ഞാന്‍ ആര്‍.എസ്.എസ്സില്‍ നിന്ന് സിപിഎമ്മിലേക്കുള്ള പാലം

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലെ ആര്‍.എസ്.എസ് നിലപാടിനെക്കുറിച്ചും കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ചും വത്സന്‍ തില്ലങ്കേരി സംസാരിക്കുന്നു.
PUS_0151
PUS_0151

സി.പി.എം നേതൃത്വവുമായി ആര്‍.എസ്.എസ്സില്‍ ഉള്ള പാലം ഞാന്‍ തന്നെയാണ്. അവരെ വിളിക്കാറുള്ളത് ഞാനാണ്. അവര്‍ എന്നെയും വിളിക്കാറുണ്ട്. ഏതു സംഘര്‍ഷസമയത്തും വിളിക്കാറുണ്ട്. എത്ര സംഘര്‍ഷം ഉണ്ടെങ്കിലും വിളിക്കാറുണ്ട്. അങ്ങനെയുള്ള ബന്ധം അറ്റുപോയിട്ടില്ല. ചില സമയങ്ങളില്‍ ഔദ്യോഗിക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. സംഘടനാപരമായും തീരുമാനിക്കും. പലപ്പോഴും തെറ്റിദ്ധാരണകള്‍ നീങ്ങുന്നത് ഇത്തരം ആശയവിനിമയത്തിലൂടെയാണ്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലെ ആര്‍.എസ്.എസ് നിലപാടിനെക്കുറിച്ചും കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ചും വത്സന്‍ തില്ലങ്കേരി സംസാരിക്കുന്നു.

ശബരിമല വിഷയത്തില്‍ സത്യത്തില്‍ എന്താണ് ആര്‍. എസ്.എസ് നിലപാട്?
സ്ത്രീ വിവേചനത്തിന് ആര്‍.എസ്.എസ് എതിരാണ്. പുരുഷന് പോകാവുന്നിടത്തൊക്കെ സ്ത്രീക്കും പോകാം. ശബരിമലയില്‍ പക്ഷേ, സ്ത്രീ വിവേചനമില്ല, പ്രായവിവേചനം മാത്രമാണ്. അത് പാരമ്പര്യമായി വന്നതാണ്. ഇരുന്നൂറിലധികം കൊല്ലമായി അങ്ങനെയാണ് എന്നാണ് തെളിവുകള്‍. അപവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ അതതു കാലത്തെ ഭരണാധികാരികളെ സ്വാധീനിച്ചോ അനുമതിയില്ലാതെയോ പോയതായിരിക്കാം. അങ്ങനെ കയറിയതുകൊണ്ട് പിന്നെ കയറാം എന്നു പറയുന്നതില്‍ ന്യായമില്ല. നിലവിലുള്ള ആചാരം ലംഘിച്ച് അവര്‍ ചെയ്തതാണത്. ആചാരങ്ങള്‍ ഇതുപോലെ എല്ലാ കാലത്തും തുടരണം എന്ന അഭിപ്രായം ആര്‍.എസ്.എസ്സിനില്ല. കാലാനുസൃതമായ മാറ്റങ്ങള്‍ വരണം. എന്തെങ്കിലും കാരണം കണ്ടിട്ടായിരിക്കും ചില കീഴ്വഴക്കങ്ങള്‍ ക്ഷേത്രങ്ങളില്‍ ഏര്‍പ്പെടുത്തിയത്. ആ കാരണം ഇല്ലാതാവുന്നതോടെ അക്കാര്യവും ഇല്ലാതാവും.

കാലങ്ങളായി നടന്നുവന്ന വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പെട്ടെന്ന് ഒരു ദിവസം മാറ്റണം എന്നു പറയുമ്പോള്‍ ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാകും. ആ പ്രയാസമാണ് ഇപ്പോള്‍ കേരളീയ സമൂഹത്തില്‍ ഉള്ളത്. ഉദാഹരണത്തിന് ഇന്ത്യന്‍ ഭരണഘടനയില്‍ 18 വയസ്സ് കഴിഞ്ഞവര്‍ക്കാണ് വോട്ടവകാശം. അത് വിവേചനം അല്ലേ എന്നു ചോദിച്ചാലോ. അതുപോലെ വിവാഹത്തിന് ആണിന് 21 വയസ്സും പെണ്ണിന് 18 വയസ്സും. മറ്റുള്ളവര്‍ക്ക് വിവാഹം കഴിച്ചാല്‍ എന്താണ് കുഴപ്പം എന്നു ചോദിച്ചാലോ. അപ്പോള്‍ അതിനൊക്കെ ഓരോരോ കാരണങ്ങളുണ്ട്. അതുപോലുള്ള കാരണങ്ങള്‍ ഇതുമായി ബന്ധപ്പെട്ടും ഉണ്ട്. ഞങ്ങളുടെ നാട്ടില്‍ ഹിന്ദുവിഭാഗത്തില്‍ കല്യാണം കഴിച്ചാല്‍ ആണിന്റെ വീട്ടിലേക്കാണ് പെണ്ണിനെ കൂട്ടിക്കൊണ്ടുപോകുക. കുറേക്കാലമായിട്ടുള്ള രീതിയാണ്. ശരിക്കും ലിംഗവിവേചനമല്ലേ. പെണ്ണിന്റെ വീട്ടില്‍ ചെക്കന്‍ പോയാലെന്താണ് കുഴപ്പം. എന്റെ ഭര്‍ത്താവ് എന്റെ വീട്ടിലേക്ക് വരണം എന്നാവശ്യപ്പെട്ട് ഒരു സ്ത്രീ കോടതിയില്‍ പോയാല്‍ ചിലപ്പോള്‍ അത് അനുവദിക്കുമായിരിക്കും. ഒരു സര്‍ക്കാര്‍ പറയുകയാണ് നാളെ മുതല്‍ അതു നടപ്പാക്കും എന്ന്. സംഭവം ന്യായമാണ്. എന്നാല്‍, അതു നടപ്പാക്കാന്‍ കുറച്ച് പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. അതു സമൂഹത്തിനെ ബോധ്യപ്പെടുത്താന്‍ കുറച്ചു സമയം എടുക്കും. ഇവിടെ ശബരിമലയില്‍ സര്‍ക്കാര്‍ എടുത്തുചാടി നടപ്പാക്കാന്‍ പുറപ്പെട്ടു എന്നിടത്താണ് പ്രശ്‌നം വരുന്നത്. സുപ്രീംകോടതി കാലപരിധിയൊന്നും പറഞ്ഞിട്ടില്ല. വിലക്ക് നീക്കിയെന്നേയുള്ളൂ.

അപ്പോള്‍ വിധി ആര്‍.എസ്.എസ് അംഗീകരിക്കുന്നു, സമയമാണ് പ്രശ്‌നം എന്നാണോ?
വിധിയെ ഞങ്ങള്‍ മാനിക്കുന്നു, അംഗീകരിക്കുന്നു. പക്ഷേ, ഓരോ ക്ഷേത്രത്തിനും സവിശേഷമായ ആരാധനാ സമ്പ്രദായങ്ങളുണ്ട്. ഇതെല്ലാം ഒരുപോലെയാക്കണം എന്നു കോടതിയും സര്‍ക്കാരും എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നത്.

ഈ പറയുന്ന വാദങ്ങളെല്ലാം വര്‍ഷങ്ങളോളം പരിശോധിച്ചല്ലേ ഇങ്ങനെയൊരു വിധിയുണ്ടായത്?
12 വര്‍ഷം എന്നൊക്കെ പറയുന്നത് വെറും ആലങ്കാരിക ഭാഷയാണ്. 22 ദിവസത്തോളം മാത്രമാണ് കേസിന്റെ വിചാരണ നടന്നത്. ഒരു കേസ് കോടതിയില്‍ എത്തിയാല്‍ അതു മാറ്റിമാറ്റി വെക്കൂലേ. 12 കൊല്ലം കേസ് കോടതിയില്‍ ഉണ്ട് എന്നതു കൊണ്ട് എനിക്ക് ഒരു അഭിപ്രായം കോടതിയില്‍ പോയി പറയാന്‍ പറ്റുമോ? 2006-ലാണ് യങ്ങ് ലോയേഴ്സ് അസോസിയേഷന്‍ ഇങ്ങനെയൊരു കേസ് കൊടുക്കുന്നത്. ആ സമയത്ത് അത് ആരറിയുന്നു. ശബരിമല വിഷയം ആളുകള്‍ അറിയുന്നത് ഏറ്റവും അവസാനം നടന്ന വിചാരണവേളയിലാണ്. അതിനു മുന്‍പ് ആരും അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അയ്യപ്പസേവാ സമാജം കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. സര്‍ക്കാര്‍ ഉന്നയിച്ച കമ്മിഷനെ വെക്കണമെന്ന വാദവും അയ്യപ്പസേവാ സമാജം ഉന്നയിച്ച വാദങ്ങളും വിധിപ്രസ്താവത്തില്‍ പരാമര്‍ശിച്ചിട്ടേയില്ല. അതുകൊണ്ട് 12 വര്‍ഷം കേസ് നടത്തി വാദമുഖങ്ങള്‍ അവതരിപ്പിച്ചില്ലേ എന്ന വാദത്തിന് പ്രസക്തിയില്ല. അവതരിപ്പിച്ച വാദമുഖങ്ങള്‍പോലും കോടതി ഗൗരവപൂര്‍വ്വം പരിഗണിച്ചുകണ്ടില്ല.

കോടതിവിധിയില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല എന്നറിഞ്ഞിട്ടും ഇത്തരം ഒരു പ്രക്ഷോഭത്തിലൂടെ ആര്‍.എസ്.എസ് ലക്ഷ്യമിടുന്നതെന്താണ്?
അത് മുന്‍വിധിയാണ്. റിവ്യൂ ഹര്‍ജിയോ റിട്ടോ കൊടുക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ ഗവണ്‍മെന്റ് വക്താക്കള്‍ പറഞ്ഞത് ഭരണഘടനാ ബെഞ്ചിന്റെ അന്തിമ വിധിയാണ് എന്നാണ്. അതിനപ്പുറത്തേയ്ക്ക് പോകാന്‍ പറ്റില്ല എന്ന്. ഇപ്പോള്‍ അത് പരിഗണിക്കുകയും തുറന്ന കോടതിയില്‍ വാദം കേള്‍ക്കാം എന്നു പറയുകയും ചെയ്തല്ലോ. കോടതി ആദ്യം പറഞ്ഞതില്‍നിന്നു വ്യത്യസ്തമല്ലേ ഇപ്പോഴത്തെ നിലപാട്. ഇനി വ്യത്യസ്തമായ ഒരു വിധി ഉണ്ടാകില്ല എന്നു പറയാനൊന്നും കഴിയില്ല. ഇതേ ബെഞ്ചിലുണ്ടായിരുന്ന ഇന്ദു മല്‍ഹോത്ര ഇതിനോട് യോജിച്ചില്ലല്ലോ. അവരുടെ അഭിപ്രായം രണ്ടുപേര്‍ കൂടി പറഞ്ഞിരുന്നെങ്കില്‍ അത് ഭൂരിപക്ഷ വിധി ആകുമായിരുന്നില്ലേ. അതുകൊണ്ടുതന്നെ ഇതേ വിധിയാണ് ആവര്‍ത്തിക്കപ്പെടുക എന്നു പറയാന്‍ കഴിയില്ല. സാഹചര്യങ്ങള്‍ മാറിമറിയാം.

സുപ്രീംകോടതി വിധിയെ അംഗീകരിച്ച ആര്‍.എസ്.എസ് പിന്നീട് എന്തിനാണ് നിലപാട് മാറ്റിയത്?
ആ പ്രസ്താവനയില്‍ ആര്‍.എസ്.എസ് സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു എന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ, ഒരു വിധിയെ വിമര്‍ശിക്കാനും നമുക്കവകാശമുണ്ട്. പിന്നീട് ആ പ്രസ്താവനയില്‍ പറയുന്നത് വിമര്‍ശനമാണ്. അതായത് ശബരിമലയിലേത് സവിശേഷമായ ആചാരങ്ങളാണ്. അത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട ആചാര്യന്മാരുമായും തന്ത്രിമാരുമായും പണ്ഡിതന്മാരുമായും ചര്‍ച്ച നടത്തി സമവായത്തിലെത്തിയേ നടപ്പാക്കാവൂ. ധൃതിപിടിച്ച് നടപ്പാക്കരുത് എന്നാണ്. അതില്‍ ഞങ്ങളുടെ നിലപാട് കൃത്യമാണ്. ആ രണ്ടാമത് പറയുന്ന കാര്യത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയതുകൊണ്ടാണ് ഞങ്ങള്‍ സ്വാഭാവികമായി ഭക്തജനങ്ങളുടെ കൂടെ നിന്നത്. നേരെ മറിച്ച് സര്‍ക്കാര്‍ ആ രീതിയിലുള്ള ഒരു സമീപനമാണ് ഇവിടെ എടുത്തിരുന്നതെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല. സര്‍ക്കാരാണ് എടുത്തുചാടിയത്. തങ്ങളുടെ അജന്‍ഡ വളരെ പെട്ടെന്നു നടപ്പിലാക്കണം എന്ന പിണറായി വിജയന്റെ എടുത്തുചാട്ടം.

ശബരിമലയില്‍ ബി.ജെ.പി കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന ഒരു സമയത്താണ് അപ്രതീക്ഷിതമായി ആര്‍.എസ്.എസ് നേതാവായ താങ്കള്‍ അവിടെ എത്തുന്നതും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും. സംഘടനാ തീരുമാനമായിരുന്നോ അത്?
ശബരിമലയില്‍ ഞാന്‍ എത്രയോ വര്‍ഷമായി പോകാറുള്ളതാണ്. ഇതിന് മുന്‍പൊന്നും വാര്‍ത്താമാധ്യമങ്ങള്‍ ശ്രദ്ധിക്കുന്ന ഒരു സാഹചര്യമുണ്ടായിരുന്നില്ല. ആദ്യ സമയത്ത് കെ. സുരേന്ദ്രനും എം.ടി. രമേശും അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഭക്തന്മാരായി അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് അവിടത്തെ ഭക്തന്മാര്‍ക്കുണ്ടായ ചില പ്രശ്‌നങ്ങളില്‍ അവര്‍ ഇടപെട്ടു. ഞാന്‍ സ്വന്തം നിലയില്‍ പോയതാണ്. ചിത്തിര ആട്ടവിളക്കിന് ആദ്യമായാണ് പോകുന്നത്. അവിടെ പോയപ്പോള്‍ ധാരാളം പരിചയമുള്ള ആളുകള്‍ ഉണ്ടായിരുന്നു. തലേന്നു മുതല്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ബസ് എടുക്കാത്ത പ്രശ്‌നം, കുടിവെള്ള പ്രശ്‌നം, പ്രാഥമിക സൗകര്യങ്ങളുടെ കുറവ്, എല്ലാം ഉണ്ടായിരുന്നു. ഈ സമയത്തെല്ലാം ഭക്തന്മാരുടെ പ്രശ്‌നങ്ങള്‍ അധികൃതരോട് പറയാന്‍ ഓടിനടന്നത് ഞങ്ങളാണ്. അവര്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ നമ്മളോട് വന്നു പറയും. അങ്ങനെ ഉണ്ടാക്കിയ ഒരു അടുപ്പം ഉണ്ട്. അവരുടെ കുറേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്. അതാണ് അന്നു ഞാന്‍ പറഞ്ഞത് അവര്‍ കേട്ടതിന്റെ കാരണം.

പതിനെട്ടാംപടിയില്‍ നിന്ന് പ്രവര്‍ത്തകരെ നിയന്ത്രിക്കുന്ന തില്ലങ്കേരി
പതിനെട്ടാംപടിയില്‍ നിന്ന് പ്രവര്‍ത്തകരെ നിയന്ത്രിക്കുന്ന തില്ലങ്കേരി

പല ഭാഗങ്ങളില്‍നിന്നെത്തിയ ആളുകളെ ശബരിമലയില്‍ നിങ്ങള്‍ നിയന്ത്രിക്കുന്നത് കണ്ടു. എന്തുകൊണ്ട് നിങ്ങള്‍ക്ക് പരിചിതമായ കണ്ണൂരിലെ അണികളെ സംഘര്‍ഷത്തില്‍നിന്നും കൊലപാതകത്തില്‍നിന്നും നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയാത്തത്? 
കണ്ണൂരില്‍ 1968-ലാണ് ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടക്കുന്നത്. 1964-ലാണ് ഞാന്‍ ജനിക്കുന്നത്. അപ്പോള്‍ എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് ആദ്യത്തെ കൊലപാതകം. പിണറായി വിജയനടക്കം ആ കേസില്‍ പ്രതിയാകുന്നുണ്ട്. അതായത് ഞങ്ങളുടെ മുന്‍പത്തെ തലമുറയാണത്. അന്ന് സി.പി.എമ്മിനെ നയിക്കുന്നത് അവരാണ്. ആര്‍.എസ്.എസ്സിനെ നയിക്കാന്‍ ഇപ്പുറത്ത് വേറെയും ആളുകളുണ്ടായിരുന്നു. ഞാനൊക്കെ സംഘടനയുടെ ജില്ലാ നേതൃത്വത്തിലേക്ക് വരുന്നത് 1990-കളിലാണ്. പി. ജയരാജനും ഏകദേശം അതേസമയത്താണ് വരുന്നത്. ഞങ്ങള്‍ക്ക് ഈ കണ്ണൂര്‍ സംഘര്‍ഷം പൈതൃകമായി കിട്ടിയതാണ്. ഞങ്ങളുടെ മുന്‍തലമുറയുടെ കാലത്താണ് ഇത് തുടങ്ങിയത്. അവരാണ് ഇതിനെ വളര്‍ത്തിയത്. എന്നിട്ട് അവര്‍ നമ്മളെ ഏല്‍പ്പിച്ചതാണ്. അതുകൊണ്ട് ഞങ്ങളുടെ കാലത്ത് രൂപപ്പെട്ടതോ ഞങ്ങള്‍ ഉണ്ടാക്കിയതോ ആയ സംഗതിയല്ല ഇത്. പത്തോ ഇരുപതോ കൊല്ലമല്ല, നാല്പത് വര്‍ഷത്തിലധികമായി ഉള്ള വൈരനിര്യാതന ബുദ്ധിയും കുടിപ്പകയും സ്പര്‍ധയും ഈ വിഷയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. 

ഒരു സ്ഥലത്ത് ഒരു കൊലപാതകം നടക്കുന്നു എന്നു പറഞ്ഞാല്‍ കൊലചെയ്ത എതിര്‍ പാര്‍ട്ടിക്കാരോടും ആളുകളോടും അവരുടെ ബന്ധുക്കളോടും കൊലചെയ്യപ്പെട്ട ആളിന്റെ ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരു പകയുണ്ടാകും. അത്തരം പകയില്‍ ഈ വര്‍ഷത്തിനിടയില്‍ ഞങ്ങളുടെ തന്നെ 86 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സി.പി.എമ്മിന്റെ ആളുകളും കൊല്ലപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇവിടെ നിരവധി നടന്നിട്ടുണ്ട്. അത്തരം പ്രദേശങ്ങളില്‍ മറ്റെവിടെയെങ്കിലും ചെറിയ ഒരു സംഘര്‍ഷമുണ്ടായാല്‍പ്പോലും സ്പര്‍ധ മൂര്‍ച്ഛിച്ചു വരും. പഴയ പകയും കനലും ആളിവരും. ചില പ്രദേശങ്ങളില്‍ ഈ സ്പര്‍ധ ഗ്രാമങ്ങളെയൊക്കെ രണ്ട് ചേരികളാക്കി മാറ്റിയ സാഹചര്യം വരെയുണ്ട്. അത്ര ലളിതമല്ല വസ്തുതകള്‍.

സുരേഷ് ഗോപിയോടൊപ്പം
സുരേഷ് ഗോപിയോടൊപ്പം

നഷ്ടപ്പെട്ട ആളുകള്‍, അവരുടെ കുടുംബങ്ങള്‍, കൈ പോയ ആളുകള്‍, കാലു പോയവര്‍, കണ്ണ് പോയവര്‍, വീടുകള്‍ തകര്‍ക്കപ്പെട്ടവര്‍ ഒക്കെ എല്ലാ പാര്‍ട്ടിയിലും ഉണ്ട്. ആളുകളുടെ അവസാനത്തെ അഭയകേന്ദ്രമാണ് വീട്. ആ വീടുകള്‍ തകര്‍ക്കപ്പെടുമ്പോള്‍ അതെപ്പോഴെങ്കിലും മറക്കാന്‍ പറ്റുമോ? അത് ചെയ്ത ആളുകളെ മറക്കുമോ? കൊലപാതകം മാത്രമല്ല ഇവിടെ വിഷയം. പരിക്കുപറ്റിയതും മര്‍ദ്ദനമേറ്റതും വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടതും ഒക്കെ നോക്കുകയാണെങ്കില്‍ ഇത് ബാധിക്കുന്നത് പതിനായിരക്കണക്കിന് പേരെയാണ്. ഞങ്ങള്‍ ചെറിയ സംഘടനയായതുകൊണ്ട് ഞങ്ങളുടെ ഭൂരിഭാഗം ആളുകള്‍ക്കും ഇതുപോലെ എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഏതെങ്കിലും ഒരു നേതാവ് സ്വിച്ചിട്ടാല്‍ നില്‍ക്കുന്നതല്ല ഈ സംഭവങ്ങള്‍.

രണ്ടാമത്തെ കാര്യം എല്ലാ വിഷയങ്ങളും രാഷ്ട്രീയമായി ഉണ്ടാകുന്നതല്ല. തുടക്കം പലപ്പോഴും വ്യക്തിപരമായ കാര്യങ്ങളായിരിക്കും. പക്ഷേ, പിന്നീട് രാഷ്ട്രീയക്കാര്‍ അത് ഏറ്റെടുക്കേണ്ടിവരും. നേരെമറിച്ച് അതിന്റെ വസ്തുത നോക്കി അന്വേഷിച്ച് ആളുകളുമായി ബന്ധപ്പെട്ടുനോക്കിയാല്‍ പല പ്രശ്‌നങ്ങളും കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല എന്നു മനസ്സിലാകും. അതിനുള്ള ക്ഷമയും അതിനാവശ്യമായ സഹനവും പലപ്പോഴും പ്രാദേശികതലത്തില്‍ ഉണ്ടാവാറില്ല. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന രീതിയിലുള്ള കാഴ്ചപ്പാട് ഉണ്ടായതാണ് പ്രശ്‌നം.

ആര്‍.എസ്.എസ്സില്‍നിന്ന് 2006-ല്‍ കൊല്ലപ്പെട്ട തില്ലങ്കേരിയിലെ അശ്വിനികുമാര്‍, 2012-ല്‍ പള്ളിക്കുന്നിലെ സച്ചിന്‍ ഗോപാല്‍, ഈ വര്‍ഷമാദ്യം കണ്ണവത്തെ ശ്യാമപ്രസാദ്-ഈ കൊലപാതകങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമായി കാണാന്‍ കഴിയുമോ?
അശ്വിനിയുടേത് എന്‍.ഡി.എഫായിരുന്നു. സച്ചിന്റേത് ക്യാംപസ് ഫ്രണ്ടും ശ്യാമപ്രസാദിന്റേത് എസ്.ഡി.പി.ഐയും. ഇതിന് മതപരമായ ഒരു സ്വഭാവം കൂടിയുണ്ട്. അശ്വിനികുമാര്‍ ഒരു മതപ്രഭാഷകന്‍ കൂടിയായിരുന്നു. പ്രഗതി കോളേജിലെ അധ്യാപകനായിരുന്നു. 28 വയസ്സിനുള്ളില്‍ത്തന്നെ ഗീതയും വേദങ്ങളും നന്നായി പഠിച്ച് പ്രഭാഷണങ്ങള്‍ നടത്തുന്ന ആളായിരുന്നു. അങ്ങനെയൊരാളെ കൊലപ്പെടുത്തുക എന്നതില്‍ മതപരമായ ഉദ്ദേശ്യം ഉണ്ട്. അത് രാഷ്ട്രീയമല്ല. ഈ മൂന്നു കൊലപാതകങ്ങളിലും രാഷ്ട്രീയത്തെക്കാളുപരി വര്‍ഗ്ഗീയ താല്‍പ്പര്യങ്ങള്‍ ഉണ്ട്.

അശ്വിനികുമാറിന്റെ കൊലപാതക കേസില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായി എന്നതിനോട് താങ്കളുടെ പ്രതികരണം എന്താണ്?
മാധ്യമപ്രവര്‍ത്തകര്‍ വസ്തുതകള്‍ മനസ്സിലാക്കാതെ ഉണ്ടയില്ലാതെ വെടിവെക്കരുത്. ഒരു കൊലക്കേസ് കോടതിയില്‍വെച്ച് സാക്ഷികള്‍ കൂറുമാറുകയോ മറിച്ചു പറയുകയോ ചെയ്താല്‍ മാത്രമേ കൊലക്കേസ് ഒഴിവാക്കാന്‍ പറ്റൂ. അത് വിചാരണവേളയില്‍ മാത്രം നടക്കുന്നതാണ്. അശ്വിനികുമാറിന്റെ കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല. പൊതുയോഗങ്ങളിലൊക്കെ ചില വിഡ്ഢികള്‍ അശ്വിനിക്കേസ് ഒത്തുതീര്‍പ്പാക്കി എന്നു വിളിച്ചുപറയാറുണ്ട്. ബാക്കി പാര്‍ട്ടിക്കാരൊക്കെ അത് വേദവാക്യമായി എടുക്കും. അതാണ് ഇക്കാര്യത്തില്‍ സംഭവിച്ചത്. കൊല നടത്തിയ എന്‍.ഡി.എഫുകാരില്‍നിന്നു ഞാന്‍ പണം വാങ്ങുന്നത് കണ്ടു എന്നുവരെ പ്രചരിപ്പിച്ചിട്ടുണ്ട്. ഒരാളെ കൊന്ന കേസ് കോടതിയില്‍ പോയി തുപ്പല്‍ കൂട്ടി മായ്ചാല്‍ പോകുന്ന കാര്യമല്ല. ഇവിടെ നിയമമില്ലേ, ജഡ്ജിയില്ലേ, ഗവണ്‍മെന്റില്ലേ. എതിര്‍കക്ഷിക്ക് പൈസ കൊടുത്താല്‍ ആ കേസിന്റെ ഫയല്‍ ഇല്ലാതാക്കാന്‍ പറ്റുമോ? അശ്വിനിയുടെ കൊലപാതകത്തിനുശേഷം അശ്വിനിയുടെ ഘാതകര്‍ എന്നെയും വകവരുത്തും എന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്റെ സുരക്ഷയ്ക്ക് ഗണ്‍മാനുണ്ട്.

കേസുകള്‍ ഒത്തുതീര്‍പ്പാക്കി ഒഴിവാക്കി കൊടുക്കുന്ന ഒരു രീതി കണ്ണൂരില്‍ ഇല്ല എന്നാണോ. എല്ലാം കൃത്യമായി അന്വേഷിച്ച് പ്രതികളെ പിടിക്കുന്നു എന്നാണോ?
കൃത്യമായി അന്വേഷിക്കില്ല. ഭരണകക്ഷിയുടെ താല്‍പ്പര്യമനുസരിച്ചാണ് അന്വേഷിക്കുക. അതുകൊണ്ടുതന്നെ നിരപരാധികളെ പ്രതി ചേര്‍ക്കും. ഇതിന്റെയൊന്നും ആനുകൂല്യം ഞങ്ങള്‍ക്ക് കിട്ടില്ലല്ലോ. ഞങ്ങളിവിടെ ഇതുവരെ ഭരണകക്ഷിയായിട്ടില്ല. പുന്നാട് സി.പി.എം പ്രവര്‍ത്തകന്‍ യാക്കൂബ് കൊല്ലപ്പെട്ട കേസില്‍ ഞാനും പ്രതിയാണ്. ഞാന്‍ കൊല്ലാന്‍ പോയിട്ടാണോ പ്രതിയായത്. കേസന്വേഷിക്കുന്ന സി.ഐ ഒരു ദിവസം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ട് പറയുകയാണ് നിങ്ങളെ ഒരു കേസില്‍ പ്രതി ചേര്‍ക്കുകയാണ് എന്ന്. മുകളില്‍നിന്നുള്ള ഉത്തരവാണ്. എനിക്കെതിരെ ഒരു തെളിവുമില്ലാതെ എങ്ങനെയാണ് പ്രതിയാക്കുക എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ആ കസേരയില്‍ അയാള്‍ക്ക് പകരം ആര് ഇരുന്നാലും ഇതു ചെയ്യേണ്ടിവരും എന്നാണ്. അതില്‍ പ്രതിഷേധിച്ച് 10 ദിവസം ഞാന്‍ നിരാഹാരം കിടന്നു. ജയിലിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും. ഞാന്‍ അതിലൂടെ ഉദ്ദേശിച്ചത് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നതിനെതിരെ ഒരു അവബോധം ഉണ്ടാക്കുകയായിരുന്നു. ഞങ്ങള്‍ക്ക് പൊലീസുമില്ല ഭരണവുമില്ല. കേരളത്തിലെങ്കിലും സി.പി.എമ്മുകാരായ ആളുകളെ അങ്ങനെ ചെയ്യാന്‍ ഇതുവരെ സൗകര്യവും ഉണ്ടായിട്ടില്ല.

കെ സുധാകരനൊപ്പം സമരപ്പന്തലില്‍
കെ സുധാകരനൊപ്പം സമരപ്പന്തലില്‍

ചെറിയ കേസുകളൊക്കെ ഒത്തുതീര്‍പ്പാക്കാറുണ്ട്. എല്ലാ കാലത്തും കോടതി കയറിയിറങ്ങാന്‍ കഴിയില്ലല്ലോ. അങ്ങനെ കോടതി കയറിയിറങ്ങാതെ അടിപിടിക്കേസൊക്കെ ധാരണയാക്കുന്നതില്‍ എന്താണ് തെറ്റ്. തെറ്റുണ്ട് എന്നു പറയുകയാണെങ്കില്‍ എപ്പോഴും ആളുകള്‍ സ്പര്‍ധയിലും വൈരാഗ്യത്തിലും നില്‍ക്കണം എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നല്ലേ അര്‍ത്ഥം. ധാരണയാക്കുന്നുണ്ടെങ്കില്‍ അത്രയും നല്ലതല്ലേ.

വത്സന്‍ തില്ലങ്കേരി എന്ന പേര് കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആസൂത്രണം ചെയ്യുന്ന ആള്‍ എന്ന നിലയില്‍ കേള്‍ക്കാറുണ്ട്?
അങ്ങനെയൊരു ഇമേജ് എനിക്ക് ചാര്‍ത്തിത്തന്നതാണ്. ഞാന്‍ അങ്ങനെ ആസൂത്രണം ചെയ്യുന്ന ഒരാളൊന്നുമല്ല. സി.പി.എം അല്ലേ ഭരിക്കുന്നത്. ആസൂത്രണം ചെയ്യുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് കേസില്‍ ചേര്‍ക്കുന്നില്ല. അങ്ങനെ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ എന്നെ ഒഴിവാക്കും എന്നു തോന്നുന്നുണ്ടോ? ഇന്നുവരെ എന്റെ ആസൂത്രണത്തില്‍, എന്റെ പങ്കാളിത്തത്തില്‍ അല്ലെങ്കില്‍ എന്റെ മനസ്സറിവില്‍ ഒരു അടിക്കേസുപോലും നടന്നിട്ടില്ല. പ്രചരണം നടത്തുന്നവര്‍ക്ക് ഒരു നായകന്‍ ഉണ്ടാകുമ്പോള്‍ ഒരു പ്രതിനായകന്‍ കൂടി വേണമല്ലോ. ഇപ്പുറത്ത് പി. ജയരാജന്‍ വരുമ്പോള്‍ അതിന്റെ കൂടെ നിര്‍ത്താന്‍ ഒരാളുവേണം. അപ്പോള്‍ ഒരു വില്ലനായി എന്നെ കയറ്റിവെച്ചു. ഞാനൊരു അധ്യാപകനാണ്. അയ്യായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന കോളേജിന്റെ പ്രിന്‍സിപ്പല്‍ കൂടിയാണ്. കണ്ണൂര്‍ ജില്ലയില്‍ ഇതുപോലൊരു സ്ഥാപനം നിങ്ങള്‍ പറയുന്ന ഇമേജുള്ള ഒരാള്‍ക്ക് നടത്തിക്കൊണ്ടുപോകാന്‍ പറ്റുമോ. എന്റെ വഴി അതല്ല. എന്റെ സംഘടനയുടെ വഴിയും അതല്ല. അടിപിടികള്‍ ഉണ്ടായിട്ടുണ്ട്. കൊലപാതകങ്ങളും സംഭവിച്ചിട്ടുണ്ട്. പക്ഷേ, നേതൃത്വത്തിന്റെ ഭാഗത്തുനിന്നു പ്ലാന്‍ ചെയ്യുന്ന ഒരു സംഭവവും ഇതുവരെ ഉണ്ടായിട്ടില്ല. ആര്‍.എസ്.എസ്സിന്റെ ഏത് നേതാവാണ് ഗൂഢാലോചന കേസില്‍പ്പെട്ടിട്ടുള്ളത്. എന്റെ കേസിന്റെ കഥ ഞാന്‍ നേരത്തെ പറഞ്ഞു. ഞങ്ങളുടെ സംഘടനയ്ക്ക് അങ്ങനെയൊരു ലൈന്‍ ഇല്ല. എന്നുവെച്ച് ഒരു അടി ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ പാടില്ല എന്നു ഞങ്ങളുടെ ആളുകള്‍ പറയില്ല. ചിലപ്പോള്‍ തിരിച്ചടിക്കും. പക്ഷേ, ആസൂത്രണം ചെയ്തു കൊലപാതകമോ സംഘര്‍ഷമോ ഉണ്ടാക്കാറില്ല. യാദൃച്ഛികമായി ഉണ്ടാകുന്ന സംഭവങ്ങളുണ്ട്. ചിലപ്പോള്‍ അങ്ങനെയുണ്ടായ സംഭവങ്ങളിലെ പ്രതികളെ സംരക്ഷിക്കേണ്ടിയും വരും. അതിനര്‍ത്ഥം ആ സംഭവത്തിന്റെ ആകെ ഉത്തരവാദിത്വം സംഘടനയ്ക്കാണ് എന്നല്ല.

വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലയിലെ സമാധാനയോഗങ്ങളില്‍ പങ്കെടുക്കുന്ന ഒരാളുകൂടിയാണ് താങ്കള്‍?
25 കൊല്ലമായി സമാധാനയോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. താല്‍ക്കാലികമായി ആളുകള്‍ക്കിടയില്‍ സ്പര്‍ധ കുറയ്ക്കാന്‍ യോഗങ്ങള്‍ സഹായിക്കും. നേതാക്കള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ പല തെറ്റിദ്ധാരണകളും മാറും. സി.പി.എമ്മിന്റെ കണ്ണൂര്‍ നേതൃത്വത്തിലുള്ള ആളുകളുമായി നല്ല ബന്ധമുണ്ട്. ആശയവിനിമയം നടത്താറുണ്ട്. പ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കാറുണ്ട്. അങ്ങനെ വിളിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പല പ്രശ്‌നങ്ങളും ഒഴിവായിട്ടുമുണ്ട്.

നിലവില്‍ അങ്ങനെയൊരു സൗഹൃദ അന്തരീക്ഷം കണ്ണൂര്‍ ജില്ലയില്‍ ആര്‍.എസ്.എസ്- സി.പി.എം നേതൃത്വങ്ങള്‍ തമ്മിലുണ്ടോ?
നിലവിലുണ്ട്. സി.പി.എം നേതൃത്വവുമായി ആര്‍.എസ്.എസ്സില്‍ ഉള്ള പാലം ഞാന്‍ തന്നെയാണ്. അവരെ വിളിക്കാറുള്ളത് ഞാനാണ്. അവര്‍ എന്നെയും വിളിക്കാറുണ്ട്. ഏതു സംഘര്‍ഷസമയത്തും വിളിക്കാറുണ്ട്. എത്ര സംഘര്‍ഷം ഉണ്ടെങ്കിലും വിളിക്കാറുണ്ട്. അങ്ങനെയുള്ള ബന്ധം അറ്റുപോയിട്ടില്ല. ചില സമയങ്ങളില്‍ ഔദ്യോഗിക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. സംഘടനാപരമായും തീരുമാനിക്കും. പലപ്പോഴും തെറ്റിദ്ധാരണകള്‍ നീങ്ങുന്നത് ഇത്തരം ആശയവിനിമയത്തിലൂടെയാണ്. അവിടെയും ഇവിടെയും ഇരുട്ടിലാണ് നില്‍ക്കുന്നതെങ്കില്‍ ഇരുട്ടില്‍ എന്താണ് എന്ന് അറിയില്ലല്ലോ. ഇരുട്ടിലുള്ളവര്‍ ഞാനിവിടെ ഒറ്റയ്ക്കാണ് ഇങ്ങോട്ടുവരാം എന്നു വിളിച്ചുപറയുമ്പോലെയാണ്. പല തെറ്റിദ്ധാരണകളും മാറാം.

അടുത്തകാലത്തായി കേരളത്തിലെ എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടേയും അതിക്രമങ്ങളുടേയും ഉത്തരവാദിത്വം ആര്‍.എസ്.എസ്സിന് തള്ളിക്കളയാന്‍ പറ്റുമോ?
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഏറ്റവും ശക്തമായി പറഞ്ഞത് സി.പി.എം അല്ലേ? മാധ്യമ സിന്‍ഡിക്കേറ്റ് എന്ന വാക്കുതന്നെ ഉണ്ടാക്കിയത് പിണറായി അല്ലേ? ആ മാധ്യമ സിന്‍ഡിക്കേറ്റ് ഇപ്പോഴും ഉണ്ട്. എല്ലാ മാധ്യമങ്ങളിലും സി.പി.എമ്മിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഫ്രാക്ഷന്‍ ഉണ്ട്. വളരെ ബോധപൂര്‍വ്വം എസ്.എഫ്.ഐക്കാരായ ആളുകളെ പാര്‍ട്ടി സഹായിച്ച് നേതൃത്വം ഇടപെട്ട് സീറ്റ് വാങ്ങിക്കൊടുത്ത്, പാര്‍ട്ടി തന്നെ പഠിപ്പിച്ച്, പാര്‍ട്ടിക്കുവേണ്ടി വളര്‍ത്തിയെടുത്ത്, വേണ്ട രീതിയില്‍ ക്ലാസ്സുകള്‍ കൊടുത്ത് പ്രത്യയശാസ്ത്ര അവബോധം നല്‍കി, അതത് മാധ്യമങ്ങളിലെ നയങ്ങളെ സ്വാധീനിക്കാന്‍ പറ്റുന്ന തരത്തില്‍ കരുത്തുറ്റവരാക്കി മാറ്റും. മാസത്തില്‍ ഒരു പ്രാവശ്യമൊക്കെ ഒരുമിച്ചിരുന്ന് ഏതൊക്കെ രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത് എന്നു ഗൈഡന്‍സ് കൊടുത്ത് പിഴവില്ലാത്ത രീതിയില്‍ മാധ്യമങ്ങളെ പാര്‍ട്ടി കൈകാര്യം ചെയ്യുന്നുണ്ട്. ചാനലുകള്‍ക്ക് റേറ്റിംഗ് കുറയുന്നത് എന്തുകൊണ്ടാണ്? മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണ് വാര്‍ത്താവതാരകരൊക്കെ എന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ്. പച്ചയ്ക്ക് രാഷ്ട്രീയം കളിച്ചതിന്റെ തിരിച്ചടി അതത് മാധ്യമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. എഴുത്തുകാരുടെ കാര്യമെടുത്താല്‍, നിങ്ങള്‍ക്ക് എഴുതാം, ആളുകളുടെ വികാരം വ്രണപ്പെടുത്താം. വികാരം വ്രണപ്പെട്ടവര്‍ക്ക് പ്രതികരിച്ചൂട എന്നു പറയുന്നത് എന്തു ന്യായമാണ്. വിമര്‍ശനങ്ങളെ സ്വീകരിക്കാനുള്ള വിശാലമനസ്‌കത എഴുത്തുകാര്‍ക്കും ഉണ്ടാകണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com