ചുട്ടുപൊള്ളുന്ന ഹാവ്ലോക്കില്‍: ദ്വീപിലെ കാഴ്ചകളും ജീവിതവും

ധാരാളം ടൂറിസ്റ്റ് റിസോര്‍ട്ടുകളും അതിമനോഹരങ്ങളായ ബീച്ചുകളുമെല്ലാം ഈ ദ്വീപുകളിലുള്ളതാണ് കാരണം.
ചുട്ടുപൊള്ളുന്ന ഹാവ്ലോക്കില്‍: ദ്വീപിലെ കാഴ്ചകളും ജീവിതവും



   
 
 
ബാരത്താങ്ങ്, സൗത്ത് ആന്‍ഡമാന്‍, ബാരന്‍, ലിറ്റില്‍ ആന്‍ഡമാന്‍ തുടങ്ങി നിരവധി ദ്വീപുകളുണ്ട് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെങ്കിലും  വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടവ നീലും ഹാവ്ലോക്കുമാണ്. ധാരാളം ടൂറിസ്റ്റ് റിസോര്‍ട്ടുകളും അതിമനോഹരങ്ങളായ ബീച്ചുകളുമെല്ലാം ഈ ദ്വീപുകളിലുള്ളതാണ് കാരണം. കൂടാതെ പ്രധാന ദ്വീപായ പോര്‍ട്ട്ബ്ലെയറില്‍നിന്ന് രണ്ടു മണിക്കൂര്‍ ആധുനിക ബോട്ടുകളില്‍ സഞ്ചരിച്ചാല്‍ ഇവിടങ്ങളില്‍ എത്തിച്ചേരാനുമാകും.

8.15-ന് പോര്‍ട്ട്ബ്ലെയറില്‍നിന്നു പുറപ്പെട്ട മക്രൂസ് ഫെറി ബോട്ട് 9.45-ന് ഹാവ്ലോക്കിന്റെ തീരമടുത്തു. ബോട്ടില്‍നിന്ന് പുറത്തേക്ക് കാലെടുത്തുവെച്ചപ്പോള്‍ കനത്ത ചൂട് യാത്രികരെ പൊതിഞ്ഞു. ആന്‍ഡമാന്‍ ദ്വീപുകളില്‍ എവിടെയായാലും ഏതു കാലത്തായാലും ചൂട് സഹിച്ചേ പറ്റൂ. കേരളത്തില്‍ ജനിച്ചുവളര്‍ന്ന നമുക്ക് ചൂടൊരു പ്രശ്‌നമാകില്ലെങ്കിലും യൂറോപ്പിലെ കൊടും തണുപ്പില്‍നിന്ന് ആന്‍ഡമാനില്‍ പറന്നിറങ്ങുന്ന സായ്പന്മാരുടെ സ്ഥിതി അത്ര സുഖകരമാകാനിടയില്ല.

'മക്രൂസി'ല്‍ വന്നിറങ്ങിയ ജനം പുറത്തേക്കൊഴുകി. 'വെല്‍ക്കം ടു ഹാവ്ലോക്ക്' എന്നെഴുതിയ ബോര്‍ഡ് കടന്നാല്‍ ഒരു ജംഗ്ഷനാണ്. കടകളും ഹോട്ടലുകളും നിറഞ്ഞ കവലയില്‍ ഇഷ്ടം പോലെ ടാക്സികളും ഓട്ടോകളുമുണ്ട്. ഫെറി ഇറങ്ങിവരുന്ന ഓരോ സഞ്ചാരിയേയും ടാക്സിക്കാര്‍ പൊതിയുന്നു. മിക്കവര്‍ക്കും ഏതെങ്കിലും റിസോര്‍ട്ടിലേക്കാണ് പോകേണ്ടത്. ആളെ നോക്കിയാണ് ടാക്സിക്കാര്‍ നിരക്ക് നിശ്ചയിക്കുന്നതെന്നു തോന്നുന്നു.
എനിക്കും ലഭിച്ചു നിരവധി സവാരി ഓഫറുകള്‍. എനിക്ക് പോകേണ്ടത് 'ഹാവ്ലോക്ക് നഗ്രി' എന്നൊരു റിസോര്‍ട്ടിലേക്കാണ്. ഒരു ഹോട്ടല്‍ ബുക്കിങ് വെബ്സൈറ്റില്‍ ഏറെ പരതിയതിനു ശേഷമാണ് തരക്കേടില്ല എന്നു തോന്നിയ 'നഗ്രി' കണ്ടെത്തിയത്. ഹാവ്ലോക്കിലെ പ്രസിദ്ധമായ രാധാനഗര്‍ ബീച്ചിനു സമീപമാണ് നഗ്രി എന്നു മാത്രമേ എനിക്കറിയാവൂ.

300 മുതല്‍ 600 രൂപ വരെയാണ് നഗ്രി വരെ പോകാന്‍ ടാക്സി-ഓട്ടോ സംഘം ആവശ്യപ്പെടുന്നത്. എനിക്ക് പോയിട്ട് വലിയ തിരക്കൊന്നുമില്ലാത്തതുകൊണ്ട് എല്ലാവരുടേയും നിരക്കുകളൊക്കെ കേട്ട് നിര്‍മമനായി മുന്നോട്ടു നടന്നു.
അപ്പോള്‍ കാണുന്നു, രണ്ട് ബസുകള്‍. 'രാധാനഗര്‍ ബീച്ച്' എന്ന ബോര്‍ഡുണ്ട്, ഒരു ബസില്‍. ഏതാണ്ട് നമ്മുടെ കെ.എസ്.ആര്‍.ടി.സിയുടെ അതേ 'കളര്‍സ്‌കീ'മാണ് ബസുകള്‍ക്ക്. സര്‍ക്കാര്‍ വക ബസാണെന്നുറപ്പ്.

മക്രൂസ് ഫെറി ബോട്ട് ഫിനിക്‌സ് ജെട്ടിയില്‍ 
മക്രൂസ് ഫെറി ബോട്ട് ഫിനിക്‌സ് ജെട്ടിയില്‍ 

തുരുത്തിയിലെ ബസ് യാത്ര
ബസിലാക്കിയാലോ യാത്ര എന്നാലോചിച്ചു.  ഹാവ്ലോക്കില്‍ രണ്ടു ദിവസമേ ഞാന്‍ താമസിക്കുന്നുള്ളു. അതുകൊണ്ട് വലിയ ലഗേജൊക്കെ പോര്‍ട്ട്ബ്ലെയറിലെ ഹോട്ടലില്‍ ഏല്പിച്ചിരിക്കുകയാണ്. ഒരു ചെറിയ ഹാന്‍ഡ്ബാഗ്  മാത്രമേ കൈയിലുള്ളു.

ഓട്ടോക്കാരേയും ടാക്സിക്കാരേയും തൃണവല്‍ഗണിച്ചുകൊണ്ട് ബസിനടുത്തേക്കു നടന്നപ്പോള്‍, പിന്തുടര്‍ന്നു വന്ന ഒരു കാക്കി ഷര്‍ട്ടുകാരന്‍ ഭീഷണി മട്ടില്‍ പറഞ്ഞു: ''ബസ് നഗ്രി എത്തണമെങ്കില്‍ രണ്ടു മണിക്കൂറെടുക്കും.''
 ഞാന്‍ ഒഴിവാക്കി വിട്ട ഏതോ ഓട്ടോക്കാരനാണ് കക്ഷി. 
''സാരമില്ല'' - ഞാന്‍ പറഞ്ഞു. ''ഒരു തിരക്കുമില്ല. പതുക്കെ പോയാല്‍ അത്രയും സന്തോഷം. സ്ഥലങ്ങളൊക്കെ കാണാമല്ലോ.''
ബസില്‍ കയറിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി. ബസുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഉള്ളിലെങ്ങും പച്ചനിറം. കീറിയതും നിറം മങ്ങിയതുമായ സീറ്റുകള്‍. ചാക്കുകെട്ടുകളും കുട്ടകളും പിന്നില്‍ അടുക്കി വെച്ചിരിക്കുന്നു.
ആകെ നാലഞ്ച് പേരേ ബസിലുള്ളു. മറ്റ് യാത്രക്കാരെയെല്ലാം ഓട്ടോക്കാര്‍ റാഞ്ചിക്കൊണ്ടു പോയി.

പത്തുമിനിട്ടു കഴിഞ്ഞ് ഡ്രൈവര്‍ വന്നു. അക്കൂടെ പുറത്തുനിന്നിരുന്ന നാലു പേര്‍ കൂടി കയറി. ബസ് സ്റ്റാര്‍ട്ടു ചെയ്തപ്പോള്‍ പിന്നിലിരുന്ന ഒരാള്‍  ബംഗാളി ഭാഷയില്‍ എന്തോ വിളിച്ചുകൂവി. തുടര്‍ന്ന് ഡ്രൈവര്‍  ഹോണ്‍ മുഴക്കി. ഡ്രൈവറും യാത്രക്കാരനും തമ്മില്‍ സംഭാഷണം തുടങ്ങി. ഇടയ്ക്കിടെ ഹോണ്‍ മുഴക്കിക്കൊണ്ട് സംഭാഷണം തുടര്‍ന്നു. യാത്രക്കാരന്‍ പുറത്തുനോക്കി ആരെയോ വിളിക്കുന്നുമുണ്ട്.

അഞ്ചു മിനിറ്റ് ഈ നാടകം തുടര്‍ന്നു. തുടര്‍ന്ന് ഒരാള്‍ ഓടിവന്ന് ബസില്‍ കയറി. എന്തോ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഈ മനുഷ്യനുവേണ്ടിയാണ് ബസിങ്ങനെ സ്റ്റാര്‍ട്ട് ചെയ്ത് ഹോണുമടിച്ച് ഇത്രനേരം കിടന്നത്! ബസില്‍ ഇരുന്നവര്‍ക്കോ ഡ്രൈവര്‍ക്കോ കണ്ടക്ടര്‍ക്കോ യാതൊരു പരാതിയുമില്ല. എത്ര സഹവര്‍ത്തിത്വത്തോടെ കഴിയുന്നവരാണ് ദ്വീപ് വാസികള്‍ എന്നു ഞാന്‍ ഓര്‍ത്തുപോയി. മിക്കവര്‍ക്കും പരസ്പരം അറിയാം എന്നതാണ് ഈ സഹവര്‍ത്തിത്വത്തിന്റെ പ്രധാന കാരണം. ഇവിടെ ബസ് ഡ്രൈവറും യാത്രക്കാരനുമൊന്നുമില്ല. എല്ലാം ദ്വീപ് വാസികള്‍ മാത്രം.
കണ്ടക്ടര്‍ അടുത്തെത്തി. ''നഗ്രി റിസോര്‍ട്ട് പതാഹേ? വഹാം ജാനാ ഹേ''- ഞാന്‍ പറഞ്ഞു.

''അറിയാം. അവിടെ എത്തുമ്പോള്‍ പറയാം''- നല്ല പച്ചമലയാളത്തില്‍ മറുപടി കിട്ടി. ഞാന്‍ ജാള്യതയോടെ പണം കൊടുത്ത് ടിക്കറ്റുവാങ്ങി. കണ്ടക്ടറുടെ തിരക്കൊഴിഞ്ഞിട്ട് പരിചയപ്പെടാമെന്നു കരുതിയപ്പോള്‍ അടുത്ത സ്റ്റോപ്പ് മുതല്‍ ബസിനുള്ളിലേക്ക് സ്‌കൂള്‍ കുട്ടികള്‍ ഇരച്ചുകയറിത്തുടങ്ങി. പത്തു മണിയാണല്ലോ ബസില്‍ ഏറ്റവും തിരക്കുള്ള സമയം. 

മക്രൂസ് ഫെറി ബോട്ടിന്റെ ഉള്‍ഭാഗം
മക്രൂസ് ഫെറി ബോട്ടിന്റെ ഉള്‍ഭാഗം


ഞാന്‍ കാഴ്ചകള്‍ കണ്ടുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു. കര്‍ണാടകത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ പോലെയുണ്ട് ഹാവ്ലോക്കിന്റെ ഭൂപ്രകൃതി. കൃഷിസ്ഥലങ്ങളാണ് എവിടെയും. വയലുകളും കമുക് തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളുമുണ്ട്. നിരപ്പായ ഭൂമിയല്ല. ബസ് ഇടയ്ക്കിടെ കയറ്റങ്ങള്‍ കയറിയിറങ്ങുന്നു.
എട്ടുകിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ പച്ചമലയാളത്തില്‍ വിളിച്ചു ചോദിച്ചു: ''നഗ്രി റിസോര്‍ട്ട് ഇറങ്ങാനുള്ളയാള്‍ എവിടെ?''
ഞാന്‍ എഴുന്നേറ്റ് ഡോറിനടുത്തെത്തി. ''എവിടെയാ സ്ഥലം'' - കണ്ടക്ടറോട് ചോദിച്ചു. ''തലശ്ശേരി... പക്ഷേ, ജനിച്ചു വളര്‍ന്നതൊക്കെ ഇവിടെത്തന്നെ''- കണ്ടക്ടര്‍ പറഞ്ഞു.
യാത്ര പറഞ്ഞ് ബസില്‍നിന്ന് ചാടിയിറങ്ങി. ഒരു കയറ്റത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. ഒഴിഞ്ഞ ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രമുണ്ട് പരിസരത്ത്. ഇവിടെ എവിടെയാണാവോ റിസോര്‍ട്ട്!
താമസിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം ശരിയായില്ലേ എന്ന് ഞാന്‍ ആശങ്കപ്പെട്ടു. ആളൊഴിഞ്ഞ സ്ഥലത്ത് താമസിച്ചാല്‍ എവിടേക്കെങ്കിലും പോകാന്‍ വാഹനം കിട്ടാന്‍ പോലും ബുദ്ധിമുട്ടാണ്.
അല്പമൊന്ന് പരതിയപ്പോള്‍ ഒരു പറമ്പിനുള്ളില്‍ റിസോര്‍ട്ട് കണ്ടു. കുരുമുളക് വള്ളിക്കിടയില്‍ ഒരു കുഞ്ഞു ബോര്‍ഡ് തൂങ്ങിയാടുന്നുണ്ട് 'ഹാവ്ലോക്ക് നഗ്രി റിസോര്‍ട്ട്.'

പോര്‍ട്ട് ബ്ലെയറില്‍ നിന്ന് ഹാവ്‌ലോക്ക് ജെട്ടിയില്‍ വന്നിറങ്ങിയ യാത്രക്കാര്‍
പോര്‍ട്ട് ബ്ലെയറില്‍ നിന്ന് ഹാവ്‌ലോക്ക് ജെട്ടിയില്‍ വന്നിറങ്ങിയ യാത്രക്കാര്‍


തട്ടടിച്ച് ഉയര്‍ത്തിക്കെട്ടിയ ഒരു പ്ലാറ്റ്ഫോമിലെ തുറന്ന റസ്റ്റോറന്റാണ് ആദ്യം കണ്ടത്. തൊട്ടടുത്ത് ഒരു അടുക്കളയും. എന്നെ കണ്ട് ഒരു മദ്ധ്യവയസ്‌ക പുറത്തുവന്നു. റിസര്‍വേഷന്റെ പേപ്പര്‍ കാണിച്ചപ്പോള്‍ അവര്‍ ആരെയോ നീട്ടിവിളിച്ചു. ഷര്‍ട്ടിടാത്ത രണ്ട് യുവാക്കള്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു.

അവര്‍ എന്നെ സിമന്റിട്ട നടപ്പാതയിലൂടെ ആനയിച്ചു. ഒരു കമുകിന്‍ തോട്ടത്തിനു നടുവില്‍ അഭിമുഖമായി നില്‍ക്കുന്ന, തടികൊണ്ടു നിര്‍മ്മിച്ച ആറ് കോട്ടേജുകള്‍.  തറനിരപ്പില്‍നിന്ന് ഉയര്‍ത്തി നിര്‍മ്മിച്ച തടിക്കാലുകളിലാണ് കോട്ടേജുകള്‍ നില്‍ക്കുന്നത്. മുന്‍ഭാഗം മുഴുവന്‍ ഗ്ലാസ്സിട്ടിരിക്കുന്നു.
കൊള്ളാം. പുറത്തുനിന്നു കാണുന്നതുപോലെയല്ല, കലാപരമായിട്ടാണ് കാര്യങ്ങള്‍ ചെയ്തിരിക്കുന്നത്. കയറിവരുമ്പോഴുള്ള 'ആമ്പിയന്‍സും' ഷര്‍ട്ടിടാത്ത പയ്യന്മാരുമൊക്കെ ആദ്യം തരുന്ന ഇംപ്രഷന്‍ വേറെയാണെന്നു മാത്രം. 

മക്രൂസ് ഫെറി ബോട്ട് ഹാവ്‌ലോക്കില്‍
മക്രൂസ് ഫെറി ബോട്ട് ഹാവ്‌ലോക്കില്‍

വൃത്തിയുള്ള മുറി. തടിപ്പലകകള്‍ പാകിയ തറ. എസിയുണ്ട്; നല്ല ടോയ്ലെറ്റുമുണ്ട്.
''ഇവിടെ നിന്ന് പുറത്തു പോകാന്‍ എന്താണ് വഴി?'' പയ്യനോട് ചോദിച്ചു. 
''ടൂവീലര്‍ വാടകയ്ക്കെടുക്കാം... വേണോ?''

ആകാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ കൂടെ വരാന്‍ പയ്യന്‍ പറഞ്ഞു.
പയ്യന്റെ ബൈക്കിന്റെ പിന്നില്‍ കയറി യാത്ര തുടങ്ങിയപ്പോഴാണ് റോഡിന്റെ അവസ്ഥ ശ്രദ്ധിച്ചത്. കേരളത്തിലെ പല റോഡുകളും എത്ര ഭേദം! കുഴി ഒഴിവാക്കി ഓടിക്കാന്‍ പറ്റാത്തത്ര കുഴികള്‍! 

ഹാവ്‌ലോക്ക് ജെട്ടിയില്‍ വന്നിറങ്ങിയ വിനോദ സഞ്ചാരികള്‍
ഹാവ്‌ലോക്ക് ജെട്ടിയില്‍ വന്നിറങ്ങിയ വിനോദ സഞ്ചാരികള്‍


10 വര്‍ഷം മുന്‍പ് മാരകമായ കാലുവേദന വന്നതിനു ശേഷം ഞാനങ്ങനെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാറില്ല. കുറേ നേരം ടൂവീലര്‍ ഓടിച്ചാല്‍ ഇപ്പോഴും കാല്‍വേദന തലപൊക്കാറുണ്ട്. നിരപ്പായ റോഡാണെങ്കില്‍ പ്രശ്‌നമില്ല. എന്നാല്‍ ഗട്ടറുള്ള റോഡില്‍ ഓടിച്ചാല്‍ എന്റെ കാര്യം പോക്കായതുതന്നെ.
''പേടിക്കണ്ട, ഈ റോഡ് മാത്രമേ ഇത്രയും പ്രശ്‌നമുള്ളൂ. ബാക്കി റോഡൊക്കെ ഭേദമാണ്'' -പയ്യന്‍ ആശ്വസിപ്പിച്ചു.

ഒരു കിലോമീറ്റര്‍ ഓടി, ഒരു ഇറക്കം ഇറങ്ങിച്ചെന്നപ്പോള്‍ വലതുവശത്തു കണ്ട വീട്ടില്‍ ബൈക്ക് നിര്‍ത്തി. അവിടെ പശുത്തൊഴുത്തിനോടു ചേര്‍ന്ന് മൂന്ന് സ്‌കൂട്ടറുകള്‍ ഇരിപ്പുണ്ട്. ബൈക്കിന്റെ ശബ്ദം കേട്ട് ഒരു ചേട്ടന്‍ ഇറങ്ങിവന്നു. വയനാട്ടിലെ കുടിയേറ്റ ക്രിസ്ത്യാനിയുടെ മട്ടും ഭാവവും. കൃഷിഭൂമിയില്‍ പണിചെയ്ത് സ്വായത്തമാക്കിയ ഉരുക്കുപോലെയുള്ള ശരീരം. ആ ശരീരത്തിനു ചേരാത്ത സ്വര്‍ണ്ണമാല.

ജെട്ടിയില്‍ നിന്ന് ഹാവ്‌ലോക്ക് ഐലന്‍ഡിലേക്ക്
ജെട്ടിയില്‍ നിന്ന് ഹാവ്‌ലോക്ക് ഐലന്‍ഡിലേക്ക്


''ദിവസം 400 രൂപ വാടക. പെട്രോള്‍ നിങ്ങള്‍ അടിക്കണം, ഹെല്‍മറ്റും ഇവിടുന്നു തരും''- മുഖവുരകളില്ലാതെ ചേട്ടന്‍ പറഞ്ഞു. ഹിന്ദി ഉച്ചാരണം കേട്ടപ്പോള്‍ കുടിയേറ്റക്കാരനായ ക്രിസ്ത്യാനി എന്ന  സംശയം മാറിക്കിട്ടി. ബംഗാളിയാണ് കക്ഷി.

ചേട്ടന്റെ സംഗതികളെല്ലാം പ്രൊഫഷണലാണ്. വലിയ രസീത് ബുക്കില്‍ എന്റെ അഡ്രസ്സും ഫോണ്‍ നമ്പരും എഴുതി. ലൈസന്‍സിന്റെ ഫോട്ടോ എടുത്തു. എന്റെ മുന്നില്‍വെച്ച് ഒരു ലിറ്റര്‍ പെട്രോള്‍ ഒഴിച്ചു. തിരിച്ചുതരുമ്പോള്‍ അത്രയും പെട്രോള്‍ ബാക്കി കാണണമെന്ന് അറിയിച്ചിട്ട് ഹെല്‍മറ്റും കീയും തന്നു.
ഞാന്‍ ഹാവലോക്കിന്റെ കാഴ്ചകളിലേക്ക് സ്‌കൂട്ടര്‍ ഓടിച്ച് ഇറങ്ങി.

ആദ്യം അന്വേഷിച്ചത് രാധാനഗര്‍ ബീച്ചാണ്. ഏറെ കേട്ടിട്ടുണ്ട് ഈ ബീച്ചിനെക്കുറിച്ച്. ലോകത്തിലെ ഏറ്റവും മികച്ച ഏഴ് ബീച്ചുകളിലൊന്നായി ട്രിപ്പ് അഡൈ്വസറും ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചായി  ടൈം മാഗസിനും തെരഞ്ഞെടുത്തത് രാധാനഗറിനെയാണ്. നഗ്രി റിസോര്‍ട്ടില്‍നിന്ന് വെറും ഒരു കിലോമീറ്ററേ ഉള്ളൂ ബീച്ചിലേക്ക്.
നേരെ വിട്ടു, വണ്ടി രാധാനഗറിലേക്ക്. അപ്പോഴേക്കും വെയില്‍ ചുട്ടുപൊള്ളിത്തുടങ്ങിയിരുന്നു.
ബീച്ചിലേക്കുള്ള പാതയില്‍ നിറയെ തട്ടുകടകള്‍പോലെ ഹോട്ടലുകളാണ്. അവയ്ക്കിടയിലൂടെ ആ സുന്ദരദൃശ്യം കണ്ടു: നീല ജലാശയം പോലെ, തിരയൊഴിഞ്ഞ കടല്‍. കടലിന് അതിരിടുന്ന വെളുവെളുത്ത പഞ്ചാര മണല്‍ത്തരികള്‍. മേലാപ്പ് വിരിച്ച് നീലാകാശം.  
സത്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകള്‍ക്കു പോലുമില്ലാത്ത വൃത്തിയും വെടിപ്പും ഭംഗിയും രാധാനഗര്‍ ബീച്ചിനുണ്ട്.

ഹാവ്‌ലോക്കില്‍, ബസിനുള്ളില്‍
ഹാവ്‌ലോക്കില്‍, ബസിനുള്ളില്‍

ബീച്ചിലെ ചീങ്കണ്ണി ശല്യം

കടല്‍ത്തീരത്തെ കാറ്റാടി മരങ്ങള്‍ക്കിടയില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തിട്ട് കടല്‍ത്തീരത്തേക്ക് നടന്നു. കാറ്റാടി മരച്ചോട്ടില്‍ ജനത്തിന് വിശ്രമിക്കാന്‍ തടിക്കസേരകളും മുറിച്ച മരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ഇരിപ്പിടങ്ങളുമുണ്ട്. അതില്‍ നിറയെ വിനോദസഞ്ചാരികള്‍ ഇരുന്നും കിടന്നും വിശ്രമിക്കുന്നു. മേലെ കയറിനിന്ന് കടല്‍ കാണാനായി ഉയര്‍ത്തി നിര്‍മ്മിച്ച വലിയ ഏറുമാടങ്ങളുമുണ്ട്.

കടുത്ത ചൂടുമൂലം കടല്‍ത്തീരത്ത് ജനത്തിരക്ക് കുറവാണ്. 'യു' ആകൃതിയിലാണ് രാധാനഗര്‍ ബീച്ച്. രണ്ടറ്റത്തും മരങ്ങള്‍ നിറഞ്ഞ മുനമ്പുകള്‍ തള്ളിനില്‍ക്കുന്നു. അവയ്ക്കിടയില്‍ ആറോ ഏഴോ കിലോമീറ്റര്‍ നീളത്തിലാണ് ബീച്ച്. തിര വളരെ കുറവാണ് എന്നതാണ് ഇവിടുത്തെ പ്രത്യേകത. എന്നാല്‍ ആരും കടലിലേയ്ക്കിറങ്ങി കുളിക്കുന്നതായി കണ്ടില്ല.
അതിനു കാരണം തൊട്ടടുത്തുതന്നെ വലിയ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്: ''കടലില്‍ ചീങ്കണ്ണിയുണ്ട്. സൂക്ഷിക്കണം.''

പോരേ, പൂരം! ഇന്ത്യയിലെ ഒരു ബീച്ച് ഇത്രയും വൃത്തിയായി നിലനില്‍ക്കാന്‍ കാരണം ചീങ്കണ്ണികളാണെന്നു വ്യക്തമായി. അല്ലെങ്കില്‍ കടലിലേക്ക് എന്തൊക്കെ വസ്തുക്കള്‍ വലിച്ചെറിഞ്ഞേനെ! തീരം എത്ര വൃത്തികേടായാനേ! ചീങ്കണ്ണിയെ പേടിച്ച് എല്ലാവരും കരയില്‍ നിന്ന് ബീച്ചിന്റെ ഭംഗി ആസ്വദിക്കുകയേ ഉള്ളൂ. വെള്ളത്തിലിറങ്ങിയുള്ള കളികളോ കുളികളോ ഇല്ല! 'വിഷമം' തീര്‍ക്കാനായി കാലൊന്നു നനയ്ക്കുകയോ മറ്റോ ആവാം. അത്രമാത്രം.
ആന്‍ഡമാനിലെ ബിച്ച് ടൂറിസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ചീങ്കണ്ണി ശല്യം. 2014 മുതല്‍ ആറുപേര്‍ ചീങ്കണ്ണിയുടെ ആക്രമണങ്ങളില്‍ മരിച്ചിട്ടുണ്ട് എന്നതാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ ഇത് 15 ആണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

രാധാനഗര്‍ ബീച്ച്
രാധാനഗര്‍ ബീച്ച്

അന്യം നിന്നുകൊണ്ടിരുന്ന ചീങ്കണ്ണി വംശമായ 'സാള്‍ട്ട് വാട്ടര്‍ ക്രോക്കഡൈലാ'ണ് ആന്‍ഡമാനിലെ കടലിലുള്ളത്. ഉപ്പുവെള്ളത്തില്‍ ജീവിക്കുന്ന ഈ ചീങ്കണ്ണികളെ 1960 വരെ തോലിനും മാംസത്തിനുമായി ആദിവാസികള്‍ കൊല്ലുന്നത് വ്യാപകമായിരുന്നു. അങ്ങനെ 1970- ല്‍ ഇവയുടെ എണ്ണം വെറും 31 ആയി കുറഞ്ഞു. 1975 മുതല്‍ ഇവയെ സംരക്ഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. ചീങ്കണ്ണിയെ കൊല്ലുന്നവര്‍ക്ക് ഏഴുവര്‍ഷം കഠിനതടവെന്ന നിയമം പ്രാബല്യത്തിലായി. കൂടാതെ പോര്‍ട്ട്ബ്ലെയറിലെ ഹഡോ മൃഗശാലയില്‍ ഇവയെ വളര്‍ത്തി വലുതാക്കി, നദികളിലും മറ്റും കൊണ്ടു തുറന്നുവിടുന്നതും പതിവാക്കി. 

അങ്ങനെ 2015 ആയപ്പോഴേക്കും സാള്‍ട്ട്വാട്ടര്‍ ക്രോക്കഡൈലുകളുടെ എണ്ണം 500 ആയി പെരുകി. അതേ കാലയളവില്‍ ആന്‍ഡമാനിലെ ജനസംഖ്യയും 41,000-ല്‍നിന്ന്  3.8 ലക്ഷമായി ഉയര്‍ന്നു.

അതോടെ 500 ചീങ്കണ്ണികളും 3.8 ലക്ഷം മനുഷ്യരുമായുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചു. കടലില്‍ ഇറങ്ങുന്നവരെ അവ ആക്രമിക്കാന്‍ തുടങ്ങി. പല ബീച്ചുകളിലും കുളിക്കാനായി വല കെട്ടി സുരക്ഷിത പ്രദേശങ്ങളുണ്ടാക്കി, അധികാരികള്‍. വല പൊട്ടിച്ച് ആളെ പിടിക്കുന്നത് ചീങ്കണ്ണികളും പതിവാക്കി.

2004 ഡിംബര്‍ 26-ന് ആന്‍ഡമാനില്‍ സുനാമി വീശിയടിച്ച് 2000 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അക്കൂടെ വലിയ ഭൗമചലനങ്ങളും ഇവിടെ നടന്നു. ഭൗമപാളി തെന്നിമാറിയതു മൂലം വടക്കന്‍ ആന്‍ഡമാനിലെ ഭൂമി 1.5 മീറ്റര്‍ ഉയര്‍ന്നു. തെക്കന്‍ഭാഗത്ത് 1.2 മീറ്റര്‍ താഴുകയും ചെയ്തു. അതോടെ ജനവാസം കുറഞ്ഞ വടക്കന്‍ ഭാഗത്തു നിന്ന് ചീങ്കണ്ണികള്‍ തെക്കന്‍ ഭാഗത്തേക്ക് ഒഴുകിയെത്തി എന്ന് വനംവകുപ്പ് പറയുന്നു. അടുത്തകാലത്ത് ചീങ്കണ്ണികളെ ജനവാസ കേന്ദ്രങ്ങളില്‍ കൂടുതലായി കാണാന്‍ ഇടയാകുന്നത് അതുകൊണ്ടാണത്രെ.

രാധാനഗര്‍ ബീച്ചിനോട് ചേര്‍ന്നുള്ള കടലില്‍ 2017 നവംബറിലാണ് ആദ്യമായി ചീങ്കണ്ണിയെ കണ്ടത്. ചീങ്കണ്ണിയുടെ കാല്‍പ്പാടുകള്‍ തീരത്ത് കണ്ടതിനെത്തുടര്‍ന്ന് ഒരു മീന്‍പിടുത്തക്കാരന്‍ വനംവകുപ്പിനെ അറിയിക്കുകയും തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ഒരു ചീങ്കണ്ണിയെ കടലില്‍ കണ്ടെത്തുകയുമായിരുന്നു. നവംബറില്‍ മൂന്നു ദിവസത്തേക്ക് രാധാനഗര്‍ ബീച്ച് അടച്ചിടുകയുമുണ്ടായി. 
അതിനുശേഷം ഇതുവരെ രാധാനഗറില്‍ ചീങ്കണ്ണിയെ കണ്ടിട്ടില്ലെങ്കിലും ജനങ്ങളുടെ ഭീതി മാറിയിട്ടില്ല. കുളിക്കാനിറങ്ങുമ്പോള്‍ കാലില്‍ പിടിച്ചു വലിച്ചുകൊണ്ടുപോയാലോ...
ആന്‍ഡമാനില്‍ ഏതു പ്രദേശത്തായാലും ബോട്ടില്‍ കയറുമ്പോള്‍ ഇങ്ങനെ ഒരു മുന്നറിയിപ്പ് നല്‍കാറുണ്ട്: ''കൈ വെള്ളത്തില്‍ ഇടരുത്. വെള്ളത്തിലേക്ക് കുനിഞ്ഞു നോക്കരുത്...!''

മുങ്ങാംകുഴിയിടാന്‍ പവിഴപ്പുറ്റുകള്‍
രാധാനഗര്‍ ബീച്ചിനെ ലോകത്തിലെ എണ്ണം പറഞ്ഞ ബീച്ചുകളിലൊന്നായി ട്രിപ്പ് അഡ്വൈസറും ടൈം മാഗസിനും തിരഞ്ഞെടുത്ത വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ ഹാവ്ലോക്ക്  ദ്വീപിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിച്ചു. പുതിയ റിസോര്‍ട്ടുകളും ബീച്ചിനടുത്ത് പ്രത്യക്ഷപ്പെട്ടു. താജ്ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ക്ക് ഇപ്പോള്‍ ഇവിടെ പഞ്ചനക്ഷത്ര  റിസോര്‍ട്ടുകളുണ്ട്.

41 കി.മീ നീളമുള്ള ഹാവ്ലോക്ക് ദ്വീപിലെ മറ്റ് പ്രധാനപ്പെട്ട ബീച്ചുകള്‍ കാലാപത്ഥര്‍, എലിഫന്റ് ബീച്ച് എന്നിവയാണ്. സ്നോര്‍ക്കലിങ്ങിനും സീ വോക്കിനും പ്രശസ്തമായ ബീച്ചുകളാണ് ഇവയെല്ലാം. പവിഴപ്പുറ്റുകള്‍ കാണാനായി മുങ്ങാംകുഴിയിട്ട്  സ്നോര്‍ക്കലിങ് ചെയ്യുന്നവര്‍ ധാരാളമുണ്ട്. പക്ഷേ, ഏഴു വര്‍ഷം മുന്‍പ് അങ്ങനെ സ്നോര്‍ക്കലിങ് ചെയ്യുമ്പോഴാണ് ഒരു വിദേശവനിതയെ ചീങ്കണ്ണി കടിച്ചുകൊണ്ടുപോയത് എന്നതിനാല്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ ചീങ്കണ്ണിപ്പേടി എല്ലാ ബീച്ചുകളേയും ഇപ്പോഴും ചൂഴ്ന്നുനില്‍ക്കുന്നു.

ഹാവ്‌ലോക്ക് നഗ്രി റിസോര്‍ട്ട് 
ഹാവ്‌ലോക്ക് നഗ്രി റിസോര്‍ട്ട് 

കോസ്റ്റ്ഗാര്‍ഡ് ജീവനക്കാര്‍ വളരെ ശ്രദ്ധയോടെ ബീച്ചിന്റെ പരിസരങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കടലിലേക്ക് അധികം ഇറങ്ങരുതെന്ന് സന്ദര്‍ശകരെ അവര്‍ വിലക്കുന്നുമുണ്ട്. എങ്കിലും, ''എന്തു ചീങ്കണ്ണി! നമ്മളിതൊക്കെ എത്ര കണ്ടതാ'' എന്ന മട്ടില്‍ കുറേപ്പേര്‍ എല്ലാ നിയമങ്ങളും ലംഘിച്ച് കടലിലേക്ക് ചാടിയിറങ്ങുന്നുണ്ട്. വലിയ വയറുള്ള ഒരു ബംഗാളി അമ്മാവന്‍ കടലിലേക്ക് മുങ്ങാംകുഴിയിട്ടപ്പോള്‍ എന്റെയടുത്തു നിന്ന ഗാര്‍ഡ് പറഞ്ഞു: ''എത്ര പറഞ്ഞാലും കേള്‍ക്കില്ല. എന്നിട്ട് ചീങ്കണ്ണിയെങ്ങാനും പിടിച്ചാല്‍ ഞങ്ങളുടെ അശ്രദ്ധയാണെന്നു പറയുകയും ചെയ്യും.''

ശരിയല്ലേ? നിയമം ലംഘിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാരെല്ലാം ഒറ്റക്കെട്ടാണ്. ''ഇറങ്ങരുതെന്നു പറഞ്ഞോ? എന്നാല്‍ ഇറങ്ങിയിട്ടേ ഉള്ളൂ'' എന്നതാണ് ഇന്ത്യക്കാരുടെ മനോഭാവം.
കുറച്ചുനേരം ബീച്ചിന്റെ ഓരത്ത് ചുറ്റിനടന്ന ശേഷം വീണ്ടും സ്‌കൂട്ടറില്‍ കയറി. ഉച്ചഭക്ഷണത്തിനു സമയമായി. പക്ഷേ, പൊതുവേ ബീച്ചുകള്‍ക്ക് അടുത്തുള്ള 'ഷാക്കു'കളില്‍ ആഹാരത്തിന് തീവിലയാണ്. അതുകൊണ്ട് അടുത്ത ജംഗ്ഷനില്‍ നിന്നാവാം ഭക്ഷണമെന്നു തീരുമാനിച്ചു.
കുഴികള്‍ വെട്ടിച്ച്, മരണക്കിണറിലെ അഭ്യാസിയെപ്പോലെ സ്‌കൂട്ടറോടിച്ച് ഞാന്‍ താമസിക്കുന്ന റിസോര്‍ട്ടും പിന്നിട്ട് ഒരു ജംങ്ഷനിലെത്തി. ഇവിടെ ഏതാനും ഹോട്ടലുകളുണ്ട്.

ഹാവ്‌ലോക്കിലെ വഴിയോര കച്ചവടം
ഹാവ്‌ലോക്കിലെ വഴിയോര കച്ചവടം

 
സാമാന്യം വൃത്തിയുള്ള ഒരു ഹോട്ടലില്‍ കയറി. എല്ലാ മേശകളും നിറഞ്ഞുകവിഞ്ഞ് ജനമുണ്ട്. വിനോദസഞ്ചാരികളാണ് ഏറെയുമെന്ന് വേഷവിധാനത്തില്‍ നിന്നറിയാം. 2004-ലെ സുനാമിക്കു ശേഷം ആന്‍ഡമാനിലെ വിനോദസഞ്ചാരമേഖലയ്ക്ക് വലിയ ഉണര്‍വുണ്ടായിട്ടുണ്ട്. ഇവിടുത്തെ ബീച്ചുകള്‍ ലോകപ്രശസ്തമായതോടെ വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് വീണ്ടും ശക്തമായി.

ഹാവ്‌ലോക്കിലെ വഴിയോര കച്ചവടം
ഹാവ്‌ലോക്കിലെ വഴിയോര കച്ചവടം


എന്തായാലും വിനോദസഞ്ചാര മേഖലയിലെ തിരക്ക് കാരണമാവാം, ഹോട്ടലിലെ ഒരു വെയിറ്ററും ഒറ്റയ്ക്ക് ആഹാരം കഴിക്കാന്‍ വന്നിരിക്കുന്ന എന്നെ മൈന്‍ഡു ചെയ്യുന്നില്ല. വെയ്റ്റര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പല ഗോഷ്ടികളും കാട്ടി. കിംഫലം!

ഒടുവില്‍ ദേഷ്യം വന്ന് പുറത്തിറങ്ങി. ആരും പിന്‍വിളി വിളിച്ചില്ല. 
ഞാന്‍ തെരുവിലൂടെ നടന്നു. ഉച്ചകഴിഞ്ഞ സമയമായതുകൊണ്ട് വഴിവാണിഭക്കാര്‍ സജീവമായിത്തുടങ്ങിയിരുന്നു. സോപ്പു ചീപ്പു കണ്ണാടി മുതല്‍ പച്ചക്കറികളും പഴങ്ങളും വരെയുണ്ട്. കുടയും ചൂടിയിരുന്ന് സ്ത്രീകളാണ് കച്ചവടം നടത്തുന്നത്. കൊഴുത്തുരുണ്ട മാങ്ങയും പുളിയും പാളയങ്കോടന്‍ പഴങ്ങളുമെല്ലാം ആന്‍ഡമാന്‍ ദ്വീപുകളുടെ ഫലഭൂയിഷ്ഠി വ്യക്തമാക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com