പ്രണയവും ലഹരിയും യാത്രയും

പ്രചോദന സാഹിത്യത്തിന്റെ പാരമ്യത്തില്‍ ലോകം നില്‍ക്കുമ്പോഴാണ് പാവ്ലോ കൊയ്ലോ ബ്രസീലില്‍നിന്ന് ആഗോള പ്രചുരിമയാര്‍ജ്ജിച്ച എഴുത്തുകാരനായി സാഹിത്യരംഗത്തു വരുന്നത്.
പ്രണയവും ലഹരിയും യാത്രയും

പ്രചോദന സാഹിത്യത്തിന്റെ പാരമ്യത്തില്‍ ലോകം നില്‍ക്കുമ്പോഴാണ് പാവ്ലോ കൊയ്ലോ ബ്രസീലില്‍നിന്ന് ആഗോള പ്രചുരിമയാര്‍ജ്ജിച്ച എഴുത്തുകാരനായി സാഹിത്യരംഗത്തു വരുന്നത്. ഈ വാചകം എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കൊരു രണ്ടാം ചിന്തയുണ്ടായി. പ്രചോദന സാഹിത്യം ഉണ്ടായ ലോകം എന്ത് അവസ്ഥയില്‍ ആയിരുന്നിരിക്കും എന്നതാണ് ആ ചിന്ത. എണ്‍പതുകളുടെ ഒടുവിലാണ് കൊയ്ലോയെ ശ്രദ്ധേയനാക്കിയ 'ആല്‍ക്കെമിസ്റ്റ്' എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിനു മുന്‍പ് പ്രചോദന സാഹിത്യം ഉണ്ടായിട്ടില്ലെന്നല്ല. ഏതൊരു പുസ്തകക്കടയിലും ലഭിക്കുമായിരുന്ന പ്രചോദന സാഹിത്യമായിരുന്നു, ജോനാഥന്‍ ലിവിങ്സ്റ്റണ്‍ ദി സീഗളും ഇല്യൂമിനേഷന്‍സും. രണ്ടും എഴുതിയത് റിച്ചാര്‍ഡ് ബാക്. തൂവലുകള്‍ ഉതിര്‍ന്നുവീഴുന്ന നീല നിറമുള്ള പുറംചട്ട ഈ പുസ്തകങ്ങള്‍ വായിക്കാത്തവര്‍ക്കുപോലും സുപരിചിതമായിരുന്നു. ഖലീല്‍ ജിബ്രാന്റെ പ്രൊഫെറ്റ് ആയിരുന്നു ഈ ജനുസില്‍പ്പെട്ട മറ്റൊരു പുസ്തകം. കുറച്ചുകൂടി ശുഭാപ്തിവിശ്വാസമുള്ളവര്‍ അല്പംകൂടി ഗൗരവമായി ഹെമിങ്വേയുടെ കിഴവനും കടലുമൊക്കെ നോക്കുമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ലോകത്തിന് ഇടയ്ക്കിടെ പ്രചോദന സാഹിത്യത്തിന്റെ ആവശ്യം എക്കാലത്തും ഉണ്ടായിരുന്നു. എണ്‍പതുകളുടെ രണ്ടാംപാദം ആകുന്നതോടെ രണ്ടാം ലോകത്തിന്റെ അന്ത്യമായി. അതോടെ മൂന്നാം ലോകവും ഒന്നാം ലോകവും തമ്മില്‍ രണ്ട് ബഹിരാകാശ ശിലകളെപ്പോലെ പരസ്പരം കൂട്ടിയിടിക്കും എന്ന അവസ്ഥയുണ്ടായി. കിഴക്കും പടിഞ്ഞാറും തമ്മില്‍ ചേരില്ലെന്നു പറഞ്ഞവര്‍ ഒളിവില്‍ പോയി. പക്ഷേ, ആ ചേര്‍ച്ച ഇരുവശത്തും അസ്തിത്വ നഷ്ടത്തിന് കാരണമായി. അറുപതുകളിലേയും എഴുപതുകളിലേയും അസ്തിത്വ പ്രശ്‌നങ്ങള്‍ ബുദ്ധിജീവികളുടേതു മാത്രമായിരുന്നെങ്കില്‍ എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളിലും അത് സാമാന്യജനതയുടേത് കൂടിയായി. ആ നിലയില്ലാവീഴ്ചയ്ക്കിടെ ജനത്തിന് കിട്ടിയ പിടിവള്ളിയായിരുന്നു കൊയ്ലോയുടെ എഴുത്തുകള്‍. ഇപ്പോള്‍ നവഹിന്ദുത്വം തിരിച്ചറിയുന്നവര്‍ക്കു ഗുളികപ്പരുവത്തില്‍ കിട്ടുന്ന അമീഷ്-ദേവദത്ത പട്ടനായിക്ക് സാഹിത്യം പോലെ.

കൊയ്ലോ ഒരു പാക്കേജ് ഡീല്‍ എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ രചനകളില്‍ എന്താണ് നിങ്ങള്‍ അന്വേഷിക്കുന്നത് അതൊക്കെ ഉണ്ട്. ഇത് സാഹിത്യത്തിലെ ഒരുതരം മിഥ്യയാണ്. മഹാഭാരതത്തില്‍ നോക്കിയാല്‍ എല്ലാം കാണും എന്ന് പറയുന്നതുപോലെ ഒന്ന്. മഹാഭാരതത്തില്‍ ഉള്ളതിലേക്ക് നമ്മള്‍ നമ്മുടെ പ്രശ്‌നങ്ങളെ ചേര്‍ത്തുവെയ്ക്കുകയാണ് ചെയ്യുന്നത്. ഏതൊരു കലയുടെ ആസ്വാദനത്തിലും ഇത് സംഗതമായ ഒരു കാര്യമാണ്. കൊയ്ലോയുടെ കാര്യത്തില്‍ ഇത്തരമൊരു പ്രചാരണം തുടക്കം മുതലേ ഉണ്ടായിരുന്നു. ഉപഭോഗ സംസ്‌കാരത്തിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് എല്ലാം ഉപേക്ഷിച്ചു പോകാനും കാരീയത്തേയും സ്വര്‍ണ്ണമാക്കി മാറ്റുന്ന ആ രസായനതന്ത്രത്തിലേക്ക് കടന്നുചെല്ലാനും മാന്ത്രികാനുഭൂതിയുള്ള ആ എഴുത്തുകളില്‍ കഴിഞ്ഞു. കിഴക്കിനേയും പടിഞ്ഞാറിനേയും ക്രിസ്തുവാനുഭവത്തിന്റേയും സെന്‍ ബുദ്ധിസത്തിന്റേയും സൂഫിസത്തിന്റേയും ഒക്കെ അടിസ്ഥാനമായ സ്‌നേഹം എന്ന ഭാവനയിലേക്ക് ഒന്നിപ്പിച്ചുകൊണ്ട് കൊയ്ലോ നിര്‍വ്വഹിക്കുന്ന ആഖ്യാനങ്ങള്‍ എല്ലാവരേയും ഏതെങ്കിലും ഒക്കെ തലങ്ങളില്‍ തൃപ്തിപ്പെടുത്താന്‍ കഴിയുന്നവയായിരുന്നു.

ആല്‍ക്കെമിസ്റ്റ് എഴുതിയ കൊയ്ലോ പക്ഷേ, സ്വയം ഒരു രസായനവിദ്യയ്ക്ക് വിധേയനായിരുന്നു; അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ കഥാപാത്രങ്ങളും ചെയ്യുന്നതുപോലെ. വിവിധങ്ങളായ അനുഭവങ്ങളാണ് കൊയ്ലോയുടെ രചനകളെ ആഗോളമാക്കുന്നതും സര്‍വ്വ മാനവരുടേയും പ്രശ്‌നങ്ങളെ ആവാഹിക്കുന്നതായി  തോന്നിപ്പിക്കുകയും ചെയ്യുന്നത്. അനുഭവങ്ങളില്‍നിന്ന് ഒളിച്ചോടുകയല്ല, മറിച്ച് അനുഭവങ്ങളെ നേരിടുകയും അവയിലൂടെ കടന്നു പോവുകയും ചെയ്യുകയാണ് കൊയ്ലോ തന്റെ ജീവിതത്തില്‍ ഉടനീളം ചെയ്യുന്നത്. അതുതന്നെ വാക്കുകളിലേക്ക് പകര്‍ത്തുമ്പോള്‍ ആ പകര്‍ച്ച സ്വീകരിക്കാന്‍ പകര കഥാപാത്രങ്ങള്‍ വന്നു ചേരുന്നു; അനുഭവങ്ങളെ ഒഴിച്ചുവെക്കാനായി യാന്ത്രികമായി കൊയ്ലോ സൃഷ്ടിക്കുന്ന/ഉപയോഗിക്കുന്ന ഒരു മാധ്യമമല്ല ഇവിടെ അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം ഭാഷ എന്നത്. അനുഭവങ്ങളെ ആവിഷ്‌കരിക്കുന്നതിനായി സാധാരണയില്‍ സാധാരണമായ വാക്കുകള്‍ക്ക് കഴിയും എന്നൊരു തിരിച്ചറിവ് കൂടി വായനക്കാര്‍ക്ക് നല്‍കുകയാണ് അദ്ദേഹം നല്‍കുന്നത്. കൊയ്ലോയുടെ ജനപ്രിയതയ്ക്ക് കാരണം അദ്ദേഹം സാഹിത്യമാണ് എഴുതുന്നത് എന്ന തോന്നല്‍ ഉളവാക്കാത്തതുകൊണ്ടാണ്. അദ്ദേഹം ലളിതമായ ഗദ്യം എഴുതുന്നു; ഏറ്റവും പ്രയാസമുള്ള ഒരു കാര്യമാണത്. നാടകാന്തം കവിത്വം എന്ന് പറയുന്നതുപോലെ, ലളിതഗദ്യാന്തം കവിത്വം എന്ന് കൂടി പറയേണ്ടിവരും. കവിതയുടെ ഒരൊഴുക്കാണ് കൊയ്ലോയുടെ ആഖ്യാനങ്ങള്‍. പക്ഷേ, അതിലുള്ള ഒരു പ്രശ്‌നം എന്നത് സ്വയം ആവര്‍ത്തനത്തിന്റേതാണ്; പ്രത്യേകിച്ചും എഴുത്തുകാരന്‍ ഒരു ബെസ്റ്റ് സെല്ലിങ് ഓതര്‍ ആയിരിക്കുന്ന വേളയില്‍. ഒരു വര്‍ഷത്തില്‍ മൂന്നു പുസ്തകങ്ങള്‍ വരെ എഴുതിയിട്ടുണ്ട് കൊയ്ലോ. അപ്പോള്‍ ചില ആവര്‍ത്തനങ്ങളും ശൈലീപരമായ മടുപ്പും ഉണ്ടാകാതെ നിവൃത്തിയില്ല. ഇത് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മൂന്നു പുസ്തകങ്ങളുടെ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിരുന്നു. 'അര്‍ക്കയിലെ കയ്യെഴുത്തുപ്രതി', 'വിശ്വാസവ്യഭിചരണം', 'ദി സ്പൈ' എന്നിങ്ങനെയുള്ള മൂന്നു കൃതികള്‍ എന്റെ വായനയില്‍ അമ്പേ പരാജയങ്ങളായിരുന്നു. ആ പരാജയ ശൃംഖലയ്ക്ക് ഒടുവിലാണ് ഇപ്പോള്‍ 'ഹിപ്പി' എന്ന ആത്മകഥാപരമായ പുസ്തകം കൊയ്ലോ എഴുതിയിരിക്കുന്നത്.

'കമിങ് ഓഫ് ഏജ്' സാഹിത്യം എന്നൊന്നുണ്ട്; അതിന്റെ ഒരു അമേരിക്കന്‍ രൂപമാണ് റോഡ് നോവലുകള്‍. യാത്രയ്ക്കിടയില്‍ ഒരാള്‍ തന്റെ ആത്മീയവും ഭൗതികവുമായ സാധ്യതകളെ വിവിധങ്ങളായ അനുഭവങ്ങളിലൂടെ തിരിച്ചറിയുകയും അവയെ സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നവയാണ് ഇത്തരം നോവലുകള്‍. ആ ഒരര്‍ത്ഥത്തില്‍ കൊയ്ലോയുടെ 'ഹിപ്പി' എന്ന നോവല്‍ ഒരു റോഡ് നോവലും കമിങ് ഓഫ് ഏജ് നോവലുമാണ്. മാര്‍ക്കോ പോളോ ഒരിക്കല്‍ പറഞ്ഞതുപോലെ താനെഴുതുന്നതെല്ലാം വെനീസിനെക്കുറിച്ചാണെങ്കില്‍, എല്ലാ എഴുത്തുകാരും താനെന്ന നഗരത്തെ തന്നെയാണ് സാഹിത്യത്തില്‍ എഴുതിക്കൊണ്ടിരുന്നത്. താനില്ലാത്ത കഥാപാത്രങ്ങള്‍, തന്റെ അപരമല്ലാത്ത കഥാപാത്രങ്ങള്‍, തന്റെ വിപരീതമല്ലാത്ത കഥാപാത്രങ്ങള്‍, താനല്ലാത്ത കഥാപാത്രങ്ങള്‍ എന്നിങ്ങനെ കൃത്യമായ വസ്തുനിഷ്ഠതയോടെ ആരും എഴുതാറില്ല. ആത്മകഥാപരമായ സാഹിത്യത്തില്‍ വസ്തുനിഷ്ഠത ആപേക്ഷികമാണ്. അത്തരമൊരു ആപേക്ഷികതയില്‍ ആണ് അനുഭവങ്ങളെ ഒളിച്ചുകടത്താന്‍ എളുപ്പം. അയാളുടെ അനുഭവം തന്റേതു കൂടിയാകാം/ആണല്ലോ എന്ന തോന്നലില്‍ വായനക്കാരനെ കൊണ്ടെത്തിക്കാന്‍ അത്തരമൊരു ആപേക്ഷികതയ്ക്കു കഴിയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ആപേക്ഷികതാ എന്നത് ഒരുതരം സന്ദിഗ്ദ്ധത കൂടിയാണ്. ആ ആമ്പിവാലെന്‍സ് അവസ്ഥയിലാണ് എഴുത്തുകാരനും വായനക്കാരനും പരസ്പരം സ്ഥാനം വെച്ച് മാറുന്നത്. എഴുത്തുകാരന്റെ സമകാലികര്‍ക്ക് തങ്ങളുടേത് കൂടി എന്ന് തോന്നുന്ന ആഖ്യാനം പ്രായത്തിലും കാലത്തിലും മാറിനില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം അപകടകരമായ ഗൃഹാതുരത്വത്തിന്റേയും ഭൂതകാലാഭിമുഖ്യത്തിന്റേയും സുവര്‍ണ്ണ നിദാനങ്ങള്‍ ആകാം. ഹിപ്പി എന്ന നോവല്‍ ആഗോളതലത്തില്‍ വിജയിക്കുന്നതിനുള്ള സാധ്യതകള്‍ തെളിയുന്നത് ഈ രണ്ടുതരം വായനക്കാരും ലോകത്തുണ്ട് എന്നതുതന്നെയാണ്.

ഏതൊരു എഴുത്തുകാരനും സര്‍ഗ്ഗാത്മക ക്ഷീണം എന്നൊരു അവസ്ഥയുണ്ട്. കൊയ്ലോ കുറച്ചു കാലമായി അതിലൂടെ കടന്നുപോവുകയായിരുന്നു. ഇലവന്‍ മിനിറ്റ്സ് എന്നൊരു നിസ്തുലമായ കൃതിക്കു ശേഷം ഏകദേശം ഒരു ദശകം കഴിഞ്ഞാണ് കൊയ്ലോ അഡള്‍ട്രി എന്ന നോവല്‍ എഴുതുന്നത്. ഇലവന്‍ മിനിസ്റ്റ്സിലെ മരിയയുടെ സങ്കീര്‍ണ്ണതകളേയും മനുഷ്യത്വത്തേയും കവച്ചു വെയ്ക്കുന്ന ഒരു ആഖ്യാനമോ കഥാതന്തുവോ അവതരിപ്പിക്കാന്‍ അഡള്‍ട്രിയില്‍ കൊയ്ലോയ്ക്കു കഴിഞ്ഞില്ല. അത് സ്പൈ എന്ന നോവലില്‍ എത്തുമ്പോള്‍ ഒരു ചരിത്രരേഖയുടെ കേവല പുനരാഖ്യാനമായി വഷളാകുന്നുമുണ്ട്. ഇത് കൊയ്ലോയ്ക്കു മാത്രം സംഭവിച്ചതല്ല; ഈ അടുത്തകാലത്തായി ഓര്‍ഹന്‍ പാമുക്കിനും (ചുവന്ന മുടിയുള്ള സ്ത്രീ) സല്‍മാന്‍ റുഷ്ദിക്കും (സുവര്‍ണ്ണ സദനം/ദി ഗോള്‍ഡന്‍ ഹൗസ്) ഈ സര്‍ഗ്ഗാത്മക ക്ഷീണം സംഭവിച്ചതാണ്. എന്ന് കരുതി ഈ നോവലുകള്‍ പാരായണക്ഷമങ്ങള്‍ ആയിരുന്നില്ല എന്നര്‍ത്ഥമില്ല. പക്ഷേ, അവരുടെ നേരത്തെയുള്ള കൃതികളില്‍ കാണപ്പെടുന്ന ആ ഒരു നേര്‍മയും ഒഴുക്കും ആഖ്യാനത്തില്‍ പുതിയ കൃതികളില്‍ കൈവിട്ടുപോകുന്നതായി വായനക്കാര്‍ക്കു തോന്നുന്നുവെങ്കില്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കൊയ്ലോയുടെ ഹിപ്പി എന്ന നോവല്‍ ഈ ഒരു ക്ഷീണത്തെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ട്; ഒരു പരിധി വരെ അതില്‍ വിജയിക്കുന്നുമുണ്ട്.

1969-ല്‍ യൂറോപ്പിലും അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലും ഒക്കെ ഒരു കൂട്ടം ചെറുപ്പക്കാര്‍ നിലവിലുള്ള സാമൂഹിക സാംസ്‌കാരിക നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് കുടുംബങ്ങളില്‍നിന്ന് പുറത്തു വന്നു. അവര്‍ നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചു; അവര്‍ മയക്കുമരുന്നുകള്‍ ഉപയോഗിച്ചു; അവര്‍ മുടി നീട്ടി വളര്‍ത്തി; അവര്‍ പാശ്ചാത്യ സംസ്‌കാരത്തിന് പകരം വെയ്ക്കാന്‍ ഒരു ആത്മീയ സംസ്‌കാരത്തെ അന്വേഷിച്ചു; അവര്‍ അത് സംഗീതത്തിലൂടെയും ലഹരിയിലൂടെയും സ്‌നേഹത്തിലൂടെയും നേടിയെടുക്കാമെന്നു കരുതി അവയെ അന്വേഷിച്ചു ഇറങ്ങിപ്പുറപ്പെട്ടു; പലരും ഗുരുക്കന്മാരെ കണ്ടെത്തി; പലരും കിഴക്കന്‍ രാജ്യങ്ങളില്‍ എത്തി; പലരും വഞ്ചിക്കപ്പെട്ടു; പലരും തെറ്റിദ്ധരിപ്പിക്കപ്പെട്ടു; അവരെയെല്ലാം മുഖ്യധാരാ സമൂഹം ഹിപ്പികള്‍ എന്ന് വിളിച്ചു. ഹിപ്പികള്‍ ഒരു ആഗോള സമൂഹ സൃഷ്ടിക്കായി ആഗ്രഹിച്ചു. അതിര്‍ത്തികളില്ലാത്ത ഒരു ലോകത്തേക്ക് അവര്‍ സ്വന്തം രാജ്യങ്ങളിലെ പാസ്സ്പോര്‍ട്ടുകളുമായി ഇറങ്ങിപ്പുറപ്പെട്ടു; ഹിപ്പികളുടെ സ്വാതന്ത്ര്യത്തെ ലോകം ഭയന്ന്; ജനപ്രിയ കലാരൂപങ്ങളിലേക്ക് ഹിപ്പിസത്തെ ആവാഹിച്ചെടുത്തുകൊണ്ട് ആ ഭീഷണമായ സ്വാതന്ത്ര്യബോധത്തെ സാധാരണീകരിക്കാന്‍ മുഖ്യധാരാ സമൂഹം ശ്രമിച്ചു. അതില്‍ പൂര്‍ണ്ണമായും വിജയിക്കാതെ വന്നപ്പോള്‍ അവര്‍ ഹിപ്പിസത്തെ ലൈംഗിക അരാജകത്വം എന്ന പേരിട്ടു ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. കാരണം മുഖ്യധാരാ സമൂഹത്തിന്റെ നിര്‍മ്മിതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായിരുന്നു നിയന്ത്രിതമായ ലൈംഗിക സ്വഭാവങ്ങള്‍. ഹിപ്പികള്‍ നിയമം അനുസരിക്കാത്ത നൊമാഡുകള്‍ ആണെന്ന് ലോകം പറഞ്ഞു. അവര്‍ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കെതിരെ യുദ്ധയന്ത്രങ്ങള്‍ തയ്യാര്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അധികാരികള്‍ ഭയപ്പെട്ടു. അതിനാല്‍ അവരെ പൊലീസും പട്ടാളവും വേട്ടയാടി. പക്ഷേ, ഹിപ്പികള്‍ അന്വേഷിച്ചത് ഒരു പകരജീവിതമായിരുന്നു. മുതലാളിത്ത കമ്പോളവ്യവസ്ഥിതിയില്‍ പകരജീവിതം അസാധ്യതയുടെ അയല്‍പ്പക്കമാണെന്നു മനസ്സിലാക്കിയ ഹിപ്പി സമൂഹം മുഖ്യധാരാ സമൂഹത്തിന്റെ സുനാമിയില്‍ തകര്‍ന്നുപോവുകയായിരുന്നു. കൊയ്ലോയുടെ 'ഹിപ്പി' ഈ ആഗോളാനുഭവത്തിനെ വ്യക്തിയുടെ കാചത്തിലൂടെ നോക്കിക്കാണുന്നതാണ്.
അനുഭവങ്ങള്‍ക്കും പാഠങ്ങള്‍ക്കും പകരംവെയ്ക്കാന്‍ മറ്റൊന്നില്ല എന്നും ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നത് വഴി ലോകത്തെ സ്‌നേഹമുള്ള ഒരിടമാക്കാന്‍ കഴിയുമെന്നും ആരും ആരെയും അടിമയാക്കി വെയ്ക്കാന്‍ മുതിരരുതെന്നും (സ്‌നേഹം കൊണ്ട് പോലും) ഉള്ള സന്ദേശങ്ങള്‍ മാത്രമാണ് ഈ പുസ്തകത്തില്‍ ഉള്ളത്. ഇതാകട്ടെ, കൊയ്ലോയുടെ മിക്കവാറും എല്ലാ പുസ്തകങ്ങളിലും ഉള്ള സന്ദേശങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇതര പുസ്തകങ്ങളെ അപേക്ഷിച്ച് കൊയ്ലോ ഈ പുസ്തകത്തില്‍ ഒരുതരം സന്ദേശത്തിനും അത്രയധികം പ്രാധാന്യം കല്പിക്കുന്നതായി തോന്നുന്നില്ല. ആമുഖത്തില്‍ തന്നെ പറയുന്നുണ്ട്, ഇതിലെ പാവ്ലോ എന്ന് പേരുള്ള  മെലിഞ്ഞ ബ്രസീലിയന്‍ യുവാവ് താന്‍ തന്നെയാണെന്നും പക്ഷേ, ആഖ്യാനത്തിലെ വസ്തുനിഷ്ഠത നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് മൂന്നാം വ്യക്തിത്വമായി നിന്ന് താന്‍ ആഖ്യാനം നടത്തുന്നതെന്നും കൊയ്ലോ വ്യക്തമാക്കുന്നുണ്ട്. മാതാപിതാക്കളുടെ ഉപദേശമൊന്നും വകവെയ്ക്കാതെ തന്നെക്കാള്‍ പത്തുവയസ്സിനു മൂപ്പുള്ള ഒരു യുഗോസ്ലാവ്യന്‍ സ്ത്രീയുമായി യാത്ര പുറപ്പെടുന്ന പാവ്ലോ പൊലീസിന്റെ പിടിയില്‍ അകപ്പെടുകയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കു വിധേയമാവുകയും ചെയ്യുന്നു. ആ സ്ത്രീയും പിടിക്കപ്പെടുന്നുണ്ട്. സ്വതന്ത്രമായതോടെ, പിന്നീടവര്‍ പാവ്ലോയുമായി യാത്ര തുടരാന്‍ ആഗ്രഹിക്കുന്നില്ല. അതേസമയം, ആംസ്റ്റര്‍ഡാമില്‍ ഡാം ചത്വരത്തില്‍ തന്റെ ആത്മീയ സുഹൃത്ത് എവിടെനിന്നോ പ്രത്യക്ഷമാകും എന്ന പ്രതീക്ഷയില്‍ കാര്‍ല എന്നൊരു ഡച്ച് യുവതി ഇരിപ്പുണ്ട്. ആ സുഹൃത്തിനൊപ്പം തന്റെ ആത്മാവ് തേടി ഹിമാലയ പ്രാന്തത്തിലുള്ള ഒരു ഗുഹയില്‍/നേപ്പാളിലെ ഒരു ഗുഹയില്‍ പോയി തപസ്സനുഷ്ഠിക്കണം എന്നാണ് അവള്‍ കരുതുന്നത്.
പാവ്ലോയ്ക്ക് രണ്ടു ലക്ഷ്യങ്ങളാണുള്ളത്; ഒന്ന് ആത്മാവിനെ തെരഞ്ഞുപിടിക്കുക, രണ്ട്, ഡാം ചത്വരത്തിലോ ലണ്ടനിലെ പിക്കാഡില്ലി സര്‍ക്കസിലോ എത്തുക; അവിടെയെല്ലാമാണ് ഹിപ്പികളുടെ സ്വര്‍ഗ്ഗരാജ്യം. ആംസ്റ്റര്‍ഡാമിലെത്തുന്ന പാവ്ലോ യാദൃച്ഛികമായി കാര്‍ലയെ പരിചയപ്പെടുന്നു. മാംസനിബദ്ധമല്ലാത്ത ഒരു രാഗം അവര്‍ തമ്മിലുണ്ടാകുന്നു. അവിടെനിന്ന് അവള്‍ ഒരു മാജിക് ബസില്‍ കയറി കരമാര്‍ഗ്ഗം നേപ്പാളില്‍ പോകാന്‍ ടിക്കറ്റെടുക്കുന്നു. എഴുപത് ഡോളര്‍ മാത്രമാണ് ചെലവ്. ഒടുവില്‍ പാവ്ലോ തന്റെ ലക്ഷ്യങ്ങള്‍ മാറ്റിവെച്ച് മാജിക് ബസില്‍ കാര്‍ലയ്‌ക്കൊപ്പം നേപ്പാളില്‍ പോകാന്‍ തയ്യാറാകുന്നു. ബസില്‍ പലതരം മനുഷ്യരുണ്ട്. അവര്‍ക്കെല്ലാം തീക്ഷ്ണമായ അനുഭവങ്ങളുടെ കഥകള്‍ പറയാനുണ്ട്. യാത്രയ്ക്കിടെ അവര്‍ തുര്‍ക്കിയില്‍ എത്തുന്നു. അവിടെ വെച്ചാണ് യഥാര്‍ത്ഥത്തില്‍ കാര്‍ലയും പാവ്ലോയും പ്രണയത്തിലാകുന്നതും കിടക്ക പങ്കിടുന്നതും. പക്ഷേ, പാവ്ലോ അന്വേഷിക്കുന്നത് സൂഫി വര്യന്മാരായ ദര്‍വേഷുകളെ ആണ്. അവരില്‍നിന്ന് നൃത്തത്തിലൂടെ ആത്മീയ സാക്ഷാല്‍ക്കാരം തേടാന്‍ പാവ്ലോ തീരുമാനിക്കുന്നു. സ്‌നേഹം ബന്ധനം ആകരുതെന്നു ഇരുവരും കരുതുന്നതിനാല്‍ കാര്‍ല പാവ്ലോയെ തുര്‍ക്കിയില്‍ ഉപേക്ഷിച്ച് മാജിക് ബസില്‍ നേപ്പാളിലേക്കുള്ള യാത്ര തുടരുന്നു. കൊയ്ലോയുടെ നോവലുകളില്‍ മിക്കവയും യാഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്‌കാരമാണെന്നു കാണാം. പതിവ് പോലെ ഹിപ്പി എന്ന നോവലും അവസാനിക്കുന്നത് ഒരു പിന്‍കുറിപ്പിലാണ്. 2005 -ല്‍ പാവ്ലോ ആംസ്റ്റര്‍ഡാമില്‍ ഒരു പ്രസംഗത്തിനായി പോകുന്നു. അവിടെ വെച്ച് ഈ നോവലിലെ കഥ അയാള്‍ പറയുന്നു. സദസ്സില്‍ കാര്‍ല ഉണ്ടെങ്കില്‍ കൈയുയര്‍ത്താന്‍ അയാള്‍ ആവശ്യപ്പെടുന്നു. ആരും കൈ ഉയര്‍ത്തുന്നില്ല. ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. ഉണ്ടെങ്കില്‍പ്പോലും അവള്‍ക്കു ഭൂതകാലത്തിലേക്ക് മടങ്ങാന്‍ താല്‍പ്പര്യം ഇല്ലാതിരിക്കാം. അങ്ങനെയാണ് നല്ലതെന്നു പറഞ്ഞുകൊണ്ടാണ് കൊയ്ലോ പുസ്തകം അവസാനിപ്പിക്കുന്നത്.

തുര്‍ക്കിയില്‍ പാവ്ലോ ഒരു സൂഫി ഗുരുവിനെ അന്വേഷിക്കുന്നുണ്ട്. ഒരു ദിനം അയാള്‍ വരുമെന്ന് അവിടെയുള്ള ഒരാള്‍ പറയുന്നുണ്ട്. അയാളായിരിക്കുമോ ഗുരു? നമുക്കറിയില്ല. പാവ്ലോയ്‌ക്കൊപ്പം നമ്മളും ആ ഗുരുവിനെ അന്വേഷിക്കുന്നുണ്ട്. തനിക്ക് ജീവിതവെളിച്ചം നല്‍കിയത് മൂന്നുപേരാണെന്ന് ആ മനുഷ്യന്‍ പാവ്ലോയോട് പറയുന്നുണ്ട്. ഒന്ന് ഒരു കള്ളന്‍, മറ്റൊന്ന് ഒരു നായ, മൂന്നാമത്തേത് ഒരു കുട്ടി. യാദൃച്ഛികമായാണ് അയാള്‍ കള്ളനെ പരിചയപ്പെടുന്നത്. കള്ളന്‍ അയാള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങി. എന്നും രാത്രി കള്ളന്‍ മോഷ്ടിക്കാന്‍ പോകും; പലപ്പോഴും വെറും കയ്യോടെ മടങ്ങും. എന്തുകൊണ്ട് നിരാശയില്ലെന്നു ചോദിച്ചപ്പോള്‍, നാളെ വീണ്ടും ശ്രമിക്കാനുള്ളതാണല്ലോ എന്നാണ് കള്ളന്‍ പറയുന്നത്. നായയ്ക്ക് അതിയായ ദാഹമുണ്ടായി. നദിയില്‍ ചെല്ലുമ്പോള്‍ അതാ അവിടെ മറ്റൊരു നായ തന്നെ നോക്കി നില്‍ക്കുന്നു. ഭയന്ന നായ പിന്മാറി. ഒടുവില്‍ ദാഹം സഹിക്കവയ്യാതെ നായ നദിയിലേക്കു എടുത്തുചാടി അതോടെ അവിടെയുണ്ടായിരുന്ന മറ്റേ നായ അപ്രത്യക്ഷമായി. മൂന്നാമത്തെ ഗുരു ഒരു കുട്ടിയാണ്. അവന്‍ ഒരു മെഴുതിരി കൊളുത്തി. അതുവരെ ആ വെളിച്ചം എവിടെയായിരുന്നു എന്ന് അയാള്‍ കുട്ടിയോട് ചോദിച്ചു; കുട്ടി മെഴുതിരി കെടുത്തിയശേഷം തിരികെ ചോദിച്ചു; ഇപ്പോള്‍ ആ വെളിച്ചം എവിടെയാണ് പോയിമറഞ്ഞത്? ഹിപ്പി എന്ന പുസ്തകത്തിലെ ഒരു ഹൈലൈറ്റ് ആയി ഈ ഭാഗത്തെ എടുത്തുകാട്ടാം. കൊയ്ലോയുടെ ആരാധകരെ നിരാശയില്‍ ആഴ്ത്തില്ല ഈ നോവല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com