രൈസ്തവരാണ്. ഇവരില്‍ ഭൂരിപക്ഷവും ക്രൈസ്തവവിശ്വാസത്തില്‍ ജീവിക്കുന്നില്ല എന്നാണ് പഠനം കണ്ടെത്തുന്നത്. കാരണം പള്ളിയില്‍ പോകുന്നവര്‍ ന്യൂനപക്ഷമാണ്. ഓസ്ട്രിയ 18, ബെല്‍ജിയം 10, ഡെന്മാര്‍ക്ക് 10, ഫിന്‍ലന്റ് 9, ഫ്രാന്‍സ് 18, ജര്‍മ്മനി 22, ഐസ്ലന്റ് 34, ഇറ്റലി 40, നെതര്‍ലന്റ് 15, നോര്‍വേ 14, പോര്‍ച്ചുഗല്‍ 35, സ്പെയിന്‍ 21, സ്വീഡന്‍ 9, സ്വിറ്റ്സര്‍ലന്റ് 27, ബ്രിട്ടന്‍ 18 എന്നിങ്ങനെ ശതമാനമാണ് പള്ളിയില്‍ പോകുന്നത്. ഈ രാജ്യങ്ങളിലൊക്കെ ഇതിനെക്കാള്‍ വര്‍ദ്ധിച്ചതാണ് ഒരു മതത്തിലും വിശ്വസിക്കാത്തവര്‍. എന്നാല്‍, ഈ രാജ്യങ്ങളെല്ലാം ക്രൈസ്തവത്തനിമ അവകാശപ്പെടുന്നവരാണ്. അവരുടെ സാമൂഹികവും മതപരവും സാംസ്‌ക്കാരികവുമായ തനിമ ക്രൈസ്തവമായിരിക്കുകയും ചെയ്യുന്നു. ഈ നാടുകളില്‍ മതമില്ല എന്ന് അവകാശപ്പെടുന്നവരില്‍ 27 ശതമാനം ബൈബിള്‍ പറയുന്ന ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്, 38 ശതമാനം ഇതര ശക്തിയില്‍ വിശ്വസിക്കുന്നു.
മതപരമായി ആഭിമുഖ്യമില്ലാത്തവരില്‍ വലിയ ഭൂരിപക്ഷം 63 ശതമാനം പറയുന്നതു ''മതത്തിന്റെ ആവശ്യം ജീവിതത്തിലില്ലാതാക്കുന്നതു ശാസ്ത്രമാണ്'' എന്നതാണ്. പള്ളിയില്‍ പോകാത്ത 27 ശതമാനം ക്രൈസ്തവരുടെ അഭിപ്രായം ഇതുതന്നെ. എന്നാല്‍, ഈ അഭിപ്രായമുള്ള വിശ്വാസികളുടെ ശതമാനം വളരെ കുറവാണ്. ക്രൈസ്തവവിശ്വാസികളില്‍ വലിയ ശതമാനം സര്‍ക്കാരുകള്‍ മതപരമായ മൂല്യങ്ങളെ പിന്തുണയ്ക്കണം എന്നാണ്. പള്ളിയില്‍ പോകാത്ത ക്രൈസ്തവരില്‍ 62 ശതമാനവും പള്ളിയില്‍ പോകുന്നവരില്‍ 78 ശതമാനവും മതരഹിതരില്‍ 46 ശതമാനവും പള്ളിയും മതസംഘടനകളും ദരിദ്രരേയും അവശരേയും സഹായിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു എന്നാണ്. ക്രൈസ്തവ വിശ്വാസികളില്‍ 49 ശതമാനവും പള്ളിയില്‍ പോകാത്ത ക്രൈസ്തവരില്‍ 42 ശതമാനവും മതമില്ലാത്തവരില്‍ 22 ശതമാനവും പള്ളിയില്‍ പോകാത്ത ക്രൈസ്തവരില്‍ 42 ശതമാനവും മതമില്ലാത്തവരില്‍ 22 ശതമാനവും ഇസ്ലാം ദേശീയമൂല്യങ്ങളുമായി പൊരുത്തപ്പെടില്ല എന്ന അഭിപ്രായക്കാരാണ്. പള്ളിയില്‍ പോകാത്ത ക്രൈസ്തവരാണ് മതമില്ലാത്തവരെക്കാള്‍ കൂടുതല്‍ കുടിയേറ്റത്തെ അനുകൂലിക്കുന്നവര്‍. ദേശീയ തനിമയും പഴയ തലമുറകളുടെ പാരമ്പര്യവുമായി താദാത്മ്യപ്പെടുന്നതു മതമില്ലാത്തവരെക്കാള്‍ ക്രൈസ്തവരാണ്. പള്ളിയില്‍ പോകാത്തവരും പോകുന്നവരും തങ്ങളുടെ സംസ്‌ക്കാരം ശ്രേഷ്ഠമാണ് എന്നവകാശപ്പെടുന്നു.
പള്ളിയില്‍ പോകാത്തവര്‍ക്കും പള്ളി വേണം
ചില സൂക്ഷ്മമായ നിരീക്ഷണങ്ങളാണ് ഈ പഠനത്തില്‍നിന്ന് ഇവിടെ കുറിക്കുന്നത്. പൊതുവില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ തളര്‍ച്ചയും ക്ഷയവും വ്യക്തമാക്കുന്നു. യൂറോപ്യന്‍ ക്രൈസ്തവ സംസ്‌ക്കാരം മൂന്നു ധാരകളുടെ സമാസമാണ്. യഹൂദ ക്രൈസ്തവ വിശ്വാസ വീക്ഷണം, ഗ്രീക്കുയുക്തി, റോമന്‍ സംഘടനാവ്യവസ്ഥകള്‍ യൂറോപ്യന്‍ ക്രൈസ്തവികതയുടെ തളര്‍ച്ച വിലയിരുത്തുമ്പോള്‍ അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്ന പ്രധാനം വൈദികരില്ലാതാകല്‍, കൊവേന്തകളും മഠങ്ങളും പൂട്ടല്‍, പള്ളികളിലെ കര്‍മ്മാദികളില്‍നിന്ന് ആളുകളുടെ കൊഴിഞ്ഞുപോകല്‍ തുടങ്ങിയവയാണ്. അതുകൊണ്ട് അവര്‍ ദൈവത്തില്‍ വിശ്വാസമില്ലാത്തവരാണ്, ക്രിസ്തുവിനെ തള്ളിപ്പറയുന്നവരാണ്, ക്രൈസ്തവ ജീവിതമൂല്യങ്ങളെ ഉപേക്ഷിക്കുന്നവരാണ് എന്ന് അര്‍ത്ഥമാക്കുന്നില്ല. യേശുവില്‍ വിശ്വസിക്കുമ്പോഴും ക്രൈസ്തവമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴും പള്ളിയില്‍ പോകാന്‍ തയ്യാറാകുന്നില്ല. വിശ്വാസം ഉണ്ടാകാം; പക്ഷേ, പള്ളിയിലേക്കില്ല. വിചിത്രമായ കാര്യം ഭൂരിപക്ഷവും പള്ളിയില്‍ പോകുന്നില്ലെങ്കിലും വല്ലപ്പോഴുമെങ്കിലും പോകാന്‍ ഒരു പള്ളി നിലനില്‍ക്കണം എന്നു താല്‍പ്പര്യപ്പെടുന്നു. കല്യാണം, ശവസംസ്‌ക്കാരം തുടങ്ങിയ ആവശ്യങ്ങള്‍ക്കു പള്ളി നിന്നോട്ടെ എന്ന നിലപാട്. വല്ലപ്പോഴും പള്ളിയിലേക്ക് അവര്‍ പോകുന്നുമുണ്ട്. ജോണ്‍ പോള്‍ രണ്ടാമന്റെ മൃതസംസ്‌ക്കാരത്തിന് യൂറോപ്പിലെ ലക്ഷങ്ങളാണ് പങ്കെടുത്തത്. യൂറോപ്പിലെ ക്രൈസ്തവര്‍ തീര്‍ത്ഥാടകരാണ്. വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ അവര്‍ പോകുന്നു. വലിയ കത്തീഡ്രലുകള്‍, പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവ ഇന്നും പ്രസിദ്ധവും ജനസാന്ദ്രവുമാണ്.
ഈ സര്‍വ്വേ പള്ളിയില്‍ പോക്കാണ് ക്രൈസ്തവികതയുടെ പ്രധാന മാനദണ്ഡമായി കാണുന്നത്. ആഴ്ചവട്ടത്തിലെ ഞായറാഴ്ച പള്ളിയില്‍ പോകണമെന്ന കല്പന നൂറ്റാണ്ടുകളായി നിലനിന്നു. സാബത്ത് തുടരണമെന്ന് യേശു ആവശ്യപ്പെട്ടിട്ടുണ്ടോ? ആഴ്ചതോറുമുള്ള പള്ളിയില്‍ പോക്ക് ക്രൈസ്തവികതയുടെ അനിവാര്യതയാണോ എന്ന ചോദ്യം തീര്‍ത്തും അപ്രസക്തമല്ല. ഞായറാഴ്ചയാചരണം കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി രാജ്യത്തു നടപ്പിലാക്കിയ നിയമമായിരുന്നു. എന്നാല്‍, പൗരസ്ത്യ ക്രൈസ്തവസഭകളില്‍ ഇങ്ങനെ പാപത്തിന്‍ കീഴില്‍ കടപ്പെടുത്തുന്ന ഒരു നിയമവ്യവസ്ഥിതിയില്ല. പ്രൊട്ടസ്റ്റന്റ് വിപ്ലവം ഇതിനെ ആപേക്ഷികവുമാക്കി. ലൂഥറിന്റെ കാഴ്ചപ്പാടില്‍ മോസസ് കല്പിച്ചതുകൊണ്ടല്ല പ്രകൃതി ആവശ്യപ്പെടുന്നതുകൊണ്ടും ദൈവവചന പ്രഘോഷണം കേള്‍ക്കേണ്ടതുമായതുകൊണ്ടുമാണ് ഞായറാഴ്ചയാചരണം. യഹൂദരുടെ ശനിയാഴ്ചത്തെ സാബത്താചരണം കോണ്‍സ്റ്റന്റയിന്‍ സൂര്യാരാധനയുടെ പേരിലാണ് ഞായറാഴ്ച (Sunday)യിലേക്കു മാറ്റി പ്രതിഷ്ഠിച്ചത്. ഇന്ന് അതു സാര്‍വ്വത്രികമായി. എല്ലായിടത്തും ഞായറാഴ്ചയല്ല ആചരിക്കപ്പെടുന്നതും.
വിശ്വാസമുണ്ട്, പള്ളിയിലേക്കില്ല
പാശ്ചാത്യ യൂറോപ്പിലെ ഭൂരിപക്ഷം പേരും ആത്മാവില്‍ വിശ്വസിക്കുന്നവരാണ്. ഞങ്ങള്‍ ആത്മീയരാണ് മതാത്മകമല്ല എന്നു പറയുന്നവര്‍ 11 ശതമാനം മാത്രമാണ്. മതാത്മകതയില്‍നിന്നു ഭിന്നമായി ആത്മീയതയെക്കുറിച്ചു യൂറോപ്പില്‍ വ്യക്തമായ കാഴ്ചപ്പാടുകളില്ല. പോര്‍ച്ചുഗലില്‍ 72 ശതമാനം മതാത്മകമാകുമ്പോള്‍ 14 ശതമാനം മാത്രമാണ് ആത്മീയരാകുന്നത്. സ്വീഡനില്‍ നേര്‍ പകുതി പേര്‍ മതനിഷേധികളായി കാണുമ്പോള്‍ പോര്‍ച്ചുഗലില്‍ 17 ശതമാനം മാത്രമാണ് മതനിഷേധമുള്ളത്. ഒരു ഗണനീയ വിഭാഗം ന്യൂ ഏജ് പോലുള്ള ആത്മീയ സംഘങ്ങളില്‍ പങ്കാളികളാകുന്നു. യോഗ, വിധിവിശ്വാസം, ജ്യോതിഷം എന്നിവയില്‍ വിശ്വസിക്കുന്നവരുണ്ട്. കണ്ണുവയ്ക്കല്‍ ഫലിക്കും എന്നു 13 ശതമാനം വിശ്വസിക്കുന്നു. ഓസ്ട്രിയയില്‍ 18 ശതമാനം പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നതായി ഈ സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.
വിശ്വസിക്കുന്നു പക്ഷേ, പങ്കാളികളാകാനോ അതില്‍ ചേരാനോ സന്നദ്ധമല്ലാത്തവര്‍ വളരെയുണ്ട്. മൂന്നുതരം വിശ്വാസങ്ങള്‍ പ്രത്യക്ഷമാകുന്നു. 1. വ്യക്തിപരമായ മിസ്റ്റിസിസം. 2. സെക്ടുകളില്‍ അംഗങ്ങളാകുന്നവര്‍. 3. സഭകളില്‍ അംഗങ്ങളാകുന്നവര്‍. സംഘടിതമായ മതവിശ്വാസം ശിഥിലമാകുകയും സ്വകാര്യ വിശ്വാസങ്ങളും സെക്ടുകളും വളരുകയും സമ്മിശ്രമായ വിശ്വാസങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. യൂറോപ്പിന്റെ മതം 'അദൃശ്യവിശ്വാസ'മാണ് എന്നു കരുതുന്നവരുണ്ട്. അത് അവനവനിസമായി കാണാനാവില്ല. വ്യവസ്ഥാപിത മതങ്ങളില്‍നിന്നു മാറി മതത്തെ സ്വകാര്യവല്‍ക്കരിക്കുകയും അങ്ങനെ സ്വന്തം മതാത്മകത ചക്രവാളം സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ വര്‍ദ്ധിക്കുന്നു.
യൂറോപ്പില്‍ മതത്തിനു ക്ഷയം സംഭവിക്കുന്നു എന്നു കണക്കുള്‍ പറയുമ്പോള്‍ മറ്റൊരു വശം അവഗണിക്കാനാവാത്തതാണ്. ഈ ഭൂമിയില്‍ ഏറ്റവും വാസയോഗ്യമായ സാമൂഹിക-സാമ്പത്തിക - സാംസ്‌ക്കാരിക അന്തരീക്ഷമുള്ളതു പാശ്ചാത്യ യൂറോപ്പിലാണ്. ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നു കുടിയേറാന്‍ മോഹിക്കുന്ന സ്വപ്നലോകമായി അതു മാറുന്നു. എന്തുകൊണ്ട്? അവിടെ ഭക്ഷണം, പാര്‍പ്പിടം, ജോലി എന്നിവയെല്ലാം സുരക്ഷിതമാകുന്ന സാമൂഹികാന്തരീക്ഷമുണ്ട്. ഏറ്റവും വിലപ്പെട്ടതു മനുഷ്യനും മനുഷ്യജീവനുമാണ് എന്നു പരിഗണിക്കുന്ന മറ്റൊരു ലോകമില്ല. മനുഷ്യാവകാശങ്ങള്‍, നീതിനിര്‍വ്വഹണം, ഭരണവ്യവസ്ഥകള്‍ ഇവയൊക്കെ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നു. 2014-2016 കാലഘട്ടത്തിലെ മനുഷ്യജീവിതത്തിന്റെ സന്തോഷത്തിന്റെ അനുഭവം ഏറ്റം ഉന്നത തോതിലുള്ള 20 രാജ്യങ്ങളില്‍ 14 എണ്ണവും പശ്ചിമ യൂറോപ്പിന്റെ രാജ്യങ്ങളാണ്. ശേഷിച്ചവ ഇസ്രയേല്‍, അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്റ് തുടങ്ങിയ രാജ്യങ്ങളുമാണ്. ഈ വിഷയത്തില്‍ ആത്മീയതയുടെ വലിയ സംസ്‌ക്കാരകേന്ദ്രം എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ സ്ഥാനം 122 ആണ്. യൂറോപ്പിനെ ഈ നിലയില്‍ എത്തിച്ചതിന്റെ പിന്നില്‍ മതത്തിന്റെ പങ്ക് വളരെ വലുതാണ്. യഹൂദ-ക്രൈസ്തവ മാനവികതയും യുക്തിബോധവും ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്കും കളമായതു യൂറോപ്പാണ്. മതവിശ്വാസവും ആത്മീയതയും മനുഷ്യജീവിതത്തിന്റെ നിലപാടുകളെ ബാധിക്കുന്നില്ലെങ്കില്‍ അതു പിന്നെ എന്തിനു കൊള്ളാം എന്ന ചോദ്യം അപ്രസക്തമാണോ? മാക്‌സ് വേബര്‍ പ്രവചിക്കുന്നു: ക്രൈസ്തവികതയുടെ ആന്തരികസ്വഭാവം ഉണ്ടാക്കുന്ന സെക്കുലറൈസേഷന്‍ മതത്തിന്റെ മതാത്മകത ഇല്ലാതാക്കുകയാണോ?
സഭാഘടനകള്‍ കാലഹരണപ്പെടുന്നു
ക്രൈസ്തവ മതാധികാരത്തെ അഴിച്ചുപണിയുന്നതും തേച്ചുമാച്ചുകളയുന്നതുമായ നടപടികളാണ് യൂറോപ്പില്‍ നൂറ്റാണ്ടുകളിലൂടെ നടന്നത്. അതില്‍ ഏറ്റവും പ്രധാനമായ സംഭവം പ്രോട്ടസ്റ്റന്റ് വിപ്ലവം തന്നെയായിരുന്നു. പ്രൊട്ടസ്റ്റന്റിസവും കാപ്പിറ്റലിസവും തമ്മിലുള്ള അഗാധ ബന്ധത്തെക്കുറിച്ചു പറയുന്ന മാക്‌സ് വേബര്‍ സമൂഹത്തിന്റെ അനുസ്യൂതമായ ലൗകീകരണം അനിവാര്യമായി കാണുന്നു. ഈ സെക്കുലറൈസേഷന്‍ ശാസ്ത്രങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ ഗ്രീക്കുയുക്തിയുടേയും ക്രൈസ്തവവിശ്വാസത്തിന്റേയും സമാസത്തിലൂടെ നടന്ന ലോകവായനയുടെ ഫലമാണ്. മനുഷ്യനിലെ ദൈവച്ഛായയായി മനസ്സിലാക്കിയ ബുദ്ധിയിലൂടെ ലോകത്തെ മനസ്സിലാക്കല്‍ ഉണ്ടാക്കിയത് ഒരു ജ്ഞാനോദയമായിരുന്നു. പ്രൊട്ടസ്റ്റന്റ് താത്ത്വികനായ കാന്റിന്റെ 'ചിന്തിക്കാന്‍ ധൈര്യപ്പെടുക' എന്ന മുദ്രാവാക്യത്തിലൂന്നിയാണു നവോത്ഥാനം. ഈ പ്രബുദ്ധത മതത്തിനെ ആപേക്ഷികമാക്കി മാറ്റി, മാക്‌സ് വേബര്‍ എഴുതി: ''മതപരമായ ആനുകൂല്യങ്ങള്‍ നല്‍കിയോ നിഷേധിച്ചോ മാനസികമായ സമ്മര്‍ദ്ദം പ്രയോഗിക്കുന്ന സംഘടനയാണ് 'പുരോഹിത സംഘടന...' നിര്‍ബന്ധിത സമ്മര്‍ദ്ദത്തിനെ, വൈദിക സംഘടനയെ സഭയെന്നു വിളിക്കപ്പെടുന്നു. അതിന്റെ ഭരണക്കാര്‍ വൈദികസമ്മര്‍ദ്ദത്തിന്റെ കുത്തക അവകാശപ്പെടുന്നു.'' ഈ കുത്തകയാണ് ചോദ്യം ചെയ്യപ്പെട്ടതും സാവധാനം നീക്കപ്പെട്ടതും. ഈ സെക്കുലറൈസേഷന്‍ ക്രൈസ്തവികതയുടെ ആന്തരികനടപടി തന്നെയായി കാണുന്നവരുണ്ട്. യുക്തിസഹമായി ജീവിതക്രമം ഉണ്ടാക്കുന്നതു ക്രൈസ്തവ ദൈവശാസ്ത്രം അനിവാര്യമാക്കുന്നു. പക്ഷേ, ഇക്കാര്യത്തില്‍ ക്രൈസ്തവ യൂറോപ്പില്‍ ഒരു വൈരുദ്ധ്യമുണ്ടായിരുന്നു. ക്രിസ്തുവിന്റെ സുവിശേഷങ്ങളും പഴയ നിയമവും ലൗകീകരണത്തിന്റെ പ്രേരണയാകുമ്പോഴും കോണ്‍സ്റ്റന്റയില്‍ ചക്രവര്‍ത്തിയിലൂടെ ക്രൈസ്തവികത മറ്റൊരു മതംപോലെ ലോകത്തെ വിശുദ്ധവും ലൗകികവുമായ രണ്ടു മണ്ഡലങ്ങളായി കണ്ടു. ഈ വൈദികമണ്ഡലത്തിന്റെ സഭാസംവിധാനങ്ങളുടെ വിശുദ്ധ വേദിയുടെ സംരക്ഷകരും സൂക്ഷിപ്പുകാരുമായി വൈദികശ്രേണികള്‍. ദൈവത്തെക്കുറിച്ചു പരസ്പരവിരുദ്ധമായ രണ്ടു സമീപനങ്ങളും നിലനിന്നു.
ദൈവത്തിന്റെ ദുരന്തം
ബഹിരാകാശത്തേയ്ക്കു പോയ ആദ്യ മനുഷ്യനായ സോവിയ്റ്റ് യൂണിയനിലെ യൂറി ഗഗാറിന്‍ ബഹിരാകാശത്തു ദൈവത്തെ കണ്ടില്ല എന്നു പ്രസ്താവിച്ചു. അതിനെ പിന്താങ്ങി ലേഖനമെഴുതിയതു ദൈവവിശ്വാസിയും ഭക്തനുമായ എമ്മാനുവേല്‍ ലെവീനാസാണ്. അദ്ദേഹം എഴുതി: ''അയാള്‍ സ്ഥലം വിട്ടു. ഒരു മണിക്കൂര്‍ നേരത്തേയ്ക്കു ചക്രവാളത്തിനു വെളിയിലായി മനുഷ്യന്‍. തനിക്കു ചുറ്റും ആകാശം മാത്രം.'' അവിടെയെങ്ങും ദൈവമില്ല. ലോകത്തിലെ ഒന്നും ദൈവമല്ല. ലോകവും അതിലെ വസ്തുവകകളും മാത്രം. ക്രിസ്തുവിന്റെ ദൈവം എവിടെ? ''എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു.'' അതു ലോകത്തില്‍ അസന്നിഹിതനായ ദൈവമാണ്. ലോകത്തില്‍ ദൈവത്തെ കാണല്‍, അതു ലോകത്തെ ദൈവമാക്കലല്ല. ഒന്നും ദൈവമല്ല. ലോകം വായിച്ച ശാസ്ത്രജ്ഞന്മാര്‍ കണ്ടതു ദൈവത്തിന്റെ സൃഷ്ടി മാത്രം; അതില്‍ ഒന്നും ദൈവമല്ല. ശാസ്ത്രത്തിന്റെ മനുഷ്യന്‍ പ്രായപൂര്‍ത്തിയായവനായി. ഇവിടെ ജീവിക്കാന്‍ മനുഷ്യനു ദൈവത്തിന്റെ ആവശ്യമല്ല. മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശാസ്ത്രങ്ങള്‍ക്കു കഴിയുന്നു. അപ്പവും പാര്‍പ്പിടവും സുരക്ഷയും രോഗപ്രതിരോധവും മനുഷ്യാവകാശങ്ങളും എല്ലാം ശാസ്ത്രവും മനുഷ്യന്റെ ബുദ്ധിപൂര്‍വ്വകമായ ജീവിതക്രമങ്ങളും ഉണ്ടാക്കുന്നു. ഗ്രീക്കുനാടകത്തില്‍ മനുഷ്യന്റെ വിധിവൈപരീത്യങ്ങളെ തട്ടിനീക്കാന്‍ വേദിയിലേക്ക് ഒരു യാന്ത്രിക ദൈവത്തെ കെട്ടിയിറക്കുന്നു. അങ്ങനെ ഒരു ദൈവത്തെ ആധുനിക മനുഷ്യന് ആവശ്യമില്ലെന്നായി. ആ ദൈവം സീസര്‍മാര്‍ ഉണ്ടാക്കിയ സര്‍വ്വശക്തനായ സൂര്യദൈവമായിരുന്നു. അങ്ങനെ ഒരു ദൈവത്തെ ആധുനിക ശാസ്ത്രങ്ങളും യുക്തിയുടെ സംസ്‌ക്കാരവും അനാവശ്യമാക്കി. എല്ലാം പ്രപഞ്ചനിയമങ്ങള്‍ മനസ്സിലാക്കിയും നിയന്ത്രിച്ചും മനുഷ്യനു നേടാവുന്ന കാര്യങ്ങളാണ്. മതത്തിന്റെ ദൈവത്തിന്റെ ലോകശക്തിയുടെ നാമരൂപങ്ങളായിരുന്നു. ദൈവത്തിന്റെ മരണമാണ് ആധുനിക ലോകം കണ്ടത് - അതാണു നീഷേ പ്രഖ്യാപിച്ചത്. സര്‍വ്വശക്തനായ ദൈവത്തിനു രണ്ടു ലോകമഹായുദ്ധങ്ങളോ നാസി തടവറകളോ ഇല്ലാതാക്കാനായില്ല എന്നതു ദൈവമരണത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുന്നു. ദൈവം വസ്തുനിഷ്ഠമായി മരിക്കുകയല്ലായിരുന്നു. ദൈവത്തിനു ഗ്രഹണം ബാധിച്ചു എന്നാണ് മാര്‍ട്ടിന്‍ ബൂബര്‍ പറയുന്നത്. എന്റെ കാഴ്ചയും സൂര്യനും തമ്മിലുള്ള ബന്ധത്തിലാണു ഗ്രഹണം ബാധിക്കുന്നത്. അഹംബോധം നീരുവച്ചു വീര്‍ത്ത നമ്മുടെ പ്രശ്‌നം മൂലം ദൈവത്തെ കാണാനില്ലാതായി. ഇതു മതത്തില്‍ മാത്രമല്ല, മതഘടനകളുടേയും അഴിഞ്ഞുവീഴലായി മാറി. ആധുനിക മനുഷ്യനു മതത്തിന്റെ തിരുശേഷിപ്പുകളിലേക്കു മടങ്ങേണ്ടതില്ല. സഭയെ ഭരിച്ചതു ജസ്റ്റീനിയന്റെ നിയമങ്ങളായിരുന്നു. റോമാ ചക്രവര്‍ത്തിയുടേയും റോമന്‍ മതങ്ങളുടേയും മാറാപ്പുകളും അനുഷ്ഠാനങ്ങളും അമ്പലങ്ങളും പുതിയ രൂപഭാവങ്ങള്‍ അണിഞ്ഞവയായിരുന്നു.
ലൗകികതയിലെ ദൈവം
മതമായ ക്രൈസ്തവികതയുടെ ഭാവിയോ സുവിശേഷത്തിന്റെ ക്രിസ്തുകേന്ദ്രീകൃതമായ മാനവികതയുടെ ഭാവിയോ മൗലികവും ഗൗരവവുമായ ചിന്തയുടെ പ്രശ്‌നം എന്നു ചിന്തിക്കുന്നവര്‍ കുറച്ചല്ല. ഈ മാനവികതയുടെ അനിവാര്യതയാണ് ദൈവികത. യേശുക്രിസ്തുവില്‍ ദൈവവും മനുഷ്യനും രണ്ടല്ല. ദൈവത്തിന്റെ ഏകമായ അസ്തിത്വത്തിന്റെ വിലാസത്തില്‍ പലതുണ്ടാകുന്നു. ക്രിസ്തുവിന്റെ അവതാരത്തെക്കുറിച്ചു സെന്റ് പോള്‍ ഇങ്ങനെ എഴുതി: ''അവന്‍ തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം ധരിച്ച മനുഷ്യന്റെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്നു.'' ''അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിച്ചില്ല'' (ഫിലി. 2:6). ദൈവത്തിന്റെ ശൂന്യമാക്കലിനെക്കുറിച്ചാണ് പോള്‍ പ്രതിപാദിക്കുന്നത്. ഇതു യേശുവില്‍ സംഭവിച്ച അപവാദമോ അതോ യേശു പ്രപഞ്ചത്തിന്റേയും മനുഷ്യന്റേയും പ്രതിനിധിയും കൂദാശയുമോ? ലോകത്തില്‍ നടക്കുന്നതിന്റെ കൗദാശികമായ ബിംബമായി യേശുക്രിസ്തു മാറി. അതു ദൈവം സൃഷ്ടികളില്‍ മറയുന്നതാണ്. സൃഷ്ടികളില്‍ അവന്റെ മരണമോ ശൂന്യമാകലോ കാണും. അതുകൊണ്ടു സൃഷ്ടികള്‍ അവന്റെ അസാന്നിദ്ധ്യം പ്രഘോഷിക്കുന്നു. സൃഷ്ടികളിലൂടെയാണ് സ്രഷ്ടാവിലേക്കുള്ള വഴി. ദൈവത്തിന്റെ അസാന്നിദ്ധ്യത്തിന്റെ സാന്നിദ്ധ്യമാണ് പ്രപഞ്ചത്തിലെ പുല്ലും പൂവും മനുഷ്യനുമായി തിടം കൊള്ളുന്നത്. സൃഷ്ടികളില്‍ മറഞ്ഞ ദൈവത്തെ ജനിപ്പിക്കുന്ന ജീവിതമാണ് മനുഷ്യന്റെ ദൈവാന്വേഷണത്തിന്റെ മഹത്ത്വത്തിന്റെ മാനവികതയുടെ വഴി. ദൈവത്തിന്റെ അസ്തിത്വത്തിന്റെ വിലാസമാണ് ഈ ലോകത്തില്‍ നാം കാണുക. അതുകൊണ്ടാണ് ദൈവത്തെ ഒരു അസ്തിത്വ (ens) മായി കാണാതെ ദൈവത്തെ ക്രിയാപദത്തില്‍ (esse) തോമസ് അക്വിനാസ് പറഞ്ഞത്. അതു പറയാനോ കാണാനോ കേള്‍ക്കാനോ ആകാത്ത അപ്രത്യക്ഷവും അവ്യക്തവും അന്തര്‍ലീനവുമായി നിലകൊള്ളുന്നു. നമ്മുടെ അസ്തിത്വ ആധാരത്തിനു പേരില്ല, രൂപമില്ല. പക്ഷേ, അതില്‍നിന്ന് എല്ലാം ഉണ്ടാകുന്നു, വെളിവാകുന്നു, അപ്രത്യക്ഷമാകുന്നു.
അതുകൊണ്ടു ലോകാനുഭവത്തിലാണ് ദൈവാനുഭവം, അതിനു പുറത്തല്ല. ലോകാനുഭവങ്ങളിലൂടെയല്ലാതെ ദൈവാനുഭവം അവകാശപ്പെടുന്നവര്‍ മിഥ്യയിലും കാപട്യത്തിലും കഴിയേണ്ടിവരുന്നു. ലോകത്തില്‍നിന്ന് ഒളിച്ചോടി ഒരു സംഘര്‍ഷമോ സംഘട്ടനമോ ഇല്ലാതെ ദൈവികനായി ജീവിക്കാനാവില്ല. ഇതിനെയാണ് ബെനോഫര്‍ വിലകുറഞ്ഞ പ്രസാദം എന്നു വിശേഷിപ്പിക്കുന്നത്. ശത്രുക്കളുടെയിടയില്‍ ജീവിച്ച ക്രിസ്തു സമാധാനം തേടി സുരക്ഷിതവേദികള്‍ അന്വേഷിച്ചില്ല. ക്രൈസ്തവന്റെ ജീവിതവഴി ഈ ലോകത്തില്‍നിന്ന് ഒളച്ചോടിയല്ല. അത് ഈ ലോകത്തില്‍ അഹന്തയ്ക്കും അത്യാര്‍ത്തിക്കും അധികാരത്തിനുമെതിരായി ജീവിതത്തിന്റെ ദൈവവിളിയാണ്. ദൈവം ലോകമുണ്ടാക്കുന്നത് എന്തിന്? ഒന്നു പലതായി പ്രത്യക്ഷപ്പെടുന്നത് എന്തിന്? പൂ വിടരുന്നത് എന്തിന്? ഭര്‍ത്താവ് ഭാര്യയെ സ്‌നേഹിക്കുന്നത് എന്തിന്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. സ്ഥലകാലങ്ങളില്‍ നടക്കുന്നതിനു ലക്ഷ്യങ്ങളുണ്ട്, അവ ലൗകികമാണ്. നന്മ വിടരുന്നു, സ്‌നേഹം പൂക്കുന്നു, സത്യം വിലാസിക്കുന്നു, അത്രതന്നെ.
യേശു പറഞ്ഞല്ലോ, എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പക്ഷേ, പലരും കാണുന്നില്ല. ''കണ്ണില്ലാത്തവര്‍ കാണുകയും കണ്ണുള്ളവര്‍ കാണാതിരിക്കുകയും ചെയ്യുന്നു'' എന്നു യേശു പറഞ്ഞു (യോഹ. 9:39). 'ഞങ്ങള്‍ നടക്കുന്നതു കാഴ്ചയിലല്ല, വിശ്വാസത്തിലാണ്'' (1 കോറി. 5:7). സെന്റ് പോള്‍ എഴുതി, ഇതു കാഴ്ചശാസ്ത്രമല്ല, ധര്‍മ്മശാസ്ത്രമാണ്. കാഴ്ചയെക്കാള്‍ കേള്‍വിയാണ്. ലോകം പ്രസ്താവിക്കുന്നു, ''അവന്‍ ഇവിടെ ഇല്ല.'' അവന്റെ അസാന്നിദ്ധ്യം ലോകത്തിന്റെ വിലാപമാണ്. ഇല്ലാത്തതു കാണാനാകുമോ? കേള്‍ക്കാനാവില്ലേ? അതിന് അകക്കണ്ണു തുറക്കണം. അതു തുറക്കുമ്പോള്‍ ഹിമബിന്ദുവില്‍ കാനനംപോലെ മണല്‍ത്തരിയും ലോകവും കൈവെള്ളയില്‍ നിത്യതയും കാണും. ഈ കാഴ്ച ദൈവത്തോടുകൂടി ലോകത്തില്‍ ജീവിക്കുന്നതാണ്. മയിസ്റ്റര്‍ എക്കാര്‍ട്ടിന്റെ വീക്ഷണത്തില്‍ ലോകത്തിലെ എല്ലാം മുകരങ്ങളാണ്. ദൈവത്തെ കാണിക്കുന്ന കണ്ണാടികള്‍.
ദൈവത്തിലേക്കുള്ള വഴി ലോകത്തിലൂടെയാണ്, ക്രിസ്തുവിലേക്കു പാത മനുഷ്യരിലൂടെയാണ്. വിശ്വാസം സെക്കുലറായ ജീവിതമാണ് ആവശ്യപ്പെടുന്നത്. വിശ്വാസം പ്രപഞ്ച യാഥാര്‍ത്ഥ്യങ്ങളിലൂടെയുള്ള യാത്രയാണ്. അവിടെ പ്രഥമവും പ്രധാനവുമായതു ജീവിതത്തിലുള്ള വിശ്വാസമാണ്. പ്രപഞ്ചം അതിന്റെ നിത്യവിസ്മയത്തില്‍ ദൈവികത പ്രകടമാക്കുന്നു. ഈ വെളിപാടിന്റെ മറുപടി എന്നത് ഉത്തരവാദിത്വമാണ്. അബ്രാഹത്തേയും മോസസിനേയും ദൈവം വിളിച്ചു. ''ഇതാ ഞാന്‍'' അവന്‍ ഉത്തരം പറഞ്ഞു. ഇതാ ഇവിടെ ദൈവത്തിനുവേണ്ടി പോകുക, ദൈവത്തിന്റെ പകരമാകുക. ''സ്‌നേഹിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ ദൈവമാകുന്നു'' എന്ന് എക്കാര്‍ട്ട് എഴുതിയതിന്റെ പൊരുളിതാണ്. ദൈവത്തിനുവേണ്ടി ദൈവത്തെ ഒഴിവാക്കിയ ജീവിതത്തിന്റെ കഥയാണ് നല്ല സമരിയാക്കാരന്റേത്. ക്രിസ്തുവിനുവേണ്ടി ചരിത്രത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അതു സുരക്ഷിതത്വത്തിന്റെ അരമനകളില്‍ കെട്ടിക്കിടക്കില്ല. ''ഞാന്‍ ആരാണ്? അവന്‍ എന്നോടു പറയുന്നു. ദൗര്‍ഭാഗ്യത്തിന്റെ ദിനങ്ങള്‍ സമചിത്തതയോടെ ചിരിച്ച് അഭിമാനപൂര്‍വ്വം ജയം പരിചയിച്ചവനെപ്പോലെ വഹിച്ചു. ജീവിതത്തിന്റെ ഈ വശത്തു ദൈവത്തിന്റെ സഹനത്തില്‍ പങ്കാളിയാകുന്നതാണിത്. ദൈവത്തിനുവേണ്ടിയുള്ള ജോലി ഈ ലോകത്തിലെ ജോലിയാണ്. പക്ഷേ, അത് അനാസക്തമാകണം. അതു ദൈവത്തിന്റെ മടിത്തട്ടില്‍ ആശ്വസിക്കുന്നതല്ല, മനുഷ്യസേവനത്തിലും പ്രപഞ്ച വ്യാപാരത്തിലും മുഴുകുന്നതാണ്. കാരണം തന്റെ ഉത്തരവാദിത്വം ഒരിക്കലും പൂര്‍ത്തീകരിക്കുന്നില്ല, അവസാനിക്കുന്നുമില്ല. അപരനുവേണ്ടി മതനിരപേക്ഷമായി എന്നാല്‍, ദൈവികമായി ജീവിക്കുന്നതാണിത്.
പശ്ചിമോദയത്തിന്റെ പ്രസക്തിയും പ്രശ്‌നങ്ങളും
പശ്ചിമ യൂറോപ്പില്‍ സംഭവിക്കുന്ന ശാസ്ത്ര-സാങ്കേതികതയുടേയും സെക്കുലറൈസേഷന്റേയും കാറ്റ് ആഗോളീകരിക്കപ്പെടുന്നു. അതില്‍നിന്നുണ്ടാകുന്ന പ്രതിസന്ധികളുടെ നടുവിലാണ് നാം. മതമൗലികവാദം അതിനെതിരായ ചെറുത്തുനില്പില്‍നിന്നാണ് ഉണ്ടാകുന്നത്. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1847-ല്‍ തലശ്ശേരിയില്‍നിന്ന് ആരംഭിച്ച ശാസ്ത്രപ്രസിദ്ധീകരണത്തിന്റെ പേരാണ് പശ്ചിമോദയം. ശാസ്ത്ര-സാങ്കേതികവിദ്യ സകല മനുഷ്യരുടേയും വേരു പറിച്ചു. ഭൂമിയില്‍ മനുഷ്യന്‍ വേരില്ലാത്ത നാടോടിയായി. മൗലികവാദങ്ങള്‍ എല്ലാം തന്നെ ഘര്‍ വാപ്പസി പ്രസ്ഥാനങ്ങളാണ്. മണ്ണിലേക്കു മടങ്ങി വേരു പിടിക്കാന്‍, മനുഷ്യജീവിതത്തെക്കുറിച്ചു ഹോമറിന്റെ യുളിസ്സിയന്‍ മടക്കയാത്രയുടേയും യഹൂദമതത്തിന്റെ നിരാമയമായ പുറപ്പാടിന്റേയും വിരുദ്ധ കാഴ്ചപ്പാടുകളുടെ ഏറ്റുമുട്ടല്‍. യഹൂദ കാഴ്ചപ്പാടില്‍ മനുഷ്യന്‍ മണ്ണില്‍ വേരു പിടിക്കേണ്ട മരമല്ല, മനുഷ്യബന്ധങ്ങളിലൂടെ എപ്പോഴും വിടപറയുന്ന ആയിത്തീരലിന്റെ യാത്രയാണ്. ഈ ആയിത്തീരലിന്റെ കാലഗംഗയില്‍ ദൈവത്തെ കണ്ടുമുട്ടുന്നതു കാലദേശ സന്ധികളിലാണ്. അവിടെയാണ് ഉത്തരവാദിത്വത്തിലൂടെ തന്നില്‍ ദൈവത്തെ ജനിപ്പിച്ചു വിലസിപ്പിക്കേണ്ട 'ദൈവമാണെന്റെ സഹനം' എന്ന ജീവിതയാത്ര. അപരന്റെ മുഖമാണ് ദൈവത്തിന്റെ മുകരം. മനുഷ്യന്‍ നിരാമയമായി പക്വതയിലേക്കാണ് നടന്നുനീങ്ങുന്നത്.
യൂറോപ്പില്‍ പ്രകടമായ മതനിരപേക്ഷ സംസ്‌ക്കാരത്തിന്റെ ഫലമായി മതഘടനകളും അതിന്റെ മതാത്മകതയുടെ മതപരമായ വ്യവസ്ഥിതികളും അഴിഞ്ഞുവീഴുന്നതിന്റെ ലക്ഷണങ്ങള്‍ ഇവിടെയും കാണാം. കന്യാസ്ത്രീമഠങ്ങള്‍ വിദൂരമല്ലാത്ത ഭാവിയില്‍ പൂട്ടപ്പെടുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണാം. യൂറോപ്പിലും കന്യാസ്ത്രീമഠങ്ങള്‍ പൂട്ടിത്തന്നെയാണ് സെക്കുലറൈസേഷന്‍ മുന്നേറിയത്. നിപ വൈറസില്‍നിന്നു രക്ഷപ്പെടാന്‍ ആരും ഇന്ന് അമ്പെഴുന്നള്ളിക്കാറില്ല. പക്ഷേ, മരുന്നില്ലാത്ത രോഗങ്ങള്‍ക്കു മരുന്നായി ദൈവത്തെ വിപണനചരക്കാക്കുന്ന പ്രതിസന്ധി ഇപ്പോഴുമുണ്ട്. ദൈവത്തിന്റെ വിഗ്രഹത്തെ കെട്ടിയെഴുന്നള്ളിച്ചു സമ്പത്തും സൗഖ്യവും നേടാനുള്ള മാര്‍ഗ്ഗമായി ആത്മീയതയെ മലിനമാക്കുന്നുണ്ട്. ക്രൂശിതനായ മനുഷ്യന്‍ ദൈവവുമായി സമാധാനത്തിലായവനല്ല, മല്‍പ്പിടുത്തം നടത്തുന്നവനാണ്. അവന്‍ ലോകത്തിന്റെ പാപത്തിന്റെ ബലിയാടാകുന്നതില്‍ ആശ്വസിക്കുന്നവനുമല്ല. ദൈവം എല്ലാറ്റിന്റേയും മുകളിലെ അധിപനല്ല, എല്ലാറ്റിന്റേയും അടിയില്‍ സഹിക്കുന്നവനാണ്. മതം വിജയമല്ല എന്നു തെളിയിക്കുന്ന ക്രൂശിതനെ അകറ്റിനിര്‍ത്തുന്ന മതമല്ല ക്രൈസ്തവികത വെളിവാക്കുന്നത്. മഹാഭാരതത്തിന്റെ ആദ്യപേരും 'വിജയം' എന്നായിരുന്നല്ലോ. വ്യാസന്‍ വിജയത്തെ അതുവഴി ചോദ്യം ചെയ്തതു നാം ശ്രദ്ധിക്കുന്നില്ല. സാഹിത്യത്തിനു പ്രേതാവാസ സ്വഭാവമുണ്ട്, അസന്നിഹിതമായതു പ്രേതമായി ആവസിക്കുന്നു. ഹോമറിന്റെ ഒഡീസ്സിയില്‍ നാം സൈറണുകളുടെ സംഗീതം കേള്‍ക്കുന്നു. അങ്ങവിടെ കേട്ടതു എന്തുകൊണ്ട്? ഹോമറിന്റെ ആന്തരികതയില്‍ അതു കേട്ടു. ആതിഥ്യത്തിന്റെ കര്‍മ്മമാണ് കാവ്യാത്മകം. യഥാര്‍ത്ഥ വിശ്വാസികള്‍ മൗലികനിരീശ്വരത്വത്തിന്റെ അപകടത്തിന്റെ വഴിയിലൂടെ കടന്നുപോകുന്നു എന്ന് ദരീദ എഴുതി. യഥാര്‍ത്ഥ വിശ്വാസി സംശയിക്കുന്നവനുമാണ്. പാസ്‌കല്‍ എഴുതിയതുപോലെ അനന്തമായ ആകാശങ്ങളുടെ 'നിത്യനിശ്ശബ്ദത' ശ്രവിക്കുന്നവന്‍. ഈ നിശ്ശബ്ദത ശ്രദ്ധിക്കുക, അതു കേള്‍ക്കാമോ? അസ്തിത്വത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേയ്ക്കു തലനീട്ടി കേള്‍ക്കാന്‍ ശ്രമിക്കുകയാണ്. വായിക്കാനാവാത്തതു വായിക്കുന്നു, കാണാനാവാത്തതു കാണുന്നു. അതൊരു പ്രേതാവാസം പോലെയാണ്. അതു നിതാന്തമായ വേദനയും ശല്യവും ഭ്രാന്തുമായി മാറുന്നു. അതുണ്ടാക്കുന്നത് ആത്മീയതയുടെ ഏകമായ വാഗ്ദാനം നല്‍കുന്ന ഉത്തരവാദിത്വമാണ്. ഉത്തരവാദിത്വത്തിലേക്ക് എടുത്തുചാടുന്നതു വിശ്വാസത്തില്‍നിന്നാണ്. ഉത്തരവാദിത്വം എന്നതു മതപരമാണോ? അതു ചരിത്രത്തിന്റെ വിനാഴികകളും നിമിഷങ്ങളും വിളിയും പ്രത്യുത്തരം ഉത്തരവാദിത്വം പേറലുമാക്കി സംഭവിക്കുന്നു.
യൂറോപ്പ് മുഴുവന്‍ സെക്കുലറായി എന്നാണു പറയുന്നത്. എന്നാല്‍, ഈ സെക്കുലറിസം അത്ര മതനിരപേക്ഷമാണോ? ഷക് ദെരീദ മാര്‍ക്‌സിന്റെ പ്രേതങ്ങളെക്കറിച്ച് എഴുതിയപ്പോള്‍ കുറിച്ചു ''ഞാന്‍ മാര്‍ക്‌സിസത്തിന്റെ ചൈതന്യത്തെ ഉപേക്ഷിക്കാന്‍ തയ്യാറില്ലാത്തത് അതിന്റെ ചോദ്യം ചെയ്യുന്ന വിമര്‍ശന താല്‍പ്പര്യംകൊണ്ടു മാത്രമല്ല. അതിനെക്കാള്‍ അതിന്റെ രക്ഷാകരവും മിശിഹായ്ക്കടുത്തതുമായ മോചനത്തിലുള്ള ഊന്നലാണ്. ഒരുവനു മതപരവും അചഞ്ചലവുമായ വിധി വിശ്വാസത്തില്‍നിന്നു വിമോചിതനാകാം എന്ന ഒരു വാഗ്ദാനത്തിന്റെ അനുഭവമാണ്.'' യൂറോപ്പിലുടനീളം നീതി, സാഭ്രാത്വത്വം മനുഷ്യാവകാശങ്ങള്‍, ജനാധിപത്യം എന്നീ പദങ്ങളും സങ്കല്പങ്ങളും നിരന്തരം ഉപയോഗിക്കുന്നു. യൂറോപ്പിന്റെ മതനിരപേക്ഷത ഭാഷയുടെ മുകള്‍പ്പരപ്പില്‍ മാത്രമേയുള്ളൂ. ആ ഭാഷയുടെ അടിയിലേക്കു ചെല്ലുമ്പോള്‍ അത് ആത്മീയമാണ്, ദൈവികമാണ്. ''നമ്മുടെ കാലഘട്ടത്തില്‍ സെക്കുലറായി എന്തെങ്കിലും ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല.'' മതം സെക്കുലറായെങ്കില്‍ അതിനര്‍ത്ഥം സെക്കുലര്‍ വിശുദ്ധമായി എന്നുമാണ്. വിശുദ്ധമായ ഭാഷയുടെ മലിനരൂപങ്ങളാണ് ലൗകിക ഭാഷകള്‍. ദൈവികത ഏറ്റുവാങ്ങുന്നതു ഭാഷയാണ്. വിശുദ്ധി നഷ്ടമായതാണ് ബാബേല്‍ ഗോപുരത്തിന്റെ ഭാഷകള്‍. ഫ്രോയിഡും മാര്‍ക്‌സും അവരുടെ മതവിമര്‍ശനത്തില്‍ മിഥ്യയുടെ തോടു കളയാനേ ആഗ്രഹിച്ചിട്ടുള്ളൂ. അതിന്റെ പരിപ്പ് അങ്ങനെതന്നെ നിലകൊള്ളുന്നു. യൂറോപ്പില്‍ കാണുന്ന സെക്കുലര്‍ കാര്യങ്ങളെക്കാള്‍ മതം കൂടുതല്‍ മിഥ്യയോ കൃത്രിമമോ അല്ല. യൂറോപ്പ് അതിന്റെ പൈതൃകത്തോടും തനിമയോടും ഉത്തരവാദിത്വം പുലര്‍ത്താന്‍ അതു വിശ്വാസത്തിന്റെ ചാട്ടത്തിനു തയ്യാറാകണം. അതു പൈതൃകത്തോടു വിഘടിക്കലാണ്, അത് ആ വിധത്തില്‍ പാഷണ്ഡതയാണ്, ധര്‍മ്മത്തിന്റെ പൈതൃകത്തില്‍നിന്നു വിഘടിക്കുമ്പോഴും അതിന്റെ തുടര്‍ച്ചയുമാണ് എന്ന് യാന്‍ പട്ടോച്ക എന്ന പ്രാഗ് വസന്തത്തിന്റെ ചിന്തകന്‍ എഴുതി. അതു ക്രൈസ്തവികതയെ ആശ്രയിച്ചുള്ള ക്രൈസ്തവികതയുടെ ഉപേക്ഷയാണ്. അവിടെ മതം ഒരിടത്തുമുണ്ടാകില്ല; എല്ലായിടത്തുമുണ്ടാകും. ക്രിസ്തുവിനെ അനുകരിക്കാല്‍ അയല്‍ക്കാരനെ പിന്തുടരലാകും. മിഥ്യയുടെ അപ്രത്യക്ഷമാകല്‍ വിശുദ്ധമായ ഒരു രൂപത്തിന്റെ അപ്രത്യക്ഷമാകലും മറ്റൊരു രൂപത്തിന്റെ പ്രത്യക്ഷവുമാണ്. വിശുദ്ധമായ അര്‍ത്ഥപ്രസക്തികള്‍ നഷ്ടപ്പെട്ട ഒരു സെക്കുലര്‍ തരിശുഭൂമിയല്ല യൂറോപ്പ്. ഭിന്നങ്ങളായ പ്രേതാവാസങ്ങളുടെ ഭൂമിയാണ്. മതമില്ലാതെ സെക്കുലര്‍ മൂല്യങ്ങള്‍ പലതും നിലനില്‍ക്കില്ല. യൂറോപ്യന്‍ രാഷ്ട്രീയത്തിന്റെ ചില സങ്കല്പങ്ങള്‍ക്ക് മതത്തിന്റെ സത്ത അനിവാര്യമാണ്. മതത്തിന്റേയും ബുദ്ധിയുടേയും ഉറവിടം മാത്രമല്ല, മതത്തിന്റേയും ശാസ്ത്രത്തിന്റേയും ഉറവിടവും വിശ്വാസമാണ്. എണ്ണാവുന്നതും എണ്ണാനാവാത്തതുമായുള്ള ബന്ധത്തിന്റെ കലഹങ്ങള്‍ ഈ വിശ്വാസഭവനത്തിനുള്ളില്‍ മാത്രം പ്രസക്തമാണ്. ദൈവത്തിന്റെ മരണം, മരണത്തിന്റെ ദാനമാണ്. കുരിശ് ഈ ദാനത്തിന്റെ അടയാളവും അതിനെ വിഗ്രഹവല്‍ക്കരിക്കാനോ പകരമാക്കാനോ സാധിക്കാത്ത എന്റെ വിശ്വാസത്തിന്റെ രഹസ്യമാണ്. ആ രഹസ്യമാണ് ഞാന്‍ ജീവിച്ചു സാക്ഷിക്കേണ്ടത്.
ഇങ്ങനെയൊരു രൂപമാറ്റത്തെക്കുറിച്ചു ചിന്തിക്കാന്‍ കാലമായി എന്നു ക്രൈസ്തവസഭ മനസ്സിലാക്കുന്നുണ്ടോ? അതിനായി സഭാനേതൃത്വം ഉണരുമോ?