മലയാളി അറിയാത്ത മഹാജ്ഞാനി: സ്വാമി ആദിനാഥ് എഴുതുന്നു

മെലിഞ്ഞുനീണ്ട കൈവിരലുകള്‍ പഴകിയ ഗഞ്ചിറയില്‍ താളമിട്ടു. തോളറ്റം നീണ്ട വെണ്‍മുടിച്ചുരുളുകള്‍ താളത്തില്‍ ഇളകിയാടി.
മലയാളി അറിയാത്ത മഹാജ്ഞാനി: സ്വാമി ആദിനാഥ് എഴുതുന്നു

''ത്നാം ഗുരോ സത്നാം സത്നാം
സത്നാം ഗുരോ സത്നാം സത്നാം...''
ഏതോ പുരാതന മുശായിരയിലെ ഗായകനെപ്പോലെ ആ വൃദ്ധതാപസന്‍ സ്വയം മറന്നു പാടുകയാണ്. മെലിഞ്ഞുനീണ്ട കൈവിരലുകള്‍ പഴകിയ ഗഞ്ചിറയില്‍ താളമിട്ടു. തോളറ്റം നീണ്ട വെണ്‍മുടിച്ചുരുളുകള്‍ താളത്തില്‍ ഇളകിയാടി. രാത്രിയിലെപ്പോഴും നേര്‍ത്ത നിലാവിന്റെ കമ്പളം പുതച്ചുനില്‍ക്കുന്ന കാശിയുടെ അന്തരീക്ഷത്തില്‍ (''കാശി സര്‍വ്വപ്രകാശിക'' എന്നു 'കാശീപഞ്ചക'ത്തില്‍ ആചാര്യ സ്വാമികള്‍) ആ നാദം ഒരു മധുര ഗീതം പോലെ അലിഞ്ഞുചേര്‍ന്നു. ചരിത്രസ്മൃതികള്‍ തിടം ചാര്‍ത്തിനില്‍ക്കുന്ന കബീര്‍ സമാധിമണ്ഡപത്തിനു മുന്നിലെ ആ ആലാപനവേദിയില്‍ മറ്റു കേള്‍വിക്കാരാരും ഉണ്ടായിരുന്നില്ല. മഹാഗുരുവിന്റെ കാരുണ്യപ്രവാഹത്തെക്കുറിച്ചു മനസ്സലിഞ്ഞു പാടുകയാണ് ആ വൃദ്ധഗായകന്‍. ജാഗ്രത്തിനും സുഷുപ്തിക്കുമിടയിലെന്നോണം, സമാധിമണ്ഡപത്തിലെ കല്‍ത്തൂണില്‍ ചാരിയിരിക്കുമ്പോള്‍, ജന്മങ്ങള്‍ക്കപ്പുറത്തെവിടെ നിന്നോ കിനിഞ്ഞ ഒരു വാത്സല്യസ്പര്‍ശം പോലെ മൂര്‍ദ്ധാവില്‍ ഒരു മൃദുകരസ്പര്‍ശം. ഓടിത്തളര്‍ന്നൊടുവിലൊരു തീര്‍ത്ഥഭൂമിയുടെ തീരമണഞ്ഞ യാത്രികനത് ഒരു സാന്ത്വനമാകുന്നു. ''മഹാഗുരുവേ... പരമപിതാവേ... ആ കാരുണ്യത്തിനു മുന്നില്‍ ഞാനാര്?'' കണ്ണുകള്‍ തുളുമ്പിപ്പോകുന്നു.

നൂറ്റാണ്ടുകള്‍ക്കപ്പുറത്ത്, മലയാളക്കരയില്‍നിന്നുമൊരു ബ്രാഹ്മണയുവാവ് ഗ്രന്ഥക്കെട്ടുകള്‍ കുത്തിനിറച്ച ഭാണ്ഡം ചുമലിലേറ്റിയ ഒരു കാളക്കൂറ്റനോടൊപ്പം ഗര്‍വ്വോടെ ആ ചത്വരത്തിലേക്കു നടന്നുവരുന്ന ഒരു മനോഹര ദൃശ്യം ഇപ്പോള്‍ മനസ്സില്‍ തെളിഞ്ഞുവരുന്നുണ്ട്. പകല്‍നേരത്തെ സംഭാഷണത്തിലെപ്പോഴോ, 'ശ്രുതി ഗോപാല്‍' എന്ന പേര് ഇടം നേടിയിരുന്നതാണ്. ആ പേരിനു കൂടുതല്‍ തെളിച്ചമുണ്ടായത് ഇപ്പോള്‍ മാത്രമാണ്. 'സന്ത് കബീര്‍ദാസ്', അദ്ദേഹത്തിന്റെ ആത്മവീചികള്‍ കവിതകളായൊഴുകിയ ദോഹകള്‍, അതിനപ്പുറം ആ സന്ന്യാസപരമ്പരയുടെ ഉള്‍ക്കാമ്പിലേക്കിറങ്ങിച്ചെല്ലുവാന്‍ മാത്രം ജിജ്ഞാസുവായിരുന്നില്ല ഞാന്‍. കബീര്‍ദാസിനു ശേഷമുള്ള ആ സന്ന്യാസപരമ്പരയുടെ ആദ്യത്തെ ആചാര്യനാണ് ശ്രുതി ഗോപാല്‍ സാഹിബ്. വടക്കേ ഇന്ത്യക്കാര്‍ക്ക് അദ്ദേഹം സുരതി ഗോപാലാണ്. കേരളക്കരയിലെ പഴയ തിരുവിതാംകൂറില്‍നിന്നും കാശിയിലെത്തിയ മലയാളിയാണ് അദ്ദേഹം എന്നറിയാന്‍ വേണ്ടി മാത്രമാണ് ഇത്തവണ കബീര്‍ ചത്വരയിലെത്തിയത്.
എന്ത് ഉള്‍പ്രേരണയാകണം ഈ രാത്രിയുടെ ഏകാന്തതയില്‍ കബീര്‍ സമാധി മണ്ഡപത്തിന്റെ മുന്നില്‍ എന്നെ എത്തിച്ചത്? കബീര്‍ മഠത്തിന്റെ ഇപ്പോഴത്തെ പരമാചാര്യനായ സന്ത് വിവേക് ദാസ് ആചാര്യയ്ക്കുമുണ്ടായിരിക്കണം അങ്ങനെയൊരു ഉള്‍വിളി. പിന്നീടൊരിക്കല്‍ കബീര്‍ പന്ഥിയിലേക്കു മന്ത്രദീക്ഷ നല്‍കുന്ന ചടങ്ങില്‍ വെച്ച് അദ്ദേഹം എന്നോടു ഹൃദയം തുറന്ന് ഇങ്ങനെ പറഞ്ഞു: ''കബീര്‍ മഠത്തിന്റെ പടികള്‍ കടന്നു നിങ്ങളിവിടേയ്ക്കു വരുമ്പോള്‍ ആരെന്നോ എന്തെന്നോ ഞാന്‍ ചോദിച്ചില്ല. ഒന്നും ചോദിക്കാതെ തന്നെ ഒരു മനോവേഗം കൊണ്ടു ഞാന്‍ നിങ്ങളെ തിരിച്ചറിഞ്ഞിരുന്നു.'' ഹൃദയം വിതുമ്പിപ്പോയ നിമിഷങ്ങള്‍. ഏകാന്തമായ രാത്രികളില്‍ ധ്യാനത്തിലോ ഗ്രന്ഥരചനയിലോ മുഴുകാറുള്ള അദ്ദേഹം സമാധിമണ്ഡപത്തില്‍ എന്നെ കണ്ടിട്ടാകണം അരികിലെത്തിയത്. പലകുറി അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് അവിടെ കഴിഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം കബീറിന്റെ ദര്‍ശനങ്ങളേയും ജീവിതത്തേയും കുറിച്ച് ആഴത്തില്‍ അദ്ദേഹം സംസാരിച്ചു(1). അപ്പോഴൊന്നും അദ്ദേഹം ശ്രുതി ഗോപാലിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ബീജക് മന്ദിരത്തിനു മുന്നിലെ ചുവരില്‍ സന്ത് കബീര്‍ ദാസിന്റെ ചിത്രത്തിനു തൊട്ടരികിലായി ശ്രുതി ഗോപാലിന്റെ ചിത്രവും കാണാം. തലപ്പാവ് കെട്ടിയ ഒരു ബ്രാഹ്മണന്റെ ചിത്രം. അതില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു:

''SRUTI GOPAL 1436-1551.' ദീര്‍ഘ മൗനത്തെ ഭേദിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു: ''താങ്കള്‍ക്കറിയാമോ, നിങ്ങളുടെ നാട്ടുകാരനായ സുരതി ഗോപാല്‍ സാഹിബിനെ?'' അദ്ദേഹം ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചില്ലായിരുന്നുവെങ്കില്‍, ബൃഹത്തായ കബീര്‍ ദര്‍ശനങ്ങളും തിരുശേഷിപ്പുകളും ഇന്നു കാണുന്ന വിധത്തില്‍ നമുക്കു കിട്ടുമായിരുന്നില്ല.''

മധ്യകാല ഭാരതത്തിലെ ഭക്തിപ്രസ്ഥാനത്തിന്റെ ചാലകശക്തികളിലൊരാളായ കബീര്‍ ദാസിനെ ഒരു ഭക്തകവി എന്നതിനപ്പുറം മനസ്സിലാക്കിയവര്‍ ദക്ഷിണദേശത്ത് ഏറെയില്ല. അദ്ദേഹത്തിന്റെ പന്ഥിയുടെ പ്രഥമാചാര്യനും പിന്തടര്‍ച്ചക്കാരനും ഒരു മലയാളിയായിരുന്നു എന്നത് അതിവിസ്മയകരമാണ്. അജ്ഞതയുടെ അമിതഭാരത്താല്‍ വിനയാന്വിതനായി ഞാന്‍ മൗനം പൂണ്ടു.

ആറു നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള കാര്യമാണ്. തിരുവനന്തപുരത്തെ അഗ്രഹാരങ്ങളിലൊന്നില്‍ സാധ്വിയായ ഒരമ്മ ഉണ്ടായിരുന്നു. രാജേശ്വരീ ദേവി. വിദുഷിയും സ്വതന്ത്രബുദ്ധിയുമായ അവരുടെ ഒരേയൊരു മകനായിരുന്നു സര്‍വ്വാനന്ദ്. 1438-ലാണ് സര്‍വ്വാനന്ദിന്റെ ജനനം. പഠനത്തില്‍ വളരെ സമര്‍ത്ഥനും ബുദ്ധിശാലിയുമായിരുന്നു. വളരെ ചെറുപ്പത്തിലേ ശ്രുതി സ്മൃതികളിലെല്ലാം അഗാധമായ പാണ്ഡിത്യം നേടി. വിവിധ ഭാഷകളിലും പരിജ്ഞാനം നേടിയ സര്‍വ്വാനന്ദ് എല്ലാവിധ ശാസ്ത്രഗ്രന്ഥങ്ങളിലും അറിവ് സമ്പാദിച്ചു. അറിവ് അദ്ദേഹത്തിനു കൂടുതല്‍ ഗര്‍വ്വ് പകര്‍ന്നു. പണ്ഡിതന്മാരെ വാദപ്രതിവാദങ്ങളില്‍ തോല്‍പ്പിച്ചു കീര്‍ത്തിമാനാകണം. അതായിരുന്നു ആഗ്രഹം.

അക്കാലത്ത് പാണ്ഡിത്യം നിര്‍ണ്ണയിച്ചിരുന്നത് വിദ്വല്‍സഭകളിലൂടെയാണ്. വാദപ്രതിവാദങ്ങളില്‍ പ്രതിയോഗികളെ പരാജയപ്പെടുത്തുന്നവരാണ് വിജയികളാകുക. രാജാക്കന്മാര്‍ ഇത്തരം പണ്ഡിതസഭകളെ പരിപാലിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. പരദേശി ബ്രാഹ്മണനായ ഉദ്ദണ്ഡശാസ്ത്രികളെ സാമൂതിരി രാജാവ് രാജസദസ്സില്‍ അംഗമാക്കി ആദരിച്ചുവത്രെ.
''പലായധ്വം പലായധ്വം രേ രേ ദുഷ്‌കവികുഞ്ജര:
വേദാന്തവന സഞ്ചാരീ ഹ്യയാത്യുദണ്ഡകേസരി''

എന്ന വിജയഭേരീ സമന്വിതമാണത്രെ, കാഞ്ചീപുരത്തുകാരനായ ഉദ്ദണ്ഡകേസരി കേരളക്കരയിലെത്തി ഇവിടുത്തെ ദുഷ്‌കവിക്കൂട്ടങ്ങളെ പരാജയപ്പെടുത്തിയതെന്നു പഴങ്കഥ. ഇത്തരം കഥകള്‍ സര്‍വ്വാനന്ദിനെ പ്രചോദിപ്പിച്ചിട്ടുണ്ടാകണം. ലോകരെല്ലാം തന്നെ 'സര്‍വ്വജിത്ത്' എന്നു വിളിക്കണം എന്ന് അദ്ദേഹം മോഹിച്ചു. ഒരു കാളയുടെ പുറത്ത് തന്റെ ഗ്രന്ഥങ്ങളെല്ലാം കെട്ടിവെച്ച് ദേശാടനത്തിനിറങ്ങി. പലനാടുകളിലേയും പണ്ഡിതന്മാരെ സര്‍വ്വാനന്ദ് തന്റെ നിശിതമായ ഗ്രന്ഥ പാണ്ഡിത്യം ഉപയോഗിച്ചു പരാജയപ്പെടുത്തി.
ആത്മീയോദ്‌ബോധനത്തിന്റെ വെളിച്ചവുമായി സന്ത് കബീര്‍ ദാസ് ഭാരതത്തിലാകെ പര്യടനം നടത്തുന്ന കാലമായിരുന്നു അത്. അത്തരമൊരു സഞ്ചാരത്തിന്റെ ഭാഗമായി, ദക്ഷിണദേശത്ത് തിരുവിതാംകൂറിലും അക്കാലത്തൊരിക്കല്‍ അദ്ദേഹം വന്നുചേര്‍ന്നു(2). കബീര്‍ ദാസിന്റെ മഹാത്മ്യത്തെക്കുറിച്ചു കേട്ടറിഞ്ഞ അമ്മ രാജേശ്വരി ദേവി അദ്ദേഹത്തെ കാണാനെത്തി. പാണ്ഡിത്യഗര്‍വ്വില്‍ മുഴുകി ജീവിതം പാഴാക്കുന്ന മകനെക്കുറിച്ച് ആ അമ്മ പരാതിപ്പെട്ടു. അവനെ നേര്‍വഴിക്കു നയിക്കണമെന്നും യഥാര്‍ത്ഥ ജ്ഞാനം നല്‍കണമെന്നും അവര്‍ കബീര്‍ ദാസിനോട് അപേക്ഷിച്ചു. അവസരം വരുമ്പോള്‍ സര്‍വ്വാനന്ദിനെ കാശിയിലേക്കു അയയ്ക്കാന്‍ കബീര്‍ ദാസ് അവരോടു പറഞ്ഞു.


ഭാരതത്തിലുള്ള എല്ലാ പണ്ഡിതന്മാരേയും പരാജയപ്പെടുത്തി എന്ന ഭാവത്തോടെ ഒരു നാള്‍ വീട്ടിലെത്തിയ സര്‍വ്വാനന്ദ്, ഇനിയെങ്കിലും അമ്മ തന്നെ 'സര്‍വ്വജിത്ത്' എന്നു വിളിക്കണമെന്നു വാശിപിടിച്ചു. മകന്റെ പാണ്ഡിത്യഗര്‍വ്വില്‍ മനം കലങ്ങിയ രാജേശ്വരി ദേവി സ്‌നേഹപുരസ്സരം മകനോടു പറഞ്ഞു: ''പക്ഷേ, ഒരാളെ നീ ഇനിയും പരാജയപ്പെടുത്തിയിട്ടില്ല. അത് കാശിയിലെ കബീര്‍ ദാസാണ്. ആ മഹാനെക്കൂടി നീ പരാജയപ്പെടുത്തിയിട്ടു വരൂ... തീര്‍ച്ചയായും പിന്നെ നീ 'സര്‍വ്വജിത്തു' തന്നെയാണ്, അതിനൊരു സംശയവുമില്ല.'' അതിനു സര്‍വ്വാനന്ദിന്റെ  മറുപടി ഇപ്രകാരമായിരുന്നു. ''കാശിയില്‍വെച്ച് അങ്ങനെയൊരാളെക്കുറിച്ചു ഞാന്‍ കേട്ടിരുന്നു. അയാള്‍ കേവലം ഒരു മുസ്ലിം നെയ്ത്തുകാരനാണ്. വേദാദിഗ്രന്ഥങ്ങളില്‍ ഒരു ജ്ഞാനവുമില്ലാത്ത നിരക്ഷരനാണ് അദ്ദേഹം.'' പക്ഷേ, രാജേശ്വരി ദേവി തന്റെ നിര്‍ബ്ബന്ധത്തില്‍ ഉറച്ചുനിന്നു. അമ്മയുടെ അപേക്ഷ മാനിച്ച് സര്‍വ്വാനന്ദ് പതിവുപോലെ, കാളപ്പുറത്ത് ഗ്രന്ഥക്കെട്ടുകളും നിറച്ച് കാശിയിലേക്കു യാത്രയായി. കാശിയിലെത്തി കബീര്‍ ദാസിന്റെ വീടന്വേഷിച്ച് പരിക്ഷീണിതനായ സര്‍വ്വാനന്ദ്, കിണറ്റിനിന്നും വെള്ളം കോരിക്കൊണ്ടു നിന്ന ഒരു പെണ്‍കുട്ടിയെ കണ്ടു. വെള്ളം കുടിച്ച് ദാഹം തീര്‍ത്തതിനുശേഷം സര്‍വ്വാനന്ദ്, കബീര്‍ ദാസിന്റെ വീട് എവിടെയാണെന്ന് ആ പെണ്‍കുട്ടിയോട് അന്വേഷിച്ചു. അതിനുത്തരമായി ഒരു കവിതയാണ് അവള്‍ ചൊല്ലിയത്. ഗഹനവും ചിന്തോദ്ദീപകവുമായ ഒരു ഈരടിക്കവിത.

''കബീര്‍ കാ ഘര്‍ സിഖര്‍ പര്‍, ജഹാം സില്‍ഹലി ഗൈല് പാം വ് ന ടികെ പിപീലികാ, പണ്ഡിത് ലാദെ ബൈല്.'' കബീറിന്റെ ഭവനം അത്യുന്നതമായ ശിഖരത്തിലാണ്. അവിടെ ഒരു ഉറുമ്പിനുപോലും കാലെടുത്തു വയ്ക്കാനാകില്ല. പിന്നെയല്ലേ പണ്ഡിതനും കാളയും. ഇത്ര നിശിതമായ ഉത്തരം നല്‍കിയ ആ പെണ്‍കുട്ടി കബീര്‍ ദാസിന്റെ ശിഷ്യയായ 'കമാലി' ആയിരുന്നു. സര്‍വ്വാനന്ദിനെ കണ്ടമാത്രയില്‍ത്തന്നെ, തര്‍ക്കത്തിനെത്തിയ ഏതോ പണ്ഡിതനാണെന്ന് അവള്‍ക്കു ഉറപ്പായിരുന്നു.

കബീര്‍ ദാസിനെ തര്‍ക്കത്തിലേര്‍പ്പെടാന്‍ ക്ഷണിച്ച സര്‍വ്വാനന്ദിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് വിനയപൂര്‍വ്വം അദ്ദേഹം പറഞ്ഞു: ''തര്‍ക്കിക്കാന്‍ ഞാന്‍ ആളല്ല. അതിനുള്ള ഗ്രന്ഥപാണ്ഡിത്യവും എനിക്കില്ല.'' എങ്കില്‍ ''കബീര്‍ തോറ്റു, സര്‍വ്വാനന്ദ് ജയിച്ചു'' എന്നെഴുതി കയ്യൊപ്പു ചാര്‍ത്തി നല്‍കണമെന്നു സര്‍വ്വാനന്ദ് ആവശ്യപ്പെട്ടു. ''അതിനു ബുദ്ധിമുട്ടില്ല, താങ്കള്‍ തന്നെ ഒരു കടലാസ്സില്‍ എഴുതിത്തന്നാല്‍ ഞാനതില്‍ ഒപ്പിടാം'' എന്നു കബീര്‍ ദാസ് മറുപടിയും നല്‍കി. അപ്രകാരം കബീര്‍ ദാസില്‍നിന്നും ലഭിച്ച വിജയപത്രവുമായി സര്‍വ്വാനന്ദ് തിരുവനന്തപുരത്തു തിരിച്ചെത്തി. വിജയമഹിമ കുറിച്ച സാക്ഷ്യപത്രം അമ്മയെ കാണിക്കാനായി എടുത്തു നിവര്‍ത്തിയപ്പോള്‍ സര്‍വ്വാനന്ദ് അദ്ഭുതസ്തബ്ധനായി. തന്റെ കൈപ്പടയില്‍ത്തന്നെ അതില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. ''കബീര്‍ ജയിച്ചു, സര്‍വ്വാനന്ദ് തോറ്റു.'' ഒരു നിമിഷം, തിരിച്ചറിവിന്റെ മഹാപ്രകാശം അജ്ഞാനത്തിന്റെ ഇരുള്‍കോട്ടകള്‍ തകര്‍ത്തു. സര്‍വ്വാനന്ദ് വിനയാന്വിതനായി; അഹംഭാവലേശമെന്യേ.

രാജേശ്വരി ദേവിയുടെ അനുവാദത്തോടെ സര്‍വ്വാനന്ദ് വീണ്ടും കാശിയിലേക്കു യാത്രയായി. ഇത്തവണത്തെ യാത്ര, പാണ്ഡിത്യ ഗര്‍വ്വുകളെല്ലാം അഴിച്ചുകളഞ്ഞ് കബീര്‍ ദാസിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ വേണ്ടിയായിരുന്നു. കബീര്‍ ചൗരയിലെത്തിയ സര്‍വ്വാനന്ദ് ആ മഹാഗുരുവിന്റെ കാല്‍ക്കലിരുന്നു തന്റെ അഹങ്കാരമെല്ലാം കണ്ണുനീരായി ഒഴുക്കിക്കളഞ്ഞു. അത്രയും കാലം ഒപ്പം ചുമന്ന ഗ്രന്ഥക്കെട്ടുകളെല്ലാം ഉപേക്ഷിച്ചു. പരമമായ ജ്ഞാനം ആത്മാവില്‍ വസിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം കബീര്‍ ദാസിന്റെ പ്രിയശിഷ്യനായി. കബീര്‍ ദാസ് അദ്ദേഹത്തിന് 'ശ്രുതി ഗോപാല്‍' എന്നു നാമകരണം ചെയ്തു. ശ്രുതി സ്മൃതിഗ്രന്ഥങ്ങളില്‍ നിപുണന്‍ എന്ന അര്‍ത്ഥത്തില്‍ സര്‍വ്വാനന്ദ് പില്‍ക്കാലത്ത് 'ശ്രുതി ഗോപാല്‍' എന്നു വിഖ്യാതനായിത്തീര്‍ന്നു.
കവിതകള്‍ എഴുതിവയ്ക്കുന്ന ശീലം കബീര്‍ ദാസിനുണ്ടായിരുന്നില്ല. അതൊരു സ്വാഭാവികമായ ഉറവപോലെ ഒഴുകിവരികയായിരുന്നു. നെയ്ത്തുവേലയ്ക്കിടയിലും അദ്ദേഹം കവിതകള്‍ ചൊല്ലിക്കൊണ്ടിരുന്നു. ആത്മതത്ത്വങ്ങളെ ഏതു സാധാരണക്കാരനും മനസ്സിലാകുന്ന ശൈലിയില്‍ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ശീലം. പ്രാദേശികത്വം ഇടകലര്‍ന്ന ഭാഷയില്‍ കബീര്‍ ദാസ് ചൊല്ലിയ കവിതകളുടെ മഹത്വം മനസ്സിലാക്കിയ ശ്രുതി ഗോപാല്‍ അവ മനപ്പാഠമാക്കുകയും പകര്‍ത്തിവയ്ക്കുകയും ചെയ്തു. 'കബീര്‍ ദാസിന്റെ സമാഹരിക്കപ്പെട്ടിട്ടുള്ള 8000-ഓളം ദോഹകളില്‍ ഏറെയും എഴുതി സൂക്ഷിച്ചിരുന്നത് ശ്രുതി ഗോപാലാണ്. കബീര്‍ ദാസിന്റെ ഇതിഹാസമാനമാര്‍ന്ന ജീവിതത്തിനു പിന്നീട് ഒരു നിഴല്‍പോലെ സാക്ഷിയാണ് ശ്രുതി ഗോപാല്‍.

കാശിയെ ഉപേക്ഷിച്ച് മരണം വരിക്കുവാന്‍ മഗ്ഹറിലേക്കു (പഴയ മഗധ) കബീര്‍ ദാസ് മഹായാത്ര പുറപ്പെടുമ്പോള്‍ ആ അനുചരസംഘത്തിലൊരാളായി ശ്രുതി ഗോപാലും ഉണ്ടായിരുന്നു. അതൊരു മഹാകഥയാണ്; ചരിത്രത്തില്‍ ഇടം നേടിയത്. കാശിയില്‍ മരിച്ചാല്‍ സ്വര്‍ഗ്ഗവും മഗ്ഹറില്‍ നരകവും എന്നായിരുന്നു പണ്ഡിതന്മാരുടെ ഭാഷ്യം. മഗ്ഹറിലെ ജനങ്ങളുടെ ജീവിതമാകട്ടെ, നരകതുല്യവുമായിരുന്നു. കൊടും വരള്‍ച്ചയുടേയും ദാരിദ്ര്യത്തിന്റേയും നാട്. അന്ധവിശ്വാസങ്ങളെ എക്കാലവും എതിര്‍ത്തുപോന്ന കബീര്‍ ദാസ് ആത്മാവിനു മരണമില്ലെന്നും അത് അനശ്വരമാണെന്നും പറഞ്ഞു. കാശിയിലെ പണ്ഡിതന്മാരുടെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് മഗ്ഹറില്‍ വെച്ചു മരിക്കാന്‍ കബീര്‍ ദാസ് തീരുമാനിച്ചു. 1518-ല്‍ ആയിരുന്നു ആ മഹായാത്ര. കബീര്‍ ദാസിന്റെ ശിഷ്യരും അനുയായികളും നാട്ടുപ്രമാണിമാരും അടങ്ങുന്ന ആ യാത്രയില്‍ ആയിരക്കണക്കിനു ആളുകളുണ്ടായിരുന്നു. മഗ്ഹറിനു സമീപമുള്ള ആമി(3) നദിക്കരയിലാണ് ആ യാത്ര അവസാനിച്ചത്. നദിയുടെ തീരത്ത് അദ്ദേഹത്തിനു വിശ്രമിക്കാനായി തീര്‍ത്ത പര്‍ണ്ണകുടീരത്തില്‍വെച്ച് കബീര്‍ ദാസ് സമാധിയായി. അതിനുശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരം അപ്രത്യക്ഷമാകുകയും ആ കിടക്കയില്‍ കുറച്ചു പൂക്കള്‍ മാത്രം അവശേഷിക്കുകയും ചെയ്തു. കബീര്‍ ദാസിന്റെ അനുയായികളായ മുസ്ലിങ്ങളും ഹിന്ദുക്കളും അവ തുല്യമായി പങ്കിട്ടെടുത്തു. മഗ്ഹറില്‍ ഒരു വേലിക്ക് ഇരുപുറമായി മുസ്ലിങ്ങള്‍ ഒരു ദര്‍ഗയും ഹിന്ദുക്കള്‍ ഒരു സമാധിമണ്ഡപവും പണിതീര്‍ത്തു. അവിടെനിന്നും കുറച്ചു പൂക്കളും മണ്ണും ശ്രുതി ഗോപാല്‍ കാശിയില്‍ കൊണ്ടുവന്ന് കബീര്‍ ചത്വരയില്‍ മറ്റൊരു സ്മൃതിമണ്ഡപമുണ്ടാക്കി.

കബീര്‍ ദാസിന്റെ സമാധിക്കുശേഷം, ആ മഹത്തായ പാരമ്പര്യം നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചുള്ള കൂടിയാലോചനകള്‍ കാശി രാജാവ് വീരദേവ സിംഗിന്റെ നേതൃത്വത്തില്‍ നടന്നു. ആ യോഗത്തിന് ആധ്യക്ഷം വഹിച്ചത് ശ്രുതി ഗോപാലായിരുന്നു. കബീര്‍ ദാസിന്റെ അനുയായികളിലൊരാളായ കമാലിനെ ആചാര്യസ്ഥാനത്തേയ്ക്കു ചിലര്‍ നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹത്തിന് അതില്‍ താല്‍പ്പര്യമില്ലായിരുന്നു. അവധൂത സ്വഭാവിയായിരുന്ന കമാല്‍, പന്ഥിയുടെ രൂപീകരണത്തിനോ അതിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിനോ വിമുഖനായിരുന്നു. മാത്രവുമല്ല, അത്തരം ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഒരു നാള്‍ അദ്ദേഹം കാശി വിട്ട് പരദേശത്തേയ്ക്കു യാത്രയുമായി. തുടര്‍ന്ന് കബീറിന്റെ പ്രിയ ശിഷ്യനും ജ്ഞാനിയുമായി ശ്രുതി ഗോപാലിന്റെ പേരാണ് ആചാര്യസ്ഥാനത്തേയ്ക്ക് സഭ ഏകകണ്ഠമായി പരിഗണിച്ചത്. അങ്ങനെ കബീര്‍ പന്ഥി എന്ന മഹാപ്രസ്ഥാനത്തിന്റെ കബീര്‍ ദാസിനു ശേഷമുള്ള ആദ്യ ആചാര്യ പദവിയിലേക്കു ശ്രുതി ഗോപാല്‍ സാഹിബ് സ്ഥാനാരോഹണം ചെയ്യപ്പെട്ടു. കബീര്‍ പന്ഥിയുടെ ആദ്യ ആചാര്യന്‍ സന്ത് കബീര്‍ ദാസും രണ്ടാമത്തെ ആചാര്യന്‍ ശ്രുതി ഗോപാലുമാണ്.


കബീര്‍ ദാസിന്റെ ജന്മഗൃഹവും തപസ്ഥലിയുമുള്‍പ്പെട്ട കബീര്‍ ചബൂതര പ്രദേശം കാശി രാജാവിന്റെ അനുമതിയോടെ കബീര്‍ ചൗര എന്നാക്കിയതും വികസിപ്പിച്ചതും ശ്രുതി ഗോപാലാണ്. കബീര്‍ പ്രത്യക്ഷമായ 'ലഹര്‍താര'(തടാകം)യുടേയും മഗ്ഹറിലെ സമാധിമണ്ഡപത്തിന്റേയും സംരക്ഷണാര്‍ത്ഥം വേണ്ട കാര്യങ്ങള്‍ നിര്‍വ്വഹിച്ചതും അദ്ദേഹമാണ്. അതിലുപരി കബീര്‍ ദാസിന്റെ ദോഹകളും കവിതകളും പകര്‍ത്തി സൂക്ഷിക്കാനും അദ്ദേഹം ഉപയോഗിച്ചിരുന്ന സാധനസാമഗ്രികള്‍ വരുംതലമുറയ്ക്കായി കരുതിവയ്ക്കാനും ശ്രുതി ഗോപാല്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചു. കബീര്‍ ദാസ് ഉപയോഗിച്ചിരുന്ന ചര്‍ക്ക, നെയ്ത്തു ഉപകരണങ്ങള്‍, കമണ്ഡലു, മരപ്പാത്രം, മെതിയടി, സ്വാമി രാമാനന്ദ് നല്‍കിയ 1008 മണികളുള്ള തുളസിമാല(4) മഹാവതാര്‍ ബാബാജി സമ്മാനിച്ചതെന്നു കരുതുന്ന ത്രിശൂലം എന്നിവയാണ് കബീര്‍ ചൗര മഠത്തിലെ 'ബീജക് മന്ദിര'ത്തില്‍ സൂക്ഷിച്ചിരുന്നത്.

കബീര്‍ ദാസിന്റെ ശിഷ്യത്വം സ്വീകരിച്ചതിനുശേഷം, ശ്രുതി ഗോപാല്‍ തന്റെ ബൃഹത്തായ ഗ്രന്ഥശേഖരം ഉപേക്ഷിച്ചു. ഗ്രന്ഥാര്‍ജ്ജിതമായ അറിവ്, സ്വയം സാക്ഷാല്‍ക്കരിച്ച ജ്ഞാനത്തെക്കാള്‍ എത്രയോ താഴെയാണെന്ന തിരിച്ചറിവാണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കബീര്‍ ദാസിന്റെ ശിഷ്യനായതിനു ശേഷം ഒരിക്കലും അദ്ദേഹം തര്‍ക്കവിതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. കബീര്‍ ദാസിന്റെ വചനങ്ങള്‍ രേഖപ്പെടുത്തി വെച്ചതല്ലാതെ, സ്വയം ഒരു കൃതിയും രചിച്ചിട്ടുമില്ല. സ്വന്തം പേര് എവിടെയെങ്കിലും രേഖപ്പെടുത്തി വയ്ക്കുന്നതില്‍ അദ്ദേഹം വിമുഖനായിരുന്നു. പരിപൂര്‍ണ്ണമായും പരബ്രഹ്മ സമര്‍പ്പിതമായിരുന്നു ആ പില്‍ക്കാല ജീവിതം. കബീര്‍ ദാസിന്റെ മഹദ്വചനങ്ങള്‍ കാലഹരണപ്പെട്ടു പോകാതിരിക്കാനായി പകര്‍ത്തി വയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. കബീര്‍ ദാസിന്റെ ജീവിതം മുഴുവന്‍ വായിച്ചെടുക്കാവുന്ന ഒരു തുറന്ന പുസ്തകമായി കബീര്‍ ചൗര മഠമെന്ന ആശ്രമത്തെ അദ്ദേഹം രൂപകല്‍പ്പന ചെയ്തു. 33 വര്‍ഷക്കാലത്തോളം കബീര്‍ പന്ഥിയുടെ പരമാചാര്യനായി ശ്രുതി ഗോപാല്‍ കബീര്‍ ചത്വരയുടെ നായകത്വം വഹിച്ചു. 1551-ല്‍ 113-ാം വയസ്സിലാണ് അദ്ദേഹം സമാധിയാകുന്നത്. അന്ത്യകാലത്ത്, കബീര്‍ ചൗരമഠത്തിന്റെ ആചാര്യപദവിയും ചുമതലകളും ശിഷ്യനായ ജ്ഞാന്‍ സാഹിബിനു കൈമാറിയതിനുശേഷം കബീര്‍ ദാസ് സമാധി നേടിയ മഗ്ഹറിന്റെ മണ്ണിലേയ്ക്ക് ശ്രുതി ഗോപാലും യാത്രയായി. വഴിമധ്യേ അദ്ദേഹം സമാധിയായി എന്നാണ് പറയപ്പെടുന്ന ചരിത്രം. അതിന്റെ കൃത്യമായ രേഖകളോ അടയാളങ്ങളോ ലഭ്യമല്ല. ശ്രുതി ഗോപാലിന്റെ സമാധി ഭൂമി കൃത്യമായി എവിടെയെന്ന് ഒരു സൂചനയും ഇപ്പോഴില്ല. മഹാഗുരു കബീര്‍ ദാസിന്റെ മലയാളിയായ ആ പ്രിയശിഷ്യന്‍ തിരുശേഷിപ്പുകളൊന്നുമില്ലാതെ മറവിയിലാണ്ടുപോയി.

കബീര്‍ ചത്വരത്തിന്റെ നടുമുറ്റത്തേയ്ക്കു പ്രവേശിക്കുമ്പോള്‍, അതിന്റെ തെക്കു പടിഞ്ഞാറെ കോണിലെ പഴയ കിണറ്റിന്‍കരയിലായി ഒരു സുന്ദരമായ ശില്‍പ്പ സമുച്ചയം നമുക്കു കാണാം. നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് ഗ്രന്ഥക്കെട്ടുകള്‍ ചുമലിലേറ്റിയ ഒരു കാളയോടൊപ്പം അവിടെയെത്തിച്ചേര്‍ന്ന ഒരു ബ്രാഹ്മണയുവാവിന്റെ ദൃശ്യം. കമാലിയുടെ കയ്യില്‍നിന്നും കൈക്കുമ്പിളില്‍ വെള്ളം വാങ്ങിക്കുടിക്കുന്ന ഒരു യുവാവിന്റെ, ശ്രുതി ഗോപാലിന്റെ ശില്‍പ്പമാണത്. ഏതു മലയാളിക്കും ഒരു നിമിഷം ആത്മഹര്‍ഷമേകുമത്. സ്വന്തമായ അടയാളങ്ങളൊന്നും രേഖപ്പെടുത്താതെ നിസ്സംഗനായി ഗുരുമഹിമകള്‍ മാത്രം പാടി തിരോഭവിച്ചതു കൊണ്ടാകാം, ആ മഹാജ്ഞാനിയെ മലയാളികള്‍ അറിയാതെ പോയത്. ഉത്തരഭാരതത്തിലും മറ്റു ദേശങ്ങളിലുമായി പതിനായിരത്തിലേറെ ശാഖകളുള്ള ഒരു സന്ന്യാസ പരമ്പരയുടെ, ഗുരുവിനു ശേഷമുള്ള ആദ്യ ആചാര്യനായത് ഭാരതത്തിന്റെ തെക്കേ മുനമ്പില്‍ നിന്നുമെത്തിയ ഒരു മലയാളിയായിരുന്നു എന്നത്, നമ്മള്‍ സാഭിമാനം എക്കാലവും ഓര്‍ക്കേണ്ടതു തന്നെയാണ്.


(1)കബീര്‍ ദാസിനെക്കുറിച്ചുള്ള ഇരുപതിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് സന്ത് വിവേക് ദാസ് ആചാര്യ. ഈ ലേഖകന്‍ പരിഭാഷപ്പെടുത്തിയ, അദ്ദേഹത്തിന്റെ 'കബീര്‍ സൂക്തങ്ങള്‍' എന്ന ഗ്രന്ഥം ഈയിടെ ഡി.സി. ബുക്‌സ് പുറത്തുകൊണ്ടുവന്നു.

(2)സര്‍വ്വാനന്ദിന് ഏകദേശം 20-25 വയസ്സുള്ള കാലത്താകണം ഈ സന്ദര്‍ശനം. അപ്പോള്‍ 1458-1963 വര്‍ഷത്തോടടുത്ത കാലത്താകണം കബീര്‍ ദാസ് കേരളം സന്ദര്‍ശിച്ചിട്ടുണ്ടാകുക. 'വേണാട്' എന്ന പേരിലാണ് ഈ ദേശം അന്ന് അറിയപ്പെട്ടിരുന്നത്. വേണാട്ടരചനായ വീര രവിവര്‍മ്മയുടെ ഭരണകാലമാണത്. കബീര്‍ ദാസ് പര്യടനത്തിനിടയില്‍ ഓരോ നാട്ടിലേയും സന്ന്യാസി ശ്രേഷ്ഠന്മാരെ കാണുകയും സംവാദത്തിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം ദേശാടനങ്ങളൊന്നില്‍ വെച്ചാണ് ഗുരു നാനാക്കിനെ അദ്ദേഹം കാണുന്നത്. അന്നത്തെ കേരളത്തില്‍ അങ്ങനെയാരേയും കണ്ടതായി പരാമര്‍ശമില്ല. ഒരുപക്ഷേ, ചരിത്രാന്വേഷകര്‍ക്ക് ഇതിലേക്കു വെളിച്ചം വീശാനാകും.
(3)ആമി വിഖ്യാതയായ നദിയാണ്. ഈ നദിക്കരയില്‍ വെച്ചാണ് സിദ്ധാര്‍ത്ഥ രാജകുമാരന്‍ രാജകീയ വേഷങ്ങളുപേക്ഷിച്ച്, ശിരോമുണ്ഡനം ചെയ്ത് പരിവ്രാജകനായത്. വനവാസത്തിനായി പുറപ്പെട്ട ശ്രീരാമന്‍ സീതാലക്ഷ്മണ സമേതം കുറച്ചുകാലം ഇവിടെ പാര്‍ത്തിരുന്നുവെന്നും കഥയുണ്ട്.
(4)ഈ അമൂല്യഹാരം 2014-ല്‍ ഇവിടെനിന്നും ആരോ മോഷ്ടിച്ച് വിദേശത്തേയ്ക്കു കടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com