സൂഫിസം മേഘങ്ങളിലെ മഴത്തുള്ളി

മിസ്റ്റിസിസം ഒരു മതമല്ല. മതങ്ങളുണ്ടാവുന്നതിനു മുന്‍പും അതുണ്ടായിരുന്നു.
സൂഫിസം മേഘങ്ങളിലെ മഴത്തുള്ളി



മിസ്റ്റിസിസം ഒരു മതമല്ല. മതങ്ങളുണ്ടാവുന്നതിനു മുന്‍പും അതുണ്ടായിരുന്നു. ആദി മനുഷ്യനില്‍നിന്നുവേണം ഇതിന്റെ കണക്കെടുപ്പ് തുടങ്ങാന്‍. മതത്തിന്റെ ചട്ടക്കൂടുകളില്‍ ഒതുങ്ങി നില്‍ക്കാന്‍ അതുകൊണ്ടുതന്നെ അതിനാവില്ല. ഇസ്ലാമിലെ മിസ്റ്റിക്ക് ശാഖയാണ് സൂഫിസം. എല്ലാ മതങ്ങളേയും പ്രവാചകന്മാരേയും ജ്ഞാനികളേയും ഗുരുക്കന്മാരേയും സൂഫിസം ഉള്‍ക്കൊള്ളുന്നു. അതാണത് പ്രചരണത്തില്‍നിന്ന് മാറിനില്‍ക്കുന്നത്. 
എല്ലാത്തിനും അകവും പുറവും ഉണ്ട് എന്നതുപോലെ മതത്തിനും ഇതുണ്ട്. മതത്തിന്റെ പുറമാണ് പ്രചരണ-രാഷ്ട്രീയത. 

മിസ്റ്റിസിസം ഒരു പ്രവാഹമാണ്. ആരംഭിച്ചേടത്ത് അതിനു ലഭിച്ച പേരാവില്ല തുടര്‍ന്ന് ഒഴുകുമ്പോള്‍. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സ്വാംശ്വീകരിച്ച് അന്ത്യലക്ഷ്യമായ അഴിമുഖത്തെത്തി ലയിച്ചില്ലാതാവലാണ് അത് കാംക്ഷിക്കുന്നത്. വന്നുവീഴുന്ന മാലിന്യങ്ങളേയും പുഷ്പങ്ങളേയും വൃക്ഷക്കൊമ്പുകളേയും ഒന്നിച്ചു ചേര്‍ത്താണ് അതൊഴുകുന്നത്. എല്ലാം സ്വീകരിക്കുന്ന മഹാസാഗരംപോലെ വിശ്വാസികളേയും അവിശ്വാസികളേയും സ്വീകരിക്കുന്നു സൂഫിസം. അതുകൊണ്ടുതന്നെ ദൈവം അവര്‍ക്ക് പ്രാണേശ്വരനാണ്. മതങ്ങളുടെ ദൈവം ഉഗ്രപ്രതാപിയും ഭയപ്പെടുത്തുന്നവനുമായ പുരുഷനാണ്. 

വിവിധ വികാരവിചാരങ്ങളുമുള്ള മനുഷ്യരെ ഒന്നായിച്ചേര്‍ത്ത് ഹൃദയം വികസിപ്പിക്കുകയും  പ്രണയമധുരരസം നിറക്കലുമാണ് തസവുഫ് അഥവാ സൂഫിസം ചെയ്യുന്നത്. 
അനേകം ചിറകുകളുള്ളതുകൊണ്ട് നിയന്ത്രണവിധേയമാകാതെ ആത്മീയാകാശത്തിലത് സഞ്ചരിക്കുന്നു. ഒറ്റ ലക്ഷ്യമേയുള്ളൂ പ്രാണേശ്വരനെ പ്രാപിക്കുക എന്നത്. അതിന്റെ ശ്വാസത്തില്‍ അടങ്ങിയിട്ടുള്ള ഏക വികാരവും അതുതന്നെ: പ്രണയപ്രാപ്യത. ഒരിക്കലും കണ്ടുമുട്ടുമെന്ന് അവകാശപ്പെടാനോ ബോധ്യപ്പെടുത്താനോ ആവാത്ത പ്രതിഭാസമാണ് ദൈവം. ആ ദൈവത്തെ ഹൃദയത്തിലൊതുക്കി അതിന്റെ പ്രണയശക്തിയില്‍ ജീവിക്കുന്ന ഒരാളെയാണ് സൂഫി എന്ന് വിളിക്കുന്നത്. ഇതിലേക്ക് എത്താന്‍ ബാഹ്യമായി ലഭ്യമായ എല്ലാ മോടികളും കുറേശ്ശേയായി ഒഴിവാക്കേണ്ടതുണ്ട്. 

ഒരു ത്രാസില്‍ ഭാരമുള്ള തട്ടാണ് താഴത്തേക്ക് പോകുന്നത്. ഭാരമില്ലാത്തവ മുകളിലേക്ക് ഉയരുന്നു. ഭാരമുള്ള തട്ടില്‍നിന്ന് കുറേശ്ശക്കുറേശ്ശയായി കനം ഒഴിവാക്കുമ്പോള്‍ ആ തട്ടും മുകളിലോട്ട് ഉയരുന്നു. രണ്ട് തട്ടുകളും ഒരേ അവസ്ഥയിലെത്തുമ്പോഴാണ് ബോധോദയം ഉണ്ടാവുന്നത്. മനുഷ്യജീവിതത്തിലും കൂട്ടിവെച്ചുണ്ടാക്കുന്ന ഭാരങ്ങളാണ് പലപ്പോഴും സനാതനാവസ്ഥയില്‍നിന്ന് താഴോട്ടേക്ക് കൊണ്ടുപോവുന്നത്. മതം, അധികാരം, സമ്പത്ത്, പാരമ്പര്യം, തറവാട് എന്നിവ മനുഷ്യന്റെ ഭാരങ്ങളാണ്. അതൊക്കെ ഒന്നൊന്നായി ഇറക്കിവയ്ക്കുമ്പോള്‍ ഞാന്‍ എന്ന വലിയ ഭാരം കുറയുകയും പ്രകൃതിയിലെ മറ്റേതുമെന്നപോലെ നിസ്സാരത എന്തെന്നറിയുകയും ചെയ്യുന്നു. 

അരൂപിയായ ദൈവം
ഒരു പശുവിന്റെ കുഞ്ഞിനു കൊടുക്കാന്‍ പ്രകൃതി അതിനു നല്‍കിയ പാല് മനുഷ്യന്‍ അതിനോട് ചോദിക്കാതെ കറന്നെടുക്കുമ്പോള്‍ അത് പ്രതിഷേധിക്കുന്നില്ല. അതിന് കൊടുക്കുവാനേ അറിയൂ. മാവിലേക്ക് കല്ലെറിയുന്ന ഒരാള്‍ക്ക് പകരം മാവ് നല്‍കുന്നത് മറ്റൊരു കല്ലല്ല, മാങ്ങയാണ്. പ്രകൃതിയിലെ ഏതൊന്നിനെ എടുത്താലും അവ കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ. വൈകാരികമായ അടുപ്പം ഇല്ലാത്തതുകൊണ്ട് നഷ്ടപ്പെടുമ്പോള്‍ മൃഗങ്ങള്‍ക്ക് ദു:ഖം ഉണ്ടാവുന്നില്ല. ഒട്ടിച്ചത് പറിച്ചെടുക്കുമ്പോഴാണ് വിച്ഛേദനനൊമ്പരം ഉണ്ടാവുന്നത്. മാസങ്ങളോളം ചുമന്ന് പ്രസവിച്ച പശുക്കിടാവ് കുറച്ചുകഴിയുമ്പോള്‍ കാലിക്കൂട്ടത്തിലേക്ക് നടന്നുപോവുന്നു. അമ്മ അതിനെ തടുക്കുകയോ ആ കുഞ്ഞ് അമ്മയെ ഓര്‍ത്ത് കരയുകയോ ചെയ്യുന്നില്ല. പ്രകൃതിയില്‍ എമ്പാടും നിറഞ്ഞുനില്‍ക്കുന്ന ഈ അവസ്ഥയെ മനുഷ്യനാണ് വൈകാരികമായ തലത്തിലെത്തിച്ചത്. ദു:ഖങ്ങള്‍ക്ക് മുഖ്യകാരണം ഒട്ടിച്ചേരലുകളാണ്. 

മരണം സ്ഥിര വേര്‍പാടാണ്. ചെറിയ ചെറിയ വേര്‍പിരിയലിനുശേഷം ഉണ്ടാവുന്ന സ്ഥിരമായ വേര്‍പാട്. മരണാനന്തര ജീവിതത്തെക്കുറിച്ച് മതങ്ങള്‍ക്ക് ഏകദേശം ഒരേ കാഴ്ചപ്പാടാണ്. ആത്മാവിന് മറ്റൊരു ജീവിതമുണ്ടെന്ന് വിശ്വസിക്കുന്നുണ്ട് എല്ലാ മതങ്ങളും. സ്വര്‍ഗ്ഗനരകങ്ങളും പുനര്‍ജ്ജന്മവുമടങ്ങിയ കര്‍മ്മസിദ്ധാന്തം പൊതുവെ വിശ്വസിക്കപ്പെടുന്നു. അല്പസ്വല്‍പ്പം വ്യത്യാസമുണ്ടെന്നു മാത്രം.

അരൂപിയായ ദൈവത്തെയാണ് ഇസ്ലാം അവതരിപ്പിക്കുന്നത്. ഇത് ഭാവനയിലുള്ള രൂപത്തെ സൃഷ്ടിക്കുന്നതിനു പകരം സ്വയം നിര്‍മ്മിക്കാനുള്ള സാവകാശം നല്‍കുന്നു. മീര, തെരേസ, റാബിയ എന്നീ വനിതാ മിസ്റ്റിക്കുകളില്‍ റാബിയയ്ക്ക് മാത്രമാണ് രൂപമില്ലാത്ത ദൈവത്തെ പ്രണയിക്കേണ്ടി വന്നത്. അവര്‍ സ്വയമുണ്ടാക്കിയ അവരുടേത് മാത്രമായ ദൈവത്തെ മറ്റു രണ്ടുപേരെക്കാളധികം പ്രണയിച്ചിരുന്നു എന്നാണ് ദൈവത്തിന്റെ മണവാട്ടികള്‍ എന്ന പുസ്തകമെഴുതുമ്പോള്‍ അനുഭവമായത്.  രൂപങ്ങളുള്ള ദൈവങ്ങളെ നിഷേധിക്കുകയും അരൂപിയായ ഒന്നിനെ സൃഷ്ടിക്കുകയും ചെയ്തു ഇസ്ലാം. ആദമില്‍  തുടങ്ങി മുഹമ്മദില്‍ അവസാനിക്കുന്ന പ്രവാചക പരമ്പരയില്‍ മുഹമ്മദിനു മുന്‍പുള്ള പ്രവാചകന്മാരുടെ പെയിന്റിങ്ങുകളും ശിലകളും ഉണ്ടായിരുന്നു. സെമിറ്റിക് മതങ്ങളുടെ ആദ്യ പ്രവാചകനായ അബ്രഹാം (ഇബ്രാഹിം) ഇപ്പോള്‍ മുസ്ലിമുകളുടെ തീര്‍ത്ഥാടന കേന്ദ്രമായ 'കഅബ'യില്‍ ചെന്നപ്പോള്‍ നിരവധി വിഗ്രഹങ്ങള്‍ കണ്ടു. ആജ്ഞാനിഷേധിയായ അദ്ദേഹം അവയൊക്കെ തച്ചുടച്ചു. ശുദ്ധീകരണത്തിനു ശേഷം മദീനയിലേക്ക് പോവുകയും കുറച്ചുദിവസം കഴിഞ്ഞ് മക്കയിലേക്ക് തിരിച്ചെത്തി കഅബയില്‍ പ്രവേശിക്കുകയും ചെയ്തപ്പോള്‍ തച്ചുടച്ച വിഗ്രഹങ്ങള്‍ക്കു പകരം അദ്ദേഹത്തിന്റെ മുഖമുള്ള വിഗ്രഹങ്ങളാണ് അവിടെ കണ്ടത്. 

മനുഷ്യന്‍ ഭാവനയുള്ള ജീവിയാണ്. ഒന്നില്‍നിന്ന് ഒരായിരം സൃഷ്ടിക്കാന്‍ അവനെപ്പോഴും ശ്രമിക്കുന്നു. മനനം ചെയ്യുന്നതുകൊണ്ടാണ് മനുഷ്യന്‍ എന്ന വാക്ക് ഉണ്ടായത്. ഇന്നത്തെ എല്ലാ പുരോഗതികള്‍ക്കും കാരണം മനുഷ്യന് മന:സൃഷ്ടമാക്കാനുള്ള കഴിവാണ്. നഗ്‌നനായി നടന്നിരുന്ന മനുഷ്യന്‍ ഇന്നത്തെ അവസ്ഥയിലെത്താനും കണ്ടും കാണാതേയും ഭൂമിയിലെ ഏതറ്റത്തുമുള്ള മറ്റുള്ളവരുമായി സംവദിക്കാനുമുള്ള അവസ്ഥയിലേക്കെത്തിയത് മനുഷ്യന്റെ മന:സൃഷ്ടിപരത ഉയര്‍ന്നതുകൊണ്ടാണ്. ഇനിയും ഭിത്തികള്‍ ഭേദിക്കുകയും പ്രകൃതിയിലെ മറ്റേതും പോലെ കൂടുതല്‍ ഉയര്‍ച്ച പ്രാപിക്കുകയും ചെയ്യും. പിടിച്ചുനിര്‍ത്താനാവാത്തവിധം എല്ലാ കോണുകളില്‍നിന്നും മാറ്റത്തിന്റെ ശാക്തീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള അകലം കുറയുന്നുണ്ട്. പ്രകൃതിയിലെ മറ്റേതും പോലെ ദൈവവുമായുള്ള ബന്ധവും ലഘൂകരിക്കപ്പെടുന്നുണ്ട്.  

ഒരാള്‍ ഒരിക്കലേ ഒരൊഴുക്കില്‍ കാല് വെയ്ക്കുന്നുള്ളൂ എന്ന സെന്‍പ്രസ്താവം ഇവിടെ പ്രസക്തമാവുന്നു. ഒഴുക്ക് എന്നാലര്‍ത്ഥം ശുദ്ധീകരണം എന്നാണ്. ഇപ്പറച്ചിലുകളും ഇതിനു മുന്‍പുള്ളതിന്റെ തുടര്‍ച്ച മാത്രമാണ്. നാളെ മറ്റൊരു അനുഭവവും ബോധ ഉണര്‍വ്വും ഉണ്ടായാല്‍ ഇതിനപ്പുറം ചിന്തിച്ചേക്കാം. ഒഴുകുമ്പോഴാണ് നിരവധി കരകള്‍ കാണുന്നത്. നിശ്ചലതയെയാണ് മരണം എന്നു വിളിക്കുന്നത്. ഒരു നിമിഷത്തില്‍നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോള്‍ ബോധത്തിന്റെ ഇതളുകള്‍ കൊഴിഞ്ഞുവീഴുന്നത് അത് ഒരിക്കലും സ്ഥായിയായിരുന്നില്ല എന്നതിനാലാണ്. 

ഒരു മനുഷ്യന്റെ ശരിയും തെറ്റും അവന്റെ ബോധപരമായ പരിണാമവും ധാരണകളും അര്‍ത്ഥങ്ങളും അനുസരിച്ചാണ്. ഇന്നലെ ഇന്നാവുകയും ഇന്ന് നാളെയാവുകയും ചെയ്യുമ്പോള്‍ ഉദയാസ്തമയങ്ങള്‍ നേരത്തെ അനുഭവിച്ചതുപോലെ ആവാമെങ്കിലും താപത്തിനും ഭൂമിയിലേക്ക് അത് പതിക്കുന്നതിനും വ്യത്യാസമുണ്ട്. ഒരേ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന മക്കളെല്ലാം ഒരേ പോലെയല്ല. പത്തു വിരലുകളും കൈപ്പത്തിയിലെ അനേകം രേഖകളും വ്യത്യസ്തപ്പെട്ടിരിക്കുന്നു. അതുപോലെ ഓരോ മനുഷ്യനും വൈവിദ്ധ്യം സൂക്ഷിക്കുന്നുണ്ട്. അവന്റെ താല്‍പ്പര്യങ്ങളും വ്യത്യസ്തമാണ്. വിവിധ നിറങ്ങള്‍ ഉണ്ടായത് മനുഷ്യരുടെ വര്‍ണ്ണ അഭിരുചികള്‍ വ്യത്യസ്തമായതിനാലാണ്. ഒരേ മാതാപിതാക്കളുടെ മക്കള്‍ ഒരിക്കലും ഒരേ നിറം തിരഞ്ഞെടുക്കണമെന്നില്ല. ഒരേ നിറമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് നടക്കുന്നവരെയാണ് നമ്മള്‍ യൂണിഫോം ധരിച്ചവരെന്ന് വിളിക്കുന്നത്. അത് പൊലീസ്, പട്ടാളം, നഴ്സുമാര്‍ എന്നിവരെ തരംതിരിക്കുന്നു. ജോലിയിലിരിക്കുമ്പോള്‍ കാക്കിവസ്ത്രം ധരിക്കുന്ന പൊലീസുകാരന്‍ അത് അഴിച്ചുമാറ്റി തന്റേതായ വസ്ത്രമണിയുമ്പോള്‍  ആദ്യമുണ്ടായിരുന്ന സ്വഭാവമാവണമെന്നില്ല. സന്ന്യാസിയും യോഗിയും പാതിരിയും മൗലവിയും അവരവരുടെ വിശ്വാസത്തിനനുസരിച്ച് വേഷം ധരിക്കുന്നതുകൊണ്ടാണ് അവരെ ഏതു മതസ്ഥരാണ് എന്നറിയുന്നത്. പര്‍ദ്ദ ധരിക്കുന്നവരും കന്യാസ്ത്രീകളും യോഗിനികളും ഉദാഹരണമായി ഉണ്ട്. തീവണ്ടിയിലെ ടിക്കറ്റ് എക്സാമിനര്‍ക്ക് ഒരു പ്രത്യേകം വസ്ത്രം ധരിക്കുന്നതുകൊണ്ടാണ് അയാള്‍ ടിക്കറ്റ് ചോദിക്കുമ്പോള്‍ നമ്മള്‍ സംശയിക്കാതെ കൊടുക്കുന്നത്. 

മനുഷ്യന്റെ ബോധപരിണാമത്തെക്കുറിച്ച് വേദം പറയുന്നത് കല്ലും വൃക്ഷവും മൃഗവും മനുഷ്യരും ദൈവവുമെന്ന അവസ്ഥകളിലൂടെ എത്തിച്ചേരുന്ന ബ്രഹ്മാവസ്ഥയെക്കുറിച്ചാണ്. ഇതേക്കുറിച്ച് ഹസ്രത്ത് ഇനായത്ത് ഖാന്‍ എന്ന സൂഫി ഗുരു പറഞ്ഞത് ഇങ്ങനെയാണ്: ''ദൈവം കല്ലില്‍ ഉറങ്ങുന്നു വൃക്ഷത്തില്‍ സ്വപ്നം കാണുന്നു. മൃഗത്തില്‍ ഉണരുന്നു, മനുഷ്യനില്‍ സാക്ഷാല്‍ക്കാരം നേടുന്നു.'' വേദം പറഞ്ഞ ബോധപരിണാമ സിദ്ധാന്തത്തെ കവിതയുടെ കൂട്ട് ചേര്‍ത്ത് ഹൃദയത്തിലേക്ക് എത്തിച്ചു ആ സൂഫിവര്യന്‍. അതാണ് ബുദ്ധിയുടെ വേദാന്തവും ഹൃദയപക്ഷമുള്ള സൂഫിസവും തമ്മിലെ വ്യത്യാസം. 

ഒന്നും പുതുതായി ഉണ്ടാവുന്നില്ല. എല്ലാം തുടര്‍ച്ചകള്‍ മാത്രം. ഇസ്ലാംമത വിശ്വാസമനുസരിച്ച് ആദമില്‍ തുടങ്ങി മുഹമ്മദില്‍ അവസാനിപ്പിക്കുന്നതാണ് പ്രവാചക പരമ്പര. അതിനുശേഷം ജ്ഞാനികളും, പരിഷ്‌കര്‍ത്താക്കളും ശുദ്ധീകരണം നടത്താനായി ജന്മമെടുത്തിട്ടുണ്ട്. തസവുഫ് (സൂഫിസം) എന്നതിനര്‍ത്ഥം ശുദ്ധീകരണം എന്നാണ്. പരിണാമം ആവശ്യമായതുകൊണ്ടാണ് മിസ്റ്റിക്ക് സംഹിത ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ 'അതേ'കള്‍ക്കും 'ഇല്ല'കള്‍ക്കും ഉള്ളിലായി സത്യം, അസത്യം എന്ന നിലപാടുകള്‍ ഒളിച്ചിരിപ്പുണ്ട്. ഒരു ചോദ്യത്തിന് ഒരാള്‍ക്ക് ലഭിക്കുന്ന 'അതേ' മറ്റൊരാള്‍ക്ക് 'അല്ല' എന്നാവാം. എല്ലാവര്‍ക്കും മൊത്തമായി ഇഷ്ടപ്പെടുന്ന ഭക്ഷണമോ വസ്ത്രമോ കാഴ്ചകളോ പരിസരങ്ങളോ ഇല്ല. അനേകം അഭിരുചികള്‍ ഉള്ളതുകൊണ്ടാണ് അനേകം വസ്ത്രധാരണങ്ങളും ഭക്ഷണങ്ങളും ചുറ്റുപാടുകളും ഭാഷകളും കാലാവസ്ഥകളും ഉണ്ടായത്. ഇങ്ങനെ വ്യത്യസ്ത നിലപാടുകളുള്ള മനുഷ്യനെ ഏകോപിപ്പിച്ച് ഒരേ വഴിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് അപ്രാപ്യമായ കാര്യമാണ്. ഒരു സിദ്ധാന്തം തന്നെ പല നാടുകളില്‍ ആ നാട്ടിലെ ഭാഷാപരവും സാംസ്‌കാരികവുമായ നിലപാടുകള്‍ അനുസരിച്ചായിരിക്കും സ്വീകരിക്കപ്പെടുക. ലോകത്തിലെ മിക്ക രാജ്യങ്ങളിലും സ്ത്രീകള്‍ വിവാഹശേഷം ഭര്‍ത്തൃഗൃഹത്തിലേക്കാണ് ചെല്ലുക. മലബാറിലെ വടക്കന്‍ തീരപ്രദേശങ്ങളിലെ മുസ്ലിം പുരുഷന്മാര്‍ ഭാര്യാഗൃഹങ്ങളിലേക്കാണ് പോവുന്നത്. പൗരാണികമായ മരുമക്കത്തായ സമ്പ്രദായം മതം മാറിയിട്ടും ഇന്നുവരെ വിട്ടുകൊടുത്തിട്ടില്ല. സാംസ്‌കാരികമായ സമ്പ്രദായങ്ങള്‍ വിശ്വാസത്തോടൊപ്പം മുറുകെ പിടിക്കുക മനുഷ്യസഹജമാണ്. വ്യത്യസ്ത സംസ്‌കാരവും രുചികളും ആസ്വാദനവുമുള്ള മനുഷ്യാവസ്ഥയിലേക്ക് കയറിച്ചെല്ലാന്‍ അതിനെയെല്ലാം ഉള്‍ക്കൊള്ളുന്ന, എന്നാല്‍, മനുഷ്യപ്രണയത്തിന്റേയും സംഗീതത്തിന്റേയും മതേതരവിശ്വാസത്തിന്റേയും ഉള്‍ബലമുള്ള ഒരു തത്ത്വസംഹിതയ്ക്കു മാത്രമേ കഴിയുകയുള്ളു. ഇതിന് അമിതമായ ഘോഷങ്ങളോ അപ്രാപ്യമായ വ്യാമോഹങ്ങളോ ചെപ്പടിവിദ്യകളോ സാമ്പത്തിക സഹായങ്ങളോ അല്ല ഭൂഷണം. അവനവന്റെ ഉള്‍ക്കാമ്പിലെ സ്വസ്ഥതയുടെ നീരൊഴുക്ക് കണ്ടെത്തുകയും ആ ഒഴുക്കിനെ സമ്പന്നവും സമൃദ്ധവുമാക്കുമാറ് ശുദ്ധീകരണം നടത്തി ഒഴുകാന്‍ അനുവദിക്കുകയും വേണം. ഇതിന് വേണ്ടത് ത്രാണി മാത്രമാണ്, ആത്മാര്‍ത്ഥതയും. 

കണ്ണാടിയിലേതല്ല യാഥാര്‍ത്ഥ്യം

വിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങളിലും ആഴ്ന്നുപോയ മതങ്ങള്‍ അതിനുള്ളിലെ ആന്തരികതയുടെ പ്രതിഫലനങ്ങള്‍ കാണാതെ പോയി. ഒരു കണ്ണാടിയില്‍ പതിയുന്ന നീലാകാശത്തിന്റെ തുണ്ടമല്ല ശരിയായ വിണ്ണ്. ചൈനീസ് നാടോടിക്കഥകളില്‍ പറയുന്നതുപോലെ കണ്ണാടിയില്‍ കാണുന്ന നമ്മളല്ല യഥാര്‍ത്ഥ നമ്മള്‍. അതില്‍ കാണുന്നത്  സ്വന്തം ആത്മാവിനെയാണ്. അത്തരം വിശ്വാസം ഉള്ളതുകൊണ്ടായിരുന്നു ഒരാള്‍ ഉപയോഗിച്ച കണ്ണാടി മരണശേഷം അവര്‍ നശിപ്പിച്ചിരുന്നത്. ഒരാള്‍ക്ക് കാണാന്‍ മാത്രമാണ് ഒരു കണ്ണാടി എന്ന വിശ്വാസം രസകരവും ആലോചിക്കേണ്ടതുമാണ്. അനേകം മനുഷ്യരുടെ മരണങ്ങള്‍ അനേകം കണ്ണാടികള്‍ ഉടച്ചിരിക്കാം. ജീവിതത്തിലൊരിക്കലും കണ്ണാടി ഉപയോഗിച്ചിട്ടില്ലാത്ത പ്രാകൃതമനുഷ്യര്‍ അത്രയൊന്നും പ്രാകൃതരല്ലാത്ത പേര്‍ഷ്യയിലും ഇറാക്കിലും ജീവിച്ചിരുന്ന സൂഫികളും തങ്ങളുടെ മുഖങ്ങള്‍ കാണേണ്ടതില്ല എന്നു തീരുമാനിച്ചവരാണ്. കാണുക എന്നാലര്‍ത്ഥം അറിയാന്‍ ശ്രമിക്കുക എന്നതാണ്. അറിവ് കൂടുന്തോറും അഹന്തയും അധികരിക്കുന്നു. ഇതറിയുന്നതുകൊണ്ടാണ് ഒരു ഖലന്തര്‍ സൂഫി പറഞ്ഞത് വെള്ളത്തില്‍ തന്റെ മുഖത്തിനു പകരം  ദൈവത്തിന്റെ മുഖമാണ് കണ്ടത് എന്ന്. ഞാന്‍ തന്നെയാണ് ദൈവം എന്ന ആന്തരികാര്‍ത്ഥവും അതിലുണ്ട്. ഖലന്തറുകളായ സൂഫികള്‍ ഭിക്ഷാംദേഹികളാണ്. ദൈവത്തോട് സംസാരിക്കുന്നവര്‍. നിരുപദ്രവകാരികള്‍. ദൈവത്തോട് നേരിട്ട് സംസാരിച്ചതിന് 2017 ഫെബ്രുവരി 17-ന് പാകിസ്താനിലെ ഷഹ്ബാസ് ലാല്‍ ഖലന്തര്‍ സൂഫി സത്രത്തില്‍ 88 ഖലന്തറുകളാണ് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.  

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കണമെന്നില്ല. ചില ചോദ്യങ്ങള്‍ക്കു അപ്പോള്‍ത്തന്നെ ലഭിച്ചേക്കാം. ചിലപ്പോള്‍ കാത്തിരിക്കേണ്ടിവരും. ചിലത് മരണത്തിനു തൊട്ടു മുന്‍പാവാം, മറ്റ് ചിലത് മരണശേഷവും. ഒരു ചോദ്യവും ഒരു ഉത്തരവും നമ്മുടേതായി ഇല്ല: മുന്‍പേ പറഞ്ഞുവച്ചതോ തുടര്‍ച്ചയോ ആണ് എല്ലാം. പുതുത് എന്ന് നാം പറയുന്നത് പറഞ്ഞുവച്ചതിനെ പരിഷ്‌കരിച്ച്, ശൈലിവ്യത്യാസം നടത്തി അവതരിപ്പിക്കുന്നതുകൊണ്ടാണ്. ഏത് വിശ്വാസവും തുടര്‍ച്ചകളില്‍നിന്ന് ഉണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ ഭിന്നാഭിപ്രായങ്ങളാണ്. മാനുഷിക തലത്തിലുള്ള അര്‍ത്ഥങ്ങളെ ദാര്‍ശനികമായും ബോധപരവുമായും ഉണര്‍ത്തുക എന്നതാണ് ഗൂഢജ്ഞാനമായ 'മിസ്റ്റിസിസം' ചെയ്യുന്നത്. 

പൗരസ്ത്യത്തിന്റെ ആത്മീയസംഭാവനകളായ വേദാന്തം, ബുദ്ധിസം, സൂഫിസം എന്നീ മൂന്ന് പൗരാണിക ശാഖകള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കിലും അവ തമ്മില്‍ ഏകീകൃതമായ ഒരവസ്ഥയും ഉണ്ട്. വിശ്വാസങ്ങള്‍ക്കപ്പുറത്ത് അനന്തമായിക്കിടക്കുന്ന ബോധവികാസത്തിന്റെ തനിമയെ ശ്ലാഘിക്കുന്ന ഒരവസ്ഥയാണ് സൂഫിസം. ഉള്ളില്‍ ദൈവികതയുടെ ഇമ്പമുള്ള വാക്കുകളും സത്യവചനങ്ങളും പുറമേക്ക് അതിന്റെ പ്രതിഫലനവും ശാന്തതയും നിര്‍വ്വികാരമായ ഇടപെടലുകളും നടത്താന്‍ ഒരു സൂഫിക്ക് കഴിയുന്നത് അയാളുടെ ഉള്ളില്‍ സംഗീതത്തിന്റേയും പ്രണയത്തിന്റേയും 'ഹാല്' ഉള്ളതുകൊണ്ടാണ്. ദൈവം എന്ന പ്രണയിനിയെ അര്‍ത്ഥി എന്ന പ്രേമി സംഗീതത്തിന്റെ മാസ്മരികതയിലാണ് ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലേയും പേര്‍ഷ്യയിലേയും തുര്‍ക്കിയിലേയും യമനിലേയും ഈജിപ്തിലേയും ആഫ്രിക്കയിലേയും സൂഫികള്‍ ഒരേ സ്വരത്തില്‍ 'യാഹു' എന്ന് വിളിക്കുന്നു. ജലാലുദ്ദിന്‍ റൂമിയുടെ ഭ്രമണനൃത്തം സംഗീതത്തിന്റെ പരമോന്നതിയിലാണ് സംഭവിക്കുന്നത്. ഓടക്കുഴലിന്റേയും തപ്പിന്റേയും മാസ്മരികമായ മിശ്രിതത്തില്‍ വട്ടംചേര്‍ന്നുനില്‍ക്കുന്ന സൂഫികള്‍ സ്വയം മറന്ന് നൃത്തം ചെയ്യുമ്പോള്‍  'ഞാന്‍' അപ്രത്യക്ഷമാവുന്നു. പകരം അനന്തമായ ശൂന്യതയുടെ പ്രതിച്ഛായകള്‍ സൃഷ്ടിക്കപ്പെടുന്നു. അങ്ങനെ റൂമി പറഞ്ഞ ഞാന്‍ അവനായി മാറുന്നു. ഈ ഒരവസ്ഥയില്‍ എത്തിപ്പെടുന്ന ഒരാള്‍ പ്രകൃതിയിലെ മറ്റെന്തുംപോലെ കൊടുക്കുന്നവനായിത്തീരുന്നു. സമ്പത്തോ പ്രതാപമോ പ്രശസ്തിയോ അല്ല. അവനില്‍ നിറഞ്ഞുനില്‍ക്കുന്ന ജ്ഞാനപ്പൊരുളില്‍നിന്ന് ഒഴുകിവരുന്ന പ്രണയജ്വാലയുടെ നേരിയ പ്രകാശ രേണുക്കള്‍ മാത്രമേ പിന്നെ അവനൊപ്പമുള്ളൂ. അതാവട്ടെ, മറ്റെല്ലാ വെളിച്ചങ്ങളേയും ഉല്ലംഘിക്കുന്ന മനുഷ്യാസ്തിത്വത്തിന്റെ ഉല്‍ബോധനമായ പ്രകാശമാണ്. അത് അര്‍ഹര്‍ക്ക് കൈമാറ്റം ചെയ്യുമ്പോള്‍ കൊടുക്കുന്ന ആള്‍ക്ക് അധികം ലഭിക്കുകയും കിട്ടുന്നയാള്‍ക്ക് പുതു ഊര്‍ജ്ജമാവുകയും ചെയ്യുന്നു. ഒരാളില്‍ പെരുകിവരുന്ന ആത്മീയ സ്രോതസ് ഒഴുകാന്‍ ആരംഭിക്കുന്നത് അയാളില്‍ പൂര്‍ണ്ണമായും നിറയുമ്പോഴാണ്. നിറയുക എന്നാലര്‍ത്ഥം ഇനിയൊരു തുള്ളിപോലും കയറാന്‍ ഇടമില്ല എന്ന അവസ്ഥയാണ്. പ്രണയപൂര്‍ത്തീകരണം സംഭവിക്കുന്ന ഒരാളാണ് ലൈലയുടെ പ്രണയത്തില്‍ മുങ്ങി ഭ്രാന്തനായ മജ്നു. മജ്നു എന്നാല്‍ ഭ്രാന്തന്‍ എന്നാണര്‍ത്ഥം. ശരിയായ പേര് ഖയസ്. സ്വന്തം പേര് വലിച്ചെറിയുകയും ഭ്രാന്തന്‍ എന്ന പേര് സ്വയം സ്വീകരിക്കുകയും ചെയ്ത പ്രണയചരിത്രത്തിലെ അത്ഭുതമാണ് ഖയസ് അല്‍ മുലവ്വ എന്ന മജ്നു. 
ആരു ചോദിച്ചാലും ഒരു മടിയുമില്ലാതെ കൊടുക്കുന്ന പ്രാണേശ്വരനാണ് സൂഫികളുടെ ദൈവം. അത് എന്റേതാണ്. എന്നാല്‍ നിങ്ങളുടേതുകൂടിയാണ് എന്ന ഒരവസ്ഥ. മതവിശ്വാസികള്‍ എല്ലാവരുടേതുമായ ദൈവത്തെ പിടിച്ചുവയ്ക്കുന്നത് പിടിവിട്ടാല്‍ നഷ്ടപ്പെട്ടുപോകുമെന്ന് കരുതിയാണ്. 

എന്താണ് ദൈവത്തെ ക്ലിപ്തപ്പെടുത്തുന്നത്. അതിനു നാം നല്‍കുന്ന നാമം എന്ന് ഹസ്രത്ത് ഇനായത്ത് ഖാന്‍ പറഞ്ഞത്, പേരിലല്ല, പൊരുളിലാണ് ദൈവമുള്ളത് എന്നറിഞ്ഞതുകൊണ്ടാണ്. എല്ലാ മതത്തിലേയും ദൈവികതയെ പ്രണയവുമായി കൂട്ടിച്ചേര്‍ത്ത് സംഗീതത്തിന്റെ അപാരതയുമായി ചാലിച്ച് 'യാഹു' വിളിയോടെ എതിരേല്‍ക്കുന്ന ദൈവമെന്ന പ്രതിച്ഛായയെ സ്വീകരിക്കാന്‍ ആനന്ദവും, സഹിഷ്ണുതാപൂര്‍ണ്ണമായ ഹൃദയവും വേണം. മഴനനവുള്ള അന്തരീക്ഷത്തിലൂടെ കാറ്റ് വീശുമ്പോഴുള്ള നനവിന്റെ ഹൃദയാഹ്ലാദം ഒരിക്കല്‍ ഒരു കുന്നുംപുറത്തിരുന്ന് പ്രണയിനിക്കൊപ്പം കണ്ടത് ഖവ്വാലിയുടെ ആധിപ്പെരുമയില്‍ അനുഭവിച്ച ഹൃദയത്തുള്ളലിനു  സമമായിരുന്നു. 
കാഴ്ചകള്‍ സൗന്ദര്യബോധത്തെ ഉയര്‍ത്തുന്നു. ഇടിമിന്നലുകള്‍ രൗദ്രഭാവവും അപരാഹ്നച്ചൂട് വിപരീതത്വവും രാത്രി ഭയാവസ്ഥയും അനുഭവിപ്പിക്കുന്നു. പ്രകൃതി ദൈവത്തിന്റെ മഹാസര്‍വ്വകലാശാലയാണ്. അതില്‍നിന്ന് പഠിക്കുന്നതെന്തും മാനുഷിക നന്മയേയും സൗന്ദര്യത്തേയും സമഭാവനയേയും ദ്യോതിപ്പിക്കുന്നു. 

എന്താണ് ഒരാള്‍ സൂഫി പാതയിലേക്ക് പ്രവേശിക്കുമ്പോള്‍ ചെയ്യേണ്ടത് എന്ന ചോദ്യത്തിന് ഹസ്രത്ത് ഇനായത്ത് ഖാന്‍ നല്‍കിയ ഉത്തരം ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്. അതിങ്ങനെ:
ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് വരുമ്പോള്‍ എന്റെ കയ്യില്‍ പിതാവ് തന്നതും ഞാന്‍ ആത്മാവുപോലെ ഇഷ്ടപ്പെടുന്നതുമായ വീണ കയ്യിലുണ്ടായിരുന്നു. വീണക്കച്ചേരി നടത്താനാണ് അവിടേക്ക് പോയത്. കച്ചേരി തുടങ്ങുന്നതിനു മുന്‍പ് അല്‍പ്പം സൂഫിസം പറയുക ശീലമാക്കി. പതുക്കെപ്പതുക്കെ സൂഫിസം അധികമായി പറയുകയും കച്ചേരി കുറയ്ക്കുകയും ചെയ്തു. ഒരാള്‍ ഗൗരവമായി ആദ്ധ്യാത്മാവസ്ഥയിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചാല്‍ അയാള്‍ ആദ്യം ചെയ്യേണ്ടത് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് വിട്ടുകളയുക എന്നതാണ്. ഞാനെന്റെ വീണവായന ഉപേക്ഷിച്ചു. അങ്ങനെ ദൈവത്തിന്റെ മടിയിലെ മഹാവീണയിലെ ഒരു തന്ത്രിയായി ഞാന്‍ മാറി.

ഇതുതന്നെയാണ് ഇപ്പോഴും ഒരു സത്യാന്വേഷി ചെയ്യേണ്ടതും. ഏറ്റവും പ്രിയപ്പെട്ടത് വിട്ടുകളയുക എന്നത്. അതുണ്ടാക്കുന്ന വേദന താല്‍ക്കാലികം മാത്രം. ആനന്ദവും ബോധവളര്‍ച്ചയും പിന്നാലെ വരുമ്പോള്‍ വിട്ടുകളഞ്ഞത് വേണ്ടാത്തതായിരുന്നു എന്നറിയും, ഇതിലധികമായും സൂഫിസത്തെക്കുറിച്ചു പറയാനുണ്ട്. ഇതിവിടെ അവസാനിപ്പിക്കുന്നു.
ഖുദാ ഹാഫിസ്.

(കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ Indian Council of Philosophical research, New Delhi നടത്തിയ 'Philosophy of Love in Sufism and Bhakthi' എന്ന വിഷയത്തെ ആധാരമാക്കി അവതരിപ്പിച്ച പ്രബന്ധം) 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com