വിപത് സന്ദേശങ്ങളുടെ പുസ്തകം

ഈജിപ്ത്യന്‍ - കനേഡിയന്‍ നോവലിസ്റ്റ് ഒമര്‍ അല്‍ അക്കാദ് രചിച്ച 'അമേരിക്കന്‍ വാര്‍' എന്ന നോവലിനെക്കുറിച്ച്.
ഒമര്‍ അല്‍ അക്കാദ്
ഒമര്‍ അല്‍ അക്കാദ്

ഭീഷണമായ വര്‍ത്തമാനകാലാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ദൗര്‍ഭാഗ്യകരവും ദുസ്സ്വപ്ന സമാനവും ഇരുണ്ടതുമായ ഭാവിയിലേക്ക് ഉറ്റുനോക്കുന്ന രചനകളെ 'ഡിസ്റ്റോപ്പ്യന്‍', 'പോസ്റ്റ് അപ്പോകാലിപ്റ്റിക്ക്' എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. സര്‍വ്വാധിപത്യം പോലുള്ള ജനാധിപത്യവിരുദ്ധവും പ്രതീക്ഷയറ്റതുമായ രാഷ്ട്രവ്യവസ്ഥകള്‍ തൊട്ട് സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന അപചയങ്ങളും മൂല്യച്യുതിയുമൊക്കെ ഇത്തരം രചനകള്‍ക്ക് വിഷയമായിട്ടുണ്ട്. മോശം കാലങ്ങളില്‍ മോശം കാലങ്ങളെക്കുറിച്ചുള്ള രചനകളാണ് ഉണ്ടാവുക എന്ന നിലയില്‍ സമകാലിക രചനകളില്‍ ഭാഗികമായോ മുഴുനീളത്തിലോ ഡിസ്റ്റോപ്പ്യന്‍ ഘടകങ്ങള്‍ കടന്നുവരുന്നു. ഓര്‍വെല്ലിന്റെ 1984,  ആല്‍ഡസ് ഹക്സ്ലിയുടെ ബ്രേവ് ന്യു വേള്‍ഡ്, ആന്റണി ബര്‍ജസിന്റെ ക്ലോക്ക് വര്‍ക്ക് ഓറഞ്ച്, റേ ബ്രാഡ്ബറിയുടെ ഫാരെന്‍ഹീറ്റ് 451 തുടങ്ങി കൊര്‍മാക് മക്കാര്‍ത്തിയുടെ ദി റോഡ്, കാസുവോ ഇഷിഗുരോയുടെ നെവര്‍ ലെറ്റ് മി ഗോ എന്നിങ്ങനെ ഈ നിര നീളുന്നു. ബൂര്‍ഷ്വാ വായനയുടെ ഉപാധിയെന്നു പേരുദോഷമുള്ള നോവല്‍ രൂപത്തിലൂടെത്തന്നെ നമ്മുടെ അലസബോധങ്ങളെ ഞെട്ടിച്ചുണര്‍ത്തും വിധം തീവ്രവും വൈവിധ്യ പൂര്‍ണ്ണവുമായ എഴുത്തുവഴി തേടുന്ന ഈ പാരമ്പര്യത്തിലേക്കുള്ള ഏറ്റവും പുതിയതും അതി ശക്തവുമായ ഒരു രചനയാണ് ഈജിപ്ത്യന്‍ - കനേഡിയന്‍ നോവലിസ്റ്റ് ഒമര്‍ അല്‍ അക്കാദിന്റെ പ്രഥമ നോവല്‍ 'അമേരിക്കന്‍ വാര്‍'. അമേരിക്കന്‍ ഡ്രീം എന്ന പറഞ്ഞുപതിഞ്ഞ സ്വപ്നവിതരണത്തെ കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, ഫോസില്‍ ഫ്യുവല്‍ പ്രതിസന്ധി, ഭീകര വിരുദ്ധ യുദ്ധം, ജൈവായുധ പ്രയോഗങ്ങള്‍, ആത്മഹത്യാ ബോംബര്‍ സംസ്‌കാരം തുടങ്ങിയ തിരിച്ചടികളുടെ കാലഘട്ടത്തില്‍ ദുസ്സ്വപ്ന സംജ്ഞയായി തിരിച്ചിടുകയാണ് ജേണലിസ്റ്റ് കൂടിയായ രചയിതാവ്.

ദുസ്സ്വപ്ന ഭൂമികയിലെ ചിത്രങ്ങള്‍
ഇരുപത്തിരണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ഐക്യനാടുകള്‍ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ഛിന്നഭിന്നമാകുന്ന ഒരു ഫ്യുച്ചൂറിസ്റ്റിക് ഡിസ്റ്റൊപ്പിയന്‍ സാഹചര്യത്തിലിരുന്നു കാന്‍സര്‍ ബാധിതനും വയോധികനുമായ ഒരാള്‍ പിന്നിട്ട അരനൂറ്റാണ്ട് കാലം, വിശേഷിച്ചും 2074-മുതല്‍  2095- വരെ നാടിനെ പിടിച്ചുകുലുക്കിയ, പതിനൊന്നു മില്ല്യന്‍ മനുഷ്യരുടെ മരണത്തിനിടയാക്കിയ 'രണ്ടാം ആഭ്യന്തരയുദ്ധം', തുടര്‍ന്ന് അതിന്റെ പത്തിരട്ടി പേരെ കൊന്നൊടുക്കിയ മനുഷ്യനിര്‍മ്മിത പ്ലേഗ് എന്നിവയുടേയും ഈ ദുരന്തങ്ങളില്‍ ഇരയും ഒപ്പം കര്‍ത്തൃസ്ഥാനീയരും ആയ കേന്ദ്ര കഥാപാത്രങ്ങളുടേയും കഥ ആവിഷ്‌കരിക്കുന്നു.

സംഘര്‍ഷങ്ങള്‍ എണ്ണമറ്റ ജനങ്ങളെ, വിശേഷിച്ചും ദക്ഷിണ ദേശക്കാരെ അഭയാര്‍ത്ഥികളാക്കിയിരിക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി ഭൂപടത്തിലെ പ്രാദേശിക അതിരുകള്‍ ഇന്നറിയുന്ന രീതിയില്‍നിന്നു മാറിപ്പോയിട്ടുണ്ട്. 2030-കളുടേയും 2040-കളുടേയും കാലത്തെ ''ഭൂഗോളം നാടിനെതിരെ; അഥവാ നാട് തന്നെ അതിനെതിരെ തിരിയുന്നതിന് തൊട്ടു മുന്‍പത്തെ ദശകത്തെ'' ചിത്രീകരിക്കുന്ന പോസ്റ്റ്കാര്‍ഡുകളാണ് തനിക്കേറെ പ്രിയം എന്ന് ആഖ്യാതാവ് ഏറ്റുപറയുന്നുണ്ട്. ''അവ മഹാസമുദ്ര തീരങ്ങളെ ഉയര്‍ന്നുപൊങ്ങിയ കടലെടുക്കും മുന്‍പുള്ള ചിത്രങ്ങള്‍ അവതരിപ്പിച്ചു; തെക്ക് പടിഞ്ഞാറന്‍ ദേശങ്ങള്‍ കനലായി മാറിയതിനും മുമ്പത്തെ ചിത്രങ്ങള്‍; തെളിനീലാകാശത്തിനു ചുവടെ അനന്തവും ശൂന്യവുമായി കിടന്ന മധ്യ പാശ്ചാത്യ സമതലങ്ങളുടെ ഫോട്ടോഗ്രാഫുകള്‍, ഉള്‍പ്രദേശങ്ങളിലേക്കുള്ള പുറപ്പാടുകള്‍ ഒഴിഞ്ഞുപോയ തീരദേശവാസികളെക്കൊണ്ട് അവിടം നിറയും മുന്‍പ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാതിയില്‍ ഉണ്ടായിരുന്ന അമേരിക്കയുടെ ഒരു ഗോചരമായ ഓര്‍മ്മപ്പെടുത്തല്‍: ഉയര്‍ന്നു പറക്കുന്നത്, ആരവം മുഴക്കുന്നത്, നിസ്സംഗം.'' തിരികെ കിട്ടാത്ത വസന്തസ്മൃതി ക്രൂരമാണ് എന്ന ടി.എസ്. എലിയറ്റിന്റെ നിരീക്ഷണം പോലെ ഇപ്പോള്‍ നഷ്ടപ്രതാപത്തിന്റെ ബാക്കിപത്രത്തില്‍ ലോക സമവാക്യങ്ങള്‍ മാറിപ്പോയിരിക്കുന്നു.

അമേരിക്കയുടെ തലസ്ഥാനം കൊടുങ്കാറ്റില്‍ തകര്‍ന്നു പോയ വാഷിംഗ്ടണില്‍നിന്ന് ഓഹായോയിലെ കൊളംബസിലേക്ക് മാറ്റിയിരിക്കുന്നു. ചൈനയും വടക്കന്‍ ആഫ്രിക്ക കേന്ദ്രമാക്കി ഭരിക്കുന്ന ബൂഅസീസിയെന്ന സാങ്കല്‍പ്പിക പാന്‍ - അറബ് സാമ്രാജ്യവുമാണ് ലോകത്തെ നിയന്ത്രിക്കുന്നത്. റിബലുകളുടെ മുദ്രാവാക്യങ്ങളോട് താല്പര്യമില്ലെങ്കിലും ലോകത്തെ ഏക സൂപ്പര്‍ പവറിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ബൂഅസീസി സാമ്രാജ്യം അവരെ സഹായിക്കുന്നു. സൗത്ത് കാരോലൈന പ്ലേഗ് വൈറസിന്റെ പിടിയില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടിരിക്കുന്നു. വിഭജന മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ടമാത്രയില്‍ കൊല്ലപ്പെടും. ആഭ്യന്തരയുദ്ധാന്ത്യത്തില്‍ കൊല്ലപ്പെടുന്ന അമേരിക്കന്‍ പ്രസിഡണ്ടിനു ശേഷം സ്ഥാനമേല്‍ക്കുന്ന താല്‍ക്കാലിക പ്രസിഡണ്ടിനു കീഴില്‍ ഇരു ചേരികള്‍ക്കിടയില്‍, ഒരിക്കല്‍ക്കൂടി വടക്കന്‍ മേഖലയുടെ അപ്രമാദിത്തം സ്ഥാപിതമാകുന്ന 'പുന:സംയോജന' ചടങ്ങ് ഭീകരമായ കൃത്രിമ ജനിതക വൈറസിന്റെ വ്യാപനത്തിനുള്ള അവസരമായി വിദഗ്ദ്ധമായി ഉപയോഗിക്കപ്പെടുന്നതോടെ ദുരന്തം അതിന്റെ പരകോടിയില്‍ എത്തുന്നു. ഒരെഴുത്തുകാരന്റെ ആദ്യ കൃതിയായി സമീപകാലത്തിറങ്ങിയ നോവലുകളില്‍ ഏറെ ശ്രദ്ധേയമായി വിലയിരുത്തപ്പെടുന്ന ഒമര്‍ അല്‍ അക്കാദിന്റെ നോവലിന്റെ കഥാപശ്ചാത്തലമാണ് ഇത്. 

വൈയക്തിക ദുരന്ത കഥ 
കഥയിലെ വൈയക്തികാംശത്തില്‍ കേന്ദ്രസ്ഥാനീയമായ ലൂസിയാനയിലെ ചെസ്റ്റ്നട്ട് കുടുംബത്തിലെ മൂന്നാം തലമുറക്കാരനും അത്ഭുതകരമായ രീതിയില്‍ പ്ലേഗ് അതിജീവിച്ചവനുമായ ആളാണ് പ്രധാന ആഖ്യാതാവും അഭ്യന്തര യുദ്ധചരിത്രഗവേഷകനുമായ ബെഞ്ചമിന്‍ എങ്കിലും കേന്ദ്ര കഥാപാത്രം സാറാ ടി. ചെസ്റ്റ്നട്ട് എന്ന സരാത് ആണ്. ബെഞ്ചമിന്റെ പിതൃസഹോദരി. ലൂസിയാനയില്‍ മിസ്സിസിപ്പിയുടെ, നോവലിന്റെ വര്‍ത്തമാനകാലം ആവും മുന്‍പ് മുങ്ങിപ്പോയ ഭാഗത്തൊരിടത്തു ദരിദ്രമായ കുടിലില്‍ ജനിച്ചവള്‍. ആഭ്യന്തര സംഘര്‍ഷങ്ങള്‍ നാശം വിതച്ചു തുടങ്ങുന്ന ദേശത്തുനിന്ന് വടക്കന്‍ ദേശത്തേക്ക് പോകാന്‍ കുടുംബം തയ്യാറെടുക്കുന്നതിനിടെ, ആത്മഹത്യാ ബോംബറുടെ ആക്രമണത്തില്‍ അച്ഛന്റെ ജീവന്‍ പൊലിയുമ്പോള്‍ അവള്‍ക്ക് പ്രായം ആറു വയസ്സ്. ആ ഓര്‍മ്മകളുമായി അമ്മ മാര്‍ട്ടിന, ഇരട്ട സഹോദരി ഡാനാ, ഒമ്പതു വയസ്സുള്ള ജ്യേഷ്ഠന്‍ സൈമണ്‍ എന്നിവരോടൊപ്പം സംഘര്‍ഷ മേഖലയ്ക്ക് തൊട്ടടുത്ത് തെക്കന്‍ ദേശത്തുനിന്നുള്ള അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള 'ക്യാമ്പ് പേഷ്യന്‍സി'ല്‍ കഴിയാന്‍ നിര്‍ബന്ധിതയായവള്‍. സഹോദരന്‍ റിബല്‍ സംഘത്തില്‍ ബാലസൈനികനായിത്തീരുന്നു. തന്റേടിയും ധൈര്യശാലിനിയുമായ സരാത് അവിചാരിതമായ കുരുക്കുകളിലൂടെയാണ് അവളുടെ വിധി നിര്‍ണ്ണയിക്കുന്ന ആ ബന്ധത്തില്‍ ചെന്ന് പെടുക: ദുരൂഹ പശ്ചാത്തലങ്ങളുള്ള വയോധികന്‍ ആല്‍ബെര്‍ട്ട് ഗെയ്ന്‍സ് അവളെ നയിക്കുക തിരിച്ചുപോക്കില്ലാത്ത തീവ്ര പ്രതികാര ചിന്തകളിലേക്കും മൗലികവാദ സ്വഭാവമുള്ള ഹിംസാത്മകതയിലേക്കുമാണ്. ആദ്യ ആഭ്യന്തര യുദ്ധത്തിന്റെ കാരണമായ അടിമത്തം സംബന്ധിച്ച കഥകള്‍ 'അവളുടെ ജനതയെക്കുറിച്ചുള്ള മിഥോളജി'യില്‍നിന്ന് ബോധപൂര്‍വ്വം അയാള്‍ മാര്‍ച്ച് വെയ്ക്കുന്നതു അവള്‍ പാതി ആഫ്രിക്കനും പാതി മെക്സിക്കനും ആണെന്ന ബോധ്യത്തില്‍ തന്നെയാണ്. വടക്കന്‍ മേഖലക്കാര്‍ ചെയ്തുകൂട്ടിയെന്നു അയാള്‍ അവതരിപ്പിക്കുന്ന കൊടും ക്രൂരതകളും ഭീകര പ്രവൃത്തികളും കുസൃതിക്കാരിയെങ്കിലും ദയാലുവും സഹായമനസ്ഥിതിക്കാരിയുമായ ബാലിക എന്നതില്‍നിന്ന് അവളുടെ ആത്മാവിനെ ദുരന്തത്തിലേക്ക് നയിക്കും വിധം ഹിംസയുടെ വഴിയിലെത്തിക്കും. ''അതൊക്കെ എത്രമാത്രം സത്യമായിരുന്നു, എത്രമാത്രം രസകരമായ ഫാന്റസി ആയിരുന്നു എന്നത് കാര്യമായിരുന്നില്ല. അവള്‍ ഓരോ വാക്കും വിശ്വസിച്ചു.'' മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ എങ്ങനെയാണ് ചാവേറുകള്‍ സൃഷ്ടിക്കപ്പെടുന്നത് എന്നതിന്റെ തികഞ്ഞ മാതൃകയാണ് സരാത്തില്‍ സംഭവിക്കുന്ന പരിണാമം. ഒന്നൊന്നായി താനറിയാതെ സംഭവിക്കുന്ന ദൗര്‍ഭാഗ്യങ്ങളാവട്ടെ, സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും ഉറവകളെ അവളില്‍നിന്ന് വറ്റിച്ചു കളയുകയും ചെയ്യും. ഗെയ്ന്‍സിന്റെ ശിക്ഷണത്തിലൂടെ ഒരു തികഞ്ഞ വിശ്വാസിയാവുന്ന സരാത്തില്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ വടക്കന്‍ സൈനികര്‍ നടത്തുന്ന ആക്രമണത്തില്‍ അമ്മ കൊല്ലപ്പെടുകയും സഹോദരന് മാരകമായി മുറിവേല്‍ക്കുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ് ഒരു ജൈവ ആയുധം തന്നെയായി മാറാനാവുന്ന മാനസിക പരിണാമം പൂര്‍ണ്ണമാകുക.

''ഞാനെന്റെ ജീവിതത്തില്‍ എന്നും ഒരു അറബിയായിരുന്നു, എന്റെ ജീവിതകാലം മുഴുവന്‍ അടിസ്ഥാനപരമായി ഒരു മുസ്ലിമും ആയിരുന്നു, എന്നാല്‍ ലോകത്തിന്റെ ഈ ഭാഗത്തെത്തും വരെ ഞാന്‍ ബ്രൗണ്‍ നിറക്കാരനാണ് എന്ന് ഒരിക്കലും കണ്ടെത്തിയിരുന്നില്ല'' എന്ന് മുന്‍ വിധികളുടെ അമേരിക്കന്‍ അനുഭവങ്ങളെക്കുറിച്ച് ഏറ്റുപറഞ്ഞിട്ടുള്ള അല്‍ അക്കാദ്, സറാത്തിന്റെ പാത്രസൃഷ്ടിയിലൂടെ ഉന്നയിക്കുന്ന സന്ദേശം സുവ്യക്തമാണ്: ഒരിക്കല്‍ നിങ്ങള്‍ വെറുപ്പിന്റെ വഴി തെരഞ്ഞെടുത്താല്‍ തിരിച്ചുപോക്ക് തുലോം ദുസ്സാധ്യമാണ്. ആഖ്യാതാവ് സരാത്തിനെ കണ്ടു മുട്ടുന്നതും മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും ഉള്ളുലക്കുന്ന ട്രാജഡിയുടെ മാനങ്ങള്‍ ആര്‍ജ്ജിക്കുന്നുണ്ട്.

ഗ്വാണ്ടേനാമോയുടേയും അബൂ ഗറൈബിന്റേയും കൂടുതല്‍ ഭീകരമായ പതിപ്പായ തടവറയിരുട്ടില്‍ കഴിച്ചുകൂട്ടിയ വര്‍ഷങ്ങളും മജ്ജ മരവിപ്പിക്കുന്ന പീഡനങ്ങളും കടുപ്പിച്ചുകളഞ്ഞു മൗനത്തിലേക്ക് പിന്‍വാങ്ങിയ സരാത്ത് കുട്ടിയായ ബെഞ്ചമിനെ സ്‌നേഹം കൊണ്ട് കീഴടക്കുന്ന അമ്മായിയായി പെരുമാറുകയോ കഥകള്‍ പറഞ്ഞുകൊടുക്കുകയോ ചെയ്യുന്നില്ല. അവരോടുള്ള അമ്മയുടെ അസഹിഷ്ണുതയും അച്ഛന്റെ നിസ്സഹായതയും പൊട്ടലും ചീറ്റലുമാവുന്ന സന്ദര്‍ഭങ്ങളില്‍ വീണുകിട്ടുന്ന നുറുങ്ങുകളിലൂടെ കൗമാര കൗതുകം നെയ്തുകൂട്ടി ഉണ്ടാക്കിയെടുക്കുന്ന ചിത്രമായാണ് ബെഞ്ചമിന്‍ അമ്മായിയെ മനസ്സിലാക്കിത്തുടങ്ങുക. അവരുടെ ആത്മാവില്‍ നന്മതിന്മകളുടെ പടയോട്ടം നടക്കുന്നതും അവര്‍ നീറിപ്പിടയുന്നതും അവനേയും വേദനിപ്പിക്കുന്നുണ്ട്. എന്നാല്‍, പ്രതികാരത്തിന്റെ അപരിമേയമായ ഉള്‍വിളിക്ക് കീഴടങ്ങി ലക്ഷക്കണക്കിനു ആളുകളുടെ കുരുതിയിലേക്ക് നയിക്കുന്ന ആ മഹാപരാധം ചെയ്യുന്ന അമ്മായിയുടെ സ്വകാര്യ കുറ്റസമ്മതം അവനു ബോധ്യമാവുന്നതേയില്ല. ചുരുട്ടിക്കൂട്ടിയെറിഞ്ഞ കത്ത് നാല് പതിറ്റാണ്ട് കാലം പിന്നീടൊരിക്കലും തുറന്നു നോക്കുകയുണ്ടായില്ലെന്നു ആഖ്യാതാവ് ഏറ്റുപറയുന്നുണ്ട്. 

സരാത്തിനെ വായനക്കാര്‍ക്ക് പ്രിയങ്കരിയാക്കുക എന്നത് തന്റെ ലക്ഷ്യമേ അല്ലായിരുന്നെന്ന് നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. നോവലന്ത്യമാകുമ്പോഴേക്കും ഉറപ്പുവരുത്താന്‍ അദ്ദേഹം ശ്രമിക്കുന്നത് മറ്റൊന്നാണ്: നാം ജീവിക്കുന്ന അത്യന്തം ധ്രുവീകരിക്കപ്പെട്ട ലോകത്തില്‍ വായനക്കാരന്‍ ''അവളുടെ പക്ഷത്തല്ല, അവളെ പിന്തുണക്കുന്നില്ല, അവള്‍ക്കുവേണ്ടി ക്ഷമചോദിക്കുന്നില്ല,  എന്നാല്‍ അവളെങ്ങനെ അവള്‍ നില്‍ക്കുന്നയിടത്തെത്തി എന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു.''' ലക്ഷണമൊത്ത ട്രാജഡിയില്‍ സംഭവിക്കുന്ന കഥാര്‍ട്ടിക് ദൗത്യം കൂടിയാണ് ഇത് എന്ന് നിരീക്ഷിക്കാം. ഇത് നോവലിനെ അഫ്ഘാനിസ്ഥാനിലോ ലിബിയയിലോ പശ്ചാത്തലമാക്കി ചെയ്യാവുന്നത് തന്നെയാണ്. എന്നാല്‍, അമേരിക്കന്‍ പശ്ചാത്തലത്തില്‍ത്തന്നെ കഥ പറയുന്നത് മറ്റുചില സുവ്യക്തമായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്: അത് ഒരു സാമ്രാജ്യവും ആത്യന്തികമായി സുരക്ഷിതമല്ല എന്നതു തന്നെയാണ്. പ്രകൃതിയുടെ തന്നെ പ്രതികാരം തുടല്‍ പൊട്ടിക്കാന്‍ തുടങ്ങുമ്പോള്‍ അധികാര സമവാക്യങ്ങള്‍കൊണ്ട് തടയിടാനാവില്ല എന്ന് നോവല്‍ അടിവരയിടുന്നു. എന്നാല്‍ അതിനപ്പുറം, ഇന്ന് നാം മിഡില്‍ ഈസ്റ്റുമായി ചേര്‍ത്തു മനസ്സിലാക്കുന്ന യുദ്ധസാഹചര്യത്തെ അമേരിക്കയിലേക്ക് പറിച്ചുനടുന്നതിലൂടെ, പാശ്ചാത്യ വായനക്കാരനെ തങ്ങളുടെ തന്നെ കണ്ണിലൂടെ, നിര്‍ഭാഗ്യവാന്മാരായ ജനതയുടെ അനുഭവങ്ങളിലൂടെ കൊണ്ടുപോവുക എന്നതുകൂടി നോവലിസ്റ്റ് ലക്ഷ്യമാക്കുന്നുണ്ട്. അഭയാര്‍ത്ഥിത്വത്തിന്റേയും ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ മറുപുറ ദര്‍ശനത്തിന്റേയും അനുഭവങ്ങളിലൂടെ 'ഒന്നാം ലോകം' തന്നെയും ഫിക്ഷനല്‍ ആയെങ്കിലും കടന്നുപോകേണ്ടതുണ്ട് എന്ന് പുതുതലമുറ എഴുത്തുകാര്‍ ചിന്തിക്കുന്നുണ്ട്. അമേരിക്കയുടെ ഇറാഖ് അധിനിവേശ പശ്ചാത്തലത്തില്‍ സമാനമായ ഒരു ജനിതക വൈറസ് ഭീകരാക്രമണ പദ്ധതിയുടെ പ്രതികാര കഥ പറയുന്ന യാസ്മിന ഖദ്രയുടെ 'ദി സൈറണ്‍സ് ഓഫ് ബാഗ്ദാദ്' ഒരു മികച്ച ഉദാഹരണം. മൊഹ്സിന്‍ ഹമീദിന്റെ 'എക്സിറ്റ് വെസ്റ്റ്' ഉന്നയിക്കുന്നതും സമാനമായ ചോദ്യമാണ്: കോടിക്കണക്കിനു മനുഷ്യര്‍ അഭയാര്‍ത്ഥികളും നിരന്തര പാലായനത്തിലുള്ളവരും ആയിരിക്കുന്ന, പലായനം എന്നത് നിയാമകമായിരിക്കുന്ന ലോകത്തില്‍ ആരാണ് സുരക്ഷിതര്‍?  

'രണ്ടാം' ആഭ്യന്തര യുദ്ധം - വ്യത്യസ്തമായ ആവര്‍ത്തനം.
1861-നും 1865-നും ഇടയ്ക്കു അരങ്ങേറിയ അമേരിക്കന്‍ ആഭ്യന്തരയുദ്ധവുമായി നോവലിലെ ഫിക്ഷനല്‍ ആഭ്യന്തരയുദ്ധത്തിനു സാമ്യങ്ങളും വേറിട്ട് പോക്കുമുണ്ട്. ഫെഡറല്‍ നിയമങ്ങളോടുള്ള സ്റ്റേറ്റുകളുടെ സമീപനം, അടിമത്തത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ തുടങ്ങിയവയായിരുന്നു ഒന്നാം ആഭ്യന്തരയുദ്ധത്തിന്റെ കാരണങ്ങളെങ്കില്‍ വംശീയത നോവലില്‍ പ്രകടമായി ചര്‍ച്ച ചെയ്യപ്പെടുന്നേയില്ല. ചെസ്റ്റ്നട്ട് കുടുംബം കറുത്ത വംശക്കാരാണ് എന്ന് സൂചനയുണ്ടെങ്കിലും അത് പ്രമേയത്തില്‍ പ്രസക്തമല്ല. മറിച്ച് സാമൂഹിക ശ്രേണിയെ നിര്‍ണ്ണയിക്കുന്നത് സാമൂഹികാവസ്ഥയും പ്രാദേശിക സ്വത്വവുമാണ്. ദക്ഷിണ ദേശക്കാര്‍ ('റെഡ്') ദരിദ്രരും പീഡിതരുമാണ്, സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികള്‍ ആക്കപ്പെടുന്നവരും. തടവറയും കൊടിയ പീഡനങ്ങളും മരണം തന്നെയുമാണ് അവരെ കാത്തിരിക്കുന്നത്. ''ഭൂമിയിലെ ഈ ഭാഗത്ത് ശരിയും തെറ്റുമെന്നത് ശരിയുടേയും തെറ്റിന്റേയും കാര്യം തന്നെയല്ല. അത് നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി എന്ത് ചെയ്യുന്നു എന്നതിന്റെ മാത്രം കാര്യമാണ്'' എന്ന് സരാത്ത് നിരീക്ഷിക്കുന്നത് തകര്‍ന്നുപോയ, അതീത മൂല്യങ്ങളൊന്നും നിലനില്‍ക്കുന്നില്ലാത്ത ദേശങ്ങള്‍ക്കെല്ലാം ബാധകമാണ്. സംഘര്‍ഷത്തിന്റെ ഈ രണ്ടാമൂഴത്തിന് കാരണമാവുന്നത് പാരിസ്ഥിതിക സന്ദിഗ്ദ്ധാവസ്ഥയാണ്. ആഗോളതാപനത്തിന്റെ ഫലമായി കടലെടുത്തുപോയ ജോര്‍ജ്ജിയന്‍ തീരദേശങ്ങള്‍പോലുള്ള ഇനിയും കണ്ണടക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ യു.എസ്. സര്‍ക്കാര്‍ എടുത്ത നിലപാടിന്റെ ഭാഗമായി ഫോസില്‍ ഫ്യുവല്‍ നിരോധിക്കുകയും ഭാവിയെ പ്രതിയുള്ള നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മദ്യനിരോധനകാലത്ത് മദ്യം സുലഭമായിരുന്നതുപോലെ നിയമവിരുദ്ധമായി പെട്രോളിയം ഉല്‍പ്പന്നങ്ങളും യഥേഷ്ടം ലഭ്യമാണെങ്കിലും, നിയമനിര്‍മ്മാണത്തെ തുടര്‍ന്നുണ്ടാവുന്ന ചേരിതിരിവില്‍ ദക്ഷിണ ദേശങ്ങള്‍ വിട്ടുപോകുന്നു. മിസിസിപ്പി, അലബാമ, ജോര്‍ജ്ജിയ, ദക്ഷിണ കാരോലൈന എന്നിവ ചേര്‍ന്ന് 'ഫ്രീ സതേണ്‍ സ്റ്റേറ്റ്' രൂപീകരിക്കുന്നു. ടെക്സാസും വിട്ടുപോകുന്നുവെങ്കിലും, 1800-കാലത്ത് മെക്സിക്കോയില്‍നിന്ന് അമേരിക്ക പിടിച്ചെടുത്ത ആ ദേശത്തെ ഇപ്പോള്‍ മാതൃരാജ്യം തങ്ങളോടു ചേര്‍ത്തു പകരം ചോദിക്കുന്നു. ചരിത്രത്തിന്റെ തനിയാവര്‍ത്തനം പോലെ, തെക്കന്‍ ദേശ പോരാളികള്‍ കുരുതിയും ബോംബാക്രമണവും നടത്തുന്നതിനെതിരെ അതിശക്തരായ വടക്കന്‍ ദേശത്തിന്റെ ('ബ്ലൂ') സൈന്യം നടത്തുന്ന പ്രചണ്ഡമായ തിരിച്ചടിയുടെ ദുരനുഭവങ്ങള്‍ സാമാന്യ ജനജീവിതം ദുസ്സഹമാക്കുന്നു. പഴയ ആഭ്യന്തരയുദ്ധത്തിലെ ചേരികള്‍ സ്വയം ആവര്‍ത്തിക്കുമ്പോള്‍ യുദ്ധോപകരണങ്ങള്‍ തീര്‍ച്ചയായും പുതിയ കാലത്തിന്റേതാണ്: ഡ്രോണുകള്‍, ആത്മഹത്യാ ബോംബര്‍മാര്‍, ജൈവായുധങ്ങള്‍ - അഫ്ഘാനിസ്ഥാനിലും ഗ്വാണ്ടെനമോയിലും അറബ് സ്പ്രിംഗ് വിസ്ഫോടന വേദികളിലും ജേണലിസ്റ്റായി പ്രവര്‍ത്തിച്ചതിന്റെ പിന്‍ബലം നന്നായി ഉപയോഗിക്കുന്നുണ്ട് അല്‍ അക്കാദ്.  

ചരിത്രപരമായ പിന്നോക്കാവസ്ഥയുടെ ഭാരം ഇപ്പോഴും പേറുന്നുണ്ട് ദക്ഷിണ അമേരിക്കന്‍ പ്രദേശങ്ങള്‍ എന്നതു സുവിദിതമാണ്. ഫോക്നര്‍ നിരീക്ഷിച്ചപോലെ  അവിടെ ''ഭൂതകാലം ഒരിക്കലും മരിക്കുന്നില്ല. അത് ഭൂതകാലം പോലുമായിട്ടില്ല.'' വംശീയതയുടേയും സാംസ്‌കാരിക സ്വത്വം തിരിച്ചുപിടിക്കാനുള്ള അന്വേഷണങ്ങളുടേയും ശക്തികള്‍ പ്രബലമാണ് എന്നതാണ് സതേണ്‍ സ്റ്റേറ്റുകള്‍ക്ക് ഇപ്പോഴും ശക്തമായ പ്രാദേശിക മുദ്രകള്‍ (regional flavor) നല്‍കുന്നത്. ദക്ഷിണ ദേശത്തിന് അതിന്റേതായ സാഹിത്യവും ചരിത്രവുമുണ്ട്. ''ആഭ്യന്തരയുദ്ധത്തില്‍ പരാജയപ്പെട്ട പക്ഷത്തിനു അതിന്റെ ഭാവിയെ നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടമായി, ഇത് പലപ്പോഴും ഭൂതകാലത്തില്‍ കൂടുതല്‍ ഊന്നലോടെ നിക്ഷേപം നടത്താന്‍ ഇടയാക്കി.'' എന്ന് നോവലിനെക്കുറിച്ചുള്ള പഠനത്തില്‍ ലോറ മില്ലര്‍ നിരീക്ഷിക്കുന്നു (ദി ഗാര്‍ഡിയന്‍ ബുക്ക് റിവ്യൂ). എന്നാല്‍ എല്‍വിസ് പ്രിസ്ലിയുടേയും മാര്‍ഗരെറ്റ് മിച്ചെലിന്റേയും ആ 'സൗത്ത്', നോവലിന്റെ കാലത്തെത്തുമ്പോള്‍ വിസ്മൃതിയില്‍ ആണ്ടിരിക്കുന്നു. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഉണ്ടെങ്കിലും ആരും വംശീയത ചര്‍ച്ചാവിഷയമാക്കുന്നില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശത്തിനുവേണ്ടി ആളുകള്‍ യുദ്ധം ചെയ്യും എന്ന് അമേരിക്കന്‍ പശ്ചാത്തലത്തില്‍ ചിന്തിക്കാന്‍ പ്രയാസകരമായിരിക്കും എന്ന് വിമര്‍ശിക്കപ്പെടാം. എന്നാല്‍ നോവലിന്റെ ഊന്നല്‍ സരാത്ത് നിരീക്ഷിക്കും പോലെ യുദ്ധവും അതുണ്ടാക്കുന്ന ഭീകരാനുഭവങ്ങളും എങ്ങനെയാണ് ''ലോകത്തിന്റെ ശരിക്കുമുള്ള ഒരേയൊരു സാര്‍വ്വലൗകിക ഭാഷ''യെ പ്രതിനിധാനം ചെയ്യുന്നത് എന്നതാണ്. സമാധാനകാലത്ത് ആളുകള്‍ക്ക് ഭിന്ന മുഖങ്ങള്‍ ഉണ്ടാവാം; എന്നാല്‍ യുദ്ധം 'അവര്‍ പാടുപെട്ടു കടിച്ചുതൂങ്ങിയ പൊള്ളയായ അന്ധവിശ്വാസങ്ങള്‍' തകര്‍ത്തുകളയുമ്പോള്‍ അവര്‍ ബന്ധുക്കളാവുമെന്നു സരാത്ത് നിരീക്ഷിക്കുന്നു. ''യുദ്ധത്തിന്റെ സാര്‍വ്വലൗകിക മുദ്രാവാക്യം, അതീവ ലളിതമായ ഒന്ന്, ഇതാണെന്ന് അവള്‍ പഠിച്ചു: അത് നിങ്ങളായിരുന്നെങ്കില്‍ നിങ്ങളും മറ്റൊന്നാവില്ല ചെയ്തിരിക്കുക.'' എപ്പോഴും വിശ്വസിക്കാവുന്നതും നിലനിര്‍ത്തേണ്ടതുമായ മൂല്യങ്ങള്‍ എന്നതിനൊന്നും യുദ്ധത്തിലൂടെ കടന്നു പോകുന്ന ജനതയ്ക്ക് പ്രസക്തിയില്ലെന്ന സരാത്തിന്റെ നിലപാട്, അയഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കായി കൊല്ലുകയും ചാവുകയും ചെയ്യുന്ന മനുഷ്യസംസ്‌കൃതിയുമായി എത്രമാത്രം ചേര്‍ന്നുപോകുന്നുണ്ട് എന്നത്, ലോറ മില്ലര്‍ നിരീക്ഷിക്കുന്നതുപോലെ, തര്‍ക്കവിഷയമാവാം. എന്നാല്‍ ഹംഗര്‍ ഗെയിംസിലെ കാറ്റ്നിസിനേയും ഡിവെര്‍ജെന്റ് സിരീസിലെ ട്രിസിനേയും ഓര്‍മ്മിപ്പിക്കുന്ന സരാത്ത് വലിയൊരളവോളം തന്റെ നിലപാടുകള്‍ പങ്കുവെയ്ക്കാന്‍ നോവലിസ്റ്റ് കണ്ടെടുക്കുന്ന ഒരു പാത്രസൃഷ്ടിയാണ് എന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. കഥപറയുന്ന ആഖ്യാതാവിന്റെ ഭാഷ്യത്തോടൊപ്പം കല്‍പ്പിത ചരിത്രരേഖകളില്‍നിന്നും സൈനികരേഖകളില്‍നിന്നുമുള്ള പകര്‍പ്പുകളും ഉദ്ധരണികളും ചേര്‍ന്നു സൃഷ്ടിച്ചെടുക്കുന്ന ഫിക്ഷനല്‍ ഡോക്യുമെന്ററി മിശ്രിതം കൗശലപൂര്‍ണ്ണവും ഒപ്പം ഒരു മുന്നറിയിപ്പു കഥാവിഷ്‌കാരവും ആക്കി നോവലിനെ മാറ്റുന്നു. സംഭാഷണങ്ങളില്‍ പലപ്പോഴും സംഭവിക്കുന്ന സ്വാഭാവികമല്ലാത്ത ബൗദ്ധികതയും ഇതിവൃത്തത്തില്‍ ഇടയ്ക്കിടെ പ്രകടമാകുന്ന കൃത്രിമത്വവും ഉണ്ടെങ്കിലും, മറ്റു ഡിസ്റ്റോപ്പിയന്‍ കൃതികളില്‍നിന്ന് നോവലിനെ വേറിട്ടു നിര്‍ത്തുന്നത് അല്‍ അക്കാദ് സൃഷ്ടിക്കുന്ന പശ്ചാത്തലത്തിന്റെ സമ്പൂര്‍ണ്ണ വിശ്വസനീയതയാണെന്നും നമുക്ക് ചുറ്റുമുള്ള ലോകത്തില്‍ അതിന്റെ വേരുകള്‍ വേഗം തിരിച്ചറിയാനാവുമെന്നുമുള്ള നിരീക്ഷണം സംഗതമാണ് (Lucy Scholes - Book Review: Independent). യുദ്ധം വ്യക്തികളുടെ ജീവിതങ്ങളില്‍ വരുത്തുന്ന തകര്‍ച്ചകളും ആത്മനാശവും അവതരിപ്പിക്കുന്നതിലൂടെ വിപത്ത് കാലത്ത് ഒരു കുടുംബത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി അവരുടെ പ്രതിസന്ധികളിലൂടെ ഒരു ദേശത്തിന്റെ കഥ പറയുന്ന കൃതിയാണ്, അമേരിക്കന്‍ വാര്‍' എന്നു പറയാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com