ഗ്യാലറികളിലെ ഏകാധിപതികള്‍

അമേരിക്കയും യൂറോപ്പും വ്യാപാരമത്സരങ്ങളുടെ പേരില്‍ പോരടിക്കുന്നു. പക്ഷേ, റഷ്യന്‍ വിരോധത്തിന്റെ കാര്യം വരുമ്പോള്‍ പാശ്ചാത്യ ശക്തികള്‍ ഇന്നും ഒറ്റക്കെട്ട്
ഗ്യാലറികളിലെ ഏകാധിപതികള്‍

രോ ലോകകപ്പ് അടുക്കുമ്പോഴും ഇന്ത്യക്കാര്‍ക്ക് ഓര്‍ക്കാനൊരു കഥയുണ്ട്, ആദ്യമായും അവസാനമായും ലോകകപ്പ് ഫുട്ബോള്‍ കളിക്കാന്‍ യോഗ്യത കിട്ടിയിട്ടും കളിക്കാന്‍ കഴിയാതെ പോയ, നിരാശയുടെ ഓര്‍മ്മ മാത്രം ശേഷിപ്പിക്കുന്നൊരു പഴങ്കഥ. 1950-ല്‍ ലോകകപ്പ് കളിക്കാന്‍ കിട്ടിയ അവസരം ഉപയോഗിക്കാതിരുന്നതിനു കാരണം ബൂട്സിട്ടു കളിക്കാന്‍ വിസമ്മതിച്ചതാണെന്ന മിത്തും അതല്ല, ടീമിന്റെ യാത്രച്ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ അയയ്ക്കാതിരുന്നതാണെന്ന കൂടുതല്‍ വിശ്വാസ്യമായ യാഥാര്‍ത്ഥ്യവും ഈ 68 വര്‍ഷത്തിനിപ്പുറവും കെട്ടുപിണഞ്ഞു കിടക്കുന്നു. കളിക്കാത്തതിന്റെ കാരണം എന്തുതന്നെയായാലും കളിക്കാന്‍ ക്ഷണം കിട്ടിയതിന്റെ കാരണത്തെച്ചൊല്ലി തര്‍ക്കമൊന്നുമില്ല. 

യോഗ്യതാ റൗണ്ടിലെ മികവല്ല, ഏഷ്യയില്‍നിന്നു യോഗ്യത നേടിയ മൂന്നു ടീമുകളുടെ പിന്മാറ്റമായിരുന്നു ഇന്ത്യയ്ക്കു കിട്ടിയ യോഗ്യതയുടെ അടിസ്ഥാനം. രണ്ടാം ലോക മഹായുദ്ധം കാരണം മുടങ്ങിപ്പോയ ലോകകപ്പിന്റെ രണ്ട് എഡിഷനുകള്‍ക്കു ശേഷം നടന്ന ആ കായികമേളയിലും യുദ്ധാനന്തര ഹാങ്ങോവര്‍ ബാക്കി കിടന്നിരുന്നു. അതിന്റെ ബാക്കിപത്രമായിരുന്നു ഫിലിപ്പീന്‍സും ഇന്തോനേഷ്യയും ബര്‍മ്മയും അടക്കമുള്ള ടീമുകളുടെ പിന്മാറ്റം. ബ്രസീലില്‍, ഐതിഹാസികമായി മാരക്കാനയില്‍ പന്തു തട്ടാന്‍ കിട്ടുമായിരുന്ന അവസരം ഇന്ത്യയും വേണ്ടെന്നു വച്ചു.

അമേരിക്കയുടേയും സോവ്യറ്റ് യൂണിയന്റേയും പിന്നില്‍ ലോകം രണ്ടു ധ്രുവങ്ങളായി അണിനിരന്ന ശീതയുദ്ധകാലത്ത് ബഹിഷ്‌കരണമുണ്ടായത് ലോകകപ്പിലല്ല, ഒളിമ്പിക്‌സുകളിലായിരുന്നു. റഷ്യയുടെ അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് അമേരിക്കയും സഖ്യകക്ഷികളും 1980-ലെ മോസ്‌കോ ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ചു. ഇതിനു മറുപടിയെന്നോണം റഷ്യയും സഖ്യകക്ഷികളും 1984-ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സും ബഹിഷ്‌കരിച്ചു.. വ്‌ലാദിമിര്‍ പുട്ടിന്‍ എന്ന ശക്തനായ ഭരണാധികാരിക്കു കീഴില്‍ റഷ്യ സോവ്യറ്റ് അധീശത്വ പാരമ്പര്യം വീണ്ടെടുക്കാനുള്ള പാതയിലാണിപ്പോള്‍. മറുവശത്ത് അമേരിക്കന്‍ ചേരിക്ക് പഴയ ഐക്യമില്ല. അമേരിക്കയും യൂറോപ്പും വ്യാപാരമത്സരങ്ങളുടെ പേരില്‍ പോരടിക്കുന്നു. പക്ഷേ, റഷ്യന്‍ വിരോധത്തിന്റെ കാര്യം വരുമ്പോള്‍ പാശ്ചാത്യ ശക്തികള്‍ ഇന്നും ഒറ്റക്കെട്ട്. അതിനു കരുത്തു പകരാന്‍ സിറിയയും ക്രിമിയയും സെര്‍ജി സ്‌ക്രിപാലും... അങ്ങനെ വിഷയങ്ങള്‍ ഏറെ.

റഷ്യ V/S യു.കെ.
''ഹിറ്റ്ലര്‍ പണ്ട് ഒളിമ്പിക്‌സ് നടത്തിയതുപോലെയാണ് ഇപ്പോള്‍ പുട്ടിന്‍ ലോകകപ്പ് നടത്താന്‍ പോകുന്നത്'', ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്റേതാണ് ഇതിനകം (കു) പ്രസിദ്ധമായിക്കഴിഞ്ഞ താരതമ്യം. ജര്‍മ്മന്‍ ഏകാധിപതി 1936-ല്‍ ആതിഥ്യം വഹിച്ച ഒളിമ്പിക്‌സ് നാസി അപ്രമാദിത്ത്വവും ആര്യന്‍ വംശ മഹിമയുമൊക്കെ പ്രഖ്യാപിക്കാനുള്ള വേദിയായിരുന്നു. ജര്‍മ്മന്‍ അത്ലറ്റിക് സംഘത്തില്‍നിന്ന് ജൂതരെ പൂര്‍ണ്ണമായി ഒഴിവാക്കി. മറ്റു രാജ്യങ്ങളും ജൂതരായ കായികതാരങ്ങളെ കൊണ്ടുവരുന്നത് പരമാവധി നിരുത്സാഹപ്പെടുത്തി. പക്ഷേ, ഹിറ്റ്ലര്‍ വിചാരിച്ചതുപോലെയായിരുന്നില്ല കാര്യങ്ങളെല്ലാം. അമേരിക്കയില്‍നിന്നുള്ള കറുത്ത വര്‍ഗ്ഗക്കാരന്‍ ജെസ്സി ഓവന്‍സ് നാലു സ്വര്‍ണ്ണ മെഡലുകളുമായി കളം വാണപ്പോള്‍ അഭിനന്ദിക്കാന്‍ നില്‍ക്കാതെ നാണംകെട്ടു മടങ്ങാനുള്ള നിയോഗമാണ് ഏകാധിപതിയെ കാത്തിരുന്നത്.

1936ലെ ഒളിംപിക്‌സ് ദീപശിഖാ പ്രയാണം ഹിറ്റ്‌ലര്‍ നിരീക്ഷിക്കുന്നു
1936ലെ ഒളിംപിക്‌സ് ദീപശിഖാ പ്രയാണം ഹിറ്റ്‌ലര്‍ നിരീക്ഷിക്കുന്നു

ഹിറ്റ്ലറുമായോ നാസികളുമായോ ഉള്ള താരതമ്യങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലേറെ ആഴമുണ്ട് യൂറോപ്പില്‍. നാസി പരാമര്‍ശങ്ങള്‍ നിരോധിക്കാനുള്ള വ്യവസ്ഥകള്‍ ഭരണഘടനയില്‍പ്പോലും ഉള്‍പ്പെടുത്തിയിട്ടുണ്ട് ജര്‍മ്മനി പോലുള്ള രാജ്യങ്ങള്‍. അതുകൊണ്ടുതന്നെ ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുച്ചിനുമൊക്കെ ഹിറ്റ്ലറുമായി താരതമ്യം ചെയ്യപ്പെടുന്നതില്‍ നമുക്ക് ഊഹിക്കാന്‍ കഴിയാത്ത മാനങ്ങളുണ്ട്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കുമൊക്കെ പരമാവധി പ്രാധാന്യം നല്‍കുന്ന വര്‍ത്തമാനകാല യൂറോപ്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ റഷ്യ വെറുക്കപ്പെടുന്നത് ഇതിന്റെ മറുപുറവും.

ഹിറ്റ്ലറുടെ ഓര്‍മ്മകള്‍ക്കൊക്കെ ഇന്നു വിദൂര ഭൂതകാലത്തിന്റെ പഴക്കമുണ്ട്. പഴയപോലെ വംശമഹിമയും രാഷ്ട്രമേധാവിത്വവുമൊന്നും പറഞ്ഞുനിന്നാല്‍ ആരും വിലകൊടുക്കില്ല. എന്നുവച്ച് ഇത്തരം ചിന്താഗതിയൊന്നും ഇല്ലാതായിട്ടുമില്ല. യൂറോപ്പില്‍ത്തന്നെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തമായ അന്തര്‍ധാരകളായി അവയൊക്കെ ഇന്നും നിലനില്‍ക്കുന്നു. യു.എസിലേയും ഇറ്റലിയിലേയും ഓസ്ട്രിയയിലേയുമൊക്കെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍പ്പോലും ഇതു പ്രതിഫലിക്കുന്നുണ്ട്. ജര്‍മ്മനിയിലും യു.കെയിലും ഫ്രാന്‍സിലും നെതര്‍ലന്‍ഡ്സിലുമെല്ലാം അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി തീവ്ര വലതുപക്ഷ രാഷ്ട്രീയം മാറിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ പരിണതഫലമെന്നോണം റഷ്യയിലെ പുട്ടിനപ്പോലെയോ, തുര്‍ക്കിയിലെ റജബ് തയ്യിബ് ഉര്‍ദുഗാനെപ്പോലെയോ സിറിയയിലെ ബാഷര്‍ അല്‍ അസദിനെപ്പോലെയോ ജനാധിപത്യത്തിന്റെ മറവില്‍ അധീശത്വ മനോഭാവം വച്ചുപുലര്‍ത്തുന്ന ഭരണാധികാരികളോടുള്ള വിദ്വേഷവും യൂറോപ്പില്‍ വളര്‍ന്നുവരുകതന്നെ ചെയ്യുന്നു. ഇതിന്റെ തുറന്ന പ്രകടനമായി കണക്കാക്കാം ബോറിസ് ജോണ്‍സന്റെ തുറന്ന വിമര്‍ശനത്തെ.

മുന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കുമെതിരെ നടത്തിയ വിഷപ്രയോഗത്തിന്റെ പേരില്‍ റഷ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ് ബ്രിട്ടന്‍. സിറിയയിലെ രാസായുധ പ്രയോഗത്തിനു പിന്നില്‍ അസദ് ഭരണകൂടമല്ലെന്നും പ്രമുഖമായൊരു പാശ്ചാത്യ ശക്തിയാണെന്നും റഷ്യ ആരോപിച്ചത് ഏതു രാജ്യത്തെ ഉദ്ദേശിച്ചാണെന്നറിയാന്‍ ഈ സാഹചര്യത്തില്‍ അധികം ചിന്തയുടേയൊന്നും ആവശ്യമില്ല. ഇതിന്റെയൊക്കെ പ്രതിഫലനമായിരുന്നു ഹിറ്റ്ലറുടെ ഒളിമ്പിക്‌സും പുട്ടിന്റെ  ലോകകപ്പും താരതമ്യം ചെയ്ത ബോറിസ് ജോണ്‍സന്റെ കമന്റ്. ബ്രിട്ടനില്‍നിന്നു രാജകുടുംബാംഗങ്ങളോ ജനപ്രതിനിധികളോ ലോകകപ്പ് കാണാന്‍ റഷ്യയിലേക്കു പോകുന്നില്ലെന്നാണ് അനൗപചാരിക തീരുമാനം. എന്നാല്‍, നയതന്ത്ര പ്രശ്‌നത്തിന്റെ പേരില്‍ ടീമിനേയും ആരാധകരെയോ നിരാശപ്പെടുത്തുന്ന തരത്തില്‍ ലോകകപ്പ് ബഹിഷ്‌കരിക്കില്ലെന്നും ബ്രിട്ടന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

കൊതിക്കെറുവും ഹാക്കിങ്ങും
2018-ലെ ലോകകപ്പിന് ആതിഥ്യം വഹിക്കാന്‍ 2010-ല്‍ റഷ്യയോടു മത്സരിച്ചു പരാജയപ്പെട്ട രാജ്യങ്ങളിലൊന്ന് ഇംഗ്ലണ്ടായിരുന്നു. സ്പെയ്ന്‍ - പോര്‍ച്ചുഗല്‍ സഖ്യവും നെതര്‍ലാന്‍ഡ്സ് - ബെല്‍ജിയം സഖ്യവും ചേര്‍ന്നു സമര്‍പ്പിച്ച ബിഡ്ഡുകളും മറികടന്നാണ് റഷ്യ ആതിഥ്യത്തിന് അവകാശം നേടിയത്. ഒന്നുകൂടി സാമാന്യവല്‍ക്കരിച്ചാല്‍, യൂറോപ്പിനു മേല്‍ റഷ്യ നേടിയ വിജയം.

കടുത്ത മത്സരങ്ങളിലൂടെത്തന്നെയാണ് ഓരോ വര്‍ഷവും ലോകകപ്പ് വേദി ഏതെന്നു നിശ്ചയിക്കാറ്. എന്നാല്‍, മത്സരത്തിന്റെ സാമാന്യനീതി അട്ടിമറിക്കുന്ന തരത്തില്‍ റഷ്യ ഇടപെട്ടു എന്ന ആരോപണം ഖത്തറിന്റെ കാര്യത്തിലെന്നപോലെ ശക്തമാണ്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വരെ സ്വാധീനം ചെലുത്താന്‍ മാത്രം വൈദഗ്ദ്ധ്യം കാണിച്ച റഷ്യന്‍ ഹാക്കര്‍മാര്‍ക്ക് ഇംഗ്ലണ്ടിന്റെ ലോകകപ്പ് ബിഡ്ഡ് അട്ടിമറിച്ചത് പൂ പറിക്കുന്ന ലാഘവത്തോടെയായിരുന്നു എന്നു വിശ്വസിക്കുന്നവരുണ്ട്. ഇംഗ്ലണ്ട് മത്സരത്തില്‍ സജീവമായിരുന്ന സമയത്ത്, അവരുടെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്നതു വസ്തുതയുമാണ്. A World Cup of Spies എന്ന പേരില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന ഒരു ഡോക്യുമെന്ററി തന്നെ ഡെന്മാര്‍ക്കില്‍ തയ്യാറാക്കിയിരുന്നു. ഹാക്കിങ്ങും ചാരപ്പണിയുമെല്ലാം ഉള്‍പ്പെടുന്നൊരു ജയിംസ് ബോണ്ട് സിനിമയുടെ പ്ലോട്ടിനെ ഓര്‍മ്മിപ്പിക്കുന്ന പ്രമേയം.

1945ലെ യാള്‍ട്ട കോണ്‍ഫറന്‍സില്‍ സ്റ്റാലിന്‍
1945ലെ യാള്‍ട്ട കോണ്‍ഫറന്‍സില്‍ സ്റ്റാലിന്‍

ലോകകപ്പിനു വേദിയാകുമ്പോള്‍ അതില്‍ പന്തുകളി പ്രേമം മാത്രമല്ല, രാജ്യത്തിന്റെ പാരമ്പര്യവും പ്രൗഢിയും ലോകത്തുള്ള സ്ഥാനവുമൊക്കെ കൂടിയാണ് പന്തയത്തില്‍ നിരക്കുന്നത്. 2016-ലെ ടൂര്‍ണമെന്റ് നടത്തിപ്പിന് യു.എസ്.എ - ക്യാനഡ - മെക്‌സിക്കോ സംയുക്ത ബിഡ്ഡിന് വെല്ലുവിളിയുമായി നില്‍ക്കുന്നത് മൊറോക്കോയാണ്. റഷ്യയ്ക്കു കിട്ടിയത് ഞങ്ങള്‍ക്കും വേണമെന്ന വാശിയുമായി യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തന്നെ ക്യാംപെയ്നു മുന്നില്‍ നില്‍ക്കുന്നതു വെറുതെയല്ല.

റഷ്യ V/S ജര്‍മ്മനി
ചില ജര്‍മ്മന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതിനകം റഷ്യന്‍ ലോകകപ്പില്‍ പ്രവേശനം നിഷേധിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. റഷ്യന്‍ അധികൃതരുടെ ഒത്താശയോടെ നടപ്പാക്കിവന്ന വമ്പന്‍ ഉത്തേജക മരുന്നു പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നതാണത്രെ ഇവര്‍ ചെയ്ത കുറ്റം! ഇതിനു മറുപടിയായി ജര്‍മ്മന്‍ നയതന്ത്രജ്ഞര്‍ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമാണ്. ജര്‍മ്മനിയുടെ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ പോകുന്ന പതിവുള്ള ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ഇക്കുറി അതിനു നില്‍ക്കരുതെന്നും ആവശ്യമുയര്‍ന്നുകഴിഞ്ഞു. ഇതിനോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല, പുച്ചിന്റെ അടുത്ത സുഹൃത്ത് കൂടിയായ മെര്‍ക്കല്‍.

2014-ല്‍ സോചിയില്‍ നടന്ന ശീതകാല ഒളിംപിക്‌സ് മുതല്‍ റഷ്യന്‍ കായികലോകം ഉത്തേജക പദ്ധതിയുടെ നാണക്കേടില്‍ മുങ്ങിക്കിടക്കുകയാണ്. അതിന്റെ കറ ഒട്ടൊന്നു മായ്ച്ചു കളയാന്‍ കിട്ടിയ അവസരമാണ് ഈ ലോകകപ്പ്. ലോക കായികവേദികളില്‍ റഷ്യന്‍ കായികതാരങ്ങള്‍ക്ക് അടങ്കല്‍ നിരോധനം ഏര്‍പ്പെടുത്തുന്നിടത്തോളം വളര്‍ന്ന ഉത്തേജക വിവാദത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. അതിനുള്ള പ്രതികാര നടപടി മാധ്യമ പ്രവര്‍ത്തകരോടു സ്വീകരിക്കുന്നത്  നാണക്കേട് മാറ്റാനുള്ള മാര്‍ഗ്ഗവുമാക്കാന്‍ കഴിയില്ല.

റഷ്യന്‍ ചാരനായിരുന്ന സെര്‍ജി സ്‌ക്രിപാലും മകള്‍ യൂലിയയും
റഷ്യന്‍ ചാരനായിരുന്ന സെര്‍ജി സ്‌ക്രിപാലും മകള്‍ യൂലിയയും

ബഹിഷ്‌കരണങ്ങളുടെ ചരിത്രം
ലോകകപ്പ് ബഹിഷ്‌ക്കരണങ്ങള്‍ക്ക് ഏറെക്കുറെ ലോകകപ്പ് ചരിത്രത്തോളം തന്നെയാണ് പഴക്കം. 1930-ല്‍ നടന്ന ആദ്യ ലോകകപ്പില്‍ സ്വന്തം നാട്ടില്‍ ചാമ്പ്യന്‍മാരായ ഉറുഗ്വെ 1934-ല്‍ ഇറ്റലിയില്‍ നടന്ന തൊട്ടടുത്ത ലോകകപ്പില്‍ ട്രോഫി നിലനിര്‍ത്താന്‍ മത്സരിച്ചില്ല. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും പങ്കെടുക്കാത്തതിനോടുള്ള പരിഭവമായിരുന്നു ഇതിനു പിന്നില്‍. നാട്ടില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനാണ് നിലവാരമെന്നും ഫിഫയുടെ ടൂര്‍ണ്ണമെന്റ് വെറും തമാശയാണെന്നും പരിഹസിച്ച് ഇംഗ്ലണ്ടും സ്‌കോട്ട്ലാന്‍ഡും വെയില്‍സും അയര്‍ലാന്‍ഡും ഇതേ ലോകകപ്പില്‍നിന്നു വിട്ടുനിന്നു.

ലോകകപ്പ് ആതിഥ്യം യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കും മാറിമാറി കിട്ടുമെന്നു പ്രതീക്ഷിച്ച് കാത്തിരുന്ന അര്‍ജന്റീനയെ കാത്തിരുന്നത്, 1938-ല്‍ ഫ്രാന്‍സില്‍ ലോകകപ്പ് നടത്തുമെന്ന വാര്‍ത്തയാണ്. അങ്ങനെ അവരും കൂടെ ഉറുഗ്വെയും ആ വര്‍ഷം ലോകകപ്പിനു പോയില്ല. 
ഇസ്രയേലിന്റെ സാന്നിധ്യത്തില്‍ പ്രതിഷേധിച്ച് 1958-ല്‍ തുര്‍ക്കിയും ഇന്തോനേഷ്യയും ഈജിപ്റ്റും സുഡാനും യോഗ്യതാ റൗണ്ട് തന്നെ ബഹിഷ്‌കരിച്ചതാണ് കളത്തിനു പുറത്തെ രാഷ്ട്രീയം പ്രകടമായി കളത്തില്‍ പ്രതിഫലിച്ച ആദ്യ അവസരം.

അതുവരെ ഓരോരോ രാജ്യങ്ങളായി ബഹിഷ്‌കരണം പ്രഖ്യാപിക്കുന്നതാണ് കണ്ടിട്ടുള്ളതെങ്കില്‍, 1966-ല്‍ ആഫ്രിക്കന്‍ വന്‍കര ഒന്നടങ്കമാണ് ലോകകപ്പ് ബഹിഷ്‌കരിച്ചത്. ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും ഓഷ്യാനിയയ്ക്കും കൂടി ഒരു സ്ഥാനം മാത്രം മാറ്റിവച്ച ഫിഫ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു 15 രാജ്യങ്ങളുടെ പിന്‍മാറ്റം. വര്‍ണ്ണവിവേചനത്തിന്റെ പേരില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്ബോള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന ദക്ഷിണാഫ്രിക്കയെ ഏഷ്യന്‍ ഗ്രൂപ്പില്‍ കളിപ്പിച്ചാണ് ഫിഫ ഇതിനു മറുപടി നല്‍കിയത്.

ഒരിക്കലും ലോകകപ്പ് നേടിയിട്ടില്ലെങ്കിലും 1960-കളിലും 1970-കളിലും ഫുട്ബോളിലെ വന്‍ ശക്തികളായിരുന്ന യു.എസ്.എസ്.ആറിന്റെ ബഹിഷ്‌ക്കരണമാണ് 1974-ലെ പ്ലേഓഫില്‍ കണ്ടത്. 1970 വരെ സജീവമായിരുന്ന അവരുടെ ലെവ് യാഷിന്‍ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോള്‍ക്കീപ്പര്‍മാരിലൊരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. യൂറോപ്പിലേയും ലാറ്റിനമേരിക്കയിലേയും റണ്ണറപ്പുകള്‍ തമ്മിലുള്ള പ്ലേഓഫില്‍ ചിലി ആയിരുന്നു യു.എസ്.എസ്.ആറിന്റെ എതിരാളികള്‍. ജനറല്‍ പിനോഷെ അധികാരത്തിലേറിയതിനു പിന്നാലെ ഇടതുപക്ഷ തടവുകാരെ കൂട്ടത്തോടെ കൊന്നൊടുക്കിയ സാന്റിയാഗോ സ്റ്റേഡിയത്തില്‍നിന്നു വേദി മാറ്റണമെന്ന യു.എസ്.എസ്.ആറിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. അവര്‍ പിന്മാറിയെങ്കിലും കളി കിക്കോഫ് ചെയ്തു. ചിലിയന്‍ ടീം മെല്ലെ പന്ത് പാസ്സ് ചെയ്ത് ഒഴിഞ്ഞ വലയില്‍ നിക്ഷേപിച്ചതോടെ ലോങ് വിസിലും മുഴങ്ങി.

ബഹിഷ്‌ക്കരണമില്ലാത്ത രാഷ്ട്രീയം
1938-ല്‍ ജര്‍മ്മനിയില്‍ പോയി ജര്‍മ്മനിയെ 6-3 നു തോല്‍പ്പിച്ചിരുന്നു ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം. എന്നാല്‍, മത്സരത്തിനു മുന്‍പ് ഇംഗ്ലിഷ് താരങ്ങള്‍ നാസി സല്യൂട്ട് ചെയ്യുന്ന ചിത്രം മാത്രം മതിയായിരുന്നു ഹിറ്റ്ലറുടെ പി.ആര്‍ അജന്‍ഡ നടപ്പാക്കാന്‍. പക്ഷേ, കായികരംഗത്തെ രാഷ്ട്രീയവല്‍ക്കരിച്ചവരില്‍ ഹിറ്റ്ലര്‍ ആദ്യത്തെയാളോ പുച്ചിന്‍ അവസാനത്തെയാളോ അല്ല. റയല്‍ മാഡ്രിഡ് ഫുട്ബോള്‍ ക്ലബ്ബിലൂടെ രാഷ്ട്രീയം കളിച്ച ചരിത്രമാണ് സ്പാനിഷ് ഏകാധിപതിയായിരുന്ന ഫ്രാങ്കോയുടേത്. ഇക്കുറി ബഹിഷ്‌കരണ ഭീഷണിയൊക്കെ ഒഴിഞ്ഞു പോയെങ്കിലും എക്കാലത്തേയും ഏറ്റവുമധികം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ലോകകപ്പുകളിലൊന്നു തന്നെയാണ് റഷ്യയില്‍ നടക്കാന്‍ പോകുന്നത്. 

ശീതയുദ്ധ കാലത്തെക്കാളധികം വൈരം ബ്രിട്ടനും റഷ്യയും തമ്മില്‍ വര്‍ധിച്ചിരിക്കുന്ന കാലം. റഷ്യയുടേയും അമേരിക്കയുടേയും നേതൃത്വത്തില്‍ സിറിയന്‍ പോര്‍മുഖങ്ങളില്‍ സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ വരുകപോലും ചെയ്തു. ബോള്‍ഷെവിക് വിപ്ലവകാരികള്‍ ചുട്ടുകൊന്ന സാര്‍ ചക്രവര്‍ത്തിയുടെ ഭാര്യയുടെ പിന്മുറക്കാരാണ് ബ്രിട്ടനിലെ രാജകുടുംബാംഗങ്ങള്‍ എന്നതൊന്നും ഇന്നത്തെ വൈരത്തില്‍ പ്രസക്തമല്ല. പക്ഷേ, ഒന്നാം ലോകയുദ്ധാനന്തരം ഹിറ്റ്ലറുടെ കീഴില്‍ ജര്‍മ്മനി നടത്തിയ ഉയിര്‍ത്തെഴുന്നേല്‍പ്പും സോവ്യറ്റ് അനന്തര കാലഘട്ടത്തില്‍ പുച്ചിന്റെ കീഴില്‍ റഷ്യ സ്വന്തമാക്കിയ പുനര്‍ജനിയും താരതമ്യത്തിന് അതീതവുമല്ല.

1980-ലെ ഒളിമ്പിക്‌സ് ബഹിഷ്‌ക്കരണത്തിലേക്കു നയിച്ചത് സോവ്യറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശമായിരുന്നെങ്കില്‍, ഇപ്പോഴത്തെ നയതന്ത്ര സംഘര്‍ഷങ്ങളുടെ തുടക്കം റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശമായിരുന്നു. അഫ്ഗാനിസ്ഥാന്‍ അമേരിക്കയ്ക്കു തന്ത്രപ്രധാനമായിരുന്നെങ്കില്‍, ഉക്രെയ്നില്‍നിന്നു റഷ്യ ചുരണ്ടിയെടുത്ത ക്രിമിയ യൂറോപ്പിനു തന്ത്രപ്രധാനമാണ്.
പക്ഷേ, ലോക കായികമേളകളെ ശക്തിപ്രകടനത്തിനുള്ള വേദികളായി കാണുന്ന ഭരണാധികാരികള്‍ക്കു മറക്കാനാവില്ല ജെസ്സി ഓവന്‍സ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ നാലു സ്വര്‍ണ്ണ മെഡലുകളുടെ തിളക്കത്തില്‍ മങ്ങിപ്പോയ ഹിറ്റ്ലറുടെ ധാര്‍ഷ്ട്യത്തെ. ഉത്തേജകവും ഒത്തുകളിയും എത്രതന്നെ വളര്‍ന്നുവന്നാലും ബാക്കിനില്‍ക്കുന്നൊരു പ്രവചനാതീത സ്വഭാവമുണ്ട് കളിക്കളങ്ങള്‍ക്ക്. ഫുട്ബോള്‍ ലോകകപ്പില്‍ റഷ്യ അദ്ഭുതങ്ങളൊന്നും കാണിക്കുമെന്ന് ആരും പ്രതീക്ഷിക്കാത്തിടത്ത് അത്തരം അപ്രവചനീയതയ്ക്ക് വലിയ പ്രസക്തിയൊന്നുമില്ല. പക്ഷേ, ദില്‍മ റൂസഫിന്റെ ജനപ്രീതി ഉയര്‍ത്തുമെന്നു കരുതിയ ബ്രസീലിയന്‍ ലോകകപ്പില്‍ ആതിഥേയര്‍ ജര്‍മ്മനിയോടേറ്റു വാങ്ങിയ ഏഴു ഗോളുകള്‍ ഇനിയും മറക്കാറായിട്ടുമില്ല.

നഷ്ടപ്പെട്ട പ്രതിച്ഛായ
മൂന്നു സാര്‍ ചക്രവര്‍ത്തിമാര്‍ സത്യപ്രതിജ്ഞ ചെയ്ത, പുച്ചിന്‍ നാലു വട്ടം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ക്രെംലിന്‍ കൊട്ടാരത്തില്‍ത്തന്നെയായിരുന്നു ലോകകപ്പ് ഫുട്ബോളിന്റെ ഡ്രോ. ജൂഡോ ഇഷ്ടപ്പെടുന്ന പുച്ചിനു ഫുട്ബോള്‍ അത്ര പഥ്യമൊന്നുമല്ല. ലോകവേദിയില്‍ രാജ്യത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഇതിലും നല്ലൊരു ഗെയിമില്ലെന്നു പുച്ചിനറിയാമായിരുന്നു. പക്ഷേ, ലോകകപ്പ് വേദി സ്വന്തമാക്കിയത് കോഴ കൊടുത്താണെന്ന് ആരോപണമുയര്‍ന്നതോടെ തന്നെ അതു പാളി. ഇതിനിടെ ഉത്തേജക വിവാദം. ഇനിയിപ്പോള്‍ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്നതല്ല, നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുക എന്നതായിരിക്കുന്നു റഷ്യയുടെ ലോകകപ്പ് ദൗത്യം.

ശീതയുദ്ധാനന്തര കാലഘട്ടത്തില്‍ ലോകരാഷ്ട്രീയം ഏറ്റവും കലുഷിതമായിരിക്കുന്ന അന്തരീക്ഷത്തിലാണ് റഷ്യയില്‍ പന്തുരുളാന്‍ പോകുന്നത്. സിറിയയില്‍ ബാഷര്‍ അല്‍ അസദിനെ താങ്ങിനിര്‍ത്തുന്ന, വിദേശ രാജ്യങ്ങളുടെ തെരഞ്ഞെടുപ്പുകളില്‍വരെ ഇടപെട്ടുവെന്നു പേരു കേള്‍പ്പിച്ച റഷ്യയാണ് ആതിഥേയര്‍. 1978-ല്‍ അര്‍ജന്റീനയില്‍ നടന്ന ലോകകപ്പായിരിക്കും ഒരുപക്ഷേ, ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയം പറഞ്ഞ ഫുട്ബോള്‍ ലോകകപ്പ്. എന്നാല്‍, അതിനുപോലും രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിനപ്പുറം ഇപ്പോഴത്തേതുപോലെ ബഹുമുഖമായ അന്താരാഷ്ട്ര രാഷ്ട്രീയമാനങ്ങളുണ്ടായിരുന്നില്ല. സിറിയയുടേയും ക്രിമിയയുടേയും പ്രശ്‌നങ്ങള്‍ കൂടാതെ വംശീയത, സ്വവര്‍ഗ്ഗപ്രേമികളോടുള്ള വിവേചനം, മനുഷ്യാവകാശ ധ്വംസനം, സാമ്പത്തിക തകര്‍ച്ച... നിലവില്‍ റഷ്യയ്ക്കു മറുപടി പറയാന്‍ ചോദ്യങ്ങള്‍ ഏറെയാണ്. പക്ഷേ, കളി തുടങ്ങിയാല്‍ കളത്തിനു പുറത്തേക്കു നോക്കാന്‍ അനുവദിക്കുകപോലും ചെയ്യാത്തൊരു മായികമായ ആകര്‍ഷണമുണ്ട് ഫുട്ബോളിന്. അതുകൊണ്ടുതന്നെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക എന്നതിലുപരി, ചോദ്യങ്ങള്‍ തന്നെ മായ്ചു കളയാന്‍ പോന്നൊരു കളിയാണ് റഷ്യയ്ക്ക് കളിക്കാനുള്ളത്, ലോകകപ്പ് സംഘാടനത്തില്‍.

റഷ്യന്‍ ലോകകപ്പ് സംഘാടക സമിതി അധ്യക്ഷന്‍ അലക്സി സോറോക്കിന്റെ വാക്കുകളിലും പ്രതിഫലിക്കുന്നത് ഇതേ പ്രതീക്ഷയാണ്. രാഷ്ട്രീയം കളിച്ച് പന്തുകളിയെ താഴ്ത്തിക്കെട്ടാന്‍ പാശ്ചാത്യ ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ പന്തുകളി പ്രേമികള്‍ പരാജയപ്പെടുത്തിക്കൊള്ളുമെന്നാണ് അദ്ദേഹം പറയുന്നത്. ബോറിസ് ജോണ്‍സന്റെ താരതമ്യത്തിനും മറുപടിയുണ്ട് സോറോക്കിന്റെ പക്കല്‍. രാഷ്ട്രീയത്തിന് അതീതമാണ് പന്തുകളി എന്നു ചിലര്‍ക്കു മനസ്സിലാകുന്നില്ല, അല്ലെങ്കില്‍ അവരത് അംഗീകരിക്കുന്നില്ല. ലോകഫുട്ബോളിന്റെ അടിസ്ഥാന തത്ത്വത്തെ തന്നെയാണ് അങ്ങനെയുള്ളവര്‍ നിരാകരിക്കുന്നതെന്നും സോറോക്കിന്‍ പറഞ്ഞുവയ്ക്കുന്നു.

ഓസ്ട്രേലിയയും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളും യു.കെയും റഷ്യയിലേക്കു പോകുന്ന സ്വന്തം പൗരന്‍മാര്‍ക്ക് യാത്രാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഏതു രാജ്യക്കാര്‍ക്കും പരമാവധി സുരക്ഷ ഉറപ്പാണെന്ന് റഷ്യയും പറയുന്നു. ബ്രിട്ടനില്‍നിന്നു രാജകുടുംബാംഗങ്ങളും മന്ത്രിമാരും റഷ്യയില്‍ കളി കാണാന്‍ വന്നില്ലെങ്കിലും, ഏറ്റവും കൂടുതല്‍ ലോകകപ്പ് ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടുന്നത് ഇംഗ്ലണ്ട് ടീമിന്റെ ആരാധകരാണ്. ഇംഗ്ലിഷ് ആരാധകരുടെ സുരക്ഷപോലും ആശങ്കയിലാണെന്ന് ബ്രിട്ടീഷ് പത്രങ്ങള്‍ തകര്‍ത്തെഴുതുമ്പോഴും ജീവനെക്കാള്‍ വലുത് ഫുട്ബോളാണെന്നു കരുതുന്നവര്‍ ഏറെയുണ്ട് ലോകത്ത്. അവര്‍ കൂട്ടത്തോടെ റഷ്യയിലേക്കൊഴുകും, പുച്ചിനെ കാണാനല്ല, പന്തുകളി കാണാന്‍.

മനസ്സുകളില്‍ പന്തുരുളും
ഫുട്ബോള്‍ ആരാധകരെ സംബന്ധിച്ച്, ലോകകപ്പിന്റെ കിക്കോഫ് മുതല്‍ ലോങ് വിസില്‍ വരെ അതിലൊരു രാഷ്ട്രീയവുമില്ല, പന്തുകളി മാത്രമേയുള്ളൂ. കിക്കോഫിനു മുന്‍പും ലോങ് വിസിലിനു ശേഷവുമാകട്ടെ, അവിടെ പന്തുകളിയുമില്ല, രാഷ്ട്രീയം മാത്രമേയുള്ളൂ. കായികരംഗത്തെ, പ്രത്യേകിച്ച് ലോകം മുഴുവന്‍ കളിക്കുന്ന ഫുട്ബോള്‍ പോലൊരു കളിയെ രാഷ്ട്രീയത്തില്‍നിന്നു പൂര്‍ണ്ണമായി മാറ്റി നിര്‍ത്താന്‍ കഴിയില്ല. സിനിമയെക്കുറിച്ചു പറയാറുള്ള വിശേഷണം ഫുട്ബോളിനും ചേരും, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിഫലനം ഫുട്ബോള്‍ മൈതാനങ്ങളിലും പ്രതിഫലിക്കും, കളി നടക്കാത്ത സമയത്തു മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com