കളിരീതികളുടെ രക്തസാക്ഷിത്വങ്ങള്‍

വെറൗ, കാറ്റനാസിയോ, ടോട്ടല്‍ ഫുട്‌ബോള്‍ പിന്നെ ടികി-ടാക ഇനി... കാത്തിരിക്കാം പുതിയ കളിശൈലിക്കായി 
കളിരീതികളുടെ രക്തസാക്ഷിത്വങ്ങള്‍

  
സ്വിറ്റ്‌സര്‍ലന്റുകാരുടെ 'വെറൗ' ആണ് ഫുട്‌ബോള്‍ ചരിത്രത്തില്‍ പ്രകടമാകുന്ന ആദ്യ ശൈലി. തുടര്‍ന്ന് ഇറ്റലിക്കാരുടെ 'കാറ്റനാസിയോ.' പിന്നെ ഡച്ചുകാരുടെ 'ടോട്ടല്‍ ഫുട്‌ബോള്‍' അതിനെത്തുടര്‍ന്നാണ് മനോഹരമായ 'ടികി-ടാക'യുടെ വരവ്. അതിപ്പോള്‍ അസ്തമയത്തോടടുക്കുന്നു. അതിനേക്കാള്‍ മനോഹരമായ മറ്റൊരു രീതിക്ക് കാത്തിരിക്കുകയാണ് ലോകമിപ്പോള്‍. അതിന്റെ ചില നല്ല സൂചനകള്‍ ഒരുപക്ഷേ, റഷ്യന്‍ ലോകകപ്പില്‍ കാണാനായേക്കും. 

ഒരു പതിറ്റാണ്ടുകാലം പരിശീലകരേയും കളിക്കാരേയും ഒന്നുപോലെ ബോധം കെടുത്തിയ സ്പെയിനിന്റേയും ബാഴ്സലോണയുടേയും ടിക്കി-ടാക  ചരിത്രപുസ്തകങ്ങളിലേക്ക് കളം മാറി തുടങ്ങിയിരിക്കുന്നു. സ്വിറ്റ്‌സര്‍ലന്റുകാരുടെ വെറൗ,  ഇറ്റലിക്കാരുടെ കാറ്റനാസിയോ,  ഡച്ചുകാരുടെ ടോട്ടല്‍ ഫുട്‌ബോള്‍ എന്നിവയ്ക്കുശേഷം മറ്റൊരു കളിരീതിയെക്കുറിച്ചും ഫുട്‌ബോള്‍ ലോകം ഇത്രയേറേ തലപുകച്ചിട്ടില്ല. അത്ര മാരകവും സൗന്ദര്യാത്മകവും സങ്കീര്‍ണ്ണവുമായിരുന്നു ടികി-ടാക. ബാഴ്സലോണയും സ്പെയിനും ഈ കളിരീതികൊണ്ട് സൃഷ്ടിച്ച നേട്ടങ്ങള്‍ക്കും സമാനതകളില്ല.

ടികി-ടാകയുടെ മാസ്മരികതയില്‍ സ്പെയിനിന്റെ ദേശീയ ടീം 2008, 2012 വര്‍ഷങ്ങളിലെ യൂറോ കിരീടങ്ങളും 2010-ലെ ലോകകപ്പും നേടി. ഇതേ കളിരീതികൊണ്ടുതന്നെ അവര്‍ 2009-ലെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ മൂന്നാം സ്ഥാനത്തും 2013-ല്‍ രണ്ടാം സ്ഥാനത്തും വന്നു. യൂറോ കപ്പ്, കോണ്‍ഫെഡറേഷന്‍ കപ്പ്,  ലോകകപ്പ് എന്നിവയിലെ സ്‌പെയിനിന്റെ ചരിത്രം കൂടി പരിശോധിച്ചാലേ ഇതിന്റെ മേന്മയറിയൂ. 

1930 മുതല്‍ 2014 വരെ ആകെ ഇരുപതു തവണയാണ് ലോകകപ്പ് ഫുട്‌ബോള്‍ അരങ്ങേറിയിട്ടുള്ളത്. ഇതില്‍ 14 തവണ സ്പെയിന്‍ ഫൈനല്‍ റൗണ്ടില്‍ കളിച്ചു. ആദ്യ ലേകകപ്പില്‍ അവര്‍ പങ്കെടുത്തിരുന്നില്ല. 1938-ല്‍ വിട്ടുനിന്നു. 1954, '58, '70, '74 വര്‍ഷങ്ങളില്‍ യോഗ്യത നേടാന്‍ കഴിഞ്ഞില്ല. 1950-ല്‍ നാലാം സ്ഥാനത്ത് വന്നു.  2010-ന് മുന്‍പുള്ള വലിയ നേട്ടവും ഇതുതന്നെ. 1934, '86, '94 വര്‍ഷങ്ങളില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും വന്നിട്ടുണ്ട്.     

1960-ല്‍ ആരംഭിച്ച യൂറോ കപ്പിലേക്ക് സ്പെയിന്‍ യോഗ്യത നേടുന്നത് 1980-ല്‍ മാത്രമാണ്. '84-ല്‍ റണ്ണറപ്പായി. 2008-ന് മുന്‍പുള്ള ഏക നേട്ടം. '96-ല്‍ ക്വാര്‍ട്ടറിലും വന്നിട്ടുണ്ട്.   കോണ്‍ഫെഡറേഷന്‍ കപ്പ് ആരംഭിക്കുന്നത് 1992-ലാണ്. സ്പെയിന്‍ ആദ്യമായി യോഗ്യത നേടുന്നത്  2009-ലും. അന്ന്  അവര്‍ മൂന്നാം സ്ഥാനത്തു വന്നു. ടികി-ടാകയുടെ സുവര്‍ണ്ണകാലമാണ് സ്പാനിഷ് ഫുട്‌ബോളിന്റേയും സുവര്‍ണ്ണകാലമെന്ന് ഈ കണക്കുകള്‍ അടിവരയിടുന്നു.   
 

കുറച്ചുകൂടി വര്‍ണ്ണശബളമാണ് ടികി-ടാകയുമായി ബന്ധപ്പെട്ട ബാഴ്സലോണയുടെ നേട്ടങ്ങള്‍. 2009-കലണ്ടര്‍ വര്‍ഷം അവര്‍ നേടിയത് കണ്ണഞ്ചിപ്പിക്കുന്ന ആറ് കിരീടങ്ങള്‍. അറ്റ്‌ലറ്റിക്കോ ബില്‍ബാവോയെ  4-1ന് തകര്‍ത്ത് കോപ്പാ ഡല്‍റേ, മാഞ്ചസ്റ്റര്‍ യുണൈറ്റിനെ 2-0ത്തിന് കീഴ്പ്പെടുത്തി ചാമ്പ്യന്‍സ് ലീഗ് കരീടം, ബില്‍ബാവോയെ വീണ്ടും തകര്‍ത്ത് സ്പാനിഷ് സൂപ്പര്‍ കപ്പ്, ഷാക്തറിനെ തോല്‍പ്പിച്ച് യുവേഫാ സൂപ്പര്‍ കപ്പ്, അര്‍ജന്റീനിയന്‍ ക്ലബ്ബായ എസ്റ്റൂഡിനാറ്റസിനെ 2-1ന് തോല്‍പ്പിച്ച് ലോക ക്ലബ്ബ് ഫുട്‌ബോള്‍ കിരീടം. പിന്നെ സ്പാനിഷ് ലീഗ് കിരീടവും. അക്കുറി ലീഗിലെ ഒരു മല്‍സരത്തില്‍ റയല്‍മാഡ്രിഡിനെ  തോല്‍പ്പിച്ചത് 6-2-നാണെന്ന കാര്യവും ഇവിടെ ഓര്‍ക്കാം. 2009-'10സീസണ്‍ അവസാനിക്കുമ്പോള്‍ 99 പോയിന്റെന്ന ചരിത്രനേട്ടത്തോടെയായിരുന്നു  അവരുടെ ലാലിഗ കിരീടധാരണം.    

ഇങ്ങനെ, സ്പെയിനിനേയും ബാഴ്സയേയും നേട്ടങ്ങളുടെ പാരമ്യതയില്‍ എത്തിച്ച ടികി-ടാക ഇന്ന് രണ്ടു പേര്‍ക്കും കൊടിയ ബാധ്യതയായിരിക്കുന്നു. ഒരിക്കല്‍ നേട്ടങ്ങളുടെ കാരണമായി വാഴ്ത്തപ്പെട്ട ടികി-ടാക ഇന്നു കോട്ടങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്നായി നിരീക്ഷിക്കപ്പെടുന്നു. സ്പെയിന്റേയും ബാഴ്സയുടേയും സമീപകാല പ്രകടനങ്ങള്‍ ഇത് ശരിവയ്ക്കും.   2014-ലെ ബ്രസീല്‍ ലോകകപ്പില്‍ സ്പെയിന്‍ ഇരുപത്തിമൂന്നാം സ്ഥാനത്തേക്ക് നിപതിച്ചതും കഴിഞ്ഞ യൂറോ കപ്പില്‍ അവര്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതും വിമര്‍ശകര്‍ ആവേശത്തോടെ ചൂണ്ടിക്കാട്ടുന്നു.    

ഇത്രയൊന്നും പരിക്കില്ലെങ്കിലും  ബാഴ്സയുടെ സമീപകാല പ്രകടനങ്ങളും ആശാവഹമല്ല. പെപ്ഗാഡിയോള പരിശീലകനായിരുന്ന 2008-2012 കാലത്താണ് ടികി-ടാക ബാഴ്സയില്‍ അതിന്റെ വിശ്വരൂപം പ്രകടമാക്കുന്നത്. അതിനുശേഷം അത്ര ആവേശകരമായ ഫലങ്ങള്‍ അവരില്‍നിന്നുണ്ടായിട്ടില്ല. ചില കിരീടങ്ങള്‍ നേടിയിട്ടില്ലാ എന്നല്ല. പഴയ മാന്ത്രികതകള്‍ അങ്ങനെതന്നെ നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്നേ അര്‍ത്ഥമാക്കുന്നുള്ളു. 2016-'17 സീസണില്‍ ബാഴ്സലോണയ്ക്കു പിണഞ്ഞ രണ്ടു തോല്‍വികള്‍ അവര്‍ എത്തിനില്‍ക്കുന്ന പതനത്തിന്റെ അടിക്കല്ലുകള്‍ കാട്ടിത്തരും.

അതിലൊന്ന്, ലീഗില്‍ മലാഗയോട് പിണഞ്ഞ രണ്ടു ഗോള്‍ തോല്‍വിയാണ്. മറ്റൊന്ന് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ടീം യുവന്റസിനോടുള്ള തോല്‍വിയും. മലാഗ സ്പാനിഷ് ലീഗിലെ വമ്പന്‍ ടീമൊന്നുമല്ല. മല്‍സരം നടന്നത് മലാഗയുടെ ഹോം ഗ്രൗണ്ടില്‍.  ആദ്യ ഇലവനിലെ മുഴുവന്‍ കളിക്കാരും കളത്തിലുണ്ടായിരുന്നു. എന്നിട്ടും തോറ്റു. 2003-ന് ശേഷം ബാഴ്സ, മലാഗയുടെ തട്ടകത്തില്‍ തോല്‍ക്കുന്ന ആദ്യമല്‍സരം. കളത്തില്‍ ബാഴ്സയുടെ തന്ത്രങ്ങളൊന്നും അവര്‍ വകവച്ചുകൊടുത്തില്ല. തോല്‍വിയോടെ ലീഗ് ടേബിളില്‍ റയലിനെ മറികടക്കാനുള്ള അവസരവും  തുലച്ചു. ഒടുവില്‍ ലീഗ് കിരീടം റയലിന് അടിയറവയ്‌ക്കേണ്ടിയും വന്നു (2017-'18 സീസണില്‍ റയലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബാഴ്സ ലീഗ് കിരീടം നേടിയിട്ടുണ്ട്)
ബാഴ്സയെ സംബന്ധിച്ച് സമീപകാലത്തെ വലിയ ദുരന്തങ്ങളിലൊന്നായിരുന്നു കഴിഞ്ഞ (2016) ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനോടേറ്റ തോല്‍വി. രണ്ടു വര്‍ഷം മുന്‍പ് നടന്ന ഫൈനലില്‍ യുവന്റസിനെ 3-1ന് തോല്‍പ്പിച്ചായിരുന്നു ബാഴ്സ കിരീടം നേടിയത്. 

2016-ലെ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ പാരിസ് സെന്റ് ജര്‍മ്മനോട് നാലു ഗോളിന് പിറകിലായ ബാഴ്സ രണ്ടാം പാദത്തില്‍ 6-1ന് തിരിച്ചുവന്നിരുന്നു. അങ്ങനെയൊരു അത്ഭുതം ബാഴ്സയുടെ അന്ധരായ ആരാധകര്‍ ക്വാര്‍ട്ടറിലും പ്രതീക്ഷിച്ചു.  പക്ഷേ, നടന്നില്ല. റഫറിയുടെ മണ്ടന്‍ തീരുമാനങ്ങളാണ് കളിയെക്കാള്‍ പ്രീ ക്വാര്‍ട്ടറില്‍ ബാഴ്സയെ തുണച്ചതെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു. ആ വിജയത്തില്‍ അവര്‍ക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലെന്നും.

ടികി-ടാകയുടെ ബാധ്യതകള്‍ കുടഞ്ഞെറിയാനുള്ള വെപ്രാളത്തിലാണിപ്പോള്‍ ബാഴ്സലോണയും സ്പെയിനും. അവര്‍ക്കിതൊരു സംക്രമണകാലമാണെന്നും പറയാം. പഴയതിനെ ഒഴിവാക്കാനും പുതിയതിനെ വരിക്കാനും അല്‍പ്പസമയം കൂടി വേണ്ടിവന്നേക്കും. ഒരു കാര്യം തീര്‍ച്ച.  ടികി-ടാക അമ്പൊഴിഞ്ഞ ആവനാഴിയാണിപ്പോള്‍. അതിനെ തോളില്‍ വെറുതേ ചുമന്ന് ഒരു യുദ്ധവും ഇനി അവര്‍ക്ക് ജയിക്കാനാകില്ല. എന്തായാലും സ്പെയിനിന്റേയും ബാഴ്സയുടേയും സമീപകാല മത്സരങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഒരു കാര്യം ബോധ്യമാകും. അവര്‍ മറ്റൊരു രീതിയുടെ സൂക്ഷ്മമായ പരീക്ഷണങ്ങളിലാണെന്ന്.   

ടികി-ടാകയുടെ ചരിത്രം
അറുപതുകളിലും എഴുപതുകളിലും യൂറോപ്പിലെ കുട്ടികള്‍ ഉപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടത്തിന്റെ സ്പാനിഷ് പേരാണ് ടികി-ടാക.  ടിക്വി-ടാക എന്നാണ് ശരിയായ പ്രയോഗം. ടികി-ടാക എന്നത് അതിന്റെ ഗ്രാമ്യ പ്രയോഗവും. ഇംഗ്ലീഷില്‍ ഇതിന് ക്ലാക്കേഴ്സ് എന്നാണ് പേര്. ക്ലാങ്കേഴ്സ് എന്നൊരു പേരുകൂടിയുണ്ട്. ഇതുണ്ടാക്കുന്ന ശബ്ദവും ശബ്ദം ആവര്‍ത്തിക്കാന്‍ എടുക്കുന്ന സമയവുമാണ് ഇവിടെ പ്രസക്തം. എളുപ്പത്തില്‍ മനസ്സിലാക്കുന്നതിന് ടിക്-ടിക് എന്ന ശബ്ദത്തെ ഓര്‍ത്താല്‍ മതിയാകും. 

ബോള്‍ പാസ്സ് ചെയ്യുന്നതിലെ കൃത്യതയും വേഗവുമാണ് ടികി-ടാക എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ടിക്-ടിക്കിനെയുള്ള പാസ്സുകള്‍ എന്നു സാരം. ടികി-ടാക എന്ന കളിരീതിയുടെ ജീവനും ഇതാണല്ലോ. മലയാളത്തിലും അതിവേഗ ചലനത്തെ സൂചിപ്പിക്കാന്‍ 'ടിക്കനെ' എന്നൊരു പ്രയോഗമുണ്ട്, അതും ഓര്‍മ്മിക്കാം. 

സ്പാനിഷ് മാധ്യമപ്രവര്‍ത്തകനും കായിക ലേഖകനും കമന്റേറ്ററുമായിരുന്ന ആന്ദ്രേസ്-മോണ്ടസാണ് ഫുട്‌ബോളില്‍ ടികി-ടാകാ എന്ന പ്രയോഗത്തിന്റെ തുടക്കക്കാരന്‍. 2006-ലെ ലോകകപ്പില്‍ സ്പാനിഷ് ടെലിവിഷനായ ലാ-സെക്സറ്റയ്ക്കുവേണ്ടി കളി വിവരിക്കുമ്പോഴായിരുന്നു അത്. പഴഞ്ചൊല്ലുകളും നാടന്‍പാട്ടുകളും ഗ്രാമ്യപ്രയോഗങ്ങളും സന്ദര്‍ഭാനുസരണം ഇടകലര്‍ത്തി തകര്‍ത്താടുന്നൊരു  രീതിയായിരുന്നു കമന്ററിയില്‍ അദ്ദേഹം അനുവര്‍ത്തിച്ചിരുന്നത്. ഇക്കാര്യത്തില്‍ ആന്ദ്രേസിന്റെ ഒരു സ്റ്റാമ്പ് സൈസായിട്ടുവരും നമ്മുടെ ഷൈജു ദാമോദരന്‍. 

ആന്ദ്രേസ് മൊണ്ടാസ് 
ആന്ദ്രേസ് മൊണ്ടാസ് 

എന്നാല്‍, തന്റെ കളിവിവരണങ്ങളെ  ജനകീയമാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുമ്പോള്‍ത്തന്നെ കളിയുടെ സൂക്ഷ്മസാങ്കേതികതയിലും ആന്ദ്രേസ് അതീവ ശ്രദ്ധപുലര്‍ത്തിയിരുന്നു. ഫുട്‌ബോള്‍ കമന്ററിയില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിച്ച ആന്ദ്രേസ്  1956-ല്‍ മാഡ്രിഡിലാണ് ജനിച്ചത്. താന്‍ നാമകരണം ചെയ്ത ടികി-ടാക എന്ന നൂതന കളിരീതിയിലൂടെ സ്പെയിന്‍ 2010-ലെ ലോകകപ്പു നേടുന്നത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. 2009-ല്‍ ആന്ദ്രേസിനെ മരണം പിടികൂടി.  

സ്പെയിന്റെ പുതിയ കളിരീതിക്ക് ആന്ദ്രേസ് നാമകരണം ചെയ്‌തെങ്കിലും അതിനെ സാങ്കേതികമായി നിര്‍വ്വചിച്ചതും ഉറപ്പിച്ചതും സ്പെയിനിന്റെ പഴയ മിഡ്ഫീല്‍ഡറും 1994, '98 ലോകകപ്പുകളില്‍ അവരുടെ പരിശീലകനുമായിരുന്ന സാവിയര്‍ ക്ലമന്റാണ്. 2006-ലെ ലോകകപ്പില്‍ സ്പെയിന്‍-ടുണീഷ്യാ മത്സരം ഒരു ടെലിവിഷനുവേണ്ടി വിവരിക്കുമ്പോഴായിരുന്നു അത്. അതോടെ സ്പെയിനിന്റെ കളി പറയുന്നവര്‍ക്കും എഴുതുന്നവര്‍ക്കും ടികി-ടാകാ എന്ന പ്രയോഗം ഒഴിവാക്കാനാകാതായി.

ടോട്ടല്‍ ഫുട്‌ബോളും ടികി-ടാകയും
ടോട്ടല്‍ ഫുട്‌ബോളിന്റെ സംസ്‌ക്കരിച്ച രൂപമാണ്  ടികി-ടാക എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അതിനാല്‍ ടികി-ടാകയെ അറിയാന്‍ ആദ്യം ടോട്ടല്‍ ഫുട്‌ബോളിനേയും  ടോട്ടല്‍ ഫുട്‌ബോളിന് കാരണമായ ഇറ്റലിക്കാരുടെ കാറ്റിനാസിയോ രീതിയേയും കാറ്റനാസിയോയ്ക്ക് കാരണമായ സ്വിറ്റ്‌സര്‍ലന്റുകാരുടെ വെറൗ രീതിയേയും അറിയേണ്ടതുണ്ട്.      

വെറൗ രീതി
ഓസ്ട്രിയന്‍ കളിക്കാരനും വിശ്രുത പരിശീലകനുമായിരുന്ന കാള്‍ റാപ്പര്‍ (1905-1996) ആണ് 'വെറൗ' എന്ന കളിരീതിയുടെ ഉപജ്ഞാതാവ്.  ഓസ്ട്രിയക്കാരനായിരുന്നെങ്കിലും കളിക്കാരനായും പരിശീലകനായും അദ്ദേഹം സ്വിറ്റ്‌സര്‍ലന്റിലായിരുന്നു കൂടുതല്‍ കാലവും ചെലവഴിച്ചത്. 1932-ല്‍ സെര്‍വെറ്റോ എന്ന സ്വിസ് ക്ലബിന്റെ പരിശീലകനായിരിക്കുമ്പോഴാണ് 'വെറൗ' എന്ന തന്റെ പുതിയ രീതി അദ്ദേഹം ആദ്യമായി പ്രയോഗതലത്തില്‍ കൊണ്ടുവരുന്നത്.         

വെറൗ എന്നാല്‍, ഫ്രെഞ്ചില്‍ ബോള്‍ട്ട് എന്നാണര്‍ത്ഥം. 'സ്വിസ് ബോള്‍ട്ട്' എന്നൊരു പേരുകൂടി വെറൗനുണ്ട്. ബോള്‍ട്ട് എന്നാല്‍ നമ്മുടെ പുട്ടു തന്നെ. ഗോളിലേക്കുള്ള എല്ലാ വഴികളേയും പൂട്ടുക എന്നതാണ് ഇതിലെ മുഖ്യ തന്ത്രം. ഏതെങ്കിലും ഒരു കളിക്കാരന്റെ പ്രതിഭയെ ആശ്രയിക്കുന്നതിനു പകരം വിജയത്തിനായി ടീം ഒന്നാകെ അധ്വാനിക്കുക. അക്കാലത്ത് ഇന്നത്തെപ്പോലെ കളിക്കാര്‍ മുഴുവന്‍ പ്രൊഫഷണല്‍ ആയിരുന്നില്ല. പ്രതിഭയും കളിപരിചയവും കുറഞ്ഞ അമച്ച്വര്‍ കളിക്കാരേയും ആശ്രയിക്കേണ്ടതുണ്ടായിരുന്നു. ഈ രീതി ആവിഷ്‌ക്കരിക്കുമ്പോള്‍ റാപ്പര്‍ അവരേയും മനസ്സില്‍ കണ്ടു.

സ്‌പെയിന്‍ ലോകകപ്പ് ജേതാക്കളായപ്പോള്‍
സ്‌പെയിന്‍ ലോകകപ്പ് ജേതാക്കളായപ്പോള്‍

2-3-5 എന്ന ഫോര്‍മേഷനായിരുന്നു അക്കാലത്ത് ടീമുകള്‍ പൊതുവേ സ്വീകരിച്ചിരുന്നത്. പിരമിഡ് എന്നും ക്ലാസ്സിക് എന്നും ഈ രീതിക്ക്    വിശേഷണമുണ്ട്. 1880 മുതല്‍ 1930 വരെ ലോകത്തിലെ മുന്തിയ ടീമുകളെല്ലാം പിന്തുടര്‍ന്നിരുന്നതും ഈ രീതിയായിരുന്നു.  ഉറുഗ്വ 1924, '28 വര്‍ഷങ്ങളിലെ ഒളിംപിക്സ് സ്വര്‍ണ്ണവും 1930-ലെ ലോകകപ്പും നേടിയത് ഈ രീതിയെ അവലംബിച്ചായിരുന്നു. ആക്രമണം ശക്തമാകുമെങ്കിലും പ്രതിരോധം ദുര്‍ബ്ബലമാകുമെന്നതായിരുന്നു ഇതിന്റെ പ്രധാന പോരായ്മ. 

ഇതിനെയാണ് റാപ്പര്‍ പൊളിച്ചെഴുതിയത്. പ്രതിരോധത്തില്‍ നാലുപേരെ അദ്ദേഹം വിന്യസിച്ചു. ഇതിലൊരാളുടെ സ്ഥാനം ഗോള്‍ കീപ്പര്‍ക്ക് തൊട്ടുമുന്നിലാക്കി. ഈ പ്രതിരോധക്കാരന്‍ 'വെറോയിലീയര്‍'  എന്ന് വിശേഷിപ്പിക്കപ്പെട്ടു. നടുവില്‍ രണ്ടു വിങ്ങുകളിലേക്കുമായി ഒരു മിഡ്ഫീല്‍ഡറെ ചുമതലപ്പെടുത്തി.  മറ്റു  മിഡ്ഫീല്‍ഡര്‍മാരേയും പ്രതിരോധാത്മകമായി കളിക്കാന്‍ നിയോഗിച്ചു. 'മാന്‍ ടു മാന്‍' മാര്‍ക്കിംഗിലായിരുന്നു ഈ രീതിയുടെ പ്രധാന ഊന്നല്‍. അതിന് ഏറ്റവും അനുയോജ്യമായിരുന്നു റാപ്പറുടെ വിന്യാസ രീതിയും. ചുരുക്കത്തില്‍ പഴുതടച്ച കടും പ്രതിരോധമായിരുന്നു വെറൗവിന്റെ ആത്മാവ്.  

റാപ്പറുടെ വെറൗ  പ്രശംസയും ഒപ്പം വിമര്‍ശനവും  ഏറ്റുവാങ്ങി. പക്ഷേ, മരിക്കുന്നതുവരെ തന്റെ കളിരീതിയെ താത്ത്വികമായും പ്രായോഗികമായും അദ്ദേഹം വിശദീകരിച്ചില്ല, ന്യായീകരിച്ചുമില്ല. എന്നാല്‍ ഈ രീതി ഉപയോഗിച്ചാണ്  സ്വിസ് ഫുട്‌ബോളിനെ അദ്ദേഹം ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് എന്ന കാര്യം വിമര്‍ശകരും സമ്മതിച്ചു. 

അര്‍ദ്ധ ഫോര്‍വേഡായിരുന്ന റാപ്പര്‍ കളിക്കാരനെന്ന നിലയില്‍ അത്ര പ്രശസ്തനായിരുന്നില്ല. സ്വന്തം നാടായ ഓസ്ട്രിയയ്ക്കുവേണ്ടി രണ്ടു മല്‍സരങ്ങളേ  കളിച്ചിട്ടുള്ളു. കളിക്കാരനായി ആകെ ഏഴുവര്‍ഷം മാത്രം. എന്നാല്‍, പരിശീലകന്‍ എന്ന നിലയില്‍ അദ്വിതീയനായിരുന്നു. 1937 മുതല്‍ '38 വരേയും '42 മുതല്‍ '49 വരേയും '53 മുതല്‍ '54 വരേയും '60 മുതല്‍ '83 വരേയും അദ്ദേഹം സ്വിസ് ദേശീയ ടീമിന്റെ പരിശീലകനായിരുന്നു. റാപ്പര്‍ പരിശീലകനായിരിക്കുമ്പോള്‍ സ്വിറ്റ്‌സര്‍ലന്റ് മൂന്നുതവണ ലോകകപ്പ് യോഗ്യത നേടി. 1938, '54, '62-വര്‍ഷങ്ങളില്‍. 1938-ലെ ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലന്റിനോട് 4-2-ന് തോറ്റായിരുന്നു ജര്‍മ്മനി പുറത്തുപോയത്. റാപ്പറുടെ പുതിയ രീതിയായിരുന്നു ഈ വിജയത്തിനു കാരണം. 77 മല്‍സരങ്ങള്‍ക്ക് സ്വിസ് ടീമിനെ ഒരുക്കിയ റാപ്പര്‍ 29 വിജയങ്ങള്‍ നേടി. ഇപ്പോഴും ഇതൊരു റെക്കോഡാണ്.

നീറോ റോക്കോ
നീറോ റോക്കോ

സ്വിറ്റ്‌സര്‍ലന്റിലെ നാല് പ്രശസ്ത ക്ലബ്ബുകളേയും അദ്ദേഹം പരിശീലിപ്പിച്ചു. ഇതില്‍ സെര്‍വേറ്റ എന്ന ക്ലബ്ബിനെ മൂന്നു തവണയും ഗ്രാസ്‌ഹോപ്പര്‍ ക്ലബ്ബിനെ അഞ്ചു തവണയും ലീഗു ചാമ്പ്യന്മാരുമാക്കി. ഇതേ ടീമിന് ഏഴു തവണ സ്വിസ് കപ്പും നേടിക്കൊടുത്തു. ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു പരിശീലകരില്‍ ഒരാളായിട്ടാണ് റാപ്പര്‍ ഇപ്പോഴും പരിഗണിക്കപ്പെടുന്നത്. 
റാപ്പുറുടെ വെറൗ രീതി സ്വിസ് ഫുട്‌ബോളിനെ മാത്രമല്ല,  യൂറോപ്യന്‍ ഫുട്‌ബോളിനെയാകെ സ്വാധീനിച്ചു. വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വെറൗ വഴിവച്ചു. പല ക്ലബ്ബുകളും അതിനെ അപ്പാടെ സ്വീകരിച്ചു. ചെറിയ ചില വ്യത്യാസങ്ങളോടെ മറ്റു ചില രാജ്യങ്ങളും ക്ലബ്ബുകളും വെറൗവിനെ വരവേറ്റു. ഇറ്റലിയായിരുന്നു മുന്നില്‍. അവര്‍ വെറൗവിന്റെ അടിസ്ഥാന ദൗര്‍ബ്ബല്യങ്ങള്‍ തിരുത്തി. കൂടുതല്‍ ശക്തമാക്കി. അങ്ങനെ വെറൗ ഇറ്റലിയില്‍ 'കാറ്റനാസിയോ' രീതിയായി പുനര്‍ജനിച്ചു. 

കാറ്റനാസിയോ
വെറൗ രീതിയുടെ വലിയ ദൗര്‍ബ്ബല്യം അക്രമണത്തിലെ  ആലസ്യമായിരുന്നു. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ വെറൗവില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. കാറ്റനാസിയോ ആകട്ടെ വെറൗവിന്റെ പ്രതിരോധരീതികള്‍ അങ്ങനെതന്നെ പകര്‍ത്തുകയും ആ പ്രതിരോധ സംവിധാനം ഉപയോഗിച്ചുതന്നെ പ്രത്യാക്രമണങ്ങള്‍ക്ക് (കൗണ്ടര്‍ അറ്റാക്കിംഗ്) പഴുതുണ്ടാക്കുകയും ചെയ്തു. വെറൗ കാറ്റനാസിയോയായി മാറിയപ്പോള്‍ സംഭവിച്ച പ്രധാന വ്യത്യാസവും ഇതായിരുന്നു. 

കാറ്റനാസിയോ എന്നാല്‍ ഇറ്റാലിയന്‍ ഭാഷയിലും ഡോര്‍ബോള്‍ട്ട് എന്നാണര്‍ത്ഥം. ചെയിന്‍ എന്നൊരു പര്യായവും കൂടിയുണ്ട്.  നീറോ റോക്കോ (1912-1978) എന്ന പരിശീലകനാണ് ആദ്യമായി കാറ്റനാസിയോ രീതി ഇറ്റാലിയന്‍ ഫുട്‌ബോളില്‍ തുടങ്ങിവയ്ക്കുന്നത്. ഹംഗറിയിലാണ് ജനിച്ചതെങ്കിലും  ഇറ്റലിയിലായിരുന്നു സ്ഥിരതാമസം. അക്കാലത്ത് ഇറ്റാലിയന്‍ ലീഗിലെ ഒന്നാം ഡിവിഷനില്‍ കളിച്ചിരുന്ന ട്രിസ്റ്റീനയ്ക്കുവേണ്ടി 1930 മുതല്‍ 37 വരേയും നാപ്പോളിക്കുവേണ്ടി 37 മുതല്‍ 40 വരേയും പഡോവയ്ക്കുവേണ്ടി 40 മുതല്‍ 42 വരേയും അദ്ദേഹം കളിച്ചു. 11 സീസണുകളിലായി 287 മല്‍സരങ്ങള്‍. 69 ഗോളും നേടി. അക്കാലത്തെ  മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായിട്ടാണ് റോക്കോ പരിഗണിക്കപ്പെടുന്നത്. മറുനാട്ടുകാരനായിരുന്നെങ്കിലും ഒരു തവണ ഇറ്റലിയുടെ ദേശീയ ടീമിലും കളിച്ചു. കളിയില്‍നിന്നു വിരമിച്ചശേഷം പരിശീലകനായി.

1947-ല്‍ ട്രിസ്റ്റീനയുടെ പരിശീലകനായിരിക്കുമ്പോഴാണ്  റോക്കോ കാറ്റനാസിയോ രീതി ആദ്യമായി പരീക്ഷിക്കുന്നത്. 1-3-3-3, 1-4-4-1, 1-4-3-2 ഇതായിരുന്നു റോക്കോയുടെ ടീം വിന്യാസം. ഈ രീതിയില്‍ കളിച്ചു മുന്നേറിയ ട്രിസ്റ്റീന ഇറ്റാലിയന്‍ സീരി എ-യില്‍ രണ്ടാം സ്ഥാനത്തു വന്നു. ഇതോടെ റോക്കോയുടെ പുതിയ രീതി ഇറ്റലിയില്‍ ചര്‍ച്ചാവിഷയമായി. 

വെറൗനെപ്പോലെ അത്യന്തം പ്രതിരോധാത്മകമായിരുന്നു റോക്കയുടെ രീതിയും.  ആദ്യ വിന്യാസത്തില്‍ നാലും മറ്റു രണ്ടു വിന്യാസങ്ങളില്‍  അഞ്ചു വീതവും പ്രതിരോധക്കാരുണ്ടാവും. അതിനു പുറമേ മധ്യനിരക്കാര്‍ക്കും പ്രതിരോധത്തില്‍ സാധാരണയില്‍ കവിഞ്ഞ ചുമതലയുണ്ടാകും. ഈ മൂന്നു വിന്യാസത്തിലും  രണ്ടു നിരയായിട്ടാണ് പ്രതിരോധക്കാരെ അണിനിരത്തുന്നത്.  ആദ്യനിരയില്‍ ഒരാളും രണ്ടാം നിരയില്‍ മൂന്നോ നാലോ പേരും. ആദ്യ നിരയിലുള്ള ഒറ്റ പ്രതിരോധക്കാരന്റെ സ്ഥാനം ഗോള്‍ക്കീപ്പര്‍ക്ക് തൊട്ടുമുന്നിലായിരിക്കും. ഈ കളിക്കാരനെ 'ലിബറോ' എന്നാണ് വിശേഷിപ്പിക്കുന്നത്. ലിബറോ എന്നാല്‍ ഇറ്റാലിയന്‍ ഭാഷയില്‍ സ്വതന്ത്രന്‍ എന്നര്‍ത്ഥം. പ്രതിരോധത്തിലെ സ്വതന്ത്ര ചുമതലക്കാരന്‍ എന്നു സാരം. സ്വീപ്പര്‍ എന്നൊരു പേരും കൂടിയുണ്ട് ഇയാള്‍ക്ക്. സ്വീപ്പര്‍ എന്നാല്‍ നമ്മുടെ തൂപ്പുകാരന്‍ തന്നെ. ഗോളിനുള്ള അവസാന സാധ്യതയും തൂത്തുകളയുന്നവന്‍ എന്നര്‍ത്ഥം. 

ഡെസ്റ്റിഫാനോ, ഫ്രാന്‍സിസ്‌കോ ജെന്റോ, പ്ലസ്‌കാസ് എന്നിവര്‍
ഡെസ്റ്റിഫാനോ, ഫ്രാന്‍സിസ്‌കോ ജെന്റോ, പ്ലസ്‌കാസ് എന്നിവര്‍

കാറ്റനാസിയോ രീതിയില്‍ പ്രതിരോധത്തിന്റെ  ചുമതല ടീമിന്  ഒന്നാകെ ഉണ്ടെങ്കിലും രണ്ടാം നിരയിലുള്ള പ്രതിരോധക്കാരിലാണ് അത് പ്രധാനമായും ഊന്നുന്നത്. ഈ നിരയെ വേണ്ടപ്പോള്‍ സഹായിക്കുകയും ലൂസ് ബോളുകള്‍ വീണ്ടെടുക്കുകയുമാണ് ഒന്നാം നിരയിലുള്ള ലിബറോയുടെ പ്രധാന ചുമതലകള്‍. ഒപ്പം രണ്ടാം നിര പ്രതിരോധത്തെ മറികടന്നുവരുന്ന മുന്നേറ്റ നിരക്കാരെ നിര്‍വീര്യമാക്കുക എന്നൊരു ചുമതല കൂടിയുണ്ട്. 

ചുരുക്കത്തില്‍  ഗോള്‍ക്കീപ്പര്‍ക്ക് മുന്നില്‍ ഗോള്‍ തടയാനുള്ള അവസാന മതിലെന്ന് ലിബറോയെ വിശേഷിപ്പിക്കാം. മികച്ച സ്‌കില്ലും ശാരീരിക ശേഷിയും സൂക്ഷ്മമായ റിഫ്‌ലക്സും (പ്രതികരണം)  ഉള്ള കളിക്കാരയാണ് റോക്കോ സ്വതന്ത്രമായി ചലിക്കുന്ന ലിബറോയുടെ സ്ഥാനത്ത് കൊണ്ടുവന്നത്. വെറൗനെപ്പോലെ മാന്‍ ടുമാന്‍ മാര്‍ക്കിങ്ങും കാറ്റനാസിയോയുടെ പ്രതിരോധ ശക്തിയെ വര്‍ധിപ്പിക്കുന്നതായിരുന്നു.

പ്രതിരോധം കഠിനമാക്കുമ്പോള്‍ത്തന്നെ ആക്രമണത്തിലും റോക്കോ ശ്രദ്ധ പുലര്‍ത്തിയിരുന്നു.  മൗലികമായി കാറ്റനാസിയോയെ വെറൗവില്‍നിന്ന് വ്യത്യസ്തമാക്കുന്നതും ഇതാണ്. യുദ്ധശാസ്ത്രത്തിലെ 'കൗണ്ടര്‍ അറ്റാക്ക്'  എന്ന സങ്കേതം (ടെക്നിക് ) ഫുട്‌ബോളിലേക്ക് കടന്നു വരുന്നതും ഇക്കാലത്താണ്. ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ ചൈനയില്‍ ജീവിച്ചിരുന്ന തത്ത്വചിന്തകനും മിലിറ്ററി ജനറലുമായിരുന്ന 'സണ്‍ ട്‌സു' രചിച്ച 'ആര്‍ട്ട് ഓഫ് വാര്‍' എന്ന കൃതിയിലാണ് കൗണ്ടര്‍ അറ്റാക്ക് എന്ന പദസമുച്ചയം ആദ്യമായി വിശദീകരിക്കപ്പെടുന്നത്. യുദ്ധസങ്കേതങ്ങളില്‍ മാത്രമല്ല; ബിസിനസ്, തത്ത്വചിന്ത എന്നീ മേഖലകളില്‍ ഇപ്പോഴും സജീവ ചര്‍ച്ചാവിഷയമായിട്ടുള്ള ഈ ക്ലാസ്സിക്ക് കൃതി ഫുട്‌ബോള്‍ സങ്കേതങ്ങളേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. അത് കൗണ്ടര്‍ അറ്റാക്ക് എന്ന ഒറ്റക്കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതുമല്ല. അതിവിടെ അപ്രസക്തമായതിനാല്‍ ഒഴിവാക്കുന്നു. 

കളി പ്രതിരോധാത്മകമാകുമ്പോള്‍ എതിര്‍ ടീമിലെ കളിക്കാര്‍ പരിധിവിട്ട് ഇറങ്ങിവരാന്‍ പ്രലോഭിപ്പിക്കപ്പെടും. ഈ സന്ദര്‍ഭത്തെ  കൗണ്ടര്‍ അറ്റാക്കിങ്ങിനായി ഉപയോഗിക്കുക എന്നതായിരുന്നു കാറ്റനാസിയോയുടെ തത്ത്വം. പ്രതിരോധനിരയില്‍ നിന്നുള്ള ലോംഗ് പാസ്സിലൂടെയാണ് ഇതു സാധിക്കുക.  ചുരുക്കത്തില്‍ ആഴത്തിലുള്ള പ്രതിരോധവും അപ്രതീക്ഷിതമായ പ്രത്യാക്രമണവും (കൗണ്ടര്‍ അറ്റാക്ക്) ഇതായിരുന്നു കാറ്റനാസിയോയുടെ ആക്രമണ തന്ത്രം. 'ആര്‍ട്ട് ഓഫ് വാറി'ലെ പ്രത്യാക്രമണരീതിയും ഇതുതന്നെ. ആദ്യകാലത്ത് ഇതു നന്നായി വിജയം കണ്ടു. 

നീറോറോക്കോ, പഡോവ എന്ന ക്ലബ്ബിന്റെ (പഡോവയിപ്പോള്‍ ഇറ്റാലിയന്‍ സീരി ഡി യിലേക്ക് താണുപോയിരിക്കുന്നു)  പരിശീലകനായിരിക്കുമ്പോള്‍ കാറ്റനാസിയോയുടെ തന്ത്രങ്ങള്‍ ഉപയോഗിച്ച് ടീമിനെ സീരി എ-യില്‍ മൂന്നാം സ്ഥാനത്ത് എത്തിച്ചു. അക്കാലത്ത് ഒരു ടീമെന്ന നിലയില്‍ വളരെയേറെ പരിമിതികള്‍ ഉണ്ടായിരുന്നു പഡോവയ്ക്ക്. മികച്ച കളിക്കാരോ അവരെ ടീമിലെത്തിക്കാനുള്ള പണമോ അവര്‍ക്കുണ്ടായിരുന്നില്ല. പരിമിതമായ വിഭവങ്ങള്‍ വെച്ചു കൊണ്ടായിരുന്നു റോക്കോയുടെ ഈ മാജിക്ക്.  1957-'58 സീസണിലായിരുന്നു ഇത്. ഇറ്റാലിയന്‍ ഫുട്‌ബോളിനേയും ക്ലബ്ബുകളേയും അതാകെ ഞെട്ടിച്ചു. അതോടെ ഇറ്റലിയിലെ മാത്രമല്ല, യൂറോപ്പിലെ മറ്റു ക്ലബ്ബുകളുടേയും ശ്രദ്ധ കാറ്റനാസിയോയില്‍ പതിഞ്ഞു.
1961-ല്‍ റോക്കോ എ.സി. മിലാന്റെ പരിശീലകനായതോടെ കാറ്റനാസിയോ കൊടുങ്കാറ്റായി. കാറ്റനാസിയന്‍ തന്ത്രങ്ങളുമായി കളത്തിലിറങ്ങിയ എ.സി. മിലാന്‍ '61, '67 സീസണുകളില്‍ സീരി എ കിരീടവും '71, '73, '77 സീസണുകളില്‍ ഇറ്റാലിയന്‍ കപ്പും '62, '69-കളിലെ യൂറോപ്യന്‍ കപ്പും '67, '72 സീസണുകളിലെ യുവേഫാ കപ്പ് വിന്നേഴ്സ് കപ്പും '69-ലെ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പും നേടി. കാറ്റനാസിയോയുടെ സംഹാരശക്തി ഇതോടെ ഫുട്‌ബോള്‍ ലോകം അംഗീകരിച്ചു. 

1960-കളുടെ തുടക്കത്തില്‍ത്തന്നെ കാറ്റനാസിയോയുടെ പരിഷ്‌കരിച്ചൊരു പതിപ്പുമായി ഹെലേനാ ഹെരാരേ (1910-1997) എന്ന അര്‍ജന്റീനിയന്‍ പരിശീലകന്‍ രംഗത്തുവന്നു. 1932 മുതല്‍ ഹെലേനോ ഡിഫന്ററായി കളിക്കളത്തിലുണ്ടായിരുന്നെങ്കിലും വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, പരിശീലകനായതോടെ അദ്ദേഹം സൂപ്പര്‍സ്റ്റാറാവുകയും ചെയ്തു. അര്‍ജന്റീനയിലാണ് ജനിച്ചതെങ്കിലും ചെറുപ്പത്തില്‍ത്തന്നെ ഫ്രാന്‍സിലേക്കു കുടിയേറിയ ഹെലേനോ അവിടെയാണ് കളിക്കാരനായി കൂടുതല്‍ കാലം ചെലവഴിച്ചത്. തുടര്‍ന്ന് പരിശീലന രംഗത്തെത്തി. സ്പാനിഷ് ക്ലബ്ബുകളായ റയല്‍വല്ലാഡോയില്‍ഡ് (1944-'45) അറ്റ്‌ലറ്റിക്കോമാഡ്രിഡ് (1949-'52)  ബാഴ്സലോണ (1958-'60) എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ഇറ്റലിയില്‍ എത്തുന്നത്. അത്ലറ്റിക്കോ മാഡ്രിഡിനും ബാഴ്സലോണയ്ക്കും രണ്ടുതവണ വീതം ലീഗ് കിരീടം നേടിക്കൊടുത്ത ഹെലേനോ ഇറ്റലിയില്‍ ഇന്റര്‍മിലാന്റെ പരിശീലകനായി 1960-ല്‍ ചുമതലയേറ്റു. എട്ടുവര്‍ഷം അവിടെ  തുടര്‍ന്നു. ഈ ഘട്ടത്തിലാണ് കാറ്റനാസിയോയെ മികച്ചൊരു ആയുധമായി അദ്ദേഹം പ്രയോഗിക്കുന്നത്.

മാന്‍ ടു മാന്‍ മാര്‍ക്കിങ്ങിലെ കറകളഞ്ഞ കാര്‍ക്കശ്യവും അലിവില്ലാത്ത ടാക്ലിംഗും ഫുള്‍ബാക്കുകളുടെ ഓവര്‍ലാപ്പിംഗും അപ്രതീക്ഷിതമായ പ്രത്യാക്രമണങ്ങളുടെ കണിശതയുമായിരുന്നു ഹെലോനോയുടെ രീതികള്‍. കാറ്റനാസിയയില്‍ പുതിയതായി ഒന്നും കൂട്ടിച്ചേര്‍ത്തില്ലെങ്കിലും ഉള്ളതിനെ ഏറ്റവും സൂക്ഷ്മമായി അദ്ദേഹം പ്രയോജനപ്പെടുത്തി. അതിന് ഏറ്റവും അനുയോജ്യരായ കളിക്കാരേയും കണ്ടെത്തി. അങ്ങനെ ഹെലേനോയുടെ കയ്യില്‍ കാറ്റനാസിയോ ഒരു പടച്ചട്ടപോലെ കാര്‍ക്കശ്യമാര്‍ന്നതായി.
ഈ രീതി കണിശമായി പിന്തുടര്‍ന്ന ഇന്റര്‍ മിലാന്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങള്‍ക്കും ഉടമകളായി. 1963, '65, '66 സീസണുകളില്‍ ഇറ്റാലിയന്‍ ലീഗ് കിരീടങ്ങളും '64, '65 വര്‍ഷങ്ങളിലെ യൂറോപ്യന്‍ കപ്പും ഇതേ സീസണുകളിലെ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പും അവര്‍ നേടി. കാറ്റനാസിയോയുടെ കരുത്തില്‍ എ.സി. മിലാനും ഇന്റര്‍ മിലാനും നടത്തിയ എതിരറ്റ പടയോട്ടങ്ങള്‍ യൂറോപ്പിലെ മറ്റു രാജ്യങ്ങളുടേയും ക്ലബ്ബുകളുടേയും ഉറക്കം കെടുത്തി. പലരും അതിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആരായാന്‍ ആരംഭിക്കുകയും ചെയ്തു. 

കാറ്റനാസിയോക്ക് എന്തെല്ലാം ഗുണങ്ങളുണ്ടെന്ന് അവകാശപ്പെട്ടാലും കയ്യാങ്കളിയോളമെത്തുന്ന അതിന്റെ മാരകമായ ടാക്ലിംഗും മാന്‍ ടു മാന്‍ മാര്‍ക്കിംഗിലെ കാര്‍ക്കശ്യവും ഫുട്‌ബോള്‍ കളങ്ങളെ രക്തപങ്കിലമാക്കിയിരുന്നു. കളിക്കാരുടെ വ്യക്തിപരമായ മികവുകള്‍ക്കപ്പുറത്ത് അവരുടെ മസ്സില്‍ പവര്‍  പ്രാധാന്യം നേടി. പ്രതിരോധം അതിന്റെ പാരമ്യതയില്‍ എത്തിയതോടെ ആക്രമണം നാമമാത്രമായി.  ഗോളുകള്‍ അപൂര്‍വ്വ സംഭവങ്ങളുമായി. കാണികളില്‍ ഇത് വൈരസ്യം സൃഷ്ടിച്ചു തുടങ്ങി. കളിക്കാരുടെ പരിക്കുകളും അവരുടെ കായികമായ ഏറ്റുമുട്ടലും ഫെയര്‍പ്ലേ എന്ന കാല്‍പ്പന്തിന്റെ പ്രഥമ ലക്ഷ്യത്തെ കടപുഴക്കി. കാറ്റനാസിയോ തീവ്രമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. ഇതില്‍നിന്നൊരു മോചനം ഫുട്‌ബോള്‍ ലോകമാകെ ആഗ്രഹിച്ചു തുടങ്ങി.

അങ്ങനെയാണ് കാറ്റനാസിയോക്ക് ബദലായി എഴുപതുകളുടെ തുടക്കത്തില്‍ ടോട്ടല്‍ ഫുട്‌ബോള്‍ രംഗപ്രവേശം ചെയ്യുന്നത്. അതോടെ 1950 മുതല്‍ '70 വരെ രണ്ടു പതിറ്റാണ്ടുകാലം അധീശത്വം പുലര്‍ത്തിയ കാറ്റനാസിയോ കരിന്തിരി കത്തി.  ഫുട്‌ബോളില്‍ പ്രതിരോധത്തിന്റെ പ്രാധാന്യത്തെ ഉറപ്പിച്ചു എന്നതാണ് കാറ്റനാസിയോ രീതിയുടെ ഏറ്റവും വലിയ സംഭാവന. അതോടൊപ്പം ഒരു പറ്റം ലോകോത്തര പ്രതിരോധക്കാരേയും അത് സൃഷ്ടിച്ചു. ഗസപ്പിഫേവല്ലി, ക്രിസ്റ്റ്യന്‍ പനൂച്ചി, മൗറോ ടസോട്ട, സീസര്‍ മല്‍ഡീനി, മകന്‍ പാവ്‌ലോ മല്‍ഡീനി, ജിയോവാനി ടപ്പട്ടോണി, അലക്സാഡ്രോ കോസ്റ്റക്യൂട്ട,  ഫ്രാങ്കോബരേസി, ജിയോലുക്കാ സംമ്പ്രോട്ട (ഇദ്ദേഹം 2016-ലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹിയുടെ പരിശീലകനായിരുന്നു) എന്നിവര്‍. ഇവര്‍ ഇറ്റലിക്കാരാണെങ്കിലും അവിടെ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഈ പ്രവണത.

ടോട്ടല്‍ ഫുട്‌ബോള്‍
1970-കളിലാണ് സര്‍വ്വ സന്നാഹങ്ങളുമായി ടോട്ടല്‍ ഫുട്‌ബോള്‍ രംഗപ്രവേശം ചെയ്യുന്നത്.  എന്നാല്‍, അതിനു മുന്‍പുതന്നെ ലോക ഫുട്‌ബോളില്‍ അതിന്റെ പെരുമ്പറ കേട്ടിരുന്നു. ഹോളണ്ടുകാരനായ ജാക്ക് റെയിനോള്‍ഡ് (1881-1962) ആണ് ടോട്ടല്‍ ഫുട്‌ബോളിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാവ്. കളിക്കളത്തില്‍ വിംഗറായിരുന്ന റെയ്നോള്‍ഡ് 1915 മുതല്‍ '25 വരേയും '28 മുതല്‍ '40 വരേയും '45 മുതല്‍ '47 വരേയും ഹോളണ്ട് ടീമായ അജാക്സിന്റെ പരിശീലകനായിരുന്നു. 1912-ല്‍ ജര്‍മ്മന്‍ ദേശീയ ടീമിനേയും 1919-ല്‍ ഹോളണ്ട് ടീമിനേയും പരിശീലിപ്പിച്ചിട്ടുണ്ട്. അജാക്സിലായിരിക്കുമ്പോഴാണ് തന്റെ പുതിയ രീതി പരീക്ഷിക്കുന്നത്. അതിന് ഫലമുണ്ടായി. 1918, '19, '31, '32, '34, '37, '39, '47 സീസണുകളില്‍ അജാക്സിനായിരുന്നു ലീഗ് കിരീടങ്ങള്‍. 

1950-കളില്‍ ഹംഗറിയുടെ പരിശീലകനായിരുന്ന ഗുസ്താവ് സെബസ്  (1906-1986) ടോട്ടല്‍ ഫുട്‌ബോളിനെ കൂടുതല്‍ കരുത്തുള്ളതാക്കി. 1947 മുതല്‍ '57 വരെ സെബസ് ഹംഗറി ദേശീയ ടീമിന്റെ പരിശീലകനായിരുന്നു. അക്കാലത്തെ ഹംഗറി ടീം ഇപ്പോഴും ഫുട്‌ബോള്‍ വൃത്തങ്ങളില്‍ ചൂടുള്ള ചര്‍ച്ചാവിഷയമാണ്. ടോട്ടല്‍ ഫുട്‌ബോള്‍ അവര്‍ക്ക് '22 തുടര്‍വിജയങ്ങള്‍ സമ്മാനിച്ചു. 1952-ലെ ഹെല്‍സിങ്കി ഒളിംപിക്സില്‍ സ്വര്‍ണ്ണവും 1953-ലെ സെന്‍ട്രല്‍ യൂറോപ്യന്‍ കിരീടവും അവര്‍ക്കായിരുന്നു. ഒളിംപിക്സില്‍ ആറു മല്‍സരങ്ങളില്‍ നിന്നായി 20 ഗോളുകള്‍ നേടിയ ഹംഗറി മടക്കിവാങ്ങിയത് രണ്ടു ഗോളുകള്‍ മാത്രം. സെമിയില്‍ സ്വീഡനെ ആറു ഗോളിനും ഫൈനലില്‍ യുഗോസ്ലാവിയയെ രണ്ടുഗോളിനും തോല്‍പ്പിച്ചായിരുന്നു സ്വര്‍ണ്ണം നേടിയത്. 1954-ലെ ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടാനും സെബസിന്റെ ടോട്ടല്‍ ഫുട്‌ബോള്‍ അവരെ സഹായിച്ചു. അക്കാലത്ത് രണ്ട് സൗഹൃദമല്‍സരങ്ങളില്‍ അവര്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. 1953-ല്‍ 6-3-നും '54-ല്‍ 7-1-നും. ലോക ഫുട്‌ബോളിലെ എക്കാലത്തേയും വലിയ താരങ്ങളായ ഫ്രന്‍സ്പുഷ്‌കാസ്, സ്ലോട്ടന്‍കാസിബോള്‍, ഗുട്ടമാന്‍, മാര്‍ട്ടിന്‍ ബുക്കോവി എന്നിവരായിരുന്നു അക്കാലത്തെ ഹംഗേറിയന്‍ ടീമിലുണ്ടായിരുന്നത്. സെബസിന്റെ കാലമായിരുന്നു ഹംഗേറിയന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണകാലവും.

ഓസ്ട്രിയക്കാരനായിരുന്ന സെബസ് കളിക്കാരനും പരിശീലകനും എന്നതിലുപരി ഒരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്നു. ഹംഗറിയിലെ ബുഡാപെസ്റ്റിലും പിന്നീട് പാരീസിലും തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനുമായിരുന്നു. അതുകൊണ്ടായിരിക്കണം തന്റെ രാഷ്ട്രീയ ചിന്തകളേയും ഫുട്‌ബോളുമായി കൂട്ടിയിണക്കിയത്. താന്‍ പരിഷ്‌കരിച്ച്   ഉപയോഗിച്ച കളിരീതിയെ അദ്ദേഹം വിശേഷിപ്പിച്ചത് 'സോഷ്യലിസ്റ്റ് ഫുട്‌ബോള്‍' എന്നായിരുന്നു. കളിക്കളത്തില്‍ എല്ലാ കളിക്കാര്‍ക്കും തുല്യ പ്രാധാന്യവും തുല്യ ചുമതലയും അദ്ദേഹം നല്‍കി. കളിക്കാരനായിരിക്കുമ്പോള്‍ത്തന്നെ ഫ്രാന്‍സിലെ ബിലാന്‍ കോര്‍ട്ടില്‍ 'റിനൗള്‍ട്ട്' എന്ന പ്രസിദ്ധ വാഹന നിര്‍മ്മാണക്കമ്പനിയിലെ ഫിറ്ററുമായിരുന്നു. ഈ കമ്പനിയുടെ ടീമിന് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചുതുടങ്ങിയതും. മരിക്കുന്നതുവരെ പരിശീലനരംഗത്ത് സെബസ് സജീവമായിരുന്നു.

ജാക്ക് റെയിനോള്‍ഡ് 
ജാക്ക് റെയിനോള്‍ഡ് 

1930-കളിലെ ഓസ്ട്രിയന്‍ ടീമും ടോട്ടല്‍ ഫുട്‌ബോളിന്റെ സാധ്യതകള്‍ ഉപയോഗിച്ചിരുന്നു. ഒരുപക്ഷേ, ഈ രീതി ആദ്യമായി ഒരു ദേശീയ ടീമില്‍ പ്രയോഗിക്കുന്നതും അവരായിരിക്കാം. എന്തായാലും അക്കാലത്തെ വണ്ടര്‍ ടീമുകളിലൊന്നായിട്ടാണ് ഓസ്ട്രിയന്‍ ടീമിനെ ഫുട്‌ബോള്‍ ചരിത്രം രേഖപ്പെടുത്തുന്നത്. 

ഇങ്ങനെയൊരു പൂര്‍വ്വചരിത്രം ടോട്ടല്‍ ഫുട്‌ബോളിനുണ്ടെങ്കിലും റിനസ് മൈക്കിള്‍ (1928-2005) എന്ന പരിശീലകന്റെ കയ്യിലാണ് അതൊരു മാരകായുധമായി മാറുന്നത്. അതിനാല്‍ ടോട്ടല്‍ ഫുട്‌ബോളിനെക്കുറിച്ചുള്ള ഏതു ചര്‍ച്ചയും റിനസില്‍ കേന്ദ്രീകരിക്കുന്നു. ഹോളണ്ടിലെ ഒരു സാധാരണ കായിക അധ്യാപകനായിരുന്നു റിനസ് മൈക്കിള്‍. ഒപ്പം ഫുട്‌ബോളറുമായിരുന്നു. ജിംനാസ്റ്റിക്സിലായിരുന്നു അദ്ദേഹം കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. കളിക്കളത്തില്‍ സ്ട്രൈക്കറായിരുന്ന റിനസ് അഞ്ചുതവണ ഹോളണ്ടിന് വേണ്ടിയും 1946-മുതല്‍ 65 വരെ 264 തവണ അജാക്സിനുവേണ്ടിയും കളിച്ചു. 122 ഗോളുകളും നേടിയിട്ടുണ്ട്. അതിനു ശേഷം ചില അമച്ച്വര്‍ ക്ലബ്ബുകളെ പരിശീലിപ്പിച്ചു.

1965-ല്‍ അജാക്സ് ക്ലബ്ബ് റിനസിനെ പരിശീലകനായി നിയോഗിച്ചു. പരിതാപകരമായിരുന്നു അപ്പോള്‍ അജാക്സിന്റെ സ്ഥിതി. ലീഗില്‍ എം.വി. ലി മാസ്ട്രിച്ചുമായുള്ള മല്‍സരം അവര്‍ക്ക് നിര്‍ണ്ണായകമായിരുന്നു. തോറ്റാല്‍ തരംതാഴ്ത്തപ്പെടും. 1950-കളിലെ ഹംഗേറിയന്‍ ശൈലി സ്വീകരിച്ചുകൊണ്ട് അദ്ദേഹം അജാക്സിനെ ഒരുക്കിയെടുത്തു. മല്‍സരം 9-3ന് ജയിച്ചു. അക്കാലത്ത് അജാക്സില്‍ മിടുക്കന്മാരായ ഒരുപറ്റം യുവ കളിക്കാരുണ്ടായിരുന്നു. നീസ്‌കെന്‍സ്, ജോണി റെപ്, ആരീഹാന്‍, യോഹാന്‍ ക്രൈഫ് എന്നിവര്‍. തന്റെ പുതിയ പദ്ധതികള്‍ക്കായി റിനസ് തെരഞ്ഞെടുത്തതും ഇവരെയായിരുന്നു.

വേഗം, കായികക്ഷമത, ആക്രമണങ്ങളുടെ വൈവിധ്യം, കളിക്കാരുടെ ഏകോപനം എന്നിവയായിരുന്നു ടോട്ടല്‍ ഫുട്‌ബോളിന്റെ അടിസ്ഥാന പാഠങ്ങള്‍. ഇവയെ ശാസ്ത്രീയമായി ശക്തിപ്പെടുത്തുകയും പരിഷ്‌കരിക്കുകയുമായിരുന്നു റിനസ് ചെയ്തത്. 11 സെക്കന്റില്‍ നൂറുമീറ്റര്‍ ഓടാന്‍ എല്ലാ കളിക്കാരേയും അദ്ദേഹം പ്രാപ്തരാക്കി. ഏത്ര ശക്തമായ പ്രതിരോധത്തേയും മറികടക്കാനുള്ള ശാരീരിക വഴക്കങ്ങള്‍ ഓരോ കളിക്കാരനിലും സൃഷ്ടിച്ചു. ഇതിനുവേണ്ടി ജിംനാസ്റ്റിക്‌സിനെയായിരുന്നു അദ്ദേഹം ഉപയോഗപ്പെടുത്തിയത്. 
ടീമില്‍ ഫോര്‍വേഡുകളെന്നോ ഡിഫന്റര്‍മാരെന്നോ വേര്‍തിരിവുണ്ടായില്ല. എല്ലാവരും ഫോര്‍വേഡുകളും എല്ലാവരും ഡിഫന്റര്‍മാരുമായിരുന്നു. എല്ലാവരേയും ഗോളിന്റെ സ്രഷ്ടാക്കളാക്കി. എതിര്‍ ടീമിന്റെ മേഖലയില്‍ ശൂന്യസ്ഥലങ്ങള്‍ സൃഷ്ടിക്കുകയും അവിടേയ്ക്ക് പന്തെത്തിക്കുകയും മിന്നല്‍വേഗത്തിലെത്തി ഗോളടിക്കുകയും ചെയ്യുക എന്നതായിരുന്നു ആക്രമണ രീതി. ഗോളിയില്‍നിന്ന് ആരംഭിക്കുന്ന ലോംഗ്‌ബോള്‍ ആക്രമണവും റിനസ് പരിഷ്‌കരിച്ച ടോട്ടല്‍ ഫുട്‌ബോളിന്റെ തന്ത്രമായിരുന്നു. 

റിനസ് മൈക്കിള്‍
റിനസ് മൈക്കിള്‍

റിനസ് മൈക്കിളിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഒരാളായ യോഹാന്‍ ക്രൈഫ് ടോട്ടല്‍ ഫുട്‌ബോളിന് നല്‍കിയിട്ടുള്ള നിര്‍വ്വചനം ശ്രദ്ധേയമാണ്. ''ആക്രമണാത്മകമായൊരു കളിശൈലിയാണ് ടോട്ടല്‍ ഫുട്‌ബോള്‍. ഒരു കളിക്കാരനും കൃത്യമായ പൊസിഷന്‍ ഉണ്ടാവില്ല. ഫോര്‍വേഡുകള്‍ പ്രതിരോധക്കാരും പ്രതിരോധക്കാര്‍ ഫോര്‍വേഡുകളുമാകും. എല്ലാവരും എല്ലായിടത്തും കളിക്കും.'' 
ഇതോടെ ടോട്ടല്‍ ഫുട്‌ബോള്‍, ഇറ്റലിക്കാരുടെ കാറ്റിനാസിയോക്ക് വന്‍ ഭീഷണിയായി. അവരുടെ മാന്‍ ടു മാന്‍ മാര്‍ക്കിങ്ങെന്ന പ്രധാന തന്ത്രം അപ്പാടെ പാളാന്‍ തുടങ്ങി. ടോട്ടല്‍ ഫുട്‌ബോളില്‍ പ്രതിരോധക്കാരനേയും  മുന്നേറ്റക്കാരനേയും തിരിച്ചറിയാനാകാതെ  അവര്‍ കുഴങ്ങി.  ആരെ  മാര്‍ക്ക് ചെയ്യണമെന്നറിയാതെ അമ്പരന്നു. ഒരിക്കല്‍ ഫോര്‍വേഡായി മുന്നേറി വന്നവന്‍ പ്രതിരോധത്തിലേക്ക് പിന്‍വലിയുന്നതും പ്രതിരോധത്തിലുണ്ടായിരുന്നവന്‍ മുന്നേറ്റനിരക്കാരനായി കയറിവരുന്നതും ചങ്കിടിപ്പോടെ അവര്‍ കണ്ടു. യഥാര്‍ത്ഥത്തില്‍ ടോട്ടല്‍ ഫുട്‌ബോള്‍കൊണ്ട് റിനസ് മൈക്കിള്‍ ഉദ്ദേശിച്ചതും ഇതായിരുന്നു. അത് നൂറുശതമാനവും വിജയത്തിലേക്കു വരുന്ന കാഴ്ചയ്ക്കാണ് ഫുട്‌ബോള്‍ ലോകം പിന്നെ സാക്ഷിയായത്.  

റിനസ് മൈക്കിളിന്റെ തന്ത്രങ്ങളെ പിന്തുടര്‍ന്ന അജാക്സ് അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. 1965, '66, '67, '69 സീസണുകളില്‍ ലീഗ് കിരീടങ്ങള്‍ നേടി. '68 സീസണിലെ യൂറോകപ്പില്‍ രണ്ടാം സ്ഥാനവും എഴുപതില്‍ കിരീടവും നേടി. '68-ല്‍ യുവേഫാ ഇന്റര്‍ ടോട്ടോ കപ്പും കരസ്ഥമാക്കി. അങ്ങനെ അവര്‍ ഒരു യൂറോപ്യന്‍ ക്ലബ്ബിന് മോഹിക്കാന്‍ കഴിയുന്നതിനെക്കാള്‍ ഉയരത്തിലെത്തി. 1972-ല്‍ റിനസിന്റെ അജാക്സ് കാറ്റിനാസിയോയുടെ ആശാന്മാരായിരുന്ന എ.സി. മിലാനെ യൂറോ കപ്പിന്റെ ഫൈനലില്‍ 2-0ത്തിന് വീഴ്ത്തി. തൊട്ടടുത്ത വര്‍ഷം യൂറോപ്യന്‍ സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ സീസര്‍ മല്‍ഡീനിയുടെ ഇന്റര്‍ മിലാനെ ഏകപക്ഷീയമായ ആറുഗോളുകള്‍ക്കും തകര്‍ത്തു. ''ടോട്ടല്‍ ഫുട്‌ബോളിന്റെ മുന്നില്‍ കാറ്റിനാസിയോ വീണു'' എന്നാണ് അന്ന് ഹോളണ്ടിലെ മാധ്യമങ്ങള്‍ ഈ വിജയങ്ങളെ വിശേഷിപ്പിച്ചത്.  '72-ല്‍ അജാക്സ് വിട്ട് ബാഴ്സലോണയില്‍ ചേര്‍ന്ന റിനസ് '75 വരെ അവരെ പരിശീലിപ്പിച്ചു.

'74-ല്‍ ഹോളണ്ടിന്റെ ദേശീയ ടീം പരിശീലകനായി റിനസ് നിയമിക്കപ്പെട്ടു. ടോട്ടല്‍ ഫുട്‌ബോളെന്ന മികച്ച ആയുധവും അതിന് ഏറ്റവും അനുയോജ്യരായ ഒരുപിടി കളിക്കാരുമായി രംഗത്തിറങ്ങിയ റിനസ്, ഫുട്‌ബോള്‍ ലോകത്തെയാകെ അമ്പരപ്പിച്ചുകൊണ്ട് ഹോളണ്ടിനെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ എത്തിച്ചു. 

ഉറുഗ്വയെ 2-0ത്തിന് തോല്‍പ്പിച്ചുകൊണ്ടു തുടങ്ങിയ ഹോളണ്ട് സ്വീഡനെ ഗോളില്ലാ സമനിലയില്‍ തളച്ചും ബള്‍ഗേറിയയെ 4-1നും അര്‍ജന്റീനയെ 4-0ത്തിനും ഈസ്റ്റ് ജര്‍മ്മനിയേയും ബ്രസീലിനേയും 2-0ത്തിനും തോല്‍പ്പിച്ചുകൊണ്ടാണ് ഫൈനലില്‍ എത്തിയത്. അതുവരെയുള്ള ആറുമല്‍സരങ്ങളില്‍ 14 ഗോളുകള്‍ നേടിയ ഹോളണ്ട് ആകെ വഴങ്ങിയത് ഒരു ഗോള്‍ മാത്രമായിരുന്നു. ഫൈനലില്‍ പക്ഷേ, കണക്കുകള്‍ തെറ്റി. കളി തുടങ്ങി തൊണ്ണൂറാം സെക്കന്റില്‍ത്തന്നെ ജോണ്‍ നീസ്‌കിന്‍സ് ഹോളണ്ടിന് ലീഡ് നേടിക്കൊടുത്തു. ഗോള്‍ വീഴുന്നതുവരെ ജര്‍മ്മനിക്ക് പന്ത് തൊടാന്‍പോലും കിട്ടിയിരുന്നില്ല. (ടോട്ടല്‍ ഫുട്‌ബോളിന്റെ സുന്ദരവും സൂക്ഷ്മവുമായ സൃഷ്ടികളില്‍ ഒന്നാണ് ഈ ഗോളെന്ന് ഫുട്‌ബോള്‍ ചരിത്രം അടിവരയിടുന്നു). എന്നാല്‍,  ഇരുപത്തിയഞ്ചാം മിനിറ്റില്‍ ബെര്‍ട്ടിനറും 43-ാം മിനിറ്റില്‍ ഗെഡ്മുള്ളറും ജര്‍മ്മനിക്കുവേണ്ടി സ്‌കോര്‍ ചെയ്തതോടെ ഹോളണ്ടിന്റെ സ്വപ്നങ്ങള്‍ തകര്‍ന്നു. ടോട്ടല്‍ ഫുട്‌ബോളിനെ സൂക്ഷ്മമായി പഠിച്ചെത്തിയ ബെക്കന്‍ബോവറുടെ ജര്‍മ്മനി ഹോളണ്ടിനെ മാത്രമല്ല, ടോട്ടല്‍ ഫുട്‌ബോളിനേയും വീഴ്ത്തുകയായിരുന്നു.

ടോട്ടല്‍ ഫുട്‌ബോളിന്റെ മുന്നില്‍ ലോകം ആദ്യമൊന്നു പതറിയെങ്കിലും സൂക്ഷ്മതയോടെ  ദൗര്‍ബ്ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് തിരിച്ചടിക്കുകയായിരുന്നു. ടോട്ടല്‍ ഫുട്‌ബോളിന്റെ പതനം ആരംഭിക്കുന്നതും ഈ വേദിയില്‍നിന്നു തന്നെ. റിനസിന്റെ തന്ത്രങ്ങളോ അത് കളത്തില്‍ പ്രായോഗികമാക്കുന്നതില്‍ കളിക്കാര്‍ക്കു വന്ന പിഴവോ ആയിരുന്നില്ല പരാജയത്തിന് കാരണമെന്നൊരു വിലയിരുത്തല്‍ കൂടിയുണ്ട്. അത് തീര്‍ത്തും മനഃശാസ്ത്രപരമാണ്.  നിര്‍ണ്ണായക ഘട്ടങ്ങളില്‍ മനസ്സാന്നിധ്യം നിലനിര്‍ത്താന്‍ ഹോളണ്ടിന്റെ കളിക്കാര്‍ക്കു കഴിയാതെ പോകുന്നു എന്നാണ് ആ നിരീക്ഷണം. പരാജയത്തിനുശേഷം റിനസ് നടത്തിയൊരു പ്രതികരണവും ഇതിലേക്കുതന്നെ വിരല്‍ചൂണ്ടുന്നു. ''കളിക്കാര്‍ക്ക് ഞാന്‍ വേണ്ടതെല്ലാം നല്‍കി. പക്ഷേ, അവരില്‍ മനക്കരുത്തു നിറയ്ക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല.''

പെപ് ഗാഡിയോള
പെപ് ഗാഡിയോള

നാലു ഘട്ടങ്ങളിലായി ആറു വര്‍ഷം റിനസ് മൈക്കിള്‍ ഹോളണ്ടിന്റെ ദേശീയ ടീമിനെ പരിശീലിപ്പിച്ചു. '74 മുതല്‍ '75 വരേയും '84 മുതല്‍ '85 വരേയും '86 മുതല്‍ '88 വരേയും '90 മുതല്‍ '92 വരേയും. ലോക ഫുട്‌ബോളില്‍ ഹോളണ്ടിന്റെ നേട്ടങ്ങളെല്ലാം ഇക്കാലത്തായിരുന്നു. '74-ല്‍ ലോകകപ്പിലെ ഫൈനല്‍ പ്രവേശം. അതുകഴിഞ്ഞാല്‍ സോവിയറ്റ് യൂണിയനെ 2-0-ത്തിന് പരാജയപ്പെടുത്തി '88-ലെ യൂറോ കിരീടവും. '74-ല്‍ യോഹാന്‍ ക്രൈഫ് ഉള്‍പ്പെടെയുള്ള ഒരുപറ്റം ലോകോത്തര കളിക്കാരെ റിനസിന് കിട്ടിയിരുന്നു. '88-ല്‍ റൂഡ് ഗുള്ളിറ്റ്, വാന്‍ബാസ്റ്റന്‍, റൈക്കാഡ്, റൊണാള്‍ഡ് കോമാന്‍ എന്നിവരേയും കിട്ടി. '74-ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയോടേറ്റ പരാജയത്തിന് ഹോളണ്ട് പകരംവീട്ടിയതും യൂറോ കപ്പിലായിരുന്നു. സെമിയില്‍ ജര്‍മ്മനിയെ പരാജയപ്പെടുത്തിയാണ് ഹോളണ്ട് ഫൈനലില്‍ കടന്നത്. അഞ്ചു ഗോളുകളോടെ വാന്‍ബാസ്റ്റന്‍ ടൂര്‍ണമെന്റിലെ ടോപ്സ്‌കോററായി. ഫൈനലിലെ രണ്ടു ഗോളുകളില്‍ ഒന്ന് വാന്‍ബാസ്റ്റന്റേതായിരുന്നു. മറ്റൊന്ന് ഗുള്ളിറ്റിന്റേയും.

എഴുപത്തിനാലിലെ ലോകകപ്പോടെ ടോട്ടല്‍ ഫുട്‌ബോളിന്റെ പതനം പ്രവചിക്കപ്പെട്ടെങ്കിലും ഹോളണ്ട് ആ രീതിയെ തീര്‍ത്തും ഉപേക്ഷിച്ചിരുന്നില്ല. ഒരു ലോകകപ്പിനെക്കൂടി നേരിടാനുള്ള ശേഷി അതിലപ്പോഴും അവശേഷിച്ചിരുന്നു.  1978-ലെ അര്‍ജന്റീനാ ലോകകപ്പ് അതിന് സാക്ഷിയായി. ഓസ്ട്രിയക്കാരനായ ഏണസ്റ്റ് ഹാപ്പലായിരുന്നു അക്കുറി ഹോളണ്ടിന്റെ പരിശീലകന്‍. അദ്ദേഹം ടോട്ടല്‍ ഫുട്‌ബോളിന്റെ പ്രധാന പ്രയോക്താക്കളില്‍ ഒരാളുമായിരുന്നു. ദേശീയ ടീമില്‍നിന്ന് ക്രൈഫ് വിട്ടുനിന്നെങ്കിലും ഹോളണ്ട് ഫൈനലിലെത്തി. അവിടെ പക്ഷേ, വീണ്ടും പരാജയപ്പെട്ടു. മരിയോകെമ്പസിന്റെ അര്‍ജന്റീനയായിരുന്നു 3-1ന് ഹോളണ്ടിനെ തകര്‍ത്തുവിട്ടത്.  

എന്തായാലും ടോട്ടല്‍ ഫുട്‌ബോളിന് പഴയരീതിയില്‍ തുടരാനാവില്ലെന്ന ചിന്ത സജീവമായി. അവിടെനിന്നാണ് പുതിയ നീക്കങ്ങള്‍ ആരംഭിക്കുന്നത്. അത് ടോട്ടല്‍ ഫുട്‌ബോളിനെ ഉപേക്ഷിച്ചുകൊണ്ടല്ല അതിനെ നവീകരിച്ചുകൊണ്ടായിരുന്നു. ടോട്ടല്‍ ഫുട്‌ബോളിന്റെ ആദ്യകാല വക്താക്കളില്‍ ഒരാളായിരുന്നല്ലോ റെയ്നോള്‍ഡ്. അദ്ദേഹം അജാക്സില്‍ പരിശീലകനായിരിക്കുമ്പോള്‍ റിനസ് അവിടെ കളിക്കാരനായിരുന്നു. റെയ്നോള്‍ഡില്‍ നിന്നാണ് ടോട്ടല്‍ ഫുട്‌ബോളിന്റെ ആദ്യപാഠങ്ങള്‍ റിനസ് സ്വന്തമാക്കുന്നത്. പിന്നീട് അദ്ദേഹം അജാക്സിന്റെ പരിശീലകനായപ്പോള്‍ ഗുരുവിന്റെ തന്ത്രങ്ങളെ കൂടുതല്‍ ശക്തമാക്കുകയായിരുന്നു. റിനസ് മനസ്സില്‍ കണ്ട കളിരീതിയെ പകര്‍ത്താന്‍ അപ്പോള്‍ അജാക്സില്‍ ക്രൈഫ് ഉള്‍പ്പെടെ ഒരുപറ്റം കളിക്കാരുമുണ്ടായിരുന്നു.

1964-മുതല്‍ '73 വരെ ക്രൈഫ് അജാക്സിലെ കളിക്കാരനായിരുന്നു. 1974-ല്‍ റിനസ് ബാഴ്സലോണയിലേക്ക് മാറുമ്പോള്‍ ക്രൈഫും അങ്ങോട്ടേയ്ക്ക് ചേക്കേറി. അജാക്സിനുവേണ്ടി 240 മല്‍സരങ്ങള്‍ കളിച്ച ക്രൈഫ് ബാഴ്സലോണയ്ക്കുവേണ്ടി '73 മുതല്‍ '78 വരെ 143 മല്‍സരങ്ങള്‍ കളിച്ചു. ടോട്ടല്‍ ഫുട്‌ബോള്‍ സൃഷ്ടിച്ച മികച്ച കളിക്കാരില്‍ ഒരാളായിട്ടാണ്  ക്രൈഫ് വാഴ്ത്തപ്പെടുന്നത്. 
കളിയില്‍നിന്നു വിരമിച്ചശേഷം 1988-ല്‍ ക്രൈഫ് ബാഴ്സലോണയുടെ പരിശീലകനായി. 1988 മുതല്‍ 96 വരെ എട്ടുവര്‍ഷക്കാലം അവരെ പരിശീലിപ്പിച്ചു. ഈ കാലഘട്ടത്തിലാണ് ടികി-ടാകയുടെ ആദ്യ ചലനങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. തനിക്ക് സുപരിചിതമായിരുന്ന ടോട്ടല്‍ ഫുട്‌ബോളിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ അങ്ങനെതന്നെ സ്വീകരിക്കുകയും കൂടുതല്‍ ചടുലതയും കൃത്യതയും അതിന് നല്‍കുകയുമായിരുന്നു അദ്ദേഹം. തുടര്‍ന്ന് ബാഴ്സലോണയില്‍ വന്ന ഡച്ചു പരിശീലകര്‍ തന്നെയായ വാന്‍ഗാലും ഫ്രാങ്ക് റൈക്കാഡും തങ്ങളുടേതായ രീതിയില്‍ അതിന്  വീണ്ടും മൂര്‍ച്ചകൂട്ടി.

യോഹാന്‍ ക്രൈഫ്
യോഹാന്‍ ക്രൈഫ്

2008-ല്‍ പെപ് ഗാഡിയോള ബാഴ്സലോണയുടെ പരിശീലകനാകുന്നതോടെയാണ് ടികി ടാക വ്യക്തിത്വമുള്ളൊരു കളിരീതിയായി രൂപാന്തരപ്പെടുന്നത്. യോഹാന്‍ ക്രൈഫ് ബാഴ്സലോണയുടെ പരിശീലകനായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഡ്രീം ടീമിലെ പ്രമുഖ കളിക്കാരനായിരുന്നു ഗാഡിയോള. ആ തലമുറയിലെ മികച്ച ഡിഫന്‍സീഫ് മിഡ്ഫീല്‍ഡര്‍. കറതീര്‍ന്ന സ്‌കില്ലും വേഗവും വിഷനും ഗ്രൗണ്ട് റീഡിംഗുമായിരുന്നു ഒരു കളിക്കാരനെന്ന നിലയില്‍ ഗാഡിയോളയുടെ മൂലധനം. ഈ ഗുണങ്ങള്‍ അദ്ദേഹത്തെ ക്രൈഫിന്  പ്രിയപ്പെട്ടവനാക്കി. പരിശീലകന്‍ മനസ്സില്‍ കാണുന്നതിനെ കലര്‍പ്പില്ലാതെ കളത്തില്‍ വരക്കുന്നവനെന്നാണ് ക്രൈഫ് ഗാഡിയോളയെ പുകഴ്ത്തുന്നത്.

മെസിയെപ്പോലെ ഗാഡിയോളയും ബാഴ്സലോണയുടെ യൂത്ത് അക്കാഡമിയായ 'ലാമാസിയ' യുടെ സൃഷ്ടിയാണ്. 1988 മുതല്‍ 89 വരെ ബാഴ്സയുടെ 'സി' ടീമിലും 1990-'92 വരെ 'ബി' ടീമിലും കളിച്ചു. അതിനുശേഷം  2001 വരെ സീനിയര്‍ ടീമിലും. ഇക്കാലത്തവര്‍ ആറു ലാലിഗ കിരീടങ്ങളും രണ്ട് കോപ്പാ ഡല്‍ റേയും രണ്ട് യൂറോ കപ്പുകളും ഒരിക്കല്‍ യുവേഫാ കപ്പ് വിന്നേഴ്സ് കപ്പും രണ്ടുതവണ യുവേഫാ സൂപ്പര്‍ കപ്പും നേടി. ആകെ 263 മല്‍സരങ്ങള്‍, ആറു ഗോളുകള്‍. 47 തവണ അദ്ദേഹം സ്പെയിനിന് വേണ്ടിയും കളിച്ചു. സ്പെയിനു 1992-ലെ ബാഴ്സലോണ ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടുമ്പോള്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടതും ഗാഡിയോളയായിരുന്നു. 1994-ലെ   ലോകകപ്പില്‍ സ്പെയിനിനെ ക്വാര്‍ട്ടറില്‍ എത്തിക്കുന്നതിനും പ്രധാന പങ്കുവഹിച്ചു. 

അതിനിടയില്‍ പരിശീലകന്‍ ക്ലമന്റിയുമായി തെറ്റിയ ഗാഡിയോളയ്ക്ക് 1996-ലെ യൂറോ കപ്പ് നഷ്ടമായി. '98-ല്‍ മാരകമായൊരു പരിക്കിന് വിധേയനായതിനാല്‍ '98-ലെ ലോകകപ്പും നഷ്ടമായി. രണ്ടായിരത്തിലെ യൂറോ കപ്പിലാണ് അവസാനമായി അദ്ദേഹം സ്പെയിനിനു വേണ്ടി കളിക്കുന്നത്. '88-മുതല്‍ 2001 വരെ നീണ്ട തന്റെ കരിയറില്‍ ഉടനീളം ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താവായ ക്രൈഫിനോടും ആ കളിരീതിയെ പരിഷ്‌കരിച്ചു മുന്നേറിയ ബാഴ്സലോണയോടുമാണ് സഹകരിച്ചത്. അതിനാല്‍ അതിന്റെ ശക്തിദൗര്‍ബ്ബല്യങ്ങള്‍ വ്യക്തമായിരുന്നു. അതുകൊണ്ടാണ് വീണ്ടും അതിനെ തേച്ചുമിനുക്കി മികച്ചൊരായുധമാക്കാന്‍ ഗാഡിയോള തയ്യാറായത്. 

ഇതിനിടയില്‍ ബാഴ്സയുടെ യൂത്ത് അക്കാഡമിയായ ലാമാസിയയിലും ചില നല്ല നീക്കങ്ങള്‍ ഉണ്ടായി. 1979-ല്‍ സ്ഥാപിതമായ അക്കാഡമി ക്രൈഫിന്റെ വരവോടെ കാര്യമായി പരിഷ്‌കരിക്കപ്പെട്ടു. അജാക്സ് യൂത്ത് അക്കാഡമിയുടെ ഉല്‍പ്പന്നമായിരുന്ന ക്രൈഫ് ആ മാതൃകയിലേക്ക് ലാമാസിയയെ മാറ്റിയെടുത്തു. താന്‍ പരിഷ്‌കരിച്ച ടോട്ടല്‍ ഫുട്‌ബോളിന്റെ പാഠങ്ങള്‍ക്ക് അദ്ദേഹം അവിടെ പ്രാമുഖ്യം നല്‍കി. 

രണ്ടായിരത്തോടെ കാര്‍ലോസ് പ്യുയോള്‍, സാവി, ഇനിയസ്റ്റ, ഫ്രാബ്രിഗസ്, സെര്‍ജിയോ ബെസ്‌ക്യുറ്റസ്, പെഡ്രോ, വിക്ടര്‍വാല്‍ഡ്‌സ്, ജെറാള്‍ഡ് പിക്യു എന്നിങ്ങനെ ഒരു പറ്റം മികച്ച കുട്ടികളുമെത്തി. ഫുട്‌ബോള്‍ കളിക്കാര്‍ക്കു വേണ്ട മികവെല്ലാം ഇവരില്‍ അധികമായിരുന്നെങ്കിലും.  ശാരീരികമായി ഇവര്‍ ശരാശരിക്കാരായിരുന്നു. പരിശീലനത്തില്‍ ടികി ടാകയ്ക്ക് ഊന്നല്‍ നല്‍കാന്‍ അതും കാരണമായി. അവരുടെ ശാരീരികമായ കുറവുകളെ കളിയുടെ സാങ്കേതികത്വം കൊണ്ടു നേരിടാന്‍ പരിശീലകര്‍ ഉറച്ചു. അതിന്റെ ഫലമായിരുന്നു 2008 മുതല്‍ പന്ത്രണ്ടുവരെ ബാഴ്സയേയും സ്പ*!*!*!െയിനിനേയും തുണച്ചത്. 

2010-ലെ ലോകകപ്പിനുള്ള സ്പെയിന്‍ ടീമില്‍ ലാമാസിയില്‍നിന്ന് കാര്‍ലോസ് പ്യുയോള്‍, ജെറാള്‍ഡ് പിക്യു, ഇനിയസ്റ്റ, സാവി, സെര്‍ജിയെ ബെസ്‌ക്യുറ്റസ്, പെഡ്രോ, വിക്ടര്‍വാല്‍ഡസ് ഫാബ്രിഗസ് പെപ്‌റെയ്നേ എന്നിവര്‍ ഉള്‍പ്പെട്ടു. ഇതില്‍ ആറുപേര്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പിലും വന്നു. 2010-ലെ ബാലന്‍ ഡി ഓറിന്റെ ചുരുക്കപ്പട്ടികയില്‍ ലാമാസിയയിലെ മെസിയും സാവിയും ഇനിയസ്റ്റയും ഇടം പിടിച്ചു. എല്ലാ അര്‍ത്ഥത്തിലും ലാമാസിയ പൂത്തുതളിര്‍ത്ത കാലം കൂടിയായിരുന്നു അത്.   

ഗാഡിയോളയുടെ കീഴില്‍ ബാഴ്സയുടെ യൂത്തു ടീമുകളില്‍ കളിച്ച് പരിചയിച്ച ഇവര്‍, അദ്ദേഹം 2008-ല്‍ സീനിയര്‍ ടീം പരിശീലകനായപ്പോള്‍ അവിടെയും അണിനിരന്നു. താന്‍ ടോട്ടല്‍ ഫുട്‌ബോളിന് നല്‍കിയ പുതിയ ചൈതന്യത്തെ ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കാനുള്ള അസുലഭ സന്ദര്‍ഭമായിരുന്നു ഗാഡിയോളയ്ക്ക് കൈവന്നത്. 2008-മുതല്‍ 2012 വരെ ബാഴ്സലോണയുടെ പരിശീലകനായിരുന്ന ഗാഡിയോള അവര്‍ക്കു വേണ്ടതും അതിലധികവും ഈ കളിരീതികൊണ്ട് നേടിക്കൊടുക്കുകയും ചെയ്തു. 

ഗുസ്താവ് സെബാസ്
ഗുസ്താവ് സെബാസ്

ഇനി, എന്താണ് ടികി-ടാക എന്ന് പരിശോധിക്കാം. സാങ്കേതികമായി വിവരിക്കാന്‍ എളുപ്പവും എന്നാല്‍ പ്രയോഗിക്കാന്‍ അത്രയേറെ എളുപ്പവുമല്ലാത്ത ഒരു കളിരീതിയാണ് ടികി-ടാക. ടിക്-ടിക്കനെയുള്ള പാസ്സുകളാണ് ഈ രീതിയുടെ കാതല്‍. പന്ത് റിസീവ് ചെയ്തശേഷം ഒരു കളിക്കാരനും രണ്ടു സെക്കന്റിനുമേല്‍ പന്ത് കൈവശം വയ്ക്കാറില്ല. അതിനു മുന്‍പ് റിലീസ് ചെയ്യുന്നതാണ് രീതി. പാസ്സുകള്‍ ചെറുതും കൃത്യവുമായിരിക്കും. എന്നാല്‍ കളിക്കളത്തിന്റെ ഇരുപകുതിയിലും ടീമൊന്നാകെ പന്തെപ്പോഴും സ്വന്തം കാലില്‍ നിറുത്തുകയും വേണം. ഇതിനെ ബോള്‍ പൊസഷന്‍ (പന്ത് കൈവശം വയ്ക്കല്‍) എന്നു സാങ്കേതികമായി പറയാം. വേഗത്തിലുള്ള പാസ്സുകള്‍പോലെ ബോള്‍ പൊസഷനും ടികി-ടാകയുടെ ജീവനാണ്. ഇപ്പോള്‍ കളിയുടെ സ്ഥിതിവിവരക്കണക്കുകളില്‍ ടീമുകളുടെ ബോള്‍ പൊസഷന് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. പരമ്പരാഗതമായ പൊസിഷനുകളില്‍ ഒരു കളിക്കാരനും സ്ഥിരം ബന്ധിയല്ല. കളത്തിലെവിടെയും ടീം ഒന്നാകെ ഒരു ലായനിപോലെ ഒഴുകിപ്പരക്കും.

മിഡ്ഫീല്‍ഡിലാണ് ടികി-ടാക പ്രധാനമായും ഊന്നുന്നത്. ഗോളിലേക്കുള്ള ഏതു നീക്കവും ആസൂത്രണം ചെയ്യപ്പെടുന്നത് ഇവിടെ നിന്നാകും. ചെറിയ പാസ്സുകളിലൂടെ കളി നിയന്ത്രിക്കുകയും എതിര്‍ പകുതിയില്‍ ശൂന്യസ്ഥലങ്ങള്‍ സൃഷ്ടിച്ച് ചടുലമായി പ്രത്യാക്രമണം സംഘടിപ്പിക്കുകയും ചെയ്യും. നീക്കങ്ങള്‍ കൃത്യവും അപ്രതീക്ഷിതവുമായതിനാല്‍ എതിര്‍ ടീമിന് വേഗത്തില്‍ പ്രതിരോധം സംഘടിപ്പിക്കുവാനുള്ള സമയം ലഭിക്കണമെന്നില്ല. ഇവിടെയാണ് ടികി-ടാകയുടെ വിജയകോടിയും. 

ക്ലെമന്റെ
ക്ലെമന്റെ

ടികി-ടാകയില്‍ പരമ്പരാഗതമായ ഒരു സ്ട്രൈക്കര്‍ ഉണ്ടാകണമെന്നില്ല. പകരം അറ്റാക്കിംഗ് മിഡ്ഫീല്‍ഡറെന്നോ പ്ലേമേക്കര്‍ എന്നോ സെന്‍ട്രല്‍ ഫോര്‍വേഡെന്നോ വിശേഷിപ്പിക്കാവുന്ന ഒരു കളിക്കാരനുണ്ടാകും. ഇയാള്‍ക്ക് പരിപൂര്‍ണ്ണമായ ചലനസ്വാതന്ത്ര്യവുമുണ്ട്. എതിര്‍ ടീം പ്രതിരോധത്തിന്റെ ശ്രദ്ധ പിടിക്കുകയും അവരുടെ സ്ഥാനങ്ങളില്‍നിന്ന് അവരെ അവശ്യാനുസരണം നീക്കം ചെയ്ത് ഗോളിലേക്കുള്ള പഴുത് സൃഷ്ടിക്കുകയുമാണ് ഈ കളിക്കാരന്റെ ദൗത്യം. പലപ്പോഴും എതിര്‍ പ്രതിരോധം ഈ കളിക്കാരനെ പിന്തുടരാന്‍ പ്രേരിപ്പിക്കപ്പെടും അങ്ങനെ ശൂന്യസ്ഥലങ്ങള്‍ ഗോള്‍ ഏര്യകളില്‍ സംജാതമാകും. ഒരര്‍ത്ഥത്തില്‍ പ്രതിരോധത്തെ കബളിപ്പിക്കലെന്ന് പറയാം. ടോട്ടല്‍ ഫുട്‌ബോളിന്റെ കാലത്ത് അജാക്സിലും ഹോളണ്ട് ദേശീയ ടീമിലും ക്രൈഫ് വഹിച്ചിരുന്ന റോളാണിത്. ടികി-ടാകയില്‍ മെസിയുടെ റോളും ഇതായിരുന്നു. ഗോളടിക്കുന്നതിലും ഗോളവസരങ്ങള്‍ ഒരുക്കുന്നതിലും ഇരുവരും ഒരുപോലെ മിടുക്കു കാട്ടി എന്നത് ചരിത്രം. 

മികവിന്റെ ഫാള്‍സ് 9
ഇങ്ങനെയുള്ള കളിക്കാരെ പൊതുവേ 'ഫാള്‍സ് നയന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. പരമ്പരാഗതമായ രീതിയില്‍ സെന്‍ട്രല്‍ ഫോര്‍വേഡിന് നല്‍കുന്ന നമ്പരാണ് ഒന്‍പത്. എതിര്‍ പ്രതിരോധക്കാരുടെ തൊട്ടടുത്തായിരിക്കും ഇയാളുടെ സ്ഥാനം. അവസരം കൈവരുമ്പോള്‍ ഗോളടിക്കുക എന്നത് ദൗത്യവും. മധ്യവരയ്ക്ക് സമീപത്തേക്ക് അധികം ഇറങ്ങിക്കളിക്കാറുമില്ല. എന്നാല്‍ 'ഫാള്‍സ് നയനി'ന്റെ ചുമതല ഇതില്‍ അല്‍പ്പം വ്യത്യസ്തമാണ്. നില്‍ക്കുന്ന സ്ഥലത്തെ സംബന്ധിച്ച് ഇയാള്‍ പരിപൂര്‍ണ്ണ സ്വതന്ത്രനായിരിക്കും. പലപ്പോഴും മുന്നേറുന്നതോടൊപ്പം അധികം പിന്നോട്ടിറങ്ങും. ഡ്രിബിളിംഗ് പാടവവും കുറിയ പാസ്സുകള്‍ ചെയ്യാനുള്ള കഴിവും ഈ കളിക്കാരന് നിര്‍ബന്ധം. അയാള്‍ മിഡ്ഫീല്‍ഡര്‍മാരുമായി എളുപ്പത്തില്‍ ലിങ്ക് ചെയ്യണം. ഒപ്പം ബുദ്ധിപൂര്‍വ്വകമായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും വേണം. 

'ഫാള്‍സ് നയന്‍' പക്ഷേ, ടികി-ടാകയുടെ കണ്ടുപിടുത്തമൊന്നുമല്ല. 1930-കളില്‍ത്തന്നെ ഫാള്‍സ് നയന്‍ ഉപയോഗിക്കപ്പെട്ടിരുന്നു. 1930-ലെ ലോകകപ്പില്‍ ഉറുഗ്വന്‍ ടീമിലെ ജുവാന്‍ ആന്‍സല്‍മോയും അതേ കാലത്ത് ഓസ്ട്രിയന്‍ ടീമില്‍ കളിച്ച സിന്‍ഡിലറും 4-6-0 ഫോര്‍മേഷനില്‍ കളിച്ച ഇറ്റാലിയന്‍ ടീം  റോമയുടെ ഫ്രന്‍സിസ് കോടോട്ടിയും ഇതേ ദൗത്യം തന്നെയാണ് നിര്‍വ്വഹിച്ചിരുന്നത്. ആഴ്സണലില്‍ കളിച്ചിരുന്നപ്പോള്‍ വാന്‍പേഴ്സിയുടെ സ്ഥാനവും ഇതായിരുന്നു. എന്നാല്‍ ടികി-ടാകയില്‍ ഈ സ്ഥാനം കൂടുതല്‍ ശാസ്ത്രീയമായും ഭാവനാത്മകമായും ക്രിയാത്മകമായും ഉപയോഗിക്കപ്പെട്ടു എന്നതാണ് വ്യത്യാസം. 

കുറിയ പാസ്സുകളിലൂടെ എതിര്‍ ടീമിന്റെ ആക്രമണങ്ങളെ നേരിടുന്ന രീതിയും ടികി-ടാകയുടെ പ്രത്യേകതയായി ചൂണ്ടിക്കാട്ടാം. പഴയരീതിയില്‍ എന്നപോലെ ഡിഫന്റര്‍മാര്‍ കനത്ത അടികളിലൂടെ ഗോള്‍ ഏരിയയെ സുരക്ഷിതമാക്കുന്ന രീതിയും ടികി-ടാകയില്‍ അത്യപൂര്‍വ്വമാണ്. അതൊക്കെ സൂക്ഷ്മവും നിശ്ശബ്ദവുമായ പാസ്സുകളിലൂടെ ടികി-ടാക കൈകാര്യം ചെയ്യും. ഗോള്‍കീപ്പര്‍ കൂടി ഈ പാസ്സിംഗ് പ്രക്രിയയില്‍ ഉള്‍പ്പെടുമെന്നതും ടികി-ടാകയുടെ പ്രത്യേകതയായി ചൂണ്ടിക്കാട്ടാം.  ചുരുക്കത്തില്‍ പാസ്സിംഗാണ് എല്ലാം. കളിക്കാരുടെ പൊസിഷന്‍ മാറ്റമെന്ന ടോട്ടല്‍ ഫുട്‌ബോളിന്റെ പ്രധാന സംഭാവനകൂടിയാകുമ്പോള്‍ ടികി-ടാക യുടെ സാങ്കേതികത്വം പൂര്‍ണ്ണമാകുന്നു. ആക്രമണവും പ്രതിരോധവും ടികി-ടാകയില്‍ തുല്യ പ്രാധാന്യം നേടുന്നു എന്നതും എടുത്തുപറയേണ്ടതാണ്. 

നേരത്തെ സൂചിപ്പിച്ചതുപോലെ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ഒട്ടും എളുപ്പമല്ല ടികി-ടാക. ശാരീരിക ക്ഷമത, സാങ്കേതികത്തികവ്, വേഗം, വിഷന്‍ എന്നിവയില്‍ ഒരുപോലെ തികവ് പുലര്‍ത്തുന്ന കളിക്കാരെയാണ് ടികി-ടാക ആവശ്യപ്പെടുന്നത്. ഇതൊക്കെ സ്വായത്തമായിട്ടുള്ള കളിക്കാര്‍ക്കുതന്നെ എപ്പോഴും അത് ഒരുപോലെ നിലനിര്‍ത്താന്‍ കഴിയണമെന്നില്ല. ടീമിന്റെ മൊത്തത്തിലുള്ള ഒത്തിണക്കവും പരസ്പര ധാരണയും ഈ കളിരീതി ആവശ്യപ്പെടുന്നു. കളിക്കളത്തില്‍ കളിക്കാര്‍ ഒറ്റമനസ്സും ശരീരവുമായി മാറേണ്ടതുണ്ട്. ചങ്ങലപോലെ ചലിക്കുമ്പോള്‍ ഏതെങ്കിലും ഒരു കണ്ണി ദുര്‍ബ്ബലമായാല്‍ എല്ലാം തകര്‍ന്നുവീഴും. താന്‍പോരിമയുള്ള കളിക്കാര്‍ ടികി-ടാകയില്‍ പ്രായോഗികവുമല്ല. സൂപ്പര്‍ സ്റ്റാറുകളുടെ ഈഗോ ശക്തമായുള്ള റയല്‍ മാഡ്രിഡിനെപ്പോലൊരു ടീമിന് ടികി-ടാക സങ്കല്‍പ്പിക്കാന്‍ തന്നെ പ്രയാസമായിരിക്കും.

ബാഴ്സലോണയ്ക്കും സ്പെയിനിനും ഒരുപോലെ നേട്ടങ്ങള്‍ സമ്മാനിച്ച ടികി-ടാക അവര്‍ക്കിപ്പോള്‍ ഭാരമായതെങ്ങനെ? വളരെ ലളിതമാണ് ഉത്തരം.
ബാഴ്സലോണയുടെ യൂത്ത് അക്കാഡമിയില്‍ ഏറെക്കുറെ ഒരേകാലത്ത് എത്തുകയും ഒരു ദശകത്തോളം ഒരുമിച്ച് പരിശീലനം നേടുകയും ചെയ്ത ഒരു പറ്റം അസാധാരണ പ്രതിഭയുള്ള കളിക്കാരെ ഉപയോഗിച്ചാണ് ഗാഡിയോളയും സ്പെയിനും ടികി-ടാകയെ പ്രായോഗികമാക്കിയത്. 2008-ല്‍ ഗാഡിയോള ചുമതലയേല്‍ക്കുമ്പോള്‍ യുവത്വം വിടാത്ത കളിക്കാരായിരുന്നു ഇവര്‍. അന്ന് മെസി, പിക്യു, ഫാബ്രിഗസ് എന്നിവര്‍ക്ക് 23-ഉം പെഡ്രോയ്ക്ക് 22-ഉം  സെര്‍ജിയോ ബിസ്‌ക്യുറ്റസിന് ഇരുപതും  വിക്ടര്‍ വാല്‍ഡസിനും ഇനിയസ്റ്റേക്കും 26-ഉം സാവിക്ക് 28-ഉം പ്യൂയോളിന് 30-ഉം ആയിരുന്നു പ്രായം. ടികി-ടാക എന്നല്ല ഏത് കടുത്ത രീതികളും കളത്തില്‍ അങ്ങേയറ്റം തീവ്രതയോടെ പ്രാവര്‍ത്തികമാക്കാനുള്ള ശാരീരികവും മാനസികവുമായ കരുത്തും ആത്മവിശ്വാസവും അന്നവര്‍ക്കുണ്ടായിരുന്നു. 

ഇന്നിപ്പോള്‍ കഥ മാറിയിരിക്കുന്നു. പ്യുയോള്‍ 2014-ല്‍ വിരമിച്ചു. 2015-ല്‍ സാവി ബാഴ്സലോണ വിട്ട് ദോഹയിലെ അല്‍സാദ് സ്പോര്‍ട്‌സ് ക്ലബ്ബിലേക്ക് മാറി. 2014-ല്‍ തന്നെ ഫാബ്രിഗസ് ചെല്‍സിയിലേക്കു പോയി. 2016-ല്‍ വിക്ടര്‍വാല്‍ഡസും ക്ലബ്ബ് വിട്ട് മാഞ്ചസ്റ്ററില്‍ ചേര്‍ന്നു. ഏറ്റവും ഒടുവില്‍ 33-കാരനായ ഇനിയസ്റ്റയും ബാഴ്സയെ ഉപേക്ഷിച്ചിരിക്കുന്നു. മെസിയുള്‍പ്പെടെയുള്ള മറ്റു കളിക്കാര്‍ മുപ്പതു വയസ്സ് പിന്നിട്ടിരിക്കുന്നു. പ്രായം അവരെ ടികി-ടാകയ്ക്ക് അനുയോജ്യരല്ലാത്തവരായി മാറ്റിത്തുടങ്ങിയിരിക്കുന്നു എന്നു ചുരുക്കം. ടികി-ടാക സൃഷ്ടിക്കുന്ന വലിയ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഇനിയവര്‍ക്ക് കഴിയണമെന്നില്ല.  മെസിക്കുപോലും പഴയ കൃത്യതയും വേഗവും നിലനിര്‍ത്താനാകുന്നില്ല എന്നത് ഇപ്പോള്‍ അദ്ദേഹത്തിന്റെ കളി നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാകും. മറ്റുള്ളവരുടെ കാര്യം പറയാനുമില്ല. പ്യുയോള്‍ പോയതോടെ പ്രതിരോധത്തിലും സാവിയും ഇനിയസ്റ്റയും മാറിയതോടെ മധ്യനിരയിലും കടുത്ത അനിശ്ചിതത്ത്വമാണ് ബാഴ്സ നേരിടുന്നത്. പകരം വരുന്നവര്‍ക്ക് ബാഴ്സയുടെ കളിരീതികളുമായി ഇണങ്ങാന്‍ കഴിയുന്നുമില്ല. ഇവിടമാണ് ടികി-ടാകയുടേയും സ്പെയിനിന്റേയും ബാഴ്സയുടേയും പരാജയസ്ഥാനം.

ബാഴ്സലോണയ്ക്ക് ഇങ്ങനെ ഒരു ദുരന്തപരിണാമമുണ്ടാകുമെന്നും അതിനെ പ്രതിരോധിക്കാന്‍ എളുപ്പമായിരിക്കില്ലെന്നും ദീര്‍ഘദര്‍ശനം ചെയ്യാന്‍ കഴിഞ്ഞതുകൊണ്ടാണ് ഗാഡിയോള 2012-ല്‍ തന്നെ ബാഴ്സ വിട്ടുപോയത്. ക്ലബ്ബ് അപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളുടെ കൊടുമുടിയിലുമായിരുന്നു. ലോക ഫുട്‌ബോളില്‍ ഞെട്ടലുണ്ടാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍. എന്നാല്‍, അതൊട്ടും അപ്രതീക്ഷിതമായിരുന്നില്ലെന്നും ക്ലബ്ബ് വിടുന്നതിന് മുന്‍പുതന്നെ കളിക്കാരില്‍ മാത്രമല്ല, ടികി-ടാകയിലുമുള്ള വിശ്വാസം അദ്ദേഹത്തിന് നഷ്ടമായിരുന്നു എന്നും  വ്യക്തമാക്കുന്നൊരു കാര്യം കൂടി ചൂണ്ടിക്കാട്ടിയാലേ ഈ പ്രകരണം പൂര്‍ത്തിയാകൂ. 

ഗുണഭോക്താവും വിമര്‍ശകനും
ടികി-ടാകയെ മികച്ചൊരു കളിരീതിയാക്കി മാറ്റുകയും ഏറ്റവും വലിയ ഗുണഭോക്താവാകുകയും ചെയ്ത  ഗാഡിയോള തന്നെ അതിന്റെ കടുത്ത വിമര്‍ശകനായി രംഗത്തുവരുന്ന കാഴ്ചയാണത്. മുന്‍ അത്ലറ്റും സ്പെയിനിലെ പ്രസിദ്ധ സ്പോര്‍ട്ട്‌സ് ജേണലിസ്റ്റുമായ മാര്‍ട്ടിന്‍ പെരാര്‍നൗ എഴുതിയ 'പെപ് കോണ്‍ഫിഡന്‍ഷ്യല്‍' എന്ന പുസ്തകത്തില്‍ ടികി-ടാകയ്ക്ക് എതിരെ തുറന്ന വിമര്‍ശനമാണ് ഗാഡിയോള നടത്തുന്നത്. 2014 സെപ്തംബറിലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. 2016 നവംബറില്‍ പുറത്തുവന്ന മാര്‍ട്ടിന്റെ തന്നെ 'പെപ്ഗാഡിയോള ദി എവല്യൂഷന്‍' എന്ന പുസ്തകത്തിലും ഇതിന്റെ തുടര്‍ച്ച കാണാം. 
'അങ്ങേയറ്റം അസംബന്ധവും ഉദ്ദേശ്യരഹിതവും' എന്നാണ് ടികി-ടാകയെ ഗാഡിയോള പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്. പാസ്സുകള്‍ക്കു വേണ്ടിയുള്ള പാസ്സുകള്‍ മാത്രമാണ് അതില്‍. പ്രത്യേക ഉദ്ദേശ്യമൊന്നും പാസ്സുകള്‍ക്കുണ്ടായിരിക്കണമെന്നില്ല. മറ്റൊരു കളിരീതിയില്‍ നിങ്ങള്‍ പാസുചെയ്യുന്നത് ഗോള്‍ ലക്ഷ്യംവെച്ചുകൊണ്ടാണ്. ഇവിടെ അതല്ല. ബോള്‍ കൈവശം വയ്ക്കുന്നതില്‍ ടീം കാണിക്കുന്ന അത്യാര്‍ത്തി കളിയെ അറുബോറനാക്കുന്നു എന്നല്ല, കളിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ടികി-ടാക ഗോളിനെ ഒരിക്കലും ലക്ഷ്യമാക്കുന്നില്ല. കളിക്കാരുടെ ഭാരം വര്‍ധിക്കുമെന്നല്ലാതെ വിശേഷിച്ചൊരു മഹിമയും ടികി-ടാകയ്ക്ക് അവകാശപ്പെടാനില്ല-ഗാഡിയോള തുറന്നടിക്കുന്നു.

ഗാഡിയോള ബാഴ്സലോണ വിട്ട് ബയേണ്‍മ്യൂണിക്കിന്റെ മാനേജരായി ചുമതലയേല്‍ക്കുന്നത് 2013 ജൂണ്‍ 24-നാണ്. അതിനുശേഷം വെറും പതിനഞ്ചു മാസത്തിനുള്ളിലാണ് ടികി-ടാകയ്ക്ക് എതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തുവരുന്നത്. ഇത് പ്രത്യേകം ശ്രദ്ധേയമാണ്. ടികി-ടാകയില്‍ ഊന്നി ബാഴ്സലോണയെ പരിശീലിപ്പിക്കുമ്പോള്‍ത്തന്നെ അതിന്റെ ദൗര്‍ബ്ബല്യങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. നല്ലൊരു സന്ദര്‍ഭം കിട്ടിയപ്പോള്‍ പുറത്തുവന്നു എന്നേയുള്ളു.
ടികി-ടാകയ്ക്ക് അതിന്റെ പ്രതാപകാലത്തുതന്നെ ശക്തമായ വിമര്‍ശനങ്ങളും തിരിച്ചടികളും നേരിടേണ്ടിവന്നിട്ടുണ്ട്. ടികി-ടാക മിഡ്ഫീല്‍ഡര്‍മാരുടെ മാത്രം കളിയെന്നാണ് പ്രസിദ്ധ സ്പോര്‍ട്‌സ് ജേണലിസ്റ്റ് ഗേ ഹെഡ്ജി കോയ് വിലയിരുത്തുന്നത്. ആക്രമണമോ ആക്രമണത്തിനുള്ള ത്വരയോ അവിടെയില്ല. അതിനാല്‍ ടികി-ടാക ബോറന്‍ പരിപാടിയാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഇതേ അഭിപ്രായമാണ് മോറീഞ്ഞോയ്ക്കും അഴ്സന്‍ വെംഗര്‍ക്കുമുള്ളത്. ഗോളിനുള്ള വെമ്പലൊന്നുമില്ലാതെ കളത്തില്‍ അലഞ്ഞുനടക്കാന്‍ കുറേ കളിക്കാര്‍ എന്നാണ് വെംഗറുടെ വിലയിരുത്തല്‍. ഈ ആക്ഷേപങ്ങളില്‍ തീര്‍ച്ചയായും കഴമ്പുണ്ട്.
ടികി-ടാകയുടെ കാലം ലോക ഫുട്‌ബോളിലെ ഉണര്‍വിന്റെ കാലം കൂടിയായിരുന്നു. അതിന്റെ പടയോട്ടക്കാലത്ത് അതിനെ തളയ്ക്കാന്‍ തലപുകച്ച പരിശീലകര്‍ നിരവധി. പരീക്ഷിക്കപ്പെട്ട മാര്‍ഗ്ഗങ്ങളും നിരവധി. അത് ഈ കളിയെ സമ്പന്നമാക്കിയിട്ടുമുണ്ട്. ടികി-ടാക ബാഴ്സലോണയിലോ സ്പെയിനിലോ മാത്രം ഒതുങ്ങിനിന്നതുമില്ല. മറ്റു ടീമുകളും പലരീതിയില്‍ അതിനെ സ്വാംശീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും കളിക്കാന്‍ പറ്റുന്ന രീതിയായിരുന്നില്ല അത്. ടികി-ടാക ആവശ്യപ്പെടുന്നത് അങ്ങേയറ്റം പ്രതിഭയുള്ള കളിക്കാരെ മാത്രമായിരുന്നു.

നൂറുകണക്കിന് പ്രബന്ധങ്ങളും ലേഖനങ്ങളും അപൂര്‍വ്വം ചില നല്ല പുസ്തകങ്ങളും ടികി-ടാക യുടെ സംഭാവനയായുണ്ട്. ഇതില്‍ ഏറ്റവും മികച്ച പുസ്തകം ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയുടെ പ്രധാന ഫുട്‌ബോള്‍ പരിശീലകനായ ജെഡ് ഡേവിസിന്റേതാണ്. അദ്ദേഹത്തിന്റെ 'കോച്ചിംഗ് ദി ടികി-ടാക സ്‌റ്റൈല്‍ ഓഫ് ഫുട്‌ബോള്‍'  ടികി-ടാകയുടെ തത്ത്വശാസ്ത്രവും സങ്കേതങ്ങളും തലനാരിഴ കീറി പരിശോധിക്കുന്നു. മറ്റൊന്ന് അമേരിക്കയിലെ മോണ്‍റോയി കോളേജിന്റെ മുഖ്യ ഫുട്‌ബോള്‍ പരിശീലകന്‍ മാര്‍ക്കസ് ഡി ബെര്‍ണാഡോയുടെ 'ടികി-ടാക പാസ്സിംഗ് പാറ്റേണ്‍സ് ആന്റ് എക്സര്‍സൈസ്' എന്ന പുസ്തകവുമാണ്.

ടികി-ടാക ഇനി ബാഴ്സലോണയിലേക്കോ സ്പെയിനിലേക്കോ അങ്ങനെതന്നെ തിരിച്ചുവരില്ലെന്ന കാര്യം തീര്‍ച്ചയാണ്. എങ്കിലും അത് ആരാധകരുടെ മനസ്സില്‍ നിക്ഷേപിച്ചുപോയ ചില ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ അങ്ങനെതന്നെയുണ്ടാകും. 30-കളിലെ ഓസ്ട്രിയന്‍ ടീമിനേയും അന്‍പതുകളിലെ ഹംഗേറിയന്‍ ടീമിനേയും എഴുപതുകളിലെ ഡച്ചു ടീമിനേയും പോലെ രണ്ടായിരത്തിലെ ബാഴ്സലോണയും സ്പെയിനും ചരിത്രത്തില്‍ മങ്ങാതെ നില്‍ക്കും. 
വെറൗവും കാറ്റിനാസിയോയും ടോട്ടല്‍ ഫുട്‌ബോളും ടികി-ടാകയും അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങളില്‍ സംഭവിച്ച പ്രതിഭാസങ്ങളാണ്. എല്ലാ പ്രതിഭാസങ്ങളേയും  കാലം ദുര്‍ബ്ബലമാക്കുമെന്നത് ചരിത്രം. വെറൗവുവിനും കാറ്റിനാസിയോയ്ക്കും ടോട്ടല്‍ ഫുട്‌ബോളിനും സംഭവിച്ചതും അതുതന്നെയാണ്. ഇപ്പോള്‍ ടികി-ടാകയ്ക്കും അത്രയേ സംഭവിച്ചിട്ടുള്ളു. എന്നാല്‍, ഇവ കളിക്കു നല്‍കിയ ചില സ്ഥിരം നിക്ഷേപങ്ങള്‍ ഇവയുടെ പൂര്‍ണ്ണരൂപങ്ങളെ നമ്മുടെ മനസ്സിലേക്ക് പ്രത്യാനയിച്ചുകൊണ്ടേയിരിക്കും.

വെറൗവും കാറ്റിനാസിയോയും കളമൊഴിഞ്ഞെങ്കിലും അവ കൊണ്ടുവന്ന പ്രതിരോധ രീതികള്‍ ആ രൂപത്തിലല്ലെങ്കിലും ഇപ്പോഴും കളത്തിലുണ്ട്. ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റാലിയന്‍ ടീമായ യുവന്റ്‌സ് ബാഴ്സയെ തളയ്ക്കാന്‍ ഉപയോഗിച്ച പ്രതിരോധ തന്ത്രങ്ങളില്‍ തിളച്ചത് കാറ്റിനാസിയോയുടെ പ്രതിരോധ രീതികള്‍ തന്നെയായിരുന്നു. ടോട്ടല്‍ ഫുട്‌ബോളിലെ കളിക്കാരുടെ പൊസിഷന്‍ മാറ്റവും പാസ്സിംഗിലും റിസീവിംഗിലും ബോള്‍ പൊസഷനിലും വേഗത്തിലും ടികി-ടാക പുലര്‍ത്തിയ കൃത്യതയും കളി എത്രകാലം മുന്നോട്ടുപോയാലും തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ ഈ കളിരീതികളുടെ രക്തസാക്ഷിത്വങ്ങളില്‍ വിലപിക്കാന്‍ ഒന്നുമില്ല.

'രക്തസാക്ഷിത്വങ്ങള്‍ ഭാവിയുടെ ഈടുവയ്പുകളാണ്.' ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റും നൊബേല്‍സമ്മാന ജേതാവുമായ ജെ.എം. കുറ്റ്‌സേ 'ദി മാസ്റ്റര്‍ ഓഫ് സെന്റ് പീറ്റേഴ്സ്ബര്‍ഗ്' എന്ന നോവലില്‍ കുറിച്ച വാക്കുകളാണിത്. ഈ വാക്കുകള്‍ നമുക്ക് എപ്പോഴും ഓര്‍ക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com