കാല്‍പ്പന്തില്‍ സ്പന്ദിക്കുന്ന മലപ്പുറം 

പന്തുരുട്ടാന്‍ ബൂട്ടുകെട്ടുന്ന കാലുകള്‍ ചവിട്ടിയിറങ്ങുന്ന ഓരോ പടികള്‍ക്കു മീതെയും ഒരു പ്രാര്‍ത്ഥനാമുറിയില്‍ ''എന്റെ കുട്ടി ജയിച്ചുവരണേ'' എന്ന നേര്‍ച്ചയുണ്ടാകും.
കാല്‍പ്പന്തില്‍ സ്പന്ദിക്കുന്ന മലപ്പുറം 

ലോകം മുഴുവന്‍ ഒരു ബിന്ദുവിലേക്ക്, റഷ്യയിലെ സെന്‍ട്രല്‍ ലെനിന്‍ സ്റ്റേഡിയത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഭൂഗോളം കാല്‍പ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുകയാണ്. കാലിലും ഖല്‍ബിലുമിട്ട് ഈ പന്തിനെ തട്ടിക്കൊണ്ടിരിക്കുകയാണ്. ''ഇത് വെറും പന്തല്ല സത്യാ, ഭൂഗോളമാണ്. ഇതിനെ പ്രണയിച്ചു തുടങ്ങിയാല്‍ ഇത് നിന്നെയും കൊണ്ട് ഈ ലോകം മുഴുവന്‍ ചുറ്റും'' എന്ന് ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്ന ജാഫര്‍ വി.പി. സത്യനോട് പറഞ്ഞത് വെറും വാക്കല്ല. 

ഇന്ത്യന്‍ സൂപ്പര്‍ലീഗും ടൂര്‍ണമെന്റുകളും ക്ലബ്ബുകളും ടെലിവിഷനും മൊബൈല്‍ഫോണും ഇന്റര്‍നെറ്റുമെല്ലാം പ്രചാരത്തില്‍ വരുന്നതിനും വളരെ മുന്‍പ്, ഫുട്‌ബോള്‍ എന്ന ഫാഷന്‍ പ്രൊഫഷനായിക്കൂടി ട്രാന്‍സ്ഫോര്‍മേഷന്‍ ചെയ്യപ്പെടുന്നതിനും മുന്‍പ് ഈ പന്തിനു പിറകെ ഓടിക്കൊണ്ടിരുന്നവരുണ്ട്. ഫുട്‌ബോളിനെ മതമായും ജീവിതശൈലിയായും നെഞ്ചേറ്റുന്ന പാടങ്ങളിലും പറമ്പുകളിലും മണല്‍ത്തിട്ടകളിലും കാലുകള്‍കൊണ്ട് വിസ്മയം തീര്‍ക്കുന്ന മനുഷ്യര്‍. 'ഫുട്‌ബോളിന്റെ മെക്ക' എന്നറിയപ്പെടുന്ന മലപ്പുറത്തെ പച്ചമനുഷ്യന്‍. 

ഒരു സിസര്‍ക്കട്ടില്‍നിന്നും തുടങ്ങാം മലപ്പുറത്തിന്റെ ഹൃദയശസ്ത്രക്രിയ. മലപ്പുറത്തിന്റെ സിരകളിലൂടെ ഒഴുകുന്ന ചരിത്രപരവും സാംസ്‌ക്കാരികപരവുമായ എല്ലാ ഘടകങ്ങളും ഈ പന്തിനെ ചുറ്റിപ്പറ്റിയാണ് നിലനില്‍ക്കുന്നത്. സ്വന്തം ജീവിതവും മരണവും അതിനിടയ്ക്കുള്ള സംഭവവികാസങ്ങളുമെല്ലാം രണ്ടു ഗോള്‍പോസ്റ്റുകള്‍ക്കിടയിലെ ഒന്നര മണിക്കൂര്‍ നീളുന്ന കളിയോട് വളരെ ക്രിയേറ്റീവ് ആയി ഉപമിക്കുന്ന മനുഷ്യരുടെ നാടിനെക്കുറിച്ചാണ്, ''കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണെങ്കില്‍ ഫുട്‌ബോളിന്റെ തലസ്ഥാനം മലപ്പുറമാണെന്ന്'' പറയുന്നത്. 

ഖല്‍ബിലെ തീഗോളം
സാമ്രാജ്യത്വവിരുദ്ധ മനോഭാവവും സംഘബലവും ദേശസ്‌നേഹവും സാഹോദര്യവും ഈ ഫുട്‌ബോള്‍ പ്രേമവും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ 1852-ല്‍ മലപ്പുറം ആസ്ഥാനമായി രൂപീകരിച്ച ലേബര്‍ സ്പെഷല്‍ പൊലീസിന്റെ രാഷ്ട്രീയതന്ത്രങ്ങളുടെ ഭാഗമായി നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയ കളികളില്‍ മലപ്പുറത്ത്  വേരുറച്ചുപോയത് ഫുട്‌ബോള്‍ മാത്രമായിരുന്നു. ക്രിക്കറ്റ്, വോളിബോള്‍, ഹോക്കി തുടങ്ങിയ കളികള്‍ക്ക് തരാതമ്യേന വന്നിരുന്ന അധിക ചെലവുകളായിരുന്നിരിക്കാം ഇതിനു കാരണം. ബൂട്ടണിഞ്ഞ് റബ്ബര്‍പ്പന്തുമായി കളത്തിലിറങ്ങിയ ബ്രിട്ടീഷുകാരെ വാഴപ്പോളകൊണ്ട് കെട്ടിയുണ്ടാക്കിയ തലപ്പന്തുകൊണ്ട് നഗ്‌നപാദരായി കളിച്ച് പരാജയപ്പെടുത്തിയ തദ്ദേശീയരുടെ ഏറ്റവും വലിയ ബലം സാമ്രാജ്യത്വവിരുദ്ധ സംഘബലം തന്നെയായിരുന്നു. കളിയില്‍ ജയിച്ചുകയറണം  എന്നതിലുപരി ബ്രിട്ടീഷുകാരന്റെ വലയില്‍ വീഴുന്ന ഇന്ത്യാക്കാരന്റെ ഗോള്‍ എന്ന ദേശീയ സ്വത്വബോധമാണ് അന്ന് നഗ്‌നപാദനായി, സ്വന്തം മണ്ണില്‍ കാലുറപ്പിച്ചു ചവിട്ടി വൈദേശിക ശക്തികളോട് പോരടിച്ച മലപ്പുറത്തുകാരനെ ജയിപ്പിച്ചുവിട്ടത്. ഇതേ കൂട്ടായ്മയും ഐക്യവും തന്നെയാണ് കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറവും ടെലിവിഷന്‍ ജ്വരവും ക്രിക്കറ്റ് ജ്വരവും ബാധിച്ച ഇന്ത്യയുടെ പൊതുമണ്ഡലത്തില്‍നിന്ന് വ്യത്യസ്തമായി മലപ്പുറത്തെ മൈതാനങ്ങളില്‍ കാല്‍പ്പന്തുകളിയെ നിലനിര്‍ത്തിപ്പോരുന്നത്. 

ഒരു മലപ്പുറത്തുകാരിയുടെ ഏറ്റവും വലിയ ഫുട്‌ബോള്‍ എന്‍സൈക്ലോപീഡിയ അവളുടെ വീട് തന്നെയാണ്. ഒരു കുടുംബത്തില്‍ത്തന്നെ ചുരുങ്ങിയത് രണ്ടോ മൂന്നോ കളിക്കാരെങ്കിലും ഉണ്ടായിരിക്കും. എല്ലാ ദിവസവും അലക്കി ഉണങ്ങാനിടുന്ന വസ്ത്രങ്ങളുടെ കൂട്ടത്തില്‍ ഒരു ജഴ്സിയെങ്കിലും ഓരോ അയയിലും നിവര്‍ന്നു കിടക്കും. പന്തുരുട്ടാന്‍ ബൂട്ടുകെട്ടുന്ന കാലുകള്‍ ചവിട്ടിയിറങ്ങുന്ന ഓരോ പടികള്‍ക്കു മീതെയും ഒരു പ്രാര്‍ത്ഥനാമുറിയില്‍ ''എന്റെ കുട്ടി ജയിച്ചുവരണേ'' എന്ന നേര്‍ച്ചയുണ്ടാകും. കാല്‍പ്പന്തു കളിച്ച് മണ്ണിലും വിയര്‍പ്പിലും ചെളിയിലും മുങ്ങിനിവരുന്ന മലപ്പുറത്തെ ഒരു വീട്ടില്‍നിന്ന് ജനിച്ചുവളര്‍ന്നുവരുന്ന ഒരാള്‍ക്ക് ദേശത്തെക്കുറിച്ചെഴുതുമ്പോള്‍ അതിഭാവുകത്വമോ ആലങ്കാരികതയോ തെല്ലും വേണ്ടിവരാത്തത് കാല്‍പ്പന്തുകളിയെ ഖല്‍ബിലും പ്രാര്‍ത്ഥനകളിലും കൊണ്ടുനടന്നിരുന്ന, ഇപ്പോഴും കൊണ്ടുനടക്കുന്ന ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ കളിക്കാരും അവരുടെ ആത്മാക്കളും കണ്‍മുന്നില്‍ നിറഞ്ഞാടുന്നതുകൊണ്ടാണ്. കൃത്യമായ കണക്കെടുക്കാന്‍ കഴിയാത്തവിധം അവര്‍ക്കു മുന്നില്‍ നിസ്സഹായ ആകുന്നതുകൊണ്ടാണ്. ജില്ലയില്‍നിന്നു സംസ്ഥാനത്തിന് കളിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഫുട്‌ബോള്‍ ഡോക്യുമെന്ററി സംവിധായന്‍ മധു ജനാര്‍ദ്ദനന്‍ പറഞ്ഞത് അസാധ്യമെന്നാണ്. ചരിത്രത്തില്‍ എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ മലപ്പുറത്തെ കളിക്കാരില്‍ ഒരാളും ശാസ്ത്രീയമായി കളി അഭ്യസിച്ചവരുമല്ല. 'ഫ്‌ലഡ്ലൈറ്റ്' ടൂര്‍ണമെന്റുകളും പുല്‍മൈതാനങ്ങളും വരുന്നതിനുമെത്രയോ മുന്‍പ് പന്തുമായി പാടത്തും പറമ്പിലുമിറങ്ങിയവരാണവര്‍. 

വൈകുന്നേരങ്ങളില്‍, മലപ്പുറത്തെ നാട്ടിന്‍പുറങ്ങളിലെ മുറിപ്പീടികകളുടെ തിണ്ണയില്‍ കട്ടനടിച്ച് സിഗരറ്റുവലിച്ച് പുകവിടുന്ന സമയത്ത് പങ്കുവെയ്ക്കുന്ന കഴിഞ്ഞകാലത്തെ ഓര്‍മ്മകളിലത്രയും കാല്‍പ്പന്തു കളി നിറഞ്ഞുനില്‍ക്കും. കൊയ്ത്തു കഴിഞ്ഞ പാടത്തുനിന്നും തുടങ്ങി ആ കഥയങ്ങ് ചെന്നവസാനിക്കുക ഫിഫ വേള്‍ഡ് കപ്പിലായിരിക്കും. അത്രയ്ക്ക് ഒഴുക്കുള്ള ഒരു സ്റ്റോറിസീക്വന്‍സിങ്ങ് മലപ്പുറത്തിനു പുറത്തുനിന്നുള്ളവര്‍ ഇവിടെ വന്നു പരിശ്രമിച്ചെടുക്കുന്ന ഒരു ഫുട്‌ബോള്‍ ഡോക്യുമെന്ററിക്കും ഉണ്ടാവുകയില്ലെന്നതു തീര്‍ച്ചയാണ്. 

ഒരു പുസ്തകത്തിലും എഴുതപ്പെടാതെ, പുറംലോകമറിയാതെ പാടത്തും പറമ്പിലും ചതുപ്പനിലങ്ങളിലും മാത്രം തീര്‍ന്നുപോയവരുടെ ജീവിതത്തിന്റെ ഗ്രൗണ്ടിലേക്ക് കടന്നുചെല്ലാതെ, കാലൊടിഞ്ഞും മുറിഞ്ഞും കളിക്കളത്തില്‍നിന്ന് ദീര്‍ഘനാള്‍ പുറത്തുനില്‍ക്കേണ്ടിവന്നവന്റെ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് പരാമര്‍ശിക്കാതെ, ഇരുമ്പന്‍ മൊയ്തീന്‍കുട്ടിയേയും മലപ്പുറം അസീസിനേയും കാദറിനേയും മുഹമ്മദലിയേയും സൂപ്പര്‍സ്റ്റുഡിയോ അഷ്‌റഫിനേയും ശ്രീധരനേയുമെല്ലാം ഒരു പുസ്തകത്തിന്റെ നിശിത അധ്യായങ്ങളിലും ഡോക്യുമെന്ററി ഷോട്ടുകളിലുമായി ഫിക്സഡ് ലേഔട്ടുകളില്‍ തളച്ചിട്ടതുകൊണ്ടാണ് മലപ്പുറത്തിന്റെ മനസ്സ് ഒപ്പിയെടുക്കുന്നതില്‍ അവയത്രയും പരാജയപ്പെട്ടുപോയതും അവ മാത്രം വായിച്ചും മലപ്പുറത്തെ ഗ്രഹിച്ച അന്യജില്ലക്കാരന്‍ ''ഫുട്‌ബോളൊക്കെ നമ്മള്‍ക്കുമുണ്ട്, മലപ്പുറത്ത് മാത്രമൊന്നുമല്ല'' എന്നു പറഞ്ഞു മുഖം തിരിച്ചുകളയുകയും ചെയ്യുന്നത്. 

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിന്നിരുന്ന പ്രദേശങ്ങളില്‍നിന്ന്, ജീവിതസാഹചര്യങ്ങളില്‍നിന്ന് പന്തുരുട്ടി തുടങ്ങിയവര്‍ തന്നെയാണ് പിന്നീട് ഫുട്‌ബോളില്‍ ഇതിഹാസം സൃഷ്ടിക്കുകയും കാല്‍പ്പന്തുകളിയുടെ രാജകുമാരന്മാരായി വാഴ്ത്തപ്പെടുകയും ചെയ്തിട്ടുള്ളത്. ഐ.എം. വിജയന്‍, മെസ്സി, പെലെ തുടങ്ങിയ ഇതിഹാസ താരങ്ങളുടെയെല്ലാം ചരിത്രം ഇത്തരത്തിലുള്ളതാണ്. മലപ്പുറത്തെ മണ്ണില്‍നിന്നും ഫുട്‌ബോള്‍ അറീനയിലേക്ക് ഉദിച്ചുയര്‍ന്ന നക്ഷത്രങ്ങളുടേയും പശ്ചാത്തലം വ്യത്യസ്തമല്ല. ഇല്ലായ്മയില്‍നിന്നുതന്നെയാണ് പന്തുരുണ്ട് തുടങ്ങിയത്. കഞ്ഞി കുടിക്കാന്‍ വകയില്ലാത്തവനും ടൂര്‍ണമെന്റിനുപോകാനും ജേഴ്സി വാങ്ങാനും പന്ത് വാങ്ങാനും കാശുണ്ടാകുന്നത് ഈ പന്തിനോടുള്ള പ്രേമമൊന്നുകൊണ്ടുമാത്രമാണ്. നോമ്പുകാലത്ത് വിശപ്പറിയാതിരിക്കാന്‍ വൈകുന്നേരം വരം മൈതാനത്ത് പന്തുമായി ഉരുണ്ടുമറിഞ്ഞ് സന്ധ്യയ്ക്ക് നോമ്പുതുറക്കാന്‍ കയറിവരുന്ന പയ്യന്മാരുടെ നാട്ടില്‍ ഏതു വെയിലിനും വരള്‍ച്ചയ്ക്കും വിശപ്പിനും ദാരിദ്ര്യത്തിനുമാണ് ഈ വികാരത്തെ തല്ലിക്കെടുത്താനാവുക? ആരെന്തു പറഞ്ഞാലും ലോകത്തിലെ ഏറ്റവും വലിയ ജനകീയ കായിക വിനോദം ഫുട്‌ബോള്‍ തന്നെയാണ്. ഇന്നത് കോടികള്‍ വാരുന്ന വിലകൂടിയ കളിയാണെങ്കിലും ലോകത്തിന്റെ മിക്കഭാഗങ്ങളിലും അത് പാവപ്പെട്ടവന്റെ കളിയാണ്. പാവപ്പെട്ടവരും അധ്വാനിക്കുന്നവരുമാണ് അത് വളര്‍ത്തിയതും. അങ്ങനെ ഉദിച്ചുയര്‍ന്ന ഈ തനതായ ഫുട്‌ബോള്‍ പാരമ്പര്യത്തില്‍നിന്നാണ് മലപ്പുറത്തെ പുതുതലമുറ ഇന്നും കളി പഠിക്കുന്നത്. അവന്റെ ഫുട്‌ബോള്‍ അക്കാദമി സ്വന്തം വീടുതന്നെയാണ്. 

സോക്കര്‍ മതം
ഫുട്‌ബോളും രാഷ്ട്രീയവുമെല്ലാം പഠിക്കുന്നത് വീട്ടില്‍നിന്നുതന്നെയാണ്. മേല്‍പ്പറഞ്ഞ രണ്ടു കാര്യങ്ങളിലും ഒരുപോലെ അലെര്‍ട്ട് ആയ മലപ്പുറത്തെ ഒട്ടുമിക്ക കുടുംബങ്ങളിലും രണ്ടു വിരുദ്ധ ചേരികള്‍ കാണും. കമ്യൂണിസ്റ്റ്കാരനും കോണ്‍ഗ്രസ്സുകാരനും ഒരേ വീട്ടിലുണ്ടാകുമ്പോള്‍ത്തന്നെ അര്‍ജന്റീനക്കാരനും ബ്രസീലുകാരനുമുണ്ടാകും. രാഷ്ട്രീയപരമായും ആശയപരമായും വിരുദ്ധചേരിയിലായിരിക്കുമ്പോള്‍ത്തന്നെ ഇരുവരും ഫുട്‌ബോളില്‍ ഒരു ടീമോ ക്ലബ്ബോ ആണെങ്കില്‍ ആ വൈരങ്ങളെല്ലാം അവിടെ അലിഞ്ഞില്ലാതാകുന്നു. ''നമ്മളൊരു ടീമല്ലേടാ'' എന്ന ഡയലോഗാണ് കളിക്കളത്തിലെ ജാതി, മതം, രാഷ്ട്രീയം തുടങ്ങിയ സകല ബാരിക്കേഡുകളേയും തകര്‍ത്തുകളയുന്നത്. പരസ്പരം പോരടിക്കുന്ന മത്സരമാണ് കാല്‍പ്പന്തെങ്കിലും ഈ വൈരമെല്ലാം കളിക്കളത്തില്‍ത്തന്നെ തീരുകയും കളി കഴിഞ്ഞ് ഹസ്തദാനം ചെയ്തും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും കളം വിടുകയും ചെയ്യുന്ന ഫുട്‌ബോളിന്റെ മതം സ്‌നേഹം മാത്രമാണ്. ഫുട്‌ബോള്‍ കാരണവന്മാര്‍ തലമുറകളിലൂടെ മക്കള്‍ക്കും പേരമക്കള്‍ക്കുമെല്ലാം പകര്‍ന്നുനല്‍കുന്നതും ഈ സ്‌നേഹവും കരുണയുമാണ്. ഈ തത്ത്വം തന്നെയാണ് രണ്ടു വര്‍ഷം മുന്‍പ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ചിലങ്ക കെട്ടി കലാലയങ്ങളൊന്നൊന്നായി കണ്ണൂരിലേക്ക് വണ്ടികയറിയപ്പോള്‍ മലപ്പുറത്തെ രണ്ട് സ്‌കൂളുകളെ ഇളങ്കാലില്‍ തുകലുറ കെട്ടി തെക്കോട്ടുപോകാന്‍ പ്രേരിപ്പിച്ചത്. എടവണ്ണ ഓറിയന്റ് സ്‌കൂളും മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി സ്‌കൂളുമാണ് കേരളത്തിലെ ഏറ്റവും വലിയ സ്‌കൂള്‍ ടൂര്‍ണമെന്റായ ആലുവ മാര്‍ അത്തനേഷ്യസ് ട്രോഫി കളിക്കാന്‍ പോയി കലാശക്കളിക്ക് യോഗ്യത നേടിയത്. അക്കാദമികളില്‍നിന്നു പ്രൊഫഷണലായി കളി പഠിച്ച ഗോവ, ബാംഗ്ലൂര്‍, മുംബൈ, സെക്കന്തരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള വന്‍കിട ടീമുകളെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു മലപ്പുറത്തിന്റെ വിജയം. ഇവര്‍ക്ക് വിജയമന്ത്രങ്ങള്‍ ചൊല്ലിക്കൊടുത്ത് ''ജയിച്ചുവാ'' എന്നു പറഞ്ഞ് കളിക്കളത്തിലേക്ക് വിട്ടതാകട്ടെ, സ്വന്തം ഉപ്പ-ഉമ്മമാരും വല്യുപ്പമാരും വല്യുമ്മമാരുമൊക്കെയാണ്. 

അക്ഷരം ചൊല്ലി പഠിക്കുന്നതിനും പിന്നില്‍നിന്നു തുടങ്ങും അവരുടെ കളിയോര്‍മ്മകള്‍. ടെലിവിഷനുകളും ലൈവ് ടെലിക്കാസ്റ്റിങ്ങുകളുമില്ലാതിരുന്ന കാലത്ത് ഓലമടല്‍ മറയും മുള ഗാലറിയും ചുണ്ണാമ്പ് ലൈനുകളും ചൂടിക്കയര്‍ ഗോള്‍വലയുമുള്ള മൈതാനങ്ങളിലിരുന്ന് കളി കാണാന്‍ സ്‌കൂളടയ്ക്കുന്ന സമയത്ത് അറിയാവുന്ന ജോലികളൊക്കെ ചെയ്ത് വീട്ടുകാര്‍ പോലുമറിയാതെ പൈസ സ്വരൂപിച്ചുവെച്ച് കളി കാണാനും പന്തു വാങ്ങാനും പോയ കഥകള്‍. വീട്ടിനു പിന്നിലെ പറമ്പില്‍നിന്നും സംസ്ഥാന ടീം വരെയെത്തിയ കുഞ്ഞലവി മൂത്താപ്പായുടെ ഇത്തരം സാഹസിക കഥകള്‍ കേള്‍ക്കാത്ത ദിവസങ്ങള്‍ വിരളമാണ്. പാടം തേവി നനയ്ക്കുന്ന ജോലിയില്‍നിന്നും ഒളിച്ചുകടന്ന് അരീക്കോട്ടെ കളി കാണാന്‍ കിട്ടിയ ബസിന് രായ്ക്കുരാമാനം വീട്ടില്‍നിന്ന് ഒളിച്ചുകടന്നൊരു മനുഷ്യനാണ്. കളി കണ്ട് പിറ്റേന്നു രാവിലെ മടങ്ങിയെത്തുമ്പോള്‍ ഉരച്ചു മൂര്‍ച്ചപ്പെടുത്തിയ ചൂരലുമായി കോലായില്‍ കാത്തുനില്‍ക്കുന്നൊരു പണ്ടത്തെ പരുക്കന്‍ പട്ടാളക്കാരന്‍ വല്യുപ്പ: 
''നന മൊടക്കി ഇജെങ്ങട്ടാടാ പാഞ്ഞത് ഹിമാറേ?''
എന്ന ചോദ്യത്തിനു മുന്നില്‍ തലകുനിച്ചു നിശ്ശബ്ദനായി നിന്ന പത്തുവയസ്സുകാരന്റെ പിന്നില്‍ മറച്ചു തിരുപ്പിടിച്ച കൈകളിലുടക്കിയ അദ്ദേഹത്തിന്റെ നോട്ടം. 
''അന്റെ കയ്യിലെന്താ, നോക്കട്ടെ...'' 
ബലം പ്രയോഗിച്ച് അകത്തിമാറ്റിയ കൈകളില്‍നിന്നും അന്നത്തെ ഇരുപത്തഞ്ച് പൈസ വിലയുള്ള ഒരു റബ്ബര്‍പ്പന്ത് താഴെ വീണു. ഒരു കയ്യില്‍ ചൂരലുവെച്ച് മറുകയ്യില്‍ റബ്ബര്‍ബോള്‍ തിരിച്ചും മറിച്ചും നോക്കുന്ന ഉപ്പുപ്പായുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. 
''അത് ശെരി, ഇയ്യ് പന്തളിക്ക് പോയതേര്‍ന്നോ, അതങ്ങട്ട് നേരത്തെ പറഞ്ഞൂടെ ന്നാല്‍''
എന്നു പറഞ്ഞുതീരേണ്ട മാത്രയില്‍ ഒരു ദിവസം മുഴുവന്‍ കോപംകൊണ്ട് തിളച്ചുമറിഞ്ഞിരുന്ന ആ മനുഷ്യന്‍ ശാന്തനായതും. ''അനക്കെവിടുന്നാ ടിക്കറ്റിനും പന്തിനും പൈസ, ഇനി ചോയിച്ചാല്‍ വാപ്പ തരാം'' എന്നു പറഞ്ഞ് സ്‌നേഹപൂര്‍വ്വം മകനെ ചേര്‍ത്തു പിടിച്ചതും ആ പന്തെന്ന വികാരമൊന്നുകൊണ്ടു മാത്രമായിരുന്നു. 


അന്ന് തിരൂരിലെ തൊട്ടടുത്ത പ്രദേശങ്ങളായ നൂര്‍മൈതാനവും പത്തമ്പാടും വിഭജിച്ചുണ്ടാക്കിയ ക്ലബ്ബുകള്‍ പരസ്പരം പോരടിക്കുന്ന സമയത്ത് ഫുട്‌ബോള്‍ തലയ്ക്കു പിടിച്ച നാട്ടുകാരണവന്മാര്‍, അസര്‍ നമസ്‌കാരം കഴിഞ്ഞ് കളി ജയിക്കാന്‍ പള്ളിയിലിരുന്നു പ്രാര്‍ത്ഥിച്ചിരുന്നതും എന്റെ കുട്ടി കളി ജയിക്കണേ റബ്ബേ എന്നും പറഞ്ഞ് വല്യുമ്മാ തലയുഴിഞ്ഞ് മന്ത്രിച്ചു നേര്‍ച്ചപ്പെട്ടിയിലിട്ടിരുന്ന നാണയങ്ങളും കിലുക്കവും ടൂര്‍ണമെന്റുകള്‍ക്കുശേഷം ഗാലറികളില്‍ അവശേഷിച്ചിരുന്ന സിഗരറ്റുകുറ്റികളുടേയും വാറുപൊട്ടിയ ചെരിപ്പുകളുടേയും ചിത്രവും ബ്ലാക് ആന്റ്  വൈറ്റ് ഫ്രെയിമുകളില്‍ ആ മനസ്സിലിപ്പോഴും നിറം മങ്ങാതെ കിടപ്പുണ്ട്. 1991-ല്‍ കേരളാ ടീമിനുവേണ്ടി അടിച്ച ഗോളിന്റെ പത്രവാര്‍ത്തകളും തോല്‍പ്പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. അങ്ങനെയൊരു താരം കുടുംബത്തില്‍നിന്നുതന്നെ ഉദിച്ചുയരുന്നത്, കളി തോറ്റുവരുമ്പോള്‍ ''സാരല്യ മോനേ, കളിയല്ലേ, ആരെങ്കിലുമൊക്കെ തോല്‍ക്കൂലേ, അടുത്ത കളീല് ഇമ്മാന്റെ കുട്ടിക്കു ജയിക്കാം'' എന്നു പറഞ്ഞ് ഉമ്മവെക്കുന്ന വല്യുമ്മായുടെ ചിറകിനടിയില്‍ നിന്നാണ്.

ഇന്ന് സംസ്ഥാന വനിതാടീമിലേക്ക് തൊണ്ണൂറ് ശതമാനത്തിനു മീതെയും സംഭാവന ചെയ്യുന്ന വള്ളിക്കുന്നിലെ വനിതാ ഫുട്‌ബോള്‍ ടീമോളം മലപ്പുറം വളര്‍ന്നുവെങ്കിലും മുന്‍തലമുറയില്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍  ആണ്‍കളിയായിരുന്ന മലപ്പുറത്തെ ഫുട്‌ബോളിനെ വെള്ളവും വളവുമൊഴിച്ച് പരിപാലിച്ചിരുന്നത് ഈ ഉമ്മമാരായിരുന്നു. 'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മമാര്‍ സാമുവലിനെ സ്‌നേഹിക്കുന്നതിനു പിന്നിലെ ചേതോവികാരവും ഫുട്‌ബോളിനോടുള്ള ഈ സ്‌നേഹം മാത്രമാണ്. അവന്‍ കാല്‍പ്പന്തുകളിക്കാരനാണ്, അതുകൊണ്ടുതന്നെ എന്റെ മകനാണെന്നുള്ള ബോധ്യമാണ്. ലിംഗഭേദമില്ലാതെ ഓരോ മലപ്പുറം സ്വദേശിയുടേയും ഹൃദയത്തില്‍ ഏറിയോ കുറഞ്ഞോ ഈ വികാരം അറിഞ്ഞോ അറിയാതേയോ വേരുകളാഴ്ത്തിയതിനാലാണ്, ബ്രസീല്‍ എന്നൊരു രാജ്യം ലോകത്തുണ്ടെന്നും റൊണാള്‍ഡോ ബ്രസീല്‍ പ്ലയറാണെന്നും ധാരണയില്ലാത്ത 2002 വേള്‍ഡ് കപ്പ് ഫൈനല്‍ നടക്കുന്ന സമയം ടി.വിക്കു മുന്നിലിരുന്ന് അറുപത് പിന്നിട്ട പരപ്പനങ്ങാടി ചെട്ടിപ്പാടി സ്വദേശിനി റഹ്മത്ത ''അടി റൊണാള്‍ഡോ മോനേ ഗോള്‍'' എന്ന് വിളിച്ചുപറഞ്ഞത് പിറ്റേന്നത്തെ 'മലയാള മനോരമ' ലോകകപ്പ് സപ്ലിമെന്റില്‍ ഒരു കോളം വാര്‍ത്തയായത്. 

മറ്റിടങ്ങളില്‍ പന്തുകളിക്കാനിറങ്ങുന്ന മക്കളെ അടിച്ചും ശകാരിച്ചും ഗുണദോഷിക്കലാണെങ്കില്‍ മലപ്പുറത്തതു നേര്‍വിപരീതമാണ്. അരീക്കോട് വിശേഷിച്ചും. അതിരാവിലെ മക്കളെ എണീപ്പിച്ചു മദ്രസയിലേക്കയയ്ക്കുന്നപോലെ അരീക്കോട്ടുകാര്‍ തല്ലിയെഴുന്നേല്‍പ്പിച്ചു വിടുന്നത്  ഗ്രൗണ്ടിലേക്കാണ്.
''ഇന്ന് ഗോളടിച്ചിനോ, ഇജ് ജയിച്ചോ?''
എന്ന കളികഴിഞ്ഞു വന്നുകയറുമ്പോഴുള്ള ഉമ്മായുടെ ചോദ്യത്തിനു മുന്‍പില്‍ തലകുനിച്ചു കൊണ്ടുള്ള നിശ്ശബ്ദതയാണ് ഉത്തരമെങ്കില്‍ അന്നവന് വീട്ടില്‍നിന്ന് ഒരു തുള്ളി വെള്ളം കിട്ടില്ലെന്നുറപ്പാണ്. 

സെവന്‍സ് എന്ന ആത്മാവ്

ഇങ്ങനെയാണ് ഫുട്‌ബോള്‍ മലപ്പുറത്തിന്റെ മതവും ജീവിതശൈലിയുമൊക്കെയായി മാറുന്നത്. നാട്ടുമ്പുറങ്ങളിലെ തോട്ടുവക്കുകളിലൂടെ, പാടങ്ങളിലൂടെ, ചതുപ്പുനിലങ്ങളിലൂടെയൊക്കെ ഈ പന്തുരുണ്ടുകൊണ്ടേിയിരിക്കുന്നത്. പരസ്പരം പോരടിക്കുന്ന കളിയാണിതെങ്കിലും ആത്യന്തികമായി ഇതിന്റെ ഭാഷ സ്‌നേഹവും കൂട്ടായ്മയുമാണ്. ആഗ്രഹം, പ്രതീക്ഷ, സംഘട്ടനം, വാശി, നിരാശ തുടങ്ങിയ മനുഷ്യജീവിതത്തിന്റെ എല്ലാത്തരം ഘട്ടങ്ങളേയും വികാരങ്ങളേയും പ്രതിസന്ധികളും കളിക്കളത്തില്‍ പ്രതിഫലിച്ചു കാണുന്നുണ്ട്. ജീവിതവുമായി ഇത്രയധികം വൈകാരികപരമായി താദാത്മ്യപ്പെട്ടു കിടക്കുന്ന മറ്റൊരു കളിയും മലപ്പുറത്തെന്നല്ല, ഭൂഗോളത്തിലെവിടെയുമില്ലതാനും. ഇങ്ങനെ കാല്‍പ്പന്തുതന്നെ ജീവിതമാക്കുകയും കുടുംബജീവിതം മറന്നുപോവുകയും ചെയ്ത ഒരുപാട് മനുഷ്യരുണ്ട്. അന്‍പതു പിന്നിട്ട തൈപ്പുറത്തു മുസ്തഫയെപ്പോലുള്ള അനേകം പേര്‍ പന്തല്ലാതെ പ്രണയിക്കാന്‍ ഇനിയൊരു പെണ്ണ് വേണ്ട എന്നു തീരുമാനിച്ചിട്ടുണ്ട്. സ്വന്തം വിവാഹദിനത്തില്‍പ്പോലും പന്തുരുട്ടിയ ഷറഫലിയെപ്പോലുള്ളവരും ഇവിടെയുണ്ട്. കിളിനക്കോട് കാശ്മീര്‍ ക്ലബ്ബെന്ന സെവന്‍സ് ടീമിനെ പതിറ്റാണ്ടുകളായി ഒറ്റയ്ക്ക് കൊണ്ടുനടന്നിരുന്ന അബ്ദു റഹ്മാന്‍ പൂളക്കാക്ക വാര്‍ദ്ധക്യസഹജമായ രോഗം പിടിപെട്ട് കിടക്കുമ്പോഴും അര്‍ധബോധാവസ്ഥയിലും ഇപ്പോഴും പറയുന്നത് പണ്ടത്തെ ടൂര്‍ണമെന്റുകളേയും ഗോളുകളേയും ട്രോഫികളേയും കുറിച്ചാണ്. 

മലപ്പുറത്തിന്റെ ആത്മാവെന്നു പറയുന്നതും ഈ സെവന്‍സ് ടൂര്‍ണമെന്റുകളാണ്. ഏറനാടന്‍ വയലുകളും വള്ളുവനാടന്‍ സമതലങ്ങളും നിലമ്പൂരും മലബാറും എടവണ്ണയും അരീക്കോടുമെല്ലാം സെവന്‍സിന്റെ തീപാറുന്ന അരങ്ങുകളാണ്. മലപ്പുറത്തെ വിശാലമായ കളിസ്ഥലങ്ങളുടെ ദൗര്‍ബ്ബല്യമാണ് സെവന്‍സ് എന്ന ഈ സവിശേഷ ഇനത്തെ സൃഷ്ടിച്ചത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ വേനല്‍ക്കാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതാണ് സെവന്‍സ് സീസണ്‍. മലപ്പുറം ജില്ലയിലാണ് കേരളത്തില്‍ ഏറ്റവുമധികം സെവന്‍സ് മേളകള്‍ നടക്കുന്നത്. മുപ്പതിലേറെ മേജര്‍ കളക്ഷന്‍ ടൂര്‍ണമെന്റുകളാണ് ഒരു സീസണില്‍ ജില്ലയില്‍ അരങ്ങേറുക. 'മണ്‍സൂണ്‍ ഫുട്‌ബോള്‍' എന്ന മഴക്കാല ടൂര്‍ണമെന്റുകളും 'മഡ് ഫുട്‌ബോള്‍' എന്ന ചതുപ്പുനിലങ്ങളിലെ കളിയും ജില്ലയില്‍ സര്‍വ്വസാധാരണമാണ്. 
''മഴക്കാലത്ത് പന്തളിക്കണ സുഖം ഒന്ന് വേറെത്തന്ന്യാടോ''
എന്ന് തലനരച്ച കാരണവന്മാര്‍ പോലും പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഋതുഭേദങ്ങളില്ലാത്ത പ്രണയമാണിതെന്നും ഫുട്‌ബോള്‍ അവരുടെ കാമുകിയാണെന്നും തോന്നിപ്പോകും. മഴയും ചെളിയും വിയര്‍പ്പും കലര്‍ന്ന ഫുട്‌ബോള്‍ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുന്ന കൂട്ടത്തില്‍ സെവന്‍സ് സ്റ്റേഡിയങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളുടേയും വാക്കേറ്റങ്ങളുടേയും കഥകളുണ്ടാകും. കളിക്കളത്തില്‍ തീരാതെ കോടതിവരെയെത്തിയ തര്‍ക്കങ്ങളുമുണ്ട് ഇവയില്‍. 1951-ല്‍ എടവണ്ണ കമ്പനിപ്പറമ്പില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വണ്ടൂര്‍ സെവന്‍സും അരീക്കോട് സെവന്‍സും തമ്മിലുള്ള മത്സരത്തില്‍ വണ്ടൂര്‍ ടീം അരീക്കോടിനെതിരെ അടിച്ച ഗോള്‍ ഡയറക്ട് കിക്കാണോ ഇന്‍ഡയറക്ട് കിക്കാണോ എന്ന തര്‍ക്കത്തില്‍ മഞ്ചേരി മുന്‍സിഫ് കോടതിയില്‍ ഒരു വ്യവഹാരം തന്നെ നടക്കുകയുണ്ടായി.

അരീക്കോട്ടും മലപ്പുറത്തും മന്മാടുമൊക്കെയായി സൂപ്പര്‍സ്റ്റുഡിയോ, അല്‍മദീന, ഫ്രണ്ട്‌സ് എന്നിങ്ങനെ സെവന്‍സുകളിലെ ജനപ്രിയ ക്ലബ്ബുകളേറെയാണ്. മഞ്ചേരി സൂപ്പര്‍ സ്റ്റുഡിയോ ക്ലബ്ബിലേക്കും സൂപ്പര്‍ സ്റ്റുഡിയോ അഷ്‌റഫ്ക്കയുടെ സൂപ്പര്‍ ഹൗസിലേക്കും കടന്നുചെന്നാല്‍ ഏതു ഫുട്‌ബോള്‍ പ്രേമിയും മൂക്കത്തു വിരല്‍വെച്ചുപോകും. മുന്‍പൊരിക്കല്‍ കോട്ടപ്പടി ടൗണിലൂടെ സ്റ്റുഡിയോ അന്വേഷിച്ചുനടന്നിരുന്ന മധ്യവയസ്‌കയായ സ്ത്രീക്ക് ഒരു വഴിപോക്കന്‍ സൂപ്പര്‍ സ്റ്റുഡിയോ കാണിച്ചുകൊടുക്കുകയും അല്‍പ്പനേരം നോക്കിനിന്നശേഷം അവര്‍ തിരിച്ചുപോരുകയും ചെയ്തു. കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞത് അത് സ്റ്റുഡിയോ അല്ലെന്നും ചെമ്പുപാത്രങ്ങള്‍ വില്‍ക്കുന്ന കടയാണെന്നുമായിരുന്നു. കേരളത്തിലുടനീളം കളിച്ചുകിട്ടിയ ട്രോഫികള്‍ സ്റ്റുഡിയോയില്‍ അടുക്കിവെച്ചിരുന്ന കാഴ്ചയായിരുന്നു അത്. കേരളം പ്രതിനിധീകരിച്ച എല്ലാ ദേശീയ ടൂര്‍ണമെന്റുകളിലും ബൂട്ടണിഞ്ഞിരുന്ന അഷ്‌റഫ്ക്കയുടെ 'സൂപ്പര്‍ഹൗസ്' എന്നു പേരിട്ടിരിക്കുന്ന വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ നാഗ്ജി മുതല്‍ സെവന്‍സ് വരെയുള്ള ടൂര്‍ണമെന്റുകളിലണിഞ്ഞ ജെഴ്സികളും ബൂട്ടുകളും നേടിയ ട്രോഫികളുമെല്ലാം ഇന്നും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. 

കോറത്തുണികൊണ്ട് തയ്പിച്ചുണ്ടാക്കിയ ജെഴ്സിയില്‍നിന്നും സോക്സ് വാങ്ങാന്‍ കാശില്ലാതെ സ്‌കൂള്‍മാസ്റ്ററായിരുന്ന വാപ്പയുടെ നീളന്‍ കുപ്പായക്കൈ മുറിച്ചു തുന്നി സോക്സുണ്ടാക്കുകയും വാഴപ്പോളകൊണ്ട് കെട്ടിയ തലപ്പന്തും ശീലപ്പന്തും ഉപയോഗിച്ച് കളിക്കുകയും ചെയ്തിരുന്ന കാലത്തുനിന്ന് ഏതു താരത്തിന്റേയും ഇന്റര്‍നാഷണല്‍ ജെഴ്സികളടക്കം പിച്ചവെയ്ക്കുന്ന കുഞ്ഞിനുപോലും കിട്ടുന്നിടത്തേക്ക് നാട് വളര്‍ന്നപ്പോള്‍ ഇവരുടെ മനസ്സിലെ ഓര്‍മ്മകള്‍ക്കും കനം കൂടുകയാണ്. 

കളിയുടെ ആത്മാവെന്നു വിളിപ്പേരുണ്ടായിരുന്നത് അന്നത്തെ പ്രഗല്‍ഭരായ കളിക്കാര്‍ക്കോ റഫറിക്കോ ഗോളിക്കോ അല്ലായിരുന്നു. കാറ്റുനിറക്കുന്ന ട്യൂബുകള്‍ പ്രചാരത്തിലില്ലാതിരുന്ന കാലത്ത് സ്വന്തം ശ്വാസംകൊടുത്ത് പന്ത് ഊതിവീര്‍പ്പിച്ച് കളത്തിലെറിയുന്ന ഊത്തുകാര്‍ക്കായിരുന്നു. അതിരാവിലെത്തന്നെ ഈ ഊത്തുകാരനെ കൊണ്ടുവരാന്‍ ഒരു സംഘം പുറപ്പെടും. അയാളെത്തിയില്ലെങ്കില്‍ മരിച്ചുപോകുന്നത് അന്നത്തെ കളിയാണ്. അത്യാഹിതനിലയിലുള്ള രോഗിയെ ചികിത്സിക്കാന്‍ ഡോക്ടറെ കൊണ്ടുവരാന്‍ ബന്ധുക്കള്‍ വെപ്രാളപ്പെടുന്ന രംഗത്തെ സ്മരിപ്പിക്കും ഈ അലച്ചില്‍. 

മതിയായ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ടൂര്‍ണമെന്റ് നടത്തിപ്പുകള്‍ക്കും പ്രയാസങ്ങളേറെയായിരുന്നു. കമ്മിറ്റി ഭാരവാഹികള്‍ നേരില്‍ചെന്നു കണ്ട് ടീമിനെ ഉറപ്പിക്കുകയായിരുന്നു പതിവ്. പിന്നീട് കത്ത്. കത്തിന് മറുപടിയുമെഴുതി കാര്യങ്ങള്‍ മുന്നോട്ടു നീക്കണം. വ്യക്തമായ ഫിക്സ്ചറുകള്‍ രജിസ്റ്റര്‍ ചെയ്ത് തപാല്‍മാര്‍ഗ്ഗം മാനേജര്‍മാര്‍ അയയ്ക്കുകയും അടിക്കടി ബന്ധപ്പെടാന്‍ ഫോണ്‍ എക്സ്‌ചേഞ്ചില്‍ ബുക്ക് ചെയ്യുകയും ചെയ്യുന്ന സമയങ്ങളിലെ നീണ്ട ഇടവേളകള്‍, കാത്തിരിപ്പുകള്‍, അനിശ്ചിതത്വങ്ങള്‍. 

ഒരു ചരിത്രപ്പുസ്തകത്തിലും രേഖപ്പെടുത്താതെ പോയ ടൂര്‍ണമെന്റ് കമ്മിറ്റികളിലെ 'ടീം വാഹകര്‍' (ടീമിനെ തേടിപ്പോകുന്നവര്‍) എന്നൊരു വിഭാഗമുണ്ട്. കമ്മിറ്റിയിലെ ഏറ്റവും വിശ്വസ്തരും മാനേജര്‍മാരുമായി ഏറ്റവും അടുപ്പമുള്ളവരുമാണ് ഈ ദൗത്യം ഏറ്റെടുക്കുക. ദൂരത്തിനനുസരിച്ച് കളിയുടെ അന്നോ തലേ ദിവസമോ ഒരു കമ്മിറ്റിയുടെ രണ്ട് ടീം വാഹകര്‍ രണ്ട് ടീമുകളെത്തേടി യാത്ര തിരിക്കും. ടീമിന്റെ നിജസ്ഥിതി കമ്മിറ്റിയെ അറിയിക്കുക, ടീമുമായി തിരിച്ചെത്തുക എന്നീ സുപ്രധാന ജോലികള്‍ അവരില്‍ നിക്ഷിപ്തമായിരുന്നു. കളിയുടെ അന്ന് രാവിലെ വീട്ടുമുറ്റത്ത് പ്രത്യക്ഷപ്പെട്ടിരുന്ന കാദറലി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ക്ലബ്ബിലെ ചോയി ഏട്ടനെക്കുറിച്ച് ബ്ലാക്ക് ആന്റ് വൈറ്റ് വിനയേട്ടന്‍ പലപ്പോഴും എഴുതിയിരുന്നു. അക്കാലത്ത് ബസിലും ജീപ്പിലും വന്നിറങ്ങുന്ന കളിക്കാര്‍ക്ക് ക്ലാസ്സ്മുറികളും പീടികത്തിണ്ണകളും തണല്‍മരച്ചുവടുകളുമായിരുന്നു വിശ്രമകേന്ദ്രങ്ങള്‍. മിക്കവാറും പൊരിവെയിലില്‍ കിക്കോഫ് വിസില്‍ മുഴങ്ങുന്ന കളിക്ക് ഹാഫ്ടൈമില്‍  കമ്മിറ്റിക്കാര്‍ ബക്കറ്റില്‍ തരുന്ന പച്ചവെള്ളവും 'സ്‌നേഹ പഞ്ചാരയും' (ഗ്ലൂക്കോസ്) വലിയ ഇടക്കാലാശ്വാസമായിരുന്നു. 

അന്നുണ്ടായിരുന്ന കളിക്കാര്‍ക്കൊപ്പം ഗ്രൗണ്ടില്‍നിന്ന് പലതും നഷ്ടമായിട്ടുണ്ട്. 'സ്‌കേറ്റിങ്ങ്, സിസര്‍കട്ട്, റിട്ടേണ്‍ ഷോട്ട്, ഫ്‌ലയിങ് ഹെഡര്‍, ബനാനാ കിക്ക്, ബേക്ക് സിസര്‍, ഹാഫ് വോളിഷോട്ട്, ഫുള്‍വോളി ഷോട്ട് ഇവക്കെല്ലാം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് അലക്കിത്തേച്ച് പ്രാര്‍ത്ഥിച്ചു നല്‍കിയ ജേഴ്സി അല്‍പ്പം വിയര്‍പ്പില്‍ മുക്കി ചളി പുരളാതെ തിരിച്ചുനല്‍കുന്ന കളിക്കാരാണ് അധികവും. 

സാങ്കേതികപരമായി കാല്‍പ്പന്തുകളിയുടെ താളമിവിടെ മാറിയിട്ടുണ്ടെങ്കിലും വൈകാരികമായി ഇതിനൊട്ടും തന്നെ ഭംഗം സംഭവിച്ചിട്ടില്ല. മലപ്പുറത്തെ കാലുകള്‍കൊണ്ടു വരയ്ക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു ഫുട്‌ബോള്‍ ഭാഷയുണ്ട്. അപാര ജന്യൂവിന്‍നെസ്സ് കൊണ്ടു മാത്രം മെടഞ്ഞെടുത്ത പന്തടക്കത്തിന്റെ ഭാഷയാണത്. ആസിഫിന്റേയും ഷറഫലിയുടേയും അനസിന്റേയുമൊക്കെ കാലുകളിലെ താളം ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്ന ഭാഷ. ഇപ്പറഞ്ഞവരാരും തന്നെ ചെറുപ്പത്തിലേ ഒരു അക്കാദമിയില്‍നിന്നും ഫുട്‌ബോള്‍ ശാസ്ത്രീയമായി അഭ്യസിച്ചു പുറത്തിറങ്ങിയവരല്ല. ഫുട്‌ബോളിന്റെ സൗന്ദര്യശാസ്ത്ര ഘടകത്തെ ശാസ്ത്രീയമായ പൊസിഷനിങ്ങ് മെത്തേഡിലേക്കു മെര്‍ജ് ചെയ്യുന്ന കൃത്യമായ കളിനിയമങ്ങളുമുള്ള ലോകോത്തര നിലവാരത്തിലുള്ള ഒരു കളി മലപ്പുറത്തുണ്ടായിരുന്നിരിക്കാന്‍ വഴിയില്ല. 

ഫുട്‌ബോളിലെ സംഘര്‍ഷങ്ങള്‍ ഏറ്റവും സൗന്ദര്യാത്മകമായി ഉപയോഗിച്ചു എന്നതാണ് മലപ്പുറത്തെ മേല്‍പ്പറഞ്ഞ ഘടകങ്ങളൊന്നുമില്ലാഞ്ഞിട്ടും ലോകോത്തര നിലവാരത്തിലേക്കെത്തിക്കുന്നത്. രക്തച്ചൊരിച്ചിലുകള്‍ക്കും ഹിംസയ്ക്കും ആഹരിക്കാനുള്ള സംഘര്‍ഷത്തെ സൗന്ദര്യപരമായുള്ള മാറ്റിത്തീര്‍ക്കലായി സ്പോര്‍ട്‌സിനെ കാണേണ്ടതുണ്ട്. ഫുട്‌ബോള്‍ അതിന്റെ ഏറ്റവും ശക്തിമത്തായ മാധ്യമമാണ് ആ നിലയ്ക്ക്. ഫുട്‌ബോള്‍ ഈസ് മ്യൂസിക് എന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായിരുന്ന ജോര്‍ജ് ബെസ്റ്റ് പറഞ്ഞിട്ടുണ്ട്. ''നിങ്ങള്‍ ഇക്കളിയിലേക്ക് സ്വയം എടുത്തെറിയുന്നു, അതില്‍ മുങ്ങുന്നു, സംഗീതവും അങ്ങനെത്തന്നെ. അതു രണ്ടും നിങ്ങള്‍ക്കുള്ളിലെ എന്തോ ഒന്നിനെ ചലിപ്പിക്കുന്നു. പിന്നെ നിങ്ങള്‍ അദൃശ്യമായ ആ ഒന്നിനാല്‍ ചലിക്കപ്പെടുകയായി'' എന്നാണ് അദ്ദേഹം ഫുട്‌ബോളിനെ സംഗീതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് പറഞ്ഞത്. ഫുട്‌ബോളിന്റെ കാല്‍വേഗത്തിനും സംഗീതത്തിന്റെ സ്വരവേഗത്തിനും ഈ ചലനാത്മകതയുണ്ട്. സംഘര്‍ഷങ്ങളെ സംഗീതമാക്കുന്ന മറ്റൊരു കളിയും ലോകത്തില്ല. പ്രസിദ്ധമായ പല ഫുട്‌ബോള്‍ കളികള്‍ക്കും ഈയൊരു സിംഫണിയുടേയോ ഓപ്പറയുടേയോ സ്വഭാവമുണ്ട്. ഫുട്‌ബോളിന്റെ മെക്കക്ക് അതുകൊണ്ടുതന്നെ തനതായ സംഗീതപൈതൃകം കൂടിയുണ്ട്. ആവേശം മുറുകുന്ന കളികളുടെ പശ്ചാത്തലത്തില്‍ ഇശലൊത്ത മാപ്പിളപ്പാട്ട് വെക്കുന്ന ശീലവും ഇവിടത്തുകാര്‍ക്കുണ്ടായിരുന്നു. ഫുട്‌ബോള്‍ ആ നിലയ്ക്ക് സംഘര്‍ഷങ്ങളെ സംഗീതമാക്കിത്തീര്‍ത്ത കെട്ടിക്കിടക്കുന്ന സാമൂഹ്യഹിംസയെ സൗന്ദര്യാത്മകമായി ഒഴുക്കിക്കളയുന്ന ഒന്നാണ്. അമിതമായി ലൈംഗികാസക്തി പ്രകടിപ്പിക്കുന്ന കുട്ടികളെ ഫുട്‌ബോള്‍ കളിക്കാന്‍ വിടണമെന്ന ഒരു മനഃശാസ്ത്രതത്ത്വമുണ്ട്. 

അഷ്‌റഫ്
അഷ്‌റഫ്

ഫുട്‌ബോളില്‍നിന്നു കിട്ടുന്ന പോസിറ്റീവ് വൈബിനെക്കുറിച്ച് ഇവിടുത്തെ മുന്‍തലമുറകള്‍ക്കുപോലും നല്ല ബോധ്യമുണ്ട്. ''കുട്ട്യേളെ മദ്രസയിലയയ്ക്കുന്നേനെക്കാളും ഗുണം ക്ലബ്ബില്‍ ചേര്‍ത്താല്‍ കിട്ടും, എന്തൊരച്ചടക്കാന്നറിയോ കളിക്കാര്‍ക്ക്, രാവിലെ കൃത്യസമയത്തുണരും, ക്ലബ്ബിലേക്കോടും, കളി തുടങ്ങും, വൈകുന്നേരാകും തിരിച്ചുവരാന്‍. ഞാനൊക്കെ ഇന്നും നേരം സുബഹിക്ക് മുന്നേ എണീക്കുന്നത് ഈ കളി പഠിപ്പിച്ച ശീലം കൊണ്ടാ, ഇതിലകപ്പെട്ടാല്‍ പിന്നെ വേറൊന്നും ചിന്തിക്കാന്‍ സമയല്യാ, കച്ചറ കൂടാന്‍ നേരല്യ'' എന്ന് തിരൂരുകാരന്‍ ഉമര്‍ക്ക പറയുന്നുണ്ട്. 

ഒരുപക്ഷേ, പള്ളികളും അമ്പലങ്ങളും ചാരിറ്റികളും ചെയ്യുന്നതിനെക്കാളും കൂടുതല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ക്ലബ്ബുകള്‍ ചെയ്യുന്നുണ്ട്. ടൂര്‍ണമെന്റുകളില്‍നിന്നുള്ള ലാഭത്തില്‍നിന്നും ഒരു വിഹിതം ബ്ലഡ് ഡോണേഴ്സ് ഫോറം, മെഡിക്കല്‍ ഉപകരണ വിതരണം, മെഡിക്കല്‍ ക്യാമ്പുകള്‍, കുടിവെള്ള വിതരണം, വിദ്യാഭ്യാസ - സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നീക്കിവെയ്ക്കുന്ന ക്ലബ്ബുകള്‍ കളിക്കു മുന്‍പേ തന്നെ കളിവരുമാനത്തെ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് വീതം വെച്ച് മുന്‍കൂട്ടി പ്രഖ്യാപിക്കുന്നു. കോട്ടയ്ക്കല്‍ പ്രവര്‍ത്തിക്കുന്ന അല്‍അസ ക്ലബ്ബ് പ്രദേശത്തെ ദരിദ്രകുടുംബങ്ങള്‍ക്ക് Private Ration Card വിതരണം ചെയ്തിരുന്നു. ഇക്കാരണങ്ങള്‍ക്കൊണ്ടുതന്നെയാണ് മഹല്ലു കമ്മിറ്റികള്‍ക്കുപോലും പണം സംഭാവന ചെയ്യാത്തവര്‍ ഇന്നും ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്കുവേണ്ടി ഗ്രൗണ്ട് കെട്ടാനും പരസ്യം ചെയ്യാനും  പണം വാരിക്കോരി കൊടുക്കുന്നത്. ഇങ്ങനെ ഇവിടുത്തെ ലക്ഷക്കണക്കിനു വരുന്ന ജനം തങ്ങളുടെ ആരാധനകൊണ്ടും ആവേശാരവങ്ങള്‍ കൊണ്ടും ചിലപ്പോഴൊക്കെ പ്രേമപൂര്‍വ്വമുള്ള വ്യക്തിബന്ധങ്ങളിലൂടെത്തന്നെയും മെനഞ്ഞ് മെടഞ്ഞുണ്ടാക്കിയതാണ് ഇവിടുത്തെ ഓരോ കളിക്കാരനേയും. ഏതൊരു കോച്ചിന്റെ ശാസ്ത്രീയ നിര്‍ദ്ദേശങ്ങളെക്കാളും അവരില്‍ സ്വാധീനം ചെലുത്തിയത് കാണികളുടെ പ്രോത്സാഹനവും സ്‌നേഹവും ശകാരങ്ങളും തന്നെയാണ്. 

ഈ കളിക്കാരത്രയും ബൂട്ട് കെട്ടുന്നതിനു മുന്‍പുള്ള കാലത്ത് മലപ്പുറത്തുകാരന് ജീവിതസംഘര്‍ഷങ്ങളെ നേരിടാന്‍ പന്തുകളിയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. ഈ ജനത്തിന്റെ സ്‌നേഹമോ അംഗീകാരമോ അല്ലാതെ നാട്ടിലിറങ്ങി നടക്കാന്‍ ഇവിടത്തുകാരനു പ്രേരണയാകുന്ന കാല്‍പ്പന്തിനോളം പോന്ന മറ്റൊരു ഘടകം ഉണ്ടായിരുന്നില്ല. അക്കാലത്ത് മര്‍ക്കറ്റുകളിലും ഓട്ടോസ്റ്റാന്റുകളിലും ബസ് സ്റ്റാന്റുകളിലുമായി ഫുട്‌ബോളിന്റെ പേരില്‍ എത്രയോ സ്‌നേഹക്കൂട്ടായ്മകള്‍ ഉണ്ടായിട്ടുണ്ട്. സമ്പന്നനും ദരിദ്രനും രാഷ്ട്രീയക്കാരനും സാധാരണക്കാരനും എന്നുവേണ്ട സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ടവര്‍ തമ്മിലുള്ള ഇടപഴകല്‍ സാധ്യമാക്കിയത് കളിക്കളത്തിലെ മികവായിരുന്നു. ഫുട്‌ബോള്‍ കളിക്കുന്നതു മാത്രമല്ല, കളി ആസ്വദിക്കുന്നതും സംഘം ചേര്‍ന്നായിരിക്കണമെന്ന നിര്‍ബന്ധമുണ്ട് ഇവര്‍ക്ക്. ഷോ നിര്‍ത്തിവെച്ച് ബിഗ് സ്‌ക്രീനില്‍ ലോകകപ്പ് ടെലിക്കാസ്റ്റ് ചെയ്യുന്ന തിയേറ്ററുകള്‍ ഇന്നും മലപ്പുറത്തുണ്ട്. അതിനുവേണ്ടി എന്തു ചെയ്യാനും എത്ര പണം മുടക്കാനും ഇവര്‍ തയ്യാറുമാണ്. 

''നമ്മള് പൈസണ്ടാക്കാന്‍ അല്ലല്ലോ കളിക്കണത്
കളിക്കാനല്ലേ പൈസ ണ്ടാക്കണത്''
എന്ന് 'സുഡാനി ഫ്രം നൈജീരിയ'യില്‍ സൂപ്പര്‍ അഷ്‌റഫ്ക്ക പറയുന്ന ഡയലോഗ്  ഈ വികാരത്തെ സുന്ദരമായി അനാവരണം ചെയ്യുന്നുണ്ട്. പന്തുകളിയുടെ സിനിമയായതുകൊണ്ട് അത്രയ്ക്കു ജന്യുവിനായി സിനിമയോട് സഹകരിച്ച നാട്ടുകാരെക്കുറിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍തന്നെ പറയുന്നുണ്ട്. ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് കോണ്‍ട്രാക്റ്റ് പണികളും വീട്ടുജോലികളുമെല്ലാം ഡബ്ബിങ്ങിനു തടസ്സമാകുമെന്ന് കരുതി നിര്‍ത്തിവെച്ച പ്രദേശവാസികളുടെ നിസ്വാര്‍ത്ഥമായ സഹകരണത്തിനു പിന്നില്‍ കാല്‍പ്പന്തെന്ന വികാരമൊന്നു മാത്രമാണ്. സിനിമയിലെ ഉണ്ണിനായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വളാഞ്ചേരിക്കാരന്‍ ഉണ്ണിയേട്ടനെ ഒരു സിനിമയുടെ കാസ്റ്റിങ്ങിനുവേണ്ടി ക്ഷണിച്ചപ്പോള്‍ ''ഞമ്മക്ക് സില്‍മാ പ്രാന്തില്യ, പന്ത് സില്‍മേല് വീണപ്പൊ നമ്മളും വീണ് സില്‍മന്റെ വണ്ടി വളാഞ്ചേരിക്കൂടി പോവ്വാണെങ്കി കേറിക്കോണ്ട് എന്നു പറഞ്ഞുകൊണ്ട് മുഖം തിരിച്ചുകളയുമ്പോള്‍ ചൂളിപ്പോകുന്നത് സിനിമക്കാര്‍ മാത്രമല്ല, സിനിമയ്ക്ക് ഓഫര്‍ കിട്ടിയിട്ടും ഇയാള്‍ക്കിതെന്തേ എന്ന് ആശ്ചര്യപ്പെടുന്ന ഓരോ മലയാളിയുമാണ്. 

ഇവരുടെ പിന്മുറക്കാര്‍ തന്നെയാണ് KL10 പത്ത് സിനിമയുടെ തുടക്കത്തിലെന്നതുപോലെ 'പടച്ചോനേ, ഇഞ്ഞി ഞാന്‍ വെള്ളിയാഴ്ച ഫസ്റ്റ് ഷോക്ക് പോവൂലാ, ജുമുഅക്ക് പൊയ്ക്കോളാ, കളി ജയിപ്പിക്കണേ എന്ന് വളരെ നിഷ്‌കളങ്കമായി പ്രാര്‍ത്ഥിക്കുന്നത്. ഓരോ ലോകകപ്പും പെരുന്നാള് പോലെ കൊണ്ടാടുന്നത്. 

ലോകകപ്പ് വരുന്ന സമയത്ത് ഓരോ അങ്ങാടിയും ഉത്സവത്തിനെന്നപോലെ ഫ്‌ലക്സുകളും കൊടിതോരണങ്ങളുംകൊണ്ട് അലങ്കരിക്കപ്പെടും. നാലു വര്‍ഷങ്ങള്‍ കണ്ണുചിമ്മി തുറക്കുമ്പോഴേക്ക് കടന്നുപോകുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ വാതുവെപ്പുകളുടെ എണ്ണം വീണ്ടും കൂടും. അര്‍ജന്റീന, ബ്രസീല്‍, സ്പെയിന്‍, ജര്‍മ്മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ഹോളണ്ട്, പോര്‍ച്ചുഗല്‍ തുടങ്ങിയ ടീമുകളുടെ ഫാന്‍സ് വിചിത്രമായ രീതികളിലാണ് പന്തയം വെയ്ക്കുന്നത്. ഭീമമായ തുക നല്‍കുന്നതിന്, മൊട്ടയടിക്കുന്നതിന്, മീശ വടിക്കുന്നതിന്, പതിനഞ്ചു ദിവസത്തേക്ക് നാടുകടത്തുന്നതിന് തുടങ്ങി അനേകം രീതിയിലുള്ള പന്തയങ്ങളുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെ പന്തയം തോറ്റൊരുത്തന്‍ ട്രാഫിക്കില്‍ ഒറ്റക്കാലില്‍ നിന്നത് മലപ്പുറത്തുകാര്‍ക്ക് ഇന്നും ഓര്‍മ്മയുണ്ട്. എതിര്‍ ടീമുകളുടെ പരാജയം ശവഘോഷയാത്രയിലും മൗനജാഥയിലും ടീമിന്റെ ഫ്‌ലക്സുകളില്‍ റീത്ത് സ്ഥാപിക്കുന്നതിലും ചെന്നെത്തുന്നു. കഴിഞ്ഞ ലോകകപ്പില്‍ ബ്രസീല്‍ ജര്‍മ്മനിയോട് 7 ഗോളുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ ഒരാഴ്ച പുറത്തിറങ്ങാതെ വീട്ടിലിരുന്ന ഉപ്പാടെ ജ്യേഷ്ഠനെ ഓര്‍ത്തുപോകുന്നു. 

റോഡുകളും പാലങ്ങളും വീടിന്റെ ചുവരുകളും ക്ലാസ്സ് മുറികളിലെ ബെഞ്ചുകളും ഡെസ്‌ക്കുകളും മേശകളുമെല്ലാം പേനകൊണ്ടും പിച്ചാത്തികൊണ്ടും പെയിന്റുകൊണ്ടും കളര്‍പ്പെന്‍സിലുകൊണ്ടും ഇഷ്ടടീമിന്റേയും താരങ്ങളുടേയും പേരും കൊടിയും വരച്ചുവെയ്ക്കുന്നത് സുന്ദരമായ ലോകകപ്പ് സ്മരണകളാകുന്നു. സ്റ്റുഡന്റ് ഫാന്‍സിനുവേണ്ടി പുസ്തകങ്ങളുടെ പുറംചട്ടകളിലൊട്ടിക്കാന്‍ വിവിധ താരങ്ങളുടെ ഫോട്ടോ പതിച്ച നെയിംസ്ലിപ്പുകള്‍ വിപണിയിലിറങ്ങും. 2014 ഫിഫ ലോകകപ്പ് സമയത്ത് പ്ലസ്ടു പുസ്തകങ്ങളുടെ പുറംചട്ടകളിലും മെസ്സി, അഗ്യൂറോ, സബലേറ്റ, മഷറാനോ എന്നീ താരങ്ങളുടെ ചിത്രങ്ങള്‍ പതിച്ച നെയിംസ്ലിപ്പുകളുണ്ടായിരുന്നു. സ്വന്തം വീട്ടില്‍നിന്നും അയല്‍വീടുകളില്‍നിന്നുമായി ശേഖരിച്ചുവെയ്ക്കുന്ന പത്രങ്ങളുടെ സ്‌പോര്‍ട്സ് പേജുകളില്‍നിന്ന് മെസ്സിയുടെ പടം മാത്രം വെട്ടിയെടുത്തു സൂക്ഷിക്കുന്നതും പ്രധാന ഹോബിയായിരുന്നു. നോമ്പു കാലത്തു നടന്ന ഇതേ ലോകകപ്പിന്റെ ഫൈനല്‍ നടക്കുന്ന സമയം. അര്‍ജന്റീനയും ജര്‍മ്മനിയും ഫസ്റ്റ് ഹാഫില്‍ ഒരു ഗോള്‍ പോലുമടിക്കാതെ കടന്നുപോയി. സെക്കന്റ് ഹാഫ് തുടങ്ങി അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ കേബിള്‍ കണക്ഷന്‍ കട്ടാവുകയും ചെയ്തു. അര്‍ദ്ധരാത്രി പ്രദേശമാകെ ദേഷ്യം കൊണ്ടും സങ്കടംകൊണ്ടും ഇളകിമറിഞ്ഞു. അന്വേഷണങ്ങള്‍ക്കൊടുവിലാണ് അര്‍ജന്റീന കപ്പടിക്കുന്നത് കാണാന്‍ ശേഷിയില്ലാതെ അങ്ങാടിയിലെ ബ്രസീല്‍ ഫാന്‍സാണ് കണക്ഷന്‍ കട്ട് ചെയ്തതെന്ന വിവരമറിയുന്നത്. പ്രതികളെ അപ്പോള്‍ത്തന്നെ കണ്ടെത്തുകയും ആവശ്യമായ ശിക്ഷാനടപടികള്‍ സ്വീകരിച്ച് വിടുകയും ചെയ്തു. ആ ലോകകപ്പില്‍ ഒരൊറ്റ ഗോളിന് അര്‍ജന്റീന തോറ്റു. ഈ പരിശ്രമങ്ങളെല്ലാം വെറുതെയായി. അവസാനം, കണക്ഷന്‍ ശരിയായപ്പോഴേക്ക് എല്ലാം കഴിഞ്ഞിരുന്നു. ടി.വി. ഓണ്‍ ചെയ്തപ്പോള്‍ത്തന്നെ തലകുനിച്ച് വിതുമ്പിനില്‍ക്കുന്ന മെസ്സിയെയാണ് കണ്ടത്. പിന്നെയൊന്നും കാണാനുള്ള ശേഷി ഉണ്ടായില്ല. ഇടയത്താഴം കഴിച്ച് കിടന്നു. പിറ്റേ ദിവസം തലകുനിച്ചുകൊണ്ട് ക്ലാസ്സില്‍ കയറിച്ചെന്നു. എന്നാലും ഇങ്ങളെ ഏഴിനു പൊട്ടിച്ച ടീമിന് നമ്മളോട് ഒന്നിനല്ലേ പറ്റിയുള്ളൂ എന്നൊക്കെ പറഞ്ഞു ന്യായീകരിച്ചു. പതിവുതെറ്റാതെ അന്നൊരിക്കല്‍ക്കൂടി മെസ്സിയെ സ്വപ്നം കണ്ടു. 

പിറ്റേന്ന് സ്‌കൂള്‍ വിട്ടുവരുന്ന സമയത്ത് ഫൈനലില്‍ ഫ്രീ കിക്ക് പാഴാക്കിയ മെസ്സിയേയും ഗോളവസരങ്ങള്‍ കളഞ്ഞ ഹിറഗ്വയ്നും മമ്മത്ക്കയും സാദത്ത്ക്കയുമടക്കമുള്ള അര്‍ജന്റീന ഫാന്‍സ് പഴി പറയുന്നത് കേട്ടു. അങ്ങാടിയില്‍ പിന്നെ ഒരാഴ്ചയോളം ചര്‍ച്ചാവിഷയമായി ലോകകപ്പല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ലോകകപ്പ് ലഹരിയില്‍പ്പെട്ട് ഫിസിക്സിനും കെമിസ്ട്രിക്കും ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അപ്ലൈ ചെയ്തിരുന്നിട്ടും കെമിസ്ട്രി അറ്റന്റ് ചെയ്യാതെ ഒഴിവാക്കി. റിസല്‍ട്ട് വന്ന് ഉപ്പായെ കൂട്ടിക്കൊണ്ട് വരാന്‍ പറഞ്ഞ കെമിസ്ട്രി മിസ്സിനോട് ''ഓളും ഉപ്പായും കൂടിയാണ് ടീച്ചറേ കളി കണ്ടിരുന്നത്, അവരു സെറ്റാ''ണെന്ന്  ക്ലാസ്സിലെ ആമ്പിള്ളേര്‍ വിളിച്ചുപറഞ്ഞു. ആ ചര്‍ച്ചയും പരിഭവവും അവിടെത്തീര്‍ന്നു. 

താരങ്ങള്‍ അമാനുഷികരാകുമ്പോള്‍
ലോകകപ്പ് കാണാത്തവനെ മനുഷ്യരായിപ്പോലും പരിഗണിക്കാത്ത മലപ്പുറത്തുകാര്‍ക്കിടയില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് അതിലും വലിയ മറ്റെന്തു പരീക്ഷ! 1986-ലെ അര്‍ജന്റീന-ജര്‍മ്മനി ഫൈനല്‍ നടക്കുന്ന സമയത്ത് പ്രദേശത്ത് ഉമ്മവീട്ടില്‍ മാത്രമേ ടി.വിയുണ്ടായിരുന്നുള്ളൂ. ഒരു ഗ്രാമം മുഴുവന്‍ കളി കാണാന്‍ ഉമ്മറത്ത് ഒരുമിച്ചു കൂടിയ സമയത്ത് വീടിന്റെ തിണ്ണയില്‍ മൂടിപ്പുതച്ചു കിടന്നിരുന്ന വല്യഅമ്മാമനെ നോക്കി ''ഇവനൊക്കെ മനുഷ്യനാണോ'' എന്നു പിറുപിറുത്ത അബ്ദുള്ളക്കയുടെ പിന്മുറക്കാരാണ്. 

പന്തുകളി നടക്കുന്ന സമയത്ത് താരങ്ങള്‍ അമാനുഷികരാകും. അപ്പോള്‍ ലോകം ഒരു പന്തിലേക്ക് ചുരുങ്ങുകയും അവന്റെ കാലുകള്‍ അച്ചുതണ്ടിനോളം വലുതാവുകയും ചെയ്യും. 
''നല്ല വേജാറായിട്ട് ഇരിക്കണ നേരത്ത് ചൊമരിമ്മ ഒട്ടിച്ച പെലന്റീം മറഡോണന്റീം ഫോട്ടോ നോക്കുമ്പോ ഒരു കുളിരാ, ടെന്‍ഷനൊക്കെ ഒലിച്ചങ്ങട്ട് പോകും. ഒരു എനര്‍ജി വരും എന്നു പറയുന്ന ഉമ്മര്‍ക്ക, ഐ.എം. വിജയന്റെ ഫോട്ടോ പതിക്കാത്ത ചുവരുകള്‍ മലപ്പുറത്തുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പറയുന്നത്. കളിക്കാരനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നവന്റെ ഉറപ്പാണത്. ''രാഷ്ട്രീയത്തില് കൂറുമാറിയാലും കളീല് കൂറുമാറ്റം നടക്കൂല, അര്‍ജന്റീന എത്ര തോറ്റാലും ഞാന്‍ ടീമ് മാറൂല. അന്നാ റൊണാള്‍ഡോ ഉണ്ടാക്കിവച്ച ഇഫക്ടാ അത്, അതേപോലെത്തന്നെ ബ്രസീലേര്‍ക്കും. 7 എണ്ണം കിട്ടീട്ടും അതിലൊരുത്തനും ടീമ് മാറീലല്ലോ'' എന്ന് പറയുന്ന ഉപ്പായുടെ വാക്കുകളെ കിട്ടിയ ട്രോഫിയുടേയും ഗോളിന്റേയും എണ്ണം പറഞ്ഞു ക്രോസ് ചെയ്യാനും ഈ ജനറേഷനിലെ ആര്‍ക്കും കഴിയില്ല. ഇത്രമാത്രം ഉള്ളില്‍ വേരുറച്ചുപോയ പ്രണയം പിഴുതെറിയാന്‍ ഇനി വരുന്നൊരു തലമുറയ്ക്കും കഴിയുകയുമില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്രസീല്‍ കപ്പ് നേടിയ ലോകകപ്പ് ഫൈനല്‍ നടക്കുന്ന ഉച്ചനേരത്ത് മലപ്പുറത്തെ പള്ളിയില് ജുമുഅക്ക് ആളു തികയാതെ വന്നുവെന്ന് ചിരിച്ചുകൊണ്ട് പറയുന്നവരാണ്. ക്യാപ്റ്റനു കീഴിലുള്ള ഫുട്‌ബോള്‍ സ്‌ക്വാഡിനെ ഇമാമിനു കീഴില്‍ നമസ്‌കരിക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങളോട് ഉപമിക്കുന്നവരുണ്ട്. ഇവരുടെ പിന്മുറക്കാരാണ് കഴിഞ്ഞ ലോകകപ്പ് കാലത്ത്, പ്രദേശത്തെ പള്ളിയിലെ മുസ്ലിയാര്‍ ജുമുഅക്ക് മുന്‍പായുള്ള പ്രസംഗത്തില്‍ ചെറുപ്പക്കാരുടെ ഫുട്‌ബോള്‍ ഭ്രാന്തിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനും അവര്‍ക്ക് നരകവാസം ഉറപ്പാണെന്നും പ്രസംഗിച്ചതിനു മറുപടിയായി ''ഉസ്താദ് എന്തുപറഞ്ഞാലും ശരി, മെസ്സി ഗോളടിച്ചിരിക്കും'' എന്നെഴുതിയ ഫ്‌ലക്സ് പള്ളിക്കു മുന്‍പില്‍ കെട്ടിത്തൂക്കിയത് അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഈ സംഭവത്തിനു പിന്നിലെ മനശ്ശാസ്ത്രമറിയാനായി ബി.ബി.സി റിപ്പോര്‍ട്ടര്‍മാര്‍ 'മാധ്യമം' പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍ അടക്കമുള്ളവരുടെ അഭിപ്രായം തേടിയിരുന്നു. ഈ സീസണില്‍ ഏതെങ്കിലുമൊരു മൗലവി ഫുട്‌ബോള്‍ പ്രേമത്തെ ധാര്‍മ്മികമായി വിമര്‍ശിക്കുകയും അതിനായി ചെലവുചെയ്യുന്ന പണം ധൂര്‍ത്താണെന്നും പ്രസംഗിക്കുകയാണെങ്കില്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടു സംസാരിക്കുമെന്നു പറയുന്ന അഷ്‌റഫ്ക്കായുടെ മുഖത്തും കടുത്ത അമര്‍ഷമാണുണ്ടായിരുന്നത്. 

ഇത്തരത്തില്‍ ഫുട്‌ബോള്‍ പ്രേമം തലയ്ക്കുപിടിച്ച ഇന്നാട്ടുകാര്‍ ഗള്‍ഫ് നാടുകളില്‍നിന്നുപോലും ലോകകപ്പ് സമയത്തേക്ക് ലീവ് അഡ്ജസ്റ്റ് ചെയ്ത് മലപ്പുറത്തിരുന്നു കളി കാണാനെത്തുന്നവരാണ്. വരുമ്പോള്‍ കുടുംബത്തിലെ ഓരോ കുട്ടിക്കും ഇഷ്ടതാരങ്ങളുടെ ജേഴ്സിയും ഗള്‍ഫ് കോളായിട്ടുണ്ടാകും. മത്സരം നടക്കുന്നത് ഏതു രാജ്യത്തായാലും പറന്നെത്തുന്നവര്‍. സമീപ ജില്ലയായ കോഴിക്കോട് പോലും ഏത് ടൂര്‍ണമെന്റായാലും; നാഗ്ജിയാകട്ടെ, ഫെഡറേഷന്‍ കപ്പാകട്ടെ, ഗാലറികള്‍ നിറയണമെങ്കില്‍ മലപ്പുറത്തെ കളിപ്രേമികളെത്തണം. അവരുടെ ആരവങ്ങളാണ് മൈതാനത്തെ സജീവമാക്കുന്നത്. കളിദിവസങ്ങളില്‍ മലപ്പുറം രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ സ്റ്റേഡിയത്തിനു ചുറ്റും നിറയും. ഈ സത്യം കോഴിക്കോട്ടുകാര്‍ക്കും അറിയാം. മലപ്പുറത്തുകാര്‍ കളി കാണാനെത്തിയില്ലെങ്കില്‍ ഗാലറികള്‍ ശൂന്യമാകുമെന്നു തീര്‍ച്ച. കളിക്കുന്നോന്‍, അതേതു നാട്ടുകാരനായാലും ഇവിടത്തുകാര്‍ക്ക് തുല്യമാണ്. കാല്‍പ്പന്തു തട്ടുമ്പോള്‍ അവന്റെ സ്വത്വം മലപ്പുറത്തുകാരന്‍, കണ്ണൂരുകാരന്‍, കോഴിക്കോട്ടുകാരന്‍ എന്നതിനപ്പുറത്തേക്ക്  'കളിക്കാരന്‍' എന്നതായി ചുരുങ്ങുന്നു. തിരൂരില്‍ അണ്ടര്‍ 21 ടൂര്‍ണമെന്റ് നടന്ന സമയത്ത് വി.പി. സത്യനോടുള്ള ആരാധനകൊണ്ട് കളികഴിഞ്ഞ ഉടനെ കാണികളെ വകഞ്ഞുമാറ്റി ഗാലറിയിലേക്ക് ചാടിയിറങ്ങി സത്യന്റെ കവിളത്തൊരു കടി കൊടുത്ത മൂത്താപ്പായെ ഓര്‍മ്മവരികയാണ്. ഫുട്‌ബോള്‍ താരത്തിലുമപ്പുറം അംഗീകാരവും സ്‌നേഹവും ഇവിടെയൊരു സിനിമാനടനോ രാഷ്ട്രീയ പ്രവര്‍ത്തകനോ കിട്ടുകയില്ല. മലപ്പുറത്തെ പൊതു ആഘോഷങ്ങളില്‍ ഫുട്‌ബോളിനൊപ്പം വരുന്ന മറ്റൊന്നുമില്ല. അതുകൊണ്ടാണ് ടോണി ബ്ലെയറിനോട് ഒരു താല്‍പ്പര്യവുമില്ലാത്തപ്പോഴും ഇവിടത്തുകാര്‍ക്ക് ഡേവിഡ് ബെക്കാം ഹീറോ ആയി മാറുന്നത്. ബുഷിനെ വെറുത്തുകൊണ്ടുതന്നെ ഒരു അമേരിക്കന്‍ പ്ലയറേയും ഹിറ്റ്‌ലറെ വെറുത്തുകൊണ്ടുതന്നെ ക്വിന്‍സ്മാനെയും സ്‌നേഹിക്കുന്നത്. 

ഫുട്‌ബോള്‍ പ്രൊഫഷനായിക്കൂടി വളര്‍ന്നുവരുകയും മലപ്പുറത്തിനു പുറത്ത് പൊതു മണ്ഡലത്തില്‍ കാല്‍പ്പന്തുകളിക്കാന്‍ അംഗീകരിക്കപ്പെടുകയും മുന്‍പ് കളിയേയും കളിക്കാരേയും തന്നെക്കാളും കുടംബത്തെക്കാളുമപ്പുറം ഇത്തരത്തില്‍ സ്‌നേഹിക്കുന്നവരാണ് മലപ്പുറത്തുകാരന്‍. കാല്‍പ്പന്തുകളിയോട് അടക്കാനാവാത്ത അഭിനിവേശവും നൈസര്‍ഗ്ഗികമായ പാടവവും അതിനൊത്ത കുടുംബപശ്ചാത്തലവും ഉണ്ടായിട്ടും മലപ്പുറത്തിന് കേരളത്തിന്റെ കായിക ഭൂപടത്തില്‍ മതിയായ സ്ഥാനവും പരിപോഷണവുമില്ലെന്നു തന്നെയാണ് പുതുതലമുറയും കാരണവന്മാരും പറയുന്നത്. മലപ്പുറത്തെ മണ്ണില്‍നിന്ന് ഉദിച്ചുയര്‍ന്ന താരങ്ങളുടെ പത്ത് ശതമാനം പോലും ഫുട്‌ബോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. ദേശീയ ജേഴ്സി അണിയാനുള്ള യോഗ്യത ഉണ്ടായിട്ടും അരീക്കോട്ടെ മണല്‍ലോറികളില്‍ അമര്‍ന്നുപോയ എത്രയോ ചെറുപ്പക്കാരുടെ ജീവിതങ്ങളുണ്ട്. ജാഫറും ഷറഫലിയും അനസും ആസിഫ് സഹീറും അല്‍ത്താഫും അഫ്ദലുമെല്ലാം പുറംലോകമറിഞ്ഞ കളിക്കാരാണ്. ഫുട്‌ബോള്‍ ഹിസ്റ്ററിയില്‍ എവിടെയും രേഖപ്പെടുത്താതെ പോയ ഈ ബ്ലാക് ആന്റ് വൈറ്റ് കൗമാരക്കാരെ മലപ്പുറത്തെ ഇന്നത്തെ തലമുറയ്ക്കുപോലും പരിചയമുണ്ടാകണമെന്നില്ല. അതിലവര്‍ക്ക് യാതൊരു മനപ്രയാസവുമില്ലതാനും. 

''നാലാള് അറിഞ്ഞാലെന്താ അറിഞ്ഞീലെങ്കിലെന്താ കളിക്കന്ന്യാ അങ്ങട്ട്'' എന്നു വളരെ സിംപിള്‍ ആയി പറഞ്ഞു മുണ്ട് മുറുക്കിയുടുത്ത് അവര്‍ സായാഹ്നങ്ങളില്‍ വീണ്ടും നടന്നുമറയുന്നത് ഇരുതലക്കലും 2 ഗോള്‍ പോസ്റ്റ് കൊണ്ട് അതിരു വരച്ച ഏതെങ്കിലും പാടത്തേക്കോ പറമ്പിലോ ആണ്. അവര്‍ക്കു പരാതിയുള്ളത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയെക്കുറിച്ചു മാത്രമാണ്. ഇന്ത്യയുടെ പത്തിലൊന്ന് ജനസംഖ്യപോലുമില്ലാത്ത ചെറുരാജ്യങ്ങള്‍ ലോകകപ്പിനായി ബൂട്ടുകെട്ടുമ്പോള്‍, അവര്‍ പന്തിനു പിറകെ പായുന്ന റണ്ണിങ്ങ് ഫുട്‌ബോള്‍ ആസ്വദിക്കുമ്പോള്‍ ഇന്ത്യയില്‍ വാക്കിങ്ങ് ഫുട്‌ബോളാണ് നടക്കുന്നതെന്നാണവര്‍ പറയുന്നത്. പൊസിഷന്‍ മാറിക്കഴിഞ്ഞാല്‍ എന്തുചെയ്യണമെന്നറിയാത്ത, ടോട്ടല്‍ ഫുട്‌ബോളറല്ലാത്ത ഇന്ത്യാക്കാരനെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. 'സുഡാനി ഫ്രം നൈജീരിയ'യില്‍ സാമുവിലിനോടുള്ള മജീദിന്റെ വളരെ നിഷ്‌കളങ്കമായൊരു ചോദ്യമുണ്ട്: 
''ഇജ് ബ്രസീലാണോ, അര്‍ജന്റീനെണോ'' എന്ന് 
''No, My country is in worldcup. My country is my team. Nigeria'
എന്നു സാമുവല്‍ തിരിച്ചു പറയുമ്പോള്‍ ജാള്യതയോ വിഷമമോ നിരാശയോ എന്നു വേര്‍തിരിച്ചറിയാന്‍ കഴിയാത്തൊരു ഭാവം മജീദിന്റെ മുഖത്ത് നിഴലിക്കുന്നുണ്ട്. 
തനതായൊരു സ്പോര്‍ട്‌സ് മന്ത്രിയില്ലാത്തതും താരങ്ങള്‍ക്കു വേണ്ടത്ര പ്രതിഫലം നല്‍കാത്തതും കായികരംഗം സുതാര്യമല്ലാത്തതും കൊണ്ടുമൊക്കെയാണ് മലപ്പുറത്തെ ഫുട്‌ബോളര്‍മാരെ പുറംലോകം കാണാതെ പോകുന്നതാണെന്ന് കാരണവന്മാരുടെ അഭിപ്രായം.
''ഇവടെ ഇതുവരെ ഒരു സ്പോര്‍ട്‌സ് മന്ത്രി മാത്രായ്ട്ട് ണ്ടോ, സിനിമ, വനം, പരിസ്ഥിതി എന്നൊക്കെ പറഞ്ഞ് അയിന്റെക്കെ പിന്നില് കെട്ടി വിടല്ലേ... ന്നാപ്പോട്ടെ, ഈ കളിക്ക്‌ന്നോര്‍ക്ക് മര്യാദ്ക്ക് പൈസ കൊടുക്ക്‌ണ്ടോ, അങ്ങനെ കൊടുത്താല്‍ അവര് വേറെ ക്ലബ്ബിക്ക് പോവ്വോ, ഇവ്‌ടെത്തന്നെ നിക്കൂലേ'' എന്നു പറയുന്ന പണ്ടത്തെ ഇതിഹാസങ്ങളുടെ സ്വരം പരാതിയുടേതല്ല, കടുത്ത അമര്‍ഷത്തിന്റേതാണ്. 
ഇന്നും കേരളത്തിലെ മറ്റു കുട്ടികള്‍പോലും പന്തു കളിക്കുന്നത് ഈ മലപ്പുറത്തു വന്ന് സെവന്‍സ് കളിച്ചാല്‍ അഷ്ടിക്കുള്ള വകയുണ്ടാക്കാം എന്ന പ്രതീക്ഷയിലാണ്. ഈ കളിയുടെ ഗ്ലോബല്‍ സാധ്യതകളും സംസ്ഥാന ടീമിലും ദേശീയ ടീമിലും കളിച്ചാല്‍ കിട്ടുന്ന അംഗീകാരങ്ങളും നേട്ടങ്ങളും എന്തെല്ലാമാണെന്നും അറിയാതെ, അറിയാന്‍ കൂടുതലൊന്നും ശ്രമിക്കാതെ, ജന്മനാ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഈ വികാരം വിയര്‍പ്പായി ഒഴുക്കിയ മുന്‍തലമുറയും അവരുടെ പിന്‍ഗാമികളും തട്ടാനൊരു പന്ത്, കാലുറപ്പിക്കാന്‍ ഇത്തിരി മണ്ണും ആ മണ്ണിന്റെ മണമുള്ള കുറച്ചു മനുഷ്യരുമുള്ളിടത്തോളം കാലം പുല്‍മൈതാനിയിലായാലും ചതുപ്പുനിലത്തായാലും മലപ്പുറം കളിച്ചുകൊണ്ടേയിരിക്കും. 
അനേകം തലമുറകളുടെ ശ്വാസവും രക്തവും വിയര്‍പ്പും നിറച്ചുവീര്‍പ്പിച്ച തീഗോളം കയ്യിലേന്തി ഇരുമ്പന്‍ മൊയ്തീന്‍ കുട്ടിയുടേയും കാദറിന്റേയും മുഹമ്മദലിയുടേയുമെല്ലാം ആത്മാക്കള്‍ ഭൂഗോളമുള്ളിടത്തോളം കാലം മലപ്പുറത്തെ കളിപ്പിച്ചുകൊണ്ടേയിരിക്കും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com