ആദ്യത്തെ കവിസമ്മേളനം: കെ.വി. ബേബി എഴുതുന്നു

ആദ്യത്തെ കവിസമ്മേളനം എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ കരുതും ഞാന്‍ പങ്കെടുത്ത ആദ്യത്തെ കവിസമ്മേളനമാണെന്ന്.
ആദ്യത്തെ കവിസമ്മേളനം: കെ.വി. ബേബി എഴുതുന്നു

ദ്യത്തെ കവിസമ്മേളനം എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ കരുതും ഞാന്‍ പങ്കെടുത്ത ആദ്യത്തെ കവിസമ്മേളനമാണെന്ന്. അല്ലേയല്ല. ഞാന്‍ ആദ്യമായി കണ്ട് കേട്ട് രസിച്ച് ആസ്വദിച്ച കവിസമ്മേളനമാണ് ഉദ്ദേശിക്കുന്നത്. ഞാന്‍ സദസ്സിലിരുന്നു സാക്ഷ്യം വഹിച്ച കവിസമ്മേളനം. അത് ഏറ്റവും മഹത്തായ കവിസമ്മേളനമായത് എന്റെ ഭാഗ്യം. 
1973. പ്രീഡിഗ്രി കാലം. തുമ്പ സെന്റ് സേവിയേഴ്സ് കോളേജ്. തിരുവനന്തപുരം സിറ്റിയില്‍നിന്നു 16 കിലോമീറ്റര്‍ അകലെ. താമസം ഹോസ്റ്റലില്‍. അന്നത്തെ പത്രം പറഞ്ഞത്: ആശാന്‍ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വി.ജെ.ടി ഹാളില്‍ കാലത്ത് 10 മണിക്ക് കവിസമ്മേളനം. വാര്‍ഡന്‍ ജോര്‍ജ് കുഴിവേലിയച്ചനോട് അനുവാദം ചോദിച്ചു. സന്തോഷത്തോടെ സമ്മതം മൂളി. അച്ചന്‍ പണ്ട് പട്ടാളത്തിലായിരുന്നു. പിന്നീട് ഈശോസഭയെന്ന പട്ടാളത്തില്‍ ചേര്‍ന്നു- ജെസ്യൂട്ട്. 

വി.ജെ.ടി ഹാളിലെത്തി. കൃത്യം പത്തുമണിക്കുതന്നെ കവിസമ്മേളനം തുടങ്ങി. ഉദ്ഘാടനം വൈലോപ്പിള്ളി. അദ്ധ്യക്ഷന്‍ ജി. ജി.യ്ക്ക് അപ്പോഴും 1965-ലെ ജ്ഞാനപീഠ പ്രഭയുടെ മിന്നിത്തിളക്കം! വൈലോപ്പിള്ളി ജി.യെ പ്രശംസിച്ചു 'കൊന്നു.' പ്രശംസ അമിതപ്രശംസയിലേക്കു കടന്നതോടെ അതിന് irony (വിരുദ്ധോക്തി)യുടെ നിറം കലരാന്‍ തുടങ്ങി. സദസ് അത് നന്നായി ആസ്വദിച്ചു. അതിലേറെ വൈലോപ്പിള്ളി, പതിവു കൊഞ്ചലിന്റേയും കുണുങ്ങലിന്റേയും പരാതിയുടേയും പരിഭവത്തിന്റേയും അകമ്പടിയോടെ തന്നെ. ജി.യാകട്ടെ, കോപം കൊണ്ടു ചുവന്നുതുടുത്തെങ്കിലും സ്വയം നിയന്ത്രിച്ച് അമര്‍ന്നിരുന്നു. 
ജി.യുടെ അദ്ധ്യക്ഷപ്രസംഗം കാവ്യകലയെക്കുറിച്ചുള്ള ഒരു വാഗ്ഗംഗാപ്രവാഹം. വൈലോപ്പിള്ളിവാണിയെ തൊടാതെ അത് സുരക്ഷിതമായി ഒഴുകിക്കൊണ്ടേയിരുന്നു. ജി. മാന്യതയുടെ മാനവരൂപം. 
45 കൊല്ലം മുന്‍പ് നടന്ന ആ കവിസമ്മേളനത്തില്‍ അക്കാലത്തെ ഒട്ടുമിക്ക പ്രമുഖ കവികളും പങ്കെടുത്തു. സീനിയര്‍ ജി. മുതല്‍ അക്കാലത്തെ ജുനിയര്‍ ഡി. വിനയചന്ദ്രന്‍ പിള്ള വരെ (ഡി. വിനയചന്ദ്രന്‍ ഈ പേരിലാണ് എഴുതിത്തുടങ്ങിയത്. പിന്നീട് പല്ലി വാലുമുറിച്ചു രക്ഷപ്പെടുന്നതുപോലെ പിള്ളയെ തള്ളി അദ്ദേഹം രക്ഷപ്പെട്ടു.) 
ഏകദേശം അരനൂറ്റാണ്ടു മുന്‍പു നടന്ന ആ കവിസമ്മേളനത്തില്‍നിന്ന് ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ചില കവികളും കവിതകളും: 
ജിയും വൈലോപ്പിള്ളിയും അവതരിപ്പിച്ച കവിതകള്‍ മറന്നുപോയി. എന്‍.വി. അവതരിപ്പിച്ചത്, നാലു കവിതകളുടെ സമുച്ചയം, 'തിരുവനന്തപുരത്ത് നാലു പ്രഭാതങ്ങള്‍' എന്ന കവിത: അറവുശാലയില്‍നിന്നു സൈക്കിളിന്റെ പിന്നില്‍വെച്ചു കൊണ്ടുപോകുന്ന ഇറച്ചിയെ സൂചിപ്പിക്കുന്ന ആ വരികള്‍; ''കൊമ്പും കുളമ്പും കുടലും ഇസ്സെക്കിളിന്‍ 
പിമ്പേ നഗരിതന്‍ ഭക്ഷണമല്ലയോ? 
തിന്നിടും മുമ്പിശ്ശവത്തിന്‍ മുതലെടു
ക്കുന്നതിനെന്തേ മറന്നുപോയ് പാര്‍ട്ടികള്‍?'' 
അവിസ്മരണീയം. വിടര്‍ന്ന വലിയ കണ്ണുകളോടെ വേദിയില്‍ വന്നുനിന്ന് സുഗതകുമാരിയെന്ന യുവതി 
''ഇരുണ്ടു പച്ചിച്ചു കരിനീലിച്ചു വെണ്‍ 
തിരനുരപ്പൂക്കള്‍ വെളുക്കനെ വാരി 
ച്ചിതറി പിന്നെയുമിരമ്പിയാര്‍ത്തിടും 
കടലേ, ഹാ കരിങ്കടലേ, നിന്നില്‍ ഞാന്‍ 
അനുരക്തന്‍ പണ്ടേ''യെന്നു തുടങ്ങുന്ന 'കടലിനോട്' അവതരിപ്പിച്ചു. വികാരാര്‍ദ്ര സ്വരത്തില്‍ നേരിയ സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ആ തനതു കാവ്യാവതരണ രീതി അന്നേ ഹൃദയത്തെ കീഴടക്കി. അതെ സുഗതകുമാരിക്കവിത. എന്റെ ഉള്ളിലേക്കു കയറിവന്ന കവിതക്കടല്‍. കവിതയുടെ വേലിയേറ്റം. 
അക്കിത്തം അവതരിപ്പിച്ചത് അവസരത്തിന് ഏറ്റവും അനുയോജ്യമായ 'പ്രതിമാപ്രബോധം!' ആശാന്‍ ജന്മശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സ്ഥാപിച്ച ആശാന്‍ പ്രതിമയെ സൂചിപ്പിച്ചുകൊണ്ട് ഇങ്ങനെ തുടങ്ങുന്നു: 
''ശതാബ്ദമിപ്പോള്‍ സ്ഥലകാല സംഗ
മത്തില്‍ പ്രതിഷ്ഠിക്കുകയാണു പോലും
ലോഹത്തില്‍ വാര്‍ത്തെന്‍ പ്രതിരൂപ,മാട്ടേ;
കുറിക്കുകീ ദുഃഖമതിന്റെ താഴേ.'' 
കവിത ആശാന്റെ, ആത്മഗതമാണ്. ആശാന്‍ കവിതയിലെ ആത്മാവും ശരീരവും തമ്മിലുള്ള വടംവലി പ്രൗഢഗംഭീര സുന്ദരമായി ആവിഷ്‌കരിക്കുന്ന കവിത അവസാനിക്കുന്നത് ഇങ്ങനെ: 
''കാണാതെ പോയ്, പല്ലനയാറ്റില്‍ മുങ്ങി
മരിച്ച നാളോളമിവന്‍ സുഖത്തെ;
അദ്ദാരുണാന്തര്‍ഗ്ഗതപീഢയാല്‍ കൈ-
വരിച്ചതാണീയമരത്വസൗഖ്യം!''
കൂട്ടത്തില്‍ ഏറ്റവും സുന്ദരന്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി. വെളുത്തു ചുവന്നു തുടുത്ത മുഖവുമായി സുസ്‌മേരവദനനായി അദ്ദേഹം ചൊല്ലിയത് 
''കൈകള്‍ കുഴഞ്ഞൂ, കടിഞ്ഞാണ്‍ തെറ്റി
ക്കുതിരകള്‍ തമ്മിലിടഞ്ഞൂ,
കണ്ണിലടിച്ചു ശോകത്തിന്‍ പുക
മങ്ങി ചരാചരമഖിലം'' എന്നു തുടങ്ങുന്ന 'ലക്ഷ്മണന്‍.'
തികച്ചും സംഗീതാത്മകമായി ഒ.എന്‍.വി പാടിയത് 'നിശാഗന്ധി നീയെത്ര ധന്യ!' ആ കവിത വന്ന ആനുകാലികം കണ്ടെത്തി, അത് കവിയെ അനുകരിച്ച് ചൊല്ലിയതും കൂട്ടുകാര്‍ അഭിനന്ദിച്ചതും പിന്നീട് അത് കവിയെ അനുകരിക്കാതെ സ്വന്തം രീതിയില്‍ ചൊല്ലിയതും ഓര്‍മ്മ. ആ കവിതയില്‍, പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം കവി തന്നെ എഴുതിയ 
ഭൂമിയെ സ്‌നേഹിച്ച ദേവാംഗനയൊരു 
പൂവിന്റെ ജന്മം കൊതിച്ചൂ...'' എന്നു തുടങ്ങുന്ന ഗാന (നീയെത്ര ധന്യയെന്ന ചിത്രം)ത്തിന്റെ വേരുകള്‍ കണ്ടെത്തുന്ന ഒരു നിരീക്ഷണം 'നിശാഗന്ധി നീയെത്ര ധന്യ'യും 'ഭൂമിയെ സ്‌നേഹിച്ച ദേവാംഗനയും' എന്ന പേരില്‍ ഞാന്‍ എഴുതിയത് വര്‍ത്തമാനം. 
കടമ്മനിട്ട ഒരു പുലിയെപ്പോലെ മുരണ്ടു:
''അങ്ങേലെ മൂപ്പീന്നു ചത്തോടീ?
നമ്മളും പോയൊന്നറിയേണ്ടേ?''
'ചാക്കാല' എന്ന കവിത തീര്‍ന്നതും നിലയ്ക്കാത്ത കൈയടി ഒന്നുകൂടി: സദസ്സിന്റെ അഭ്യര്‍ത്ഥന മാനിച്ച് 
''ഓമനേ, ഞാന്‍ പറയുന്ന കഥകളില്‍ മൂളുക
മൂളുന്നതിനിടയ്‌ക്കെന്റെ തലയിലെ 
രോമങ്ങളോരോന്നു ചിക്കി നരച്ചതുമാത്രം പിടുങ്ങുക'' എന്നു തുടങ്ങുന്ന 'ഭാഗ്യശാലികള്‍' ചൊല്ലി പുലിക്കു മുരളാന്‍ മാത്രമല്ല, മൂളാന്‍, ഈണം മൂളാനും കടമ്മനിട്ട അറിയാമെന്നു തെളിയിച്ചു. 
അയ്യപ്പപ്പണിക്കര്‍ എന്ന പേരു വിളിച്ചതും വരാന്തയില്‍നിന്ന് ഒരു പൊക്കം കുറഞ്ഞ മനുഷ്യന്‍ വേദിയിലേക്ക് തിടുക്കത്തിലോടിക്കയറി ആരെയും കൂസാതെ 
''ഇപ്പൂല്ലില്‍ ചവിട്ടരുതി
പ്പൂവു പറിക്കരുതി
പ്പുല്ലാങ്കുഴലെടുത്തു പാടരുത്'' എന്നു തുടങ്ങുന്ന 'പഞ്ചതന്ത്രം പരമതന്ത്രം' ചൊല്ലി വീണ്ടും ചാടിയിറങ്ങി വരാന്തയിലൂടെ ഊളിയിട്ടു മറഞ്ഞതും ഓര്‍മ്മ. താടിയില്ലാത്ത, ക്ലീന്‍ ഷേവ്, പൊടിമീശ മാത്രം വച്ച്, സുമുഖനായ അയ്യപ്പപ്പണിക്കര്‍!
'ആശാനും മന്ത്രിയും' എന്ന കവിതയുമായി ചെമ്മനം ചാക്കോ രംഗത്തുവന്നു. ആശാന്‍ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കപ്പെട്ട വിദ്യാഭ്യാസമന്ത്രിക്കു തിരക്കായതുകൊണ്ട് പകരം തൊഴില്‍മന്ത്രി വന്നു പ്രസംഗിക്കുന്നതാണ് വിഷയം; മന്ത്രിയുടെ പ്രസംഗം അതിശയോക്തി കലര്‍ത്തി അമിതപ്രാധാന്യം നല്‍കി റിപ്പോര്‍ട്ടു ചെയ്യുന്ന പത്രങ്ങള്‍. 
'ഹാ! പുഷ്പമേ' എന്ന കവിതയുമായി പ്രത്യക്ഷപ്പെട്ട പുനലൂര്‍ ബാലന്‍ അതിമനോഹരമായി, ഒരു ഗായനകനെപ്പോലെതന്നെ ആലപിച്ചു. കവിതയിലെ ഒരു ഭാഗം: 
''കവിതകള്‍ പറത്തുന്നു
പുഷ്പക വിമാനം;
കൊഴിയുവതു കേവലം
പുഷ്പ കവി മാനം''
പുഷ്പ കവി മാനം എന്നാല്‍ പുഷ്പത്തെക്കുറിച്ചുള്ള കവിയുടെ ആശയം അല്ലെങ്കില്‍ അളവ് എന്നര്‍ത്ഥം. 
ഏറ്റവും ജുനിയര്‍ ഡി. വിനയചന്ദ്രന്‍ പിള്ള, ബാലാമണിയമ്മ, പി., ഇടശ്ശേരി, എന്‍.എന്‍. കക്കാട് എന്നിവര്‍ അവതരിപ്പിച്ച കവിതകള്‍ മറന്നുപോയി.
ഞാന്‍ ആദ്യം സാക്ഷ്യം വഹിച്ച കവിസമ്മേളനം തന്നെയാണ് ഞാന്‍ കണ്ടതും കേട്ടതുമായ ഏറ്റവും നല്ല കവിസമ്മേളനം. ഇതിന് ഞാന്‍ ആരോടു നന്ദി പറയേണ്ടൂ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com