'പനിനീര്‍പ്പൂവേ, ശുദ്ധവൈരുദ്ധ്യമേ...''

'വിജയലക്ഷ്മിയുടെ പ്രണയ കവിതകള്‍'- ആസ്വാദനം 
'പനിനീര്‍പ്പൂവേ, ശുദ്ധവൈരുദ്ധ്യമേ...''

നൈമിഷികാനന്ദത്തിന്റെ ഒരു പ്രതിമ രൂപപ്പെടുത്താനുള്ള ആഗ്രഹം ഒരു ശില്‍പ്പിയില്‍ ആവേശിക്കുന്നു. അതിനാവശ്യമുള്ള ലോഹം തേടി അയാള്‍ ലോകത്തേക്കിറങ്ങി. ഏറെ നാള്‍ തിരഞ്ഞു നടന്നിട്ടും പ്രതിമ നിര്‍മ്മിക്കാനുള്ള ലോഹം കണ്ടെത്താന്‍ അയാള്‍ക്കായില്ല. ഒടുവില്‍ താന്‍ തന്നെ നിര്‍മ്മിച്ച്, ജീവിതത്തില്‍ ഏറ്റവും സ്‌നേഹിച്ചിരുന്ന ആളുടെ കുഴിമാടത്തില്‍ പ്രതിഷ്ഠിച്ചിരുന്ന 'നിത്യശോകത്തിന്റെ പ്രതിമ' അയാള്‍ കാണുന്നു. മരണത്തിലും മരിക്കാത്ത തന്റെ സ്‌നേഹത്തിന്റെ അടയാളമായ ആ പ്രതിമ അയാള്‍ പണിശാലയിലെ ചൂളയില്‍ ഉരുക്കി നൈമിഷികാനന്ദത്തിന്റെ പുതിയ പ്രതിമ വാര്‍ത്തെടുക്കുന്നു. ഓസ്‌കാര്‍ വൈല്‍ഡിന്റെ ഏറെ പ്രശസ്തമായ 'ദി ആര്‍ട്ടിസ്റ്റ്' എന്ന കവിതയിലെ കഥാപാത്രമാണ് ആ ശില്‍പ്പി. പ്രണയത്തിന്റെ മൂന്നാംതലമായ 'അന്യം'  എന്ന അവസ്ഥയിലായിരുന്നു അയാള്‍. ഇങ്ങനെയുള്ള ഒരാള്‍ തനിക്ക് അപ്രാപ്യമായതിനെക്കുറിച്ചോര്‍ത്ത് എപ്പോഴും ദുഃഖിതനായിരിക്കും. നിത്യാനന്ദത്തിനുവേണ്ടിയുള്ള നിരന്തര അന്വേഷണത്തിനൊടുവില്‍ അയാള്‍ സ്‌നേഹത്തിന്റേയും പ്രണയത്തിന്റേയും 'ഏക' തലത്തില്‍ എത്തിച്ചേരുന്നു. അവിടെ ദുഃഖങ്ങള്‍ ഉണ്ടാവുകയില്ല. ''സ്വാര്‍ത്ഥ നിശ്വാസത്തിന്റെ ധൂമത്താല്‍ മലീമസമാകാതെ'' (ജി) പ്രണയം, മനസ്സിന്റേയും ശരീരത്തിന്റേയും തടവറ ഉപേക്ഷിച്ച് അനന്തതയുടെ ഭാഗമാകുന്നു. 'കഠിന വ്യഥയും കരളിനാനന്ദമാകുന്ന'  ഇത്തരം ഇടങ്ങളിലാണ് ദുഃഖത്തിന്റെ കടല്‍ജലത്തില്‍നിന്നും പ്രണയത്തിന്റെ ഉപ്പ് കുറുക്കുന്ന ഉന്മാദികള്‍ ജനിക്കുന്നത്. അവര്‍ നമ്മളെ തിരമാലകളുടെ മുകളിലൂടെ ചന്ദ്രനിലേക്ക് നയിക്കുന്നു.
''ഇലഞ്ഞിയും ചെമ്പകവും മണക്കുന്ന പാതിരാക്കാറ്റില്‍'' വിരഹ നോവാഴ്ന്ന സിരകളെ പ്രണയത്തിന്റെ ഉന്‍മത്ത നീലിമയാല്‍ നിറയ്ക്കുന്ന ''ഇന്ദ്രനീലക്കണ്ണുകളുള്ള പ്രണയ സര്‍പ്പ''ത്തെ കഴുത്തിലണിഞ്ഞ ഉന്മാദപ്രണയിനിയാണ് വിജയലക്ഷ്മിയിലെ കവി. അജ്ഞാത നോവുകളെ മറച്ച്, പ്രണയതീക്ഷ്ണതയുടെ സൂക്ഷ്മകോശങ്ങളെ ജൈവലിപികളാല്‍ രേഖപ്പെടുത്തിയിരിക്കുന്ന 'വിജയലക്ഷ്മിയുടെ പ്രണയ കവിതകള്‍' ശൂന്യതയെപ്പോലും ആനന്ദിപ്പിക്കുന്ന പ്രണയ ഗസലുകളാണ്.

അനുരാഗിയായ ആത്മാന്വേഷി
എല്ലാ ഭൂഖണ്ഡങ്ങളില്‍നിന്നും വേര്‍പ്പെട്ടുനില്‍ക്കുന്ന ഒരു ദ്വീപാണ് പ്രണയം. രഹസ്യങ്ങളും നിഗൂഢതകളും അത്രമേല്‍ ഒളിപ്പിക്കപ്പെട്ട അതിന്റെ ഏകാന്തതയില്‍ ആനന്ദം അനുഭവിക്കുകയും വേദനകളില്‍ ഉന്മാദിയാവുകയും ചെയ്യുന്ന കവിയെ വായനയുടെ വഴികളില്‍ നാം കണ്ടുമുട്ടുന്നുണ്ട്. ജിബ്രാന്റെ വാക്കുകള്‍പോലെ 'പ്രണയത്തിന്റെ ആത്മവേദന ഒളിച്ചുവയ്ക്കപ്പെട്ട കവിതകള്‍' അനന്തമായ ആത്മാന്വേഷണത്തിലൂടെ, ആത്മധ്യാനത്തിലൂടെ ഹൃദയത്തെ ഉന്മത്തമാക്കുന്ന റൂമിയുടേയും ടാഗോറിന്റേയും കവിതകള്‍പോലെ ആത്മാവിന്റെ കാതുകളെ ഹൃദയജാലകത്തില്‍ ചേര്‍ത്തുവച്ചിരിക്കുന്നവയാണ് 'വിജയലക്ഷ്മിയുടെ പ്രണയ കവിതകള്‍'.
''എന്റെ ഗാനത്തില്‍ക്കൂടിയുള്ളിലും പുറത്തും
ഞാനെന്നുമീ ജന്മത്തിലങ്ങയേത്തിരയുന്നു''
എന്ന് ടാഗോര്‍ പാടിയപ്പോള്‍, തന്റെ പ്രണയാന്വേഷണത്തെ കവി വിശേഷിപ്പിച്ചത്
''കാടുതോറും  സുഗന്ധം തേടിയോടും ക്ഷീണസാരംഗം''
                            (ആരു ഞാന്‍) 
എന്നാണ് 'ക്ഷീണസാരംഗം എന്ന' പ്രയോഗവും.
'സ്‌നേഹസുഗന്ധം തേടിയലഞ്ഞു മരിച്ചുവീഴുമ്പോഴും'
എന്ന വരിയും കവിക്ക് തന്റെ പ്രണയം മരണത്താല്‍ നയിക്കപ്പെടുന്ന നൈരന്തര്യ അന്വേഷണമാണെന്ന്  വ്യക്തമാകുന്നു.
''ആരു ഞാന്‍ നിന്നെക്കുറിച്ചു പാടുവാന്‍''
എന്നു സന്ദേഹിക്കുമ്പോഴും
'നിന്നെക്കുറിച്ചെന്‍ശിരസ്സുപൊട്ടുംവരെ,
നിന്റെ ഗാനങ്ങളില്‍ തൊണ്ടപൊട്ടുംവരെ
നിന്റെ പ്രസരത്തില്‍ സര്‍വ്വം ശമിക്കും വരെ
ഇല്ലാ വരില്ലെന്നു'' മരണത്തോട് പറയുന്ന ആര്‍ജ്ജവം പ്രണയകല്പിതം തന്നെ.
പ്രണയത്തിനൊപ്പമുള്ള സഞ്ചാരത്തെ ''മുക്തിതന്‍ കൈകള്‍പിടിച്ചു നടപ്പു ഞാന്‍'' എന്നു പറയുന്ന കവി തന്റെ പ്രണയത്തെ ദൈവമെന്ന കാല്പനികതയോട് ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിക്കുന്നതായി ചിലയിടങ്ങളില്‍ കാണാം. ''ധ്രുവാഭിമുഖതയുടെ പരമോന്നതരൂപമെന്ന'' ഈ അവസ്ഥയിലേക്കുള്ള കവിസഞ്ചാരത്തെ സാധൂകരിക്കുന്ന വരികളാണ്. ദൈവമെന്നാല്‍, ''സ്‌നേഹിക്കുന്നവര്‍ ജ്ഞാനസ്നാനം ചെയ്യപ്പെടുന്ന ചിരന്തന നദിയുടെ കരയില്‍ മന്ദഹാസത്തോടെ ഇരിക്കുന്ന സുന്ദരവൃദ്ധന്‍'', 
''നമ്മുടെ ഞരമ്പുകളാകുന്ന ഹരിതകത്തിന്റെ
നൂല്‍ക്കമ്പികളില്‍ മൃദുവായി തൊട്ടുകൊണ്ട്
അവന്‍ രാഗമാലപിക്കുന്നു.''
(ഇടിമിന്നലുകളുടെ ഉല്‍സവം)
പ്രണയമെന്ന നിലയ്ക്കാത്ത പ്രയാണത്തില്‍ താന്‍ അഭിരമിക്കുകയാണെന്ന് നടിക്കുമ്പോഴും പ്രണയം നല്‍കുന്ന അവഗണനകളെക്കുറിച്ച് ബോധവതിയും അതില്‍ വേദനിക്കുന്നവളുമാണ്  കവി.
''ഉള്ളിലീറ്റക്കാടിളക്കും കൊമ്പനുണ്ടെപ്പോഴും
കാണാച്ചില്ലതേടിച്ചുഴറ്റും
നീര്‍ത്തുമ്പിതന്‍ തേങ്ങലെപ്പോഴും''
(ഛിന്നമസ്തക)
എന്ന വരിയിലെ 'കാണാച്ചില്ല' എന്ന പ്രയോഗം പ്രണയത്തിന്റെ അപ്രാപ്യതയെ സൂചിപ്പിക്കുന്നു.
''നിന്റെ സ്വര്‍ഗ്ഗത്തിന്നിരുമ്പഴിവാതിലില്‍
പിന്നിരുട്ടില്‍,പ്പുറം പാതയി-
ലൊറ്റയ്ക്കു മിണ്ടാതെ നിന്നാലും,''  (മന്ത്രം)
അസ്വസ്ഥയാണ് താനെങ്കിലും, തന്റെ കാവല്‍ എപ്പോഴുമുണ്ടാകുമെന്നുള്ള കവിയുടെ ദൈന്യം, പ്രണയമേല്‍പ്പിക്കുന്ന മുറിവുകള്‍ നല്‍കിയ 'മരണപര്യന്തവേദന'കളിലൂടെ സ്വയം ബലപ്പെടുത്തുന്നതിനുള്ള വിഫലശ്രമമായി കരുതാം.
''ഒരിക്കലും എത്തിച്ചേരാത്ത പകല്‍''
ആണു പ്രണയം എന്നറിയുമ്പോഴും 
''ഉച്ചരിക്കാനാവാത്ത...
വാക്കുകളാണ് നിനക്ക് സ്‌നേഹം''
''മൗനം മാത്രം മറുപടിതരുന്ന മഹാശബ്ദം''
തുടങ്ങിയ വരികളിലൂടെ പ്രണയത്തിന്റെ സ്വയം/ഏക തലങ്ങളിലേക്ക് കവി ചുരുങ്ങുന്നു.
''തിങ്കള്‍ തേഞ്ഞുമാഞ്ഞ കൊടിക്കൂറയും
ഇരുള്‍ കോട്ടയും കാറ്റിന്‍ കാവലും
ഹിമഭൂമിതന്‍ നിശ്ശബ്ദതയും മാത്രം''
തനിക്ക് പ്രണയത്തിന്റെ പാരിതോഷികമെന്ന് തിരിച്ചറിയുമ്പോഴും തന്റെ പ്രണയത്തെ നെഞ്ചോടു ചേര്‍ക്കുന്ന പ്രണയയൗന്നിത്യത്തെ വിജയലക്ഷ്മിയുടെ കവിതകളില്‍ നമുക്ക് കാണാം. മാര്‍ജറി വില്യമിന്റെ 'വെല്‍വെറീന്‍ റാബിറ്റി'ലെ കുതിര പറയും പോലെ യാഥാര്‍ത്ഥ്യമായതൊന്നിനും പരിക്കേല്‍ക്കുമ്പോള്‍ വിഷമം അനുഭവപ്പെടുന്നില്ല. കാരണം അത് സംഭവിച്ചുകഴിഞ്ഞതാണ്. ഇല്ലാതിരിക്കുക എന്ന അവസ്ഥയിലേക്ക് ഇനിയതിനു മടക്കമില്ല. പ്രണയത്തിന്റെ ഇത്തരം മനോവ്യാപാരങ്ങളാണ് ഈ പ്രണയ കവിതകളുടെ മുഖമുദ്ര. പ്രണയത്തിന്റെ എല്ലാ വേദനകളിലൂടെയും സഞ്ചരിച്ചെങ്കില്‍ മാത്രമേ അതേല്‍പ്പിക്കുന്ന പരിക്കുകള്‍ നമ്മെ നിതാന്ത ജാഗ്രത എന്ന അവസ്ഥയിലെത്തിക്കൂ. ''പ്രണയത്തിന്റെ മണ്ണില്‍ വളരുന്ന അന്തര്‍ധ്യാനത്തിന്റെ വിത്ത്'' എന്ന് ഓഷോ വിശേഷിപ്പിച്ച ഈ അവസ്ഥ രതിമൂര്‍ച്ഛയെക്കാള്‍ ഉന്നതമായ ഹര്‍ഷാതിരേകമാണ് പ്രണയിക്കു നല്‍കുന്നത്.

പ്രണയത്തിലെ ഇരുണ്ടയിടങ്ങള്‍
മരണവും ജീവിതവും പരസ്പരം ആലിംഗനം ചെയ്യുന്ന ഇടമാണ് പ്രണയം. രണ്ടു സ്വരങ്ങള്‍ക്കിടയിലെ വിരാമം എന്നും ഇരുണ്ട ഇടമെന്നും വിശേഷിപ്പിക്കുന്ന പ്രണയത്തിന്റെ എല്ലാ  ഭാവങ്ങളുടേയും പൂര്‍ണ്ണതയാണ് വിജയലക്ഷ്മിയുടെ പ്രണയ കവിതകള്‍.
''ലോകമൊക്കെയുറക്കമുണര്‍ന്നു
പോരും വിധമുള്ള ഉല്‍സവാഘോഷം''
                    (കുറ്റസമ്മതം)
ആയ തന്റെ പ്രണയത്തെ 
''എന്റെ പാപത്തിലേറ്റം മധുരമേ''
(പ്രണയത്തില്‍)
എന്നു വിശേഷിപ്പിക്കുന്ന കവി, പ്രണയം തനിക്ക്
''പുലരികള്‍ പുതുജീവനാള്‍ന്നെഴുന്നേല്‍ക്കാനും''
''മേഘമണ്ഡലത്തില്‍ ഗരുഡനായ് പറക്കാനുമുള്ള'' ഊര്‍ജ്ജം നല്‍കുന്ന
''ലോഹ സത്രമഹാപ്രവാഹമാണ്''
പ്രണയത്താല്‍ സര്‍വ്വം മറക്കുന്ന കവിക്ക് പ്രപഞ്ചമെന്നാല്‍
''വിറപൂണ്ടോരെന്‍
പ്രണയ സിംഹം ചുഴറ്റുന്ന 
സട'' (യയാതി) മാത്രമാണ്
ഇതേ കവിതയിലെ
''ഒടുവിലത്തെ പ്രേമഭാജനം ഞാനുമെന്‍ പ്രണയവും മാത്രമേ സത്യം'' എന്ന വരിയില്‍ പ്രണയത്തിന്റെ ചിരബന്ധുവായ സ്വാര്‍ത്ഥതയും അമിത ആത്മവിശ്വാസവും പ്രകടമാണ്.
പ്രണയമെന്നാല്‍ ബന്ധനങ്ങളില്‍നിന്നുള്ള സ്വാതന്ത്ര്യവും സ്വയം വിശുദ്ധീകരണവുമാണ്.
''ഒഴുകും പുഴതന്‍ കല്ലുപോലെ
നിന്നിലുരുണ്ടുഞാന്‍
മിനുസപ്പെട്ടതാവുന്നൂ''
(അന്ത്യപ്രലോഭനം)
തുടങ്ങിയ വരികള്‍, പ്രണയം കവി മനസ്സിലേല്‍പ്പിക്കുന്ന സ്വയം വിശുദ്ധീകരണത്തിന്റെ സൂചനകളാണ്.
സമര്‍പ്പിതനായ ഒരു അനുരാഗി വെയിലില്‍ പച്ചിലകള്‍ പൂത്തുനില്‍ക്കുന്ന വന്‍മരമാണെന്ന് സൂഫിമതം പറയുന്നു. അപ്രകാരം ഒരു വേനലിനും തളര്‍ത്താനാവാത്ത തന്റെ പ്രണയം കവിക്ക് നല്‍കുന്നത് ഋതുക്കളെല്ലാം വസന്തമാകുന്ന ആനന്ദക്കാഴ്ചയാണ്.
''നക്ഷത്രങ്ങള്‍ ചേര്‍ത്ത് തുന്നിയ ഉടുപ്പ്
കൊള്ളിമീനുകളുടെ രാത്രിയാനം
പ്രകാശസാഗരങ്ങളാക്കുന്ന വഴികള്‍,
ദാഹത്തിന് ചുംബനം
വിശപ്പിന് ചുംബനം''
            (എന്നെ കാത്തിരിക്കുന്ന ദൈവം)
എന്നിവ നല്‍കി ''ഉടയാടകളുടെ ബന്ധനത്തില്‍നിന്ന് മുക്തരാക്കുന്ന മാലാഖ''
തങ്ങളെ
''നിഷിദ്ധമായ മധുരം ഒളിച്ചുനുണയുന്ന കുഞ്ഞുങ്ങള്‍''
ആക്കുന്നു എന്ന് പറയുന്ന കവി വായനക്കാരെ പ്രണയകാല്പനികതയുടെ മാന്ത്രികപ്പരവതാനിയിലെ സഞ്ചാരികളാക്കുകയാണ്.
'കാണാതായ മുഖം' ഉള്‍പ്പെടെ ചില കവിതകളില്‍ കാല്പനികതയുടെ നിരന്തര ബിംബങ്ങള്‍ (ആഴക്കടലിന്റെ ശ്മശാനത, രാപക്ഷിയുടെ പാട്ട്, സ്പന്ദനം നിലച്ച സമയം, രാത്രിയില്‍ ഉദിക്കുന്ന സത്യം) കാണാമെങ്കിലും
''മുകില്‍ത്തുള്ളിയില്‍ ജലാര്‍ദ്രമാം നെഞ്ചില്‍-
നിന്നേഴുവര്‍ണ്ണം ലയിച്ചവെളിച്ചം''
(മിന്നല്‍) എന്ന് മിന്നലിനെ വിശേഷിപ്പിച്ചത് നവ്യാനുഭവമായി.

കാല്പനികതയോട് വളരെ അടുത്തുനില്‍ക്കുന്നതിനാല്‍ പ്രണയകാവ്യങ്ങള്‍ പൊതുവെ വശ്യങ്ങളാണ്. ഇത്തരം രചനകളില്‍ യുക്തിരാഹിത്യം പ്രകടമാണ് എന്ന പൊതുധാരണയ്ക്ക് വിപരീതമാണ് മലയാളത്തിലെ പ്രണയകാവ്യങ്ങള്‍. കാല്പനികതയുടെ സ്വാധീനത്തിന് അത്രയൊന്നും വഴങ്ങാതെ യാഥാര്‍ത്ഥ്യങ്ങളിലൂന്നിയുള്ള ശൈലിയാണ് വിജയലക്ഷ്മിയും ഏറെക്കുറെ പിന്‍തുടരുന്നത്. പ്രണയബിംബങ്ങളുടെ സ്വീകരണത്തില്‍ മുന്‍ഗാമികളില്‍നിന്നും വേറിട്ട  ശൈലി ഈ കവിതകളില്‍ ദൃശ്യമല്ലെങ്കിലും ബിംബാവതരണത്തിലെ വ്യത്യസ്തത ശ്രദ്ധേയമാണ്. പ്രണയത്തിന്റെ ഭാവങ്ങളെ വര്‍ണ്ണിക്കാന്‍ കവികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത് കണ്ണുകളെയാണ്. ''കണ്ണാല്‍ താന്‍ ചിരിക്കയും കരയുകയും'' ചെയ്യാന്‍ വൈദഗ്ദ്ധ്യമുള്ള നായികമാര്‍ മലയാള കവിതയില്‍ സുലഭമാണ്. 
കണ്ണ് എന്ന ബിംബത്തെ ഏറെ വ്യത്യസ്തമായ രീതിയില്‍ പ്രയോഗിച്ചിരിക്കുകയാണ് കവി
കണ്ണെന്നാല്‍,
''കടലാഴങ്ങള്‍ പ്രതിബിംബിക്കുന്നതും
ഇമചിമ്മുമ്പോള്‍ സൂര്യദീപ്തി വന്നുദിക്കുന്നതുമായ''
                        (കണ്ണ്)
രണ്ടു നക്ഷത്രങ്ങളാണ്. അവയെ 'ഉമ്മവയ്ക്കട്ടെ'? എന്ന ചോദ്യവും ''ഭൗമസങ്കടങ്ങളില്‍നിന്ന് കാത്തുരക്ഷിക്കാമെന്ന വാഗ്ദാനവും'' പ്രണയത്തിന്റെ അപ്രമേയാനുഭൂതി  വായനക്കാരനു നല്‍കുന്നു. യശോദയുടെ പ്രപഞ്ചദര്‍ശനം പോലെ ''തുറക്കുമ്പോള്‍ മറുലോകങ്ങള്‍, പൂത്ത ചെമ്പകം, പൗര്‍ണ്ണമി തുടങ്ങി എല്ലാം ദൃശ്യമാകുന്ന കണ്ണുകളെ  പാതിചാരിയ ദിവാസ്വപ്നം'' എന്നാണ് കവി വിശേഷിപ്പിക്കുന്നത്.
നിര്‍ഗന്ധമെങ്കിലും കാവ്യോദ്യാനത്തിലെ വിശുദ്ധമാം മുഗ്ധപുഷ്പമാണ് മലയാളിക്ക് സൂര്യകാന്തി. അപകര്‍ഷതയുടെ ഭാവതലങ്ങള്‍ ആഴത്തില്‍ പ്രകടിപ്പിക്കുമ്പോഴും പ്രണയച്ചൂടില്‍ താന്‍ ദഹിച്ചാലും തന്റെ ആത്മാവ് 'മോഹന പ്രകാശത്തെ ചുംബിക്കുമെന്ന' ശുഭപ്രതീക്ഷ പങ്കുവെച്ച ജി.യുടെ സൂര്യകാന്തിയെപ്പോലെ പ്രണയത്തില്‍ സഹജമായ  അപകര്‍ഷതാബോധം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും
''തിളച്ചുചാടും പ്രണയവെയില്‍ കുടിച്ചുന്മത്തയായ്', 
മനോഹരികളായ് നില്‍ക്കുകയാണ് വിയലക്ഷ്മിയുടെ സൂര്യകാന്തികള്‍.
ആര്‍ക്കും വേണ്ടാത്തതായ് 
നിര്‍ഗന്ധസമൃദ്ധമായ്'' 
തുടങ്ങിയ പ്രയോഗങ്ങള്‍ പ്രണയഭാജനത്തിന്റെ കാല്‍ക്കീഴില്‍ സ്വത്വം നഷ്ടപ്പെട്ട അനുരാഗിയുടെ ആത്മവിലാപമായി കരുതാം.
''മുഴുവനാക്കാതെ പോയ പ്രണയഗീതത്തിന്‍ മുറിവേറ്റ പല്ലവി'' എന്ന അയ്യപ്പപ്പണിക്കരുടെ വരികള്‍ വിജയലക്ഷ്മിയുടെ ഈ കവിതയ്ക്ക് തീര്‍ത്തും യോജ്യമാണ്. 

യുഗാന്തരങ്ങള്‍ കുളിര്‍പ്പിച്ച പൗര്‍ണ്ണമി എന്ന് പ്രണയത്തെ വിശേഷിപ്പിച്ച കവി 'വാക്കിനു മപ്പുറം' എന്ന കവിതയില്‍
''ആഴങ്ങള്‍ കുത്തിയെടുക്കും
തിരക്കൈയിലാകാശ
മദ്ധ്യത്തില്‍ നാവികര്‍തേടും
പ്രതീക്ഷപോല്‍
മൃത്യുവിന്‍
കൈകളിലേക്കൊതുങ്ങുന്നൊരാള്‍
സ്വപ്നത്തിലേയെടുക്കും ജീവവായുപോല്‍,
മറ്റൊരുലോകത്തില്‍നിന്നും ചിലമ്പണി-
ഞ്ഞെത്തുന്ന പാതിരാസഞ്ചാരിപോല്‍,
അത്രസ്വകാര്യമായ്
നിന്റെ ജീവനില്‍ എന്റെ മുദ്രയുണ്ടായിരിക്കേണം''
എന്ന വരികളില്‍  ഒരു കൊടുങ്കാറ്റിലൂടെ സ്വയം ദര്‍ശിക്കുന്ന മട്ടില്‍ ശക്തയാവുമ്പോഴും 
''പണിതീര്‍ത്ത ഈ താജ്മഹല്‍
വെറും മണ്ണില്‍ ഉപേക്ഷിക്കുന്നു''
എന്നു പറയുന്ന വൈരുദ്ധ്യത കവിതകളിലെല്ലാം പ്രകടമാണ്.
യാത്രാഞ്ജലി കൂപ്പിനില്‍ക്കുവാന്‍ വയ്യാത്തതിനാല്‍, പ്രണയം തരുന്ന വേദനകളത്രയും
''വിഷം പോലെ സ്വച്ഛമായ് വിഴുങ്ങുന്നു'' എന്ന് ദുഃഖിക്കുമ്പോഴും
''ജലരാശിയെക്കാള്‍
ജലത്തെയെന്നമട്ടില്‍''
അതിതീക്ഷ്ണമായി തന്റെ പ്രണയത്തെ ആലിംഗനം ചെയ്യുകയും ചെയ്യുന്നു.
''ഇതരസൗന്ദര്യങ്ങള്‍ പ്രണയകാലത്തിന്റെ
ഘടികാല ചക്രങ്ങളാക്കി നീയെങ്കിലും
വിഫലമായ്‌പ്പോയ സമര്‍പ്പണത്തില്‍ സ്മൃതി
ചിരവിയോഗത്തിന്റെ ദുരന്തദുഃഖസ്മൃതി''
പരാജയഗര്‍ത്തങ്ങളുടെ ആഴങ്ങളിലേക്ക് താന്‍ വീണുപോയാലും ''പ്രണയമേ നിന്റെ നിത്യതയുടെ നൂല്‍ക്കഴികളില്‍ പിടിച്ചുകയറിക്കൊണ്ട്, ഞാനിതാ വരുന്നു'' എന്ന് നെരൂദ പാടിയതുപോലെ, പ്രണയത്തില്‍ മരിക്കുകയെന്നാല്‍ തനിക്ക് അനശ്വരജീവിതത്തിന്റെ തുടക്കമാണെന്ന് കവി പ്രഖ്യാപിക്കുകയാണ്. വിജയലക്ഷ്മിയുടെ കവിതകളിലെ  പ്രണയമെന്നാല്‍ മരണം മണക്കുന്ന ഒരു ഉദ്യാനമാണ്. ഓരോ ഇതളുകളിലും വൈരുദ്ധ്യസൗന്ദര്യത്തെ ആവാഹിച്ച, സ്വാത്മധ്യാനത്തിന്റെ പ്രതീകമായ പനിനീര്‍പ്പൂക്കള്‍ മാത്രം പൂക്കുന്ന 'അടച്ചിട്ട ഉദ്യാനം'  പനിനീര്‍പ്പൂവ് കൊണ്ട് മരണം വരിച്ച കവിയുടെ ശവകുടീരത്തില്‍ എഴുതപ്പെട്ടതുംപോലെ
'Pure contradiction' എന്നുതന്നെ ഈ കവിതകളെ വിശേഷിപ്പിക്കാം.
''കുറിച്ചിട്ട നോവിനെയും
നനച്ച പാരിജാതങ്ങളെയും
നിലാവിനെയും വിട്ട്' മൃത്യവിനൊപ്പം പോകുമ്പോഴും ആ കവിതകള്‍ മന്ത്രിക്കുന്നതിത്രമാത്രം
''സ്‌നേഹമേ എന്നെ
ജീവിപ്പിക്കുക
ജീവിപ്പിക്കുക
അനന്തകാലം വരെ
നിന്നോടൊപ്പം.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com