രാഷ്ട്രീയ ജീവിതത്തിലെ തെറ്റായിരുന്നില്ല ബിജെപി ബന്ധം: സികെ ജാനു പറയുന്നു

എന്‍.ഡി.എ വിട്ടത് മുന്നണി മര്യാദകള്‍ പാലിക്കാത്തതുകൊണ്ട് 
രാഷ്ട്രീയ ജീവിതത്തിലെ തെറ്റായിരുന്നില്ല ബിജെപി ബന്ധം: സികെ ജാനു പറയുന്നു

സികെ ജാനു എന്‍.ഡി.എ. വിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു വയനാട്ടിലേയ്ക്കുള്ള യാത്ര, തിരുനെല്ലിക്കടുത്ത് പനവല്ലിയിലെ സി.കെ. ജാനുവിന്റെ വീട്ടിലേയ്ക്ക്. ഗോത്രമഹാസഭയില്‍നിന്നും ജനാധിപത്യ രാഷ്ട്രീയസഭ എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ രൂപീകരണവും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ പ്രവേശവും ബത്തേരി മണ്ഡലത്തില്‍നിന്നുള്ള ജാനുവിന്റെ നിയമസഭാ മത്സരവും രാഷ്ട്രീയ കേരളത്തിലെ ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തകളായിരുന്നു. രണ്ടര വര്‍ഷത്തിനുശേഷം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേയ്‌ക്കെത്തുന്ന വേളയില്‍ ആ കൂട്ടുകെട്ട് ജെ.ആര്‍.എസ് വിട്ടിരിക്കുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറെന്ന തുറന്ന സമീപനത്തോടെ. 

എന്‍.ഡി.എ വിടുക എന്ന നിലപാടിലേയ്ക്ക് ജെ.ആര്‍.എസ് എത്താന്‍ എന്താണ് കാരണം?
എന്‍.ഡി.എയിലേക്ക് ഞങ്ങള്‍ വന്നിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു. മുന്നണിയിലേയ്ക്ക് വരുന്ന സമയത്ത് അവരും ഞങ്ങളുമായി സംസാരിച്ച കുറേ കാര്യങ്ങളുണ്ട്. ഈ കാര്യങ്ങളില്‍ മുന്നണി മര്യാദ എന്ന നിലയില്‍ അവരൊന്നും പാലിച്ചില്ല. മുന്നണിയില്‍ വന്നതിനുശേഷം നടന്ന എല്ലാ എന്‍.ഡി.എ മീറ്റിങ്ങിലും പ്രധാന വിഷയം ഇതു തന്നെയായിട്ടാണ് നമ്മള്‍ സംസാരിക്കുന്നത്. അമിത് ഷായുമായി മൂന്നു വട്ടവും സംസാരിച്ചിട്ടുണ്ട്. കോഴിക്കോട് ദേശീയ കൗണ്‍സില്‍ നടന്ന സമയത്ത് കടവ് റിസോര്‍ട്ടില്‍ വെച്ചും അതിനുശേഷം എറണാകുളത്ത് എന്‍.ഡി.എ മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴും സംസാരിച്ചു. മീറ്റിങ്ങില്‍ അമിത് ഷാ ഇരിക്കുന്ന വേദിയില്‍ത്തന്നെ ഞങ്ങള്‍ ഇക്കാര്യം അവതരിപ്പിച്ചു. അതുകഴിഞ്ഞ് പ്രത്യേകമായി കണ്ടും കാര്യങ്ങള്‍ സംസാരിച്ചു. പിന്നീട് ആലപ്പുഴയില്‍ വെച്ചും കണ്ടു. അപ്പോഴൊക്കെ പറഞ്ഞത് രണ്ടാഴ്ച, ഒരു മാസം എന്നൊക്കെയാണ്. കുറച്ചു തിരക്കുകളുണ്ട്, അതുകഴിഞ്ഞ് പെട്ടെന്നു പരിഗണിക്കാം എന്നുള്ള രീതിയിലാണ്. കേരളത്തിലെ നേതാക്കളുമായും സംസാരിക്കുന്നുണ്ട്. നമ്മളോട് പറഞ്ഞ കാര്യങ്ങളൊന്നും പാലിക്കപ്പെടുന്നില്ല എന്നത് അണികള്‍ക്കിടയില്‍ കൂടുതല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് സാധ്യതകള്‍ ഉണ്ടാക്കി. അപ്പോഴൊക്കെ വളരെ കൃത്യമായിട്ട് ഇക്കാര്യങ്ങള്‍ എന്‍.ഡി.എ നേതൃത്വത്തെ അറിയിച്ചിരുന്നു. ഈയടുത്ത് സംസാരിച്ചപ്പോഴും അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ തിരക്കാണ് പറഞ്ഞത്. അങ്ങനെ ഓരോ തിരക്ക് പറഞ്ഞു പറഞ്ഞ് രണ്ടരവര്‍ഷം കഴിഞ്ഞു. ജനാധിപത്യ രാഷ്ട്രീയസഭയ്ക്കുള്ളില്‍ ഇതു വലിയ ചര്‍ച്ചയുണ്ടാക്കി. ചര്‍ച്ച വന്ന സ്ഥിതിക്ക് ഞങ്ങള്‍ക്കെന്തെങ്കിലും ഒരു നിലപാട് എടുത്തേ പറ്റൂ. അങ്ങനെയുള്ള ഒരു ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് എന്‍.ഡി.എ വിടാം എന്ന ഒരു തീരുമാനത്തിലേയ്ക്ക് ഞങ്ങള്‍ എത്തുന്നത്. അതു ഞങ്ങളെല്ലാവരും ഐകകണ്ഠ്യേന എടുത്ത ഒരു തീരുമാനമാണ്. 

രണ്ടര വര്‍ഷം മുന്‍പ് എന്‍.ഡി.എയിലേക്ക് പോകുമ്പോള്‍ ചര്‍ച്ച നടത്തി കൃത്യമായ ഒരു ധാരണ ഇക്കാര്യത്തില്‍ ഉണ്ടാക്കിയിരുന്നോ?
എന്‍.ഡി.എയിലേക്ക് വരാന്‍ വേണ്ടിത്തന്നെ ഞങ്ങള്‍ ഒരു മൂന്നു മാസക്കാലത്തോളം ചര്‍ച്ച നടത്തിയിട്ടുണ്ട്. ആദ്യമൊക്കെ ബി.ജെ.പിയിലേക്ക് വരണം എന്നൊരു രീതിയിലായിരുന്നു ഞങ്ങളോട് സംസാരിച്ചത്. പക്ഷേ, കേരളത്തിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും ഞങ്ങള്‍ക്ക് വിശ്വാസമില്ല. കാരണം, ഇതുവരെ നമുക്ക് അനുകൂലമായ ഒരു കാര്യവും അവര്‍ ചെയ്തിട്ടില്ല. ചെയ്താലല്ലേ ഞങ്ങള്‍ക്ക് അങ്ങനെ വിശ്വസിക്കാന്‍ പറ്റുള്ളൂ. 
അതുകൊണ്ട് ഒരു പാര്‍ട്ടിയിലേയ്ക്ക് വരിക എന്നു പറയുന്നത് സാധ്യമല്ല. നിലവിലുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും വരാന്‍ പറ്റില്ല. പാര്‍ട്ടിയിലേക്ക് വരിക എന്നൊരു ചര്‍ച്ച നമുക്ക് അവസാനിപ്പിക്കാം എന്നുതന്നെയാണ് ഞങ്ങളന്നു വളരെ കൃത്യമായി പറഞ്ഞത്. അതിനുശേഷമാണ് മുന്നണി എന്ന ഒരു ചര്‍ച്ചയിലേയ്ക്ക് വരുന്നത്. ചര്‍ച്ചയുടെ അവസാനഘട്ടം എത്തുമ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നു. ആ സമയത്ത് ഒരു നിയമസഭ സീറ്റായിരുന്നു മുന്നണി എന്ന നിലയില്‍ നമുക്കവര് തരുന്നത്. അത് ബത്തേരി നിയോജകമണ്ഡലമാണ്. അവിടെ ഞങ്ങള്‍ തോറ്റാല്‍ പിന്നെ എങ്ങനെ പരിഗണിക്കും എന്നൊരു ചര്‍ച്ചയും നടന്നു. 
അന്നു ഞങ്ങള്‍ പറഞ്ഞത് രാജ്യസഭാ സീറ്റ് ഞങ്ങള്‍ക്ക് തരണം, കൂടാതെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പോലുള്ള സ്ഥലങ്ങളില്‍ ഞങ്ങളുടെ പ്രാതിനിധ്യം ഉണ്ടാവണം. അതിനോടൊപ്പം ഇന്ത്യന്‍ ഭരണഘടനയുടെ 244 വകുപ്പനുസരിച്ച് പട്ടികവര്‍ഗ്ഗ പ്രദേശമാക്കി മാറ്റാനുളള സംവിധാനം ചെയ്തുതരണം എന്നൊക്കെയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് കേരളത്തില്‍ അതിന്റെ കാര്യങ്ങളെല്ലാം പൂര്‍ത്തിയായതാണ്.  അതിനി പാര്‍ലമെന്റില്‍ പാസ്സാകണം. അപ്പോള്‍ ആ പണികൂടി ഞങ്ങള്‍ക്ക് ഇതിനോടൊപ്പം ചെയ്തുതരണം. പിന്നെ വനാവകാശ നിയമം കേരളത്തില്‍ അട്ടിമറിക്കപ്പെടുകയാണല്ലോ ചെയ്തത്. ആ നിയമത്തിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കാനുള്ള ഒരു സമ്മര്‍ദ്ദം കേന്ദ്രത്തില്‍നിന്ന് ഉണ്ടാവണം. ഇതൊക്കെയാണ് നമ്മള്‍ അവരോട് ആവശ്യപ്പെട്ടത്. ന്യായമായ കാര്യങ്ങള്‍ മാത്രമാണത്. അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന, അവരുടെ പരിമിതികള്‍ക്കകത്തുനിന്നു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. എന്റെ അഭിപ്രായത്തില്‍ കേന്ദ്രഗവണ്‍മെന്റ് എന്ന നിലയില്‍ ഒരാഴ്ച സമയംപോലും വേണ്ട. അതിനു മുന്‍പ് അവര്‍ക്ക് ഇത്തരം കാര്യങ്ങളൊക്കെ ചെയ്തു തരാന്‍ പറ്റുന്നതാണ്. പക്ഷേ, എന്തുകൊണ്ടോ അതു ചെയ്യാനോ അത്തരം നടപടികളിലേയ്ക്ക് പോകാനോ ഉള്ള ഒരു മുന്നണി മര്യാദ അവര്‍ പാലിച്ചില്ല.

ബിജെപി നേതാക്കള്‍ക്കൊപ്പം
ബിജെപി നേതാക്കള്‍ക്കൊപ്പം

ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയില്‍ ആദിവാസികള്‍ക്ക് ഒരു സ്വാധീന ശക്തിയായി മാറാന്‍ കഴിയും എന്നൊരു വിശ്വാസം സത്യത്തില്‍ ജെ.ആര്‍.എസ്സിന് ഉണ്ടായിരുന്നോ?
ഞങ്ങളൊക്കെ ഏറ്റവും താഴെത്തട്ടിലുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയാണ്. മറ്റാരെക്കാളും പരിഗണിക്കപ്പെടേണ്ട ഒരു വിഭാഗമാണ്. ആ ഒരു പരിഗണന ഞങ്ങള്‍ക്കുണ്ടാവണം. അങ്ങനെ പരിഗണിക്കുന്നത് എന്‍.ഡി.എയ്ക്കും വലിയൊരു നേട്ടമാണ്. കാലങ്ങളായി ഇവിടെ ഭരിക്കുന്ന യു.ഡി.എഫും എല്‍.ഡി.എഫും ഈ രീതിയിലുള്ള ഒരു പരിഗണന ഞങ്ങള്‍ക്കു തന്നിട്ടില്ല. എന്‍.ഡി.എ മാത്രമാണ് ഇങ്ങനെയുള്ള പരിഗണന തന്നത്. അതിന്റെ ഒരു മാന്യതയും മര്യാദയും ഒക്കെ ഞങ്ങള്‍ പാലിച്ചിട്ടുണ്ട്. ഞാന്‍ പറയുന്നത് കേരള രാഷ്ട്രീയത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയും കൂടി നമ്മള്‍ മനസ്സിലാക്കണം എന്നാണ്. കേരള പൊളിറ്റിക്‌സില്‍ ഇവിടുത്തെ രണ്ട് മുന്നണികള്‍ക്കകത്താണ് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരായ മൊത്തം ആളുകളും ഉണ്ടായിരുന്നത്, ഞാനടക്കം. ഞങ്ങളെയൊന്നും പരിഗണിക്കുന്ന ഒരു മനോഭാവം അവര്‍ ഒരിക്കലും സ്വീകരിച്ചിട്ടേയില്ല. ആവശ്യത്തിന് ഉപയോഗിക്കുക അതുകഴിഞ്ഞ് വലിച്ചെറിയുക എന്നൊരു സമീപനമാണ് ഇടതും വലതും മുന്നണികള്‍ സ്വീകരിച്ചത്. ആ സമീപനം അവര്‍ സ്വീകരിച്ച സമയത്ത് കേരളത്തിലെ പട്ടികജാതിക്കാരേയും പട്ടികവര്‍ഗ്ഗക്കാരേയും ഒരു മുന്നണിയായി പരിഗണിക്കാന്‍ തയ്യാറായത് എന്‍.ഡി.എ മാത്രമാണ്. അവര്‍ എന്ത് സവര്‍ണ്ണ ഫാസിസവും സംഭവവും ഒക്കെയായിരിക്കാം. പക്ഷേ, അവരാണ് അങ്ങനെയൊരു സ്വീകാര്യത ഞങ്ങള്‍ക്കു തന്നത്. അത് സ്വാഗതാര്‍ഹമാണ്. അതിന്റെ നന്ദി ഞങ്ങള്‍ക്കുണ്ട്. പിന്നെ ബാക്കി അതിന്റെ തുടര്‍നടപടികളിലേയ്ക്കാണ് അവര്‍ പോകാതിരുന്നത്. അതിലാണ് ഞങ്ങള്‍ക്കവരോട് അമര്‍ഷമുള്ളത്. അതിലേയ്ക്ക് പോയില്ലെങ്കില്‍ പിന്നെ ഏതാണിവിടെ സ്വീകരിക്കാന്‍ ഉള്ളത്. അതും നമ്മള്‍ നോക്കണമല്ലോ. ഇവിടത്തെ ഇടതും വലതും മുന്നണികളാണ് നമ്മളെ സ്വീകരിക്കേണ്ടിയിരുന്നത്. അവര്‍ സ്വീകരിക്കാത്തതിന്റെ ഭാഗമായിട്ടാണ് എന്‍.ഡി.എയിലേക്ക് പോകേണ്ടിവന്നത്. പൊളിറ്റിക്കലായി ഒരു മുന്നണിയുടെ സമവാക്യത്തിലേക്ക് മാറാതെ നമ്മളുടെ പ്രശ്‌നം പരിഹരിക്കപ്പെടില്ല എന്നു നമ്മള്‍ നന്നായി പഠിച്ചിട്ടുണ്ട്. എന്റെ കഴിഞ്ഞകാലത്ത് നടന്ന ഓരോ സമരവും വിലയിരുത്തുമ്പോള്‍ അതിന്റെ ഉത്തരം ചെന്നെത്തുന്നത് ഈ പൊളിറ്റിക്കല്‍ സംവിധാനത്തിന് അകത്തേയ്ക്കാണ്. അധികാരമില്ലാതെ നടക്കില്ല. ഞാനൊന്നും രാഷ്ട്രീയമായി ഒരുപാടൊന്നും ചിന്തിക്കാന്‍ പോയിട്ടില്ല. ഓരോ ഘട്ടത്തിലും എന്റെ സമരത്തെ മാത്രമേ ഞാന്‍ വിലയിരുത്തിയിട്ടുള്ളൂ. എന്തുകൊണ്ട് ഈ സമരം ഇവിടം വരെയെത്തി, ഇതിനപ്പുറത്തേയ്ക്ക് എന്തുകൊണ്ട് പോകുന്നില്ല എന്നുള്ള ഈ വിലയിരുത്തലിലാണ് പൊളിറ്റിക്കല്‍ പാര്‍ട്ടി ഉണ്ടാവണം എന്നതിലേക്ക് വരുന്നത്. അല്ലാതെ വെറുതെ ഒരു ദിവസം പോയി പൊളിറ്റിക്കല്‍ പാര്‍ട്ടി ഉണ്ടാക്കി, നാളെ കുറേ എം.എല്‍.എയും എം.പിമാരുമായി മന്ത്രിയായി ഇരുന്നു കുറേ കട്ടുതിന്നണം എന്നു വിചാരിച്ചിട്ടൊന്നുമല്ല 
അതില്‍ പോയാലെ പ്രശ്‌നം പരിഹരിക്കുകയുള്ളൂ. അപ്പോള്‍ അതിന് ഒരു സാധ്യത എവിടുന്നു തുറന്നു കിട്ടുന്നോ അതു നമ്മള്‍ സ്വീകരിക്കണം. ആളുകളുടെ ഉന്നമനം ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ സ്വീകരിക്കണം. വെറും നേതാവായി മാത്രം കാലാകാലങ്ങള്‍ ജീവിച്ചു മരിക്കണം എന്നാണ് ആഗ്രഹമെങ്കില്‍ ഇതൊന്നും സ്വീകരിക്കേണ്ട ആവശ്യമില്ല. നമ്മള്‍ക്ക് ജയ് വിളിക്കാനും നേതാവാകാനും എപ്പോഴും കുറച്ചാളുകളുണ്ടാകും. നമ്മുടെയൊക്കെ പേരും പ്രശസ്തിക്കുമപ്പുറത്തേക്ക് ജനത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനാണ് നമ്മള്‍ എപ്പോഴും മുന്‍തൂക്കം കൊടുക്കുക. അവിടെ നമ്മളുടെ പേര് ഇല്ലാതാവുകയാണെങ്കില്‍ ആയിക്കോട്ടെ. പക്ഷേ, ജനത്തിന്റെ പ്രശ്‌നം പരിഹരിക്കപ്പെടുമല്ലോ. അതിനുവേണ്ടിയിട്ടാണല്ലോ ഈ രംഗത്ത് വന്നത്. അപ്പോള്‍ അങ്ങനെയുള്ള നിലപാട് നമ്മള്‍ സ്വീകരിക്കേണ്ടിവരും. 

ഗോത്രമഹാസഭയില്‍ത്തന്നെ ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായില്ലേ, എം. ഗീതാനന്ദനടക്കം കൂടെ നിന്നില്ലല്ലോ?
ഗോത്രമഹാസഭയില്‍ ഇതുവരെ ഒരു എതിര്‍പ്പുമില്ല. അതിനകത്ത് എതിര്‍ത്ത ഒരാള്‍ ഗീതാനന്ദന്‍ മാഷായിരുന്നു. മാഷ് എതിര്‍ത്തിരുന്നു. ഗോത്രമഹാസഭയില്‍ വേറെ ആരും എതിര്‍ത്തിട്ടില്ല. ഗോത്രമഹാസഭയില്‍ ചര്‍ച്ച ചെയ്തതിനു ശേഷമാണ് തീരുമാനമെടുത്തത്. നാലോ അഞ്ചോ വട്ടം ചര്‍ച്ച നടത്തി. ഗോത്രമഹാസഭയിലെ മുഴുവന്‍ പേരും പാര്‍ട്ടിയിലുമുണ്ട്. ഒരാളുപോലും വിട്ടുപോയിട്ടില്ല. ആ കാര്യത്തില്‍ എനിക്ക് എവിടെ വേണമെങ്കിലും ഉറപ്പു പറയാന്‍ കഴിയും. എല്ലാരും കൂടെയുണ്ട്.  ഈ പൊളിറ്റിക്കല്‍ നിലപാടിനോട് മാഷ് എതിരാണ്. മാഷ് അതിനോട് സഹകരിച്ചില്ല. ഗോത്രമഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് ഞാനാണ് ഇപ്പോഴും. ഇതിന്റെ ജനറല്‍ സെക്രട്ടറി ബത്തേരിയുള്ള കാര്യംപാടി ബാബുവും. ഗീതാനന്ദന്‍ മാഷ് ഗോത്രസഭയില്‍ അംഗമല്ല. ആദിവാസിക്കു മാത്രമാണ് ഗോത്രസഭയില്‍ മെമ്പര്‍ഷിപ്പ്. ഗീതാനന്ദന്‍ മാഷ് ഇതിന്റെ ഓവറോള്‍ കോ-ഓര്‍ഡിനേറ്ററായി വര്‍ക്ക് ചെയ്ത ആളാണ്. ഗോത്രമഹാസഭയില്‍ ഇതിന്റെ എല്ലാ പ്രവര്‍ത്തനത്തിലും സമരത്തിലും ആദിവാസികളെക്കാളും ആത്മാര്‍ത്ഥതയോടെ കൂടെ നിന്നു കാര്യങ്ങള്‍ ചെയ്തയാളാണ് ഗീതാനന്ദന്‍ മാഷ്. അതൊന്നും ഞാന്‍ നിഷേധിക്കില്ല. മാഷ് ഇതിന് നല്ലൊരു പങ്ക്, മാഷെ ജീവിതം തന്നെ ഇതിനു നല്‍കിയിട്ടുണ്ട്. എല്ലാ സമരത്തിന്റേയും മുന്‍പന്തിയില്‍ മാഷുണ്ടായിരുന്നു. മാഷ് എസ്.സി വിഭാഗത്തിലുള്ളയാളാണ്. അതുകൊണ്ട് മെമ്പര്‍ഷിപ്പ് എടുക്കാന്‍ പറ്റില്ല. ഞങ്ങള്‍ എസ്.ടി വിഭാഗത്തില്‍ പെട്ടവരാണ്. പക്ഷേ, ഞങ്ങളാരും മാഷിനെ ഒരു എസ്.സി വിഭാഗത്തിലുള്ള ഒരാളാണ് എന്നു കണ്ടിട്ടില്ല. ഞങ്ങളുടെയൊക്കെ സ്വന്തം സഹോദരനെപ്പോലെ തന്നെയാണ് കാണുന്നത്. ആ ഒരു മനോഭാവത്തിന് ഇന്നും ഞങ്ങളുടെ ഇടയില്‍ മാറ്റമൊന്നും വന്നിട്ടില്ല. മാഷ് എനിക്കെതിരെ ഒരു മാസം മെനക്കെട്ട് പത്രസമ്മേളനം നടത്തി. എന്തൊക്കെ പറഞ്ഞു. ആ സമയത്തെ പത്രം എടുത്തുനോക്കിയാല്‍ അറിയാം. ഞാനതിന്റെ കട്ടിങ്ങൊക്കെ എടുത്തുവെച്ചിട്ടുണ്ട്. ഒന്നും കളഞ്ഞിട്ടില്ല. പക്ഷേ, ഞാന്‍ തിരിച്ച് ഒരു മറുപടിയും പറഞ്ഞിട്ടില്ല. ഇതിനൊരു മറുപടി മാഷക്ക് ഞാന്‍ പറയാത്തത് എന്റെ കഴിവുകേടായിട്ട് മനസ്സിലാക്കിയാല്‍ തെറ്റി. കഴിവുകേടല്ല ശരിക്കും. അതൊരു പൊളിറ്റിക്കല്‍ നയമാണ്. വളരെ കൃത്യമായിട്ടുള്ള ഒരു പൊളിറ്റിക്കല്‍ നയമാണ് ഞാനൊക്കെ സ്വീകരിച്ചത്. ഇപ്പോ നമുക്കറിയാം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയിലുമുള്ള ആളുകളും ഒരുമിച്ച് നടക്കും. ഒരു ചെറിയ പ്രശ്‌നം വന്നാല്‍ അവരെ പറയാത്ത വാക്കുകളില്ല. പൊതുവേദിയിലും അല്ലാതെയും വായില്‍ തോന്നുന്നതൊക്കെ വിളിച്ചുപറയും. പക്ഷേ, ആദിവാസിക്ക് അങ്ങനെയൊരു സംസ്‌കാരമില്ല. ഞാനൊരു ആദിവാസിയാണ്. നമ്മളുടെ വ്യക്തിത്വം കീപ്പ് ചെയ്തിട്ട് വേണം നമ്മള്‍ ഓരോ കാര്യവും സംസാരിക്കാന്‍. ഞാന്‍ അതു നന്നായി പൊളിറ്റിക്കലായി പാലിച്ചിട്ടുണ്ട് എന്ന് എന്നെ വിശ്വസിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. നാട്ടിലാരും വിശ്വസിക്കണമെന്ന് എനിക്ക് നിര്‍ബന്ധമൊന്നുമില്ല. പക്ഷേ, എന്നെ ഞാന്‍ വിശ്വസിപ്പിക്കണം. അതു ഞാന്‍ ചെയ്തിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.
ഗീതാനന്ദന്‍ മാഷിനെ ഞാന്‍ മുത്തങ്ങക്കേസിനു പോകുമ്പോള്‍ കാണാറുണ്ട്. സംസാരിക്കാറുണ്ട്. എനിക്ക് മാഷോട് വെറുപ്പും ദേഷ്യവും ഒന്നുമില്ല. അങ്ങനെ ദേഷ്യപ്പെടേണ്ട ആവശ്യവുമില്ല. ജനാധിപത്യ രാജ്യത്ത് ഓരോ പൗരനും എന്ത് നിലപാട് സ്വീകരിക്കണം എന്ന മൗലിക അവകാശം ഉണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മാഷിന് ഇങ്ങനെയുള്ള ഒരു രാഷ്ട്രീയത്തില്‍ നില്‍ക്കാന്‍ പറ്റില്ല എന്നത് മാഷിന്റെ നിലപാടാണ്. മാഷ് മാഷിന്റെ നിലപാട് പറഞ്ഞു. നമ്മള്‍ നമ്മളുടെ നിലപാട് സ്വീകരിച്ചു. അത്രയേയുള്ളൂ.

ബി.ജെ.പിയുമായി മുന്നണിയുണ്ടാക്കിയത് ഒരു തെറ്റായ തീരുമാനമായിരുന്നു എന്ന ആരോപണം ഉണ്ടായിരുന്നു. ആ വാദം ശരിയാണെന്നു വരികയല്ലേ ഇപ്പോള്‍?
ഗോത്രമഹാസഭയ്ക്കുള്ളില്‍ അങ്ങനെയൊരു ആരോപണം ഉണ്ടായിട്ടില്ല. പിന്നെ പൊതുസമൂഹത്തിന് എങ്ങനെ വേണമെങ്കിലും പറയാം. ഒരു കാര്യത്തിന് പത്തു പേര്‍ക്ക് പത്ത് അഭിപ്രായമാണ് ഉണ്ടാകുക. ഒരു അഭിപ്രായം മാത്രം പറഞ്ഞത് ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. എന്‍.ഡി.എ വിടുന്നതോടുകൂടി അത്തരം ആരോപണങ്ങള്‍ ശരിയാണ് എന്നു വരികയല്ല ചെയ്യുന്നത്. അതിലൂടെ ഞങ്ങളുടെ നിലപാടാണ് ഞങ്ങള്‍ വ്യക്തമാക്കുന്നത്. ബി.ജെ.പി തെറ്റോ ശരിയോ എന്നുള്ളതൊക്കെ രണ്ടാമത്തെ വിഷയമാണ്. ഞങ്ങളുടെ നിലപാട് ഞങ്ങള്‍ ക്ലിയറാക്കുകയാണ് അതിനകത്ത്. അതാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് ബി.ജെ.പി തെറ്റായതുകൊണ്ടല്ല ഞങ്ങള്‍ വിട്ടത്. ബി.ജെ.പി ഞങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കാത്തതു കൊണ്ടാണ് വിട്ടത്. എല്ലാരും ബി.ജെ.പിക്കെതിരായിട്ട് കാര്യങ്ങള്‍ പറയുന്നു. പറഞ്ഞോട്ടെ. കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പട്ടികജാതിക്കാരേയും പട്ടിക വര്‍ഗ്ഗക്കാരേയും ഒരു മുന്നണിയായി സ്വീകരിക്കാന്‍ ഈ വിശാലമനസ്‌കൃതരായ ഒരു പ്രസ്ഥാനവും ഉണ്ടായിരുന്നിട്ടില്ലല്ലോ. അതെന്തുകൊണ്ടാണ് ഇല്ലാതെ പോയത്. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ള ആളുകള്‍ എന്‍.ഡി.എ പോലുള്ള പ്രസ്ഥാനത്തിലേക്ക് പോകില്ലായിരുന്നല്ലോ. എന്‍.ഡി.എ പോലുള്ള സംവിധാനത്തിനകത്ത് ഞങ്ങളെ എത്തിക്കുന്നതില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബുദ്ധിജീവികള്‍ക്കും പങ്കുണ്ടെന്നാണ് ഞാന്‍ പറയുന്നത്. അതിന് അവരാണ് മറുപടി പറയേണ്ടത്.

ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള വിട്ടുപോകല്‍ ഒരു സമ്മര്‍ദ്ദ തന്ത്രമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ കാണുന്നുണ്ട്?
എന്‍.ഡി.എ വിടുന്നത് ഒരു മുന്നണി എന്ന നിലയില്‍ സമ്മര്‍ദ്ദപരമായും മറ്റു രീതിയിലും ഒക്കെ സമീപിക്കാനാണ്. ബാക്കിയുള്ള എല്ലാ പാര്‍ട്ടികള്‍ക്കും ഇത് ചെയ്യാമെങ്കില്‍ ഞങ്ങള്‍ ഈ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകള്‍ മാത്രം ചെയ്യരുത് എന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. എന്തു മാനദണ്ഡത്തില്‍ നിന്നിട്ടാണ് അതു പറയുന്നത്. ഇന്ത്യയിലുള്ള മുഴുവന്‍ പ്രസ്ഥാനവും ഒറ്റ പ്രസ്ഥാനങ്ങളല്ല. എല്ലാം മുന്നണി സംവിധാനത്തിലൂടെ നിലനില്‍ക്കുന്ന പ്രസഥാനങ്ങളാണ്. അങ്ങനെയുള്ള സംവിധാനത്തിനകത്ത് എല്ലാവരും ഇത്തരം കാര്യങ്ങള്‍ ചെയ്യുകയും അവരവരുടെ കാര്യങ്ങള്‍ നേടുകയും ചെയ്യാറുണ്ട്, ഇല്ലേ? അപ്പോള്‍ ഏറ്റവും താഴെത്തട്ടിലുള്ള പട്ടികജാതിക്കാരും പട്ടികവര്‍ഗ്ഗക്കാരും ചെയ്യരുത് എന്നു പറയുന്ന ഈ ഭാഷയാണ് എനിക്ക് മനസ്സിലാകാത്തത്. ഇപ്പോള്‍ ശബരിമല വിഷയം തന്നെ എടുത്താല്‍ ബി.ജെ.പിയും യു.ഡി.എഫും ഒരുമിച്ചല്ലേ കാര്യങ്ങള്‍ നടത്തുന്നത്. ഇവരുടെ രാഷ്ട്രീയവും ആദര്‍ശവും പ്രത്യയശാസ്ത്രവും ഒക്കെ വേറെ വേറെ ആണല്ലോ. പക്ഷേ, അവര്‍ ഒരുമിച്ചല്ലേ സംഭവം ചെയ്യുന്നത്. അവര്‍ക്കൊക്കെ അങ്ങനെ ചെയ്യാം. ഞങ്ങളെപ്പോലുള്ള ആളുകള്‍ മാത്രം ചെയ്യാന്‍ പാടില്ല. ആ ഒരു വാക്കുവരുന്നത് ഒരു അവഗണനയുടെ ഭാഗം കൂടിയല്ലേ. അങ്ങനെ അവഗണിക്കപ്പെട്ട് നില്‍ക്കുന്ന ആളുകള്‍ ഇങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമില്ല എന്നൊക്കെയുള്ള പ്രശ്‌നമില്ലേ ആ വാക്കിന്റെ ഉള്ളടക്കത്തില്‍ത്തന്നെ. നമ്മള്‍ വളരെ കൃത്യമായിട്ടുള്ള ഒരു നിലപാടും തീരുമാനവും തന്നെയാണ് എടുത്തിരിക്കുന്നത്. 

സ്ഥാനങ്ങള്‍ തന്നില്ല എന്നത് മാറ്റിനിര്‍ത്തിയാല്‍ രണ്ടര വര്‍ഷത്തെ ബി.ജെ.പി ബന്ധം ആദിവാസികള്‍ക്കിടയിലുണ്ടാക്കിയ മാറ്റം എന്താണ്? 
മറ്റൊരു രീതിയിലും ആദിവാസികളെ അങ്ങനെ സ്വാധീനിക്കാനൊന്നും എന്‍.ഡി.എ എന്ന നിലയില്‍ പറ്റിയിട്ടില്ല. പിന്നെ ഒരു മുന്നണിയുടെ ഭാഗമായി എന്ന നിലയില്‍ ആദിവാസികള്‍ക്കിടയില്‍ ഒരു സ്വീകാര്യത വന്നിട്ടുണ്ട്. കേരളത്തിന്റെ ചരിത്രം നമ്മള്‍ പരിശോധിച്ചാല്‍ എല്ലാരും മുന്നണി സമവാക്യത്തിന്റെ കൂടെ നിന്നിട്ടാണ് കാര്യങ്ങളെല്ലാം നേടിയെടുത്തിട്ടുള്ളത്. മുസ്ലിം ലീഗായാലും ക്രിസ്ത്യാനികളായാലും എന്‍.എസ്.എസ് ആയാലും ബാക്കിയുള്ള ഗ്രൂപ്പുകളായാലും അധികാരത്തില്‍ വരുന്ന യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റേയും കൂടെ മാറി മാറി ഒപ്പം നിന്നിട്ടുണ്ട്. അവരുടെയൊക്കെ സമുദായത്തിന് അതിന്റേതായ ഒരു മുന്നേറ്റവും മാറ്റവും ഒക്കെ അതുകൊണ്ട് ഉണ്ടായിട്ടുമുണ്ട്. ഇതില്‍ വരാതെ പോയത് കേരളത്തിലെ പട്ടികജാതിക്കാരും പട്ടികവര്‍ഗ്ഗക്കാരുമാണ്. ഈ രണ്ടുകൂട്ടരും വന്നിട്ടില്ല. അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാനും പറ്റിയിട്ടില്ല. ഇന്നുവരെ ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല. മുന്നണി സമവാക്യത്തിന്റെ കൂടെ ഉണ്ടാവണമെന്നു നമ്മളെ നിര്‍ബന്ധിക്കുന്ന ഒരു സാഹചര്യമാണ് ശരിക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അങ്ങനെ നമ്മളെ നിര്‍ബന്ധിക്കുന്ന ഒരു സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥിതി ഉണ്ടാകുമ്പോള്‍ നമുക്കത് സ്വീകരിച്ചേ പറ്റൂ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകള്‍ മുഖ്യധാരയിലെ മനുഷ്യര്‍ക്കൊപ്പം നില്‍ക്കാനാണ് നമ്മള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നമ്മള്‍ ഈ നിലപാട് എടുത്തേ പറ്റൂ. അതല്ല നേതാവായി മാത്രം നിന്നാല്‍ മതിയെങ്കില്‍ ഈ ഒരു നിലപാടും എടുക്കേണ്ട ആവശ്യമില്ല, എല്ലാവരും നമ്മളെ നല്ല അഭിപ്രായം പറയുകയും ചെയ്യും. പക്ഷേ, ഈ നല്ല അഭിപ്രായം പറഞ്ഞതില്‍ നമ്മള്‍ ഉദ്ദേശിച്ചിറങ്ങിയ കാര്യങ്ങളില്‍ എന്തെങ്കിലും പരിഹാരമുണ്ടായോ എന്നു ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും ഉത്തരം. അപ്പോള്‍ നമ്മളൊരു നിലപാടെടുക്കണ്ടേ. 
ഞാന്‍ എന്‍.ഡി.എയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന സമയത്ത് ഒരുപാട് ആളുകള്‍-സാമൂഹ്യപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ബുദ്ധിജീവികള്‍ എല്ലാം എന്നെ വിളിച്ച് അങ്ങനെയൊരു നിലപാടെടുക്കരുത്, പോകരുത് എന്നു പറഞ്ഞിട്ടുണ്ട്. പേരൊന്നും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. അവരൊക്കെ ഇപ്പോഴും എന്റെ മനസ്സില്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായാണ് ഞാന്‍ കാണുന്നത്. അവരോട് സംസാരിക്കാന്‍ കിട്ടുന്ന അവസരം പരമാവധി വിനിയോഗിക്കാറുമുണ്ട്. അങ്ങനെയൊക്കെ പറഞ്ഞപ്പോ ഞാന്‍ അവരോട് പറഞ്ഞത്: ''ശരി, എന്‍.ഡി.എ ജനവിരുദ്ധ നയമാണ് എടുക്കുന്നത്, സവര്‍ണ്ണ ഫാസിസമാണ് എന്നൊക്കെ നിങ്ങള്‍ പറയുന്നു. ഞാന്‍ അതിനെ നിഷേധിക്കുന്നില്ല. പക്ഷേ, ആ നിലപാടിലേയ്ക്ക് എന്നെ പോകേണ്ട എന്നു പറയുമ്പോള്‍ ഞാന്‍ എവിടെ പോണം എന്നു പറയാനുള്ള ഒരു ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ട്. അത് പറയൂ.'' പക്ഷേ, അതു പറയില്ല. ഞാന്‍ എവിടെ പോകണം എന്ന് അവര്‍ പറയില്ല, എന്‍.ഡി.എയിലേക്ക് പോകരുത് എന്നേ പറയുള്ളൂ. അതൊരു സൊല്യൂഷന്‍ അല്ലല്ലോ. അതിനൊരു സൊല്യൂഷന്‍ ഉണ്ടാവണ്ടേ. 

പൊളിറ്റിക്കലി റെപ്രസന്റ് ചെയ്യപ്പെടണം എന്ന ആഗ്രഹമായിരുന്നോ ജനാധിപത്യ രാഷ്ട്രീയ സഭ?
പൊളിറ്റിക്കലി റെപ്രസന്റ് ചെയ്യപ്പെടണം എന്നത് ആഗ്രഹമല്ല, ഇവിടുത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ആവശ്യമാണ്. അങ്ങനെ പോയാലേ ഈ ആളുകള്‍ക്ക് രക്ഷപ്പെടാന്‍ പറ്റൂ. അല്ലെങ്കില്‍ ഇത്ര കാലമായിട്ടും ആളുകള്‍ രക്ഷപ്പെടേണ്ടേ. ഇപ്പോഴും ഓരോരുത്തര്‍ മരിച്ചിട്ട് അടുക്കളയും അടുപ്പ് തറയും പൊളിച്ചും കക്കൂസിന്റെ സ്ലാബ് മാറ്റിയും കുഴിച്ചിടുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. എല്ലാംകൊണ്ടും പുരോഗമിച്ച് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തിന്റെ അവസ്ഥയാണിത്. ഈ ജനതയുടെ ഈ ജീവിതാവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാകണ്ടേ. പൊളിറ്റിക്കലായി പോകണം എന്ന് ഒരാള്‍ക്കും ആഗ്രഹമില്ല. ഞാനൊക്കെ അങ്ങനെ പോകണ്ട എന്ന വിചാരമുള്ള ആളാണ്. പക്ഷേ, ഈ ആളുകളുടെ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ പോയേ പറ്റൂ. ആ ലക്ഷ്യത്തിനാണ് ഞാന്‍ നില്‍ക്കുന്നതെങ്കില്‍ ഞാന്‍ പോണം. നമ്മള്‍ക്ക് ഇവരുടെ കൂടെ പോണം എന്ന് ആഗ്രഹമുണ്ടായിട്ടൊന്നുമല്ല. പക്ഷേ, ഞാന്‍ നില്‍ക്കുന്ന ലക്ഷ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പോയേ പറ്റൂ എങ്കില്‍ അവിടെ എനിക്ക് പ്രസക്തിയില്ല. പ്രശ്‌നത്തിനാണ് പ്രസക്തി. ആ പ്രശ്‌നത്തിന്റെ പ്രസക്തിയില്‍ ഇടപെടേണ്ട രീതി ഇതാണെങ്കില്‍ ഇടപെടണം. ഇല്ലെങ്കില്‍ പരിപാടി നിര്‍ത്തി വീട്ടില്‍ പോയിരിക്കണം. അതാണ് ചെയ്യേണ്ടത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര വര്‍ഷമായി. എന്തുകൊണ്ട് ഈ ജനതയുടെ പ്രശ്‌നം ഈ കാലമിത്രയായിട്ടും പരിഹരിക്കപ്പെടുന്നില്ല? ഇവരെപ്പോഴും ഇങ്ങനെ മറ്റഉള്ളവര്‍ക്കുവേണ്ടി കറിവേപ്പിലപോലെ ജീവിച്ചാല്‍ മതിയോ? അതൊന്നും പറ്റില്ല ഇനി. ഇത് പ്രാചീന യുഗമൊന്നുമല്ല, ആധുനിക കാലഘട്ടമാണ്. ആധുനിക കാലഘട്ടത്തില്‍ ഉണ്ടാകേണ്ട മാറ്റങ്ങള്‍ക്കനുസരിച്ച് ഞങ്ങളും മാറേണ്ടതുണ്ട്. 

കഴിഞ്ഞ യു.ഡി.എഫിന്റെ കാലത്ത് ആദിവാസി വിഭാഗത്തില്‍നിന്ന് ഒരു മന്ത്രിസ്ഥാനം ലഭിച്ചിട്ടും എത്രത്തോളം പ്രയോജനപ്പെടുത്താന്‍ സാധിച്ചിരുന്നു?
ഞങ്ങളുടെ ഒരു സഹോദരിയാണ് ജയലക്ഷ്മി. അതിനെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഞാന്‍ പറയുന്നത്. ജയലക്ഷ്മിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാമായിരുന്നു. പ്രത്യേകിച്ച് ട്രൈബല്‍ മിനിസ്റ്റര്‍ ആയതുകൊണ്ടുതന്നെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യതകളുണ്ടായിരുന്നു. പക്ഷേ, അവരത് വേണ്ടവിധത്തില്‍ വിനിയോഗിച്ചിട്ടില്ല. നില്‍പ്പുസമരത്തെ തുടര്‍ന്നുള്ള മുത്തങ്ങ പാക്കേജിന്റെ കാര്യം എടുത്താല്‍ ജയലക്ഷ്മിയല്ല, വേറെ ഏത് മന്ത്രിയായാലും അത് ഉണ്ടാകുമായിരുന്നു. ജയലക്ഷ്മിക്ക് അങ്ങനെയൊരു നിലപാട് ഉണ്ടായിരുന്നെങ്കില്‍ സമരം നടത്താതെ ചെയ്തുതരണമായിരുന്നു. 162 ദിവസം ആളുകള്‍ നിന്നു സമരം ചെയ്ത് ത്യാഗം സഹിച്ച് നീരുവെച്ച് കാലൊക്കെ പൊട്ടി ഒരു പാക്കേജുണ്ടായത് അവരുടെ കൂടി ഇടപെടല്‍ കൊണ്ടാണെന്നു പറയാന്‍ പറ്റുമോ? നിവൃത്തികേടുകൊണ്ട് അതിനകത്ത് വന്നിരുന്നുപോയി അവര്‍. അതല്ലേ സംഭവിച്ചത്. ഞങ്ങള്‍ അത്രയും ദിവസം സമരം നടത്തിയിട്ട് ഒരു മീറ്റിങ്ങ് വിളിക്കുമ്പോള്‍ ട്രൈബല്‍ മിനിസ്റ്റര്‍ അതില്‍ ഇരുന്നില്ലെങ്കില്‍ മോശമാണ്. അതുകൊണ്ട് നിവൃത്തികേടുകൊണ്ട് ആ മീറ്റിങ്ങില്‍ വന്നിരുന്നു. ഇതാണ് സംഭവിച്ചത്. ജയലക്ഷ്മി ഒരു കുറിച്യസമുദായ മന്ത്രിയായി അധ:പതിക്കാതെ കേരളത്തിലെ ആദിവാസി മന്ത്രിയായി വികസിക്കണമായിരുന്നു. അതാണ് അവിടെ ചെയ്യേണ്ടിയിരുന്നത് രാഷ്ട്രീയപരമായി. അതിനുപകരം ജാതി മന്ത്രിയായി അധ:പതിക്കുകയായിരുന്നു ചെയ്തത്. ആദിവാസി മന്ത്രിയായി വികസിച്ചില്ല. അങ്ങനെ വികസിച്ചിരുന്നെങ്കില്‍ ഇവിടുത്തെ അടിയനും പണിയനും കാട്ടുനായ്ക്കനും മുള്ളകുറുമനും ഒക്കെ ഈ സംവിധാനത്തിന്റെ ഭാഗമാകുമായിരുന്നു. ആറുമാസമോ ഒരു വര്‍ഷമോ ഒക്കെ ഇതൊന്നും അറിയില്ല, പഠിച്ചു വരുന്നേയുള്ളൂ എന്നു പറയാം. അതിനൊരു ന്യായമുണ്ട്. അതൊരു എക്‌സ്‌ക്യൂസും ആണ്. അവര്‍ മനസ്സിലാക്കി വരുന്നതേയുള്ളൂ. അഞ്ചു വര്‍ഷമായിട്ടും ആകുന്നില്ലെങ്കില്‍ അതിനെന്ത് എക്‌സ്‌ക്യൂസ് ആണ് ഉള്ളത്. മന്ത്രി എന്ന പവറിലേക്ക് വരുമ്പോള്‍ ആ പവറിനനുസരിച്ചുള്ള നിലപാടും വിലയും ഒക്കെയുണ്ടാകണം.

ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് എന്താണ്? അതൊരു ജെന്റര്‍ വിഷയമായി കാണുന്നുണ്ടോ, അതോ വിശ്വാസത്തിന്റെ പ്രശ്‌നം മാത്രമാണോ?
കേരളത്തിലെ പട്ടികജാതിക്കാരും പട്ടികവര്‍ഗ്ഗക്കാരും ഈ സംവിധാനത്തിന് പുറത്തുള്ള ആളുകളാണ്. ഇപ്പോള്‍ നടക്കുന്ന സംവിധാനത്തിന്റെ പുറത്താണ് ഞങ്ങളൊക്കെയുള്ളത്. ഞങ്ങളതിന്റെ അകത്തല്ല. അപ്പോള്‍ പുറത്തുള്ള ആളുകള്‍ എന്ന നിലയിലുള്ള ഒരു നിലപാടാണ് ഞങ്ങളൊക്കെ എടുത്തത്. ഞങ്ങളൊക്കെ തനി ഗോത്രസംസ്‌കാരം അനുസരിച്ച് ജീവിക്കുന്ന ആളുകളാണ്. എന്തുകൊണ്ട് അങ്ങനെ ആയിരിക്കുന്നു എന്നു ചോദിച്ചാല്‍ ഈ ഗോത്രസംസ്‌കാരം പ്രകൃതിയിലുള്ള മനുഷ്യരേയും ജീവജാലങ്ങളേയും ഒക്കെ ഉള്‍ക്കൊള്ളുകയും പരിഗണിക്കുകയും കൂടെ നിര്‍ത്തുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക സംവിധാനമാണ്. അതുകൊണ്ട് അത് നിലനില്‍ക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അതിനകത്ത് എന്തെങ്കിലും ജനങ്ങള്‍ക്കോ ജീവജാലങ്ങള്‍ക്കോ വിരുദ്ധമായ നിലപാട് ഉണ്ടായാല്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണം.
ശബരിമലയില്‍ വിശ്വാസവും ജെന്റര്‍ പ്രശ്‌നവും രണ്ടുമുണ്ട്. സുപ്രീംകോടതിയുടെ തീരുമാനത്തെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഞാന്‍ ബഹുമാനിക്കുകയും അതിന്റെ ഭാഗമാകുകയും ചെയ്യുന്നു. വിധി ആദ്യം വന്നപ്പോള്‍ സ്വാഗതം ചെയ്ത എല്ലാവരും കുറച്ചുകഴിഞ്ഞപ്പോള്‍ തിരിച്ചുപറഞ്ഞിട്ടുണ്ട്. പക്ഷേ, ഞാന്‍ തിരിച്ചുപറഞ്ഞിട്ടില്ല. ഇപ്പോള്‍ പ്രശ്‌നം ഉണ്ടാക്കുന്ന എല്ലാ ആളുകളും സ്വാഗതം ചെയ്തതാണ് നിയമത്തെ. നമ്മളൊക്കെ കണ്ടതാണ് പരസ്യമായിട്ട്. കുറച്ചാളുകളുടെ എതിര്‍പ്പു വന്നപ്പോള്‍ അവര്‍ തിരിച്ചുപറഞ്ഞു. അതവരുടെ ഒരു നിലപാടിന്റെ പ്രശ്‌നമാണ്. സമത്വ അവകാശം എന്തായാലും വേണം. ഭരണഘടനയുടെ ഒരു ഉത്തരവിനെ നമ്മള്‍ മാനിക്കണം. സുപ്രീംകോടതിയുടെ ഉത്തരവിനെ മാനിക്കാതെ തെരുവില്‍ ആളുകള്‍ ഇറങ്ങി അത് ഭേദഗതി ചെയ്യുകയാണെങ്കില്‍ സുപ്രീംകോടതിയൊക്കെ ഇടിച്ചുപൊളിച്ചിട്ട് ആര്‍ക്കെങ്കിലും അവിടെ വാടകയ്ക്ക് കൊടുത്തൂടെ? ആളുകളുടെ ജീവിതപ്രശ്‌നമെങ്കിലും പരിഹരിക്കപ്പെടൂലേ? എന്തിനാണ് ഇത്രയും കാശുമുടക്കി അങ്ങനെയൊരു സംവിധാനമൊക്കെ നിലനിര്‍ത്തുന്നത്.

മുന്നണി വിട്ടതോടെ ചര്‍ച്ചകള്‍ സജീവമാണ്, എന്തായിരിക്കും നിലപാട്?
ഒത്തിരി പേര്‍ സംസാരിക്കുന്നുണ്ട്. ദിവസവും വിളിക്കുന്നുണ്ട്. ചര്‍ച്ച വ്യാപകമായി നടക്കുന്നുമുണ്ട്. പൊളിറ്റിക്കല്‍ രംഗത്തുള്ളവര്‍ പൊളിറ്റിക്കല്‍ നിലപാട് എടുത്തേ പറ്റൂ. അതിനകത്തുനിന്നു പുറത്തുപോകാന്‍ കഴിയില്ല. അതാണല്ലോ പൊളിറ്റിക്‌സ്. നിലപാട് എടുക്കും. പറയാറായിട്ടില്ല. പൊളിറ്റിക്കലായി നമ്മള്‍ പറയുന്ന ആവശ്യങ്ങളോട് ആത്മാര്‍ത്ഥത കാണിച്ച് അതു നടപ്പിലാക്കാന്‍ തയ്യാറാവുകയാണെങ്കില്‍ അങ്ങനെ ഏതു മുന്നണിയാണോ വരുന്നത് അവരുമായി യോജിച്ചുപോകാന്‍ ഞാന്‍ തയ്യാറാണ്. ഇത് സി.കെ. ജാനുവിന്റെ വ്യക്തിതാല്‍പ്പര്യമല്ല. ഒരു പൊളിറ്റിക്കല്‍ പ്രസ്ഥാനത്തിന്റെ നിലപാടാണ്. ഞാന്‍ ആ പാര്‍ട്ടിയുടെ ഉത്തരവാദിത്വത്തില്‍ ഇരിക്കുന്നിടത്തോളം കാലം ഞാന്‍ ആ നിലപാട് പാലിച്ചേ പറ്റൂ. അവിടെ എന്റെ വ്യക്തിതാല്‍പ്പര്യത്തിന് യാതൊരു പ്രസക്തിയുമില്ല. വ്യക്തിതാല്‍പ്പര്യമൊക്കെ അവരവരുടെ വീട്ടില്‍ നടത്തികൊള്ളൂക. പ്രസ്ഥാനത്തില്‍ പ്രസ്ഥാനത്തിന്റെ നിലപാടാണ് നടത്തേണ്ടത്.


മുന്‍പ് കോണ്‍ഗ്രസ്സിന്റെ ടിക്കറ്റില്‍ കൈപ്പത്തിയില്‍ മത്സരിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടതാണ്. അതിന് എന്നെ കിട്ടില്ല എന്നു പറഞ്ഞാണ് ഞാന്‍ തിരിച്ചുവന്നത്. അങ്ങനെ മത്സരിച്ചിരുന്നെങ്കില്‍ എനിക്ക് മന്ത്രിയാകാമായിരുന്നില്ലേ? പക്ഷേ, ഞാന്‍ കൈപ്പത്തിയില്‍ മന്ത്രിയായാലും ഇവരൊന്നും പറയുന്നത് ഞാന്‍ കേള്‍ക്കില്ല. സത്യസന്ധവും നീതിയുക്തവുമായ കാര്യങ്ങള്‍ ചെയ്യുമായിരുന്നു. നടപടിയെടുക്കേണ്ടതില്‍ എടുക്കും ചെയ്യേണ്ടത് ചെയ്യും. ജയലക്ഷ്മി ആയപോലെയൊന്നും ഞാന്‍ ആകുമായിരുന്നില്ല. പക്ഷേ, അവരുടെ ടിക്കറ്റില്‍ നിന്നുകൊണ്ട് അത് അവരോട് ചെയ്യുന്ന ഒരു മര്യാദകേടാണ്. അതില്‍ എനിക്കൊരു മനസ്സാക്ഷിക്കുത്തുണ്ടാകും. അതുണ്ടാവരുത്. അതുകൊണ്ടാണ് ഞാന്‍ ചെയ്യാതിരുന്നത്. ഒരു പാര്‍ട്ടിയുടേയും കൂടെ പോകില്ല. മന്ത്രിസഥാനം തന്നാലും പോകില്ല. മുന്നണിയിലേയ്ക്ക് എന്ന രീതിയില്‍ പരിഗണിച്ചാല്‍ മാത്രമേ പോകുകയുള്ളൂ. സി.പി.എമ്മിന്റെ ടിക്കറ്റെടുത്ത് അരിവാള്‍ ചുറ്റികയില്‍ മത്സരിക്കില്ല, കോണ്‍ഗ്രസ്സിന്റെ ടിക്കറ്റില്‍ കൈപ്പത്തിയില്‍ മത്സരിക്കില്ല, ബി.ജെ.പിയില്‍ ചേര്‍ന്നു താമരയില്‍ മത്സരിക്കില്ല. ആരുമായും ചര്‍ച്ച ചെയ്യും. 
നമുക്കിതുപോലത്തെ സ്ഥാനവും സംവിധാനവും ഒന്നും ആഗ്രഹമില്ല. പക്ഷേ, നമ്മളിങ്ങനെയൊക്കെ വന്നാലെ ഇതു പറ്റുള്ളൂവെങ്കില്‍ ആരു തടുത്താലും നമ്മള്‍ വരും. ആ ഒരു പോളിസിയാണ് എനിക്ക്. എന്റെ അഭിപ്രായത്തില്‍ തിന്നാന്‍ വരുന്ന ചെകുത്താന്റെ സഹായം വാങ്ങിയാലാണ് ഇവിടുത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ ഇന്നത്തെ ജീവിതനിലവാരത്തിന് മാറ്റമുണ്ടാവുകയെങ്കില്‍ അയാള്‍ തിന്നുന്നത് ഞാന്‍ രണ്ടാമത് ആലോചിക്കും, സഹായം ഞാന്‍ ആദ്യം വാങ്ങും. ഇതാണ് എന്റെ പൊളിറ്റിക്കല്‍ പോളിസി. 

ആ രീതിയില്‍ നിങ്ങളുടെ ആത്മാര്‍ത്ഥത മനസ്സിലാക്കാത്തവരും ഇല്ലേ. അധികാരക്കൊതി, സാമ്പത്തിക സോഴ്സ് അന്വേഷിക്കണം എന്നൊക്കെ ആരോപണങ്ങള്‍ ഉണ്ടായിരുന്നില്ലേ?
എന്റെ വരുമാനത്തെക്കുറിച്ച് ആരു വേണമെങ്കിലും അന്വേഷിച്ചോട്ടെ. ഇവിടെയുള്ള സ്പെഷല്‍ ബ്രാഞ്ചോ സി.ബി.ഐയോ, ഇനി ഇവരൊന്നും അന്വേഷിച്ചിട്ട് തികഞ്ഞില്ലെങ്കില്‍ ഇന്റര്‍നാഷണല്‍ കോടതിയില്‍ കൊടുക്കട്ടെ, ഐക്യരാഷ്ട്ര സഭയില്‍. അവിടെയും വേണമെങ്കില്‍ ഞാന്‍ പോകാം മൊഴികൊടുക്കാന്‍. എനിക്കതില്‍ പ്രശ്‌നമൊന്നും ഇല്ല. എന്റെ മനസ്സാക്ഷിയില്‍ ഞാനൊരാളേയും വഞ്ചിച്ചിട്ടില്ല. അധികാരത്തിനുവേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല. ഈ ചെയ്യുന്നത് ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി. അതിനുവേണ്ടിയാണ് ഞാന്‍ ഇത്രയും കാലം ജീവിച്ചത്. ഇനിയും ഞാന്‍ അതു ചെയ്യും. എന്നെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി. ഈ ലോകത്ത് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല. എന്നെ ബോധ്യപ്പെടുത്തിയാല്‍ എനിക്ക് ബോള്‍ഡായി തീരുമാനം എടുക്കാന്‍ പറ്റും. പക്ഷേ, എന്നെ ബോധ്യപ്പെടുത്തുന്നതില്‍ ഞാന്‍ പരാജയപ്പെട്ടാല്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. അതുമാത്രമേ ഞാന്‍ നോക്കുന്നുള്ളൂ. അതുകൊണ്ട് ലോകത്തുള്ള എല്ലാവരും എന്തുവേണമെങ്കിലും പറയട്ടെ.

കാര്‍ വാങ്ങിയ വാര്‍ത്ത വന്നപ്പോഴാണെന്നു തോന്നുന്നു അത്തരം ആരോപണങ്ങള്‍?
കാര്‍ വാങ്ങിയ വാര്‍ത്തയിലൊന്നും ഇതു തീരില്ല. ഇതിനിയും വരും. കാര്‍ വാങ്ങിയ ആ വര്‍ഷം അഞ്ചുലക്ഷം രൂപയ്ക്കാണ് ഞാന്‍ ഇവിടെ കുരുമുളക് വിറ്റത്. തെരഞ്ഞെടുപ്പു പത്രിക സമര്‍പ്പിച്ചതില്‍ ആ വരുമാനം കാണിച്ചില്ല എന്നതായിരുന്നു ഒരു പരാതി. കാര്‍ഷിക വരുമാനത്തെ അങ്ങനെ കാണിക്കാന്‍ കഴിയില്ല. സ്ഥിരം വരുമാനത്തെയാണ് അതില്‍ കാണിക്കുന്നത്. ആരോപണം ഉന്നയിക്കുന്നവര്‍ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം പഠിക്കാത്തത് എന്റെ കുറ്റമാണോ? കാര്‍ഷിക വരുമാനം ഒരു വര്‍ഷം ചിലപ്പോള്‍ പത്ത് ലക്ഷം കിട്ടും, ഒരു വര്‍ഷം അഞ്ചുലക്ഷം കിട്ടും, ഒരു വര്‍ഷം ഒരു ലക്ഷം കിട്ടും, ചിലപ്പോള്‍ ഒരു വര്‍ഷം ഒന്നും ഉണ്ടാവില്ല. ഇതാണ് കാര്‍ഷിക വരുമാനം. അതുകൊണ്ട് കാര്‍ഷിക വരുമാനം ഇലക്ഷനില്‍ കാണിക്കേണ്ടതില്ല. അവര്‍ക്കതറിയുമെങ്കില്‍ ആ ചോദ്യം ചോദിക്കില്ലായിരുന്നു. സ്ഥിരവരുമാനം ആണെങ്കില്‍ വെക്കണം. അങ്ങനെ അല്ല ഇത്. ആവശ്യമുള്ളതു മാത്രം വെച്ചാല്‍ പോരെ. 

എന്നിട്ട് ആ കാറെവിടെ?
കാറിന്റെയൊക്കെ കാര്യം ഭയങ്കര രസാണ്. എല്ലാരും പണം ഉണ്ട് എന്നു പറഞ്ഞാലും. കാറിന് അഞ്ചുവര്‍ഷത്തെ അടവാണ്. ഒരു മാസം 12,000 രൂപ വെച്ച് ഞാന്‍ അടയ്ക്കണം. വല്ലാത്ത പ്രതിസന്ധിയിലാണ് നമ്മളുള്ളത്. ഏങ്ങനെയൊക്കെയോ തട്ടിമുട്ടി ചെയ്ത് പോകലാണ്. ഇതിന്റെയിടയില്‍ കുറേ ഓട്ടം കിട്ടുമ്പോള്‍ ആ ഓട്ടത്തിന്റെ പൈസ എടുത്ത് ഈ അടവിലേക്ക് മാറ്റും. അങ്ങനെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്റെ തന്നെ ഓട്ടം ഉണ്ടാവുമല്ലോ. യൂണിവേഴ്സിറ്റിയിലോ മറ്റേതെങ്കിലും മീറ്റിങ്ങിനോ ഒക്കെ പോകുമ്പോ അവര്‍ വാടക തരും. അപ്പോ ആ പൈസ എടുത്തിട്ട് ഈ അടവ് അടയ്ക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയത്തിന്റെ തിരക്കു കാരണം മീറ്റിങ്ങിന് പോകാനൊന്നും അധികം സമയം കിട്ടാറില്ല. അതുകൊണ്ട് ഇതിന്റെ അടവ് ഒക്കെ പ്രശ്‌നമാണ്. ഇപ്പോ വണ്ടി ടാക്‌സിയാക്കാന്‍ തീരുമാനിച്ചു. അതിനുവേണ്ടി വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ അടുത്ത് കൊണ്ടുപോയിരിക്കുകയാണ്. ടാക്‌സി ആക്കിയിട്ട് എന്റെ ഓട്ടം കഴിഞ്ഞ് ബാക്കിയുള്ള സമയത്ത് ഓടിയാല്‍ അടവിലേക്ക് മാറ്റാലോ. ഡ്രൈവര്‍ക്കും പൈസ കൊടുക്കണമല്ലോ.

ഡ്രൈവിങ് പഠിച്ചിരുന്നല്ലോ?
പഠിച്ചു, ഞാന്‍ പക്ഷേ, ഓടിച്ചിട്ടൊന്നുമില്ല. ലൈസന്‍സൊന്നും എടുത്തിട്ടില്ല. ഓടിക്കാന്‍ പറ്റും. പക്ഷേ, ഞാനത് ചെയ്യാറില്ല. ഇനി അതുംകൂടെ ചെയ്താല്‍ എല്ലാരും പറയും-അഹങ്കാരം, കണ്ടില്ലേ സ്വന്തം കാറെടുത്തിട്ട് ഇതാ ഓടിച്ചോണ്ട് നടക്കുന്നു. ഞാന്‍ ഓടിക്കും. എനിക്കങ്ങനെ ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഒന്നുമില്ല. ബോധ്യപ്പെടുത്താന്‍ നിക്കാറുമില്ല. ഇപ്പോ സി.പി.എമ്മുകാര്‍ എന്റെ ഈ വീട് ഏഴുനില കെട്ടിടം ആണെന്നാ പറഞ്ഞത്. നിങ്ങള്‍ ഇപ്പോ വന്നു കണ്ടല്ലോ. എത്ര നിലയുണ്ട് എന്ന്, എണ്ണിക്കോ. ഏഴു നില കെട്ടിടം, കാര്‍-എന്തൊക്കെയാണ് ആളുകള്‍ പറയുന്നത്. എന്തായാലും എന്റെ കാര്‍ ഇന്റര്‍നാഷണല്‍ ലെവലില്‍ അറിയപ്പെട്ട കാറാണ്. അതുകൊണ്ട് ഞാനത് വില്‍ക്കില്ല. ടൊയോട്ടൊയുടെ എത്തിയോസ് ജിഡി കാറാണ്. ഞാനെടുക്കുന്ന സമയത്ത് എട്ട് ലക്ഷത്തോളമായിരുന്നു വില. അതിനാണ് 25 ലക്ഷം, 30 ലക്ഷം എന്നൊക്കെ പറഞ്ഞത്. ശരിക്കും ഞാന്‍ മാനനഷ്ടത്തിന് കേസ് കൊടുത്താല്‍ ഈ എട്ടു ലക്ഷം കഴിച്ച് ബാക്കി അവരുടെ അടുത്തുനിന്നു വാങ്ങാമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com