'ബേണിലെ യുദ്ധം' ഹംഗറിയുടെ പതനം

ബേണിലെ യുദ്ധം എന്നു പേരുവീണ ഹംഗറി-ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഒരു പ്രതിഭാസമായിരുന്നു.
'ബേണിലെ യുദ്ധം' ഹംഗറിയുടെ പതനം


1954-ല്‍ സ്വിറ്റ്‌സര്‍ലന്റില്‍ നടന്ന ലോകകപ്പ് അന്നത്തെ ഹംഗേറിയന്‍ ടീമിനു നേരിട്ട പരാജയം കൊണ്ടും 'ബേണിലെ യുദ്ധം'കൊണ്ടും സുപ്രസിദ്ധമായി. രണ്ടിലും അന്നത്തെ ഏറ്റവും പ്രബല ഫുട്‌ബോള്‍ ടീമായ 'മാന്ത്രികമാഗ്യാറുകള്‍' എന്നറിയപ്പെട്ട ഹംഗറി ഉള്‍പ്പെട്ടിരുന്നുവെന്ന വസ്തുത യാദൃച്ഛികമാവാം. 

ബേണിലെ യുദ്ധം എന്നു പേരുവീണ ഹംഗറി-ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഒരത്ഭുതമെന്നതിനെക്കാള്‍ ഒരു പ്രതിഭാസമായിരുന്നു. കയ്യാങ്കളികൊണ്ട് അപഖ്യാതിയുടെ ചരിത്രമെഴുതിയ ആ മത്സരം ലോകകപ്പിന്റെ ഇന്നോളമുള്ള ചരിത്രത്തിലെ ഏറ്റവും കടുത്ത പോരാട്ടമായിരുന്നു. 

മത്സരത്തില്‍ മൂന്ന് കളിക്കാരെ ഇംഗ്ലീഷുകാരന്‍ റഫറി ആര്‍തര്‍ എല്ലിസ് പുറത്താക്കി. അത് കളിയായിരുന്നില്ല; യുദ്ധമായിരുന്നു. ആ മത്സരത്തെ 'ബോക്സിങ്ങാ'യി കണ്ട പത്രലേഖകരുണ്ടായി. 4-2 നു ഹംഗറി ജയിച്ചെങ്കിലും ഫ്രെങ്ക് പുഷ്‌കാസ് ഉള്‍പ്പെടെ ഭൂരിഭാഗം കളിക്കാര്‍ക്കും പരിക്കേറ്റു. ബ്രസീലിന്റെ നില്‍റ്റണ്‍ സാന്റോസും ഹംഗറിയുടെ ബോസിക്കും ഗ്രൗണ്ടില്‍ മുഷ്ടിയുദ്ധം തന്നെ നടത്തി. 
മത്സരത്തിനുശേഷം ബ്രസീലിന്റെ കളിക്കാര്‍ ഹംഗറിയുടെ ഡ്രസ്സിങ്ങ് റൂമില്‍ കയറി കണ്ടവരെയെല്ലാം ഇടിച്ചുനിരപ്പാക്കി. രണ്ട് പെനാല്‍റ്റി, മൂന്ന് പുറത്താക്കല്‍, 14 താക്കീത്, 13 കളിക്കാര്‍ക്ക് പരിക്ക്. ഇതായിരുന്നു ബേണിലെ യുദ്ധത്തിന്റെ നീക്കിയിരുപ്പ്. 

ആ മത്സരം കാണികള്‍കൂടി യഥേഷ്ടം പങ്കെടുത്ത ഒരു ആള്‍ക്കൂട്ട കലാപമായി മാറാതിരുന്നത് സ്വിസ് സുരക്ഷാ പൊലീസിന്റെ ജാഗ്രത ഒന്നുകൊണ്ടു മാത്രമായിരുന്നു. കളിയുടെ മാത്രം വീക്ഷണത്തില്‍ ലോകകപ്പിലെ ഏറ്റവും മനോഹരമായ മത്സരമായി വികസിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു അത് അലങ്കോലമായത്. തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും വൃത്തികെട്ട മത്സരമെന്നാണ് റഫറി ആര്‍തര്‍ എല്ലിസ് ബ്രസില്‍-ഹംഗറി പോരിനെ വിശേഷിപ്പിച്ചത്. 

ഈ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഹംഗറിയും യുറുഗ്വായും തമ്മിലും ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയും ഹംഗറിയും തമ്മിലുള്ള മത്സരങ്ങളും ലോകകപ്പിലെ ഉഗ്രമായ ഏറ്റുമുട്ടലുകളുടെ പട്ടികയില്‍ പെടുന്നു. 
ഹംഗേറിയന്‍ ഇതിഹാസം ഫ്രെങ്ക് പുഷ്‌കാസ് ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരനെന്ന ഖ്യാതി നേടിയിരുന്നു. അദ്ദേഹത്തിന്റെ ശക്തമായ ഇടങ്കാല്‍ കിക്കിന് എത്ര ടണ്‍ ഭാരമുണ്ടെന്ന് യൂറോപ്പിലെ പത്രങ്ങളില്‍ നിത്യവും ഗവേഷണം നടത്തുമായിരുന്നുവത്രെ. തന്റെ അസാമാന്യ വേഗം കൊണ്ട് 'ഗ്യാലപ്പിങ് മേജര്‍' എന്ന ചെല്ലപ്പേര് നേടിയ പുഷ്‌കാസും ഹിഡെഗുട്ടിയും കോക്സിസും ബോസിയും ഉള്‍പ്പെട്ട ആ ഹംഗേറിയന്‍ ടീം ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയോട് 3-2 നു പരാജയപ്പെട്ടത് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ആദ്യം വിശ്വസിക്കാന്‍പോലും കൂട്ടാക്കിയില്ല. ടെലിവിഷനില്‍ ആദ്യമായി സംപ്രേഷണം നടന്ന ഫൈനലുമായിരുന്നു അത്. പില്‍ക്കാലത്ത് ബ്രസീലിന്റെ പ്രശസ്തമായ 4-2-4 സമ്പ്രദായത്തിന്റെ മുന്നോടിയായിരുന്നു ഹംഗറിയുടെ കേളീശൈലി.

ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മ്മന്‍കാരെ തകര്‍ത്തെറിഞ്ഞ ഹംഗറി ഫൈനലിലും സുന്ദരമായ ഫുട്‌ബോള്‍ പുറത്തെടുത്തെങ്കിലും ജര്‍മ്മനിയുടെ ഉഗ്രമായ പ്രത്യാക്രമണത്തിനു മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ കളി കൈവിടുകയായിരുന്നു. ആ ലോകകപ്പ് പുഷ്‌കാസിന്റെ ഹംഗറിക്കെന്ന് ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ മുന്‍കൂട്ടി എഴുതിവെച്ചതായിരുന്നു. അതുകൊണ്ടുതന്നെ ഫൈനലില്‍ മുന്നിട്ടുനിന്നതിനുശേഷം ജര്‍മ്മനിയുടെ തിരിച്ചടിക്കു മുന്‍പില്‍ തകര്‍ന്ന് ഹംഗറി അത്യുന്നതങ്ങളില്‍നിന്നു പതിച്ചപ്പോള്‍, അതിന്റെ പ്രകമ്പനങ്ങള്‍ ഒരു ഭൂകമ്പത്തിലെന്നപോലെ ലോക ഫുട്‌ബോളിനെ തന്നെ പിടിച്ചുകുലുക്കി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജര്‍മ്മനി ലോകകപ്പില്‍ പങ്കെടുത്തതും ആദ്യമായിരുന്നെന്ന് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. '54-ലെ ലോകകപ്പ് പശ്ചിമ ജര്‍മ്മനിക്ക് ആദ്യ സാക്ഷാല്‍ക്കാരമായെങ്കിലും ആ ലോകകപ്പിലും പിന്നീടും ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യം ഹംഗറിയുടെ തോല്‍വി തന്നെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com