തോമാച്ചാ തിരിച്ചു വാ: ജോര്‍ജ് ജോസഫ് കെ എഴുതുന്നു

മഞ്ഞിന്റെ ഇളംതണുപ്പില്‍ ഒരു മൈതാനം ആദ്യം വെളിവായ് വന്നു. അതില്‍ ശീതികരിച്ച ഒരു മുറിയുണ്ടായി. ഒരു കട്ടില്‍ ഒരാളെ പുണരാനായി കാത്തുകിടന്നു.
തോമസ് ജോസഫ്
തോമസ് ജോസഫ്

ഞ്ഞിന്റെ ഇളംതണുപ്പില്‍ ഒരു മൈതാനം ആദ്യം വെളിവായ് വന്നു. അതില്‍ ശീതികരിച്ച ഒരു മുറിയുണ്ടായി. ഒരു കട്ടില്‍ ഒരാളെ പുണരാനായി കാത്തുകിടന്നു. ആ കട്ടിലില്‍, ഒരു തൊട്ടിലിലെന്നവണ്ണം ഈ ലോകത്തെ മറന്ന്, കുടുംബത്തേയും പ്രിയകൂട്ടുകാരേയും മറന്ന്, തികഞ്ഞ നിര്‍വ്വാണാവസ്ഥയില്‍ സമാധിയടയും മുന്‍പ് തിരിച്ചുള്ള ഓര്‍മ്മകളിലേക്കെത്താന്‍ അവന്‍ കിടന്നു. ഏതാണ്ട് ഒന്നരമാസം കഴിഞ്ഞു ഈ കിടപ്പു തുടങ്ങിയിട്ട്.

അവന്റെ ആശുപത്രിക്കട്ടിലിനരികത്ത് ഭാര്യയും മക്കളും പ്രാര്‍ത്ഥനയോടെ പരിചരിച്ചുകൊണ്ട് നിന്നപ്പോഴും തോമാച്ചന്‍ ഏതോ സ്വപ്നലോകങ്ങളിലേക്കുള്ള മൗനയാത്രയിലായിരുന്നു. ഏകാന്തതയാര്‍ന്ന ശൂന്യതയുടെ വയല്‍പ്പുറങ്ങളിലെ കാറ്റിന്റെ കൈപിടിച്ച് അവന്‍ നിരന്തരം എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കുകയാണ്. ആരൊക്കെയോ അവനെ വിളിക്കുന്നുണ്ടെങ്കിലും അവന്‍ അവരുടെ വിളി കേള്‍ക്കുന്നില്ല. നിറയെ ചിത്രശലഭങ്ങളെ നിറച്ച കപ്പലുമായി ഒരു കപ്പിത്താന്‍ എങ്ങോട്ടോ പോകുന്നുണ്ട് എന്ന അറിവിന്റെ പിന്നാലെയാണ് അവന്റെ യാത്ര. ഒരു തീവണ്ടിയുടെ ഏകാന്തത അളക്കാന്‍ ആര്‍ക്ക് കഴിയും എന്നുള്ള അവന്റെ ചോദ്യം, ഇന്നും വായനക്കാരില്‍ ഉത്തരം തേടുന്നു. ഏകാന്തതയുടെ സമയം അളക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് അവന്‍. രാജഗിരി ആശുപത്രിയിലെ ക്ലോക്കിന്റെ പെന്‍ഡുലം ആടിക്കൊണ്ടേയിരിക്കുന്നു. സമയം... ടിക്... ടിക്... അവന്‍ മനസ്സില്‍ അത് എണ്ണുകയാണ്, പൂട്ടിപ്പിടിച്ച കണ്ണുമായ്.

ദുരന്തങ്ങളുടെ സഹയാത്രികനായിരുന്നു അവന്‍ എന്നും. അവന്റെ കഥാപാത്രങ്ങളും അങ്ങനെ തന്നെ. ഈ അടുത്തകാലത്തായി മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച 'ഗോഡ്‌സേയുടെ ഹെലികോപ്റ്ററുകള്‍' എന്ന അവന്റെ കഥയില്‍ പ്രതിപാദിക്കപ്പെടുന്ന വിഷയം, എന്‍മകജെയില്‍ സര്‍ക്കാര്‍ വിതച്ച എന്‍ഡോസള്‍ഫാന്റെ ക്രൂരനാശത്തിന്റെ വിധിഫലങ്ങളാണ്. പരിസ്ഥിതി ആഘാതത്താല്‍ തലവളരുന്ന കുട്ടികളുടെ ദയനീയ ചിത്രം ഇന്നും ആരുടേയും മനസ്സില്‍നിന്നും മാഞ്ഞുപോയിട്ടില്ല. ഹെലികോപ്റ്ററുകള്‍ വിതച്ച വിഷമഴ, അതിപ്പോഴും അനന്തരഫലമായി കണ്ണൂരിലും കാസര്‍ഗോഡും അടങ്ങാത്ത വിഷത്തിരയായി ആര്‍ത്തലയ്ക്കുകയാണ് ഓരോ കുടുംബത്തിലും.

നിരാലംബരായ മനുഷ്യരുടെ ജീവിതത്തിനുമേല്‍ വിഷമഴ പെയ്തിറക്കിയ ദുരന്തത്തിന്റെ നടുക്കുന്ന ഭീകരത, ആ കഥയില്‍ സര്‍വ്വേശന്‍ എന്ന കഥാപാത്രം അനുഭവിക്കുന്നതും അതിന്റെ ധര്‍മ്മസങ്കടവും വായനക്കാരന്റെ ഹൃദയത്തെ കുത്തിപ്പിളര്‍ക്കുംവിധം തോമസിന്റെ രചനാവൈഭവം ശ്രേഷ്ഠം തന്നെ. (പക്ഷേ, അതിന് അവന്‍ വേണ്ടുംവിധം ഒരു എഡിറ്റിംഗ് നടത്തിയിരുന്നെങ്കില്‍...) ആ കഥ അച്ചടിച്ചു വരുമ്പോള്‍ അവന്‍ മസ്തിഷ്‌കാഘാതത്താല്‍ ഓര്‍മ്മ പൂര്‍ണ്ണമായും നഷ്ടപ്പെട്ട് ആലുവാ രാജഗിരി ആശുപത്രിയുടെ ഐ.സി.യുവില്‍ നിശ്ചേതനായി കിടക്കുകയായിരുന്നു.
ഈ എഴുത്തുകാരന്‍ എന്നും ദുരിതത്തിന്റെ കുരിശു ചുമക്കുന്നവനും ദുഃഖത്തിന്റെ മുള്‍മുടി അണിയുന്നവനുമായത് എന്തുകൊണ്ടെന്ന് ദൈവത്തിനു മാത്രമറിയാം.

40 വര്‍ഷം മുന്‍പാണ് ഞാന്‍ തോമാച്ചനെ പരിചയപ്പെടുന്നത്. അത് മഞ്ഞുമ്മയില്‍ വെച്ച് നടന്ന ഒരു സാഹിത്യ ക്യാമ്പില്‍ വെച്ചായിരുന്നു. അന്നവിടെ എഴുത്തില്‍ തുടക്കക്കാരനെന്ന നിലയില്‍ ഞാനും തോമാച്ചനും ബാലചന്ദ്രന്‍ ചുള്ളിക്കാടും അഗസ്റ്റിന്‍ ജോസഫും എം.എല്‍. മാത്യുവുമൊക്കെയുണ്ടായിരുന്നു.
''ഉന്നതിയിലെ മരണം' എന്ന കഥയുമായിട്ടാണ് തോമാച്ചന്‍ ക്യാമ്പില്‍ എത്തിയത്. ചുള്ളിക്കാടിന്റെ കയ്യില്‍ 'യാത്രാമൊഴി' എന്ന കവിതയും 'ഹിരണ്യം' എന്ന നോവലറ്റുമുണ്ടായിരുന്നു. അഗസ്റ്റിന്‍ ജോസഫ് അന്ന് 'മുന്തിരിക്കല്ലുകള്‍' എന്ന കവിതയുമായിട്ടായിരുന്നു എത്തിയത്. ഞാനന്ന് കഥാകൃത്തായിരുന്നില്ല. നാടകകൃത്തായിരുന്നു. കഥയുടെ എബിസിഡി പോലും എനിക്കറിയില്ലായിരുന്നു. എന്റെ എഴുത്ത് നാടകമായിരുന്നു. അന്നവിടെ മുഖ്യധാരാ പ്രസിദ്ധീകരണത്തില്‍ കഥ പ്രസിദ്ധീകരിച്ച ഒരേയൊരാള്‍ സെയിന്റ് തെരേസാസില്‍ പഠിക്കുന്ന ഷീലാ കൊറയ എന്ന പെണ്‍കുട്ടിയായിരുന്നു. വനിത കഥാമത്സരത്തില്‍ അവള്‍ക്ക് സമ്മാനം കിട്ടിയിട്ടുണ്ടായിരുന്നു. അതുമായാണ് അവള്‍ എത്തിയത്.

എന്തായാലും ആ ക്യാമ്പ് പിരിഞ്ഞതില്‍പ്പിന്നെ മുഖ്യധാരയിലെ എഴുത്തുകാരായി പിന്നെ അറിയപ്പെട്ടത് ഞാനും തോമസ് ജോസഫും ബാലചന്ദ്രന്‍ ചുള്ളിക്കാടും അഗസ്റ്റിന്‍ ജോസഫുമായിരുന്നു. ബാക്കിയുള്ളവര്‍ എഴുത്തിന്റെ മുന്‍നിരയിലേക്കെത്തിയില്ല. ചില കുട്ടിപ്രസിദ്ധീകരണങ്ങളില്‍ അവര്‍ എഴുതി അവസാനിച്ചു.

അന്നുമുതലാണ് ഞാനും തോമാച്ചനും ചുള്ളിയുമൊക്കെ സൗഹൃദം പങ്കുവെയ്ക്കാന്‍ തുടങ്ങിയത്. അന്നവിടെ കൂടിയവരില്‍ പലരേയും പിന്നെ കണ്ടിട്ടില്ല. ഷീല വിവാഹത്തോടെ എഴുത്തു നിര്‍ത്തി. ഇപ്പോള്‍ ന്യൂസിലന്റില്‍നിന്നും അവള്‍ മടങ്ങി വന്നപ്പോള്‍ വീണ്ടും എഴുതിത്തുടങ്ങി.
എന്തൊക്കെ പറഞ്ഞാലും അന്നും ഇന്നും തോമാച്ചന്റെ ആത്മസുഹൃത്ത് ഏലൂര് ഫാക്ട് ഹൈസ്‌കൂളില്‍ ഒരുമിച്ചു പഠിച്ച വി.കെ. ഹസ്സന്‍ കോയ തന്നെയാണ്. പിന്നയേ ഞങ്ങള്‍ ഉള്ളൂ; ഞാനും പി.എഫ്. മാത്യൂസും ജോസഫ് മരിയനും സോക്രട്ടീസ് വാലത്തും സി.ടി. തങ്കച്ചനുമൊക്കെ.

ഹസ്സന്‍ കോയ കഴിഞ്ഞാല്‍ അവന്റെ ഏറ്റവും അടുത്ത്, അവന്റെ ഹൃദയം അറിഞ്ഞവനും അവനോടൊപ്പം എപ്പോഴും തോളില്‍ കയ്യിട്ടുംകൊണ്ട് നടന്നവനും ഈയുള്ളവന്‍ തന്നെയായിരുന്നു. തോമാച്ചന്റെ നിസ്സാര സെന്റിമെന്‍സിനുപോലും കുട പിടിക്കുന്നവനായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ഹസ്സന്‍ കോയ ആദ്യം കോഴിക്കോടേക്കും പിന്നെ ഗള്‍ഫിലേക്കും പോയ ശേഷം എന്നോടു കൂടിയായിരുന്നു അവന്റെ നിത്യകൂട്ട്. ഞാനും അവനും പരസ്പരം ഞങ്ങളുടെ വീട്ടില്‍ അന്തിയുറങ്ങി. മുലകുടി മാറിയപ്പോഴേ എന്റെ അമ്മ മരിച്ചുപോയതിനാല്‍ എനിക്കു പിന്നെ അമ്മയായി മാറിയത്, പി.എഫിന്റേയും തോമാച്ചന്റേയും കൊച്ചുബാവയുടേയുമൊക്കെ അമ്മമാരായിരുന്നു. എന്റെ പട്ടിണിയുടെ നാളുകള്‍ വിഭവസമ്പന്നമാക്കിയത് ആ അമ്മമാര്‍ തന്നെയായിരുന്നു എന്ന് ഇന്നും ഞാനോര്‍ക്കുന്നു.

വികെ ഹസന്‍കോയ, അക്ബര്‍ കക്കട്ടില്‍ എന്നിവര്‍ക്കൊപ്പം തോമസ് ജേക്കബ്
വികെ ഹസന്‍കോയ, അക്ബര്‍ കക്കട്ടില്‍ എന്നിവര്‍ക്കൊപ്പം തോമസ് ജേക്കബ്

കഥകളിലെ കാവ്യഭാഷ
എഴുത്തിന്റെ കാണാപ്പുറങ്ങളിലൂടെ ഒരു പ്രത്യേക കാവ്യഭാഷയില്‍ അവന്‍ എപ്പോഴും കഥകള്‍ എഴുതിക്കൊണ്ടേയിരുന്നു. അവന്റെ കഥാപാത്രങ്ങള്‍ക്ക് ഭൂമിയിലെ ജീവിതവുമായി പലപ്പോഴും ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഏതോ ഇരുണ്ട ലോകങ്ങളില്‍നിന്ന് വന്നവര്‍, ഏതോ നിഗൂഢതകളുടെ മണ്‍പുറ്റുകളില്‍ ഒളിച്ചിരിക്കുന്നവര്‍, ആകാശത്തിനുമപ്പുറത്ത് പാറിപ്പറന്നു നടക്കുന്നവര്‍. ഞാന്‍ ചോദിച്ചിട്ടുണ്ട്, ''എന്നാണ് നിന്റെ കഥാപാത്രങ്ങള്‍ ഭൂമിയിലുള്ളവരുമായി ബന്ധമുണ്ടാക്കുന്നത്?''
''നീ കണ്ടോ ഞാന്‍ ഭൂമിയിലേക്കിറങ്ങി വരും.''
പക്ഷേ, അവന്‍ അവന്റെ വഴിവിട്ട് മാറാന്‍ ഒരുക്കമല്ലായിരുന്നു.

ഭാഷയിലെ അദ്ഭുതങ്ങള്‍, കഥാപാത്രങ്ങളുടെ പിടികിട്ടാത്ത സഞ്ചാരങ്ങള്‍ ഒക്കെ കഥയില്‍ അവന്‍ എപ്പോഴും ആവര്‍ത്തിച്ചു. കൊച്ചിയിലെ അവന്റെ കൂട്ടുകാര്‍-ഞങ്ങള്‍ പറഞ്ഞു: ''നീ ഈ രീതി നിര്‍ത്ത് തോമാച്ചാ... മാറ്റിപ്പിടിക്ക്... വായനക്കാര്‍ വെറുതെയല്ല നിന്നെ നെഞ്ചിലേറ്റാത്തത്.'' അവന്‍ അതുകേട്ട് ചിരിച്ചു. ''ഞാന്‍ വഴിമാറുന്നത് നിങ്ങള്‍ പറയുമ്പോലെയല്ല. നിന്നെയൊക്കെ ഞാന്‍ ഞെട്ടിക്കും.'' 

എങ്കിലും അവനെ, അവന്റെ എഴുത്ത് രീതിയെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് യുവാക്കളായ കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരുമൊക്കെയായിരുന്നു. പിന്നെ, കഥയില്‍ നെടുങ്കന്‍ ഗോപുരം പോലെ ഞങ്ങളുടെ ഇടയിലും വായനക്കാര്‍ക്കും പ്രിയങ്കരനായി നിലകൊണ്ട നമ്മുടെ സാക്ഷാല്‍ പാലാക്കാരന്‍ നസ്രാണി സക്കറിയയും. അവരുടെയൊക്കെ ഹൃദയങ്ങളില്‍ അവന്‍ കഥയുടെ വിസ്മയലോകങ്ങള്‍ കാണിക്കുന്ന മാന്ത്രികനായി.
ഇനി, തോമാച്ചന്റെ സാഹിത്യ ജീവിതം പച്ചപിടിച്ചയിടത്തേയ്ക്ക് ഒരു ഭൂതകാല യാത്ര...

ഹസ്സന്‍ കോയയും തോമാച്ചനും ഏലൂര്‍ ഫാക്ട് ഹൈസ്‌കൂളിലാണ് പഠിച്ചത്. ആ സ്‌കൂളില്‍നിന്നും അവരുടെ സൗഹൃദം ആരംഭിച്ചു. തോമാച്ചന്‍ അന്ന് പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഹസ്സന്‍ കോയ എട്ടിലോ ഒന്‍പതിലോ പഠിക്കുന്നു. സ്‌കൂള്‍ ഒരു കയ്യെഴുത്തു മാസിക ഇറക്കിയിരുന്നു. തോമാച്ചന്റെ കുനുകുനുത്ത ഭംഗിയുള്ള അക്ഷരങ്ങള്‍കൊണ്ട് അനുഗൃഹീതമായിരുന്നു ആ കയ്യെഴുത്തു മാസിക. അതിലാണ് അവന്റെ കഥ ഹസ്സന്‍ കോയ ആദ്യം വായിക്കുന്നത്. അന്ന് എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു ഒരുക്കപ്പെട്ട നിലമായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പ്. കുഞ്ഞുണ്ണി മാഷിന്റെ കത്രികയാല്‍ നന്നാക്കിയെടുത്ത ബാലപംക്തിയില്‍ ചിലര്‍ പേനകൊണ്ട് കഥയും കവിതയുമെഴുതി അദ്ഭുതങ്ങള്‍ കാട്ടുന്ന കാലം. എന്നാല്‍, തോമാച്ചന് അവിടെ സ്‌പെയ്‌സ് കിട്ടിയില്ല. മാതൃഭൂമി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ വര്‍ഷവും നടത്തുന്ന സാഹിത്യമത്സരങ്ങളില്‍ പലരും പ്രശസ്തരായി. ആയിടയ്ക്ക് സ്‌കൂള്‍ തലത്തില്‍ ടി.വി കൊച്ചുബാവയ്ക്ക് 'അദൃശ്യതയുടെ നിഴലുകള്‍ക്ക്' സമ്മാനം ലഭിക്കുകയുണ്ടായി. അന്ന് തോമാച്ചനും ഹസ്സന്‍ കോയയ്ക്കും ഒരാഗ്രഹം, ഇരിങ്ങാലക്കുടയില്‍ കാട്ടൂര് ചെന്ന് കൊച്ചുബാവയെ കാണണം. രണ്ടുപേരും ഇരിങ്ങാലക്കുടയിലേയ്ക്ക് വണ്ടി കയറി. പില്‍ക്കാലത്ത് ഹസ്സന്‍ കോയയ്ക്ക് ഒന്നുകൂടി കാട്ടൂരേയ്ക്ക് ചെല്ലേണ്ടിവന്നു; കൊച്ചുബാവയുടെ ചേട്ടന്റെ മകള്‍ റാഹിലയെ കല്യാണം കഴിക്കാന്‍.

എന്തായാലും മാതൃഭൂമിയുടെ മത്സരങ്ങളിലൂടെ അയ്മനം ജോണ്‍, എന്‍. പ്രഭാകരന്‍, കൊച്ചുബാവ, ചന്ദ്രമതി, മറിയമ്മ, സുമിത്രാ വര്‍മ്മ തുടങ്ങിയവര്‍ വായനക്കാരുടെ മുന്‍പില്‍ ലബ്ധപ്രതിഷ്ഠ നേടി.
തോമസ് ജോസഫ് എഴുതുന്ന കഥയുടെ ലോകം അന്നത്തെ പത്രാധിപ ലോകത്തിന് സുപരിചിതമല്ലാത്തതിനാല്‍ എന്തോ തോമസിന് വേണ്ടത്ര സ്ഥാനം ലഭിച്ചില്ല.

ആധുനികതയ്ക്കു ശേഷമുള്ള മലയാള ചെറുകഥയുടെ വളര്‍ച്ചയെ സാകൂതം ഉറ്റുനോക്കിയ ഒരു പറ്റം ചെറുപ്പക്കാര്‍ 80-കളില്‍ കഥയില്‍ മഹാദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. അവരൊക്കെയും വായനക്കാര്‍ക്ക് പ്രിയങ്കരരായി നിരൂപകശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ ഖേദത്തോടെ പറയട്ടെ, അവര്‍ക്കൊപ്പം തോമസ് ജോസഫ് ഇല്ലായിരുന്നു. ഒരു സാഹിത്യവേദികളിലും തോമസിനെ ആരും കണ്ടിട്ടില്ല. അപ്പോഴൊക്കെയും അരണ്ട വെളിച്ചം പാത്തുനില്‍ക്കുന്ന തന്റെ മുറിയിലിരുന്ന് തോമസ് 'അദ്ഭുത സമസ്യകളും' 'ഒരു പുതിയ മിശിഹാ'യുമൊക്കെ എഴുതിക്കൊണ്ടേയിരുന്നു. അന്നത്തെ പല എഴുത്തുകാരും എഴുത്തില്‍ ഗിമ്മിക്കുകള്‍ കാട്ടി വിവാദങ്ങള്‍ സൃഷ്ടിച്ച് മുന്നേറിയപ്പോഴും തോമാച്ചന്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. കഥയുടെ ആരും പറയാത്ത ഒരു രീതി കയ്യിലുണ്ടായിരുന്നിട്ടും തിരസ്‌കരണത്തിന്റെ നാളുകളായിരുന്നു അന്നു തോമാച്ചനെ വരവേറ്റത്. തോമാച്ചന്റെ കഥയും പരിസരവും സ്വപ്നസന്നിഭമായുള്ള എഴുത്തുരീതിയും അവന്റെ മാത്രമായ, ആരും പറയാത്ത ഭ്രമകല്പനാബിംബങ്ങളും ഭൂരിപക്ഷ വായനക്കാരന്റെ ശ്രദ്ധയില്‍പ്പെടാതെ വിട്ടകന്നു നിന്നു.

ക്രൂശിതരും തിരസ്‌കൃതരും പരാജിതരും ഏകാകികളും കൂട്ടുപന്തിക്കിരിക്കുന്ന വേളകളില്‍ ദസ്‌തേയവ്സ്‌കിയെ വായിച്ച ഭ്രാന്താവേശങ്ങളില്‍ തോമാച്ചനും  മേല്‍പ്പറഞ്ഞവരെപ്പോലെ എഴുത്തില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ട ഒരു പുതിയ മിശിഹായായി മാറി വായനാ-എഴുത്തു സമൂഹത്തിനു മുന്‍പില്‍.
ഇവിടെയാണ് വി. രാജാകൃഷ്ണന്‍ സാറും സക്കറിയയും നരേന്ദ്ര പ്രസാദ് സാറും വി.പി. ശിവകുമാര്‍ സാറും തോമസിന്റെ കഥകളെ കണ്ടെത്തിയതും അവനെ പ്രോത്സാഹിപ്പിച്ചതും. തിരുവനന്തപുരം യൂണിവേഴ്സിറ്റിയിലെ പിള്ളേരുടെ നടുവില്‍ കഴുതപ്പുറത്തെത്തിയ മിശിഹായുടെ രൂപഭാവത്തോടെ തോമാച്ചന്‍ വന്നു. 'അദ്ഭുതസമസ്യ' എന്ന കഥ വായിച്ച് കവിയായ അന്‍വര്‍അലിയും ഇന്ന് നിരൂപണരംഗത്ത് അറിയപ്പെടുന്ന പി.കെ. രാജശേഖരനും ഏലൂരിലുള്ള പാതാളത്ത് തോമസിനെ അന്വേഷിച്ച് അവന്റെ കുടുസുമുറിയിലെത്തി. 29 വര്‍ഷം മുന്‍പ് 1989-ല്‍ ബാംസുരി ബുക്‌സ് അദ്ഭുത സമസ്യ പ്രസിദ്ധീകരിച്ചപ്പോള്‍ 'ശോകലിപികളുടെ സംഗീതം' എന്ന് ആ കഥാസമാഹാരത്തിന് പഠനം എഴുതിയതും മീശ ശരിക്കു മുളക്കാത്ത പി.കെ. രാജശേഖരന്‍ തന്നെയായിരുന്നു.

സക്കറിയയെ ഏറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരനാണ് തോമസ്. തോമസ് ജോസഫിന്റെ 'ലോകാവസാനത്തോളം' എന്ന കഥ വായിച്ച് വിസ്മയിച്ച സക്കറിയ, തിരുവനന്തപുരത്തുനിന്നു അവനെ കാണാനായി വീട് തപ്പിപ്പിടിച്ച് മുപ്പത്തടത്തെത്തി. അന്നു മുതല്‍ തോമാച്ചനുമായുള്ള ആത്മബന്ധം തുടങ്ങി സക്കറിയ. എന്റെയും തോമാച്ചന്റേയും മനസ്സില്‍ സക്കറിയയുടെ 'ഒരിടത്ത്' എന്ന പുസ്തകം വായിച്ചതോടെ കഥയുടെ ദന്തഗോപുരത്തില്‍ ഞങ്ങള്‍ പ്രതിഷ്ഠിച്ചു സക്കറിയയെ. ആ സക്കറിയയാണ് തോമാച്ചന്റെ വീട്ടില്‍ ഒരു അദ്ഭുതം കണക്കെയെത്തുന്നത്. ആ നാളുകളില്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പുപോലെ തോമാച്ചന്റെ ഏകാന്തമനസ്സ്, അന്തര്‍മുഖത്തം കൈവെടിഞ്ഞ് മനുഷ്യരിലേക്ക് വ്യാപരിച്ചു തുടങ്ങി.

പല പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാരും തോമസിനെ ശ്രദ്ധിക്കാതിരുന്ന കാലത്ത് സക്കറിയ, തോമസിന്റെ കഥാലോകത്തിന്റെ വ്യത്യസ്തത വെളിപ്പെടുത്തി എഴുതുകയും പ്രസംഗിക്കുകയുമുണ്ടായി. തോമസിന്റെ പുസ്തകങ്ങള്‍ക്ക് പിന്നെ അവതാരികകളും എഴുതി. അതോടെ വായനാ സമൂഹം തോമാച്ചനെ ശ്രദ്ധയോടെ വായിക്കാനും അവന്റെ കഥയിലെ സൗന്ദര്യാനുഭൂതി നുകരാനും തുടങ്ങി. തിരുവനന്തപുരത്ത് അവന്റെ സൗഹൃദം കൂടി. വിനയനും ഷുജാദും അന്‍വര്‍അലിയും വാള്‍ട്ടറും അടങ്ങിയ സംഘം തോമസിന്റെ വരവിന് കാത്തിരുന്നു.

തികച്ചും മൗലികവും വ്യത്യസ്തവുമായ രചനകളുമായി മലയാള കഥയില്‍ എഴുത്തിന്റെ മാന്ത്രികത കൊണ്ടുവന്ന തോമസ് ജോസഫ്, ആദ്യമായി എഴുതുന്ന നോവലാണ് ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച 'പരലോക വാസസ്ഥലങ്ങള്‍'.
ഏഴ് ആകാശങ്ങളും അവയിലേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നിറമുള്ള തീവണ്ടികളും അതിലെ യാത്രക്കാരായ പരേതരും പ്രണയാതുരനായ ദൈവവും ഇടകലര്‍ന്ന ജീവിതത്തെ ഒരു മാസ്മരിക ഭൂമികയില്‍ പ്രതിഷ്ഠിക്കുന്നു തോമസ് ജോസഫ് ഈ നോവലില്‍. രചനാ തന്ത്രത്താല്‍ ഒരു പുതുഭാഷയിലൂടെ അസാധാരണ ഭംഗി പുലര്‍ത്തിയ ഈ നോവല്‍ നിരൂപകശ്രദ്ധ നേടിയില്ലാ എന്നത് മലയാള നിരൂപണരംഗത്തിന്റെ ശോചനീയാവസ്ഥ തുറന്നു കാട്ടുന്നു.

കൊച്ചിയുടെ എഴുത്തുകാര്‍
എണ്‍പതുകള്‍ ഞങ്ങള്‍ കൊച്ചീക്കാരായ എഴുത്തുകാരുടെ പുഷ്‌ക്കലകാലമായിരുന്നു. പി.എഫ്. മാത്യൂസും തോമസ് ജോസഫും ജോര്‍ജ് ജോസഫ് കെയും തികച്ചും ത്രിത്വം തന്നെയായിരുന്നു എഴുത്തില്‍ അക്കാലത്ത്. മൂന്നുപേരും കൊച്ചിയുടെ ഓരോ ഇടങ്ങളിലും നടന്നു ലത്തീന്‍ കത്തോലിക്കന്റെ ജീവിതകാല്പാടുകള്‍ കഥയും നോവലുമായി പതിച്ചുവച്ചു. സാഹിത്യ ചര്‍ച്ചകളുടെ നീണ്ട ദിനരാത്രങ്ങള്‍ ഞങ്ങളിലുണ്ടായി. അവിടേയ്ക്ക് പിന്നെ ജോസഫ് മരിയനും സോക്രട്ടീസ് വാലത്തും സി.ടി. തങ്കച്ചനുമെത്തി. എല്ലാ ബുധനാഴ്ചയും എഴുത്തുകാരുടെ കൂട്ടായ്മയുണ്ടായി. അക്കാലങ്ങളില്‍ ഞങ്ങളുടെ കഥകള്‍ വായനക്കാര്‍ വായിക്കും മുന്‍പ്, എഡിറ്ററുടെ മേശപ്പുറത്തെത്തും മുന്‍പ്, ആ കഥകളെ പൂര്‍ണ്ണതയുള്ള, കൈകുറ്റപ്പാടില്ലാത്ത രചനകളാക്കി മാറ്റിയത് ഈ പറഞ്ഞ കൂട്ടുകാര്‍ തന്നെയാണ്. ആ കൂട്ടായ്മയില്‍നിന്ന് വാങ്ങിയ ഊര്‍ജ്ജത്തില്‍. വിമര്‍ശനാത്മകമായി കീറിമുറിച്ചു നന്നാക്കിയ തിരുത്തപ്പെടലുകളില്‍നിന്നുമാണ് പില്‍ക്കാലത്ത് ജോസഫ് മരിയനും സോക്രട്ടീസ് വാലത്തും എഴുത്തില്‍ വായനക്കാരുടെ പ്രിയങ്കരരായി മാറിയത്. എന്റെ 'അവന്‍ മരണയോഗ്യന്‍' പോലും പല പ്രാവശ്യം തിരുത്തി എഴുതപ്പെട്ടു. അതിന്റെ ക്രെഡിറ്റ് എന്റെ കൂട്ടുകാര്‍ക്ക് തന്നെ.

തോമസ് ജോസഫ് അവസാനമെഴുതിയ നോവല്‍ അയ്മനം ജോണും തോമസ് മാത്യുവും ജോസഫ് മരിയനും റാം മോഹന്‍ പാലിയത്തും ഞാനും ഒത്തു ചേര്‍ന്നു വായിച്ചത് രണ്ടു മൂന്നു കൊല്ലം മുന്‍പാണ്. പി.എഫ്. അപ്പോഴേയ്ക്കും സീരിയലെഴുത്തിന്റെ തിരക്കില്‍പ്പെട്ടുപോയി. അതിലെ പല അദ്ധ്യായങ്ങളും ഞങ്ങളുടെ നിര്‍ദ്ദേശപ്രകാരം തോമസ് മാറ്റി പുതുക്കിപ്പണിതു. എന്നിട്ടും ആ നോവല്‍ തോമസിന്റെ വീട്ടില്‍ അടച്ചു പൂട്ടിയിരിക്കുന്നു.
ഇന്നും അയ്മനം ജോണ്‍ എന്നെ വിളിച്ചിരുന്നു. തോമസിന്റെ അവസ്ഥകളെന്തെന്ന് ആരായാന്‍.
സത്യത്തില്‍ തോമസിനെ കാണാന്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോകും.

സക്കറിയ
സക്കറിയ


അവിടെയൊരു മകനുണ്ട്- ജെസ്സേ. മൗനത്തില്‍ മുങ്ങിപ്പോയ ഭാര്യയുണ്ട്-റോസിലി. തോമാച്ചന്‍ അസുഖമായി ആശുപത്രിയിലായതു മുതല്‍ രാവും പകലും പപ്പയുടെ ഓരോ ചലനത്തിനും ഓരോ വാക്കിനും ഓരോ നോട്ടത്തിനുമായി കൊതിയോടെ കാത്തിരിക്കുന്ന മകന്‍.
ഞങ്ങള്‍ കൂട്ടുകാര്‍ ചെല്ലുമ്പോള്‍ അവന്‍ ഉറക്കെ തോമാച്ചനെ വിളിക്കും:
''പപ്പാ... പപ്പാ... കണ്ണുതുറക്ക്... ഇതാരാ വന്നതെന്ന് നോക്ക്... ഒന്നു നോക്ക് പപ്പാ... എന്തെങ്കിലും പറയ് പപ്പാ...?''
അണുബാധ വരാതിരിക്കാന്‍ ഞങ്ങളുടെ കൈ അവന്‍ ലോഷന്‍ ഒഴിച്ച് തുടച്ചു തന്നിട്ടു പറയും:

''അങ്കിളേ വിളിക്ക്... പപ്പയുടെ കയ്യില്‍ മുറുക്കിപ്പിടിച്ച് വിളിക്ക്...'' അവന്‍ അതു പറയുമ്പോള്‍ തൊണ്ട ഇടറുന്നുണ്ടായിരുന്നു.
ഞാനും അയ്മനവും പി.എഫും സോക്കൂവും മരിയനും ഹസ്സനും തങ്കച്ചനുമൊക്കെ കൈകളില്‍ പിടിക്കുമ്പോള്‍ അവന്റെ തുറയാത്ത കണ്ണുകളില്‍നിന്നു കണ്ണുനീര്‍ ഒഴുകി കവിളില്‍ പരക്കും. അതു കാണുമ്പോള്‍ ജെസ്സേ സങ്കടത്തോടെ യാചിക്കും, അവന്റെ പപ്പയോട്:
''ഒന്നു മിണ്ടു പപ്പാ...''
നിര്‍ജ്ജീവമായ കയ്യാണെങ്കില്‍പ്പോലും ഞങ്ങളുടെ കയ്യില്‍ അവന്റെ ജീവന്റെ തുടിപ്പ് അപ്പോള്‍ ഒരു പിടപ്പായി ഞങ്ങളുടെ ഹൃദയത്തിലേക്കൊഴുകും.
തോമസിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമായത് തന്നെ എന്ന് ഏവര്‍ക്കുമറിയാം മീഡിയയിലൂടെ.
ദുരിതങ്ങള്‍ക്കുമേല്‍ ദുരിതമഴകള്‍ എപ്പോഴും അവനിലേയ്ക്കു മാത്രം പെയ്യുന്നത് എന്തുകൊണ്ടാണ് ദൈവമേ എന്ന് ചോദിച്ചു പോകുന്നു ഞാന്‍ ദൈവത്തോട്. 
അവന്റെ മകള്‍ ദീപ്തി ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലം.

വിപി ശിവകുമാര്‍
വിപി ശിവകുമാര്‍

അന്ന് വൈകിട്ട് ഞാന്‍ തോമാച്ചനെ കാണാന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ചെന്നു. അവന്‍ എന്നോട് 200 രൂപ എവിടെനിന്നെങ്കിലും കടം വാങ്ങിക്കൊണ്ടു ചെല്ലണമെന്നാവശ്യപ്പെട്ടു. ഞാനതും സംഘടിപ്പിച്ചു ചെന്നു. ഞങ്ങള്‍ മറൈന്‍ ഡ്രൈവിലിരുന്നു. അവന് ഒരു ഫോണ്‍ കോള്‍. മകള്‍ ദീപ്തി അപകടത്തില്‍ ആശുപത്രിയിലാണ്. ബസ് ജീവനക്കാരുടെ അശ്രദ്ധയാല്‍ കുട്ടി ഫുട്‌ബോര്‍ഡില്‍ കയറിയപ്പോഴേ ബസ് മുന്നോട്ടു എടുത്തു. അവള്‍ താഴേയ്ക്കു വീണു. ബസിന്റെ പിന്‍ചക്രം അവളുടെ അരയ്ക്കു താഴെ കാലില്‍ കയറി.

തോമാച്ചന്‍ നിലവിളിയില്ലാത്ത നിലവിളിയായി എന്റെ നെഞ്ചിലേക്കു ചാരി. അന്നു ഞങ്ങള്‍ പാലാരിവട്ടം മെഡിക്കല്‍ സെന്ററിലെത്തിയത് എങ്ങനെയെന്നറിഞ്ഞില്ല. നിരവധി ശസ്ത്രക്രിയകള്‍കൊണ്ട് അവളെ രക്ഷിച്ചെടുക്കാന്‍ തോമസ് അന്ന് അനുഭവിച്ച കഷ്ടപ്പാടുകള്‍ എത്ര വലുതായിരുന്നു. ഭാരിച്ച കടം തന്നെ അന്നു മുതല്‍ തലയിലേറ്റി പാവം. അവനെ സഹായിക്കാനെത്തിയ വക്കീലും ഇന്‍ഷൂറന്‍സ് കമ്പനിയും ഒത്തുകളിച്ചു. നിസ്സാര ക്ലെയിം വാങ്ങി അവന്‍ കബളിപ്പിക്കപ്പെട്ടു. അന്ന് ഗള്‍ഫില്‍നിന്നും ഹസ്സന്‍ കോയയും അമേരിക്കയില്‍നിന്നു ഞാനും കുറച്ചു സഹായം ഒപ്പിച്ചെടുത്തു. അങ്ങനെയാണ് അന്നു മകളുടെ ചികിത്സ നടന്നത്. തോമസിന്റെ പ്രഷര്‍ കൂടിക്കൂടി വന്നു. മകളെക്കുറിച്ച് ഇത്രയും ആധിപിടിച്ച ഒരപ്പന്‍ ലോകത്തുണ്ടാകില്ല. ഇന്നും ദീപ്തി കാല് വലിച്ചു നടക്കുന്നു. അവള്‍ പ്രായം തികഞ്ഞ പെണ്ണായപ്പോള്‍ പിന്നെ വിവാഹം. തോമാച്ചന്‍ വീണ്ടും കടക്കെണിയില്‍. വീടും പുരയിടവും ബാങ്കിന് പോകുമോ എന്ന ഭയം. ലോണ്‍ അടവുകള്‍ തെറ്റി. തലച്ചോറില്‍ കടന്നല്‍ക്കൂടിളകി. അത് സ്‌ട്രോക്കായി. തലച്ചോറിനെ അതു നിര്‍വ്വീര്യമാക്കി. തലയോട്ടി തുരന്ന് ഓപ്പറേഷന്‍ നടത്തി. ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍ അവന്‍ കൊതിക്കുമ്പോള്‍ ചിന്തിക്കാന്‍ പോലുമാകാത്ത ആശുപത്രിച്ചെലവ്. തോമസിന്റെ കഥകള്‍ വായിച്ചവരും വായിക്കാത്തവരും തുടങ്ങി മനുഷ്യരെ സ്‌നേഹിക്കണമെന്നും സഹായിക്കണമെന്നും ചിന്തിക്കുന്ന അനേകര്‍ അവനായി കൈസഹായം നീട്ടി. മലയാളത്തില്‍ സിനിമകളും നാടകവും ചെയ്ത സന്തോഷ് കീഴാറ്റൂര്‍ എന്ന പ്രശസ്ത നടന്‍ 'പെണ്‍നടന്‍' എന്ന നാടകം പ്രതിഫലം പോലുമില്ലാതെ ചെയ്തുകൊടുത്തപ്പോള്‍ ടിക്കറ്റെടുത്ത് സഹായിച്ച് ധനം സ്വരൂപിച്ചു കൊടുത്തവര്‍ ഏറെ. കേരള സാഹിത്യ അക്കാദമി, അമേരിക്കയിലെ ജനനി മാഗസിന്‍, സമസ്തകേരള സാഹിത്യ പരിഷത്ത്, കേരളാ ഫൈനാന്‍ട്‌സ് ഹാള്‍, രാഷ്ട്രീയ നേതാക്കള്‍, സിനിമാ നടന്മാര്‍, കേരളത്തിനകത്തും പുറത്തുമുള്ള എഴുത്തുകാര്‍, പ്രിന്റ് മീഡിയ, കാര്‍ട്ട്, മറ്റനേകം സംഘടനകള്‍, സോഷ്യല്‍മീഡിയ എല്ലാത്തിനും കോഡിനേറ്ററായി ഓടിനടന്ന തങ്കച്ചനും സുധി അന്നയും മറ്റു പേര് വിട്ടുപോയ അനേകം സുമനസ്സുകള്‍, അവര്‍ തോമസിനോടൊപ്പം  നില്‍ക്കുമ്പോള്‍ എത്ര നന്ദി പറഞ്ഞാലും അത് തീരുകയില്ല. 

നരേന്ദ്രപ്രസാദ്
നരേന്ദ്രപ്രസാദ്


'പെണ്‍നടന്‍' വലിയ വിജയമാക്കിയവരുടെ മുന്നില്‍നിന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു: 
''ഈ നാടകം ചെയ്യുമ്പോള്‍ ഞാനിതുവരെ കണ്ടിട്ടില്ലാത്ത ആ വലിയ മനുഷ്യന്റെ മുഖം മാത്രമായിരുന്നു എന്റെ മനസ്സില്‍''.
തോമാച്ചാ നീ തിരിച്ചു വരും. നീ ഞങ്ങളുടെ തോളില്‍ കയ്യിട്ട് നടക്കും. നീ ഇനി മനുഷ്യന്റെ നന്മകളെക്കുറിച്ചുള്ള സങ്കീര്‍ത്തനങ്ങള്‍ കഥയിലൂടെയും നോവലിലൂടെയും പാടും.  
പ്രളയം കേരളത്തിലെ മനുഷ്യരുടെ മനസ്സിനെ ജാതിയും മതവും രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായി നിന്ന് സഹായിക്കാന്‍ പഠിപ്പിച്ചതുപോലെ, കേരളത്തിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പാര്‍ട്ടിഭേദമില്ലാതെ രാഷ്ട്രീയ നേതാക്കളും മനുഷ്യനന്മയ്ക്കായി ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്, നിന്റെ വാക്കുകള്‍ സമൂഹത്തിന് കൊടുക്കാനായി നീ വേഗം ഉണരുക! എഴുന്നേല്‍ക്കുക! നന്മയുള്ള മനുഷ്യരോടൊപ്പം ഒത്തുചേരുക! സ്‌നേഹവും കരുതലുമാണല്ലോ എല്ലാത്തിനും നിദാനം.

ജോര്‍ജ് ജോസഫ് കെ.
Mob : 9847015545

തോമസ് ഇപ്പോഴും ആശുപത്രിയില്‍ത്തന്നെ. ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ഇനിയും സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് തോമസിനെ സഹായിക്കാം. മകന്റെ അക്കൗണ്ടിലേയ്ക്ക് സഹായമെത്തിക്കാം.

A/c No. : 2921101008349
IFSC : CNRB0005653
A/c Name : Jesse
Bank Name : Canara Bank, Chunagamveli Branch
Mob : Jesse : 9633457192.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com