വെള്ളത്തെ കീഴ്പെടുത്തിയ മനുഷ്യര്‍ഒരു കുട്ടനാടന്‍ ചരിത്രം

വെള്ളത്തെ തന്റെ വരുതിക്ക് നിര്‍ത്തുക എന്നുള്ളത് എന്നും മനുഷ്യന്റെ ഒരു പ്രധാന ആവശ്യവും ആഗ്രഹവുമാണ്.
വെള്ളത്തെ കീഴ്പെടുത്തിയ മനുഷ്യര്‍ഒരു കുട്ടനാടന്‍ ചരിത്രം


    
വെള്ളത്തെ തന്റെ വരുതിക്ക് നിര്‍ത്തുക എന്നുള്ളത് എന്നും മനുഷ്യന്റെ ഒരു പ്രധാന ആവശ്യവും ആഗ്രഹവുമാണ്. വെള്ളത്തെ തനിക്ക് വേണ്ടതുപോലെ ഉപയോഗിച്ചാണ് മനുഷ്യന്‍ ഈ ഭൂമിയില്‍ എല്ലാം കെട്ടിപ്പടുത്തത്. സിന്ധുനദീതട സംസ്‌കാരത്തിലെ ജലനിയന്ത്രണ വിദ്യകളുടെ അവശേഷിപ്പുകള്‍ ഇന്നും നമുക്ക് അത്ഭുതമായി നില്‍ക്കുന്നു. എല്ലാ ജനതയ്ക്കും അവരുടേതായ ജലനിയന്ത്രണ മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍, ചിലപ്പോഴൊക്കെ ജലം മനുഷ്യ നിയന്ത്രണത്തിനതീതമായി ആ ജനതയെത്തന്നെ ഇല്ലാതാക്കിയിട്ടുമുണ്ട്. സിന്ധുനദീതട സംസ്‌കാരത്തിന്റെ തകര്‍ച്ചയ്ക്കുള്ള കാരണമായി പറയുന്ന വാദങ്ങളില്‍ ഒന്ന് വലിയ വെള്ളപ്പൊക്കമാണ്. 
    

ഇക്കഴിഞ്ഞ കാലവര്‍ഷവും പ്രളയവും തകര്‍ത്തെറിഞ്ഞ കേരളം പതിയെപ്പതിയെ അതില്‍നിന്നും കരേറിക്കൊണ്ടിരിക്കുന്നു. പ്രളയബാധിത മേഖലകള്‍ എല്ലാം ഏറെക്കുറെ പുതുജീവിതത്തിനുവേണ്ടിയുള്ള തിരക്കിലായിക്കഴിഞ്ഞു. ഇത് ഒരു തിരിഞ്ഞുനോട്ടത്തിനുള്ള സമയമാണ്. നിരവധി കാരണങ്ങളും വാദങ്ങളും ഇതിനോടകം തന്നെ ഉയര്‍ന്നുവന്നു. എന്നാല്‍, കുറ്റപ്പെടുത്തലുകള്‍ക്ക് അപ്പുറം ചില പാഠങ്ങള്‍ നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. അത് വികസനത്തെക്കുറിച്ചും അതുമൂലം നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെക്കുറിച്ചും ആകണം. 
    

നാം എങ്ങനെയാണ് വെള്ളത്തെ പരിഗണിച്ചത്? വെള്ളം ഏറ്റവും കൂടുതല്‍ തകര്‍ത്തെറിഞ്ഞ പ്രദേശങ്ങളില്‍ ഒന്നായ കുട്ടനാടിന്റെ ചരിത്രത്തെ മുന്‍നിര്‍ത്തി, പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ തിരുവിതാംകൂര്‍ എങ്ങനെയാണ് വെള്ളത്തെ പരിഗണിച്ചിരുന്നത് എന്നു മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
    

കുട്ടനാടിന്റെ ഭൂപടം മാറ്റിവരച്ചപ്പോള്‍
പ്രളയബാധിത മേഖലകള്‍ എല്ലാം ഏറെക്കുറെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയപ്പോഴും കുട്ടനാട്ടില്‍ അത് സാധിച്ചില്ല. ഭൂമിശാസ്ത്ര പ്രത്യേകതകളെ പരിഗണിക്കാതെ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ മനുഷ്യ ഇടപെടലുകലാണ് അതിനു കാരണം. സമുദ്രനിരപ്പിലും താഴെ സ്ഥിതിചെയ്യുന്നു എന്നുള്ളതായിരുന്നു ഏറ്റവും അധികം പരിഗണിക്കേണ്ടിയിരുന്നത്. 
    

ഇതിനോടകം തന്നെ വിവിധ ഇടങ്ങളില്‍നിന്നും കുട്ടനാടിനെപ്പറ്റിയുള്ള നിരവധി ചര്‍ച്ചകളും എഴുത്തുകളും ധാരാളം ഉണ്ടായി. വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാവുകയും ചെയ്തു. തിരുവിതാംകൂറിന്റെയോ കേരളത്തിന്റെയോ ചരിത്രം പരിശോധിച്ചാല്‍ കുട്ടനാട് എന്ന ഈ ഭൂപ്രദേശം എന്നും വളരെ പ്രാധാന്യം നിറഞ്ഞ ഇടമായിരുന്നു എന്ന് കാണാനാകും. 
    

കുട്ടനാടിനെക്കുറിച്ചുള്ള പരിസ്ഥിതി ചര്‍ച്ചകളില്‍ കൂടുതലും ഇന്നുള്ള കുട്ടനാടിന്റെ അവസ്ഥയെ കേന്ദ്രീകരിച്ചാണ് ഉണ്ടാകാറുള്ളത്. ഇന്നത്തെ പരിസ്ഥിതി പ്രശ്‌നങ്ങളുടെ മൂലകാരണം പ്രകൃതിയുടെമേല്‍ ഉള്ള മനുഷ്യന്റെ ഇടപെടല്‍ തന്നെയാണ് എന്നുള്ളതില്‍ തര്‍ക്കമില്ല. വികസന ഇടപെടലുകളും മുതലാളിത്ത ചൂഷണവുമൊക്കെ പ്രകൃതിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച കുട്ടനാടിന്റെ പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ബഹുഭൂരിപക്ഷം ചര്‍ച്ചകളും എഴുത്തുകളും വിശകലനം ചെയ്യുന്നത് അന്‍പതുകള്‍ക്ക് ശേഷമുള്ള കുട്ടനാടിനെയാണ്. തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട്, ഹരിത വിപ്ലവം തുടങ്ങി സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകളും പിന്നെ ഒളിഞ്ഞും പാത്തും ജനങ്ങള്‍ നടത്തിയ കായല്‍ കയ്യേറ്റങ്ങളും നിലംനികത്തലും, വെള്ളച്ചാലുകളെ മുറിച്ചുമാറ്റിക്കൊണ്ട് വന്ന റോഡുകളും റിസോര്‍ട്ടുകളും എല്ലാമായി കുട്ടനാടിന്റെ ഭൂപടത്തെത്തന്നെ മാറ്റിയ ഇടപെടലുകളെക്കുറിച്ചുമാണ്. 

കുട്ടനാടിന്റെ പരിസ്ഥിതിസംബന്ധമായ ചിന്തകളെ മുന്‍നിറുത്തി ഉള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നത് എണ്‍പതുകളോടുകൂടി ഉണ്ടായ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇടപെടലുകളാണ്. കുട്ടനാട് എന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരു പഠനപ്രദേശം ആയിരുന്നു. രാഷ്ട്രീയവും സാംസ്‌കാരികവും ഭൗമശാസ്ത്രവും ജീവശാസ്ത്രവും ഒക്കെയായി നിരവധി പഠനങ്ങളും ഇടപെടലുകളും ഒക്കെ ഉണ്ടാകുമ്പോഴും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കായലുകളെക്കുറിച്ചും മാറുന്ന കുട്ടനാടിനെക്കുറിച്ചും സാധാരണക്കാര്‍ക്ക് മുന്നറിയിപ്പും ബോധവല്‍ക്കരണവും കൊടുത്തത് പരിഷത്തിന്റെ പഠനങ്ങളും ഇടപെടലുകളുമായിരുന്നു. കര്‍ഷകനായ ജോണ്‍ അബ്രഹാമിന്റെ 'കുട്ടനാട്', ബാബു അമ്പാട്ടിന്റെ 'കുട്ടനാട് മിഥ്യയും യാഥാര്‍ത്ഥ്യവും' തുടങ്ങി പിന്നീട് വന്ന രവിവര്‍മ്മ തമ്പുരാന്റെ 'കുട്ടനാട് കണ്ണീര്‍ത്തടം', എന്‍.സി. നാരായണന്റെ അക്കാദമിക പഠനമായ 'എഗസിന്റ് ദ ഗ്രയിന്‍' തുടങ്ങി അനേകം കൃതികളൊക്കെയും കുട്ടനാടിന്റെ പാരിസ്ഥിതിക വിഷയങ്ങളാണ് മുന്നോട്ടുവച്ചത്. നിരവധി  ആനുകാലിക ലേഖനങ്ങളും കുറിപ്പുകളും ചര്‍ച്ചകളും സെമിനാറുകളും ഉണ്ടായിട്ടുമുണ്ട്. പൊതുവെ ഈ പഠനങ്ങളൊക്കെ മുന്‍പ് സൂചിപ്പിച്ചപോലെ അന്‍പതുകള്‍ക്ക് ശേഷമുണ്ടായിട്ടുള്ള കുട്ടനാടിനെയാണ് മനസ്സിലാക്കാന്‍ ശ്രമിച്ചിരിക്കുന്നത്. അതിനു മുന്‍പുള്ള കുട്ടനാടിനെ കുറഞ്ഞ വാക്കുകളില്‍ പരാമര്‍ശിക്കുകയോ അല്ലെങ്കില്‍ കേരളത്തിലെ നിലമുണ്ടാക്കലുകളെക്കുറിച്ച് വി.ആര്‍. പിള്ളയും പി.ജി.കെ പണിക്കരും ചേര്‍ന്നെഴുതിയ 'ലാന്‍ഡ് റിക്ലമേഷന്‍ ഇന്‍ കേരള' (Land Reclamation in Kerala) എന്ന കൃതിയെ ഉദ്ധരിക്കുകയോ ആണ് ചെയ്യാറുള്ളത്. അതിന്റെ കാരണം കായല്‍നിലം  നിര്‍മ്മിക്കല്‍ അഥവാ കായല്‍കുത്ത് എന്നുള്ളതിനെക്കുറിച്ച് നിലവിലുള്ള ധാരണകളെ അംഗീകരിക്കുകയോ അല്ലെങ്കില്‍ അന്ധമായി പിന്തുടരുകയോ ആണ് ഉണ്ടായത് എന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് വികസനത്തിനുവേണ്ടി പരിസ്ഥിതിക്ക് വിഘാതം വരുത്തുന്ന മനുഷ്യഇടപെടലുകള്‍ വളരെയധികമായി പ്രത്യക്ഷപ്പെട്ടത്. അതിനാലാകണം കുട്ടനാടിന്റെ പരിസ്ഥിതി പഠനങ്ങളില്‍ കൂടുതലും അന്‍പതുകള്‍ക്ക് ശേഷമുള്ള പ്രശ്‌നങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍, എന്നു മുതലാണ് കുട്ടനാടിനെ മാറ്റിമറിച്ച വികസന നശീകരണം ആരംഭിച്ചത്? അന്‍പതുകള്‍ക്ക് ശേഷം മാത്രമാണോ?


കുട്ടനാടിനെ മാറ്റിമറിച്ച മനുഷ്യ ഇടപെടലിന്റെ ചരിത്രം തേടിയാല്‍ അത്, പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആരംഭിച്ച കായല്‍കൃഷിയില്‍നിന്നും തുടങ്ങുന്നതായി കാണാനാവും. അതിനു മുന്‍പും നിലം നികത്തിയും തീരപ്രദേശങ്ങളിലെ വെള്ളം ഇറക്കിയും കൃഷിയും നിലമുണ്ടാക്കലുകളും നടന്നിട്ടുണ്ട്. എന്നാല്‍ ഒരു പ്രത്യേക പദ്ധതിയായി പ്രത്യേക ഉദ്ദേശ്യത്തോടുകൂടി ഇത്രയധികം നിലം കായലില്‍നിന്നും കുത്തിയെടുക്കുന്നത് കായല്‍കൃഷി പദ്ധതിയുടെ ഭാഗമായാണ്. മുന്‍പ് പരാമര്‍ശിച്ച 'ലാന്‍ഡ് റിക്ലമേഷന്‍ ഇന്‍ കേരള' എന്ന പഠനത്തില്‍ കുട്ടനാട്ടിലെ നിലം വീണ്ടെടുക്കലിനെ രണ്ടായി തിരിക്കുന്നുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ വേമ്പനാട് കായലിന്റെ ആഴങ്ങളില്‍ തുടങ്ങിയവയെ പുതിയ നിലമെടുക്കലെന്നും (New Reclamations) അതിനു മുന്‍പ് വേമ്പനാടിന്റെ തീരപ്രദേശങ്ങളില്‍നിന്നും നികത്തിയെടുത്തുകൊണ്ടിരുന്ന നിലമെടുക്കലിനെ പഴയ വീണ്ടെടുക്കലെന്നും  (Old Reclamations) വിളിക്കുന്നു. അതായത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ തുടങ്ങിയ കായല്‍നിലം ഉണ്ടാക്കല്‍ എന്നത് ഒരു പ്രത്യേക പദ്ധതിയായി നടപ്പിലാക്കപ്പെട്ടിട്ടുള്ളതാണെന്നും അത് അതിനു മുന്‍കാലങ്ങളിലായി നടന്നുവന്ന നിലം വീണ്ടെടുക്കലില്‍നിന്നും വളരെ വ്യത്യാസം ഉള്ളതായിരുന്നു എന്നും ചുരുക്കം. തീരപ്രദേശങ്ങളില്‍ ജീവിതം ആരംഭിച്ച മനുഷ്യര്‍ എന്നും അതിന്റെ തീരങ്ങളെ കൃഷിയോഗ്യമാക്കി മാറ്റിയിരുന്നു. എന്നാല്‍, ഈ പദ്ധതിപ്രകാരം ഉണ്ടായത് അതല്ല, മറിച്ച് ഇരുപതിനായിരത്തില്‍പ്പരം ഏക്കര്‍ കൃഷിഭൂമിയാണ് ഒരു ജലാശയത്തില്‍നിന്നും മാത്രമായി ഉണ്ടാക്കിയെടുത്തത്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു ജലാശയത്തെത്തന്നെ ഇല്ലാതാക്കുകയായിരുന്നു ഈ വറ്റിക്കല്‍ പരിപാടി എന്നു കാണാം. വേമ്പനാട് കായല്‍ ചുരുങ്ങുന്നു എന്ന് പരിഭവിക്കുമ്പോഴും അന്ന് ഇല്ലാതാക്കിയ കായലിനെക്കുറിച്ച് ഒരു പുനര്‍വിചിന്തനത്തിന് സമൂഹം തയ്യാറാകാറില്ല. കൂടാതെ കായല്‍, കായല്‍പ്പാടമായി മാറിയപ്പോള്‍ അത് സ്വകാര്യ സ്വത്തായി മാറുകയും ചെയ്തു എന്നതും മറ്റൊരു പ്രധാന വിഷയമാണ്. 'ഭക്ഷ്യദൗര്‍ലഭ്യം' പരിഹരിക്കാനായാണ് അഥവാ 'ജനങ്ങളുടെ പട്ടിണി മാറ്റാനാണ്' അന്ന് കായലുകള്‍ കൃഷിനിലങ്ങളാക്കി മാറ്റിയത് എന്നാണ് അതിനു നല്‍കുന്ന സാധൂകരണം. എന്നാല്‍ അതിലേക്കു ഒരു പുനരന്വേഷണം നടത്തി മനസ്സിലാക്കാനോ അധികമാരും തുനിയാറില്ല. 

തിരുവിതാംകൂറിന്റെ മാറ്റം 
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊന്‍മ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഈസ്റ്റ് ഇന്ത്യ കമ്പനിയും തിരുവിതാംകൂറും ഉടമ്പടികളുടെ ഭാഗമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നുണ്ട്. അതിന്റെ ഫലമായി ഉണ്ടായ ബ്രിട്ടീഷ് ഇടപെടലുകള്‍ തിരുവിതാംകൂറിലെ ഭരണത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. രാജ്യവരുമാനം വര്‍ദ്ധിപ്പിക്കുക എന്നതായി പ്രധാനം. 'പരമാവധി ഭൂനികുതി ഉണ്ടാക്കിയെടുക്കുക' എന്ന ലക്ഷ്യത്തിനായി തിരുവിതാംകൂറിലെ എല്ലാ പദ്ധതികളും. 'പുരോഗതി' എന്ന ആധുനികത നിര്‍മ്മിച്ച ആശയമാണ് കൂടുതല്‍ സമ്പത്തും വിഭവങ്ങളും നേടിയെടുക്കാനും അതിനായി പുതിയ ഭൂപ്രദേശങ്ങളെ ഉപയോഗിക്കാനും പിന്നീട് അവയെ വരുതിയിലാക്കി പിഴിഞ്ഞെടുക്കാനുമായി യൂറോപ്യന്മാരെ പ്രേരിപ്പിച്ച സംഗതി. ഇംഗ്ലീഷ് ബന്ധം തിരുവിതാംകൂറിനേയും ഇതേ തരത്തില്‍ പുരോഗതി എന്ന ബോധത്തില്‍ വളരാന്‍ നിര്‍ബന്ധിച്ചു. കേണല്‍ മണ്‍റോയുടെ തിരുവിതാകൂറിലെ ഭരണപരിഷ്‌കാരങ്ങളില്‍ ഇത് കാണാനാവും. പിന്നീടുള്ള കാലത്തും തിരുവിതാംകൂര്‍ രാജ്യം പരമാവധി ഭൂനികുതി കൈവശപ്പെടുത്താനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്നതായി കാണാം. തിരുവിതാംകൂറിന്റെ വികസനചരിത്രത്തെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട് ശക്തമായ ചില നിരീക്ഷണങ്ങളാണ് എസ്. രാജു തന്റെ വികസനാധുനികത സമ്പദ് തൊഴിലിടങ്ങളിലെ മനുഷ്യനും പ്രകൃതിയും (Developmental Modernity: Man and Nature in the discourse of Wealth and Labour) എന്ന പ്രബന്ധത്തിലൂടെ മുന്‍പോട്ടു വച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വികസനവുമായി ബന്ധപ്പെട്ടു 'പുരോഗതി', 'വ്യവസായം', 'ധനം', 'ഉല്പാദനം', 'തൊഴില്‍' തുടങ്ങിയ ആശയങ്ങള്‍ ശക്തിപ്പെടുകയും വികസനത്തിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയും അവരെക്കൊണ്ടുതന്നെ അതിനായി പ്രയത്‌നിപ്പിക്കുകയും ചെയ്തു എന്ന് സമര്‍ത്ഥിക്കുന്നു. ഒപ്പം മനുഷ്യപുരോഗതിക്കു വേണ്ടി പ്രകൃതിയെത്തന്നെ ഒരു വിഭവമായി കാണാന്‍ തുടങ്ങി എന്നും രാജു നിരീക്ഷിക്കുന്നു. വികസനത്തിന് തടസ്സമായി നില്‍ക്കുന്നവയെ ഇല്ലാതാക്കാനും തുടങ്ങി എന്നും നമുക്ക് കൂട്ടിവായിക്കാം. ഈ അടിസ്ഥാനത്തിലാണ് വെള്ളത്തേയും തിരുവിതാംകൂര്‍ കണ്ടത്. വികസനത്തിനായി വെള്ളത്തെ ആട്ടിപ്പായിച്ച് അവിടെ കൃഷിയിടമായി മാറ്റുകയാണ് ഉണ്ടായത്. പ്രകൃതിയെ തന്നില്‍നിന്നും വേര്‍തിരിച്ച് കാണാന്‍ കുട്ടനാട്ടിലെ ജനങ്ങളെ പ്രേരിപ്പിക്കുന്നതായി ഈ ഇടപെടല്‍. 
'പരമാവധി ഇടങ്ങളിലും കൃഷി ചെയ്യുക' എന്ന ആഹ്വാനത്തോടെ വിവിധ രാജകീയ വിളംബരങ്ങള്‍ ഈ കാലയളവില്‍ പുറത്തുവരുന്നുണ്ട്. അതില്‍ ഏറ്റവും പ്രാധാന്യം ഉള്ള ഒന്നാണ് 1818-ലെ വിളംബരം. ആറ്റുവയ്പ്, കായല്‍വയ്പ്, കാട്, തരിശുഭൂമി ഇവയെല്ലാം നികത്തി കൃഷിചെയ്യാന്‍ അനുമതി കൊടുത്തുകൊണ്ടാണ് ഈ വിളംബരം. വലിയ നികുതി ഇളവും ഇതിനോടൊപ്പം നല്‍കിക്കൊണ്ടാണ് തിരുവിതാംകൂര്‍ കര്‍ഷകരെ കൃഷി ചെയ്യാനായി ആകര്‍ഷിച്ചത്. ഈ വിളംബരം തിരുവിതാംകൂറിന്റെ പരിസ്ഥിതിയെത്തന്നെ മാറ്റാന്‍ കെല്‍പ്പുള്ളതായിരുന്നു എന്ന് കാണാനാവും. പിന്നീടുള്ള കാലങ്ങളില്‍ കാണുന്നത് വനവും പുറമ്പോക്കും കായലുകളും നദികളും മറ്റു ജലാശയങ്ങളുമെല്ലാം കൃഷിയിടങ്ങളിലായി മാറുന്ന കാഴ്ചയാണ്. 
 

ഈ കാലത്ത് തിരുവിതാംകൂര്‍, അരി ഇവിടെനിന്നും കയറ്റി അയക്കുന്നുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനകാലം വരെയും ഇത് തുടരുകയും എന്നാല്‍, പിന്നീട് അരി ഒരു ഇറക്കുമതി വസ്തുവായി മാറുകയുമാണ് ചെയ്യുന്നത്. പിന്നീടുള്ള ഒരുകാലത്തും അരി ഒരു കയറ്റുമതി വസ്തുവായി മാറിയില്ല എന്നുംകൂടി കാണാം. 

മുന്‍പ് സൂചിപ്പിച്ച പതിനെട്ടിലെ വിളംബരത്തിനു ശേഷം വലിയ തോതില്‍ കായലുകളും ആറുകളുമൊക്കെ കൃഷിയിടങ്ങളിലായി മാറിക്കൊണ്ടിരുന്നു. വേമ്പനാട് കായലിന്റെ കാര്യം പരിശോധിച്ചാല്‍, കൂടുതല്‍ ആഴങ്ങളിലേക്ക് വറ്റിക്കല്‍ പ്രക്രിയ നടന്നുകൊണ്ടിരുന്നു. കാലാകാലങ്ങളില്‍ രാജ്യം കര്‍ഷകര്‍ക്ക് നല്‍കുന്ന ഇളവുകള്‍ വ്യത്യസ്തപ്പെടുത്തിയും തിരുവിതാംകൂര്‍ ഇതിനെ കാലമത്രയും പ്രോത്സാഹിപ്പിക്കുയും ചെയ്തു. 

കായല്‍വറ്റിക്കല്‍ അഥവാ കായല്‍കുത്ത് എന്നത് ഒരു വലിയ വിദ്യ ആയിരുന്നു. ഇതിന്റെ ചെലവോ അദ്ധ്വാനമോ ഒരാള്‍ക്ക് ഒറ്റയ്ക്കു ചെയ്യാന്‍ പറ്റുന്നതായിരുന്നില്ല. അനേകം പേര്‍ കൂടിയാണ് ഇതിനു മുതല്‍ മുടക്കിയതും പണിക്കാരായി ആളുകളെ കൂട്ടിയതും. മുരിക്കും മൂട്ടില്‍ ഔതച്ചന്‍ എന്ന ജോസഫ് മുരിക്കന്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് അരിയുടെ ദൗര്‍ലഭ്യം ഉണ്ടായപ്പോള്‍ തനിച്ചു മുതലിറക്കുകയും അനേകം ആളുകളേയും കൂട്ടി വലിയ കായല്‍നിലങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. 

കായല്‍കൃഷി എന്ന അത്ഭുതം 
വെള്ളത്തിനരികെ കൂടി ഒരു വാഹനത്തില്‍ യാത്രചെയ്യുമ്പോള്‍ നമുക്കുണ്ടായേക്കാവുന്ന ഒരു പേടി എന്നത് 'എങ്ങാനും വെള്ളത്തിലേക്ക് വീഴുമോ' എന്നതോ ഇനി വെള്ളത്തില്‍ കൂടിയാണ് യാത്രയെങ്കില്‍ വശങ്ങളിലുള്ള ആഴങ്ങളിലേക്ക് ഒഴുകിപ്പോകുമോ എന്നതുമാവാം. ഇവിടെയാണ് കുട്ടനാട്ടിലെ കായലിലൂടെ യാത്ര ചെയ്താല്‍ ഉണ്ടാകുന്ന മറ്റൊരനുഭവം നമ്മെ അത്ഭുതപ്പെടുത്തുന്നത്. നീണ്ടു വിരിഞ്ഞുകിടക്കുന്ന നെല്‍വയലുകള്‍ക്ക് മുകളിലൂടെ തുളുമ്പിപ്പോകാന്‍ വെമ്പുന്നതുപോലെയുള്ള വേമ്പനാട് കായലും ചുറ്റും ഏകദേശം രണ്ടാളോളം താഴ്ചയില്‍ പച്ചപ്പുതപ്പില്‍ വിശാലമായ നെല്‍വയലുകളും ദൃശ്യമാവുകയും ചെയ്യും. തുടക്കത്തില്‍ വിശദമാക്കിയപോലെ, നികുതി കൂട്ടാനുള്ള ഒരു ഉപാധിയായിട്ടാണ് വിശാലമായ കായലിലേക്ക് തിരുവിതാംകൂര്‍ തിരിഞ്ഞത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ നിരവധി രാജവിളംബരങ്ങളില്‍ കൃഷിക്കുവേണ്ടിയുള്ള പ്രോത്സാഹനം  കാണാം. ട്രാവന്‍കൂര്‍ മാനുവല്‍ പറയുന്നത് 1834-നോട് അടുത്താവാം കായല്‍ വറ്റിച്ചുള്ള ഈ നിലമുണ്ടാക്കല്‍ പദ്ധതി തുടങ്ങിയെന്നതാണ്. ഇവിടെ പരാമര്‍ശിക്കേണ്ട ഒരു പ്രധാന കാര്യമെന്നത് ഭക്ഷ്യക്ഷാമം ഉണ്ടായപ്പോഴാണ് തിരുവിതാംകൂര്‍ കായല്‍കൃഷി ആരംഭിച്ചു എന്നുള്ള വാദത്തെക്കുറിച്ചാണ്. പിള്ളയും പണിക്കരും മുന്‍പോട്ടു വയ്ക്കുന്ന ഈ വാദം പിന്നീട് വന്ന എല്ലാ പഠനങ്ങളും ഏറ്റുപാടുകയാണ് ഉണ്ടായത്. എന്നാല്‍, പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടടുത്ത് ഈ അവസ്ഥയ്ക്കു മാറ്റം വരുന്നുണ്ടെന്ന കാര്യവും ഇവിടെ സൂചിപ്പിക്കട്ടെ. ചുരുക്കത്തില്‍ പരമാവധി നികുതി കറന്നെടുക്കുക എന്നുള്ള ഉദ്ദേശ്യത്തിലുള്ള നടപടികളായാണ് പരിണമിച്ചത്. ഭൂനികുതി ലഭ്യമല്ലാതെയുള്ള നിലങ്ങളൊക്കെ 'പാഴ്നിലങ്ങള്‍' (Wasteland) എന്നാണ് സ്റ്റേറ്റ് അന്ന് കണ്ടത്. അതാണ് കായലുകളും ആറും, കാടുമൊക്കെ ഉപയോഗപ്രദമാക്കാനുള്ള ഒരു വ്യഗ്രത ഉണ്ടായത്.

വലിയ തോതില്‍ മഴ ലഭിക്കുന്ന രണ്ട് മഴക്കാലങ്ങളും പതിന്നാല് നദികളും കായലുകളും തോടുകളും നിറഞ്ഞ 'വെള്ളമുള്ള' ഒരു പ്രദേശമായിട്ടാണ് തിരൂവിതാംകൂറിനെ പൊതുവെ കരുതപ്പെട്ടിരുന്നത്. ജലക്ഷാമം ഉണ്ടാകുമായിരുന്നുവെങ്കിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് അത് അത്ര നീണ്ടകാലം നീണ്ടുനില്‍ക്കുന്നതായിരുന്നില്ല. അതിനാല്‍കത്തന്നെ കൂടുതല്‍ കൃഷിയിടങ്ങള്‍ക്ക് വിശാലമായ ജലാശയങ്ങള്‍ വറ്റിക്കുക എന്നത് മെച്ചപ്പെട്ട ആശയമായി വന്നു. ഒപ്പം അതിനാവശ്യമായ മുതലും തൊഴിലാളികളും ജാതിയെന്ന സാമൂഹ്യക്രമത്തില്‍ ലഭ്യമായിരുന്നു. 'ജലസമ്പത്തിന്റെ കാര്യത്തില്‍ കേരളം ദരിദ്രമല്ല... കേരളത്തിലെ സ്ഥലനാമങ്ങളില്‍ വലിയൊരു ഭാഗം ജലസ്രോതസ്സുകളായ കുളം, ചിറ, തോട്, ചാല്‍, കാല്‍ എന്നിവയില്‍ അവസാനിക്കുന്നവയാണ്. ഇന്ന് സ്ഥലനാമത്തിനു കാരണമായ ജലാശയങ്ങള്‍ എവിടെയാണെന്നുപോലും അറിയാത്ത അവസ്ഥയുണ്ട് എന്ന കെ.എന്‍. ഗണേഷിന്റെ നിരീക്ഷണം തിരുവിതാംകൂര്‍ സ്ഥലങ്ങളെ അപേക്ഷിച്ച് ഇന്ന് അക്ഷരംപ്രതി ശരിയാണ്. 

കായല്‍കുത്തല്‍
1918-ലെ വിളംബരത്തിനു ശേഷം കൃഷി എല്ലായിടങ്ങളിലേക്കും വ്യാപിച്ചു. അത് വേമ്പനാട് കായലിന്റെ തീരങ്ങളില്‍നിന്നും ആഴങ്ങളിലേക്കും ഇറങ്ങിച്ചെന്നു. അന്നത്തെ വിളംബര പ്രകാരം കായല്‍കൃഷിക്ക് ശേഷിയും താല്പര്യമുള്ള ആളുകള്‍ക്ക് കായല്‍കുത്താന്‍ അനുവാദം കൊടുത്തിരുന്നു. നമ്പൂതിരി, നായര്‍, സുറിയാനി ക്രിസ്ത്യാനികള്‍ തുടങ്ങിയവരാണ് അക്കൂട്ടത്തില്‍ കായല്‍ കുത്തിയെടുത്തവരില്‍ കൂടുതലും. ഈഴവരും ഉള്‍പ്പെട്ടതായി കാണാം. എന്നാല്‍, ഇന്ന് ഇതിനെപ്പറ്റി പരാമര്‍ശിക്കുന്ന ചിലയിടങ്ങളില്‍ ആര്‍ക്കും കായല്‍ കുത്താന്‍ കഴിഞ്ഞിരുന്നു എന്ന് രേഖപ്പെടുത്തി കാണുന്നു. എന്നാല്‍ എല്ലാ കായലും കുത്തിയെടുത്ത അടിമജാതികള്‍ക്ക് ഒരു കായലും ലഭിച്ചതായി ചരിത്രരേഖകള്‍ കാണുന്നില്ല. കൂടാതെ അവരുടെ ജീവിതം വരമ്പുകളിലേക്ക് ഒതുക്കപ്പെടുകയും ചെയ്തു. 

ആദ്യം അപേക്ഷ കൊടുത്ത് കുത്തേണ്ടുന്ന അളവിലുള്ള കായലിനുവേണ്ടി അനുവാദം വാങ്ങി അളന്നു തിട്ടപ്പെടുത്തുന്നു. പിന്നീട് വിശാലവും ഏകദേശം രണ്ടാള്‍ വെള്ളവുമുള്ള കായലിലേക്ക്, ഉദ്ദേശിക്കുന്ന ഇടങ്ങള്‍ക്കു നാലുവശവും ഏകദേശം നാല്-അഞ്ച് അടിയോളം വീതിയില്‍ ഇരുവശങ്ങളിലുമായി വലിയ തെങ്ങ്- പത്തുപതിനഞ്ചു അടിയോളം നീളമുള്ള അറ്റം കൂര്‍പ്പിച്ചു കുറ്റികളാക്കിയ ശേഷം കായലിന്റെ അടിത്തട്ടിലേക്ക് അടിച്ചിറക്കുന്നു. തുടര്‍ന്ന് ഒരു വശത്ത് പലകകളും മറുവശത്ത് മുളയും മറ്റും ഉപയോഗിച്ചുണ്ടാക്കിയ ചെറ്റയും വച്ച് കട്ടയും ചവറും ചെളിയും മണലുമിട്ട് ചിറപിടിക്കുന്നു. അങ്ങനെ ജലനിരപ്പിനു മുകളില്‍ വരെ എത്തിക്കുന്നു. തുടര്‍ന്ന് അനേകം ചക്രങ്ങള്‍ ഉപയോഗിച്ച് പാടത്തിന്റെ ചിലയിടങ്ങളിലെ ചാലുകളില്‍ക്കൂടി വെള്ളത്തെ പുറത്താക്കുന്നു. അനേകം പേര്‍ രാവും പകലും ചക്രം ചവിട്ടിയാണ് ഈ പണി ചെയ്തുകൊണ്ടിരുന്നത്. തുടര്‍ന്നാണ് കൃഷിപ്പണികള്‍ ആരംഭിക്കുന്നത്. 
ചക്രം ചവിട്ടും കൃഷിരീതികളും ഇന്നും നാടന്‍ ശീലുകളിലൂടെയും ഓര്‍മ്മകളിലൂടെയും കഥകളിലൂടെയും നിലനില്‍ക്കുന്നു. പ്രത്യേകിച്ചും ഇക്കാലത്ത് ഫോക്ലോര്‍ പഠനരംഗത്തുണ്ടായ ഉണര്‍വിലൂടെ ചക്രപ്പാട്ടുകളും മറ്റും ഗൗരവമായ പഠനത്തിന് ഇടയാകുകയും സ്വതന്ത്ര സംഗീതക്കൂട്ടങ്ങളും നാടന്‍കലാ സംഘങ്ങളും മറ്റുള്ള പല രീതികളിലൂടെയും അവ പൊതുയിടങ്ങളിലേക്കും ജനപ്രീതി നേടി എത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ചക്രം ചവിട്ടിയും വെള്ളം തേകിയും മടകുത്തിപ്പൊക്കിയും വിതച്ചും കൊയ്തും അടിമജീവിതത്തില്‍ ആയിരുന്ന ജനതകള്‍ മുഖ്യചരിത്രത്തില്‍ വേണ്ടപോലെ പരാമര്‍ശിക്കപ്പെടാതെ പോയി. ഈ ജനതയെക്കുറിച്ചും അവരുടെ വികാരങ്ങളെക്കുറിച്ചുമുള്ള ചരിത്രം ഇനിയും അടയാളപ്പെടുത്തിയിട്ടില്ല. സാങ്കേതിക വിദ്യയിലുണ്ടായ മാറ്റമായിട്ടാണ് പരാമര്‍ശിക്കാന്‍ പോകുന്ന എന്‍ജിന്റെ കാലത്തിലേക്കുള്ള മാറ്റത്തെ  ഇന്നുള്ള കൃതികളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജീവനില്ലാത്ത ചരിത്രമായി ഇന്നും ഇക്കാലത്തെ ചരിത്രം നില്‍ക്കുന്നു. ചരിത്രരചനയ്ക്കുള്ള തെളിവുസാമഗ്രികളായി നാടന്‍പാട്ടുകളും കഥകളുമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും കേരളത്തിലെ അക്കാദമിക ചരിത്രരചനയില്‍ ഇന്നും അവ വേണ്ടപോലെ പരിഗണിക്കാറില്ല. മട ഉറപ്പിക്കുവാനായി മനുഷ്യക്കുരുതിക്കുവേണ്ടി, വിരുന്നുവന്ന മൂത്തപറയനെ വെച്ച് മട ഉറപ്പിച്ച അടിമക്കാലത്തെ ഓര്‍മ്മകള്‍ ഇന്നും കുട്ടനാട്ടില്‍ എല്ലായിടത്തും കേള്‍ക്കാം. കമലാസനന്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവയെ വേണ്ടവിധം വിശകലനത്തിനു വിധേയമാക്കി ഒരു ചരിത്രരചന ഇനിയും ഉണ്ടായിട്ടില്ല. ചരിത്രകാരനായ സനല്‍ മോഹന്‍ അടിമത്തത്തെക്കുറിച്ചുള്ള പഠനങ്ങളില്‍, അടിമജാതികള്‍ പേറുന്ന കായല്‍കുത്തല്‍/മടകുത്തലുമായി ബന്ധപ്പെട്ട ഓര്‍മ്മകളെ വിശദമായിത്തന്നെ വിശകലനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും കായല്‍കുത്തിനെത്തന്നെ അധികരിച്ച് കൂടുതല്‍ കൃതികള്‍ ഉണ്ടായിട്ടില്ല എന്നുള്ളത് ഒരു ന്യൂനത തന്നെയാണ്. ദളിത് ചരിത്രത്തിന്റെ മുന്നേറ്റം ഈ വിടവ് നികത്തുമെന്ന് പ്രത്യാശിക്കാം. മണ്ണുമായും പ്രകൃതിയുമായും നേരിട്ട് ഇടപെട്ട ജനങ്ങളില്ലാതെ എങ്ങനെയാണ് കേരളത്തിനൊരു പരിസ്ഥിതിചരിത്രം ചമയ്ക്കുക?

കായലില്‍ നിന്ന് പാടത്തേക്ക് വെള്ളം തേകിയിരുന്ന ചക്രങ്ങള്‍
കായലില്‍ നിന്ന് പാടത്തേക്ക് വെള്ളം തേകിയിരുന്ന ചക്രങ്ങള്‍


ചക്രം ചവിട്ടിയുള്ള വെള്ളം പായിക്കല്‍ ഒരു കഠിനപ്രയത്‌നം തന്നെയായിരുന്നു.  പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം ആവുമ്പോഴേക്കും ജലസൂത്രമെന്ന പേരില്‍ ഇംഗ്ലണ്ടില്‍ നിന്നും ബ്രണ്ടന്‍ സായിപ്പിന്റെ എന്‍ജിന്‍ (പെട്ടിയും പറയും) കുട്ടനാട്ടിലേക്ക് എത്തി. രാവും പകലും ചക്രം ചവിട്ടി പായിച്ചു കളയുന്ന വെള്ളത്തെക്കാള്‍ കൂടുതല്‍ വെള്ളം ഈ എന്‍ജിന്റെ സഹായത്താല്‍ പുറത്തേക്കു പായിക്കാന്‍ കഴിഞ്ഞു. പെട്ടെന്നു തന്നെ ഇത് കുട്ടനാട്ടില്‍ എല്ലായിടത്തും ജനപ്രീതി നേടുകയും എല്ലാവരും ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. പിന്നീട് ഇതു വ്യാപകമായി നിര്‍മ്മിച്ച് എല്ലായിടത്തും ഉപയോഗിക്കാനും തുടങ്ങി. പിന്നീട് സാങ്കേതിക വിദ്യയ്ക്കുണ്ടായ മാറ്റത്തിനനുസരിച്ച് വൈദ്യുത മോട്ടോറുകളിലേക്ക് വരെ എത്തി. 
ഓരോ കാലത്തും ഉപയോഗിച്ച വെള്ളം വറ്റിക്കല്‍ ഉപകരണങ്ങള്‍ വെള്ളത്തെ ആട്ടിപ്പായിക്കുന്നതില്‍ മത്സരിച്ചു പ്രവര്‍ത്തിച്ചു എന്നുവേണം മനസ്സിലാക്കാന്‍. ചക്രം ചവിട്ടി വറ്റിച്ച കാലത്തെ കായല്‍ നിലങ്ങളെക്കാള്‍ കൂടുതല്‍ നിലം കൂടുതല്‍ വേഗത്തില്‍ പെട്ടിയും പറയും ഉപയോഗിച്ച് വറ്റിച്ചു. പിന്നീടുവന്ന എന്‍ജിനുകള്‍ കൂടുതല്‍  കായല്‍ കൂടുതല്‍ വേഗതയില്‍ കൃഷി നിലമാക്കി മാറ്റി. ചുരുക്കത്തില്‍ സാങ്കേതികമായ മാറ്റം വെള്ളത്തെ കൂടുതല്‍ വരുതിയിലാക്കാന്‍ മനുഷ്യനെ സഹായിച്ചു എന്ന് കാണാം. 

പല ഘട്ടങ്ങളായാണ് കായല്‍കൃഷി വ്യാപിപ്പിച്ചത്. ഓരോ ഘട്ടത്തിലും കൂടുതല്‍ കായല്‍ കൃഷിയിടമായി  മാറി. രണ്ടാം ലോകമഹായുദ്ധകാലമാകുമ്പോഴേക്കും ബര്‍മ്മയില്‍ നിന്നുള്ള അരിയുടെ ഇറക്കുമതി നിലയ്ക്കുമെന്ന ആശങ്കയും കൂടുതല്‍ നിലങ്ങളില്‍ നെല്‍ക്കൃഷി വ്യാപിപ്പിക്കാന്‍ തിരുവിതാംകൂറിനെ നിര്‍ബന്ധിതമാക്കി. ഈ കാലത്താണ് മുന്‍പ് പരാമര്‍ശിച്ച ജോസഫ് മുരിക്കന്‍ ഒറ്റയ്ക്ക് മുതലിറക്കി തൊഴിലാളികളെ സംഘടിപ്പിച്ച് രണ്ടായിരത്തിലധികം ഏക്കറോളം കായല്‍ കൃഷിയിടമായി മാറ്റിത്തീര്‍ത്തത്. ഇത് അദ്ദേഹത്തെ ജനങ്ങള്‍ക്കിടയില്‍, 'കായല്‍രാജാവ്' എന്ന വിശേഷണത്തിനിടയാക്കി. മൂന്നു ബ്ലോക്കുകളായി ആണ് പ്രധാനമായും അദ്ദേഹം ഇത്രയും കായല്‍ കുത്തിയെടുത്തത്.  ആദ്യ വിതയ്ക്ക് തിരുവിതാംകൂര്‍ രാജകുടുംബവും എത്തി. റാണിയും രാജാവ് ചിത്തിരതിരുനാളും മാര്‍ത്താണ്ഡവര്‍മ്മ ഇളയമഹാരാജാവും ആദ്യ വിതയിട്ടത് പിന്നീട് അവരുടെതന്നെ പേരുകളില്‍ റാണി, ചിത്തിര, മാര്‍ത്താണ്ഡം കായലുകളായി അറിയപ്പെട്ടു. ഇതുകൂടാതെ വേറെയും നിലങ്ങള്‍ അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. ഏതാണ്ട് മുപ്പതു വര്‍ഷത്തോളം അദ്ദേഹം കായല്‍നിലങ്ങളില്‍ കൃഷിനടത്തി. മുരിക്കന്റെ സാഹസികമായ ഈ പ്രവൃത്തിയെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കാലാകാലങ്ങളായി ഉയരുന്നുണ്ട്. എന്നാല്‍ ഇന്ന്, പരിസ്ഥിതി കേന്ദ്രീകൃതമായ ഒരു ബോധനിര്‍മ്മാണത്തിനായി യത്‌നിക്കുമ്പോള്‍ കായല്‍പിടിച്ചടക്കല്‍ കുട്ടികളില്‍ എന്തു ബോധമാവും നിര്‍മ്മിക്കുക എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. 

മടപൊട്ടലായിരുന്നു കായല്‍ കൃഷിയുടെ ഏറ്റവും വലിയ ഭീഷണി. എന്നാല്‍ പിന്നീട്  ഈ പ്രശ്‌നത്തിനു പരിഹാരമെന്നവണ്ണമാണ് കരിങ്കല്ലുകെട്ടിയുള്ള മട എന്ന ആശയം. മുരിക്കന്‍, കോട്ടയം പള്ളത്ത് ഒരു കരിങ്കല്‍മട വാങ്ങി അവിടെനിന്നും കല്ലുകള്‍ കുട്ടനാട്ടില്‍ കൊണ്ടുപോയി മട ഉണ്ടാക്കിയെന്നു പത്രക്കുറിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ കരിങ്കല്ലുകൊണ്ടുള്ള 'സ്ഥിരബണ്ട്' (Permanent Bund) എന്ന ആശയവും കുട്ടനാട്ടില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. ആര്‍. ബ്ലോക്ക് പരീക്ഷണവും ഇതിനുള്ള ഉദാഹരണവുമാണ്. വെള്ളത്തിന് തകര്‍ക്കാന്‍ കഴിയാത്ത കരിങ്കല്‍ ചിറകളിലാണ് ആര്‍. ബ്ലോക്ക് നിര്‍മ്മിച്ചത്. അവിടെ നെല്‍ക്കൃഷിക്ക് പകരം മറ്റു വിളകള്‍ കൃഷി ചെയ്തു. എന്നാല്‍ ഈ പദ്ധതിയും നീണ്ടുനിന്നില്ല. ബ്ലോക്കിനുള്ളിലെ വെള്ളം തിരികെ പായിക്കുന്ന മോട്ടോറുകള്‍ കാര്യക്ഷമമല്ലാതെ വന്നപ്പോള്‍ വെള്ളം ഇറങ്ങാതെ അതു നശിച്ചു. ഇന്ന് ആര്‍. ബ്ലോക്ക് ഇല്ലാതെയായിക്കൊണ്ടിരിക്കുന്നു. 

തിരുവിതാംകൂറിന്റെ കായല്‍വറ്റിക്കല്‍ പദ്ധതി കേരളം അതേപോലെ പിന്തുടരുകയാണ് ഉണ്ടായത്. കേരള സംസ്ഥാനം രൂപപ്പെട്ടതിനു ശേഷവും നിരവധി കായല്‍ വറ്റിക്കല്‍ പദ്ധതികളാണ് നടന്നത്. വെള്ളായണി കായല്‍ പോലെയുള്ളവ പിന്നീടാണ് കൃഷി  നിലങ്ങളായി മാറിയത്. ഇത് കൂടാതെ നിയമപരമായും കയ്യേറ്റങ്ങളായും അനേകം കായലുകളും ജലാശയങ്ങളും നികത്തപ്പെട്ടു. ഇതിനു അറുതിവരുത്താന്‍ കെല്‍പ്പുള്ളതായി ഉണ്ടാക്കപ്പെട്ടത് 2008-ലെ തണ്ണീര്‍ത്തട നിയമമാണ്. ഇതാണ് ഇക്കാലത്തിനിടയില്‍ വന്ന മര്‍മ്മപ്രധാനമായ ഒരു നിയമം. എന്നാല്‍ ഇതിനേയും സാങ്കേതികമായി മറികടക്കാനാണ് ഇന്നത്തെ ശ്രമം. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ കായല്‍ കയ്യേറ്റവും റിസോര്‍ട്ട് നിര്‍മ്മാണവുമൊക്കെ വലിയ കോലാഹലങ്ങള്‍ക്കും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കും വഴിവച്ചു. നികത്തലെന്ന വിദ്യകൊണ്ട് ജലാശയങ്ങള്‍ സ്വകാര്യസ്വത്താക്കി മാറ്റാം എന്നാണ് ഇതൊക്കെ  തെളിയിക്കുന്നത്. ഇതൊക്കെ ഒളിഞ്ഞും പാത്തും  ചെയ്തവര്‍ കൂടി ഉള്‍പ്പെട്ട സമിതിയാണ് തണ്ണീര്‍ത്തട നിയമം എഴുതിയുണ്ടാക്കിയതെന്നും കൂടി അറിയുമ്പോള്‍ മനുഷ്യനിയമങ്ങള്‍കൊണ്ട് എത്രമാത്രം പ്രകൃതിസംരക്ഷണം സാധ്യമാകുമെന്ന് സംശയിക്കാവുന്നതാണ്. സംരക്ഷണത്തിലുപരി, പ്രകൃതിയെ നമ്മോടു ചേര്‍ത്തു ചിന്തിക്കുന്ന ഒരുകാലം എന്നാണ് ഉണ്ടാകുന്നത്?

വികസനം
എന്തുകൊണ്ടാണ് വികസനം ഇത്ര വലിയ പ്രശ്‌നമായി ഇവിടെ അവതരിപ്പിക്കുന്നത്? അക്കാദമിക ലോകത്തില്‍ ഉള്ള വികസനത്തെപ്പറ്റിയുള്ള ശക്തമായ വിമര്‍ശമൊന്നും സാധാരണ ജനങ്ങളുടെ ഇടയിലേക്ക് ഇനിയും വേണ്ടവിധം എത്തിയിട്ടില്ല. അതാണല്ലോ ഇന്നും വികസനത്തിനുവേണ്ടി വോട്ട് വാങ്ങുന്നത്. എല്ലാവരും ഒരുനാളില്‍ എത്തിച്ചേരേണ്ട സുന്ദരമായ സ്വര്‍ഗ്ഗമായാണ് വികസനം സാധാരണക്കാരെ മോഹിപ്പിക്കുന്നത്. വികസനമെന്ന ആശയം  ഉണ്ടാവുന്നത് 'പുരോഗതി' എന്ന ആശയത്തിന്റെ ബാക്കിയായി ആണ്. പുരോഗതിയാവട്ടെ, യൂറോപ്യന്‍ ആധുനികതയുടെ പ്രധാന ലക്ഷ്യവുമായിരുന്നു. മനുഷ്യപുരോഗതിയാണ് ആധുനികമായ  ശാസ്ത്രവും സാങ്കേതികവിദ്യകളുമെല്ലാം ലക്ഷ്യം വയ്ക്കുന്നത്. അവിടെ മനുഷ്യനു മാത്രമേ പരിഗണന ലഭിക്കുന്നുള്ളു. മറ്റുള്ളവയെല്ലാം മനുഷ്യന് ഉപയോഗിക്കാനായാണ് എന്ന ബോധം ഉണ്ടാവുന്നു. ശാസ്ത്രം എല്ലാറ്റിനേയും കുറിച്ചുള്ള ജ്ഞാനം മനുഷ്യന് നല്‍കാന്‍ തുടങ്ങി. അതായത് എല്ലാം ശാസ്ത്രീയമായി കണ്ടെത്തണം എന്ന് ശഠിച്ചു. ശാസ്ത്രത്തിനു വേണ്ടത് യുക്തിചിന്തയാണ്. 'എന്താണ് ജ്ഞാനോദയം' എന്ന ഇമ്മാനുവല്‍ കാന്റിന്റെ ലേഖനം അതിനു അടിവരയിടുന്നു. യുക്തി ഉപയോഗിക്കാത്ത മനുഷ്യന്‍ താന്‍ തന്നെ സൃഷ്ടിച്ച അടിമത്തം മൂലം തന്നില്‍ തന്നെ വിശ്വാസമില്ലാത്തവനായി, ചോദ്യം ചെയ്യാന്‍ ഭയമുള്ളവനായി, നിവര്‍ന്നു നില്‍ക്കാന്‍ കെല്‍പ്പില്ലാത്തവനായി, അനുസരണമാത്രം ഉള്ളവനായി മാറി എന്ന് കാന്റ് പറയുന്നു. സ്വന്തം യുക്തികൊണ്ട് മാത്രമേ ഈ സ്വയം തടവറയില്‍നിന്നും പുറത്തു കടക്കാന്‍ അവനു കഴിയൂ എന്നും കാന്റ് പറയുന്നു. ഇങ്ങനെ ശുദ്ധയുക്തിയുള്ള മനുഷ്യനെ നിര്‍മ്മിച്ചെടുക്കാന്‍ ആധുനികതയ്ക്ക് കഴിഞ്ഞു. മനുഷ്യന്റെ ജ്ഞാനശക്തി എല്ലാറ്റിന്റേയും മുകളിലായി മനുഷ്യനെ പ്രതിഷ്ഠിക്കുകയും ജ്ഞാനം അധികാരമായി മാറുകയും ചെയ്തു. പ്രകൃതിയും മറ്റു ജീവജാലങ്ങളും എല്ലാം മനുഷ്യനു താഴെയായി മാറി. ആ അറിവാണ് കായല്‍ എന്നതുകൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ല എന്നും പകരം കൃഷിയും മറ്റു സംരംഭങ്ങളുമാണെങ്കില്‍ കൂടുതല്‍ ഗുണകരമാണെന്നും മനുഷ്യനെക്കൊണ്ട് അവരറിയാതെതന്നെ ചിന്തിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത്. 
ആധുനികതയില്‍ ഊന്നിയ അഥവാ മനുഷ്യപുരോഗതി ലക്ഷ്യമാക്കി ഉണ്ടായ ജ്ഞാന ശാഖകളൊക്കെ പ്രകൃതിയെ ഒരു വിഭവമായി ആണ് കണ്ടത്. പ്രത്യേകിച്ചും കേരളത്തിലെ 'പ്രബലമായ' മാര്‍ക്സിസ്റ്റ് രീതിശാസ്ത്ര പഠനങ്ങളില്‍ക്കൂടി ഉണ്ടാക്കിയെടുത്ത സാമൂഹ്യശാസ്ത്ര അറിവുകളില്‍ പ്രകൃതിയെ ഒരു വിഭവമായാണ് പരിഗണിക്കപ്പെടുന്നത്. വിഭവത്തിന്റെ ചൂഷണത്തെക്കുറിച്ച് പഠിച്ചും ചൂഷണത്തെ എതിര്‍ത്തും മുന്നോട്ടു പോകുമ്പോഴും പ്രകൃതി മനുഷ്യന് ഉപയോഗിക്കാനുള്ള ഒന്നാണെന്ന ബോധമാണ് ഇവിടെ അടിസ്ഥാനം. 

കുട്ടനാട്ടിലെ കായല്‍കുത്തിനെക്കുറിച്ചുള്ള വായനകളിലെല്ലാം കായല്‍കുത്ത് മനുഷ്യനന്മയ്ക്കായിരുന്നു എന്ന ആശയം പേറുന്നവയാണ്. ഇന്ന് ഏറ്റവും വലിയ മനുഷ്യനന്മ എന്നത് ഭൂമിയില്‍ നിലനില്‍ക്കാന്‍ സാധിക്കുക എന്നതാണ്. പാറകളും വൃക്ഷങ്ങളും ജലാശയങ്ങളും മറ്റു ജീവജാലങ്ങളും ഇല്ലാതായാല്‍ മനുഷ്യനും ജീവിക്കാന്‍ സാധിക്കയില്ലായെന്ന് മറ്റേത് ജനതയെക്കാളും നന്നായി, പ്രളയാനന്തര കേരളജനതയ്ക്ക് അറിയാം. പ്രളയം തീര്‍ത്ത മുറിവുകള്‍ മാറാന്‍ നീണ്ടകാലം വേണ്ടിവന്നേക്കാം എങ്കിലും നവകേരള പദ്ധതിയില്‍ തീര്‍ച്ചയായും പ്രകൃതിയെ 'മറ്റൊന്നായി' പരിഗണിക്കുന്ന ഒരു സമീപനം ഉണ്ടാവരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com