ഒറ്റയാന്റെ സഞ്ചാരവഴികള്‍ - പ്രദീപ് പനങ്ങാട് എഴുതുന്നു 

യുഗരശ്മിയുടെ ശില്‍പ്പി ഇ.ഇ.എന്‍. മുരളിയിലെ എഴുത്തുകാരനേയും പത്രാധിപരേയും രൂപപ്പെ ടുത്തുന്ന കാലമായിരുന്നു അത്
ഇ.എന്‍. മുരളീധരന്‍ നായര്‍
ഇ.എന്‍. മുരളീധരന്‍ നായര്‍

.എന്‍. മുരളീധരന്‍ നായര്‍ എന്ന സവിശേഷ വ്യക്തിത്വത്തെ എനിക്ക് പരിചയപ്പെടുത്തിത്തന്നത് ബി. രാജീവനാണ്. രാജീവന്റെ എഴുത്തുവഴികളെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ക്കിടയിലാണ് ഇ.എന്‍. മുരളിയും 'യുഗരശ്മി'യും കടന്നുവരുന്നത്. രാജീവന്റെ ആദ്യകാല രചനകള്‍ പ്രസിദ്ധീകരിച്ച പത്രാധിപര്‍ എന്ന നിലയില്‍ മുരളിയെ ആദരവോടെ കണ്ടിരുന്നു. അദ്ദേഹം മാത്രമല്ല, അറുപതുകളില്‍ എഴുതിത്തുടങ്ങിയ നിരവധി പേരുടെ പ്രിയപ്പെട്ട പത്രാധിപരായിരുന്നു മുരളി. 

'യുഗരശ്മി' എന്ന സമാന്തര മാസികയിലൂടെയാണ് ഇ.എന്‍. മുരളീധരന്‍ നായര്‍ ശ്രദ്ധേയനാവുന്നത്. മലയാളത്തിലെ സമാന്തര മാസികകളുടെ പ്രാരംഭകാലത്തു തന്നെയാണ് 'യുഗരശ്മി' ആരംഭിച്ചത്. 'സമീക്ഷ' (1963) 'കേരളകവിത' (1968) എന്നീ മാസികകള്‍ക്കു ശേഷമാണ് 'യുഗരശ്മി' പുറത്തിറങ്ങുന്നത്.  ഈ രണ്ട് പ്രസിദ്ധീകരണങ്ങളില്‍നിന്നും വ്യത്യസ്തമായ ആവിഷ്‌ക്കാരവും രൂപഘടനയുമാണ് 'യുഗരശ്മി'ക്ക് ഉണ്ടായിരുന്നത്. എം. ഗോവിന്ദന്‍, അയ്യപ്പപ്പണിക്കര്‍ എന്നിവര്‍ എഴുത്തിന്റെയും ചിന്തയുടേയും മേഖലകളില്‍ വലിയ മുദ്രകള്‍ പതിപ്പിച്ചശേഷമാണ് മാസികകള്‍ ആരംഭിച്ചത്. എന്നാല്‍, അത്തരം വ്യക്തിത്വ സവിശേഷതകള്‍ തീരെയില്ലാത്ത മുരളീധരന്‍ നായര്‍ സൃഷ്ടിച്ച യുഗരശ്മി മലയാളിയുടെ ആധുനിക സാഹിത്യ സംസ്‌കാരത്തിന്റെ ഭാഗമായി മാറി എന്നത് യാഥാര്‍ത്ഥ്യമാണ്. ഇ.എന്‍. മുരളി എഴുതി: ''യുഗരശ്മിയിലേക്ക് ഞാന്‍ എത്തുന്നത് കൃത്യമായ ലക്ഷ്യബോധത്തോടുകൂടിയാണ്. രാഷ്ട്രീയത്തേയും കലയേയും കുറിച്ച് എനിക്ക് വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നു. അത് ഞാന്‍ എന്നും ഇന്നും പുലര്‍ത്തിപ്പോരുന്നു. ചെറുപ്പത്തില്‍ത്തന്നെ ഞാന്‍ വായനയില്‍ വലിയ താല്‍പ്പര്യം കാണിച്ചിരുന്നു. എല്ലാ പ്രധാനപ്പെട്ട കൃതികളും വായിക്കാന്‍ ആഗ്രഹച്ചിരുന്നു.'' (ചരിത്രത്തിന്റെ യുഗരശ്മികള്‍ പടര്‍ന്നു തുടങ്ങിയ കാലം) സാഹിത്യത്തോടും രാഷ്ട്രീയത്തോടുമുള്ള ഈ താല്പര്യമാണ് പ്രസിദ്ധീകരണങ്ങളിലേക്കും പ്രസാധനത്തിലേക്കും മുരളിയെ നയിച്ചത്. 

തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്ട്‌സ് കോളേജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുന്ന സമയം മുതല്‍ തന്നെ പത്രപ്രവര്‍ത്തന പരിശീലനം തുടങ്ങി. അന്ന് പുറത്തിറങ്ങിയിരുന്ന 'സത്യവാദി' എന്ന ദൈ്വവാരികയുടെ പ്രീഫ് റീഡറായിരുന്നു. പിന്നീട് കോഴിക്കോട് നിന്നിറങ്ങിയ 'പ്രകാശം' എന്ന വാരികയില്‍ ചേര്‍ന്നു. റവ. ഫാദര്‍ ഹോര്‍മിസായിരുന്നു പത്രാധിപര്‍. അവിടെ ലേഖകനായും പ്രൂഫ് റീഡറായും പ്രവര്‍ത്തിച്ചു. പിന്നീട് 'ദേശമിത്രം', 'മലയാള രാജ്യം', 'കേരള ജനത' തുടങ്ങിയ മാസികകളില്‍ എഴുതി. ഇ.എന്‍. മുരളിയിലെ എഴുത്തുകാരനേയും പത്രാധിപരേയും രൂപപ്പെടുത്തുന്ന കാലമായിരുന്നു അത്. അക്കാലത്ത് ലഭിച്ച പരിശീലനമാണ് പിന്നീട് നിരവധി പ്രസാധനങ്ങള്‍ക്ക് പിറവി നല്‍കാന്‍ പ്രേരണയായത്. 1966-ലാണ് മുരളീധരന്‍ നായര്‍ സെക്രട്ടേറിയറ്റില്‍ ജോലിക്ക് ചേരുന്നത്. അവിടെ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ മുഖപത്രത്തിന്റെ പത്രാധിപരായി. ഓഫീസിന് പുറത്തുള്ളവരുടേയും കഥകളും കവിതകളും പ്രസിദ്ധീകരണത്തില്‍ ചേര്‍ത്തു. പെട്ടെന്നു തന്നെ ആ മാസിക ശ്രദ്ധിക്കപ്പെട്ടു. അതായിരുന്നു പുതിയൊരു പ്രസിദ്ധീകരണം ആരംഭിക്കാനുള്ള പ്രചോദനമായത്. 

ആയിരത്തിത്തൊള്ളായിരത്തി അറുപതുകള്‍ കേരളത്തില്‍ വ്യത്യസ്തമായ പ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കുന്ന കാലമായിരുന്നു. ആധുനികതാവാദത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ തരംഗങ്ങള്‍ അന്ന് സജീവമായിരുന്നു. പുതിയ ആശയങ്ങളും രചനകളും അവതരിപ്പിക്കാന്‍ ബദല്‍വേദികള്‍ അന്വേഷിക്കുന്ന കാലമായിരുന്നു. അന്നത്തെ മുഖ്യധാര പ്രസിദ്ധീകരണങ്ങള്‍ ആധുനികതയോട് വേണ്ടത്ര ആഭിമുഖ്യം പുലര്‍ത്തിയിരുന്നില്ല. അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം' എന്ന കാര്യം പോലും തിരസ്‌ക്കരിച്ചിരുന്നു. അതുപോലെ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസിദ്ധീകരണങ്ങള്‍ക്ക് പുതിയ രാഷ്ട്രീയ ആശയങ്ങളെ പ്രതിഫലിപ്പിക്കാനും കഴിഞ്ഞിരുന്നില്ല. പാര്‍ട്ടി കേന്ദ്രീകൃതമായ സാഹിത്യ സാംസ്‌ക്കാരിക നിലപാടുകള്‍ക്കപ്പുറത്തേക്ക് അത്തരം മാധ്യമങ്ങള്‍ക്ക് കടക്കാനുമായില്ല. അത്തരം സാഹചര്യത്തിലാണ് എം. ഗോവിന്ദന്റെ സമീക്ഷയും അയ്യപ്പപ്പണിക്കരുടെ കേരള കവിതയും പ്രസക്തമാവുന്നത്. പുതിയ ലോകത്തേക്കും പുതിയ കാലത്തേക്കുമുള്ള വലിയ ജാലകങ്ങളായിരുന്നു ആ മാസികകള്‍. 

1968 സെപ്തംബറിലാണ് 'യുഗരശ്മി'യുടെ ആദ്യലക്കം പുറത്തുവന്നത്. 'യുഗരശ്മി', 'പ്രപഞ്ചം' തുടങ്ങി അഞ്ച് പേരുകള്‍ അംഗീകാരത്തിനായി നല്‍കി. അതില്‍നിന്നാണ് 'യുഗരശ്മി' തെരഞ്ഞെടുത്തത്. മുരളി അന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ പി.പി. ചന്ദ്രശേഖരന്‍ എന്ന സുഹൃത്തിന്റെ പേരിലാണ് രജിസ്‌ട്രേഷന്‍ എടുത്തത്. ഇത്തരമൊരു മാസികയുടെ പ്രസക്തിയെക്കുറിച്ച് ആദ്യലക്കത്തില്‍ എഴുതി: ''നമ്മുടെ സാഹിത്യ സാംസ്‌ക്കാരിക രംഗത്ത് ഒരു നവചൈതന്യം സൃഷ്ടിക്കാനും പുതുമയുടേയും പാരമ്പര്യത്തിന്റേയും വീര്യമുള്‍ക്കൊണ്ട് അതിമഹത്തായ ഒരു ചിന്താവിപ്ലവത്തിന് വിത്തുപാകാനും ഞങ്ങള്‍ക്ക് കഴിഞ്ഞെങ്കില്‍ എന്നാണ് ഞങ്ങളുടെ ആശ.'' പരമ്പരാഗത സങ്കല്‍പ്പങ്ങളേയും യാഥാസ്ഥിതിക നിലപാടുകളേയും നിശിതമായി ചോദ്യം ചെയ്യുമെന്നും പ്രഖ്യാപിച്ചു. പത്രാധിപര്‍ എഴുതി: ''ആചാര്യന്മാരെ അതിജീവിച്ചുകൊണ്ടുതന്നെ സ്വപക്ഷം ഉറപ്പിക്കാനും എതിര്‍ക്കേണ്ടതിനെതിരെ അര്‍ജുനാസ്ത്രമയയ്ക്കാനും കെല്‍പ്പുള്ളവരാരോ അവര്‍ക്ക് യുഗരശ്മിയുടെ താളുകള്‍ ഉപയോഗിക്കാം.'' കുറിപ്പ് അവസാനിപ്പിച്ചത് ഇങ്ങനെയാണ്: ''ആത്മവിശ്വാസമാണ് ഞങ്ങളുടെ കൈമുതല്‍. ധീരതയാണ് ഞങ്ങളുടെ മുഖമുദ്ര. സത്യാന്വേഷണമാണ് ഞങ്ങളുടെ മുഖ്യധര്‍മ്മം.'' ഈ പ്രതിബദ്ധതയും ധീരതയും അവസാന ലക്കം വരെ 'യുഗരശ്മി' സൂക്ഷിച്ചു. ഒരിക്കലും പാരമ്പര്യത്തിന്റെ സാംസ്‌കാരിക പാത സ്വീകരിച്ചില്ല. ആധുനികതയുടെ പ്രകാശമായിരുന്നു നിറഞ്ഞുനിന്നത്. 

ആധുനികതാ വാദത്തിന്റെ കാലത്തെ രചനകള്‍ക്കും ആശയങ്ങള്‍ക്കുമാണ് യുഗരശ്മി പ്രാധാന്യം നല്‍കിയത്. ഒ.വി. വിജയന്‍, എം. മുകുന്ദന്‍, അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് പ്രാധാന്യം നല്‍കി. എം. സുകുമാരന്‍, പി. പത്മരാജന്‍, സക്കറിയ തുടങ്ങിയവരുടെ ആദ്യകാല കഥകള്‍ പ്രസിദ്ധീകരിച്ചത് യുഗരശ്മിയിലാണ്. അക്കാലത്ത് കഥ നല്‍കാനായി ഉരുളിക്കുന്നത്തുനിന്ന് തിരുവനന്തപുരത്തെത്തിയ ചരിത്രം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആദ്യ പത്രാധിപര്‍ എന്ന നിലയില്‍ സക്കറിയ എന്നും മുരളീധരന്‍ നായരെ ആദരിച്ചിരുന്നു. കടമ്മനിട്ട രാമകൃഷ്ണന്‍, വിനയചന്ദ്രന്‍, ഒ.വി. ഉഷ തുടങ്ങിയവരുടെ കവിതകളും യുഗരശ്മിയില്‍ ഇടം നേടി. കെ. വേണുവിന്റെ പ്രസിദ്ധമായ ആദ്യകാല ലേഖനങ്ങള്‍, സ്വാതന്ത്ര്യം എന്ന മിഥ്യ, വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രം തുടങ്ങിയവ പ്രസിദ്ധീകരിച്ചത് യുഗരശ്മിയാണ്. അതുപോലെ ബി. രാജീവന്റെ ആദ്യകാല രചനകളും യുഗരശ്മിയില്‍ പ്രസിദ്ധീകരിച്ചു. എഴുപതുകളിലെ ധൈഷണിക ചിന്തകളുടെ പ്രകാശനകേന്ദ്രമായി യുഗരശ്മിക്കു മാറാന്‍ കഴിഞ്ഞിരുന്നു. ആധുനികതയെക്കുറിച്ചുള്ള നിരവധി സംവാദങ്ങള്‍ക്കും ആലോചനകള്‍ക്കും യുഗരശ്മിയുടെ താളുകള്‍ പ്രേരണ നല്‍കി. 

മലയാളിയുടെ ആധുനിക ചിത്ര/ശില്പകലയ്ക്കും വലിയ ആവിഷ്‌ക്കാര ഇടങ്ങളാണ് യുഗരശ്മി നല്‍കിയത്. മാസികയുടെ ഓരോ ലക്കങ്ങളുടേയും കവര്‍ചിത്രങ്ങള്‍ വരച്ചത് അക്കാലത്തെ പ്രമുഖ ആധുനിക ചിത്രകാരന്മാരായിരുന്നു. എം.വി. ദേവന്‍, പാരീസ് വിശ്വനാഥന്‍, കെ. ദാമോദരന്‍, അരവിന്ദന്‍ തുടങ്ങിയവരുടെ രചനകള്‍ മുഖചിത്രങ്ങളായി. അക്കാലത്ത് ഇത്തരമൊരു മുഖചിത്ര രചനാരീതി അപൂര്‍വ്വമായിരുന്നു. അമൂര്‍ത്ത രചനകളോട് ആഭിമുഖ്യമില്ലാത്ത കാലത്താണ് ഇത്തരം സൃഷ്ടികള്‍ പത്രാധിപര്‍ നല്‍കിയത്. ഇത്തരം രചനകള്‍ തുടര്‍ന്നപ്പോള്‍ ഒരു വായനക്കാരന്‍ പത്രാധിപര്‍ക്ക് എഴുതി: ''ഈ മാതിരി നിരര്‍ത്ഥകമായ വൃത്തികെട്ട ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തി വിമ്മിഷ്ടപ്പെടുത്തരുത്.'' അടുത്ത ലക്കത്തില്‍ പത്രാധിപര്‍ മറുപടി എഴുതി. ''ആധുനിക ചിത്രകലയെ ആദരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ കേരളത്തിലും പുറത്തുമെല്ലാമുണ്ട്. അവര്‍ക്കുവേണ്ടിയാണ് ഈ മാസികയുടെ മുഖചിത്രമായി ആധുനിക കലാസംബന്ധിയായ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്. അവയില്‍ പലതും വരയ്ക്കുന്നതും വിശ്വപ്രസിദ്ധ ചിത്രകാരന്മാരാണ്. ഇമ്മാതിരി ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുക എന്നത് യുഗരശ്മിയുടെ സ്വഭാവവും മുദ്രയുമായി മാറിക്കൊണ്ടിരിക്കുന്നു. ഒറ്റ വരിക്കാരന്‍ മാത്രമാണെങ്കില്‍ക്കൂടി ഇത്തരം മുഖചിത്രം പ്രസാധനം ചെയ്യാന്‍ ഞാന്‍ പ്രതിബദ്ധനാണ്.'' ഇത്തരം കൃത്യതയും വിട്ടുവീഴ്ചയുമില്ലാത്ത നിലപാടും അവസാനം വരെ സൂക്ഷിച്ചു. മുരളിയുടെ ഈ പ്രഖ്യാപനം മലയാളിയുടെ ആധുനിക കലയ്ക്ക് കിട്ടിയ അംഗീകാരം കൂടിയായിരുന്നു. ചിത്രകലയെക്കുറിച്ച് വലിയ അനുഭവങ്ങളോ പരിചയമോ ഇല്ലാത്ത ഒരാള്‍ കലയ്ക്കുവേണ്ടി സ്വീകരിച്ച ഈ നിലപാട് ശ്രദ്ധേയമാണ്. വി.എന്‍. കരുണാകരന്റെ ചിത്രങ്ങളെക്കുറിച്ചുള്ള സച്ചിദാനന്ദന്റെ പഠനവും അന്തരിച്ച ചിത്രകാരി ടി.കെ. പത്മിനിയെക്കുറിച്ചുള്ള ആദ്യ ലേഖനവും വന്നത് യുഗരശ്മിയിലാണ്. മലയാളിയുടെ ആധുനിക കലയുടെ കണ്ണാടിയാണ് 'യുഗരശ്മി.' 

സമീക്ഷയും കേരള കവിതയും പുറത്തിറങ്ങുമ്പോള്‍ അതിനു പിന്നില്‍ ധിഷണാശാലികളുടെ ഒരു സംഘം ഉണ്ടായിരുന്നു. എന്നാല്‍, ഇ.എന്‍. മുരളീധരന്‍ നായര്‍ എന്ന ഒറ്റ വ്യക്തിയുടെ പരിശ്രമങ്ങളാണ് യുഗരശ്മിയില്‍ ഉണ്ടായിരുന്നത്. യുഗരശ്മിയുടെ ഉള്ളടക്കം രൂപപ്പെടുത്തിയതും രചനകള്‍ സംഘടിപ്പിച്ചതും പ്രൂഫ് നോക്കിയതും പോസ്റ്റില്‍ അയച്ചതുമുള്‍പ്പെടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് നിര്‍വ്വഹിച്ചു. ചിലപ്പോഴൊക്കെ സുഹൃത്തുക്കളുടെ സഹകരണങ്ങള്‍ ഉണ്ടായി എന്നുമാത്രം. അതുകൊണ്ട് യുഗരശ്മിയുടെ ഓരോ പേജിലും മുരളിയുടെ വിരല്‍സ്പര്‍ശം ഉണ്ടായിരുന്നു. എം. ഗോവിന്ദന്‍, അയ്യപ്പപ്പണിക്കര്‍ എന്നിവരോടൊപ്പം നില്‍ക്കാന്‍ മുരളീധരന്‍ നായര്‍ക്കു കഴിഞ്ഞു. അവരുടെ സഹകരണവും സാന്നിധ്യവും യുഗരശ്മിയില്‍ ഉണ്ടായിരുന്നു. മുരളീധരന്‍ നായര്‍ക്ക് പാര്‍ട്ടി ബന്ധങ്ങളും പാര്‍ട്ടി രാഷ്ട്രീയവും ഉണ്ടായിരുന്നെങ്കിലും യുഗരശ്മിയില്‍ അത് പ്രതിഫലിച്ചില്ല. ആധുനികതയുടെ പുതിയ രാഷ്ട്രീയമാണ് യുഗരശ്മിയില്‍ എന്നും നിറഞ്ഞുനിന്നത്. 

1971 ജനുവരി ലക്കത്തോടെ യുഗരശ്മി അവസാനിച്ചു. മുന്‍പുള്ള ലക്കത്തില്‍ അടുത്ത ലക്കം മരണപ്പതിപ്പായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഉന്നതമായ സര്‍ഗ്ഗാത്മക രചനകളുടെ അഭാവമാണ് മാസിക നിര്‍ത്താന്‍ പത്രാധിപരെ പ്രേരിപ്പിച്ചത്. മുഖക്കുറിപ്പില്‍ പത്രാധിപര്‍ എഴുതി: ''ഓരോ മാസവും എന്തെങ്കിലും അച്ചടിച്ച് കൃത്യമായി ഒന്നാം തീയതി യുഗരശ്മി പ്രസിദ്ധപ്പെടുത്താന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെയാണ് മെയ് ലക്കം മുടങ്ങിയത്. കാലഘട്ടത്തിന്റെ പ്രഭാകിരണങ്ങളെ പ്രസരിപ്പിക്കാന്‍ സാധിക്കില്ലെങ്കില്‍ യുഗരശ്മി എന്തിന് അച്ചടിക്കണം? ഉന്നതനിലവാരം പുലര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ ഈ മാസികയുടെ പ്രസിദ്ധീകരണം നിര്‍ത്താമെന്ന് കരുതുന്നു.'' അടുത്ത ലക്കത്തെ മരണക്കുറിപ്പോടെ യുഗരശ്മി അവസാനിച്ചു. ഒരു കഥാ പതിപ്പും കവിതാ പതിപ്പും പിന്നീട് ഇറക്കി. ആധുനികതയുടെ പ്രഭാതരശ്മി പടര്‍ത്തിയ യുഗരശ്മി അങ്ങനെ അസ്തമിച്ചു. 

പക്ഷേ, പ്രസാധനത്തില്‍ത്തന്നെ മുരളീധരന്‍നായര്‍ ഉറച്ചുനിന്നു. പുസ്തക പ്രസിദ്ധീകരണത്തിന് ഒരു സഹകരണസംഘം എന്ന ആശയത്തിനു രൂപം കൊടുക്കാന്‍ തുടങ്ങി. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം മാതൃകയില്‍ ഒരു പ്രസാധനശാല. പി. പദ്മരാജന്‍, നീലംപേരൂര്‍ മധുസൂദനന്‍ നായര്‍, പി.കെ. ബാലകൃഷ്ണന്‍ തുടങ്ങി നിരവധി പേരെ ചേര്‍ത്ത് നവധാര കോ ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങി. പി. പദ്മരാജനായിരുന്നു ആദ്യ പ്രസിഡന്റ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരെ സൊസൈറ്റിയില്‍ അംഗങ്ങളാക്കി. അതിനുവേണ്ടി നടത്തിയ യാത്രകളില്‍ പത്മരാജനും പങ്കാളിയായി. എം.വി. ദേവന്‍ അവതാരിക എഴുതിയ അയ്യപ്പപ്പണിക്കരുടെ കൃതികള്‍, എം. മുകുന്ദന്റെ അഞ്ചരവയസ്സുള്ള കുട്ടി, ആനന്ദിന്റെ മരണ സര്‍ട്ടിഫിക്കറ്റ് എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു. അക്കാലത്ത് ഇറങ്ങിയ പുസ്തകങ്ങളുടെ രൂപഘടനയില്‍നിന്നും ആ കൃതികള്‍ വേറിട്ടുനിന്നു. എം.വി. ദേവനായിരുന്നു പുസ്തകങ്ങളുടെ മുഖചിത്രങ്ങള്‍ വരച്ചത്. വിതരണത്തിലെ പ്രതിസന്ധികള്‍ മൂലം പ്രസാധനശാലയ്ക്ക് അധികകാലം മുന്നോട്ടു പോകാനായില്ല. അതും അവസാനിച്ചു. 

എണ്‍പതുകളോടെ കുട്ടികള്‍ക്കുവേണ്ടി 'തത്തമ്മ' എന്നൊരു മാസിക ആരംഭിച്ചു. അന്നത്തെ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളില്‍നിന്ന് അത് വേറിട്ടു നിന്നു. മഹാന്മാരുടെ ജീവിതകഥകളും സാമൂഹിക ചരിത്രവുമൊക്കെ അതില്‍ ഉള്‍പ്പെടുത്തി. പുതിയ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു 'തത്തമ്മ' തുടങ്ങിയത്. കുറേക്കാലം പ്രസിദ്ധീകരിച്ചശേഷം തത്തമ്മ ദേശാഭിമാനിക്കു നല്‍കി. 

രണ്ടായിരത്തിന്റെ തുടക്കത്തില്‍ പുതിയൊരു പ്രസിദ്ധീകരണവുമായി ഇ.എന്‍. മുരളീധരന്‍ നായര്‍ പ്രത്യക്ഷപ്പെട്ടു. The Ward Plus എന്നൊരു ഇംഗ്ലീഷ് മാസികയാണത്. കേരളത്തില്‍നിന്ന് ഇംഗ്ലിഷ് മാസികകള്‍ അപൂര്‍വ്വമായിരുന്ന സന്ദര്‍ഭത്തിലാണ് ഈ പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ഉള്ളടക്കത്തിലും രൂപഘടനയിലും വ്യത്യസ്തത പുലര്‍ത്തി. മാസികയുടെ ആര്‍ട്ട് എഡിറ്റര്‍ പ്രശസ്ത ചിത്രകാരനായ അജയകുമാറാണ്. പ്രമുഖ ചിത്രകാരന്മാരുടെ രചനകളാണ് മുഖചിത്രങ്ങളായി കൊടുത്തത്. ഉള്ളിലെ രേഖാചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. പുതിയ ചിത്രകാരന്മാര്‍ക്ക് അവസരം നല്‍കി. സാധാരണ പതിപ്പുകളോടൊപ്പം വിശേഷാല്‍ പതിപ്പുകളും The Ward Plus ഇറക്കി. ദളിത് സാഹിത്യപതിപ്പ്, ഇന്ത്യന്‍ ദളിത് സാഹിത്യത്തിന്റെ പരിച്ഛേദമായിരുന്നു. ഡോ. ടി.എസ്. ചന്ദ്രമൗലി, ഡോ. ബാസവരാജ് നായിക്കര്‍, ബിപിന്‍ ഗോഖല്‍, ശിവമണി, എസ്. ജോസഫ്, എം.ആര്‍. രേണുകുമാര്‍, എം.ബി. മനോജ്, സി. അയ്യപ്പന്‍, നാരായണന്‍ തുടങ്ങിയവരുടെ രചനകള്‍ ആ പതിപ്പില്‍ ഉണ്ടായിരുന്നു. ഒരു മികച്ച പത്രാധിപരുടെ കൈയൊപ്പ് പതിഞ്ഞതായിരുന്നു ആ മാസിക. 2005 ഓടെ അതും അവസാനിച്ചു. പിന്നീട് പ്രസാധനത്തിലേക്ക് മുരളീധരന്‍ നായര്‍ നീങ്ങിയില്ല. 

മുരളീധരന്‍ നായരുടെ ആസ്ഥാനം പാളയത്തെ രാമനിലയം എന്ന ലോഡ്ജായിരുന്നു. അത് എഴുപത് എണ്‍പതുകളിലെ സാംസ്‌കാരിക രാഷ്ട്രീയ ജീവിത സത്രമായിരുന്നു. യുഗരശ്മിയുടെ ഓഫീസ് എന്നും എഴുത്തുകാരുടെ താവളമായിരുന്നു. കടമ്മനിട്ട രാമകൃഷ്ണന്‍ കവിതകള്‍ ആദ്യം ചൊല്ലി കേള്‍പ്പിക്കുന്നത് ഈ മുറിയില്‍വെച്ചാണ്. അയ്യപ്പപ്പണിക്കര്‍, പി.കെ. ബാലകൃഷ്ണന്‍, ബി. രാജീവന്‍, കെ.ജി. ശങ്കരപ്പിള്ള, എന്‍. പ്രഭാകരന്‍, ഭരത് മുരളി, യു. ജയചന്ദ്രന്‍ തുടങ്ങി നിരവധി എഴുത്തുകാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും യുഗരശ്മിയുടെ ആസ്ഥാനത്ത് സായാഹ്നങ്ങള്‍ പങ്കിട്ടു. മാത്രമല്ല, അക്കാലത്തെ തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരായ കെ. വേണു, സുഭാഷ് ചന്ദ്രബോസ് എന്നിവരും രാമനിലയത്തിലെ താമസക്കാരായിരുന്നു. കവിതയും ലഹരിയും സംവാദവും തിരയടിച്ച ആ മുറിയില്‍ മുരളീധരന്‍ നായര്‍ എന്നും അക്ഷോഭ്യനായി ഇരുന്നു. ഈ എഴുത്തുകാര്‍ക്ക് സ്വകാര്യമായ ഒരു തണലായിരുന്നു മുരളി. 

സമാന്തര മാസിക പഠന ഗവേഷണവുമായി ബന്ധപ്പെട്ടാണ് ഞാന്‍ മുരളീധരന്‍ നായരുമായി കൂടുതല്‍ അടുക്കുന്നത്. യുഗരശ്മി മാസികകള്‍ പരിശോധിക്കാനും പകര്‍പ്പുകള്‍ എടുക്കാനും വേണ്ടിയാണ് അദ്ദേഹത്തെ സമീപിച്ചത്. ഭരണരംഗത്ത് കര്‍ക്കശ സ്വഭാവങ്ങള്‍ പുലര്‍ത്തിയ മുരളീധരന്‍ നായരെ ആശങ്കകളോടെയാണ് കണ്ടത്. പക്ഷേ, എന്റെ ആവശ്യം പറഞ്ഞുകഴിഞ്ഞപ്പോള്‍ ഊഷ്മളമായ സൗഹാര്‍ദ്ദമാണ് പ്രകടിപ്പിച്ചത്. അദ്ദേഹം ബയന്റ് ചെയ്ത് സൂക്ഷിച്ചിരുന്ന യുഗരശ്മിയുടെ കോപ്പികള്‍ എന്റെ കൈയില്‍ തന്നു. ''ഇത് എന്റെ ജീവിതമാണ്. താങ്കള്‍ ഭദ്രമായി സൂക്ഷിച്ചോളൂ'' എന്നു പറഞ്ഞാണ് അത് എന്നെ ഏല്‍പ്പിച്ചത്. എന്റെ ആവശ്യം കഴിഞ്ഞ് ഞാന്‍ അത് തിരിച്ചുകൊടുത്തു. അപ്പോഴും അദ്ദേഹം പറഞ്ഞു: ''ഇത് നിങ്ങള്‍ തന്നെ സൂക്ഷിക്കണം. ഞാനില്ലെങ്കില്‍ ഇത് ആര് സൂക്ഷിക്കും.'' മിക്കപ്പോഴും എന്നെ വിളിക്കും. പുതിയ ഓരോ പദ്ധതികള്‍ പറയും. അടുത്ത വിളിക്കു മുന്‍പ് അത് മറക്കും. അവസാനം കാണുമ്പോള്‍ എന്നോട് പറഞ്ഞത് കെ.ആര്‍. ഗൗരിയമ്മയെക്കുറിച്ച് ഒരു പുസ്തകം എഴുതണം എന്നതാണ്. ആവശ്യമുള്ള രേഖകള്‍ സംഘടിപ്പിക്കാം. അത്തരമൊരു ജീവചരിത്രം അനിവാര്യമാണെന്ന് പറഞ്ഞു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടില്ല. 

സമാന്തര മാസികാ ചരിത്രം എന്ന എന്റെ പുസ്തകം നല്‍കാനായി ഞാന്‍ നിരവധി തവണ ബന്ധപ്പെട്ടു. പക്ഷേ, ഒരു മറുപടിയും ഉണ്ടായില്ല. യുഗരശ്മിയുടെ ചരിത്രം കൂടി ചേര്‍ന്ന ആ പുസ്തകം ഏറ്റുവാങ്ങാതെ മുരളീധരന്‍ നായര്‍ യാത്രയായി. ചരിത്രത്തിന്റെ ഓരോ രശ്മികളും ഇങ്ങനെ അസ്തമിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com