വേഷപ്പകര്‍ച്ചകളുടെ തീരനഗരം: ഡോ എ രാജഗോപാല്‍ കമ്മത്ത് എഴുതുന്നു

ലണ്ടനില്‍നിന്നും പാരീസിലേയ്ക്കുള്ള 476 കിലോമീറ്റര്‍ ദൂരം രണ്ടേകാല്‍ മണിക്കൂര്‍ കൊണ്ടാണ് യൂറോസ്റ്റാര്‍ എന്ന ഹൈസ്പീഡ് ട്രെയിന്‍ താണ്ടുന്നത്.
വേഷപ്പകര്‍ച്ചകളുടെ തീരനഗരം: ഡോ എ രാജഗോപാല്‍ കമ്മത്ത് എഴുതുന്നു

 ലണ്ടനില്‍നിന്നും പാരീസിലേയ്ക്കുള്ള 476 കിലോമീറ്റര്‍ ദൂരം രണ്ടേകാല്‍ മണിക്കൂര്‍ കൊണ്ടാണ് യൂറോസ്റ്റാര്‍ എന്ന ഹൈസ്പീഡ് ട്രെയിന്‍ താണ്ടുന്നത്. ഇംഗ്ലീഷ് ചാനലിന്റെ താഴേക്കൂടിയുള്ള ഭൂഗര്‍ഭപാതയിലൂടെ കടന്നുപോകുന്ന ഇത് മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുന്നു. പ്രഭാതത്തില്‍ സെയ്ന്റ് പാന്‍ക്രാസ് ഇന്റര്‍നാഷണല്‍ സ്റ്റേഷനില്‍ നല്ല തിരക്കനുഭവപ്പെട്ടു. എയര്‍പോര്‍ട്ട് ലൗഞ്ചിലേതു പോലെയുള്ള സൗകര്യങ്ങള്‍. പത്രത്തില്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളുടെ ചിത്രങ്ങള്‍. ഉസൈന്‍ ബോള്‍ട്ടിന്റെ വിടവാങ്ങല്‍ മത്സരമായിരുന്നു കഴിഞ്ഞ ദിവസം. ലണ്ടനിലെ സ്ടാറ്റ്ഫഡിലുള്ള ഒളിമ്പിക് സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍. വളരെ നേരത്തെതന്നെ ടിക്കറ്റ് സംഘടിപ്പിച്ചതുകൊണ്ട് ഉസൈന്‍ ബോള്‍ട്ട് എന്ന വിസ്മയത്തിന്റെ 100 മീറ്റര്‍ സ്പ്രിന്റും മോഫാറയുടെ ഉശിരന്‍ 10000 മീറ്റര്‍ പ്രകടനവും കാണാന്‍ സാധിച്ചു. 66000 പേരെ കൊള്ളുന്ന സ്റ്റേഡിയം പൂര്‍ണ്ണമായും നിറഞ്ഞിരുന്നു. പലരും കുടുംബമായിട്ടാണ് മത്സരങ്ങള്‍ കാണാനെത്തിയത്. സ്റ്റേഡിയത്തിനു ചുറ്റും ഉദ്യാനങ്ങള്‍. എവിടെയും തിരക്കനുഭവപ്പെട്ടില്ല. വഴിയരികിലെ സ്റ്റാളുകളില്‍നിന്നും വാങ്ങിയ ഇംഗ്ലീഷ് ബിയര്‍ മഗ്ഗുകളുമായി ആളുകള്‍ അകത്തേയ്ക്കു പോകുന്നുണ്ടായിരുന്നു. ആകെ ഒരു ഉത്സവ പ്രതീതി.

ഉദ്ഘാടന ദിവസമായിരുന്നു 100 മീറ്റര്‍ സെമിഫൈനല്‍. ലോങ് ജമ്പ്, പോള്‍ വോള്‍ട്ട് തുടങ്ങിയ മത്സരങ്ങളും. സെമിഫൈനലില്‍ ക്രിസ്റ്റ്യന്‍ കോള്‍മാനു പിന്നിലായ ബോള്‍ട്ട് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. അടുത്ത ദിവസമായിരുന്നു ഫൈനല്‍ മത്സരം. 100 മീറ്റര്‍ മത്സരം തുടങ്ങാറായപ്പോള്‍ നിറഞ്ഞ സ്റ്റേഡിയം വീര്‍പ്പടക്കി നിന്നു. മൂന്നാം ലേനില്‍ ബോള്‍ട്ട്, നാലില്‍ കോള്‍മാന്‍, ഏഴാം ലേനില്‍ ആരും ശ്രദ്ധിക്കാതിരുന്ന ഗാറ്റ്ലിന്‍. സ്റ്റാര്‍ട്ട് പറഞ്ഞതോടെ സ്റ്റേഡിയം ആര്‍പ്പുവിളികളാല്‍ മുഴങ്ങി. കോള്‍മാനായിരുന്നു ആദ്യഘട്ടത്തില്‍ ലീഡ് ചെയ്തത്. ബോള്‍ട്ട് പണിപ്പെട്ട് കോള്‍മാനോടൊപ്പം എത്താന്‍ പരിശ്രമിച്ചു. പകുതി ദൂരം പിന്നിട്ടപ്പോള്‍ ഗാറ്റ്ലിന്‍ കുതിച്ചു മുന്നിലേക്കാഞ്ഞു കയറി. ഫിനിഷിങ് ലൈനിനു തൊട്ടുമുന്‍പ് വീണ്ടും ആഞ്ഞു കുതിച്ച ഗാറ്റ്ലിന്‍ 9.92 സെക്കന്‍ഡില്‍ ഒന്നാമതായി. തൊട്ടുപിന്നാലെ 9.94 സെക്കന്‍ഡില്‍ കോള്‍മാനും. ബോള്‍ട്ട് തന്റെ വിടവാങ്ങല്‍ മത്സരത്തില്‍ 9.95 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. മുന്‍പ് രണ്ടു തവണ നിരോധിത രാസവസ്തുവിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മത്സരങ്ങളില്‍നിന്നും വിലക്കപ്പെട്ട ഗാറ്റ്ലിന്റെ വിജയത്തെ കൂക്കിവിളികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. ബോള്‍ട്ടിന്റെ പ്രതികരണ സമയം (റിയാക്ഷന്‍ ടൈം) കൂടുതലായതിനാല്‍ ആദ്യഘട്ടത്തില്‍ തന്നെ അല്പം പിന്നിലായി. സ്റ്റേഡിയത്തെ അഭിവാദ്യം ചെയ്തു ബോള്‍ട്ട് മുന്നോട്ടു നീങ്ങിയപ്പോള്‍ ആ മുഖത്തൊട്ടും അതൃപ്തി കാണപ്പെട്ടില്ല. തന്റെ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചതിന്റെ ആശ്വാസം മുഖത്തു തെളിഞ്ഞിരുന്നു. ആറരയടി നീളമുള്ള ബോള്‍ട്ട് 2009-ല്‍ ബെര്‍ലിന്‍ മേളയില്‍ സ്ഥാപിച്ച 9.58 സെക്കന്‍ഡ് എന്ന ലോക റെക്കോഡ് ഇന്നും നിലനില്‍ക്കുന്നു. സ്റ്റേഡിയത്തില്‍ തൊട്ടടുത്തിരുന്ന കുടുംബം സ്‌കോട്ലന്‍ഡില്‍നിന്നും എത്തിയതാണ്. മത്സരങ്ങള്‍ പൂര്‍ണ്ണമാകുന്നതിനു മുന്‍പ് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ എന്താ നേരത്തെ പോകുന്നത് എന്നവര്‍ ചോദിച്ചു. പാരീസിലേയ്ക്കുള്ള പുലര്‍കാല ട്രെയിന്‍ പിടിക്കാനുണ്ടെന്നു പറഞ്ഞതോടെ എന്താ അവിടെ നെയ്മര്‍ കാത്തുനില്‍ക്കുന്നുണ്ടോ എന്നു തമാശ പറഞ്ഞു. രാത്രി വൈകിയതു കൊണ്ട് ഹോട്ടലുകളെല്ലാം അടച്ചിരുന്നു. ബാഗിലുണ്ടായിരുന്ന ബിസ്‌കറ്റും ഓറഞ്ച് ജ്യൂസുംകൊണ്ട് തൃപ്തിപ്പെട്ടു. വഴിയോരങ്ങളിലെ ബാറുകളുടെ മുന്നില്‍ പുകവലിക്കാന്‍ പുറത്തിറങ്ങിയവരുടെ ഉറക്കെയുള്ള സംസാരം. ഫുട്പാത്തില്‍ ചിലര്‍ സ്ലീപ്പിങ്ങ് ബാഗുകളില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങുന്നു. തൊട്ടരികില്‍ അവരുടെ വളര്‍ത്തു നായകളുമുണ്ട്. ലണ്ടനിലും ഇതാണോ അവസ്ഥ എന്നു തോന്നി. 

ഫ്രാന്‍സിലേയ്ക്കു കടന്നതിനുശേഷം ട്രെയിന്‍ അതിമനോഹരമായ ഭൂഭാഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ചെറുപട്ടണങ്ങളും കവലകളും ഫാം ഹൗസുകളും ഉള്ള പ്രദേശങ്ങള്‍. പലയിടങ്ങളിലും കുതിര, ചെമ്മരിയാട് തുടങ്ങിയവയെ മേയാന്‍ വിട്ടിരിക്കുന്നതു കണ്ടു. ജനസാന്ദ്രത വളരെ കുറവുള്ള ഇടങ്ങള്‍. വേനലിലും സുഖശീതളമായ കാലാവസ്ഥയാണ് ഫ്രാന്‍സിന്റെ മിക്കയിടങ്ങളിലും. വൃക്ഷലതാദികളെ ഹനിക്കാതെ കാട്ടുപ്രദേശങ്ങള്‍ക്കു മുകളിലൂടെയുള്ള പാതകള്‍. പ്രകൃതിയെ ഒട്ടും വികലമാക്കാതെയുള്ള നിര്‍മ്മാണ രീതികള്‍. പരമ്പരാഗത ശൈലിയിലുള്ള കെട്ടിടങ്ങള്‍ അതേപടി നിലനിര്‍ത്തിയിരിക്കുന്നു. പാരീസിലെ ഗാര്‍ദുനോര്‍ദ് റയില്‍വേ സ്റ്റേഷന്റെ മുന്നില്‍ തിരക്കൊട്ടുമില്ല. ഹോട്ടലിലേയ്ക്കു പോകേണ്ട ദിശയന്വേഷിച്ചു കുഴഞ്ഞപ്പോള്‍ തൊട്ടടുത്തു നിന്ന രണ്ടു യുവതികള്‍ ഫോണില്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് വഴി കൃത്യമായി പറഞ്ഞുതന്നു. ചെറിയ കടകളും കഫറ്റേരിയകളും നിറഞ്ഞ കവല. മൊബൈല്‍ ഷോപ്പുകള്‍, ഇന്റര്‍നെറ്റ് കഫേ, ചെറിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയെല്ലാമുണ്ട്. 

വേനല്‍ക്കാലമാണെങ്കിലും നല്ല തണുപ്പ്. ഹോട്ടലിലെ റിസപ്ഷനിസ്റ്റ് അള്‍ജീരിയക്കാരനായ താരിഖ് ആണ്. പാര്‍ട്ട് ടൈം ജോലി ചെയ്ത് പഠനത്തിനായുള്ള പണം സ്വരൂപിക്കുന്നു. സയന്‍സാണ് പഠിക്കാനുദ്ദേശിക്കുന്നത്. പ്രാതല്‍ കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഇബ്രാഹീം എന്ന ലക്നോ സ്വദേശി വന്നു പരിചയപ്പെട്ടു. ദുബായില്‍ ടെക്സ്റ്റയില്‍സ് വ്യാപാരം നടത്തുന്നു. ഇടയ്ക്കിടെ യൂറോപ്യന്‍ നഗരങ്ങള്‍ സന്ദര്‍ശിച്ച് വ്യാപാരം വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്. പാരീസില്‍ ധാരാളം പോക്കറ്റടിക്കാരുണ്ട്, പാന്‍സിന്റെ പിന്‍പോക്കറ്റില്‍ പഴ്സ് വയ്ക്കുന്നതു സൂക്ഷിച്ചു വേണം എന്ന് ഇബ്രാഹീം പറഞ്ഞതുകേട്ട് വിസ്മയം തോന്നി. അതു ശരിയായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. താരതമ്യേന ജീവിതച്ചെലവു കുറഞ്ഞ ഹംഗറി, ഓസ്ട്രിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ ശ്രമിക്കണം എന്നുപദേശിച്ച് ഇബ്രാഹീം പോയി. പാരീസില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ താരിഖ് മാപ്പില്‍ വിശദമായി കുറിച്ചുതന്നു. പാരീസ് നഗരത്തിലെവിടെയും പോകാന്‍ മെട്രോ ട്രെയിനുകളെ ആശ്രയിക്കാം. അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനില്‍ ആദ്യം കണ്ടത് സാലവദോര്‍ ദാലിയുടെ സൃഷ്ടികളുടെ പ്രദര്‍ശന വിവരമുള്ള മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന പോസ്റ്ററാണ്. ഹോട്ടലിന്റെ അടുത്തുതന്നെ ഇന്ത്യന്‍, പാക്കിസ്താനി റസ്റ്റോറന്റുകളുണ്ട്. തൊട്ടടുത്തുള്ള സ്റ്റേഷനില്‍നിന്നും ട്രെയിനില്‍ കയറി. കുറേ സ്റ്റേഷനുകള്‍ കഴിഞ്ഞപ്പോള്‍ അത് യാത്ര അവസാനിപ്പിച്ച് വിജനമായ യാര്‍ഡിലെത്തി. വിളക്കുകളെല്ലാം അണഞ്ഞു. മൊബൈല്‍ നെറ്റവര്‍ക്ക് ലഭിക്കുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അകലെനിന്ന് ഒരു ടോര്‍ച്ച് വെളിച്ചം അടുക്കുന്നതു കണ്ടു. നല്ലതുപോലെ പുഞ്ചിരിക്കുന്ന ഒരു യുവതിയായിരുന്നു അത്. ട്രെയിനിലെ ജീവനക്കാരിയാണെന്ന് യൂണിഫോമില്‍നിന്നു വ്യക്തമായി. കാര്യം പറഞ്ഞയുടനെ അവര്‍ക്ക് മനസ്സിലായി. എതിര്‍ദിശയിലേയ്ക്കുള്ള ട്രെയിനില്‍ മാറിക്കയറിയതാണ്. പോകേണ്ട ദിശ വ്യത്യസ്തമായിരുന്നു. ഏതായാലും പുറത്തിറങ്ങരുത് അവിടെത്തന്നെ ഇരിക്കുക എന്നു പറഞ്ഞ് അവര്‍ ആരോടോ സംസാരിച്ചു. ഇംഗ്ലീഷ് അറിയാവുന്ന ഫ്രെഞ്ചുകാരും അവരുടെ ഭാഷയില്‍ മാത്രമേ സംസാരിക്കുകയുള്ളു എന്നു കേട്ടതു ശരിയല്ല എന്നു തോന്നി. കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം ട്രെയിന്‍ പുറപ്പെട്ടു. അവര്‍ നിര്‍ദ്ദേശിച്ച സ്റ്റേഷനില്‍ ഇറങ്ങി മാറിക്കയറി. നഗരത്തിന്റെ കേന്ദ്രഭാഗത്തു തന്നെയാണ് പ്രശസ്തമായ ലൂവര്‍, ഓര്‍സേ, പിക്കാസോ, റോഡിന്‍ തുടങ്ങിയ മ്യൂസിയങ്ങളുള്ളത്. അടുത്ത കവലകളില്‍ എത്താന്‍ ട്രെയിനുകള്‍ ഉണ്ടെങ്കിലും എല്ലാം നടന്നു കാണുന്നതാണ് നല്ലത്. നഗരജീവിതം ഒപ്പിയെടുക്കാമല്ലോ. പുഞ്ചിരിയുടെ നഗരം കൂടിയാണ് പാരീസ്. ലണ്ടനിലെപ്പോലെയുള്ള ഗൗരവക്കാര്‍ ഇവിടെയില്ല. 

സെയ്ന്‍ നദിക്കരയില്‍ 
പാരിസ് നഗരത്തിലൂടെ മനോഹര ദൃശ്യം പകര്‍ന്ന് സെയ്ന്‍ നദിയൊഴുകുന്നു. ഇരുകരകളിലും പഴയതെങ്കിലും ചരിത്രമുറങ്ങുന്നതും ശില്പചാതുരി വെളിപ്പെടുത്തുന്നതുമായ കെട്ടിടങ്ങള്‍. അംബരചുംബികള്‍ വളരെ കുറവാണ്. ഈഫല്‍ ടവര്‍ മാത്രമാണ് ഏറ്റവും ഉയര്‍ന്നു നില്ക്കുന്നത്. നദീതീരത്തു തന്നെയുള്ള കലാസൃഷ്ടികളുടെ ശേഖരമുള്ള ലൂവര്‍ മ്യൂസിയം ലോകത്തെ ഏറ്റവും വലുതാണ്. കലാസൃഷ്ടികളുടെ സാഗരം തന്നെ. ലോകത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നതും ഇവിടെത്തന്നെ. തീവ്രവാദികളുടെ ഭീഷണിയുള്ളതിനാല്‍ കര്‍ശനമായ പരിശോധനയുണ്ട്. കുറച്ചുനാള്‍ മുന്‍പ് ബോംബു ഭീഷണിയും വെടിവയ്പും ഒക്കെ ഉണ്ടായതായി വായിച്ചിരുന്നു. മ്യൂസിയത്തിന്റെ മുന്‍വശത്ത് ചില്ലുപാകിയ പിരമിഡ്. 12-ാം നൂറ്റാണ്ടിലെ ലൂവര്‍ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഉള്ളില്‍ കാണാം. പിന്നീടത് ലൂവര്‍ കൊട്ടാരമായി. പതിനേഴാം നൂറ്റാണ്ടില്‍ ലൂയി പതിന്നാലാമന്‍ അതു പ്രാചീന ഗ്രീക്ക്/റോമന്‍ ശില്പങ്ങളുടെ പ്രദര്‍ശന കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. 18-ാം നൂറ്റാണ്ടില്‍ പെയ്ന്റിങ്ങുകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തി. ഫ്രെഞ്ച് വിപ്ലവകാലത്ത് മ്യൂസിയം പൊതുജനത്തിനു തുറന്നുകൊടുത്തു. നെപ്പോളിയന്‍, തന്റെ ജൈത്രയാത്രയ്ക്കിടയില്‍ സ്വന്തമാക്കിയ മാസ്റ്റര്‍പീസുകള്‍ ഉള്‍പ്പെടുത്തി മ്യൂസിയം വിപുലപ്പെടുത്തി. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെയാണ് പ്രാചീനകാലം തൊട്ട് 19-ാം നൂറ്റാണ്ടു വരെയുള്ള കാലത്തെ ഏറ്റവും മൂല്യമുള്ള മുപ്പത്തി അയ്യായിരത്തോളം കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അവിടുത്തെ ഇടനാഴികളിലൂടെ ആഴ്ചകളോളം നടന്നാലും കലയുടേയും ചരിത്രത്തിന്റേയും ശേഷിപ്പുകള്‍ കണ്ടാസ്വദിച്ചു തീരില്ല. പ്രാചീന ഗ്രീസ്, റോം, മെസപ്പൊട്ടോമിയ, ഈജിപ്ത് തുടങ്ങിയ ഇടങ്ങളില്‍നിന്നുള്ള ഏറ്റവും മുന്തിയ ചിത്രങ്ങളും ശില്പങ്ങളും പ്രദര്‍ശനത്തിനുണ്ട്. ഡാവിഞ്ചി, റാഫേല്‍, റെംബ്രാന്‍ഡ്, ഇന്‍ഗ്രെസ്, ഗിയോട്ടോ തുടങ്ങിയവരുടെ വിഖ്യാത പെയ്ന്റിങ്ങുകള്‍. മൈക്കലാഞ്ചലോയുടേയും പ്രാചീന ഗ്രീസ്, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലേയും പ്രശസ്തശില്പങ്ങള്‍ സന്ദര്‍ശകരെ വിസ്മയത്തിലാഴ്ത്തുന്നു. പെയ്ന്റിങ്ങുകളും ശില്പങ്ങളും പുസ്തകങ്ങളിലും വീഡിയോയിലും കണ്ടു പരിചയിച്ചിരുന്നതുകൊണ്ട് വളരെ അടുപ്പമുള്ള ആളുകളെ കണ്ട പ്രതീതിയായിരുന്നു. 

ലീസയുടെ കാമുകന്മാര്‍
ലിയൊനാര്‍ഡോ ഡാവിഞ്ചിയുടെ മോണലീസ തന്നെയാണ് ലൂവറിലെ ഏറ്റവും പ്രശസ്തവും മൂല്യമുള്ളതുമായ സൃഷ്ടി. ഇറ്റലിയിലെ ഫ്ളോറന്‍സില്‍ 1479-1542 കാലത്തു ജീവിച്ചിരുന്ന ലീസാ ഘെറാഡിനി (ഇറ്റാലിയന്‍ നാമം ലീസ ദെല്‍ ജൊക്കോണ്ടോ) എന്ന യുവതിയാണ് മോണലീസയ്ക്ക് മോഡലായത്. ഇറ്റലിയിലെ നവോത്ഥാന കാലത്താണ് ഇതിന്റെ പിറവി. അഞ്ചുകുട്ടികളുടെ മാതാവായിരുന്ന ലീസയുടെ കുടുംബം കലാസൃഷ്ടികളെ വിലമതിക്കുന്നവരായിരുന്നു. ഡാവിഞ്ചി ചെലവിനുള്ള പണം കണ്ടെത്താന്‍ പോര്‍ട്രെയ്റ്റുകള്‍ വരച്ചു നല്കുന്ന സമയമായിരുന്നു. ചിത്രത്തിനുള്ള പണം ലഭിക്കാത്തതു മൂലം ചിത്രം ലീസയുടെ കുടുംബത്തിനു നല്കിയില്ല. 1503-1506 കാലത്താണ് ഡാവിഞ്ചി ഈ ചിത്രത്തിന്റെ രചന തുടങ്ങിയത്. 1516-ല്‍ ഇതു ഫ്രാന്‍സില്‍ വച്ച് പൂര്‍ത്തീകരിച്ചു എന്നും കരുതപ്പെടുന്നു. 1797 മുതല്‍ ലീസ ലൂവറില്‍ പ്രദര്‍ശനത്തിനുണ്ട്. ലാ ജൊക്കോണ്ട് എന്നാണ് ഫ്രെഞ്ച് നാമം. 

കുറച്ചു ദിവസം മുന്‍പാണ് ഡാവിഞ്ചിയുടെ സാല്‍വറ്റോര്‍ മണ്ഡി എന്ന പെയ്ന്റിങ്ങ് അതിന്റെ ഉടമ 450 ദശലക്ഷം ഡോളറിന് ലേലം ചെയ്തത്. സൗദിയിലെ ഒരു രാജകുടുംബാംഗമാണ് ഇതു സ്വന്തമാക്കിയത് എന്നു പറയപ്പെടുന്നു. മോണലീസയുടെ മൂല്യം എത്രയായിരിക്കും എന്നാലോചിച്ചു. 1911-ല്‍ ഈ ചിത്രം മോഷണം പോയി. രണ്ടു വര്‍ഷത്തോളം കഴിഞ്ഞ് തിരികെ ലഭിച്ചു. പാബ്ലോ പിക്കാസോയേയും കവിയായ അപ്പോല്ലിനേറിനേയും സംശയിച്ചിരുന്നു. എന്നാല്‍ ഇറ്റലിക്കാരനായ പെറൂഗ്ഗിയ എന്ന രാജ്യസ്നേഹി ലിയോനാര്‍ഡോയുടെ സൃഷ്ടി ഇറ്റലിക്കു സ്വന്തം എന്ന ചിന്തയില്‍ കടത്തിയതെന്നു വ്യക്തമായി. പെറൂഗ്ഗിയയുടെ വീട്ടില്‍ രണ്ടു വര്‍ഷത്തോളം മോണലീസ സുരക്ഷിതമായിരുന്നു. പേറൂഗ്ഗിയയുടെ ക്ഷമ നശിച്ച് അതു വില്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ പിടിയിലായി. 1956-ല്‍ ചിത്രത്തിനു നേരെ ആസിഡ് ആക്രമണവും കല്ലേറും ഉണ്ടായി. ഇപ്പോള്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സിനുള്ളിലാണ് ഇതു സൂക്ഷിച്ചിരിക്കുന്നത്. മോണലീസയെ പല ചിത്രകാരന്മാരും പിന്നീട് വരച്ചിട്ടുണ്ട്. എന്നാല്‍, ഡാവിഞ്ചിയുടെ ലീസ വ്യത്യസ്തമായി തുടരുന്നു. 

ലൂവറില്‍ ഇറ്റലിയിലെ നവോത്ഥാനകാലത്തെ പെയ്ന്റിങ്ങുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഇടത്ത് ഒരു വിശാലമായ ഹാളിലാണ് മോണലീസയുള്ളത്. മുംബൈയിലെ ഒരു പുസ്തകശാലയില്‍നിന്നും വാങ്ങിയ മോണലീസ രണ്ടു ദശകത്തോളം മുറിയിലെ വാതില്‍ പാളിയുടെ പിന്നില്‍ ഉണ്ടായിരുന്നു,ഒരു മുതിര്‍ന്ന സിനിമാ സംവിധായകന്‍ മോഹിച്ച് അത് എടുത്തുകൊണ്ടു പോകുന്നതുവരെ. മോണലീസയെ കണ്ടപ്പോള്‍ നല്ല പരിചയമുള്ള ഒരാളുടെ മുന്നില്‍ എത്തിയതുപോലെ തോന്നി. ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഹാളില്‍ നല്ല ജനക്കൂട്ടം. ചുറ്റുപാടുമുള്ള ചുവരുകളില്‍ മറ്റു പല ചിത്രങ്ങള്‍ ഉണ്ടെങ്കിലും അവയെ ആരും കാര്യമായി ഗൗനിക്കുന്നില്ല. പത്തടിയോളം ദൂരത്തുനിന്നു മാത്രമേ മോണലീസ കാണാനാകുകയുള്ളു. വികലാംഗര്‍ക്ക് അല്പം കൂടി മുന്നോട്ടു നീങ്ങി കാണാനുള്ള സൗകര്യമുണ്ട്. വികലാംഗര്‍ക്ക് ഇത്തരം സൗകര്യങ്ങളില്ല എന്നു പറഞ്ഞാണ് നേരത്തെ കല്ലേറും മറ്റുമുണ്ടായത്. കണ്ണിമയ്ക്കാതെ സന്ദര്‍ശകര്‍ ചിത്രം കണ്ടാസ്വദിക്കുന്ന കാഴ്ച. അവരുടെ കണ്ണുകളില്‍ വിസ്മയത്തിന്റെ തിളക്കം. ലീസയുടെ പുഞ്ചിരിയുടെ മാസ്മരിക വലയത്തില്‍ പെടാത്തവരായി ആരുമില്ല. കാമറ ക്ലിക്കുകള്‍, സെല്‍ഫികള്‍ എന്നിവ കൊണ്ട് അവിടം മുഖരിതമായി. ലീസയുടെ നേരെ മുന്നില്‍ കുറച്ചു നേരം നിന്നതിനു ശേഷം വശത്തേയ്ക്കു മാറി. ചുറ്റുമുള്ളവരെ ആരും ശ്രദ്ധിക്കുന്നില്ല. പാരീസിലെത്താന്‍ ഒരു പ്രചോദനം ഈ കലാസൃഷ്ടിയാണെന്ന് ഓര്‍ത്തു. ലീസയുടെ മാസ്മരികത അത്രയ്ക്കും ആകര്‍ഷണീയമാണ്. ഡാവിഞ്ചിയുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് രചനകളെല്ലാം. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളായി ലീസ പുഞ്ചിരിച്ചു തുടങ്ങിയിട്ട്. ആ ദിവസം തന്നെ ഇടനാഴികളിലൂടെ കറങ്ങി തിരികെ മോണാലീസയെ കാണാന്‍ പല തവണ എത്തി. മ്യൂസിയം അടയ്ക്കാറായപ്പോള്‍ പോലും അവിടെ നല്ല തിരക്കുണ്ടായിരുന്നു. 

വീനസ് ദെ മിലോ എന്ന മാര്‍ബിള്‍ ശില്പമാണ് മറ്റൊരാകര്‍ഷണം. ആ ശില്പം സൗന്ദര്യത്തിന്റേയും സ്‌നേഹത്തിന്റേയും ഗ്രീക്ക് ദേവതയായ അഫ്രോഡൈറ്റിന്റേതാണ് എന്നും പറയപ്പെടുന്നു. ആന്റിയോക്കിലെ അലക്‌സാന്‍ഡ്രിയോസ് മാര്‍ബിളില്‍ കൊത്തിയെടുത്ത ഈ ഉത്തമ കലാസൃഷ്ടി 150 ബിസിയിലേതെന്ന് കരുതപ്പെടുന്നു. 1820-ല്‍ ഏജിയന്‍ പ്രദേശത്തെ മിലോസ് ദ്വീപില്‍ നടത്തിയ ഉദ്ഖനനത്തിലാണ് ഇതു കണ്ടെടുത്തത്. അംഗഭംഗം നേരിട്ട നിലയിലെങ്കിലും ശില്പചാരുത നഷ്ടപ്പെട്ടിട്ടില്ല. ആറരയടി ഉയരമുള്ള വീനസിന്റെ സൗന്ദര്യത്തില്‍ ഏവരും ആകൃഷ്ടരാകുന്നു. സമുദ്രത്തിന്റെ ദേവതയായ ആംഫിട്രൈറ്റിന്റെ ശില്പമാണതെന്നു ചില ഗവേഷകര്‍ വാദിക്കുന്നുണ്ട്. ശില്പചാരുതയെ ചുറ്റിനടന്നു കാണുകയാണ് ഒട്ടു മിക്കവരും. ഒരു ചിത്രകാരന്‍ നിലത്തിരുന്ന് വീനസിന്റെ സൗന്ദര്യം പകര്‍ത്തുന്നു. പാരീസിലെ മിക്ക ഗാലറികളിലും ഇത്തരം ചിത്രകാരന്മാരെ കാണാം. മറ്റുള്ളവരുമായി ഇടപഴകാന്‍ വൈമുഖ്യം കാണിക്കുന്നവരാണ് അധികവും. ഏതോ മായാലോകത്താണവര്‍. ചിലയിടങ്ങളില്‍ ചിത്രകല അഭ്യസിക്കുന്നവര്‍ കൂട്ടംചേര്‍ന്നിരുന്ന് ചുമരിലെ ചിത്രങ്ങള്‍ നോക്കി വരയ്ക്കുന്നു. സാല്‍വദോര്‍ ദാലിയുള്‍പ്പെടെയുള്ള ഉത്തരാധുനികര്‍ വീനസിനെ ആധാരമാക്കി സൃഷ്ടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദാലിയുടെ വീനസ് വിത്ത് ഡ്രോയേഴ്സ് ഇതില്‍ പ്രമുഖമാണ്.

മ്യൂസിയം അടയ്ക്കുന്ന സമയമായി എന്ന അറിയിപ്പു കേട്ടു. സന്ദര്‍ശകര്‍ സുവനീര്‍ ഷോപ്പുകളില്‍ തിരക്കുകൂട്ടി. ഇവിടം പശ്ചാത്തലമാക്കി ചിത്രീകരിച്ച ഡാവിഞ്ചി കോഡ് എന്ന ചലച്ചിത്രത്തിലെ രംഗങ്ങള്‍ ഓര്‍മ്മവന്നു. ലൂവറിനു മുന്നിലെ ഉദ്യാനത്തില്‍ വിശ്രമിക്കാനിരുന്നപ്പോള്‍ ഈഫല്‍ ടവറിന്റെ മോഡലുകളുമായി രണ്ടുപേര്‍ അടുത്തുകൂടി. അള്‍ജീരിയക്കാരായ രണ്ടു ചെറുപ്പക്കാരുടേയും പേര് അഹമ്മദ് എന്നാണ്. അപ്പോള്‍ വരുന്നു ഒരു ചോദ്യം 'യൂ മുസ്ലിം?' ഇന്ത്യയില്‍ ഞങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചോദിക്കാറില്ല എന്നും ലോകത്തെല്ലാവരും സഹോദരങ്ങളാണെന്നും പറഞ്ഞു നിര്‍ത്തിയപ്പോള്‍ സെല്‍ഫി സ്റ്റിക്കുകളുമായി ഉത്തര്‍പ്രദേശുകാരന്‍ ഹര്‍പ്രീത് എത്തി. ലൂവറിനു മുന്നില്‍ വര്‍ഷങ്ങളായി ഇത്തരം സാധനങ്ങള്‍ വില്ക്കുന്നു. ഭാര്യയും കുട്ടികളും ഗ്രാമത്തിലാണ്. ഇന്ത്യയില്‍ പോകാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ കണ്ണുകളില്‍ അനിശ്ചിതത്വം. കയ്യില്‍നിന്നും വെള്ളമൊഴിഞ്ഞ കുപ്പി നിലത്തു വീണതറിഞ്ഞില്ല. യൂണിഫോമിട്ട ഒരു യുവതിയോടൊപ്പം റോന്ത് ചുറ്റാനെത്തിയ വലിയൊരു കറുത്ത നായ വെള്ളക്കുപ്പി കടിച്ചെടുത്ത് കടന്നുപോയി. 

പ്രകാശം പരത്തുന്ന വീഥികളിലൂടെ
ഫാഷന്റേയും മുന്തിയ ബ്രാന്‍ഡുകളുടേയും കേന്ദ്രമായ വിശാലമായ വീഥിയിലൂടെ അതിവേഗത്തില്‍ പായുന്ന വാഹനങ്ങള്‍. ഒട്ടു മിക്ക പ്രമുഖ ബ്രാന്‍ഡ് കാറുകളും മിന്നല്‍ വേഗത്തില്‍ പായുന്ന ബൈക്കുകളും. ഇവിടുത്തുകാര്‍ക്ക് സ്പോര്‍ട്സ് കാറുകള്‍ ഒരു ഹരം തന്നെയെന്നു തോന്നുന്നു. അല്പവസ്ത്രധാരികളെ കണ്ടതേയില്ല. വസ്ത്രമൊട്ടുമില്ലാതെ നടക്കാനുള്ള കേന്ദ്രങ്ങളും ബീച്ചുകളും ഉള്ളതുകൊണ്ടാകണം വേനല്‍ക്കാലമായിട്ടും മാന്യമായ വേഷം ധരിച്ചിരിക്കുന്നത്. പാരീസിലെ യുവതികള്‍ വേഷവിധാനത്തിലൂടെയും പെരുമാറ്റ രീതികളിലൂടെയുമാണ് ആകര്‍ഷണ കേന്ദ്രമാകുന്നത്. അമിതമായ മേക്കപ്പോ മറ്റു വേഷപ്പകര്‍ച്ചകളോ കണ്ടില്ല. ഫാഷന്റെ നഗരമാണ് പാരീസ്. യുവതികള്‍ ആകാരസൗഷ്ടവം നിലനിര്‍ത്താന്‍ നല്ലതുപോലെ ശ്രമിക്കുന്നുണ്ടെന്നു വ്യക്തം. ദുര്‍മേദസ്സുള്ളവരെ അധികം കാണാന്‍ കഴിഞ്ഞില്ല. ഫ്രാന്‍സിന്റെ വിശാലമായ ഉള്‍നാടന്‍ ഭൂപ്രദേശങ്ങളില്‍ വിളയുന്ന വിശിഷ്ടമായ മുന്തിരിയില്‍നിന്നുള്ള വീഞ്ഞായിരിക്കും ഇവരുടെ ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയും രഹസ്യം എന്നു തോന്നുന്നു. 

വിഖ്യാത കലാസൃഷ്ടികളുള്ള ഓര്‍സേ മ്യൂസിയം കണ്ടതിനുശേഷം വഴിയരികിലെ കഫറ്റേരിയയില്‍ കയറി. കടകളുടെ മുന്നിലെ ചെറിയ മേശകളില്‍ വീഞ്ഞും ആഹാരവും വിളമ്പുന്നുണ്ട്. ഴാങ്ങ് പോള്‍ സാര്‍ത്ര് തന്റെ ആശയങ്ങളെല്ലാം കടലാസിലാക്കിയത് ഇത്തരമൊരു കഫറ്റേരിയയില്‍ ഇരുന്നാണ്. റൊട്ടിയും കറ്റാലന്‍ ഡ്രൈഡ് സോസേജും വലിയൊരു ഗ്ലാസ്സില്‍ ലെമൊണേഡും മുന്നിലെത്തി. പിഞ്ചു വെള്ളരിക്ക അച്ചാറിട്ടത് ഹൃദ്യമായി തോന്നി. ഒന്നരയടി നീളമുള്ള സോസേജ് കഴിച്ചു തീര്‍ക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. കഷ്ടപ്പെട്ട് ഇത് അകത്താക്കാന്‍ ശ്രമിക്കുന്നതു കണ്ട ഒരാള്‍ അടുത്തുവന്നു വലിയ പരിചയഭാവത്തില്‍ ഉറക്കെ സംസാരിക്കാന്‍ തുടങ്ങി. ഷര്‍ട്ടും പാന്റ്സുമാണ് വേഷം. അത് പ്രായംചെന്ന ഒരു സ്ത്രീയായിരുന്നു എന്നു പിന്നീടു മനസ്സിലാക്കി. വീഞ്ഞ് തലയ്ക്കു പിടിച്ചതാണ്. പാരീസിലെ ബാറില്‍ വന്നിരുന്ന് ഈ സൊസേജിന്റെ കൂടെ ലെമൊണേഡ് ആണോ കഴിക്കുന്നത് എന്നാണവര്‍ ചോദിച്ചതെന്ന് കഫറ്റേരിയയിലെ ശ്രീലങ്കന്‍ വംശജനായ പാചകക്കാരന്‍ പിന്നീട് വിശദീകരിച്ചു. അല്പനേരം അവിടെ വിശ്രമിച്ചതിനു ശേഷം ഷോംപ് എലീസെ എന്ന പാരീസിലെ ഏറ്റവും പ്രശസ്തമായ പാതയിലൂടെ നടന്നു. എല്ലാ മുന്തിയ ബ്രാന്‍ഡുകളും ഇവിടെയുണ്ട്. ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. 

സായാഹ്ന സൂര്യന്റെ പശ്ചാത്തലത്തില്‍ ആക് ദെ ത്രിയോംഫ് എന്ന കമാനം. ഫ്രെഞ്ച് വിപ്ലവകാലത്തും നെപ്പോളിയന്റെ ജൈത്രയാത്രയിലും ജീവന്‍ വെടിഞ്ഞ പോരാളികളുടെ പേരുകള്‍ ഈ കമാനത്തില്‍ കൊത്തിവച്ചിരിക്കുന്നു. അതു ചുറ്റിനടന്നു കണ്ടതിനു ശേഷം വീഥിയുടെ ഓരത്ത് ഒരു ചെറിയ തിട്ടയില്‍ അല്പനേരം വിശ്രമിക്കാനിരുന്നു. ആ ഇടത്ത് കുറേ ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ അടുത്തു വന്നിരുന്നു. മന്‍ എന്ന ആ യുവാവ് സിറിയന്‍ അഭയാര്‍ത്ഥിയാണ്. അനിശ്ചിതത്വം നിറഞ്ഞ ദിവസങ്ങളാണ് അവരുടേത്. ആഭ്യന്തരയുദ്ധത്തില്‍ എല്ലാം വിട്ടെറിഞ്ഞ് ജീവന്‍ രക്ഷിക്കാന്‍ ഓടിപ്പോന്നതാണ്. മാതാപിതാക്കള്‍ തുര്‍ക്കിയിലേയ്ക്ക് പലായനം ചെയ്തു. ഫ്രെഞ്ച് സര്‍ക്കാര്‍ നല്‍കുന്ന ചെറിയ തുക കൊണ്ടാണ് ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നത്. എന്തു ചെയ്യണമെന്ന് അറിയില്ല. ഇനി നിങ്ങള്‍ക്കു ഫ്രെഞ്ചുകാരാകാമല്ലോ എന്നു പറഞ്ഞപ്പോള്‍ മന്‍ ചിരിച്ചു. പറ്റുമെങ്കില്‍ മാതാപിതാക്കളേയും കൂട്ടി ഉള്‍നാടുകളില്‍ എവിടെയെങ്കിലും ജീവിതം തുടങ്ങണം എന്ന ആഗ്രഹം മന്‍ പ്രകടിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി ദൈന്യതയാര്‍ന്ന മുഖഭാവത്തോടെ അടുത്തു വന്ന് ഒരു കോളാ ക്യാന്‍ നീട്ടി. അതില്‍ ഒരു യൂറോ നാണയം. മറ്റേ കയ്യില്‍ പാതി കഴിച്ച ആപ്പിള്‍ പൈ. ഒരു 17 വയസ്സു പ്രായം വരും. കണങ്കാല്‍ വരെയെത്തുന്ന സ്‌കേര്‍ട്ടും ജാക്കറ്റുമാണ് വേഷം. പോക്കറ്റടി ധാരാളം ഉണ്ടെന്ന മുന്നറിയിപ്പ് ഓര്‍ത്തതുകൊണ്ട് പഴ്സ് പുറത്തെടുത്തില്ല. ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ വലഞ്ഞിരിക്കുന്നവരാണ് ചുറ്റിനും. കുറച്ചുനേരം കഴിഞ്ഞ് ആ പെണ്‍കുട്ടിയെ വീഥിയുടെ അങ്ങേവശത്തു വച്ച് വീണ്ടും കണ്ടു. ഹൈസ്‌കൂളില്‍ പഠിക്കുന്ന യാസ്മിന്‍ ഒറ്റയ്ക്കാണ് ഫ്രാന്‍സിലെത്തിയത്. പിതാവ് വെടിയേറ്റു മരിച്ചു. മാതാവ്, സഹോദരങ്ങള്‍ എന്നിവര്‍ക്ക് എന്തു പറ്റിയെന്ന് അറിയില്ല. ചിലപ്പോള്‍ ഫ്രാന്‍സില്‍ എവിടെയെങ്കിലും എത്തിയിട്ടുണ്ടാകും എന്നു സ്വയം ആശ്വസിച്ചു. വസ്ത്രവും മറ്റും അവിടുത്തുകാര്‍ ദാനം നല്‍കിയതാണ്. സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കാത്തതു കൊണ്ട് യാചിച്ചു ദിവസങ്ങള്‍ തള്ളിനീക്കുന്നു. അടുത്തുള്ള കഫറ്റേരിയയില്‍നിന്ന് അത്താഴം പൊതിഞ്ഞു വാങ്ങി നല്കി. കുറച്ചു യൂറോയും നല്കി നല്ലതു വരട്ടെ എന്നാശംസിച്ച് വിടപറഞ്ഞു. പ്രകാശം പരത്തുന്ന പാരീസ് നഗരം ആ സായാഹ്നത്തില്‍ ഹരം പകര്‍ന്നതേയില്ല. 

സര്‍റിയലിസ്റ്റും ചിന്തകനും
നഗരപ്രാന്തത്തിലാണ് മോണ്‍മാര്‍ട്ട് എന്ന മല. പ്രഭാതത്തില്‍ തന്നെ അവിടേയ്ക്ക് തിരിച്ചു. കേബിള്‍കാറില്‍ ആയാസമില്ലാതെ മല മുകളിലെത്താം. പോക്കറ്റടി സൂക്ഷിക്കുക എന്ന സൂചന. കേബിള്‍കാര്‍ പതിയെ മലകയറാന്‍ തുടങ്ങിയപ്പോള്‍ ആരോ പാന്റ്സിന്റെ പിന്‍പോക്കറ്റ് തപ്പിയതുപോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരാള്‍ നിന്നു പരുങ്ങുന്നു. മൊബൈല്‍ ക്യാമറ ക്ലിക്ക് ചെയ്തപ്പോള്‍ ആ ചെറുപ്പക്കാരന്‍ അങ്കലാപ്പിലായി. ശ്രീലങ്കക്കാരനെന്നു വ്യക്തം. മോണ്‍മാര്‍ട്ടിലേയ്ക്കുള്ള വഴിയില്‍ വച്ച് അയാളെ കണ്ടിരുന്നു. മോണ്‍മാര്‍ട്ടിന്റെ മുകളിലുള്ള ബസിലിക്കയുടെ വശത്ത് ഒരു യുവതി നന്നായി അക്കോഡിയന്‍ വായിക്കുന്നു. ബസിലിക്ക സന്ദര്‍ശിക്കാനെത്തുന്നവര്‍ സംഗീതം ആസ്വദിച്ച് നാണയത്തുട്ടുകള്‍ നല്കുന്നു. നല്ലതുപോലെ മേക്കപ്പ് ചെയ്തിട്ടും ആ യുവതിയുടെ മുഖത്തെ വിഷാദം ദൃശ്യമായിരുന്നു. മുച്ചീട്ടു കളി പോലെയൊരു ഏര്‍പ്പാട് വഴിയില്‍ കണ്ടു. ചുറ്റും കൂടി നില്‍ക്കുന്നവര്‍ വലിയ നോട്ടുകള്‍ വയ്ക്കുന്നുണ്ട്. ചിലര്‍ വിജയിക്കുകയും ചിലര്‍ തോല്‍ക്കുകയും ചെയ്യുന്നു. അല്പം ശ്രദ്ധിച്ചപ്പോള്‍ യൂറോ വയ്ക്കുന്നതും വിജയിക്കുന്നതും തോല്ക്കുന്നതുമൊക്കെ അവരുടെ ആളുകള്‍ തന്നെയെന്നു ബോദ്ധ്യമായി. ഇത്തരം തട്ടിപ്പുകള്‍ സാര്‍വ്വത്രികമെന്നു തോന്നുന്നു. ഒരു തൊപ്പി വാങ്ങാന്‍ കടയില്‍ ചെന്നപ്പോള്‍ അവിടെ ചൈനീസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ മാത്രം. ഒട്ടുമിക്ക കടകളുടെയും സ്ഥിതി ഇതുതന്നെ. ഗുണനിലവാരം ഒട്ടുമില്ലാത്ത ഉല്‍പ്പന്നങ്ങള്‍.

ബസിലിക്കയുടെ അടുത്താണ് സാല്‍വദോര്‍ ദാലിയുടെ ശില്പങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മ്യൂസിയം. സര്‍റിയലിസ്റ്റ് സൃഷ്ടികളാണ് ദാലിയുടെ പ്രത്യേകത. ശില്പങ്ങള്‍ വളരെ സമയമെടുത്ത് നോക്കുന്നതു ശ്രദ്ധിച്ച് ക്യൂറേറ്റര്‍ വന്നു പരിചയപ്പെടുകയും ദാലിയുടെ മാസ്റ്റര്‍പീസുകളുടെ പകര്‍പ്പുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഉരുകിയൊലിക്കുന്ന ക്ലോക്കുകള്‍, ഒടിഞ്ഞുമടങ്ങിയ വാച്ചുകള്‍, സര്‍റിയലിസ്റ്റ് ഫര്‍ണിച്ചര്‍, ഡോണ്‍ ക്വിക്സോട്ടിന്റെ സ്‌കെച്ച് തുടങ്ങിയവ ശ്രദ്ധേയമാണ്. സുവനീറുകള്‍ വില്ക്കുന്നയിടത്ത് ഉരുകുന്ന ക്ലോക്കിന്റേയും മറ്റും മോഡലുകള്‍ ഉണ്ട്. 'ഐ ഡോണ്ട് ഡൂഡ്രഗ്സ്, ഐ ആംഡ്രഗ്സ്' എന്ന് ആലേഖനം ചെയ്ത ടീഷര്‍ട്ടുകളില്‍ നീണ്ട മീശയുമായി ദാലി. സീക്രട്ട് ലൈഫ് ഓഫ് ദാലി, ഡയറി ഓഫ് എ ജീനിയസ് എന്നീ പുസ്തകങ്ങള്‍ അവിടെനിന്നും വാങ്ങി. പുസ്തകക്കടയിലെ മെലിഞ്ഞ സുന്ദരിക്ക് സന്തോഷമായി. എസ്പനോള്‍ (സ്പെയിന്‍) സന്ദര്‍ശിക്കുമ്പോള്‍ അവിടെ ദാലിയുടെ ജന്മദേശത്തുള്ള മ്യൂസിയം കാണാന്‍ മറക്കരുത് എന്നവര്‍ പറഞ്ഞു. മ്യൂസിയത്തിലേയ്ക്കു നയിക്കുന്ന വഴിയുടെ ഇരുവശത്തും ചിത്രകാരന്മാര്‍ ഇരുന്ന് വരയ്ക്കുന്നു. ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു ചിത്രകാരന്‍ കാന്‍വാസിന്റെ പിന്നിലൊളിച്ചു. 

ആധുനികതയുടെ ആദ്യവക്താക്കളില്‍ ഒരാളായ അഗസ്തെ റോഡിന്റെ സൃഷ്ടികളില്‍ പ്രമുഖമായ ചിന്തകന്‍ എന്ന ശില്പം നഗരമദ്ധ്യത്തിലുള്ള റോഡിന്‍ മ്യൂസിയത്തിലെ വലിയൊരു ഉദ്യാനത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ചിന്തകനെ കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ തിരക്കു കൂട്ടുന്നു. ശില്പത്തിനു മുന്നിലെ സിമന്റ് ബഞ്ചില്‍ ഇരുന്നപ്പോള്‍ അവിടെ വന്നുപോയ മിക്കവരും ഒരു ഫോട്ടോയെടുത്തു തരാന്‍ അഭ്യര്‍ത്ഥിച്ചു. ആരെയും നിരാശപ്പെടുത്തിയില്ല. മിക്കവരും ചിന്തകനെപ്പോലെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ചിന്തകന്റെ നേരെ മുകളില്‍ ആകാശത്ത് ജറ്റുവിമാനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞതിന്റെ അവശിഷ്ടങ്ങള്‍ കൗതുകകരമായ കാഴ്ചയായി. കുറച്ചുനേരം അവിടെ ഇരുന്നു മയങ്ങിയതിനു ശേഷം നോത്രദാം കാണാനായി പുറപ്പെട്ടു. ഫ്രെഞ്ച് വാസ്തുകലയുടെ ഉത്തമ ഉദാഹരണമാണ് നോത്രദാം. പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ് ഈ കത്തീഡ്രല്‍. ഫ്രെഞ്ച് വിപ്ലവകാലത്ത് ഇവിടുത്തെ അമൂല്യവസ്തുക്കളെല്ലാം നശിപ്പിക്കപ്പെട്ടു. ചുവരുകളില്‍ ആദം, ഹവ്വ, പറുദീസയിലെ പാമ്പ്, അന്ത്യവിധി എന്നിങ്ങനെയുള്ള അനേകം മികവുറ്റ സൃഷ്ടികള്‍. ഉള്ളില്‍ വര്‍ണ്ണച്ചില്ലുകള്‍ പാകിയ ജനാലകള്‍. വശങ്ങളില്‍ തീതുപ്പുന്ന വ്യാളിയായ കൈമെറയും മനുഷ്യമാംസം ഭക്ഷിക്കുന്ന സ്‌റ്റ്രൈക്‌സും. യൂഗോയുടെ എസ്മെറാള്‍ദ അവിടെവിടെയോ ഉണ്ടെന്നു തോന്നി. മണികള്‍ മുഴങ്ങിയപ്പോള്‍ കൂനനായ ക്വാസിമോദോയെയും തിരഞ്ഞു. അകലെ ഈഫല്‍ ടവറിലെ വിളക്കുകള്‍ പ്രകാശം ചൊരിഞ്ഞു തുടങ്ങിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com