പള്ളിയും പര്‍ദ്ദയും: താഹ മാടായി എഴുതുന്നു

മുസ്ലിം സ്ത്രീകള്‍  ദൈവത്തെ പള്ളിയില്‍ പോയി ആണ്‍കൂട്ട സദസ്സില്‍ തിരയേണ്ടതില്ല. പാര്‍ക്കുകളിലും തിയേറ്ററുകളിലും ഫുട്‌ബോള്‍ മൈതാനങ്ങളിലും സംഗീതശാലകളിലും വായനശാലകളിലും  പോകുക.
പള്ളിയും പര്‍ദ്ദയും: താഹ മാടായി എഴുതുന്നു

റുപ്പണിയുന്ന യുവതികള്‍ ആണ് ഇപ്പോള്‍ കേരളത്തിലെ വാര്‍ത്താബിന്ദു. ശബരിമലയിലെന്ന പോലെ സുന്നി പള്ളികളിലും മുസ്ലിം സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന ആവശ്യം ചില കോണുകളില്‍നിന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മുസ്ലിം സ്ത്രീകള്‍ക്ക് സുന്നി പള്ളികളില്‍ പ്രവേശനം വേണമെന്ന ആവശ്യം, കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ നേടിയ ഉണര്‍വ്വിനെ പിറകോട്ടു നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുസ്ലിം സ്ത്രീകളുടെമേല്‍ ഉള്ള പുരുഷന്റെ അധികാരങ്ങളെ ഊട്ടിയുറപ്പിക്കാന്‍ മാത്രമേ പള്ളിപ്രവേശനംകൊണ്ട് സാധ്യമാവുകയുള്ളൂ. കാരണം, ഇമാമായി നില്‍ക്കുന്നത്, ഖുതുബ നിര്‍വ്വഹിക്കുന്നത് പുരുഷന്‍ ആണ്. ആമിന വദൂദ് പോലെയുള്ള ഖുര്‍ആന്‍ പെണ്‍വായന നടത്തിയ സ്ത്രീകള്‍ക്ക് പോലും ആ നിലയില്‍ ഏറെ മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. നിശ്ചയമായും അവര്‍ ചില സന്ദര്‍ഭങ്ങളില്‍ നമസ്‌കാരത്തിന് ഇമാം ആയി മുന്നില്‍ നിന്നിരുന്നു. എങ്കിലും ആ നിലയില്‍ അവരെ തുണച്ചവര്‍ ഏറെയുണ്ടായില്ല. കാരണം, ഇസ്ലാമില്‍ കേന്ദ്രപ്രമേയം പുരുഷനാണ്.

ഇസ്ലാം പുരുഷമതമാണ്. അതിലെ മതഘടനയ്ക്കുള്ളില്‍ സ്ത്രീകള്‍ക്ക്  വളരെ പരിമിതമായ ഇടമാണുള്ളത്, അങ്ങനെയല്ല എന്ന് മതവാദികള്‍ പറയുമെങ്കിലും. ആധുനികവല്‍ക്കരണത്തോടൊപ്പം സാമൂഹികബന്ധങ്ങളില്‍ ഉണ്ടായ മാറ്റം, വിപണി സാധ്യമാക്കുന്ന വസ്തു തെരഞ്ഞെടുപ്പ് സാദ്ധ്യതകള്‍, വിദ്യാഭ്യാസപരമായ വമ്പിച്ച മുന്നേറ്റം ഇങ്ങനെ മുസ്ലിം പുരുഷന്മാരില്‍ ഏറെ അപകര്‍ഷതയുണ്ടാക്കാന്‍ കഴിയും വിധം കേരളത്തിലെങ്കിലും മുസ്ലിം സ്ത്രീകള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. പള്ളിയില്‍ പോയി സമ്പാദിച്ചതല്ല ഇതൊന്നും. അതായത് മതം സ്ത്രീകള്‍ക്ക് നല്‍കിയ വ്യക്തിപരമായ പരിജ്ഞാനത്തെക്കാള്‍ വിദ്യാഭ്യാസവും ഭരണഘടനയും അവര്‍ക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള വഴികള്‍ തുറന്നുകൊടുത്തിട്ടുണ്ട്.
പള്ളിയില്‍ മുസ്ലിം സ്ത്രീകള്‍ പോകുമ്പോള്‍ ഈ വഴികള്‍ അടയും. അവിടെ ഉല്‍ബോധനം ചെയ്യുന്നത് പുരുഷവീക്ഷണത്തില്‍ ഉള്ള മതസങ്കല്പമാണ്.

അപ്പോള്‍ പള്ളിയില്‍ പോകുന്ന മുസ്ലിം സ്ത്രീകള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍:
ഒന്ന്: നിങ്ങള്‍ സ്ത്രീകളാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞു അവരെ അബലകളായി ചിത്രീകരിക്കും.
രണ്ട്: ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരങ്ങള്‍ ഉള്ള ഗ്രാമസഭകള്‍ പോലെ അല്ല പള്ളികള്‍. അവിടെ സ്ത്രീകള്‍ക്ക് പുരോഹിതന്മാര്‍ പറയുന്നത് 'കേള്‍ക്കാനല്ലാതെ' തിരിച്ചൊന്നും പറയാനില്ല.
മൂന്ന്: സാമൂഹ്യവല്‍ക്കരണ പ്രക്രിയയില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തമുള്ള ഒരു തൊഴില്‍സംവാദം അവിടെ നടക്കില്ല. 'ഉദ്യോഗമുള്ള സ്ത്രീ' മതത്തില്‍ ശ്ലാഘനീയരല്ല.
നാല്: നിങ്ങള്‍ക്ക് നിങ്ങളുടേതായ വസ്ത്രസങ്കല്പം സാക്ഷാല്‍ക്കരിക്കാന്‍ പള്ളിയില്‍ സാധ്യമല്ല. പര്‍ദ്ദ മാത്രമാണ് ചോയ്സ്.
അഞ്ച്: സ്ത്രീകള്‍ക്ക്  പുരുഷന്മാരോടൊപ്പം ഇടകലര്‍ന്നിരിക്കാന്‍ അവിടെ സാധ്യമല്ല.
ആറ്: തീവ്രവും ആഴത്തിലുള്ളതുമായ സ്വര്‍ഗ്ഗ നരക ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇടമാണ് പള്ളികള്‍. സ്ത്രീകള്‍ സ്വന്തം പദവികള്‍ താഴ്ത്തിക്കെട്ടി വേണം ആ സദസ്സില്‍ ഇരിക്കാന്‍.
ഏഴ്: പള്ളിയില്‍ ഒരു തരത്തിലുള്ള അധികാരക്കൈമാറ്റവും സ്ത്രീകളാല്‍ നടക്കില്ല. മുസ്ലിം സ്ത്രീക്ക് അല്‍പ്പമെങ്കിലും അധികാരം കയ്യാളാന്‍ ഇടം അനുവദിച്ചിട്ടുള്ളത് വീട്ടില്‍ മാത്രമാണ്.
എട്ട്: സ്ത്രീപുരുഷ വിവേചനങ്ങള്‍ അവസാനിപ്പിക്കാവുന്ന പുതിയൊരു ആശയവും അവിടെ ചര്‍ച്ച ചെയ്യുക പോലുമില്ല. ഫെമിനിസ്റ്റ് എന്ന വാക്ക് മതവിരുദ്ധമാണ്.
ഒന്‍പത്: നവീകരണം എന്നത് കുറ്റകരമാണ്.
പത്ത്: പുതിയ നിയമമീമാംസകള്‍ അവിടെ രൂപപ്പെടുന്നില്ല. എല്ലാ കാലത്തേക്കുമുള്ള ഇസ്ലാമിക നിയമങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞു എന്നിരിക്കെ, സ്ത്രീകള്‍ക്ക് മാത്രമായി പുതിയൊരു കാര്യവും പള്ളിയിലിരുന്ന് ചിന്തിക്കാന്‍ കഴിയില്ല.
അപ്പോള്‍, എന്തിനാണ് സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത്? സ്ത്രീകള്‍ക്കാവശ്യമായ പുതിയൊരു ഉടമ്പടിയും രൂപപ്പെടുത്താത്ത ഇടത്തേക്ക് എന്തിനു സ്ത്രീകള്‍ പോകണം? മുത്തലാക്ക് വിഷയത്തില്‍പ്പോലും സ്ത്രീകള്‍ക്കനുകൂലമല്ല കേരളത്തിലെ മുസ്ലിം ആണ്‍മതം.
ജമാഅത്തെ ഇസ്ലാമിയുടേയും സലഫികളുടേയും നിയന്ത്രണത്തില്‍ ഉള്ള പള്ളികളില്‍ ഇപ്പോള്‍ത്തന്നെ മുസ്ലിം സ്ത്രീകള്‍ക്ക് പോകാം. യാത്രക്കാരായ സ്ത്രീകള്‍ക്ക് നിസ്‌കരിക്കാനുള്ള ഇടം പല സുന്നി പള്ളികളിലും  ഇപ്പോഴുണ്ട്. കേരളീയ മുസ്ലിം സമൂഹം കൂടുതല്‍ മതാത്മകമാക്കാനും പര്‍ദ്ദയുടെ വിപണി സാധ്യത വര്‍ധിപ്പിക്കാനും മാത്രമേ സ്ത്രീകളുടെ പള്ളി പ്രവേശനം കൊണ്ട് സാധ്യമാവുകയുള്ളൂ. സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ഒരു ആശയവും അവിടെ ചര്‍ച്ച ചെയ്യാറില്ല. വീട് വിട്ടു പല ജോലികള്‍ ചെയ്ത് സ്വാശ്രയരായിത്തീര്‍ന്ന സ്ത്രീകളെ വീണ്ടും വീട്ടിലേക്ക് തന്നെ മടക്കാന്‍ ഉള്ള അടവുനയങ്ങള്‍ ഉസ്താദുമാര്‍ പറഞ്ഞുകൊണ്ടിരിക്കും.

അതുകൊണ്ട്, മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോകരുത്. സ്ത്രീകള്‍ പൊതു ഇടങ്ങളിലേക്ക് പോകുക. നിങ്ങളുടെ മനസ്സിലുള്ള ദൈവത്തെ തേടി പള്ളിയില്‍ പോകേണ്ടതില്ല. അനാവശ്യമായ ഒരു വ്യവഹാരത്തിലേക്ക് സ്ത്രീകളെ തള്ളിവിടുക വഴി ഇതിനകം സ്ത്രീകള്‍ നേടിയ സ്വതന്ത്രലോക സങ്കല്പങ്ങളെ മതത്തിന്റെ ഇടുങ്ങിയ വഴിയിലേക്ക് തന്നെ തിരിച്ചുവിടാനുള്ള പിന്തിരിപ്പന്‍ ആശയമാണ് പുരോഗമന മുഖമുള്ള ചിലര്‍ നടത്തുന്നത്. യൂറോപ്പിലൊക്കെ ക്രിസ്തീയ വിശ്വാസികളെ കിട്ടാതെ ദേവാലയങ്ങള്‍ പൂട്ടുകയാണ്. ഇവിടെ ക്ഷേത്രത്തിലേക്കും മസ്ജിദുകളിലേക്കും സ്ത്രീകളെ കയറ്റി നിറക്കാന്‍ സമരം ചെയ്യുന്നു, കോടതി കയറുന്നു. മതത്തിലേക്ക്, പള്ളിയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിപ്പണിയുടെ പേരല്ല, മുസ്ലിം ഫെമിനിസം. മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോകണമെന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നത് പര്‍ദ്ദാ നിര്‍മ്മാതാക്കള്‍ ആണ്. കേരളത്തില്‍ പര്‍ദ്ദ ഇത്രയും വ്യാപകമായതിനു പിന്നില്‍ സലഫി/ ജമാഅത്തെ  ഇസ്ലാമി പള്ളികളിലെ സ്ത്രീ പ്രവേശനത്തിന് വലിയ പങ്കുണ്ട്.


മലയാളി മുസ്ലിം സ്ത്രീകള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തോടെയുള്ള അനായാസമായ പോക്കുവരവുകള്‍ക്ക് പള്ളിപ്രവേശനം മസ്തിഷ്‌ക പ്രക്ഷാളനത്തോടെ ഷട്ടര്‍ ഇടുമെന്ന കാര്യത്തില്‍ സംശയമില്ല. ആ ഷട്ടര്‍ പര്‍ദ്ദയാണ്.
കഴിഞ്ഞവര്‍ഷം ആമിന വദൂദ് കേരളത്തില്‍ വന്നിരുന്നു. കുറേ ദിവസം അവര്‍ കണ്ണൂരുണ്ടായിരുന്നു. അവര്‍ തിരിച്ചുപോയപ്പോള്‍ മാത്രമാണ് പലരും അവരിവിടെ വന്നു പോയ കാര്യം പോലും  അറിഞ്ഞത്. പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ ആമിന വദൂദ് പോലും ഇവിടെ ശ്രദ്ധാകേന്ദ്രമാകുന്നില്ല.
മതം സ്ത്രീകള്‍ക്ക് പുതിയൊരു വാഗ്ദാനവും നല്‍കുന്നില്ല. മതത്തില്‍നിന്ന് പുതുതായി പലതും വായിച്ചെടുക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും സമൂഹത്തിനു പുതിയ വാഗ്ദാനങ്ങള്‍ നല്‍കാനായിട്ടില്ല.
അതുകൊണ്ട്, മുസ്ലിം സ്ത്രീകള്‍  ദൈവത്തെ പള്ളിയില്‍ പോയി ആണ്‍കൂട്ട സദസ്സില്‍ തിരയേണ്ടതില്ല. പാര്‍ക്കുകളിലും തിയേറ്ററുകളിലും ഫുട്‌ബോള്‍ മൈതാനങ്ങളിലും സംഗീത ശാലകളിലും വായനശാലകളിലും  പോകുക. അവിടെ ദൈവം മുസ്ലിം സ്ത്രീകളെ കാത്തിരിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com