ഭൗതികശാസ്ത്രത്തെയാകെ മാറ്റിമറിച്ച 1905 എന്ന അത്ഭുതവര്‍ഷത്തെക്കറിച്ച് പ്രൊഫ. ഇ.സി.ജി സുദര്‍ശന്‍

By പരിഭാഷ: ഡോ.എ.രാജഗോപാല്‍ കമ്മത്ത്  |   Published: 14th May 2018 02:26 PM  |  

Last Updated: 14th May 2018 02:34 PM  |   A+A-   |  

 

ഐന്‍സ്റ്റൈന്റെ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തമുപ്പെടെയുള്ള അഞ്ചു പ്രബന്ധങ്ങള്‍ ഭൗതികശാസ്ത്രത്തെയാകെ മാറ്റിമറിച്ച 1905 എന്ന അത്ഭുതവര്‍ഷത്തെക്കറിച്ച് പ്രൊഫ. ഇ.സി.ജി സുദര്‍ശന്‍ എറണാകുളത്തെ മഹാരാജാസ് കോളജില്‍ വച്ചു നടത്തിയ പ്രഭാഷണം. സമകാലിക മലയാളം വാരികയില്‍ 2005 ജനുവരിയില്‍ പ്രസിദ്ധീകരിച്ചത്.

     ഭൗതികമില്ലാതെ ലോകമില്ല. അതിനാല്‍ത്തന്നെ കണ്ണുകള്‍ കൊണ്ടു കാണുമ്പോഴും കാതുകള്‍ കൊണ്ട് കേള്‍ക്കുമ്പോഴും അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴും നമുക്ക് ഭൗതികത്തിന്റെ ഘടകം അനുഭവവേദ്യമാകുന്നുണ്ട്. 1905 എന്ന വര്‍ഷം വളരെ ശ്രദ്ധേയമായ ഒന്നാണ്. വളരെക്കുറഞ്ഞ കാലയളവില്‍ വളരെയധികം കാര്യങ്ങള്‍ സംഭവിച്ച വര്‍ഷം. 19-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ ആളുകള്‍ കരുതിയത് ഭൗതികശാസ്ത്രത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം നാം മനസ്സിലാക്കിക്കഴിഞ്ഞു എന്നാണ്. അക്കാലത്ത് രസതന്ത്രം വളരെ താല്‍പര്യം ജനിപ്പിക്കുന്ന ഒന്നായിരുന്നു. ജീവശാസ്ത്രം മുഖ്യധാരയിലേയ്ക്ക് എത്തിയിരുന്നുമില്ല. അതിനാല്‍ സാങ്കേതികതയ്ക്ക് മുന്‍തൂക്കം നല്‍കണമെന്ന് അഭിപ്രായം ഉയര്‍ന്നുവന്നു. എന്നാല്‍ പല കാര്യങ്ങളും അക്കാലത്ത് വിശദീകരിക്കാനാകാത്തവയായി നിലനില്‍ക്കുന്നുണ്ടായിരുന്നു. രസതന്ത്രത്തിലെ മൂലകങ്ങള്‍ക്ക് വര്‍ണ്ണരാജിയിലെ രേഖകളില്‍ ചില സവിശേഷതകള്‍ ഉണ്ടാക്കാന്‍ കഴിയും എന്ന് ലോകത്തിന് അറിവുണ്ടായിരുന്നു. എന്നാല്‍ ഓരോ മൂലകത്തിനും സവിശേഷമായ രേഖകള്‍ എങ്ങനെയുണ്ടാകുന്നു എന്ന കാര്യം അറിവില്ലായിരുന്നു. ബാമര്‍ എന്ന ശാസ്ത്രജ്ഞനാണ് ഹൈഡ്രജന്‍ മൂലകത്തിന്റെ വര്‍ണ്ണരാജിയിലെ സവിശേഷതകള്‍ പഠിച്ച് അതിന്റെ ഫലങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്.
    
    എന്നാല്‍ ഹൈഡ്രജന്‍ സവിശേഷ വര്‍ണ്ണരാജിയെ വിവരിക്കാനുതകുന്ന ഒരു സിദ്ധാന്തം അപ്പോഴുമുണ്ടായിരുന്നില്ല. അതിന് പിന്നെയും പത്തുവര്‍ഷം കാത്തിരിക്കേണ്ടി വന്നു. വിദ്യുത്കാന്തിക തരംഗങ്ങള്‍ ശൂന്യമായ സ്‌പേസില്‍ പ്രസരിക്കും എന്ന കാര്യം അക്കാലത്ത് അറിവുണ്ടായിരുന്നു. ഇത് പ്രസരിക്കുന്ന ദൂരങ്ങള്‍ മാക്‌സ്‌വെല്‍ എന്ന ശാസ്ത്രജ്ഞന്‍ പ്രവചിക്കുകയും ചെയ്തിരുന്നു. ഹെര്‍ട്‌സ് എന്ന ശാസ്ത്രജ്ഞന്‍ ചെറിയ ദൂരങ്ങള്‍ക്കും ജഗദീഷ് ചന്ദ്രബോസ് വലിയ ദൂരങ്ങള്‍ക്കും ഉള്ള പരീക്ഷണതെളിവുകള്‍ കണ്ടെത്തി. എന്നാല്‍ ജെ.സി. ബോസിന്റെ ഈ കണ്ടെത്തലിന്റെ മുഴുവന്‍ അംഗീകാരവും മാര്‍ക്കോണിക്കാണ് ലഭിച്ചത്. മാര്‍ക്കോണി ഇറ്റലിക്കാരനാണ്. ശാസ്ത്രീയമായ മുന്നേറ്റങ്ങളെക്കുറിച്ചു പഠിക്കുന്നവര്‍ ഇതിനെക്കുറിച്ച് മനസ്സിലാക്കേണ്ടിയിരുന്നു. ഭാരതത്തില്‍ അക്കാലത്ത് ശാസ്ത്രപ്രസ്ഥാനം അത്ര വേരൂന്നിയിരുന്നില്ല. ഒരു കോളനി രാജ്യമായിരുന്നതിനാല്‍ ഈ സംഭവത്തെക്കുറിച്ച് അധികം പ്രതികരിക്കാനുമാവില്ലായിരുന്നു.
    
ജെ.സി. ബോസ് ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നതിനാല്‍ ഗവേഷണ ഗ്രാന്റിനുവേണ്ടി അപേക്ഷിച്ചിരുന്നില്ല. സ്വന്തം കാശുമുടക്കിയാണ് അദ്ദേഹം ഗവേഷണത്തിലേര്‍പ്പെട്ടത്. വിദ്യുത്കാന്തികതരംഗങ്ങളെക്കുറിച്ചു പഠിക്കാന്‍ കണ്ടെന്‍സറുകളും മറ്റും അദ്ദേഹം നിര്‍മ്മിക്കുകയും അവ പ്രവര്‍ത്തിപ്പിച്ചുകാട്ടുകയും ചെയ്തു. പിന്നീട് ഇത് അദ്ദേഹം കപ്പല്‍ മാര്‍ഗ്ഗം ഇംഗ്ലണ്ടിലെത്തിച്ചു. അവിടുത്തെ റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ റേഡിയോ തരംഗങ്ങള്‍ ഗണ്യമായ ദൂരത്തേയ്ക്ക് സഞ്ചരിക്കുന്നത് കാട്ടിക്കൊടുത്തു. അവിടെ സന്നിഹിതരായിരുന്നവര്‍ ഇതിന്റെ പ്രാധാന്യം ഗ്രഹിച്ചില്ല. അല്ലെങ്കില്‍ അവരുടെ ഒരു കോളനിയായ ഭാരതത്തില്‍ നിന്നുമുള്ള ഒരാളിന്റെ കണ്ടെത്തലിനെ അംഗീകരിക്കാന്‍ വിമുഖത കാട്ടി. അന്നു ബോസ് പ്രവര്‍ത്തിപ്പിച്ചു കാട്ടിയ ഉപകരണങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും കൊല്‍ക്കത്തയിലെ ബോസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, ഇപ്പോള്‍ നമുക്കറിയാം മാര്‍ക്കോണിയല്ല ഇതു കണ്ടെത്തിയതെന്ന്. ബോസിന്റെ പിന്‍ഗാമിയായി വന്ന് കണ്ടെത്തലിന്റെ മുഴുവന്‍  അംഗീകാരവും നേടിയെടുക്കുകയാണ് മാര്‍ക്കോണി ചെയ്തത്, നോബല്‍ സമ്മാനം ഉള്‍പ്പെടെയുള്ളവ.

    ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക് എന്‍ജീനിയേഴ്‌സ് എന്ന സ്ഥാപനം ഇപ്പോള്‍ ജെ.സി. ബോസിന്റെ കണ്ടെത്തലിന് അംഗീകാരം നല്‍കിയിട്ടുണ്ട്. റേഡിയോയുടെ കണ്ടെത്തലില്‍ മാര്‍ക്കോണിയുടെ മുന്‍ഗാമിയാണ് ബോസ് എന്നാണിപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. അക്കാലത്ത് ചില മൗലികമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. താപഗതികം എന്ന ഭൗതികത്തിലെ ശാഖ ഏറെ പ്രത്യേകതകളുള്ള ഒന്നായിരുന്നു. ബലതന്ത്രവുമായി ഇതിനു ബന്ധമൊന്നുമില്ലായിരുന്നു. ഇതില്‍ വളരെ സാമാന്യമായ തത്ത്വങ്ങളാണ് ഉണ്ടായിരുന്നത് ബലതന്ത്രത്തിലെ വ്യൂഹത്തെ താപഗതികത്തിലെ വ്യൂഹമായി ബന്ധിപ്പിച്ചു നോക്കിയാല്‍ വളരെ താല്‍പര്യജനകമായ ചിലതു സംഭവിക്കുമായിരുന്നു. ശൂന്യമായ സ്‌പേസ് എന്നതു തികച്ചും ശൂന്യമല്ല. ശൂന്യമായ സ്‌പേസിന്റെ താപനില വര്‍ദ്ധിപ്പിക്കുമ്പോള്‍ പ്രകാശമുണ്ടാകും. ഒന്നും ചെയ്യാതെ സ്വയമേവ ഇതു സംഭവിക്കുന്നു. അതിനാല്‍ ശൂന്യമായ സ്‌പേസ് എന്നത് ഊര്‍ജ്ജമുള്‍പ്പെടുന്ന പ്രവൃത്തികള്‍ സംഭവിക്കുന്ന ഇടമാണെന്നു നമുക്കു കരുതാം. ശൂന്യമായ സ്‌പേസ് ഗതികപരമായി സവിശേഷതകളുള്ള ഒന്നാണ്. ഇതിന്റെ താപനില വര്‍ദ്ധിപ്പിച്ചാല്‍ ഇതു ദൃശ്യമാകും.
    
    ജര്‍മ്മന്‍ ഭൗതിക ശാസ്ത്രജ്ഞനായ മാക്‌സ്പ്ലാങ്ക് തന്റെ ആശയങ്ങളുമായി മുന്നോട്ടുവന്നു. ശൂന്യമായ സ്‌പേസിലെ ഊര്‍ജ്ജത്തിന്റെ വിന്യാസത്തക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷണങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഈ പ്രതിഭാസത്തെ വിവരിക്കാനുതകുന്ന ഒരു സ്വീകരണത്തിനായി പ്ലാങ്ക് ശ്രമിച്ചു. കുറച്ച് താപഗതികവും കുറച്ചു മാജിക്കും കുറച്ചു സാഹസികതയും ചേര്‍ത്ത് ഒരു സമീകരണം ഒടുവില്‍ കണ്ടെത്തി. ഇത് പ്ലാങ്ക് സ്ഥിരാങ്കം എന്നതിലേയ്ക്കാണ് നയിച്ചത്. ഒരു പുതിയ ബലതന്ത്രം ശാസ്ത്രലോകത്തിനു മുന്നില്‍ തെളിഞ്ഞുവന്നു. ഊര്‍ജ്ജം ഒരു തുടര്‍പ്രക്രിയയാകുന്നതെങ്ങനെ എന്ന് അക്കാലത്ത് അറിവില്ലായിരുന്നു. ഇത് സംഭവിക്കുന്നത് ക്വാണ്ടകളുടെ കൈമാറ്റ പ്രക്രിയയിലൂടെയാണെന്ന് അപ്പോള്‍ കരുതിപ്പോന്നു. ഇത് ലോകമംഗീകരിക്കുകയും ചെയ്തു. പിന്നീടുള്ള ഒന്നര പതിറ്റാണ്ടുകാലം തന്റെ കണ്ടെത്തല്‍ നിലനില്‍ക്കുന്നില്ല എന്നു തെളിയിക്കാന്‍ പ്ലാങ്ക് ശ്രമിച്ചു. പക്ഷേ, അതിന് ലോകത്തിന്റെ അംഗീകാരം ലഭിച്ചില്ല. ഇന്നും നാം മനസ്സിലാക്കേണ്ടത് പ്ലാങ്ക് സ്ഥിരാങ്കം നിലനില്‍ക്കുന്നു എന്നുതന്നെയാണ്. ഏറ്റവും ഊര്‍ജ്ജം കുറഞ്ഞ അവസ്ഥയായ ഗ്രൗണ്ട്‌സ്റ്റേറ്റിലും ചെറിയ അളവ് ഊര്‍ജ്ജം നിലനില്‍ക്കുന്നു. 
    
    ഊര്‍ജ്ജം പാക്കറ്റുകളായാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. പക്ഷേ, ഇതെങ്ങനെ സംഭവിക്കുന്നു എന്ന് അപ്പോള്‍ അറിവില്ലായിരുന്നു. ഉത്തേജനാവസ്ഥയിലിരിക്കുന്ന അണു റേഡിയേഷന്‍ പുറത്തുവിട്ടാണ് ഉത്തേജനാവസ്ഥയില്‍നിന്നും മോചിതമാകുന്നത്. അണുവിന്റെ ഏറ്റവും താഴ്ന്ന ഊര്‍ജ്ജാവസ്ഥയില്‍ റേഡിയേഷന്‍ ഏല്‍പിച്ചാല്‍ അത് ഉത്തേജനം കൊള്ളുന്നു. ഈ പ്രവൃത്തിക്ക് ഒരു വിശദീകരണമില്ലായിരുന്നു.  നീല്‍സ്‌ബോര്‍ ഇതിനു ശ്രമിച്ചു. അണുകേന്ദ്രത്തിനു ചുറ്റും ഇലക്‌ട്രോണുകള്‍ നിശ്ച്ചിതമായ ഭ്രമണപഥങ്ങളിലൂടെ സഞ്ചരിക്കുന്നു എന്നദ്ദേഹം കണ്ടെത്തി. പ്രകാശത്തെ ഗതികോര്‍ജ്ജമായി മാറ്റിയെടുക്കാമെന്നും അദ്ദേഹം കണ്ടെത്തി. ഉയര്‍ന്ന ആവൃത്തിയുള്ള പ്രകാശം നല്ല വൃത്തിയുള്ള ലോഹപ്രതലത്തില്‍ പതിച്ചാല്‍ ആ പ്രതലത്തില്‍ നിന്നും ഇലക്‌ട്രോണ്‍ ഉത്സര്‍ജ്ജിക്കപ്പെടും. ഇതിനെ ഫോട്ടോ ഇലക്ട്രിക് ഇഫക്ട് എന്നാണു വിളിച്ചിരുന്നത്. ഇതിനെ വിവരിക്കാന്‍ വേണ്ടി ഊര്‍ജ്ജം പാക്കറ്റുകളായാണ് പുറത്തുവരുന്നത് എന്നു പറയുകയും ചെയ്തു. ഈ ഊര്‍ജ്ജ പാക്കറ്റുകള്‍ക്ക് ഒരു അണുവില്‍ നിന്നും ഇലക്‌ട്രോണുകളെ പുറംതള്ളുവാന്‍ വേണ്ട ശക്തിയുണ്ട്.
    
    ഐന്‍സ്റ്റൈന്‍ ബേണിലെ പേറ്റന്റ് ഓഫീസില്‍ ക്ലാര്‍ക്കായിരുന്നു. എല്ലാ ഗവണ്‍മെന്റ് ഓഫീസുകളിലെയും പോലെ അധികം അദ്ധ്വാനം ആവശ്യമില്ലായിരുന്നതിനാല്‍ അദ്ദേഹത്തിനു വളരെയധികം സമയം ലഭിച്ചിരുന്നു. പ്രകാശത്തിന്റെ ആവൃത്തിയും ഇലക്‌ട്രോണിന്റെ ഗതികോര്‍ജ്ജവും തമ്മില്‍ സമന്വയിപ്പിച്ച് അദ്ദേഹം പഠനമാരംഭിച്ചു. ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ് എന്ന കണ്ടെത്തലിലേയ്ക്കാണ് അദ്ദേഹത്തെ നയിച്ചത്. ഈ കണ്ടെത്തലിലേയ്ക്ക് നയിക്കുന്ന എല്ലാ ഘടകങ്ങളും അപ്പോള്‍ ഐന്‍സ്റ്റൈനു മുന്നിലുണ്ടായിരുന്നു. വിധിയുടെ അനുഗ്രഹം ചിലര്‍ക്കെങ്കിലും ലഭിക്കും. എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതകള്‍ കൂട്ടിയിണക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. അങ്ങനെ അദ്ദേഹം പ്രശസ്തനായി.
    
    1905-ല്‍ അത്യുജ്ജ്വലമായ വര്‍ഷമായിരുന്നു. ഐന്‍സ്റ്റൈന്‍ രണ്ടു പ്രബന്ധങ്ങള്‍ കൂടി അവതരിപ്പിച്ചു. സ്‌പെഷ്യല്‍ തിയറി ഓഫ് റിലേറ്റിവിറ്റി എന്നറിയപ്പെടുന്നതും ഓണ്‍ ദ ഇലക്‌ട്രോ ഡൈനാമിക്‌സ് ഓഫ് മൂവിംഗ് ബോഡീസ് എന്ന നാമകരണം ചെയ്ത പ്രബന്ധവും ബ്രൗണിയന്‍ ചലനത്തെ സംബന്ധിക്കുന്ന മറ്റൊന്നുമായിരുന്നു അവ. വിദ്യുത്ഗതികത്തെഇതിനുശേഷമുള്ള രണ്ടു ദശകത്തോളം കാലം താന്‍ ചെയ്തത് അഴിച്ചുപണിയാന്‍ ഐന്‍സ്റ്റൈന്‍ ശ്രമിച്ചു വന്നു. ഐന്‍സ്റ്റൈന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകമാകെ അംഗീകാരം നല്‍കി. മാക്‌സ്പ്ലാങ്കിനെ ആര്‍ക്കും അറിയാമായിരുന്നില്ല. ഡിറാകിനെയും. 
    
    1905-ലെ പ്രബന്ധമാണോ ഈ പ്രശസ്തിക്കു കാരണം അതോ മറ്റെന്തെങ്കിലുമാണോ? ഗുരുത്വാകര്‍ഷണത്തെ സംബന്ധിക്കുന്ന ഒരു സിദ്ധാന്തത്തിന്റെ നിര്‍മ്മാണത്തിലദ്ദേഹം ഏര്‍പ്പെട്ടു.സ്‌പേസ് വക്രമായിരിക്കുന്നു എന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. ഗുരുത്വാകര്‍ഷണ മണഡലങ്ങളിലൂടെ കടന്നുപോകുന്ന കണങ്ങള്‍ വക്രമായ പാതകളിലൂടെ കടന്നുപോകുന്നു. കണങ്ങള്‍ അവയ്ക്ക് ഏറ്റവും സാദ്ധ്യമായ നേര്‍രേഖയിലൂടെയാണ് സഞ്ചരിക്കുന്നത്.  കണങ്ങള്‍ ഗുരുത്വാകര്‍ഷണ മണ്ഡലത്തിലൂടെ കടന്നുപോകുമ്പോള്‍ അവ കടന്നുപോകുന്ന സ്‌പേസ് വളഞ്ഞിരിക്കുന്നതിനാല്‍ അവ വക്രമായ പാതകളിലൂടെ സഞ്ചരിക്കുന്നു.
    
    സൂര്യനെപ്പോലെയുള്ള ഒരു ഗുരുത്വാകര്‍ഷണ മണഡലത്തിനു സമീപം സ്‌പേസ് വക്രമാണ്. ഈ വക്രത എല്ലാ പ്രക്രിയകളെയും ബാധിക്കുന്നു. പ്രകാശം സൂര്യന്റെ അടുത്തുകൂടി കടന്നുപോകുമ്പോള്‍ അതു വളയുന്നു. സൂര്യനില്‍ നിന്നുള്ള പ്രകാശമല്ല. സൂര്യന്‍ ശോഭയുള്ള ഒന്നായതിനാല്‍ ഈ വളയല്‍ കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ സൂര്യഗ്രഹണം പോലെയുള്ള അവസരങ്ങളില്‍ ഇതു നിരീക്ഷിക്കാവുന്നതാണ്. ഈ അവസരത്തില്‍ സൂര്യന്റെ അടുത്തു സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങളുടെ ഫോട്ടോ എടുത്ത് സൂര്യനില്ലാത്ത സമയത്തെ ഇതേ നക്ഷത്രങ്ങളുടെ സ്ഥാനത്തിന്റെ ഫോട്ടോ എടുത്ത് താരതമ്യപ്പെടുത്താവുന്നതാണ്. ഗ്രഹണസമയത്തെടുത്ത ചിത്രത്തില്‍ നക്ഷത്രങ്ങളുടെ സ്ഥാനം സൂര്യന്റെയടുത്തേയ്ക്ക് മാറിയിരിക്കുന്നതു കാണാം. നക്ഷത്രങ്ങളില്‍നിന്നുള്ള പ്രകാശം സൂര്യന്റെ അടുത്തുകൂടി കടന്നുപോകുമ്പോള്‍ വളയുന്നതിനാല്‍ നക്ഷത്രങ്ങളുടെ സ്ഥാനം മാറിയിരിക്കുന്നതായി നമുക്കുകാണാം.
    
    1919-ലെ പൂര്‍ണ്ണ സൂര്യഗ്രഹണസമയത്ത് ആഫ്രിക്കയിലേക്ക് ആര്‍തര്‍ എഡ്ഡിംഗ്ടന്റെ നേതൃത്വത്തില്‍ പര്യവേക്ഷണം നടത്തിയ ബ്രിട്ടീഷ് സംഘം ഐന്‍സ്റ്റൈന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ചു. എഡ്ഡിംഗ്ടണ്‍ ഇതേക്കുറിച്ച് പത്രങ്ങള്‍ക്കെഴുതി. പത്രങ്ങള്‍ വളരെ  പ്രാമുഖ്യത്തോടെ ഐന്‍സ്റ്റൈന്റെ ചിത്രത്തോടെ വാര്‍ത്ത നല്‍കി. ഐന്‍സ്റ്റൈന്‍ അങ്ങനെ ലോകപ്രശസ്തനായി. പിന്നീട് ഐന്‍സ്റ്റൈനെ കണ്ടപ്പോള്‍ എഡ്ഡിംഗ്ടണ്‍ പറഞ്ഞുവത്രേ ''നിങ്ങളുടെ സിദ്ധാന്തം ശരിതന്നെയാണല്ലോ'' എന്ന്. ''തീര്‍ച്ചയായും'' എന്ന ഐന്‍സ്റ്റൈന്‍ മറുപടി കൊടുക്കുകയും ചെയ്തു. ഐന്‍സ്റ്റൈന്‍ അങ്ങനെ പ്രശസ്തിയുടെ ഉന്നതിയിലെത്തി.
    
    ഗവേഷണങ്ങള്‍ നടത്താന്‍ ഒരു വലിയ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി ഒരു ഗവേഷണ ടീമിന്റെ കൂടെ പ്രവര്‍ത്തിക്കണമെന്നില്ല. ബേണിലെ ഒരു ചെറിയ പേറ്റന്റ് ഓഫീസിലിരുന്നു കൊണ്ടാണ് ഐന്‍സ്റ്റൈന്‍ ഇതെല്ലാം ചെയ്തത്. മഹത്തായ മൂന്നു പ്രബന്ധങ്ങള്‍ അവതരിപ്പിച്ചതിനുശേഷം യൂണിവേഴ്‌സിറ്റി ഓഫ് ബേണില്‍ പ്രൊഫസര്‍ എക്ട്രാ ഓഡിനയേഴ്‌സ് എന്ന സ്ഥാനം അദ്ദേഹത്തിനു നല്‍കി. ഇത് നമ്മുടെ അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തിനു തുല്യമാണ്.പബ്‌ളിസിറ്റി കിട്ടാനുള്ള ഒരവസരവും ഐന്‍സ്റ്റൈന്‍ പാഴാക്കിയിരുന്നില്ല. ഐന്‍സ്റ്റൈന്റേതിനേക്കാള്‍ വലിയ സംഭാവനയാണ് മാക്‌സ് പ്ലാങ്ക് നല്‍കിയത് എന്നറിയാവുന്നവര്‍ പലരും അക്കാലത്തുണ്ടായിരുന്നു.
    
    ഐന്‍സ്റ്റൈനെക്കുറിച്ച് വിസ്മയകരമായ ചില വാര്‍ത്തകള്‍ ഉണ്ട്. സ്‌പെഷ്യല്‍ തിയറി ഓഫ് റിലേറ്റിവിറ്റിയുടെ കരടുരേഖയില്‍ ഐന്‍സ്റ്റൈന്റെ ഭാര്യ മിലേവയുടെ പേരുണ്ടായിരുന്നു. പക്ഷേ,പ്രസിദ്ധീകരിച്ചപ്പോള്‍ മിലേവയുടെ പേരില്ലായിരുന്നു. അര്‍മേനിയക്കാരിയായിരുന്ന ഒരു യുവതി ജര്‍മ്മന്‍കാരനായ ഐന്‍സ്റ്റൈന്‍ രചിച്ച ആപേക്ഷികതാ സിദ്ധാന്തത്തിനു സംഭാവനകള്‍ നല്‍കി എന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? പക്ഷേ,മിലേവ,ഐന്‍സ്റ്റൈന്റെ സഹപാഠിയും അദ്ദേഹത്തേക്കാള്‍ ബുദ്ധിമതിയുമായിരുന്നു. ഇക്കാര്യം അന്നത്തെ സഹപാഠികള്‍ ഏകകണ്‌ഠേന ശരിവയ്ക്കും.
    
    ഫോട്ടോ ഇലക്ട്രിക് ഇഫക്ട് മുഴുവനായും ഐന്‍സ്റ്റൈന്റെ സംഭാവനയായിരുന്നു. എന്നാല്‍ മൂന്നാമത്തെ പ്രബന്ധം ബ്രൗണിയന്‍ ചലനത്തെ സംബന്ധിക്കുന്നത് ഒരു ഫ്രഞ്ച് ശാസ്ത്രജേണലില്‍ നിന്ന് അപ്പാടെ പകര്‍ത്തിയതായിരുന്നു. ബസേലിയര്‍ എന്ന ശാസ്ത്രജ്ഞന്റെ പ്രബന്ധമായിരുന്നു അത്. ഈ പ്രബന്ധത്തിലെ സമീകരണങ്ങളും വിശദീകരണങ്ങളും നിര്‍ണയങ്ങളും അപ്പടി ഐന്‍സ്റ്റൈന്‍ പകര്‍ത്തി. ബോധപൂര്‍വ്വം തന്നെയായിരുന്നു ഈ പ്രവൃത്തി. ഫ്രഞ്ച് അക്കാദമിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തെക്കുറിച്ച് അനേകം പേര്‍ക്ക് അറിവുണ്ടായിരുന്നിരിക്കാം. ഐന്‍സ്റ്റൈന്റെ ഭൗതികത്തില്‍ മാത്രമല്ല ഉന്നതനായിരുന്നത്; അദ്ദേഹം ഒരു സമര്‍ത്ഥനായ 'ഓപ്പറേറ്റര്‍'കൂടിയായിരുന്നുവെന്നത് രസകരമായ കാര്യമാണ്. ഇതേക്കുറിച്ച് അറിയുമായിരുന്ന ശാസ്ത്രജ്ഞരാരും ഒരക്ഷരം മിണ്ടിയില്ല. ഐന്‍സ്റ്റൈന്റെ വിവിധ ജീവചരിത്രങ്ങള്‍ പരിശോധിച്ചാല്‍ ഇതൊന്നും കാണാന്‍ കഴിയില്ല. എന്നാല്‍ ഫ്രഞ്ചുഭാഷയില്‍ ഈ പ്രബന്ധം വായിക്കുന്നവര്‍ക്കിയാം ഇതിന്റെ നിജസ്ഥിതി. 'സീക്രട്ട് ലൈഫ് ഓഫ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍'എന്ന പുസ്തകത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.1905 ഒരു മഹത്തായ വര്‍ഷമായിരുന്നു. ഐന്‍സ്റ്റൈന്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചതുകൊണ്ടും ക്വാണ്ടം സിദ്ധാന്തത്തിന്റെ മുന്നേറ്റത്തിനു കാരണമായ സിദ്ധാന്തം അവതരിപ്പിച്ചതുകൊണ്ടും മാത്രമല്ല ഇത്. അദ്ദേഹം മറ്റു സ്ഥലങ്ങളില്‍ നിന്നും പ്രബന്ധങ്ങള്‍ സ്വന്തം പേരില്‍ അവതരിപ്പിച്ചതുകൊണ്ടാണിത്. ഇതുപോലെ ഐന്‍സ്റ്റൈന്‍ തുടര്‍ന്നുവന്നു.
    
    ക്വാണ്ടം എന്‍ടാങ്കിള്‍മെന്റ് വിവരിക്കുന്ന ഷ്‌റോഡിംങ്‌റുടെ സിദ്ധാന്തം തത്ത്വശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഐന്‍സ്റ്റൈന്‍ പ്രചരിപ്പിച്ചത് ക്വാണ്ടം സിദ്ധാന്തം അപൂര്‍ണ്ണമാണ് എന്നാണ്. ഷ്‌റോഡിംങറുടെ പ്രബന്ധത്തിന് ആരും അംഗീകാരം നല്‍കിയില്ല. അംഗീകാരം മുഴുവന്‍ ഐന്‍സ്റ്റൈനും. ഒരു ദശകത്തോളം ഈ ശാസ്ത്രസമസ്യയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി. നൂറോളം പ്രബന്ധങ്ങള്‍ പുറത്തുവന്നു. സ്വതന്ത്രമായി ഗവേഷണം ചെയ്താല്‍ ശരിയാകില്ല. എന്നാല്‍ ആരോടെങ്കിലും ഇതു പറഞ്ഞാല്‍ അവരിത് സ്വന്തം പേരിലാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇതുപോലെയുള്ള കണ്ടെത്തലുകള്‍ ആരോടും പറയാന്‍ പാടുള്ളതല്ല. സി.വി രാമന്‍ ചെയ്തതു പോലെ ചെയ്യണം. രാമന്‍ ഇഫക്റ്റ് കണ്ടെത്തിയപ്പോള്‍ അത് സമര്‍പ്പിച്ച്, അംഗീകരിപ്പിച്ച്,പ്രസിദ്ധീകരിച്ച് ലോകമാകെ വിതരണം ചെയ്യുകയാണ് സി.വി രാമന്‍ ചെയ്തത്. എന്നിട്ടുപോലും ജര്‍മ്മന്‍കാരനായ സ്‌മെക്കല്‍ അവകാശവാദവുമായി മുന്നോട്ടു വന്നു. കുറേക്കാലത്തേയ്‌ക്കെങ്കിലും സ്‌മെക്കല്‍ രാമന്‍ ഇഫക്ട് എന്നാണിത് അറിയപ്പെട്ടിരുന്നത്.വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം മഹത്തരമാണ്. ഫോട്ടോ ഇലക്ട്രിക് ഇഫക്ട് അദ്ഭുതകരവും. ഒരു സ്‌കൂള്‍കുട്ടിക്കുപോലും ഫോട്ടോ ഇലക്ട്രിക് വിവരിക്കാനുതകുന്ന കണക്കുകൂട്ടലുകള്‍ നടത്താവുന്നതായിരുന്നു. അത്ര ലളിതമായിരുന്നു അത്.പക്ഷേ,ഐന്‍സ്റ്റൈനാണ് ആ കണക്കുകൂട്ടലുകള്‍ നടത്തിയത്.
    
    ഇന്ത്യയിലേയ്ക്കുള്ള പുതിയ പാത കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ക്രിസ്റ്റഫര്‍ കൊളംബസ് സാന്‍ സാല്‍വഡോര്‍ കണ്ടെത്തി. ഈ കണ്ടെത്തലിനെ രാജാവിന്റെ മുന്നില്‍ വച്ച് ശ്ലാഘിച്ചപ്പോള്‍ സമാജികര്‍ അനിഷ്ടം രേഖപ്പെടുത്തി. ഒരു പന്തയം മുന്നോട്ടുവച്ച് കൊളംബസ് ഇതിനെ നേരിട്ടു. ഒരു പുഴുങ്ങിയ മുട്ട കുത്തനെ നിര്‍ത്തിയാല്‍ അവര്‍ പറഞ്ഞത് അംഗീകരിക്കാം എന്ന കൊളംബസ്. സമാജികര്‍ ഒന്നാകെ പലരീതിയിലും ശ്രമിച്ചിട്ടും മുട്ട കുത്തനെ നിര്‍ത്താന്‍ സാധിച്ചില്ല. ഒടുവില്‍ കൊളംബസ് മുട്ടയുടെ കൂര്‍ത്തഭാഗം തറയില്‍ ചെറിതായി തട്ടിയുടച്ച് അത് കുത്തനെ നിര്‍ത്തി ഓ ഇതാണോ വല്യകാര്യം എന്ന സാമാജികര്‍. ഇതു ഞങ്ങള്‍ ചെയ്യുമായിരുന്നല്ലോ എന്നും അവര്‍ പറഞ്ഞു. പക്ഷേ, നിങ്ങള്‍ക്ക് ഞാനിതു കാട്ടുന്നതിനു മുന്‍പ് തോന്നിയില്ലല്ലോ എന്നു കൊളംബസ്. ഇതുപോലെയാണ് ഐന്‍സ്റ്റൈന്റെ കാര്യവും. ഫോട്ടോ ഇലക്ട്രിക് ഇഫക്ടിനു വേണ്ട ഘടകങ്ങളെല്ലാം ഉണ്ടായിരുന്നു. പക്ഷേ,ഐന്‍സ്റ്റൈന്‍ വേണ്ടിവന്നു ഇതിനെയെല്ലാം സമന്വയിപ്പിച്ചു വിവരിക്കാന്‍. പിന്നീട് അനേകം മുന്നേറ്റങ്ങള്‍ ഈ ശാസ്ത്രശാഖയിലുണ്ടായി. 
    
    1920-കളില്‍ സത്യേന്ദ്രനാഥ് ബോസുമായി ചേര്‍ന്ന് ബോസ് ഐന്‍സ്റ്റൈന്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിക്കുന്നതിന് ഐന്‍സ്റ്റൈന്‍ മുന്‍കൈ എടത്തു. ഭൗതികശാസ്ത്രത്തില്‍ അനേകം പേരിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കാര്യമായ ഒരു കണ്ടെത്തല്‍ എവിടെയും ഉണ്ടാകുന്നില്ല. വളരെയധികം 'ഓപ്പറേറ്റര്‍മാരും'രംഗത്തുണ്ട്. മറ്റുള്ളവരുടെ പ്രബന്ധങ്ങള്‍ മോഷ്ടിക്കുന്നവപര്‍. ഏറ്റവും രസകരമായ കാര്യം ഇതെല്ലാമറിയുന്നവര്‍ ഒന്നും തന്നെ പ്രതികരിക്കുന്നില്ല എന്നതാണ്. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നൊരു ചൊല്ലുണ്ട് ദ്രോഹം ചെയ്യുന്നതിനു തുല്യമാണ് അവരുടെ നിശ്ശബ്ദത. മറ്റുള്ളവരുടെ ആശയം മോഷ്ടിക്കുന്നത് അത്ര മോശപ്പെട്ട ഒരു കാര്യമായി ആരും കാണുന്നില്ല എന്നു തോന്നുന്നു. ഇംഗ്ലണ്ടിലെ റോബര്‍ ബാറണുകളെപ്പോലെയായിരിക്കുന്നു. ഇതൊന്നും നേരിടാന്‍ കഴിയാതെ വന്നാല്‍ ഒരാള്‍ക്ക് കവിത,കഥ എഴുത്തിലേക്കും ചിത്രം വരയ്ക്കുന്നതിലേയ്ക്കും വേണ്ടിവന്നാല്‍ കുഴിതോണ്ടുന്നതിലേയ്ക്കും മാറാവുന്നതാണ്. എന്നാല്‍ ഇതെല്ലാം നേരിട്ടുകൊണ്ട് തുടര്‍ന്നാല്‍ കാര്യങ്ങള്‍ രസകരമായ അവസ്ഥയിലെത്തിച്ചേരുന്നതു കാണാം.
    
അദ്ഭുതവര്‍ഷങ്ങള്‍ ഭൂതകാലത്തില്‍മാത്രമല്ല ഉണ്ടാകുക. ഭാവിയിലും ഉണ്ടാകും. എന്നാണ് ഇത് എന്നാര്‍ക്കും പറയാന്‍ കഴിയില്ല. പക്ഷേ,അതു സംഭവിക്കും എന്നതാണു പ്രധാനം. ചിലപ്പോള്‍ അതിനു കാരണക്കാരനായ ആളിനുപോലും താനാണ് അതിനു കാരണമെന്നത് അറിയാന്‍ കഴിഞ്ഞില്ലെന്നു വരും. പക്ഷേ,ഇതു സംഭവിക്കും എന്നത് ഉറപ്പുള്ള കാര്യമാണ്.  മുഖ്യധാരയില്‍ത്തന്നെ നിലനില്‍ക്കുകയാണെങ്കില്‍ ഇത്തരം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ നമുക്കു സാധിക്കുകയും ചെയ്യും.