തിരിച്ചു പിടിക്കണം ക്രിസ്തു എന്ന വിമോചകനെ

സഹനമൂര്‍ത്തികളെന്ന വിശേഷണമൊക്കെ വലിച്ചെറിഞ്ഞ് കേരളത്തില്‍ കന്യാസ്ത്രീ സമൂഹം പോലും സമരപാതയിലേക്കിറങ്ങിയ കാലമാണിത്.
തിരിച്ചു പിടിക്കണം ക്രിസ്തു എന്ന വിമോചകനെ

കേരളത്തില്‍ വിശേഷിച്ചും ഇന്ത്യാരാജ്യത്ത് പൊതുവേയും സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റപ്പെട്ട വിഭാഗങ്ങള്‍ നീതി ഉറപ്പുവരുത്താനും അവകാശങ്ങള്‍ പിടിച്ചുവാങ്ങാനുമുള്ള അവരുടെ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. സഹനമൂര്‍ത്തികളെന്ന വിശേഷണമൊക്കെ വലിച്ചെറിഞ്ഞ് കേരളത്തില്‍ കന്യാസ്ത്രീ സമൂഹം പോലും സമരപാതയിലേക്കിറങ്ങിയ കാലമാണിത്. ഏതെങ്കിലും ഒരു വിഭാഗത്തിലെ പ്രശ്‌നങ്ങള്‍ ആ വിഭാഗത്തിന്റേതു മാത്രമായി കണക്കാക്കാന്‍ ഇന്നു സമൂഹം തയ്യാറല്ല. അത്തരം പ്രശ്‌നങ്ങള്‍ പൊതുസമൂഹം ഒന്നടങ്കം ഇടപെടുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്. നമ്മുടെ സ്ത്രീകള്‍ ക്രമേണ ആത്മബോധത്തിലേക്ക് ഉണര്‍ന്നുകൊണ്ടിരിക്കുന്നു. ഇരിപ്പുസമരം മുതല്‍ കന്യാസ്ത്രീസമരം വരെയുള്ളവയില്‍ സ്ത്രീകളുടെ സമരങ്ങള്‍ വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇത്തിരിവെട്ടം മുറിച്ചുകടന്ന് അധികാരത്തെ നേരിട്ടു വെല്ലുവിളിക്കാന്‍ തയ്യാറാകുന്നു. 

കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ നീതിയുടെ പക്ഷത്ത് നില്‍ക്കുകയും പോരാടുകയും ചെയ്യുകയെന്നതാണ് ക്രൈസ്തവദൗത്യം എന്നു തിരിച്ചറിഞ്ഞ് ആ പോരാട്ടങ്ങള്‍ക്ക് നടുനായകത്വം വഹിച്ചയാളാണ് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി. കന്യാസ്ത്രീ സമരത്തില്‍ മാത്രമല്ല, മനുഷ്യന്റെ അതിജീവനത്തേയും സ്വാഭിമാനത്തേയും ബാധിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളിലൊക്കെത്തന്നെ സജീവമായി ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്നയാളാണ് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി. കന്യാസ്ത്രീ സമരത്തിനു ശേഷം അദ്ദേഹം സമകാലിക മലയാളവുമായി നടത്തിയ ദീര്‍ഘസംഭാഷണത്തില്‍നിന്ന്


ഭരണകൂടം സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുകയും അവര്‍ സാമ്പത്തിക ഭദ്രതയും സ്വാശ്രയത്വവും കൈവരിക്കുകയും ചെയ്യുന്നതോടെ സ്ത്രീയെ സംബന്ധിച്ചിടത്തോളം പുരുഷന്‍ ഒരു അനിവാര്യഘടകമല്ലാതായിത്തീരുന്ന അവസ്ഥയുണ്ടാകുമെന്ന് ഒരു ചിന്തകന്‍ പറഞ്ഞിട്ടുണ്ട്. സ്ത്രീ സമൂഹം കൂടുതല്‍ സ്വാതന്ത്ര്യവും സ്വാശ്രയത്വവും ആര്‍ജ്ജിക്കുന്നതോടെ ഇന്നത്തെ സാമൂഹ്യാവസ്ഥ തകിടംമറിയുമെന്നു വ്യവസ്ഥയുടെ വക്താക്കള്‍ ഭയക്കുന്നുമുണ്ട്. വ്യവസ്ഥയോട് ചേര്‍ക്കുന്ന നമ്മളിലോരോരുത്തരിലേയും വ്യക്തിസത്തയിലെ ഘടകങ്ങള്‍ പോലും ആ പേടിയെ പിന്‍പറ്റുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ ഒരു മതപുരോഹിതനെന്ന നിലയ്ക്ക് ലിംഗനീതിക്കുവേണ്ടിയുള്ള സമരങ്ങള്‍ ശക്തിപ്പെടുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്? 
ഞാന്‍ കൂടുതല്‍ ക്രിസ്തുവിനെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ ഒക്കെത്തന്നെയും എനിക്ക് കൂടുതല്‍ വെളിവായി വരുന്നത് ക്രിസ്തുവിലെ സ്ത്രൈണാംശമാണ്. ബൈബിളില്‍ അമ്മ നിന്നെ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ലെന്നൊക്കെയുള്ള വാക്യങ്ങള്‍ കാണാം. പഴയനിയമത്തില്‍ത്തന്നെ ദൈവം അമ്മയുടെ ഭാവമാണ് പലപ്പോഴും കാണിക്കുന്നത്. അമ്മയായിത്തന്നെയാണ് പലപ്പോഴും ദൈവം തന്നെ കണക്കാക്കിയിരിക്കുന്നത്. ഇങ്ങനെയൊരു സ്‌ത്രൈണപ്രകൃതത്തിലേക്കുള്ള സൂചനകള്‍ ഇഷ്ടംപോലെയുണ്ട്. ക്രിസ്തുവിലേക്ക് വരുമ്പോള്‍ നമ്മള്‍ കാണുന്നത്, ക്രിസ്തുവില്‍ കാണുന്നത് യഹൂദമതത്തിന്റെ പൗരുഷമല്ല. യഹൂദമതത്തിന്റെ അടിസ്ഥാനം പൗരുഷമാണ്. പൗരുഷവും പൗരോഹിത്യവും തമ്മില്‍ വലിയ ബന്ധമുണ്ട്. വളരെ കര്‍ക്കശമായ ആചാരങ്ങളും മനുഷ്യനെ വലിച്ചുമുറുക്കുന്ന അനുഷ്ഠാനങ്ങളുമൊക്കെയാണ് അത്തരം പൗരോഹിത്യം അനുശാസിച്ചുപോന്ന നിഷ്ഠകള്‍. മനുഷ്യന്‍ സാബത്ത് പാലിക്കണം. സാബത്തിലെങ്ങനെയാണ് നിങ്ങള്‍ ഭക്ഷണം കഴിക്കേണ്ടത് ഇങ്ങനെയൊക്കെ പല കര്‍ക്കശമായ നിയമങ്ങള്‍. എന്നാല്‍, ക്രിസ്തുവിലേയ്ക്കു വരുമ്പോള്‍ ഇതൊക്കെ അദ്ദേഹം തിരുത്തുന്നതായി കാണാം. മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല, സാബത്ത് മനുഷ്യനു വേണ്ടിയാണ് എന്നായിരുന്നു അദ്ദേഹം വരുത്തിയ തിരുത്ത്. ആ തിരുത്ത് നിലനിന്ന കാഴ്ചപ്പാടുകളെ, സമ്പ്രദായങ്ങളെ ഒക്കെ അപ്പാടെ തകിടംമറിക്കുന്നതായിരുന്നു. അതാണ് ഒരുപക്ഷേ, അന്നത്തെ പൗരോഹിത്യത്തെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ടായിരിക്കുക എന്നെനിക്ക് തോന്നുന്നു. മൂന്നുവര്‍ഷമാണ് അദ്ദേഹത്തിന് പരസ്യജീവിതം നയിക്കാന്‍ സാധിച്ചത്. അതില്‍ കൂടുതല്‍ നയിക്കാന്‍ വിടരുത് എന്ന അവസ്ഥയിലേയ്ക്ക് എന്ന പൗരോഹിത്യത്തെക്കൊണ്ട് തീരുമാനമെടുപ്പിക്കുന്നതില്‍ ഈ തകിടംമറിക്കലുകള്‍ കാരണമായിട്ടുണ്ട്. പൗരോഹിത്യത്തിനു ക്രിസ്തുവിനെ കൊല്ലേണ്ടിവരുന്നു. പൗരോഹിത്യത്തെ എക്‌സ്പോസ് ചെയ്തു എന്ന കുറ്റമാണ് യഥാര്‍ത്ഥത്തില്‍ ക്രിസ്തു ചെയ്തത്. പൗരോഹിത്യത്തെ എക്‌സ്പോസ് ചെയ്യുന്നതില്‍ ക്രിസ്തുവിനെ എത്തിച്ചത് അദ്ദേഹത്തിലുണ്ടായിരുന്ന സ്‌ത്രൈണാംശമാണ്. അന്നത്തെ വ്യവസ്ഥയും സ്ത്രീയെ ഇരയാക്കുന്നതായിരുന്നു. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടാല്‍ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുകയെന്നതായിരുന്നു ശിക്ഷ. അപ്പോള്‍ ക്രിസ്തു ചോദിക്കുന്ന ചോദ്യം ''പാപം ചെയ്യാത്തവര്‍ ഇവരിലാരുണ്ട്. അവര്‍ കല്ലെറിയട്ടേ'' എന്നായിരുന്നു. ക്രിസ്തു അങ്ങനെ വ്യഭിചാരിണിയെന്ന നിലയില്‍ പിടിക്കപ്പെട്ടവളെ വിമോചിപ്പിക്കുന്നു. പാര്‍ശ്വവല്‍ക്കൃതനോട് ചേര്‍ന്നുനില്‍ക്കുകയും പുറമ്പോക്കുകളില്‍ കഴിയുന്നവരെ കൂട്ടിയോജിപ്പിക്കുകയും അവരോട് സംവദിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു ക്രിസ്തുവിന്റേത്. മുക്കുവരോടും തൊഴിലാളികളോടും ക്രിസ്തു സംസാരിച്ചു. അവര്‍ക്ക് പുതിയൊരുതരം ആത്മീയതയെക്കുറിച്ച് പറഞ്ഞുകൊടുത്തു. അമ്മമാര്‍ക്ക് തന്റെ മക്കളില്‍ ദുര്‍ബ്ബലരായവരോട് കൂടുതല്‍ പ്രതിപത്തിയുണ്ടാകുന്നത് അവളുടെ സ്‌ത്രൈണതയുടെ കരുത്തുകൊണ്ടാണ്. സമൂഹത്തില്‍ ദുര്‍ബ്ബലരായവരോടായിരുന്നു ക്രിസ്തു ചേര്‍ന്നുനിന്നത്. ക്രിയാത്മകമായ ഒരു സ്‌ത്രൈണാംശം. ക്രിസ്തുവിന്റെ വഴിയേ പോകുകയെന്നാല്‍ സമൂഹത്തിലെ ബലഹീനരോട് ചേര്‍ന്നുനില്‍ക്കുക, അവര്‍ക്കുവേണ്ടി അവരോടൊപ്പം ശബ്ദിക്കുകയെന്നൊക്കെയാണെന്ന് ഞാന്‍ കരുതുന്നു. 

സ്‌ത്രൈണത എന്ന ഗുണത്തോട് എപ്പോഴും വ്യവസ്ഥ ചേര്‍ത്തുപറയുന്ന വാക്കാണല്ലോ സഹനം. സാധാരണ മനുഷ്യര്‍ക്കിടയില്‍ മുതിര്‍ന്നവര്‍ പെണ്‍കുട്ടികളെ സ്ത്രീകളായാല്‍ കുറേയൊക്കെ സഹിക്കാന്‍ പഠിക്കണം എന്ന് ഉപദേശിക്കുന്ന പതിവുണ്ട്. സഹനം എന്ന മൂല്യത്തില്‍ ക്രിസ്തുവും ഊന്നിയിട്ടുണ്ട്. എന്നാല്‍, അതേ ക്രിസ്തു തന്നെയാണ് ദേവാലയം കച്ചവടകേന്ദ്രമാക്കുന്നവരെ ചമ്മട്ടിയെടുത്ത് അടിച്ചത്
ക്രിസ്തുവിന്റെ സഹനം അത് വെറും സഹിക്കലല്ല. മലയാറ്റൂര്‍ പള്ളിയിലേക്കൊക്കെ വലിയ കുരിശെടുത്ത് ഇങ്ങനെ കയറിപ്പോകുന്നതാണ് നമ്മുടെ സഹനം. അത് സഹനത്തിനുവേണ്ടിയുള്ള സഹനം മാത്രമേയാകുന്നുള്ളൂ. ഈ സഹനത്തെപ്പറ്റിയല്ല ക്രിസ്തു സംസാരിച്ചത്. ക്രിസ്തു നീതിയെപ്പറ്റിയാണ്, സ്‌നേഹത്തെപ്പറ്റിയാണ് സംസാരിച്ചത്. നമ്മുടെ ബന്ധങ്ങളിലുണ്ടാകേണ്ട സുതാര്യതയെക്കുറിച്ചാണ് സംസാരിച്ചത്. സത്യസന്ധതയെപ്പറ്റിയും സമൂഹത്തില്‍ നമ്മള്‍ പുലര്‍ത്തേണ്ട നീതിപൂര്‍വ്വകമായ കാഴ്ചപ്പാടിനെപ്പറ്റിയും അതിനുവേണ്ടി നിലകൊള്ളുന്നതിനെപ്പറ്റിയുമാണ് ക്രിസ്തു സംസാരിച്ചത്. അങ്ങനെ ചെയ്യുമ്പോള്‍ വന്നുചേരുന്ന പ്രതികരണങ്ങളാണ് ഒരാള്‍ക്ക് കുരിശായിത്തീരേണ്ടത്. ലോകത്തോട് ഒരാള്‍ വെച്ചുപുലര്‍ത്തുന്ന അദമ്യമായ ഒരു പ്രണയത്തിന്റെ നിര്‍ബന്ധം കൊണ്ടാണ് ഒരാള്‍ നീതിക്കുവേണ്ടിയും സത്യസന്ധതയ്ക്കുവേണ്ടിയും നിലകൊള്ളാന്‍ തുടങ്ങുന്നത്. ബന്ധങ്ങളില്‍ സുതാര്യതയ്ക്കുവേണ്ടിയും നീതിക്കുവേണ്ടിയും നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത് അയാളുടെ ലോകത്തോടുള്ള പ്രണയതീവ്രതയാണ് കാണിക്കുന്നത്. ഈ പ്രണയതീവ്രതയില്‍ നിങ്ങള്‍ ദുര്‍ബ്ബലര്‍ക്കുവേണ്ടി സംസാരിക്കുമ്പോള്‍, നീതിക്കുവേണ്ടി സംസാരിക്കുമ്പോള്‍ തിന്മ ചെയ്യുന്നവരും സ്ഥാപിത താല്‍പ്പര്യക്കാരുമൊക്കെ നിങ്ങള്‍ക്ക് എതിരായിത്തീരുന്നു. അവരുടെ പ്രതികരണങ്ങളാണ് നിങ്ങള്‍ക്ക് കുരിശായിത്തീരുന്നത്. അല്ലാതെ മരക്കുരിശെടുത്ത് മല കയറിയാലൊന്നും യഥാര്‍ത്ഥ സഹനമാകില്ല. അതൊരനുഷ്ഠാനമാണെന്നു പറയാം. ക്രിസ്തുവിനെ ആചാരവല്‍ക്കരിക്കുകയാണ് ഇപ്പോള്‍ നമ്മളൊക്കെ ചെയ്യുന്നത്. ക്രിസ്തു പറഞ്ഞ ഒരു വാചകമുണ്ട്. പ്രാവുകളെപ്പോലെ നിഷ്‌കളങ്കരും സര്‍പ്പങ്ങളെപ്പോലെ വിവേകികളും ആകുവിന്‍ എന്നാണത്. ഹൃദയശുദ്ധിയോടുകൂടി ഇരിക്കുമ്പോഴും വിവേകികളായിരിക്കുവാനാണ് നമ്മോട് ആ വാചകം പറയുന്നത്. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമൊക്കെ ഒരു സ്ഥാനമുണ്ടായിരിക്കാം. ഇപ്പോള്‍ ഉദാഹരണത്തിന് രാവിലെ എഴുന്നേറ്റ് പള്ളിയിലോ അമ്പലത്തിലോ ഒരാള്‍ പോകുന്നുവെന്നു കരുതുക. അത് ജീവിതത്തിനു നല്‍കുന്നൊരു ചിട്ടയുണ്ട്. നല്ലതുതന്നെ. സാധാരണ മനുഷ്യര്‍ക്ക് മതവും അനുഷ്ഠാനങ്ങളുമൊക്കെ നല്‍കുന്ന ഒരു ചിട്ടയുണ്ട്. നിരുപദ്രവകരമാണ് അത്. എന്നാല്‍, ഇത് വേരുറപ്പിച്ച് പടര്‍ന്നു പന്തലിക്കാന്‍ തുടങ്ങുന്നത് അപകടമാണ്. ബാക്കി മുഴുവന്‍ ആളുകളും അങ്ങനെത്തന്നെ ചെയ്യണം എന്നു നിഷ്‌കര്‍ഷിക്കുന്നത് അപകടകരമാണ്. ഈ അനുഷ്ഠാനപരത നമ്മുടെ ജീവിതത്തിലാസകലം ഓരോ തിരിവിലും വളവിലുമുണ്ടാകണം എന്നൊക്കെ ശാഠ്യം പിടിക്കാന്‍ തുടങ്ങിയാല്‍ പ്രശ്‌നമാകും. വിശ്വാസം പറയുന്ന മട്ടില്‍ അനാവശ്യമായ കാര്‍ക്കശ്യം നിങ്ങള്‍ നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഒക്കെയുണ്ടാകണം എന്നൊക്കെ പറഞ്ഞാല്‍ അവിടെ കുഴപ്പമുണ്ട്. ആചാരാനുഷ്ഠാനങ്ങള്‍ക്ക് പിറകിലുള്ളത് ഒരു ഫിലോസഫിയാണ്. ഒരു ദര്‍ശനമാണ്. അത് മനസ്സിലാക്കലാണ് പരമപ്രധാനം. 

മാമൂലുകളും ആചാരങ്ങളും ഇങ്ങനെ മനുഷ്യവിരുദ്ധമായി തുടരേണ്ടത് ആരുടെ ആവശ്യമാണ്? പാമ്പ് ഉറപൊഴിച്ചിടുംപോലെ പഴയതു പൊഴിച്ചിട്ട് ഓരോ ഋതുവിലും പുതിയതായി പൂവിടേണ്ടവയല്ലേ നമ്മുടെ ദര്‍ശനങ്ങളും?
ക്രിസ്തുവില്‍ നിറഞ്ഞുനിന്ന ഉല്‍ക്കണ്ഠ സാമൂഹ്യവ്യവസ്ഥയിലുണ്ടാകേണ്ട മനുഷ്യത്വത്തെക്കുറിച്ചാണ്. ക്രിസ്തു എല്ലായ്പോഴും ഉദ്ഘോഷിച്ചുകൊണ്ടിരുന്നത് സാമൂഹ്യവ്യവസ്ഥയിലുണ്ടാകേണ്ട മനുഷ്യത്വത്തെക്കുറിച്ചാണ്. ശുദ്ധാശുദ്ധികളെ കുറിച്ചുള്ള ക്രിസ്തുവിന്റെ സങ്കല്പം തന്നെ ഉദാഹരണം. പന്നിമാംസം ഭക്ഷിക്കുക യഹൂദര്‍ക്ക് നിഷിദ്ധമാണ്. പന്നിമാംസം ഭക്ഷിക്കുന്നത് അശുദ്ധമാണെന്നു വിശ്വസിച്ച ഒരമ്മയും ഏഴുമക്കളും ആ നിര്‍ബ്ബന്ധബുദ്ധികൊണ്ടുതന്നെ അതിക്രൂരമായി കൊല്ലപ്പെടുന്നുണ്ട്. പന്നിമാംസം ഭക്ഷിക്കാന്‍ രാജാവ് അവരെ നിര്‍ബ്ബന്ധിക്കുകയാണ്. എന്നാല്‍, അതിനു കൂട്ടാക്കാതിരുന്നതുകൊണ്ട് അതിക്രൂരമായി അവര്‍ കൊല്ലപ്പെടുന്നു. ഇങ്ങനെ വിശ്വാസത്തെ മുറുകെപിടിച്ച, കാര്‍ക്കശ്യത്തോടെ അത് പാലിച്ചുപോന്ന ഒരു ജനതയോടാണ് ക്രിസ്തു പറയുന്നത് പുറമേ നിന്നു നിങ്ങളുടെ ഉള്ളിലേക്കു ചെല്ലുന്നതല്ല, മറിച്ച് നിങ്ങളുടെ ഉള്ളില്‍നിന്നു പുറത്തുവരുന്നതാണ് ശുദ്ധമാകേണ്ടത് എന്ന്. വാക്കുകള്‍ എങ്ങനെയായിരിക്കണമെന്നു മാത്രമല്ല, ക്രിസ്തു പറയാന്‍ ഉദ്ദേശിച്ചത്. ഈ വ്യവസ്ഥയില്‍ ഒരാള്‍ സൂക്ഷ്മതയോടെ പുലര്‍ത്തേണ്ട തത്ത്വം എന്താണ് എന്നുകൂടി അദ്ദേഹം പറയാന്‍ ഉദ്ദേശിച്ചു. അന്തിമവിധി നാളിനെക്കുറിച്ച് അദ്ദേഹം ഒരു കഥയാണ് പറയുന്നത്. അന്തിമ വിധിനാളില്‍ തന്റെ ഇടതും വലതുമായി ആളുകള്‍ നിര്‍ത്തപ്പെടും എന്നും നീതിമാന്മാരായ ആളുകളോട് എനിക്കു വിശന്നപ്പോള്‍ നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നെന്നും എനിക്കു ദാഹിച്ചപ്പോള്‍ കുടിക്കാന്‍ തന്നെന്നും ഞാന്‍ പരദേശിയായിരുന്നപ്പോള്‍ നിങ്ങള്‍ എന്നെ സ്വീകരിച്ചെന്നും ഞാന്‍ നഗ്‌നനായിരുന്നപ്പോള്‍ നിങ്ങള്‍ എന്നെ ഉടുപ്പിച്ചെന്നും ഞാന്‍ രോഗിയായിരുന്നപ്പോള്‍ നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചെന്നും ഞാന്‍ കാരാഗൃഹത്തിലായിരുന്നപ്പോള്‍ നിങ്ങള്‍ എന്റെ അടുത്തു വന്നെന്നും കര്‍ത്താവ് പറയുമെന്നായിരുന്നു ആ കഥ. ഇതൊക്കെ എപ്പോഴായിരുന്നു എന്ന് അവര്‍ അദ്ഭുതം കൂറുമ്പോള്‍ ഏറ്റവും എളിയ സഹോദരന്മാരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തുതന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുമെന്നാണ്. ഇടപെടലുകളില്‍ ഒരാള്‍ അപരനോട് കാണിക്കേണ്ട പരിഗണനയെക്കുറിച്ചുള്ള സൂക്ഷ്മമായ തത്ത്വം ആ കഥ പറഞ്ഞുതരുന്നുണ്ട്. 

ശുദ്ധാശുദ്ധികളിലേക്ക് തന്നെ തിരിച്ചുവരട്ടെ. ശുദ്ധാശുദ്ധികളെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളില്‍ത്തന്നെ ഒരുതരം വംശീയരാഷ്ട്രീയമില്ലേ? അപരനെ, അവന്റെ രീതികളെ, അവന്റെ ആര്‍ജ്ജിതസംസ്‌കാരത്തെ ഒക്കെ വര്‍ജ്ജിക്കപ്പെടേണ്ട അന്യമായ ഒന്നായി കാണുന്നതില്‍ ഒരു മനുഷ്യവിരുദ്ധതയില്ലേ? ഇന്ത്യയില്‍ മതങ്ങള്‍ മിക്കപ്പോഴും ഈ മനുഷ്യവിരുദ്ധതയെത്തന്നെ അതിന്റെ വിശ്വാസസംഹിതയുടെ ഭാഗമായി കാണുന്നുവെന്നതല്ലേ യാഥാര്‍ത്ഥ്യം?
ഇന്ത്യയില്‍ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നത് ഒരുതരം വലതുപക്ഷ തീവ്രവാദമാണ്. അതിന്റെ പശ്ചാത്തലത്തില്‍ കൂടിവേണം നമ്മള്‍ ഇതിനെയൊക്കെ കാണാന്‍. ഞാന്‍ സിറിയന്‍ ക്രിസ്ത്യാനി വിഭാഗത്തില്‍പ്പെടുന്നയാളാണ്. സിറിയന്‍ ക്രിസ്ത്യാനികള്‍ പൊതുവേ അവകാശപ്പെടുന്നത് ഞങ്ങള്‍ പഴയകാലത്ത് ബ്രാഹ്മണരായിരുന്നവരാണ് എന്നാണ്. അതുവഴി മറ്റുള്ളവരെക്കാള്‍ മേന്മ അവകാശപ്പെടാനാകുന്നു എന്ന തോന്നലിലാണ് ഈ അവകാശവാദം. ചരിത്രപരമായി തന്നെ ഇതെത്ര വലിയ തെറ്റാണ്. എ.ഡി. 52-ലാണ് സെയിന്റ് തോമസ് കേരളത്തില്‍ വന്നതെന്നും സുവിശേഷം പ്രചരിപ്പിച്ചതെന്നും പറയുന്നു. എട്ടാം നൂറ്റാണ്ടുതൊട്ടാണ് നമുക്ക് കേരളത്തില്‍ ബ്രാഹ്മണ സാന്നിധ്യം കാണാനാകുക. എന്നിട്ടും ഈ വാദം ഇവിടെ പ്രചരിപ്പിക്കപ്പെടുന്നു. ഞാന്‍ വെജിറ്റേറിയനാണെന്നു പറയുന്നതു വഴിപോലും വംശീയമായി ഒരു മേന്മ അവകാശപ്പെടാന്‍ പറ്റുന്നുവെന്നതാണ് നമ്മുടെ സാമൂഹ്യ യാഥാര്‍ത്ഥ്യം. ആചാരാനുഷ്ഠാനങ്ങളും ചിട്ടകളുമൊക്കെ അനുസരിച്ച് ജീവിക്കുന്നയാളാണ് ഞാന്‍ എന്നു വരുത്തിത്തീര്‍ക്കുന്നതുപോലും വലിയ എന്തോ ഒരു കാര്യമാണ് നമുക്ക്. യഥാര്‍ത്ഥത്തില്‍ ചിട്ടയുടെ പിന്നില്‍ ഒരു ഫിലോസഫിയുണ്ട്. എന്തിനാണ് ഞാന്‍ ഈ ആചാരം അനുഷ്ഠിക്കുന്നത് എന്ന് ആരും ചിന്തിക്കാറില്ല. 

ഒരു പുരുഷാധിപത്യ സമൂഹത്തിലാണ് ഈ ആചാരാനുഷ്ഠാനങ്ങളൊക്കെ നിലനില്‍ക്കുന്നത്. ഈ ആചാരാനുഷ്ഠാനങ്ങളും മതം തന്നെയും ആണ്‍കോയ്മ നിലനിര്‍ത്താനുള്ള ഉപാധിയായിട്ടാണ് പ്രയോജനപ്പെടുത്തപ്പെടുന്നത് എന്നത് വസ്തുതയാണ്. സ്ത്രീകളെ പൗരോഹിത്യത്തിനു നിയോഗിക്കുന്ന പതിവ് ഏതാനും ചില സഭകളില്‍ മാത്രമേ ഉള്ളൂ. യഥാര്‍ത്ഥത്തില്‍ പൗരോഹിത്യത്തിന്റെ മണ്ഡലത്തിലേയ്ക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള തടസ്സമെന്താണ്?
കത്തോലിക്കാസഭയില്‍ വനിതാപൗരോഹിത്യത്തിന്റെ കാര്യമൊക്കെ വിമോചനദൈവശാസ്ത്രം സജീവമായി നിലനിന്ന കാലത്ത് വിപുലമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നു ക്രിസ്തുവെന്ന ഗര്‍ജ്ജിക്കുന്ന സിംഹത്തെ മെരുക്കി ഒരു പൂച്ചയാക്കി നിര്‍ത്തിയിരിക്കുകയാണ്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കാലഘട്ടം തൊട്ട് വിമോചനദൈവശാസ്ത്രം അടിച്ചമര്‍ത്തപ്പെട്ടു. എന്നിട്ടും വനിതാപൗരോഹിത്യം എന്ന വിഷയം ഇപ്പോഴും ഉന്നയിക്കപ്പെടുന്നുണ്ട്. അവരെ വിധിക്കാന്‍ ഞാനാരാണ് എന്ന ചോദ്യം ഉന്നയിച്ച ഇപ്പോഴത്തെ മാര്‍പ്പാപ്പ കുറച്ചുകൂടി കരുണയോടെയും തുറന്ന മനസ്സോടെയുമാണ് ഈ പ്രശ്‌നങ്ങളെ സമീപിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കത്തോലിക്ക സഭയുടെ പ്രതിസന്ധി എന്നു പറയുന്നത് അവിടെ ചോദ്യം ചെയ്യുന്നതിനുള്ള ഇടങ്ങള്‍ വളരെ കുറവാണ് എന്നതാണ്. പുരുഷാധിപത്യത്തിനു കോട്ടം കൂടാതെ തുടരാന്‍ ഈ അവസ്ഥ സഹായകമാകുന്നു വെന്നതാണ് യാഥാര്‍ത്ഥ്യം. ചോദ്യങ്ങളെ ഭയക്കുന്ന ഒരു നേതൃത്വമാണ് അതിനുള്ളത്. പുതിയ ചിന്തകളെ, അന്വേഷണങ്ങളെ അത് പേടിക്കുന്നു. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് അതിനു വലിയ മാറ്റമുണ്ടാക്കി. അതുവരെ സഭയ്ക്കു പുറമേ രക്ഷയില്ലാ എന്നു പറഞ്ഞിരുന്നത് അവിടെ വച്ചു സഭയ്ക്കു പുറമേയും രക്ഷയുണ്ട് എന്നാക്കി. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരും അവിശ്വാസികളും മറ്റു മതസ്ഥരും ദൈവത്തില്‍ വിശ്വസിക്കാത്തവരുമൊക്കെ രക്ഷപ്പെടാനുള്ള സാധ്യത ഉണ്ടെന്ന് അവിടെ പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ വലിയൊരു തുറവി അവിടെയുണ്ടായി. സഭയ്ക്ക് ആധുനികലോകത്തിനുള്ള പ്രമാണരേഖ അവിടെ ഉണ്ടായി. സാധാരണഗതിയില്‍ പാഷാണ്ഡതയൊക്കെ ഉയര്‍ന്നുവരുമ്പോഴാണ് സൂന്നഹദോസ് വിളിച്ചുകൂട്ടുക. എന്നാല്‍, അങ്ങനെയൊരു പ്രത്യേക സാഹചര്യമൊന്നുമില്ലാത്ത ഘട്ടത്തിലാണ് രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് നടക്കുന്നത്. അത് ചില ജനലുകളും വാതിലുകളും തുറന്നിട്ടു. തിയോളജി യഥാര്‍ത്ഥത്തില്‍ ഒരു അടഞ്ഞ വ്യവസ്ഥയല്ല. വളരെ വിപ്ലവാത്മകമായ പഠനങ്ങളൊക്കെ സഭാപിതാക്കന്മാരുടേതായി ഉണ്ടായിട്ടുണ്ട്. ലിയോ പതിമൂന്നാമന്റെ റേരും നൊവാരും തന്നെ ഉദാഹരണം. തൊഴിലാളികളുടെ അവകാശത്തെപ്പറ്റിയുള്ള സഭയുടെ സമഗ്രമായ ആദ്യത്തെ പഠനമാണത്. ഗുസ്താവ് ഗുട്ടിയേറസ് തുടങ്ങിയ വൈദികരൊക്കെ തിയോളജിയെ പുതിയ വിഹായസ്സിലേക്കുയര്‍ത്തിയിട്ടുണ്ട്. 

ലിബറേഷന്‍ തിയോളജി ഒരുകാലത്ത് അന്താരാഷ്ട്രരംഗത്തും കേരളത്തില്‍ തന്നെയും ശക്തമായ സാന്നിധ്യമായിരുന്നു. ലിബറേഷന്‍ തിയോളജിയുടെ ഇന്നത്തെ അവസ്ഥയെന്താണ്?
ഗുസ്താവ് ഗുട്ടിയേറസിനോട് ഒരിക്കല്‍ ആരോ ലിബറേഷന്‍ തിയോളജിയുടെ ഭാവി എന്താണെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടി തനിക്ക് അതിന്റെ ഭാവിയെക്കുറിച്ചല്ല, തന്റെ ജനങ്ങളുടെ ഭാവിയെക്കുറിച്ചാണ് വേവലാതിയെന്നുമാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നു നമ്മള്‍ പറയുമ്പോള്‍ നാം ഉദ്ദേശിക്കുന്നത് പ്രകൃതിക്കുവേണ്ടി, പരിസ്ഥിതിക്കുവേണ്ടി മാത്രം സംസാരിക്കുന്നവര്‍ എന്നാണ് പൊതുവേ അര്‍ത്ഥമാക്കാറുള്ളത്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒന്നുംവേണ്ടിയല്ല അവര്‍ സംസാരിക്കുന്നത് എന്നു തോന്നും. ഈ പ്രശ്‌നം ലിബറേഷന്‍ തിയോളജിക്കുമുണ്ട്. യഥാര്‍ത്ഥത്തില്‍ തിയോളജി തന്നെയാണ് ലിബറേഷന്‍ തിയോളജി. ലിബറേഷന്‍ തിയോളജി എന്നു പറയുമ്പോള്‍ അത് മുഖ്യധാരയില്‍ വരുന്ന ഒരു ദാര്‍ശനിക പദ്ധതിയല്ല എന്നു തോന്നും. എന്നാല്‍ ഇന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വരവോടെ അത് ഔപചാരിക ധാരയുടെ ഭാഗമായിത്തന്നെ മാറി. ഒരുകാലത്ത് വിമോചനദൈവശാസ്ത്രത്തെ അങ്ങേയറ്റം എതിര്‍ത്തിരുന്നയാളാണ് അദ്ദേഹം എന്നുകൂടി കണക്കിലെടുക്കണം. 

സഭയിലെ ആണധികാരത്തിന്റെ പ്രശ്‌നത്തിലേക്കു വരാം. ഇപ്പോള്‍ നടന്ന കന്യാസ്ത്രീ സമരം ശരിക്കും പറഞ്ഞാല്‍ സഭയുടെയുള്ളില്‍ ഒരു ആത്മപരിശോധനയ്ക്കും പുനര്‍വിചിന്തനത്തിനും വഴിയൊരുക്കിയിട്ടുണ്ടോ?
കന്യാസ്ത്രീസമരം പരിശുദ്ധാത്മാവിന്റെ ഒരിടപെടലായിട്ടാണ് ഞാന്‍ കാണുന്നത്. സഭയില്‍ തീര്‍ത്തും നിസ്സഹായരായ ഒരു വിഭാഗത്തിന്റെ കരച്ചിലായിട്ടാണ്, പോരാട്ടമായിട്ടാണ് അതിനെ മനസ്സിലാക്കേണ്ടത്. ഈ സമരം യഥാര്‍ത്ഥത്തില്‍ സഭയുടെ ആത്മവിമര്‍ശനത്തിലേക്കു കൂടി വഴിതെളിക്കേണ്ടതായിരുന്നു. ഈ സമരം സഭയുടെ

നവീകരണത്തിനുവേണ്ടിയുള്ള ഒരവസരമാണ് ഒരുക്കിത്തന്നത്. എന്നാല്‍ സഭാനേതൃത്വം നിരന്തരം അതിനെ തള്ളിപ്പറയുകയും സഭയ്ക്കെതിരെയുള്ള നീക്കമായിട്ട് അതിനെ വ്യാഖ്യാനിക്കുകയും ചെയ്തുപോരുന്നതായിട്ടാണ് കാണുന്നത്. യൂറോപ്പിലെ ഒരവസ്ഥ നമുക്കറിയാം. ജനം പള്ളികളിലേക്ക് വരാതായി. ആ അവസ്ഥ കേരളത്തിലുമുണ്ടാകരുത്. കന്യാസ്ത്രീസമരം തന്ന സന്ദേശം സഭ ഒരു ജനാധിപത്യ പ്രക്രിയയിലൂടെ കടന്നുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നു കൂടിയാണ്. ആര്‍ണോള്‍ഡ് ടോയന്‍ബി പറഞ്ഞത് 21 മഹത്തായ സംസ്‌കാരങ്ങളില്‍ 19 എണ്ണം തകര്‍ന്നുപോയത് അവയുടെ ഉള്ളിലെ ജീര്‍ണ്ണതകള്‍ മൂലമാണെന്നാണ്. ആ സംസ്‌കാരങ്ങളുടെ ഗതി സഭയ്ക്കും വന്നുകൂടായ്കയില്ല. അത് ജീര്‍ണ്ണതയ്ക്കും ധാര്‍മ്മികച്യുതിക്കും അടിപ്പെട്ടുപോയിരിക്കുന്നു. അതിനു സ്വയം തിരിച്ചറിയാന്‍ അവസരം കൊടുത്ത ഒന്നായിരുന്നു കന്യാസ്ത്രീ സമരം. വളരെ ജാഗരൂകമായി നമ്മളിലേക്ക് തന്നെ തിരിഞ്ഞ് എവിടെയാണ് പ്രശ്‌നം എന്നു പരിശോധിക്കേണ്ട ഘട്ടമാണിത്. നിര്‍ഭാഗ്യവശാല്‍ ഈ സമരത്തേയും അതുയര്‍ത്തുന്ന ചോദ്യങ്ങളേയും അഭിസംബോധന ചെയ്യുന്നതിനോ അതിനകത്ത് ഒരു ജനാധിപത്യപ്രക്രിയയ്ക്ക് തുടക്കമിടുന്നതിനോ ഇതുവരേയും സഭാനേതൃത്വം തയ്യാറാകുന്നില്ലെന്നതാണ് നാം കാണുന്ന വസ്തുത. സഭയെ മോശമാക്കി കാണിക്കുന്നതിനാണ് സമരമെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം കിട്ടി ഇറങ്ങിയതിനുശേഷം തൃശൂരിലെ കാത്തോലിക്ക സഭ എന്ന പ്രസിദ്ധീകരണം ഫ്രാങ്കോ മുളയ്ക്കലിനു സ്വീകരണം കൊടുക്കുന്ന പടം കൊടുത്തിട്ട് അതിനിടയില്‍ വരവേല്‍ക്കുന്ന ജനത എന്ന് അടിക്കുറിപ്പു കൊടുക്കുന്നു. ഒരു കള്ളക്കേസില്‍പ്പെട്ട് നിരപരാധിത്വം തെളിയിച്ച് ഫ്രാങ്കോ പുറത്തിറങ്ങി എന്ന പ്രതീതിയാണ് ആ പ്രസിദ്ധീകരണം അതുവഴി സൃഷ്ടിക്കാന്‍ ശ്രമിച്ചത്. എത്ര അക്ഷന്ത്യവമാണ് ആ നടപടി! അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്ന് ഇതുവരേയും തെളിയിക്കപ്പെട്ടിട്ടില്ല. സമരം ചെയ്ത കന്യാസ്ത്രീകളെ മുഴുവന്‍ അപഹസിക്കുന്ന നടപടി കൂടിയാണ് സഭയുടെ പ്രസിദ്ധീകരണത്തില്‍നിന്നുണ്ടായത്. പുതിയ കാലത്ത് ചെറുപ്പക്കാരൊക്കെ ഈ വ്യവസ്ഥയെ സൂക്ഷ്മമായി വിലയിരുത്തുകയും പ്രതികരിക്കുകയും ചെയ്തുവരുന്നവരാണ്. അവരൊക്കെ കാലക്രമേണ സഭയെ തള്ളിക്കളയുകയും യൂറോപ്പിലെ അവസ്ഥയിലേയ്ക്ക് പള്ളികള്‍ എത്തിച്ചേരുകയും ചെയ്യും ഈ നിലയ്ക്ക് പോയാല്‍. ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്താതിരുന്നാല്‍. 

എന്നാല്‍ വിശ്വാസി സമൂഹം സഭയുടെ ഈ നിലപാടിനോട് പ്രതികരിക്കുന്നില്ലേ?
ഉണ്ട്. സൂക്ഷ്മമായ ചലനങ്ങളാണ് നമ്മുടെ അല്‍മായ സമൂഹത്തിലുണ്ടാകുന്നത്. ശക്തമായ തിരിച്ചറിവുകള്‍ അവര്‍ക്കുണ്ടാകുന്നുണ്ട്. അത് കുറേശ്ശെ കുറേശ്ശേ പുറത്തുവരുന്നതായി കാണുന്നുണ്ട്. അങ്ങനെ ഒന്നുണ്ടായില്ലെങ്കില്‍ അതിനര്‍ത്ഥം അവര്‍ സഭയെ അവഗണിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ്. യൂറോപ്പിലൊക്കെ സംഭവിച്ചത് അതാണ്. വ്യക്തികളുടെ കാര്യത്തിലായാല്‍പോലും കുറേയൊക്കെ ആദ്യം നമ്മള്‍ ഉപദേശിക്കും. പിന്നെ ആ ഉപദേശം കൊണ്ടു മാറ്റം ഒന്നും ഉണ്ടായില്ലെങ്കില്‍ പിന്നെ ഉപദേശിക്കാന്‍ പോകില്ല. അതുതന്നെയാണ് സഭയുടെ കാര്യത്തിലും ഉണ്ടാകുക. പള്ളിയില്‍ വരണം, അമ്പലത്തില്‍ പോകണം എന്നൊക്കെ ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള കാര്യമൊന്നുമല്ലല്ലോ. 

ഇത് മുതലാളിത്തത്തിന്റെ മൂര്‍ച്ഛയുടെ കാലമാണ്. വ്യക്തിയുടെ ഏകാകിത എന്നത്തെക്കാളുമധികം അനുഭവപ്പെടുന്ന കാലം. ഏതെങ്കിലും നിലയ്ക്ക് മനുഷ്യര്‍ സംഘം ചേര്‍ന്നു നില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നു. അതേസമയം ഇന്ത്യയില്‍ ഇസ്ലാം, ക്രൈസ്തവ മതങ്ങളെയൊക്കെ അപരവല്‍ക്കരിക്കുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ശക്തിപ്പെടുകയും സ്വാധീനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ എന്തു കുഴപ്പമുണ്ടായാലും രക്ഷപ്പെട്ടുപോകാമെന്നായിരിക്കുമോ സഭാനേതൃത്വം കരുതുന്നത്?
അങ്ങനെയാകാം. എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ജീര്‍ണ്ണതയ്ക്ക് അടിപ്പെട്ടിരിക്കുന്നു. അതുകൊണ്ട് വേറൊരിടത്തേക്കും പോകാനില്ലാത്ത ഗതികേടാണ് ഇപ്പോഴുള്ളത് എന്നതുകൊണ്ട് ആളുകള്‍ സഭയില്‍ത്തന്നെ ഉറച്ചുനില്‍ക്കുമെന്നൊക്കെയുള്ള മൂഢവിശ്വാസത്തിലായിരിക്കാം നേതൃത്വം. ഈ വിശ്വാസം നല്‍കുന്ന ധൈര്യം കൊണ്ടായിരിക്കാം സഭാനേതൃത്വം ജയിലില്‍ കിടക്കുന്ന ഫ്രാങ്കോയെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സന്ദര്‍ശിച്ചത്. ജയിലില്‍ പോയി കണ്ടതില്‍ തെറ്റില്ല. പക്ഷേ, അത് മാനസാന്തരപ്പെടുത്താനായിരിക്കണം. ഇങ്ങനെയൊക്കെ ചെയ്യുന്നത് സ്വന്തം അധികാരത്തിനും പദവിക്കുമൊന്നും ഒരു ക്ഷതവുമേല്‍ക്കാന്‍ പോകുന്നില്ല, ഞങ്ങളുടെ കൂടെ ഈ ജനം എന്തെങ്കിലും കാരണംകൊണ്ട് എന്നും ഉണ്ടാകാന്‍ നിര്‍ബന്ധിതരാണ് എന്നൊക്കെയുള്ള ധാരണകൊണ്ടായിരിക്കാം. ഒന്നുകില്‍ ഈ വ്യവസ്ഥയെ തന്നെ മാറ്റേണ്ടിവരും. സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയുണ്ടായപ്പോള്‍ അവിടത്തെ വിശ്വാസികള്‍ ഇടപെട്ടു ആ നടപടി പിന്‍വലിപ്പിച്ചു. ഭൂമി കച്ചവടത്തിന്റെ വിഷയത്തിലായാലും ഫ്രാങ്കോവിന്റെ ബലാത്സംഗ വിഷയത്തിലായാലും ഈ ജനങ്ങള്‍ ഇതെല്ലാം കൃത്യമായി തിരിച്ചറിയുന്നുണ്ട്. ഇന്ന് ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു സമരം നടക്കുന്നുണ്ട്. അത് കന്യാസ്ത്രീ പ്രശ്‌നത്തില്‍ നീതിക്കുവേണ്ടിയുള്ളതാണ്. 

സിറിയന്‍ കാത്തലിക് ചര്‍ച്ചില്‍ ശക്തിപ്പെട്ട വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ കന്യാസ്ത്രീ പ്രശ്‌നത്തേയും ഭൂമി വിവാദത്തേയുമൊക്കെ വായിക്കുന്നവരുണ്ട്. ഈ വായനയില്‍ വല്ല യാഥാര്‍ത്ഥ്യവുമുണ്ടോ?
ഭൂമി തട്ടിപ്പിന്റേയും ബലാത്സംഗത്തിന്റേയും കേസുകളില്‍ അവ സംബന്ധിച്ച ചില കോണുകളില്‍ നിന്നുയരുന്ന പ്രതികരണങ്ങള്‍ ക്രിസ്ത്യന്‍ വര്‍ഗ്ഗീയത കേരളത്തില്‍ എത്രമാത്രം തീവ്രമാണെന്നു സൂചിപ്പിക്കുന്നുണ്ട്. എങ്ങനെയാണ് ബലാത്സംഗം എന്ന ഹീനകൃത്യത്തെ ഇവര്‍ ലിറ്റര്‍ജിക്കല്‍ അല്ലെങ്കില്‍ ആരാധനക്രമ ചര്‍ച്ചകളുമായി ബന്ധപ്പെടുത്തുന്നത്? ഞങ്ങള്‍ ഭൂമി കച്ചവടത്തെക്കുറിച്ചു പറയുമ്പോള്‍ നിങ്ങള്‍ കുര്‍ബാനയെപ്പറ്റി പറയും. മാഫിയാബന്ധത്തെ പറ്റിപ്പറയുമ്പോള്‍ ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച വിവാദത്തില്‍ അത് എത്തിക്കും. എന്തൊരസംബന്ധമാണ്. മതമൗലികവാദികളെല്ലാം എല്ലാവിടെയും എല്ലാക്കാലത്തും ഉപയോഗപ്പെടുത്തുന്ന ഒരു കൗശലമാണിത്. മതമൗലികവാദം എല്ലാ മതങ്ങളിലും വളരെ ശക്തിപ്പെട്ടിരിക്കുന്നു. അതിനു കാരണം മതങ്ങളുടെ ലിബറേഷന്‍ ആസ്പെക്ട് നമ്മള്‍ മറന്നുകളയുന്നതാണ്. യഥാര്‍ത്ഥത്തില്‍ വിമോചനാത്മകമായ ഒരു ആത്മീയതയായിരുന്നു ക്രിസ്തുദര്‍ശനം. ആബാ (പിതാവേ) എന്നാണ് ക്രിസ്തു ദൈവത്തെ വിളിച്ചത്. യഹ്വ എന്നു പറഞ്ഞാല്‍ തലപോകുന്ന അവസ്ഥയായിരുന്നു ഇസ്രയേലിലുണ്ടായിരുന്നത്. അത്ര ഭയം വളര്‍ത്തുന്ന ഒരു സങ്കല്പമായിരുന്ന ദൈവത്തെ നിങ്ങള്‍ ഭയപ്പെടേണ്ട സ്‌നേഹിച്ചാല്‍ മതിയെന്നാണ് ക്രിസ്തു പറഞ്ഞത്. പിതാവേ എന്നു വിളിക്കാനാണ് ക്രിസ്തു തന്റെ ജനങ്ങളെ പഠിപ്പിച്ചത്. ഈയൊരാസ്പെക്ടില്‍നിന്നു മാറി മതത്തെ വെറും ആചാരാനുഷ്ഠാനങ്ങളാക്കി മാറ്റി വ്യവസ്ഥാപിത ക്രിസ്തുമതം. ജീര്‍ണ്ണതയുടെ ആഴമറിയാന്‍ ഇതിലുമപ്പുറമൊന്നും പോകേണ്ട. കുര്‍ബാന എങ്ങനെ ചൊല്ലണം എന്നൊക്കെയാണ് ഇപ്പോഴത്തെ തര്‍ക്കം. പുതിയ കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടത് ക്രൈസ്തവദര്‍ശനത്തിന്റെ വിമോചനസ്വഭാവത്തെ വീണ്ടെടുത്താണ്. വിമോചകനായ ക്രിസ്തുവിലേക്കാണ് തിരിയേണ്ടത്. 

എന്താണ് കന്യാസ്ത്രീ സമരത്തിന്റെ ഭാവി?
കേസിലെ പ്രധാന സാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മരണം സ്വാഭാവികമല്ല. വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം വഹിച്ചിരുന്നയാളാണ്. ഒന്നും ചെയ്യാത്ത ഒരു ഘട്ടത്തിലേക്ക് മാറ്റി. അദ്ദേഹത്തിന് 5000 രൂപ അലവന്‍സ് ഉണ്ടായിരുന്നത് 500 രൂപയാക്കി. മാനസികമായി ഒരുപാട് അദ്ദേഹത്തെ പ്രയാസപ്പെടുത്തിയിട്ടുണ്ട്. താന്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നും ഫോണില്‍ ഉറക്കെ സംസാരിക്കാന്‍ വയ്യെന്നും ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. കാരണം, അദ്ദേഹം താമസിച്ചിടത്തുണ്ടായിരുന്ന ഒരു വൈദികന്‍ ഫ്രാങ്കോയുടെ അടുത്ത അനുയായിയാണ്. ഫ്രാങ്കോ തിരിച്ചുവന്നപ്പോള്‍ മാലയിട്ട് സ്വീകരിച്ചയാളാണ്. വളരെ ഉയര്‍ന്ന മാനസിക സംഘര്‍ഷത്തിലായിരുന്നു ഫാദര്‍ കുര്യാക്കോസ് കാട്ടുതറയെന്ന് വ്യക്തമാണ്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഈ സമരത്തിന്റെ രക്തസാക്ഷി തന്നെയാണ്. ബിഷപ്പ് ഫ്രാങ്കോ കുറ്റവാളിയാണെന്നു ശങ്കയില്ലാത്ത വിധം പറഞ്ഞയാളാണ് കാട്ടുതറ. ഒരു വ്യക്തിയല്ല, ഒരുപാട് സ്ത്രീകള്‍ ഫ്രാങ്കോ തങ്ങളെ പീഡിപ്പിച്ചിട്ടുണ്ടെന്നു തന്നോട് തുറന്നു പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇങ്ങനെ തുറന്നു സംസാരിച്ചത് ഒരുപാട് പ്രകമ്പനങ്ങള്‍ സഭയില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഫ്രാങ്കോവിനെ വൈദികനാകും മുന്‍പേതന്നെ അറിയുന്നയാളാണ്. എന്നാല്‍, കേരളത്തില്‍ ഓരോ കാലത്ത് മാധ്യമശ്രദ്ധ ഓരോ വിഷയത്തിലാണ് എന്നതുകൊണ്ട് ആരും കാട്ടുതറയുടെ മരണം വലിയ ചര്‍ച്ചയാക്കാന്‍ മെനക്കെട്ടില്ല. പ്രധാന സാക്ഷിയായ കാട്ടുതറയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ സാഹചര്യത്തെളിവുകള്‍ തന്നെ മുന്‍നിര്‍ത്തിത്തന്നെ ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കേണ്ടതാണ്. 

ഭരണകൂടവും മതാധികാരവും തമ്മില്‍ ഒരു ഒത്തുകളി കന്യാസ്ത്രീ പീഡനക്കേസില്‍ ഉണ്ടായിട്ടുണ്ടോ?
എന്തുകൊണ്ടാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് നീണ്ട കാലയളവിനുശേഷം മാത്രം കുറ്റാരോപിതനെ അറസ്റ്റു ചെയ്തത്. 84 ദിവസത്തിനു ശേഷമാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ മുന്‍പെങ്ങും അങ്ങനെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ജസ്റ്റിസ് കമാല്‍ പാഷ വളരെ വ്യക്തമായി സമരപ്പന്തലില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. എന്തുകാരണം കൊണ്ടായാലും ഭരണകൂടം വേണ്ട നടപടികളിലേക്ക് കടക്കാന്‍ വൈകി. സാമൂഹിക സമ്മര്‍ദ്ദമെന്ന ഭയമോ, അങ്ങനെ എന്തിനെ മുന്‍നിര്‍ത്തിയുമാകട്ടെ, നീതി വൈകിക്കുന്നത് നീതിനിഷേധത്തിനു തുല്യമാണ്. ഈ സാഹചര്യത്തില്‍ മതാധികാരവും ഭരണകൂടവും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടോ എന്നു സംശയിച്ചുപോയാല്‍ കുറ്റപ്പെടുത്താനൊക്കില്ല. മലപ്പുറത്ത് സിനിമാ തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലീസില്‍ വിവരമറിയിക്കാന്‍ വൈകി എന്ന കാരണം പറഞ്ഞാണ് തിയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്തത്. എന്നാല്‍, ഇത്ര വലിയ ആരോപണമുണ്ടായ കുറ്റവാളിയെ എത്ര വൈകിയാണ് അറസ്റ്റ് ചെയ്തത്. മതഭേദമില്ലാതെ പൊതുസമൂഹം ഈ പ്രശ്‌നത്തില്‍ സമരക്കാരെ പിന്തുണച്ചതുകൊണ്ടു മാത്രമാണ് അറസ്റ്റു ചെയ്തത്. 
അടിസ്ഥാനപരമായി നമ്മുടെ വ്യവസ്ഥയുടെ ജീര്‍ണ്ണതയാണ് ഇതിലെല്ലാം പ്രതിഫലിക്കുന്നത്. മതസ്ഥാപനങ്ങളില്‍ ദുരൂഹ മരണങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍പോലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ നയിക്കുന്ന സര്‍ക്കാരുകള്‍ക്ക് അവരെ തൊടാന്‍ പേടിയാണ്. കന്യാസ്ത്രീ പീഡനം പോലുള്ള പ്രശ്‌നങ്ങളില്‍ നീതി ഉറപ്പുവരുത്താന്‍ കഴിയുന്നുവെന്ന് വന്നാല്‍ അതിനര്‍ത്ഥം പൊതുസമൂഹത്തിന്റെ, ജനാധിപത്യക്രമത്തിന്റെ നവീകരണമാണ് നടക്കുന്നത് എന്നാണ്. കന്യാസ്ത്രീസമരമായാലും ശബരിമല വിഷയമായാലും ഇത്തരം വിഷയങ്ങള്‍ പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങളാണ്. 
ഫാ. അഗസ്റ്റിന്‍ വട്ടോളി/ മെല്‍ട്ടണ്‍ ആന്റണി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com