കടലും കാടും: ആന്‍ഡമാന്‍ യാത്ര തുടരുന്നു

ബീച്ചിലെത്താന്‍ രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന്, ഹാവ്ലോക്കിലെ ജെട്ടിയില്‍നിന്ന് യന്ത്രവല്‍കൃത ബോട്ടില്‍ അരമണിക്കൂര്‍ സഞ്ചരിക്കുക. 
കടലും കാടും: ആന്‍ഡമാന്‍ യാത്ര തുടരുന്നു

രാധാനഗര്‍ പോലെ തന്നെ ഹാവ്ലോക്കിലെ പ്രശസ്തമായ മറ്റൊരു കടല്‍ത്തീരമാണ് എലിഫന്റ്ബീച്ച്. ഉച്ചഭക്ഷണം കഴിഞ്ഞ് എലിഫന്റ് ബീച്ചിലേക്ക് തിരിച്ചു. ബീച്ചിലെത്താന്‍ രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന്, ഹാവ്ലോക്കിലെ ജെട്ടിയില്‍നിന്ന് യന്ത്രവല്‍കൃത ബോട്ടില്‍ അരമണിക്കൂര്‍ സഞ്ചരിക്കുക. 
രണ്ട്, റിസര്‍വ്വ് ഫോറസ്റ്റിലൂടെ 45 മിനിട്ട് നടക്കുക.
ബോട്ടില്‍ പോകുന്നതിന് മിനിമം നാലുപേരെങ്കിലും വേണം. ഒരാള്‍ക്ക് 100 രൂപ കൊടുക്കുകയും വേണം. തന്നെയുമല്ല, ഉച്ചകഴിഞ്ഞ് ബോട്ട് സര്‍വ്വീസ് പതിവില്ലെന്നും അറിഞ്ഞു. അതുകൊണ്ട് കാട്ടിലൂടെ നടക്കാനായിരുന്നു എന്റെ തീരുമാനം.

''രാധാനഗര്‍ ബീച്ചിലേക്കു പോകുന്ന വഴിയില്‍ വലതുവശത്തായി കുറേ ബൈക്കുകള്‍ ഇരിക്കുന്നതു കാണാം. സ്‌കൂട്ടര്‍ അവിടെ വെച്ചിട്ട് നടന്നാല്‍ മതി'' - എലിഫന്റ് ബീച്ചിലേക്കു പോകാനുള്ള വഴി ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരം ഇതായിരുന്നു.

സ്‌കൂട്ടറോടിച്ച് ആ പറഞ്ഞ സ്ഥലത്തെത്തി. ശരിയാണ്, കുറേ ബൈക്കുകള്‍ റോഡോരത്ത് ഇരിപ്പുണ്ട്. അതിന്റെ ചുറ്റുപാടുമായി കുറേ ചെറുപ്പക്കാരുമുണ്ട്. തൊട്ടടുത്തു തന്നെ 'എലിഫന്റ് ബീച്ച്' എന്നെഴുതിയ ഒരു ദിശാസൂചിയും കണ്ടു. 

സ്‌കൂട്ടര്‍ ഒതുക്കിവച്ച് നടന്നപ്പോള്‍ ചെറുപ്പക്കാര്‍ ചുറ്റും കൂടി. 'സ്നോര്‍ക്കലിങ്? സീ വോക്ക്?' -അവര്‍ ചോദിച്ചു. തായ്ലന്റിലെ ചില ബീച്ചുകളില്‍ ഇവയൊക്കെ ചെയ്തിട്ടുള്ളതുകൊണ്ടും ഇപ്പോള്‍  ക്ലസ്ട്രോഫോബിയ എന്ന 'മാനസിക രോഗ'ത്തിന് അടിമയായതുകൊണ്ടും ഞാന്‍ നിഷേധാത്മകമായി തലയാട്ടി. അവര്‍ വിടുന്ന മട്ടില്ല. ലോകത്തിലേറ്റവും 'ചീപ്പായി' സ്നോര്‍ക്കലിങ് ചെയ്യാന്‍ പറ്റുന്ന സ്ഥലമാണ് എലിഫന്റ് ബീച്ചെന്ന് അവര്‍ ആണയിട്ടിട്ടും ഞാന്‍ അലിഞ്ഞില്ല.


ഒറ്റയടിപ്പാതയിലൂടെ മുന്നോട്ടു നടന്നു. ഒരു വലിയ കയറ്റം കയറി. ചുറ്റുപാടും തനത് ആന്‍ഡമാന്‍ ശൈലിയിലുള്ള വീടുകളാണ്. പനമ്പട്ടയും തെങ്ങോലകളുമൊക്കെ ഉപയോഗിച്ച് മേഞ്ഞ വീടുകള്‍. വീടിനോളം വലിപ്പത്തില്‍ പശുത്തൊഴുത്തുമുണ്ട്. നമ്മുടെ നാട്ടിന്‍പുറത്തേതുപോലെ ഓല കൊണ്ടുള്ള വേലികളും ഇവിടെ വ്യാപകമാണ്.
കയറ്റം കയറിയിറങ്ങി ഒരു ചെറുപാലം കടന്നപ്പോള്‍ ഒരു ബോര്‍ഡ് കണ്ടു 'സംരക്ഷിത വനപ്രദേശം.'  അല്പം കൂടി നടന്നപ്പോള്‍ നിബിഡ വനമായി. സ്വീഡനില്‍ നിന്നുള്ള ദമ്പതികളും അവരുടെ വഴികാട്ടിയും മുന്നില്‍ നടക്കുന്നതിന്റെ ധൈര്യത്തിലാണ് എന്റെ നടപ്പ്. കുത്തനേയുള്ള കയറ്റങ്ങളും ഇറക്കങ്ങളും പിന്നിട്ട് വഴി നീളുന്നു. വമ്പന്‍മരങ്ങളുടെ തടിയന്‍ വേരുകളില്ലെങ്കില്‍ ഇറക്കത്തില്‍ 'ഗ്രിപ്പ്' കിട്ടില്ല. കാരണം, വെള്ളം കുത്തിയൊഴുകി പായല്‍ പിടിച്ചു കിടക്കുകയാണ് നടപ്പാത. 
മാനം മുട്ടെ ഉയരത്തിലുള്ള മരങ്ങള്‍ക്കിടയിലൂടെ 45 മിനിട്ട് നടന്നു ക്ഷീണിച്ചു. അപ്പോള്‍ സമതലമായി. അല്പം കൂടി നടന്നപ്പോള്‍ മരക്കുറ്റികളുടെ ലോകത്തിലേക്ക് പ്രവേശിച്ചു. ഇവിടെ വെളുത്ത പഞ്ചാര മണലാണ്. പാദം മൂടുന്നത്ര കടല്‍വെള്ളം കയറിക്കിടക്കുന്നു.

''ഇവിടെയാണ് 2004-ല്‍ സുനാമി ഏറ്റവും രൂക്ഷമായ നാശനഷ്ടങ്ങള്‍ വരുത്തിയത്'' -വിദേശികളുടെ കൂടെയുള്ള ഗൈഡ് പറഞ്ഞു. ''സുനാമിക്കു മുന്‍പ് ഇവിടെയൊക്കെ കൊടുങ്കാടായിരുന്നു. ഈ മരക്കുറ്റികളെല്ലാം ആ വന്‍മരങ്ങളുടേതാണ്. സുനാമി എല്ലാത്തിനേയും കടപുഴക്കി.''
ഇപ്പോള്‍ പാദം നനയുന്ന വെള്ളമേ ഉള്ളൂവെങ്കിലും ഉച്ചകഴിഞ്ഞ് വേലിയേറ്റ സമയത്ത് മുട്ടറ്റം വെള്ളമാകുമത്രേ. അതുകൊണ്ട്, കാട്ടിലൂടെ നടന്ന് എലിഫന്റ് ബീച്ചില്‍ എത്തുന്നവര്‍ ഉച്ചയ്ക്കു മുന്‍പു തന്നെ തിരികെ പോവുകയാണ് പതിവ്.
''എലിഫന്റ് ബീച്ചിന് ആ പേരുവരാന്‍ കാരണമെന്താണ്?'' - ഞാന്‍ ഗൈഡിനോട് ചോദിച്ചു. കൊടുങ്കാടിനോടു ചേര്‍ന്നുള്ള ബീച്ചായതിനാല്‍ ഇവിടെ ആനകളുടെ സാന്നിദ്ധ്യമുണ്ടാകാം. ആന ബീച്ചെന്നു പേരുവരാന്‍ കാരണവും അതായിരിക്കാം,  ഏതൊരാളും അങ്ങനെയല്ലേ ചിന്തിക്കൂ. എന്നാല്‍ ഗൈഡ് പറഞ്ഞ ഉത്തരം അതായിരുന്നില്ല.

''വനം വകുപ്പ് ഏറ്റവുമധികം മരങ്ങള്‍ മുറിച്ചിരുന്നത് ബീച്ചിനോട് ചേര്‍ന്നുള്ള കാട്ടില്‍ നിന്നാണ്. മുറിക്കുന്ന മരങ്ങള്‍ ബോട്ടുകളില്‍ വലിച്ചു കയറ്റുന്നത് ആനകളായിരുന്നു. അങ്ങനെ, ഒരു കാലത്ത് ബീച്ചില്‍ എപ്പോഴും വനംവകുപ്പിന്റെ ആനകളുണ്ടായിരുന്നു. സുനാമിയോടെയാണ് മരം വെട്ടുന്ന പതിവ് വനംവകുപ്പ് നിര്‍ത്തിയത്. കൂടാതെ, കാട്ടിലൂടെ ബീച്ചിലേക്ക് ആനപ്പുറത്ത് കൊണ്ടുപോകുന്ന പരിപാടിയും മുന്‍പുണ്ടായിരുന്നു. അതൊക്കെയാണ് എലിഫന്റ് ബീച്ചെന്നു പേരുവരാന്‍ കാരണം.''


മരക്കുറ്റികള്‍ക്കിടയിലൂടെ ബീച്ച് കണ്ടു. രാധാനഗര്‍ പോലെയല്ല. ബീച്ച് എന്ന് വിളിക്കാന്‍ പറ്റില്ല, ഈ കടല്‍ത്തീരത്തെ. കരയുടെ ഭാഗം വളരെ കുറവ്. എന്നാല്‍ 2004-നു മുന്‍പ് ഇങ്ങനെയായിരുന്നില്ലത്രേ സ്ഥിതി. രാധാനഗര്‍ പോലെ തന്നെയായിരുന്നു, എലിഫന്റ് ബീച്ചും. പക്ഷേ, സുനാമി വന്നപ്പോള്‍ എലിഫന്റ് ബീച്ചിന്റെ കര ഒന്നോടെ കടലെടുത്തു. ഇപ്പോള്‍ കാണുന്ന ബീച്ച് യഥാര്‍ത്ഥത്തില്‍ പഴയ കാടിന്റെ ഭാഗങ്ങളാണ്. കടല്‍ കാട്ടിലേക്കു കയറിപ്പോയി എന്നര്‍ത്ഥം. അതുകൊണ്ടാണ്  ബീച്ചിനോട് ചേര്‍ന്ന് നിറയെ മരക്കുറ്റികളും ഒടിഞ്ഞുവീണ മരങ്ങളും കാണപ്പെടുന്നത്. എലിഫന്റ് ബീച്ചിന്റെ ഭംഗിയും അതുതന്നെയാണ്. മറ്റൊരു ബീച്ചിലും ഇങ്ങനെ മരങ്ങളും കടലും തമ്മിലുള്ള മേളനം കാണാനാവില്ലല്ലോ.

ബീച്ചിന്റെ ഓരത്തുകൂടി ഇടതുവശത്തേക്കു നടക്കണം, യഥാര്‍ത്ഥ എലിഫന്റ് ബീച്ചെത്താന്‍. ആ വഴിയിലും നിറയെ ഒടിഞ്ഞും മറിഞ്ഞും കിടക്കുന്ന വന്‍മരങ്ങളാണ്. ഇടയ്ക്കിടെ, സുനാമി രൂപം കൊടുത്ത ചെറു ജലപ്രവാഹങ്ങളും കാണാം.

എലിഫന്റ് ബീച്ചില്‍ നല്ല ജനത്തിരക്കുണ്ട്. കുളിക്കാനും ഡ്രസ്സ് മാറാനുമുള്ള മുറികള്‍ ഒരു വശത്ത്. മറ്റൊരു വശത്ത് സ്നോര്‍ക്കലിങ് പോലെയുള്ള പരിപാടികള്‍ക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്ന ഏജന്റുമാരുടെ 'കിയോസ്‌ക്കു'കളാണ്.

വാട്ടര്‍ സ്പോര്‍ട്സിന് പ്രസിദ്ധമാണ് എലിഫന്റ് ബീച്ച്. സ്നോര്‍ക്കലിങ് കൂടാതെ, അടിയില്‍ ഗ്ലാസ്സിട്ട ബോട്ടില്‍ കൊണ്ടുപോയി കടലിന്റെ അടിത്തട്ടിലെ അത്ഭുതങ്ങള്‍ കാണിക്കുന്ന ഗ്ലാസ് ബോട്ട് റൈഡ്, സീ വോക്ക് എന്നിവയും പരീക്ഷിച്ചു നോക്കാം. കടലിലെ സൂപ്പര്‍ ബൈക്കെന്നു വിളിക്കാവുന്ന ജെറ്റ് സ്‌കൂട്ടറില്‍ വെള്ളം തെറിപ്പിച്ച് ഒരു ചുറ്റലുമാവാം.


സ്നോര്‍ക്കലിങിനാണ് ആവശ്യക്കാരേറെ. 2000 രൂപയാണ് ചാര്‍ജ്. അതിനുള്ള ഉപകരണങ്ങളുമായി ഒരാള്‍ കൂടെ വരും. മുങ്ങുന്നതും പവിഴപ്പുറ്റുകള്‍ക്കിടയിലൂടെ നടക്കുന്നതുമെല്ലാം അയാള്‍ 'ഗോ പ്രോ' എന്ന ചെറിയ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യും. അങ്ങനെ കടലിനടിയിലെ  നമ്മുടെ സുന്ദരനിമിഷങ്ങള്‍ വീഡിയോയാക്കി നമുക്ക് ലഭിക്കും. അത് മൊബൈലിലോ ലാപ്ടോപ്പിലോ എന്നെന്നേക്കുമായി സൂക്ഷിക്കാം.

കുറേ നേരം എലിഫന്റ് ബീച്ചില്‍ അലഞ്ഞുനടന്നു. ഇവിടെ ആര്‍ക്കും ചീങ്കണ്ണിപ്പേടി ഉള്ളതായി തോന്നിയില്ല. വിനോദസഞ്ചാരികളും ഗൈഡുകളുമൊക്കെ എപ്പോഴും വെള്ളത്തിലുണ്ടെങ്കിലും എവിടെയും 'ചീങ്കണ്ണിയെ സൂക്ഷിക്കുക' എന്ന ബോര്‍ഡും കണ്ടില്ല. 2010-ല്‍  അമേരിക്കന്‍  വിനോദസഞ്ചാരിയെ ചീങ്കണ്ണി പിടിച്ചുകൊണ്ടുപോയ രാധാനഗര്‍ ബീച്ച് ഏറെയൊന്നും അകലെയല്ലെങ്കിലും എലിഫന്റ് ബീച്ചിനെ ആ പേടി ഇനിയും  ബാധിച്ചിട്ടില്ല.

ബീച്ചിനോട് ചേര്‍ന്ന്, ഇളനീരും ഭേല്‍പൂരിയുമൊക്കെ വില്‍ക്കുന്ന ചെറിയ കടകളുണ്ട്. വയറു നിറയ്ക്കാനുള്ള ആഹാരമൊന്നും കിട്ടില്ല. അതുകൊണ്ട് ദിവസം മുഴുവന്‍ എലിഫന്റ് ബീച്ചില്‍ ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആഹാരം കൊണ്ടുപോകുന്നത് നന്നായിരിക്കും.

കുറേ നേരം ബീച്ചിലൂടെ ചുറ്റിയടിച്ചിട്ട് വീണ്ടും കാടുകയറി സ്‌കൂട്ടറിനടുത്തെത്തി. സമയം അഞ്ചുമണിയോടടുക്കുന്നു. ഇനി പോകാനുള്ള ബീച്ചിന്റെ പേര് കാലാപത്ഥര്‍ എന്നാണ്. 'കറുത്ത കല്ല്' എന്നര്‍ത്ഥം.

അതിനുമുന്‍പ് സ്‌കൂട്ടറില്‍ കുറച്ച് പെട്രോളടിക്കണം. സ്‌കൂട്ടര്‍ കിട്ടുമ്പോള്‍ ഒരു ലിറ്ററേ അതിലുള്ളു. അത്രയുംതന്നെ  പെട്രോള്‍ പിറ്റേന്ന് സ്‌കൂട്ടര്‍ തിരിച്ചു കൊടുക്കുമ്പോള്‍ അതില്‍ ഉണ്ടാവണം എന്നാണ് വ്യവസ്ഥ.
ഗൂഗിള്‍ നോക്കിയപ്പോള്‍ ഞാന്‍ നില്‍ക്കുന്നിടത്തു നിന്ന് 13 കി.മീറ്ററുണ്ട്, കാലാപത്ഥറിലേക്ക്. അപ്പോള്‍ എന്തായാലും പെട്രോള്‍ ഒഴിച്ചേ പറ്റൂ. പെട്രോള്‍ പമ്പ് എവിടെയുണ്ടെന്നന്വേഷിച്ചു. ഒരു കിലോമീറ്റര്‍ പോകുമ്പോള്‍ ഇടതുവശത്താണ് പമ്പെന്നറിഞ്ഞു.

അവിടെ എത്തിയപ്പോള്‍ പമ്പിന്റെ ഗേറ്റ് പൂട്ടിയിരിക്കുന്നു. ആളനക്കമൊന്നുമില്ല. പെട്രോള്‍ പമ്പുകള്‍ അങ്ങനെ അടച്ചിടാറില്ലല്ലോ. എന്തു ചെയ്യുമെന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ ഒരു വഴിയാത്രക്കാരന്‍ അടുത്തെത്തി. ''പെട്രോളടിക്കാനാണെങ്കില്‍ നിന്നിട്ടു കാര്യമില്ല. പെട്രോളും ഡീസലുമൊക്കെ തീര്‍ന്നു. ഇനി നാളെയെ സ്റ്റോക്ക് വരൂ'' അദ്ദേഹം പറഞ്ഞു. ''അടുത്ത പമ്പ് എവിടെയാണ്?'' ഞാന്‍ ചോദിച്ചു. ''ഇനി പമ്പൊന്നുമില്ല. ഒരേയൊരു പമ്പേ ഉള്ളൂ ഹാവ്ലോക്കില്‍.'' ഇതും പറഞ്ഞ് കക്ഷി നടന്നു നീങ്ങി.

എലിഫന്റ് ബീച്ചില്‍ സുനാമി അവശേഷിപ്പിച്ചത്
എലിഫന്റ് ബീച്ചില്‍ സുനാമി അവശേഷിപ്പിച്ചത്


ഇതെന്തൊരു നാട്! 40 കിലോമീറ്ററിലധികം നീളമുള്ള, ഏഴായിരത്തിലധികം ജനസംഖ്യയുള്ള ഈ ദ്വീപില്‍ ഒരേയൊരു പെട്രോള്‍ പമ്പുമാത്രം! അതും എപ്പോള്‍ വേണമെങ്കിലും അടച്ചിടാവുന്ന ഒരു പമ്പ്! നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിവസവും ഇവിടെ വന്നിറങ്ങുന്നത്. അവരില്‍ ഏറെപ്പേരും വാഹനങ്ങള്‍ വാടകയ്ക്കെടുക്കുകയോ ടാക്സി വിളിക്കുകയോ ചെയ്യുന്നവരാണ്. അങ്ങനെയുള്ള ഒരു ടൂറിസ്റ്റ് സങ്കേതത്തില്‍ വാഹനങ്ങള്‍ക്ക് തൊണ്ട നനയ്ക്കാന്‍ ഇറ്റു പെട്രോളില്ലെങ്കിലുള്ള അവസ്ഥയെന്താണ്!
ഞാന്‍ പെട്രോള്‍ ടാങ്ക് തുറന്നു പരിശോധിച്ചു. കുറച്ച് പെട്രോള്‍ കാണാനുണ്ട്. നല്ല മൈലേജുള്ള സ്‌കൂട്ടറാണെന്നു തോന്നുന്നു. എന്തായാലും മെല്ലെ ഓടിച്ച് കഴിയുന്നത്ര സ്ഥലങ്ങള്‍ കാണുക തന്നെ. പിറ്റേന്നു രാവിലെ പെട്രോളടിച്ച് സ്‌കൂട്ടര്‍ തിരിച്ചു കൊടുക്കാം.

ഞാന്‍ കാലാപത്ഥര്‍ ബീച്ചിലേക്ക് വണ്ടി വിട്ടു. എല്ലായിടത്തും കൃത്യമായ ദിശാസൂചികകളൊക്കെ ഉള്ളതുകൊണ്ട് സ്ഥലം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടില്ല.
ഹാവ്ലോക്ക് ഫെറിയിലേക്കുള്ള വഴിയില്‍ നിന്ന് വലത്തേക്കാണ് തിരിയേണ്ടത്. അതായത്, ഞാന്‍ ഇതുവരെ സഞ്ചരിക്കാത്ത റോഡുകളിലൂടെയാണ് കാലാപാത്ഥര്‍ ബീച്ചിലേക്ക് പോകേണ്ടത്.
ആ വഴിയിലൂടെ കുറച്ചുദൂരം പോയപ്പോഴാണ് ഹാവ്ലോക്കിന്റെ ഹൃദയഭാഗം കണ്ടത് - ഗോവിന്ദ് നഗര്‍. യഥാര്‍ത്ഥ ബീച്ച് ടൂറിസത്തിന്റെ കേന്ദ്രം ഇവിടെയാണ്. തായ്ലന്റിന്റേയും ശ്രീലങ്കയിലേയും ഗോവയിലേയും ബീച്ചുകളോടു ചേര്‍ന്നുള്ള തെരുവുകളുടെ മാതൃകയാണ് ഇവിടെയും പിന്തുടര്‍ന്നിരിക്കുന്നത്. വൃത്തിയും ഭംഗിയുമുള്ള റോഡിന് ഇരുവശവും പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന രീതിയില്‍ നിര്‍മ്മിച്ച ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍. ഏറെയും ഓലമേഞ്ഞവ. ഇടയ്ക്കിടെ യൂറോപ്യന്‍ നഗരങ്ങളില്‍ കാണുന്ന തരത്തിലുള്ള കോഫിഷോപ്പുകള്‍... റോഡുകളില്‍ കാണുന്നവരിലേറെയും വിദേശികളാണ്. ടൈം മാഗസിനും ട്രിപ്പ് അഡൈ്വസറുമൊക്കെ വായിച്ച് കൊതിപൂണ്ട് ഹാവ്ലോക്ക് കാണാന്‍ വന്നവരാവും. 

ഗോവിന്ദ് നഗറിന്റെ ഹൃദയഭാഗത്തുകൂടി സ്‌കൂട്ടറോടിച്ചു പോകവേ രണ്ട് കേരളാ ഹോട്ടലുകള്‍ കണ്ടു. മറ്റൊരിടത്ത് കേരളാ ആയുര്‍വേദിക് മസാജ് സെന്ററും കണ്ടു. പേരില്‍ മാത്രമേ കേരളം കാണാന്‍ സാദ്ധ്യതയുള്ളൂ. ജോലിക്കാരെല്ലാം ബംഗാളികളായിരിക്കും. അങ്ങനെയൊരു രസകരമായ സംഭവം ഓര്‍മ്മവന്നു. എറണാകുളത്തു നിന്നും മൂന്നാറിലേക്ക് പോകും വഴി ഒരു മലയോര പട്ടണത്തില്‍ 'മലയാളി' എന്നൊരു ഹോട്ടലുണ്ട്. ഒരിക്കല്‍ അവിടെ പ്രഭാതഭക്ഷണത്തിനായി കയറി. ഉടമയൊഴികെ എല്ലാവരും ബംഗാളികള്‍!
''ഒന്നുകില്‍ ഹോട്ടലിന്റെ പേര് മാറ്റി ബംഗാളി എന്നാക്കണം. അല്ലെങ്കില്‍ മലയാളികളെ ജോലിക്കു നിര്‍ത്തണം'' - ഭക്ഷണം കഴിച്ച് ഇറങ്ങവേ ഉടമയോട് കളിയായി പറഞ്ഞു. 

''ബംഗാളി എന്ന് പേരുമാറ്റുന്നതാണ് മലയാളിയെ ജോലിക്കു നിര്‍ത്തുന്നതിലും നല്ലത്'' -ഇതായിരുന്നു ഉടമയുടെ മറുപടി.

പ്രധാന നിരത്തുകഴിഞ്ഞപ്പോള്‍ വഴി വിജനമായി. ഇടതുവശത്ത് പ്രശാന്ത സുന്ദരമായ കടല്‍. വലതുവശത്ത് വൃക്ഷനിബിഡമായ പറമ്പുകള്‍. റോഡ് ഇടയ്ക്ക് വലിയ കയറ്റങ്ങള്‍ കയറിയിറങ്ങുന്നു. മുക്കുവഗ്രാമങ്ങള്‍ പിന്നിടുന്നുമുണ്ട്. അങ്ങനെ എട്ട് കി.മീറ്റര്‍ കഴിഞ്ഞപ്പോള്‍ കാലാപത്ഥര്‍ ബീച്ചിന്റെ കവാടം കണ്ടു. അതിനുള്ളിലേക്ക് കടന്നപ്പോള്‍ ഉത്സവപ്പറമ്പിലേതുപോലെ കുറേ കടകള്‍. വര്‍ണ്ണപ്പകിട്ടാര്‍ന്ന ചൈനീസ് കളിപ്പാട്ടങ്ങളും കരിക്കുമെല്ലാം തൂക്കിയിട്ട താല്‍ക്കാലിക കടകള്‍.

ഏതാനും സ്‌കൂട്ടറുകളും കാറുകളും പാര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെനിന്ന് ഒരു ചെറിയ വഴിയിലൂടെ നടന്നാല്‍ കാലാപത്ഥര്‍ ബീച്ചായി.
കണ്ണെത്താ ദൂരം നീണ്ടുകിടക്കുന്ന ബീച്ചാണിത്. കാഴ്ചയെ തടസ്സപ്പെടുത്തുന്നത് അങ്ങിങ്ങായി കരയിലും കടലിലും മുഖക്കുരു പോലെ ഉയര്‍ന്നു നില്‍ക്കുന്ന കറുത്ത പാറക്കെട്ടുകള്‍ മാത്രം. വലിയ ഉയരമുള്ള പാറകളൊന്നുമില്ല. ഏറ്റവും ഉയര്‍ന്ന പാറയ്ക്കു മുട്ടുവരെ ഉയരമുണ്ടാവും. അത്രമാത്രം. സന്ധ്യയോടടുത്തതുകൊണ്ട് ബീച്ചില്‍ നിരവധി പേരുണ്ട്. ഏറെയും നവദമ്പതിമാരാണ്. പാറക്കെട്ടുകള്‍ കയറിയിറങ്ങി കളിക്കുന്ന കുട്ടികളും ധാരാളം. കല്ലുകളില്‍ പായല്‍ പിടിച്ചിട്ടുള്ളതുകൊണ്ട് പലരും തെന്നിവീഴുന്നുമുണ്ട്.

കാലാപത്ഥര്‍ എന്നാണ് ബീച്ചിനു സമീപമുള്ള ഗ്രാമത്തിന്റെ പേര്. ആ പ്രദേശവും പാറക്കെട്ടുകള്‍ നിറഞ്ഞതുതന്നെയാണ്. ഹാവ്ലോക്ക് ദ്വീപിന്റെ ഒരറ്റത്താണ് ബീച്ച്. റോഡും ഇവിടെ അവസാനിക്കുന്നു. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനോടു ചേര്‍ന്ന് കാട്ടിനുള്ളിലേക്ക് നടപ്പാതയുണ്ട്. ഇവിടെ കാട്ടിനുള്ളില്‍ മുന്‍പ് ഒരു ആന പരിശീലന കേന്ദ്രമുണ്ടായിരുന്നത്രേ. 

ഹാവ്ലോക്കിന്റെ ഫെറിയില്‍നിന്നും കുറേ ദൂരെയായതുകൊണ്ട് കാലാപത്ഥറിലേക്ക് വിനോദസഞ്ചാരികളില്‍ പലരും എത്തിപ്പെടാറില്ല. അതുകൊണ്ട് ഹാവ്ലോക്കിലെ മറ്റു ബീച്ചുകളെക്കാള്‍ താരതമ്യേന തിരക്കു കുറവാണ് ഇവിടെ.
കാലാപത്ഥറില്‍ നില്‍ക്കവേ സൂര്യന്‍ താണു തുടങ്ങി. പക്ഷേ, മേഘങ്ങള്‍ വന്നു മൂടിയതുമൂലം സൂര്യാസ്തമയം തിരശ്ശീലയ്ക്കുള്ളിലായിപ്പോയി.
എത്രയും വേഗം വിജനമായ റോഡ് പിന്നിട്ട് ഗോവിന്ദ് നഗറെങ്കിലും എത്തണം. പെട്രോളിന്റെ അവസ്ഥ പരിതാപകരമാണല്ലോ. വിജനമായ സ്ഥലത്ത് പെട്ടുപോയാലോ എന്നൊരു ഭയം. 

മാക്സിമം മൈലേജ് കിട്ടുന്ന രീതിയില്‍ സ്‌കൂട്ടറോടിച്ച് ഗോവിന്ദ് നഗറിലെത്തി. ഇനി ഏതെങ്കിലും കടയില്‍ പെട്രോള്‍ വില്‍ക്കുന്നുണ്ടോ എന്നന്വേഷിക്കണം. മുന്നറിയിപ്പില്ലാതെ അടച്ചിടുന്ന, ഒരേയൊരു പെട്രോള്‍ പമ്പ് മാത്രമുള്ള ദ്വീപില്‍ പെട്രോള്‍ കരിഞ്ചന്തയില്‍ കിട്ടാന്‍ സാദ്ധ്യതയുണ്ടല്ലോ.
പക്ഷേ, അങ്ങനെയൊരു സംവിധാനം ഇവിടെയില്ല എന്നാണ് അന്വേഷിച്ചവരെല്ലാം മറുപടി പറഞ്ഞത്. ഇനി അഞ്ചാറ് കിലോമീറ്റര്‍ കൂടിയുണ്ട് ഞാന്‍ താമസിക്കുന്ന നഗ്രി റിസോര്‍ട്ടിലേക്ക്. മെല്ലെ  ഓടിച്ചു പോവുക തന്നെ. ഒരു ഭാഗ്യ പരീക്ഷണം.

ഗോവിന്ദ് നഗറിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച്, പെട്രോള്‍ തീരാതെ തന്നെ റിസോര്‍ട്ടിലെത്തി. പിറ്റേന്ന് രാവിലെ സ്‌കൂട്ടര്‍ തിരികെ ഏല്‍പ്പിച്ച്, ഒരു ലിറ്റര്‍ പെട്രോളിന്റെ കാശ് അധികമായി ഏല്പിച്ചു. വീണ്ടും പെട്രോള്‍ പമ്പുവരെ പോയി ഭാഗ്യം പരീക്ഷിക്കാന്‍ നിന്നില്ല.

10.15-നാണ് തിരികെ പോര്‍ട്ട്ബ്ലെയറിലേക്കുള്ള മക്രൂസ് ഫെറി സര്‍വീസ്. 8.20-ന് രാധാനഗര്‍ ബീച്ചില്‍നിന്നു പുറപ്പെടുന്ന ബസ് ഒന്‍പതു മണിക്കു മുന്‍പ് ഫെറി ടെര്‍മിനലില്‍ എത്തുമെന്ന് റിസോര്‍ട്ടിലെ പയ്യന്‍ പറഞ്ഞു. ടാക്സിക്കൂലി ലാഭം.
മുറി ചെക്ക്ഔട്ട് ചെയ്ത് പുറത്തു നിന്നു. 8.25-ന്  ബസ് എത്തി. ഏതാനും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാത്രമേയുള്ളൂ ബസിനുള്ളില്‍. ഇങ്ങോട്ടു വന്ന ബസല്ല. അതുകൊണ്ട് കണ്ടക്ടര്‍ മലയാളിയുമല്ല.

ഓരോ സ്റ്റോപ്പിലും നിരവധി പേര്‍ ബസില്‍ കയറിക്കൊണ്ടിരുന്നു. ആകെ രണ്ടു ബസുകളേ ഹാവ്ലോക്ക് ദ്വീപിനുള്ളില്‍ ഓടുന്നുള്ളൂ. അതുകൊണ്ടുതന്നെ എപ്പോഴും നല്ല തിരക്കുണ്ടാകും, ബസില്‍.
ഫെറി കെട്ടിടത്തിനു പുറത്ത് മക്രൂസ് ഫെറി സര്‍വ്വീസിന്റെ ഓഫീസില്‍ നല്ല ക്യൂവുണ്ട്. ഇവിടെ ടിക്കറ്റ് കാണിച്ച് ചെക്ക് ഇന്‍ ചെയ്യണം. 9.15-ന് ഫെറി കെട്ടിടത്തിന്റെ ഗേറ്റ് തുറക്കും. ബോട്ട് വരുന്നതുവരെ അതിനുള്ളില്‍ ഇരിക്കാം.

ഞാന്‍ ചെക്ക് ഇന്‍ ചെയ്ത ശേഷം ഫെറിക്കു ചുറ്റുമുള്ള തെരുവുകളിലൂടെ നടന്നു. ബംഗാളിലെ ഗ്രാമങ്ങളിലൂടെ നടക്കുന്ന പ്രതീതി. തടികൊണ്ടു കെട്ടിപ്പൊക്കിയ രണ്ടുനില കെട്ടിടങ്ങളാണ് ഏറെയും. പലചരക്കു കടകളും വര്‍ക്ക്ഷോപ്പുകളും ഹോട്ടലുകളും ലോഡ്ജുകളുമൊക്കെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ വൃത്തിയൊന്നുമില്ല തെരുവുകള്‍ക്ക്. 
ഫെറി ജെട്ടിയോടു ചേര്‍ന്ന് ചെറുകിട ബോട്ട് ഓപ്പറേറ്റര്‍മാരുടെ സംഘം നില്‍പ്പുണ്ട്. വാട്ടര്‍ സ്‌കൂട്ടര്‍ വാടകയ്ക്ക് നല്‍കിയും എലിഫെന്റ് ബീച്ചിലേക്ക് ബോട്ട് സര്‍വ്വീസ് നടത്തിയും ഉപജീവനം കഴിക്കുന്നവരാണ് അവര്‍. 


വെയില്‍ കനത്തു. ഫെറി കെട്ടിടത്തിനുള്ളില്‍ പോയി ഇരിക്കാമെന്നു കരുതി ഉള്ളിലേക്കു നടന്നു. പോര്‍ട്ട്ബ്ലെയറില്‍ ബോട്ട് കാത്തു നില്‍ക്കാന്‍ സാമാന്യം വലിയൊരു കെട്ടിടവും ഇരിപ്പിടങ്ങളും ഉണ്ടായിരുന്നെങ്കില്‍ ഇവിടെയുള്ളത് ബസ് സ്റ്റോപ്പിനോളം പോന്ന ഒരു ഷെഡ് മാത്രം! മക്രൂസ് എന്ന വലിയ ഫെറി ബോട്ടില്‍ 280 പേര്‍ക്കാണ് സഞ്ചരിക്കാവുന്നത്. 200 പേരിലധികം അവിടെ എത്തിയിട്ടുമുണ്ട്. 'ബസ് സ്റ്റോപ്പ്' നിറഞ്ഞുകവിഞ്ഞ് ആളിരിക്കുന്നു. കുറേപ്പേര്‍ വെയിലുകൊണ്ട് ഉണങ്ങി നില്‍ക്കുന്നുമുണ്ട്. ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്പതിമാര്‍ മാത്രം കൊടും ചൂട് വകവെയ്ക്കാതെ സെല്‍ഫി എടുക്കുന്ന തിരക്കിലാണ്. 

ഞാന്‍ പുറത്തേക്കു നടന്നു. ഫെറിക്കു സമീപം ഏറ്റവും സുന്ദരമായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണ്‍ എന്ന വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറി. കഫേ കോഫിഡേ ഗ്രൂപ്പിന്റെ വക ഹോട്ടലാണ്. രാവിലെ ഹോട്ടലില്‍നിന്ന് ബ്രെഡും ജാമും അടങ്ങിയ ബ്രേക്ക്ഫാസ്റ്റ് കഴിച്ചതാണെങ്കിലും ദക്ഷിണിലെ മെനുവില്‍ ഇഡ്ഡലിയും വടയും കണ്ടപ്പോള്‍ പിടിവിട്ടുപോയി. അങ്ങനെ തുമ്പപ്പൂ പോലുള്ള ഇഡ്ഡലിയും വെണ്‍മേഘം പോലെയുള്ള തേങ്ങാച്ചമ്മന്തിയും മെരുമെരാന്നുള്ള തകര്‍പ്പന്‍ ഉഴുന്നുവടയും ഉള്‍പ്പെടുന്ന രണ്ടാമത്തെ പ്രഭാതഭക്ഷണം അകത്താക്കി, വീണ്ടും ഫെറിയിലെത്തി.
മക്രൂസ് തീരമണഞ്ഞു. ജനക്കൂട്ടം ഉള്ളിലേക്ക്  ഒഴുകി. 
പോര്‍ട്ട്ബ്ലെയറില്‍ ബോട്ടിറങ്ങിയിട്ട് നേരെ ഫെയ്മസ് ബേക്കറിയിലേക്ക് ടാക്സി പിടിച്ചു. ഇനിയുള്ള രണ്ടുദിവസം എന്തൊക്കെ കാണണമെന്ന് സലാമുമായി ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം.
വണ്ടൂര്‍ ബീച്ച്, റോസ് ഐലന്‍ഡ്, ഹെംഫ്രഗഞ്ചിലെ രക്തസാക്ഷി മണ്ഡപം, മുണ്ടപഹാര്‍ ബീച്ച്, സമുദ്രിക മറൈന്‍ മ്യൂസിയം, ആന്ത്രോപ്പോളജി മ്യൂസിയം എന്നിവയൊക്കെയാണ് പോര്‍ട്ട് ബ്ലെയറിന്റെ പരിസരത്തായി കാണാന്‍ ബാക്കിയുള്ളത്. ജറാവ ആദിവാസികളെ കാണാനുള്ള വനയാത്ര പോലെയുള്ള പരിപാടികള്‍ക്കൊന്നും ഇനി സമയമില്ല.

ഇതില്‍ റോസ് ഐലന്‍ഡ് കാണാന്‍ ഒരു പാക്കേജ് എടുത്തിട്ടുണ്ട്. സെല്ലുലാര്‍ ജയില്‍ പാക്കേജ് എടുത്ത അതേ ട്രാവല്‍ ഏജന്‍സിയില്‍നിന്നാണ് റോസ് ഐലന്‍ഡ് പാക്കേജും എടുത്തത്. രണ്ടാംദിവസം ഉച്ചകഴിഞ്ഞാണ് തിരികെ നാട്ടിലേക്കുള്ള ഫ്‌ലൈറ്റ്. രാവിലെ മുതല്‍ ഉച്ചവരെ റോസ് ഐലന്‍ഡില്‍ ചെലവഴിക്കാനാണ് പരിപാടി.

മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു കാര്‍ റെഡിയാക്കിത്തരാമെന്ന് സലാം ഏറ്റു. ആന്‍ഡമാനില്‍ ജനിച്ചുവളര്‍ന്ന മലയാളിയുടേതാണ് കാര്‍. അദ്ദേഹം തന്നെ ഡ്രൈവര്‍ കം വഴികാട്ടിയാകാനും തയ്യാറാണ്.
പിറ്റേന്ന് രാവിലെ 9 മണിക്ക് യാത്ര പുറപ്പെടാന്‍ തീരുമാനിച്ച് ജ്യൂസും കുടിച്ച് സലാമിനോട് സലാം പറഞ്ഞു പിരിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com