ചിതലുകള്‍ - സി റഹിം എഴുതുന്നു 

കുട്ടികള്‍ മണ്ണുവാരി കളിക്കുന്നതുകൊണ്ടെന്തെങ്കിലും ദോഷമുണ്ടാകുമെന്ന് അന്നാരും വിചാരിച്ചിരുന്നില്ല. 
ചിത്രീകരണം : മണി കാക്കര
ചിത്രീകരണം : മണി കാക്കര

ണ്ണിലെ കളികളാണ് അക്കാലത്ത് കുട്ടികള്‍ക്കു പ്രധാനമായുമുള്ളത്. മണ്ണ് കൂനകൂട്ടി അതില്‍ ഈര്‍ക്കിലി ഒളിപ്പിച്ചുവച്ച് പകുത്തെടുത്തു പരതിനോക്കിയതു കണ്ടെത്തുന്നതാണ് പൂത്താങ്കിരിക്കളി. ചിരട്ടയില്‍ മണ്ണ് നിറച്ച് മണ്ണപ്പം ചുട്ടു കളിക്കുക, മണ്ണ് കൂനകൂട്ടി കൊട്ടാരം പണിയുക, മണ്ണില്‍ കുഴികുത്തി പറങ്കിയണ്ടി കളിക്കുക, കുട്ടിയും കോലും കളിക്കുക, വട്ടുകളിക്കുക, കണ്ണാരം പൊത്തിക്കളിക്കുക, കിളിത്തട്ടു കളിക്കുക, കള്ളനും പൊലീസും കളിക്കുക, പാത്തിരിപ്പു കളിക്കുക തുടങ്ങിയെത്രയെത്ര കളികള്‍. ഇപ്പോഴത്തെ കുട്ടികള്‍ ഇതൊക്കെ കളിക്കാറുണ്ടോ എന്തോ. മണ്ണില്‍ കിടന്നുമറിയുന്നതുകൊണ്ടാവാം മണ്ണില്‍ നടക്കുന്ന കാര്യങ്ങളൊക്കെ കുട്ടികള്‍ വേഗത്തില്‍ അന്നറിഞ്ഞിരുന്നു. കുട്ടികള്‍ മണ്ണുവാരി കളിക്കുന്നതുകൊണ്ടെന്തെങ്കിലും ദോഷമുണ്ടാകുമെന്ന് അന്നാരും വിചാരിച്ചിരുന്നില്ല. 

വേട്ടാവളിയന്‍ എന്നൊരു പറക്കുന്ന തുമ്പി മണ്ണുമാന്തി കൊണ്ടുപോയി മനോഹരമായ കൂടുകള്‍ നിര്‍മ്മിക്കുമായിരുന്നു. പത്തായത്തിലോ കതകിലോ മച്ചിലോ എവിടെങ്കിലും മണ്ണ് ഒട്ടിച്ചുവച്ച് പല അറകളായാണവ കൂടു നിര്‍മ്മിക്കുന്നത്. വിറയാര്‍ന്ന ഒരു ശബ്ദത്തോടെയാണവറ്റകളുടെ പറക്കല്‍. മണ്‍കൂട്ടിനുള്ളില്‍ അവയുടെ മുട്ടയുണ്ടാവും. മുട്ട വിരിയുന്നതുവരെ ദേഹത്ത് മഞ്ഞയും തവിട്ടും നിറംപൂശി ഏതാണ്ട് കടന്നലുപോലെയിരിക്കുന്ന ആ തുമ്പി കൂട്ടിനു മുകളില്‍ കാവലിരിക്കും. കടന്നലിനെപ്പോലെ ഉപദ്രവകാരിയല്ല. എങ്കിലും അതിന്റെ നോട്ടവും ഭാവവും മൂളലും മുരള്‍ച്ചയുമൊക്കെ കണ്ടാലും കേട്ടാലും ഭയം വരും. അതുകൊണ്ട് വേട്ടാവളിയന്റെ കൂടുകള്‍ അവ കാവലിരിക്കാത്ത തക്കം നോക്കി മാത്രമേ പരിശോധിക്കാറുള്ളു. കട്ടിയുള്ള മണ്‍തോട് പൊട്ടിച്ചു കുഞ്ഞുങ്ങള്‍ ചിറകുവച്ചു പറന്നുപോകും. അതിനുശേഷം അത്തരം കൂടുകള്‍ ശേഖരിച്ചു കുട്ടികള്‍ കളിക്കും. ചില കാലത്തു പലപല അറകളുള്ള കൂടുകള്‍ക്കു മുകളില്‍ കടന്നല്‍ കാവലിരിക്കും. അറിയാതെ കുട്ടികള്‍ ആരെയെങ്കിലും അവയുടെ കൂട്ടിനരുകില്‍ ചെന്നാല്‍ കടന്നല്‍ ഓടിച്ചിട്ടു കുത്തും. ഹോ, അരപ്പ് രണ്ട് നാഴിക നില്‍ക്കും. ചിലപ്പോ നീരുവരും.

കുട്ടികള്‍ക്കെല്ലാം കടന്നലുകളെ ഭയങ്കര പേടിയാണ്. ഒരിക്കല്‍ ഞങ്ങളുടെ എരുത്തിലിന്റെ അടുത്തു കടന്നല്‍ കൂടുകൂട്ടി. ഒരോണക്കാലമാണ്. വീട്ടില്‍ കടുവകളിക്കാര്‍ വന്നു. ദേഹത്ത് തുമ്പവച്ചുകെട്ടി മുഖത്ത് പാളകൊണ്ട് മുഖംമൂടിവരച്ചുള്ള നാടന്‍ കടുവ. കടുവകളി നടന്നു. ഒടുക്കം വെടിയേറ്റ് കടുവ ചെന്നു വീണതു കടന്നല്‍കൂട്ടില്‍. ഹോ. കടുവാസംഘത്തിന്റെ പൊടിപോലും പിന്നെ കാണാനുണ്ടായിരുന്നില്ല.  പറമ്പില്‍ ചില കാലത്ത് മണ്ണ് ഒരു കൂനപോലെ പൊങ്ങിവരും. കണ്ടാലൊരു മണ്‍കൊട്ടാരം പോലെയിരിക്കും. പല കൂനകളും ഗോപുരങ്ങളുമൊക്കെയുള്ള മണ്‍കൂനയാണത്. ഇതു ചിതലിന്റെ കൊട്ടാരമാണത്രെ, ചിതല്‍പ്പുറ്റ്. ഇതില്‍ സര്‍പ്പങ്ങള്‍ അടയിരുപ്പുണ്ടെന്ന് ആളുകള്‍ പറയുമായിരുന്നു. അതുകൊണ്ട് കുട്ടികളൊക്കെ വളരെ ഭയത്തോടെയാണ് ചിതല്‍പ്പുറ്റിനെ നോക്കികണ്ടിരുന്നത്. ചിതല്‍പ്പുറ്റിനടുത്തുപോയി കളിക്കാന്‍ ഞങ്ങളാരും ധൈര്യം കാണിച്ചിരുന്നില്ല. സര്‍പ്പപ്പേടി തന്നെ കാരണം. ഇത്തരത്തിലുള്ള ചിതല്‍പ്പുറ്റുകള്‍ കിളച്ച് ഇളക്കിക്കളഞ്ഞാല്‍ കുഷ്ഠംപോലെയുള്ള മാരകരോഗങ്ങള്‍ ഉണ്ടാകുമെന്നും കേട്ടിരുന്നു. 

സര്‍പ്പകോപം കൊണ്ടാണത്രെ ആളുകള്‍ക്ക് കുഷ്ഠം വരുന്നത്. ആളുകള്‍ക്ക് ത്വക്ക് രോഗം വരാതിരിക്കാനും വീട്ടില്‍ പാമ്പുകളുടെ ശല്യം ഉണ്ടാകാതിരിക്കാനും വെട്ടിക്കോട്ടെ നമ്പൂതിരിമാരുടെ കാവിലേക്കു നേര്‍ച്ചകൊടുക്കും. നാനാജാതിക്കാരും കൊടുക്കും. ആയില്യത്തിന് നൂറും പാലും ഒക്കെ കഴിച്ചുള്ള വലിയ ഉത്സവമാണവിടെ. ആളുകളുടെ വലിയ കൂട്ടം തെക്കേ റോഡിലൂടെ പോകുന്നതു കാണാം. ആമ്പലുകള്‍ വിളഞ്ഞുകിടന്നിരുന്ന പാടത്തോട് ചേര്‍ന്നാണ് വെട്ടിക്കോട്ട് കാവ്. ആമ്പല്‍പൂവ് പറിച്ചും കമ്പളിനാരങ്ങ വാങ്ങിയുമാണ് ആളുകള്‍ വെട്ടിക്കോട്ടെ ഉത്സവം കണ്ട് മടങ്ങിയിരുന്നത്. കാല്‍നടയായാണ് അന്നൊക്കെ യാത്ര. വലിയ ചിതല്‍പ്പുറ്റുകള്‍ക്കുള്ളില്‍ എന്താണെന്നൊന്നും പോയി നോക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ട് അതിനുള്ളിലെന്താണെന്നു ഞങ്ങള്‍ക്കൊരറിവും ഉണ്ടായിരുന്നില്ല. എന്നാല്‍ വീടിനെ ചുറ്റിപ്പറ്റി ചെറിയ ഉറുമ്പിന്‍കൂടുകളും ചിതല്‍ക്കൂടുകളും ഉണ്ടായിരുന്നു. നിലത്ത് ചെറിയ കുഴിയിലാണവയുള്ളത്. വേനല്‍മഴ പൊട്ടിവീഴുന്ന കാലത്ത് ഈയ്യലുകള്‍ കൂട്ടമായി ആകാശത്തേക്ക് പറന്നുയരും. അപ്പോഴെവിടെ നിന്നെന്നെറിയില്ല ഒരുകൂട്ടം കാക്കകളും ഞര്‍ക്കീലുകളും കാക്കത്തമ്പുരാട്ടിയും മറ്റു പലജാതി പക്ഷികളും അവയെ റാഞ്ചിത്തിന്നാനായി ആകാശം മുഴുവന്‍ നിറയും. മിക്കപ്പോഴും സന്ധ്യാനേരത്താണ് ഈയ്യലുകള്‍ പൊട്ടിവരുന്നത്. തലങ്ങും വിലങ്ങും പക്ഷികള്‍ ഈയ്യല്‍കൊയ്ത്ത് നടത്തുന്നതു കൗതുകപൂര്‍വ്വം ഞാന്‍ നോക്കിനില്‍ക്കും. 

മണ്ണിനുള്ളില്‍ എത്രയോ നാള്‍ ധ്യാനത്തിലിരുന്നു ചിറകുമുളച്ച ഈയ്യലുകള്‍ വാനില്‍ ഒന്നുയര്‍ന്നു പറന്നു രസിക്കാനായി ശ്രമിക്കുമ്പോഴേക്കും അവയെ റാഞ്ചി തിന്നുന്ന കാക്കകളോടെനിക്കു വലിയ ദേഷ്യമായിരുന്നു. പക്ഷേ, ഒരു കല്ലെടുത്തെറിഞ്ഞ് ഓടിക്കാന്‍ പോന്ന തരത്തിലല്ല കാക്കകളുടെ സ്ഥാനം. നൂറുകണക്കിനു കാക്കകളാണ് ആരവത്തോടെ ഈയ്യലുകളെ റാഞ്ചി തിന്നുന്നത്. വീട്ടില്‍ വൈദ്യുതിവിളക്കുകള്‍ തെളിയുമ്പോഴും നിലവിളക്ക് കത്തിക്കുമ്പോഴും ഈയ്യല്‍ കൂട്ടങ്ങള്‍ അവിടേക്കു കൂട്ടത്തോടെ വന്നുകയറും. വിളക്കിനു ചുറ്റും പാറിപ്പറക്കും. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിനുണ്ടാകും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ദേഹത്തു വന്നിരിക്കും. ഈയ്യലുകള്‍ വന്നു നുരയ്ക്കുമ്പോള്‍ വിളക്കണച്ചു വീട്ടിനുള്ളില്‍ ഇരുട്ടാക്കും. അവയ്ക്കായി പുറത്തെ ലൈറ്റിട്ടുകൊടുക്കും. അപ്പോഴവറ്റകള്‍ അവിടെ ചുറ്റിപ്പറക്കും. കുറെയെണ്ണത്തെ വീട്ടില്‍ കഴിയുന്ന പല്ലികള്‍ അകത്താക്കും. പല്ലികളുടെ ഉശിരൊന്നു കാണണം. ചറപറ ചറപറാന്നവയെ പല്ലികള്‍ പിടിച്ചുതിന്നും. നേരം വെളുക്കുമ്പോള്‍ ഒരു കൂന ഈയ്യലിന്റെ ചിറകുകള്‍ മുറിക്കുള്ളില്‍ കാണും. അവ തൂത്തുകൂട്ടിക്കൊണ്ട് ദൂരെക്കളയും. ഈയ്യലുകള്‍ ചിറകുപൊഴിച്ചാണത്രെ ചിതലുകളാകുന്നത്. മഴക്കാലത്തു വീട്ടില്‍ ചിതലുകളുടെ ശല്യം കൂടും. പുസ്തകക്കെട്ടുകളും തടിയും തുടങ്ങി കണ്ണില്‍ക്കണ്ടതൊക്കെയവര്‍ തിന്നുനശിപ്പിക്കും. എന്തുതിന്നാലും മതിവരാത്ത ഒരു ജീവിയാണ് ചിതലുകളെന്നു തോന്നിയിട്ടുണ്ട്. ചിതലുകളെ തട്ടിക്കുടഞ്ഞ് മുറി വൃത്തിയാക്കുന്നത് അക്കാലത്തൊക്കെ ഒരു സാധാരണ കാര്യമായിരുന്നു. ഉത്തരം വൃത്തിയാക്കുമ്പോഴും ചിതല്‍മണ്ണുകള്‍ ധാരാളം പൊഴിഞ്ഞുവീഴും.
തൈക്കാവിലെ പുരാണത്തില്‍ ഇയ്യലുകളും ചിതലുകളും ആവര്‍ത്തിച്ചുവരുന്നതു കുട്ടിക്കാലത്തെ ഈ അനുഭവങ്ങള്‍കൊണ്ടുകൂടിയാണ്. ചിതലുകള്‍ എന്ന പേരില്‍ ഒരധ്യായം തന്നെ നോവലിലുണ്ട്.

ചിതല്‍പ്പുറ്റുകള്‍പോലെ വലുപ്പമുള്ളതല്ലെങ്കിലും അവയുടെ മിനിയേച്ചര്‍ രൂപമാണ് മണ്ണാങ്കട്ടകള്‍ക്കുള്ളത്. അയ്യംനിറയെ മണ്ണാങ്കട്ടകളുണ്ടാകും. മണ്ണാങ്കട്ടയ്ക്ക് കുരീല് എന്നും നാട്ടില്‍ വിളിപ്പേരുണ്ട്. നൂലന്‍വിരയും തടിയന്‍ വിരയുമൊക്കെ തിന്നുതൂറുന്നതാണ് കുരീലുകള്‍. മണ്ണിനെ ഈര്‍പ്പമുള്ളതും വളക്കൂറുള്ളതുമാക്കുന്നത് ഈ കുരീലുകള്‍ ആണത്രെ. മണ്ണാങ്കട്ടകളെന്ന കുരീലുകള്‍ ഉണങ്ങിയാല്‍ അതു നുള്ളിപ്പെറുക്കി കുട്ടികള്‍ കളിക്കും. പല രൂപത്തിലുള്ള മണ്ണാങ്കട്ടകള്‍ നിരത്തിവച്ചാണ് കളി. നാടും നഗരവും ഇത്തരം മണ്ണാങ്കട്ടകള്‍കൊണ്ടു നിര്‍മ്മിക്കും. വഴികളും തോടുകളും ഒക്കെയുള്ള ഗ്രാമങ്ങളും നഗരങ്ങളും. രാസവളപ്രയോഗങ്ങള്‍ മൂലം മണ്ണ് മരിച്ചതിനാലാവാം ഇപ്പോ മണ്ണാങ്കട്ടകളെയൊന്നും കാണാത്തത്.

തോട്ടിലും കുളത്തിലും പുഞ്ചയിലുമൊക്കെ വെള്ളം നിറയുമ്പോള്‍ ഊത്തയെ പിടിക്കാന്‍ തോര്‍ത്തുമായി ഒരുസംഘം കുട്ടികള്‍ ഇറങ്ങും. അല്‍പ്പം മുതിര്‍ന്നവര്‍ ചൂണ്ടയിടും. ചൂണ്ടയ്ക്ക് ഇരകോര്‍ക്കുന്നതു വിരകളെയാണ്. അന്നൊക്കെ പറമ്പില്‍ ഒന്നുമാന്തിയാല്‍ ഇഷ്ടംപോലെ വിരകളെ കിട്ടുമായിരുന്നു. ഇപ്പോള്‍ വിരകളില്ലാത്ത മണ്ണാണെവിടെയും. തോട്ടില്‍ മീനുകളും വരാതെയായിട്ടുണ്ട്. മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കുപോയ കഥകള്‍ കുട്ടികള്‍ ഉച്ചത്തില്‍ പറഞ്ഞു ചിരിക്കും. മണ്ണാങ്കട്ടയും കരിയിലയും കൂടി പണ്ട് കാശിക്കുപോയി. അപ്പോ മഴ വന്നു. കാറ്റുവന്നു. മഴയത്ത് മണ്ണാങ്കട്ട ഒലിച്ചുപോയി. കാറ്റത്ത് കരിയില പറന്നുപോയി. എന്നിട്ടെല്ലാവരും കൂടി ഉറക്കെ ചിരിക്കും. ഇങ്ങനെ സ്വയം ഉണ്ടാക്കി കളിയായിരുന്നുവല്ലോ കുട്ടികള്‍ക്കു പ്രധാന വിനോദം. കുട്ടികളുടെ ഭാവനയെ വളര്‍ത്താന്‍ അവരെ സ്വാതന്ത്ര്യമായി സ്വപ്നം കാണാനും ഭാവനാപൂര്‍ണമായി കളിക്കാനും അവസരം ഉണ്ടാക്കുന്നതാണ് നല്ലത്. കുട്ടികള്‍ സ്വയം അഭിനയിച്ചുകളിക്കാറുണ്ടല്ലോ. അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്ക് ഇതാവശ്യമാണ്. മുതിര്‍ന്നവരെപ്പോലെ അഭിനയിച്ചു ചോറും കറിയും വച്ചുകളിക്കുന്നത് അക്കാലത്തൊക്കെ സര്‍വ്വസാധാരണമായിരുന്നു. ഇപ്പോള്‍ പള്ളിക്കൂടം അടച്ച് മധ്യവേനല്‍ അവധി വരുമ്പോള്‍ ഓരോ പുതിയ സൂത്രങ്ങള്‍ പ്രയോഗിച്ച് അവരുടെ ബാല്യം പലരും തട്ടിപ്പറിക്കുകയാണ്. അവധിക്കാലത്ത് കുട്ടികളെ അവരുടെ പാട്ടിനു വിടുന്നതാണ് ഏറ്റവും നല്ലതെന്ന് എനിക്കു തോന്നാറുണ്ട്. 

മദ്രസക്കാലത്തെ ഓര്‍മ്മകള്‍
എന്റെ മദ്രസാ പഠനകാലത്തെ അനുഭവങ്ങള്‍ പല സ്വഭാവത്തില്‍ തൈക്കാവിലെ പുരാണത്തില്‍ എഴുതിയിട്ടുണ്ട്. എസ്.എസ്. സാഹിബ് എന്നൊരു മുസ്ലിയാരും മോദീന്‍കാക്കയെന്നൊരു ആളുമാണ് പള്ളിയില്‍ ഉണ്ടായിരുന്നത്. മോദീന്‍കാക്ക എവിടുന്നോ ചുറ്റിത്തിരിഞ്ഞു നാട്ടിലെത്തിയ ആളാണ്. പിന്നീട് പള്ളിക്കാര്യവുമായി ഇവിടെ കൂടുകയായിരുന്നു. ശാഫി (കര്‍മ്മശാസ്ത്രം) പിന്‍പറ്റുന്നയാളായതുകൊണ്ടാണ് ഇക്കാ എന്നു വിളിക്കുന്നത്. ഹനഫി പാരമ്പര്യമുള്ള രാവുത്തരന്മാര്‍ അണ്ണന്‍ എന്നാണ് വിളിക്കുക. കേരളത്തില്‍ ശാഫികളാണ് കൂടുതല്‍. ലോകത്തും ഇന്ത്യയിലും ഹനഫികളും. പേര്‍ഷ്യന്‍ പാരമ്പര്യമാണ് ഹനഫികള്‍ക്കുള്ളത്. അറബി പാരമ്പര്യമാണ് ശാഫികള്‍ക്ക്. ബാങ്ക് വിളിയും മറ്റും മോദീന്‍ കാക്കയാണ് ചെയ്യുന്നത്. നിസ്‌കാരത്തിനു നേതൃത്വം നല്‍കുന്നതും വെള്ളിയാഴ്ച പ്രസംഗവു(ഖുത്തുബ)മൊക്കെ നിര്‍വ്വഹിക്കുന്നത് എസ്.എസ്. സാഹിബ് മുസ്ലിയാരും. മദ്രസയില്‍ കുട്ടികളെ പഠിപ്പിക്കുന്നത് ഇദ്ദേഹം തന്നെ. ഇവര്‍ക്കു തുച്ഛമായ ശമ്പളമേയുള്ളു. ആഹാരം ഓരോ വീടുകളില്‍ ചെന്നുകഴിക്കണം. മുപ്പതുദിവസം മുപ്പത് വീട്. മൂന്നുനേരവും നല്ല ഭക്ഷണം കിട്ടുമെന്ന നേട്ടമേയുള്ളു. പിന്നെ വല്ല ചടങ്ങുകള്‍ക്കും ലഭിക്കുന്ന കൈമടക്കാണ് ഒരു വരുമാനം. പല പ്രായത്തിലുള്ള കുട്ടികളെല്ലാവരും മദ്രസയില്‍ ഒന്നിച്ചിരുന്നാണ് പഠിക്കുന്നത്. ഖുറാന്‍ ഓതാന്‍ പഠിപ്പിക്കുന്നു. അത്രയേയുള്ളു. ആദ്യ കായിത (ബാലപാഠം)ത്തില്‍ തുടങ്ങും. അലിഫ്, ബ, ത തുടങ്ങിയ അക്ഷരങ്ങള്‍. പിന്നെ കൂട്ടിവായിക്കും. ജുസുവിലേക്കു കടക്കും. അര്‍ത്ഥം പറഞ്ഞു പഠിപ്പിക്കാനുള്ള ശേഷിയൊന്നും അവര്‍ക്കുണ്ടാകില്ല. അതിനുള്ള അവസരവുമില്ല. മദ്രസാ വിദ്യാഭ്യാസം കൊണ്ട് അറബി ഭാഷ വായിക്കാന്‍ പഠിക്കാം. നബിമാരുടെ കുറെ കഥകളും കേള്‍ക്കാം. എന്നാല്‍, ഇക്കാലത്ത് മദ്രസാ വിദ്യാഭ്യാസം കൂടുതല്‍ ശാസ്ത്രീയമായിട്ടുണ്ടെന്നു വേണം മനസ്സിലാക്കാന്‍.

എസ്.എസ്. സാഹിബ്ബ് മുസ്ലിയാരുമൊക്കെ ലബ്ബമാരാണ്. മുസ്ലിങ്ങളിലെ ഒരു വിഭാഗമാണിവര്‍. രാവുത്തരന്മാര്‍ക്ക് അറബി വിദ്യാഭ്യാസം നല്‍കുന്നതിനും പള്ളിക്കാര്യങ്ങള്‍ നോക്കാനുമായി അഞ്ചാറു കുടുംബങ്ങള്‍ ഉണ്ട്. ഇക്കൂട്ടര്‍ക്ക് നമ്പൂതിരിമാരെപ്പോലെ മന്ത്രവാദമൊക്കെ ചെയ്യാനറിയാം. ഹോമവും മറ്റും നടത്തികാണാറുണ്ട്. ഇസ്ലാമില്‍ ഇതൊക്കെയുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല. മന്ത്രവാദം എന്നത് ഒരുതരത്തിലുള്ള ചികിത്സാരീതിതന്നെ. അറബിയില്‍ എഴുതപ്പെട്ട ഇതു സംബന്ധിച്ചുള്ള ചില ഗ്രന്ഥങ്ങള്‍ അവരുടെ പക്കല്‍ ഞാന്‍ കണ്ടിട്ടുമുണ്ട്. ആറടി ഉയരവും നല്ല മുഴക്കമുള്ള ശബ്ദവുമുള്ളയാളായിരുന്നു എസ്.എസ്. സാഹിബ്ബ് ഉസ്താദ്. എന്നോട് ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. നുയമ്പ് കാലത്ത് പള്ളിയില്‍ മൗലൂദ് പാരായണം ഉണ്ടാകും. (നബിയെക്കുറിച്ചുള്ള പുകഴ്ത്തല്‍ കീര്‍ത്തനം). അതുകഴിഞ്ഞാല്‍ എല്ലാവര്‍ക്കും പഴമോ മധുരമോ നല്‍കും. ചിലപ്പോള്‍ കുറച്ചുപഴമേയുണ്ടാകു. കുട്ടികള്‍ക്കു പഴം മുറിച്ചുനല്‍കും. എനിക്ക് ബാക്കിയുള്ള മൂന്നാലുപഴം തരും.

നുയമ്പിലെ ഇരുപത്തിയേഴാംരാവ് വളരെ പ്രധാനപ്പെട്ടത്. സര്‍വ്വ ഐശ്വര്യവും ഭൂമിയിലേക്കു വര്‍ഷിക്കുന്ന നാളാണതെന്നാണ് കരുതുന്നത്. മുപ്പത് നുയമ്പ് ദിനത്തില്‍ ഏതോ ഒരു ദിനമാണ് 'ലൈലത്തുല്‍ കതിര്‍' എന്നു വിശേഷപ്പെട്ട സമയം. വിദഗ്ദ്ധര്‍ കണക്കുകൂട്ടി ഇരുപത്തിയേഴാം രാവെന്നു മനസ്സിലാക്കിവച്ചിരിക്കുകയാണ്. അന്ന് നന്മവിതറുന്ന ഒരപ്പൂപ്പ എല്ലാ ഗ്രാമത്തിലും പള്ളികളിലും അദൃശ്യനായി വരും. പായസം വച്ചും നെയ്യപ്പം ചുട്ടുമാണ് അദ്ദേഹത്തെ വരവേല്‍ക്കുന്നത്. നുയമ്പുമുറിക്കു മുന്‍പായി പായസവും നെയ്യപ്പവും പള്ളിയിലും കൊടുത്തയക്കാറുണ്ട്. എന്നാല്‍, ഇപ്പോള്‍ ഈ ആചാരം നിന്നുപോയി. മദ്രസയോട് ചേര്‍ന്നായിരുന്നു അത്തിത്ത അശനിരാവുത്തരുടെ കബര്‍ (ശവക്കല്ലറ). ചില കാലത്ത് അത്തിത്തായുടെ ഖബറിലേക്ക് ഉറുമ്പുകളുടെ ജാഥ പോകുന്നതു കാണാം. ശവക്കല്ലറയ്ക്കുള്ളില്‍ അത്തിത്തായെ ഉറുമ്പുകള്‍ കടിക്കാതെ കാക്കണേയെന്ന് ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. കബറിനുള്ളില്‍ മുങ്കര്‍, നക്കിര്‍ എന്നീ മലക്കുകള്‍ മരിച്ചവരോട് ചോദ്യം ചോദിക്കാനെത്തുമെന്നൊക്കെ മദ്രസയില്‍നിന്നാണ് മനസ്സിലാക്കിയത്. റത്തീബ്, അത്തീബ് എന്ന പേരുകാരായ രണ്ടുമലക്കുകള്‍ മനുഷ്യരുടെ ഇരുതോളുകളിലും ഇരുന്നു നമ്മള്‍ ചെയ്യുന്ന നന്മയും തിന്മയും അപ്പപ്പോള്‍ രേഖപ്പെടുത്തുന്നുണ്ടെന്നും ഉസ്താദാണ് പറഞ്ഞുതന്നത്. മരണാനന്തര ജീവിതത്തെക്കുറിച്ചു പറഞ്ഞുകേട്ട ഒരു തമാശക്കഥ ഇങ്ങനെ: ഒരാള്‍ നാട്ടിലെത്തിയ സിദ്ധനോട് താനെപ്പോഴാണ് മരിക്കുന്നതെന്നു ചോദിച്ചു പിറകെ കൂടി. അയാളുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ സിദ്ധന്‍ വെറുതെ പറഞ്ഞു. നിന്റെ ചന്തി നനയുമ്പോള്‍ നീ മരിക്കും. അതില്‍ പിന്നെ ചന്തി നനയാതെ അയാള്‍ സൂക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ കച്ചവടം കഴിഞ്ഞ് ഒരു തോടുമുറിച്ചു കടക്കുന്നതിനിടയില്‍ അയാള്‍ കാല്‍തെറ്റി വെള്ളത്തില്‍വീണു. ചന്തിയും നനഞ്ഞു.


ചന്തി നനഞ്ഞ സ്ഥിതിക്കു താന്‍ മരിച്ചുപോയിട്ടുണ്ടാകാമെന്ന് അയാള്‍ കരുതി. വഴിവക്കില്‍ കണ്ട ഒരു ശവക്കല്ലറയില്‍ അയാള്‍ മരിച്ചതുപോലെ കിടന്നു. മുങ്കറിന്റെയും നക്കീറിന്റെയും വരവിനായി കാതോര്‍ത്തുകിടന്നു. അതുവഴി വന്ന ഒരു ചുമട്ടുകാരന്‍ തന്റെ ചുമട് അവിടെ ഇറക്കിവച്ചു വിശ്രമിച്ചു. കുറേക്കഴിഞ്ഞ് അയാള്‍ ഒറ്റക്ക് ചുമട് ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. ഒരു സഹായത്തിനായി ചുറ്റും നോക്കി. ആരെയും കണ്ടില്ല. അപ്പോഴാണ് കബറിനരികില്‍ ഒരാള്‍ കിടക്കുന്നതു കണ്ടത്. എണീറ്റ് വന്നു തന്റെ ചുമടൊന്ന് പൊക്കിത്തരാന്‍ അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ താന്‍ മരിച്ചുകിടക്കുകയാണെന്നും തനിക്കതിനാവില്ലെന്നും പറഞ്ഞു. ഇതുകേട്ട് ദേഷ്യം തോന്നിയ ചുമട്ടുകാരന്‍ തന്റെ കൈയിലുണ്ടായിരുന്ന വടികൊണ്ട് അയാളെ തല്ലി. വേദനകൊണ്ട് ചാടി എണീറ്റ അയാള്‍ ചുമട് പൊക്കിക്കൊടുത്തിട്ട് മുന്നോട്ടു നടന്നു. ഒരു പള്ളിക്കരികില്‍ ചെന്നപ്പോള്‍ ഒരു മുസ്ലിയാര്‍ കബറിലെ ജീവിതത്തെക്കുറിച്ചു പ്രസംഗിക്കുന്നതാണ് കേട്ടത്. മുങ്കര്‍, നക്കിര്‍ എന്ന രണ്ടുമലക്കുകള് വരുമെന്നുമൊക്കെ കേട്ടപ്പോള്‍ കുപിതനായ ആ മനുഷ്യന്‍ ഇതൊക്കെ പച്ചക്കള്ളമാണെന്നും ഒരു ചുമടുമായി ഒരാള്‍ വന്ന് നിലത്തുവച്ചശേഷം നമ്മളോടത് പൊക്കിക്കൊടുക്കാന്‍ പറയുക മാത്രമെ ചെയ്യുകയുള്ളുവെന്നു വിളിച്ചുപറഞ്ഞു. പള്ളിയില്‍ കൂടിയവര്‍ അയാളെ അദ്ഭുതത്തോടെ നോക്കിയപ്പോള്‍ പറഞ്ഞു. നമ്മള്‍ ചുമട് പൊക്കിക്കൊടുത്തില്ലങ്കില്‍ കൈയില്‍ ഇരിക്കുന്ന വടികൊണ്ട് ഒന്നുരണ്ട് അടിക്കും. അത്രയേയുള്ളു. അല്ലാതെ ഒരു മലക്കും ചോദ്യം ചോദിക്കാനായി വരില്ലെന്നും അയാള്‍ തറപ്പിച്ചുപറഞ്ഞുവെന്നാണ് കഥ. 

മദ്രസയിലെ കുട്ടികളെ അറബി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും ഏതെങ്കിലും കുടുംബം ബാധയൊഴിപ്പിക്കാനായി വരുന്നത്. ദൂരെ ദിക്കുകളില്‍ ഹിന്ദുകുടുംബങ്ങളാവും മിക്കപ്പോഴും വരുക. ക്ഷേത്രപൂജാരി പറഞ്ഞുവിട്ടതാണെന്നൊക്കെ പറയും. നാലാംവേദക്കാര്‍ക്കെ ഈ ബാധയൊഴിപ്പിക്കാനാവുവെന്ന് അവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഉസ്താദ് പഠനം നിര്‍ത്തി മദ്രസയുടെ ഒരു മൂലയില്‍ മാന്ത്രികവേലകള്‍ തുടങ്ങും. ഒരു പൊതിച്ച തേങ്ങാപ്പുറത്തു വരുന്ന ആളെയിരുത്തും. ഓരോന്നുരുവിട്ടത് കറക്കിക്കും. ഒരു ചന്ദനത്തിരി കത്തിച്ച് കൈയിപിടിച്ചിട്ടുണ്ടാവും. കാര്യങ്ങള്‍ അയാളില്‍നിന്നു മനസ്സിലാക്കിയെടുക്കാനാണ് തേങ്ങാപ്പുറത്തുള്ള മാന്ത്രികം.

ഹോമത്തിനു നീണ്ട കുറുപ്പടി എഴുതിക്കൊടുക്കും. ചന്ദനമുട്ടി ഇത്ര, കര്‍പ്പൂരം തുടങ്ങി ഒരു നീണ്ട ലിസ്റ്റുണ്ടാകും. ചിലപ്പോള്‍ ചരട് ജപിച്ച് ഊതിക്കെട്ടി ഏണിലും കയ്യിലും ധരിക്കാന്‍ കൊടുക്കും. ഏലസില്‍ അറബി അക്ഷരങ്ങള്‍ എന്തൊക്കെയോ എഴുതി നിറച്ചുകൊടുക്കും. രോഗികള്‍ക്കു വെള്ളപ്പിഞ്ഞാണത്തില്‍ പ്രത്യേക മരുന്ന് മഷികൊണ്ട് അറബി അക്ഷരങ്ങള്‍ എഴുതി കഴുകി കുടിക്കാന്‍ കൊടുക്കും. ഇങ്ങനെ എന്തെല്ലാംതരം മാന്ത്രികവേലകളാണെന്നോ ഉസ്താദ് ചെയ്തിരുന്നത്. കുട്ടിക്കാലത്ത് ഇതൊക്കെ നോക്കിക്കാണുന്നതു രസകരമായ അനുഭവമായിരുന്നു. ഇതൊക്കെ കാണാന്‍ കുട്ടികളുടെ ശല്യം വര്‍ധിക്കുമ്പോള്‍ മദ്രസക്ക് അന്ന് അവധികൊടുക്കും. കോഴിമുട്ടയില്‍ എന്തൊക്കെയോ ജപിച്ചുകൊടുക്കുന്നതും കാണാം. ഉസ്താദിന്റെ അവസാനകാലത്ത് അദ്ദേഹം തളര്‍ന്നു കിടപ്പായിരുന്നു. കുറേക്കാലം അങ്ങനെ കിടന്ന് മരിച്ചു. 

മുസാഫിര്‍മാരും ഫക്കീറന്മാരും നാടുചുറ്റി മതബോധനം നടത്തുന്ന 'തബലീഹ്'കാരുമൊക്കെ പള്ളിയില്‍ വന്നും പോയുമിരിക്കും. ഇവരൊക്കെ തമ്മില്‍ തമ്മില്‍ കഥകള്‍ പറയും. നാട്ടുകാര്യങ്ങളും മതകാര്യങ്ങളും പറയും. ഇത്തരക്കാര്‍ പറയുന്ന കഥകള്‍ കേള്‍ക്കാന്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. പലതരത്തിലുള്ള അദ്ഭുതകഥകളാണവര്‍ പറയുന്നത്. 'തബലീഹ'കാര്‍ വന്നാല്‍ പള്ളിമുറ്റത്തു ഭക്ഷണമൊക്കെ പാചകം ചെയ്തു കഴിച്ച് മൂന്നാലുദിവസമെങ്കിലും കഴിഞ്ഞേ പോകൂ. എട്ടും പത്തും പേരടങ്ങുന്ന ഒരു സംഘമായാണിവരുടെ വരവ്. ഇവര്‍ക്ക് അമീര്‍ (നേതാവ്) ഉണ്ടാകും. മൂന്നുപേര്‍ യാത്രപോയാല്‍ അതിലൊരാള്‍ അമീര്‍ ആയിരിക്കണമെന്നാണ് ഇസ്ലാമിക രീതി. അമീര്‍ ഒരു സ്റ്റൂളിന്റെ പുറത്തിരുന്നാണ് സംസാരിക്കുക. വിചിത്രമായ കാര്യങ്ങളും ഇവരുടെ സംസാരങ്ങളിലുണ്ടാകും.

നാടായ നാട്ടിലൊക്കെ വച്ചും ഉണ്ടും ഇങ്ങനെ കറങ്ങിനടക്കുന്ന ഇക്കൂട്ടര്‍ക്ക് ഒരുപാടു കഥകള്‍ പറയാനുണ്ടാകുക സ്വാഭാവികമാണല്ലോ. അല്ലാഹുവിനെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുമൊക്കെയാണിവരുടെ ചര്‍ച്ചകള്‍ ഏറെയും. നീണ്ട താടിയും മുട്ടിനുതാഴെ മാത്രം ഇറക്കമുള്ള മുണ്ടും നീളമുള്ള ജുബ്ബയുമൊക്കെ ധരിച്ചു നാടുചുറ്റി നടക്കുന്ന ഇവരെക്കുറിച്ചു പല തെറ്റിദ്ധാരണകളും ഇക്കാലത്തുണ്ട്. തീവ്രവാദികളാകാമെന്നാണൊരു പേടി. നാടും പേരുമൊന്നുമറിയാത്തതുകൊണ്ട് ഇത്തരത്തിലുള്ള യാത്രികര്‍ക്കു പള്ളികളില്‍ അഭയം കൊടുക്കാന്‍ ഇപ്പോള്‍ മടിക്കാറുണ്ട്. എത്തരക്കാരാണെന്നു തിരിച്ചറിയാന്‍ ഒരു വഴിയുമില്ലല്ലോ. ഇവരുടെ സമ്മേളനങ്ങള്‍ക്കു പ്രത്യേക പരസ്യങ്ങളോ ഒന്നും ഉണ്ടാകില്ല. എന്തിനു ഫോട്ടോ എടുക്കാന്‍പോലും താല്‍പ്പര്യമില്ലാത്ത കൂട്ടരാണ്. അതുകൊണ്ട് തന്നെ ഇന്റലിജന്‍സ് വിഭാഗങ്ങളുമൊക്കെ ഇവര്‍ക്ക് പിന്നാലെ കൂടാറുണ്ട്. ഇങ്ങനെ ഇവരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ഒരു ഇന്റലിജന്‍സ് ഓഫീസറുടെ അനുഭവം പറഞ്ഞുകേട്ടു. രണ്ടുമൂന്നു ദിവസം ഇവരുടെ പ്രഭാഷണം ശ്രദ്ധിച്ചിട്ടും അവരാരും ഭൂമിയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ലത്രെ. സ്വര്‍ഗ്ഗവും നരകവുമൊക്കെയാണവരുടെ സംഭാഷണം നിറയെ. ഇവരുടെ പിന്നാലെ കൂടുന്നതുകൊണ്ട് സമയനഷ്ടമല്ലാതെ മറ്റൊന്നുമില്ലെന്നദ്ദേഹത്തിനു ബോധ്യപ്പെട്ടു. എന്തായാലും സൂഫിപാരമ്പര്യത്തിന്റെ എന്തൊക്കെയോ അംശങ്ങള്‍ ഇക്കൂട്ടര്‍ക്കുള്ളതായി എനിക്കു തോന്നിയിട്ടുണ്ട്. എല്ലാവര്‍ക്കുമല്ല, ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com