ഇടവപ്പാതിയിലെ തീമഴ

എനിക്ക് തോന്നുന്നു, കാന്‍സറിനെ ആള്‍ക്കാര്‍ ഭയക്കുന്നത് അതിന്റെ പാര്‍ശ്വഫലങ്ങളെ ഓര്‍ത്താണെന്ന്. ഒരു ചെറിയ ശതമാനം ആള്‍ക്കാര്‍ക്കെങ്കിലും അതാണ് ഭയം.
ശ്രീലത രാകേഷ്
ശ്രീലത രാകേഷ്

ഞാനെന്റെ വീട്ടിലായിരുന്നു. 'പൂര്‍വ്വാശ്രമ'ത്തില്‍.
ബയോപ്സിയുടെ ഫലം വരാനുണ്ടായിരുന്നു.
കീമോത്തെറാപ്പി വേണ്ടിവരില്ല എന്നാണ് ഡോക്ടര്‍ പറഞ്ഞത്. എടുത്തുകളഞ്ഞത് തീരെ ചെറിയ ഒരു മുഴയായിരുന്നു. റേഡിയേഷന്‍ മാത്രം മതിയാവും എന്നു പറഞ്ഞു. ഞാനെന്റെ മൂടിയെ വീണ്ടും സ്‌നേഹിച്ചു തുടങ്ങി.
''ട്രീറ്റ്മെന്റില്‍ മുടിയൊക്കെ പോയി ഞാന്‍ മൊട്ടച്ചിയാവും ഏട്ടാ''ന്ന് ഞാനെത്ര തവണ പറഞ്ഞിരിക്കുന്നു.
കീമോത്തെറാപ്പി ഇല്ലെങ്കില്‍ പാര്‍ശ്വഫലങ്ങളും അത്രതന്നെ കുറയുമല്ലോ...
എനിക്ക് തോന്നുന്നു, കാന്‍സറിനെ ആള്‍ക്കാര്‍ ഭയക്കുന്നത് അതിന്റെ പാര്‍ശ്വഫലങ്ങളെ ഓര്‍ത്താണെന്ന്. ഒരു ചെറിയ ശതമാനം ആള്‍ക്കാര്‍ക്കെങ്കിലും അതാണ് ഭയം.
സ്ത്രീകളാണെങ്കില്‍ മുടി പൊഴിയുമെന്നും ഭംഗിയില്ലാതെ ആവുമെന്നും ഭര്‍ത്താവ് എങ്ങനെ സ്‌നേഹിക്കും എന്നും. സ്തനാര്‍ബുദം ആണെങ്കില്‍ മാറിടം മുറിച്ചുകളയേണ്ടി വന്നേക്കുമെന്നും ശരീരം അപൂര്‍ണ്ണമാകുമെന്നും വീണ്ടും ഭര്‍ത്താവുമൊത്ത് എങ്ങനെ സ്‌നേഹിക്കുമെന്നും ജീവിതം എങ്ങനെ മുന്‍പോട്ട് പോകുമെന്നും ഭയക്കും.
തീര്‍ച്ചയായും ഇതൊക്കെ എന്റെയും പേടികളായിരുന്നു.
മുടി കൊഴിഞ്ഞു മൊട്ടയാവുമെന്ന്, ഏട്ടന്റെ കൂടെ എങ്ങനെ ജീവിക്കും എന്ന്, ഏട്ടനെന്നെ എങ്ങനെ സ്‌നേഹിക്കും എന്ന്...
25-ാമത്തെ വയസ്സില്‍ ശരീരം അപൂര്‍ണ്ണമാകുമോ എന്ന്, അമ്മയാകാന്‍ പറ്റുമോ എന്ന്, എങ്ങനെ തുറന്നു കാണിക്കും എന്ന്...
പറഞ്ഞില്ലേ, കാന്‍സറിനെക്കാള്‍ അധികം പടര്‍ന്നു വ്യാപിക്കുന്നതും ആഴത്തിലേക്ക് കൂര്‍ത്ത് ഇറങ്ങുന്നതും ഭയത്തിന്റെ വേരുകളാണ്.
പക്ഷേ, മനസ്സിലാക്കേണ്ടത് മറ്റൊന്നാണ്. ഒരു പരിധിവരെ നമ്മുടെ ഭയങ്ങളെ ആട്ടിയോടിക്കാന്‍ അതു നമ്മളെ സഹായിക്കും.
പാര്‍ശ്വഫലങ്ങള്‍ വളരെ കുറച്ചു കാലത്തേയ്ക്ക് മാത്രമുള്ളതാണ്.
മുടി പൊഴിഞ്ഞുപോകുന്ന തലയില്‍ വീണ്ടും പുതിയവ കിളിര്‍ക്കും.
പരസ്പരം പങ്കുവച്ച പ്രണയത്തിന്റെ ഓര്‍മ്മയില്‍, പ്രണയിക്കുന്നുവെങ്കില്‍ ഒരിക്കലും കൈ പിടിച്ചവര്‍ നമ്മളെ വിട്ട് പോവുകയില്ല. ''പോകൂ'' എന്നു കരഞ്ഞാലും ആജ്ഞാപിച്ചാലും കെഞ്ചിയാലും പോവുകയില്ല.
പോകുന്നുവെങ്കില്‍, തീര്‍ച്ചയായും പ്രണയമില്ലാത്തതുകൊണ്ടാണ്.
അങ്ങനെയാണെങ്കില്‍ പോവുന്നത് തന്നെയാണ് നല്ലത്, അല്ലേ?
പിന്നെ, ജീവിതം...
സ്‌നേഹമുള്ള കുറേയേറെ ആള്‍ക്കാര്‍ ചുറ്റുമുള്ളപ്പോള്‍ ജീവിതം തീര്‍ച്ചയായും മനോഹരം തന്നെയായിരിക്കും.
തുറന്നുകാണിക്കുക എന്നതു തീര്‍ച്ചയായും വേദനയുളവാക്കും. പക്ഷേ, ജീവനാണ് പ്രധാനം. ജീവിക്കുക എന്നതിലാണ് കാര്യം. മൂക്കിലൂടെ അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കുന്ന ഇത്തിരിപ്പോരെയുള്ള വായുവുണ്ടല്ലോ, അതാണ് മൂല്യമേറിയത്, രക്തമൊഴുകുന്നിടത്തെല്ലാം അറിയുന്ന ചെറിയ മിടിപ്പുകളുണ്ടല്ലോ, അതാണ് വിലപ്പെട്ടത്.
അപ്രതീക്ഷിതമായ ഒരു നിമിഷത്തില്‍ അതൊക്കെ നഷ്ടപ്പെട്ടുപോയേക്കാം. നഷ്ടപ്പെടാതെ കാത്തുവയ്ക്കാന്‍ ചിലപ്പോള്‍ കഴിയണമെന്നില്ല. കഴിയുമെങ്കില്‍ കാത്തുവയ്ക്കുകതന്നെ വേണം, എന്തു വിലകൊടുത്തും. കാരണം, ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നീടൊരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്തതില്‍ ആദ്യത്തേതാണ് ജീവന്‍.
കീമോത്തെറാപ്പി ഇല്ല എന്നുള്ളത് ഒരു പരിധിവരെ എന്റെ ഭയങ്ങളെ മായ്ചു തുടങ്ങിയ നാളുകളായിരുന്നു. അത്...
ആശ്വാസം..!
റേഡിയേഷനു മുന്‍പുള്ള സ്‌കാനിംഗിനുവേണ്ടി പോയപ്പോഴാണ് ആ ആശ്വാസം തകര്‍ന്നുപോയത്.
അത്തവണ അമ്മയും ശ്രീരാഗും ആയിരുന്നു കൂട്ട്.
സ്‌കാനിംഗ് റൂമിനു മുന്‍പില്‍ കാത്തിരിക്കുമ്പോഴാണ് ബയോപ്സി റിസള്‍ട്ടുമായി ഡോക്ടര്‍ വന്നത്. അതിനുള്ളില്‍ എന്നെ അടിമുടി ഉലയ്ക്കാന്‍ മാത്രം പോന്നൊരു കൊടുങ്കാറ്റും ഉണ്ടായിരുന്നു.
''ശ്രീലത, മുഴയുടെ വലുപ്പം തീരെ ചെറുതായിരുന്നുവെങ്കിലും ഹോര്‍മോണ്‍ റിസള്‍ട്ട് കുറച്ച് മോശമാണ്. അതുകൊണ്ട്, നമുക്ക് കീമോത്തെറാപ്പി കൂടി എടുക്കണം. അതാണ് നല്ലത്. കൂടെ വേറെ ഒരു ഇന്‍ജക്ഷന്‍ കൂടി ഉണ്ട്. ഒരു വര്‍ഷത്തേക്ക് മുടങ്ങാതെ എടുക്കണം. കീമോത്തെറാപ്പി നമുക്ക് പെട്ടെന്നുതന്നെ തുടങ്ങണം. താമസിപ്പിക്കണ്ട.''
ഞാന്‍ തകര്‍ന്നുപോയി.
അതിനെക്കാള്‍ തകര്‍ന്നത് അമ്മയാണ്.
അമ്മ അങ്ങനെ കരയുന്നത് ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ടായിരുന്നില്ല. 
ആ കണ്ണീര് കണ്ടപ്പോള്‍ എനിക്ക് കരയാന്‍ കൂടി തോന്നിയില്ല. എന്റെ ഒരു പാതി മരിച്ചതുപോലെ തോന്നി. അല്ലെങ്കില്‍ എന്റെ ഉള്ളില്‍ വേറെ ഒരു ഞാന്‍ മരിച്ചതുപോലെ. ഞാന്‍ ഉറഞ്ഞുപോയി.

ശ്രീലത രാകേഷ്
ശ്രീലത രാകേഷ്


''സാരമില്ല, അമ്മേ'' എന്നു പറഞ്ഞു.
''മുടിയല്ലേ? പിന്നെയും കിളിര്‍ത്തുവരും. ബ്രെസ്റ്റ് എങ്ങാനും മുറിച്ചിരുന്നുവെങ്കിലോ? പിന്നൊരിക്കലും വളര്‍ന്നുവരില്ലല്ലോ. അതൊന്നും വേണ്ടിവന്നില്ലല്ലോ... സാരമില്ല...''
അത് എനിക്കും കൂടിയുള്ള സാന്ത്വനമായിരുന്നു. മുടിയല്ലേ, പിന്നെയും വളരും... മാറിടമായിരുന്നുവെങ്കില്‍ ഞാന്‍ എന്നന്നേയ്ക്കും അപൂര്‍ണ്ണയായി അവശേഷിച്ചേനെ.
റേഡിയേഷന്‍ ബ്ലോക്കിന് മുന്‍പില്‍ ചെറിയ അരഭിത്തിയില്‍ ഇരുന്ന് അമ്മ ഉറക്കെ കരഞ്ഞു. അമ്മ വേദനിക്കരുതെന്നായിരുന്നു എന്നത്തേയും ആഗ്രഹം. അമ്മ കരയുന്നത് കാണരുതെന്നായിരുന്നു പ്രാര്‍ത്ഥന.
ഒക്കെ വെറുതെയായി. മന:പൂര്‍വ്വം അല്ലെങ്കില്‍ കൂടിയും അമ്മയുടെ ഹൃദയത്തില്‍ ഞാന്‍ ആഴത്തിലൊരു മുറിവുണ്ടാക്കി.
പോട്ടെ, ചിലതൊക്കെ അങ്ങനെയാണ്. നിസ്സഹായരായി മറ്റാരുടേതോ എന്നത് പോലെ നമ്മുടെ ജീവിതത്തെ നമുക്ക് നോക്കിനില്‍ക്കേണ്ടിവരും..!
എന്താണാ ഇന്‍ജക്ഷന്‍?
കുറച്ചു വില അധികമാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
എനിക്ക് സത്യമായും മടുത്തിരുന്നു.
എന്തിനാണ് ഇങ്ങനെയൊരു ജന്മമെന്നുപോലും ആ ആശുപത്രി വരാന്തയില്‍നിന്നു ഞാനോര്‍ത്തു കരഞ്ഞു.
ചേട്ടായി വിളിച്ചപ്പോള്‍ ''എന്തിനാണെന്നെ കല്യാണം കഴിച്ചയച്ചത്'' എന്നു നിലവിളിച്ചു.
ചേട്ടായി എന്നും എന്റെ ധൈര്യമായിരുന്നു. ''എനിക്കുവേണ്ടി, എന്റെ കൂടെ ചേട്ടായി ഉണ്ട്'' എന്നത് എന്നും എന്റെ വിശ്വാസമായിരുന്നു. ഒരുപക്ഷേ, അച്ഛായിക്കുപോലും തരാന്‍ കഴിയാത്ത ആത്മവിശ്വാസം ആണ് ചേട്ടായി പകര്‍ന്നു തന്നിട്ടുള്ളത്.
''ഒന്നും സാരമില്ല, കൊച്ചേ'' എന്ന് അന്നും എന്നോടു പറഞ്ഞു. ''ഇന്‍ജക്ഷന്‍ ഒക്കെ നമുക്ക് എടുക്കാം'' എന്ന് ആശ്വസിപ്പിച്ചു.
പക്ഷേ,
പരീക്ഷണങ്ങള്‍ തീര്‍ന്നില്ലായിരുന്നു.
പരിശോധനയില്‍ മാറിടത്തില്‍ ഡോക്ടര്‍ക്ക് വീണ്ടും ഒരു തടിപ്പ് തോന്നി.
വീണ്ടും FNAC എടുക്കാന്‍ പറഞ്ഞു.
തകരാന്‍ ഞാന്‍ ബാക്കിയുണ്ടായിരുന്നില്ല. എന്റെ ശരീരമോ മനസ്സോ ഹൃദയമോ ഒന്നും...
ചേച്ചിയെ വിളിച്ച് അടുത്ത ദിവസം വരാന്‍ പറഞ്ഞു. അന്നു ധൈര്യത്തിന് അമ്മയും അനിയനും പോരാ എന്നു തോന്നി.
ഏട്ടനെ വിളിച്ച് കീമോത്തെറാപ്പിയുടെ കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ കരഞ്ഞില്ല.
ഞാന്‍ കരഞ്ഞാല്‍ കണ്ണെത്താ ദൂരത്ത് എന്റെ ഏട്ടന്‍ തകര്‍ന്നു വീണുപോകും. എന്നെനിക്കറിയാമായിരുന്നു. ഞാന്‍ സാധാരണ പറയുന്നതുപോലെ ഏട്ടനോട് പറഞ്ഞു തീര്‍ത്തു.
ഏട്ടന്‍ കരഞ്ഞിട്ടുണ്ടാവുമോ? എനിക്കറിയില്ല.
എനിക്കുവേണ്ടി നിന്റെ കണ്ണ് നിറഞ്ഞ ഓരോ നിമിഷവും ഏട്ടാ...
ഞാന്‍ പക്ഷേ, അലകടലായി അലറിക്കരഞ്ഞത് പിന്നീടാണ്.
ആര്‍ത്തലച്ചു പെയ്തതും പിന്നീടാണ്.
തനിച്ചായ നിമിഷത്തില്‍.
വാടകമുറിയുടെ പിന്നില്‍.
''കരയരുതെന്ന്'' ഒരായിരം തവണ മനസ്സിനോട് പറഞ്ഞു.
എന്നിട്ടും...
മിഥൂ... ഓര്‍ക്കുന്നുണ്ടോ..?
ആദ്യമായി ആയിരിക്കും ഞാനങ്ങനെ കരഞ്ഞു നീ കേള്‍ക്കുന്നത്.
''എനിക്ക് ആത്മഹത്യ ചെയ്യാനാണ് തോന്നുന്നതെന്ന്'' പറഞ്ഞതോര്‍മ്മയുണ്ടോ?
''മരിച്ചാല്‍ മതിയായിരുന്നു'' എന്നു പുലമ്പിയതോര്‍മ്മയുണ്ടോ?
''എന്തിനാണ് ജീവിക്കുന്നതെന്നു നിലവിളിച്ചത് ഓര്‍മ്മയുണ്ടോ?''
''എനിക്ക് സത്യമായും മടുത്തു'' എന്നു വിതുമ്പിയത് ഓര്‍മ്മയുണ്ടോ?
ഞാന്‍ മറ്റാരോടും പറഞ്ഞിട്ടില്ല. അങ്ങനെ... നിന്നോടല്ലാതെ...
അന്നത്തെ ആ ദിവസത്തിനുവേണ്ടി ഞാന്‍ നിന്നോട് ഇന്നു മാപ്പ് ചോദിക്കുന്നു. പ്രിയപ്പെട്ട കൂട്ടുകാരാ. നിനക്ക് വേദനിക്കുമോ എന്ന് ഓര്‍ത്തില്ല ഞാന്‍. നിന്റെ മനസ്സിനെ കരയിപ്പിക്കുമോ എന്നും ഓര്‍ത്തില്ല.
തീര്‍ച്ചയായും അന്ന് അങ്ങനെ തന്നെയാണ് തോന്നിയത്.
ജീവിക്കേണ്ടെന്നും ജീവിച്ചു മതിയായെന്നും.
മിഥു എന്തൊക്കെയോ പറഞ്ഞു സാന്ത്വനവാക്കുകള്‍... ''ശ്രീ, കരയല്ലേ'' എന്ന്...
എങ്ങനെയായിരുന്നു ആ നിമിഷങ്ങള്‍ കടന്നുപോയത്?
എനിക്കറിയില്ല.
ഒരുപക്ഷേ, അന്നവനെന്നെ സഹായിച്ചതുപോലെ മറ്റൊരിക്കലും സഹായിച്ചിട്ടുണ്ടാവില്ല.
ആ നിമിഷത്തിന്റെ പേരില്‍ ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു. നീ എനിക്ക് ജീവിതം തിരിച്ചുതന്ന നിമിഷമാണ് അതെന്നു പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.
മിഥു, നന്ദി...!
കണ്ണീരില്‍ കുതിര്‍ന്ന് ഒരു രാത്രി കൂടി കടന്നുപോയി.

ശ്രീലത രാകേഷ് കുട്ടിക്കാലത്ത്
ശ്രീലത രാകേഷ് കുട്ടിക്കാലത്ത്


പിഞ്ഞിപ്പോയ ഹൃദയവുമായാണ് ഒരിക്കല്‍ക്കൂടി പാതോളജി ലാബിനു മുന്‍പില്‍ ഇരുന്നത്. ചേച്ചി കൂടെയിരുന്നു.
എന്റെ ഹൃദയം ആകെ ഒഴിഞ്ഞിരുന്നു. എനിക്കാകെ ഒരു ശൂന്യത തോന്നി.
എല്ലാത്തിനും ഒരു അതിരുണ്ടെന്നു നമ്മള്‍ പറയാറില്ലേ?
വേദനയ്ക്കും ഒരു അതിരുണ്ട്. ആ അതിരുകള്‍ ലംഘിക്കപ്പെട്ടു കഴിയുമ്പോള്‍ വേദനയും നമ്മളെ സ്പര്‍ശിക്കുകയില്ല.
കരയണമെന്നുണ്ടാവു,ം കണ്ണീര്‍ വരില്ല.
ഒരു പരിധിയിലപ്പുറം തണുപ്പറിയുമ്പോള്‍ മരവിച്ചുപോവുകയില്ലേ? അതുപോലെ വേദനകൊണ്ടും നമ്മള്‍ മരവിച്ചുപോകും.
''ഒന്നുമുണ്ടാവില്ലെടീ'' എന്നു ശബ്ദം ഇടറിയാണെങ്കിലും ചേച്ചി പറഞ്ഞു. എനിക്കത് ഓര്‍മ്മയുണ്ട്.
ഞാന്‍ മിണ്ടിയില്ല. എന്തു പറയാനാണ്? വാക്കുകള്‍ ഒക്കെ അര്‍ത്ഥശൂന്യമാകുന്ന നേരങ്ങള്‍.
സര്‍ജറിയുടെ അവശേഷിപ്പിലൂടെ 'FNAC' നീഡില്‍ ആഴ്ന്നിറങ്ങി. എനിക്ക് വേദനിച്ചില്ല. വേദനപോലും എന്നില്‍ മരിച്ചിരുന്നു.
'FNAC'യുടെ റിസള്‍ട്ട് വരുന്നതിനു മുന്‍പു തന്നെ എന്നെ മൈനര്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് അയച്ചു.
ഉടലുരുകി, മനമുരുകി ചേച്ചിയും ഞാനും ശ്രീരാഗും കാത്തിരുന്നു.
എന്തൊരു പേടിയായിരുന്നു...?
മുറിവിനു മേലെക്കൂടി വീണ്ടും മുറിപ്പെടുമോ എന്ന്...!
റിസള്‍ട്ട് വരട്ടെ എന്നു പറഞ്ഞ് ഡോക്ടര്‍മാര്‍ തിരിച്ചയച്ചു.
ഏതു ദൈവമാണ്, ആരുടെ പ്രാര്‍ത്ഥനയാണ് എന്നൊന്നും അറിയില്ല.
ആ FNAC ഫലം നെഗറ്റീവ് ആയിരുന്നു.
വലിയൊരു കാര്‍മേഘം പെയ്‌തൊഴിഞ്ഞതുപോലെ തോന്നി.
പക്ഷേ, ഇനി വരാനുള്ളതു തീമഴയുടെ നാളുകളാണ്..
കീമോത്തെറാപ്പിക്ക് തീയതി എടുത്തു.
അതിനു മുന്‍പ് ഡോക്ടറുടെ ക്ലാസ്സ് ഉണ്ട്. കീമോത്തെറാപ്പിയെക്കുറിച്ചും അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും.
മുടി പൊഴിയുമെന്നും ശരീരം ക്ഷീണിക്കുമെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുകയില്ലെന്നും ശബ്ദങ്ങളും വെളിച്ചവും അരോചകമായി തീരുമെന്നും എനിക്കറിയാം.
പെട്ടെന്നു ദേഷ്യം വന്നേക്കും, ശരീരം തളരും. അങ്ങനെയങ്ങനെ കീമോ മരുന്നുകള്‍ നമ്മളെ ശല്യപ്പെടുത്തും.
ഡോക്ടറുടെ മുന്‍പില്‍ ഞാന്‍ തന്നെയായിരുന്നു. ശ്രീരാഗ് പുറത്ത് നമ:ശിവായ ജപിച്ച് കാത്തുനിന്നിരുന്നു.
ഡോക്ടര്‍ ചികിത്സയെക്കുറിച്ചു പറഞ്ഞു.
പക്ഷേ, എന്റെ വിദൂരമായ ആലോചനയില്‍പ്പോലും കടന്നുവരാത്ത ഒന്നാണ് ഡോക്ടര്‍ അവസാനം പറഞ്ഞത്.
ഞാന്‍ അടിമുടി ഉലഞ്ഞുപോയി.
''ശ്രീലത, ചിലപ്പോള്‍, വളരെ ചിലപ്പോള്‍, ഫെര്‍ട്ടിലിറ്റിയെ ബാധിച്ചേക്കാം'' എന്ന് മനസ്സിലായില്ലേ?
ചിലപ്പോള്‍ എനിക്ക് അമ്മയാവാന്‍ കഴിഞ്ഞേക്കുകയില്ലെന്ന്.
എനിക്കിന്നും ഓര്‍മ്മയുണ്ട്.
പരിശോധനമുറിയുടെ ചില്ലുചുമരിനപ്പുറം ലോകമാകെ ഇടിഞ്ഞുതകരുന്നതു ഞാന്‍ കണ്‍മുന്നില്‍ കണ്ടു. എന്റെ ഉള്ളില്‍ കടുത്ത മഞ്ഞുപെയ്തു.
ഞാനാകെ ഉറഞ്ഞുപോയി.
ഞാന്‍ തനിച്ചായിരുന്നു.
ആ നിമിഷവും ഞാന്‍ അതിജീവിച്ചു. പൊട്ടിത്തകര്‍ന്ന് കരയാന്‍ എനിക്ക് തോന്നി. പക്ഷേ, കരയാനും വികാരങ്ങള്‍ ഉണര്‍ന്നിരിക്കണമല്ലോ... എന്നില്‍ വികാരങ്ങളും അസ്തമിച്ചിരുന്നു.
ഡോക്ടര്‍ കരുണയുള്ളവളായിരുന്നു. ഏട്ടനോട് അവരുതന്നെ സംസാരിക്കം എന്നു പറഞ്ഞു. ഞാന്‍ പുറത്തിറങ്ങി ശ്രീരാഗിനോട് ഫോണ്‍ വാങ്ങി ഡോക്ടര്‍ക്ക് കൊടുത്തു. ഡോക്ടര്‍ ഏട്ടനോട് സംസാരിക്കുമ്പോള്‍ ഞാന്‍ ചില്ലുചുമരിനപ്പുറം ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ലോകം പുനര്‍നിര്‍മ്മിക്കപ്പെടുന്നുണ്ടോ എന്നു നിരീക്ഷിക്കുകയായിരുന്നു. ഒരു തരത്തില്‍ എന്റെ ജീവിതം തന്നെയല്ലേ അങ്ങനെ തകര്‍ന്നടിഞ്ഞു കിടക്കുന്നതെന്നു തോന്നി.
ആര്‍ത്തവം എന്നതിന്റെ അര്‍ത്ഥമറിഞ്ഞ നാള്‍ മുതല്‍ ഓരോ മാസവും ഞാന്‍ ചുവന്നൊഴുകുന്നത് ആര്‍ദ്രതയോടെ ആയിരുന്നു. അമ്മയാവുക എന്നത് ഒരു സ്വപ്നമായിരുന്നു. എനിക്ക് മക്കളെ വേണം, ഓരോ നാളും വയര്‍ വീര്‍ത്തുവരുന്നത് കണ്ടും തൊട്ടും അറിയണം, എന്റെ വയറിനോടു ചേര്‍ന്ന് ഏട്ടന്‍ എന്നും കൈപ്പടം വയ്ക്കണം, പ്രസവിക്കണം, പാലൂട്ടി വളര്‍ത്തണം, നെഞ്ചിനോട് ചേര്‍ക്കണം, കൈ പിടിച്ചു നടത്തണം. എല്ലാം ഒരു നിമിഷം കൊണ്ട് ഒരു മൂടല്‍മഞ്ഞിനപ്പുറത്തേയ്ക്ക് നടന്നുപോയി.
25 വയസ്സ്, രണ്ടു മാസങ്ങള്‍ക്കു മുന്‍പ് മാത്രം വിവാഹിതയായവള്‍, അമ്മയാകാന്‍ ആഗ്രഹിച്ചവള്‍, ഒരു കുടുംബം സ്വപ്നം കണ്ടവള്‍, പ്രണയിച്ചും ജീവിച്ചും കൊതി തീരാത്തവള്‍.
തനിച്ചായിരുന്നു...!
ചില നിമിഷങ്ങളൊക്കെ നമ്മള്‍ തനിച്ചുതന്നെ അതിജീവിക്കണം.
കീമോത്തെറാപ്പി മരുന്നുകളുടെ സ്വഭാവം ആണത്. വളരുന്ന കോശങ്ങളേയും പെരുകുന്ന കോശങ്ങളേയും നല്ലതോ ചീത്തയോ എന്നു നോക്കാതെ നശിപ്പിച്ചുകളയും. വളര്‍ച്ചയുടെ അടയാളങ്ങള്‍ ഉള്ള ഇടത്തെല്ലാം അതിന്റെ ആക്രമണം അഴിച്ചുവിടും. മുടി പൊഴിയുന്നതും അണ്ഡാശയങ്ങളെ ബാധിക്കുന്നതും ഒക്കെ അതുകൊണ്ടാണ്.
ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് ഒരു ഇന്‍ജക്ഷന്‍ കൂടി എടുക്കാനാണ്. 'ലൂപ്രൈട് ഇന്‍ജക്ഷന്‍!' 28 ദിവസം കൂടുമ്പോള്‍ ഒന്ന്. അങ്ങനെ നാലെണ്ണം. അത് താല്‍ക്കാലികമായി നാല് മാസത്തേക്ക് ആര്‍ത്തവം തടഞ്ഞുനിര്‍ത്തും. അപ്പോള്‍ കീമോത്തെറാപ്പി മരുന്നുകള്‍ കബളിപ്പിക്കപ്പെടുമായിരിക്കും. ഇവിടെ വളരുന്ന പെരുകുന്ന കോശങ്ങളില്ലെന്ന്...!
അത് ഒരു പരിധിവരെ അണ്ഡാശയങ്ങളെ സംരക്ഷിച്ചേക്കും. നാല് മാസങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും ചുവന്നേക്കും. പിന്നെയും കുറച്ച് മാസങ്ങള്‍ക്കുശേഷം എനിക്ക് അമ്മയാവാന്‍ കഴിഞ്ഞേക്കും.
''എന്ത് ചെയ്യും ഏട്ടാ'' എന്നു ചോദിച്ചു. എപ്പോള്‍ വേണമെങ്കിലും വിട്ടുപോകാമെന്നു പറഞ്ഞു. ഇതൊന്നും ഏട്ടന്‍ അനുഭവിക്കേണ്ടതല്ല. സന്തോഷത്തോടെ ജീവിക്കാന്‍ അവകാശവും അര്‍ഹതയുമുള്ളപ്പോള്‍ എന്തിനാണ് വെറുതെ അനിശ്ചിതമായ ഇടങ്ങളിലേക്ക് കൂട്ട് വരുന്നത്?
ഏട്ടന്‍ ''സാരമില്ലെ''ന്നു പറഞ്ഞു.
''വാവ ഉണ്ടായില്ലെങ്കിലും സാരമില്ല മോളേ, നമ്മള്‍ക്ക് നമ്മള്‍ മതി'' എന്ന്...!
ഈ ജന്മത്തില്‍ എനിക്ക് ആ വാക്കുകളുടെ കടം വീട്ടാന്‍ കഴിയുകയില്ല. ഏട്ടാ...!
ആദ്യത്തെ ഇന്‍ജക്ഷന്‍ എടുത്ത് നാട്ടിലേക്ക് മടങ്ങി.
കീമോത്തെറാപ്പിക്ക് മുന്‍പ് ഞാനൊരു ഒളിച്ചോട്ടത്തിനു തയ്യാറായി. പരിചിതമായ മുഖങ്ങളില്‍നിന്നും വധുവായി കയറിയ നാട്ടില്‍നിന്നും... തീര്‍ച്ചയായും ഭീരുവായത് കൊണ്ടല്ല.
കീമോത്തെറാപ്പി എങ്ങനെയാണ് എന്നെ ശാരീരികവും മാനസികവുമായി മാറ്റി മറിക്കുക എന്നറിയില്ല.
പലതിനോടും കടുത്ത ഭാഷയില്‍ പ്രതികരിച്ചേക്കുമെന്നും അത് ഊഷ്മളമായ പല ബന്ധങ്ങളിലും വിള്ളലുകള്‍ ഉണ്ടാക്കുമെന്നും ഉള്ള ബോദ്ധ്യത്തില്‍നിന്ന് ഒരു മുന്‍കരുതല്‍...
അങ്കമാലിയിലേക്കാണ്.
അവിടെ അമ്മ കൂടെ നില്‍ക്കും.
ചേച്ചിയുണ്ട്, രഞ്ജിത്തേട്ടനുണ്ട്, ചേച്ചിയുടെ വയറ്റില്‍ കുഞ്ഞുവാവയും ഉണ്ട്.
നിറയെ ജാതിമരങ്ങള്‍ തണലും തണുപ്പും നിറയ്ക്കുന്ന ഒരു വീടായിരുന്നു അത്. വലിയ മുറികളും തണുപ്പുള്ള ചെറിയ ബാല്‍ക്കണിയും.
കഠിനമായ ദിവസങ്ങളിലേക്കുള്ള മുന്നൊരുക്കങ്ങള്‍ അവിടെയായിരുന്നു.
ആദ്യം ചെയ്തത് ചുമലിനു താഴെ വച്ച് മുടി മുറിക്കുക എന്നതാണ്.
പകുതിയോളം മുടി. എനിക്ക് മുട്ടോളം എത്തുന്ന കാര്‍ക്കൂന്തലൊന്നും ഉണ്ടായിരുന്നില്ല.
പിന്നിയിടാന്‍ മാത്രം ഉണ്ടായിരുന്നു. കുളിപ്പിന്നല്‍ തെറ്റി, തുളസിക്കതിര്‍ ചൂടാറുണ്ടായിരുന്നു. ചൂടില്‍ മുടി മാറിലേക്ക് എടുത്ത് ഇടാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ മുഖത്തേക്ക് അമര്‍ത്തി വാസനിക്കാറുണ്ടായിരുന്നു..!
മിനുസമാര്‍ന്ന മുടിച്ചുരുളുകള്‍ എന്റെ ചുമലിലൂടെ ഊര്‍ന്നുവീണു.
ചേച്ചിയുടെ കണ്ണീര്‍ മുത്തുകളും പൊഴിഞ്ഞു.
ഞാനോ?
ഞാനത് നിസ്സാരമാക്കി.
ഹൃദയത്തിനുള്ളില്‍ ഒരു വലിയ കല്ലിരിക്കുന്നതുപോലെ എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. കനം കൊണ്ട് ഞാന്‍ തളരുമെന്നു തോന്നി. തിടുക്കത്തില്‍ എഴുന്നേറ്റ് ബാല്‍ക്കണിയില്‍ ചെന്ന് ആരും കാണാതെ ഞാന്‍...
ഇല്ല... എപ്പോഴുമെപ്പോഴും എന്തിനാണ് കരഞ്ഞെന്ന് പറയുന്നത്..?
എനിക്കറിയാം, ഒരിക്കലും ഈ വാക്കുകളൊന്നും എന്റെ ഹൃദയമപ്പാടെ തുറന്നു കാട്ടില്ലെന്ന്.
'കരഞ്ഞു' എന്നു പറയുമ്പോള്‍ എന്താണ് മനസ്സിലാവുക?
കരഞ്ഞു, അത്രതന്നെ!
പക്ഷേ, എങ്ങനെ കരഞ്ഞെന്ന്, കരഞ്ഞ നിമിഷത്തിലെ വേദന എന്തായിരുന്നുവെന്ന് എങ്ങനെ പറയാന്‍..?
പറഞ്ഞാലും എങ്ങനെയാണ് മനസ്സിലാവുക?
മുറിവുകള്‍ എത്രയാണ് വേദനിപ്പിക്കുന്നത് എന്നറിയാന്‍ മുറിപ്പെടുകതന്നെ വേണം.
മുടി മുറിച്ചപ്പോഴും ഹൃദയത്തില്‍ അങ്ങനെയൊരു മുറിപ്പാട് വീണു.
ഇനി കാത്തിരിപ്പാണ്...!

കീമോത്തെറാപ്പി-ജൂണ്‍ 30
രക്തപരിശോധനയുടെ ഫലവുമായിട്ടാണ് ഡോക്ടറെ കാണേണ്ടത്. കീമോത്തെറാപ്പി ചാര്‍ട്ടില്‍ ഡോക്ടര്‍ 'ഓക്കേ'ന്നു രേഖപ്പെടുത്തിയാല്‍ മാത്രമേ മരുന്ന് എടുക്കാന്‍ പറ്റുകയുള്ളൂ. ഡോക്ടര്‍ 'ഓക്കെ' എഴുതി.
കീമോത്തെറാപ്പി മരുന്നുകള്‍ വാങ്ങി.
കാത്തിരിപ്പ് തുടങ്ങി.
അമ്മയും ശ്രീരാഗും ഞാനും...
കാത്തിരിപ്പാണ് വേദന...
കാത്തിരിപ്പാണ് നിസ്സഹായത...
കാത്തിരിപ്പാണ് പരിഭവം...
കാത്തിരിപ്പാണ് അനിശ്ചിതത്വം
ഒടുവില്‍ പേര് വിളിച്ചു.
ഓരോ തവണയും ആര്‍.സി.സിയുടെ കാത്തിരിപ്പു മുറികളില്‍ പേര് മുഴങ്ങിക്കേള്‍ക്കുമ്പോള്‍ എനിക്കൊരു ഉള്‍ക്കിടിലമാണ് ഉണ്ടാവുക. അടിവയറ്റില്‍നിന്നു ഒരു തീഗോളം ഉടലാകെ പാഞ്ഞുനടക്കുന്നതുപോലെ തോന്നും. എണ്ണം ഇല്ലാത്തത്രയും തവണ ഞാനിപ്പോള്‍ പോയിവന്നിരിക്കുന്നു. എങ്കിലും ഇപ്പോഴും ശ്രീലത, 25 വയസ്സ് എന്നു കേള്‍ക്കുമ്പോള്‍ ഞാന്‍ വല്ലാതെ നടുങ്ങും.
ആര്‍.സി.സി രേഖകളിലൊക്കെ എനിക്കിപ്പോഴും 25 വയസ്സാണ്.
കീമോത്തെറാപ്പി വാര്‍ഡില്‍ ഒരു മൂന്നര മണിക്കൂര്‍.
വലംകൈയിലെ കാനുലയിലൂടെ പലതരം മരുന്നുകള്‍ കയറിപ്പോയി. ചിലത് കുത്തിത്തറയ്ക്കുന്ന വേദനയോടെ.
കണ്ണിന്റെ കോണില്‍ ചിലപ്പോഴെല്ലാം നനവൂറി.
ഹൃദയത്തില്‍ പക്ഷേ, അശാന്തമായ കാറും കോളുകളും ഒഴിഞ്ഞെന്നു തോന്നി.
''ഞാന്‍ എത്തിപ്പെട്ടിരിക്കുന്നു'' എന്ന ഒരു സ്വാസ്ഥ്യം.
ഇതാണത്. ഇത്രയും വേദനിക്കും.
അല്ലെങ്കില്‍, ഇത്രയേ ഉള്ളൂ... ഒരു ശാന്തി.
ഏറെ കാലമായി നടക്കുന്നതാണെന്നും ലക്ഷ്യത്തില്‍ എത്തിയിരിക്കുന്നുവെന്നും തോന്നി.
ഇതിനപ്പുറത്തേയ്ക്ക് എനിക്ക് യാത്രയില്ല...
ഇതാണെന്റെ ഇടം...
ശാന്തി... സംതൃപ്തി..!
ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു. ഇല്ല. എനിക്ക് പകലുറങ്ങുക എന്നത് ''കിട്ടാത്ത മുന്തിരിയാണ്''.
മൂന്നര മണിക്കൂറിനുശേഷം തളര്‍ന്ന ഉടലുമായി പുറത്തിറങ്ങി.
രാത്രി വണ്ടിക്ക് തിരിച്ചു പോവേണ്ടതുണ്ട്.
പകലിനുവേണ്ടി കാത്തിരുന്നാല്‍ എന്താവും എന്നറിയില്ല. 
ശ്രീരാഗ് നീലേശ്വരത്തേക്ക് മടങ്ങി. ഞാനും അമ്മയും അങ്കമാലിക്കും.
അത് ജൂണിന്റെ അവസാന ദിവസമായിരുന്നു..!
ജൂലൈ-ഈ മഴയില്‍ ഒലിച്ചുപോവുന്നത് എന്തെല്ലാമാണ്...?
മാറ്റം... മാറ്റം...
മരുന്നെടുത്തിട്ട് ഒന്നരയാഴ്ച ആയതേ ഉണ്ടായിരുന്നുള്ളൂ.
ഒരു ദിവസം രാവിലെ ഉറങ്ങിയെഴുന്നേറ്റു പതിവുപോലെ മുടിയൊന്നു കോതിയതേ ഉള്ളൂ.
കൈ നിറയെ മുടി കൂടെ പോന്നു. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇത്രയും മുടി..? എന്റെ തലയില്‍നിന്നു പൊഴിയുന്നോ എന്നൊരു വിശ്വാസം ഇല്ലായ്മ അതില്‍നിന്നു പുറത്ത് കടക്കണം എന്ന് ഒരു തിക്കുമുട്ടല്‍ തോന്നി. കൈ കുടഞ്ഞു ഞാനത് കളഞ്ഞു. എനിക്ക് അത് ഒളിപ്പിച്ചുവയ്ക്കണം എന്നു തോന്നി.
ആരെയും അറിയിക്കരുതെന്നു തോന്നി.
അതായിരുന്നു ആദ്യത്തെ മാറ്റം.

ശ്രീലത രാകേഷ് സുഹൃത്തുക്കള്‍ക്കൊപ്പം
ശ്രീലത രാകേഷ് സുഹൃത്തുക്കള്‍ക്കൊപ്പം


പിന്നീട് ഓരോ നിമിഷത്തിലും ഓരോ തലോടലിലും മുടി പൊഴിഞ്ഞുകൊണ്ടിരുന്നു.
ചിലപ്പോള്‍ ഞാന്‍ ബാല്‍ക്കണിയില്‍ വെറും നിലത്തിരുന്നു തലയില്‍ പരതും. ഉതിര്‍ന്നുവീഴുന്ന മുടിയിഴകള്‍ വാരിയെടുത്ത് മുഖത്തോട് ചേര്‍ക്കും. എന്തിനാണ്?
മണമോര്‍ത്തു വയ്ക്കാനോ?
അതോ എന്റെ നേര്‍ത്ത മുടിയുടെ സ്നിഗ്ദത അറിയാനോ..?
തല ശൂന്യമായിക്കൊണ്ടിരുന്നു.
മുടി പൊഴിഞ്ഞു തീര്‍ന്നപ്പോഴേക്കും കണ്ണീരും തീര്‍ന്നിരുന്നു.
അപകര്‍ഷത തോന്നിയിരുന്നു.
പക്ഷേ, ''വിഗ്ഗ് വേണോ ഏട്ടാ'' എന്നു ചോദിച്ചപ്പോള്‍.
''വേണ്ട'' എന്ന ഒറ്റ വാക്ക്‌കൊണ്ട് ഏട്ടനെന്റെ അപകര്‍ഷതയെ ഉടച്ചുകളഞ്ഞു.
എന്നെ ''മൊട്ടച്ചി''യായും സ്‌നേഹിക്കാന്‍ ഏട്ടനു കഴിയുമെങ്കില്‍ പിന്നെ എനിക്കെന്താണ്..?
ഹൃദയത്തിനു കനം തോന്നിയിരിക്കാം.
അമ്മയും ചേച്ചിയും ചേട്ടനും എന്നെ എങ്ങനെയായിരുന്നിരിക്കും കണ്ടിരിക്കുക? അറിയില്ല. ഞാന്‍ എന്റെ കണ്ണിലൂടെ മാത്രമേ കണ്ടിരുന്നുള്ളൂ. ഒരുപക്ഷേ, ഞാന്‍ വേദനിച്ചതിനെക്കാള്‍ വേദനിച്ചിട്ടുണ്ടാവണം ചുറ്റുമുള്ളവരൊക്കെ.
ഞാന്‍ അതൊന്നും ആലോചിച്ചില്ല. എന്തൊക്കെയാണെങ്കിലും എന്നെ ഇങ്ങനെ തന്നെ സ്വീകരിച്ചേ മതിയാവൂ.
എങ്ങനെയാണോ ഞാന്‍, അങ്ങനെ തന്നെ ജീവിക്കും എന്നു തീരുമാനമെടുത്തത് ആ നിമിഷങ്ങളിലായിരിക്കാം.
ഇനി ഞാന്‍ മുഖം മൂടിയിട്ട് ജീവിക്കുകയില്ല. ഇനി ഞാന്‍ മറ്റൊരാളായി ജീവിക്കുകയില്ല..!
എന്റെ ശരീരം വേദനിക്കാന്‍ തുടങ്ങി.
ഓരോ രോമകൂപങ്ങളിലും വേദന, അസ്ഥികള്‍ ഒടിഞ്ഞുനുറുങ്ങുന്ന വേദന, എന്റെ ഉള്ളില്‍ മറ്റൊരു ഞാന്‍ ഉടലാര്‍ന്നു വളര്‍ന്ന്, പുറത്തേയ്ക്ക് ചാടാനൊരുങ്ങുന്നതുപോലെ.
ഉറങ്ങാനനുവദിക്കാത്ത വേദന...
വേദനസംഹാരികള്‍കൊണ്ട് തടയാനാവാത്ത വേദന...
രാത്രികളില്‍ ഉറങ്ങാനാവാതെ ഞാന്‍ കിടക്കയില്‍ കിടന്നു ഉരുകും.
മതിമറന്ന് ഒന്ന് ഉറങ്ങാന്‍ കൊതിക്കും.
ഇടയ്ക്ക് ഞങ്ങള്‍ ലിറ്റില്‍ഫ്‌ലവര്‍ ആശുപത്രിയില്‍ പോയി. വേദന കുറയാന്‍ ഇന്‍ജക്ഷന്‍ എടുത്ത്, ഹൃദയം തകര്‍ന്ന് മൗനമായി പ്രാര്‍ത്ഥിച്ചുകൊണ്ട് കിടക്കുമ്പോള്‍ കര്‍ത്താവിന്റെ മണവാട്ടിമാര്‍ അടുത്തുവരും. സ്‌നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ചറിയും. കൈപിടിച്ചു പ്രാര്‍ത്ഥിക്കും. തലയില്‍ തൊട്ട് അനുഗ്രഹിക്കും. സാന്ത്വനിപ്പിക്കും.
രണ്ടു വര്‍ഷത്തിനിപ്പുറം എനിക്കാരുടേയും മുഖങ്ങള്‍ ഓര്‍മ്മയില്ല.
അവരുടെയൊക്കെ സ്‌നേഹം ഞാന്‍ ഇന്നും അനുഭവിക്കാറുണ്ട്. പ്രാര്‍ത്ഥനകള്‍ ഓര്‍മ്മിക്കാറുണ്ട്.
ഓര്‍ക്കുമ്പോള്‍ മനസ്സില്‍ കുളിരു പടര്‍ത്തുന്നതാണ് അവയൊക്കെ.
ആ നിര്‍മ്മലതയ്ക്ക് മറ്റെന്താണ് പകരം വയ്ക്കാനാവുക?
പിന്നത്തെ ദുരിതമായിരുന്നു എന്നെ കഷ്ടത്തിലാക്കിയത്.
എനിക്ക് വെള്ളം വേണം.
ധാരാളം വെള്ളം കുടിക്കുക എന്നത് കീമോത്തെറാപ്പിയില്‍ അത്യാവശ്യവുമാണ്. ചികിത്സയുടെ ഫലമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ പുറന്തള്ളപ്പെടണമെങ്കില്‍ ധാരാളം വെള്ളം കുടിച്ചേ മതിയാവൂ.
എനിക്ക് പക്ഷേ, വെള്ളം കുടിക്കാന്‍ വയ്യ.
ദാഹമുണ്ട്...
പക്ഷേ, വെള്ളം കുടിക്കാന്‍ വയ്യ.
ചിലപ്പോള്‍ തോന്നും, പച്ചവെള്ളം വേണമെന്ന് ചിലപ്പോള്‍ തണുത്തത് വേണമെന്ന്, മറ്റു ചിലപ്പോള്‍ നാരങ്ങ വെള്ളം, അല്ലെങ്കില്‍ സംഭാരം.
എത്ര കുടിച്ചാലും എന്ത് കുടിച്ചാലും എപ്പോഴും ദാഹം മാത്രം ബാക്കിയാവും.
വെള്ളം കുടിച്ചു തൃപ്തിയാവുക എന്നത് കനവ് മാത്രമായി അവശേഷിച്ചു. വരണ്ട തൊണ്ടയില്‍ എപ്പോഴും ഒരു കയ്പ് തോന്നും.
ഭക്ഷണം...?
എല്ലാ ഭക്ഷണങ്ങളോടും വിരക്തി.
വയര്‍ പിണങ്ങിയിരുന്നു.
ചിലപ്പോള്‍ വയറിളക്കം, ചിലപ്പോള്‍ ഒരാഴ്ചയ്ക്ക് മേലെ കക്കൂസില്‍ പോകാന്‍ വയ്യ.
എനിക്കാകെ ഭ്രാന്ത് പിടിച്ചു.
അമ്മയോ..?
തീര്‍ച്ചയായും വശം കെട്ടിട്ടുണ്ടാവും.
'ഗര്‍ഭിണി'യുടെ 'വ്യാക്കൂണും' കീമോത്തെറാപ്പിക്കാരിയുടെ വാശികളും ഒക്കെക്കൂടി അമ്മയേയും ചേട്ടനേയും വലച്ചിട്ടുണ്ടാവും.
അടുക്കളവാതിലിലിരുന്നു അമ്മ ഒരുപാട് കരഞ്ഞിരുന്നുവെന്നു പറഞ്ഞുതന്നത് ചേട്ടനാണ്.

ശ്രീലത രാകേഷ്
ശ്രീലത രാകേഷ്


എനിക്ക് മറ്റൊരിക്കലും ഇല്ലാത്തതുപോലെ ഏട്ടന്‍ അടുത്തുണ്ടാവണം എന്നു തീവ്രമായ ആഗ്രഹം തോന്നിയത് അപ്പോഴായിരുന്നിരിക്കണം. അത് അറിഞ്ഞതും ''രാകേഷ്, ഒന്നു വരൂ'' എന്ന് ഏട്ടനോട് വിളിച്ചു പറഞ്ഞതും ചേട്ടനാണ്.
ഞാനെന്താണ് അതിനൊക്കെ പകരം കൊടുക്കുക..?
അല്ലെങ്കില്‍ പകരം എന്തെങ്കിലും കൊടുത്തു തീര്‍ക്കാന്‍ പറ്റുന്ന കടങ്ങളല്ലല്ലോ അതൊന്നും...
എനിക്കാണെങ്കില്‍ ഒഴിഞ്ഞ കൈയും നിറഞ്ഞ ഹൃദയവുമേ ബാക്കിയുള്ളൂ...
ജീവനുള്ള കാലത്തോളം അമ്മ കരയരുതെന്നായിരുന്നു ആഗ്രഹം...
എന്തുചെയ്യാനാണ്..?
അമ്മ കരഞ്ഞുവല്ലോ എന്നോര്‍ക്കുമ്പോള്‍ ഇന്നും ഹൃദയം പിടയും.
കണ്ണ് നിറഞ്ഞ നിമിഷങ്ങള്‍ക്കെല്ലാം എന്നോട് പൊറുക്കുക അമ്മേ...
വേദനയില്‍ മുറിപ്പെടുത്തുന്ന വാക്കുകള്‍ പറഞ്ഞിട്ടുണ്ട് ഞാന്‍...
കടുത്ത വാക്കുകള്‍കൊണ്ട് തല്ലിയിട്ടുണ്ട്. അപമാനിതയാക്കും വിധത്തില്‍ നിയന്ത്രണമില്ലാതെ സംസാരിച്ചിട്ടുണ്ട്
അമ്മ പക്ഷേ, ക്ഷമിച്ചു...
മരുന്നുകൊണ്ടാണെന്ന് ഓര്‍ത്തിട്ടുണ്ടാകും അമ്മ.
എങ്കിലും,
''അമ്മേ, എന്നോട് ക്ഷമിക്കൂ...'' എന്നു ഞാനിപ്പോഴെങ്കിലും പറയട്ടെ.
ചിലപ്പോഴൊക്കെ 'നന്ദി' എന്ന വാക്ക് കൂടി എന്റെ നാവിന്‍ തുമ്പിലോളം വരാറുണ്ട്. പുറത്തേയ്ക്കു പറഞ്ഞുപോയാല്‍ വീണ്ടും മുറിപ്പെടുത്തിയേക്കുമോ എന്ന ഭയം കൊണ്ടാണ് ഞാനതു പറയാത്തത്.
നന്ദി എന്നുകൂടി പറഞ്ഞു ഞാനമ്മയെ ഇനിയും അപമാനിക്കുകയില്ല.
എന്റെ കൈനഖങ്ങളും ഞരമ്പുകളും കറുത്തു.
പഴയ എന്നെ എനിക്ക് നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു.
ജൂലൈ മഴയില്‍ ജാതിമരങ്ങളുടെ ഇലച്ചാര്‍ത്തുകളുടെ മറ്റൊരു മഴയില്‍, ജനല്‍വാതിലുകള്‍ക്കപ്പുറം എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടുപോയി.
ശരീരത്തിന്റെ കടുത്ത ഉഷ്ണം,
അന്യമായിപ്പോയ ഉറക്കം,
വരണ്ട നാവും ചുണ്ടുകളും
കഠിനമായ ദേഷ്യം,
കലഹങ്ങള്‍,
വാശികള്‍...
രാത്രിയെന്നോ പകലെന്നോ നോക്കാതെ, സമയമോ തവണയോ നോക്കാതെ കുളിക്കും.
ഷവറിനു ചുവട്ടില്‍ ആകെ തണുക്കുന്നത് വരെ...
മുടിയൊഴിഞ്ഞ തല തുവര്‍ത്തേണ്ടതില്ല എന്നൊരു ആശ്വാസം..
ഒരു രാത്രി ഞാനങ്ങനെ ഉറക്കം വരാതെ കിടക്കുകയായിരുന്നു. ഞാന്‍ നമ:ശിവായ ജപിച്ചു. അക്കങ്ങള്‍ പുറകോട്ടെണ്ണി. കടുത്ത ചൂടും.
എനിക്ക് ശാന്തമായി ഉറങ്ങാന്‍ കൊതി തോന്നി.
രാത്രി കുറേ വളര്‍ന്നപ്പോള്‍ കഷ്ടപ്പെട്ട് ഒന്നുറങ്ങാന്‍ പറ്റി.
ഉറക്കത്തിന്റെ ഗാഢതയില്‍ അമരുന്നതിനു മുന്‍പ് ഉറുമ്പ് പണി പറ്റിച്ചു. എന്റെ ചെവിയില്‍... വേദനയില്‍ ഉറക്കം ഒറ്റ ഓട്ടം.
എനിക്ക് വന്നൊരു സങ്കടം.
കഷ്ടപ്പെട്ട് ഉറങ്ങിയതാണ്. ഇനി അങ്ങനെ ഒന്നുറങ്ങണമെങ്കില്‍ ഞാനെന്തുചെയ്യണം?
ഞാന്‍ വലിയ വായില്‍ കരഞ്ഞു. വീടുണര്‍ന്നു.
അമ്മയുടെ പൊടിക്കൈകള്‍ക്കു ശേഷം ആശുപത്രിയില്‍ പോയി.
വേദനിച്ചുതന്നെ തിരിച്ചു വന്നു.
ചെവിയില്‍ ഉറുമ്പ് പോയാല്‍ ആരെങ്കിലും അങ്ങനെ കരയുമോ എന്ന് ഇപ്പോഴും ഇടയ്ക്കൊക്കെ ചില അഭ്യുദയകാംക്ഷികള്‍ ചോദിക്കാറുണ്ട്.
ഉറുമ്പ് കയറിയതുകൊണ്ടല്ല. മൂന്നുനാലു മണിക്കൂര്‍ നമ:ശിവായ ചൊല്ലിയും അക്കങ്ങളെണ്ണിയും ഞാന്‍ കഷ്ടപ്പെട്ട് ക്ഷണിച്ചുവരുത്തിയ ഉറക്കം ഓടിപ്പോയല്ലോ എന്ന സങ്കടം കൊണ്ടാണ് ഞാന്‍ കരഞ്ഞതെന്നു പറഞ്ഞാല്‍ ഇപ്പോഴും ആ മണ്ടശിരോമണികള്‍ക്ക് മനസ്സിലാവില്ല.
തൃപ്തിയോടെ ഉള്ള ഉറക്കം, ആഴമുള്ള ഉറക്കം... അതൊരു സൗഭാഗ്യമാണെന്നു പറഞ്ഞിട്ട് വേണോ അറിയാന്‍..?
അമ്മയെ ഞാന്‍ ചവിട്ടി താഴെയിട്ടു എന്നൊരു പരാതി കൂടി ഉണ്ട്, എന്നെപ്പറ്റി അത് കള്ളമാണ് എന്നേ ഞാന്‍ പറയൂ. പക്ഷേ, വാദിയും സാക്ഷികളും എന്നെക്കാളും ബോധമുള്ളവരായതുകൊണ്ട് ഇപ്പോഴും പരാതി നിലനില്‍ക്കുന്നു. എന്തോ, അതില്‍ പിന്നെ അമ്മ കീമോക്കാലത്തൊന്നും എന്റെ കൂടെ ഉറങ്ങിയിട്ടില്ല.
നന്നായിപ്പോയി.
അതുകൊണ്ട്, ഉറക്കമില്ലാതെ പല രാത്രികളിലേയും കണ്ണീര്‍ അമ്മ അറിഞ്ഞിട്ടുണ്ടാവില്ല.
ജനാലയ്ക്കപ്പുറത്ത് മഴ പെയ്യുമ്പോള്‍ അടക്കാനാവാത്ത ഹൃദയവേദനയോടെ ഞാന്‍ പൊട്ടിക്കരഞ്ഞതും അമ്മ അറിഞ്ഞിട്ടുണ്ടാവില്ല.
ഏട്ടന്‍ വന്നു. രണ്ടാമത്തെ കീമോത്തെറാപ്പിക്ക് മുന്‍പ് ഞാന്‍ ആളാകെ മാറിയിട്ടുണ്ടായിരുന്നു.
കാണുമ്പോഴുള്ള ഒരു സന്തോഷം.
ഞാനാകെ പൂത്തുലയുന്നു എന്നു തോന്നും.
ആഘോഷം, ശരീരത്തിന്റേയും മനസ്സിന്റേയും ആഘോഷം എന്നാണ് തോന്നാറ്.
എങ്ങനെയാണ് ഒരാളുടെ വരവ് എന്നില്‍ ഇത്രയധികം വര്‍ണ്ണങ്ങള്‍ വിതറുക?
ഏട്ടാ, എനിക്ക് പ്രണയത്തിനും ജീവിതത്തിനും അപ്പുറം ഏതോ ഒരു ബിന്ദുവില്‍ വച്ച് നമ്മുടെ ആത്മാവുകള്‍ തമ്മില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാണ് തോന്നുക...
എന്റെ ഓരോ അണുവിലും ഞാന്‍ നിന്റെ സാന്നിദ്ധ്യം അറിയും.
എന്തുകൊണ്ടാണത്..?
ആ കഠിനമായ ദിവസങ്ങളില്‍ ഞാന്‍ ഹൃദയം തുറന്നു ചിരിച്ചത് ഏട്ടനുള്ളപ്പോഴായിരുന്നു.
എന്തൊരു ആത്മഹര്‍ഷം.
ഏട്ടന്റെ മുന്‍പില്‍ ഞാനൊരിക്കലും തല മറച്ചില്ല.
ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തോന്നുന്നു. ചിലപ്പോള്‍ ഓരോ നിമിഷവും 'മൊട്ടത്തല' കാണുമ്പോള്‍ അമ്മയ്ക്കും ചേച്ചിക്കും രഞ്ജിത്തേട്ടനും ഒക്കെ മനസ്സ് ഉരുകിയിട്ടുണ്ടാകും. ഞാനതൊന്നും ഓര്‍ത്തില്ല.
പറഞ്ഞല്ലോ, ഞാന്‍ കണ്ടത് എന്റെ മാത്രം കണ്ണിലൂടെയായിരുന്നു.
മുടി പൊഴിഞ്ഞതിനു ശേഷം ഞാന്‍ ആദ്യമായി പുറത്തു പോയത് ഏട്ടന്‍ വന്നിട്ടാണ്.
പുറമേയ്ക്ക് എന്തൊക്കെ ഭാവിച്ചാലും ഉള്ളിന്റെ ഉള്ളിലെ വേറൊരു ഞാനുണ്ടല്ലോ... കഠിനമായ കുറ്റബോധംകൊണ്ട് നീറുന്ന, അപകര്‍ഷതകൊണ്ട് ചൂളുന്ന, കണ്ണീരു കൊണ്ട് നനയുന്ന ഞാന്‍...
ആ എന്നെ എനിക്ക് കൊല്ലണമായിരുന്നു.
അല്ലെങ്കില്‍ അല്‍പ്പാല്‍പ്പമായി ഞാന്‍ നെയ്‌തെടുത്ത മുഖംമൂടികള്‍ ദ്രവിച്ചുപോയേനേ.
തീര്‍ച്ചയായും എനിക്ക് 'മുടിയില്ലല്ലോ' എന്നൊരു അപകര്‍ഷത ഉണ്ടായിരുന്നു. ഏട്ടനെന്നെ എങ്ങനെ കാണുമെന്നൊരു വേദന...
(ചിലപ്പോള്‍ അഴിഞ്ഞുലഞ്ഞ മുടി കൂടി പ്രണയം ഒളിപ്പിച്ചുവയ്ക്കും.) അതുകൊണ്ടാണ് ഞാനും ഏട്ടനും സിനിമയ്ക്ക് പോയത്.
വയലറ്റും വെള്ളയും നിറത്തില്‍ ചതുരക്കളങ്ങള്‍ നിറഞ്ഞ സ്‌കാര്‍ഫും തലയില്‍ കെട്ടി, ഏട്ടന്റെ കൈപിടിച്ചു ഞാന്‍ പുറത്തിറങ്ങി. അതു മഴയൊഴിഞ്ഞുനിന്ന ഒരു ദിവസമായിരുന്നു...
എന്നത്തേയും പോലെ ഏട്ടനെന്റെ കൈ പിടിച്ചു.
എന്നത്തേയും പോലെ എന്നെ ചേര്‍ത്തുപിടിച്ചു.
എന്നത്തേയും പോലെ ഏട്ടനെന്റെ തോളില്‍ കയ്യിട്ടു നടന്നു.
ഏട്ടാ, ഓര്‍ക്കുമ്പോഴൊക്കെ എനിക്ക് നിന്നെ ഇറുകെ പുണര്‍ന്ന് ഉമ്മവെയ്ക്കാന്‍ തോന്നും.
ബസില്‍ കയറിയപ്പോള്‍ പലരും രണ്ടാമതൊന്നു കൂടി നോക്കി.
ഒരു നിമിഷം എന്റെ ഹൃദയം അസാധാരണമായി മിടിച്ചു. പിന്നെ ഞാനത് ശരിയാക്കി എടുത്തു. അന്ന്, മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന അപകര്‍ഷതയെ ഞാന്‍ പടിയടച്ചു പിണ്ഡം വച്ചു. അന്നു മുതലിന്നോളം അങ്ങനെയുള്ള എല്ലാത്തരം നോട്ടങ്ങളേയും ഞാന്‍ അവഗണിച്ചിട്ടുണ്ട്. അല്ലെങ്കില്‍, ധീരമായി നേരിട്ടിട്ടുണ്ട്.
ആത്യന്തികമായി ഇതൊന്നും എന്റെ തെറ്റോ എനിക്കുള്ള ശിക്ഷയോ അല്ലല്ലോ... ഞാന്‍ ക്ഷണിച്ചുവരുത്തിയതോ വില കൊടുത്തു വാങ്ങിയതോ അല്ല. പിന്നെ ഞാനെന്തിന് ചൂളണം? എനിക്കെന്തിനാണ് കുറ്റബോധം?
അങ്കമാലി കാര്‍ണിവല്‍ തിയേറ്ററിലേക്കുള്ള ആ 20 മിനിട്ട് നേരത്തെ യാത്രയാണ് പിന്നീടുള്ള ആറേഴു മാസക്കാലം ആര്‍.സി.സിയിലേക്കും തിരിച്ചും കണ്ണൂര്‍ക്കും ഒക്കെയുള്ള യാത്രകള്‍ക്ക് ധൈര്യം പകര്‍ന്നത്.
ഒളിച്ചിരിക്കേണ്ടതില്ല എന്നു ബോദ്ധ്യപ്പെടുത്തിയത്.
തിയേറ്ററിലെ ജനക്കൂട്ടത്തില്‍ ഞാനും സാധാരണ ഒരു സ്ത്രീയായി സിനിമ കണ്ടു. ഏതാണെന്ന് ഓര്‍മ്മയില്ല. കരഞ്ഞിട്ടും ചിരിച്ചിട്ടും ഉണ്ടാവാം.
സിനിമ എന്നതിനെക്കാള്‍, സിനിമ കാണുന്നതിന്റെ ആഹ്ലാദം എന്നതിനെക്കാള്‍ അതു ജീവിതത്തിനു ഒരു ഉറപ്പു കൈവന്ന ദിവസമായിരുന്നു എന്ന് ഓര്‍ത്തുവയ്ക്കുന്നു.
ആ ദിവസം എന്റെ ജീവിതത്തില്‍ എന്തായിരുന്നു എന്നു പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ എനിക്ക് ആവുകയില്ല.
ആഭ്യന്തരകലഹം
കാര്യങ്ങളും കാരണങ്ങളും തീര്‍ച്ചയായും പറയേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നില്ല. പറയേണമോ'' എന്ന് ആലോചിച്ചു വേണമെങ്കില്‍ ഒളിച്ചുവയ്ക്കാം. പക്ഷേ, ഇതും കൂടി പറഞ്ഞാലേ കീമോക്കാലം പൂര്‍ത്തിയാവൂ.
ഞാനും ഏട്ടനും തമ്മില്‍ ഞാനും വത്സലമ്മയും തമ്മില്‍ ആദ്യമായി വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചതും ആ കീമോക്കാലത്തായിരുന്നു.
ഞാനൊരിക്കലും ഇല്ലാത്തവിധം പൊട്ടിത്തെറിച്ചു. പറയരുതാത്ത വാക്കുകള്‍ പറഞ്ഞിട്ടുണ്ടാവില്ലെന്നു വിശ്വാസം. എങ്കിലും അവസാനം കുറേയേറെ കണ്ണീര്‍ ആയിരുന്നു ബാക്കി.

ശ്രീലത രാകേഷ്
ശ്രീലത രാകേഷ്


എനിക്കും ഉണ്ട് വിഷമം. എന്റെയത്ര വിഷമം വേറെ ആര്‍ക്കാണുണ്ടാവുക എന്ന് എല്ലാ നിയന്ത്രണവും വിട്ട് ഞാന്‍ അലറിയ ദിവസം.
കയ്യിലിരുന്ന ചാര്‍ജര്‍ നിലത്തേക്ക് ആഞ്ഞെറിഞ്ഞു ഞാന്‍ ചീറി.
ചേച്ചി ഞെട്ടി. (വയറ്റില്‍ എന്റെ 'സുന്ദരിപ്പൂച്ച'യും ഞെട്ടിയിട്ടുണ്ടാവും.) കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അമ്മ നോക്കിയിരുന്നു. എന്നെത്തന്നെ രണ്ടായി വലിച്ചു കീറാനുള്ളത്ര കോപം തോന്നി.
ആരും ഒരക്ഷരം പോലും പറഞ്ഞില്ല. ഞാന്‍ ചവിട്ടിക്കുതിച്ച് മുറിയില്‍ കടന്നു വാതിലടച്ചു. അടക്കാനാവാത്ത അന്ത:ക്ഷോഭംകൊണ്ട് വിറച്ചു.
മാപ്പ്...
'രോഗ'മെന്നും 'മരുന്നെ'ന്നും കരുതിയവര്‍ക്കൊക്കെ നന്ദി.
അന്നു മുറിവേറ്റവര്‍ക്കൊക്കെ മാപ്പ്...
ക്ഷമിക്കാന്‍ വയ്യാത്തതൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞിട്ടില്ലെന്നും കരുതുന്നു ഞാന്‍.
എങ്കിലും...
അത് ആദ്യത്തെ കലഹമായിരുന്നു. അവസാനത്തേതുമാകട്ടെ...
നീ അകന്നുപോകുന്നതിന്റെ വേദനയായിരുന്നു അത്...
പേടി... തനിച്ചായി പോകുന്നതിന്റെ അടക്കാനാവാത്ത പേടി... സങ്കടം...
എന്നിട്ടും ഏട്ടന്‍ തിരിച്ചുപോയി. (ജീവിക്കണ്ടേ...?)
ഞാന്‍ കരഞ്ഞു വാശിപിടിച്ചു.
വെള്ളം കുടിച്ചതേ ഇല്ല...അത് എന്നെ കൊണ്ടെത്തിച്ചത് ആശുപത്രിയിലായിരുന്നു. മൂത്രക്കടച്ചിലിന്റെ രൂപത്തില്‍ എന്നെ ഒരുപാട് കഷ്ടപ്പെടുത്തി. അതില്‍ പിന്നൊരിക്കലും എന്തു വാശിക്കായാലും സങ്കടത്തിലായാലും ഞാന്‍ വെള്ളം കുടിക്കാതിരുന്നിട്ടില്ല.
ദുരിതങ്ങള്‍ തുടങ്ങിയതേ ഉള്ളൂ. ഇനിയും മൂന്നു മാസത്തോളം ഇതൊക്കെ ഇങ്ങന തന്നെ എന്റെ കൂടെ തന്നെയുണ്ടാകും.
എന്തൊക്കെയായിരുന്നു ആ ജൂലൈ മഴയില്‍ ഒലിച്ചുപോയത്...?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com