ദുരഭിമാനക്കൊലകളുടെ നേരു തേടുന്ന മികച്ച സിനിമ: പരിയേറും പെരുമാളിനെ കുറിച്ച്

'പരിയേറും പെരുമാള്‍' ദുരഭിമാനക്കൊലകള്‍ നടക്കുന്ന ജാതി വിഭജിതമായ ഇന്ത്യന്‍ ഗ്രാമീണ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ആദ്യമായി ക്യാമറ ചലിപ്പിച്ച ഉജ്ജ്വല ചലച്ചിത്രമാണ്.
കതിര്‍
കതിര്‍

യുവ തമിഴ് എഴുത്തുകാരനായ മാരി ശെല്‍വരാജിന്റെ പ്രഥമ സംവിധാന സംരംഭമായ 'പരിയേറും പെരുമാള്‍' ദുരഭിമാനക്കൊലകള്‍ നടക്കുന്ന ജാതി വിഭജിതമായ ഇന്ത്യന്‍ ഗ്രാമീണ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ആദ്യമായി ക്യാമറ ചലിപ്പിച്ച ഉജ്ജ്വല ചലച്ചിത്രമാണ്. പാരഞ്ജിത് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന സംവിധായകന്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. ദിവ്യ എന്ന മേല്‍ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹം ചെയ്ത ധര്‍മ്മപുരി ഗ്രാമത്തിലെ ഇളവരശന്റെ കൊലപാതകം (2013 ജൂലൈ), ഉദുമല്‍പേട്ടിലെ കൗസല്യ-ശങ്കര്‍ ദമ്പതികളിലെ ശങ്കറിന്റെ കൊലപാതകം (2016 മാര്‍ച്ച്) തുടങ്ങി സമീപ വര്‍ഷങ്ങളില്‍ 81 ദുരഭിമാനക്കൊലകള്‍ തമിഴ്നാട്ടില്‍ മാത്രം നടന്നതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു (2016 മാര്‍ച്ച് 15). പൊള്ളുന്ന ഈ വിഷയത്തെ ഇരുത്തം വന്ന ഒരു ചലച്ചിത്രകാരന്റെ കയ്യൊതുക്കത്തോടെയാണ് മാരി ശെല്‍വരാജ് ആവിഷ്‌കരിച്ചിരിക്കുന്നത്. 

ഇന്ത്യയുടെ അടിസ്ഥാന സാമൂഹ്യ സംഘടനയുമായും അതിന്റെ സമകാലീനമായ അടിയൊഴുക്കുകളുമായും ഈ മഹാരാഷ്ട്രത്തിന്റെ ഭാവിയുമായും ചലച്ചിത്രം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ഈ സിനിമ മുന്നോട്ടു വയ്ക്കുന്ന സൂക്ഷ്മ രാഷ്ട്രീയമെന്താണ്?

തിരുനെല്‍വേലിക്കടുത്ത് പുളിയങ്കുളം എന്ന ഗ്രാമത്തിലെ പരിയന്‍ എന്നു വിളിക്കുന്ന പരിയേറും പെരുമാള്‍ (കതിര്‍) എന്ന ദളിത് യുവാവിന്റെ 2005-ലെ ഒരു ദിവസത്തെ സംഭവത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഉറ്റവരുമൊത്ത് ഗ്രാമത്തിലെ കുളത്തില്‍ തങ്ങളുടെ നായ്ക്കളുമായി പരിയനും കൂട്ടുകാരും കുളിക്കുമ്പോള്‍ മേല്‍ജാതിക്കാരായ ഏതാനും ആളുകള്‍ വരുന്നതു കണ്ട് സംഘര്‍ഷം ഒഴിവാക്കാന്‍ അവര്‍ വീട്ടിലേയ്ക്ക് മടങ്ങുന്നു. വന്നവരില്‍ ഒരാള്‍ കുളികഴിഞ്ഞ് പോയവരോടുള്ള അവജ്ഞ പ്രകടിപ്പിക്കാന്‍ കുളത്തില്‍ മൂത്രമൊഴിക്കുന്നു. തുടര്‍ന്ന് പരിയന്റെ അരുമയായ കറുപ്പിയെന്ന നായയെ കാണാതാവുന്നു. അന്വേഷണത്തില്‍ അടുത്തുള്ള റെയില്‍വേ ട്രാക്കില്‍ കെട്ടിയിടപ്പെട്ട് ദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കറുപ്പിയുടെ ചിതറിയ ജഡം കണ്ടെത്തുന്നു. ഗ്രാമത്തിലെ ദളിത് സമുദായാംഗങ്ങളുടെയാകെ അരുമയായിരുന്ന കറുപ്പിയുടെ ജഡം ആചാരപൂര്‍വ്വം 'ഒപ്പാരി'യോടെ (വിലാപസംഗീതം) സംസ്‌കരിക്കുന്നു. ജാതി വിഭജിതാവസ്ഥയും മേല്‍ജാതി വിഭാഗത്തിന്റെ മേധാവിത്വപരമായ നിലയും സമൂഹത്തിലെ പ്രകടമായ അസമത്വവും അനീതിയും അന്തരീക്ഷത്തില്‍ പൂരിതമായി നില്‍ക്കുന്ന ഹിംസാത്മകതയും ആദ്യഭാഗത്ത് തന്നെ അതിസൂക്ഷ്മമായാണ് സംവിധായകന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 

മാരി ശെല്‍വരാജ്
മാരി ശെല്‍വരാജ്

പിന്നീട് പരിയന്‍ നിയമപഠനത്തിന് ചേരുന്നു. ഡോ. ബി.ആര്‍. അംബേദ്കറെപ്പോലെ ഒരാളാവുക എന്നതാണ് അവന്റെ സ്വപ്നം. ഗ്രാമത്തിലെ ദളിത് സാമൂഹ്യപ്രവര്‍ത്തകനായ എന്‍.ആര്‍.കെ. രാജയാണ് അവനില്‍ ആ സ്വപ്നം മുളപ്പിക്കുന്നത്. ഗ്രാമത്തിലെ ദളിത് യുവാക്കളുടെ നേരെയുണ്ടായ പൊലീസ് മര്‍ദ്ദനത്തില്‍ പരാതി പറയാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ താനും മര്‍ദ്ദിക്കപ്പെടുന്ന ദുഃഖത്തിലാണ് ഈ അനീതികളെ ചോദ്യം ചെയ്യാനായി നിയമം പഠിച്ച് ഡോ. അംബേദ്കറുടെ പാത സ്വീകരിക്കാന്‍ അദ്ദേഹം പരിയനെ ഉപദേശിക്കുന്നത്. 

നിയമപഠനം തുടങ്ങുമ്പോള്‍ ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലാത്ത പരിയനും സുഹൃത്ത് ആനന്ദും പരിഹസിക്കപ്പെടുന്നു. അവരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ തയ്യാറാവുന്ന സവര്‍ണ്ണ സമുദായാംഗമായ ജോ എന്ന ജ്യോതി മഹാലക്ഷ്മിക്ക് (ആനന്ദി) പരിയനോട് പിരിയാനാവാത്ത ആത്മബന്ധം ഉണ്ടാകുന്നു. സ്‌നേഹപ്രചോദിതയായി തന്റെ സഹോദരിയുടെ വിവാഹത്തിന് പരിയനെ ജോ ക്ഷണിക്കുന്നു. കല്യാണത്തിന് ചെന്ന പരിയനെ ജോയുടെ പിതാവിന്റെ (മാരിമുത്തു) ഒത്താശയോടെ ജോയുടെ സഹപാഠി കൂടിയായ ബന്ധു ശങ്കരലിംഗവും (ലിജേഷ്) കൂട്ടാളികളും ക്രൂരമായി മര്‍ദ്ദിക്കുകയും ദേഹത്തേയ്ക്ക് മൂത്രമൊഴിച്ച് അപമാനിക്കുകയും ചെയ്യുന്നു. ജോയുമായുള്ള ബന്ധം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് പരിയനെ ജോയുടെ പിതാവ് ഭീഷണിപ്പെടുത്തിയാണ് പറഞ്ഞയയ്ക്കുന്നത്. ഇക്കാര്യങ്ങള്‍ അറിയാതെ ജോ വിവാഹത്തിന് ചെല്ലാത്തതിന് പരിയനോട് പരിഭവിക്കുന്നു. കോളേജില്‍ തിരികെയെത്തുന്ന പരിയനെ വീണ്ടും വീണ്ടും അപമാനിക്കാനാണ് ശങ്കരലിംഗം മുതിരുന്നത്. പരിയന്റെ തെരുക്കൂത്ത് കലാകാരനായ പിതാവിനെ (തങ്കരാജ്) കോളേജില്‍ വച്ച് ശങ്കരലിംഗവും മേല്‍ജാതിക്കാരായ മറ്റു സഹപാഠികളും ചേര്‍ന്നു നഗ്‌നനാക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും പരസ്യമായി ഓടിച്ച് അപമാനിക്കുകയും ചെയ്യുന്നു. സഹികെട്ട് എതിര്‍ക്കാന്‍ ശ്രമിക്കുന്ന പരിയന്‍ അക്രമകാരിയായി മുദ്രകുത്തപ്പെടുകയും കോളേജില്‍ ഒറ്റപ്പെടുകയും അധികൃതരുടെ നടപടികള്‍ക്ക് വിധേയനാവുകയും ചെയ്യുന്നു. 

മറികടക്കുന്ന അന്യവല്‍ക്കരണം

നാട്ടില്‍ അതേസമയം സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് അപ്രീതിയുണ്ടാകുന്ന ചെറുപ്പക്കാരെല്ലാം ദുരൂഹസാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നു. സാത്വിക പ്രതിച്ഛായയുള്ള താത്ത എന്ന വൃദ്ധനാണ് നിഷ്ഠുരമായ ഈ കൊലകള്‍ നിശ്ശബ്ദമായും സൂക്ഷ്മമായും നിര്‍വ്വഹിക്കുന്നത്. 

എന്നാല്‍, അന്യവല്‍ക്കരണത്തിന്റെ ഈ അവസ്ഥകള്‍ ഹിംസയിലേയ്ക്കും നാശത്തിലേയ്ക്കും പരിയനെ നയിക്കാത്തതിന് കാരണം അംബേദ്കറിസ്റ്റ് സാമൂഹ്യപ്രവര്‍ത്തകനായ എന്‍.ആര്‍.കെ. രാജയുടെ ശിഷ്യത്വം അയാള്‍ക്കുള്ളതുകൊണ്ടാണ്. ഗ്രാമത്തിലെ മറ്റ് ദളിത് സഹോദരന്മാരുമായി അയാള്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അന്യവല്‍ക്കരണം സ്വയം തിരിച്ചറിയുന്നതുകൊണ്ടാണ് അതിനെ മറികടക്കാന്‍ പരിയന് കഴിയുന്നത്. 

കോളേജില്‍ പുതുതായി ചാര്‍ജ്ജെടുക്കുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട പ്രിന്‍സിപ്പല്‍ പരിയന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും പഠിച്ച് മുന്നേറാന്‍ ഉപദേശിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ പ്രക്രിയയിലേയ്ക്ക് തിരികെയെത്തുന്ന പരിയനെ വധിക്കാന്‍ താത്തയെ ശങ്കരലിംഗവും ജോയുടെ പിതാവും ചുമതലപ്പെടുത്തുന്നു. ശങ്കരലിംഗം ഒരു കെട്ട് പണം ആ സാത്വികനായ കൊലയാളിക്ക് നല്‍കുമ്പോള്‍ അയാള്‍ അത് സ്‌നേഹപൂര്‍വ്വം നിരസിക്കുന്നു. ''പ്രതിഫലത്തിനല്ല, ഇത് കുലദൈവത്തിനുള്ള എന്റെ അര്‍ച്ചനയാണ്. ആ സത്യം പാലിക്കുന്നതുകൊണ്ടാണ് ഇത്രനാളായിട്ടും ഞാന്‍ പിടിക്കപ്പെടാത്തത്'' എന്നാണ് അയാള്‍ പറയുന്നത്. 

മര്‍ദ്ദിച്ച് അവശനാക്കപ്പെട്ട റെയില്‍വേ ട്രാക്കില്‍ കിടത്തപ്പെടുന്ന പരിയനെ അയാളുടെ കൊല്ലപ്പെട്ട നായ കറുപ്പി ട്രാക്കിലൂടെ പാഞ്ഞുവന്ന് ഉണര്‍ത്തി രക്ഷിക്കുന്ന ഭ്രമാത്മകമായ ദൃശ്യങ്ങള്‍ ഉള്ളുലയ്ക്കുന്നവയാണ്. ജോയുടെ പിതാവ് തന്റെ തെറ്റ് തിരിച്ചറിഞ്ഞ് പരിയന്റെ നേരെ സ്‌നേഹത്തിന്റെ കൈകള്‍ നീട്ടുന്നത് കാണുന്നതോടെ താന്‍ സഞ്ചരിക്കുന്ന ഇരുണ്ട ലോകം അസ്തമിക്കുന്നതറിഞ്ഞ താത്ത പ്രാര്‍ത്ഥനാനിരതനായി ആത്മഹത്യ ചെയ്യുന്നു. മനുവാദപ്രത്യയശാസ്ത്രം ഇരയാക്കിയിട്ടുള്ളത് ദളിതരേയും സ്ത്രീകളേയും മാത്രമല്ല, സവര്‍ണ്ണരേയും കൂടിയാണെന്നാണ് ഇവിടെ സ്ഥാപിക്കപ്പെടുന്നത്. മുലപ്പാല്‍ കുടിക്കുന്ന പ്രായം മുതല്‍ മുത്തശ്ശിക്കഥകളിലൂടെയും മതബോധനങ്ങളിലൂടെയും പഴഞ്ചൊല്ലുകളിലൂടെയും ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ മുന്‍വിധികള്‍ ബ്രാഹ്മണര്‍ ഉള്‍പ്പെടെയുള്ള സവര്‍ണ്ണ വിഭാഗങ്ങളുടെ ചിന്തയിലേയ്ക്ക് വിഷംപോലെ പകര്‍ന്നു കിട്ടുകയും രോഗവാഹകരായി അവര്‍ ജീവിക്കുകയും ചെയ്യുന്നു. അടുത്ത തലമുറയിലേയ്ക്കും കരുണ, സഹജീവിസ്‌നേഹം, സ്ത്രീപുരുഷ തുല്യത, ത്യാഗം, സമത്വബോധം തുടങ്ങിയ മൂല്യങ്ങള്‍ പകരാന്‍ അവര്‍ക്ക് കഴിയാതെ വരുന്നു. തന്റെ അവസ്ഥ തിരിച്ചറിഞ്ഞാണ് താത്ത സ്വയം ജീവനൊടുക്കുന്നത്. 

സിനിമയുടെ ശുഭാന്ത്യം അയഥാര്‍ത്ഥപരമാണെങ്കിലും നിശിതമായ ചോദ്യങ്ങള്‍ ചിന്താരംഗത്ത് ഉയര്‍ത്തിക്കൊണ്ടും ദളിത് വിരുദ്ധ സവര്‍ണ്ണ പൊതുബോധത്തെ നിശിതമായി പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടുമാണ് സിനിമ അവസാനിക്കുന്നത്. 


ശ്രീധറിന്റെ ഛായാഗ്രഹണം, ശെല്‍വയുടെ എഡിറ്റിംഗ്, സന്തോഷ് നാരായണന്റെ സംഗീതം എല്ലാം ഒന്നിനൊന്നു മികച്ചവയാണ്. സന്തോഷ് നാരായണന്റെ സംഗീതം എടുത്തുപറയേണ്ടതാണ്. ആറു ഗാനങ്ങളും അവയുടെ ചിത്രീകരണവും സ്വതന്ത്ര ആല്‍ബങ്ങളായിത്തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും 'അടി കറുപ്പി', 'നാന്‍ യാര്‍' എന്നീ സംഗീതശില്പങ്ങള്‍ സബ്‌ടൈറ്റില്‍ കൂടിയുള്ളതിനാല്‍ പോപ്പ് സംഗീതധാരയിലെ കാലാതിവര്‍ത്തിയായ മനുഷ്യവിമോചന ഗാനങ്ങളുടെ ഗണത്തില്‍പ്പെടുന്നവയാണ്. 
'അടി കറുപ്പി' എന്ന ഗാനം സിനിമയുടെ റിലീസിന് മുന്‍പു തന്നെ പുറത്തുവിട്ടിരുന്നു. കൊല്ലപ്പെട്ടത് നീയല്ല; ദളിത് സമുദായമാണ് എന്ന അര്‍ത്ഥത്തില്‍ ''ഇരണ്ടത് ഞാനാ/ ഇരുന്നത് നീയാ'' എന്ന വിലാപസ്വരം ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങും. സ്ത്രീശബ്ദത്തിലുള്ള പരമ്പരാഗത ശൈലിയിലുള്ള 'ഒപ്പാരി' ഗാനത്തെ ശോകസാന്ദ്രമാക്കുന്നു. അതിക്രമങ്ങള്‍ക്കെതിരെ ദളിതര്‍ എന്ന ദേശീയ ജനതയുടെ അഗാധമായ ഒരു വിലാപഗാനമാണിത്. 

'പൊട്ടക്കാട്ടില്‍ പൂവാശം' എന്ന അതിമനോഹരമായ പ്രണയഗാനം യോഗിശേഖറും ഫരീദയും ചേര്‍ന്നു മധുരമായി ആലപിച്ചിരിക്കുന്നു. 'വാ... റെയില്‍ വിട പോലാമാ' എന്ന ഗാനം അനുപമമായ ഈണം കൊണ്ടും മുറിവേറ്റ പക്ഷിയുടെ രോദനംപോലെ ഭാവതീവ്രമായ പ്രഥികയുടെ ആലാപനത്തികവുകൊണ്ടും അവിസ്മരണീയമായിരിക്കുന്നു. സംവിധായകന്‍ തന്നെ രചിച്ച 'നാന്‍യാര്‍' എന്ന ഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും ലോകമെങ്ങുമുള്ള പീഡിതരുടെ അന്യവല്‍ക്കരണം, ചെറുത്തുനില്‍പ്പ്, സമരൈക്യം, പ്രത്യാശ എന്നിവയെല്ലാം ഉജ്ജ്വലമായി ആവിഷ്‌കരിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിലെ ഗാനങ്ങളെപ്പറ്റി ഒരു പ്രത്യേക ആസ്വാദനം തന്നെ എഴുതാമെന്നു കരുതുന്നു.

ഡോ ബിആര്‍ അംബേദ്കര്‍
ഡോ ബിആര്‍ അംബേദ്കര്‍

ഈ ചലച്ചിത്രം വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല. അക്കാദമിക് രംഗത്ത് ദളിത് വിദ്യാര്‍ത്ഥികളും ഗവേഷകരും ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കെ, ഇംഗ്ലീഷില്‍ എഴുതാന്‍ അറിയാത്ത ഒരു നിയമവിദ്യാര്‍ത്ഥിയുടെ ചിത്രണം അതിഭാവുകത്വപരമാണ്. അതുപോലെ നിഷ്‌കളങ്കയായ ഒരു ദേവതയായി നായികയെ ചിത്രീകരിച്ചതിലൂടെ നായകന്റെ പോരാട്ടങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം അവള്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ട്. നായികയിലൂടെ സിനിമയ്ക്ക് നല്‍കപ്പെടുന്ന കേവല കാല്പനികതയുടെ ശീതളിമ സിനിമയുടെ അടിസ്ഥാന പ്രമേയമെന്ന തീക്കനലുമായി പൊരുത്തപ്പെടാന്‍ കാണികളെ സഹായിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു സ്ത്രീപക്ഷ വിമര്‍ശനത്തിന് പ്രസക്തിയുണ്ട്. കാമ്പസില്‍ എസ്.എഫ്.ഐയുടെ ചുവരെഴുത്തുകള്‍ ഫോക്കസ് ചെയ്ത് കാണിക്കുന്നതിലൂടെ പുരോഗമന പ്രസ്ഥാനങ്ങളുടെ ഐക്യത്തിന്റെ ആവശ്യമാണ് സൂചിപ്പിക്കപ്പെടുന്നത്. 

ഈ സിനിമയുടെ ശില്‍പ്പഘടനയുടെ കേന്ദ്രസ്ഥാനത്തുനിന്ന് നിയന്ത്രിക്കുന്നത് താത്ത എന്ന നിശ്ശബ്ദനായ കൊലയാളിയാണ്. കരാട്ടെ വെങ്കിടേഷ് ആ വേഷം ഉജ്ജ്വലമാക്കിയിരിക്കുന്നു. ഈ ഹിംസ പണത്തിനു വേണ്ടിയല്ല, കുലദൈവത്തിനുള്ള അര്‍ച്ചനയാണെന്ന വാക്കുകളാണ് ചലച്ചിത്രത്തിന്റെ പ്രത്യയശാസ്ത്രപരമായ കേന്ദ്രബിന്ദു. തന്റെ കുലദൈവത്തിനുള്ള ഉപാസനയായി ഭക്തിപൂര്‍വ്വം ദളിതരെ നിശ്ശബ്ദമായും കൃത്യതയോടെയും കൊലപ്പെടുത്തുന്ന താത്തയെ നിയന്ത്രിക്കുന്ന വിശ്വാസസംഹിത ഇന്ത്യന്‍ അവസ്ഥയുടെ കേന്ദ്ര സമസ്യയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. തന്റെ തന്നെ മതത്തില്‍പ്പെട്ട, തന്റെ തന്നെ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന, തന്റെ മക്കളുടെ മക്കളാകാന്‍ മാത്രം പ്രായമുള്ള ചെറുപ്പക്കാരെ ദുരഭിമാനത്തിന്റെ പേരില്‍ കൊലചെയ്യുമ്പോള്‍ മുജ്ജന്മപാപത്തെ സംബന്ധിച്ച ഹിന്ദുമതത്തിന്റെ വിശ്വാസപ്രമാണമാണ് നിഷ്‌കളങ്കമായി അദ്ദേഹം പിന്തുടരുന്നത്. അതായത്, മുജ്ജന്മത്തില്‍ കൊടിയ പാപം ചെയ്തവരാണ് ഈ ജന്മത്തില്‍ നീചയോനിയില്‍ ജനിക്കുന്നത് എന്ന ഹിന്ദുമത തത്ത്വമാണത്. യഥാര്‍ത്ഥത്തില്‍ ശ്രീ ശങ്കരാചാര്യരുടെ അദൈ്വതദര്‍ശനത്തോടെ കാലഹരണപ്പെട്ട ആ സിദ്ധാന്തം ദളിത് വിരുദ്ധ സവര്‍ണ്ണ പൊതുബോധത്തിന്റെ പ്രഭവകേന്ദ്രമാണ് എന്ന് ഒരു പുരുഷായുസ്സ് നീണ്ട തന്റെ സത്യാന്വേഷണത്തിലൂടെ ഡോ. ബി.ആര്‍. അംബേദ്കര്‍ കണ്ടെത്തിയിരുന്നു.

ഹിംസയുടേയും കൊലയുടേയും പ്രചോദനകേന്ദ്രമായ മുജ്ജന്മപാപ സിദ്ധാന്തം ഉള്‍പ്പെടെയുള്ള ദളിത് വിരുദ്ധമായ ഹിന്ദുമത ശാസ്ത്രബോധനങ്ങള്‍ ചോദ്യം ചെയ്തു തകര്‍ക്കണമെന്ന അംബേദ്കര്‍ ചിന്തകളുടെ പാഠങ്ങളാണ് ഈ ചലച്ചിത്രം പ്രേക്ഷകരില്‍ ഉയര്‍ത്തുന്നത്. അദൈ്വത സിദ്ധാന്തം, 1986-ലെ പാലിയം വിളംബരം തുടങ്ങിയ ഹിന്ദുമതത്തിന്റെ എല്ലാ നവീകരണ ധാരകളേയും നിരാകരിച്ചുകൊണ്ട് കാലഹരണം വന്ന ചീഞ്ഞളിഞ്ഞ ആചാരങ്ങളിലേയ്ക്ക് മതത്തെ തിരിച്ചു കൊണ്ടുപോകാന്‍ മനുവാദശക്തികള്‍ പരിശ്രമിക്കുന്ന സമകാലീന സാഹചര്യത്തില്‍ പരിയേറും പെരുമാളിന് കേരളത്തിലും വലിയ പ്രസക്തിയുണ്ട്. വികസിത ജനാധിപത്യങ്ങളിലേയ്ക്കുള്ള ഇന്ത്യയുടെ തന്നെ പരിവര്‍ത്തന പ്രക്രിയയില്‍ ഈ ചലച്ചിത്രം ഒരു നാഴികക്കല്ലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com