ദൈവത്തെ തിരസ്‌കരിച്ച് ജീവിക്കുന്നവര്‍ 

ഫില്‍ സുക്കര്‍മാന്‍ ഡെന്മാര്‍ക്കിലെ ആര്‍ഹുസ് നഗരത്തിലൂടെ യാത്രചെയ്യുകയാണ്
ദൈവത്തെ തിരസ്‌കരിച്ച് ജീവിക്കുന്നവര്‍ 


മതവിശ്വാസം അത്രയേറെ അര്‍ത്ഥവത്തും സാഹോദര്യം അത്രയേറെ നിരര്‍ത്ഥകവുമായ ഒന്നുമായിത്തീരുകയാണോ? ഭരണഘടനയും നിയമവും സാധ്യമാകുന്ന കുറേക്കൂടി സമാധാനപരമായ സമൂഹം തികച്ചും അസാധ്യമാണോ എന്ന സംശയം കൂടിയാണ് ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് അതിക്രമങ്ങള്‍ ഉയര്‍ത്തുന്നത്. മതരഹിതമായ ഡെന്മാര്‍ക്കിലെ സമൂഹം ഫില്‍ സുക്കര്‍മാന് നല്‍കിയ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് അത്തരം ഒരു ആധുനിക സമൂഹം ഒരു ഉട്ടോപ്യന്‍ സങ്കല്പമല്ല എന്നതാണ്

ഫില്‍ സുക്കര്‍മാന്‍ ഡെന്മാര്‍ക്കിലെ ആര്‍ഹുസ് നഗരത്തിലൂടെ യാത്രചെയ്യുകയാണ്. അമേരിക്കയിലെ പിറ്റ്സര്‍ കോളേജിലെ സോഷ്യോളജി വിഭാഗം പ്രൊഫസറാണ് സുക്കര്‍മാന്‍. ഏതാണ്ട് രണ്ട് ലക്ഷം പേര്‍ താമസിക്കുന്ന വ്യവസായിക നഗരമായ ആര്‍ഹുസിലെ ഒരു കാര്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഇരുപത് മിനിറ്റോളം താന്‍ നടത്തിയ ബൈക്ക് യാത്രയ്ക്കിടയില്‍ ഒരു പൊലീസുകാരനെപ്പോലും കാണാനായില്ല! ഒരുപക്ഷേ, സിവില്‍ വേഷത്തിലായിരിക്കുമോ പൊലീസുകാര്‍ സഞ്ചരിക്കുന്നത്? അങ്ങനെ ആയിരുന്നില്ല. മറ്റേതൊരു രാജ്യത്തിലുമെന്നപോലെ, ഇവിടെയും യൂണിഫോമില്‍ത്തന്നെയാണെന്ന് അന്വേഷിച്ചപ്പോള്‍ മനസ്സിലായി. ഒടുവില്‍ സുക്കര്‍മാന്‍ ഒരു പൊലീസുകാരനെ കണ്ടെത്തി. കൃത്യമായി പറഞ്ഞാല്‍ യാത്രയുടെ 31-ാമത്തെ ദിവസത്തിലാണ് അവിടെ ഒരു പൊലീസുകാരനെ സുക്കര്‍മാന് കാണാനായത്.

പൊലീസുകാരുടെ ഈ അഭാവം എത്രമാത്രം കുറ്റകൃത്യങ്ങള്‍ക്കാവും കാരണമാവുക, തീര്‍ച്ചയായും ഈ പട്ടണം വളരെ മോശപ്പെട്ട ഒന്ന് തന്നെയാവും, സുക്കര്‍മാന്‍ കരുതി. പൊലീസ് വേണ്ടത്രയില്ലാത്തതുകൊണ്ട് മാത്രമല്ല, നിരീശ്വരര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് ഡെന്മാര്‍ക്ക്. മനുഷ്യരിലെ സദാചാരബോധവും ധാര്‍മ്മിക മൂല്യങ്ങളും നിലനില്‍ക്കുന്നത് ദൈവഭയം കൊണ്ടാണെന്നാണ് നാം വിശ്വസിച്ചുപോരുന്നത്. മതപ്രസ്ഥാനങ്ങളുടെ മാമൂലുകളില്ലാതെ, ദൈവവിശ്വാസത്തെ കൈയൊഴിഞ്ഞ് ജീവിക്കുന്നവരുടെ നാട്ടില്‍ അരാജകത്വമാവും ഫലം. എന്നാല്‍, അവിടുത്തെ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ പറയുന്നത് മറിച്ചായിരുന്നു. തൊട്ട് മുന്നിലെ വര്‍ഷമായ 2004-ല്‍ ആര്‍ഹുസ് പട്ടണത്തില്‍ നടന്ന കൊലപാതകങ്ങളുടെ എണ്ണം വെറും ഒന്ന് മാത്രം. ആര്‍ഹുസ് മാത്രമല്ല, വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, ലോകത്ത് കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍പ്പെടുന്നു ഡെന്മാര്‍ക്ക് എന്നാണ്.

കേരളത്തില്‍, അങ്ങേയറ്റം ദൈവഭയത്തോടെയാവണം ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ വരുന്നത്. ഇതിനായി ലൗകിക ജീവിതത്തിലെ സാധാരണ അഭിവാഞ്ഛകളില്‍നിന്ന് ശരീരത്തേയും മനസ്സിനേയും മുക്തമാക്കേണ്ടതുണ്ട്. ജീവിതപങ്കാളിയുമായിപ്പോലും ലൈംഗികബന്ധം പാടില്ല. മല്‍സ്യവും മാംസവും ആഹാരത്തില്‍നിന്ന് മാറ്റിനിര്‍ത്തണം, മദ്യം പോലുള്ള ലഹരികള്‍ ഒഴിവാക്കണം, കുടുംബത്തിലേയും സൗഹൃദത്തിലേയും അനുദിനബന്ധത്തില്‍ സൗമ്യത നിലനിര്‍ത്തണം, ദൈവസങ്കല്‍പ്പത്തോടുള്ള ഭക്തിയിലേക്ക് മനസ്സിനെ പരുവപ്പെടുത്തിയെടുക്കണം... ഇങ്ങനെ അതികഠിനമായ വ്രതം ഏറ്റെടുത്ത് സാത്വികമായ ഒരു അവസ്ഥയിലാണ് കിലോമീറ്ററോളം ദൂരം മലകയറി ശബരിമലയിലെ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പോകേണ്ടത്. പുരുഷന്മാര്‍ക്കും യുവതികളല്ലാത്ത സ്ത്രീകള്‍ക്കും പ്രവേശനമുണ്ടായിരുന്ന ശബരിമലയിലേക്ക്, ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാം എന്ന സുപ്രീംകോടതി വിധി വന്നതോടെ പാട്ടും ശരണം വിളിയുമായി ഭക്തിസാന്ദ്രമായിരുന്ന തീര്‍ത്ഥാടനത്തിന്റെ സ്വഭാവം കീഴ്മേല്‍ മറിഞ്ഞു. പൊലീസുകാരുടെ വലിയ വലയം തീര്‍ത്താണ് ശബരിമലയിലേക്ക് കോടതിവിധി പ്രകാരം യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമം നടത്തിയത്. ഇതിനെതിരെ പ്രതികരിക്കുന്നവര്‍ കൂട്ടം കൂട്ടമായി കിലോമീറ്ററുകളോളം കാത്തുനിന്നു. ചിലര്‍ രാഷ്ട്രീയതാല്പര്യത്താല്‍, ചിലര്‍ വിശ്വാസികള്‍. പരസ്പരം തിരിച്ചറിയാനാവാത്തവിധം ഏവരും ശരണമന്ത്രങ്ങള്‍ വിളിച്ചാണ് പ്രതിഷേധിക്കുന്നത്. ഭക്തിമാര്‍ഗ്ഗത്തില്‍നിന്നും പ്രതീക്ഷിക്കുന്ന സംയമനമോ അവധാനതയോ എങ്ങുമില്ല. നിരത്തിലിറങ്ങിയ സാധാരണ ജനക്കൂട്ടത്തിന്റെ അക്രമോല്‍സുകമായ പ്രതിഷേധരൂപങ്ങളാണ് കാണാനായത്. മതവിശ്വാസത്തിലെ ധാര്‍മ്മികബോധമോ ദൈവഭയമോ വ്രതശുദ്ധി മലിനമാകുമെന്ന പാപബോധമോ നിയമവ്യവസ്ഥയ്‌ക്കെതിരെ കലുഷിതമായ അന്തരീക്ഷം തീര്‍ക്കുന്നതിന് തടസ്സമായില്ല. നൂറ് കണക്കിന് പൊലീസുകാര്‍ക്ക് പോലും 'ഭക്തിയുടെ' താണ്ഡവത്തെ അതിജീവിച്ച് നിയമം നടപ്പിലാക്കാനായില്ല.

മതരിഹതസമൂഹം
നല്‍കുന്ന അനുഭവങ്ങള്‍

തൊട്ട് മുന്‍പ്, ആഗസ്റ്റ് മാസത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തിനിടയില്‍ യാതൊരു വിവേചനവും കൂടാതെ മലയാളികള്‍ ഒന്നടങ്കം നടത്തിയ രക്ഷാപ്രവര്‍ത്തനവും സഹായവും ഒരു പുതിയ സൗഹൃദം ഊട്ടിയുറപ്പിക്കുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താവുകയായിരുന്നു. മതവിശ്വാസം അത്രയേറെ അര്‍ത്ഥവത്തും സാഹോദര്യം അത്രയേറെ നിരര്‍ത്ഥകവുമായ ഒന്നുമായിത്തീരുകയാണോ? ഭരണഘടനയും നിയമവും സാധ്യമാകുന്ന കുറേക്കൂടി സമാധാനപരമായ സമൂഹം തികച്ചും അസാധ്യമാണോ എന്ന സംശയം കൂടിയാണ് ഈ സംഭവങ്ങള്‍ ഉയര്‍ത്തുന്നത്. മതരഹിതമായ ഡെന്മാര്‍ക്കിലെ സമൂഹം ഫില്‍ സുക്കര്‍മാന് നല്‍കിയ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് അത്തരം ഒരു ആധുനിക സമൂഹം ഒരു ഉട്ടോപ്പിയന്‍ സങ്കല്പമല്ല എന്നതാണ്.

2005-2006 കാലത്തായി ഡെന്മാര്‍ക്ക്, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നടത്തിയ യാത്രാനുഭവങ്ങളും അവിടെയുള്ളവരുമായി നടത്തിയ നേരിട്ടുള്ള അഭിമുഖങ്ങളും ചേര്‍ത്ത് ഫില്‍ സുക്കര്‍മാന്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് 'ദൈവമില്ലാത്ത സമൂഹം' (Society without God). ഈ രണ്ട് സമൂഹങ്ങളിലും മതവിശ്വാസം വളരെ നാമമാത്രമായി കാണപ്പെടുന്നു എന്നതാണ് ഈ പഠനത്തെ കൗതുകപൂര്‍വ്വം സമീപിക്കുന്നതിന് കാരണം. ലോകത്ത് ഭൂരിപക്ഷം രാഷ്ട്രങ്ങളിലും ഉണ്ടായിട്ടുള്ള സമകാലിക രാഷ്ട്രീയമാറ്റങ്ങള്‍ക്ക് എതിരായ സാഹചര്യമാണ് ഇത്.

ഏതാണ്ട് 50 വര്‍ഷം മുന്‍പ് മതേതര മാര്‍ഗ്ഗത്തിലേക്ക് പുരോഗമിച്ച ഇറാന്‍, ലെബനന്‍ തുടങ്ങിയവ ഇന്ന് കടുത്ത മതാധിഷ്ഠിത രാഷ്ട്രങ്ങളായി വീണ്ടും പിന്മാറിക്കഴിഞ്ഞിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന പല രാജ്യങ്ങളിലും വിശ്വാസം പുനരുജ്ജീവിക്കുകയാണ്. അമേരിക്കയിലും ക്യാനഡയിലും മത-ആത്മീയ വാദങ്ങള്‍ക്ക് വലിയ വേരോട്ടമുണ്ടാകുന്നു. മറ്റേതൊരു ജനാധിപത്യ രാജ്യത്തിലുമുള്ളതിനെക്കാള്‍ താല്പര്യത്തോടെയാണ് അമേരിക്കയിലെ പള്ളികളില്‍ ക്രിസ്തീയ വിശ്വാസികള്‍ ഇന്ന് എത്തിച്ചേരുന്നത്. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ക്രിസ്തീയ മതം തീവ്രമായി പ്രചരിക്കുന്നു. താരതമ്യേന സൗമ്യമായ മതവിശ്വാസമായി പരിഗണിക്കുന്ന ഒന്നാണ് ബുദ്ധമതം. എന്നാല്‍ മ്യാന്‍മറില്‍ ബുദ്ധിസ്റ്റ് വിഭാഗത്തിന്റെ അധികാരം മറ്റ് വിശ്വാസികളെ പരസ്യമായ വംശഹത്യയ്ക്ക് വിധേയമാക്കുന്നതിനു പോലും മടിക്കുന്നില്ല. ഇന്ത്യയിലെ രാഷ്ട്രീയ അധികാരവും മതാധിഷ്ഠിതമായി മാറിയിട്ടുണ്ട്. സ്വാതന്ത്ര്യപ്രക്ഷോഭത്തിലും തുടര്‍ന്ന് ഉണ്ടായ ഇന്ത്യന്‍ രാഷ്ട്രരൂപീകരണത്തിന്റേയും കാലങ്ങളില്‍ വര്‍ഗ്ഗീയ ധ്രുവീകരണങ്ങളും ലഹളകളും ഉണ്ടായിരുന്നുവെങ്കിലും സ്വതന്ത്ര ഇന്ത്യ ഒരു മതേതരസമൂഹമായി തുടരുവാനാണ് തീരുമാനിച്ചത്. പാകിസ്താന്‍, ബംഗ്ലാദേശ്, ചൈന, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, തിബറ്റ്, നേപ്പാള്‍, ബര്‍മ്മ, ഇന്‍ഡോനേഷ്യ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ മതപരവും വംശീയവുമായ ആഭ്യന്തരകലാപങ്ങള്‍ വിടാതെ പിന്തുടരുമ്പോഴും ഇന്ത്യയ്ക്ക് സഹിഷ്ണുതയോടെ തുടരാനായി. പിന്നീട് ഇങ്ങോട്ട് ഏതാണ്ട് 99 ശതമാനവും വിശ്വാസികള്‍ എന്നത് ഏതാണ്ട് 81 ശതമാനത്തോളമായി കുറഞ്ഞു. എന്നിട്ടും മതവിശ്വാസം ജീവിതത്തില്‍ മുന്‍പില്ലാത്തവിധം സ്വാധീനം ചെലുത്തുന്നതാണ് കാണാനാവുന്നത്.

കശ്മീരിന്റേയും അയോദ്ധ്യയുടേയും പേരില്‍ നടക്കുന്ന തര്‍ക്കങ്ങളും അവയെത്തുടര്‍ന്നുള്ള കലാപങ്ങള്‍ക്കും കാരണം മതവിശ്വാസമല്ലാതെ മറ്റൊന്നുമല്ല. വിഖ്യാതവും മനോഹരവുമായ താജ്മഹല്‍ പോലും മതതീവ്രതയുടെ പേരില്‍ നശിപ്പിക്കപ്പെട്ടാല്‍ ആശ്ചര്യപ്പെടാനാവില്ലെന്ന അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. തീവ്രവൈകാരികത അത്രയേറെ മനുഷ്യമനസ്സുകളെ കലുഷിതമാക്കിക്കഴിഞ്ഞു. ഒരുപക്ഷേ, നിരക്ഷരരും സാധാരണക്കാരുമായ ആളുകളാണ് ഈ വൈകാരികതയില്‍പ്പെടുന്നതെന്ന് കരുതുന്നുവെങ്കില്‍ അതും ശരിയല്ലെന്ന് സോഷ്യല്‍ മീഡിയകളില്‍ അഭ്യസ്തവിദ്യരായവര്‍ നടത്തുന്ന വികാരപ്രകടനങ്ങളില്‍നിന്ന് മനസ്സിലാക്കാം.

ലോകത്ത് ഇന്ന് കാണുന്ന ഭയാനകമായ ഈ ഭൂരിപക്ഷത്തിനിടയിലാണ് മത-ദൈവ വിശ്വാസങ്ങളെ കൈയൊഴിഞ്ഞ ചില തുരുത്തുകള്‍ നിലനില്‍ക്കുന്നത്. ദൈവവിശ്വാസം നിരാകരിക്കുന്നതോടെ ഒരു സമൂഹത്തില്‍ ഉണ്ടാകാനിടയുണ്ടെന്ന് കരുതുന്ന നിരവധി നൈതിക പ്രശ്‌നങ്ങളുണ്ട്. ഭൗതികജീവിതം മാത്രം യാഥാര്‍ത്ഥ്യമാണെന്ന് കരുതുന്ന ഒരാള്‍ക്ക് തെറ്റും ശരിയുമെന്ന വിവേചനം പ്രസക്തമാകേണ്ടതില്ല. തന്റെ നിലനില്‍പ്പിനും ആഗ്രഹത്തിനും വേണ്ടി അവരവര്‍ക്ക് എന്തു രീതിയും സ്വീകരിക്കാം. ദൈവം അപ്രസക്തമാകുന്നതോടെ കുറ്റബോധമോ പാപബോധമോ ഉദിക്കുന്നില്ല. അതിനാല്‍ നിരീശ്വരവാദികളുടെ സമൂഹം നിര്‍ദ്ദയ മല്‍സരങ്ങളും കലാപവും അരാജകത്വവും നിറഞ്ഞതായിരിക്കണം. ഇങ്ങനെയാവണം നിരീശ്വരവാദമോ യുക്തിവാദമോ മേല്‍ക്കൈ നേടുന്ന സമൂഹത്തെക്കുറിച്ചുള്ള നമ്മുടെ ഭാവനകള്‍. നിരീശ്വരവാദം പ്രഖ്യാപിക്കുന്ന വടക്കന്‍ കൊറിയ പോലുള്ള രാജ്യങ്ങളിലെ ജീവിതസാഹചര്യത്തെക്കുറിച്ച് ആശാവഹമായ ഒന്നും നമുക്ക് കേള്‍ക്കാനുമായിട്ടില്ല.

ദൈവവിശ്വാസം അപ്രസക്തമായി കാണുന്ന ഡെന്മാര്‍ക്കിലേയും സ്വീഡനിലേയും ജീവിതം അതുകൊണ്ടുതന്നെ താല്പര്യമുണര്‍ത്തുന്ന അന്വേഷണമാണ്. ഈ രാജ്യങ്ങളിലെ 150 ഓളം പേരുമായി നടത്തിയ ആഴത്തിലുള്ള അഭിമുഖവും തന്റെ യാത്രാനുഭവങ്ങളേയും ചേര്‍ത്താണ് സുക്കര്‍മാന്‍ പഠനം നടത്തിയിട്ടുള്ളത്. പാചകക്കാര്‍, നഴ്സുമാര്‍, കംപ്യൂട്ടര്‍ തൊഴില്‍ ചെയ്യുന്നവര്‍, പ്രൊഫസര്‍മാര്‍, കലാകാരന്മാര്‍, വക്കീലന്മാര്‍, ഇറച്ചിവെട്ടുകാര്‍, നഴ്സറി അദ്ധ്യാപകര്‍, ഹൃദയശസ്ത്രക്രിയാ സര്‍ജന്മാര്‍, കര്‍ഷകര്‍, പൊലീസുകാര്‍, പത്രപ്രവര്‍ത്തകര്‍, ഹൈസ്‌കൂള്‍ അധ്യാപകര്‍, മുങ്ങിക്കപ്പലിലെ ജീവനക്കാര്‍, മനോരോഗ ചികില്‍സകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഗ്രാഫിക് ഡിസൈനര്‍മാര്‍, ആയമാര്‍, സ്റ്റേഷനറിയിലെ ക്ലര്‍ക്കുമാര്‍, എന്‍ജിനീയര്‍മാര്‍, കടകളിലെ സൂപ്പര്‍വൈസര്‍മാര്‍, ചെറുകിട സംരംഭകര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, നികുതി വിദഗ്ധര്‍, ചലച്ചിത്ര സംവിധായകര്‍, സെക്രട്ടറിമാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, തൊഴിലില്ലാത്തവര്‍, ഗിത്താറിസ്റ്റുകള്‍ എന്നിങ്ങനെ നിരവധി പേരുമായുള്ള സംഭാഷണം Society without God എന്ന പുസ്തകത്തില്‍ വിവരിക്കുന്നു. 


ഡെന്മാര്‍ക്കിലും സ്വീഡനിലും കടുത്ത മതവിശ്വാസികളുമുണ്ട്. അവര്‍ ന്യൂനപക്ഷമാണെന്ന് മാത്രം. അതേ സമയം വലിയ ഭൂരിപക്ഷമായ നിരീശ്വരവാദികള്‍ക്ക് മതവിശ്വാസം പുലര്‍ത്തുന്ന ന്യൂനപക്ഷത്തോട് പ്രത്യേകിച്ച് അസഹിഷ്ണുതയൊന്നുമില്ല. നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ അവര്‍ വലിയ പ്രവര്‍ത്തനങ്ങളും നടത്തുന്നില്ല. ദൈവവിശ്വാസമില്ലെങ്കിലും ചിലര്‍ക്ക് അല്പം മതവിശ്വാസമുണ്ട്! പലരും മാമോദീസയ്‌ക്കോ വിവാഹത്തിനോ ശവസംസ്‌കാരത്തിനോ പള്ളികളെ ആശ്രയിച്ചേക്കാം. ആരും തന്നെ ദൈവത്തെക്കുറിച്ചോ മതത്തെക്കുറിച്ചോ ചര്‍ച്ചകളിലോ സംവാദങ്ങളിലോ ഏര്‍പ്പെടാറില്ല. അവരുടെ നിത്യജീവിതത്തില്‍നിന്നും ഏറെക്കുറെ തിരസ്‌കരിക്കപ്പെട്ട ആശയമാണ് ദൈവം എന്നാണ് ഫില്‍ സുക്കര്‍മാന്റെ അഭിമുഖങ്ങള്‍ സൂചിപ്പിക്കുന്നത്. 68 വയസ്സുകാരനായ ജെന്‍സ് എഴുത്തുകാരനും അധ്യാപകനും റേഡിയോ അവതാരകനുമാണ്. അദ്ദേഹം ഇപ്പോള്‍ തന്റെ പത്ത് വയസ്സ് മാത്രം പ്രായമായ മകളോടൊപ്പം വിശ്രമജീവിതത്തിലാണ്. ജെന്‍സിനോടുള്ള ചോദ്യങ്ങളും അദ്ദേഹത്തിന്റെ ഉത്തരവും ഡെന്മാര്‍ക്ക്, സ്വീഡന്‍ എന്നിവിടങ്ങളിലായി സുക്കര്‍മാന്‍ നടത്തിയ ഭൂരിപക്ഷം പേരുടേയും അഭിപ്രായവുമായി ഒത്തുചേരുന്നതിനാല്‍ ഈ മതേതര സമൂഹങ്ങളിലെ ശരാശരി മനുഷ്യന്റെ ജീവിതവീക്ഷണം വായിച്ചെടുക്കാന്‍ ഈ ഒറ്റ അഭിമുഖത്തിലൂടെ തന്നെ സാധ്യമാകും. (പദാനുപദ വിവര്‍ത്തനമല്ല, ആശയം മാത്രം സ്വീകരിക്കുന്നു).

ജെന്‍സിനോടുള്ള 
ചോദ്യങ്ങളും ഉത്തരങ്ങളും

ജെന്‍സ് അദ്ദേഹത്തിന്റെ മുത്തച്ഛന്മാരെക്കുറിച്ച് ഇങ്ങനെ പറയുന്നു. അവര്‍ പള്ളിയിലെ വികാരികളായിരുന്നു. പണമുണ്ടാക്കുന്നതിനോ ജീവിക്കുന്നതിനോ ഉള്ള മാര്‍ഗ്ഗം എന്ന നിലയിലല്ല. ഒരുപക്ഷേ, ഒരു ഉള്‍വിളിയെന്നപോലെയാണ് അവര്‍ക്ക് വിശ്വാസം. അത്ര സ്വാഭാവികമായ ഒന്ന്. ശരിയായ വിശ്വാസികള്‍. പ്രോട്ടസ്റ്റന്റ് വിഭാഗത്തിലെ ക്വയര്‍ ഗ്രൂപ്പിലാരുന്നു അച്ഛന്‍. അതുകൊണ്ട് എന്റെ കുട്ടിക്കാലം എപ്പോഴും രസകരമായിരുന്നു. വീട്ടില്‍ എന്നും വിശ്വാസത്തിന്റെ പേരിലാണെങ്കില്‍പ്പോലും പാട്ടും നൃത്തവുമൊക്കെയുണ്ടാകും. മുത്തച്ഛന്മാരെപ്പോലെ തന്നെ അച്ഛനമ്മമാരും വിശ്വാസികള്‍ തന്നെയായിരുന്നിരിക്കണം അല്ലേ എന്ന സുക്കാര്‍മാന്റെ ചോദ്യത്തോട് ജെന്‍സിന്റെ ഉത്തരം അത്രത്തോളമില്ല എന്നായിരുന്നു. മറ്റുള്ളവരോട് വിശ്വസിക്കണം എന്ന് പ്രചരിപ്പിക്കുന്ന മിഷനറിമാരെപ്പോലെ അവര്‍ ഇറങ്ങിനടന്നില്ല. എങ്കിലും അവരും വിശ്വാസികള്‍ തന്നെ ആയിരുന്നു. വിശ്വാസത്തില്‍ മുറുകെപ്പിടിച്ചു തന്നെ ജീവിക്കുകയായിരുന്നു. എല്ലാ രാത്രിയിലും ഉറങ്ങുന്നതിന് മുന്‍പ് അമ്മ ഞങ്ങള്‍ക്കായി പാടിത്തരുകയും പ്രാര്‍ത്ഥിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നും ജെന്‍സ് ഓര്‍ക്കുന്നു. 

താങ്കളെ സ്വയം എങ്ങനെയാണ് കാണുന്നത്? നിരീശ്വരവാദി... അവിശ്വാസി? എന്ന ചോദ്യത്തിന് ജെന്‍സ് ഇങ്ങനെ മറുപടി പറഞ്ഞു. അവിശ്വാസി (Non believer) തന്നെ. അതോ വെറും സംശയാലു (agnostic) മാത്രമോ? അതെ തീര്‍ച്ചയായും ഞാന്‍ നിരീശ്വരവാദി (atheist) തന്നെയാണ്. ഞങ്ങള്‍ നാല് മക്കളായിരുന്നു. ഏറ്റവും ഇളയ സഹോദരന്‍ തികഞ്ഞ നിരീശ്വരവാദി. മൂത്ത സഹോദരങ്ങളും പള്ളിയിലൊന്നും പോകാറില്ല. എങ്കിലും അവര്‍ക്ക് മതത്തോട് പ്രത്യേകിച്ച് എതിര്‍പ്പൊന്നുമില്ല. ഏതാണ്ട് ഒരു agnotic രീതി. മുതിര്‍ന്നതിന് ശേഷമല്ല, കുട്ടിക്കാലം മുതല്‍ തന്നെ തന്റെ ദൈവവിശ്വാസം ഇല്ലായതായി ജെന്‍സ് വിവരിക്കുന്നു. എന്തുകൊണ്ടാണ് ലോകത്ത് ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്, എന്തുകൊണ്ട് ദൈവം അവ പരിഹരിക്കുന്നതിനായി എന്തെങ്കിലും ചെയ്യുന്നില്ല. അങ്ങനെയൊക്കെയാണ് ജെന്‍സിന്റെ കുട്ടിക്കാലത്തെ ദൈവവിമര്‍ശനങ്ങള്‍. എങ്കിലും പതിന്നാലാം വയസ്സില്‍ പള്ളിയില്‍ നടത്തിയ സ്ഥൈര്യലേപനത്തില്‍ (confirmation) നിന്നും ജെന്‍സ് ഒഴിഞ്ഞുമാറിയില്ല. മറ്റുള്ളവര്‍ ചെയ്യുന്നതിനെ വെറുതെ എതിര്‍ക്കേണ്ടതില്ല എന്ന് ജെന്‍സിന് തോന്നി. കൗമാരകാലഘട്ടത്തിലാണ് മാനവികതയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങുന്നത്. മനുഷ്യരില്‍ മോശപ്പെട്ടവരുണ്ടെങ്കിലും നന്മയുടെ ദിശയിലുള്ള തത്ത്വശാസ്ത്രങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ജെന്‍സ് വിശ്വസിച്ചു. 19-ാം വയസ്സില്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നതോടെ ജെന്‍സ് നാഷണല്‍ ചര്‍ച്ചില്‍നിന്ന് പൂര്‍ണ്ണമായി വേര്‍പിരിയുകയായിരുന്നു.

ഫില്‍ സുക്കര്‍മാന്‍
ഫില്‍ സുക്കര്‍മാന്‍


സുക്കര്‍മാന്റെ അടുത്ത ചോദ്യം ദൈവവിശ്വാസത്തിലേക്ക് തിരിച്ചുവരാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ദുരനുഭവങ്ങളെക്കുറിച്ചായിരുന്നു. ജെന്‍സിന്റെ ജീവിതത്തില്‍ഒട്ടേറെ ദുരനുഭവങ്ങളുണ്ടായിരുന്നെന്നായിരുന്നു. കാന്‍സര്‍ ബാധിച്ചാണ് ഭാര്യ മരിച്ചത്. അന്ന് മകള്‍ക്ക് നാല് വയസ്സ് പ്രായം. താനൊരു യുക്തിവാദിയാണെന്നും ഭാര്യയുടെ മരണത്തിന് തൊട്ട് മുന്‍പ് തന്നെ താന്‍ അംഗീകരിക്കാന്‍ തുടങ്ങിയിരുന്നു, അവരുടെ മരണം അവശേഷിപ്പിക്കുന്ന ശൂന്യതയെക്കുറിച്ചുമെന്ന് ജെന്‍സ് പറഞ്ഞു. 

''അവള്‍ ഇല്ലാതാകാന്‍ പോകുന്നു, ഒന്നും ഇനി സംസാരിച്ച് തീരുമാനിക്കാന്‍ കഴിയില്ല, അവള്‍ ഒപ്പമുണ്ടായിരുന്നതിന്റെ ആശ്വാസം ഒക്കെ അവസാനിക്കുന്നു... അങ്ങനെയൊക്കെ ഞാന്‍ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. അന്ന് സുഹൃത്തുക്കളുടെ സാന്നിദ്ധ്യം വലിയ ആശ്വാസമായിരുന്നു. എനിക്ക് ഓര്‍മ്മയുണ്ട്, ദൈവികമോ മതപരമായോ അവളുടെ മരണത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചതേയില്ല. അവളുടെ മാത്രമല്ല, എന്റെ അച്ഛനും അമ്മയും മരിക്കുമ്പോഴും അങ്ങനെ തന്നെയായിരുന്നു. പക്ഷേ, അവര്‍ 94-ാം വയസ്സിലും 84-ാം വയസ്സിലുമാണ് മരിക്കുന്നത്. വളരെ ജൈവികമെന്ന് പറയാം, അല്ലെങ്കില്‍ സ്വാഭാവികമായ രീതിയിലായിരുന്നു അവരുടെ മരണം. ഭാര്യയാകട്ടെ, അങ്ങനെ ആയിരുന്നില്ല, അവര്‍ക്ക് 40 വയസ്സ് മാത്രമേ ആയിരുന്നുള്ളു. തീര്‍ച്ചയായും അത് ദുഃഖകരമാണ്. ഒന്നോര്‍ത്താല്‍, കാന്‍സറും സ്വാഭാവികമായ ഒന്ന് തന്നെ അല്ലേ. ഒരു ജൈവികമായ യാഥാര്‍ത്ഥ്യം. ജീവശാസ്ത്രത്തിലെ ഒരു ചീത്തയായ യാഥാര്‍ത്ഥ്യം എന്നേ വ്യത്യാസമുള്ളു. എങ്കിലും എന്നെ സംബന്ധിച്ച് അവളുടെ മരണം ദൈവികമായ ഒരു ചിന്തയും ഉണര്‍ത്തിയില്ല. മറ്റെല്ലാവരേയും പോലെ, അവളുടെ അടക്കവും പള്ളിയിലായിരുന്നു എന്നത് മാത്രമാണ് വ്യത്യസ്തമായിരുന്നത്''എന്തുകൊണ്ടെന്നാല്‍ ജീവിതത്തിലെ വലിയ സംഭവങ്ങളില്‍ അവ എങ്ങനെയാണോ നടത്തേണ്ടത് അങ്ങനെ തന്നെ ആയിക്കോട്ടെ എന്ന് കരുതി. അത്രയേയുള്ളു. ഡെന്മാര്‍ക്കില്‍ മിക്കവരും വിശ്വാസികളല്ലെങ്കില്‍പ്പോലും ചില ചടങ്ങുകള്‍ പള്ളികളില്‍ വച്ചാണ് ചെയ്യുന്നത്. വിവാഹം, സംസ്‌കാരം അങ്ങനെ ചുരുക്കം ചില അവസരങ്ങളില്‍. അത് നമുക്ക് ആശ്വാസമൊന്നും തരുന്നില്ലായിരിക്കാം. 

മതവിശ്വാസവും
സമൂഹനിഷ്ഠകളും

ഡെന്‍മാര്‍ക്കിലെ ജനങ്ങളില്‍ ഒരുകാലത്ത് ഉണ്ടായിരുന്ന വിശ്വാസം ലോകത്തിലെ ഒഴുക്കുകള്‍ക്ക് വ്യത്യസ്തമായി എന്തുകൊണ്ടാണ് പൊടുന്നനെ അപ്രത്യക്ഷമായത് എന്നതിന് ജെന്‍സിന് വ്യക്തമായ മറുപടിയില്ല. രാജ്യം കൈവരിച്ച സാമൂഹ്യക്ഷേമ പ്രവര്‍ത്തനമാണ് ജെന്‍സിന് സൂചിപ്പിക്കാനുള്ളത്. തന്റെ മുന്‍തലമുറക്കാരുടെ കാലത്ത് ഉണ്ടായിരുന്ന പട്ടിണി ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. കഠിനമായ ജീവിതകാലയളവുകളില്‍ മനുഷ്യന്‍ മതവിശ്വാസത്തെ പ്രതീക്ഷയോടെ കണ്ടിരിക്കണം. ജീവിതാവസ്ഥയില്‍ അഭിവൃദ്ധി ഉണ്ടാകുന്നതിനനുസൃതമായി അത് കുറയുന്നു. എല്ലാവര്‍ക്കും ലഭിക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ പരിശീലനം, പ്രാപ്യമായ നിരക്കിലുള്ള വീടുകള്‍ എന്നിങ്ങനെയുള്ള ക്ഷേമസൗകര്യങ്ങളെക്കുറിച്ച് വാചാലനാവുന്നുണ്ടെങ്കിലും ഇതുകൊണ്ട് മാത്രം ഇത്രയും ദൈവവിശ്വാസം കുറയുക അവിശ്വസനീയമാണെന്ന് ജെന്‍സ് സമ്മതിക്കുന്നു. മനുഷ്യരുടെ മനോഭാവത്തില്‍ അയാള്‍ക്ക് മനസ്സിലാക്കാനാവാത്ത എന്തോ മാറ്റം ഉണ്ടായതായി അദ്ദേഹം ഊഹിക്കുന്നു.

ബാബ്‌റി മസ്ജിദ് തകര്‍ക്കുന്ന കര്‍സേവകര്‍
ബാബ്‌റി മസ്ജിദ് തകര്‍ക്കുന്ന കര്‍സേവകര്‍

ലോകത്തില്‍ എല്ലാ മതങ്ങളുടേയും അന്തസ്സത്ത ഏറെക്കുറെ ജീവിതത്തില്‍ നന്മ ഉണ്ടാകണമെന്നതാണ്. സ്വര്‍ഗ്ഗ-നരക സങ്കല്‍പ്പങ്ങളും കര്‍മ്മഫലത്തിനനുസൃതമായ പുനര്‍ജന്മങ്ങളും കല്‍പ്പനകളും വിശ്വാസപ്രമാണങ്ങളും ഭൂമിയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനെ ലക്ഷ്യമിടുന്നു. അതിനാല്‍ ധാര്‍മ്മികവും മൂല്യബോധവുമുള്ള ഒരു ജീവിതത്തിന് മതവിശ്വാസം കൂടിയേ തീരൂ എന്ന് മിക്ക സമൂഹങ്ങളും കണക്കാക്കുന്നു. എന്നാല്‍ മതവിശ്വാസത്തിന്റെ നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ നന്മയും നൈതികതയും വിശ്വാസികള്‍ക്ക് പോലും അപ്രായോഗികമായി മാറുന്നത് കാണാം. എല്ലാ മതങ്ങളും അന്ധമായ വിശ്വാസം ആവശ്യപ്പെടുകയും ചോദ്യം ചെയ്യലുകളെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു. ഒരു മതവും വാച്യമായോ വ്യംഗ്യമായോ മറ്റൊരു വിശ്വാസത്തിന്റെ നിലനില്‍പ്പിനേയും അംഗീകരിക്കുന്നില്ല. ഒരു മതത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും മതനിരപേക്ഷമായി ജീവിക്കുകയും ചെയ്യുക അതു കൊണ്ട് തന്നെ അപ്രായോഗികമാണ്. ഈ ദൗര്‍ബ്ബല്യത്തിന്റെ ഫലമാണ് കോടതികളോടും നിയമവ്യവസ്ഥയോടുള്ള അസഹിഷ്ണുതകള്‍ക്കും കാരണം. അതേ സമയം, ആര്‍ജ്ജിച്ചെടുത്ത മാനുഷിക മൂല്യങ്ങളെ പ്രായോഗിക ജീവിതത്തിലേക്ക് പകര്‍ത്താനാവും എന്നതാണ് ഡെന്മാര്‍ക്കിലേയും സ്വീഡനിലേയും മതരഹിത സമൂഹങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

ക്രമേണ കുറഞ്ഞുവരുന്നുവെങ്കിലും ഇന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതലുള്ളത് മതവിശ്വാസികളാണ്. വിശ്വാസികളേയും അവരുടെ സാമുദായിക നേതൃത്വത്തേയും ആശ്രയിക്കുന്ന രാഷ്ട്രീയ നേതൃത്വമാണ് ഇന്ത്യയിലും കേരളത്തിലും നിലനില്‍ക്കുന്നത്. രാഷ്ട്രീയനേതാക്കള്‍ കറകളഞ്ഞ നിരീശ്വരവാദിയായി സ്വയം പ്രഖ്യാപിക്കുന്നത് അവരുടെ വിജയസാധ്യത പരിപൂര്‍ണ്ണമായി റദ്ദുചെയ്യപ്പെടുന്ന ഒരു 'ദോഷം' ആയിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍ വിശ്വാസികള്‍ക്ക് അഹിതമായ തീരുമാനങ്ങള്‍ എത്രതന്നെ അവശ്യമാണെങ്കിലും രാഷ്ട്രീയനേതൃത്വം സ്വീകരിക്കുകയില്ല. ഈ പ്രീണിപ്പിക്കലുകള്‍ കൂടിയാണ് നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തെ മലീമസമാക്കുന്നത്. മതവിശ്വാസങ്ങളുടെ മറവില്‍ അടിക്കടി കലുഷിതമാകുന്ന ഇന്ത്യന്‍ സാഹചര്യം മതരഹിതമായ ജീവിതം സ്വീകരിച്ച സമൂഹങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മുടെ പരിമിതികള്‍ക്ക് കാരണം വിശ്വാസങ്ങളുടെ പേരിലുള്ള അവഗണിക്കപ്പെടേണ്ട തര്‍ക്കങ്ങള്‍ കൂടിയാണോ എന്ന് ബോധ്യമാവുകയുള്ളു. അനുദിനമുള്ള തര്‍ക്കങ്ങള്‍ മെച്ചപ്പെട്ട ജീവിതക്രമം സ്വരുകൂട്ടുന്നതിനുള്ള നമ്മുടെ മുന്‍ഗണനാക്രമത്തെക്കൂടിയാണ് അട്ടി മറിക്കുന്നത്. 

സുക്കര്‍മാന്റെ അഭിമുഖങ്ങളിലെ കൗതുകകരമായ ഒന്ന് ഇങ്ങനെയാണ്: ഒരു ഫിസിക്കല്‍ തെറാപ്പിസ്റ്റിനോട് ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ അവര്‍ ഉത്തരം പറയാതെ വളരെ നേരം ആലോചിക്കുകയായിരുന്നു. അത്രയേറെ താമസം ഉണ്ടായതിന് കാരണമായി പറഞ്ഞത് അങ്ങനെയൊരു ചോദ്യം ആദ്യമായി കേള്‍ക്കുന്നതു കൊണ്ടാണെന്നായിരുന്നു. അതുകൊണ്ടുതന്നെ ആദ്യമായാണ് അതിനെക്കുറിച്ച് സ്വയം ചിന്തിക്കുന്നതും. ''നിങ്ങള്‍ വേണമെങ്കില്‍ നഗ്‌നനായി ഈ റോഡിലൂടെ സഞ്ചരിക്കൂ. ആരും നിങ്ങളെ ശ്രദ്ധിക്കുകയില്ല. പക്ഷേ, ദൈവത്തെക്കുറിച്ച് ഒരാളോട് ചോദിച്ചു നോക്കൂ, അവര്‍ നിങ്ങളുടെ നേരെ നെറ്റിചുളിച്ചെന്ന് വരാം. കാരണം അവിടെ ആരും അതേപ്പറ്റി ആലോചിക്കാറില്ല. സംസാരിക്കുന്നുമില്ല.'' മറ്റൊരാള്‍ പറയുന്നു.

എല്ലാ മതവിശ്വാസങ്ങളിലേയും അടിസ്ഥാന ഘടകങ്ങളിലൊന്നാണ് മരണാനന്തര ജീവിതം. എന്നാല്‍, മരണാനന്തരസങ്കല്‍പ്പങ്ങളെ നിരസിക്കുകയും മരണത്തെ ഭയരഹിതമായി നേരിടുകയുമാണ് മിക്ക മതരഹിത രാജ്യങ്ങളും ചെയ്യുന്നത്. മാരകവും വേദനാജനകവുമായ ചികില്‍സകള്‍ ഫലപ്രദമല്ലാത്ത രോഗാവസ്ഥകളില്‍ മരണം സ്വമേധയാ തെരഞ്ഞെടുക്കാവുന്ന ദയാവധം നിയമവിധേയമാക്കിയ സമൂഹങ്ങളാണ് ഡെന്മാര്‍ക്ക്, സ്വീഡന്‍, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ് എന്നീ മതരഹിത രാഷ്ട്രങ്ങള്‍. (മതരഹിതം എന്നത് സുക്കര്‍മാന്‍ അഭിമുഖങ്ങളില്‍ കണ്ടെത്തുന്ന ദൈവവിശ്വാസത്തോടുള്ള മൃദുലമായ നിരാസം എന്നതാണ് ഉദ്ദേശിക്കുന്നത്. മതങ്ങളോടുള്ള ശക്തമായ വിയോജിപ്പോ ശത്രുതയോ ഭൂരിപക്ഷം പേരും പുലര്‍ത്തുന്നില്ല). ജീവിക്കാനുള്ള അവകാശം പോലെ മരിക്കാനുള്ള അവകാശവും ദയാവധത്തിലൂടെ ഈ സമൂഹങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്നു. 

നാമജപയാത്ര
നാമജപയാത്ര


ഡെന്മാര്‍ക്ക്, സ്വീഡന്‍, ബെല്‍ജിയം, നെതര്‍ലാന്‍ഡ് എന്നിവയെക്കൂടാതെ മതവിശ്വാസം കുറഞ്ഞ മറ്റ് ചില രാജ്യങ്ങള്‍ കൂടിയുണ്ട്. ചെക്ക് റിപ്പബ്ലിക്, ദക്ഷിണ കൊറിയ, എസ്റ്റോണിയ, ഫ്രാന്‍സ്, ജപ്പാന്‍, ബള്‍ഗേറിയ, നോര്‍വേ, ഇംഗ്ലണ്ട്, സ്‌കോട്ട്ലാന്‍ഡ്, വെയില്‍സ്, ഹംഗറി എന്നിവ ഇവയില്‍പ്പെടുന്നു. ഈ രാജ്യങ്ങളിലെ പുരോഗതിയുമായും മെച്ചപ്പെട്ട ജീവിതസാഹചര്യവുമായും അവരുടെ യുക്തിവാദ നിലപാടുകള്‍ക്ക് ബന്ധമുണ്ടാകണം എന്ന് പല സൂചികകളും വ്യക്തമാക്കുന്നു. 

ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് ഇന്‍ഡക്സില്‍ സ്വീഡന്‍, ഡെന്മാര്‍ക്ക് ഉള്‍പ്പെടെയുള്ള മതരഹിത സമൂഹങ്ങളാണ് ആദ്യ ഇരുപതില്‍ എത്തുന്നവയില്‍ കൂടുതലും. ദീര്‍ഘകാലത്തേക്കുള്ള ആരോഗ്യം, വിദ്യാഭ്യാസം, ജീവിതസാഹചര്യം എന്നിവയിലെ ശരാശരികളാണ് ഇതില്‍ പരിഗണിക്കുന്നത്. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ സ്വീഡന്‍ ആറാം സ്ഥാനത്താണ്. നവജാതശിശു മരണ നിരക്ക് ഏറ്റവും കുറവുള്ളതില്‍ സ്വീഡനും ഡെന്മാര്‍ക്കും ഒന്നാംസ്ഥാനം പങ്കിടുന്നു. ശിശുസംരക്ഷണയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മൂന്ന് രാഷ്ട്രങ്ങള്‍- ഡെന്മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവ- മതരഹിത രാഷ്ട്രങ്ങളാണ്. ആളോഹരി വരുമാനത്തില്‍ (GDP) ഡെന്മാര്‍ക്ക്, സ്വീഡന്‍ ഉള്‍പ്പെടെയുള്ള മതരഹിത സമൂഹങ്ങളാണ് ആദ്യ ഇരുപതില്‍ എത്തുന്നവയില്‍ ഭൂരിപക്ഷവും. സാമ്പത്തിക സമത്വം പരിശോധിക്കുന്ന Gini Index-ല്‍ ഡെന്മാര്‍ക്കിന് രണ്ടാം സ്ഥാനവും സ്വീഡന് നാലാം സ്ഥാനവുമാണുള്ളത്. സാമ്പത്തിക ക്ഷമതയുടെ കാര്യത്തില്‍ ആറാമത് വരുന്ന അമേരിക്കന്‍ ഐക്യനാടുകള്‍ ഒഴികെ ആദ്യ ഇരുപതില്‍ എത്തുന്നവയെല്ലാം മതരഹിത സമൂഹങ്ങള്‍ തന്നെയാണ്. ലിംഗസമത്വം പരിശോധിക്കുന്ന  gender empowerment-ല്‍ ഡെന്മാര്‍ക്ക് രണ്ടാമതും സ്വീഡന്‍ മൂന്നാമതുമാണ്. ഏറ്റവും കൂടുതല്‍ വനിതകള്‍ പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുന്നതിലും സ്വീഡനും ഡെന്മാര്‍ക്കും ഉള്‍പ്പെടെയുള്ള മതരഹിത രാഷ്ട്രങ്ങള്‍ മുന്നില്‍ നില്‍ക്കുന്നു. ഇന്റര്‍നെറ്റ് ലഭ്യതയില്‍ സ്വീഡന്‍ മൂന്നാമതും ഡെന്മാര്‍ക്ക് അഞ്ചാമതും സ്ഥാനം നിലനിര്‍ത്തുന്നു. പാരിസ്ഥിതിക ആഘാതങ്ങള്‍ ചെറുക്കുന്നതിനുള്ള ശ്രമങ്ങളില്‍ സ്വീഡന്‍, ബ്രിട്ടന്‍, ഡെന്മാര്‍ക്ക് എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തുന്നു. വളരെ പ്രധാനമായി രാഷ്ട്രീയ രംഗത്തുള്ള അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ നാലും ആറും സ്ഥാനങ്ങളിലാണ് ഡെന്മാര്‍ക്കും സ്വീഡനും. ആദ്യ ഇരുപതില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുന്നതും പ്രതീക്ഷിക്കാവുന്നതുപോലെ മതസ്വാധീനം കുറഞ്ഞ രാജ്യങ്ങള്‍ തന്നെ. ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ ആദ്യ ഇരുപതില്‍ സ്വീഡനും ഡെന്മാര്‍ക്കും ഉള്‍പ്പെടുന്നതേയില്ല. കൊലപാതകത്തില്‍ ഡെന്മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലാന്റ്‌സ് എന്നിവ ഏറ്റവും കുറഞ്ഞ നിരക്കുള്ളവയില്‍പ്പെടുന്നു. ഇതിലുപരിയായി ഏറ്റവും സന്തോഷകരമായ ജീവിതം നയിക്കുന്നവരുടെ സൂചികയിലും മതേതര സമൂഹങ്ങള്‍ തന്നെയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 
മതരഹിത രാജ്യങ്ങള്‍ ആയതിനാലായിരിക്കുമോ മെച്ചപ്പെട്ട ഇത്തരം ജീവിത സൂചികകള്‍ ലഭിക്കുന്നത്, അതോ ഇത്തരം ജീവിതസൗകര്യങ്ങള്‍ ഈ സമൂഹങ്ങളെ മതരഹിതമായിത്തീര്‍ക്കുകയായിരുന്നോ എന്ന ചോദ്യം കൃത്യമായി അഭിമുഖീകരിക്കപ്പെട്ടിട്ടില്ല. ഒരു കാര്യം വ്യക്തമായി മനസ്സിലാക്കാനാവും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രകടമായ വിപ്ലവത്തിലൂടെയല്ല ഇതൊന്നും അവര്‍ ആര്‍ജ്ജിച്ചെടുത്തത്. കെട്ടുറപ്പുള്ളതും ജനാധിപത്യത്തിലൂന്നിയതുമായ രാഷ്ട്രീയ അന്തരീക്ഷമാണ് ഡെന്മാര്‍ക്കിലും സ്വീഡനിലും നിലനില്‍ക്കുന്നത്. എന്തൊക്കെയാണെങ്കിലും നമ്മുടെ നാട്ടില്‍ ഇതൊക്കെ അസാധ്യമാണെന്ന് കരുതുന്നവര്‍ ഉണ്ടാകാം. ദൈവഭയത്തില്‍നിന്നും മതവിശ്വാസത്തില്‍നിന്നും ഏറെക്കുറെ പൂര്‍ണ്ണമായി വേര്‍പെട്ട ധാര്‍മ്മികബോധവും തുല്യതയും ഇത്തരം രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്നു എന്നത് യുക്തിസഹമായ ജീവിതവീക്ഷണത്തിന് കൂടുതല്‍ പ്രതീക്ഷയേകുന്നു എന്നതാണ് സത്യം. ഏത് കാരണങ്ങളാണ് സ്വയമേ അംഗീകരിക്കുന്ന നീതിബോധവും നൈതികതയുമുള്ള ഒരു ജനതയായി ഇവരെ മാറാന്‍ പ്രേരിപ്പിച്ചതെന്ന് കണ്ടെത്താനായാല്‍ നമ്മുടെ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയും ലക്ഷ്യബോധവും ആര്‍ജ്ജിക്കാനാവും. 

Reference
Society without God, Phil Zuckerman, NewYork University Press. 2008.
(The excerpts from this book is translated with written permission from the Author) 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com