പാകിസ്താനിലെ ആസിയ ബീബി വിധി

പാകിസ്താന്റെ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലാണ് കഴിഞ്ഞ ഒക്ടോബര്‍ 31-ന് ആ രാജ്യത്തെ പരമോന്നത ന്യായാസനത്തില്‍നിന്നു പുറപ്പെട്ട വിധി പ്രസ്താവം.
പാകിസ്താനിലെ ആസിയ ബീബി വിധി

പാകിസ്താന്റെ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലാണ് കഴിഞ്ഞ ഒക്ടോബര്‍ 31-ന് ആ രാജ്യത്തെ പരമോന്നത ന്യായാസനത്തില്‍നിന്നു പുറപ്പെട്ട വിധി പ്രസ്താവം. മതനിന്ദ ആരോപിക്കപ്പെട്ട ഒരു പാവം സ്ത്രീക്ക് 2010-ല്‍ വിചാരണക്കോടതി വധശിക്ഷ വിധിക്കുകയും 2014-ല്‍ ലാഹോര്‍ ഹൈക്കോടതി അത് ശരിവെക്കുകയും ചെയ്തിരുന്നു. ഇരുകോടതികളുടേയും വിധി തീര്‍പ്പ് റദ്ദ് ചെയ്തുകൊണ്ട് ബന്ധപ്പെട്ട സ്ത്രീയെ കുറ്റവിമുക്തയാക്കുകയാണ് ഇപ്പോള്‍ സുപ്രീംകോടതി ചെയ്തിരിക്കുന്നത്.

ആസിയ നൊറീന്‍ എന്ന ആസിയ ബീബിയില്‍ മതനിന്ദക്കുറ്റം ആരോപിക്കപ്പെടുന്നത് 2009-ലാണ്. പാകിസ്താനിലെ ഏറ്റവും ചെറിയ ന്യൂനപക്ഷമായ ക്രൈസ്തവ സമുദായത്തില്‍പ്പെട്ട, കര്‍ഷകത്തൊഴിലാളിയായ ബീബിക്കെതിരെ ഇസ്ലാം മതനിന്ദ ആരോപിച്ചത് അവരോടൊപ്പം തൊഴില്‍ ചെയ്യുന്ന മുസ്ലിം സ്ത്രീകളായിരുന്നു. ഇരുകൂട്ടരും തമ്മില്‍, വെള്ളം കുടിക്കാനുപയോഗിക്കുന്ന ഗ്ലാസ്സിനെച്ചൊല്ലിയുണ്ടായ വാക്തര്‍ക്കത്തില്‍ ആസിയ പ്രവാചകന്‍ മുഹമ്മദിനെ നിന്ദിക്കുംവിധം സംസാരിച്ചു എന്ന് മറുപക്ഷം ആരോപിച്ചു. കേസെടുക്കാന്‍ വൈകിയില്ല. 'പ്രതി' താന്‍ ചെയ്തിട്ടില്ലാത്ത അപരാധത്തിന്റെ പേരില്‍ എട്ടുവര്‍ഷക്കാലം തടവറയില്‍ നരകജീവിതം നയിക്കേണ്ടി വന്നു.

ആസിയ ബീബിക്കെതിരെ ചുമത്തപ്പെട്ട മതനിന്ദക്കുറ്റം കുടുംബിനിയും അഞ്ചുകുട്ടികളുടെ മാതാവുമായ ആ മധ്യവയസ്‌കയെ മാത്രമല്ല പ്രതികൂലമായി ബാധിച്ചത്. പഞ്ചാബ് പ്രവിശ്യയുടെ ഗവര്‍ണറായിരുന്ന സല്‍മാന്‍ തസീറിനും പാകിസ്താനിലെ ന്യൂനപക്ഷ ക്ഷേമവകുപ്പു മന്ത്രിയും ക്രിസ്തുമത വിശ്വാസിയുമായ ക്ലെമന്റ് ഷാബാസ് ഭട്ടിക്കും അതിന്റെ പേരില്‍ ജീവന്‍ തന്നെ ബലികൊടുക്കേണ്ടിവന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരാശ്രയയായ ആസിയ ബീബിയോട് അനുഭാവം പ്രകടിപ്പിക്കുകയും രാജ്യത്ത് നിലവിലുള്ള മതനിന്ദാനിയമത്തിന്റെ കാലഹരണം എടുത്തുകാട്ടുകയും അത് പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് കൈചൂണ്ടുകയും ചെയ്തതിന്റെ പേരിലാണ് തസീറും ഭട്ടിയും മതമൗലിക-തീവ്രവാദ പ്രസ്ഥാനങ്ങളുടെ കാപാലികരാല്‍ നിഷ്ഠുരം കൊല്ലപ്പെട്ടത്.

തസീറിനെ വധിച്ചത് സ്വന്തം അംഗരക്ഷകന്‍ കൂടിയായ മുംതസ് ഖാദ്രി എന്ന ഇസ്ലാമിസ്റ്റ് തീവ്രവാദിയായിരുന്നു. ഷാബാസ് ഭട്ടിയെ കൊല ചെയ്തതാകട്ടെ, 'തെഹ്രീകെ താലിബാന്‍' എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തകരും. ഇരുവരുടേയും ഘാതകരെ വീരപുരുഷന്മാരായി അവതരിപ്പിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്തു ഇസ്ലാമിസ്റ്റ് വലതുപക്ഷം. മനുഷ്യഹത്യയാണ് ഏറ്റവും വലിയ മതാത്മക പുണ്യകര്‍മ്മം എന്ന അതിനീച സന്ദേശം നല്‍കുംവിധമായിരുന്നു അവരുടെ വാക്കുകളും കര്‍മ്മങ്ങളുമെല്ലാം. തന്നെ അപഹസിക്കുകയോ നിന്ദിക്കുകയോ ചെയ്തവരെ വെറുതെ വിട്ട പാരമ്പര്യമാണ് മുഹമ്മദ് നബിക്കുണ്ടായിരുന്നതെന്നു വെളിപ്പെടുത്തുന്ന പുസ്തകങ്ങള്‍ പല മുസ്ലിം സംഘടനകളും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും തസീറിനേയും ഭട്ടിയേയും കൊന്നുതള്ളിയ 'ഇസ്ലാമിസ്റ്റ് യോദ്ധാക്കള്‍' അതൊന്നും കണക്കിലെടുത്തതേയില്ല.

ഇസ്ലാംമതത്തിന്റെ പേരില്‍ മനുഷ്യവേട്ടയിലും നരഹത്യയിലും അഭിരമിക്കാന്‍ പാകിസ്താനില്‍ തീവ്രവാദികള്‍ക്ക് നിയമപരമായ സൗകര്യങ്ങള്‍ നല്‍കപ്പെട്ടത് 1980-കളില്‍ ജനറല്‍ സിയാവുല്‍ ഹഖിന്റെ സൈനിക സ്വേച്ഛാധിപത്യ കാലത്താണ്. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെ എല്ലാ മുസ്ലിം മതമൗലിക, തീവ്രവാദ പ്രസ്ഥാനങ്ങളേയും വഴിവിട്ട് സുഖിപ്പിക്കുന്ന നിലപാടായിരുന്നു എവ്വിധവും അധികാരത്തില്‍ തുടരുക എന്ന ഏക ലക്ഷ്യമുള്ള ഹഖ് അനുവര്‍ത്തിച്ചത്. പാകിസ്താന്‍ ശിക്ഷാനിയമത്തില്‍ മതനിന്ദയുമായി ബന്ധപ്പെട്ട 295-ാം വകുപ്പില്‍ മതഭ്രാന്തര്‍ക്ക് രുചിക്കുംവിധമുള്ള ഭേദഗതികളുണ്ടായത് അദ്ദേഹത്തിന്റെ കാലത്താണ്. സുന്നി ഇസ്ലാമുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രമുഖരെ അപഹസിക്കുന്നതിനു മൂന്നു വര്‍ഷം തടവും ഖുര്‍ആനെയോ പ്രവാചകനെയോ അവഹേളിക്കുന്നതിന് വധശിക്ഷയും ഉറപ്പാക്കുമാറ് ശിക്ഷാനിയമത്തില്‍ മാറ്റങ്ങള്‍ വരുത്തപ്പെട്ടു.

മതനിന്ദാനിയമം പല രാജ്യങ്ങളിലും നിലവിലുണ്ടെങ്കിലും അതിന്റെ പ്രയോഗത്തില്‍ അതീവ കാര്‍ക്കശ്യം പുലര്‍ത്തുന്ന രാജ്യങ്ങള്‍ പ്രായേണ കുറവാണ്. പാകിസ്താനില്‍ മറിച്ചാണ് സ്ഥിതി. മതനിന്ദക്കുറ്റം ചുമത്തി പൗരന്മാരെ ഇത്രയേറെ വേട്ടയാടുകയും ദ്രോഹിക്കുകയും ചെയ്ത രാഷ്ട്രങ്ങള്‍ വേറെ അധികമുണ്ടാവില്ല. 1987 തൊട്ട് 2014 വരെയുള്ള കാലയളവില്‍ ആ രാഷ്ട്രത്തില്‍ 1300-ലേറെ പേര്‍ക്കെതിരെ മതനിന്ദക്കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്. നിയമവ്യവസ്ഥാ ബാഹ്യമായി 1990-നുശേഷം മതനിന്ദ ആരോപിച്ച് 62 പേരെ അവിടെ ആള്‍ക്കൂട്ടം കൊന്നുതള്ളിയതായാണ് കണക്ക്. 'മതസംരക്ഷണ'ത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകളുടെ കാര്യത്തില്‍ പാകിസ്താന്‍ ഒട്ടും പിന്നിലല്ല എന്നര്‍ത്ഥം.

ആസിയ ബീബി കേസില്‍ വിധി പ്രസ്താവിക്കുന്ന ദിവസം കോടതി പരിസരം മതാന്ധരായ തീവ്രവാദികളാല്‍ വളയപ്പെട്ടിരുന്നു. വിധി പുറത്തുവരും മുന്‍പേ അവര്‍ അട്ടഹസിച്ചുകൊണ്ടിരുന്നത് 'പ്രവാചകനെ നിന്ദിച്ച ആസിയ ബീബിയെ കൊല്ലുക' എന്നാണ്. തങ്ങളുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി പരമോന്നത നീതിപീഠം ബീബിയെ കുറ്റവിമുക്തയാക്കിയപ്പോള്‍, സ്വതന്ത്ര നീതിന്യായവിചാരത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും പുല്ലുവില കല്‍പ്പിക്കാത്ത മതോന്മാദികള്‍ രാജ്യത്തുടനീളം ഉറഞ്ഞുതുള്ളി. പാതകളും തെരുവുകളും കയ്യടക്കി അവര്‍ ജനജീവിതം സ്തംഭിപ്പിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന ആ പ്രക്ഷോഭവൈകൃതത്തിനു നേതൃത്വവും ഊര്‍ജ്ജവും നല്‍കിയത് ഒന്നിലേറെ സംഘടനകളാണ്.

അവയില്‍ പ്രധാനപ്പെട്ട ഒരു സംഘടനയത്രേ 'തെഹ്രീകെ ലബ്ബെയ്ക് പാകിസ്താന്‍' (ടി.എല്‍.പി). ഖാദിം ഹുസൈന്‍ റിസ്വി എന്ന പുരോഹിതനാല്‍ നയിക്കപ്പെടുന്ന ആ സംഘടനയോടൊപ്പം ജമാഅത്തെ ഇസ്ലാമിയും കോടതിവിധിക്കെതിരെ, ആസിയ ബീബിയുടെ വധശിക്ഷയ്ക്കുവേണ്ടി രംഗത്തിറങ്ങി. ഗ്രന്ഥകാരിയും പാക് ദേശീയ അസംബ്ലിയുടെ മുന്‍ അംഗവുമായ ഫറഹ്നാസ് ഇസ്പഹാനി എഴുതിയത് ശ്രദ്ധിക്കാം: ''തെഹ്രീകെ ലബ്ബെയ്ക്കിനെപ്പോലെ ജമാഅത്തെ ഇസ്ലാമിയുടെ ശക്തമായ സാന്നിധ്യവും തെരുവുകളിലുണ്ടായിരുന്നു. അംഗങ്ങളോട് ഇസ്ലാമാബാദിലെത്തി വിധിക്കെതിരെ ശബ്ദമുയര്‍ത്താന്‍ സംഘടന ആഹ്വാനം ചെയ്തു.'' (ദ ഹിന്ദു, 03-11-2018). സുപ്രീംകോടതി വിധിയില്‍ രോഷം പൂണ്ട് തെരുവിലിറങ്ങിയ മറ്റൊരു സംഘടന ഹാഫിസ് സഈദിന്റെ നേതൃത്വത്തിലുള്ള 'ജമാഅത്തു ദഅ്വ'യായിരുന്നു.

മതമൗലിക-തീവ്രവാദ സംഘടനകളുടെ നേതാക്കള്‍ തെരുവുയുദ്ധങ്ങള്‍ക്കുള്ള ആഹ്വാനം പുറപ്പെടുവിക്കുക മാത്രമല്ല ചെയ്തത്. കേസില്‍ വിധിപറഞ്ഞ ചീഫ് ജസ്റ്റിസ് മിയാന്‍ സാഖിബ് നിസാര്‍ ഉള്‍പ്പെടെ മൂന്നു ന്യായാധിപന്മാരും 'വധം അര്‍ഹിക്കുന്നു' എന്നവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. തെളിച്ചു പറഞ്ഞാല്‍, ആസിയ ബീബിയെ കുറ്റവിമുക്തയാക്കിയ ന്യായാധിപരെ വകവരുത്താനുള്ള ഉത്തരവ് അനുയായികള്‍ക്ക് നല്‍കുകയാണ് ഇസ്ലാമിന്റെ നേതൃത്വം ചെയ്തത്. വധഭീഷണിയെത്തുടര്‍ന്നു ബന്ധപ്പെട്ട ന്യായാധിപന്മാരും ബീബിയുടെ കേസ് വാദിച്ച സെയ്ഫുല്‍ മലൂക് എന്ന അഭിഭാഷകനും ഒളിവില്‍ പോയതായി ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പാകിസ്താനിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും ക്രൈസ്തവരും സിഖുകാരും അഹമ്മദിയ്യ മുസ്ലിങ്ങളും വര്‍ഷങ്ങളായി ജീവിക്കുന്നത് ഇസ്ലാമിസ്റ്റ് സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണികളുടേയും ഭീതിയുടേയും കരിനിഴലിലാണ്. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ സൗത്ത് ഏഷ്യ ഡെപ്യൂട്ടി ഡയറക്ടറായ ഉമര്‍ വറായ്ക് നിരീക്ഷിക്കുന്നതുപോലെ, വസ്തുതകളുടേയോ തെളിവുകളുടേയോ യാതൊരു പിന്‍ബലവുമില്ലാതെ നിരപരാധികളായ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും മുഖ്യധാരയില്‍ത്തന്നെയുള്ള ലിബറല്‍ ചിന്താഗതിക്കാര്‍ക്കുമെതിരെ മതനിന്ദയാരോപിച്ച് കേസെടുക്കാനും ദ്രോഹിക്കാനും കൊല്ലാനുമുള്ള കാലാവസ്ഥ 'വിശുദ്ധരുടെ നാടാ'യ പാകിസ്താനില്‍ 2018-ലും തുടരുന്നു.
ഭയാനകമായ ഈ സ്ഥിതിവിശേഷം നിലനിര്‍ത്തുന്നതില്‍ മതതീവ്രവാദ സംഘടനകള്‍ക്ക് മാത്രമല്ല, സൈനിക  മേധാവിത്വത്തിനും രാഷ്ട്രീയ നേതൃത്വത്തിനും പങ്കുണ്ട്. സ്വതാല്‍പ്പര്യ സംരക്ഷണാര്‍ത്ഥം പട്ടാളമേധാവികളും രാഷ്ട്രീയ നായകരും മതമൗലിക പ്രസ്ഥാനങ്ങളെ ഉപയോഗിച്ചു പോന്നതാണ് ചരിത്രം. പലപ്പോഴും കോടതികള്‍ക്ക് അവരെ പിന്താങ്ങേണ്ടിവന്നിട്ടുമുണ്ട്. ഏതെങ്കിലും രാഷ്ട്രീയ നേതാവ് മതദുര്‍വാശിക്കാര്‍ക്കെതിരെ നിലപാടെടുത്താല്‍ അതിനെതിരെ സേനാമേധാവികള്‍ കളത്തിലിറങ്ങിയതും കോടതി അവര്‍ക്ക് വഴങ്ങിയതും പാക് ചരിത്രത്തില്‍ കാണാവുന്നതാണ്. 2010-ല്‍ അന്നത്തെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി തന്റെ ഔദ്യോഗിക അധികാരം ഉപയോഗിച്ച് ആസിയ ബീബിക്ക് മാപ്പു നല്‍കാന്‍ മുന്നോട്ടു വന്നിരുന്നു. പക്ഷേ, ലാഹോര്‍ ഹൈക്കോടതി അദ്ദേഹത്തെ വിലക്കി. സര്‍ദാരിക്ക് നിസ്സഹായനായി പിന്മാറാനേ സാധിച്ചുള്ളൂ.

ആസിയ ബീബി വിധിക്കുശേഷവും തീവ്രവാദികള്‍ തീരുമാനിക്കുംവിധം കാര്യങ്ങള്‍ മുന്നോട്ട് പോകുന്ന ദുരവസ്ഥ തന്നെയാണ് വിശുദ്ധരുടെ നാട്ടില്‍ കാണുന്നത്. സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുന്നതിന് സര്‍ക്കാര്‍ തടസ്സം നില്‍ക്കില്ലെന്നും ആസിയ രാജ്യം വിട്ടുപോകുന്നത് തടയുമെന്നും ഭരണകൂടം തീവ്രവാദികള്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്നു. അതിനര്‍ത്ഥം ആസിയ ബീബിക്ക് കോടതി മുഖേന വധശിക്ഷ ഉറപ്പാക്കുകയോ അതല്ലെങ്കില്‍ ആ പാവം സ്ത്രീയെ തെരുവിലിട്ട് തല്ലിക്കൊല്ലാന്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് അവസരം നല്‍കുകയോ ചെയ്യുന്നതില്‍ സര്‍ക്കാരിന് വിസമ്മതമില്ല എന്നാണ്.

ഇസ്ലാം മതം ഉദ്‌ഘോഷിക്കുന്ന മാനവ സാഹോദര്യത്തെക്കുറിച്ചും നീതിബോധത്തെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചും വാചാലരാകുന്ന നമ്മുടെ നാട്ടിലെ ഇസ്ലാമിക സംഘടനകള്‍ ആസിയ ബീബി ദുരതത്തെക്കുറിച്ചോ പാകിസ്താനിലെ പരമോന്നത കോടതിവിധിയിലടങ്ങിയ പുരോഗാമിത്വത്തെക്കുറിച്ചോ മൗനം ദീക്ഷിക്കുകയാണ് പൊതുവേ ചെയ്തത്. ഇന്നാട്ടിലെ മുസ്ലിം ന്യൂനപക്ഷത്തിനു നേരെയുള്ള ക്രൂരതകളും ആള്‍ക്കൂട്ടക്കൊലകളും അക്കമിട്ടു നിരത്തുന്ന അവര്‍ പാകിസ്താനിലെ അമുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ടക്കൊലകളടക്കമുള്ള കൊടും ഹിംസ കണ്ടില്ലെന്നു നടിക്കുന്നു. ആസിയ ബീബി വധം അര്‍ഹിക്കുന്നു എന്നുതന്നെയാണ് അവരും കരുതുന്നത് എന്നുവേണം അവരുടെ പ്രതികരണമില്ലായ്മയില്‍നിന്നു മനസ്സിലാക്കാന്‍. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയിലെന്ന പോലെ പാകിസ്താനിലും നീതി ലഭിക്കണമെന്നു ഉച്ചത്തില്‍ വിളിച്ചുപറയാന്‍ ഈ രാജ്യത്തെ ഇസ്ലാമിസ്റ്റ് സംഘടനകള്‍ എന്നെങ്കിലും മുന്നോട്ട് വരുമോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com