പ്രതിരോധത്തിന്റെ സര്‍ഗ്ഗാത്മകത: കെ.ബി. പ്രസന്നകുമാര്‍ എഴുതുന്നു

ലോകം വലിയൊരു വാണിഭസ്ഥലമായി വളര്‍ന്നു വികസിച്ചതോടെ, മനുഷ്യന്റെ സമസ്ത ജീവിത മേഖലകളിലേയ്ക്കും വ്യാപാര തന്ത്രങ്ങളുടെ, അക്രമാസക്തമായ അടിച്ചേല്‍പ്പിക്കലുകളുടെ കാലം പിറന്നു.
കെ അരവിന്ദാക്ഷന്‍
കെ അരവിന്ദാക്ഷന്‍


ഭോപ്പാല്‍ എന്ന നോവല്‍ എഴുതിയ ആളാണ് അരവിന്ദാക്ഷന്‍. 1984-ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിട്ട് അനുഭവിച്ചിട്ടുള്ള ആളല്ല, ആ നോവല്‍ എഴുതിയത്. ഭോപ്പാല്‍ നഗരം അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ടോ എന്നുമറിയില്ല. ആധുനിക നാഗരികതയും വ്യാവസായികതയും ഇന്ത്യന്‍ ജനതയിലേല്‍പ്പിച്ച ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഭോപ്പാല്‍ ദുരന്തം. മരിച്ചവര്‍ ഇരുപതിനായിരത്തിനു മേല്‍, മരിക്കാതെ മരിച്ചവര്‍ അതിലുമെത്രയോ കൂടുതല്‍. പരിണമിക്കുന്ന ലോകം വ്യക്തികളേയും സമൂഹങ്ങളേയും ഏതെല്ലാം രീതിയിലാണ് മാറ്റിപ്പണിയുന്നത് എന്ന് ആകുലപ്പെടുന്ന എഴുത്തുകാരനേ അത്തരമൊരു നോവല്‍ എഴുതാന്‍ കഴിയൂ. അസന്തുലിതമായ വികസനമോ വ്യാവസായികതയോ ഫാസിസം പോലെ തന്നെ, അമിത മതാധികാര ഘടനകള്‍ പോലെത്തന്നെ മനുഷ്യവിരുദ്ധവും പ്രകൃതി വിരുദ്ധവുമാകുന്നതിനെ, പരിസരങ്ങളില്‍ ഉല്‍ക്കണ്ഠാകുലനാകുന്ന ഒരെഴുത്തുകാരന് നേരിടാതെ വയ്യ. നവീന വ്യവസായിക മുതലാളിത്തം നടത്തിയ ഈ വിധമൊരു കൂട്ടക്കൊല, ഇന്ത്യയില്‍ മറ്റേതെങ്കിലും ഭാഷയില്‍ ഈ വിധം പ്രതികരിക്കപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞും അതിന്റെ ഇരകള്‍ക്കും തലമുറകള്‍ക്കും നീതി ലഭിക്കാത്തതിന്റെ കഥകള്‍, കഥകളല്ല വസ്തുതകള്‍ നാം കേട്ടുകൊണ്ടേയിരിക്കുന്നു. 1989-ല്‍ ഭോപ്പാല്‍ ഭാരത് ഭവനില്‍ നടന്ന ലോക കലോത്സവത്തില്‍ വിദേശിയരായ കവികള്‍ക്ക് ഭോപ്പാല്‍ കവിതാവിഷയമായിരുന്നു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള കവി ചോങ്ഹ്വോങ് ജോങ് 'വാട്ടീസ് ഇറ്റ്' എന്ന തന്റെ കവിതയില്‍ അന്ന് ഇങ്ങനെയെഴുതി:
    ഇന്ത്യയില്‍ ഭോപ്പാല്‍
    യൂണിയന്‍ കാര്‍ബൈഡ് ഊതിപ്പറത്തിയ
    വിഷക്കാറ്റില്‍
    പെണ്‍കുട്ടി അന്ധയാക്കപ്പെട്ടു.
    അവളെയിതാ മണ്ണിലേക്ക്
    മണ്ണിനാല്‍ മൂടുന്നതിന്-
    അവളുടെ മുഖം വെളുത്തു വിളറിയിരിക്കുന്നു
    ഇപ്പോഴും കണ്ടും കാണാതെയും
    അന്ധമായ കണ്ണുകള്‍ തുറന്ന് അവള്‍
    എന്താണ് ആ കണ്ണുകള്‍ കാണുന്നത്
    അവള്‍ സൂര്യനെ കാണുകയാണോ
    നിന്റെ കണ്ണുകളില്‍ നിന്നുള്ള
    അന്ധരശ്മികള്‍ സ്പര്‍ശിക്കുമ്പോള്‍
    ഇതാ വെളിച്ചമെല്ലാം അണയുന്നു...
അണയുന്ന വെളിച്ചങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിക്കേണ്ട സമയമാണിത്. നിലവിളികള്‍പോലും അമര്‍ന്നുപോയ ഒരു ഡിസംബര്‍ രാവിന്റെ താക്കീതുകളും ദിശാസൂചനകളും സാമൂഹികമായ പുതിയൊരുള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുകയായിരുന്നു അരവിന്ദാക്ഷന്‍. സാമൂഹികമായ നിലവിളിയും എഴുത്തുകാരന്റെ സര്‍ഗ്ഗാത്മക പ്രേരണയും അരവിന്ദാക്ഷനില്‍ ഒന്നുചേരുന്നു എന്നതാണ് ആ എഴുത്തിന്റെ പ്രസക്തിയും ദീപ്തിയും. പലമാതിരി വിഷപ്പുകകള്‍ ചൂഴ്ന്നു നില്‍ക്കുന്ന ഒരു കാലത്തില്‍, എഴുത്തുകാരന്‍ പുലര്‍ത്തേണ്ട സര്‍ഗ്ഗാത്മകതയുടെ, സത്യസന്ധതയുടെ നേരെഴുത്തുകളാണ് അരവിന്ദാക്ഷന്റെ കഥകള്‍.

ലോകം വലിയൊരു വാണിഭസ്ഥലമായി വളര്‍ന്നു വികസിച്ചതോടെ, മനുഷ്യന്റെ സമസ്ത ജീവിത മേഖലകളിലേയ്ക്കും വ്യാപാര തന്ത്രങ്ങളുടെ, അക്രമാസക്തമായ അടിച്ചേല്‍പ്പിക്കലുകളുടെ കാലം പിറന്നു. ഇരുപത്തിയെട്ടുകൊല്ലം മുന്‍പാണ് അരവിന്ദാക്ഷന്‍ അലക്കുയന്ത്രം എന്ന കഥയെഴുതുന്നത്. ആഗോളവല്‍ക്കരണത്തിന്റെ ആഘാതങ്ങളിലേക്ക് അന്ന് നമ്മുടെ സമൂഹം പ്രവേശിച്ചു തുടങ്ങിയിട്ടേയുള്ളൂ. അതിലും പഴയ ഒരു കേരളത്തില്‍ അലക്കിന് ഒരു സാമൂഹ്യതലം കൂടിയുണ്ട്. അലക്കുകുടുംബങ്ങള്‍ ഓരോ വീടുകളുടേയും ഭാഗമാകുന്നത് മാത്രമല്ല, അത്. സ്ത്രീകള്‍ ഒരുമിച്ച് തോടുകളിലും നദികളിലും അലക്കാന്‍ പോകുന്നതിന്റെ ഒരു ഒരുമിക്കല്‍ ഞാനോര്‍ക്കുന്നു. അതിനിടയില്‍ പയ്യാരങ്ങളും പരിഭവങ്ങളും കുന്നായ്മകളുമുണ്ടാവും. എന്നാല്‍ അതിനൊരു പച്ചപ്പുണ്ടായിരുന്നു. ക്രമേണ എല്ലാ പ്രവൃത്തികളും നാം വീടിന്റെ  സ്വകാര്യതയിലേക്ക്  ഇറക്കിക്കൊണ്ടുവന്നു. പൂമുഖങ്ങള്‍ക്കുവരെ പ്രസക്തിയില്ലാതായി. യന്ത്രങ്ങളിലൂടെ, നവീന നാഗരികതയുടെ കരങ്ങള്‍ എത്രയും ബലിഷ്ഠമായി നമുക്കുമേല്‍ അമര്‍ന്നു തുടങ്ങി. യന്ത്രങ്ങള്‍ വീടിന്റെ മണിവിളക്കുകളായി. ആ അലക്കുയന്ത്രം നല്ലൊരു സൗകര്യമാണ്. അതെല്ലാം അലക്കിവെളുപ്പിക്കും. ഖദറിന്റെ കാഠിന്യത്തെ അത് അലക്കി കുറയ്ക്കുമെന്ന് പറയുന്നതിലെ വിരുദ്ധഹാസ്യത്തിന് നല്ല മുനയുണ്ട്. പാടത്തെ ചെളി, വിപ്ലവങ്ങളുടെ ജൈവമായ കറ... എല്ലാറ്റിനേയും അത് ക്ലീന്‍ ക്ലീന്‍ ആക്കും. മകന്റെ മൃതദേഹത്തില്‍ അമ്മ ഊരിയെടുത്ത കുപ്പായം അത്, അതില്‍ പറ്റിയ എല്ലാ വികാരങ്ങളും കളഞ്ഞ് ശുദ്ധമാക്കിയെടുക്കും. ഈ അലക്കുയന്ത്രത്തിനു ചുറ്റും എത്രയോ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും കുടുംബപ്രകാശങ്ങളുമാണ് കിടന്നു കറങ്ങിത്തിരിയുന്നത്.

സാര്‍വ്വലൗകികമായ കഥാപ്രമേയങ്ങള്‍
''കോംഗോ തടത്തില്‍നിന്ന് തുറ്റുതുറ്റായി ഇലകളടുക്കിയതുപോലെ വന്‍മരത്തില്‍ ചേക്കേറിയിരുന്ന പഴംതീനി വവ്വാലുകള്‍ കൊടുങ്കാറ്റഴിച്ചു വിട്ടവണ്ണം പറന്നുയര്‍ന്നു. സബര്‍മതിയുടേയും ബ്രഹ്മപുത്രയുടേയും ഗംഗയുടേയും യമുനയുടേയും താപ്തിയുടേയും ഗോദാവരിയുടേയും നര്‍മ്മദയുടേയും കൃഷ്ണയുടേയും മഹാനദിയുടേയും കാവേരിയുടേയും നിളയുടേയും തടങ്ങള്‍ ലക്ഷ്യമാക്കി പല സംഘങ്ങളായി പിരിഞ്ഞു. അവയില്‍ ചിലതെങ്കിലും എബോളയുടെ വൈറസ്സുകള്‍ പേറിയിരുന്നു.'' 2015-ല്‍ എഴുതിയ 'എബോള' എന്ന കഥ അരവിന്ദാക്ഷന്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. 2014-ലാണ് ഗിനിയ, ലൈബീരിയ തുടങ്ങിയ പടിഞ്ഞാറേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് പടര്‍ന്നുപിടിച്ച് ആയിരങ്ങള്‍ പൊലിഞ്ഞത്. പതിനായിരത്തോളം മരണം. എത്രയും സംഭീതമായ അന്തരീക്ഷം ആ രാജ്യങ്ങളില്‍ നിലനിന്നു. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍, കേരളത്തെ സംഭീതമാക്കിക്കൊണ്ട് നിപാ വൈറസ് എത്തി. തുടക്കത്തില്‍ത്തന്നെ അത് തിരിച്ചറിയപ്പെടുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്തുവെന്നത് സത്യംതന്നെ. എന്നാല്‍ ഒരു പ്രദേശമാകെ, ജനങ്ങളുടെ ജീവിതരീതി തന്നെ മാറ്റിമറിച്ച ചില ദിനങ്ങളാണ് നാം കണ്ടത്. അരവിന്ദാക്ഷന്റെ കഥ രോഗവിന്യാസത്തിന്റെ കഥയല്ല; അത് പ്രകൃതിയുടെ ജൈവവികാസത്തിന്റെ സാന്ദ്രവനങ്ങളിലൂടെയാണ് ഏറെയും സഞ്ചരിക്കുന്നത്. അവിടെ ആനയും മണ്ണിരയും തുമ്പിയും കാട്ടുപോത്തും ഒരുപോലെ പ്രസക്തമാണ്. പ്രകൃതിയുടെ ഘടനാവികാസത്തില്‍ വന്മരത്തിനൊപ്പം ചെറുതും വലുതുമായ എല്ലാ ജീവികള്‍ക്കും സ്ഥാനമുണ്ട്. ഓരോന്നിനും അതിന്റേതായ ജീവിത നിയോഗങ്ങളുണ്ട്. അതെല്ലാം തന്നെ പ്രകൃതിയുടെ നിലനില്‍പ്പിനും നൈസര്‍ഗ്ഗിക വികാസത്തിനും വേണ്ടിയുള്ളതുമാണ്. അങ്ങനെ ഉലഞ്ഞ് തിമിര്‍ക്കുന്ന ജൈവവ്യവസ്ഥയിലേക്കാണ് ആ ജന്തുജാലങ്ങളും സസ്യജാലങ്ങളും ഇതുവരെ കാണാത്ത ഒരു ജീവി കടന്നുവരുന്നത്. ''മരത്തോലുകൊണ്ട് നഗ്‌നത മറച്ച്, മൃഗത്തോലാല്‍ ശരീരം പുതച്ച് ചത്ത പാമ്പുകള്‍ കഴുത്തില്‍ ചുറ്റി തോളില്‍ മൃഗത്തോലുകൊണ്ടുള്ള പൊക്കണം ഞാത്തി ഒരു കയ്യാല്‍ കഴുത്തിലിട്ട കരിന്തുടി കൊട്ടി മറുകയ്യിലെ ശൂലം മണ്ണില്‍ക്കുത്തി അഗ്‌നിതീര്‍ത്ത വഴിയിലൂടെ ഒരു ജീവി ഇരുകാലില്‍ നടന്നുവരുന്നത് കണ്ടു'' - അത് നരനാണ്. മനുഷ്യന്റെ ക്രൂരമായ ഇടപെടലുകളാല്‍ നഷ്ടപ്പെട്ടുപോകുന്ന പ്രകൃതിയും അതുവഴി കടന്നുവരുന്ന എല്ലാ ദുരന്തങ്ങളും ഈ കഥയില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നു. അരവിന്ദാക്ഷന്റെ പ്രമേയങ്ങള്‍ക്ക് സാര്‍വ്വലൗകികതയുണ്ട്. ചരിത്രത്തിന്റെ സൂക്ഷ്മപരിണാമങ്ങള്‍ ശ്രദ്ധിക്കുന്ന എഴുത്തുകാരനാണ് ഇദ്ദേഹം. ചിന്തയുടേയും ധൈഷണികതയുടേയും മേഖലയില്‍ ആനന്ദ് പ്രകടിപ്പിച്ചിട്ടുള്ള വിസ്മയകരമായ സര്‍ഗ്ഗാത്മകതയുടെ വഴികള്‍ ഞാനിവിടെ ഓര്‍ക്കുന്നു. അതുകൊണ്ട് തന്നെയാവണം തന്റെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളായി അരവിന്ദാക്ഷന്‍ ആനന്ദിനെ അറിയുന്നത്.

പക്ഷേ, ഒന്നും ഇനി പഴയതുപോലാകില്ല. ജഹാംഗീറിനതറിയാം. തന്റെ തലയ്ക്കുമീതെ പറക്കുന്ന രക്ഷാവിമാനങ്ങള്‍. വെള്ളത്തിലൂടെ തുഴഞ്ഞുപോകുന്ന വഞ്ചികള്‍. ഒന്നും മനുഷ്യന് വേണ്ടിയല്ലെന്ന് തോന്നിപ്പോകുന്നു. ഹിന്ദുവിനുവേണ്ടി, മുസല്‍മാനുവേണ്ടി, പുരുഷനുവേണ്ടി, ഉദ്യോഗസ്ഥര്‍ക്കുവേണ്ടി, സ്വന്തക്കാര്‍ക്കുവേണ്ടി. പ്രളയത്തിന്റേയും യുദ്ധത്തിന്റേയും വംശീയവും വര്‍ഗ്ഗീയവുമായ കലാപങ്ങളുടെ പശ്ചാത്തലത്തില്‍, കാശ്മീരിന്റെ ഭൂമികയില്‍നിന്ന് എഴുതിയ കഥയാണ് ഝലം. യുദ്ധവും വംശീയകലാപങ്ങളും എന്നും മനുഷ്യരാശിയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചുകൊണ്ട് നിരന്തരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ കലഹങ്ങള്‍ ആരുടെ സ്വാതന്ത്ര്യം കാക്കാനാണ്.'' എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയരുന്നുണ്ടെങ്കിലും അതിന് ഉത്തരമില്ല. കലഹത്തിന്റെ, മതവിദ്വേഷത്തിന്റെ, ഉപരിപ്ലവമായ ദേശീയതാബോധത്തിന്റെ ഇരകളായി മാറുന്ന മനുഷ്യരിലേക്ക് ഝലം നദി പ്രളയഭീഷണമായി ഒഴുകിയെത്തുമ്പോള്‍ ചിത്രം പൂര്‍ണ്ണമാകുന്നു. സ്‌നേഹം, വിശ്വാസം, കാരുണ്യം, പരസ്പരമുള്ള അംഗീകരിക്കല്‍, അനുകമ്പ, ഇത്തിരിയെങ്കിലും ത്യാഗബോധം - ഇതിലൂടെയൊക്കെ മനോഹരമാക്കാന്‍ കഴിയുന്ന ജീവിതത്തെ നാം ആരും ജയിക്കാത്ത കലഹഭൂമികളാക്കി മാറ്റും. ആ യുദ്ധഭൂമിയിലേക്കാണ് പ്രളയജലം ഒഴുകിവരുന്നത്.

''മനുഷ്യനും മനുഷ്യനും തമ്മില്‍ പതിറ്റാണ്ടുകളായി നടക്കുന്ന അറുകൊലകളില്‍ മനം നൊന്താണോ പ്രകൃതി താഴ്വരയില്‍ ഈ പേമാരി വിതച്ചത്? ഇനിയെങ്കിലും നിങ്ങള്‍ പരസ്പരം വിശ്വസിച്ചും സ്‌നേഹിച്ചും ജീവിക്കൂ എന്നാണോ പ്രകൃതിയുടെ മുന്നറിയിപ്പ്?'' - അരവിന്ദാക്ഷന്‍ കഥയിലും ചിലപ്പോള്‍ കാര്യങ്ങള്‍ നേരിട്ടെഴുതുന്നു. കഥയുടെ രൂപലാവണ്യ ശില്പം ഇവിടെ രൂപപ്പെടുന്നത് അവസ്ഥകളുടെ ദുരന്തങ്ങളില്‍നിന്നാണ്. കാല്പനികമായ ലാവണ്യതലങ്ങള്‍ കഥയില്‍ അന്വേഷിക്കുന്നവര്‍ അരവിന്ദാക്ഷന്റെ കഥകള്‍ വായിക്കേണ്ടതില്ല.

സംഭ്രമിപ്പിക്കുന്ന ചിന്തകളുടെ കഥകള്‍

വ്യക്തിപരമായ, യാതൊരു സ്തുതിവാക്കും ഒരുകാലത്തും ഇഷ്ടപ്പെടാത്ത എഴുത്തുകാരനാണ് അരവിന്ദാക്ഷന്‍. തന്റെ ഭൗതിക ജീവിതം അല്ലെങ്കില്‍ ദൈനംദിന ജീവിതം അശരണരുടെ ദുരിതങ്ങളുടെ ഭാരം പേറുന്നവരുടെയിടയില്‍ വ്യക്തിപരമായ ഒരു നേട്ടത്തിന് വേണ്ടിയല്ലാതെ ജീവിക്കുന്ന ഒരാള്‍. തന്നെത്തന്നെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന ഈ എഴുത്തുകാരന്‍, എഴുത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നീതിബോധവും സൂക്ഷ്മരാഷ്ട്രീയചിന്തയും ഉത്തരവാദിത്വമുള്ള സ്വാതന്ത്ര്യബോധവും ഉള്ളിലേറ്റിയിരിക്കുന്നു. സ്വതന്ത്രമായ എഴുത്തും വിയോജിപ്പുകളും മലയാളത്തിലും ഭീഷണികള്‍ നേരിടുന്ന അവസ്ഥയില്‍ അരവിന്ദാക്ഷന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ''ഇങ്ങനെ തുടങ്ങിയാല്‍ ആര് എന്ത് എഴുതിയാലും അത് മറ്റാരുടെയെങ്കിലും വികാരങ്ങളെ ഹനിക്കുന്നതായി പറയാനാവും. വ്യക്തികള്‍, സംഘങ്ങള്‍, ജാതികള്‍, പാര്‍ട്ടികള്‍, മതങ്ങള്‍, ദൈവങ്ങള്‍, പ്രവാചകന്മാര്‍... ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ വാക്കിനെ നിരോധിക്കുമെന്ന് പറയാനാവില്ല. നിങ്ങളുടെ കയ്യും കഴുത്തും അവരുടെ കൈകളിലായിരിക്കും. മനുഷ്യസംസ്‌കാരത്തിന്റെ ഉന്നതവും ഉദാത്തവുമായ പ്രകാശനരൂപമായ ഭാഷയ്ക്കും വാക്കിനും ആശയാവിഷ്‌കാരത്തിനും പിന്നെ എന്തു സ്വാതന്ത്ര്യമാണുള്ളത്? ബഹുസ്വരതകളുള്ള സമൂഹങ്ങളുടെ ജീവവായുവാണ് ആവിഷ്‌കാര സ്വാതന്ത്ര്യം. വിനിമയം, സംവാദം, ജനാധിപത്യം - മിഥ്യയായ സഹിഷ്ണുതയുടേയും ഇല്ലാത്ത പരസ്പര ബഹുമാനത്തിന്റെയും പേരില്‍ നാമതിന് തടയിടുകയാണെങ്കില്‍ സ്വതന്ത്രമായ വാക്ക് അന്യംനിന്നുപോകും.'' സമകാലീന കേരളീയ സാംസ്‌കാരികതയില്‍, വളരെ പ്രസക്തമായ നിരീക്ഷണമാണ്. 'ദേശീയത നായാട്ടിനിറങ്ങുമ്പോള്‍' എന്ന തന്റെ പുസ്തകത്തില്‍ അരവിന്ദാക്ഷന്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ അന്ധനയനങ്ങളും ബധിര കര്‍ണ്ണങ്ങളും ഒന്നും കാണുന്നില്ലല്ലോ? അലോസരപ്പെടുത്തുന്ന, ചിലപ്പോള്‍ സംഭ്രമിപ്പിക്കുന്ന ചിന്തകളുടെ മേഘപടലങ്ങള്‍ അരവിന്ദാക്ഷന്റെ കഥാവിഹായസ്സില്‍ എപ്പോഴുമുണ്ട്.

''തൂവെള്ള ചിറകുകളും മൂര്‍ച്ചയുള്ള നീണ്ടുവളഞ്ഞ കൊക്കും കൂര്‍ത്ത നഖങ്ങളുമുള്ള കഴുകനായി'' ജാതകക്കഥയിലെ മരിക്കാത്ത കൊക്ക് പരിണമിക്കുന്നതിന്റെ കഥ, ടീച്ചര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. ആ കഴുകന്‍ തിന്ന് ഉപേക്ഷിച്ച എല്ലുകളും തലയോട്ടികളും ലോകഭൂപടത്തിന്റെ പലയിടങ്ങളിലും അടിഞ്ഞുകൂടുന്നത്, ടീച്ചര്‍ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുന്നത്. ഫാസിസത്തിന്റേയും അധികാരാസക്തിയുടേയും കഴുകന്മാരായി, കൊക്കുകളായി തുടങ്ങുന്ന ഭരണാധികാരങ്ങള്‍ മാറുന്നത്, ജാതകക്കഥയിലെ 'കൊക്കിന്റെ പരിണാമം' എന്ന കഥയില്‍ അവതരിപ്പിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലേയ്ക്കും ഫാസിസം കടന്നുവരുന്നത് അരവിന്ദാക്ഷന്റെ കഥകളില്‍ പല രീതിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഫാസിസം ഇന്ന് ഭരണകൂടഫാസിസത്തില്‍ മാത്രം ഒതുങ്ങുന്നില്ല. കോര്‍പ്പറേറ്റ് ഫാസിസം മുതല്‍ സാംസ്‌കാരിക ഫാസിസം വരെ പല തലങ്ങളില്‍ ഫാസിസത്തിന്റെ കടന്നുവരവ് ഇന്നു നാം തിരിച്ചറിയുന്നു. കുടുംബഘടനകളിലേക്ക് വരെ അത് അശാന്തിയുടെ വിത്തുകള്‍ പാകുന്നു.

ഭാഷയുടേയും പ്രമേയത്തിന്റേയും തീക്ഷ്ണതകളാണ് അരവിന്ദാക്ഷന്റെ കഥകളെ വ്യത്യസ്തമാക്കുന്നത്. എന്തുകൊണ്ടോ മനുഷ്യര്‍ക്കിടയിലെ ആര്‍ദ്രതകളുടെ കഥകള്‍ അരവിന്ദാക്ഷന്‍ പറയുന്നതേയില്ല. അല്ലെങ്കില്‍ വളരെ കുറച്ചേ പറയുന്നുള്ളൂ. ഒരുതരം കീറിമുറിക്കല്‍ കഥയിലും ആഖ്യാനത്തിലുമുണ്ട്. 'കക്കയം' എന്ന കഥ ഈ തീക്ഷ്ണഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. 'കക്കയം' കേരളത്തിന് ഒരു സ്ഥലനാമമല്ല. പാറക്കെട്ടുകള്‍ക്കിടയിലൂടെ കുളിരുന്ന ശുദ്ധജലം കിലുങ്ങിയൊഴുകുന്ന ജലസ്ഥാനമോ ഹരിതസാന്ദ്രമായ പ്രകൃതിയോ അല്ല. അത് നിലവിളികളുടെ ഭൂമിയാണ്. വിപ്ലവങ്ങള്‍ അല്ലെങ്കില്‍ വിപ്ലവകാമനകള്‍ ചരിത്രത്തിലേക്ക് മറഞ്ഞുപോയിരിക്കുന്നു. നിലവിളികളുടെ ഭൂമിയില്‍ ത്രിനക്ഷത്ര റിസോര്‍ട്ടുകള്‍. തൃശ്ശിലേരിയിലും തിരുനെല്ലിയിലും ബത്തേരിയിലും മാനന്തവാടിയിലും ഒന്നും സ്ഥിതി വ്യത്യസ്തമല്ല. കഥയൂരില്‍ നിന്നെത്തിയ കഥാവര്‍മ്മനും കവിയൂരില്‍ നിന്നെത്തിയ കവിവര്‍മ്മനും കക്കയത്തെ റിസോര്‍ട്ടില്‍ കുടിച്ച് കുന്തം മറിഞ്ഞ് മയങ്ങുമ്പോള്‍ ചരിത്രത്തിന്റെ നിലവിളികള്‍ ഉയര്‍ന്നു. അതില്‍ നീതി കാംക്ഷിച്ചതിന് പീഡിപ്പിക്കപ്പെട്ടവരുടെ ചരിത്രം ആളി. അതുകേട്ട് ഇപ്പോള്‍ സുഖലോലുപതയില്‍ കവിതയും കഥയും തോന്നാം. പിന്നെ, കാലം പുതിയതാകുമ്പോള്‍, നിലവിളിക്കു പകരം ചിരി പൊട്ടിവിടര്‍ന്നു. രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും വ്യഭിചാരച്ചിരികള്‍. പക്ഷേ, അവിടുത്തെ പഴമക്കാരനായ കാവലാള്‍ക്ക്, സാക്ഷിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. അയാള്‍ പറയുന്നു: ''സാറന്മാരേ, അട്യേന് ഈ ചിരി പേട്യാ. ഇതൊരു ഭയങ്കരന്‍ ചിരിയാ. വെഷപ്പൊക. കണ്ണില്‍ക്കും മൂക്കില്‍ക്കും ചെവീല്‍ക്കും ഒക്കെ ങ്ങ്ട് തള്ളിക്കേറും. പിന്നെ ചോരേല് കലരും...'' അങ്ങനെ കക്കയം നിലവിളിയില്‍നിന്ന് ചിരിയിലേക്ക് മാറുകയാണ്. ജീവിതം ധാര്‍മ്മികതയില്‍നിന്ന്, സത്യനീതിബോധങ്ങളില്‍നിന്ന് മാറുകയാണ്. എന്തിനാണ് ഈ എഴുത്തുകാരന്‍ ചരിത്രത്തിന്റെ നിലവിളി തേടുന്നത്? കക്കയത്തെ നാലു പതിറ്റാണ്ടുകള്‍ക്കു മുന്‍പുള്ള രാത്രികള്‍ തേടുന്നത്? പുതുജീവിതത്തിന്റെ കഥകള്‍ ഇയാള്‍ക്ക് സരസമായി പറഞ്ഞുകൂടേ? എന്തിനാണ് ഈ മനുഷ്യന്‍, ഖദറില്‍നിന്ന് ഇളിക്കുന്ന പുതിയ ചിരിയെ അത്ഭുതത്തോടെ അല്ലെങ്കില്‍, ദുഃഖത്തോടെ നോക്കുന്നത്? എന്തിനാണ് ഈ മനുഷ്യന്‍ ഗാന്ധിയിലേക്ക് പുതിയ വഴികള്‍ തേടുന്നത്? എന്തിനാണ് ഈ മനുഷ്യന്‍ ബുദ്ധനെ വീണ്ടും അഭിമുഖീകരിക്കുന്നത്? എന്തിനാണ് ഈ മനുഷ്യന്‍ കാലുകള്‍ നടക്കാനുള്ളതാണെന്ന് കൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്? എന്തിനാണ് ഈ മനുഷ്യന്‍ ഇപ്പോഴും മണ്ണ്, ജലം, വായു എന്നൊക്കെ പറയുന്നത്? നാം അധികാരത്തിന്റെ കൂടെയോ നീതിയുടെ കൂടെയോ എന്നൊരു ചോദ്യം ഈ മനുഷ്യന്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരിക്കുന്നു. ഉത്തരങ്ങളില്ലാത്തത് ഈ മനുഷ്യനെ തളര്‍ത്തുന്നില്ല.

മനുഷ്യകേന്ദ്രീകൃതമായ ഭൂമിവീക്ഷണമല്ല ഈ കഥാകൃത്ത് പുലര്‍ത്തുന്നത്. പ്രകൃതി നാനാജാതി ജീവജാലങ്ങള്‍ക്കും സസ്യജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. 'ഭൂമിയുടെ അവകാശികള്‍' എന്ന പേരില്‍ പണ്ട് ബഷീര്‍ കഥയെഴുതി. ഭൂമിയുടെ ജൈവസന്തുലനം തകര്‍ക്കപ്പെടുകയാണ്. പലേ ജീവി വംശങ്ങളും ഭൂമുഖത്തുനിന്ന് മറയുന്നു. ഒരു ചേരയുടെ സ്വഗതാഖ്യാനത്തിലൂടെ ഇതേ പ്രമേയം അരവിന്ദാക്ഷന്‍ കഥയാക്കുന്നു. ഭയത്തോടുകൂടി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട ചേരയുടെ ദുരിതങ്ങളിലേക്ക് അരവിന്ദാക്ഷന്‍ ഇങ്ങനെ നോക്കുന്നു: ''അതിനൊന്നു ചുരുണ്ടുകൂടാന്‍ ഒരിടമുണ്ടോ? പൊന്തക്കാടില്ല. എതയില്ല. വേലിപ്പൊത്തില്ല. പാടമില്ല. പറമ്പില്ല. എവിടെയും മനുഷ്യര്‍. ഒരു പാവം ചേരയ്ക്ക് ചുരുണ്ടുകൂടി സ്വസ്ഥമായൊന്നു ചാവാന്‍ ഒരു മാളം പോലും ഇവര്‍ ബാക്കിവെയ്ക്കില്ലേ?'' - ശരിയാണ്. പക്ഷേ, നാം ഇപ്പോഴും സര്‍പ്പാരാധന തുടരുന്നു. സര്‍പ്പത്തിന് നൂറും പാലും നല്‍കുന്നു. കവി പറഞ്ഞതുപോലെ 'ആയില്യം മണ്ണാറശാലുരുളി കമിഴ്ത്തുന്നു' - മണ്ണില്‍ കളനാശിനികള്‍ തളിച്ച് എല്ലാ സസ്യങ്ങളേയും മണ്ണിലെ സൂക്ഷ്മജീവികളേയും കൊല്ലുന്നു. കളയും ചേരയും മണ്ണിരയും അനേകം സൂക്ഷ്മജീവികളും കൂടിച്ചേര്‍ന്നാണ് ഈ ഭൂമിയെ നിലനിര്‍ത്തുന്നതെന്ന തിരിച്ചറിവില്‍നിന്നാണ് ചേര പോലൊരു കഥ എഴുതപ്പെടുന്നത്. മനുഷ്യകേന്ദ്രീകൃതബോധത്തെ, ആന്ത്രോപ്പോസെന്‍ട്രിസത്തെ നിരാകരിക്കുന്ന ചിന്താവൈപുല്യം കെ. അരവിന്ദാക്ഷന്‍ പുലര്‍ത്തുന്നുണ്ട്. അരവിന്ദാക്ഷന്റെ കഥകളിലെ പാരിസ്ഥിതിക സൂക്ഷ്മത ശ്രദ്ധേയമായ രീതിയില്‍ അടയാളപ്പെടുത്തിയ ജി. മധുസൂദനന്‍ 'കഥയും പരിസ്ഥിതിയും' എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: ''മനുഷ്യന്റെയുള്ളില്‍നിന്നും പ്രകൃതിയെ കുടിയിറക്കിയതാണ് ഇന്നത്തെ പരിസ്ഥിതി പ്രതിസന്ധിയുടെ മൂലകാരണങ്ങളിലൊന്ന്. പ്രകൃതിയുടെ പുനര്‍ജ്ജനിക്ക് ആദ്യം വേണ്ടത് മനുഷ്യന് അവന്റെ ചുറ്റുപാടുകളുമായുണ്ടാകുന്ന വിഭക്തിയുടെ ശമനമാണ്. സാമൂഹ്യമോ പാരിസ്ഥിതികമോ ആയി നാം നേരിടുന്ന പ്രതിസന്ധികളുടെയെല്ലാം ഉത്ഗമസ്ഥാനം ഒന്നുതന്നെ. മനുഷ്യസ്വത്വത്തെക്കുറിച്ചുള്ള വികലവും രോഗാതുരവുമായ സങ്കല്‍പ്പമാണത്. പ്രകൃതിയില്‍ മനുഷ്യന്റെ സ്ഥാനത്തെക്കുറിച്ചുള്ള തെറ്റായ അവബോധത്തില്‍ നിന്നാണ് പ്രകൃതിയുടെ മേലാവാണ് താനെന്ന ചിന്ത ഉടലെടുക്കുന്നത്.'' ഇതര ചരാചരങ്ങളോടുള്ള സ്‌നേഹപൂര്‍ണ്ണമായ സഹവര്‍ത്തിത്വം ഒരുപക്ഷേ, മനുഷ്യനെ സ്വന്തം വര്‍ഗ്ഗവുമായുള്ള പാരസ്പര്യത്തിന് കൂടി വഴിതുറക്കാം. മനുഷ്യന്‍ കലഹിക്കുന്നത് മനുഷ്യേതര പ്രകൃതിയോട് മാത്രമല്ലല്ലോ. മനുഷ്യനും മനുഷ്യനും തമ്മില്‍ എക്കാലവും യുദ്ധത്തിലാണല്ലോ.

രാഷ്ട്രീയവും സാമ്പത്തികവുമായ അധിനിവേശം സൃഷ്ടിച്ച വിധേയത്വത്തിന്റെ, അടിമത്തത്തിന്റെ, പന്നിജന്മങ്ങളുടെ കഥകള്‍ അരവിന്ദാക്ഷന്‍ എഴുതിയിട്ടുണ്ട്. ചരിത്രത്തിന്റെ ചതുപ്പില്‍ പുളയുന്ന ഒരു പന്നിയുടെ ജന്മപരിണാമങ്ങളിലൂടെ കൊളോണിയലും അല്ലാത്തതുമായ കീഴടങ്ങലുകളുടെ ചരിത്രം അരവിന്ദാക്ഷന്‍ കഥയാക്കുന്നു. അധിനിവേശത്തിന്റെ ആഖ്യാനം തന്നെയാണ് കോഴിക്കോട് എന്ന കഥയും. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ നഗരത്തിലൂടെ, സാമ്രാജ്യത്വത്തിന്റെ പേമാരിയും കാറ്റും കടന്നുവന്നതിന്റെ കഥകള്‍  ഈ കഥയില്‍ പുനര്‍വായിക്കപ്പെടുന്നു. പതിന്നാലാം നൂറ്റാണ്ടിലെ ചൈനീസ് സഞ്ചാരി മഹ്യുവാനും പേര്‍ഷ്യന്‍ സഞ്ചാരി അബ്ദുള്‍ റസാഖും റഷ്യന്‍ വ്യാപാരി അഫാന്‍സി നികിതിനും കോറിയിട്ട ദിനസരിക്കുറിപ്പുകളില്‍നിന്ന് കഥ വികസിക്കുമ്പോള്‍, പീരങ്കിയുടെ ഗര്‍ജ്ജനങ്ങളിലേക്കും അധിനിവേശവിരുദ്ധരായ പോരാളികളുടെ കൊലച്ചോരയിലേക്കും നാം വന്നെത്തുന്നു. അതിനിടയില്‍ സഞ്ചാരികള്‍ വന്നെത്തിയ നാടിന്റെ ഹൃദയഭാവങ്ങള്‍ വരെ സ്പര്‍ശിക്കുന്നതിന്റെ, മണ്ണിലേക്കും പെണ്ണിലേക്കുമെത്തുന്നതിന്റെ ആഖ്യാനങ്ങളുമുണ്ട്. യഥാര്‍ത്ഥത്തില്‍ കേരളപ്പഴമയുടേയും അധിനിവേശ സംസ്‌കൃതിയുടേയും വിപുലമായ സംഘര്‍ഷങ്ങളിലേക്കും ചരിത്രത്തിന്റെ ഇരുള്വീണു കിടക്കുന്ന ഇടങ്ങളിലേക്കും ഒരു ബൃഹത്നോവലായി വികസിക്കാന്‍ ശേഷിയുള്ള കഥയാണ് കോഴിക്കോട്. കഥയുടെ തീവ്രത നഷ്ടപ്പെടാതെ, അനേക വിഷയങ്ങളെ കഥയിലേക്ക് ബന്ധിക്കുന്ന ഒരു രീതി അരവിന്ദാക്ഷന്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. ഏകഭാവ വികാസത്തിന്റെ ഭാഷാസാന്ദ്രതയോ ശില്പസാന്ദ്രതയോ അല്ല, അരവിന്ദാക്ഷന്റെ കഥകള്‍. ബഹുസ്വരമായ ആവിഷ്‌കാരങ്ങളാണ് അവയെല്ലാം.

ആനന്ദ്
ആനന്ദ്

സാര്‍വ്വലൗകികതയുടെ മാനങ്ങള്‍ തങ്ങളുടെ എഴുത്തില്‍ സവിശേഷമായി പ്രകടിപ്പിക്കുന്ന രണ്ട് പേരാണ് ആനന്ദും കെ. അരവിന്ദാക്ഷനും. എന്നാല്‍, സാര്‍വ്വലൗകികനായിരിക്കുക എന്നത് എഴുത്തുകാരന്റെ ഒരു ഗുണമാണോ എന്ന ചോദ്യത്തിന് മറുപടി എ.കെ. രാമാനുജനില്‍ തേടാം. 'I think creativity does not come out of cosmopolitanism. Creativity comes out of sustained attention to one's own experience; One's own locality, one's own landscape' എന്ന് രാമാനുജന്‍ എഴുതുന്നു. ഇതിലെ അനുഭവ പരിസരത്തെ അതായിത്തന്നെ അവതരിപ്പിക്കുന്ന രീതി മുന്‍പുപറഞ്ഞ രണ്ട് എഴുത്തുകാരും കാര്യമായി സ്വീകരിക്കുന്നില്ല. എന്നാല്‍ ആ അനുഭവസാകല്യത്തെ, സാര്‍വ്വലൗകികമായ മാനങ്ങളില്‍ ആവിഷ്‌കരിക്കാന്‍ കഴിയുന്നു എന്നതാണ് ഈ എഴുത്തുകാരെ വ്യത്യസ്തരാക്കുന്നത്. പ്രാഥമികമായ വൈകാരികത ഒഴിവാക്കപ്പെടുന്ന എഴുത്താണ് ഇരുവരുടേയും. എന്നാല്‍ സാമൂഹികം എന്ന മാനം മാത്രമല്ല അതിലുള്ളത്. ഒറ്റപ്പെട്ടുപോകുന്ന വ്യക്തിയുടെ സ്വകാര്യമായ ഇരുളിടങ്ങളിലേക്കും പലപ്പോഴും അത് വന്നെത്തുന്നു. ആനന്ദ് ആള്‍ക്കൂട്ടമെഴുതിയപ്പോള്‍ അത് നഗരത്തിന്റെ പൊതുകഥയായിരിക്കവേതന്നെ, പ്രേമിന്റേയും ജോസഫിന്റേയും രാധയുടേയുമൊക്കെ കഥ കൂടിയായി അത് മാറുന്നു. പ്രമേയത്തിലും ഭാഷയിലും ആഖ്യാനരീതിയിലുമൊക്കെ  ചില  സംഘര്‍ഷങ്ങള്‍ എഴുത്തുകാരനില്‍ അവശേഷിപ്പിക്കുന്ന പ്രശ്‌നമാണിത്. തികച്ചും വ്യക്തിനിഷ്ഠമെന്ന് തോന്നാവുന്ന തുടക്കമാണ് 'പെസഹാ രാവിലെ അതിഥി' എന്ന കഥയ്ക്കുള്ളത്. ഒരു സ്ത്രീ മരുമകളുമായി ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ എത്തുന്നു. അവരുടെ മകന്‍ മരിച്ചുപോയിരുന്നു. ഒരു പെസഹാനാളിലാണ് അവര്‍ ബാങ്കിലെത്തുന്നത്. ആ അമ്മയും പെണ്‍കുട്ടിയും സമ്മാനിച്ച അസ്വസ്ഥതയില്‍നിന്ന് പെസഹാ രാവിലെ വീട്ടിലെത്തി ബൈബിള്‍ തുറന്നപ്പോള്‍, മരിച്ചയാള്‍ ജലം ചോദിച്ചെത്തി. അയാളുടെ മരണത്തിന്റെ നിഗൂഢതകളിലേക്ക് മാറുന്ന കഥയില്‍ വീണ്ടും ആസുരമായ അധികാരകേന്ദ്രങ്ങള്‍ തലയുയര്‍ത്തുന്നു. അവ വീണ്ടും വ്യക്തിയെ നിസ്സാരനും അനാഥനുമാക്കുന്നു. പീഡിതനായ മനുഷ്യപുത്രന്റെ ചരിത്രം പെസഹാരാവില്‍ വീണ്ടും ആവര്‍ത്തിക്കുന്നു. വ്യക്തിയുടെ ദുരന്തകഥകളിലേക്ക് അന്വേഷിച്ചെത്തുമ്പോള്‍, അരവിന്ദാക്ഷന്‍ നീതിനിഷേധങ്ങളുടെ, സ്വാതന്ത്ര്യരാഹിത്യത്തിന്റെ, അടിച്ചമര്‍ത്തലുകളുടെ വലിയ ദുരന്തകഥകള്‍ കണ്ടെത്തുന്നു.

എകെ രാമാനുജന്‍
എകെ രാമാനുജന്‍

1998-ലാണ് അരവിന്ദാക്ഷന്‍ ബലിദാന്‍ എന്ന കഥയെഴുതുന്നത്. ഗോഡ്സെയെ മഹാത്മാവായി വാഴ്ത്തുന്ന പ്രക്രിയ ക്രമേണ രൂപപ്പെട്ടുവന്നിരുന്നു. ഇരുപതുകൊല്ലം കഴിയുമ്പോള്‍, ഇന്ത്യ കടന്നുപോകുന്ന വലിയ ദശാസന്ധികളെ, പ്രവചന സ്വരത്തില്‍ അതില്‍ വിവരിച്ചിട്ടുണ്ട്. താന്‍ ചെയ്തത് വലിയൊരു കര്‍മ്മമായിട്ടാണ് ഗോഡ്സെ കരുതിയത്. തന്റെ പ്രവൃത്തികളുടെ ന്യായീകരണം തേടി ഗോഡ്സെ ഒരു പുസ്തകം തന്നെ എഴുതി. ''വൈ ഐ അസാസ്സിനേറ്റഡ് ഗാന്ധി'' എന്ന പുസ്തകം. രാജ്യത്തോടുള്ള ഭക്തി ഒരു പാപം ചെയ്യുന്നതിലേക്ക് എന്നെ എത്തിച്ചെങ്കില്‍, അതെ, ഞാന്‍ പാപം ചെയ്തിരിക്കുന്നു എന്ന് സമ്മതിക്കുന്നു എന്നും അത് ഒരു സല്‍പ്രവൃത്തിയായി തീര്‍ന്നുവെങ്കില്‍ അതിന്റെ നേട്ടം ഞാന്‍ ആവശ്യപ്പെടുന്നുവെന്നുമൊക്കെ ഗോഡ്സെ അതില്‍ പറയുന്നുണ്ട്. എന്നാല്‍ ഗാന്ധി മോഹന്‍ദാസ് കരംചന്ദ് എന്ന വ്യക്തി മാത്രമല്ല; അദ്ദേഹം ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ നായകന്‍ മാത്രമല്ല; ഗാന്ധി മഹത്തായൊരു ജീവിതരീതിയും സംസ്‌കാരവുമാണെന്ന് ഗോഡ്സെ ആരാധകര്‍ ഓര്‍ത്തില്ല. രാഷ്ട്രീയം, മതം, കൃഷി, തൊഴില്‍, ഭക്ഷണം, വേഷം, ഭാഷ എന്നു തുടങ്ങി ജീവിതത്തിന്റെ സാരവും നിസ്സാരവുമായതെല്ലാം താന്‍ ഉറച്ചു വിശ്വസിച്ച മൗലികവും അടിസ്ഥാനപരവുമായ തത്ത്വങ്ങളെ മുന്‍നിര്‍ത്തി തന്റേതായ രീതിയില്‍ ഗാന്ധി എങ്ങനെ അഭിമുഖീകരിച്ചു എന്നത് അരവിന്ദാക്ഷന്‍ ഗാന്ധിയുടെ ജീവിതദര്‍ശനം എന്ന പുസ്തകത്തില്‍ വിശകലനം ചെയ്യുന്നുണ്ട്.

ഒവി വിജയന്‍
ഒവി വിജയന്‍

എത്രമേല്‍ വെടിവെച്ചകറ്റിയാലും ഗാന്ധി തിരിച്ചുവന്നുകൊണ്ടേയിരിക്കും. കാരണം, ഗാന്ധി ദര്‍ശന സമുച്ചയമല്ല, മനുഷ്യ സംസ്‌കാരത്തെ വിമലീകരിക്കുന്ന ജീവിതരീതികളാണെന്ന് അരവിന്ദാക്ഷന്‍ ആ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ബലിദാന്‍ എന്ന കഥ ഏറ്റവും പുതിയ കാലത്ത് കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. അതെന്തുകൊണ്ട് എന്നതിന് വിശദീകരണങ്ങള്‍ ആവശ്യമില്ല. ഒ.വി. വിജയന്‍ ധര്‍മ്മപുരാണം എഴുതിയപ്പോള്‍ കേരളം നെറ്റിചുളിച്ചു.

കപട സദാചാരബോധങ്ങള്‍ പീലിവിരിച്ചു. പക്ഷേ, കൃത്യമായും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി പരിണാമങ്ങള്‍ പ്രവചിച്ച നോവലായി അതു മാറി. അധികാരവും ഫാസിസവും മതാധിപത്യവും ഒക്കെ അതില്‍ പ്രവചിക്കപ്പെട്ടു. യു.പി. ജയരാജിന്റെ 'മഞ്ഞ്' എന്ന കഥയില്‍ അതുവരെ നാം ഒരുതരം കാല്പനികതയോടെ അഭിദര്‍ശിച്ച മഞ്ഞ് എന്ന ബിംബം ഭയത്തിന്റേയും ക്രൂരമായ അധികാരത്തിന്റേയും ഒക്കെ മുഖം ധരിച്ച് ജനാലകളില്‍ വന്നുനില്‍ക്കുന്നത് നാം വായിച്ചു. ആ മഞ്ഞിലൂടെ പറന്നുവന്നത് ശവംതീനിപ്പക്ഷികളാണ്. ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയാശ്ലീലങ്ങളെ സൂക്ഷ്മതയില്‍ വി.കെ.എന്‍. പയ്യന്‍ കഥകളില്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു. എഴുത്ത് ഭാവികാലത്തേക്ക് നീണ്ടുചെല്ലുന്നത് ഇതിനാലൊക്കെയാണ്. ഇവിടെയെല്ലാം സമകാലീനതയുടെ സൂക്ഷ്മവിശകലനങ്ങളാണ് എഴുത്തുകാരനെ ഭാവിയിലേക്ക് എത്തിക്കുന്നത്. ഒപ്പം എഴുത്തിലും ജീവിതത്തിലും എടുക്കുന്ന നിലപാടുകളുടെ ബലിഷ്ഠതയും അതിന് കാരണമാകുന്നു. അരവിന്ദാക്ഷനെ സംബന്ധിച്ച് എഴുത്തും ജീവിതവും രണ്ടല്ല. തന്റെ സ്വകാര്യമായ ഇച്ഛകളേയും ഇടങ്ങളേയും ഒരിക്കലും ആഘോഷിക്കാത്ത എഴുത്തുകാരനാണ് അരവിന്ദാക്ഷന്‍.

യുപി ജയരാജ്
യുപി ജയരാജ്

കഥ ഇന്ന് മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം സംവാദ വിഷയമാക്കപ്പെടുന്ന  സാഹിത്യരൂപമായി  മാറിയിട്ടുണ്ട്. എട്ടര നൂറ്റാണ്ടുകളോളം നമ്മുടെ സാഹിത്യത്തില്‍ പ്രബലമായിരുന്നത്, തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരുന്നത് കവിതയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെയാണ് ഗദ്യം പ്രാധാന്യം നേടിത്തുടങ്ങുന്നത്. എങ്കിലും അറുപതുകള്‍ വരെയെങ്കിലും കവിതയുടെ പ്രഭാവം തുടര്‍ന്നു. എഴുപതുകളില്‍ കവിതയില്‍ തന്നെ സംഭവിച്ച പരിണാമങ്ങളും ഭാഷയിലെ കുതിച്ചുചാട്ടങ്ങളും കവിയരങ്ങുകളുമെല്ലാം കവിതയ്ക്ക് പുതിയൊരു ചലനമുണ്ടാക്കി. എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങളായി മലയാളം ഫിക്ഷന്റെ വിലാസലീലകളിലാണ് സ്വയം ഉടുത്തൊരുങ്ങിവരുന്നത്. കഥ ബഹുസ്വരമായി. കഥനഭാഷ ബഹുസ്വരമായി. അത് വ്യക്തികളുടേയും സമൂഹത്തിന്റേയുമൊക്കെ രഹസ്യഭാഗങ്ങളിലേക്ക് വാചാലമായി കടന്നുകയറി. പുതിയ കഥാകൃത്തുകള്‍ എമ്പാടും ആഘോഷിക്കപ്പെട്ടു. ഈ കഥോത്സവങ്ങളിലും അരവിന്ദാക്ഷന്റെ ഭൗതിക സാന്നിദ്ധ്യമില്ല. പലപ്പോഴും ഒറ്റപ്പെട്ട സ്വരമായി അരവിന്ദാക്ഷന്‍ തുടര്‍ന്നു. ഈ വിധം ഒറ്റപ്പെട്ട സ്വരങ്ങള്‍ക്ക് മലയാളകഥയില്‍ എന്നും കുറച്ച് ഇടമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. പുളിമാനയില്‍ തുടങ്ങി പട്ടത്തുവിള, ടി.ആര്‍., എം.പി. നാരായണപിള്ള, വി.പി. ശിവകുമാര്‍, അയ്മനം ജോണ്‍, പി.കെ. നാണു, യു.പി. ജയരാജ്, എം. സുകുമാരന്‍, വിക്ടര്‍ ലീനസ്, ജയനാരായണന്‍ എന്നിങ്ങനെ തുടരുന്ന, ഇന്ന് കമറുദ്ദീനിലും മനോജ് ജാതവേദരിലും ഇന്ദുചൂഢന്‍ കിഴക്കേടത്തിലും വീണ്ടും ദീപ്തമാകുന്ന ഒരു കഥാധാരയിലാണ് അരവിന്ദാക്ഷന്റേയും ഇടം. ഒരുതരം സമാന്തരത പുലര്‍ത്തുന്ന ഈ ഇടത്തില്‍, സൂക്ഷ്മമായ നൈതികതയും സാമൂഹ്യബോധവും രാഷ്ട്രീയവും പുലര്‍ത്തുന്ന വ്യത്യസ്തമായ കഥകളാണ് കെ. അരവിന്ദാക്ഷന്റേത്. ബഹുസ്വരമായ ആഖ്യാനങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു കഥാലോകം ഇവിടെ നിലനില്‍ക്കുന്നു എന്നത് ആശ്വാസകരമാണ്. ലോകഗതിയുടെ സംഘര്‍ഷഭരിതമായ ആഴങ്ങളെ, നിരാഡംബരമായ, സത്യസന്ധമായ സാഹിത്യവീക്ഷണത്തോടെ തന്റെ കഥയില്‍, നോവലില്‍ അരവിന്ദാക്ഷന്‍ ആവിഷ്‌കരിക്കുന്നു. എഴുതിയതിനുശേഷം സ്വയം മാറിനില്‍ക്കാനുള്ള കഴിവും നിശ്ചയവും അരവിന്ദാക്ഷനുണ്ട്. കഥാഗതിയില്‍, ഒരിടഞ്ഞുകൊട്ടാണ് അരവിന്ദാക്ഷന്‍ നടത്തുന്നത്. മലയാളകഥയില്‍ ഇന്നും ഇത്തരം ഇടഞ്ഞുനില്‍പ്പുകള്‍ പ്രസക്തമാണ് എന്നതാണ് കാര്യം.

ചന്തയിലേക്ക് ഉച്ചത്തില്‍ ''എവിടെയാണ് ദൈവം? എവിടെയാണ് ദൈവം?'' എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഓടിപ്പോകുന്ന ഒരു ഭ്രാന്തന്‍, അരവിന്ദാക്ഷന്റെ 'ഗുഹാജീവിതം' എന്ന കഥയിലുണ്ട്. എവിടെയാണ് മനുഷ്യന്‍? എവിടെയാണ് ഭൂമി? എവിടെയാണ് പുഴ? എവിടെയാണ് സ്ത്രീ? എവിടെയാണ് നീതി? എവിടെയാണ് സത്യം? എവിടെയാണ് മനുഷ്യന്റെ ദൈവകാലം?
കെ. അരവിന്ദാക്ഷന്‍, സജീവമായി എഴുതിക്കൊണ്ടിരിക്കുന്നു. ആ എഴുത്തുവഴിയില്‍ പലയിടങ്ങളിലും ബുദ്ധനും ഗാന്ധിയും നടന്നുവരുന്നു. അങ്ങനെയിങ്ങനെയെല്ലാം കലുഷമായ നമ്മുടെ കാലത്തിന്റെ, ജീവിതത്തിന്റെ സര്‍ഗ്ഗാത്മക പ്രതികരണവും പ്രതിരോധവുമായി ഈ കഥകള്‍ മാറുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com