കോടമഴയും കൊങ്കമഴയും ചതിച്ച ഗ്രാമങ്ങള്‍

ഗ്രാമ ങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞത് ഏറെയുംസാമൂഹ്യമായും സാമ്പത്തികമായും പിന്നിലുള്ളവരെയാണ്
കോടമഴയും കൊങ്കമഴയും ചതിച്ച ഗ്രാമങ്ങള്‍

കുളിക്കാനുള്ള വെള്ളത്തെക്കുറിച്ചു അതിര്‍ത്തി ഗ്രാമങ്ങളിലെ ജനതയ്ക്ക് ഇപ്പോള്‍ ആധിയില്ല. കുടിവെള്ളം ഇല്ലാത്തവര്‍ക്ക് കുളിക്കാനുള്ള വെള്ളത്തെക്കുറിച്ചുള്ള ആവലാതി വേണ്ടല്ലോ. ഇക്കാര്യത്തിലും പണ്ടത്തെ അവസ്ഥയില്‍ മാറ്റം വന്നില്ല. വലിയ കൃഷിക്കാര്‍ക്ക് വെള്ളത്തിന്റെ കാര്യത്തില്‍ കുടവുമായി ലോറിവെള്ളത്തിനുവേണ്ടി കാത്തിരിക്കേണ്ടിവരുന്നില്ല. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞത് ഏറെയും സാമൂഹ്യമായും സാമ്പത്തികമായും പിന്നിലുള്ളവരെയാണ്. 

ഇട തടവില്ലാതെ പെയ്യുന്ന വര്‍ഷകാലവും  എങ്ങുനോക്കിയാലും കാണുന്ന പച്ചപ്പും കേരളത്തിലെ ഏവര്‍ക്കും കാണാന്‍ പറ്റുന്ന സ്വപ്നമല്ല. ചില ഇടങ്ങളില്‍, പഴമക്കാരുടെ ഓര്‍മ്മകളില്‍ നിറയുന്ന നഷ്ടസ്വപ്നങ്ങള്‍ മാത്രമാണത്. അങ്ങനെയുള്ള ഒരു ഇടത്തിന്റെ വര്‍ത്തമാനവും അതിജീവന സ്വപ്നങ്ങളുമാണ് ഈ കുറിപ്പിന്റെ ഉള്ളടക്കം. പാലക്കാടു ജില്ലയിലെ വടകരപ്പതി ഏതാണ്ട് മുഴുവനായും എരുത്തേമ്പതി പകുതിയും മരുഭൂമിയായിക്കഴിഞ്ഞിരിക്കുന്നു. അല്പം അതിശയോക്തി ഇതിലുണ്ടെന്നു തോന്നിയേക്കാം. അവിടങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക്, ആളുകള്‍ ഇപ്പോഴും അവിടെ ജീവിക്കുന്നില്ലേ, കാര്‍ഷികവൃത്തിയും പശുപരിപാലനവും നടത്തുന്നില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എങ്കിലും ജനതയുടെ നിലനില്പിനെ സാരമായി ബാധിക്കുന്ന നിലയില്‍, പ്രകൃതി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. കോടമഴയും കൊങ്കമഴയും കിഴക്കന്‍ ഗ്രാമങ്ങളെ ചതിച്ചിരിക്കുന്നു. 

മഴയുടെ ലഭ്യത ഏറ്റവും കുറവ് ലഭിക്കുന്ന കേരളത്തിന്റെ മഴനിഴല്‍ പ്രദേശങ്ങളാണവ. മലകളും പുഴകളും, തോടുകളും ഏറെയുണ്ടെങ്കിലും മഴ പെയ്തുവീഴാന്‍ മടിക്കുന്ന സ്ഥലങ്ങളാണവ. സമൃദ്ധമായ മഴയുടെ ഓര്‍മ്മകള്‍ കാരണവന്മാര്‍ക്കില്ല. അഥവാ ഓര്‍ത്തെടുത്താല്‍, ആ ഓര്‍മ്മകള്‍ക്ക് 6  ദശകങ്ങള്‍ക്കുമപ്പുറത്തുള്ള അവരുടെ കുട്ടിക്കാലമാണ് കടന്നുവരുന്നത്. വര്‍ഷത്തില്‍ ചുരുങ്ങിയത് എട്ടു മാസമെങ്കിലും മഴ ലഭിച്ചിരുന്ന കാലം. മൂന്നു മാസം ഇട തടവില്ലാതെ മഴ പെയ്യുന്ന കാലമുണ്ടായിരുന്നു. എവിടെയും വെള്ളം ഒഴുകുന്ന ചെറിയ ചെറിയ നീര്‍ച്ചാലുകള്‍. നീര്‍ച്ചാലുകളും കനാലുകളും വഴിനിറഞ്ഞു കിടക്കുന്ന ചെറുതും വലുതുമായ കുളങ്ങള്‍. എവിടെ കുഴിച്ചാലും അധികം താഴ്ത്തുന്നതിനു മുന്‍പേ കാണാന്‍ കഴിയുന്ന വെള്ളത്തിന്റെ കിനിവുകള്‍. അവിടങ്ങളിലെ ചെറുപ്പക്കാര്‍ക്ക് ഈ ഓര്‍മ്മകള്‍ ഇല്ല. കാരണവന്മാരുടെ ഓര്‍മ്മകള്‍ അവര്‍ക്കു കഥകള്‍ മാത്രമായേ അനുഭവപ്പെടൂ. മാനും പന്നിയും വിഹരിച്ചിരുന്ന വനപ്രദേശങ്ങളും മോടന്‍ നെല്ലും ചാമയും കോറയും വിളഞ്ഞിരുന്ന കാര്‍ഷിക പ്രദേശങ്ങളും ഉണ്ടായിരുന്ന ഒരു ഭൂമേഖലയുടെ ഇന്നത്തെ ചിത്രം വല്ലാതെ മാറിയിരിക്കുന്നു.

പ്രകൃതി കനിഞ്ഞുനല്‍കിയ മഴയും മലവെള്ളവും ഉപയോഗിക്കാന്‍ പരമ്പരാഗത സാങ്കേതിക വിദ്യയും ആളുകള്‍ക്ക് ഉണ്ടായിരുന്നു. ഭൂമിയില്‍ വര്‍ഷം മുഴുവനും വെള്ളം നിലനിര്‍ത്താന്‍ സഹായിക്കുന്ന തരത്തില്‍ പുഴകളില്‍നിന്നും ഡാമുകളില്‍നിന്നും എരികളില്‍നിന്നും  ചെറു ചാലുകളുടെ സംവിധാനം ഉപയോഗിച്ച് കുളങ്ങളിലേക്കും പാടങ്ങളിലേക്കും വെള്ളം തിരിച്ചു വിടാന്‍ പഴയകാലത്തെ ജന്മികളും പാതിരിമാരും ശ്രമിച്ചിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഈ സംവിധാനത്തില്‍ വളരെ കുറച്ചു കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമേ ഉണ്ടായുള്ളൂ. എപ്പോഴാണ് പരമ്പരാഗത ജലസേചന രീതികള്‍ വന്നത് എന്ന് തീര്‍ത്തുപറയുക വയ്യ. കാട്ടുപ്രദേശങ്ങള്‍ വൃത്തിയാക്കി, കൃഷിയോഗ്യമാക്കിയ കാലത്താകാം അവയുടെ തുടക്കം. ജലസേചന സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതില്‍ പ്രാദേശികമായ പങ്കാളിത്തം പ്രാചീനകാലം മുതലേ ഉള്ള ഏര്‍പ്പാടാണ്.

പുതുശ്ശേരി, എലപ്പുള്ളി, നല്ലേപ്പുള്ളി തുടങ്ങിയ സമീപപ്രദേശങ്ങളിലും അവലംബിക്കപ്പെട്ടിരുന്ന ജലസേചന രീതികളും വടകരപ്പതിയിലും എരുത്തേമ്പതിയിലും നിലവിലിരുന്ന സമ്പ്രദായങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. കുളങ്ങളായിരുന്നു ഡാമുകള്‍ വരുന്നതിനു മുന്‍പ് കൃഷിക്കായി ഉപയോഗിച്ചിരുന്ന ജലാശയങ്ങള്‍. അവിടങ്ങളൊക്കെ സാമൂതിരിയുടെ കാലത്തു തന്നെ ഫലഭൂയിഷ്ഠമായ കാര്‍ഷിക പ്രദേശങ്ങള്‍ കൂടിയായിരുന്നു. അത്തരം പ്രദേശങ്ങളുടെ നിയന്ത്രണം ജന്മിമാരുടെ കൈകളില്‍ ആയിരുന്നു. അവര്‍ വഴിയായിരുന്നു കാര്‍ഷിക പ്രദേശങ്ങളില്‍ കുടിയാന്മാര്‍ക്കു സഹായകരമായ രീതിയില്‍ ജലസേചന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതും. മഴയെ ആശ്രയിച്ചു മാത്രം കൃഷി ചെയ്തിരുന്ന കാലത്ത്, അതാതിടങ്ങളില്‍ മഴവെള്ളം സംഭരിച്ചാല്‍ മാത്രമേ കൃഷി നടക്കുമായിരുന്നുള്ളൂ. പത്തൊന്‍പതാം നൂറ്റാണ്ടിലേയും ഇരുപതാം നൂറ്റാണ്ടിലേയും പാട്ടശീട്ടുകളില്‍ കൃഷിയിടങ്ങളോട് ചേര്‍ന്നുള്ള കുളങ്ങള്‍ ജന്മിയുടെ നിയന്ത്രണത്തിലായിരുന്നു എന്ന് വ്യക്തമാണ്. ജലനിയന്ത്രണത്തില്‍ കുടിയാന്മാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ഇത് സാധിച്ചിരുന്നു.

കുളങ്ങള്‍ക്കു പുറമെ തുറന്ന കിണറുകളും ഉണ്ടായിരുന്നു. പക്ഷേ, കിണറുകള്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നില്ല. ചില ശിലാലിഖിതങ്ങളില്‍, ക്ഷേത്രങ്ങളുടെ ആവശ്യത്തിനായി ജന്മി കുടുംബങ്ങള്‍ കിണര്‍ കുഴിച്ചു കൊടുത്തതായി പരാമര്‍ശങ്ങളുണ്ട്. പാലക്കാട് കണ്ട  ലിഖിതങ്ങളില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കിണര്‍ കുഴിച്ചുകൊടുത്ത വിവരങ്ങളാണ് കാണുന്നത്.  അതിര്‍ത്തി ഗ്രാമങ്ങളില്‍ കിണറുകള്‍ ഇടത്തരക്കാര്‍ക്കു സ്വന്തമായി ഉണ്ടാകുന്നത് അടുത്തകാലത്താണ്. സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത്, ചെറുകര്‍ഷകര്‍ക്ക് ആശ്രയം നീര്‍ വാര്‍ച്ചയുള്ള സ്ഥലങ്ങളില്‍ നാലോ അഞ്ചോ അടി താഴ്ചയില്‍ കുഴിച്ചുകിട്ടുന്ന ഊറ്റുവെള്ളം മാത്രമായിരുന്നു. പണിയെടുക്കുന്ന മലയരില്‍പ്പെട്ടവര്‍ക്ക് പനി വരും. വലിയ കര്‍ഷര്‍ക്ക് അഞ്ചോ ആറോ മീറ്റര്‍ താഴ്ചയിലുള്ള വട്ടക്കിണറുകള്‍ ഉണ്ടായിരുന്നു. കുളിക്കാന്‍ പുഴയും കുളങ്ങളും ഉപയോഗിച്ചു. താഴെക്കിടയിലുള്ള ആളുകള്‍ക്ക് ശുദ്ധജലം വലിയ ആര്‍ഭാടമായിരുന്നു. കുളിക്കാനുള്ള കാര്യം പറയാനുണ്ടോ? ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലത്തു പൊന്നാനി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ തീയ്യര്‍ പോലുള്ള ജാതിയില്‍പ്പെട്ട ആളുകള്‍ ദളിതര്‍ക്ക് തങ്ങളുടെ കിണറുകളില്‍നിന്നും വെള്ളം കൊടുക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുമായിരുന്നു. 

പക്ഷേ, ദളിതര്‍ സ്വയം വെള്ളം എടുക്കരുത്. സ്വാഭാവികമായും ലഭിക്കുന്ന വെള്ളം പരിമിതമാകും. 1970-കള്‍ക്ക് ശേഷമാണ് ഇടത്തരക്കാര്‍ക്കു കിണര്‍ കുഴിക്കാന്‍ കഴിഞ്ഞത്. പ്രാദേശിക ഭരണ സംവിധാനത്തിന്റെ ഭാഗമായി താഴേക്കിടയിലുള്ളവര്‍ക്കുവേണ്ടി പൊതു കിണറുകള്‍ കുഴിക്കപ്പെടുന്നത് അക്കാലത്തുതന്നെ. അമ്പലക്കുളങ്ങള്‍ അയിത്തക്കുളങ്ങളായിരുന്നു. തൃക്കാവിലെ ചിറ  നന്നാക്കിയെടുത്തതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ രേഖകളിലുണ്ടെന്നു എന്റെ സുഹൃത്ത് ഹരിദാസ് പറയുന്നു. നാടുവാഴികള്‍ ജാതിവ്യവസ്ഥയുടെ മാമൂലുകള്‍ അല്ലേ പരിപാലിക്കൂ. ജാതിയില്‍ താഴെയുണ്ടായിരുന്ന ആളുകള്‍ക്ക് പുഞ്ചക്കുളങ്ങള്‍ തന്നെ ശരണം. പാടത്തിനു നടുക്കുള്ള കുളങ്ങളാണ് കീഴ്ജാതിക്കാര്‍ക്ക് കുളിക്കാന്‍ ഉപയോഗിക്കാന്‍ പറ്റുക. 

കുളിക്കാനുള്ള വെള്ളത്തെക്കുറിച്ചു അതിര്‍ത്തി ഗ്രാമങ്ങളിലെ ജനതയ്ക്ക് ഇപ്പോള്‍ ആധിയില്ല. കുടിവെള്ളം ഇല്ലാത്തവര്‍ക്ക് കുളിക്കാനുള്ള വെള്ളത്തെക്കുറിച്ചുള്ള ആവലാതി വേണ്ടല്ലോ. ഇക്കാര്യത്തിലും പണ്ടത്തെ അവസ്ഥയില്‍ മാറ്റം വന്നില്ല. വലിയ കൃഷിക്കാര്‍ക്ക് വെള്ളത്തിന്റെ കാര്യത്തില്‍ കുടവുമായി ലോറിവെള്ളത്തിനുവേണ്ടി കാത്തിരിക്കേണ്ടിവരുന്നില്ല. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞത് ഏറെയും സാമൂഹ്യമായും സാമ്പത്തികമായും പിന്നിലുള്ളവരെയാണ്. കൃഷിക്കാര്‍ക്ക് വലിയ കൊക്കരണികളും കുഴല്‍ക്കിണറുകളും ഉണ്ട്. ഇപ്പോള്‍ കാണപ്പെടുന്ന കൊക്കരണികള്‍ 1970-കള്‍ക്ക് ശേഷമാണ് കൂടിയത്. കൊക്കരണികളും കുഴല്‍ക്കിണറുകളും വറ്റിയിരിക്കുന്നു. വറ്റിയാല്‍ അടുത്ത കിണര്‍ എന്നതാണ് ഇവിടത്തെ നടപ്പു രീതി. ചതുരാകൃതിയില്‍, ഏതാണ്ട് എട്ടു മീറ്ററോളം ആഴത്തില്‍ കുഴിക്കപ്പെട്ടവയാണ് മിക്ക കൊക്കരണികളും. കുഴല്‍ക്കിണറുകള്‍ ഭൂഗര്‍ഭ ജലവിഭവവകുപ്പിന്റെ പരിധിയും കടന്നാണ് കുഴിക്കപ്പെടുന്നത്. കേരളത്തില്‍ ഭൂശരീരം ഇത്രയേറെ കുത്തിമുറിവേല്പിച്ചിരിക്കുന്നത് അതിര്‍ത്തി ഗ്രാമങ്ങള്‍ കഴിഞ്ഞാല്‍ വേറെയുണ്ടാവില്ല. മനുഷ്യന്റെ ആര്‍ത്തിയുടേയും ദീര്‍ഘ വീക്ഷണമില്ലായ്മയുടേയും, നിവൃത്തികേടിന്റേയും ഫലമാണ് കുഴല്‍ക്കിണറുകളുടെ ആധിക്യം.  

കര്‍ഷകരും സര്‍ക്കാരുമാണ് പ്രദേശത്തു മിക്കയിടങ്ങളിലും കിണറുകളും കുഴല്‍ക്കിണറുകളും സ്ഥാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കുഴിച്ചിരിക്കുന്നത് ഏറെയും കുഴല്‍ കിണറുകളാണ്. അതിനു കണക്കുണ്ട്. സ്വകാര്യ വ്യക്തികളുടെ പറമ്പുകളില്‍ എത്ര കിണറുകളും കുഴല്‍ക്കിണറുകളും കുഴിച്ചിരിക്കുന്നു എന്നതിന് കൃത്യമായ കണക്കു ലഭിക്കില്ല. ഭൂഗര്‍ഭ ജലവിഭവ വകുപ്പുണ്ടെങ്കിലും അവരുടെ അനുമതി വാങ്ങാതെയാണ് ഏറെയും കുഴിക്കപ്പെടുന്നത്. ഒരു ഏക്കറില്‍ ഒരു കുഴല്‍ കിണര്‍ എന്നതാണ് കാര്‍ഷിക പ്രദേശങ്ങളുടെ അവസ്ഥ. ഭൂപരിഷ്‌കരണം അട്ടിമറിക്കപ്പെട്ട അതിര്‍ത്തി ഗ്രാമങ്ങളില്‍ മിക്ക വലിയ കര്‍ഷകര്‍ക്കും ചുരുങ്ങിയത് പത്തേക്കറെങ്കിലും ഭൂമിയുണ്ട്. തൊഴില്‍ക്കൂട്ടങ്ങള്‍ക്കു കിടപ്പാട ഭൂമി തന്നെ കഷ്ടിയാണ്. സാമൂഹ്യമായ അന്തരം പല രൂപത്തില്‍ ഇവിടെ തുടരുകയും ചെയ്യുന്നു. പരന്നുകിടക്കുന്ന കാര്‍ഷിക പ്രദേശങ്ങളില്‍ ഒരുകാലത്ത് നെല്ല് വിളഞ്ഞിരുന്നു. വര്‍ഷക്കാലത്തെ മഴവെള്ളം പാടങ്ങളില്‍ സംഭരിക്കപ്പെടുമായിരുന്നു. ഭൂഗര്‍ഭജലം നിലനിര്‍ത്താന്‍ അത് സഹായിച്ചിരുന്നു. മഴയില്ലാത്ത കാലത്ത് നിലക്കടലയും ചാമയും കൃഷി ചെയ്യും. 70-കള്‍ക്കു ശേഷം, പ്രത്യേകിച്ച് ഭൂപരിഷ്‌കരണത്തിനു ശേഷം കാടായി കിടന്ന സ്ഥലങ്ങളും കൃഷിക്കായി ഉപയോഗിക്കപ്പെട്ടു. കുടിയാന്മാരായിരുന്ന തമിഴ് കര്‍ഷകര്‍ ഭൂവുടമകളായി. ചതുരക്കിണര്‍ വ്യാപകമായത് അക്കാലത്തായിരുന്നു. ഏതാണ്ട് 20  വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കുഴല്‍ക്കിണറുകള്‍ കൂടുതലായി കുഴിക്കാന്‍ തുടങ്ങുന്നത്. അന്ന് കുഴിച്ച കുഴല്‍ക്കിണറുകള്‍ കഴിഞ്ഞ വര്‍ഷം വരെ കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയായിരുന്നു. 

എല്ലായിടത്തും ഒരേ സമയത്താണ് കിണറുകളും കുഴല്‍ക്കിണറുകളും വറ്റിപ്പോയത്. വരള്‍ച്ചയുടെ തോത് വ്യത്യസ്തമായിരുന്നു. അഥവാ, നീര്‍വാര്‍ച്ചയുടെ അളവില്‍ വ്യത്യാസമുണ്ടായിരുന്നു. കാലാവസ്ഥ കനിഞ്ഞതുകൊണ്ടല്ല അതു സംഭവിച്ചത്. കൊഴിഞ്ഞാമ്പാറയും വടകരപ്പതിയും എരുത്തേമ്പതിയും ഉള്‍പ്പെട്ട പ്രദേശം മഴനിഴല്‍ പ്രദേശമായിട്ടു കുറച്ചു വര്‍ഷങ്ങളായി. പാലക്കാട് കിട്ടുന്ന മഴയുടെ പകുതി മാത്രമേ അതിര്‍ത്തി ഗ്രാമങ്ങളില്‍ കിട്ടുന്നുള്ളൂ. ജില്ലാ ആസ്ഥാനത്തു 2290  എം.എം. മഴ കിട്ടുന്ന സമയത്തും 1100-നു താഴെയാണ് വടകരപ്പതിയില്‍ കിട്ടിയിരുന്നത്. ഏറ്റവുമധികം ജലവിഭവമുണ്ടായിരുന്ന ഒരു താലൂക്കായിരുന്നു മുന്‍പ് ചിറ്റൂര്‍ താലൂക്ക്. കൊഴിഞ്ഞാമ്പാറ ഫര്‍ക്ക മാത്രമല്ല, താലൂക്കിലെ മറ്റു ചില പഞ്ചായത്തുകളും  പെരുമാട്ടി, മുതലമട തുടങ്ങിയവ ഇപ്പോള്‍ കുടിവെള്ളത്തിനുപോലും പ്രയാസം നേരിടുന്നു. വടകരപ്പാതിയും എരുത്തേമ്പതിയും മഴയുടെ ലഭ്യതയില്‍ ഏറെ പിന്നിലാവുക മാത്രമല്ല, പറമ്പിക്കുളം - ആളിയാര്‍ കരാര്‍ പ്രകാരമുള്ള  വെള്ളം ലഭിക്കുന്നതില്‍ ആ പ്രദേശങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.

നല്ലേപ്പുള്ളിയില്‍പ്പെട്ട കുപ്പയ്യന്‍ ചള്ള പോലുള്ള സ്ഥലങ്ങളില്‍പ്പോലും മരക്കാടുകള്‍ വെട്ടിനീക്കി പാടങ്ങളാക്കി നെല്‍കൃഷി തുടങ്ങിയത് ആളിയാര്‍ ഡാമില്‍നിന്നുമുള്ള വെള്ളം ലഭിച്ചു തുടങ്ങിയ 1980-കള്‍ മുതലാണ്.   കൊഴിഞ്ഞാമ്പാറ മുഴുവനായും എരുത്തേമ്പതി പകുതിയും നനയാന്‍ ഡാം വെള്ളം സഹായിച്ചു. മഴയും വെള്ളവും കിട്ടാത്ത വടകരപ്പതിയും എരുത്തേമ്പതിയും ഡാം വെള്ളം കൊണ്ട് നനയുന്നുണ്ട്. മൂലത്തറ ഡാം വഴി കനാലിലൂടെ വെള്ളം എത്താത്ത പ്രദേശങ്ങളിലേക്ക് പുഴയൊഴുകുന്ന സ്ഥലങ്ങളില്‍ തടയണകള്‍ നിറച്ചുകൊണ്ടാണ് നീരുറവകള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പലപ്പോഴും വരണ്ട ഭൂമിയില്‍ തൊണ്ട നനയുവാനേ ഈ തടയണകള്‍ കൊണ്ട് ഉപയോഗമുള്ളൂ. 

പറമ്പിക്കുളം പദ്ധതി വരുന്നതിനു മുന്‍പ്, ആനമലയില്‍നിന്നും ഒഴുകിവരുന്ന വെള്ളം മേഖലയില്‍ പുഴകളിലും എരികളിലും കുളങ്ങളിലും വെള്ളം നിറച്ചിരുന്നു എന്നാണ് പഴമക്കാര്‍ പറയുന്നത്. കോരയാറും വരട്ടയാറും ആണ് പുഴകള്‍. ബ്രിട്ടീഷുകാരുടെ കാലത്തും ഈ പുഴകള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥ ഉണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോഴത്തെപ്പോലെ നീരൊഴുക്ക് നിന്ന അവസ്ഥയല്ല എന്നത് വാസ്തവമാണ്.  വരട്ടയാര്‍ നിറയണമെങ്കില്‍ കിഴക്കന്‍ മഴയില്‍ വില്ലൊന്നിയില്‍നിന്നും 15  കിലോമീറ്ററുകള്‍ക്കപ്പുറം തമിഴ്നാട്ടില്‍ കിടക്കുന്ന ഒറ്റക്കല്‍ മണ്ഡപം എരി നിറഞ്ഞു കവിയണം. അടുത്തകാലത്തൊന്നും വരട്ടയാര്‍ നിറഞ്ഞ ഓര്‍മ്മ ആള്‍ക്കാര്‍ക്കില്ല.  ബ്രിട്ടീഷുകാരുടെ കാലത്തു നിര്‍മ്മിക്കപ്പെട്ട ചില എരികളും ഡാമുകളും മേഖലയിലെ കാര്‍ഷികാവശ്യത്തിനുള്ള വെള്ളം ലഭ്യമാക്കിയിരുന്നു. 
 
കുഴല്‍ക്കിണര്‍ കുഴിക്കാന്‍ സാധാരണഗതിയില്‍ സര്‍ക്കാര്‍ അനുമതി വേണ്ട. എന്നാല്‍, ക്രിട്ടിക്കല്‍ ഏരിയയില്‍പ്പെടുത്തിയ വടകരപ്പതിയിലും എരുത്തേമ്പതിയിലും അനുമതി വേണം. 2002-ല്‍ ആണ് കേരളം സര്‍ക്കാരിന്റെ ഭൂഗര്‍ഭ ജല അതോറിറ്റി ഇതിനുവേണ്ട വിജ്ഞാപനം ഇറക്കിയത്. 596  അടിയാണ് ചിറ്റൂര്‍ താലൂക്കിലെ ആറു പഞ്ചായത്തുകളില്‍ കുഴല്‍ക്കിണറിനു അനുവദനീയമായ പരമാവധി ആഴം. ഈ പഞ്ചായത്തുകളില്‍ 2017  മാര്‍ച്ചിനും   2018  ഫെബ്രുവരിക്കും ഇടയില്‍ അനുവദിക്കപ്പെട്ടതു 811  കുഴല്‍ക്കിണറുകളാണ്. അതിന്റെ എത്രയോ ഇരട്ടിയാകും കുഴിക്കപ്പെടുന്നത്. കഴിഞ്ഞ ജനുവരിക്കും ഫെബ്രുവരിക്കും ഇടയില്‍ കള്ളിയംപാറക്കടുത്തുള്ള 15  ഏക്കര്‍ ഭൂമിയില്‍ ഉടമസ്ഥന്‍ കുഴിച്ചതു ഒന്‍പതു കിണറുകള്‍. വെള്ളം കിട്ടാതെ വന്നപ്പോഴാണ് വീണ്ടും വീണ്ടും കുഴിച്ചതത്രെ. ഒരു പറമ്പില്‍ ഒരു കുഴല്‍ക്കിണര്‍ എന്ന നിയമവും അതിനു തടസ്സമായില്ല. ലക്ഷക്കണക്കിന് പണം അങ്ങനെ നഷ്ടമായതും മിച്ചം. കിട്ടിയ വെള്ളം അടുത്ത വര്‍ഷം വറ്റിപ്പോകാനും ഇടയുണ്ട്. 1100  അടി വരെ  താഴ്ത്തിയപ്പോഴാണ് ഇപ്പോള്‍ വെള്ളം കിട്ടിയിരിക്കുന്നത്. പത്തു വര്‍ഷം മുന്‍പ് കുഴല്‍ക്കിണറുകള്‍ 350  അടി കുഴിച്ചാല്‍ത്തന്നെ ആവശ്യത്തിന് വെള്ളം കിട്ടുമായിരുന്ന സ്ഥലമായിരുന്നു കിണര്‍പള്ളം. ഭൂഗര്‍ഭ ജലവകുപ്പിന്റെ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ഒരു ദശകക്കാലത്തില്‍ നിരീക്ഷണക്കിണറുകളിലെ ജലവിതാനം 8  മീറ്ററോളം താഴ്ന്നുപോയിരിക്കുന്നു. 30  തുറന്ന കിണറുകളും 34  കുഴല്‍ക്കിണറുകളും ആണ് ഓരോ മാസവും ജലനിരപ്പ് അളക്കാന്‍ ഉള്ളത്. പാലക്കാട് ജില്ലയില്‍ ആണ് ഭൂഗര്‍ഭ വകുപ്പിന് ഏറ്റവും കൂടുതല്‍ ക്രിട്ടിക്കല്‍ ഏരിയകള്‍ ഉള്ളത്. തിരുവനന്തപുരത്തു അതിയന്നൂര്‍, കാസര്‍ഗോഡ് എന്നീ പ്രദേശങ്ങളാണ് മറ്റു ക്രിട്ടിക്കല്‍ ഏരിയകള്‍. 

നെല്‍പ്പാടങ്ങള്‍ കരിമ്പിനും തെങ്ങിനും പച്ചക്കറിക്കും വഴിമാറിയത് ജലക്ഷാമത്തെ രൂക്ഷമാക്കി. അപ്പര്‍  ആളിയാറില്‍ നിര്‍മ്മിക്കപ്പെട്ട ഡാമുകള്‍  കാടമ്പാറ, വണ്ടാല്‍ തുടങ്ങിയവ  പറമ്പിക്കുളം പദ്ധതി വഴി അലിയാര്‍ ഡാമില്‍നിന്നും മൂലത്തറ ഡാം വഴി കേരളത്തിന് കിട്ടേണ്ട  മുഴുവന്‍ ജലവിഹിതം (7250 എം.സി. അടി) കിട്ടാതാക്കി.  തിരുമൂര്‍ത്തി ഡാം വന്നതോടെ, അപ്പര്‍ ആളിയാറില്‍ ഒതുങ്ങാത്ത വെള്ളം കേരളത്തിനാണ് എന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല.  എന്നിരുന്നാലും, ആളിയാര്‍ ഡാമാണ് പാലക്കാടിന്റെ കിഴക്കന്‍ മേഖലയെ ആകെ കൃഷിയോഗ്യമാക്കി, വാസയോഗ്യമാക്കി നിലനിര്‍ത്തുന്നത്. നെമ്മാറ വരെ ഈ വെള്ളം നെല്‍ക്കൃഷിക്കായി ഉപകാരത്തില്‍പ്പെടുന്നു. ലെഫ്ട്  ബാങ്ക് കനാല്‍ വെള്ളമാണ് ഇങ്ങനെ എത്തുന്നത്. എന്നാല്‍, വലതു കനാല്‍ വെള്ളം ഇപ്പോഴും ആളിയാര്‍ വെള്ളം എത്തിച്ചേരുന്ന മൂലത്തറ ഡാമിന് മൂന്നു കിലോമീറ്ററിനപ്പുറം കിടക്കുന്ന വില്ലൂന്നിയിലും എല്ലപ്പെട്ടാന്‍കോയിലിലും വെള്ളം എത്തുന്നില്ല എന്നതാണ് പലരേയും വിഷമിപ്പിക്കുന്നത്. ഇതിനുള്ള പരിഹാരമായാണ് സര്‍ക്കാര്‍ വലതു കനാല്‍ 6.4 കിലോമീറ്റര്‍ കൂടി നീട്ടി വെള്ളമെത്തിക്കാന്‍ ഒരുങ്ങുന്നത്.

കേരള സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോഴേക്കും കനാല്‍ പണി പൂര്‍ത്തിയാകുമെന്ന് പറയാനാകില്ലെങ്കിലും അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും നടന്നിരിക്കുമെന്നാണ് തോന്നുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.ഐ.ഐ.ഡി.സി.) ആണ് വലതു കനാല്‍ പണി പൂര്‍ത്തിയാക്കുക. വരട്ടയാറിലേക്കു വെള്ളം എത്തിക്കാനാണ് കനാല്‍. 48  കര്‍ഷകരില്‍നിന്നും ഭൂമി ഏറ്റെടുക്കലാണ് അടുത്ത പണി. ഇതിനായി കര്‍ഷകരുടെ സമ്മതം വാങ്ങിക്കഴിഞ്ഞു. ഭൂമി ഏറ്റെടുക്കാനുള്ള തുകയായി 4 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 19.93 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും. സര്‍വ്വേ നമ്പറുകളില്‍ ഏറെയും പുരയിടമാണെങ്കിലും ഒരു കടയൊഴിച്ചു ഒരു വീടിനേയും ബാധിക്കാതെയാണ് സ്ഥലങ്ങള്‍ ഏറ്റെടുക്കുക. നിലവിലുള്ള അലൈന്‍മെന്റിനു 13.3.2018-നാണ് സര്‍ക്കാരിന്റെ അംഗീകാരം കിട്ടിയത്. അടുത്തപടി സര്‍വ്വേ ആന്‍ഡ് ബൗണ്ടറി നോട്ടിഫിക്കേഷന്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കലാണ്. 2014-ലെ റൈറ്റ് റ്റു ഫെയര്‍ ലാന്‍ഡ് അക്ക്വിസിഷന്‍ ആന്‍ഡ് കോമ്പന്‍സേഷന്‍ ആന്‍ഡ് ട്രാന്‍സ്പരെന്‍സി ഇന്‍ റീസെറ്റില്‍മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പാക്കേജ് പ്രകാരം ഭൂമി ഏറ്റെടുത്ത്, രണ്ടു വര്‍ഷത്തിനിടെ പണി പൂര്‍ത്തിയാക്കും.  പുതിയ കനാല്‍ കൂടി വന്നാല്‍, മേഖലയുടെ ജീവിതം വീണ്ടും പച്ചപിടിക്കും. 

അതുകൊണ്ടുതന്നെ ഭൂമി പോകുന്നതോ വിലയോ കര്‍ഷകരെ അലട്ടുന്നില്ല. വെള്ളം കിട്ടുമെന്ന ഉറപ്പാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ഇടതു കനാലിനു ലഭിക്കേണ്ട വെള്ളം കുറച്ചു കുറവ് ചെയ്തു വലതു കനാലിലേക്ക് തുറന്നുവിടാനാണ് ഒരുങ്ങുന്നത്. അഞ്ചു മുതല്‍ 10  മീറ്റര്‍ വരെ വീതിയില്‍ സ്ഥലമേറ്റെടുത്ത് മൂന്നു മീറ്റര്‍ വ്യാസമുള്ള പൈപ്പുകള്‍ വഴി കോരയാറില്‍ എത്തിനില്‍ക്കുന്ന വെള്ളം വരട്ടയാറിലെത്തിക്കും. നിലവില്‍, മലയാണ്ടി കൗണ്ടന്നൂര്‍, കരുമാണ്ട കൗണ്ടന്നൂര്‍ എന്നിവിടങ്ങളിലൂടെ എരുത്തേമ്പതിയില്‍ കുറേ ഭാഗത്തേക്ക് മൂലത്തറയില്‍നിന്നും തുന്നല്‍ വഴി വെള്ളം എത്തുന്നുണ്ട്.   അതിന്റെ മെച്ചങ്ങള്‍ കൃഷിക്കാര്‍ക്ക് ഉണ്ടുതാനും. ഇപ്പോഴത്തെ പദ്ധതി പ്രകാരം കനാല്‍ വെള്ളം ബ്രിട്ടീഷ് കാലത്തു നിലവിലിരുന്ന 16  കുളങ്ങളും 9  ഏരികളും വരട്ടയാറിലെ 9  തടയണകളും നിറച്ചുകൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. കനാലിന്റെ അലൈന്‍മെന്റ് പല തവണ മാറ്റേണ്ടി വന്നു. നിര്‍മ്മാണച്ചെലവിനുള്ള തുകയും പുതുക്കേണ്ടിവന്നു. എരുത്തേമ്പതി, കോഴിപ്പതി വില്ലേജുകളിലായി 13.56  ഏക്കര്‍ ഭൂമി ഏറ്റെടുത്തു കനാല്‍ നിര്‍മ്മിക്കുന്നതിന് 2015  ജൂണ്‍ 9-നു 50.06  കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. പുതിയ എസ്റ്റിമേറ്റ് തയ്യാറാകുന്നതേയുള്ളൂ.

ബ്രിട്ടീഷുകാരുടെ കാലത്തു നിലനിന്നിരുന്ന ജലവിതരണ സംവിധാനങ്ങളെ പരിഷ്‌കരിച്ചാണ് ചിറ്റൂര്‍പ്പുഴ പദ്ധതി നടപ്പിലാക്കപ്പെട്ടത്. ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയും അവയുടെ തുടര്‍ച്ചയായിത്തന്നെ.  മൂലത്തറ, കുന്നംകാട്ടുപതി, തേമ്പാറമടക്കു, നര്‍നി അലങ്കടവ്, നര്‍നി തുടങ്ങിയ സിസ്റ്റങ്ങള്‍ അവയില്‍ പ്രധാനമാണ്.  രംഗരാജു ചെട്ടിയാര്‍, ബാങ്കു  അയ്യര്‍, അനന്തകൃഷ്ണ അയ്യര്‍, ശിവരാമ അയ്യര്‍ തുടങ്ങിയ ചിറ്റൂരിലെ തമിഴ് ബ്രാഹ്മണ ജന്മിമാര്‍ തുടങ്ങി വെച്ചതാണ് തേമ്പാറമടക്ക്. നല്ലേപ്പുള്ളി പഞ്ചായത്തില്‍പ്പെട്ട പ്രദേശങ്ങളാണ് അതിന്റെ മെച്ചങ്ങള്‍ അനുഭവിച്ചത്. കിട്ടുപിള്ളയാണ് അതിനു തുടക്കം കുറിച്ചതെന്നും അറിയുന്നു. കിട്ടുപിള്ള നിര്‍മ്മിച്ച അണക്കെട്ടു (തടയണ) പിന്നീട് അനന്തകൃഷ്ണയ്യരും (മണിക്കുട്ടി അയ്യര്‍)  ശിവരാമയ്യരും പൂര്‍ത്തിയാക്കിയത്രേ.  അണ്ണയ്യന്‍ ചെട്ടിയാര്‍, രഘുനാഥ ചെട്ടിയാര്‍, അങ്കരാത്, പാണ്ടിത്തരകാന്‍ എന്നിവ കോരയാറിലും സുബ്ബയ്യ കൗണ്ടര്‍, പോള്‍ സൂസ സിസ്റ്റം, ചോണ്ടത് സിസ്റ്റം, നഞ്ചമ്മല്‍, അപ്പാവു സിസ്റ്റം എന്നിവ വരട്ടയാറിലും ഉണ്ട്. പുഴയില്‍ തടയണ പണിത്, കൃഷി സ്ഥലങ്ങളിലേക്ക് വെള്ളം തുറന്നു കൊടുക്കലാണ് പതിവ്. ചാലുകള്‍ കീറി, അവയിലൂടെ കെട്ടി നിര്‍ത്തിയ പുഴവെള്ളം കുളങ്ങളിലേക്കും എരികളിലേക്കും എത്തിക്കുക എന്ന ധര്‍മ്മമാണ് മുന്‍ കാല ജന്മികള്‍ നിര്‍വ്വഹിച്ചത്. ഈ അടുത്തകാലത്താണ് തടയണകളും ചാലുകളും കേരള സര്‍ക്കാരിന്റെ മൈനര്‍ ഇറിഗേഷന്‍ വകുപ്പിനു കീഴില്‍ വരുന്നത്.

കേരള സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയില്‍നിന്നും പ്രതിമാസം ജൂണ്‍-ഫെബ്രുവരി കാലയളവില്‍ വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളില്‍ ലോറിയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ ഉപയോഗിച്ച തുക 15  ലക്ഷം രൂപ. അതായത് പാലക്കാടിന്റേയും കേരളത്തിന്റേയും ഇതര ഭാഗങ്ങളില്‍ സുഭിക്ഷമായി വെള്ളം കിട്ടുന്ന സമയത്താണ് ലോറി വെള്ളം കിട്ടിയില്ലെങ്കില്‍ കുടിവെള്ളം മുട്ടുന്ന അവസ്ഥ വരുന്നത്. മാര്‍ച്ച്-മെയ് മാസങ്ങളില്‍ ലോറിയില്‍ കുടിവെള്ളവിതരണത്തിന് ജില്ലാ ഭരണകൂടം ചെലവാക്കുന്നത് 30  ലക്ഷം രൂപ വെച്ചാണ്.  കുടിവെള്ളം കിട്ടാന്‍ ഹര്‍ത്താല്‍ നടക്കുന്ന പ്രദേശമാണ് കൊഴിഞ്ഞാമ്പാറ ഉള്‍പ്പെടെയുള്ള കിഴക്കന്‍ ഗ്രാമങ്ങള്‍. കല്യാണാവശ്യങ്ങള്‍ക്കും കാര്‍ഷികാവശ്യങ്ങള്‍ക്കും പൈസ കൊടുത്തു വെള്ളം വാങ്ങേണ്ട സ്ഥിതിയാണ് എരുത്തേമ്പതിയിലെ രണ്ടും മൂന്നും വാര്‍ഡിലെ ജനങ്ങള്‍ക്ക്. കടകളില്‍ ഭക്ഷണംവെയ്ക്കാന്‍ വലിയ പാത്രത്തില്‍ ഇപ്പോള്‍ വെള്ളം വില്‍ക്കാന്‍ വെച്ചിരിക്കുന്നു. ആഴത്തില്‍പ്പോയ കുഴല്‍ക്കിണറില്‍നിന്നും വെള്ളം കിട്ടിയാല്‍ത്തന്നെ അത് ഉപയോഗിച്ച് പാകം ചെയ്താലും ഭക്ഷണം കേടാകും. 

കരിമ്പനകള്‍പോലും കരിഞ്ഞുപോകുന്ന വേനലില്‍ നട്ടുനനച്ചു വളര്‍ത്തിയ തെങ്ങുകള്‍ സംരക്ഷിക്കാനാണത്. എരുത്തേമ്പതി പഞ്ചായത്തില്‍ ആര്‍.വി. പുതൂര്‍, എരുത്തേമ്പതി, കൗണ്ടന്‍കളം, എല്ലപ്പെട്ടാന്‍കോയില്‍, പിടാരിമേട്, വില്ലൂന്നി, പറാന്‍കളം, മുള്ളടിക്കാട്,  അയ്യന്‍മാര്‍കളായി, മാങ്കാപള്ളം എന്നീ സ്ഥലങ്ങളില്‍ മൂലത്തറ ഡാം വെള്ളം കൊണ്ട് പ്രയോജനം വരുന്നില്ല. അതുപോലെ വടകരപതി മുഴുവനായും വരണ്ടു തന്നെ കിടക്കുന്നു.  വരട്ടയാര്‍ വരെ കനാല്‍ നീട്ടിയാലും അടുത്ത ഘട്ടം ആര്‍.ബി.സി.ക്ക് ഉണ്ടാകുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. പറമ്പിക്കുളം പദ്ധതിവിഹിതമായി ലഭിക്കുന്ന വെള്ളമല്ലാതെ മഴയുടെ അനുഗ്രഹമില്ലല്ലോ. തമിഴ്നാടുമായുള്ള 1970-ലെ കരാര്‍ പ്രകാരമുള്ള മുഴുവന്‍ വെള്ളവും കിട്ടുന്നില്ലല്ലോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com