ഹെം  ഫ്രെഗഞ്ചിലെ രക്തസാക്ഷികള്‍: ആന്‍ഡമാന്‍ യാത്ര തുടരുന്നു

ഹാവ്ലോക്കില്‍നിന്ന് തിരികെ പോര്‍ട്ട്‌ബ്ലെയറില്‍ എത്തിയിട്ട് ഗോള്‍ ഘറിലെ ശ്രീഷ് എന്നൊരു ഹോട്ടലിലാണ് താമസിച്ചത്.
ഹെം  ഫ്രെഗഞ്ചിലെ രക്തസാക്ഷികള്‍: ആന്‍ഡമാന്‍ യാത്ര തുടരുന്നു

ഹാവ്ലോക്കില്‍നിന്ന് തിരികെ പോര്‍ട്ട്‌ബ്ലെയറില്‍ എത്തിയിട്ട് ഗോള്‍ ഘറിലെ ശ്രീഷ് എന്നൊരു ഹോട്ടലിലാണ് താമസിച്ചത്. മുറിയില്‍നിന്നു കാണുന്ന ദൃശ്യം ഹാവ്ലോക്കിലേക്കും മറ്റും ഫെറിബോട്ടുകള്‍ പുറപ്പെടുന്ന ഫീനിക്സ് ജെട്ടിയുടേതാണ്. തരക്കേടില്ലാത്ത മുറി. 2500 രൂപ ദിവസവാടക. പ്രഭാതഭക്ഷണം സൗജന്യം.

ആന്‍ഡമാനില്‍ ഇനി രണ്ടുദിവസം കൂടിയേ ബാക്കിയുള്ളൂ. സത്യത്തില്‍ രണ്ടു ദിവസം എന്നു പറയാനാവില്ല. നാളെ  ഉച്ചയ്ക്ക്  3 മണിക്കാണ് ചെന്നൈയ്ക്കുള്ള വിമാനം. രാവിലെ റോസ് ഐലന്‍ഡ് സന്ദര്‍ശിച്ചിട്ട് നേരെ എയര്‍പോര്‍ട്ടില്‍ പോകാനാണ് പരിപാടി. 
ഇന്നാകട്ടെ, ഫെയ്മസ് ബേക്കറിയിലെ സലാം ഏര്‍പ്പെടുത്തിയ കാറില്‍ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്രയാണ്. 8.30-ന് ടാക്സി എത്തുമെന്നറിയിച്ചിട്ടുണ്ട്.

8.30-നു തന്നെ റിസപ്ഷനില്‍ നിന്ന് ടാക്സി എത്തിയതായി വിളി വന്നു. ഞാന്‍ താഴെ എത്തുമ്പോള്‍ 'കുരച്ച് കുരച്ച് മലയാളം' പറഞ്ഞുകൊണ്ട് ടാക്സിക്കാരന്‍ യുവാവ് എന്നെ അഭിവാദ്യം ചെയ്തു. ''മലയാളിയാണല്ലേ?''  ഞാന്‍ ചോദിച്ചു.  ''അതേന്ന് പറയാം. പക്ഷേ, ജനിച്ചു വളര്‍ന്നത് ഇവിടെത്തന്നെയാണ്. മലയാളം കുറെയൊക്കെ പറയും. തെറ്റിച്ചു പറഞ്ഞാല്‍ ക്ഷമിക്കണം.'' -യുവാവ് പറഞ്ഞു. കേരളത്തില്‍ ജനിച്ചുവളര്‍ന്ന ചില മലയാളികള്‍പോലും 'കുരച്ചാ'ണ് മലയാളം പറയാറ്. അങ്ങനെയുള്ളപ്പോള്‍ ആന്‍ഡമാന്‍ മലയാളി എങ്ങനെ മലയാളം പറഞ്ഞാലും നമ്മള്‍ ക്ഷമിക്കും.
''എന്താ പേര്?'' - ഞാന്‍ ചോദിച്ചു.
''ഉസ്മാന്‍'' - മറുപടി.
ഞാന്‍ ഞെട്ടി. എന്റെ ഞെട്ടല്‍ കണ്ട് ഉസ്മാനും ഞെട്ടി.
''എന്തു പറ്റി?'' -ഉസ്മാന്‍ ചോദിച്ചു.

''അതൊരു കഥയാണ് ഉസ്മാനേ...''-ഞാന്‍ പറഞ്ഞു. ''രണ്ടുമാസം മുന്‍പാണ് ഞാന്‍ ഉസ്ബെക്കിസ്ഥാനില്‍ പോയത്. രണ്ടാഴ്ചയോളം അവിടെയുണ്ടായിരുന്നു. താഷ്‌കെന്റ്, ബുഖാര, സമര്‍ഖണ്ഡ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ചു. അവിടെ എല്ലാ സ്ഥലങ്ങളിലും പരിചയപ്പെട്ട എല്ലാ ഗൈഡുമാരുടേയും പേര് ഉസ്മാന്‍! 'സില്‍ക്ക് റൂട്ട്' എന്ന പേരില്‍ ഉസ്ബെക്കിസ്ഥാന്‍ യാത്രാവിവരണം പുസ്തകമാക്കിയിട്ടുണ്ട്.  അതില്‍ ഞാന്‍ ഇക്കാര്യം എഴുതിയിട്ടുമുണ്ട്. ഉസ്ബെക്കിസ്ഥാനില്‍നിന്ന് ആന്‍ഡമാന്‍ എത്തിയപ്പോള്‍ ഇവിടെയും ദേ, ഉസ്മാന്‍..!''

കഥ കേട്ട് ഉസ്മാനും ആശ്ചര്യപ്പെട്ടു. ഉസ്ബെക്കിലെ ഉസ്മാന്മാരുടെ വിശേഷങ്ങളും പങ്കുവെച്ച് ഞങ്ങള്‍ യാത്ര തുടങ്ങി. വണ്ടൂര്‍ ബീച്ചാണ് പ്രധാന ലക്ഷ്യം. വൈകുന്നേരത്തോടെ മുണ്ടപഹാര്‍ ബീച്ചിലെ സൂര്യാസ്തമയവും കണ്ട് മടക്കം, അതാണ് പരിപാടി.

ഉസ്മാനും സഹോദരന്മാരും വാപ്പയുമെല്ലാം ടാക്സി ഓടിച്ച് ഉപജീവനം നടത്തുന്നവരാണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഗുരുതരമായ അസുഖം വന്നാല്‍ കൊച്ചിയിലെ ആശുപത്രിയിലേക്ക് കൂട്ടുപോകുന്നതു മാത്രമാണ് ഉസ്മാന്റെ കേരള കണക്ഷന്‍. ആന്‍ഡമാനില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ വസിക്കുന്നുണ്ടെങ്കിലും അസുഖങ്ങള്‍ പിടിപെട്ടാല്‍ കേരളത്തിലെ ആശുപത്രികളിലേക്കേ കൊണ്ടുപോകാറുള്ളൂ. ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലെ ആശുപത്രികളെക്കാള്‍ ചെലവ് കുറവ് കേരളത്തിലെ ആശുപത്രികളിലാണത്രേ. മികച്ച ഡോക്ടര്‍മാരുള്ളതും കേരളത്തില്‍ത്തന്നെ.

പോര്‍ട്ട്ബ്ലെയര്‍ നഗരം പിന്നിട്ട് ഉസ്മാന്റെ കാര്‍ ഓടിക്കൊണ്ടിരുന്നു. നഗരം  വലുതായിക്കൊണ്ടിരിക്കുകയാണെന്ന് ഉസ്മാന്‍ പറഞ്ഞു. ടൂറിസം ശക്തിപ്പെട്ടതോടെ തൊഴിലന്വേഷിച്ച് ആന്‍ഡമാനിലെത്തുന്നവരുടെ എണ്ണവും കൂടി. ശാന്തമായ ജീവിതം കാംക്ഷിക്കുന്നവര്‍ക്കും ആന്‍ഡമാനോട് വലിയ താല്‍പ്പര്യമാണ്. ഇങ്ങനെ പല ദേശക്കാരുടെ തള്ളിക്കയറ്റം മൂലം ആന്‍ഡമാനിലിപ്പോള്‍  സ്ഥലത്തിന് തീവിലയാണ് 

സുനാമി മൂലം കടല്‍ കടന്നുകയറിയ ഒരു മുനമ്പിലൂടെയാണ് ഇപ്പോള്‍ യാത്ര. കായലും കടലും തമ്മിലുള്ള വേര്‍തിരിവൊക്കെ സുനാമി എടുത്ത് ദൂരെയെറിഞ്ഞു. ഇപ്പോള്‍ കടല്‍ റോഡരികോളം കയറിവന്നിരിക്കുന്നു. കണ്ടല്‍ക്കാടുകള്‍ ആര്‍ത്തുവളരുന്ന, ഒരു നാടപോലെയുള്ള ഭാഗത്തെ മാത്രം സുനാമി തൊടാതെ വിട്ടു.
തുടര്‍ന്നുള്ള യാത്രയില്‍ പുറത്തേക്കു കണ്ണുനട്ടിരിക്കുമ്പോള്‍ ഉസ്മാന്‍ ചോദിച്ചു: ''ഒരു അയ്യപ്പക്ഷേത്രമുണ്ട്, കാണണോ?''
അയ്യപ്പക്ഷേത്രമാകുമ്പോള്‍ അതിലൊരു മലയാളി സ്പര്‍ശമുണ്ടാകുമല്ലോ. കണ്ടുകളയാം.

വലതുവശത്ത് ബോര്‍ഡ് കണ്ടു. ''ലോര്‍ഡ് അയ്യപ്പ ടെമ്പിള്‍, ശബരിഹില്‍, സിലിഘട്ട്, സൗത്ത് ആന്‍ഡമാന്‍.'' ആ വഴിയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചപ്പോള്‍ ഒരു ചെറിയ കുന്ന്. താഴെ നില്‍ക്കുമ്പോള്‍ത്തന്നെ ക്ഷേത്രം കാണാം. ശബരിമലയിലെ അതേ മാതൃകയിലുള്ള ക്ഷേത്രമാണ്. പതിനെട്ടാം പടിയും മതില്‍ക്കെട്ടും താഴെ ഇരുവശത്തുമുള്ള ഹോമകുണ്ഡങ്ങളുമെല്ലാം ശബരിമലക്ഷേത്രത്തിന്റെ തനിപ്പകര്‍പ്പ്.
പതിനെട്ടാം പടിക്കു താഴെയുള്ള ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. നിത്യപൂജകളൊക്കെ കഴിഞ്ഞിട്ടുണ്ടാവും. ഇനി വൈകീട്ടേ നടതുറക്കൂ.

ഗേറ്റ് പൂട്ടിയതുകൊണ്ട് നടകയറി ക്ഷേത്രം കാണാന്‍ കഴിഞ്ഞില്ല. മണ്ഡലകാലത്ത് തിരുവാഭരണ ഘോഷയാത്ര, അന്നദാനം തുടങ്ങിയ പരിപാടികളെല്ലാം ഇവിടെ ഉണ്ടാകാറുണ്ടെന്ന് ഉസ്മാന്‍ പറഞ്ഞു. ആന്‍ഡമാന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് അയ്യപ്പഭക്തര്‍ എത്തുന്ന ഇടമാണിത്. എന്തായാലും ക്ഷേത്ര പരിസരത്തുപോലും ആരെയും കാണാതിരുന്നതു കൊണ്ട് വിശദവിവരങ്ങളൊന്നും ചോദിച്ചറിയാന്‍ കഴിഞ്ഞില്ല.

സ്വാമി അയ്യപ്പനെ പുറത്തുനിന്നു വണങ്ങി യാത്ര തുടരുകയാണ്. ഉസ്മാന്‍ വേഗതയിലൊന്നും കാറോടിക്കാറില്ല. പൊതുവെ ആന്‍ഡമാനില്‍ ഡ്രൈവര്‍മാരെല്ലാം മര്യാദക്കാരാണ്. വളരെ വേഗതയില്‍ കാറോടിക്കാന്‍ പറ്റുന്ന റോഡുകളും ഇവിടെ കുറവാണല്ലോ.
പുറത്തേക്കുള്ള കാഴ്ചകളിലേക്ക് കണ്ണുനട്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു ബോര്‍ഡ് കണ്ണില്‍പ്പെട്ടു. 'ഹെംഫ്രഗഞ്ച് ബലിദാന്‍ വേദി.' എന്താണതെന്ന് ഉസ്മാനോട് ആരാഞ്ഞു. ''ജപ്പാന്‍കാര്‍ കുറേപ്പേരെ വെടിവെച്ചു കൊന്ന സ്ഥലമാണ്'' -ഉസ്മാന്റെ അലസമായ മറുപടി. ''നിര്‍ത്ത്''- ഞാന്‍ അലറി. ''വണ്ടി തിരിച്ചുവിട്.''
ഉസ്മാന്‍ കാര്‍ തിരിച്ചു. ഇത്രയും പ്രധാനപ്പെട്ട ഒരു സ്ഥലമുണ്ടായിട്ട് നിര്‍ത്താതെ പോയതിന് ഞാന്‍ ഉസ്മാനോട് പരിഭവിച്ചു.
''കഴിഞ്ഞയാഴ്ച ഒരു ഹണിമൂണ്‍ കപ്പിളിനെ ഞാന്‍ വണ്ടൂര്‍ബീച്ചിലേക്ക്  പോകുംവഴി ഇവിടെ കൊണ്ടുവന്നു. അഞ്ചുമിനിറ്റ് ഇവിടൊക്കെ ചുറ്റിനടന്നിട്ട്, ഇനി മേലാല്‍ ഇത്തരം സ്ഥലത്തൊന്നും വണ്ടി നിര്‍ത്തരുതെന്ന് അവര്‍ താക്കീത് തന്നു. സാറിനിതൊക്കെ താല്‍പ്പര്യമുണ്ടെന്ന് എനിക്കറിയില്ലല്ലോ'' - ഉസ്മാന്‍ പരിക്ഷീണനായി മറുപടി പറഞ്ഞു.

ഞാന്‍ ഉസ്മാനോട് മാപ്പപേക്ഷിച്ചു. ഹണിമൂണൊക്കെ പണ്ടേ കഴിഞ്ഞുപോയതുകൊണ്ട് എനിക്ക് ഇപ്പോള്‍ ചരിത്രസ്ഥലങ്ങളോട് താല്‍പ്പര്യമാണ് - ഞാന്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഏത് സ്ഥലം കണ്ടാലും കാര്‍ നിര്‍ത്തണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

ഹെംഫ്രഗഞ്ച് സ്മാരകത്തിന്റെ പാര്‍ക്കിങ്ങില്‍ കാര്‍ നിര്‍ത്തി. പരിപൂര്‍ണ്ണ നിശ്ശബ്ദതയാണ്. ആ പ്രദേശത്തെങ്ങും ആരെയും കാണാനില്ല. പുതുതായി പണിത ഒരു കെട്ടിടം സമീപത്തുണ്ട്. അതിനു മുന്നില്‍ പടവുകള്‍. ആ പടവുകള്‍ കയറി എത്തുന്ന സ്ഥലത്താവും രക്തസാക്ഷിമണ്ഡപമെന്ന് ഞാന്‍ ഊഹിച്ചു. പുതിയ കെട്ടിടത്തിനടുത്തേക്ക് നടന്നപ്പോള്‍ ഓഫീസ് മുറിയില്‍നിന്ന് രണ്ടു പേര്‍ പുറത്തേക്കു വന്നു. ഇരുവരും അവിടുത്തെ ഉദ്യോഗസ്ഥരാണ്. വളരെക്കാലം കൂടി സന്ദര്‍ശകരെത്തിയതിന്റെ സന്തോഷം അവരുടെ മുഖത്തുണ്ടായിരുന്നു. നിറഞ്ഞ സന്തോഷത്തോടെ അവര്‍ ഞങ്ങളെ സ്വാഗതം ചെയ്തു.  ഉസ്മാന്‍ പറഞ്ഞ കാര്യം തന്നെയാണ് ഉദ്യോഗസ്ഥര്‍ക്കും പറയാനുള്ളത്. ''ആന്‍ഡമാന്റെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരവും ക്രൂരവുമായ കൂട്ടക്കൊല നടന്ന സ്ഥലമാണിത്. പക്ഷേ, പുതിയ തലമുറയ്ക്ക് ഇതൊന്നും കാണാന്‍ യാതൊരു താല്പര്യവുമില്ല. ഈയിടെ  ഈ കാണുന്ന മ്യൂസിയവും ഇവിടെ തുറന്നു. അതേക്കുറിച്ചൊക്കെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകള്‍ വന്നെങ്കിലും സന്ദര്‍ശകരാരും എത്തിനോക്കിയില്ല''- അവര്‍ പരിതപിച്ചു.

സിലിഘട്ടിലെ അയ്യപ്പ ക്ഷേത്രം
സിലിഘട്ടിലെ അയ്യപ്പ ക്ഷേത്രം

ആന്‍ഡമാന്‍ സന്ദര്‍ശിക്കുന്നവര്‍ ഹെംഫ്രഗഞ്ചിലെ രക്തസാക്ഷികളുടെ ഈ സ്മാരകം കാണാതെ പോകരുത്. ആന്‍ഡമാന്റെ ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ അദ്ധ്യായങ്ങളിലൊന്നാണിത്. ആ കഥ ഇങ്ങനെ:

1942 മുതല്‍ 45 വരെയുള്ള മൂന്നു വര്‍ഷങ്ങളാണ് ജപ്പാന്‍കാര്‍ ആന്‍ഡമാന്‍ ഭരിച്ചത്. ബ്രിട്ടീഷുകാരെക്കാള്‍ ക്രൂരന്മാരായിരുന്നു ജപ്പാന്‍കാരെന്ന് പഴമക്കാര്‍ പറയുന്നു. അവര്‍ക്ക് എല്ലാവരേയും സംശയമായിരുന്നു. എല്ലാ ഇന്ത്യക്കാരും ബ്രിട്ടീഷുകാര്‍ക്കുവേണ്ടി ചാരപ്പണി ചെയ്യുന്നവരാണെന്ന് ജപ്പാന്‍കാര്‍ വിശ്വസിച്ചു. ഇടയ്ക്കിടെ ചാരന്മാരാണെന്ന പേരും പറഞ്ഞ് ഇന്ത്യക്കാരെ പിടികൂടി പീഡിപ്പിക്കുന്നത് അവര്‍ക്ക് ഒരു വിനോദം പോലെയായിരുന്നു. അങ്ങനെ പിടികൂടുന്നവരെ യാതൊരു വിചാരണയും കൂടാതെ സെല്ലുലാര്‍ ജയിലില്‍ പാര്‍പ്പിക്കുന്നതും പതിവായിരുന്നു. എന്നാല്‍ ഇങ്ങനെ പിടികൂടുന്ന പാവങ്ങള്‍ക്ക് ചാരപ്പണിയുമായി യാതൊരു ബന്ധവുമില്ലായിരുന്നു എന്നതാണ് കഷ്ടതരം. പക്ഷേ, ഏതെങ്കിലും തരത്തില്‍ വിമതശബ്ദം കേള്‍പ്പിക്കുന്നവരെ ഉടനടി വെടിവെച്ചു കൊല്ലുന്നതുകൊണ്ട് ജപ്പാന്‍കാര്‍ക്കെതിരെ ആരും ശബ്ദമുയര്‍ത്തിയില്ല. ക്രൂരന്മാരായിരുന്നെങ്കിലും ബ്രിട്ടീഷുകാരായിരുന്നു ഭേദം എന്ന് ജനങ്ങള്‍ പിറുപിറുത്തിരുന്നു. അത്രയ്ക്കുണ്ടായിരുന്നു ജപ്പാന്‍കാരുടെ ക്രൂരത.

ഹെംഫ്രെഗഞ്ചില്‍ ഈ മരത്തിന് ചുറ്റും ഇരുത്തിയാണ് 44 പേരെ വെടിവെച്ച് കൊന്നത്‌
ഹെംഫ്രെഗഞ്ചില്‍ ഈ മരത്തിന് ചുറ്റും ഇരുത്തിയാണ് 44 പേരെ വെടിവെച്ച് കൊന്നത്‌


1944 ജനുവരി 30. അന്ന് വസന്തപഞ്ചമി ദിനമായിരുന്നു. അന്നുരാവിലെ ചാരപ്പണി ആരോപിച്ച് പിടികൂടി സെല്ലുലാര്‍ ജയിലില്‍ അടച്ചിരുന്ന 44 ഇന്ത്യക്കാരോട് പട്ടാളവാഹനത്തില്‍ കയറാന്‍ ജാപ്പനീസ് പട്ടാളക്കാര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റേയും ഐ.എന്‍.എയുടേയും പ്രവര്‍ത്തകരായിരുന്നു, അവര്‍. തങ്ങളെ വേറെ ഏതെങ്കിലും ജയിലിലേക്ക് മാറ്റുകയാണെന്നാണ് ആ ഹതഭാഗ്യര്‍ കരുതിയത്. 

അരുംകൊലയുടെ മണ്ണ്‌
പട്ടാളവാഹനങ്ങള്‍ 18 കി.മീറ്റര്‍ ഓടി ഹെംഫ്രഗഞ്ചിലെത്തി. എല്ലാവരോടും പുറത്തിറങ്ങി, ആ ചെറിയ കുന്ന് നടന്നുകയറാന്‍ പട്ടാളക്കാര്‍ ആവശ്യപ്പെട്ടു. കുന്നിന്റെ മുകളില്‍ ഒരു വലിയ കുഴി കുത്തിയിട്ടുണ്ടായിരുന്നു. എല്ലാവരോടും കുഴിയുടെ മുന്നില്‍ 'എല്‍' ആകൃതിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. അവരുടെ ഇടത്തേ നെഞ്ചില്‍ പട്ടാളക്കാര്‍ കറുത്ത ബാഡ്ജുകള്‍ കുത്തി. എന്നിട്ട് കണ്ണുകള്‍ തുണികൊണ്ട് കെട്ടി.
അപ്പോഴും എന്താണ് ഇവര്‍ ചെയ്യാന്‍ പോകുന്നതെന്ന് തടവുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല.

44 പട്ടാളക്കാര്‍ അണിനിരന്നു. അവര്‍ ഓരോ തടവുകാരന്റേയും നെഞ്ചിലെ കറുത്ത ബാഡ്ജിനു നേരെ ഉന്നം പിടിച്ചു. 44 തോക്കുകളില്‍നിന്ന് വെടിപൊട്ടി. 44 നെഞ്ചുകളില്‍നിന്ന് രക്തം ചീറ്റി. 44 പേരും പിന്നിലെ കുഴിയിലേക്ക് പതിച്ചു.
ഞൊടിയിടയില്‍ പട്ടാളക്കാര്‍ കുഴികള്‍ മണ്ണിട്ടു മൂടി. മാതൃരാജ്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച 44 ജീവിതങ്ങള്‍ ഹെംഫ്രഗഞ്ചിലെ മണ്ണില്‍ അലിഞ്ഞുചേര്‍ന്നു.

ആ ധീരദേശാഭിമാനികളുടെ അന്ത്യവിശ്രമസ്ഥലത്ത് ഇന്ന് മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നു. ചുറ്റും മതില്‍കെട്ടി സംരക്ഷിച്ചിട്ടുമുണ്ട്. അതിനോട് ചേര്‍ന്ന് ഊതനിറമുള്ള മാര്‍ബിളില്‍ രക്തസാക്ഷിമണ്ഡപങ്ങള്‍. അതില്‍ 44 ദേശാഭിമാനികളുടെ പേരുകള്‍ കറുത്ത ഫലകത്തില്‍ കൊത്തിവെച്ചിരിക്കുന്നു.

ഇതൊക്കെയല്ലേ യഥാര്‍ത്ഥ രക്തസാക്ഷിമണ്ഡപം. കണ്ണൂരിലും തലശ്ശേരിയിലും 'രക്തസാക്ഷിമണ്ഡപം' എന്ന പേരില്‍ മുക്കിനു മുക്കിനു കാണുന്ന പല വര്‍ണ്ണങ്ങളിലുള്ള നിര്‍മ്മിതികള്‍ യഥാര്‍ത്ഥ രക്തസാക്ഷികള്‍ക്കുതന്നെ അപമാനമാണ്. നേതാക്കന്മാരുടെ വാക്കും കേട്ട് തമ്മില്‍ത്തല്ലി ചാകുന്ന പാവപ്പെട്ട അണികളാണല്ലോ 'രക്തസാക്ഷികള്‍' എന്ന പേരില്‍ കേരളത്തിലെ  മണ്ഡപങ്ങളില്‍ ഉറങ്ങുന്നത്! വര്‍ത്തമാനകാല രക്തസാക്ഷികള്‍ക്കുവേണ്ടി നേതാക്കന്മാര്‍  മുതലക്കണ്ണീരെങ്കിലും ഒഴുക്കുന്നുണ്ട്.  പതിറ്റാണ്ടുകള്‍ക്കു മുന്‍പ് രാജ്യത്തിനുവേണ്ടി ജീവനൊടുക്കിയ ഹെംഫ്രഗഞ്ചിലെ യഥാര്‍ത്ഥ രക്തസാക്ഷികളുടെ സ്മാരകം സന്ദര്‍ശിക്കാന്‍ പോലും ആര്‍ക്കും താല്‍പ്പര്യമില്ല. കഷ്ടം തന്നെ.

ഹെംഫ്രെഗഞ്ച് സ്മാരകത്തിലെ രക്തസാക്ഷി മണ്ഡപം
ഹെംഫ്രെഗഞ്ച് സ്മാരകത്തിലെ രക്തസാക്ഷി മണ്ഡപം


സാമാന്യം നല്ലൊരു കെട്ടിടത്തില്‍ ഇവിടുത്തെ സംഭവങ്ങളും ജാപ്പാനീസ് ആര്‍മിയുടെ അധിനിവേശകാലത്തെ ചിത്രങ്ങളും കോര്‍ത്തിണക്കി ഒരു എക്സിബിഷന്‍ ഒരുക്കിയിട്ടുണ്ട്. വെടിവെച്ചു കൊന്ന 44 പേരുടെ ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആ അരുംകൊലയ്ക്ക് സാക്ഷിയായിരുന്ന ഒരാള്‍ അടുത്തകാലത്താണത്രേ മരിച്ചത്. അന്ന് ആ സംഭവങ്ങള്‍ ഒളിച്ചു നിന്നു കണ്ടയാളാണ് ആ ഹതഭാഗ്യന്‍. അദ്ദേഹത്തിന്റെ ചെറുമകനാണ് സ്മാരകത്തില്‍ ഞങ്ങള്‍ക്ക് സംഭവങ്ങള്‍ വിവരിച്ചുതന്ന ഉദ്യോഗസ്ഥരിലൊരാള്‍.

മ്യൂസിയത്തിലെ ചിത്രങ്ങളില്‍ വെടിവെച്ചു കൊല്ലുന്നതിനു മുന്‍പും ശേഷവും ജാപ്പനീസ് ആര്‍മി എടുത്ത ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുമുണ്ട്. തങ്ങള്‍ ഭരിച്ചിരുന്ന മൂന്നു വര്‍ഷവും ജപ്പാന്‍കാര്‍ ഇവിടെ ജാപ്പാനീസ് യെന്‍ ആണ് വിനിമയത്തിന് ഉപയോഗിച്ചിരുന്ന കറന്‍സി. അക്കാലത്തെ യെന്‍ കറന്‍സി നോട്ടുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഞാന്‍ ചരിത്ര പുസ്തകങ്ങളിലൊന്നും വായിച്ചിട്ടില്ല, ഹെംഫ്രഗഞ്ചിലെ 44 പേര്‍ക്ക് ജീവന്‍ നഷ്ടമായ ഈ ദാരുണസംഭവം. അങ്ങനെ എത്രയോയെത്രയോ ക്രൂരതകള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്നിട്ടുണ്ടാവണം! ചരിത്രത്തില്‍പ്പോലും സ്ഥാനം പിടിക്കാതെ എത്രയോ ധീരദേശാഭിമാനികള്‍ പിടഞ്ഞു മരിച്ചിട്ടുണ്ടാവണം! അവരുടെ ചോരമേല്‍ ചവിട്ടി, നെഞ്ചുവിരിച്ച് പുതുതലമുറ നടക്കുന്നു. എന്നിട്ട് ബാറിലെ അരണ്ട വെളിച്ചത്തില്‍ ''സ്വാതന്ത്ര്യസമരം നടന്നില്ലെങ്കിലും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയേനെ'' എന്ന് അറിവില്ലായ്മ പുലമ്പുന്നു.

ഹെംഫ്രഗഞ്ചിലെ രക്തസാക്ഷി മണ്ഡപത്തില്‍ കൊണ്ടുപോയതിന് ഉസ്മാനോട് ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞു. എന്റെ നിറകണ്ണുകള്‍ കണ്ട ഉസ്മാന്‍ ഒരുവേള ചിന്തിച്ചുകാണും, ''ഇയാളുടെ മുത്തച്ഛനോ മറ്റോ വെടിയേറ്റ 44 പേരിലുണ്ടാകുമോ'' എന്ന്.
ഹെംഫ്രഗഞ്ചില്‍നിന്ന് ഏതാനും കിലോമീറ്റര്‍ ഓടിയപ്പോള്‍ ഒരു ചെറിയ അങ്ങാടിയെത്തി. ഇതാണ് വണ്ടൂര്‍. നമ്മുടെ മലപ്പുറത്തെ മാപ്ലാര് പണ്ട് കുടിയേറിപ്പാര്‍ത്ത വണ്ടൂര്‍. ''ഇനി ഇവിടുന്ന് ഊണു കഴിച്ചിട്ടു പോകാം. നല്ല ഊണും മീന്‍കറിയും കിട്ടും'' - ഉസ്മാന്‍ കൊതിപ്പിച്ചു . മലപ്പുറത്തെ മീന്‍ മുളകിട്ട കറിയുടെ  ചിത്രം മനോമുകുരത്തില്‍ തെളിഞ്ഞു. ഉടനടി കാറില്‍നിന്നു ചാടിയിറങ്ങി.

രണ്ടോ മൂന്നോ ഹോട്ടലുകളും ഒരു പലചരക്കു കടകളും ചേരുന്ന ചെറിയൊരു 'ടൗണാ'ണ് വണ്ടൂര്‍. ആദ്യം കണ്ട ഹോട്ടലിലേക്ക് ഉസ്മാന്‍ കയറി, പിന്നാലെ ഞാനും. വെളുത്ത തൊപ്പിയും ബനിയനും ലുങ്കിയും ധരിച്ച മുസ്ല്യാര് ഞങ്ങളെ സ്വാഗതം ചെയ്തു. സ്വാഗതം പക്ഷേ, ഹിന്ദിയിലായിരുന്നു. ''മലയാളിയല്ലേ?'' - ഞാന്‍ മുസ്ല്യാരോട് ചോദിച്ചു. ''നഹി'' എന്നായിരുന്നു ഉത്തരം. ''ഉസ്മാനേ, ജ്ജ് ചതിച്ചല്ലോ'' എന്ന് ഞാന്‍. ''മലപ്പുറത്തെ മാപ്ലാര്‍ക്കൊന്നും ഈടെ ഹോട്ടലില്ലെന്നും കിട്ടുന്നത് വാരിത്തിന്നിട്ട് വിട്ടോളീ''ന്നും ഉസ്മാന്റെ മറുപടി.
ബംഗാളി ശൈലിയിലുള്ള  ഊണായിരുന്നെങ്കിലും എവിടെയൊക്കെയോ ഒരു മലയാളിത്തം 'ഫീല്‍' ചെയ്തു  എന്നു പറയാതിരിക്കാനാവില്ല. പ്രത്യേകിച്ച് മീന്‍പൊരിച്ചതിന് അസല്‍ മലയാളി സ്വാദ്.

ഊണു കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഉസ്മാന്‍ പറഞ്ഞു: ''ഇങ്ങളെ വണ്ടൂര്‍ ബീച്ചില്‍ വിട്ടിട്ട് ഞാനൊരാളെ എയര്‍പോര്‍ട്ടില്‍ ഇറക്കിയിട്ട് വരട്ടെ? ഈ  യാത്രയ്ക്കിടയ്ക്ക് കിട്ടിയ കോളാണ്. ബുദ്ധിമുട്ടില്ലെങ്കില്‍...''
ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുവരാമെങ്കില്‍ സവാരിക്കുള്ളിലെ സവാരി അനുവദിക്കാമെന്ന് ഞാന്‍ പറഞ്ഞു. ഒരു മണിക്കൂര്‍പോലും വേണ്ടെന്ന് ഉസ്മാന്‍.


വണ്ടൂര്‍ ബീച്ച് എത്തുന്നതിനു മുന്‍പ് ഒരു വലിയ കമാനം സ്വാഗതം ചെയ്യുന്നു. ''മഹാത്മാ ഗാന്ധി മറൈന്‍ നാഷണല്‍ പാര്‍ക്കിലേക്ക് സ്വാഗതം.'' പവിഴപ്പുറ്റുകളും ആമകളുമടങ്ങുന്ന കടലിന്റെ സമ്പത്ത് പരിരക്ഷിക്കാനായി 1983-ല്‍ സ്ഥാപിക്കപ്പെട്ട സംരക്ഷിത പ്രദേശമാണിത്. കടലും നിരവധി ദ്വീപുകളും ഈ നാഷണല്‍ പാര്‍ക്കില്‍ ഉള്‍പ്പെടുന്നു. ലബിറിന്ത് , ട്വിന്‍, ജോളി ബോയ്, റെഡ് സ്‌കിന്‍ എന്നിങ്ങനെയാണ് ദ്വീപുകളുടെ പേരുകള്‍. 20 ദ്വീപുകള്‍ ഉള്‍പ്പെടെ  281.5 ചതുരശ്ര കിലോമീറ്ററാണ് മഹാത്മാ ഗാന്ധി നാഷണല്‍ മറൈന്‍ പാര്‍ക്കിന്റെ വിസ്തീര്‍ണ്ണം. വൃക്ഷനിബിഡമായ ദ്വീപുകളും പഞ്ചാരമണല്‍ ബീച്ചുകളും പാറക്കെട്ടുകളുമൊക്കെ  നിറഞ്ഞ ദ്വീപുകളിലേക്ക് വണ്ടൂരിലെ പാര്‍ക്കിന്റെ ആസ്ഥാനത്തുനിന്ന് ബോട്ടില്‍ കൊണ്ടുപോകും. ഈ ദ്വീപുകളിലൊന്നും ജനവാസമില്ല. അതുകൊണ്ടു തന്നെ അവിടെ താമസിക്കാന്‍ അനുവാദവുമില്ല. വൈകുന്നേരത്തിനു മുന്‍പ് തിരിച്ചുവരുന്ന രീതിയിലാണ് പാര്‍ക്കിലെ ബോട്ട് ട്രിപ്പുകള്‍. 
ബോട്ട് ലാന്‍ഡിങ് ഏരിയ കഴിയുമ്പോള്‍ വണ്ടൂര്‍ ബീച്ച് കണ്ടുതുടങ്ങും. രാധാനഗര്‍ ബീച്ച് പോലെ തന്നെ വൃക്ഷനിബിഡമാണ് വണ്ടൂര്‍ ബീച്ചിന്റെ തീരവും. 
എന്നെ അവിടെ ഇറക്കിവിട്ടിട്ട് ഉസ്മാന്‍ എയര്‍പോര്‍ട്ട് ഓട്ടത്തിനു പോയി. ഞാന്‍ മരങ്ങള്‍ക്കിടയിലൂടെ കടലിലേക്ക് നടന്നു.
കടലിനോടടുത്തപ്പോള്‍ ആദ്യം കണ്ട ചുവന്ന ബോര്‍ഡ് തന്നെ ഭീതിദമായിരുന്നു. ''കടലില്‍ ചീങ്കണ്ണിയുണ്ട്. നീന്തല്‍ നിരോധിച്ചിരിക്കുന്നു. ഇവിടെ അവസാനമായി ചീങ്കണ്ണിയെ കണ്ട ദിവസം : 2018 ഫെബ്രുവരി 2.''

കടലില്‍ ഒരു ചെറിയ പ്രദേശം വലകെട്ടി തിരിച്ചിട്ടുണ്ട്. അത്യാവശ്യക്കാര്‍ക്ക് അതിനുള്ളില്‍ ഇറങ്ങി കാലൊന്നു നനയ്ക്കാം. പക്ഷേ, അവിടെപ്പോലും ഇറങ്ങരുതെന്നാണ് ഉസ്മാന്‍ എനിക്ക് തന്നിരിക്കുന്ന മുന്നറിയിപ്പ്. കാരണം  വലപൊട്ടിച്ച് സംരക്ഷിത പ്രദേശത്ത് കടന്നാണ്  2017 നവംബര്‍ 11-ന് ഒരു യുവാവിനെ ചീങ്കണ്ണി കടിച്ചെടുത്ത് കൊണ്ടുപോയത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിഷ്ണു ഹരി മണ്ഡല്‍ എന്ന യുവാവിനാണ് ഇങ്ങനൊരു ദാരുണാന്ത്യമുണ്ടായത്. കൂട്ടുകാരോടൊപ്പം വലയ്ക്കുള്ളില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ വലയുടെ അടിഭാഗം പൊട്ടിച്ചാണ് ചീങ്കണ്ണി ഉള്ളിലെത്തിയത്. നിരവധി പേര്‍ നിസ്സഹായരായി നോക്കി നില്‍ക്കെ കടലാഴങ്ങളിലേക്ക് ബിഷ്ണുവിനേയുംകൊണ്ട് ചീങ്കണ്ണി മറഞ്ഞു. 
ആ സംഭവത്തിനുശേഷം വലക്കണ്ണികള്‍ ശക്തിപ്പെടുത്തിയെങ്കിലും ആരും കുളിക്കാനിറങ്ങാറില്ല. തന്നെയുമല്ല, പലതവണ പിന്നീടും വണ്ടൂര്‍ ബീച്ചില്‍ ചീങ്കണ്ണികളെ പലരും കാണുകയും ചെയ്തു.

അതിസുന്ദരമാണ് വണ്ടൂര്‍ ബീച്ച്. എലിഫന്റ് ബീച്ചിലേതുപോലെ മരങ്ങള്‍ വീണു കിടക്കുന്നുണ്ട്, ബീച്ചില്‍ പലയിടത്തും. മരത്തണലില്‍ കാറ്റേറ്റിരിക്കാന്‍ ബെഞ്ചുകളും പണിതിട്ടുണ്ട്. ടോയ്ലറ്റ് സൗകര്യം ഉള്‍പ്പെടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ടതെല്ലാം ഉണ്ടെങ്കിലും ചീങ്കണ്ണി അതിനെല്ലാം തടസ്സം നില്‍ക്കുന്നു!
ഒരു മണിക്കൂര്‍ ബീച്ചിലൂടെ നടന്നു ക്ഷീണിച്ചു. അപ്പോഴേയ്ക്കും ഉസ്മാന്‍ നിറചിരിയോടെ പ്രത്യക്ഷപ്പെട്ടു. ഒരു ഓട്ടത്തിനിടയ്ക്ക് വേറൊരു ഓട്ടം കിട്ടിയതിന്റെ സന്തോഷമാണ്.

ബിഷ്ണുവിനെ ചീങ്കണ്ണി പിടിച്ച ദിവസം കാഴ്ചക്കാരനായി ഉസ്മാനുമുണ്ടായിരുന്നു. വിദേശ ദമ്പതികളെ ബീച്ചില്‍ ഇറക്കിവിട്ടിട്ട് കാഴ്ചകണ്ടു നില്‍ക്കുകയായിരുന്നു ഉസ്മാന്‍. പെട്ടെന്നാണ് വല കെട്ടിയ ഭാഗത്തുനിന്ന് അലര്‍ച്ച കേട്ടത്. ചീങ്കണ്ണിയാണ് പ്രതിയെന്നു മനസ്സിലാക്കാന്‍ കുറേ നേരമെടുത്തു. അപ്പോഴേയ്ക്കും വലയ്ക്കുള്ളിലൂടെ ബിഷ്ണു എന്ന 21 കാരനേയുമായി ചീങ്കണ്ണി കടലിലേക്ക് മുങ്ങാംകുഴിയിട്ടിരുന്നു. തീരത്തു നിന്ന രക്ഷാപ്രവര്‍ത്തകരും ബിഷ്ണുവിനോടൊപ്പം കുളിക്കാനിറങ്ങിയ കൂട്ടുകാരും കമ്പികളും വടികളുമായി നിലവിളിയോടെ കടലില്‍ പരതിയെങ്കിലും അപ്പോഴേയ്ക്കും ദൂരെയെവിടെയോ എത്തിയിരുന്നു ചീങ്കണ്ണിയും  ദൗര്‍ഭാഗ്യവാനായ ആ യുവാവും.

ഉസ്മാന്‍ ഇപ്പോഴും ഭീതിയോടെ ഓര്‍മ്മിക്കുന്ന ദിവസമാണത്. അതില്‍പ്പിന്നെ വണ്ടൂര്‍ ബീച്ചില്‍ ആരെ കൊണ്ടുപോയാലും ഈ കഥ പറഞ്ഞുകൊടുത്തിട്ടേ ഉസ്മാന്‍ കാറില്‍നിന്ന് ഇറക്കി വിടാറുള്ളൂ.
മുണ്ടപഹാര്‍ ബീച്ചിലേക്കാണ് ഇനി യാത്ര. ആന്‍ഡമാനിലെ ഏറ്റവും മനോഹരമായ അസ്തമയ ദൃശ്യം മുണ്ടപഹാര്‍ ബീച്ചിലാണത്രേ ഉള്ളത്.
പോര്‍ട്ട്‌ബ്ലെയര്‍ ദ്വീപിന്റെ ഒരറ്റത്താണ് ഈ ബീച്ച്. ആന്‍ഡമാന്റെ ഗ്രാമീണ കാഴ്ചകളിലൂടെയാണ് കാര്‍ ഓടുന്നത്. അങ്ങനെ കാറോടവേ, ഒരു കമാനം കണ്ടു - വെല്‍ക്കം ടു കാലിക്കറ്റ്.

അതേ, ഇതാണ് ആന്‍ഡമാനിലെ കോഴിക്കോട്. പണ്ടുപണ്ട് കോഴിക്കോട്ടുകാര്‍ കുടിയേറിപ്പാര്‍ത്ത സ്ഥലം. സ്വന്തം നാടിന്റെ പേരിട്ട് അവര്‍ വാസസ്ഥലമാക്കിയ കാലിക്കറ്റ്. 'ഒറിജിനല്‍ കാലിക്കറ്റി'ന്റെ പേര് കോഴിക്കോട് എന്നായി മാറിയെങ്കിലും ആന്‍ഡമാനിലെ കാലിക്കറ്റ്, കാലിക്കറ്റായി തുടരുന്നു.
വണ്ടൂര്‍ പോലെതന്നെ ചെറിയൊരു അങ്ങാടിയാണ് കാലിക്കറ്റ്. കാലിക്കറ്റ് ഗ്രാമപഞ്ചായത്ത് ഓഫീസ്, കാലിക്കറ്റ് ബഹറുള്‍ ഉലൂം സ്‌കൂള്‍ എന്നിവയൊക്കെ അങ്ങാടിയുടെ പരിസരത്തുണ്ട്. കാര്‍ നിര്‍ത്തി 'കാലിക്കറ്റി'ന്റെ കുറേ ചിത്രങ്ങളെടുത്തു. പ്രത്യേകതകളൊന്നുമില്ലാതെ ഈ അങ്ങാടിയുടെ ചിത്രങ്ങളെടുക്കുന്ന ഈ മനുഷ്യന്‍ ആരാണാവോ എന്ന മട്ടില്‍  കാലിക്കറ്റ് നിവാസികള്‍ എന്നെ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com