നൂറു യാര്‍ഡിലെ ഉന്മാദി

കളിക്കുക, ജയിക്കുക എന്ന തത്ത്വത്തില്‍ അധിഷ്ഠിതമായിട്ടല്ല അയാള്‍ പ്രവര്‍ത്തിച്ചത്. കളി അയാള്‍ക്ക് ആനന്ദമായിരുന്നു. 
സോക്രട്ടീസ്
സോക്രട്ടീസ്

വേട്ടയാടുന്നതും ആഹ്ലാദിപ്പിക്കുന്നതുമായ ഒട്ടനവധി മുഹൂര്‍ത്തങ്ങളിലൂടെയാണ് ഓരോ കളിക്കാരും തങ്ങളുടെ കളിയാത്രകള്‍ നടത്തുന്നത്. കാര്‍ലോസ് ആല്‍ബേര്‍ട്ടോ ടോറസ് എക്കാലവും അഭിമുഖീകരിച്ചത് 1970 ലോകകപ്പ് ഫൈനലില്‍ നേടിയ അനുപമമായ ഗോളിനെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും മനോഹരമായ ടീം ഗോളായി ഫിഫ തെരഞ്ഞെടുത്ത ഗോളിനെക്കുറിച്ചും അതിന്റെ ഉല്‍പ്പത്തിയെക്കുറിച്ചും അദ്ദേഹം ഓരോ തവണയും വാചാലനായി. ബാര്‍ബോസയെന്ന ഗോള്‍ക്കീപ്പര്‍ തന്റെ മരണം വരെ ബ്രസീലിയന്‍ ഫുട്‌ബോളില്‍ ശാപത്തിന്റെ പ്രതിപുരുഷനായി മാറി. ബ്രസീലിയന്‍ തെരുവുകളില്‍ ആളുകള്‍ അയാളെ ചൂണ്ടിക്കൊണ്ട് കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു: ''അയാളാണ് ലോകകപ്പ് നഷ്ടപ്പെടുത്തിയത്.''

1994 ലോകകപ്പിന്റെ ട്രെയിനിംഗ് കാണാനെത്തിയ ബാര്‍ബോസയെ അധികൃതര്‍ അകത്തേയ്ക്ക് കയറ്റിവിട്ടില്ല. അയാളുടെ സാന്നിധ്യം ടീമിനു മോശം ഫലങ്ങള്‍ കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിച്ചു. ബാര്‍ബോസയ്ക്കുശേഷം മറ്റൊരു കറുത്ത വര്‍ഗ്ഗക്കാരന്‍ ബ്രസീലിന്റെ ഗോളിയാവുന്നത് അരനൂറ്റാണ്ടിനു ശേഷമാണ്! നഷ്ടമായൊരു ഒരു പെനാല്‍റ്റിക്കിക്ക് ബാജിയോയെ വേട്ടയാടിക്കൊണ്ടേയിരുന്നു. തന്റെ ജീവിതത്തില്‍നിന്നും ഒരു നിമിഷം മായ്ചുകളയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ താന്‍ തെരഞ്ഞെടുക്കുക ആ ലോകകപ്പ് ഫൈനലിലെ പെനാല്‍റ്റിക്കിക്കായിരിക്കുമെന്നു ബാജിയോ പറഞ്ഞു. അതു സ്വപ്നം കണ്ടുകൊണ്ട് അയാള്‍ ഞെട്ടിയുണര്‍ന്നു പലപ്പോഴും. ആന്ദ്രെ എസ്‌കൊബാര്‍ ഒരു സെല്‍ഫ് ഗോളിലൂടെ മരണത്തിലേയ്ക്കു നടന്നകലുകയായിരുന്നു. ഡീഗോ മറഡോണ കൈകൊണ്ടു നേടിയ ഗോള്‍ ഫുട്‌ബോളിനു കളങ്കമുണ്ടാക്കിയെങ്കിലും 'ദൈവത്തിന്റെ കൈ' ലോകമെങ്ങും ആഘോഷിക്കുകതന്നെ ചെയ്തു. 1982-ലെ ബ്രസീലിയന്‍ ടീമിലെ ഓരോരുത്തരും ആ ലോകകപ്പ് തോല്‍വിയെക്കുറിച്ച് പിന്നെയുമനേകം വര്‍ഷങ്ങള്‍ ചോദ്യങ്ങളേറ്റുകൊണ്ടിരുന്നു. ഒരു യാത്രയ്ക്കിടെ എയര്‍പ്പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പാസ്പ്പോര്‍ട്ടില്‍ ഫല്കാവോയുടെ പേര് കണ്ടപ്പോള്‍ അയാളോട് ചോദിച്ച ആദ്യ ചോദ്യം: ''എങ്ങനെയാണ് നിങ്ങള്‍ ഇറ്റലിയോട് തോറ്റത്?'' എന്നായിരുന്നു. മാധ്യമങ്ങള്‍ എല്ലാക്കാലവും ആ തോല്‍വിയെക്കുറിച്ച്, അവരുടെ കളിരീതിയെക്കുറിച്ച് പഠനങ്ങള്‍ നടത്തി.

മറാക്കാനയെപ്പോലെ ആ തോല്‍വി അവരെ വിട്ടുപോയില്ല. ആ ദുരന്തത്തിനും ഏറെ വര്‍ഷങ്ങള്‍ക്കുശേഷം സോക്രട്ടീസിനെ അഭിമുഖം ചെയ്യാനെത്തിയ ബ്രിട്ടീഷ് മാദ്ധ്യമ പ്രവര്‍ത്തകന്‍ വിജയിക്കുകയാണോ മനോഹരമായി കളിക്കുകയാണോ പ്രധാനം എന്ന ആവര്‍ത്തനവിരസമാര്‍ന്ന ചോദ്യം ഒരിക്കല്‍ക്കൂടി അയാളോട് ചോദിച്ചു. തന്റെ ആയുസ്സിനവസാനം വരെ അയാളാ ചോദ്യത്തെ അഭിമുഖീകരിച്ചിരുന്നു. ''ജയിക്കുകയാണോ മനോഹരമായി കളിക്കുകയാണോ പ്രധാനം എന്നു കണ്ടെത്താനാണോ ഇത്രയും കാതങ്ങള്‍ താണ്ടി നിങ്ങള്‍ വന്നത്?'' തമാശരൂപേണയാണ് സോക്രട്ടീസ് അയാളോടത് ചോദിച്ചത്. ഫുട്‌ബോളും രാഷ്ട്രീയവും തത്ത്വചിന്തയും വിപ്ലവവും വൈദ്യശാസ്ത്രവുമെല്ലാം നിറഞ്ഞ ആ ബഹുമുഖപ്രതിഭയ്ക്ക് അപ്പോഴും തന്റെ നിലപാടുകളില്‍ മാറ്റമുണ്ടായിരുന്നില്ല. ''സൗന്ദര്യമാണ് പ്രധാനം. വിജയം അതിനു പുറകിലായി മാത്രം വരുന്നതാണ്. ആത്യന്തികമായി കളി ആനന്ദപൂരിതമാകണം.'' അതു പറഞ്ഞുകൊണ്ടയാള്‍ മറ്റൊരു സിഗരറ്റിനു തിരികൊളുത്തി.

കേവലമൊരു കളിയെന്നതിലുപരി ഫുട്‌ബോള്‍ ഒരു വിപ്ലവായുധമാണെന്നു പറഞ്ഞത് സാക്ഷാല്‍ ഏര്‍ണസ്റ്റോ ചെഗുവേരയാണ്. ബോബ് മാര്‍ലി അതിനെ സ്വാതന്ത്ര്യമായാണ് നിര്‍വ്വചിച്ചത്. വിഖ്യാതരായ എഴുത്തുകാരും സംഗീതജ്ഞരും ചിത്രകാരന്മാരും ചലച്ചിത്ര സംവിധായകരുമെല്ലാം തങ്ങളുടെ നിലപാടുകളും രാഷ്ട്രീയവും ലോകത്തോട് സംവദിച്ചിരുന്നത് അവരുടെ കലാസൃഷ്ടികളില്‍ കൂടിയായിരുന്നു. അതായിരുന്നു അവരുടെ മാധ്യമം. സോക്രട്ടീസ് എന്ന ബ്രസീലിയന്‍ ഫുട്‌ബോളര്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിച്ചതും ജനാധിപത്യത്തിനായി പട്ടാളഭരണത്തിനെതിരെ വിപ്ലവങ്ങള്‍ നടത്തിയതും ഫുട്‌ബോളിലൂടെയായിരുന്നു. കളിയിലൂടെ ഒരു കളിക്കാരന്‍ നിര്‍വ്വഹിക്കേണ്ട ധര്‍മ്മത്തെ മാറ്റിയെഴുതിയ അപൂര്‍വ്വ വ്യക്തിത്വമാണ് സോക്രട്ടീസ്. ''അതായിരുന്നു ഞാന്‍ കളിച്ച ഏറ്റവും മികച്ച ടീം. കാരണം അതു കേവലമൊരു കളിക്കുമപ്പുറത്തായിരുന്നു. ഒരു പ്രൊഫഷണല്‍ കളിക്കാരന്‍ എന്ന നിലയിലെ നെട്ടങ്ങളെക്കാള്‍ പ്രധാനം എന്റെ രാഷ്ട്രീയ വിജയങ്ങളാണ്. തൊണ്ണൂറു മിനിറ്റില്‍ ഒരു മത്സരം അവസാനിക്കും. പക്ഷേ, ജീവിതം മുന്നോട്ടുതന്നെ പോകും''. 1982-ല്‍ കോറിന്ത്യന്‍സ് സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി. സോക്രട്ടീസ് ബ്രസീലിയന്‍ ഫുട്‌ബോളില്‍ ജനാധിപത്യത്തിന്റെ  പ്രതീകമാണ്.

Tupi-Guarani ഗോത്രവര്‍ഗ്ഗക്കാര്‍ നീലച്ചിറകുകളുള്ള തത്തയ്ക്കു നല്‍കിയ പേരായിരുന്നു മറാക്കാന. ആ പേരാണ് 1950-ല്‍ തങ്ങളുടെ ചരിത്രവിജയത്തിനുള്ള വേദിയായി പണിതുയര്‍ത്തിയ പടുകൂറ്റന്‍ സ്റ്റേഡിയത്തിനു ബ്രസീലുകാര്‍ നല്‍കിയത്. മറാക്കാനയില്‍ ഉറുഗ്വായോട് ബ്രസീല്‍ പരാജയപ്പെട്ടത് ഒരു ദേശീയ ദുരന്തമായിരുന്നു. അവരുടെ ഹിരോഷിമയും നാഗസാക്കിയും മറാക്കാനയായിരുന്നു. വെളുപ്പില്‍നിന്നും മഞ്ഞയിലേക്കും നീലയിലേക്കും ബ്രസീലിയന്‍ കിറ്റുകള്‍ മാറിയത് ആ ദുരന്തത്തിനുശേഷമാണ്.

ഫുട്‌ബോള്‍ മരിച്ച ദിവസം
ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ കേവലമായ ഒരു തോല്‍വിക്കപ്പുറം ഒരു ദുരന്തമായി മാറിയ മറ്റൊരു മത്സരം അരങ്ങേറിയത് പിന്നെയും 32 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു. ആളും ആരവങ്ങളുമില്ലാത്ത ബാര്‍സലോണയിലെ എസ്റ്റാഡിയോ ഡി സറിയയില്‍ നില്‍ക്കുമ്പോള്‍ എസ്പാന്യോളിന്റെ ആദ്യ കിരീട വിജയത്തിന്റെ ഘോഷണങ്ങളോ ഡി സ്റ്റെഫാനോയുടെ വിടവാങ്ങല്‍ മത്സരത്തിന്റെ വിതുമ്പലുകളോ പിങ്ക് ഫ്‌ലോയ്ഡും ജോര്‍ജ് മൈക്കലും തീര്‍ത്ത പോപ്പ് സംഗീതത്തിന്റെ അലയൊലികളോ കാതിലേയ്ക്ക് ഇരച്ചെത്തുകയില്ല. വല്ലാത്തൊരു ശൂന്യത കാതുകളെ പൊതിയും. ശ്വാസം മുട്ടിക്കുന്ന ശൂന്യതയില്‍ ശിരസ്സു കുനിച്ചുനില്‍ക്കുന്ന സോക്രട്ടീസിന്റേയും സീക്കോയുടേയും ഫല്‍ക്കാവോയുടേയും നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങള്‍ നമുക്ക് മുന്‍പില്‍ തെളിയും. താളനിബദ്ധമായ ചടുല ചലനങ്ങളിലൂടെ ആര്‍ത്തലച്ചു പെയ്ത ഒരു ബ്രസീലിയന്‍ ഫുട്‌ബോള്‍ ഗാഥ പ്രകൃതി പ്രതിഭാസത്തിലെന്നോണം എസ്ട്ടാഡിയോ സറിയയിലെ പുല്‍ത്തകിടിയില്‍ അന്തര്‍ധാനം ചെയ്തതില്‍നിന്നുമുയര്‍ന്ന തേങ്ങലുകള്‍ അതിന്റെ പശ്ചാത്തലത്തില്‍ ഉയരും. പെലെയുടെ ബ്രസീലിനെപ്പോലും അതിശയിപ്പിച്ചു കളഞ്ഞ ടെലി സന്റാനയുടെ മാന്ത്രിക ഇലവന്‍ ഇറ്റലിയോട് പരാജയപ്പെടുമ്പോള്‍ അതൊരു വെറും തോല്‍വിയായിരുന്നില്ല.

''ഫുട്‌ബോള്‍ മരിച്ച ദിവസം.'' മരണമെന്ന അനശ്വര സത്യത്തോട് സീക്കോ ആ തോല്‍വിയെ ഉപമിച്ചപ്പോള്‍ സോക്രട്ടീസും സന്റാനയും അതു ശരിവെച്ചു. ഫല്‍ക്കാവോയും എഡറും സെര്‍ജീഞ്ഞോയും മറിച്ചു വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. സീക്കൊയുടെ വാക്കുകളെ സാധൂകരിക്കുന്ന പ്രകടനമാണ് പിന്നീടിന്നോളം ബ്രസീലിയന്‍ ടീം ലോകത്തെ കളിമൈതാനങ്ങളില്‍ നടപ്പിലാക്കിയത്. നര്‍ത്തകരുടെ ചലന സൗഭഗതയില്‍നിന്നും അവര്‍ യൂറോപ്പിന്റെ സാങ്കേതികതയിലേയ്ക്കു പറിച്ചു നടപ്പെട്ടു. ആ തോല്‍വിക്കുശേഷം ബ്രസീലിയന്‍ ജേര്‍സിയുടെ നിറം മാറിയില്ല. അണുവായുധ ദുരന്തങ്ങളോടുള്ള ഉപമകളുമുണ്ടായില്ല. അതിനുമപ്പുറം അവരുടെ കേളീശൈലിയെത്തന്നെ മാറ്റിയ ആ തോല്‍വിയാണ് ഒരു ഫുട്‌ബോള്‍ സംസ്‌ക്കാരത്തിനു സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം. തുകല്‍പ്പന്തുകളില്‍ കവിത കൊത്തിയെടുത്ത പ്രതിഭാസമായിരുന്നു ടെലി സന്റാന. കീറ്റ്‌സിന്റേയും ഷെല്ലിയുടേയും പ്രണയകാവ്യങ്ങളെപ്പോലെ സുന്ദരമായ ആ കവിതകളാണ് എണ്‍പതുകളില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചത്.

ഒരു വൃന്ദവാദ്യംപോലെ മനോഹരവും സംഘടിതവും ഗോത്രനൃത്തങ്ങളുടെ തുടിപ്പുള്ളതുമാകണം കളിയെന്നു നിഷ്‌ക്കര്‍ഷിച്ച സന്റാനയുടെ ടീമിന്റെ ക്യാപ്റ്റന്‍ സോക്രട്ടീസായിരുന്നു. ലോകകപ്പു നേടാന്‍ ഒരു സമനില മാത്രം മതിയെന്ന അവസ്ഥയില്‍പ്പോലും ആക്രമിച്ചു കളിച്ച മറാക്കാന ദുരന്തത്തിലെ ബ്രസീല്‍ ടീമിനെയെന്നപോലെ സന്റാനയുടെ ബ്രസീലും സമനിലക്കായി പ്രതിരോധിക്കാതെ നിരന്തരം ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അവര്‍ പ്രായോഗികമായി ചിന്തിക്കാത്തവരാണ് എന്നു ലോകമാധ്യമങ്ങള്‍ എക്കാലവും പഠനങ്ങളില്‍ വിമര്‍ശിച്ചുപോന്നു. അപ്പോഴും സോക്രട്ടീസിന്റെ വിഖ്യാതമായ വാക്കുകള്‍ മുഴങ്ങി: ''സൗന്ദര്യമാണ് പ്രധാനം, വിജയം രണ്ടാമതായി ഭവിക്കുന്നതാണ്. ആത്യന്തികമായി കളി ആനന്ദമാകുന്നു.''

ഫുട്‌ബോള്‍ എന്നത് കളിക്കാനും കാണാനും ഉള്ളതാണെന്നാണ് സോക്രട്ടീസിന്റെ പക്ഷം. അതു ചര്‍ച്ച ചെയ്യാനുള്ളതല്ലെന്നു അയാള്‍ വിശ്വസിച്ചു. മറ്റു കളിക്കാരെപ്പോലെ ഒരു ഗോള്‍ അല്ലെങ്കില്‍ മനോഹരമായ ഒരു നീക്കം എങ്ങനെയാണ് നടപ്പിലാക്കിയത് എന്നു അയാള്‍ക്ക് ഒരിക്കല്‍പ്പോലും വിശദീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്തരം ലോല ഗൃഹാതുരത്വത്തില്‍ അയാള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല എന്നതായിരുന്നു വസ്തുത. പക്ഷേ, ബാര്‍സലോണയിലെ ഹോട്ടലില്‍ ഇരുന്നു ഇറ്റലിയുമായുള്ള മത്സരത്തെക്കുറിച്ച് സോക്രട്ടീസ് ചിന്തിച്ചു: ''അതായിരുന്നു ഞാന്‍ കളിച്ച ഏറ്റവും ആവേശമുണര്‍ത്തിയ മത്സരം. പക്ഷേ, ആ തോല്‍വി അംഗീകരിക്കാന്‍ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി. ഞങ്ങള്‍ തെറ്റുകള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ അതു മനസ്സിലാക്കാമായിരുന്നു. ഫുട്‌ബോള്‍ പിഴവുകളുടെ കളിയാണ്. നിങ്ങളെപ്പോഴും പിഴവുകള്‍ വരുത്താതിരിക്കാനാണ് പൊരുതുന്നത്. ആ മത്സരത്തില്‍ എനിക്കൊരു പിഴവുപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ആ തോല്‍വി എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. ഫുട്‌ബോളില്‍ ഓരോ മത്സരത്തിലും ഞങ്ങള്‍ തോല്‍വിയെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ, ബാര്‍സലോണയില്‍ ജൂലൈ നാലിനു സംഭവിച്ചത് ഏറ്റവും പ്രിയപ്പെട്ടവരുടെ മരണം പോലൊരു തോല്‍വിയാണ്.'' അത്രമാത്രം തകര്‍ത്തുകളഞ്ഞ ഒരു മത്സരം സോക്രട്ടീസിന്റെ ജീവിതത്തില്‍ അതിനു മുന്‍പോ ശേഷമോ ഉണ്ടായിരുന്നില്ല.

സന്റാനയുടെ ആ തീരുമാനം
ടെലി സന്റാനയെന്ന ഫുട്‌ബോളില്‍ മാത്രം ജീവിച്ച മനുഷ്യന്‍ ബ്രസീലിയന്‍ ഫുട്‌ബോളിന്റെ പരിശീലകനായതിനുശേഷം നടന്ന ആദ്യ സൗഹൃദ മത്സരത്തില്‍ ബ്രസീലിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ സോക്രട്ടീസിനെ ഫസ്റ്റ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഓരോരുത്തരും തങ്ങളുടെ ക്ലബ്ബില്‍ കളിക്കുന്ന പൊസിഷനില്‍ കളിക്കുന്നത് അദ്ദേഹത്തിനു കാണണമെന്നു നിര്‍ബ്ബന്ധമുണ്ടായിരുന്നു. ബ്രസീലിയന്‍ യൂത്ത് ടീമിനെതിരെയുള്ള മത്സരത്തിന്റെ രണ്ടാം പകുതിയില്‍ സോക്രട്ടീസ് പകരക്കാരനായിട്ടാണ്  ഇറങ്ങിയത്. സന്റാന സോക്രട്ടീസിനെ പരീക്ഷിക്കുകയായിരുന്നു. തന്റെ ടീമില്‍ കളിക്കാന്‍ അവശ്യം വേണ്ട അച്ചടക്കം അയാള്‍ക്കുണ്ടോ എന്നത് നേരിട്ടു ബോധ്യപ്പെടാനായിരുന്നു അത്തരമൊരു നീക്കം അയാള്‍ നടത്തിയത്.

1980 ജൂണില്‍ മെക്‌സിക്കോയ്‌ക്കെതിരെ നടന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ ടെലി അയാളെ ക്യാപ്റ്റനാക്കി! ''വലിയൊരു ഉത്തരവാദിത്വമായിരുന്നു അദ്ദേഹമെന്റെ ചുമലില്‍ വച്ചു തന്നത്. ഒരേ സമയം പേടിപ്പെടുത്തുകയും അഭിമാനം പകരുകയും ചെയ്ത വാര്‍ത്തയായിരുന്നു അത്. അദ്ദേഹം എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തോട് നീതിപുലര്‍ത്താന്‍ ഞാന്‍ സാധാരണയില്‍ കവിഞ്ഞു പരിശ്രമിക്കേണ്ടതുണ്ട്.'' തന്റെ പ്രസിദ്ധീകരിക്കപ്പെടാത്ത ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരത്തില്‍ സോക്രട്ടീസ് സന്റാനയുടെ തീരുമാനത്തെക്കുറിച്ച് എഴുതി. ലാ പാസ്സില്‍ ബൊളീവിയയ്‌ക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരം സോക്രട്ടീസിന്റെ നേതൃപാടവം വ്യക്തമാക്കുന്നതായിരുന്നു. സന്റാനയുടെ തീരുമാനത്തെ ശരിവെക്കുന്ന പ്രകടനമായിരുന്നു ബൊളീവിയക്കെതിരെ അയാള്‍ നടത്തിയത്.

സമുദ്രനിരപ്പില്‍നിന്നും പന്ത്രണ്ടായിരത്തോളം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലാ പാസിലെ ഒരു മത്സരം അതിജീവിക്കുകയെന്നത് വിദേശ കളിക്കാരെ സംബന്ധിച്ച് ഏറെ ക്ലേശകരമാണ്. ഇന്നും ലാ പാസ് ഏറെ ചര്‍ച്ചാവിഷയമായി നിലനില്‍ക്കുന്നു. നെയ്മര്‍ ഓക്‌സിജന്‍ മാസ്‌ക് വെച്ചു പ്രതിഷേധ സൂചകമായി ഫോട്ടോ പോസ്റ്റ് ചെയ്തതും ഡി മരിയ കളിക്കിടെ കൃത്രിമ ഓക്‌സിജന്‍ എടുത്തതും വലിയ വാര്‍ത്തയായിരുന്നു. ബൊളീവിയയ്‌ക്കെതിരെയുള്ള മത്സരത്തിന്റെ ഹാഫ് ടൈമില്‍ സോക്രട്ടീസടക്കമുള്ള ബ്രസീലിയന്‍ കളിക്കാര്‍ക്ക് കൃത്രിമ ഓക്‌സിജന്‍ നല്‍കേണ്ടതായി വന്നു. സോക്രട്ടീസിന്റേയും റെയ്നാള്‍ഡോയുടേയും ഗോളുകളില്‍ ബ്രസീല്‍ ആ മത്സരം ജയിച്ചു എസ്പാന ലോകകപ്പിനു യോഗ്യത നേടി. തിരിച്ചു നാട്ടിലെത്തിയപ്പോള്‍ സോക്രട്ടീസിന്റെ കീര്‍ത്തി പിന്നെയും ഉയര്‍ന്നിരുന്നു. ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ എന്നാല്‍, രാജ്യത്തിന്റെ നായകനാണ്. കേവലം 11 പേരടങ്ങുന്ന ടീമിന്റെയല്ല, 150 മില്ല്യന്‍ ജനങ്ങളുടെ നായകനാണ് അയാള്‍. ക്രൈസ്റ്റ് ദ റെഡീമറിനോളം ഉയരത്തിലാണ് ഓരോ ബ്രസീലിയന്‍ ക്യാപ്റ്റന്മാരും പ്രതിഷ്ഠിക്കപ്പെടുന്നത്. 1981-ല്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുശേഷം ബ്രസീല്‍ ടീം സൗഹൃദ മത്സരങ്ങള്‍ക്കായി യൂറോപ്പിലേയ്ക്ക് തിരിച്ചു. സോക്രട്ടീസിന്റെ ആദ്യ യൂറോപ്യന്‍ പര്യടനമായിരുന്നു അത്. വെംബ്ലിയില്‍ 1-0 നു ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുമ്പോള്‍ സ്വന്തം നാട്ടില്‍ ആദ്യമായി ഇംഗ്ലണ്ട് ഒരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തില്‍നിന്നും തോല്‍വിയറിയുകയായിരുന്നു. ഫ്രാന്‍സിനെ 3-1 നും പശ്ചിമ ജര്‍മ്മനിയെ 2-1 നും സന്റാനയുടെ ബ്രസീല്‍ തകര്‍ത്തുകളഞ്ഞു. ജര്‍മ്മന്‍ മാധ്യമങ്ങള്‍ ബ്രസീല്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമാണെന്നു വാഴ്ത്തി. ബ്രിട്ടീഷ് വാതുവെപ്പുകാര്‍ 5-2 ആണ് ഒരു വര്‍ഷത്തിനുശേഷം നടക്കുന്ന ലോകകപ്പില്‍ അവര്‍ക്കു നല്‍കിയ വിജയ സാധ്യത. 1970-ലെ കിരീട വിജയത്തിനുശേഷം ബ്രസീലുകാര്‍ മറ്റൊരു ലോകകപ്പ് സ്വപ്നം കണ്ടു തുടങ്ങി. ''ഞങ്ങള്‍ക്കുണ്ടായിരുന്ന ഒരേയൊരു ഭീഷണി ഞങ്ങള്‍ മാത്രമായിരുന്നു.'' അയാളുടെ വാക്കുകളില്‍ പ്രവാചകത്വമുണ്ടായിരുന്നു. ''ബ്രസീലിനെക്കാള്‍ മികച്ചതായി മറ്റൊന്നുമുണ്ടായിരുന്നില്ല എന്നു വിശ്വസിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരായി. കാരണം, അതായിരുന്നു യൂറോപ്പില്‍ കണ്ട പ്രതികരണങ്ങള്‍.'' പ്ലകാര്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സോക്രട്ടീസ് പറഞ്ഞു.

ഒരു ഫുട്‌ബോളര്‍ ശാരീരികമായി മാത്രമല്ല, ബൗദ്ധികമായും ക്ഷമതയുള്ളവനായിരിക്കണമെന്നു സോക്രട്ടീസ് വിശ്വസിച്ചിരുന്നു. അയാളെ സംബന്ധിച്ചു കളിയെന്നാല്‍ കൂടുതല്‍ ദൂരം ഓടുകയോ കായികമോ ആയിരുന്നില്ല. ആനന്ദവും സൗന്ദര്യവുമാണ് അതിന്റെ അടിസ്ഥാനതത്ത്വം. ആ തത്വത്തിലധിഷ്ഠിതമായാണ് എണ്‍പതുകളില്‍ ടെലി സന്റാനയെന്ന ജീനിയസ്സിനു കീഴില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ജോഗോ ബോണിറ്റോയുടെ സൗന്ദര്യക്രമങ്ങള്‍ പുനര്‍നിര്‍വ്വചിച്ചത്. 1982 ലോകകപ്പിലെ ബ്രസീലിയന്‍ ടീം കളിയുടെ ചരിത്രത്തില്‍ ഫീല്‍ഡ് ചെയ്യപ്പെട്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡ് ആയിരുന്നു. സെരെസോ, ഫല്‍ക്കാവോ, സോക്രട്ടീസ്, സീക്കോ. സന്റാനയുടെ വിസ്മയനീക്കങ്ങള്‍ പുല്‍മൈതാനങ്ങളില്‍ വിരിഞ്ഞത് അവരുടെ കാലുകളിലായിരുന്നു. അവരില്‍നിന്നാണ് അതു മൈതാനമാകെ പ്രസരിച്ചത്. സ്പെയിനിലെ കൊടുംവേനലില്‍ ജോഗോ ബോണിറ്റോയുടെ വസന്തം മൈതാനങ്ങളില്‍ പ്രത്യക്ഷമായി.

ടെലി സന്റാന സോക്രട്ടീസില്‍ വിശ്വാസമര്‍പ്പിച്ചിരുന്നു. മത്സരസമയത്തെ കളിതന്ത്രങ്ങളിലെ മാറ്റങ്ങള്‍ക്ക് അയാള്‍ സോക്രട്ടീസിനു സ്വാതന്ത്ര്യം നല്‍കിയിരുന്നു. സോക്രട്ടീസ് കളിയെക്കുറിച്ച് മുന്‍പത്തേതിനെക്കാള്‍ കൂടുതല്‍ ഗാഢമായി ചിന്തിക്കാന്‍ തുടങ്ങി. അയാളുടെ ഷൂട്ടിംഗ് പാടവം ഏറെ മെച്ചപ്പെട്ടു. പാസ്സിംഗ് മികവില്‍ അയാള്‍ ബ്രസീലിലെ മറ്റെല്ലാവരെക്കാളും മികച്ചു നിന്നിരുന്നു. അയാളുടെ ബാക്ക് ഹീല്‍ പാസ്സുകള്‍ ട്രേഡ് മാര്‍ക്കായി മാറി. ''തീര്‍ച്ചയായും മിഡ്ഫീല്‍ഡില്‍ വേറെയുമാളുകളുണ്ടായിരുന്നു. പക്ഷേ, ആ ദേശീയ ടീമിനു രൂപഘടന നല്‍കിയത് അയാളായിരുന്നു. അയാളിലാണ് എനിക്കൊരു ഓര്‍ക്കെസ്ട്ര കണ്ടക്ടറെ കാണാന്‍ കഴിഞ്ഞത്. അയാള്‍ എന്റെ ആരാധനാപാത്രമായ ഫാസ് വില്‍കിസിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സാങ്കേതികതയെക്കാള്‍ 'മനോഹരമായ ഫുട്‌ബോള്‍' പ്രദര്‍ശിപ്പിച്ചയാളായിരുന്നു അദ്ദേഹവും. സോക്രട്ടീസ് വേഗമേറിയവനായിരുന്നില്ല, അയാള്‍ ഒരുപാട് ക്രോസ്സുകള്‍ നല്‍കിയിരുന്നില്ല, ഒരിക്കലും അയാളൊരു മികച്ച ഹെഡര്‍ ചെയ്യാന്‍ കഴിവുള്ളവനുമായിരുന്നില്ല. പക്ഷേ, അതിനെക്കാളെല്ലാമുപരി ഒരുപാട് ഗുണങ്ങള്‍ അയാളിലുണ്ടായിരുന്നു. ഒരു കളിയെ തന്റെ വരുതിയില്‍ നിര്‍ത്താന്‍ അയാള്‍ക്കു വേഗം ആവശ്യമായിരുന്നില്ല. അയാളിന്നു കളിക്കുകയായിരുന്നെങ്കില്‍ മെസിക്ക് എതിരെ നില്‍ക്കുന്നയാളാകുമായിരുന്നു.''ഫുട്‌ബോളിലെ രാജകുമാരന്‍ സാക്ഷാല്‍ യൊഹാന്‍ ക്രയ്ഫ് സോക്രട്ടീസിനെക്കുറിച്ച് പറഞ്ഞ വാക്കുകളില്‍ അയാള്‍ സൃഷ്ടിച്ച പ്രഭാവത്തിന്റെ ചിത്രമുണ്ട്.

സോക്രട്ടീസ് 2014ല്‍
സോക്രട്ടീസ് 2014ല്‍

ക്രയ്ഫിനെപ്പോലുള്ള അനവധി ഇതിഹാസ താരങ്ങളുടെ വാക്കുകള്‍ ആ ബ്രസീലിയന്‍ ടീമിന്റെ മഹത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്. പൗളോ റോസ്സിയുടെ ഗോള്‍ വേട്ടയും ഇറ്റലിയുടെ മൂന്നാം കിരീട വിജയവും ചരിത്രത്തിലെ രേഖകളായിരിക്കാം. പക്ഷേ, ആ ലോകകപ്പ് ഓര്‍മ്മിക്കപ്പെടുന്നത് സന്റാനയുടെ ബ്രസീലിന്റെ പേരിലാകുന്നു. സോക്രട്ടീസിലൂടെയും സീക്കൊയിലൂടെയും ഫല്‍ക്കാവോയിലൂടെയും ലാവണ്യത്തിന്റെ മഹിമ വിളിച്ചോതിയ ഗോളുകളും നീക്കങ്ങളും മത്സരങ്ങളുമാണ് ആ ലോകകപ്പിന്റെ ശേഷിപ്പ്. 

ചെറുപ്പം, ഫുട്‌ബോള്‍
ഫവേലകളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നും ദരിദ്ര ചുറ്റുപാടുകളില്‍നിന്നും ഇതിഹാസങ്ങളായവരാണ് മിക്ക ബ്രസീല്‍ താരങ്ങളും. അക്കൂട്ടത്തില്‍ പക്ഷേ, സോക്രട്ടീസ് വ്യത്യസ്തനായിരുന്നു. ബ്രസീലിലെ മധ്യവര്‍ഗ്ഗ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഗ്രീക്ക് തത്ത്വചിന്തകരില്‍ ഏറെ ആകൃഷ്ടനായിരുന്ന അച്ഛന്‍ തന്റെ ആദ്യ പുത്രന് സോക്രട്ടീസ് എന്നു പേരിട്ടു. അയാളുടെ ചെറുപ്പകാലത്ത് പെലെയുടെ സാന്റോസ് ലോകത്തിലെതന്നെ ഏറ്റവും മികച്ച ക്ലബ്ബ് ആയി മാറിയ കാലമായിരുന്നു. സാന്റോസ് ആരാധകനായ അച്ഛന്‍ ആറാമത്തെ പിറന്നാളിന് സാന്റോസ് ജേഴ്‌സിയായിരുന്നു സോക്രട്ടീസിനു സമ്മാനമായി നല്‍കിയത്. ബോട്ടഫാഗോയിലെ ചെറുപ്പകാലത്ത് ജൂഡോയും ബോക്‌സിങ്ങും സോക്രട്ടീസ് കളിക്കാന്‍ ശ്രമിച്ചു. പക്ഷേ, തുകല്‍പ്പന്തുകളെ മെരുക്കിയെടുക്കാന്‍ കഴിഞ്ഞതുപോലെ തനിക്കു മറ്റൊന്നിനു സാധിക്കുന്നില്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു. തന്റെ 11-ാം വയസ്സില്‍ അദ്ദേഹം അമേച്ച്വര്‍ ക്ലബ്ബുകളില്‍ കളിച്ചു തുടങ്ങിയിരുന്നു. തന്റെ കളിജീവിതത്തിലെ ഏറ്റവും മഹത്തരമായ നിമിഷമേതെന്ന ആളുകളുടെ ചോദ്യത്തിന് ഹൈയോ ഡി ഓറോയില്‍ കളിച്ചു തുടങ്ങിയതാണെന്നായിരുന്നു സോക്രട്ടീസ് മറുപടി നല്‍കിയിരുന്നത്. സോക്രട്ടീസ് എന്ന പില്‍ക്കാല ചിന്തകനും വിപ്ലവകാരിക്കും ജന്മം നല്‍കിയത് ആ ക്ലബ്ബിനായി നടത്തിയ യാത്രകളായിരുന്നു. കളിക്കായി ട്രെക്കിനു പിന്നിലിരുന്നാണ് അവര്‍ യാത്ര ചെയ്തിരുന്നത്. വീട്ടില്‍നിന്നോ വിദ്യാലയങ്ങളില്‍നിന്നോ ലഭിക്കാത്ത പാഠങ്ങള്‍ താന്‍ പഠിച്ചത് ആ യാത്രകളിലായിരുന്നുവെന്ന് സോക്രട്ടീസ് പിന്നീട് സാക്ഷ്യപ്പെടുത്തുകയുണ്ടായി. തന്റെ കൂടെയുണ്ടായിരുന്നവര്‍ പലരും ഭക്ഷണംപോലും കഴിക്കാതെയാണ് മത്സരങ്ങള്‍ക്കായി പോയിരുന്നത്. അവരോരോരുത്തരുടേയും ആവശ്യങ്ങള്‍ പലതായിരുന്നു. പക്ഷേ, എല്ലാവരും ഫുട്‌ബോള്‍ കളിക്കാന്‍ പോകുന്നു. പെലെ, ദിദി, ഗാരിഞ്ച തുടങ്ങിയ പേരുകള്‍ മാത്രമല്ല, ബ്രസീലിലെ അനേകായിരങ്ങള്‍ പട്ടിണിയെ അതിജീവിച്ചത് ഫുട്‌ബോളിലൂടെയായിരുന്നു.  ബോട്ടോഫാഗോയില്‍ കളിക്കുന്ന കാലത്താണ് സോക്രട്ടീസ് മെഡിസിന്‍ പഠനത്തിനായി ചേരുന്നത്. ഡോക്ടര്‍ ആവുകയെന്നതായിരുന്നു അയാളുടെ പ്രഥമ പരിഗണന. പക്ഷേ, അയാളുടെ സിരകളില്‍ ഫുട്‌ബോളുണ്ടായിരുന്നു. കളിക്കുന്നതിനോടൊപ്പം അയാള്‍ പഠനം പൂര്‍ത്തിയാക്കി. തന്റെ കളിക്കാലത്തിനുശേഷം  സോക്രട്ടീസ് വൈദ്യശാസ്ത്ര രംഗത്തേയ്ക്ക് തിരിച്ചെത്തി.

കൊറിന്ത്യന്‍സ് ഡെമോക്രസി
ജെസ്സി ഒവെന്‍സ് നാസി സല്യൂട്ട് നല്‍കാതിരുന്നതും മുഹമ്മദ് അലി ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ഓഹിയോ നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞതും ടോമി സ്മിത്തിന്റേയും ജോണ്‍ കാര്‍ലോസിന്റേയും ബ്ലാക്ക് പവര്‍ സല്യൂട്ടും വിന്‍സ് മാത്യൂസും വെയ്ന്‍ കൊലെറ്റും നടത്തിയ നിശ്ശബ്ദ പ്രതിഷേധവും അള്‍ജീരിയന്‍ സ്വാതന്ത്ര്യത്തില്‍ അവരുടെ ഫുട്‌ബോള്‍ താരങ്ങള്‍ വഹിച്ച പങ്കുമെല്ലാം കായികചരിത്രത്തിലെ ഏറ്റവും ശക്തവും പ്രതീകാത്മകവുമായ പ്രതിഷേധ രീതികളായിരുന്നു. ഇറ്റലിയിലും ജര്‍മ്മനിയിലും സ്പെയിനിലുമെല്ലാം ഫുട്‌ബോളിനെ ഫാസിസം തങ്ങളുടെ പ്രൊപ്പഗാണ്ടകള്‍ക്ക് ഉപയോഗിക്കുകയുണ്ടായി. ബ്രസീല്‍പോലുള്ള രാജ്യങ്ങളില്‍ ഫുട്‌ബോള്‍ ദേശീയ സ്വത്വമായി വളര്‍ന്നു. ഇത്തരം അനവധി രാഷ്ട്രീയ സാമൂഹിക അവസ്ഥാന്തരങ്ങള്‍ വിവിധ കളികളുമായി ഇഴചേര്‍ന്നു കിടന്നിരുന്നു. പട്ടാളഭരണത്തിനെതിരെ നടന്ന, ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ കൊറിന്ത്യന്‍സ് പൗളിസ്റ്റയെന്ന ബ്രസീലിയന്‍ ക്ലബ്ബില്‍ ഉടലെടുത്ത പ്രക്ഷോഭമായിരുന്നു കൊറിന്ത്യന്‍സ് ഡെമോക്രസി. കൊറിന്ത്യന്‍ കാഷ്വല്‍സ് എന്ന ഇംഗ്ലീഷ് അമേച്ച്വര്‍ ക്ലബ്ബിന്റെ സന്ദര്‍ശനത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് സാവോ പോളോയിലെ ഫാക്ടറി തൊഴിലാളികള്‍ സ്ഥാപിച്ച ക്ലബ്ബാണ് കൊറിന്ത്യന്‍സ് പൗളീസ്റ്റ. സാവോപോളോയിലെ തൊഴിലാളികളേയും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രസീലിയന്‍ നഗരങ്ങളിലേക്ക് കുടിയേറിവരേയും ദരിദ്രരായ വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍നിന്നുമുള്ള ആഫ്രോ ബ്രസീലുകാരേയും പ്രതിനിധീകരിച്ചിരുന്ന ക്ലബ്ബായിരുന്നു കൊറിന്ത്യന്‍സ്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പിന്തുണയോടെ നിലനിന്ന കൊറിന്ത്യന്‍സ് ബ്രസീലിലെ പട്ടിണിപ്പാവങ്ങളുടെ ക്ലബ്ബാണ്. നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് 1978-ല്‍ സോക്രട്ടീസ് കൊറിന്ത്യന്‍സിലെത്തുന്നത്. ''വിചിത്രമായ സൈനിംഗായിരുന്നു അത്. സോക്രട്ടീസിനെ ഞങ്ങള്‍ക്കറിയാം. പക്ഷേ, അത്തരമൊരാളേയല്ല ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, അയാള്‍ വന്നപ്പോള്‍ കഴിവുള്ളവനെന്നു തെളിയിച്ചു, അതുപോലെ ബുദ്ധിയുള്ളവനും.'' കൊറിന്ത്യന്‍സിന്റെ ഏറ്റവും വലിയ പ്രചോദകനായ ക്യാപ്റ്റന്‍ സെ മരിയ പറഞ്ഞുനിര്‍ത്തി. ''എല്ലാത്തിലുമുപരി ഞങ്ങളുടെ പല പ്രശ്‌നങ്ങള്‍ക്കും അയാളില്‍ ഉത്തരമുണ്ടായിരുന്നു.'' സെ മരിയയുടെ മുഖം തിളങ്ങി.

എന്തുകൊണ്ട് സോക്രട്ടീസ് എന്നതിനു ബ്രസീലിയന്‍ ഫുട്‌ബോളിലെ ഉത്തരം സെ മരിയയുടെ വാക്കുകളിലുണ്ട്. കൊറിന്ത്യന്‍സിലെ ആദ്യ നാളുകളില്‍ ടീമുമായി ഇഴുകിച്ചേരാന്‍ സോക്രട്ടീസ് ഏറെ വിഷമിച്ചു. പരിശീലകന്‍പോലും അയാളോട് വളരെ ഔപചാരികമായിട്ടായിരുന്നു ഇടപഴകിയത്. അയാളുടെ ശീലങ്ങള്‍, വെട്ടിത്തുറന്നുള്ള പറച്ചിലുകള്‍ ഇവയെല്ലാം കളിക്കാരെ അയാളുമായി അടുപ്പിക്കുന്നതില്‍നിന്നും പിന്നോട്ടു വലിച്ചു. അയാളൊരു യാഥാസ്ഥിതിക ബ്രസീലിയന്‍ ഫുട്‌ബോളര്‍ ആയിരുന്നില്ല എന്നതായിരുന്നു അവരെ അലട്ടിയ ഏറ്റവും വലിയ പ്രശ്‌നം.

ബോട്ടഫാഗോയില്‍ കളിക്കുമ്പോള്‍ കളിക്കാരുടെ വസ്ത്രങ്ങള്‍ അലക്കുന്നവരും മസ്സാജ് ചെയ്യുന്നവരും സ്റ്റേഡിയം വൃത്തിയാക്കുന്നവരുമെല്ലാം ഒരു മത്സരദിവസത്തെ ക്ലബ്ബിന്റെ പ്രകടനത്തില്‍ കളിക്കാര്‍ക്കും കോച്ചിംഗ് സ്റ്റാഫിനുമൊപ്പം പങ്കുവഹിക്കുന്നുണ്ടെന്ന് അയാള്‍ വാദിച്ചു. കളിക്കാര്‍ക്ക് കിട്ടുന്ന ബോണസില്‍നിന്നും ഒരു വിഹിതം അവര്‍ക്കു നല്‍കണമെന്ന ആശയം സോക്രട്ടീസ് മുന്നോട്ട് വെച്ചു. കളിക്കാര്‍ക്ക് അതില്‍ വിയോജിപ്പുണ്ടായിരുന്നില്ല. ക്ലബ്ബ് അധികൃതരില്‍നിന്നും അനുവാദം വാങ്ങി അതു നടപ്പില്‍ വരുത്താന്‍ സോക്രട്ടീസ് ആയിരുന്നു മുന്നിട്ടിറങ്ങിയത്.

സമത്വത്തിനുവേണ്ടിയായിരുന്നു അയാള്‍ നിലകൊണ്ടത്. കൊറിന്ത്യന്‍സിലെ കളിച്ചുതുടങ്ങുന്ന സമയം ബ്രസീലില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടക്കുന്ന കാലമായിരുന്നു. ദില്‍മ റൂസേഫിനെപ്പോലുള്ളവര്‍ നിരന്തരം ജയിലില്‍ അടക്കപ്പെട്ടു. താന്‍ ബ്രസീലിലെ ഏകാധിപത്യ വ്യവസ്ഥയുടെ സന്തതിയാണെന്നാണ് സോക്രട്ടീസ് പറയാറുണ്ടായിരുന്നത്. 1964-ല്‍ ബ്രസീലില്‍ പട്ടാളം ഭരണം പിടിച്ചടക്കിയപ്പോള്‍ സോക്രട്ടീസിന് 10 വയസ്സു മാത്രമായിരുന്നു പ്രായം. പുസ്തകങ്ങളെ അതിയായി സ്‌നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ അച്ഛന്‍ ലൈബ്രറിയില്‍നിന്നും ഒരു പുസ്തകമെടുത്ത് കത്തിച്ചുകളഞ്ഞു. വേദനയോടെ സോക്രട്ടീസ് അതു നോക്കിനിന്നു. അയാളുടെ അച്ഛന്‍ കരയുന്നത് കണ്ടു. ''അത് റഷ്യന്‍ വിപ്ലവത്തെക്കുറിച്ചുള്ള പുസ്തകമാണെന്നാണ് എന്റെ ഊഹം. ബോള്‍ഷെവിക്കുകളെ കുറിച്ചുള്ളത്. അതേതു പുസ്തകമെന്നതല്ല. കത്തിച്ചുകളഞ്ഞ ആ പ്രവൃത്തിയാണ് എന്നില്‍ ആഘാതമേല്‍പ്പിച്ചത്.'' അതു പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ പഴയ വിപ്ലവകാരിയുടേതു പോലെ ചുവന്നു.

ഭരണകൂട ഭീകരതയിലൂടെയാണ് അയാളുടെ കൗമാരം കടന്നുപോയത്. അയാളുടെ സഹപാഠികളില്‍ പലര്‍ക്കും പലതും ഒളിച്ചുവെക്കേണ്ടി വന്നു. ചിലര്‍ പഠനമുപേക്ഷിച്ചു പോയി. അവരെങ്ങോട്ടാണ് പോയതെന്ന് അയാള്‍ക്ക് അറിയുമായിരുന്നില്ല. പക്ഷേ, അടിച്ചമര്‍ത്തലിന്റെ രൂക്ഷമായ ഗന്ധം ബ്രസീലില്‍ തളംകെട്ടിക്കിടക്കുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു. ഫുട്‌ബോള്‍ ക്ലബ്ബുകളുടെ സംഘാടനവും ഘടനയും അങ്ങേയറ്റം സൈനികവല്‍ക്കരിക്കപ്പെട്ടു. കളിക്കാരുടെ സ്വാതന്ത്ര്യം പട്ടാളഭരണത്തിനു കീഴില്‍ പരിമിതമായി മാറി. അവര്‍ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. ആജ്ഞകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരായി. എപ്പോള്‍ ഭക്ഷണം കഴിക്കണമെന്നും കുടിക്കണമെന്നും കല്‍പ്പനകള്‍ ഉണ്ടായി. മത്സരത്തിനു ദിവസങ്ങള്‍ മുന്‍പുതന്നെ അവര്‍ ട്രെയിനിംഗ് ക്യാമ്പുകളില്‍ അടക്കപ്പെട്ടു. ബ്രസീലിലെ പട്ടാളഭരണകൂടം ചലിക്കുന്ന ദിശയുടെ സമാന്തരമായൊരു വ്യവസ്ഥിതിയിലാണ് കോറിന്ത്യന്‍സ് മാനേജ്മെന്റ് അടക്കമുള്ള ബ്രസീലിയന്‍ ക്ലബ്ബുകളുടെ മാനേജ്മെന്റുകളെല്ലാം മുന്നോട്ടു പോയിരുന്നത്. അവര്‍ ഒരു തീരുമാനങ്ങളിലും കളിക്കാരുടെ അഭിപ്രായം കൈക്കൊണ്ടിരുന്നില്ല.

ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെയെല്ലാം തലപ്പത്ത് കുത്തക മുതലാളിമാര്‍ വാണിരുന്ന സമയമാണത്. കൊറിന്ത്യന്‍സ് പ്രസിഡന്റ് വിന്‍സെന്റ് മാത്യൂസും അതില്‍ വ്യത്യസ്തനായിരുന്നില്ല. 1959 മുതല്‍ എട്ട് തവണ അയാള്‍ കൊറിന്ത്യന്‍സിന്റെ പ്രസിഡന്റായി. 1980-ല്‍ കൊരിചിബയുമായി നടന്ന എവേ മത്സരത്തില്‍ കൊറിന്ത്യന്‍സ് ഒരു ഗോളിനു പരാജയപ്പെട്ടു. സെമിഫൈനലിലെത്താന്‍ കൊറിന്ത്യന്‍സിനു ഏറെ പാടുപെടേണ്ട അവസ്ഥയിലെത്തി. പക്ഷേ, സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത് വിന്‍സെന്റ് മാത്യൂസ് മത്സരശേഷം നടത്തിയ വിവാദ പ്രസ്താവനയായിരുന്നു. മാത്യൂസിനു തോല്‍വിയുടെ പഴി കെട്ടിവെക്കാന്‍ ഒരാളെ ആവശ്യമായിരുന്നു. കൊറിന്ത്യന്‍സിന്റെ ഗോള്‍ക്കീപ്പര്‍ ആയിരുന്ന ജൈറോ അയാളുടെ ഇരയായി മാറി. മുന്‍പ് കൊരിചിബക്കുവേണ്ടി കളിച്ചിട്ടുള്ള ജൈറോ വിചിത്രമായൊരു പിഴവാണ് കാണിച്ചത് എന്നയാള്‍ കുറ്റപ്പെടുത്തി. അതു കൊറിന്ത്യന്‍ സ്‌ക്വാഡില്‍ വ്യാപക പ്രതിഷേധത്തിനു വഴിവെച്ചു.

മത്സരശേഷം കൊരിചിബയില്‍ തന്റെ കുടുംബത്തോടൊപ്പം ചെലവഴിച്ച ജൈറോ വിവാദങ്ങള്‍ അറിയാതെ പോയി. പിറ്റേന്ന് സാവോ പോളോയില്‍ എത്തിയ ജൈറോയെ പത്രക്കാര്‍ വളഞ്ഞു. അയാള്‍ ക്രോധത്തോടെ മാത്യൂസിന്റെ വീട്ടിലേക്ക് ചെന്നു. പക്ഷേ, അയാള്‍ അവിടെയുണ്ടായിരുന്നില്ല. പിന്നീട് മാത്യൂസ് ജൈറോയെ ഓഫീസിലേക്ക് വിളിപ്പിച്ചുവെങ്കിലും കാണാനായി അയാള്‍ ചെല്ലുകയുണ്ടായില്ല. മൂന്നു ദിവസത്തിനുശേഷം പരസ്യമായി മാത്യൂസ് മാപ്പു പറഞ്ഞു. പക്ഷേ, ടീമിനുള്ളില്‍ പദ്ധതികള്‍ രൂപം കൊള്ളുന്നത് ജൈറോ അറിയുന്നുണ്ടായിരുന്നില്ല. ഗ്രെമിയോയുമായുള്ള നിര്‍ണായക മത്സരത്തിന്റെ 16-ാം മിനിറ്റില്‍ ഗോള്‍ നേടിയ ഉടന്‍ ഒരുതരത്തിലുമുള്ള ആഹ്ലാദപ്രകടനവും നടത്താതെ സോക്രട്ടീസ് മൈതാനത്തിന്റെ അങ്ങേ അറ്റത്ത് നിന്നിരുന്ന ജൈറോക്കു നേരെ കുതിച്ചു. സോക്രട്ടീസ് അയാളെ പുണര്‍ന്നു. മറ്റു കളിക്കാരും സബ്സ്റ്റിറ്റിയൂട്ടുകളും അതില്‍ പങ്കുകൊണ്ടു. ''എല്ലാവര്‍ക്കും എന്താണ് സംഭവിക്കുന്നത് എന്നറിയാമായിരുന്നു, എനിക്കൊഴികെ. വൈകാരികമായിരുന്നു ആ അവസ്ഥ. ആരാധകര്‍ എന്റെ ഓരോ നീക്കങ്ങള്‍ക്കും കയ്യടിച്ചു. ആ മത്സരത്തിലുടനീളം അവരെന്റെ പേര് പാടിക്കൊണ്ടിരുന്നു. എനിക്കു കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല അന്ന്. പക്ഷേ, അവര്‍ പാടിക്കൊണ്ടേയിരുന്നു.'' വര്‍ഷങ്ങള്‍ക്കിപ്പുറം അതിനെക്കുറിച്ച് പറയുമ്പോള്‍ ജൈറോയുടെ തൊണ്ടയിടറി. അത്തരമൊരു പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത് സോക്രട്ടീസ് ആയിരുന്നു. മാത്യൂസ് സോക്രട്ടീസിനെ വിളിപ്പിച്ചു. പക്ഷേ, കാണാന്‍ അയാള്‍ കൂട്ടാക്കിയില്ല. സോക്രട്ടീസ് കാണികളെ തനിക്കു നേരെ തിരിക്കുകയാണെന്നു മാത്യൂസ് ഒരഭിമുഖത്തില്‍ പറഞ്ഞു. അതൊക്കെ വിലകുറഞ്ഞ പ്രസ്താവനയായി കാണാനെ അയാള്‍ ശീലിച്ചിരുന്നുള്ളൂ. സോക്രട്ടീസ് ഒരു നായകത്വ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു  അവിടെ.

ജനാധിപത്യവും പങ്കാളിത്തവും
സോക്രട്ടീസിന്റെ ആശയങ്ങള്‍ ആദ്യകാലങ്ങളില്‍ കളിക്കാര്‍ വേണ്ടത്ര ചിന്തിച്ചിരുന്നില്ല. ക്ലബ്ബിന്റെ അധികാരം കളിക്കാരിലെത്തുന്നത് അവരുടെ വിദൂര സ്വപ്നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. ചെറുപ്പകാലം മുതല്‍ ജനാധിപത്യ വ്യവസ്ഥയിലൂടെ കടന്നു പോയിട്ടില്ലാത്തവരായിരുന്നു അന്നു ബ്രസീലിയന്‍ ക്ലബ്ബുകളില്‍ ഉണ്ടായിരുന്ന ബഹുഭൂരിഭാഗം പേരും. മാത്യൂസിനെപ്പോലുള്ളവര്‍ അധികാരം വെടിയാനോ കൈമാറാനോ തയ്യാറായിരുന്നുമില്ല. ക്ലബ്ബിനുള്ളിലെ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാനായിരുന്നു സോക്രട്ടീസ് ശ്രമിച്ചത്. അതുപോലെ തീരുമാനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പു വരുത്താനും. കളിക്കാര്‍ക്ക് ക്ലബ്ബുമായി വൈകാരികമായ അടുപ്പമുണ്ടാവേണ്ടതുണ്ട് എന്നു സോക്രട്ടീസ് വിശ്വസിച്ചു.

വാള്‍ട്ടര്‍ കസാഗ്രാന്‍ഡെ, വ്‌ലാഡിമിര്‍ റോഡ്രിഗസ്, ഡോസ് സാന്റോസ് എന്നിവരുമായി ചേര്‍ന്നാണ് ജനാധിപത്യ മുന്നേറ്റങ്ങള്‍ക്ക് സോക്രട്ടീസ് തുടക്കമിടുന്നത്. ബ്രസീലിലെ ബ്ലാക്ക് പവര്‍ പോരാളിയായിരുന്നു വ്‌ലാഡിമിര്‍. കൊറിന്ത്യന്‍സിന്റെ പ്രസിഡന്റായി വ്‌ലാഡിമിര്‍ പിരെസും വൈസ് പ്രസിഡന്റായി അഡില്‍സന്‍ മൊണ്ടേറോ ആല്‍വ്സും വരുന്നതോടെയാണ് കൊറിന്ത്യന്‍സ് ഡെമോക്രസി തളിര്‍ക്കുന്നത്. അഡില്‍സന്‍ ഒരു സോഷ്യോളജിസ്റ്റായിരുന്നു. തനിക്ക് ഒരുഫുട്‌ബോള്‍ ക്ലബ്ബ് നടത്തിക്കൊണ്ടു പോകേണ്ടത് എങ്ങനെയെന്നു അറിയില്ലെന്നത് അയാള്‍ പരസ്യമായി സമ്മതിച്ചു. അയാളൊരു പഴയ വിദ്യാര്‍ത്ഥി നേതാവായിരുന്നു. അയാള്‍ നിരന്തരം കളിക്കാരുമായി ചര്‍ച്ചകള്‍ നടത്തി. കൊറിന്ത്യന്‍സിന്റേയും കളിക്കാരുടേയും പ്രശ്‌നങ്ങള്‍ പഠിച്ചു. അഡില്‍സന്‍ എന്ന ജനാധിപത്യവാദി ബ്രസീലില്‍ ജനാധിപത്യം തിരിച്ചുകൊണ്ടുവരാന്‍ കൊറിന്ത്യന്‍സിനെ ഒരു വാഹനമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടു. ഫുട്‌ബോള്‍ ക്ലബ്ബുകള്‍ പണം കൊയ്യാനുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായി അയാള്‍ കണ്ടിരുന്നില്ല.

തങ്ങളുടെ ചുറ്റും നടക്കുന്നതിനെ ചോദ്യം ചെയ്യാനും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും അയാള്‍ കളിക്കാരോട് പറഞ്ഞു. അത്തരമൊരാളെയായിരുന്നു സോക്രട്ടീസും വ്‌ലാഡിമിറും കാത്തിരുന്നത്. ട്രവാലീനി എന്ന കോച്ചിന്റെ വരവ് കാര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കി. കളിക്കാരെ ബഹുമാനിക്കുകയും അവരോട് മാന്യമായി പെരുമാറുകയും ചെയ്യണമെന്നു അദ്ദേഹത്തിനു നിര്‍ബ്ബന്ധമുണ്ടായിരുന്നു. അവരെ അടിമകളെപ്പോലെയല്ല കാണേണ്ടതെന്നും അയാള്‍ വാദിച്ചു. കൊറിന്ത്യന്‍സില്‍ മുതലാളി-തൊഴിലാളി, യജമാനന്‍ - ഭൃത്യന്‍ തുടങ്ങിയ അന്തരങ്ങള്‍ മാഞ്ഞു. ചരിത്രത്തിലാദ്യമായി അവര്‍ ഒരു ടീമായി മാറി. ക്ലബ്ബിനെ സംബന്ധിക്കുന്ന ഏതൊരു തീരുമാനങ്ങളിലും കളിക്കാരും പരിശീലകരും തൂപ്പുകാരും വസ്ത്രം അലക്കുന്നവരും മാസിയേര്‍സും മെഡിക്കല്‍ സ്റ്റാഫുകളുമെല്ലാം പങ്കാളികളായി. എപ്പോള്‍ ഭക്ഷണം കഴിക്കണമെന്നും എപ്പോള്‍ ട്രെയിനിംഗ് നടത്തണമെന്നും തുടങ്ങിയ ചെറുകാര്യങ്ങള്‍പോലും വോട്ടെടുപ്പിലൂടെ തീരുമാനിക്കപ്പെട്ടു. പുതിയ കളിക്കാരെ എടുക്കുമ്പോള്‍ മാനേജ്മെന്റ് എല്ലാവരോടും അഭിപ്രായമാരാഞ്ഞു. പല സൈനിംഗുകളും വോട്ടെടുപ്പിലൂടെ നിര്‍ണയിക്കപ്പെട്ടു. ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കാന്‍ ക്ലബ്ബ് അംഗങ്ങള്‍ ശീലിച്ചു. അതൊരു പുതിയ ജനാധിപത്യ പ്രക്രിയയുടെ തുടക്കമായിരുന്നു.

കോണ്‍സെന്റ്രാസോ എന്നത് ബ്രസീലിയന്‍ ഫുട്‌ബോളില്‍ ഇന്നും നിലനില്‍ക്കുന്ന സ്ഥിതിവിശേഷമാണ്. മത്സരത്തിനും ദിവസങ്ങള്‍ക്കു മുന്‍പുതന്നെ കളിക്കാരുടെ താമസം നിര്‍ബന്ധിതമായി ഹോട്ടലുകളിലേക്ക് മാറ്റാറുണ്ട്. ഒരുതരത്തില്‍ തുറുങ്കില്‍ അടക്കുന്നതിനു തുല്യമായാണ് സോക്രട്ടീസ് അതിനെ കണ്ടിരുന്നത്. കളിക്കാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന കോണ്‍സെന്റ്രാസോ എടുത്തുകളയുകയെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍സെന്റ്രാസോ ഐച്ഛികമായി മാറ്റപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം എന്നെന്നേയ്ക്കുമായി എടുത്തുകളയുകയും ചെയ്തു. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ കീഴ്വഴക്കങ്ങള്‍ കൊറിന്ത്യന്‍സ് ലംഘിച്ചുകൊണ്ടിരുന്നു. സോക്രട്ടീസും വ്‌ലാഡിമിറും ക്ലബ്ബ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ മാധ്യമങ്ങളുമായും ആരാധകരുമായും പങ്കുവെച്ചു. കൊറിന്ത്യന്‍സ് പൗളീസ്റ്റ കിരീടം നേടിയപ്പോള്‍ അതു ജനാധിപത്യത്തിന്റെ വിജയമായി വാഴ്ത്തപ്പെട്ടു. ബ്രസീലിലെ പട്ടാള ഭരണകൂടം അവരെ അനാര്‍ക്കിസ്റ്റുകളെന്നും കമ്യൂണിസ്റ്റുകളെന്നും മുദ്രകുത്തി.

എല്ലാം അവസാനിപ്പിക്കാന്‍ പറഞ്ഞുകൊണ്ട് ഗവര്‍മെന്റില്‍നിന്നും ഭീഷണികള്‍ ലഭിച്ചു. പക്ഷേ, കൊറിന്ത്യന്‍സ് ഡെമോക്രസി ഉയരങ്ങളിലേക്ക് പറക്കുകയായിരുന്നു. ജെഴ്‌സിയുടെ പിന്‍വശത്ത് കളിക്കാരുടെ പേരുകള്‍ക്ക് പകരം 'ഡെമോക്രസിയ കൊറിന്ത്യാനാ' (Corinthians Democracy) എന്നെഴുതിക്കൊണ്ട് അവര്‍ കളിമൈതാനങ്ങളില്‍ ഇറങ്ങി. ജനാധിപത്യം ബ്രസീലിയന്‍ ഫുട്‌ബോളിന്റെ അകത്തളങ്ങളില്‍ ഏറെ ചര്‍ച്ചാവിഷയമായി മാറി. ഫ്‌ലാമെങ്കോയില്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ ടോറസ് കളിക്കാര്‍ക്ക് കൂടുതല്‍ സുതാര്യത വാഗ്ദാനം ചെയ്തു. ക്രുസേയ്റോ, ഫ്‌ലുമിനന്‍സ്, പോന്ചെ പെത തുടങ്ങിയ ക്ലബ്ബുകളിലെ കളിക്കാര്‍ തീരുമാനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉണ്ടാവുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി. പക്ഷേ, മറ്റൊരു ബ്രസീലിയന്‍ ക്ലബ്ബിനും കൊറിന്ത്യന്‍സ് ഡെമോക്രസി പോലൊന്നു നടപ്പില്‍ വരുത്താന്‍ കഴിഞ്ഞില്ല. ബ്രസീലിയന്‍ ജനത കൊറിന്ത്യന്‍സിനെ അഭൂതപൂര്‍വ്വം വീക്ഷിച്ചു. അവര്‍ ജനാധിപത്യം നിലവില്‍ വരുന്നത് സ്വപ്നം കണ്ടു. ബ്രസീലില്‍ പട്ടാള ഭരണകൂടത്തിന്റെ അധികാരത്തില്‍ അപ്പോഴേക്കും വിള്ളലുകള്‍ വീണുതുടങ്ങിയിരുന്നു.

ബോബ് മാര്‍ലി
ബോബ് മാര്‍ലി

പ്രൊവിന്‍ഷ്യല്‍ ഇലക്ഷന്‍ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ 1964-നുശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു അത്. ജനങ്ങളില്‍ പലരും വോട്ടെടുപ്പ് എന്ന പ്രക്രിയയെക്കുറിച്ച് അജ്ഞരായിരുന്നു. മറ്റു ചിലര്‍ വോട്ട് ചെയ്താല്‍ പട്ടാളമേധാവിമാര്‍ തങ്ങളെ അപായപ്പെടുത്തുമോ എന്നു ഭയപ്പെട്ടു. വോട്ട് ചെയ്യാന്‍ ജനങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി 'on the 15th, vote' എന്നെഴുതിയ ജെഴ്‌സികള്‍ അണിഞ്ഞുകൊണ്ടാണ് കൊറിന്ത്യന്‍സ് ടീം കളിക്കാനിറങ്ങിയത്. മൊറുമ്പിയില്‍ സാവോപോളോയുമായുള്ള അവസാന ലീഗ് മത്സരത്തിനിറങ്ങുമ്പോള്‍ ഒരു സമനില മാത്രം മതിയായിരുന്നു കൊറിന്ത്യന്‍സിനു തുടര്‍ച്ചയായി രണ്ടാം തവണയും പൗളീസ്റ്റ കിരീടം നേടാന്‍. കൊറിന്ത്യന്‍സ് ഡെമോക്രസിക്കു നേരെ പട്ടാളം ഏതു നീക്കവും നടത്താമെന്ന രാഷ്ട്രീയ അന്തരീക്ഷത്തില്‍ ആ മത്സരത്തിനിറങ്ങുമ്പോള്‍ 'ഡെമോക്രസിയ കൊറിന്ത്യാനാ' എന്നു പതിച്ച ജെഴ്‌സികള്‍ അണിയാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. അതിനുപകരം ''ജയം അല്ലെങ്കില്‍ തോല്‍വി, പക്ഷേ, എന്നും ജനാധിപത്യത്തിനൊപ്പം'' എന്നെഴുതിയ ബാനറുമായിട്ടാണ് അവര്‍ മൈതാനത്തേയ്ക്കിറങ്ങിയത്. കൊറിന്ത്യന്‍ ആരാധകര്‍ ഇന്നും അഭിമാനത്തോടെ ആ നിമിഷം ഓര്‍ക്കുന്നു. ആ മത്സരത്തില്‍ സാവോപോളോയെ പരാജയപ്പെടുത്തി അവര്‍ തുടര്‍ച്ചയായി രണ്ടാം തവണയും പൗളീസ്റ്റ കിരീടം നേടി. 1984-ല്‍ ഒരു കൂറ്റന്‍ റാലിയില്‍ പതിനായിരക്കണക്കിനു ജനങ്ങളോട് സംസാരിക്കുമ്പോള്‍ സോക്രട്ടീസ് ബ്രസീലിയന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി ഭേദഗതി നടത്തുകയാണെങ്കില്‍ മാത്രമേ താനിനി കൊറിന്ത്യന്‍സില്‍ തുടരുകയുള്ളൂ എന്നു പറഞ്ഞു. പക്ഷേ, ഭേദഗതി പരാജയപ്പെട്ടു. സോക്രട്ടീസ് ഇറ്റാലിയന്‍ ക്ലബ്ബായ ഫിയോറന്റീനയിലേക്ക്  പോയി.
കൊറിന്ത്യന്‍സ് ഡെമോക്രസിയുടെ സ്വാധീനം എണ്‍പതുകളില്‍ അവസാനിക്കുന്നില്ല. 21-ാം നൂറ്റാണ്ടില്‍ ദില്‍മ റൂസെഫ് പ്രസിഡന്റായിരുന്ന പോള്‍ സ്റ്റേറ്റ് ഗവണ്‍മെന്റ് ഫണ്ടുകള്‍ അപ്രത്യക്ഷമാകുന്നതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കൊറിന്ത്യന്‍സിന്റെ ഫാന്‍ ക്ലബ്ബുകള്‍ ഗ്യാലറികളില്‍ ബാനറുകള്‍ ഉയര്‍ത്തുകയും പ്രതിഷേധസൂചകമായി കൈമുഷ്ടി ചുരുട്ടി ഉയര്‍ത്തുകയും ചെയ്തു. കൊറിന്ത്യന്‍സിന്റെ ഏറ്റവും വലിയ ഫാന്‍ ക്ലബ്ബായ Gavioes da Fiel ന്റെ ഓഫീസ് പട്ടാളവും പൊലീസും ചേര്‍ന്നു റെയ്ഡ് ചെയ്തു. നിരവധി പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഫാന്‍ ക്ലബ്ബുകളുടെ രാഷ്ട്രീയവല്‍ക്കരണം എത്തിച്ചേര്‍ന്നത് പുതിയൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ രൂപീകരണത്തിലേക്കായിരുന്നു കൊറിന്ത്യന്‍സ് നാഷണല്‍ പാര്‍ട്ടി! ''കൊറിന്ത്യന്‍സ് ഡെമോക്രസിയാണ് ഞങ്ങള്‍ക്കു പ്രചോദനമേകിയത്. കൊറിന്ത്യന്‍സ് നാഷണല്‍ പാര്‍ട്ടി രൂപീകരിക്കപ്പെട്ടത് 30 വര്‍ഷം മുന്‍പ് തുടങ്ങിവെച്ച മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണ്.'' അഭിമുഖത്തില്‍ അതു പറയുമ്പോള്‍ പാര്‍ട്ടി പ്രസിഡന്റ് ഏറെ അഭിമാനം കൊണ്ടു. ഇതു കൊറിന്ത്യന്‍സ് ഫാന്‍സിനു മാത്രമുള്ളതല്ലെന്നും ബ്രസീലില്‍ ഒന്നാകെ ഫുട്‌ബോളിലൂടെ രാഷ്ട്രീയ ബോധം വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണെന്നും അവര്‍ പറയുന്നു. കളിമൈതാനങ്ങളിലെ പ്രതിഷേധങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് കൊറിന്ത്യന്‍സ് ഡെമോക്രസിയെന്ന വിപ്ലവ പോരാട്ടത്തെയാണ്.

തത്തചിന്തകന്‍, രാഷ്ട്രീയം
സാവോപോളോയിലെ ബാറിലിരുന്നാണ് അലെക്‌സ് ബെല്ലോസ് സോക്രട്ടീസുമായി സംസാരിക്കുന്നത്. സംസാരം പുരോഗമിക്കുന്തോറും അലെക്‌സ് മധുചഷകങ്ങള്‍ ഒഴിയുകയും നിറയുകയും ചെയ്യുന്നത് എണ്ണിക്കൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ നിരര്‍ത്ഥകമായ ആ പരിപാടി അയാള്‍ ഒഴിവാക്കുന്നുണ്ട്. ''പുകവലിയും മദ്യപാനവും ഒരു അത്ലറ്റ് എന്ന നിലയില്‍ താങ്കളെ ഏറെ ബാധിച്ചിരിക്കില്ലേ? ഒരു മോശം റോള്‍ മോഡല്‍ ആക്കി അത് താങ്കളെ മാറ്റുന്നില്ലേ?'' അലെക്‌സിന്റെ ചോദ്യം കേട്ട സോക്രട്ടീസ് സ്വതസിദ്ധമായ ചിരിക്കുശേഷം പറഞ്ഞു: ''ഇതൊക്കെയടങ്ങുന്നതാണ് ഞാന്‍. എന്നില്‍ ഇല്ലാത്ത ഒരു ഗുണമുള്ളതായി നടിക്കാന്‍ ഞാനെന്തിനു ശ്രമിക്കണം? ഞാന്‍ പുകവലിക്കുന്നു. ചിലപ്പോള്‍ ലംഗ് ക്യാന്‍സര്‍ വന്നോ എംഫിസീമ വന്നോ ഞാന്‍ മരിക്കുമായിരിക്കും. പക്ഷേ, എനിക്കിത് നിര്‍ത്താന്‍ കഴിയില്ല. ഞാനൊരിക്കലും മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്തു കരുതും എന്നതിനെക്കുറിച്ച് വ്യാകുലപ്പെടാറില്ല. നമ്മള്‍ ജീവിക്കുന്ന സമൂഹത്തില്‍ ഓരോരുത്തര്‍ക്കും ഏറ്റവും അവശ്യം വേണ്ടത് സ്വാതന്ത്ര്യമാണ്. ആളുകള്‍ എന്നെക്കുറിച്ച് എന്തു കരുതുന്നു എന്നത് എനിക്കു വിഷയമല്ല. ഞാനൊരു സ്വവര്‍ഗ്ഗരതിക്കാരനാണ് എന്നുവരെ അവര്‍ ചിന്തിച്ചു കൂട്ടും. അതിനിപ്പോ നമുക്കെന്തു ചെയ്യാന്‍ കഴിയും? അവയൊന്നും മാറ്റുന്നില്ലല്ലോ''. ''എന്തൊരു മനുഷ്യനാണ് ഇയാള്‍'' എന്നു ഒരുവേള അലെക്‌സ് ചിന്തിച്ചുപോയിട്ടുണ്ടാകും.

മൈതാനത്തിനപ്പുറത്ത് നിലപാടുകളും സ്വതന്ത്ര ചിന്തകളും രാഷ്ട്രീയ വീക്ഷണങ്ങളുമുള്ള കളിക്കാര്‍ വിരളമാണ്. ക്രയ്ഫും റൊമാരിയോയും മറഡോണയും അത്തരം നിലപാടുകള്‍ പല കാലങ്ങളിലായി കൈക്കൊണ്ടിട്ടുണ്ട്. പക്ഷേ, സോക്രട്ടീസിനു നിലപാടുകളിലെ അടിയുറപ്പു മാത്രമല്ല, ഒരു തത്ത്വചിന്തകന്റെ പരിവേഷവുമുണ്ടായിരുന്നു. സോക്രട്ടീസ് എല്ലാക്കാലത്തും സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തിപ്പോന്നയാളായിരുന്നു. കൊറിന്ത്യന്‍സിനായി കളിക്കുമ്പോള്‍ ഒട്ടേറെ തവണ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ആരാധകരേയും ടീമംഗങ്ങളേയും ചൊടിപ്പിച്ചിട്ടുണ്ട്. സെന്റ് ജോര്‍ജ് പാര്‍ക്കില്‍ വന്നിറങ്ങിയ ഉടന്‍ പത്രപ്രവര്‍ത്തകരോട് അയാള്‍ പറഞ്ഞത് കൊറിന്ത്യന്‍സ് ഒരുകാലത്തും തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്ലബ്ബ് ആയിരുന്നില്ല എന്നാണ്. സാന്റോസ് ആയിരുന്നു തന്റെ പ്രിയപ്പെട്ട ക്ലബ്ബ് എന്നയാള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഒരിക്കല്‍ റഫറി അനുവദിച്ചു നല്‍കിയ പെനാല്‍റ്റി തെറ്റായിരുന്നുവെന്ന് മത്സരശേഷം അയാള്‍ വിളിച്ചുപറഞ്ഞു. അയാള്‍ അയാളോടുതന്നെ സത്യസന്ധനായിരുന്നു. അഭിപ്രായങ്ങളും ഇഷ്ടങ്ങളും തെറ്റും ശരിയും വിളിച്ചുപറയാന്‍ അയാള്‍ ഒരു മാനേജ്മെന്റിനേയും ഭയപ്പെട്ടിരുന്നില്ല. ബ്രസീലിനായി കളിക്കുകയെന്ന തന്റെ സ്വപ്നംപോലും അയാളെ അതില്‍നിന്നും പിന്തിരിപ്പിച്ചിരുന്നില്ല. ഒരിക്കല്‍പ്പോലും അയാള്‍ റഫറിമാരോട് തര്‍ക്കിക്കാന്‍ പോയില്ല. ഒരിക്കല്‍പ്പോലും അയാള്‍ക്കൊരു റെഡ് കാര്‍ഡ് ലഭിച്ചിരുന്നില്ല. അവര്‍ സൈഡ് ലൈനിനടുത്ത് തീരുമാനങ്ങളെടുക്കാന്‍ സോക്രട്ടീസിനോട് അഭിപ്രായങ്ങള്‍ ആരാഞ്ഞു!

1981-ല്‍ ജര്‍മ്മനിയില്‍ ഒരു സൗഹൃദ മത്സരത്തിനുശേഷം ബാറിലിരുന്ന് മദ്യപിക്കുകയായിരുന്ന സോക്രട്ടീസിന്റെ ഫോട്ടോ എടുക്കാന്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചെന്നതിന്റെ കഥ അദ്ദേഹത്തിന്റെ ജീവചരിത്രത്തിലുണ്ട്. ഫോട്ടോയെടുക്കുന്നതിനു മുന്‍പ് മേശയുടെ മുകളിലുള്ള മദ്യക്കുപ്പികള്‍ എടുത്തു മാറ്റാന്‍ തുനിഞ്ഞ അയാളോട് സോക്രട്ടീസ് പറഞ്ഞു: ''എനിക്കു മദ്യപിക്കണം എന്നു തോന്നുമ്പോള്‍ ഞാന്‍ മദ്യപിക്കും. ഞാന്‍ പ്രായപൂര്‍ത്തിയായ ഒരാളാണ്.'' തന്റെ ശീലങ്ങളെക്കുറിച്ചും സോക്രട്ടീസിനു വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. മദ്യം തന്നെ കാര്‍ന്നു തിന്നുന്നുവെന്നാണ് ജോര്‍ജ് ബെസ്റ്റ് സങ്കടം പൂണ്ടത്. പക്ഷേ, സോക്രട്ടീസിനു ഒരിക്കല്‍പ്പോലും താന്‍ കൈക്കൊണ്ട സമീപനങ്ങളിലോ നിലപാടുകളിലോ അതൃപ്തി തോന്നിയിരുന്നില്ല. കളിക്കുമ്പോള്‍ അയാള്‍ അതില്‍ അങ്ങേയറ്റം രമിച്ചുകൊണ്ട് കളിച്ചു, ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ അയാള്‍ ഒരു വിപ്ലവകാരിയായി മാറി. അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ അത്രമേല്‍ ആനന്ദിച്ചുകൊണ്ട് അയാള്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തു. അയാള്‍ക്ക് താന്‍ ഏര്‍പ്പെട്ട പ്രവൃത്തികളില്‍ ഒരിക്കല്‍പ്പോലും പശ്ചാത്താപം തോന്നിയിരുന്നില്ല. ഫിയോറന്റീനാ കാലത്ത് അദ്ദേഹത്തിന്റെ ജീവിതരീതികളോട് അതൃപ്തി പ്രകടിപ്പിച്ച ഇറ്റാലിയന്‍ മാധ്യമങ്ങള്‍ക്ക് നേരെ സോക്രട്ടീസ് തൊടുത്തുവിട്ട വാചകം മൂര്‍ച്ചയേറിയതായിരുന്നു: ''ഞാന്‍ പുകവലിക്കും, മദ്യപിക്കും, ചിന്തിക്കും!''

1986 മെക്‌സിക്കോ ലോകകപ്പിനു മാസങ്ങള്‍ക്കു മുന്‍പായിരുന്നു പതിനായിരത്തോളം ആളുകള്‍ മരണപ്പെട്ട ഭൂമി കുലുക്കം മെക്‌സിക്കോ സിറ്റിയെ പിടിച്ചുകുലുക്കിയത്. വിമാനമിറങ്ങി ഹോട്ടലിലേയ്ക്കുള്ള യാത്രയില്‍ ഭൂമികുലുക്കത്തിന്റെ അവശിഷ്ടങ്ങള്‍ സോക്രട്ടീസിനെ അസ്വസ്ഥനാക്കി. അയാളുടെ മനസ്സ് മെക്‌സിക്കന്‍ ജനതയോടൊപ്പമായിരുന്നു. സ്പെയിനുമായുള്ള ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ സോക്രട്ടീസ് തലയില്‍ ഒരു ബാന്‍ഡ് ധരിച്ചിരുന്നു. അതില്‍ ഇപ്രകാരം എഴുതിവെച്ചു: 'mexico, stand tall (mexico, sigue en pie). 1960-ല്‍ ആല്‍ബര്‍ട്ടോ കോര്‍ഡോ എടുത്ത ചെഗുവേരയുടെ Guerrillero Heroico എന്ന വിഖ്യാതചിത്രമാണ് തലയില്‍ ബാന്‍ഡ് ധരിച്ച സോക്രട്ടീസ് ഓര്‍മ്മിപ്പിക്കുന്നത്. മെക്‌സിക്കന്‍ ജനതയും മാധ്യമങ്ങളും അയാളെ അഭിനന്ദിച്ചു.

പ്രക്ഷോഭങ്ങള്‍ നയിച്ച വിപ്ലവകാരി
ഫുട്ബാളില്‍നിന്നു വിരമിച്ചതിനുശേഷം ആതുരസേവനത്തിലും തത്ത്വചിന്തയിലും എഴുത്തിലും പ്രഭാഷണത്തിലുമാണ് ആ ഉന്മാദി ചേക്കേറിയത്. ബ്രസീലിയന്‍ ചാനലുകളില്‍ രാഷ്ട്രീയ നേതാക്കള്‍, സംഗീതജ്ഞര്‍, കലാകാരന്മാര്‍, സാമ്പത്തിക വിദഗ്ദ്ധര്‍ തുടങ്ങിയവരുമായി സോക്രട്ടീസ് അഭിമുഖം നടത്തി. നിരവധി പത്രങ്ങളില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് അയാള്‍ പംക്തികള്‍ എഴുതി. ആധുനിക കാലത്തെ പ്രൊഫഷണല്‍ ഫുട്‌ബോളര്‍മാര്‍ക്ക് ഒരിക്കലും ചിന്തിക്കാന്‍ പോലുമാകാത്ത ഉയരത്തില്‍ സോക്രട്ടീസ് എത്തുന്നത് അയാള്‍ കളിയുടെ ശൈലിയില്‍ കൊണ്ടുവന്ന മാറ്റമോ ഒരു കളിക്കാരന്‍ എന്ന നിലയില്‍ ആര്‍ജ്ജിച്ചെടുത്ത കളിമികവുകൊണ്ടോ മാത്രമായിരുന്നില്ല. കളിക്കുമപ്പുറം രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ അയാള്‍ വഹിച്ച പങ്ക് കളിയുടെ ചരിത്രത്തിലെതന്നെ അസുലഭമായ ഏടാണ്. കളിക്കുക, ജയിക്കുക എന്ന തത്ത്വത്തില്‍ അധിഷ്ഠിതമായിട്ടല്ല അയാള്‍ പ്രവര്‍ത്തിച്ചത്. കളി അയാള്‍ക്ക് ആനന്ദമായിരുന്നു. അയാളില്‍ ബ്രസീലിയന്‍ സ്വാംശീകരണമുണ്ട്. കളി ജയിക്കാന്‍ വേണ്ടിയുള്ളതല്ലെന്നു അയാള്‍ എക്കാലവും വിശ്വസിച്ചു പോന്നിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ ലോകത്തോട് വിളിച്ചുപറയുന്നതിനായി അയാള്‍ കളിമൈതാനങ്ങള്‍ ഉപയോഗിച്ചു. അയാള്‍ യൂറോപ്പില്‍ കളിച്ചിരുന്നെങ്കില്‍ വലിയൊരു താരമാകുമായിരുന്നു എന്നാണ് യൊഹാന്‍ ക്രയ്ഫ് പറഞ്ഞത്. പക്ഷേ, താരത്തിളക്കത്തില്‍ സോക്രട്ടീസ് അഭിരമിച്ചിരുന്നില്ല. ക്ഷോഭിച്ച കടലുപോലെയായിരുന്നു അയാളുടെ മനസ്സ് എപ്പോഴും. ചെഗുവേരയുടെ വിപ്ലവ വീര്യവും ഗ്രീക്ക് ചിന്തകനായ സോക്രട്ടീസിന്റെ ചിന്തകളും അയാളില്‍ നിറഞ്ഞുനിന്നിരുന്നു. അധികാരലോഭിതനായ സോക്രട്ടീസിനെ നമ്മള്‍ കണ്ടിട്ടില്ല, പക്ഷേ, അധികാര ദുര്‍വിനിയോഗത്തിനും അഴിമതിക്കും പട്ടാളഭരണത്തിനുമെതിരായി എന്നും അയാള്‍ നിലകൊണ്ടിരുന്നു. ''എനിക്കൊരു ഞായറാഴ്ച മരിക്കണം, കൊറിന്ത്യന്‍സ് കിരീടം നെടുന്നൊരു ഞായറാഴ്ച.'' അയാള്‍ നല്‍കിയ അസംഖ്യം അഭിമുഖങ്ങളിലൊന്നില്‍ പ്രകടിപ്പിച്ച ആഗ്രഹമായിരുന്നു അത്. 2011 ഡിസംബര്‍ നാല്. ബ്രസീലിയന്‍ ഫുട്‌ബോള്‍ ഗാഥകളില്‍ കളിയുടെ അതുല്യതയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടൊരു ലോകകപ്പ് ടീമിന്റെ ക്യാപ്റ്റന്‍ ലോകത്തോട് വിട പറയുമ്പോള്‍ അതൊരു ഞായറാഴ്ചയായിരുന്നു. അന്നു രാത്രി കൊറിന്ത്യന്‍സ് ലീഗിലെ അവസാന മത്സരത്തിനായിറങ്ങുന്നു. ഗ്യാലറികളിലെങ്ങും അവരുടെ പ്രിയപ്പെട്ട കളിക്കാരന്റെ ഫോട്ടോകളും ബാനറുകളും ഉയര്‍ന്നു. ഹംസഗീതങ്ങളില്‍ അയാളുടെ ബാക്ക് ഹീല്‍ പാസ്സുകളും ഗോളുകളും വിപ്ലവപ്പോരാട്ടങ്ങളും നിറഞ്ഞുനിന്നു. കയ്യിലൊരു ബിയറും സിഗരറ്റുമായി അയാളാ മത്സരം കാണുന്നുണ്ടാകുമെന്നു അവര്‍ വിശ്വസിച്ചു. സമനിലയില്‍ അവസാനിച്ച മത്സരത്തിനൊടുവില്‍ കൊറിന്ത്യന്‍സ് കിരീട ജേതാക്കളായി. ഗ്യാലറിയൊന്നടങ്കം വലതു കൈ മുഷ്ടി ചുരുട്ടി ആകാശത്തേക്കുയര്‍ത്തി !

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com