കറുത്ത യാമങ്ങള്‍: ശ്രീലത രാകേഷ് എഴുതുന്നു

RCC -യുടെ ഏറ്റവും വലിയ വേദന എന്താണെന്ന് അറിയുമോ?അവിടെ വരുന്ന ചെറിയ മക്കളാണ്. കരഞ്ഞു നിലവിളിക്കുന്ന മക്കള്‍, വാടിത്തളര്‍ന്ന മക്കള്‍,
ശ്രീലത രാകേഷ്
ശ്രീലത രാകേഷ്

RCC - റീജിയണല്‍ കാന്‍സര്‍ സെന്റര്‍
മതില്‍ക്കെട്ട് തന്നെ വല്ലാത്തൊരു ഭയം പടര്‍ത്തി. കരയാന്‍ വയ്യായിരുന്നു.
RCC -യുടെ ഏറ്റവും വലിയ വേദന എന്താണെന്ന് അറിയുമോ?
അവിടെ വരുന്ന ചെറിയ മക്കളാണ്. കരഞ്ഞു നിലവിളിക്കുന്ന മക്കള്‍, വാടിത്തളര്‍ന്ന മക്കള്‍, അവരെ നെഞ്ചിലും കയ്യിലും ഏന്തി നടക്കുന്ന അച്ഛനമ്മമാര്‍. നമ്മുടെ വേദന ഒന്നും അപ്പോള്‍ വേദന അല്ലാതെയായി തീരും.
അരവിന്ദന്‍ വന്നു. അരവിന്ദനെ പരിചയപ്പെടുത്തിയത് ചരത്തേട്ടന്റെ അച്ഛനാണ്. രജിസ്ട്രേഷന്‍ എളുപ്പമായത് അരവിന്ദന്‍ ഉണ്ടായതുകൊണ്ടാണ്.
ഞാന്‍ പറഞ്ഞല്ലോ. ചിലപ്പോഴൊക്കെ ഒരു കൈ നീണ്ടുവരുമെന്ന്. അങ്ങനെ ഒരു കൈ ആയിരുന്നു അരവിന്ദന്‍. അതുവരേയ്ക്കും അറിയാത്തൊരാള്‍. അന്നുമാത്രം പരിചിതമായ മുഖം. അരവിന്ദന്‍ സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്തുതന്നു.

ചിലപ്പോഴൊക്കെ അദ്ഭുതം തന്നെ. കേരളത്തിന്റെ ഇങ്ങേ മൂലയ്ക്ക് നിന്നും ഞാനും ഏട്ടനും അങ്ങേ മൂലയ്ക്ക് എത്തിയപ്പോള്‍ എത്ര പേരായിരുന്നു സ്‌നേഹമായും സഹായമായും കൂടെ വന്നത്. തീര്‍ച്ചയായും നമ്മള്‍ കൊടുക്കുന്നതൊക്കെ നമ്മിലേക്ക് മടങ്ങിവരിക തന്നെ ചെയ്യും. പ്രതീക്ഷിച്ച ഇടങ്ങളില്‍ നിന്നാവണമെന്നില്ല... അത്രേയുള്ളൂ..!
RCC-യുടെ പ്രധാന വാതില്‍ കടന്ന്, വലിയ ഹാളില്‍, ഒരു മൂലയ്ക്കായിരുന്നു അന്ന് രജിസ്ട്രേഷന്‍ മുറി.
''കല്യാണം കഴിഞ്ഞോ? മക്കളുണ്ടോ? എത്ര വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട്?''
മൂന്നു ചോദ്യങ്ങള്‍.
വിവാഹിതയാണെന്നും മക്കളില്ലെന്നും പറഞ്ഞു. ''കല്യാണം കഴിഞ്ഞിട്ട് 25 ദിവസം'' എന്നു പറഞ്ഞപ്പോള്‍ മാത്രം ശബ്ദം ഒന്നിടറി. എനിക്ക് കരയണമെന്നു തോന്നി. ഇരമ്പി വന്ന ഒരു മഴയെ ഞാന്‍ കടിച്ചിറക്കി.
ആ വാക്കുകള്‍ സാധാരണ വാക്കുകളാണ്. ശരി തന്നെ. പക്ഷേ, അത് എന്റെ തൊണ്ടയില്‍നിന്നു പുറത്തേയ്ക്ക് വന്നതേയില്ല.
ചെറിയൊരു നിശ്ശബ്ദതയ്ക്കു ശേഷം അദ്ദേഹം 'married just before 25 days' എന്നു പ്രത്യേകം അടയാളപ്പെടുത്തി എന്നെ RCC-യില്‍ ചേര്‍ത്തു.
അതായിരുന്നു, എന്റെ ദുരന്തം.
ആശിച്ചു, മോഹിച്ച്, നീണ്ടകാലത്തെ പ്രണയത്തിനും സമരങ്ങള്‍ക്കും ശേഷം ഏട്ടന്‍ എന്റെ കൈ പിടിച്ചിട്ട് ഒരു മാസംപോലും തികഞ്ഞിരുന്നില്ല. മധുവിധുവിന്റെ മണമോ നിറമോ മാഞ്ഞിട്ടുണ്ടായിരുന്നില്ല. പ്രണയത്തിന്റെ തിരതള്ളലോ മോഹങ്ങളോ അടങ്ങിയിട്ടുണ്ടായിരുന്നില്ല. പരസ്പരം കൊതി തീര്‍ന്നിട്ടുണ്ടായിരുന്നില്ല. സ്വന്തമാക്കിയതിന്റേയും സ്വന്തമാക്കപ്പെട്ടതിന്റേയും ആവേശം കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല.
രാത്രികളില്‍ ഞാന്‍ നിലയ്ക്കാതെ കരഞ്ഞിട്ടുണ്ട്.
ചില്ലു ജനാലയ്ക്കപ്പുറമുള്ള വിളറിയ വെളിച്ചത്തില്‍ കണ്ണു നട്ട് ഉറങ്ങാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്.
മാറിടം ശൂന്യമായിപ്പോകുമോ എന്ന പേടിയില്‍ ഉരുകിയിട്ടുണ്ട്.
ശൂന്യമായിപ്പോയാല്‍ എങ്ങനെയാവും ഞാനെന്ന് ഓര്‍ത്ത് പിടച്ചിട്ടുണ്ട്.
എങ്ങനെയാണ് ശരീരങ്ങള്‍ തമ്മില്‍ പ്രണയിക്കുക എന്നോര്‍ത്ത് അലറിക്കരഞ്ഞിട്ടുണ്ട്.
''ചിലപ്പോള്‍ മുറിച്ചുമാറ്റിയേക്കാം ഏട്ടാ'' എന്നു പറഞ്ഞപ്പോള്‍ ''അതൊന്നും സാരമില്ലെന്ന്'' ഏട്ടനെന്നെ എന്നും അടക്കിപ്പിടിച്ചു.
ഏട്ടാ,


നിന്റെ ഹൃദയം എനിക്ക് വേണ്ടി കരഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം.
നിന്റെ എല്ലാ പ്രാര്‍ത്ഥനകളിലും ഞാനുണ്ടെന്നും എനിക്കറിയാം.
നീ അടക്കിപ്പിടിച്ചു സ്‌നേഹിച്ചതുപോലെ, സ്‌നേഹിക്കുന്നതുപോലെ മറ്റൊരാളും എന്നെ സ്‌നേഹിക്കുകയില്ലെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഞാന്‍.
നിന്റെ സ്‌നേഹത്തിനു പകരം വയ്ക്കാന്‍ എനിക്ക് ഒന്നുമില്ല. ഒഴിഞ്ഞ കയ്യും നിറഞ്ഞ ഹൃദയവും അല്ലാതെ. നിന്റെ കൈക്കുള്ളില്‍ എത്തിപ്പെട്ടു എന്നതു തന്നെയാണ് എന്റെ പുണ്യം. ഇന്നും നിന്റെ കൈക്കുള്ളില്‍ തന്നെയാണ് ഞാന്‍ എന്നതാണ് എന്റെ സ്വാസ്ഥ്യം.
''ഞാന്‍ ഞാനായും എന്റെ ആത്മാവ്‌കൊണ്ടും ഹൃദയംകൊണ്ടും ശരീരംകൊണ്ടും മനസ്സ്‌കൊണ്ടും എന്നെ ഞാനാക്കുന്ന എല്ലാംകൊണ്ടും നിന്നെ അഗാധമായി പ്രണയിക്കുന്നു.''
പരിശോധനകള്‍...
ഒരു മുറിയില്‍നിന്നു മറ്റൊന്നിലേക്ക്...
ഇടനാഴികളിലേയും കോണിപ്പടികളിലേയും പരസ്പരമുള്ള ആശ്വസിപ്പിക്കലുകള്‍...
വീണ്ടും FNAC.
ബാക്കിയായത് MRI സ്‌കാനിംഗ് ആണ്. അതു പക്ഷേ, ആര്‍ത്തവത്തോട് അടുത്ത ദിവസങ്ങളില്‍ മാത്രമേ ചെയ്യൂ എന്നാണ്. സ്തനാര്‍ബ്ബുദം ആയതുകൊണ്ടാവാം. സര്‍ജറിക്ക് രണ്ടു ദിവസം മുന്‍പ്.
മേയ് ആറാം തീയതിയിലേയ്ക്ക് സര്‍ജറി തീരുമാനിച്ച് ഞാനും ഏട്ടനും നാട്ടിലേക്ക് മടങ്ങി.
നോവിന്റെ രാപ്പകലുകള്‍.
ഹൃദയം പൊട്ടിക്കരഞ്ഞ കറുത്ത യാമങ്ങള്‍.
മൗനമായി അലറിക്കരഞ്ഞ രാവുകള്‍...
ഈ കൊടും വേനലെന്നാണ് തീരുക?
വേനലിലും പക്ഷേ, മഴ പെയ്യുന്നുണ്ടായിരുന്നു. ഏട്ടന്റെ നിലയ്ക്കാത്ത പ്രണയം, അച്ഛന്റേയും അമ്മയുടേയും വാത്സല്യം. അമ്മമ്മയുടെ കരുതല്‍, അനിയന്മാരുടെ സ്‌നേഹം..! വേനലിലാണ് മഴയുടെ സുഖം അറിയുക..! അല്ലെങ്കില്‍ മഴയുടെ സുഖമറിയണമെങ്കില്‍ ഒരു വേനല്‍ കൂടിയേ തീരൂ...!

ശ്രീലതയും ഭര്‍ത്താവ് രാകേഷും
ശ്രീലതയും ഭര്‍ത്താവ് രാകേഷും

മേയ്... ഞാന്‍ കീറിമുറിക്കപ്പെടുകയാണ്
ഏട്ടന്‍ ലീവ് നീട്ടിയെടുത്തു.
വിഷു കഴിഞ്ഞ് കൊല്‍ക്കത്തയ്ക്ക് മടങ്ങാനിരുന്നതാണ് ഏട്ടന്‍. എനിക്കും ആഗ്രഹമുണ്ടായിരുന്നു കൊല്‍ക്കത്ത കാണാന്‍.
രവീന്ദ്രനാഥ ടാഗോറിന്റെ കൊല്‍ക്കത്ത, മാധവിക്കുട്ടി ജീവിച്ച കൊല്‍ക്കത്ത.
(എന്നെങ്കിലും പോവണം എട്ടാ...)
സര്‍ജറിക്ക് രണ്ടു ദിവസം മുന്‍പേ തലസ്ഥാനത്തെത്തി. ചിത്രച്ചേച്ചിയുടെ ഫ്‌ലാറ്റില്‍ ആയിരുന്നു അന്നും. ഞാനും ഏട്ടനും അമ്മയും എത്തിയതിന് അടുത്ത ദിവസം ആയിരുന്നു MRI.
Magnetic Resonance Imaging ഒക്കെ പഠിപ്പിച്ചിട്ടുണ്ട്. പണ്ട് ഇലക്ട്രോണിക്‌സ് ക്ലാസ്സുകളില്‍ എന്നെങ്കിലും അതിലൂടൊക്കെ നമ്മള്‍ നടക്കും എന്നു കരുതിയിരുന്നോ?
സ്‌കാനിംഗിന് തയ്യാറായി. ഹൃദയമിടിപ്പുകള്‍ പുറമേ എണ്ണാന്‍ മാത്രം വ്യക്തമായിരുന്നു. അകത്ത് കയറിയപ്പോള്‍ അവര്‍ ചെറിയൊരു ക്ലാസ്സ് എടുത്തു.
''ശ്രീലത, ഒട്ടും അനങ്ങരുത്. അനങ്ങിയാല്‍ ഇമേജ് നമുക്ക് കൃത്യമായി കിട്ടുകയില്ല. പിന്നെ വീണ്ടും ചെയ്യേണ്ടിവരും. കുറച്ചു കഴിഞ്ഞാല്‍ ഒരു ഇന്‍ജക്ഷന്‍ തരും. കയ്യില്‍ ഉള്ള ട്യൂബ് വഴിയാണ് തരിക. കുറച്ചു വേദനിക്കും. പക്ഷേ, അനങ്ങരുത്. ഇന്‍ജക്ഷന്‍ കരുതുന്നതിനു മുന്‍പ് ഞങ്ങള്‍ പറയും. ശ്രീലതയ്ക്ക് ഹെഡ്ഫോണിലൂടെ പാട്ട് കേള്‍ക്കാം. അതിലൂടെയാണ് ഞങ്ങള്‍ പറയുക. അനങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.''
ഞാന്‍ പേടിച്ചുപോയി എന്നതാണ് സത്യം.
വലിയ യന്ത്രം. ഹെഡ്ഫോണും പാട്ടും തുളച്ചുവരുന്ന അതിന്റെ മുരള്‍ച്ച. എല്ലാത്തിനും മേലെ കുതിരക്കുളമ്പടിപോല്‍ എന്റെ ഹൃദയമിടിപ്പുകള്‍.
ഞാന്‍ തനിച്ചായിരുന്നു. ഏട്ടന്‍ പുറത്ത് കാത്തിരിപ്പുണ്ടായിരുന്നു. കണ്ണാടി ചുമരിനപ്പുറത്ത് ടെക്നീഷ്യന്മാര്‍.


''ഞാനുണ്ട് കൂടെ, നീ തനിച്ചല്ല'' എന്നൊക്കെ നിറയെ വാക്കുകള്‍ നമ്മള്‍ കേട്ടിട്ടുണ്ടാവും, അല്ലേ? നമ്മളും പലപ്പോഴും പലരോടും പറഞ്ഞിട്ടുണ്ടാവും. വെറും വാക്കല്ല, അതൊന്നും. ഹൃദയംകൊണ്ടും ആത്മാവ്‌കൊണ്ടും നമ്മളൊക്കെ പരസ്പരം ചേര്‍ന്നിരിക്കുന്നുണ്ടാവും. പക്ഷേ, അനുഭവങ്ങള്‍.
അതു നമ്മുടെ മാത്രമാണ്. എത്രയധികം ആള്‍ക്കാര്‍ ചുറ്റിനുമുണ്ടെങ്കിലും ഓരോ വേദനയും നമ്മുടേതു മാത്രമാണ്. നമ്മള്‍ തന്നെ അനുഭവിച്ചു തീര്‍ക്കണം. വേദന മാത്രമല്ല. സന്തോഷവും സ്‌നേഹവും ഒക്കെ അങ്ങനെ തന്നെ. 'എനിക്ക് വേദനിക്കുന്നു' എന്നു പറയുമ്പോള്‍ അതിന്റെ ആഴം എത്രയെന്നു കേട്ടിരിക്കുന്ന ആരെങ്കിലും അറിയുമോ? സന്തോഷമാണെന്നു പറയുമ്പോള്‍ അത് എത്രത്തോളം ഹൃദയം നിറയ്ക്കുന്നുണ്ടെന്നു കൂടെ നില്‍ക്കുന്നവര്‍ക്ക് അറിയുമോ? 'സ്‌നേഹം തോന്നുന്നു' എന്നു പറയുമ്പോള്‍ ഓരോ അണുവിലും സ്‌നേഹം പതഞ്ഞൊഴുകുന്നത് നമ്മള്‍ മാത്രമേ അറിയൂ...
അനുഭവങ്ങള്‍ ഓരോരുത്തര്‍ക്കും വേറെ വേറെ ആണ്. ഓരോരുത്തര്‍ക്കും സ്വന്തമാണ്.

ഇത്രയധികം ഭയം ഞാന്‍ അനുഭവിച്ചിട്ടേയില്ലെന്നു തോന്നി.
കാന്‍സര്‍ എന്നാല്‍, പെരുകുന്ന കോശങ്ങള്‍ മാത്രമല്ല. പെരുകുന്ന ഭയം കൂടിയാണെന്ന് എനിക്ക് വെളിപാടുണ്ടായി.
പേടിയെ മറികടക്കാന്‍ ഞാന്‍ അച്ഛന്‍ പറഞ്ഞതുപോലെ 'നമ:ശിവായ' ജപിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഇടയില്‍ ഇന്‍ജക്ഷനു സമയമായെന്ന് അറിയിപ്പ് വന്നു. ഇന്‍ജക്ഷന്‍ എനിക്കെത്ര പേടിയാണെന്ന് ഇവര്‍ക്കാര്‍ക്കെങ്കിലും അറിയുമോ? ഞാന്‍ മാറിടത്തില്‍ ആഴ്ന്ന സൂചിമുനകളെ ഓര്‍ത്തു. ഒരുപക്ഷേ, അത്രയും വേദനിക്കുകയില്ലായിരിക്കും എന്ന് എന്നോടുതന്നെ പറഞ്ഞു.
തെറ്റിപ്പോയി...

തണുത്തുറഞ്ഞ എന്തോ ഒന്ന് എന്റെ കൈ ഞരമ്പിലൂടെ അരിച്ച്, ഇഴഞ്ഞ് കയറിത്തുടങ്ങി. ആ വേദന എനിക്കിപ്പോഴും അറിയാം.
ഹൃദയം അത്യുച്ചത്തില്‍ മിടിച്ചു. വേദനകൊണ്ടും പേടികൊണ്ടും ഞാന്‍ കരഞ്ഞു. മനസ്സില്‍ ഇടറിയ 'നമ:ശിവായകള്‍' എണ്ണമില്ലാത്തത്ര തവണ ജപിച്ചു. ചിലപ്പോഴൊക്കെ അങ്ങനെയാണല്ലോ? ഏറ്റവും നിസ്സഹായമായ അവസ്ഥയില്‍. ദൈവത്തെയല്ലാതെ മറ്റാരെ വിളിക്കും..? ആ പേടിയും വേദനയും മറികടക്കാന്‍ എനിക്ക് മറ്റൊന്നും അറിയില്ലായിരുന്നു.

ഞാന്‍ കറകളഞ്ഞ ദൈവവിശ്വാസിയല്ല. തീര്‍ച്ചയായും എന്നിലൊരു വിശ്വാസമുണ്ട്. പക്ഷേ, നിരന്തരം ചോദ്യങ്ങളും സംശയങ്ങളും തര്‍ക്കങ്ങളും നിറഞ്ഞതാണ് എന്റെ വിശ്വാസമണ്ഡലം. എന്നിട്ടും ആ വലിയ യന്ത്രത്തിനുള്ളില്‍, പേടിപ്പിക്കുന്ന മുരള്‍ച്ചയില്‍, കൈ ഞരമ്പില്‍ക്കൂടി കയറി, ദേഹമാകെ വ്യാപിക്കുന്ന തണുത്ത ഒരു ഭീതിയില്‍, വേദനയില്‍ എനിക്ക് മറ്റൊന്നും അറിയില്ലായിരുന്നു. ഞാന്‍ നിസ്സഹായയായിരുന്നു. കരഞ്ഞിരുന്നു. 'ദൈവമേ' എന്ന് ഉള്ള് നൊന്ത് വിളിച്ചു.
കഠിനമായ വേദനകളിലൊക്കെ മറ്റൊന്നും ഇല്ല. കണ്ണ് നിറഞ്ഞ് 'ദൈവമേ' എന്നു വിളിക്കുകയല്ലാതെ...

ഞാന്‍ കീറിമുറിക്കപ്പെടുകയാണ്... ശരീരവും മനസ്സും...
മെയ് മാസം അഞ്ചായിരുന്നു അന്ന്.
RCC-യിലെ അന്തിയുറക്കത്തിന്റെ ആദ്യത്തെ ദിവസം. ഞാനും അമ്മയും ഏട്ടനും ഉച്ചയ്ക്കുശേഷമാണ് തയ്യാറായത്.

ഏട്ടന്‍ കൂടെയുളളപ്പോള്‍ എന്നും ഏട്ടന്റെ കൈയില്‍ തലവച്ചേ ഞാന്‍ ഉറങ്ങിയിട്ടുള്ളൂ. കട്ടിലിലേയ്ക്ക് ചായുമ്പോഴേക്കും പണ്ടുപണ്ടേയുള്ള ഒരു ശീലം പോലെ ഏട്ടന്റെ കൈ നീണ്ടുവരും. എനിക്ക് അപ്പോള്‍ തോന്നുന്ന സുരക്ഷിതത്വവും പ്രണയവും വാശിയും മറ്റൊരിക്കലും തോന്നാറില്ല. അകന്നുനില്‍ക്കുമ്പോള്‍ ഏട്ടന്റെ ആ കൈ ആണ് എനിക്കേറ്റവും അധികം നഷ്ടമാവുന്നത് എന്നു തോന്നുന്നത്ര ആഴത്തില്‍ അത് എന്നില്‍ പതിഞ്ഞിരിക്കുന്നു.
അഞ്ചാമത്തെയോ ആറാമത്തെയോ നിലയിലായിരുന്നു, അത്.
സന്ധ്യയായി തുടങ്ങിയിരുന്നു.
വിയര്‍പ്പണിഞ്ഞു. പടികള്‍ ഓടിക്കയറി, എനിക്കുവേണ്ടി വേണ്ടതെല്ലാം വാങ്ങിവന്ന ഏട്ടന്‍... എന്റെ ഹൃദയം ആരോ ചവിട്ടിമെതിക്കുന്നതുപോലെ എനിക്ക് ശ്വാസം മുട്ടി.
ഏട്ടന്‍ കരഞ്ഞില്ല, വേദന ഉണ്ടെന്നുപോലും ഭാവിച്ചില്ല. ഏതൊരു സാധാരണ ദിവസവും പോലെ എന്റെ കൂടെ നിന്നു. ഏട്ടനെ നോക്കിയപ്പോഴൊക്കെ എന്റെ ഹൃദയം ആര്‍ത്തു കരഞ്ഞു.
കണ്ണീരിനെ ഞാന്‍ പുറത്തേയ്ക്ക് ഒഴുക്കിയതേയില്ല. ഞാന്‍ ഒന്നു കരഞ്ഞുപോയാല്‍ തകരാന്‍ നില്‍ക്കുന്ന അണക്കെട്ടുകളാണ് അമ്മയും ഏട്ടനും എന്നു തോന്നിയിരുന്നു.
കുളിമുറിയില്‍ പക്ഷേ, ആശുപത്രി മണക്കുന്ന നീലക്കുപ്പായവും കയ്യില്‍ പിടിച്ചു ഞാന്‍ പൊട്ടിക്കരഞ്ഞു.
ഹൃദയംപൊട്ടി കരഞ്ഞു. പൊട്ടിക്കരഞ്ഞെന്നു പറഞ്ഞാല്‍ ആര്‍ക്കെങ്കിലും ഊഹിക്കാന്‍ കഴിയുന്നതിനെക്കാളധികം ഭ്രാന്തമായി കരഞ്ഞു.
അവിടെയെവിടെയെങ്കിലും തലയിടിച്ചു മരിച്ചാലെന്താണ് എന്നു തോന്നി.
പക്ഷേ, പതഞ്ഞൊഴുകിയ പ്രണയമുണ്ടല്ലോ, നീറിപ്പിടിക്കുന്ന ചില ഓര്‍മ്മകളുണ്ടല്ലോ, സ്‌നേഹത്തിന്റേയും വാത്സല്യത്തിന്റേയും ചില നിമിഷങ്ങളുണ്ടല്ലോ, ചില മുഖങ്ങളുണ്ടല്ലോ... അതാണ് ചില നേരങ്ങളില്‍ നമ്മളെ ബലഹീനരാക്കുന്നതും ചില നേരങ്ങളില്‍ കല്ല് പോലെ ഉറപ്പുള്ളതാക്കുന്നതും, അങ്ങനെ... എന്തൊക്കെയോ ആണ്.
എനിക്ക് കണ്ണീരിനെ ഒളിപ്പിക്കണമായിരുന്നു. ഞാന്‍ മുഖം കഴുകി, അമര്‍ത്തിത്തുടച്ച്, കണ്ണീരിന്റെ ഒരു പാടുപോലും ഇല്ലാതെ വസ്ത്രം മാറി പുറത്തുവന്നു.

എന്നെ അടക്കുന്നതില്‍ ഞാന്‍ വിജയിച്ച ദിവസം ആയിരുന്നു, അത്. മുന്‍പും ഞാന്‍ എന്നെ അടക്കിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അത്രയധികം തകര്‍ന്നടിഞ്ഞിട്ടും ഞാന്‍ ഉറച്ച കാലടികളോടെ നടന്ന മറ്റൊരു ദിവസമില്ല. നിറഞ്ഞ കണ്ണുകളുമായി ഞാന്‍ അമ്മയേയും ഏട്ടനേയും തിരിച്ചയക്കില്ല എന്ന് ഉറപ്പിച്ചിരുന്നു. എനിക്ക് കരയാന്‍ ഒരു രാത്രി മുഴുവന്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നുണ്ടല്ലോ...!
കണ്ണീരിനെ നിങ്ങള്‍ക്ക് മറ്റൊരാള്‍ കാണാതെ ഒളിപ്പിക്കാന്‍ പറ്റുന്നുവെങ്കില്‍ നിങ്ങള്‍ മുതിര്‍ന്നിരിക്കുന്നു. കണ്ണ് നിറയുമ്പോഴും ചിരിക്കാന്‍ കഴിയുന്നുവെങ്കില്‍ നിങ്ങള്‍ പക്വത ആര്‍ജ്ജിച്ചിരിക്കുന്നു. ഉള്ളില്‍ ഒരു കടല്‍ ഇരമ്പുമ്പോഴും അതിനെ അങ്ങനെ തന്നെ അടക്കാന്‍ കഴിയുന്നുവെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ വിജയിച്ചിരിക്കുന്നു.
MRI റിസള്‍ട്ടുമായി ഡോക്ടര്‍ വന്നു. സര്‍ജറിയെക്കുറിച്ചും അനന്തരഫലങ്ങളെക്കുറിച്ചും ഇംഗ്ലീഷിലും ഹിന്ദിയിലും ക്ലാസ്സ് എടുത്തു.
'' MRI-യില്‍ വളരെ ചെറിയ ഒരു മുഴ മാത്രമേ കാണുന്നുള്ളൂ ശ്രീലത. പക്ഷേ, അറിയില്ല. ഇപ്പോള്‍ നമ്മള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് ഒരു നല്ല 'breast preservation surgery' ആണ്. മുഴ മാത്രം നീക്കം ചെയ്യുക. പക്ഷേ, ആ സമയത്ത് കാന്‍സര്‍ അകത്തേയ്ക്ക് ബാധിച്ചിട്ടുണ്ടെന്നു കണ്ടാല്‍ സ്തനം മുഴുവനായും നീക്കം ചെയ്യുന്നതായിരിക്കും.'' എന്റെ ഹൃദയത്തെപ്പറ്റി ഞാനെന്താണ് ഇനി പറയേണ്ടത്..?

സുഹൃത്തുക്കള്‍ക്കൊപ്പം
സുഹൃത്തുക്കള്‍ക്കൊപ്പം

തകര്‍ന്നടിഞ്ഞു പൊടിപാറി കിടക്കുന്ന ഒന്നുമാത്രമാണെന്റെ ഹൃദയം.
അല്ലെങ്കില്‍ വാരിയെല്ലുകള്‍ക്ക് നടുവില്‍ എനിക്ക് ഹൃദയം എന്നൊരു അവയവമേ ഇല്ല. വേദനയോടെ മിടിക്കുന്ന, ചോര പുരണ്ട ഒരു മാംസക്കഷണം മാത്രമായിരുന്നു അത്. ഓരോ മിടിപ്പിലും വേദനയാണ് പുറത്തേക്ക് പരക്കുന്നത്. ഓരോ മിടിപ്പിലും ചോരയാണ് വാര്‍ന്നുപോകുന്നത്.
പക്ഷേ, വേദനിച്ചുകൊണ്ടാണെങ്കിലും ഹൃദയം മിടിച്ചുകൊണ്ടിരിക്കുക എന്നത് ഒരു അനുഗ്രഹമാണ്. നമുക്കുവേണ്ടി അല്ലെങ്കിലും ചുറ്റുമുള്ളവര്‍ക്കുവേണ്ടി അതിന് അങ്ങനെ ശ്വാസം എടുത്തേ മതിയാവൂ. ഈ വേദനയെല്ലാം തീര്‍ച്ചയായും മാഞ്ഞുപോവുകതന്നെ ചെയ്യും...
ഞാന്‍ പുഞ്ചിരിച്ചു തലയാട്ടി.
''ശ്രീലത, നിങ്ങള്‍ക്ക് ധൈര്യമുണ്ട്. ഞാന്‍ നിങ്ങളെപ്പോലൊരു പെണ്ണിനെ ആദ്യമായാണ് കാണുന്നത്'' എന്ന് ആ യുവഡോക്ടര്‍ പറഞ്ഞപ്പോള്‍ എനിക്കപ്പോഴും അഭിമാനം തോന്നി. അതെന്റെ ലക്ഷ്യമായിരുന്നു. ആഗ്രഹവും സ്വപ്നവും ആയിരുന്നു.
ബലഹീനതയുടെ പേരിലാവരുത്. ധീരതയുടെ പേരിലാവണം എന്നെ അടയാളപ്പെടുത്തേണ്ടത്.
ചിലപ്പോള്‍ എന്റെ ഇടതു മാറിടം മുറിച്ചുമാറ്റിയേക്കാം.
മറ്റേതൊരു അവയവവും പോലെ ശാരീരികമായി എന്നെ പൂര്‍ണ്ണയാക്കുന്നത് മാറിടങ്ങള്‍ കൂടിയാണ്.
25-ാമത്തെ വയസ്സില്‍, എന്നെന്നേയ്ക്കുമായുള്ള ഒരു ശൂന്യത എന്നിലാരംഭിക്കുമോ എന്നെനിക്കറിയില്ല.
എന്തായാലും ഞാനത് സ്വീകരിച്ചേ മതിയാവൂ.
ജീവനാണ്പ്രധാനം..! ജീവിക്കുക എന്നതാണ് പ്രധാനം...
എന്തെല്ലാം നഷ്ടപ്പെട്ടാലും ജീവിക്കുകതന്നെ വേണം...!
എന്തൊക്കെ സംഭവിച്ചാലും ജീവിതം മുന്‍പോട്ട് പോയേ മതിയാവൂ..!
അമ്മയും ഏട്ടനും തിരിച്ചുപോയി.
നെഞ്ച് നീറിയിട്ടുണ്ടാവണം. കരഞ്ഞിട്ടുണ്ടാവണം...!
പാട്ടു കേള്‍ക്കാന്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു.
തനിച്ചായ രാത്രി...
ഹൃദയം പക്ഷേ, പാട്ടിലായിരുന്നില്ല. നെഞ്ചിന്‍കൂടിനുള്ളില്‍ ഊക്കോടെ മിടിക്കുകയായിരുന്നു.
കണ്ണീരിനെ ഞാന്‍ പലപ്പോഴും ദീര്‍ഘനിശ്വാസങ്ങള്‍കൊണ്ട് തടഞ്ഞു.
ഒരായിരം വിലാപങ്ങള്‍ മൗനമായി അലഞ്ഞു.
തലയിണയില്‍ മുഖമമര്‍ത്തി, നനഞ്ഞ കണ്ണുകളുമായി ഞാന്‍ തളര്‍ന്നുറങ്ങി. ഉറങ്ങിയെന്നു പറയാമോ?
പാതി ശൂന്യമായിപ്പോയ മാറിടം ഓര്‍മ്മയില്‍ ഉണ്ടായിരുന്നു.
ഇങ്ങനെ, ഇതെന്റെ അവസാന രാത്രിയായിരിക്കുമോ?
ഇനി എങ്ങനെയാണ് ഞാനും ഏട്ടനും ഒന്നിച്ചുറങ്ങുക?
സാരമില്ലെന്നു പറയുമെങ്കിലും എങ്ങനെയാണ് ഏട്ടനിനി എന്നെ കാണുക? പൂര്‍ണ്ണമല്ലാത്തൊരു ശരീരം ഏട്ടന് സന്തോഷത്തോടെ തൊടാന്‍ പറ്റുമോ?
സ്‌നേഹത്തോടെ ആലിംഗനം ചെയ്യുമ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന ഇടം ഏട്ടനെങ്ങനെ സ്വീകരിക്കും?
ഞാന്‍ പറഞ്ഞില്ലേ, ഞങ്ങളുടെ മധുവിധു രാവുകള്‍ അവസാനിച്ചിട്ടുണ്ടായിരുന്നില്ല...
പേടിയും വേദനയും എന്നെക്കുറിച്ചായിരുന്നില്ല... ഏട്ടാ, വേദനിച്ചതും കരഞ്ഞതും പ്രാര്‍ത്ഥിച്ചതും നിനക്ക്വേണ്ടിയായിരുന്നു. മധുവിധു തീരും മുന്‍പേ നിനക്കീ വിധി എന്തുകൊണ്ടാണെന്ന് ഓര്‍ത്തിട്ടാണ്... ഞാന്‍ വേദനിക്കാം.
ഇനിയുമിനിയും പേമാരികള്‍ പെയ്യട്ടെ. ഞാന്‍ നനയാം.
പക്ഷേ, നീ...?
എന്തിനാണ് നീ...?
എന്തുകൊണ്ടാണ് നീ...?
ഒരുപക്ഷേ, പെയ്യുന്ന പേമാരികളിലൊക്കെ എനിക്ക് തുണയായി. കുട പിടിക്കാന്‍ അയച്ചതാവും നിന്നെ.
എന്നെ അടക്കിപ്പിടിച്ച് സ്‌നേഹിക്കാന്‍...
തകര്‍ന്നടിഞ്ഞു പോകുമ്പോഴും നിനക്ക്വേണ്ടി തിരിച്ചുവരാന്‍...
എനിക്കറിയാം, വാശിപിടിച്ചു സ്വന്തമാക്കിയതാണ് ഞാന്‍ നിന്നെ. വിട്ടുകൊടുക്കാന്‍ മനസ്സില്ലാതെ സ്‌നേഹിച്ചു സ്വന്തമാക്കിയതാണ് ഞാന്‍.
അത് ഇതിനുവേണ്ടി ആയിരുന്നു. നിന്റെ കയ്യില്‍ നീ എന്നെ സൂക്ഷിക്കുന്നതുപോലെ മറ്റൊരാളും ഒരുപക്ഷേ, എന്നെ സൂക്ഷിക്കുകയില്ല. ഏട്ടാ, നീ കൂടെയുണ്ടെന്നത്, നിന്റെ പ്രണയവും വാത്സല്യവും കരുതലും കൂടെയുണ്ടെന്നത് എനിക്ക് തരുന്ന ആത്മവിശ്വാസം എത്രയെന്നു നിനക്ക് അറിയാന്‍ പറ്റുകയില്ല.
എങ്കിലും...
എന്തുകൊണ്ടാണ് നീ...?

മേയ് ആറ് 
ഞാന്‍ ഉണര്‍ന്നു. ഏട്ടരയാകുമ്പോഴേക്കും തയ്യാര്‍ ആവണമായിരുന്നു. ഉടുപ്പ് മാറ്റി ധരിച്ചു. ഞാനപ്പോഴും എന്റെ ആര്‍ത്തവദിനങ്ങളിലായിരുന്നു. ഏട്ടനും അമ്മയും വന്നു.
സ്ട്രച്ചര്‍ ഉരുണ്ടത് അനിശ്ചിതത്വത്തിലേക്കാണെന്നു തോന്നി.
ഓപ്പറേഷന്‍ തീയേറ്ററിനു മുന്‍പില്‍, കൈക്കുള്ളില്‍നിന്നു ഏട്ടന്റെ കൈ ഊര്‍ന്നു പോയി. എന്റെ ഉള്ളില്‍നിന്നു വേറെ ഒരു ഞാന്‍ ചാടിയിറങ്ങി. ഏട്ടന്റെ നെഞ്ചിനോട് ചേര്‍ന്നിരിക്കാന്‍ വെമ്പി. എനിക്ക് ആ നെഞ്ചില്‍നിന്നു മാറിനില്‍ക്കുകയേ വേണ്ട.
ഭയത്തിന്റെ ഒരു കൂടാണ് സ്ട്രച്ചറിന്മേല്‍ കിടക്കുന്നതെന്ന് ഏട്ടന്‍ അറിഞ്ഞിട്ടുണ്ടാവുമോ?
എനിക്ക് ആര്‍ത്തലച്ച് ഒന്ന് പെയ്യണമായിരുന്നു...
മയങ്ങാനുള്ള ഇന്‍ജക്ഷന്‍ എടുത്തു.
ഞാന്‍ ആനയിക്കപ്പെട്ടു.
അബോധത്തിന്റെ പടിവാതിലില്‍നിന്ന് അര്‍ദ്ധനഗ്‌നയാവുന്നതറിഞ്ഞു.
മങ്ങിയ കണ്ണിനു മുന്‍പില്‍ ഡോക്ടറുടെ സൗമ്യമായ മുഖം കണ്ടു. കയ്യില്‍ കത്തിയാണെന്നു തോന്നി. എന്റെ കണ്ണിലെ ഭയവിഹ്വലതകള്‍ ഞാന്‍ തന്നെ അറിഞ്ഞു. ഞാന്‍ ദയനീയമായി കണ്ണുകള്‍ മേല്‍പ്പോട്ടുയര്‍ത്തി.
''പേടിക്കണ്ട, ശ്രീലത. ഞാന്‍ മാര്‍ക്ക് ചെയ്യാന്‍ വന്നതാണ്.''
ഡോക്ടര്‍ അദ്ദേഹത്തിന്റെ ഏറ്റവും സൗമ്യമായ ശബ്ദത്തില്‍ എന്നോടു പറഞ്ഞു. സത്യമായും അതൊരു ദൈവത്തിന്റെ ശബ്ദമായാണ് എനിക്ക് തോന്നിയത്. ആ കരുണ നിറഞ്ഞ ശബ്ദത്തോട് ആ നിമിഷത്തിന്റെ പേരില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞാന്‍ ഉറങ്ങിപ്പോയി...!
''ശ്രീലത, കണ്ണ് തുറക്ക്...'' എന്നു നീലക്കുപ്പായം തട്ടി വിളിച്ചപ്പോഴാണ് ഞാന്‍ ബോധത്തിലേക്കെത്തിയത്.
ദേഹമാകെ ഒരു തരിപ്പ് തോന്നി...
ഒരു കനം..!
ബുദ്ധിയിലേയ്ക്ക് ചാട്ടുളിപോലെ പാഞ്ഞുകയറിയത് ''ദൈവമേ, മുറിച്ചു മാറ്റിയിരിക്കുമോ?'' എന്ന ചോദ്യമാണ്.
കയ്യുയര്‍ത്തി പരതി നോക്കണം എന്നു മനസ്സില്‍ തോന്നി.
ഇടംകൈ അനക്കാന്‍ തോന്നിയില്ല, നൊന്താലോ?
വലംകൈയാണെങ്കില്‍ ഉയര്‍ത്താനാവത്തത്ര കനത്തോടെ അസ്തിത്വബോധമുണര്‍ത്താതെ തളര്‍ന്നുകിടന്നു.
എനിക്ക് ഇനിയും അനിശ്ചിതത്വത്തെ പേറാന്‍ വയ്യായിരുന്നു.
ആ ചോദ്യത്തിന് ആ നിമിഷത്തില്‍ ഉത്തരം വേണമായിരുന്നു.
തളര്‍ന്ന കണ്ണും തളര്‍ന്ന നാക്കും ഉയര്‍ത്തി ഞാന്‍ നീലമാലാഖയോട് ചോദിച്ചു:
''സിസ്റ്ററേ, എങ്ങനെയാ ഓപ്പറേഷന്‍ ചെയ്തത്?''
''പേടിക്കേണ്ട, ശ്രീലത. മുഴ മാത്രമേ എടുത്തുകളഞ്ഞുള്ളൂ, ബ്രസ്റ്റ് നീക്കിയിട്ടില്ല.''
തിരുവനന്തപുരം മലയാളത്തിന് ഇത്ര ഭംഗിയുണ്ടോ?
എനിക്ക് തോന്നിയ ഒരു ആശ്വാസം.
എത്രയോ ഉറക്കമില്ലാത്ത രാത്രികള്‍ക്കും നീറുന്ന പകലുകള്‍ക്കുമാണ് ഉത്തരം കിട്ടിയത്.
ഞാനൊരു ദീര്‍ഘനിശ്വാസത്തോടെ തളര്‍ന്നുകിടന്നു. കണ്ണിന്റെ കോണില്‍ നീര്‍ത്തുള്ളിയൊരെണ്ണം ആശ്വാസനിശ്വാസത്തോടെ പതിയെ ഒഴുകി എന്നു തോന്നുന്നു.
ഞാന്‍ വീണ്ടും മയങ്ങി.
പിന്നെ കേട്ടത് ''ശ്രീ'' എന്ന ഏട്ടന്റെ ശബ്ദമാണ്.
എന്നെ അങ്ങനെ ''ശ്രീ'' എന്നു വിളിക്കാറില്ലല്ലോ ഏട്ടന്‍.
ഞാന്‍ പതിയെ കണ്ണ് തുറന്നു.
ഒരു നിഴല്‍പോലെ ഏട്ടനെ കണ്ടു.
ആ നേരം എനിക്ക് സത്യമായും ഏറ്റവും പ്രണയത്തോടെ ഏട്ടനെ ഉമ്മവയ്ക്കാന്‍ തോന്നി.
ഞാന്‍ പിന്നെയും മയങ്ങി.
ബോധാബോധത്തിന്റെ നൂല്‍പ്പാലത്തിലൂടെ ഒരു യാത്ര.
നിറയെ കട്ടിലുകള്‍ കിടക്കുന്ന ഒരു മുറി. നീലയായിരുന്നു നിറം എന്നു തോന്നുന്നു. സ്ട്രച്ചറില്‍നിന്നു കട്ടിലിലേക്കുള്ള മാറ്റം. ഒക്കെയും അവ്യക്തങ്ങളായിരുന്നു.
ഉണര്‍ന്നും ഉറങ്ങിയും സമയത്തെപ്പറ്റി ബോധമില്ലാതെയും കിടന്നു. ഏട്ടന്‍ വന്നു പോയെന്നു തോന്നുന്നു. അമ്മയും ഉണ്ടായിരുന്നു. അല്ലേ?
ശരിയായ ബോധത്തിലേക്കുണര്‍ന്നത് രാത്രിയിലാണ്. പാതിരാത്രി ആയിട്ടുണ്ടാവും. എനിക്ക് മൂത്രമൊഴിക്കണമെന്നു തോന്നി.
പക്ഷേ, അപ്പോഴാണ് ഞാന്‍ എന്നെക്കുറിച്ച് ഓര്‍ത്തത്. ഞാന്‍ എന്റെ ആര്‍ത്തവചക്രത്തിന്റെ അവസാന ദിവസങ്ങളിലായിരുന്നു.
എങ്കിലും എത്ര നേരം അങ്ങനെ പ്രകൃതിയുടെ വിളി കേട്ടില്ലെന്നു വയ്ക്കും?
ഗതികെട്ട് ഞാനാ നീലക്കുപ്പായത്തെ വിളിച്ചു.
മങ്ങിയ വെളിച്ചത്തില്‍ അവരെന്റെ അടുത്തു വന്നു.
'നിസ്സഹായത' എന്ന വാക്കിന്റെ ഏറ്റവും ആഴത്തില്‍നിന്നു ഞാന്‍ എന്റെ ആവശ്യം പറഞ്ഞു. ഭാവഭേദം ഒന്നുമില്ലാതെ അവര്‍ പോയി പാത്രം എടുത്തുകൊണ്ടു വന്നു.
അറച്ചറച്ച് ഞാന്‍ എന്റെ അവസ്ഥ പറഞ്ഞു.
എന്നിട്ടും അവരുടെ മുഖം മാറിയില്ല.
എന്റെ കാലുകള്‍ അകത്തി, ഓപ്പറേഷനു മുന്‍പ് രാവിലെ വച്ച തുണി, ആര്‍ത്തവരക്തം പുരണ്ട തുണി അവര്‍ എടുത്തുകൊണ്ട്‌പോയി കളഞ്ഞിട്ടു വന്നു.
കാല്‍ മടക്കിവയ്ക്കാന്‍ പറഞ്ഞു.
എന്നെ മൂത്രമൊഴിക്കാന്‍ അനുവദിച്ചു. ശേഷം എന്നെയും പാത്രത്തേയും വൃത്തിയാക്കി മടങ്ങിവന്നു ഫയലില്‍ അതൊക്കെ കുറിച്ചുവച്ചിട്ട് നടന്നുപോയി.
എനിക്കറിയില്ല അവരുടെ പേരും മുഖവും. തീര്‍ച്ചയായും അവരെന്നെയും ഓര്‍ക്കുന്നുണ്ടാവില്ല.
പക്ഷേ, ഞാനൊരായിരം തവണ മനസ്സ്‌കൊണ്ട് നമിച്ചിട്ടുണ്ട് അവരെ...!
ശരിയാണ്...
തീര്‍ച്ചയായും അതവരുടെ ജോലി തന്നെ.
തുടക്കത്തില്‍ ചിലപ്പോള്‍ അറപ്പും വെറുപ്പും തോന്നിയിട്ടുണ്ടായിരിക്കണം
പ്രവൃത്തിപരിചയവും ജീവിതസാഹചര്യങ്ങളും ഒക്കെക്കൂടി മനസ്സിനെ ഒരുക്കിയിട്ടുണ്ടാവാം...
എങ്കിലും...
മനസ്സ് വേണമല്ലോ...
ആത്മാര്‍ത്ഥത വേണമല്ലോ...
തലകുനിക്കയല്ലാതെ മറ്റെന്തു ചെയ്യാനാണ് ഞാന്‍...?
അവരെ ഓര്‍ക്കുമ്പോഴൊക്കെ എന്റെ ഹൃദയം ഇന്നും നനയും.
ചാറ്റല്‍ മഴയത്ത് നില്‍ക്കുകയാണെന്നു തോന്നും.
ഒരു പുതിയ ദിവസം കൂടി.
ഞാന്‍ എന്നെ കണ്ടത് അന്നാണ്.
ഇടത് കയ്യുടെ അടിയില്‍നിന്നു മാറിടത്തിലേക്ക് ഒരു നീണ്ട കീറല്‍. കക്ഷത്തില്‍നിന്നു നീണ്ട ഒരു ട്യൂബും അതിന്റെ അറ്റത്ത് ചെറിയ ഒരു കണ്ടയ്നറും.


മാറിടവും ഇടതു കൈയും മരവിച്ചിരുന്നു.
ഏട്ടനും അമ്മയും വൈശാഖും വന്നു.
പുതിയ വസ്ത്രങ്ങള്‍ വന്നു.
ഡിസ്ചാര്‍ജ് ആവുകയാണ്.
മുറിവുണങ്ങുന്നതുവരെ പുറത്തെവിടെയെങ്കിലും താമസിക്കണം.
ലിംഫോ എഡിമ ക്ലിനിക്കിലെ സിസ്റ്റര്‍ വന്നു. ലിംഫോ എഡിമയെപ്പറ്റി പറയട്ടെ. ഇതെന്റെ പരിമിതമായ അറിവാണ്.
ലിംഫോ എഡിമ
സ്തനാര്‍ബുദം ബാധിച്ചവരില്‍നിന്നു കക്ഷത്തിലെ കഴലയുടെ ചെറിയൊരു ഭാഗം കൂടി മുറിച്ചുമാറ്റുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ക്യാന്‍സറിന് എതിരെയുള്ള ഒരു മുന്‍കരുതല്‍. അതങ്ങനെ മുറിച്ചുമാറ്റി കഴിയുമ്പോള്‍ സ്വാഭാവിമായും 'ലിംഫ്' ഒഴുകുന്നതില്‍ ഒരു തടസ്സം നേരിടുമല്ലോ? അപ്പോള്‍ 'ലിംഫ്' കയ്യില്‍ കെട്ടിക്കിടക്കാനുള്ള സാധ്യത ഉണ്ട്. അത് 'മന്തുരോഗ'ത്തിന് സമാനമായ രീതിയില്‍ കയ്യില്‍ നീര് വയ്ക്കാന്‍ ഇടവരുത്തും. അതിനെ ലിംഫോ എഡിമ എന്നു പറയും.
അതിനു പ്രതിവിധിയായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് കുറച്ചു വ്യായാമമുറകളാണ്. അതു പരിശീലിപ്പിക്കാനും കയ്യുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് രേഖപ്പെടുത്തി വയ്ക്കാനും ലിംഫോ എഡിമ ക്ലിനിക്കിലെ നഴ്സുമാര്‍ ചുമതലപ്പെട്ടിരിക്കുന്നു. ഇടയ്ക്കിടെയുള്ള ആര്‍.സി.സി സന്ദര്‍ശനത്തില്‍ ക്ലിനിക്കില്‍ പോവുകയും കയ്യില്‍ നീര് വരുന്നില്ല എന്നു പരിശോധിക്കുകയും കയ്യുടെ അളവുകള്‍ രേഖപ്പെടുത്തുകയും വേണം.
കയ്യുടെ ബലഹീനതകള്‍ ആണ് ആദ്യത്തെ പാഠം.
ഭാരം എടുക്കരുതെന്നും തുടര്‍ച്ചയായി ഒരു പണിതന്നെ എടുത്തുകൊണ്ടിരിക്കരുതെന്നും കുട്ടികളെ എടുത്തുയര്‍ത്തരുതെന്നും വെള്ളം കോരരുതെന്നും കൈ ഹൃദയത്തോട് ചേര്‍ത്ത് മടക്കിവയ്ക്കണമെന്നും ഇറുകിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കരുതെന്നും ഒക്കെയുള്ള നിര്‍ദ്ദേശങ്ങള്‍.
കാന്‍സര്‍ ഒരു ചെറിയ കാലയളവിലേയ്ക്കുള്ള രോഗങ്ങളാണ്. ശരി തന്നെ. പക്ഷേ, ഒന്നു പറയട്ടെ, അതിന്റെ അടയാളങ്ങള്‍ നമ്മുടെ ശരീരത്തിലും മനസ്സിലും ഹൃദയത്തിലും ചിലപ്പോള്‍ ആത്മാവിലും ദീര്‍ഘകാലത്തേയ്ക്ക് അവശേഷിക്കും. അതു നമ്മളെ ശാരീരികമായും മാനസികമായും വൈകാരികവുമായി തളര്‍ത്തും.
അതും മാഞ്ഞുപോകും. ഓരോ തളര്‍ച്ചയുമാണ് നമ്മളെത്ര ധീരരാണെന്നു നമ്മളെ പഠിപ്പിക്കുന്നത്. നമുക്ക് നമ്മളെത്തന്നെ വേറൊരു കണ്ണിലൂടെ കാണാന്‍ പറ്റും. നമ്മള്‍ക്ക് എന്തൊക്കെ കഴിയും എന്ന്, എത്രയധികം കഴിവുണ്ടെന്നു തളര്‍ച്ചകള്‍ നമ്മളെ കാണിച്ചു തരും.
ജീവിതം ഒരു കൈകൊണ്ട് അടിക്കുമ്പോഴൊക്കെ മറ്റൊരു കൈകൊണ്ട് തലോടും. തീര്‍ച്ചയായും നമ്മുടെ ചുമലിന് ചുമക്കാനുള്ള ഭാരമേ നമ്മുടെ ചുമലില്‍ വന്നു വീഴുകയുള്ളൂ. ഭാരം ചുമക്കാന്‍ നമ്മള്‍ പ്രാപ്തരാകുമ്പോള്‍ മാത്രമേ അതു വരുകയുള്ളൂ. ജീവിതം എന്നെ പഠിപ്പിച്ചതാണത്.
തളര്‍ന്നേക്കാം, തകര്‍ന്നേക്കാം...
പക്ഷേ, വീണ്ടും എഴുന്നേല്‍ക്കുകയും ഇഴഞ്ഞാണെങ്കിലും വീണ്ടും മുന്‍പോട്ട് പോവുകയും ചെയ്യുന്നു എന്നതിലാണ് ജീവിതം ജീവിതമാകുന്നത്.
സര്‍ജറിക്കുശേഷം ചെയ്യാന്‍ കഴിയുന്ന കുറച്ച് വ്യായാമങ്ങള്‍ പഠിച്ച്, തളര്‍ന്ന ചുവടുകളുമായി ഞാന്‍ ആര്‍.സി.സി വിട്ടു.
പിന്നീടുള്ള 11 ദിവസങ്ങള്‍.
മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍നിന്നു കുറച്ച് മാറി താഴേക്കിറങ്ങി പോവുന്ന ഒരു റോഡ് ഉണ്ട്.
ആ താഴ്ചയുടെ അവസാനത്തിലാണ് ഞങ്ങളുടെ വാടകമുറി.
പാചകം ചെയ്യാം. അമ്മയ്ക്കും ഏട്ടനും എനിക്കും കഴിയാം.
വൈശാഖ് തിരിച്ചുപോയി.
മരവിപ്പ് മാറി വേദന തുടങ്ങിയ കൈ ചുമരില്‍ വച്ച്, ഉയര്‍ത്തിയും താഴ്ത്തിയും വ്യായാമങ്ങള്‍ ചെയ്തു. ചിലപ്പോള്‍ ഏട്ടന്‍ കൂടി. ഏട്ടന്റെ കൈപ്പടത്തില്‍ കൈ വച്ച്.

വിവാഹദിനത്തില്‍ എടുത്ത ചിത്രം
വിവാഹദിനത്തില്‍ എടുത്ത ചിത്രം


ചെറിയ തമാശകളും കുഞ്ഞു പിണക്കങ്ങളും ഞങ്ങളുടെ പരിഭവങ്ങളും വഴക്കുകളും നാളുകള്‍ക്കു ശേഷം ഞങ്ങള്‍ക്കിടയിലേക്ക് തിരിച്ചുവന്നു.
ചില ഓര്‍മ്മകള്‍ എപ്പോഴോര്‍ത്താലും തരളിതയാക്കുന്നവയാണ്.
ദുരിതമായിരുന്നു, ചിലപ്പോഴൊക്കെ...
പക്ഷേ, അമ്മയും ഏട്ടനും എന്നെ കൈക്കുള്ളില്‍ വച്ച് നോക്കി.
ഞാന്‍ വീണ്ടും അമ്മയുടെ കുഞ്ഞുമകളായി. ആ ദിവസങ്ങളിലൊക്കെ അമ്മ എന്നെ കുളിപ്പിച്ചു. മകളെന്നു കരുതി ഏട്ടനെന്നെ ആവോളം വാത്സല്യംകൊണ്ട് മൂടി.
എന്നും ഞാന്‍ ഏട്ടന്റെ മകള്‍ തന്നെയായിരുന്നു. പക്ഷേ, മകള്‍ മാത്രമായത് ആ ദിവസങ്ങളിലാണ്. ഓര്‍ക്കുമ്പോഴൊക്കെ എന്റെ ഹൃദയം വീണ്ടും വീണ്ടും വീണ്ടും നനയും.
ഏട്ടാ, എനിക്ക് നിന്നോടു പറയാന്‍ ഒന്നും ഇല്ല.
ഏട്ടാ, എന്നും നിന്റെ ഹൃദയത്തോട് ചേര്‍ത്ത് അടക്കിപ്പിടിക്കുക എന്നെ.
ഈ ഒരു ജന്മം മാത്രമല്ല, ഇനിവരുന്ന എല്ലാ ജന്മങ്ങളിലും...
നിന്റെ നെഞ്ചിനോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന നിറവ് മറ്റൊന്നും എനിക്ക് പകര്‍ന്നു തരാറില്ല.
ആര്‍.സി.സിയിലേക്കുള്ള ഓരോ യാത്രയിലും എന്നെ ഏട്ടന്‍ ചേര്‍ത്തുപിടിച്ചു. ഒരു കയ്യില്‍ എന്റെ ഫയലും മറുകയ്യില്‍ എന്റെ വലംകയ്യുമായിട്ടേ ഏട്ടന്‍ നടന്നിട്ടുള്ളൂ. ഒരിക്കലും ഏട്ടന്റെ കൂടെ നടക്കുമ്പോള്‍ ആ മുഖം വാടി ഞാന്‍ കണ്ടിട്ടേയില്ല.
എന്തൊരു പ്രണയവും വാത്സല്യവും ആയിരുന്നു അത്. എന്റെ ആത്മാവില്‍ നീറിനീറി പിടിക്കുന്ന, കത്തുന്ന പ്രണയം...
ചിലപ്പോള്‍, ഏട്ടന്‍ അകന്നുനില്‍ക്കുമ്പോള്‍ എനിക്കൊരു സ്വസ്ഥതയും തരാത്ത പ്രണയം, ഉള്ളില്‍ നിന്നെന്തോ പിടിച്ചുവലിക്കുന്നതുപോലെ വേദനിക്കുന്ന പ്രണയം, ഇത്രയധികം പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും വേണ്ട എന്ന് എന്നെ ഉരുക്കുന്ന പ്രണയം.
ഓ... ദൈവമേ...
എന്നെ എന്റെ ഏട്ടന്റെ കൈക്കുള്ളില്‍ത്തന്നെ ഏല്‍പ്പിച്ചുകൊടുത്തതിന് ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു.
11 ദിവസങ്ങള്‍ക്കു ശേഷം ട്യൂബ് മാറ്റി, ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു. മുറിവ് ഉണങ്ങിയിരിക്കുന്നു. ഉണങ്ങാതെ ഒരു വടു വീണത് മനസ്സിലാണ്. നോവുണ്ടായിരുന്നു, ഹൃദയത്തിലും ശരീരത്തിലും.
കല്യാണത്തിന് അവധിയെടുത്ത് വന്ന എട്ടന്‍ കല്യാണവും വിരുന്നും കഴിഞ്ഞ്, മധുവിധു തീരും മുന്‍പേ പ്രിയഭാര്യയുടെ സര്‍ജറിയും കഴിഞ്ഞു മടങ്ങി. മേയ് മാസം അവസാനം.
കൊല്‍ക്കത്തയ്ക്ക്...
ഒരുമിച്ചു പോയി പുതിയ ജീവിതം തുടങ്ങാന്‍ സ്വപ്നം കണ്ട ഇടത്തേയ്ക്ക് ഏട്ടന്‍ തനിച്ചു മടങ്ങി.
ഞാന്‍ തനിച്ചായി. ഏട്ടന്‍ അകന്നുപോവുമ്പോള്‍ എന്റെ ആത്മാവാണ് പിഞ്ഞിപ്പോവുക. എന്റെ ആത്മാവാണ് കീറിപ്പോവുക.
അല്ലെങ്കില്‍ എന്റെ ആത്മാവ് എന്നില്‍നിന്നു വേര്‍പെട്ട് ഏട്ടന്റെ കൂടെ യാത്ര ചെയ്യുന്നതുപോലെ തോന്നും. എന്റെ അകവും പുറവും ശൂന്യമാകും.
ഉള്ളില്‍നിന്ന് എന്തോ ഒന്നു കൊളുത്തിവലിക്കും.
ഇനി എന്നാണ് കാണുക?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com