കണ്ണൂര്‍ - എത്ര വേണം ഇനി വെട്ട്

കണ്ണൂര്‍ കേരള രാഷ്ട്രീയത്തിലെന്നല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍തന്നെ പോര്‍ക്കലിയുടേയും കുടിപ്പകയുടേയും പ്രതികാര കൊലപാതകങ്ങളുടേയും പകരം വാക്കായിരിക്കുന്നു.
കണ്ണൂര്‍ - എത്ര വേണം ഇനി വെട്ട്

ണ്ണൂര്‍ കേരള രാഷ്ട്രീയത്തിലെന്നല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍തന്നെ പോര്‍ക്കലിയുടേയും കുടിപ്പകയുടേയും പ്രതികാര കൊലപാതകങ്ങളുടേയും പകരം വാക്കായിരിക്കുന്നു. ഇന്ത്യന്‍ പൊളിറ്റിക്കല്‍ പാര്‍ലന്‍സില്‍ അഥവാ രാഷ്ട്രീയ വ്യവഹാരഭാഷയില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം മുന്നോട്ടുവെച്ച പുതിയൊരു വാക്കാണ് 'റെഡ്‌ട്രോസിറ്റി' - റെഡ് അട്രോസിറ്റി. മലയാളത്തില്‍ പറഞ്ഞാല്‍ 'ചുകപ്പന്‍ അക്രമം'. പകരം ചുവപ്പുകോട്ടയിലെ സൈനികര്‍ 'സാഫ്റോണ്‍ -അട്രോസിറ്റി' എന്ന് മറുഭാഷ്യം ഉണ്ടാക്കിയിട്ടില്ല. പക്ഷേ, കണ്ണൂരിലെ തീവ്ര വലതുപക്ഷ പ്രവര്‍ത്തനത്തിന് (ആര്‍.എസ്.എസ് എന്ന് വായിക്കുക) 'കുങ്കുമ അക്രമം' എന്ന് പേരിടേണ്ടതില്ല. അത് ഇന്ന് എന്തെങ്കിലും ആണെങ്കില്‍ കുങ്കുമ അക്രമം അല്ലാതെ മറ്റൊന്നുമല്ല. രാഷ്ട്രീയത്തിന് പ്രത്യയശാസ്ത്ര ചര്‍ച്ച എന്നൊരു അര്‍ത്ഥം കൊടുക്കാതെ അണികളുടെ മരണംകൊണ്ട് എണ്ണം പിടിക്കുന്ന കണ്ണൂര്‍ രാഷ്ട്രീയത്തിലേക്കുള്ള ഒരു യാത്രയാണ് ഉല്ലേഖിന്റെ ഈ പുസ്തകം.

കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സി.പി.ഐ (എം)-ഉം ആര്‍.എസ്.എസ്സും എങ്ങനെ പരസ്പരം  വെട്ടിത്തീര്‍ക്കുന്നു എന്ന് ഗ്രന്ഥകാരന്‍ ആദ്യമേ തന്നെ വ്യക്തമാക്കുന്നു. 1972 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഇരുനൂറു പേരാണ് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയായത്. അതില്‍ എഴുപത്തിയെട്ടു പേര്‍ സി.പി.എമ്മില്‍നിന്നും അറുപത്തിയെട്ടു പേര്‍ ആര്‍.എസ്.എസ്-ബി.ജെ.പിയില്‍നിന്നും മുപ്പത്തിയാറു പേര്‍ കോണ്‍ഗ്രസില്‍നിന്നും എട്ടു പേര്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗില്‍നിന്നും രണ്ടു പേര്‍ വീതം സി.പി.ഐയില്‍നിന്നും പോപ്പുലര്‍ ഫ്രണ്ടില്‍നിന്നും ബാക്കിയുള്ളവര്‍ ഇതര പാര്‍ട്ടികളില്‍ നിന്നുമുള്ളവരാണ്. ഇതേ കാലയളവില്‍ കണ്ണൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 193 രാഷ്ട്രീയ കൊലപാതകങ്ങളില്‍ സംഘപരിവാറില്‍നിന്ന് (ആര്‍.എസ്. എസ്-ബി.ജെ.പി) നൂറ്റിപന്ത്രണ്ടു പ്രതികളും സി.പി.എമ്മില്‍നിന്ന് നൂറ്റിപ്പത്ത് പ്രതികളും ഉണ്ടായി. പുസ്തകത്തിന്റെ ഒടുക്കം എത്തുമ്പോള്‍ ഉല്ലേഖ് മറ്റൊരു കണക്കുകൂടി അവതരിപ്പിക്കുന്നു:  മേല്‍പ്പറഞ്ഞ അതേ കാലയളവില്‍ കേരളത്തിലാകമാനം അഞ്ഞൂറ്റി ഇരുപത്തിയേഴ് സി.പി.എം കാരാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയായത്. ആര്‍.എസ്.എസ്-ബി.ജെ.പി-എ.ബി.വി. പികള്‍ക്ക് നഷ്ടമായത് നൂറ്റിയെണ്‍പത്തിയഞ്ചു പ്രവര്‍ത്തകരെയാണ്. മറ്റു പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി നഷ്ടമായ പ്രവര്‍ത്തക ജീവിതങ്ങളുടെ എണ്ണം ഇരുനൂറ്റി അന്‍പത്തിയേഴാണ്.

മൊയ്യാരത്ത് ശങ്കരനും അഴീക്കോടന്‍ രാഘവനും
കണക്കുകള്‍ കാണുമ്പോള്‍ത്തന്നെ വായനക്കാര്‍ക്ക് (അവരില്‍ രാഷ്ട്രീയ ബോധമുള്ള മലയാളികളും ഉണ്ടാവും) ഈ കൊള്ളലിന്റേയും കൊടുക്കലിന്റേയും വ്യര്‍ത്ഥത മനസ്സിലാകും. ആ വ്യര്‍ത്ഥതയെ ആത്മവിരേചന പ്രക്രിയയാക്കി മാറ്റാന്‍പോന്ന ശൈലിയിലാണ് ഉല്ലേഖ് ഈ കൃതിയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും ഉല്ലേഖ് എന്ന ഗ്രന്ഥകര്‍ത്താവ് തന്റെ രചനാവിഷയത്തില്‍ ഒരേ സമയം ഒരു ഇന്‍സൈഡറും ഔട്ട് സൈഡറും ആണ്. പരേതനായ പാട്യം ഗോപാലന്‍ എന്ന പ്രമുഖ സി.പി.എം നേതാവിന്റെ മകനാണ് ഉല്ലേഖ് എന്നതും കുട്ടിക്കാലത്തുതന്നെ ഈ കൊലപാതക രാഷ്ട്രീയത്തെ അടുത്തുനിന്ന് വീക്ഷിക്കാന്‍ കഴിഞ്ഞ ആളെന്ന നിലയിലും കണ്ണൂരിലെ ഈ സവിശേഷ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഉല്ലേഖ് ഒരു ഇന്‍സൈഡര്‍ ആണ്. അതേസമയം 'വാര്‍ റൂം' (നരേന്ദ്ര മോദിയുടെ 2014-ലെ തെരഞ്ഞെടുപ്പ് സന്നാഹങ്ങള്‍ മുന്‍നിറുത്തി ഇന്ത്യയിലെ ബി.ജെ.പി രാഷ്ട്രീയത്തിന്റെ വളര്‍ച്ച വിശദമാക്കുന്ന പുസ്തകം), 'ദി അണ്‍ടോള്‍ഡ് വാജ്പേയി' (ഇപ്പോള്‍ അസുഖബാധിതനായി കഴിയുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെക്കുറിച്ചെഴുതിയ ആഴത്തിലുള്ള പഠനം) എന്ന പുസ്തകങ്ങളുടെ രചയിതാവും പ്രമുഖ ദേശീയ പ്രസിദ്ധീകരണങ്ങളില്‍ (ഇപ്പോള്‍ ഓപ്പണ്‍ മാഗസിനില്‍) മുതിര്‍ന്ന പത്രപ്രവര്‍ത്തകനായി രണ്ടു ദശകത്തോളം പ്രവര്‍ത്തനാനുഭവങ്ങള്‍ ഉള്ളവനുമായതുകൊണ്ട് ഈ പുസ്തകത്തിന്റെ ഗ്രന്ഥകാരനെന്ന നിലയില്‍ ഒരു ഔട്ട്‌സൈഡര്‍ പദവി കൂടി ഉല്ലേഖിനുണ്ട്.

പുസ്തകത്തിന്റെ ആഖ്യാനത്തിനിടെ, തനിയ്ക്ക് ലഭിച്ച ഒരു ഫോണ്‍കോളിനെക്കുറിച്ച് ഉല്ലേഖ് പറയുന്നു. കെ.വി. സുധീഷ് എന്ന സി.പി.എം പ്രവര്‍ത്തകന്‍ മുപ്പത്തിയേഴു വെട്ടുകളേറ്റു കൊല്ലപ്പെട്ടപ്പോള്‍ അതേ പേരുള്ള മറ്റൊരു സുഹൃത്ത് വിളിച്ചുപറഞ്ഞത് മരിച്ചത് താനല്ല, മറ്റൊരു സുധീഷ് ആണെന്നാണ്. അത്തരം റിയലും സര്‍റിയലുമായ അനുഭവങ്ങള്‍ ഉള്ള ഒരാള്‍ എഴുതുമ്പോള്‍ വൈകാരികത കൂടുകയും ഏതെങ്കിലും ഒരു വശത്തെ പഴിചാരുന്ന രീതിയില്‍ ആഖ്യാനം തിരിയാനും ഇടയുണ്ട്. പക്ഷേ, അത്തരം യാതൊരു ചായ്വും കൂടാതെയാണ് ഉല്ലേഖ് എഴുതിയിരിക്കുന്നത്. ഒരുപക്ഷേ, അതിനുള്ള കാരണം ഞാന്‍ മനസ്സിലാക്കിയത്, കണ്ണൂരിന്റെ കഥയില്‍ ഗ്രന്ഥകര്‍ത്താവ് സ്വന്തം അബോധത്തില്‍നിന്ന് എഴുതുന്ന ഒരു വസ്തുതയില്‍ നിന്നാണ്. അതായത്, കണ്ണൂരില്‍ കൊല്ലപ്പെടുന്ന ഓരോ സി.പി.എം പ്രവര്‍ത്തകനും ആര്‍.എസ്.എസ്-ബി. ജെ.പി പ്രവര്‍ത്തകനും കരുതുന്നത്, തങ്ങള്‍ കൊല്ലപ്പെടില്ല എന്നാണ്. ''എന്നെ അവര്‍ എന്തിന് ആക്രമിക്കണം? അവരെയെല്ലാം എനിക്ക് അറിയില്ലേ? നമ്മള്‍ രണ്ടു പാര്‍ട്ടിയാണെങ്കിലും നമ്മളെ അവര്‍ കൊല്ലാന്‍ സാധ്യതയേ ഇല്ല. അവര്‍ നമ്മളുമായി എന്നും സൗഹൃദത്തില്‍ ഇടപഴകുന്നവരല്ലേ.'' ഉല്ലേഖ്, ഞാനീ എഴുതിയതുപോലെ എഴുതിയിട്ടില്ലെങ്കിലും ഇതിനു സമാനമായ വരികള്‍ ഗ്രന്ഥത്തില്‍ ഉടനീളം നമുക്ക് കാണാം. ഉല്ലേഖ്, ഒരു നന്മയുള്ള കണ്ണൂര്‍ക്കാരന്‍ എന്ന നിലയില്‍ ഈ ഗ്രന്ഥരചനാ വേളയില്‍ ഇരകളേയും ഇരകളുടെ കുടുംബങ്ങളേയും പാര്‍ട്ടി നേതാക്കളേയും പ്രദേശത്തെ ആളുകളേയും പ്രവര്‍ത്തകരേയും ചരിത്രകാരന്മാരേയും വിഷയ ഗവേഷകരേയും ഒക്കെ കാണുന്നുണ്ട്. ഒരു കമ്യൂണിസ്റ്റുകാരന്റെ മകന്‍ എഴുതുന്ന കണ്ണൂര്‍ രാഷ്ട്രീയ പുസ്തകം മറ്റൊരു 'റെഡ്-സഫ്രോണ്‍-അട്രോസിറ്റി' ആകാതിരിക്കാന്‍ ഗ്രന്ഥകാരന്‍ തികച്ചും ശ്രദ്ധിച്ചിട്ടുണ്ട്.

വംശചരിത്രം, ചരിത്രം, സാമൂഹ്യചരിത്രം, നരവംശ ശാസ്ത്രം, എംപിരിക്കല്‍ റിസേര്‍ച്ച് എന്നീ രീതിശാസ്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. 1972-ല്‍ അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെടുന്നിടത്താണ് കണ്ണൂരിന്റെ രക്തരൂക്ഷിത ചരിത്രം ആരംഭിക്കുന്നത്. എന്നാല്‍, അതിനും മുന്‍പുതന്നെ 1948-ല്‍ മൊയ്യാരത്ത് ശങ്കരന്‍ എന്നൊരു വ്യക്തി രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ കേരളത്തിലെ പൊതുസമൂഹം മനസ്സിലാക്കിയിരുന്നതുപോലെ കണ്ണൂരിലെ കൊലപാതകങ്ങള്‍ സി.പി.എമ്മും ആര്‍.എസ്.എസ്സും പരസ്പരം നടത്തുന്നതായല്ല തുടങ്ങിയത്. അതിന്റെ ചരിത്രം പല തലങ്ങളില്‍ ഉല്ലേഖ് അന്വേഷിച്ചു വിശദീകരിക്കുന്നു. കോണ്‍ഗ്രസ്സിനുള്ളില്‍ നെഹ്‌റുവിന്റെ ആശീര്‍വാദത്തോടെ ഉണ്ടായ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി 1942 ആകുന്നതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപം കൊണ്ടിരുന്നു. കോണ്‍ഗ്രസ്സിനെ ശിഥിലീകരിക്കുന്ന ഒരു ശക്തിയായിട്ടാണ് കമ്യൂണിസ്റ്റുകാരെ കണ്ടിരുന്നത്. കൂടാതെ 1942-ലെ ക്വിറ്റ് ഇന്ത്യാ സമരവേളയിലും തുടര്‍ന്നുള്ള രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്തും കമ്യൂണിസ്റ്റുകാര്‍ എടുത്ത നിലപാട് ദേശീയതയ്ക്കു വിരുദ്ധമായിട്ടാണ് വ്യാഖ്യാനിക്കപ്പെട്ടത്. അന്താരാഷ്ട്ര വീക്ഷണം വെച്ച് പുലര്‍ത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടി, ബ്രിട്ടീഷ് വിരുദ്ധതയ്ക്കൊപ്പം സാമ്രാജ്യത്വത്തിനെതിരേയും ഫാസിസത്തിനെതിരേയും നടത്തിയ ലോക യുദ്ധത്തില്‍ സഖ്യകക്ഷികള്‍ ഇന്ത്യ അനുകൂലിക്കണമെന്ന നിലപാടാണ് എടുത്തത്. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് ഇന്ത്യയില്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കി. 1948 അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന ബി.ടി. രണദിവെ അവതരിപ്പിച്ച കല്‍ക്കട്ടാ തീസിസ് ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ സായുധവിപ്ലവം നടത്തുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്യേണ്ടത് എന്ന നയം പ്രഖ്യാപിച്ചു. ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ മുഖ്യശത്രുവായി കമ്യൂണിസ്റ്റ് പാര്‍ട്ടി മാറി.

ഇതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രമായിരുന്ന കണ്ണൂരിലും പരിസരത്തും അതിന്റെ പ്രവര്‍ത്തകരെ വേട്ടയാടുക എന്നത് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമായി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തില്‍ കോണ്‍ഗ്രസ്സുകാരെയാണ് ആദ്യം പ്രതിസ്ഥാനത്തു കാണാന്‍ കഴിയുന്നത്. വളരെ നല്ലൊരു നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ ഉല്ലേഖ് നടത്തുന്നുണ്ട്. എന്തുകൊണ്ട് കൊച്ചിയിലും തിരുവിതാംകൂറിലും കണ്ണൂരിലേതുപോലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായില്ല? അതിനു ഉത്തരം തെക്കന്‍ കേരളത്തിലെ സാമുദായിക രാഷ്ട്രീയ സംഘടനകളുടെ സാന്നിധ്യമാണെന്നു ഗ്രന്ഥകാരന്‍ പറയുന്നു. എന്നാല്‍ മലബാറില്‍ കാര്‍ഷികവൃത്തി അടിസ്ഥാനമാക്കിയുള്ള സാമൂഹ്യജീവിതമായിരുന്നു. കാര്‍ഷിക സമരങ്ങളുടെ രൂപത്തിലാണ് അവിടെ രാഷ്ട്രീയം ആരംഭിച്ചത്. ജനങ്ങളുടെ സ്വത്വം രാഷ്ട്രീയത്തിലൂടെയാണ് ആവിഷ്‌കരിക്കപ്പെട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റേറ്റിന് എതിരായിരുന്നു അക്കാലത്ത് എന്നതിനാല്‍ കേരളത്തിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും സ്വാഭാവികമായും സമുദായ സംഘടനകളിലോ കോണ്‍ഗ്രസ്സിലോ ചേക്കേറി. കാലം ഏറെ കഴിഞ്ഞിട്ടും അവരില്‍ ഭൂരിപക്ഷവും ഇന്നും അതേ പാരമ്പര്യം തന്നെ പിന്തുടരുന്നു.  

പിന്നെ എങ്ങനെയാണ് ആര്‍.എസ്.എസ് സി.പി.എമ്മിന്റെ മുഖ്യശത്രു ആകുന്നത്? 1969-ല്‍ ബോംബെ ആസ്ഥാനമാക്കി രൂപീകരിക്കപ്പെട്ട ശിവസേനയ്ക്ക് കണ്ണൂരിലെ ആര്‍.എസ്.എസ് വളര്‍ച്ചയുമായി പരോക്ഷമായ ബന്ധം ഉണ്ടെന്ന് ഉല്ലേഖ് യുക്തിസഹിതം സമര്‍ത്ഥിക്കുന്നു. തികച്ചും പ്രാദേശികമായ വികാരം ഇളക്കിവിട്ടു കൊണ്ടുവന്ന ശിവസേനയുടെ ലക്ഷ്യങ്ങളില്‍ ഹിന്ദുത്വം മുഴച്ചു നിന്നിരുന്നു. മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തിയാണ് മറാത്തികളുടെ പിന്തുണ ശിവസേന നേടിയെടുത്തത്. കേരളത്തില്‍  കമ്യൂണിസ്റ്റ് മന്ത്രിസഭ ആദ്യം ഉണ്ടാക്കിയ (1957) ചില തൊഴില്‍ നിയമങ്ങള്‍ മാംഗളൂര്‍ ഗണേഷ് ബീഡി കമ്പനി മുതലാളിമാരെ വല്ലാതെ ബാധിച്ചു. നിയമം അനുസരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകാതിരുന്നതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന തൊഴിലാളി യൂണിയനുകള്‍ പണിമുടക്കി. ഇതിനെ നേരിട്ടത് മാനേജ്മെന്റ് ബീഡി നിര്‍മ്മാണ സാമഗ്രികള്‍ കരിങ്കാലിപ്പണി ചെയ്യാന്‍ സന്നദ്ധത കാട്ടിയ തൊഴിലാളികളുടെ വീടുകളില്‍ എത്തിച്ചുകൊടുത്തുകൊണ്ടാണ്. അതിനു പിന്തുണയുമായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഗുണ്ടകളുടെ രൂപത്തില്‍ കമ്യൂണിസ്റ്റുകളുമായി ആദ്യം കോര്‍ക്കുന്നത്. കുറേയധികം തൊഴിലാളികളെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഹിന്ദുത്വ വാദികള്‍ക്ക് കഴിഞ്ഞു. ഇങ്ങനെയുണ്ടായ സംഘര്‍ഷത്തിന് പില്‍ക്കാലത്തു നാം കാണുന്ന രക്തരൂക്ഷത ഉണ്ടാകുമെന്ന് ആരും കരുതിയില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ ഒരു പ്രതിസന്ധിയെ മറികടന്നത് കേരളാ ദിനേശ് ബീഡി എന്ന കോ-ഓപ്പറേറ്റിവ് സൊസൈറ്റി രൂപീകരിച്ചു കൊണ്ടായിരുന്നു.  

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഉള്ള ഏറ്റവും വലിയ ഐറണി ആര്‍.എസ്.എസ്സുകാര്‍ക്കു മാര്‍ക്‌സിസ്റ്റുകാരായ ഹിന്ദുക്കളെ വെട്ടിക്കൊല്ലാനോ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ആര്‍.എസ്.എസ്സുകാരായ തൊഴിലാളികളെ വെട്ടിക്കൊല്ലാനോ യാതൊരു സന്ദേഹവും ഇല്ല എന്നതാണെന്ന് ഉല്ലേഖ് ചൂണ്ടിക്കാട്ടുന്നു. ഈ പുസ്തകത്തിലെ പ്രധാനപ്പെട്ട ഒരു ആഖ്യാനം എന്നത് എന്തുകൊണ്ട് കണ്ണൂരില്‍ മാത്രം ഇങ്ങനെ ഒരു കൊലപാതക രാഷ്ട്രീയം ഉണ്ടായിരിക്കുന്നു എന്നതിനെക്കുറിച്ചാണ്. കണ്ണൂര്‍ എന്നത് ചേകവന്മാരുടെ നാടാണ് എന്ന ജനപ്രിയ ബോധം മുതല്‍ തുടങ്ങി ഉല്ലേഖ് ചരിത്രത്തില്‍ മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ചുകൊണ്ട്, ചരിത്രകാരന്മാരുടേയും മിത്തോളജിസ്റ്റുകളുടേയും ഒക്കെ നിരീക്ഷണങ്ങളിലൂടെ കണ്ണൂരിലെ ജനത ഒരു സവിശേഷ സ്വഭാവം ഉള്ളവരാണെന്നും അതിനുള്ള പ്രധാന കാരണം അസീറിയക്കാര്‍ മുതല്‍ കൊളംബ്-ഈഴത്തില്‍ നിന്നുള്ളവരും മൂഷകന്മാരും കളഭന്മാരും ചേരന്മാരും തുടങ്ങി പോര്‍ച്ചുഗീസുകാര്‍ വരെയുള്ള ക്ഷത്രിയ-യുദ്ധപാരമ്പര്യമുള്ള വംശങ്ങളുമായുള്ള ജൈവസങ്കലനം കൊണ്ടാണ് എന്നും ഉല്ലേഖ് പറയുന്നു. ഇതിനുള്ള പ്രധാന തെളിവുകളായി ഗ്രന്ഥകര്‍ത്താവ് മുന്നോട്ടു വെയ്ക്കുന്നത് മുന്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ് കണ്ണൂരിനെക്കുറിച്ചു നടത്തിയ പഠനങ്ങളാണ്. എന്നാല്‍, ഈ വീക്ഷണത്തെ തള്ളിക്കളയുന്ന ചരിത്രകാരന്മാരും ഉണ്ട്. കളരികള്‍ ആസ്പദിച്ചുള്ള ഒരു തരം സമുറായി പാരമ്പര്യം കണ്ണൂരിലുണ്ടായിരുന്നത് കാലാകാലങ്ങളില്‍ രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്നുവെന്നും ഏറ്റവും ലഘുവായ കാര്യങ്ങള്‍പോലും അങ്കം വെട്ടി തീരുമാനിക്കുക എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നെന്നും നാം പുസ്തകത്തില്‍ കാണുന്നു. കോഴിയങ്കവും ചേകവന്മാര്‍ തമ്മില്‍ നടത്തുന്ന അങ്കവും വലിയ യുദ്ധങ്ങളെ ഒഴിവാക്കാനും കാരണമായിട്ടുണ്ടെന്നു ചരിത്രകാരന്മാര്‍ ഉദ്ധരിച്ച് ഉല്ലേഖ് പറയുന്നു.

സമവായങ്ങള്‍ക്ക് എതിരായ രാഷ്ട്രീയചേരികള്‍

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ കുടിപ്പകയുടെ ബാക്കിപത്രമാണെന്നു പറയുന്നവരുണ്ട്. ഒരു നാടിന്റെ ശാപമാണെന്നും കര്‍മ്മഫലമാണെന്നും പറയുന്നവരുണ്ട്. അലഞ്ഞുതിരിയുന്ന ആത്മാക്കളാണ് ഇങ്ങനെ ഒരവസ്ഥ നാടിനു വരുത്തിയതെന്നു വിശ്വസിക്കുന്നവരുണ്ട്. ഒരു സമൂഹത്തിന്റെ ഒരുമിച്ചുള്ള ഓര്‍മ്മയായി കൊലപാതക രാഷ്ട്രീയം അവശേഷിക്കുന്നതായി കല്‍ ഗുസ്താവ് യുങ്ങിനെ ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. എന്നാല്‍ രക്തരൂക്ഷിത രാഷ്ട്രീയം, പുരുഷകേന്ദ്രിത രാഷ്ട്രീയം, പേശീബലം തുടങ്ങി രാഷ്ട്രീയമായി മുന്നില്‍ നില്‍ക്കാന്‍ ഏതുതരം രീതിയും ഉപയോഗിക്കാം എന്നു കരുതിയ ഒരു നേതൃത്വം സി.പി.എമ്മിനും ആര്‍.എസ്.എസ്സിനും ഒരുപോലെ ഉണ്ടായിരുന്നു എന്ന് ഉല്ലേഖ് പറയുന്നു. കണ്ണൂരിലെ സി.പി.എമ്മിനെ ഇങ്ങനെയാക്കിയതില്‍ എം.വി. രാഘവനെപ്പോലുള്ള ഒരു നേതാവിന്റെ പങ്ക് ഉല്ലേഖ് വിസ്തരിക്കുന്നു. അതേസമയം ജയരാജന്മാരും കോടിയേരിയും പിണറായിയും ഉള്‍പ്പെടുന്ന ഇന്നത്തെ സി.പി.എമ്മും ഇനിയും പുതിയൊരു രാഷ്ട്രീയശൈലി കണ്ണൂരില്‍ കണ്ടെത്തിയിട്ടില്ല എന്നുതന്നെയാണ് നാം മനസ്സിലാക്കുന്നത്. കണ്ണൂരില്‍ മുന്‍പ് ഇറക്കുമതി ചെയ്യുന്ന ഗുണ്ടകളായിരുന്നു വന്നു പണിതിട്ട് പോകുന്നതെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ആളുകള്‍തന്നെ അത് നേരിട്ട് ചെയ്യുന്നു. കേസ് വരുമ്പോള്‍ ഇരു പാര്‍ട്ടികളും നല്‍കുന്ന ലിസ്റ്റ് പ്രകാരം പ്രതിയെ നിശ്ചയിക്കുന്ന അവസ്ഥയാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍, സാങ്കേതികവിദ്യയുടെ വികസനത്തോടെ കാര്യങ്ങള്‍ മാറിയിരിക്കുന്നു.

കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന പ്രധാന വിമര്‍ശനം എന്നത് എന്തുകൊണ്ട് നേതാക്കള്‍ കൊല്ലപ്പെടുന്നില്ല എന്നതാണ്. ഉല്ലേഖിന്റെ പുസ്തകം ഇക്കാര്യത്തില്‍ പറയുന്നത് ശ്രദ്ധേയമാണ്: നേതാക്കളെ കൊന്നാല്‍ അത് ദേശീയപ്രശ്‌നം ആവുകയും സംഘടനകളുടെ നിരോധനത്തിന് പോലും അവ കാരണമാകും. എന്നാല്‍ അണികളെ കൊന്നാല്‍ അത് രാഷ്ട്രീയമായ തലത്തില്‍ തന്നെ നിന്നുകൊള്ളും. കൊലപാതകികളാകുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍, പാര്‍ട്ടിയില്‍ ഘട്ടം ഘട്ടമായി ഉയരുന്നത് സ്വപ്നം കാണുമെങ്കിലും പലപ്പോഴും പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കു ബാധ്യതയായി മാറുന്ന ഇക്കൂട്ടരെ പാര്‍ട്ടികള്‍ കൈയൊഴിയുകയാണ് ചെയ്യുന്നത്. ഇവരില്‍ പലരുടേയും ജീവിതം കുറ്റബോധത്തിലും പശ്ചാത്താപത്തിലും പെട്ട് ഇല്ലാതാകുന്നു എന്നും ഉല്ലേഖ് നിരീക്ഷിക്കുന്നു. ഓരോ പാര്‍ട്ടിയും കൊലപാതകത്തിന് ഉപയോഗിക്കുന്ന ഉപകരണം, ശൈലി എന്നിവയില്‍ വ്യത്യാസമുണ്ട്: സി.പി.എം വെട്ടുമ്പോള്‍ വെട്ടിത്തള്ളുകയാണ്. അതാണ് മുപ്പത്തിയേഴും അമ്പത്തിയെട്ടും വെട്ടുകളൊക്കെ. ആര്‍.എസ്.എസ് കൃത്യമായ ഞരമ്പുകളെയാണ് മുറിച്ചിടുന്നത്. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിക്കാറുണ്ട്. കൊലപാതക രാഷ്ട്രീയം കണ്ണൂരില്‍ തുടരുകയാണ്. പലപ്പോഴും ഇതര പകപോക്കലുകളും മറ്റു പാര്‍ട്ടികള്‍ ചെയ്യുന്നതും ഒക്കെ സി.പി.എമ്മിന്റേയും ആര്‍.എസ്.എസ്സിന്റേയും കണക്കില്‍ വരവ് വെക്കാറുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരുമിച്ചിരുന്നു പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാഞ്ഞിട്ടല്ല, പക്ഷേ, ഗ്രൗണ്ട് റിയാലിറ്റി കണ്ണൂരില്‍ ഇപ്പോഴും സമവായങ്ങള്‍ക്ക് എതിരാണ്.

കണ്ണൂര്‍ പ്രശ്‌നത്തിന് ഉല്ലേഖ് ഒരു പരിഹാരം നിര്‍ദ്ദേശിക്കുണ്ട്. ഒരുപക്ഷേ, ഒരു ഉട്ടോപ്പിയന്‍ പരിഹാരമാണെന്ന് ഒറ്റയടിക്കു തോന്നാം. കണ്ണൂരിലെ മനോഹരമായ പ്രദേശങ്ങളുടെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം അതിലേക്കായി ചെയ്യാവുന്നത് കളരിയെ ഒരു തന്നടക്കത്തിനുള്ള വിദ്യാഭ്യാസമായി വളര്‍ത്തുകയും അതിലൂടെ ടൂറിസത്തിന്റെ സാധ്യതകളെ പരിപോഷിപ്പിക്കുകയുമാണ്. എന്നാല്‍ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിപ്പിക്കുക വഴി കണ്ണൂരിനു പരിഹാരം കണ്ടെത്താം എന്നു കരുതുന്നവരുണ്ട്. പക്ഷേ, സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പുരുഷാധിപത്യ, പേശീബല പ്രവര്‍ത്തനശൈലിയെ കൈവിടാന്‍ ഒരുക്കമല്ല എന്നതാണ് സത്യം. കണ്ണൂരിലെ ഓരോ ശ്മശാനത്തിനു മുന്നിലും ഉദക ക്രിയകള്‍ക്കായി ബന്ധുക്കള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കാണാം. ബലിച്ചോറെടുക്കാന്‍ കാക്ക വരുമെന്ന് അവര്‍ കരുതുന്നു. പക്ഷേ, അല്പം പ്രതീക്ഷാ നഷ്ടത്തിലാണ് ഉല്ലേഖ് പുസ്തകം അവസാനിപ്പിക്കുന്നത്: ''മ്ലാനമായ പ്രദോഷത്തിലേക്ക് പ്രതീക്ഷ ചിതയില്‍ എരിഞ്ഞുയരുന്നു. കാക്കകളെ എങ്ങും കാണാനുമില്ല.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com