പാകിസ്താന്‍ വെറുക്കുന്ന ജിന്നയെഇന്ത്യ വെറുക്കണമോ?

ദ്വിരാഷ്ട്രവാദത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയ ശേഷം നവരാഷ്ട്രം യാഥാര്‍ത്ഥ്യമായപ്പോള്‍ അവിടെ മതേതര മൂല്യങ്ങളില്‍ അടിവരയിട്ട ജിന്നയെപാകിസ്താനിലെ മുസ്‌ലിം മൗലികവാദികള്‍ എക്കാലത്തും വെറുത്തിട്ടേ യുള്ളൂ
പാകിസ്താന്‍ വെറുക്കുന്ന ജിന്നയെഇന്ത്യ വെറുക്കണമോ?

വായനക്കാരില്‍ അല്പം അമ്പരപ്പ് സൃഷ്ടിക്കാന്‍ പോന്നതാണ് തലക്കെട്ട്. പാകിസ്താനികളാല്‍ വെറുക്കപ്പെടുന്ന ഒരു ജിന്നയുണ്ടോ എന്നു ചിലരെങ്കിലും അദ്ഭുതം കൂറും. തങ്ങളുടെ രാഷ്ട്രപിതാവായും ഖായ്‌ദെ അസം (മഹാനായ നേതാവ്) ആയും പാക് ജനത ആദരിക്കുന്ന മുഹമ്മദലി ജിന്ന പാകിസ്താന്റെ വെറുപ്പിനു പാത്രീഭൂതനാണെന്നു പറയുന്നവര്‍ക്ക് വട്ടാണെന്ന് അവര്‍ വിധിയെഴുതിയെന്നുമിരിക്കും.

അത്തരക്കാരെ കുറ്റപ്പെടുത്താനാവില്ല. കാരണം, മുഴുവന്‍ പാകിസ്താനികളുടേയും ആരാധനാപാത്രമായ വീരപുരുഷനും നേതാവുമാണ് ജിന്ന എന്നതാണ് പൊതുവെയുള്ള ധാരണ. ധാരണകളും ഭാവനകളും എല്ലായ്പോഴും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടുകൊള്ളണമെന്നില്ല എന്നത് മറ്റൊരു കാര്യമാണ്.

ഇന്ത്യയുടെ വിഭജനവും പാകിസ്താന്റെ പിറവിയും യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു എന്നു വന്ന ഘട്ടത്തില്‍ത്തന്നെ നവരാഷ്ട്രത്തിന്റെ തലപ്പത്ത് മുഹമ്മദലി ജിന്ന അവരോധിതനാകരുതെന്നു തീക്ഷ്ണമായി ആഗ്രഹിച്ചവര്‍ പുതുരാഷ്ട്രാനുകൂലികളുടെ കൂട്ടത്തിലുണ്ടായിരുന്നു. മുസ്ലിം മതമൗലിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക ഗുരുവായ മൗദൂദിയും അനുചരന്മാരുമായിരുന്നു അവരില്‍ പ്രധാനികള്‍.

ജിന്നയോടും സര്‍വ്വേന്ത്യ മുസ്ലിം ലീഗിനോടും താത്ത്വികതലത്തില്‍ കടുത്ത വിയോജിപ്പുള്ളവരായിരുന്നു മൗദൂദിയും സംഘവും. മുസ്ലിം രാഷ്ട്രം എന്നതുകൊണ്ടോ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രം എന്നതുകൊണ്ടോ തൃപ്തിപ്പെട്ടുകൂടെന്നും നവരാഷ്ട്രം ഇസ്ലാമിക രാഷ്ട്രമാകണമെന്നുമുള്ളതായിരുന്നു അവരുടെ ഉറച്ച നിലപാട്. ഇസ്ലാമിക രാഷ്ട്രം എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത്, മൗദൂദി ഇസ്ലാമിനു നല്‍കിയ വ്യാഖ്യാനമനുസരിച്ചുള്ള ഭരണവ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രം എന്നാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, 1940-കളില്‍ ലീഗ് ആവശ്യപ്പെട്ടതുപോലുള്ള മുസ്ലിം രാഷ്ട്രമല്ല, മൗദൂദിസ്റ്റ് രാഷ്ട്രമാകണം പാകിസ്താന്‍ എന്നതായിരുന്നു അവരുടെ ആഗ്രഹം.

ലണ്ടനില്‍ നിയമവിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ടേ പാശ്ചാത്യ ലിബറലിസത്താലും മതേതര വീക്ഷണങ്ങളാലും ഗാഢമായി സ്വാധീനിപ്പിക്കപ്പെട്ട ജിന്ന മതഭരണ വാദത്തോടോ മൗദൂദിസത്തോടോ ഒരളവിലും യോജിച്ചിരുന്നില്ല. 1947 ആഗസ്റ്റ് 11-ന് പാക് ഭരണഘടനാ നിര്‍മ്മാണസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം തന്റെ സെക്യുലര്‍ നിലപാട് കണിശമായി അവതരിപ്പിക്കുകയും ചെയ്തു. രാഷ്ട്രത്തിന്റെ  മുന്‍പില്‍ മത, ജാതി, വംശ വ്യത്യാസമെന്യേ എല്ലാ പാകിസ്താനികളും തുല്യരായിരിക്കുമെന്നും ആര്‍ക്കും ഏത് മതവും അവലംബിക്കാമെന്നും മതം ഭരണത്തില്‍ സ്വാധീനം ചെലുത്തുകയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

തന്റെ സങ്കല്പത്തിലുള്ള ഇസ്ലാമിക ഭരണത്തിനു വിരുദ്ധമായി മതേതര ഭരണസങ്കല്പം അവതരിപ്പിച്ച ജിന്നയെ 'ഖായ്‌ദെ അസം' ആയി ജമാഅത്തിന്റെ ആചാര്യന്‍ അംഗീകരിച്ചിരുന്നില്ല. മതാചരണത്തില്‍ തല്‍പ്പരനല്ലാതിരുന്ന ജിന്നയുടെ രാഷ്ട്രീയ നിലപാടുകളുടെ വിമര്‍ശകനായിരുന്ന മൗദൂദി അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'കാഫിറെ അസം' (ഇസ്ലാം നിഷേധത്തിന്റെ നേതാവ്) എന്നായിരുന്നു.

മൗദൂദിയുടെ സംഘടനയെപ്പോലെത്തന്നെ ജിന്നയെ കാഫിറെ അസം എന്നു ഇകഴ്ത്തിയ മറ്റൊരു സംഘടനയത്രേ 'മജ്ലിസെ അഹ്‌റാര്‍.' ജിന്നയുടെ മുസ്ലിം ലീഗില്‍ അഹമദിയ്യ മുസ്ലിങ്ങളും ശിയ മുസ്ലിങ്ങളും ഉണ്ട് എന്നതിന്റെ പേരില്‍ അഹ്‌റാര്‍ പാര്‍ട്ടിക്കാര്‍ അദ്ദേഹത്തെ ഇസ്ലാം വിരുദ്ധനായി മുദ്രയടിച്ചു.
ജമാഅത്തെ ഇസ്ലാമിക്കാരും അഹ്‌റാറുകളും മാത്രമല്ല, ലീഗിലെത്തന്നെ അതി യാഥാസ്ഥിതിക വിഭാഗവും പാകിസ്താന്റെ രാഷ്ട്രപിതാവിനോട് വിപ്രതിപത്തി പുലര്‍ത്തിയവരാണ്.

പില്‍ക്കാലത്ത് ഉയര്‍ന്നുവന്ന ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തകര്‍ അനുവര്‍ത്തിച്ച സമീപനവും അതുതന്നെ. ഇസ്ലാമിക ശരീഅത്തിനോടോ അതിന്റെ അടിസ്ഥാനത്തിലുള്ള ഭരണത്തോടോ ഒരുകാലത്തും അനുഭാവം കാണിക്കാതിരുന്ന ജിന്നയെക്കാള്‍ പാകിസ്താനിലെ മുസ്ലിം വലതുപക്ഷം നെഞ്ചേറ്റിയത് മൗദൂദിയേയും അഹ്‌റാര്‍ നേതാക്കളേയും പോലുള്ളവരെയാണ്. ആ ജനുസ്സില്‍പ്പെട്ട പാകിസ്താനികളുടെ കണ്ണില്‍ മുഹമ്മദലി ജിന്ന അന്നും ഇന്നും ആരാധ്യപുരുഷനല്ല.

ഈ വസ്തുതകള്‍ അറിയാത്തവരോ ഗ്രഹിക്കാന്‍ ശ്രമിക്കാത്തവരോ ആണ് അലിഗഢ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ 1938 തൊട്ട് നിലവിലുള്ള ജിന്നയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ അങ്കത്തട്ടിലിറങ്ങിയിരിക്കുന്നത്. ബി.ജെ.പി എം.പിയും ഹിന്ദു യുവവാഹിനിയും എ.ബി.വി.പിയുമടങ്ങിയ ആ വിഭാഗം, ചുരുങ്ങിയത് ജിന്ന 1930-കളുടെ ഉത്തരാര്‍ധം വരെ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍, ജിന്നാ ചിത്രത്തിനു നേരെ അവര്‍ വാളോങ്ങുമായിരുന്നില്ല.

മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നത് അപകടകരമാണെന്നു ഗാന്ധിജിക്ക് മുന്നറിയിപ്പ് നല്‍കിയ സെക്യുലറിസ്റ്റാണ് 1920-ലെ ജിന്ന. കോണ്‍ഗ്രസ്സുകാരനായി രാഷ്ട്രീയത്തില്‍ വന്ന അദ്ദേഹം മുസ്ലിങ്ങളുടെ ഖിലാഫത്ത് പ്രക്ഷോഭത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി കണ്ണി ചേര്‍ക്കാനുള്ള ഗാന്ധിജിയുടെ തീരുമാനത്തെ എതിര്‍ത്തു. മതേതരമായ സ്വാതന്ത്ര്യ സമരത്തിലേയ്ക്ക് മതവിഷയമായ ഖിലാഫത്തിനെ വലിച്ചിഴയ്ക്കരുതെന്ന അദ്ദേഹത്തിന്റെ ആവശ്യം ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് അംഗീകരിച്ചില്ല. ജിന്നയെ കോണ്‍ഗ്രസ്സില്‍നിന്നു അകറ്റിയ മുഖ്യഘടകങ്ങളിലൊന്ന് അതായിരുന്നു.
ചൗധരി റഹ്മത്ത് അലി 1933-ല്‍ പാകിസ്താന്‍ എന്ന ആശയം മുന്നോട്ടുവെച്ചപ്പോള്‍ അതിനെ പുച്ഛിച്ചു തള്ളിയ നേതാവ് കൂടിയാണ് എം.എ. ജിന്ന. അതിനര്‍ത്ഥം 1933-ല്‍പ്പോലും മുസ്ലിങ്ങളുടേത് മാത്രമായ ഒരു രാഷ്ട്രം എന്ന സങ്കല്പം ജിന്നയുടെ മനസ്സിലുണ്ടായിരുന്നില്ല എന്നു മാത്രമല്ല, ആ വര്‍ഗ്ഗീയ സങ്കല്പത്തിന്റെ എതിര്‍ച്ചേരിയിലായിരുന്നു അദ്ദേഹം നിലയുറപ്പിച്ചത് എന്നു കൂടിയാണ്.

പിന്നെ എന്നു തൊട്ടാണ് മുഹമ്മദലി ജിന്ന പാകിസ്താന്‍ വാദിയായത് എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. 1937 തൊട്ട് 1946 വരെയുള്ള കാലയളവില്‍ വിഭജനവാദത്തിലേയ്ക്ക് അനുക്രമം നടന്നടുക്കുകയായിരുന്നു അദ്ദേഹം. 1940-ല്‍ ലീഗം ലാഹോര്‍ പ്രമേയം (പാകിസ്താന്‍ പ്രമേയം) പാസ്സാക്കി. ഇന്ത്യയുടെ ജനസംഖ്യയില്‍ 25 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്ക് നാടിന്റെ രാഷ്ട്രീയ ഭാഗധേയത്തില്‍ ജനസംഖ്യാനുപാതികമായ പങ്ക് ഉറപ്പാക്കാന്‍ കോണ്‍ഗ്രസ്സിനെ നിര്‍ബന്ധിക്കുന്നതിനുള്ള വിലപേശല്‍ തന്ത്രമായിരുന്നു പാകിസ്താന്‍ പ്രമേയമെന്നു പല പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ട്.

ഇലക്ടറല്‍ സംവരണത്തിലൂടെ പാര്‍ലമെന്റില്‍ മുസ്ലിങ്ങളുടെ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായിരുന്നില്ല. 1946-ല്‍ ബ്രിട്ടീഷുകാര്‍ കേബിനറ്റ് മിഷന്‍ പ്ലാന്‍ അവതരിപ്പിച്ചെങ്കിലും കോണ്‍ഗ്രസ്സിനും ലീഗിനും സ്വീകാര്യമായ ഒരു സമവായം അതിലൂടെ ഉരുത്തിരിഞ്ഞു വന്നതുമില്ല. ആ രാഷ്ട്രീയ പാറക്കെട്ടിലിടിച്ചാണ് ഐക്യഭാരതം എന്ന ആശയം തകര്‍ന്നത്. അതിനുത്തരവാദികള്‍ ജിന്നയും ലീഗുമാണോ അതോ കോണ്‍ഗ്രസ്സും അതിന്റെ നേതാക്കളുമാണോ അതുമല്ലെങ്കില്‍ ബ്രിട്ടീഷുകാരാണോ എന്ന ചോദ്യം ഇപ്പോഴും രാഷ്ട്രീയ ചക്രവാളത്തില്‍ മായാതെ നില്പുണ്ട്.

അതെന്തായാലും, 1906 തൊട്ട് 1948 വരെ നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു ദശാബ്ദത്തോളം (1937-1947) മുഹമ്മദലി ജിന്ന അനുവര്‍ത്തിച്ച മുസ്ലിം രാഷ്ട്രീയം വിപല്‍ക്കരമായിരുന്നു എന്ന ഇരുണ്ട സത്യം ബാക്കിനില്‍ക്കുന്നു. അതേസമയം, തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നാലില്‍ മൂന്നുഭാഗം കാലം അദ്ദേഹം പിന്തുടര്‍ന്നത് ലിബറല്‍, സെക്യുലര്‍ രാഷ്ട്രീയമായിരുന്നു എന്ന തിളങ്ങുന്ന സത്യം മറുവശത്ത് കിടക്കുന്നുമുണ്ട്. അതുകൊണ്ടത്രേ 2005-ല്‍ കറാച്ചിയില്‍ ജിന്നയുടെ ശവകുടീരം സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍, ഇന്ത്യയുടെ അന്നത്തെ ഉപപ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അദ്വാനി ജിന്നയെ പ്രകീര്‍ത്തിച്ചത്. 2009-ല്‍ മറ്റൊരു ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ജസ്വന്ത് സിങ്ങ് ജിന്നയെപ്പറ്റി നല്ല വാക്ക് എഴുതിയതും അതേ കാരണത്താല്‍ത്തന്നെ.

അദ്വാനിയും ജസ്വന്തും പ്രശംസിച്ച, രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുന്നതിനെ കഠിനമായി വിമര്‍ശിച്ച, ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അംബാസഡര്‍ എന്നു വാഴ്ത്തപ്പെട്ട, ദ്വിരാഷ്ട്ര വാദത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയ ശേഷം നവരാഷ്ട്രം യാഥാര്‍ത്ഥ്യമായപ്പോള്‍ അവിടെ മതേതര മൂല്യങ്ങളില്‍ അടിവരയിട്ട, പാകിസ്താന്റെ ദേശീയഗാനം ജഹന്നാഥ് ആസാദ് എന്ന ഹിന്ദു കവിയെക്കൊണ്ട് എഴുതിപ്പിച്ച, വിഭജനത്തിനുശേഷവും ബോംബെയിലെ തന്റെ വസതിയിലേയ്ക്ക് തിരിച്ചുവരുന്ന സുദിനം സ്വപ്നം കണ്ട ജിന്നയെ പാകിസ്താനിലെ മുസ്ലിം മൗലികവാദികള്‍ എക്കാലത്തും വെറുത്തിട്ടേയുള്ളൂ. ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകളുടെ അവജ്ഞയ്ക്ക് വിധേയനായ ആ സെക്യുലര്‍ ജിന്നയെ ഇന്ത്യക്കാര്‍ വെറുക്കേണ്ടതുണ്ടോ? അലിഗഢില്‍ ജിന്നാ ചിത്രത്തിനെതിരെ അങ്കം വെട്ടുന്നവര്‍ ഓര്‍മ്മിപ്പിക്കുന്നത് എം.എ. ജിന്നയെ ശത്രുവായിക്കണ്ട പാക് മുസ്ലിം തീവ്രവാദികളെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com